Thursday, October 22, 2009

ആത്മഹത്യ:സഭ ക്ഷമചോദിക്കണം


കാലം മാറുന്നതിനനുസരിച്ച്‌ ആചാരങ്ങളും രീതികളും മാറ്റാന്‍ സഭ തയ്യാറാകുന്നത്‌ എല്ലാ അര്‍ത്ഥത്തിലും ശുഭോദര്‍ക്കമായ വാസ്തവമാണ്‌ ആതിരേ....ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ സഭയുടെ പ്രവര്‍ത്തനങ്ങളും അതില്ലാത്ത ഭൗതിക സാഹചര്യങ്ങളും തമ്മിലുള്ള പാരസ്പര്യത്തില്‍ എല്ലായ്പ്പോഴും സഭയുടെ ഭാഗമായിരുന്നു വിശ്വാസികള്‍ അംഗീകരിച്ചിരുന്നത്‌. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ഭയവും സാമുദായിക കെട്ടുപാടുകള്‍ പൊട്ടിക്കാനുള്ള വിമുഖതയും ഒക്കെ ചേര്‍ന്നുകൊണ്ടുള്ള ഒരുതരം കീഴടങ്ങലായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ടിരുന്നത്‌. തന്മൂലം 21-ാ‍ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും സഭ സാമൂഹികവും ഭൗതികവുമായ വളര്‍ച്ചക്ക്‌ വിഘാതം നില്‍ക്കുന്ന അനുഭവമാണുണ്ടായിട്ടുള്ളത്‌. മനുഷ്യനെ സൃഷ്ടിച്ചത്‌ ദൈവമാണെന്നും മനുഷ്യന്‌ വേണ്ടിയാണ്‌ മറ്റു സൃഷ്ടികളെന്നും മനുഷ്യന്‍ പാപിയായപ്പോള്‍ അവനെ രക്ഷിക്കാന്‍ തന്റെ ഏകജാതനായ പുത്രനെ കുരിശില്‍ ബലിയാക്കാന്‍ പിതാവായ ദൈവത്തിന്‌ മനസ്സലിഞ്ഞിരുന്നു എന്നുമൊക്കെ വേദപാഠക്ലാസുകളിലും ആരാധാനാ മധ്യത്തിലും പ്രസംഗിക്കുമായിരുന്നെങ്കിലും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളിലും സഭ പ്രതിലോമകരമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. ദൈവവിശ്വാസത്തിന്റെ പേരിലാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനുഷീക മൂല്യങ്ങള്‍ തള്ളിപ്പറഞ്ഞിരുന്നതെന്നാണ്‌ ഏറെ വൈരുധ്യമുള്ള മറ്റൊരു വാസ്തവം ആതിരേ....
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പാരസ്പര്യത്തിലും ഇത്തരം ഇടംകോലിടുന്ന നിലപാടാണ്‌ സഭ പുലര്‍ത്തിയിരുന്നത്‌. സാമ്പത്തികമായ നേട്ടങ്ങള്‍ക്കും ഭൗതീക സുഖസൗകര്യങ്ങള്‍ക്കും അവിശ്വാസികളുമായി ഏത്‌ വിധത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനും തയ്യാറാകുന്ന വിശ്വാസികളും സഭയും മനുഷ്യന്റെ സ്വാതന്ത്ര്യം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ കാര്യം വരുമ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ തലതിരിച്ച്‌ നില്‍ക്കുകയായിരുന്നു എന്ന്‌ ചരിത്രം ബോധ്യപ്പെടുത്തുന്നു.
ആതിരേ, ശാസ്ത്രീയ വിശകലനത്തിലൂന്നിയ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുക്കുന്ന കര്‍മ്മപദ്ധതികളും എന്നും സഭയ്ക്കും വിശ്വാസികള്‍ക്കും സ്വീകാര്യമായിരുന്നില്ല. ശാസ്ത്രം ദൈവനിന്ദാപരമാണെന്ന അശാസ്ത്രീയമായ മുന്‍വിധി വളര്‍ത്തിക്കൊണ്ടും വ്യാപിപ്പിച്ചുകൊണ്ടുമായിരുന്നു സഭ അതിന്റെ ശുഷ്കവും ഹ്രസ്വവുമായ നിലപാടുകളെ സാധൂകരിച്ചിരുന്നത്‌. അന്ധവിശ്വാസങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ സഭയുടെ നിലപാടുകളെ ശാസ്ത്രമെന്നും ചോദ്യം ചെയ്തിട്ടുണ്ട്‌. ഈ ചോദ്യം ചെയ്യല്‍ യഥാര്‍ത്ഥത്തില്‍ സഭയെ ആയിരുന്നില്ല മറിച്ച്‌ അതുപുലര്‍ത്തിയിരുന്ന അശാസ്ത്രീയ ചിന്തകളുടെ അടിസ്ഥാനങ്ങളെയായിരുന്നു. എന്നാല്‍, ഇത്തരം ചോദ്യം ചെയ്യലുകള്‍, അന്വേഷണങ്ങള്‍ സഭയുടെ നിലനില്‍പ്പിനെ അട്ടിമറിക്കുമെന്ന്‌ ഭയന്നാണ്‌ ശാസ്ത്രീയമായ വിശകലനങ്ങളെയും അതില്‍ അടിസ്ഥാനപ്പെടുത്തിയ ചിന്താപദ്ധതികളെയും സഭ എതിര്‍ത്തിരുന്നത്‌. സൂര്യനാണ്‌ സൗരയൂഥത്തിന്റെ കേന്ദ്രമെന്ന ശാസ്ത്രീയ സത്യം പറഞ്ഞതിനെ ഗലീലിയൊയോട്‌ സഭ അനുവര്‍ത്തിച്ച അശാസ്ത്രീയവും അമാനവികവുമായ നിലപാട്‌ ഇന്ന്‌ എല്ലാവര്‍ക്കുമറിയാം. പില്‍ക്കാലത്ത്‌ സഭയ്ക്ക്‌ ഈ തെറ്റ്‌ അംഗീകരിക്കേണ്ടി വന്നെങ്കിലും സമാന സ്വഭാവത്തിലുള്ള സമൂഹ വിരുദ്ധ നിലപാടുകള്‍, വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ സഭയ്ക്ക്‌ പുലര്‍ത്തേണ്ടിവന്നു. അതുകൊണ്ടുതന്നെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട്‌ പൊതുസമൂഹത്തിന്റെ ധാര്‍മികവും സദാചാരപരവുമായ മൂല്യങ്ങളെ വെല്ലുവിളിക്കാന്‍ സഭയ്ക്കും ഇടയന്മാര്‍ക്കും കഴിഞ്ഞിരുന്നു. നിരന്തരമുണ്ടാകുന്ന ലൈംഗിക ആരോപണങ്ങളും അതിന്റെ പേരില്‍ പോപ്പുമാര്‍ക്ക്‌ ലോകത്തോട്‌ മാപ്പപേക്ഷിക്കേണ്ടി വന്നതുമൊക്കെ ഈ പ്രതിലോമ നിലപാടുകളുടെ തിരിച്ചടികളായിരുന്നു.
പൊതുസമൂഹത്തോടുള്ള പാരസ്പര്യത്തില്‍ മാത്രമല്ല വിശ്വാസികളോടുള്ള നിലപാടിലും ഇതിലും ഹീനമായ സമീപനങ്ങളാണ്‌ പല അടിസ്ഥാന വിഷയങ്ങളിലും ആതിരേ, സഭ സ്വീകരിച്ചു പോന്നിട്ടുള്ളത്‌. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ പോലും വെല്ലുവിളിക്കുന്ന അത്തരം പ്രതിലോമ-പ്രതികാര നിലപാടുകളില്‍ നിന്ന്‌ ഇന്നും സഭ മുക്തമായിട്ടില്ല. വിധവയുടെ രണ്ട്‌ വെള്ളിക്കാശിന്റെ മഹത്വത്തെ കുറിച്ച്‌ പുള്‍പിറ്റില്‍ നിന്ന്‌ പ്രസംഗിക്കുന്നവര്‍ പക്ഷെ, സമ്പന്നന്റെ ആഥിത്യം ആസ്വദിക്കുന്ന വൈരുദ്ധ്യവും ഇന്നും നിലനില്‍ക്കുന്നു. ധനവര്‍ഗത്തോടുള്ള സഭയുടെ സമീപനം മൂലം അടിസ്ഥാന വിഭാഗത്തില്‍ നല്ലൊരു ശതമാനം ക്രിസ്തുവിനെ പോലും തള്ളിക്കളഞ്ഞ്‌ മറ്റ്‌ മോചനമാര്‍ഗങ്ങള്‍ അവലംബിക്കേണ്ട അവസ്ഥ വരെ സംജാതമായിട്ടുണ്ട്‌. വേശ്യകളെയും ചുങ്കക്കാരെയും പാപികളെയും തേടി വന്ന ക്രിസ്തുവിന്റെ പേരില്‍ സഭയിലെ ഇത്തരം അടിസ്ഥാന-നിസ്വ വിഭാഗങ്ങളെ അകറ്റി നിര്‍ത്തി സമ്പന്നന്റെ തീന്‍മേശയിലേയ്ക്കോടുന്ന സഭാ നേതൃത്വം ഇന്നും ശക്തമാണ്‌. മരണാനന്തര ഭയമുള്ളതുകൊണ്ട്‌ മാത്രം സഭാ നേതൃത്വത്തിന്റെ ഈ വൃത്തികേടുകള്‍ അംഗീരിച്ചുകൊണ്ട്‌ സഭയില്‍ തുടരാനും കുര്‍ബാന സ്വീകരിക്കാനും നിര്‍ബന്ധിതരാകുകയാണ്‌ 99 ശതമാനം വിശ്വാസികളും.
ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരിച്ചാലും ഈ വേര്‍തിരിവ്‌ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്‌ ഇന്നുമുണ്ടാകുന്നുണ്ട്‌ ആതിരേ. ദരിദ്രനായ ഒരു വിശ്വാസി മരിച്ചാല്‍ അവന്റെ ഭവനത്തില്‍ ശവസംസ്കാര ശുശ്രൂഷയ്ക്കോ ആ വിയോഗം മൂലം ദുഃഖിതരായിരിക്കുന്ന ആശ്രിതരെ സമാശ്വസിപ്പിക്കാനോ ഇന്നും സഭയുടെ ഉന്നതസ്ഥാനമലങ്കരിക്കുന്ന ഒരു വൈദീകനും എത്താറില്ല എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. അതേസമയം സമൂഹത്തിലെ എല്ലാ അനാശാസ്യ പ്രവര്‍ത്തികള്‍ക്കും ചുക്കാന്‍ പിടിക്കുന്ന സമ്പന്നന്റെ ശവസംസ്കാര ശുശ്രൂഷകളില്‍ വൈദീക ശ്രേഷ്ഠന്മാരുടെ തിക്കും തിരക്കുമാണ്‌. ലാസറിനെ ഉയര്‍ത്തിക്കുന്നവനാണ്‌ ദൈവമെന്നും ധനവാനെ നരകത്തീക്കാണ്‌ അര്‍ഹനാക്കിയിട്ടുള്ളതെന്നും പ്രസംഗിക്കുന്നവരാണ്‌ ക്രിസ്തുവിനെയും ക്രിസ്തുവചനത്തെയും ഇത്തരത്തില്‍ നിരന്തരം ക്രൂശിച്ചുകൊണ്ടിരിക്കുന്നത്‌. ഈ വൃത്തികേട്‌ സമ്പന്നന്റെയും ദരിദ്രന്റെയും വീട്ടിലെ വിവാഹ ചടങ്ങുകളില്‍ പോലും ഓക്കാനമുണര്‍ത്തുന്ന രീതിയില്‍ ദൃശ്യമാണ്‌. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ സഭാതലത്തിലും പുറത്തും എല്ലാവിധ വിപരീത ശക്തികളെയും സഭാ നേതൃത്വം ആശ്രയിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ക്രിസ്തുവിനെയും ക്രിസ്തുവചനത്തെയും പൊതുസമൂഹമധ്യേ അധിക്ഷേപിച്ച്‌ വെള്ളപൂശിയ ശവക്കല്ലറകളായി സഭാനേതൃത്വം വാഴുമ്പോള്‍ എങ്ങനെയാണ്‌ ആതിരേ, മാറുന്ന കാലത്തിനനുസരിച്ച്‌ വിശ്വാസികളുടെ ആചാരങ്ങളും നടപടിക്രമങ്ങളും വ്യത്യസ്തപ്പെടുക? ആ ദാരുണ നിലപാട്‌ തിരുത്താനാണ്‌ ഇപ്പോള്‍ സീറോ മലബാര്‍ സഭ തയ്യാറായിട്ടുള്ളത്‌. ആത്മഹത്യ ചെയ്യുന്ന വിശ്വാസികള്‍ക്കും ഇനിമുതല്‍ മതപരമായ ചടങ്ങുകളോടെ സംസ്കാരം അനുവദിക്കുന്നു എന്നാണ്‌ പുതിയ തീരുമാനം. ക്രിസ്തുമതാചാരപ്രകാരം ആത്മഹത്യ പാപമാണെന്ന്‌ കണക്കാക്കിയാണ്‌ ഇതുവരെ ആത്മഹത്യ ചെയ്തവര്‍ക്ക്‌ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നത്‌.
മുന്‍പ്‌ ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ ശ്മാശാനത്തിന്റെ കോണിലുള്ള തെമ്മാടിക്കുഴിയിലായിരുന്നു സ്ഥാനം. സഭാ നേതൃത്വത്തെ വെല്ലുവിളിച്ചിട്ടുള്ള വ്യക്തികള്‍ക്കും മുന്‍പ്‌ കമ്യൂണിസ്റ്റുകാരായി മരിച്ചവര്‍ക്കുമൊക്കെ ഈ തെമ്മാടിക്കുഴിയിലായിരുന്നു സംസ്കാരത്തിന്‌ അനുമതി നല്‍കിയിരുന്നത്‌. ഇത്തരക്കാരുടെ മൃതദേഹം ദേവാലയത്തില്‍ പ്രവേശിപ്പിക്കുകയോ വൈദീകര്‍ സംസ്കാര ശുശ്രൂഷ നടത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞ കുറേ നാളുകളായി ആത്മഹത്യ ചെയ്യുന്നവരെ ലഘുവായ മത ചടങ്ങുകളോടെ സംസ്കരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, ഇനി മുതല്‍ ആത്മഹത്യ ചെയ്തവര്‍ക്കും പൂര്‍ണമായ മതപരമായ ചടങ്ങുകളോടെ സംസ്കാര ശുശ്രൂഷ അനുവദിക്കാനാണ്‌ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ തീരുമാനം. മാറുന്ന കാലത്തിനനുസരിച്ചുള്ള നിലപാടാണിതെന്ന്‌ അവകാശപ്പെടുമ്പോഴും ഒരു പൂള്‍ തീരുകാന്‍ നേതൃത്വം മറന്നിട്ടില്ല. അതായത്‌ മതചടങ്ങുകളോടെ സംസ്കരിക്കാന്‍ ആത്മഹത്യ ചെയ്തയാള്‍ യോഗ്യനാണോ എന്നത്‌ സംബന്ധിച്ച്‌ തീരുമാനിക്കാന്‍ പാരിഷ്‌ വികാരിക്കും ചര്‍ച്ച്‌ കൗണ്‍സിലിനുമാണ്‌ അധികാരം നല്‍കിയിരിക്കുന്നത്‌. മുന്‍പ്‌ ഇവര്‍ക്ക്‌ ലഭിച്ചിരുന്ന അധികാരമനുസരിച്ചാണ്‌ സഭയിലെ നിസ്വവര്‍ഗത്തിന്‌ അവകാശപ്പെട്ടിരുന്ന ആനകുല്യങ്ങള്‍ നിരോധിച്ചിരുന്നതും പത്ത്‌ കല്‍പനകള്‍ ലംഘിച്ച്‌ നടന്നാലും ധനവാനാണെങ്കില്‍ എല്ലാ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയിരുന്നതും. ആ നിലപാട്‌ തുടരാതിരിക്കാന്‍ ഇനിയെങ്കിലും പാരിഷ്‌ വികാരിയും ചര്‍ച്ച്‌ കൗണ്‍സിലും മാന്യത കാട്ടുമെന്ന്‌ പ്രതീക്ഷിക്കാം.
ആതിരേ, ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ്‌ ആത്മഹത്യ ചെയ്യുന്നത്‌. ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക്‌ താങ്ങും തണലുമാകാനും രക്ഷകരാകാനുമാണ്‌ സഭയേയും സഭാ നേതൃത്വത്തെയും ക്രിസ്തു ആഹ്വാനം ചെയ്യുന്നത്‌. എന്നാല്‍ ഇവരുടെയൊക്കെ തലതിരിഞ്ഞ നടപടികള്‍ മൂലമാണ്‌ അവസാനത്തെ ആശ്രയം പോലും ദൈവമല്ല എന്ന്‌ കരുതി നിര്‍ഭാഗ്യ ജീവിതങ്ങള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത്‌. ഇപ്പോഴെങ്കിലും ഈ സത്യം സഭ അംഗീകരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ട്‌. ഒപ്പം ഇതുവരെ ആത്മഹത്യ ചെയ്തതുകൊണ്ട്‌ മതപരമായ ചടങ്ങുകള്‍ നിഷേധിക്കപ്പെട്ടവരോട്‌ ്കൂടി തയ്യാറാകുമ്പോള്‍ മാത്രമേ ഈ തീരുമാനത്തിന്‌ വിശുദ്ധി ലഭിക്കു. സ്വവര്‍ഗ്ഗ ലൈംഗീക ആഭാസം നടത്തിയ വൈദീകര്‍ക്ക്‌ വേണ്ടി ജോണ്‍ പോള്‍ സെക്കന്റ്‌, ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പമാര്‍ ലോകത്തോട്‌ മാപ്പ്‌ ചോദിച്ചതാണല്ലോ അതുകൊണ്ട്‌ ആത്മഹത്യ ചെയ്തവരുടെ ശവസംസ്കാര കാര്യത്തില്‍ ഇതുവരെ തുടര്‍ന്ന ആത്മീയമല്ലാത്ത നിലപാടിന്‌ സഭ മാപ്പ്‌ ചോദിച്ചേ തീരു ,ആതിരേ....

Friday, October 16, 2009

നാദാപുരം: ഉത്തരവാദികള്‍ പോലീസും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും


നാദാപുരം മേഖലയെല്‍ കഴിഞ്ഞ കുറെ ദിവസമായി അക്രമികളുടെ കൂത്തരങ്ങാക്കിമാറ്റിയതില്‍ പോലീസിനും മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുമുള്ള പങ്ക്‌ വിലയിരുത്തിയശേഷം മാത്രം മതി ആതിരേ, സംഭവങ്ങള്‍ മുതലെടുത്ത സാമൂഹിക വിരുദ്ധ ശക്തികളെക്കുറിച്ച്‌ സംസാരിക്കാന്‍.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച സമൂഹവിരുദ്ധ പ്രവര്‍ത്തികളില്‍ ലക്ഷകണക്കിന്‌ രൂപയാണ്‌ കൊള്ളയടിക്കപ്പെട്ടതും തീവെച്ച്‌ നശിപ്പിക്കപ്പെട്ടതും. അക്രമ പരമ്പരയില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗവും നിരപരാധികളായിരുന്നു. തകര്‍ക്കപ്പെട്ടതും തീവെച്ച്‌ നശിപ്പിക്കപ്പെട്ടതുമായ വാഹനങ്ങളും നിരപരാധികളുടേതുതന്നെ. കലാപത്തിന്റെ ഒരു ഭാഗത്ത്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിയും പോലീസും മറുഭാഗത്ത്‌ മുസ്ലിം ലീഗും അണിനിരന്നപ്പോഴാണ്‌ ഇടക്കാലത്തെ ശാന്തതയ്ക്കുശേഷം നാദാപുരത്ത്‌ വീണ്ടും സാമുഹികവിരുദ്ധ ശക്തികളുടെ വിളയാട്ടം ഉണ്ടായത്‌.
ഗുണ്ടാ നിയമ പ്രകാരം മുസ്ലിം ലീഗ്‌ പ്രവര്‍ത്തകനെ അറസ്റ്റ്‌ ചെയ്തതിനെതിരെ ലീഗ്‌ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന പ്രകടനത്തെത്തുടര്‍ന്നാണ്‌ കഴിഞ്ഞ അഞ്ചുദിവസമായി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതായ ഭീഷണിയുടെ അന്തരീക്ഷം സംജാതമായത്‌.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌ അറസ്റ്റ്‌ എന്ന്‌ ആരോപിച്ച്‌ നടത്തിയ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം അവസാനിച്ചപ്പോള്‍ പോലീസിനു നേരെയുണ്ടായ കല്ലേറാണ്‌ അനിഷ്ട സംഭവങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. കല്ലെറിഞ്ഞവരെ നിയന്ത്രിക്കാനെന്നപേരില്‍ പോലീസ്‌ നടത്തിയ നര നായാട്ട്‌ പ്രശ്നം വഷളാക്കുകയായിരുന്നു. തങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗം നടക്കാനിരിക്കെ പോലീസിനു നേരെ കല്ലെറിഞ്ഞ്‌ പ്രകോപനം ഉണ്ടാക്കുമോ എന്നാണ്‌ ലീഗ്‌ പ്രവര്‍ത്തകരുടെ ചോദ്യം. കല്ലേറ്‌ നടത്തി അന്തരീക്ഷം വഴളാക്കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരാണെന്ന്‌ ഇവര്‍ ആരോപിക്കുന്നു. രണ്ടായാലും പ്രകടനക്കാരെ നേരിടാനെന്നോണം പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കണ്ണില്‍ക്കണ്ട വാഹനങ്ങളെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു.
പോലീസിന്റെ ഈ താണ്ഡവം രാത്രി സിപിഎം ഏറ്റെടുത്തതോടെയാണ്‌ ആതിരേ, യഥാര്‍ത്ഥത്തില്‍ നാദാപുരത്ത്‌ വെട്ടുംകുത്തും ബോംബേറും ആരംഭിച്ചത്‌. ലീഗുകാരുടെ കല്ലേറില്‍ സിപിഎം നേതാവിനും പരിക്കേറ്റു എന്ന്‌ ആരോപിച്ചായിരുന്നു അവരുടെ തിരിച്ചടി. അതോടെ നാടന്‍ സ്റ്റീല്‍ ബോംബുകള്‍ തലങ്ങും വിലങ്ങും പൊട്ടുന്നതും വീടുകള്‍ കയറി ആക്രമിക്കുന്നതും കടകള്‍ കൊള്ളയടിക്കുന്നതുമാണ്‌ കണ്ടത്‌. കല്ലെറിഞ്ഞ ലീഗുകാരെ വിരട്ടിയോടിച്ച പോലീസ്‌ പക്ഷേ സിപിഎമ്മുകാര്‍ പ്രതികാരം ഏറ്റെടുത്തതോടെ നിശബ്ദരാകുകയായിരുന്നു. പോലീസിന്റെ ഈ മൗനം കുട്ടിസഖാക്കളുടെ വിളയാട്ടത്തിനു മാത്രമല്ല, ഗുണ്ടകളടക്കമുള്ള സാമൂഹിക വിരുദ്ധര്‍ക്ക്‌ മുതലെടുപ്പിനും അവസരം ഒരുക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ്‌ സിപിഎമ്മിന്റെ ഓഫീസുകള്‍ക്കും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക്‌ നേരെയും അക്രമകാരികള്‍ തിരിഞ്ഞത്‌. മാദ്ധ്യമ പ്രവര്‍ത്തകരെ വരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്ന സാഹചര്യമുണ്ടായി. ഇതിന്‌ മുന്‍കൈ എടുത്തത്‌ പക്ഷേ, സിപിഎം പ്രവര്‍ത്തകരായിരുന്നു.
അന്തരീക്ഷം ഇത്രത്തോളം കലുഷിതമായതോടെ കൊള്ളയും നിര്‍ബ്ബാധം അരങ്ങേറി. ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന യൂത്ത്‌ ലീഗുനേതാവ്‌ കെ.ടി.ഗഫൂറിന്റെ ഫര്‍ണിച്ചര്‍ കടയില്‍ നിന്ന്‌ പട്ടാപ്പകലാണ്‌ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോയത്‌. പിന്നീട്‌ കടയ്ക്ക്‌ തീ ഇടുകയും ചെയ്തു. തുടര്‍ന്ന്‌ നാദാപുരം പെട്രോള്‍ പമ്പിനു സമീപത്തെ സിനിഷീന്റെ ബാറ്ററി കടയും അക്രമികള്‍ അഗ്നിക്കിരയാക്കി. നാദാപുരം ചേറ്റുകെട്ടിയില്‍ ലീഗ്‌ പ്രവര്‍ത്തകനായ പാട്ടത്തില്‍കാസിമിന്റെ വാഴകൃഷിയും വ്യാപകമായി നശിപ്പിച്ചു. ഇതെല്ലാം പോലീസിന്റെ കണ്‍മുന്നിലാണ്‌ നടന്നത്‌. എന്നിട്ടും ചെറുവിരല്‍ അനക്കാന്‍ പോലും ഒരു പോലീസുകാരനും തയ്യാറായില്ല.
ലീഗ്‌ സിപിഎം സംഘര്‍ഷം രൂക്ഷമായിതിനെത്തുടര്‍ന്ന്‌ കല്ലാച്ചിയില്‍ കലക്ടറുടെയും എഡിജിബിയുടെയും നേതൃത്വത്തില്‍ സമാധാന സമ്മേളനം നടന്നശേഷമാണ്‌ പുലര്‍ച്ചെ മേല്‍സൂചിപ്പിച്ച അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്‌. ഇതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌, സിപിഎം പ്രവര്‍ത്തകര്‍ പ്രതികാര നടപടിക്ക്‌ തയ്യാറായതോടെ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച്‌ പോലീസ്‌ നിഷ്ക്രിയമായി എന്നു തന്നെയാണ്‌. അതായത്‌ നാദാപുരത്തെ ഈ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളുടെയെല്ലാം ഉത്തരവാദികള്‍ പോലീസും സിപിഎമ്മും ആണെന്ന്‌ സാരം.
പോലീസ്‌ കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ ബലം പ്രയോഗിച്ച്‌ മോചിപ്പിക്കുന്ന ഗുണ്ടായിസം ഏറ്റവും അധികം നടപ്പിലാക്കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയാണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ ഇത്തരം 33 കേസുകളാണ്‌ കേരളത്തിലുണ്ടായത്‌. ഇതില്‍ പത്തൊമ്പതും പാര്‍ട്ടിയുടെ കോട്ട എന്ന്‌ അവകാശപ്പെടുന്ന കണ്ണൂരിലാണ്‌.
നാദാപുരം സംഭവങ്ങള്‍ക്ക്‌ മുമ്പാണ്‌ പാലക്കാട്‌ ജില്ലയില്‍ കോരിയാര്‍ ചള്ളയില്‍ വടിവാളുമായി പിടിയിലായ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകന്‍ രാമദാസുമായി പോലീസ്‌ ജീപ്പ്പില്‍ വരുമ്പോള്‍ ആയുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമിച്ച്‌ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍ നേരം പുലര്‍ന്നപ്പേഴേയ്ക്കും പോലീസിന്‌ തങ്ങളുടെ വാക്ക്‌ വിഴുങ്ങേണ്ടി വന്നു. സായുധരായ സംഘമാണ്‌ തങ്ങളെ ആക്രമിച്ചതെന്ന ആദ്യത്തെ വിശദീകരണം പിന്‍വലിച്ച്‌ രാമദാസ്‌ മാത്രമാണ്‌ ആക്രമിക്കാനെത്തിയതെന്ന്‌ പറയാന്‍ പോലീസ്‌ നിര്‍ബ്ബന്ധിതമായി. സമാനസ്വഭാവമുള്ള നിരവധി സംഭവങ്ങള്‍ കോടിയേരി ബാലകൃഷ്ണന്റെ ഭരണ നേട്ടമായി ചൂണ്ടിക്കാണിക്കാവുന്നതാണ്‌. പോലീസ്‌ സ്റ്റേഷന്‌ ഉള്ളില്‍ കയറി സി.ഐ. അടക്കമുള്ളവരെ മര്‍ദ്ദിച്ച്‌ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകരായ പ്രതികളെ രക്ഷിച്ച സംഭവവും ആരും മറന്നിട്ടില്ല. ക്രമസമാധാനപാലനത്തിനുള്ള ഇന്ത്യാ ടുഡേയുടെ പുരസ്ക്കാരം വാങ്ങി കോടിയേരി ഡല്‍ഹിയില്‍ നിന്ന്‌ കേരളത്തില്‍ എത്തിയപ്പോഴാണ്‌ എറണാകുളം ജില്ലയില്‍ ഡിവൈഎഫ്‌ ഐ നേതാവായ ഗുണ്ട എസ്‌.ഐ. മര്‍ദ്ദിച്ച്‌ കൈ തല്ലിയൊടിച്ചത്‌.
ഇത്തരം മൃഗീയതകള്‍ നിരന്തരം അരങ്ങേറിയിട്ടും പ്രതികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാകാതിരുന്നതുകൊണ്ടാണ്‌ ആതിരേ, കഴിഞ്ഞ തിങ്കഴാഴ്ച കസ്റ്റഡിയിലെടുത്ത ലീഗ്‌ പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ അക്രമാസക്തരായത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ നടത്താവുന്ന ഗുണ്ടായിസം മറ്റു പാര്‍ട്ടിപ്രവര്‍ത്തര്‍ക്കും ചെയ്യാമെന്ന തോന്നല്‍ വരുത്തി തീര്‍ത്തത്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന സഖാക്കളും ആഭ്യന്തരമന്ത്രിയും ഡിജിപിയുമാണ്‌. തന്റെ കീഴിലുള്ള ജീവനക്കാരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ കയ്യൂക്കൂള്ളവരും അവരുടെ പിന്തുണയുള്ള ഗുണ്ടകളും പൊതുനിരത്തിലിട്ട്‌ പേപ്പട്ടിയെ തല്ലിയപ്പോഴും വെട്ടിയപ്പോഴും ഒരക്ഷരം പോലും മിണ്ടാതെ ഒന്നു പ്രതിഷേധിക്കപോലും ചെയ്യാതെ വിശ്വസ്തദാസനായി ഡിജിപി മാറിയതിന്റെ കിരാതമായ പരിണാമമാണ്‌ തിങ്കളാഴ്ച നാദാപുരത്ത്‌ ഉണ്ടായത്‌. ആ അവസരം രൂക്ഷമാക്കാനാണ്‌ മാര്‍ക്സിസ്റ്റ്‌ ഇടപെടല്‍ സഹായകമായത്‌.
ഇത്തരത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വ ജീവിതം പന്താടുന്ന സമൂഹവിരുദ്ധ ശക്തികളായി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗവും അവരുടെ പിന്തുണയുള്ള ഗുണ്ടകളും പരിണമിച്ചുകഴിഞ്ഞു. ഇവിടെ സമാധാന സമ്മേളനങ്ങള്‍ക്കോ അനുരജ്ഞന ചര്‍ച്ചകള്‍ക്കോ വിലയില്ലാതാകുന്നതും മറ്റൊന്നും കൊണ്ടല്ല, ഭരിച്ച്‌ നാടും നാട്ടാരുടെ ജീവനും കുട്ടിച്ചോറാക്കിയ ഈ സഖാക്കളുടെ കാലത്ത്‌ നാട്ടില്‍ സമാധാനമല്ല, വാഴുക ആതിറേ,മറിച്ച്‌ ഇത്തരം സമൂഹവിരുദ്ധ ശക്തികളായിരിക്കും മുടിയഴിച്ച്‌ ആടുക.
ഇതിനെ നിയന്ത്രിക്കണമെങ്കില്‍ ആഭ്യന്തരമന്ത്രിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ഡിജിപിയും ഇച്ഛാശക്തിയോടെ തീരൂമാനങ്ങള്‍ എടുത്തേ മതിയാവൂ. പക്ഷേ അവര്‍ അതിന്‌ സന്നദ്ധരല്ല എന്നാണ്‌ തുടര്‍ച്ചയായി ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ഈ നിലപാട്‌ മൂലം, പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചെങ്കില്‍ മാത്രമേ നീതിയും ന്യായവും നടത്തിക്കിട്ടൂ എന്ന സമൂഹ വിരുദ്ധ ചിന്തയാണ്‌ ജനങ്ങളില്‍ ഇപ്പോള്‍ വേരോട്ടം നേടിയിട്ടുള്ളത്‌. പൊതു സമൂഹം കീടി ഈ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും കേരളത്തിന്റെ ഭാവി, ആതിരേ..?
സത്യം, ഈശ്വരനു പോലും അതു നിശ്ചയമുണ്ടവില്ല

Sunday, October 11, 2009

അച്യുതാനന്ദന്‍ ഇത്രയ്ക്ക്‌ വഞ്ചകനാകരുതായിരുന്നു

വേലിക്കകത്ത്‌ ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രിയായതിനുശേഷം അനുരഞ്ജനത്തിന്റെ നാണംകെട്ട പ്രതീകമാകുന്നതാണ്‌ കേരളം കണ്ടത്‌ ആതിരേ. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഏതെല്ലാം വിഷയങ്ങളില്‍ ഏകാംഗ പോരാട്ടം നടത്തിയോ അതെല്ലാം ഭരണകര്‍ത്താവ്‌ എന്ന നിലയ്ക്ക്‌ കൈകാര്യം ചെയ്യേണ്ടിവന്നപ്പോഴെല്ലാം തോടിനുള്ളിലേക്ക്‌ തല വലിക്കുന്ന ഒച്ചിന്റെ സ്വാഭാവമാണ്‌ അദ്ദേഹം കാഴ്ചവച്ചത്‌. മറ്റൊരു മുഖ്യമന്ത്രിക്കുമേലും പ്രതിഷ്ഠിക്കാത്ത പ്രതീക്ഷകളായിരുന്നു കേരളത്തിലെ പൊതുസമൂഹം അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയില്‍ ഇറക്കിവെച്ചത്‌. പരമ്പരാഗതമായ സത്യപ്രതിജ്ഞാ ശൈലി ലംഘിച്ച്‌ പൊതുജനമദ്ധ്യത്തില്‍ മുഖ്യമന്ത്രിയായി ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ ഈ പ്രതീക്ഷകള്‍ക്ക്‌ പുതിയ ചിറകുകള്‍ വയ്ക്കുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പലപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടുന്നതായിരുന്നു പില്‍ക്കാല അനുഭവം.എന്നാല്‍ അതില്‍ നിന്ന്‌ കുതറി തെറിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു. അതാണ്‌ മൂന്നാര്‍ ഒഴിപ്പിക്കലായി പ്രാവര്‍ത്തികമായത്‌. എന്നാല്‍ മുളയിലെ തന്നെ അതിനെ നുള്ളി അച്യുതാനന്ദനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന അഴിമതി വിരുദ്ധ നിലപാടുകളെയും നാണം കെടുത്താനായിരുന്നു പിണറായി വിജയന്‍ അടങ്ങുന്ന ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. അതിലവര്‍ വിജയിക്കുകയും ചെയ്തു. അപ്പോള്‍ കേരളം പ്രതീക്ഷിച്ചത്‌ പിടഞ്ഞെതിര്‍ത്ത്‌ പ്രതിഷേധിച്ച്‌ അച്യുതാനന്ദന്‍ പുറത്തുവരുമെന്നായിരുന്നു. എന്നാല്‍ ക്ലിഫ്‌ ഹൗസിന്റെ സമശീതോഷ്ണാവസ്ഥയില്‍ ഒതുങ്ങാനാണ്‌ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചത്‌. ഇതിനിടയിലും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിക്കുന്ന നിലപാടുകളും ചിരികളുമായി അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയും അതിന്റെ ശിക്ഷ ഏറ്റുവാങ്ങി നിശബ്ദനാകുകയും ചെയ്യുന്നതാണ്‌ പിന്നീട്‌ കണ്ടത്‌.
അച്ചടക്കമുള്ള ഒരുപാര്‍ട്ടി പ്രവര്‍ത്തകന്‍ അനുവര്‍ത്തിക്കേണ്ട നിലപാടാണ്‌ അച്യുതാനന്ദന്‍ കൈക്കൊണ്ടത്‌ എന്നു തിരിച്ചറിഞ്ഞ്‌ അധികാരത്തിന്റെ വേലിക്കകത്തേക്കുള്ള അദ്ദേഹത്തിന്റെ പിന്‍വാങ്ങലിനെ മനസ്സില്ലാതെ തന്നെ അംഗീകരിക്കുകയായിരുന്നു പൊതുസമൂഹം.
അച്യുതാനന്ദന്റെ മന്ത്രിസഭയിലെ പല അംഗങ്ങളും കേരളത്തിന്‌ തീരാത്ത ശാപമാണെന്ന്‌ അവരുടെ പ്രവര്‍ത്തികളിലൂടെ കേരളം അനുഭവിച്ചതാണ്‌. അതില്‍ പ്രധാനികള്‍ എം.എ.ബേബിയും പി.കെ. ശ്രീമതിയുമാണ്‌. രണ്ടാം മുണ്ടശ്ശേരി എന്ന്‌ സ്വയം അഭിമാനിച്ച്‌ ഇന്ത്യയ്ക്കാകെ മാതൃകയായിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സ്വാശ്രയ സ്വകാര്യ വാണിക്കുകള്‍ക്ക്‌ അടിയറവു വെച്ച്‌ കേരളത്തിലെ സാധാരണക്കാരെ വിഡ്ഢികളാക്കുകയായിരുന്നു ബേബി. ബേബിയോട്‌ മത്സരിച്ചാണെന്നു തോന്നുന്നു പി.കെ.ശ്രീമതിയും കേരളീയരെ ഓരോ ഘട്ടത്തിലായി ശ്വാസം മുട്ടിച്ചുകൊന്നത്‌. എസ്‌.എ.ടി. ആശുപത്രിയില്‍ അണുബാധയേറ്റ്‌ മരിച്ച കുഞ്ഞുങ്ങള്‍ മുതല്‍ ഇപ്പോള്‍ പന്നിപ്പനി ബാധിച്ച്‌ മരിക്കുന്നവര്‍ വരെയുള്ളവര്‍ ശ്രീമതിയുടെ കെടുകാര്യസ്ഥതയ്ക്കും അവര്‍ നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും ബലിയാടാകേണ്ടിവന്നവരാണ്‌. കിളിരൂര്‍-കവിയൂര്‍ കേസ്സുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പി.കെ.ശ്രീമതിക്ക്‌ മന്ത്രി സ്ഥാനം ലഭിക്കുമായിരുന്നില്ല എന്നു പറയുന്നത്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖര്‍ തന്നെയാണ്‌. അങ്ങനെ വിക്രമാദിത്യകഥയില്‍ തോളത്തു കയറിയിരിക്കുന്ന വേതാളം പോലെ കേരളീയന്റെ ആരോഗ്യ - അതിജീവന താല്‍പര്യങ്ങള്‍ക്കു മുകളില്‍ പിടിവിടാതിരിക്കുന്ന രാഷ്ട്രീയ വേതാളമാണ്‌ ശ്രീമതി.
ഈ ശ്രീമതി മന്ത്രി എന്ന നിലയ്ക്ക്‌ സ്വീകരിച്ച അഴിമതിക്ക്‌ കൂട്ടുനില്‍ക്കുകവഴി വി.എസ്‌. അച്യുതാനന്ദന്‍ ഒരിക്കല്‍ കൂടി അധികാരത്തിന്റെ വേലിക്കകത്തേക്ക്‌ ഒതുങ്ങി കേരളീയനെ വഞ്ചിക്കുകയായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി മരുമകളെ കുക്കായി പര്ഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ച അന്നു തന്നെ ഇവര്‍ നടത്തുന്ന ക്രമക്കേട്‌ മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്‌. എന്നാല്‍ പാര്‍ട്ടിയോ മുഖ്യമന്ത്രി അച്യുതാനന്ദനോ അതു കേട്ട ഭാവം നടിച്ചില്ല. അതുകൊണ്ട്‌ കുക്കായി ജോലിയില്‍ പ്രവേശിച്ച മരുമകള്‍ക്ക്‌ ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ ഗസറ്റഡ്‌ ഓഫീസറായി സ്ഥാനം കയറ്റം നല്‍കാനുള്ള അഹന്ത ശ്രീമതിക്കുണ്ടായി. എന്നു മാത്രമല്ല, മറ്റൊരു കേന്ദ്ര കമ്മറ്റി അംഗവും തന്റെ സഹോദരിയുടെ ഭര്‍ത്താവുമായ ഇ.പി. ജയരാജന്റെ മകനെയും പര്‍സണല്‍ സ്റ്റാഫില്‍ നിയമിച്ച്‌ സുതാര്യമായ ഭരണം ആഗ്രഹിച്ചവര്‍ക്കു നേരെ കൊഞ്ഞനം കുത്തി. ശ്രീമതി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യം സ്വീകരിച്ച ഔദ്യോഗിക നടപടികളില്‍ ഒന്ന്‌ ജയരാജന്റെ മകന്‍ ജിജിന്‍ത്‌ രാജിനെ തന്റെ ഓഫീസില്‍ ക്ലാര്‍ക്കായി നിയമിക്കുകയായിരുന്നു. ഒപ്പം തന്നെ മകന്റെ ഭാര്യ ധന്യ എം. നായരെ ജൂണ്‍ ഒന്നുമുതല്‍ കുക്ക്‌ എന്ന തസ്തികയിലും നിയമിച്ചു.
സിപിഎം മന്ത്രിമാരുടെ പര്‍സണല്‍ സ്റ്റാഫിലേക്കുള്ള നിയമനങ്ങളെല്ലാം പാര്‍ട്ടി നിശ്ചയിച്ചു കഴിഞ്ഞ ശേഷമാണ്‌ ജയരാജന്റെ മകനെ ക്ലര്‍ക്കായി ശ്രീമതി നിയമിച്ചത്‌. ഇതിനെ പൊതുഭരണ വിഭാഗം എതിര്‍ത്തു. പതിനഞ്ചു പേരെ നിയമിക്കാന്‍ ചട്ടം അനുശാസിക്കുന്നിടത്ത്‌ പതിനെട്ടുപേരെ നിയമിച്ചു എന്നും ഇനി ഒരാളെ നിയമിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വേണം എന്നായിരുന്നു പൊതു ഭരണവിഭാഗം ഉയര്‍ത്തിയ തടസ്സവാദം. ഈ തടസ്സവാദത്തെ പ്രത്യേക അനുമതിയിലൂടെ ചിതറിക്കുകയായിരുന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. അങ്ങനെ കൊമേഴ്സ്യല്‍ ബിരുദം മാത്രമുള്ള ജിജിന്‍തിനെ 7990-12390 ശമ്പള സ്കെയിലില്‍ നിയമിക്കാന്‍ ശ്രീമതിക്ക്‌ അനുവാദവും ലഭിച്ചു.
2006 ഓക്ടോബര്‍ 30ന്‌ ജിജിന്ത്‌ രാജ്‌ ഗള്‍ഫില്‍ ജോലി കിട്ടി കേരളം വിട്ടു. ജിജിന്ത്‌ പോയ ഒഴിവില്‍ പാചകക്കാരിയായ മകള്‍ ധന്യയെ ക്ലാര്‍ക്കായി നിയമിച്ചുകൊണ്ട്‌ ശ്രീമതിയുടെ അഹങ്കാരവും അഴിമതിയും പുതിയ അശ്ലീലത നേടുകയായിരുന്നു. 2006 ജൂണ്‍ 1-ന്‌ പാചകക്കാരിയയി കയറി ധന്യ നവംബര്‍ 1 മുതല്‍ ക്ലാര്‍ക്കായി. എന്നാല്‍ 2007 ജൂലൈയില്‍ ഗസറ്റഡ്‌ റാങ്കില്‍ അഡീഷണല്‍ പി.എ. ആയി ധന്യയെ നിയമിച്ചുകൊണ്ട്‌ ശ്രീമതി വീണ്ടും കേരളത്തിലെ നികുതിദായകരുടെ മുഖത്ത്‌ കാര്‍ക്കിച്ചുതുപ്പി. കേരള സര്‍ക്കാര്‍ സര്‍വ്വിസില്‍ കുക്കായി കയറി ഒരുവര്‍ഷത്തിനുള്ളില്‍ ഗസറ്റഡ്‌ ഓഫീസറായ ചരിത്രം അങ്ങനെ ധന്യയ്ക്കു മാത്രം സ്വന്തം. ഈ നിയമനത്തെയും പൊതുഭരണ വകുപ്പ്‌ എതിര്‍ത്തിരുന്നു. അപ്പോഴും പ്രത്യേക അനുമതി നല്‍കി അച്യുതാനന്ദന്‍ കേരളീയരെ വഞ്ചിക്കുകയായിരുന്നു. അങ്ങനെ 4300-5930 ശമ്പള സ്കെയിലില്‍ നിന്ന്‌ ഒറ്റയടിക്ക്‌ ധന്യ 10,790-18000 സ്കെയിലേക്ക്‌ ഉയര്‍ത്തപ്പെടുകയായിരുന്നു.
ശ്രീമതിയുടെ വൃത്തികെട്ട ഈ കളികള്‍ അപ്പോഴേക്കും മാദ്ധ്യമങ്ങളില്‍ വരുകയും ചില സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മരുമകളെ പര്‍സണല്‍ സ്റ്റാഫില്‍ നിന്ന്‌ ഒഴിവാക്കുകയാണെന്ന്‌ പ്രഖ്യാപിക്കാന്‍ ശ്രീമതി നിര്‍ബ്ബന്ധിതയാകുകയും ചെയ്തു. എന്നാല്‍ അപ്പോഴേയ്ക്കും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ നിലയ്ക്ക്‌ ധന്യ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത നേടുകയും ചെയ്തു.
പിണറായി വിജയന്‍ നയിക്കുന്ന, ജയരാജന്മാര്‍ ശക്തി പകരുന്ന മനോജ്‌-പ്രഭാവര്‍മ്മ-ഗോവിന്ദന്‍കുട്ടി ഉപജാപക സംഘം നിര്‍ദ്ദേശം നല്‍കുന്ന കേരളത്തിലെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ നേതാക്കള്‍ക്ക്‌ സംഭവിച്ച ദയനീമായ ധാര്‍മ്മിക അധപതനത്തിന്റെ നഗ്നരൂപമാണ്‌ പി.കെ. ശ്രീമതി ഇപ്പോള്‍. എന്നാല്‍ ശ്രീമതിയും ഇ.പി. ജയരാജനും കേന്ദ്ര കമ്മിറ്റി അംഗങ്ങളായതുകൊണ്ട്‌ ഇവര്‍ കാണിക്കുന്ന തോന്ന്യാസങ്ങളെ ചോദ്യംചെയ്യാന്‍ പാര്‍ട്ടിയില്‍ ഒരു കൊഞ്ഞാണനും ഉണ്ടാകില്ല. അതല്ല പ്രശ്നം അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ തന്നെ പൊതുഭരണ വിഭാഗത്തിന്റെ എതിര്‍പ്പ്‌ മറികടന്ന്‌ പ്രത്യേക ഓര്‍ഡറിലൂടെ ശ്രീമതിയുടെ അധികാര വ്യഭിചാരത്തിന്‌ കൂട്ടുനിന്നതാണ്‌ സഹിക്കാന്‍ പറ്റാത്ത വാസ്തവം. ഈ തോന്ന്യാസങ്ങള്‍ പ്രകാശ്‌ കാരാട്ട്‌ അറിഞ്ഞിട്ടുണ്ടോ എന്നത്‌ കേരളത്തിലെ പൊതുസമൂഹത്തിന്‌ അറിയേണ്ട മറ്റൊരു വാസ്തവവുമാണ്‌. ശ്വാനന്മാര്‍ കുരയ്ക്കും ശ്രീമതിമാര്‍ അധികാര വ്യഭിചാരങ്ങള്‍ നടത്തും എന്നായിരിക്കുന്നു കേരത്തിലെ അവസ്ഥ.
ഈ നാണക്കേട്‌ സഹിക്കാനാവാതെയാണ്‌ പൊതുസമൂഹം ചോദിക്കുന്നത്‌ അച്യുതാനന്ദന്‍ ഇത്രയ്ക്ക്‌ വഞ്ചകനാകാമായിരുന്നോ എന്ന്‌?
മറുപടി പറയേണ്ടി വരും സഖാവേ..., നിങ്ങള്‍.

Thursday, October 8, 2009

ഡോ.വെങ്കട്‌ രാമകൃഷ്ണന്‍ : സ്വീഡിഷ്‌ അഹങ്കാരത്തിന്‌ മുകളില്‍ പാറിയ ത്രിവര്‍ണം


വിശ്വത്തേയും വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബെര്‍ട്‌ ഐന്‍സ്റ്റൈനേയും അമ്പരപ്പിച്ച മഹാത്മാ ഗാന്ധി,സത്യേന്ദ്രനാഥ്‌ ബോസ്‌,മേഘ്നാഥ്‌ സാഹ,മലയാളികളായ
ഡോ. ഗോപിനാഥ്‌ കര്‍ത്ത,ഡോ.ഇ.സി.ജി.സുദര്‍ശന്‍ തുടങ്ങിയ ഇന്ത്യന്‍ മികവുകളെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി അപമാനിച്ച നൊബേല്‍ കമ്മറ്റിയുടെ അഹന്ത്യക്കു മുകളില്‍ ത്രിവര്‍ണ്ണം പ്രതിഷ്ഠിച്ചതു കൊണ്ടാണ്‌ ആതിരേ,ഡോ.വെങ്കട്‌ രാമകൃഷ്ണന്‍ ഇന്ത്യയ്ക്കി്‌ അഭിമാനത്തിന്റേയും അംഗീകാരത്തിന്റേയും സുവര്‍ണ്ണ നിമിഷങ്ങളാകുന്നത്‌ അതേ. രസതന്ത്ര നൊബേലില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിദ്ധ്യമാണ്‌ ഡോ. വെങ്കട ്‌ രാമകൃഷ്ണന്‍.
ഇന്ത്യന്‍ ശാസ്ത്ര സമൂഹം നേടിയ മഹത്തായ ഒരു കണ്ടുപിടിത്തത്തിന്റെ ആവേശത്തിമിര്‍പ്പിലാണ്‌ ഇന്ത്യയും ഇന്ത്യാക്കാരും.അതിനൊപ്പമാണ്‌ രസതന്ത്ര നൊബേലിലൂടെ ഇന്ത്യന്‍ മികവിന്‌ വിശ്വാംഗീകാരം ലഭിച്ചതെന്നത്‌ നമ്മുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍, ചന്ദ്രപ്രതലത്തില്‍ ജലസാന്നിദ്ധ്യം കണ്ടെത്തിയെന്ന വിപ്ലവകരമായ ശാസ്ത്രീയ നേട്ടത്തിന്‌ രണ്ടാഴ്ച തികയും മുമ്പാണ്‌ നോബല്‍ ജേതാക്കളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ സാമര്‍ത്ഥ്യം ഇടം നേടിയിരിക്കുന്നത്‌.
രസതന്ത്രത്തിന്‌, ഇതിനു മുമ്പ്‌ നൂറു തവണ നൊബേല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചിട്ടുണ്ട്‌ ആതിരേ. അതില്‍ ഒരിക്കല്‍ പോലും ഒരു ഇന്ത്യന്‍സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍, 101-ാ‍ം തവണ ഡോ. രാമകൃഷ്ണനിലൂടെ അപൂര്‍വ്വമായ ആ അംഗീകാരമാണ്‌ ഇന്ത്യയ്ക്ക്‌ ലഭിച്ചിരിക്കുന്നത്‌.
ഡിഎന്‍എ തന്മാത്രയില്‍ നിന്നുള്ള ജനിതക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ പ്രോട്ടീനുകള്‍ക്ക്‌ രൂപം നല്‍കുന്നത്‌ റൈബോസോമുകളാണ്‌. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവിവൃന്ദത്തിന്റെ ജീവല്‍പ്രവര്‍ത്തനങ്ങളാകെ സാദ്ധ്യമാക്കുന്ന റൈബോസോമുകളുടെ പൊരുള്‍ കണ്ടെത്തുന്നതിലാണ്‌ ഡോ. രാമകൃഷ്ണന്‍ ഉള്‍പ്പെട്ട നൊബേല്‍ പുരസ്ക്കാര ജേതാക്കള്‍ വിജയം കണ്ടത്‌. എക്സറേ ക്രിസ്റ്റലോഗ്രഫിയുടെ സഹായത്തോടെ ഇവര്‍ സ്വായത്തമാക്കിയ ഈ അപൂര്‍വ്വ നേട്ടം ഭാവിയില്‍ ഫലപ്രദമായ ആന്റി ബയോട്ടിക്കുകള്‍ രൂപപ്പെടുത്താന്‍ സഹായിക്കുമെന്നതാണ്‌ ഈ കണ്ടുപിടത്തത്തിന്റെ മഹത്തായ വശം.
ആതിരേ, ഡോ. രാമകൃഷ്ണന്റെ ഈ നേട്ടം ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ഇന്ത്യയ്ക്കുള്ള ആധൃഷ്യമായ സ്ഥാനമാണ്‌ വ്യക്തമാക്കുന്നത്‌. നൂറ്റിപ്പത്തു കോടി ജനങ്ങള്‍ക്ക്‌ അഭിമാനിക്കാന്‍ ഇതു ധാരാളം. എന്നുമാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഗവേഷകര്‍ നടത്തുന്ന മുന്നേറ്റത്തിന്റെ സൂചനകൂടിയാണ്‌ ഡോ. രാമകൃഷ്ണന്‌ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം. നാനോ ടെക്നോളജി, വിവരസാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം തുടങ്ങി ആധുനിക സമൂഹത്തിന്റെ നിത്യജീവിതവുമായി അഭേദ്യബന്ധമുള്ള മേഖലകളില്‍ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക്‌ ഇത്‌ കൂടുതല്‍ സമര്‍പ്പണത്തോടെ തങ്ങളുടെ മേഖലകളില്‍ വ്യാപരിക്കാനുള്ള പ്രചോദനവുമാകുന്നു.
മുമ്പ്‌ എട്ടു പേര്‍ക്ക്‌ നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പൗരന്മാര്‍ എന്നു രേഖപ്പെടുത്തിയിട്ടുള്ള നാലുപേരുകളേയുള്ളു - രവീന്ദ്രനാഥ്‌ ടാഗോര്‍, സി.വി. രാമന്‍, മദര്‍ തെരേസാ, ഡോ. അമൃത്യ സെന്‍. എന്നാല്‍ ഇന്ത്യന്‍ വംശജരുടെ പേര്‌ വേറെയും ആ പട്ടികയിലുണ്ട്‌. ഹര്‍ ഗോവിന്ദ്‌ ഖുരാന, സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍, വി.എസ്‌. നയ്പാള്‍.... ഇപ്പോള്‍ വെങ്കട്‌ രാമന്‍ രാമകൃഷ്ണനും. അമേരിക്കന്‍ പൗരനാണെങ്കിലും ആതിരേ,ഡോ. രാമകൃഷ്ണന്റെ നൊബേല്‍ പുരസ്ക്കാരം ഇന്ത്യയുടെ യശസ്സാണ്‌ ഉയര്‍ത്തുന്നത്‌. ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ജനിച്ച ഡോ. റൊണാള്‍ഡ്‌ റോസ്‌ (1902, വൈദ്യശാസ്ത്രം) റുഡ്യാര്‍ഡ്‌ കപ്ലിങ്‌ (1907, സാഹിത്യം) എന്നിവരും നൊബേല്‍ പുരസ്ക്കാരം നേടിയിട്ടുള്ളവരാണ്‌. ഇന്ത്യാക്കാരാനായ രജേന്ദ്ര പച്ചൗരി അദ്ധ്യക്ഷനായ ഐപിസിസി 2007ല്‍ അല്‍ഗോറിനൊപ്പം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടതും അഭിമാനത്തോടെ ഓര്‍ക്കേണ്ടതാണ്‌.
എന്നാല്‍ ആതിരേ,ശാസ്ത്രത്തിനുള്ള നൊബേല്‍ വേദിയില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഒരിക്കലേ ഉണ്ടായിട്ടുള്ളു - 1930-ല്‍ സി.വി. രാമനിലൂടെ. രാമന്‍ പ്രഭാവം എന്നറയപ്പെടുന്ന പ്രകാശപ്രതിഭാസം കണ്ടെത്തിയതിനാണ്‌ ഭൗകീക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിന്‌ ലഭിച്ചത്‌. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്‌. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ അദ്ദേഹം കൈവരിച്ച നേട്ടം ആവര്‍ത്തിക്കാന്‍ പിന്നീട്‌ ഇന്ത്യയിലാര്‍ക്കും കഴിഞ്ഞിട്ടില്ല.
എന്നാല്‍ വിദേശത്തുപോയി ഗവേഷണത്തിലേര്‍പ്പെടുകയും നൊബേല്‍ പുരസ്ക്കാരം നേടുകയും ചെയ്ത ചിലരുണ്ട്‌ അതില്‍ പ്രമുഖന്‍ 1968-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം നേടിയ ഹര്‍ ഗോവിന്ദ്‌ ഖുരാനയാണ്‌. ലോകത്താദ്യമായി ഒരു ജീവിയുടെ കൃത്രിമ ജീന്‍ സൃഷ്ടിച്ച്‌ (എസ്ചെരിയ കോളി എന്ന ബാക്ടീരിയയുടെ) ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്‌ ഖുരാന. ജനറ്റിക്‌ കോഡിന്റെ രഹസ്യ ഭാഷ മനസ്സിലാക്കാന്‍ നല്‍കിയ സംഭാവന മുന്‍നിര്‍ത്തിയാണ്‌ മറ്റു രണ്ടുപേരോടൊപ്പം ഖുരാനയ്ക്ക്‌ നൊബേല്‍ സമ്മാനം ലഭിച്ചത്‌. ബയോടെക്നോളജി എന്ന ശാസ്ത്രശാഖയ്ക്ക്‌ അടിത്തറയിട്ടവരില്‍ പ്രമുഖന്‍ ഖുരാനയാണ്‌ എന്നത്‌ ഇന്ത്യക്കാര്‍ക്ക്‌ എക്കാലത്തും പുളകത്തോടെ സ്മരിക്കാവുന്ന നേട്ടമാണ്‌.
നക്ഷത്രങ്ങളുടെ അന്ത്യം സംബന്ധിച്ച കണ്ടെത്തലിന്‌ 1983-ലെ ഭൗതിക ശാസ്ത്ര നൊബേല്‍ നേടിയ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറാണ്‌ യശ്ശസിന്റെ അംബരത്തില്‍ തിളങ്ങുന്ന മറ്റൊരു നക്ഷത്രം. 1930-കളില്‍ ചന്ദ്രശേഖര്‍ നടത്തിയ കണ്ടെത്തലുകളാണ്‌ അരനൂറ്റാണ്ടിനുശേഷം അംഗീകരിക്കപ്പെട്ടത്‌. 1999-ല്‍ നാസ അവരുടെ എക്സ്‌റേ ടെലിസ്കോപ്പ്‌ വിക്ഷേപിച്ചപ്പോള്‍ അതിനു നല്‍കിയ പേര്‌ ചന്ദ്രശേഖറിന്റേതായിരുന്നു. ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന ഏക സ്പേസ്‌ ടെലിസ്കോപ്പാണ്‌ ചന്ദ്ര എക്സ്‌റേ ഒബ്സര്‍വേറ്ററി.
നൊബേല്‍ പുരസ്ക്കാര ജേതാക്കളിലൂടെ അഭിമാനിക്കുന്ന ഇന്ത്യയ്ക്ക്‌ ആതിരേ നൊബേല്‍ നിഷേധത്തിലൂടെ അപമാനിക്കപ്പെട്ടവരുടെ നോവും സ്വന്തമായുണ്ട്‌. ഇത്തരത്തില്‍ അപമാനിതരായവരില്‍ പ്രമുഖന്‍ കോട്ടയം സ്വദേശിയായ ഡോ. ഇ.സി.ജി. സുദര്‍ശനാണ്‌. ക്വാണ്ടം ഭൗതികത്തില്‍ സുദര്‍ശനന്‍ ഉള്‍പ്പെട്ട കണ്ടുപിടുത്തങ്ങള്‍ക്ക്‌ ഇതിനകം ഒന്നിലേറെ തവണ നൊബേല്‍ സമ്മാനം നല്‍കിയിട്ടുണ്ട്‌. പക്ഷേ മലയാളിയായ സുദര്‍ശനനെ പരിഗണിക്കാന്‍ നൊബേല്‍ കമ്മിറ്റി തയ്യാറായിരുന്നില്ല. 2005-ല്‍ പ്രകാശീയ സംസക്തതയുമായി ബന്ധപ്പെട്ട ക്വാണ്ടം സിദ്ധാന്തം കണ്ടെത്തിയതിന്‌ അമേരിക്കക്കാരനായ റോയ്‌ ഗ്ലാബറിന്‌ നൊബേല്‍ പുരസ്ക്കാരം ലഭിച്ചപ്പോള്‍ ക്രൂരമായ അവഗണനയാണ്‌ ഡോ. സുദര്‍ശനന്‍ അനുഭവിച്ചത്‌. കാരണം 1960-കളുടെ തുടക്കത്തില്‍ സുദര്‍ശനന്‍ രൂപപ്പെടുത്തിയ സിദ്ധാന്തത്തില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്‌ റോയ്‌ ഗ്ലാബര്‍ ചെയ്തതെന്ന്‌ ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിക്കുന്ന വാസ്തവമാണ്‌. അതുപോലെ തന്നെയാണ്‌ ക്ഷീണബലവുമായി ബന്ധപ്പെട്ട്‌ നല്‍കിയ പുരസ്ക്കാരങ്ങളില്‍ നിന്നുപോലും സുദര്‍ശനനെ ഒഴിവാക്കിയത്‌.
നൊബേലിന്‌ അര്‍ഹനെന്ന്‌ ശാസ്ത്രലോകം വിധിയെഴുതിയിട്ടും നൊബേല്‍ കമ്മിറ്റി പരിഗണിക്കാതെ പോയ ഇന്ത്യക്കാരെക്കുറിച്ചുകൂടി സൂചിപ്പിച്ചെങ്കില്‍ മാത്രമേ ഡോ. രാമകൃഷ്ണന്റെ അംഗീകാരത്തിന്റെ തിളക്കം വ്യക്തമാകു. ചേര്‍ത്തലയില്‍ 1927-ല്‍ ജനിക്കുകയും ഗവേഷണത്തിനായി അമേരിക്കയിലേക്ക്‌ കുടിയേറുകയും ചെയ്ത ഡോ. ഗോപിനാഥ്‌ കര്‍ത്തയാണ്‌ അതിലൊരാള്‍. റൈബോന്യൂക്ലീയസ്‌ എന്‍സൈമിന്റെ ഘടന കണ്ടെത്തിയ അദ്ദേഹം 1984 ജൂണ്‍ 18ന്‌ അമ്പത്തിയേഴാം വയസ്സില്‍ അന്തരിച്ചു. പ്രകാശകണങ്ങളും ദ്രവ്യത്തിന്റെ ഭാഗമാണെന്ന്‌ തെളിയിക്കുന്ന ഗണിതസമീകരണം കണ്ടെത്തി ഐന്‍സ്റ്റൈനെ അമ്പരിപ്പിച്ച സത്യേന്ദ്രനാഥ്‌ ബോസ്‌, നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ അയീണകരണത്തോത്‌ അവയുടെ ഉഷ്മാവിന്‌ നേര്‍അനുപാതത്തിലായിരിക്കുമെന്ന്‌ തെളിയിച്ച മേഘ്നാഥ്‌ സാഹ എന്നിവരെല്ലാം ഇത്തരത്തില്‍ തഴയപ്പെട്ടവരുടെ കൂട്ടത്തില്‍ പെടുന്നു.
ഗവേഷകനല്ലെങ്കിലും നൊബേല്‍ പുരസ്ക്കാരം നിഷേധിക്കപ്പെട്ടവരില്‍ ഏറ്റവും പ്രമുഖന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്‌.
ഇത്തരം ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കുമ്പോഴാണ്‌ ഡോ. രാമകൃഷ്ണന്റെ അംഗീകാരത്തിന്റെ മഹത്വം ബോദ്ധ്യപ്പെടുക. ഈ അംഗീകാരം ആതിരേ ഭാവിയില്‍ ശാസ്ത്രത്തിനുള്ള നൊബേല്‍ വേദിയില്‍ കൂടുതല്‍ ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ടാകുമെന്നതിന്റെ സൂചനയായിട്ടുവേണം വിലയിരുത്തേണ്ടത്‌.

Monday, October 5, 2009

ചെങ്ങറ: അലസിപ്പോയ ഗര്‍ഭം


"അലസിപ്പോകുന്ന ഗര്‍ഭം ഒന്നിനും ജന്മം നല്‍കുന്നില്ല, അത്‌ മാതാവിന്റെ ശരീരത്തെ ക്ഷീണിപ്പിക്കുന്നതേയുള്ളു" എന്നു നിരീക്ഷിച്ചത്‌ സാക്ഷാല്‍ കാറല്‍ മാക്സ്‌.
ആ നിരീക്ഷണത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട്‌ വിലയിരുത്തുമ്പോള്‍ തിങ്കളാഴ്ച അവസാനിച്ച അല്ലെങ്കില്‍ ഭീതിയും ഭീക്ഷണിയും മൂലം സമരക്കാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതമായ ചെങ്ങറ ഭൂസമരവും അലസിപ്പോയ ഗര്‍ഭമാണെന്ന്‌ പറയേണ്ടിവരും, ആതിരേ.
കൃഷി ഭൂമി കര്‍ഷകന്‌ എന്ന അടിസ്ഥാന തത്വത്തില്‍ നിന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും അതിന്റെ പ്രത്യയശാസ്ത്രവും വിടപറഞ്ഞിട്ട്‌ കാലമേറെയായി. അതാത്‌ സാഹചര്യങ്ങള്‍ക്കനുസരിച്ച അടവുതന്ത്രങ്ങള്‍ പയറ്റി പാര്‍ലമെന്ററി വ്യാമോഹത്തിന്‌ വര്‍ഗ്ഗചതിയുടെ പുതിയ മാനിഫെസസ്റ്റോ രചിച്ചുകഴിഞ്ഞിട്ടും ദശാബ്ദങ്ങളായി. അതുകൊണ്ട്‌ അടിസ്ഥാന വര്‍ഗ്ഗങ്ങളുടെയും അധസ്ഥിത വിഭാഗങ്ങളുടെയും അതീജീവനത്തിനായുള്ള പോരാട്ടത്തില്‍ നിന്നു പോലും പാര്‍ട്ടി അതിന്റെ ശ്രദ്ധ പൂര്‍ണ്ണമായി മാറ്റിക്കളഞ്ഞിരിക്കുകയാണ്‌. ഭൂപരിക്ഷ്ക്കരണം നടപ്പിലാക്കി എന്നു അഭിമാനിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി, കര്‍ഷകരടക്കമുള്ള അടിസ്ഥാന അദ്ധ്വാനവിഭാഗത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും രണ്ടാം ഭൂപരിഷ്ക്കരണം അനിവാര്യവും അനുപേക്ഷിയവുമാണെന്ന്‌ അറിഞ്ഞിട്ടും അത്തരം ചിന്തകളെ, അതിനായുള്ള സമരസന്നദ്ധതകളെ വിപ്ലവവായാടിത്തം എന്നു പറഞ്ഞ്‌ അധിക്ഷേപിച്ച്‌ വെട്ടിനിരത്തി മാറ്റിവെച്ച്‌ നവ ലിബറല്‍ നയങ്ങളെ ആശ്ലേഷിക്കുമ്പോള്‍ ചെങ്ങറപോലെയുള്ള ഭൂസമരങ്ങള്‍ അലസിപ്പോയില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ അതിരേ.
സമാനതകളില്ലാത്ത ഭൂസമരമായിരുന്നു ചെങ്ങറയില്‍ കണ്ടത്‌. കൃഷി ചെയ്യാനും തല ചായ്ക്കാനും ഒരു ഇടം ആവശ്യപ്പെട്ട്‌ നടത്തിയ നിവേദനങ്ങളും സമരങ്ങളും അധികാരഗര്‍വ്വില്‍ മാറിമാറി ഭരിച്ചവര്‍ പുറങ്കാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചപ്പോഴാണ്‌ കയ്യേറ്റത്തിന്റേതായ ഒരു രീതിശാസ്ത്രത്തിലൂടെ 2007 ഓഗസ്റ്റ്‌ 4-ന്‌ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡിവിഷനില്‍ സാധു ജന വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിച്ചത്‌. സ്വന്തമായി കൃഷി ചെയ്ത്‌ ജീവിക്കുന്നതിനാവശ്യമായ ഭൂമി ലഭിക്കുന്നതുവരെ സമരം എന്നതായിരുന്നു ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സമരക്കാരുടെ തീരുമാനം. കൃഷി ഭൂമി കര്‍ഷകന്‌ എന്ന്‌ മുദ്രാവാക്യം മുഴക്കി ആവേശം ഉണര്‍ത്തുകയും കര്‍ഷകരേയും തൊഴിലാളികളെ സമരസജ്ജരാക്കി സംഘടിപ്പിക്കുകയും ആ സന്നദ്ധതയുടെ ബലത്തില്‍ മിച്ചഭൂമി സമരം നടത്തി ചരിത്രം സൃഷ്ടിക്കുകയും ചെയ്ത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഭരിക്കുമ്പോള്‍ കേരളത്തിലെപട്ടികവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്‌ ഇത്തരത്തില്‍ ഒരു ഭൂസമരം നടത്തേണ്ടി വന്നു എന്നത്‌ ആ പാര്‍ട്ടിക്കും അതിന്റെ അഭിമനാര്‍ഹമായ ഭൂതകാലത്തിനും നാണക്കേടുണ്ടാക്കുന്ന വാസ്തവമാണ്‌. കര്‍ഷകന്റേയും അടിസ്ഥാന വര്‍ഗ്ഗങ്ങളുടെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും താല്‍പര്യങ്ങളെ അവഗണിച്ച്‌ മതമൗലിക വാദികളടക്കമുള്ള വര്‍ഗ്ഗവിരുദ്ധരുമായി കൈ കോര്‍ത്ത്‌ അധികാരം പങ്കിടാനുള്ള പാര്‍ട്ടിയുടെയും നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും വഞ്ചനാത്മകമായ നിലപാടിനെതിരെ ഉയര്‍ന്ന ചോദ്യചിഹ്നവും മുദ്രാവാക്യവുമായിരുന്നു ചെങ്ങറ.
അറിയുക, കേരളത്തിലെ എസ്റ്റേറ്റ്‌ ലോബിക്കും ഭൂമാഫിയകള്‍ക്കും ഹെക്ടറുകണക്കിന്‌ സര്‍ക്കാര്‍ ഭൂമി കയ്യടക്കിവെയ്ക്കാന്‍ അനുമതി കൊടുത്തുകൊണ്ടുള്ള നിലനില്‍പ്‌ രാഷ്ട്രീയത്തിന്റെ അശ്ലീലഭാവങ്ങള്‍ ഉറഞ്ഞുതുള്ളുന്നതിനെതിരായുള്ള ചൂണ്ടുവിരല്‍ കൂടിയായിരുന്നു ചെങ്ങറ. എന്നാല്‍ ളാഹ ഗോപാലന്‍ ആക്ഷേപിക്കുന്നതുപോലെ അധികാരവും ചെങ്കോലും കൈയ്യിലുള്ളവര്‍ സമ്പന്നവിഭാഗവുമായി ഒത്തുചേര്‍ന്ന്‌ ചെങ്ങറയിലുയര്‍ന്ന മുദ്രാവാക്യത്തെ ശ്വാസം മുട്ടിച്ച്‌ കൊന്നതായും പാര്‍ട്ടിക്കു നേരെ ചൂണ്ടിയ വിരലുകള്‍ ഛേദിച്ചതായിട്ടുംവേണം സമരത്തിന്റെ പരിണാമത്തില്‍ നിന്ന്നമ്മള്‍ വായിച്ചെടുക്കേണ്ടത്‌, ആതിരേ. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചവര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ചരിത്രം സൃഷ്ടിച്ച വി.എസ്‌. ഭരിക്കുമ്പോഴാണ്‌, ആ മാഫിയ ഒരിഞ്ചുഭൂമി പോലും വിട്ടുകൊടുക്കാതെ മദിക്കുമ്പോഴുമാണ്‌ കൃഷി ചെയ്യാന്‍ ഭൂമി ആവശ്യപ്പെടുന്ന ദളിതന്‌ നല്‍കാന്‍ സര്‍ക്കാരിന്റെകൈവശം ഭൂമി ഇല്ല എന്ന്‌ അച്യുതാനന്ദന്‍തന്നെ പ്രഖ്യാപിക്കുന്നത്‌.എന്തൊരു വലിയ വര്‍ഗവഞ്ചനയാണിത്‌...!
വഞ്ചനയുടേതായ ഈ പ്രത്യയശാസ്ത്രത്തിന്റെ തിരിച്ചടികള്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്‌ ചെങ്ങറയില്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ കുടില്‍കെട്ടി സമരം ചെയ്തത്‌. എന്നാല്‍ എസ്റ്റേറ്റ്‌ തൊഴിലാളികളുടെ പേരില്‍ പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടനകളും എസ്റ്റേറ്റ്‌ മാഫിയയുടെ ഗുണ്ടകളും നടത്തിയ ഉപരോധത്തില്‍ എല്ലാം തകര്‍ന്ന്‌ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകായിരുന്നു സമരക്കാര്‍. ഭക്ഷണവും കുടിവെള്ളവും ഔഷധവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ട്‌ ഈ സമ്പന്ന വിഭാഗം നടത്തിയ വര്‍ഗ്ഗ വിരുദ്ധ നിലപാട്‌ 13 ജീവിതങ്ങളേയാണ്‌ ചെങ്ങറയില്‍ നിന്ന്‌ കൊയ്തെടുത്തത്‌. പ്രതികൂല കാലാവസ്ഥയും ഹാരിസണ്‍ തൊഴിലാളികളുടെ പ്രതിഷേധവും ആരോഗ്യപരമായ ബുദ്ധിമുട്ടുമൂലം സമരത്തിനെത്തിയ പലര്‍ക്കും തിരിച്ചുപോകേണ്ട ഗതികേടും സംഭവിച്ചു. പ്ലാസ്റ്റിക്‌ മേഞ്ഞ കുടിലുകളിലായിരുന്നു സമരക്കാരുടെ താമസം. പഴക്കം മൂലം കുടിലുകള്‍ നശിച്ചതും റബര്‍മരങ്ങള്‍ ഒടിഞ്ഞുവീണ്‌ വീടുകള്‍ തകര്‍ന്നതും കാട്ടാന ശല്യവുമൊക്കെ ചേര്‍ന്നപ്പോഴാണ്‌ പിടിച്ചുനില്‍ക്കാനാവാതെ ഇവരില്‍ പലരും തിരിച്ചുപോയത്‌. വൃദ്ധരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന സമരക്കാരോട്‌,അവരുടെ ന്യായമായ ആവശ്യങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ മുഖ്യമ്ര‍ന്ത്രിപോലും അവരെ കള്ളന്മാരായി മുദ്രകുത്തിയപ്പോള്‍ സമരത്തിന്റെ ഫലം എന്തായിരിക്കുമെന്ന്‌ ഏറെക്കുറെ ഊഹിക്കാന്‍ കഴിഞ്ഞിരുന്നു.
കോടതിവിധികളും ഇവരുടെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും എതിരായിരുന്നു. അന്ന്‌ ആത്മഹത്യ സ്ക്വാഡുകള്‍ രൂപീകരിച്ചാണ്‌ ആതിരേ, ഭരണ വര്‍ഗ്ഗത്തിന്റെ മര്‍ദ്ദനോപാധികളെ സമരക്കാര്‍ ചെറുത്തത്‌. രണ്ടുവര്‍ഷത്തെ ഈ ചെറുത്തുനില്‍പ്‌ നേട്ടങ്ങളല്ല നല്‍കുന്നത്‌, മറിച്ച്‌ ജീവനു തന്നെ ഭീഷണിയാണെന്ന്‌ വ്യക്തമായപ്പോഴാണ്‌ സമരക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ്‌ അംഗീകരിക്കാന്‍ തയ്യാറായത്‌. സമരക്കാര്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കി, വധഭീഷണി മുഴക്കി, വധശ്രമം നടത്തി ഇനി ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവാത്തവിധം ശ്വാസം മുട്ടിച്ചിട്ടാണ്‌ സമരക്കാരെക്കൊണ്ട്‌ ഈ പാക്കേജ്‌ അംഗീകരിപ്പിച്ചിരിക്കുന്നത്‌. മറ്റൊരു നന്ദിഗ്രാം സൃഷ്ടിച്ച്‌ അതിന്റെ പഴി മുഴുവന്‍ സമരക്കാരുടെ തലയില്‍ വച്ചുകെട്ടാമെന്ന മാര്‍ക്സിസ്റ്റുകാരുടെ ഗുഢപദ്ധതി പൊളിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമാണ്‌ ചെങ്ങറ ഭൂസമരത്തിന്റെ വിജയം.
അലസിപ്പോയ ഒരു വര്‍ഗ്ഗസമരമായി നാളെ ചെങ്ങറ ഭൂസമരത്തെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും. ഒപ്പം വി.എസ്‌. അച്യൂതാനന്ദന്റെയും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെയും വര്‍ഗ്ഗവഞ്ചനയുടെ പ്രതീകമായും ചെങ്ങറ ഭൂസമരം വ്യാഖ്യാനിക്കപ്പെടും. ദലിത്‌ വിഭാഗങ്ങളില്‍ ഇപ്പോള്‍ രൂപം കൊണ്ടിട്ടുള്ള ഹിംസാത്മക ഭാവങ്ങള്‍ക്ക്‌ കാരണം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ദളിത്‌ വിരുദ്ധ നിലപാടാണ്‌. അതിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കാനേ ചെങ്ങറ ഭൂസമരത്തോട്‌ അനുവര്‍ത്തിച്ച നയം കാരണമാകു എന്നാണ്‌ ഭയപ്പാടോടെ നമുക്കിപ്പോള്‍ വിലയിരുത്താന്‍ കഴിയൂ അതിരേ...

Saturday, October 3, 2009

ഇനിയും മരിക്കാത്ത മനുഷ്യത്വത്തിന്റെ ആര്‍ദ്രസപ്ര്ശം


അവര്‍ ആരുമായിരുന്നില്ല ആതിരേ. നാട്ടുകാരോ പരിചയക്കാരോ അല്ലായിരുന്നു. അവരില്‍ ബന്ധുക്കളായും ആരുമുണ്ടായിരുന്നില്ല. എന്നാല്‍, വിനോദയാത്രയ്ക്കായി തേക്കടിയിലെത്തിയ അവര്‍ അപ്രതീക്ഷിതമായി ദുരന്തത്തിന്റെ തണുപ്പിലേക്ക്‌ ആഴ്‌ന്നാഴ്‌ന്ന്‌ പോയപ്പോള്‍ അവരെ രക്ഷിക്കാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും മൃതദേഹങ്ങള്‍ കണ്ടെത്താനും കൈയ്മെയ്‌ മറന്നാണ്‌ കുമളിയുടെ കാരുണ്യമൊഴുകിയത്‌.
രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഭക്ഷണം, മറ്റു സൗകര്യങ്ങള്‍, ആംബുലന്‍സ്‌, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ടുകള്‍ക്ക്‌ ഇന്ധനം തുടങ്ങി എന്തിനും ഏതിനും ഈ നാട്‌ ഒന്നായി നിന്നു.
രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ മതസംഘടനകള്‍, സാമൂഹിക സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, കുമളി ഷംസുല്‍ ഇസ്ലാം ജമാ അത്ത്‌, കേരള നദുവത്തില്‍ മുജാഹിദിന്‍, സോളിഡാരിറ്റി പ്രവര്‍ത്തകര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, ലയണ്‍സ്‌ ക്ലബ്‌, പോലീസ്‌, റവന്യൂ, ഫോറസ്റ്റ്‌, ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, ഹോട്ടല്‍ ആന്‍ഡ്‌ റെസ്റ്റോറന്റ്‌ അസോസിയേഷന്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും കൃപാര്‍ദ്രതയുടെ ഹസ്തമാണ്‌ തേക്കടിയില്‍ ബോട്ടപകടത്തില്‍ പെട്ടവര്‍ക്കു നേരെ നീണ്ടത്‌.
ഇവരെല്ലാം അഭിനന്ദനവും അഭിവാദ്യവും അര്‍ഹിക്കുന്നു.സ്വാര്‍ത്ഥത കൊടികുത്തിവാഴുന്ന ഈ കെട്ടകാലത്ത്‌ മനുഷ്യപ്പറ്റിന്റെ ആര്‍ദ്രസ്രോതസ്സുകള്‍ തീര്‍ത്തും വറ്റിയിട്ടില്ലെന്നു ജീവിതം കൊണ്ടു തെളിയിച്ച ഇവരെ എല്ലാം ആദരം തുളുമ്പുന്ന മനസ്സോടെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇവര്‍ക്കൊപ്പം ഒരുവേള ഇവരെക്കാളധികം അഭിനന്ദനമര്‍ഹിക്കുന്നവരാണ്‌ ആതിരേ കുമിളിയിലെ ആദിവാസികള്‍.രക്ഷാപ്രവര്‍ത്തനത്തില്‍ ഈ സാധുക്കള്‍ പ്രകടിപ്പിച്ച മനുഷ്യത്വവും സന്നദ്ധതയും സമര്‍പ്പണവുംസമാനതകളില്ലാത്തതായിരുന്നു.
കുമളി ഷംസുല്‍ ഇസ്ലാം ജമാ അത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഭക്ഷണവും മറ്റു സഹായങ്ങളും പരിക്കേറ്റവര്‍ക്കും മറ്റും എത്തിച്ചുകൊടുത്തത്‌. പള്ളി ഇമാം അബ്ദുള്‍ സലാം മൗലവി, ജമാ അത്ത്‌ പ്രസിഡന്റ്‌ കെ.എ. അബ്ദുള്‍ സലാം റോളക്സ്‌, എ. അബ്ദുള്‍സലാം, കെ. മുഹമ്മദ്‌ കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ജമാഅത്ത്‌ കമ്മിറ്റി ഭക്ഷണമെത്തിച്ചത്‌.
വ്യാപാരി വ്യവസായി ഏകോപനസമിതി അപകടം നടന്ന രാത്രി മുതല്‍ ആംബുലന്‍സ്‌, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ടുകള്‍ എന്നിവയ്ക്ക്‌ ഇന്ധനം എത്തിക്കുന്നതിലാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചത്‌. ആയിരത്തോളം ഭക്ഷണപൊതികളാണ്‌ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്‌. സണ്ണിമാത്യു, ജെബി എബ്രഹാം, ടി.എം. ശശികുമാര്‍, എം.എം.ജോണി എന്നിവരായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ലയണ്‍സ്‌ ക്ലബ്‌ ഭാരവാഹികളായ അഡ്വ. ഷൈന്‍ വര്‍ഗീസ്‌, ബെന്നി, കൊച്ചുമോന്‍ കരേത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായവുമായി ഗവണ്‍മെന്റ്‌ ആശുപത്രിപരിസരത്തുണ്ടായത്‌ ഏറെ പ്രയോജനപ്രദവും ആശ്വാസകരവുമായിരുന്നു.
തേക്കടി സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിവികാരിയുടെ നേതൃത്വത്തിലുള്ള സംഘവും ഭക്ഷണവും മറ്റും എത്തിക്കാന്‍ സന്നദ്ധരായി ഉണ്ടായിരുന്നു. രാഷ്ട്രീയ കക്ഷികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആശുപത്രികളില്‍ നിന്ന്‌ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക്‌ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിക്കുന്നതിന്‌ സ്ക്വാഡുകള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനക്ഷമമായിരുന്നു. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ ചിട്ടയായ പ്രവര്‍ത്തനം ഇവിടെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ആ സന്നദ്ധത മൂലമാണ്‌ മൃതദേഹങ്ങള്‍ വേഗത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കാന്‍ കഴിഞ്ഞത്‌.
അപകടങ്ങളുണ്ടാകുമ്പോള്‍ എന്തിലും ഏതിലും സഹായവുമായി ഓടിയെത്തുന്ന കുമളിയിലെ ഓട്ടോ-ടാക്സി തൊഴിലാളികളുടെ മനുഷ്യസ്നേഹം ഏറെ പ്രകടമായത്‌ ഈ ദിവസങ്ങളിലായിരുന്നു. ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ടാണ്‌ കുമളി തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരോടുള്ള ആദരം ഹൃദയത്തില്‍ സൂക്ഷിക്കുന്നത്‌.
ആതിരേ ഇന്ന്‌ ഏറെ പഴികേള്‍ക്കുന്നവരാണ്‌ കേരളത്തിലെ പോലീസുകാര്‍.അതിനു കാരണങ്ങളുമുണ്ട്‌.പല്‍പ്പോഴും മനുഷ്യമൃഗങ്ങളെ പോലെയാണ്‌ അവരുടെ ചെയ്തികളും സംസാരവും. എന്നാല്‍, അപകടം നടന്ന ബുധനാഴ്ച വൈകുന്നേരം മുതലുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങളെ എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല. ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനും മറ്റു ക്രമീകരണങ്ങള്‍ നടത്തുന്നതിനും കനത്ത മഴയെ വകവെയ്ക്കാതെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പോലീസുകാര്‍ ഇവിടെ സേവനത്തിന്റെ നനുത്ത പര്യായമാകുന്നതാണ്‌ കണ്ടത്‌.കക്കിക്കുള്ളിലെ മാലാഖമ്മാരായിരുന്നവരേയും ഞാന്‍ അഭിവാദ്യം ചെയ്യട്ടെ.
മാതൃകാ പരമായ പ്രവര്‍ത്തനത്തിലൂടെ കൊച്ചി വിമാത്താവളവും ദുരന്തത്തില്‍ പെട്ടവരോടുള്ള തങ്ങളുടെ ആദരം വ്യക്തമാക്കി. കുമളി ബോട്ടപകടത്തില്‍ മരിച്ച 22 പേരുടെ മൃതദേഹം സ്വദേശങ്ങളിലേക്കെത്തിക്കാന്‍ ഉത്സാഹിച്ച കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാര്‍ ആപത്ഘട്ടത്തിലെ പ്രവര്‍ത്തനക്ഷമതയ്ക്ക്‌ മാതൃകയായി. വ്യാഴാഴ്ച 5.30ന്‌ സായ്‌ മാനസി എന്ന നാലരവയസുകാരിയുടെ മൃതദേഹമാണ്‌ ആദ്യം വിമാനത്തില കയറ്റിയത്‌. ശവമഞ്ചങ്ങളുടെ എക്സ്‌റേ സ്ക്രീനിംഗ്‌ ഉള്‍പ്പെടെയുള്ള ജോലികളും പേപ്പര്‍ വര്‍ക്കുകളും രണ്ടോമൂന്നോ മിനിറ്റിനകം പൂര്‍ത്തിയാക്കിയാണ്‌ ഇവര്‍ മനുഷ്യത്വത്തിന്റെ മാതൃകയായത്‌. രാത്രിതന്നെ രണ്ട്‌ ചാര്‍ട്ടേഡ്‌ ഫ്ലൈറ്റുകളില്‍ ഭൂരിപക്ഷം മൃതദേഹങ്ങളും കയറ്റിവിട്ടു. സര്‍വീസ്‌ ഫ്ലൈറ്റുകളില ചരക്കുകള്‍ കയറ്റാതെയാണ്‌ ശവമഞ്ചം കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയത്‌. എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ എസി.കെ നായരുടെ സാന്നിദ്ധ്യത്തില്‍ പലവട്ടം വിമാനത്താവളത്തിലെ ക്രൈസിസ്‌ മാനേജ്മെന്റുകൂടി തീരുമാനമെടുത്താണ്‌ തങ്ങളുടെ പ്രവര്‍ത്തന ക്ഷമത മാതൃകാ പൂര്‍വം ഇവര്‍ കാഴ്ചവെച്ചത്‌. ടെര്‍മിനല്‍ കെട്ടിടത്തിനകത്ത്‌ ഹെല്‍പ്പന്‍ലൈന്‍ ഡെസ്കും തുറന്നിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ എല്ലാ സേവനങ്ങളും പരിശോധനകളും പ്രതിഫലം വാങ്ങാതെയാണ്‌ ചെയ്തതെന്ന്‌ പ്രത്യേകം എടുത്ത്‌ പറയേണ്ടതുണ്ട്‌.
ദുരന്തത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌ മോര്‍ട്ടത്തിനായും എംബാമിങ്ങിനായും വിവിധ ആശുപത്രികളിലെത്തിച്ചപ്പോള്‍ ആയിരക്കണക്കിന്‌ നാട്ടുകാരാണ്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്‌. പലയിടത്തും നാട്ടുകാരുടെ തിരക്ക്‌ നിയന്ത്രിക്കാന്‍ പോലീസിന്‌ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു.
ഒരു ദുരന്തമുണ്ടാകുമ്പോള്‍ കാണാത്ത കോണുകളില്‍ നിന്ന്‌ പോലും മനുഷ്യത്വത്തിന്റെ പ്രവാഹം ഇങ്ങനെ ഉണ്ടാകുമ്പോഴും ആതിരേ, ചില അധികാരികളെങ്കിലും നിയമത്തിന്റെയും സാങ്കേതികതയുടെയും പേരില്‍ ദുശാഠ്യമുള്ളവരായി മാറുന്നതും തേക്കടി ദുരന്തത്തോടനുബന്ധിച്ച്‌ കാണാനുള്ള ദൗര്‍ഭാഗ്യവും നമുക്കുണ്ടായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വദേശത്തെത്തിക്കാന്‍ വ്യോമസേനയുടെ വിമാനം വിട്ടുതരണമെന്ന്‌ നാലുവട്ടം കേരളമുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും നിലവിലുള്ള ചില ചട്ടങ്ങളുടേയും നിയമങ്ങളുടേയും പേര്‌ പറഞ്ഞ്‌ ആ സഹായം നിഷേധിക്കുകയായുണ്ടായത്‌. ദുരന്തസ്ഥലത്ത്‌ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഓരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്‌ കണ്ടെങ്കിലും 6 കേന്ദ്രമന്ത്രിമാരുണ്ടായിട്ടും മൃതശരീരങ്ങള്‍ സ്വദേശത്തെത്തിക്കാന്‍ വ്യോമസേനയുടെ ഒരു വിമാനം പോലും അനുവദിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നുപറയുന്നത്‌ ഏറെ ദുഃഖകരവും പ്രതിഷേധമുണര്‍ത്തുന്നതുമായ വാസ്തവമാണ്‌. സിവിലയന്മാര്‍ക്ക്‌ ഈ സൗകര്യമൊരുക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന്‌ സാങ്കേതിക ന്യായമാണ്‌ ബന്ധപ്പെട്ടവര്‍ മുറുകെ പിടിച്ചത്‌. തന്മൂലം വളരെയധികം പണം മുടക്കി സ്വകാര്യ വിമാനക്കമ്പനികളെ ആശ്രയിച്ചാണ്‌ കേരള സര്‍ക്കാരിന്‌ ദുരന്തത്തില്‍ പെട്ടവരുടെ മൃതദേഹം സ്വദേശങ്ങളിലെത്തിക്കാന്‍ കഴിഞ്ഞത്‌. ഏത്‌ നിയമവും ചട്ടവും നികുതി നല്‍കുന്ന സാധാരണക്കാരന്‌ വേണ്ടിയുള്ളതാണെന്ന്‌ ചിന്തിക്കാന്‍ ഈ ഉദ്യേഗസ്ഥരൊക്കെ ഇനി എന്നാണ്‌ തയ്യാറാകുക?!
വിവിഐപികള്‍ക്ക്‌ മാത്രമായി റിസര്‍വ്‌ ചെയ്തിട്ടുള്ള വിമാനങ്ങള്‍ സ്വകാര്യ ആവശ്യത്തിന്‌ ഉപയോഗിച്ച്‌ വ്യോമസേനയിലെ ഉന്നതന്മാരും അവരുടെ ഭാര്യമാരും ചില സംഘടനാ പ്രവര്‍ത്തകരും കോടിക്കണക്കിന്‌ രൂപ കേന്ദ്രസര്‍ക്കാരിന്‌ നഷ്ടമുണ്ടാക്കിയ വാര്‍ത്ത അടുത്ത ദിവസങ്ങളിലാണ്‌ പുറത്ത്‌ വന്നത്‌. അവര്‍ക്കൊന്നും ബാധകമാകാതിരുന്ന സാങ്കേതികതയും ചട്ടങ്ങളുമൊക്കെ ദുരന്തത്തില്‍ മരിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ബാധകമാക്കിയത്‌ ഏറ്റവും മൃദുവായി പറഞ്ഞാല്‍ കറതീര്‍ന്ന നെറികേടാണ്‌.
ഇതിനൊപ്പം വായിക്കേണ്ടതാണ്‌ തേക്കടിയിലെ ബോട്ട്‌ യാത്രക്കുള്ള സുരക്ഷാ ക്രീകരണങ്ങളിലെ വീഴ്ച. ദുരന്തം അറിഞ്ഞ ഉടന്‍ അപകടസ്ഥലത്തേക്ക്‌ പുറപ്പെടാന്‍ തയാറായ സ്പീഡ്‌ ബോട്ടുകളില്‍ ഇന്ധനമിലായിരുന്നു. രണ്ടുബോട്ടീല്‍ ഇന്ധനമില്ലാതെ വന്നതും ഒരെണ്ണത്തിന്‌ ഡ്രൈവര്‍ ഇല്ലാതെ പോയതും രക്ഷാപ്രര്‍ത്തനം താമസിപ്പിക്കാന്‍ കാരണമായി. അപകടസ്ഥലത്തേക്ക്‌ പുറപ്പെടാന്‍ എത്തിയ കുമളി ഷാജി സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍മാര്‍ അടുത്ത വീടുകളില്‍ പോയി മണ്ണെ കൊണ്ടുവന്ന്‌ ബോട്ടിലൊഴിച്ചും അതിനിടയില്‍ കണ്ടുമുട്ടിയ ഒരു ബോട്ട്‌ ഡ്രൈവരേയും കൂട്ടിയാണ്‌ അപകടസ്ഥലത്തേക്ക്‌ കുതിച്ചത്‌. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ആരേറ്റെടുക്കും? തേക്കടി ദുരന്തത്തിന്റെ ധാര്‍മിക ഉത്തവാദിത്തം ഏറ്റെടുക്കാനുള്ള മാന്യത ചെറിയാന്‍ ഫിലിപ്പ്‌ പ്രദര്‍ശിപ്പിച്ചത്‌ എന്തുകൊണ്ടും നന്നായി. എന്നാല്‍, ഇത്തരത്തില്‍ ഉത്തരവാദിത്തങ്ങള്‍ വാക്കുകള്‍ കൊണ്ട്‌ ഏറ്റെടുക്കുകയല്ല വേണ്ടെതെന്നും തേക്കടി ഉള്‍പ്പെടടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ ആധുനീകവും ശാസ്ത്രീയവുമാക്കുകയാണ്‌ വേണ്ടതെന്നും ആരാണിനി അധികാരികളെ പദിപ്പിക്കുക. ഇനിയെങ്കിലുംഅതിനുള്ള സന്നദ്ധതയും സമര്‍പ്പണവും ബന്ധപ്പെ:ട്ടവരില്‍ നിന്നും ഉണ്ടാകണമെന്നാണ്‌ ദുരന്തത്തില്‍ പെട്ടവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നേരെ നീണ്ട മനുഷ്യത്വത്തിന്റെ, കരുണയുടെ മനസ്സുകള്‍ സൗമ്യമായി ആവശ്യപ്പെടുന്നത്‌ ആതിരേ.

Thursday, October 1, 2009

സൈമണ്‍ ബ്രിട്ടോ: സമഷ്ടിബോധത്തിന്റെ ഹരിതസ്പര്‍ശം-2

പ്രാണവായു വര്‍ദ്ധിപ്പിക്കുക എന്നാല്‍ ജീവിക്കാനുള്ള അന്തരീക്ഷം മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക്‌ സൃഷ്ടിച്ചെടുക്കുക എന്നതാണ്‌. എല്ലാവിധ ചൂഷണങ്ങളേയും പ്രതിരോധിച്ച്‌ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള മനുഷ്യന്റെ പുരോഗതിക്ക്‌ സമരം ചെയ്യുക എന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ വേറിട്ട സാക്ഷാത്കാരമാണ്‌ പ്രാണവായു പുന:സ്ഥാപനത്തിലൂടെ സാധിക്കുക. ഈ നിലയ്ക്ക്‌ ഒരു പ്രകൃതിസ്നേഹിയും ചിന്തിച്ചതായി കേട്ടറിവില്ല. അതിന്‌ ഒരു ബ്രിട്ടോ വേണ്ടിവന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ ഈ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള അദമ്യമായ ആഗ്രഹത്തോടെ, എന്നാല്‍ ഏകനായി ബ്രിട്ടോ ഏറ്റെടുത്ത ദൗത്യത്തിന്റെ രണ്ടാംഭാഗമാണ്‌ 'നഗരത്തില്‍ 100 ആല്‍മരം' പദ്ധതി. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ആല്‍മരം നട്ട്‌ സംരക്ഷിച്ച്‌ വളര്‍ത്തിയെടുക്കുക എന്ന നിഷ്ഠാബദ്ധമായ നിലപാടില്‍ അയവുവരുത്താന്‍ ബ്രിട്ടോ തയ്യാറല്ല. വനവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ട്‌ ബഹളമുണ്ടാക്കുന്നവരില്‍നിന്ന്‌ വേറിട്ട തണലിടം സൃഷ്ടിക്കുന്നത്‌ ഈ നിര്‍ബന്ധംകൊണ്ടാണ്‌. മരം നട്ടാല്‍ പോരാ അത്‌ സംരക്ഷിച്ച്‌ വളര്‍ത്തിയെടുക്കണമെന്നതാണ്‌ ബ്രിട്ടോയുടെ മതം. ഈ നിലപാടിന്‌ ഒപ്പംനില്‍ക്കാന്‍, വേറിട്ടു ചിന്തിക്കുന്ന അപൂര്‍വം ചില മാനവിക സ്നേഹികളും ബ്രിട്ടോയ്ക്കൊപ്പമുണ്ട്‌. തന്റെ ശാരീരിക വൈകല്യങ്ങള്‍ വിസ്മരിച്ച്‌ ഇവരുടെ കൂട്ടായ്മ പരിപോഷിപ്പിക്കാനും ബ്രിട്ടോ സമയം കണ്ടെത്തുമ്പോള്‍, പ്രാണവായുവിന്റെ നനുത്ത സ്പര്‍ശം ഏതെല്ലാമോ കോണില്‍നിന്ന്‌ ഒഴുകിയെത്തുന്നതായി നാം അറിയുന്നു.
ഈ കാഴ്ചപ്പാടിന്‌ സമാന്തരമായിട്ടാണ്‌ പ്രകൃതി ജീവനത്തേയും ബ്രിട്ടോ സ്വീകരിച്ചിരിക്കുന്നത്‌. അരയ്ക്ക്‌ താഴ്‌വശം തളര്‍ന്ന്‌ കിടക്കാന്‍ വിധിക്കപ്പെടുന്നവരെ ബാധിക്കുന്ന ദുരന്തമാണ്‌ സെപ്ടിസീമിയ എന്ന അവസ്ഥ. ചലനശേഷിയില്ലാത്തതുകൊണ്ട്‌ ശരീരത്തിന്റെ മെറ്റബോളിക്‌ ആക്ടിവിറ്റീസ്‌ കുറയുന്നതുമൂലം കോശങ്ങളിലുണ്ടാകുന്ന വിഷാവസ്ഥയാണ്‌ സെപ്ടിസീമിയ. കോശങ്ങളില്‍ രക്തചംക്രമണത്തിലൂടെ പ്രാണവായു എത്തുമ്പോഴാണ്‌ വിഷവസ്തുക്കളെ പുറംതള്ളുന്ന പ്രക്രിയ സാധാരണ മനുഷ്യരില്‍ നടക്കുന്നത്‌. കിടപ്പുരോഗിയില്‍ ഈ പ്രക്രിയ കുറഞ്ഞ നിലയിലാണ്‌ നടക്കുക. ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യാം എന്ന അന്വേഷണത്തിലാണ്‌ പ്രകൃതിജീവനത്തില്‍ എത്തിച്ചേര്‍ന്നത്‌. മത്സ്യമാംസാദികള്‍ ത്യജിച്ച്‌ പ്രകൃതിയോട്‌ ഇണങ്ങി ശരീരത്തിന്‌ ആവശ്യത്തിന്‌ പോഷകം നല്‍കുന്ന ഭക്ഷണക്രമത്തിലൂടെ കിടപ്പുരോഗികളുടെ ആയുസും ആരോഗ്യവും പ്രസന്നതയും സന്തുഷ്ടിയും വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിജീവനത്തിന്‌ കഴിയുമെന്ന്‌ അനുഭവത്തിലൂടെ ബ്രിട്ടോ വ്യക്തമാക്കുന്നു.
ഈ അറിവ്‌ രോഗികളല്ലാത്തവര്‍ക്ക്‌ പകര്‍ന്നുനല്‍കാന്‍ കിട്ടുന്ന വേദികള്‍ ഉപകരിക്കുമ്പോഴാണ്‌ ബ്രിട്ടോയിലെ രാഷ്ട്രീയക്കാരന്‍ യഥാര്‍ത്ഥ ജനസ്നേഹിയായി മാറുന്നത്‌. പ്രകൃതിജീവനത്തിനൊപ്പം യോഗ കൂടി ചേരുമ്പോള്‍ ആരോഗ്യവും മനസ്സിന്റെ പോസിറ്റീവ്‌ അവസ്ഥയും വര്‍ദ്ധിക്കും. യോഗ ആത്മീയതയാണെന്ന പൊതുവായ ധാരണയെ ബ്രിട്ടോ വെല്ലുവിളിക്കുന്നത്‌ ഈ സന്ധിയിലാണ്‌. മനസ്സിനെ നിയന്ത്രിച്ച്‌ ചിന്തികളെ നേര്‍വഴിക്ക്‌ കൊണ്ടുവന്ന്‌ ശാരീരികാവസ്ഥ തുലനം ചെയ്യാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമായിട്ടാണ്‌ ബ്രിട്ടോയ്ക്ക്‌ യോഗ. ഭൗതികതയിലൂന്നിയ മാനസികവും ആത്മീയവുമായ വളര്‍ച്ച (ഇവിടെ ആത്മീയം എന്നാല്‍ മതപരം എന്നല്ല അര്‍ത്ഥം. മനസ്സിന്റെ വിശാലമായ വളര്‍ച്ചയും വീക്ഷണവുമാണ്‌.). ധ്യാനവും ഇതിനൊത്തുപോകുമെന്ന്‌ പരിശീലനത്തിലൂടെ ബ്രിട്ടോ മനസ്സിലാക്കിയിട്ടുണ്ട്‌; അത്‌ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്‌. എന്നാല്‍, ധ്യാനത്തില്‍ മതചിന്തകള്‍ കടന്നകൂടിയാല്‍ അത്‌ അപായകരമായ അവസ്ഥയാകുമെന്നും അനുഭവത്തിലൂടെ ബ്രിട്ടോ മുന്നറിയിപ്പ്‌ നല്‍കൂന്നു.
ഈ രണ്ടു കാഴ്ചപ്പാടുകളും-പ്രകൃതിസ്നേഹവും അതിലൂന്നിയ അതിജീവനവും-സംയയ്ക്കായി യോജിക്കുമ്പോള്‍ ബ്രിട്ടോയിലെ എഴുത്തുകാരന്‍ പുതിയ ജീവിതാവസ്ഥകള്‍ കണ്ടെത്തുന്നു. ..............

ശാരീരികാവശതകള്‍ നിരാശതയിലേയ്ക്കല്ല, മറിച്ച്‌ പ്രതീക്ഷാനിര്‍ഭരമായ ജീവിത വീക്ഷണത്തിലേയ്ക്ക്‌ നയിക്കുമെന്നതിന്റെ ജീവിക്കുന്ന ഇതിഹാസമാണ്‌ അങ്ങനെ സൈമണ്‍ ബ്രിട്ടോ.
വ്യത്യസ്തവും വ്യതിരിക്തവുമായ ഈ കാഴ്ചപ്പാടുകളെ എങ്ങനെ ഒരു പ്രായോഗിക മാര്‍ക്സിസ്റ്റായ ബ്രിട്ടോയ്ക്ക്‌ കൊണ്ടുപോകാന്‍ കഴിയുന്നു എന്നു ചോദിച്ചാല്‍ തത്വചിന്താപരമായ ഒറ്റവരി ഉത്തരമുണ്ട്‌: 'പിഴവില്ലാത്ത വൈദ്യം വേണോ പിഴവുള്ള വൈദ്യനെ വേണോ' എന്നതാണിത്‌. ഈ ഉത്തരത്തില്‍ ഇന്നത്തെ പ്രായോഗിക കമ്യൂണിസ്റ്റില്‍നിന്ന്‌ എത്ര വ്യത്യസ്തനാണ്‌ താനെന്ന്‌ പറഞ്ഞുവയ്ക്കുകയായിരുന്നു സൈമണ്‍ ബ്രിട്ടോ.