Saturday, September 19, 2009

ക്രമസമാധാനം:
ആഭ്യന്തര വകുപ്പിന്‌
കാരി-എസ്‌ കത്തി അവാര്‍ഡ്‌

ആതിരെ,'മിതം ച: സാരം ച: വചോതി വാഗ്മിതാ' എന്നാണ്‌ ഭഗവത്‌ ഗീതയുടെ ഉദ്ബോധനം. വാരിവലിച്ച്‌ പറയാതെ സാരവത്തായി പറയുന്നതാണ്‌ പ്രയോജനപ്രദം എന്ന്‌ വ്യാഖ്യാനിക്കാവുന്നതാണ്‌ ഈ ഉപദേശം.
അതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന പാലന മികവിന്‌ ഇന്ത്യടുഡേയുടെ അവാര്‍ഡ്‌ ലഭിച്ച കേരളത്തിന്‌ മറ്റൊരു അവാര്‍ഡിനു കൂടി സാധ്യതയുണ്ടെന്ന്‌ ചുരുക്കി പറയട്ടെ.
ഈ അവാര്‍ഡിന്‌ പരിഗണിക്കപ്പെട്ട നേട്ടങ്ങള്‍ താഴെ പറയുന്നവയാണ്‌: ഇവ ബഹു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവര്‍കള്‍ കഴിഞ്ഞദിവസം നിയമസഭയില്‍ രേഖാമൂലം നല്‍കിയതായതുകൊണ്ട്‌ ഇതിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ ഒരു കൊഞ്ഞാണനും അവകാശമില്ല എന്ന്‌ മാലോകരെ തെര്യപ്പെടുത്തിക്കൊള്ളുന്നു.

നേട്ടങ്ങള്‍ :
? കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ സംസ്ഥാനത്ത്‌ 1308 കൊലപാ തകം
? 97 ജുവലറി കൊള്ള (അഞ്ചു കോടി 57 ലക്ഷം രൂപ ഉടമ കള്‍ക്ക്‌ നഷ്ടം)
? 10 ബാങ്ക്‌ കവര്‍ച്ച
? 2226 പിടിച്ചുപറി സംഭവങ്ങള്‍
? ആറു കോടി രൂപയുടെ കുഴല്‍പണം ഇടപാട്‌ (പിടിക്കപ്പെട്ടത്‌)
? മാധ്യമ സ്ഥാപനങ്ങളുടെ 12 ഓഫീസുകള്‍ ആക്രമിച്ചു
? 55 മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ദേഹോപദ്രവം ഏറ്റു
? മാധ്യമങ്ങളുടെ ഉപകരണങ്ങള്‍ കേടുവരുത്തിയ 10 സംഭവങ്ങള്‍
? (ഈ കേസുകളില്‍ ചില സിപിഎം പോഷക സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നുള്ളത്‌ അഭിമാനര്‍ഹമായ മറ്റൊരു നേട്ടം.)
? 2005-ല്‍ 6425ഉം, 06-ല്‍ 7321ഉം 07-ല്‍ 7601ഉം ഉള്‍പ്പെടെ 33,069 അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടന്നു.
? കഴിഞ്ഞവര്‍ഷം മാത്രം 8000- ലേറെ കേസുകള്‍
? 2005 മുതല്‍ 2339, 2543, 2624, 2725 എന്നീ ക്രമത്തില്‍ മാനഭംഗകേസുകള്‍
? 902 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി.
? 167 സ്ത്രീ ധനമരണങ്ങള്‍
? 2005-ല്‍ 3283ഉം, 06-ല്‍ 3208ഉം, 07-ല്‍ 3909ഉം, 08-ല്‍ 4050-ഉം സ്ത്രീ കള്‍ ഭര്‍ത്താവിന്റേയോ ബന്ധുക്കളുടേയോ ക്രൂരതയ്ക്ക്‌ വിധേയരായി.

ആനന്ദ ലബ്ധിക്ക്‌ ഇനിയെന്തുവേണം
ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ കൊതിക്കെറുവുകൊണ്ട്‌ പറയുന്ന ആരോപണങ്ങള്‍ പോയി തുലയട്ടെ ആതിരേ.
പുലരട്ടെ ഇനിയും മധുര മനോഞ്ജമായ ഇത്തരം ഇടതുപക്ഷ ക്രമസമാധാനപാലനം.

Wednesday, September 16, 2009

ബിനീഷ്‌ പിണറായിക്കൊപ്പം വളരുമ്പോള്‍...

രാഷ്ട്രീയത്തിലുമുണ്ട്‌ ആതിരേ, 'സഗുണാരാധാന'. അധികാരവും പ്രൗഢിയും ജനപ്രിയത്തവുമുള്ള നേതാവിനെ ആരാധനാ വിഗ്രഹമാക്കി അദ്ദേഹത്തിന്റെ ബോഡിലാംഗ്വേജും സംസാര രീതികളും അപ്പാടെ അനുകരിച്ച്‌ നേതൃത്വത്തിലേയ്ക്കുള്ള ചവിട്ടുപടി കയറലാണ്‌ ഈ സഗുണാരാധനയുടെ രീതി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍, കേരളത്തില്‍, അഭ്യുന്നതി ആഗ്രഹിക്കുന്ന യുവനേതാക്കന്മാരും കണ്ണൂര്‍ ലോബിയും ഔദ്യോഗിക പക്ഷവും അതുകൊണ്ടുതന്നെ ബോധപൂര്‍വം അനുകരിക്കാന്‍ ശ്രമിക്കുന്നത്‌ പിണറായി വിജയന്റെ ഭാവഹവാദികളും സംസാര രീതിയുമാണ്‌. മന്ത്രി പി.കെ. ശ്രീമതി മുതല്‍ എസ്‌എഫ്‌ഐ നേതാവ്‌. വരെ ഇതേ രീതിശാസൃതമാണ്‌ പിന്തുടരുന്നത്‌.
എന്നാല്‍, ഇവര്‍ക്കാര്‍ക്കും ലഭിക്കാത്ത അംഗീകാരമാണ്‌ മകന്‍ കോടിയേരിക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.
ഓര്‍മയുണ്ടാവും ലാവലിന്‍ അഴിമതി പ്രശ്നം മാധ്യമങ്ങളില്‍ ചൂട്‌ ചര്‍ച്ചാവിഷയമായ ദിവസങ്ങള്‍. അന്ന്‌ വിവാദങ്ങളെല്ലാം മാധ്യമ സിന്‍ഡിക്കേറ്റുകളുടെ സൃഷ്ടിയാണെന്ന്‌ സ്ഥാപിച്ച്‌ പിണറായിയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളായി കണക്കാക്കിയാണ്‌ ജയരാജന്മാര്‍ മുതല്‍ ബ്രാഞ്ച്‌ സെക്രട്ടറി വരെയുള്ള സഖാക്കള്‍ അതിനെ പ്രതിരോധിച്ചത്‌. പിണറായിയാണ്‌ പാര്‍ട്ടി എന്ന ഫാസിസ്റ്റ്‌ ചിന്താഗതി ഊട്ടിയുറപ്പിക്കാനായിരുന്നു മാധ്യമ വിമര്‍ശനം എന്ന മട്ടില്‍ സഖാക്കളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത്‌. അതിനുവേണ്ടി കോടതികള്‍ മുതല്‍ തങ്ങള്‍ക്ക്‌ അനഭിമതരായ സ്ഥാപനങ്ങളെയും വ്യക്തികളെയും നിഷ്ഠൂരവും അശ്ലീലം നിറഞ്ഞതുമായ ഭാഷയിലാണ്‌ ഇവര്‍ ഭര്‍ത്സിച്ചത്‌.
സമാനസ്വഭാവത്തിലുള്ള ശ്രമമാണ്‌ ആതിരേ, ഇപ്പോള്‍ നടക്കുന്നത്‌. പോള്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ മകന്‍ കോടിയേരിക്കെതിരെ ഉയര്‍ന്ന അധോലോക ബന്ധങ്ങളെ കുറിച്ചുള്ള വിവാദങ്ങളെ ഇപ്പോള്‍ പാര്‍ട്ടിക്കെതിരായുള്ള വിമര്‍ശനമായി സമീകരിച്ച്‌ നേരിടാനാണ്‌ അച്ഛന്‍ കോടിയേരി മുതല്‍ ഇങ്ങോട്ടുള്ള നേതാക്കന്മാരുടെയെല്ലാം ശ്രമം. രണ്ടുവട്ടം പത്രസമ്മേളനം നടത്തി പാര്‍ട്ടിവിരുദ്ധവും ലെനിനിസ്റ്റ്‌ വിരുദ്ധവുമായ ഈ ലൈനിന്‌ സാക്ഷാല്‍ പിണറായി തന്നെ അംഗീകാരം നല്‍കുകയുണ്ടായി.
അറിയാമല്ലോ, മകന്‍ കോടിയേരിയുമായി ബന്ധപ്പെട്ടാണ്‌ കേരളത്തില്‍ വിവാദമുണ്ടാക്കിയ പല വിഷയങ്ങളുടെയും രഹസ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്‌. കിളിരൂര്‍, കവിയൂര്‍ സംഭവം മുതല്‍ ഇപ്പോള്‍ പോള്‍ വധം വരെ എത്തിനില്‍ക്കുന്നു ഈ ആരോപണങ്ങള്‍. ഇവയെ പാര്‍ട്ടിക്കെതിരായുള്ള സംഘടിത നീക്കമായി ചിത്രീകരിച്ച്‌ പ്രതിരോധിക്കാനാണ്‌ ഔദ്യോഗിക പക്ഷത്തെ നേതാക്കളുടെ ശ്രമം. ഇതാകട്ടെ ആ പക്ഷത്തെ തന്നെ അണികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ മകന്‍ കോടിയേരിയെ വെള്ളപൂശാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അഴിമതിയാണ്‌ പാര്‍ട്ടിയെന്നും ഗുണ്ടായിസമാണ്‌ പാര്‍ട്ടിയെന്നും ഇവരെല്ലാം വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ശരിക്കും നോവുന്നുണ്ട്‌ ഔദ്യോഗിക പക്ഷത്തെ സാധാരണക്കാരായ അണികള്‍ക്ക്‌. മൂലധന ശക്തികളുമായി കൈകോര്‍ത്ത്‌ ജനാധിപത്യ വിരുദ്ധവും പാര്‍ട്ടിവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കുന്നവരെ പാര്‍ട്ടി ലൈനില്‍ പ്രതിരോധിച്ച്‌ പൊതു സമൂഹത്തിന്റെ മുന്‍പില്‍ ഒരു വലിയ പ്രസ്ഥാനം നാണം കെട്ടുകൊണ്ടിരിക്കുന്ന കാഴ്ച മാര്‍ക്സിസ്റ്റ്‌ സഹയാത്രികര്‍ക്കും വിമ്മിട്ടമുണ്ടാക്കുന്നുണ്ട്‌.
പക്ഷെ, മകന്‍ കോടിയേരിക്കോ അച്ഛന്‍ കോടിയേരിക്കോ പിണറായി വിജയനോ ഇതില്‍ അല്‍പ്പം പോലും ഖിന്നതയില്ല ആതിരേ. എന്നാല്‍ പോള്‍ വധം വിവാദമാക്കി മാധ്യമ ശ്രദ്ധ ഉപരിതലത്തില്‍ കേന്ദ്രീകരിപ്പിച്ച്‌ അകത്തളങ്ങളില്‍ നടക്കുന്ന വന്‍ അട്ടിമറിക്ക്‌ കര്‍ട്ടനിടുന്നതില്‍ ഇതുവരെ ഇവരെല്ലാം വിജയിച്ചിട്ടുമുണ്ട്‌. പത്രസമ്മേളനങ്ങളിലൂടെ കെ.സുധാകരനടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ പ്രകോപിപ്പിച്ച്‌ അവര്‍ പറയുന്ന മറുപടിക്ക്‌ ചുട്ടമറുപടികള്‍ നല്‍കി പോള്‍ വധത്തില്‍ നിന്നും അതിന്റെ പിന്നാമ്പുറകളികളില്‍ നിന്നും കേരളത്തില്‍ നടമാടുന്ന ഗുണ്ടാരാജില്‍ നിന്നും ജനശ്രദ്ധ വിദഗദ്ധമായാണ്‌ ഇപ്പോള്‍ തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. ഏറ്റവുമൊടുവില്‍ മര്യാദയ്ക്ക്‌ നാവടക്കി ഇരുന്നില്ലെങ്കില്‍ സുധാകരന്റെ നാക്കുമാത്രമല്ല കയ്യും കാലും വെട്ടിവീഴ്ത്തുമെന്നാണ്‌ എസ്‌എഫ്‌ഐ നേതാവ്‌ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌.
ഇങ്ങനെ പാര്‍ട്ടിയിലെ ധനാര്‍ത്തി മൂത്ത വിഭാഗത്തിന്റെ കൊള്ളരുതായ്മകള്‍ക്ക്‌ നേതൃത്വം അംഗീകാരം നല്‍കുകയും ഗുണ്ടാബന്ധങ്ങള്‍ പരവതാനിക്ക്‌ കീഴിലേയ്ക്ക്‌ തള്ളി താഴ്ത്തുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ സാധാരണക്കാരന്റെ ജീവിതം കവര്‍ച്ചക്കാരുടേയും മോഷ്ടാക്കളുടേയും പെണ്വാണീഭവീരന്മാരുടേയും ഗുണ്ടകളുടേയും മറ്റെല്ലാത്തരം മാഫിയകളുടേയും പിടിയില്‍ പിടയുകയാണ്‌
കേരളത്തില്‍ സര്‍വ്വവും ഭദ്രമാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പൊള്‍ കേരളത്തില്‍ ക്രമസമാധാന നില ഒരുതരത്തിലും ആശങ്കയ്ക്ക്‌ കാരണമാകുന്നില്ലെന്നും വാദിച്ചു സ്ഥാപിക്കാനാണ്‌ പിണറായി മുതല്‍ വൈക്കം വിശ്വന്‍ വരെയുള്ള നേതാക്കളുടെ ശ്രമം. ഇന്ത്യ ടുഡേ നല്‍കിയ ഒരു പുരസ്കാരം ഉയര്‍ത്തിപ്പിടിച്ച്‌ എതിരാളികളുടെയും വിമര്‍ശകരുടെയും വായടക്കാനാണ്‌ ബന്ധപ്പെട്ടവരുടെ ശ്രമം. ഏറ്റവും മികച്ച ക്രമസമാധാനത്തിനുള്ള അവാര്‍ഡാണ്‌ ഇന്ത്യാ ടുഡേയില്‍ നിന്ന്‌ ആഭ്യന്തരമന്ത്രി ഏറ്റുവാങ്ങിയത്‌. (ഗുജറാത്ത്‌ മുഖ്യമന്ത്രിയും ഫാസിസ്റ്റുമായ നരേന്ദ്രമോഡിയെ ആദരിച്ചവരാണ്‌ ഇന്ത്യാ ടുഡേ. അന്ന്‌ ആ നടപടിയെ വിമര്‍ശിച്ചവരാണ്‌ പിണറായി അടക്കമുള്ളവര്‍. എന്നിട്ടാണ്‌ അഭിമാനപൂര്‍വം ഇപ്പോള്‍ ഈ പുരസ്കാരം ഡല്‍ഹിയില്‍ പോയി ആഭ്യന്തരമന്ത്രി സ്വീകരിച്ചിരിക്കുന്നത്‌.)
ആ പുരസ്കാരം സ്വീകരിച്ച്‌ കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രിയെ,ആതിരേ അണികള്‍ അഭിവാദ്യം ചെയ്തത്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ ഒരു എസ്‌ഐയുടെ കൈ തല്ലിയൊടിച്ചുകൊണ്ടാണ്‌. വടക്കേക്കര സ്റ്റേഷന്‍ എസ്‌ഐ പി.വി. ഷിബുവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്‌ ഡിവൈഎഫ്‌ഐ ചേണ്ടമംഗലം വില്ലേജ്‌ കമ്മിറ്റിയംഗം ഫസല്‍ റഹ്മാനാണ്‌. ജനങ്ങളെ കബളിപ്പിച്ച ഒരു ചിട്ടിക്കമ്പനിക്കുവേണ്ടി വക്കാലത്തുമായി ചെന്ന ഫസല്‍ റഹ്മാനെ അംഗീകരിക്കാന്‍ എസ്‌ഐ ഷിബു തയ്യാറാകാതിരുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ഉടന്‍ തന്നെ മുതിര്‍ന്ന നേതാക്കളും ഉയര്‍ന്ന പോലീസ്‌ ഓഫീസര്‍മാരും ഇടപെട്ട്‌ സംഭവം തേച്ചുമാച്ചാന്‍ കളയാന്‍ ശ്രമിച്ചെങ്കിലും എസ്‌ഐ ഷിബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫസല്‍ റഹ്മാനെ അറസ്റ്റ്‌ ചെയ്യുകയും റിമാന്‍ഡ്‌ ചെയ്യുകയുമുണ്ടായി.
എന്നാല്‍, ഇതുസംബന്ധിച്ച്‌ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിയമ സഭയെയും കേരളത്തിലെ ജനങ്ങളെയും പമ്പര വിഡ്ഢികളാക്കുകയായിരുന്നു നിയമമന്ത്രി എം.വിജയകുമാര്‍. വടക്കേക്കര സ്റ്റേഷനില്‍, ആരോപിക്കപ്പെടുന്നതുപോലെയുള്ള സംഭവങ്ങളൊന്നും നടന്നില്ലെന്നും എസ്‌ഐ ഷിബുവിന്‌ പരാതിയില്ലെന്നുമാണ്‌ മന്ത്രി ഉളുപ്പൊട്ടുമില്ലാതെ നിയമസഭയില്‍ പ്രസ്താവിച്ചത്‌.
അറിയമോ ആതിരേ,മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകൊണ്ടുപോയ 33 സംഭവങ്ങളാണുണ്ടായത്‌. ഇതില്‍ 28 ലും പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌ ഡിവൈഎഫ്‌ഐ -മാര്‍ക്സിസ്റ്റ്‌ പ്രാദേശീക നേതൃത്വങ്ങളാണ്‌. അച്ഛന്‍ കോടിയേരി ആഭ്യന്തരം ഭരിക്കുമ്പോള്‍ മകന്‍ കോടിയേരി അണിയറയില്‍ കരുക്കള്‍ നീക്കുമ്പോള്‍ സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസുകാര്‍ക്കും ഓഫീസര്‍മാര്‍ക്കും ഡിവൈഎഫ്‌ഐ - എസ്‌എഫ്‌ഐ - സിഐടിയു-മാര്‍ക്സിസ്റ്റ്‌ ഗുണ്ടകളുടെ മര്‍ദനമേല്‍ക്കാനാണ്‌ വിധി. ഗുണ്ടായിസം അതിന്റെ എല്ലാ പ്രാകൃത ഭാവങ്ങളോടെയാണ്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണങ്ങളായി പരിണമിച്ചിട്ടുള്ളത്‌. ഈ കേസുകളില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കും എന്ന പതിവ്‌ പ്രഖ്യാപനത്തിനപ്പുറം പോകാന്‍ ആഭ്യന്തരമന്ത്രിയോ ഡിജിപിയോ തയ്യാറായിട്ടില്ല. ഓം പ്രകാശുമാര്‍ക്കും പുത്തന്‍ പാലം രാജേഷുമാര്‍ക്കും സംരക്ഷണം നല്‍കുന്നതിലാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെയും പോലീസിലെയും ഗുണ്ടാ സംരക്ഷകര്‍ക്ക്‌ താല്‍പര്യം. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഭീഷണികൊണ്ട്‌ നേരിടാനാണ്‌ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തരമന്ത്രിയും അവരുടെ വിശ്വസ്ത വിധേയരും ശ്രമിക്കുന്നത്‌. ഓര്‍മയുണ്ടാകും മാധ്യമങ്ങള്‍ക്ക്‌ നേരെ ഇവരില്‍ ചിലരെല്ലാം കുരച്ച്‌ ചാടിയത്‌.
മോഷണവും പിടിച്ചുപറിയും കവര്‍ച്ചയും ഗുണ്ടാ രാജുമാണ്‌ ഇന്ന്‌ കേരളം ഭരിക്കുന്നത്‌. നോക്കുകുത്തികളായി, വിഡ്ഢികളായി ഇതെല്ലാം കണ്ടുനില്‍ക്കാനാണ്‌ ജേക്കബ്‌ പുന്നൂസും വിന്‍സന്‍ എം. പോളുമടക്കമുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ജോലി. മകന്‍ കോടിയേരിയും അയാളുടെ സുഹൃത്തുക്കളും അവരുടെ ഗുണ്ടകളും അപ്പോള്‍ അഴിഞ്ഞാടിയില്ലെങ്കില്‍, പോലീസ്‌ സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി എസ്‌ഐയെ തല്ലി കൈ ഒടിച്ചില്ലെങ്കില്‍ അതിശയിച്ചാല്‍ മതി.
ഈ തെമ്മാടിത്തരം ഇങ്ങനെ നടമാടുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട പ്രതിപക്ഷത്തെ നേതാക്കന്മാര്‍ എവിടെയാണ്‌ ആതിരേ? അവരെല്ലാം രാമേശ്വരത്ത്‌ പോയിരിക്കുകയാണോ?. അവിടത്തെ പണിയാണോ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കന്മാര്‍ക്ക്‌ ലാഭകരവും സ്വീകാര്യവും?. പ്രതിപക്ഷത്തിന്റെ ഈ ഷണ്ഡത്വം കൂടിയാണ്‌ മകന്‍ കോടിയേരിക്കും അയാളുടെ കാളികൂളി കൂട്ടങ്ങള്‍ക്കും അങ്ങനെ അങ്ങനെ വളര്‍ന്ന്‌ വളര്‍ന്ന്‌ സാക്ഷാല്‍ സഖാവ്‌ പിണറായി വിജയനൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ പ്രോത്സാഹനമാകുന്നത്‌

ഇനിയെങ്കിലും സഭ സത്യം അംഗീകരിക്കുമോ? ക്ഷമ പറയുമോ...?




"നിങ്ങള്‍ സത്യമറിയുകയും സത്യം നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും" എന്ന ബൈബിള്‍ വചനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാകുകയായിരുന്നു ആതിരേ, കഴിഞ്ഞദിവസം പുറത്തുവന്ന അഭയ കേസിലെ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിന്റെ വീഡിയോ സിഡികള്‍.
സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നു എന്നും അതിന്‌ കോടാലി പോലെയുള്ള ഒരു ഉപകരണമാണ്‌ ഉപയോഗിച്ചതെന്നും അടിയേറ്റു വീണ അഭയയെ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയും സിസ്റ്റര്‍ സെഫിയും ചേര്‍ന്ന്‌ കിണറ്റില്‍ ഇടുകയായിരുന്നു എന്നുമാണ്‌ ഇപ്പോള്‍ പ്രതികളായി അറസ്റ്റ്‌ ചെയ്യപ്പെട്ട മൂന്ന്‌ പേരുടെയും നാര്‍ക്കോ അനാലിസിസില്‍ വ്യക്തമായത്‌.
1992 മാര്‍ച്ച്‌ 17-ാ‍ം തീയതി പുലര്‍ച്ചെ കോട്ടയത്തെ പയസ്‌ ടെന്ത്‌ ഹോസ്റ്റലിന്റെ അടുക്കളയില്‍ സിസ്റ്റര്‍ സെഫിയും ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ്‌ കൊലപാതകത്തിന്‌ കാരണം. സിസ്റ്റര്‍ സെഫിയാണ്‌ കോടാലിപോലുള്ള ഉപകരണം കൊണ്ട്‌ സിസ്റ്റര്‍ അഭയയുടെ തലയ്ക്കടിച്ച്‌ വീഴ്ത്തിയത്‌.
ഇതുപോലെ ഞെട്ടിക്കുന്നതും നാണം കെടുത്തുന്നതുമായ നിരവധി വിവരങ്ങളാണ്‌ തിങ്കളാഴ്ച ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ സിഡിയിലുള്ളത്‌. പല സ്ഥലത്തും എഡിറ്റിംഗ്‌ നടന്നിട്ടുള്ളതുകൊണ്ട്‌ ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌ പയസ്‌ ടെന്ത്‌ അടുക്കളയില്‍ നടന്ന കാമകേളികളുടെ വിശദവിവരം ലഭ്യമല്ല. എന്നാലും താനാണ്‌ അച്ചന്മാര്‍ക്ക്‌ ഹോസ്റ്റലിനുള്ളില്‍ കയറാന്‍ വാതില്‍ തുറന്നുകൊടുത്തതെന്ന്‌ സെഫിയും തങ്ങള്‍ സാധാരണ വെളുപ്പാന്‍ കാലത്ത്‌ ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും സിസ്റ്റര്‍ സെഫിയെ കൂടാതെ മറ്റൊരു സിസ്റ്ററും 'ഈ ബിസിനസില്‍' പങ്കാളിയാകാറുണ്ടെന്നും സംഭവദിവസം ആ സിസ്റ്റര്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നുമൊക്കെയാണ്‌ ഫാ. പൂതൃക്കയിലിന്റെ വെളിപ്പെടുത്തല്‍.
ആതിരേ,കഴിഞ്ഞ 16 വര്‍ഷമായി സഭയും രാഷ്ട്രീയ നേതൃത്വവും അവയുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി സിബിഐ അടക്കമുള്ള അന്വേഷണ സംഘങ്ങളും ഒളിച്ചുവെച്ച വലിയ സത്യമാണ്‌ ഇപ്പോള്‍ പുറത്തായിട്ടുള്ളത്‌. ( 1994 മുതല്‍ , അഭയയെ കൊന്നത്‌ വധത്തിന്‌ ല്‍ ഫാ. കോട്ടൂരും ഫാ. പൂതൃക്കയും സിസ്റ്റര്‍ സെഫിയുമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഏക പത്രപ്രവര്‍ത്തകന്‍ ഞാന്‍ ആയിരുന്നു എന്ന്‌ ആനുഷംഗീകമായി ഇവിടെ സൂചിപ്പിക്കട്ടെ ആതിരേ). സാമുദായിക പരിഗണനകളും രാഷ്ട്രീയ ഇടപെടലുകളും മൂലം മുഖ്യധാരാ പത്രങ്ങള്‍ സത്യം തെളിച്ച്‌ എഴുതിയിരുന്നില്ലെങ്കിലും ലോക്കല്‍ പോലീസ്‌ മുതല്‍ സിബിഐയുടെ ആദ്യ അന്വേഷണ സംഘങ്ങള്‍ വരെ കണ്ടെത്തിയ തിയറികള്‍ തെറ്റാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.
എന്നാല്‍, സഭയെ അവഹേളിക്കാനുള്ള ചില സംഘടിത ശക്തികളുടെ ശ്രമമാണ്‌ ഇത്തരം വാര്‍ത്താ പ്രചാരണമെന്നും സിസ്റ്റര്‍ അഭയയുടെ വധത്തില്‍ ഫാ. കോട്ടൂരിനോ ഫാ. പൂതൃക്കയ്ക്കോ സിസ്റ്റര്‍ സെഫിയ്ക്കോ പങ്കില്ലെന്നുമായിരുന്നു ക്രൈസ്തവ മതപുരോഹിതന്മാരുടെയും അവരുമായി ബന്ധപ്പെട്ട തല്‍പ്പര കക്ഷികളുടെയും നിലപാടും പ്രചാരണവും. എന്തിനധികം അടുത്ത നാളുകളിലാണ്‌ ഈ കേസിലെ ഒന്നാം പ്രതിയാകേണ്ട സിസ്റ്റര്‍ സെഫിയുടെ ശാരീരിക പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ സമൂഹ മധ്യത്തില്‍ അധിക്ഷേപിക്കുകയാണെന്ന വാദമുന്നയിച്ച്‌ വൃന്ദ കാരാട്ടും ആനി രാജയുമെല്ലാം രംഗത്തെത്തിയതെന്നോര്‍ക്കുക.
മൂന്ന്‌ സന്യസ്തരുടെ ലൈംഗിക അരാജകത്വത്തിന്‌ ഇരയായി മറ്റൊരു സന്യസ്ത ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ഇരയെയും ഇരയുടെ ആശ്രിതരെയും സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനും വേട്ടക്കാരെ ന്യായീകരിക്കാനുമാണ്‌ ആതിരേ, പോലീസ്‌ സംവിധാനം ഉള്‍പ്പെടെയുള്ള സ്വാധീന ശക്തികള്‍ ശ്രമിച്ചത്‌. അഭയ ആത്മഹത്യ ചെയ്തതാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ സഭയും ഈ ശക്തികളും ഇപ്പോഴും പച്ചക്കള്ളം മെനഞ്ഞുകൊണ്ടിരിക്കുകയാണ്‌. പരീക്ഷയില്‍ തോറ്റുപോയതുകൊണ്ടുള്ള നിരാശതയാണ്‌ ആത്മഹത്യയ്ക്ക്‌ കാരണമെന്നും അതല്ല അഭയയുടെ മാതാവടക്കമുള്ളവര്‍ക്ക്‌ മാനസിക രോഗമുണ്ടായിരുന്നു അതാണ്‌ ആത്മഹത്യയിലേയ്ക്ക്‌ നയിച്ചതെന്നും കന്യാസൃതീയാകുന്നതിന്‌ സഭയ്ക്ക്‌ നല്‍കേണ്ട ഫീസ്‌ മുഴുവനായി നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ്‌ ആത്മഹത്യ ചെയ്തത്‌ എന്നുമൊക്കെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്‌ അഭയയുടെ മാതാപിതാക്കളുടെ മാന്യതയെ വലിച്ചു കീറിയവരാണ്‌ കേരളത്തിലെ ലോക്കല്‍ ക്രൈം ബ്രാഞ്ച്‌ പോലീസും സഭാ നേതൃത്വവും. ക്നാനായ സഭയുടെ ഭീമമായ സ്വത്തില്‍ നിന്ന്‌ നല്ലൊരു വിഹിതം രാഷ്ട്രീയ നേതാക്കള്‍ക്കു നല്‍കി കേന്ദ്രസര്‍ക്കാരെ പോലും സ്വാധീനം ചെലുത്തി കേസന്വേഷണം അട്ടിമറിക്കുന്നതില്‍ ഒരു പരിധിവരെ സഭയും കൊലയാളികളും വിജയിച്ചിരുന്നു എന്നത്‌ നേരാണ്‌.
പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌, രാസപരിശോധനാ റിപ്പോര്‍ട്ട്‌, ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ തുടങ്ങിയ അടിസ്ഥാന രേഖകളില്‍ വരെ തിരുത്തല്‍ വരുത്തിയായിരുന്നു കൊലയാളികളും അവരുടെ സംരക്ഷകരും അഭയയെ തുടര്‍ച്ചയായി കൊന്നുകൊണ്ടിരുന്നത്‌. എന്നാല്‍, ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന യുവാവിന്റെ പോരാട്ടവും ന്യായാസനങ്ങളുടെ കൃത്യമായ ഇടപെടലുകളും മൂലം ഈ കരാള ശക്തികള്‍ക്ക്‌ അന്തിമ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ പോലും സ്വാധീനിച്ച്‌ ആദ്യഘട്ടങ്ങളില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നു. സത്യസന്ധമായി കേസ്‌ അന്വേഷിച്ച ഡിവൈഎസ്പി വര്‍ഗീസ്‌ പി തോമസ്സില്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെ ജോലിയില്‍ നിന്ന്‌ രാജിവെപ്പിക്കാന്‍ വരെ ഈ കൊലയാളി സംഘത്തിന്‌ സാധിച്ചിരുന്നു. എന്നാല്‍, ഇവരുടെ ആവശ്യപ്രകാരം തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ്‌ പുനരന്വേഷണത്തിന്‌ ഉത്തരവിട്ട എറണാകുളം സിജെഎം കോടതിയും കേരള ഹൈക്കോടതിയുമൊക്കെയാണ്‌ അഭയ വധത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരുവാന്‍ സഹായകമായ മറ്റു ഘടകങ്ങള്‍. ഒപ്പം പില്‍ക്കാലത്ത്‌ മാധ്യമങ്ങള്‍ പുലര്‍ത്തിയ നിതാന്ത ജാഗ്രതയും കേസ്‌ അന്വേഷണം അട്ടിമറിക്കുന്നതില്‍ നിന്ന്‌ തല്‍പര കക്ഷികളെ തടഞ്ഞിരുന്നു എന്നതും നേര്‌.
അഭയ കൊല്ലപ്പെടുന്ന സമയത്ത്‌ കോട്ടയം വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന വി.വി. അഗസ്റ്റിന്‍ കുറ്റബോധം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിട്ട്‌ അധിക നാളായില്ല. അന്ന്‌ ക്രൈംബ്രാഞ്ച്‌ എസ്പിയായിരുന്ന കെ.പി മൈക്കിളിന്റെയും പോലീസ്‌ സര്‍ജന്‍ ഉമാദത്തന്റെയുമൊക്കെ കുരുട്ടുബുദ്ധിയില്‍ നിന്നാണ്‌ ആത്മഹത്യാ തിയറി തിടം വെച്ചത്‌. കൊലയാളികള്‍ നല്‍കിയ ലക്ഷങ്ങള്‍ പോക്കറ്റിലാക്കി അഭയെയും അഭയയുടെ മാതാപിതാക്കളെയും അധിക്ഷേപിച്ച്‌ വേട്ടക്കാരെ സംരക്ഷിക്കുകയായിരുന്നു ഈ മനുഷ്യമൃഗങ്ങള്‍.
ഇവര്‍ക്കൊപ്പം കേസ്‌ അട്ടിമറിക്കാന്‍ ഒരുകാലത്ത്‌ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കറെന്ന്‌ അറിയപ്പെട്ടിരുന്ന കെ.കരുണാകരനും ഇന്ന്‌ കേന്ദ്രമന്ത്രിയായ വയലാര്‍ രവിയും മുന്‍ മന്ത്രി കെ.എം മാണിയുമൊക്കെ അണിയറയില്‍ കറുത്ത ചരടുകള്‍ വലിച്ചവരാണ്‌.
നീതിയെയും നിയമത്തെയും വെല്ലവിളിച്ച്‌ ഒരു സാധു സന്യസ്തയുടെ ജീവിതം പിച്ചിച്ചീന്തിയ കൊലയാളികള്‍ക്ക്‌ കാലത്തികവില്‍ കയ്യാമം വീണത്‌ സത്യത്തിന്റെ വിജയമാണ്‌. അപ്പോള്‍ പോലും സഭയെ അധിക്ഷേപിക്കാനുള്ള ശ്രമമായിട്ടാണ്‌ നേതൃത്വം ഇതിനെ വിലയിരുത്തിയത്‌. സംഭവം നടക്കുമ്പോള്‍ ക്നാനായ സഭയുടെ ബിപ്പായിരുന്നു ഡോ. കുര്യാക്കോസ്‌ കുന്നശേരി. ഇപ്പോള്‍ കേസില്‍ 87-ാ‍ം സാക്ഷിയായ അദ്ദേഹം സമ്മതിക്കുന്നുണ്ട്‌ അഭയ കൊല്ലപ്പെട്ടതാകാനാണ്‌ സാധ്യതയെന്ന്‌. ഈ സത്യം അദ്ദേഹം ആദ്യമേ വെളിപ്പെടുത്തിയിരുന്നെങ്കില്‍ കേസ്‌ അന്വേഷണം ഇത്രയ്ക്ക്‌ നീളുമായിരുന്നില്ല തെളിവുകള്‍ നശിപ്പിക്കപ്പെടുമായിരുന്നില്ല, കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്തേനെ.
പക്ഷെ ആതിരേ, നാര്‍ക്കോ അനാലിസിസിലെ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ തെളിവ്‌ നിയമമനുസരിച്ച്‌ കോടതി തെളിവായി സ്വീകരിക്കപ്പെടുകയില്ല. സിബിഐ നല്‍കിയ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ മറ്റു ഭൗതീക - സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുത്തെങ്കില്‍ മാത്രമേ അറസ്റ്റിലായിട്ടുള്ള ഫാ. കോട്ടൂരും ഫാദര്‍ പൂതൃക്കയും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുകയുള്ളു. കോടതി ശിക്ഷ വിധിക്കാത്ത കാലത്തോളം അവര്‍ നിയമപാരമായി നിരപരാധികളാണ്‌.
എന്നാല്‍, ഇന്ത്യയിലെ തെളിവ്‌ നിയമങ്ങളോ നീതി വ്യവഹാരമോ അല്ല സത്യത്തിന്റെ അളവുകോല്‍. അഭയയെ കൊന്നതാണെന്നും അത്‌ തങ്ങളാണെന്നും പ്രതികള്‍ മൂന്ന്‌ പേരും സമ്മതിച്ചു കഴിഞ്ഞു. ഇതിയെങ്കിലും നിയമപരമായ സാങ്കേതികതയുടെ ന്യായത്തില്‍ തൂങ്ങാതെ സത്യം അംഗീകരിക്കാന്‍ സഭ തയ്യാറാകണം. അഭയയുടെ മാതാപിതാക്കളോട്‌ കാണിച്ച കടുത്ത മനുഷ്യത്വ രഹിതമായ നിലപാടുകള്‍ക്ക്‌ ക്ഷമ ചോദിക്കണം. വിശ്വാസികളെയും പൊതുസമൂഹത്തെയും ഇത്രയും നാള്‍ വഞ്ചിച്ചതിന്‌ പൊതു മാപ്പിരക്കണം. ഫാ. പൂതൃക്കയിലേയും ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും അവരുടെ സന്യസ്ത സ്ഥാനങ്ങളില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്യണം. എങ്കില്‍ മാത്രമേ നീതിമാനായ ദൈവത്തിന്റെയും ദൈവപുത്രന്റെയും പേരില്‍ ആണയിടാനും പ്രാര്‍ത്ഥിക്കാനും പ്രേഷിത വൃത്തി നടത്താനും ഇനി സഭയ്ക്ക്‌ അര്‍ഹതയുള്ളു. സന്യസ്തരുടെ സ്വവര്‍ഗരതിയുടെ നരകാനുഭങ്ങളുടെ പേരില്‍ ലോകത്തോട്‌ ക്ഷമചോദിച്ചവരാണല്ലോ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയും ആ മാതൃകയെങ്കിലും ക്നാനായ കത്തോലിക സഭാ നേതൃത്വവും കൊലയാളികളെ ന്യായീകരിച്ച മറ്റു ക്രൈസ്ത സഭാ നേതൃത്വവും സ്വീകരിച്ചേ മതിയാകൂ..
യഥാര്‍ത്ഥത്തില്‍ മോശയുടെ നിയമം അനുസരിച്ച്‌ ഫാ.കോട്ടൂരിനേയും, ഫാ.പൂതൃക്കയിലിനേയും,സിസ്റ്റര്‍ സെഫിയേയും പരസ്യമായി കല്ലെറിഞ്ഞു കൊല്ലുകയാണ്‌ വേണ്ടത്‌.അപ്പോള്‍ പോലും കൊലയാളികളും സഭയും പോലിസും രാഷ്ട്രീയ നേതാക്കളും സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളോടു കാണിച്ച ദുഷ്ടതയ്ക്കുള്ള ശിക്ഷ ആകുകയില്ല.
എന്നാലും ഇവരൊക്കെ പറയുന്ന ദൈവഹിതം അപ്പോള്‍ മാത്രമായിരിക്കും ആതിരേ പൂര്‍ത്തിയാകുക

Monday, September 14, 2009

പിണറായി ഭോഷനാകുന്നത്‌ ആര്‍ക്കുവേണ്ടി..?

ആതിരെ,"അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു" എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ കളിയാക്കിയത്‌ പിണറായി വിജയനെ ആയിരുന്നോ...?
ആണെന്നുവേണം പോള്‍ വധം സംബന്ധിച്ച്‌ അദ്ദേഹം നടത്തിയ രണ്ടു പ്രതസമ്മേളനങ്ങളിലെ വെളിപ്പെടുത്തലുകളും ഭീഷണികളും കൂട്ടിവായിക്കുമ്പോള്‍ അനുമാനിക്കേണ്ടത്‌.
പോള്‍വധം സംബന്ധിച്ച്‌ പിണറായിയുടെ താല്‍പര്യമെന്ത്‌ എന്ന ചോദ്യം ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ ഉയര്‍ന്നതാണ്‌. അന്ന്‌ തന്ത്രപരമായ മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌. പാര്‍ട്ടിഭരണത്തെയും പോളിറ്റ്‌ ബ്യൂറോ അംഗമായ ആഭ്യന്തരമന്ത്രിയെയും അനാവശ്യ വിവാദങ്ങളിലേയ്ക്ക്‌ വലിച്ചിഴയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയ്ക്ക്‌ അതിനെ പ്രതിരോധിക്കാനും ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കാനും താന്‍ ബാധ്യസ്ഥനായതുകൊണ്ടാണ്‌ വിഷയത്തില്‍ ഇടപെട്ട്‌ വിശദീകരണം നല്‍കുന്നത്‌ എന്നായിരുന്നു അന്ന്‌ പറഞ്ഞത്‌.
എന്നാല്‍, അതായിരുന്നില്ല ഉദ്ദേശ്യമെന്നും ആരെയൊക്കെയോ രക്ഷിക്കാനും അന്വേഷണത്തിന്റെ ദിശ അട്ടിമറിക്കാനും അനാവശ്യ രാഷ്ട്രീയ വിവാദം കുത്തിപ്പൊക്കി പോള്‍ വധത്തിന്റെ പിന്നിലെ കറുത്ത രൂപങ്ങളായ സഖാക്കളെ സമൂഹശ്രദ്ധയില്‍ നിന്ന്‌ തമസ്കരിക്കാനുമായിരുന്നു ലക്ഷ്യമെന്നും അന്ന്‌ വ്യക്തമായതാണ്‌. പോളിനെ വധിച്ചത്‌ ആര്‍എസ്‌എസ്‌ അനുഭാവിയാണെന്ന്‌ സ്ഥാപിച്ച്‌ ബിജെപിയെയും ആര്‍എസ്‌എസിനെയും വിവാദങ്ങളിലേയ്ക്ക്‌ വലിച്ചിഴച്ച്‌ കോടിയേരിയെയും പുത്രനെയും പാര്‍ട്ടിയെയും പാര്‍ട്ടിയിലെ പണാര്‍ത്തി നിറഞ്ഞ സ്തുതിപാഠകരെയും പാര്‍ട്ടിയുടെ ഗുണ്ടാ ബന്ധവുമൊക്കെ കര്‍ട്ടന്‌ പുറകിലേയ്ക്ക്‌ തള്ളാനായിരുന്നു തന്ത്രം. എന്നാല്‍, ആ ചൂണ്ടയില്‍ കൊത്താന്‍ ആര്‍എസ്‌എസും ബിജെപിയും തയ്യാറായില്ല; പിണറായിയുടെ ഗൂഢോദ്ദേശ്യം മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞ്‌ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു. അതോടെ ആ നീക്കം അമ്പേ പരാജയപ്പെടുകയായിരുന്നു.
ആതിരേ,കേരളത്തിലെ ഏത്‌ കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്‌, പോള്‍വധം സംബന്ധിച്ച്‌ കേരളപോലീസ്‌ ദിവസേന പുറത്തുവിടുന്ന അന്വേഷണ റിപ്പോര്‍ട്ടെന്ന കള്ളത്തരത്തിന്റെയും ഗുണ്ടാ - സിപിഎം സംരക്ഷണത്തിന്റെയും വിശദാംശങ്ങള്‍. പോലീസിന്റെ നീക്കങ്ങള്‍ എല്ലാം തന്നെ മുളയിലേ പാളിപ്പോകുന്നത്‌ ലൈവായി കണ്ടുകൊണ്ടിരിക്കുന്ന കേരളീയരുടെ മുന്നിലേയ്ക്കാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാമത്തെ പത്രസമ്മേളന ദൗത്യവുമായി പിണറായി അവതരിച്ചത്‌.
ഇത്തവണ അദ്ദേഹത്തിന്റെ ലക്ഷ്യം മാധ്യമങ്ങളായിരുന്നു. മാധ്യമങ്ങള്‍ക്ക്‌ ഗുണ്ടകളെ രക്ഷിക്കാനുള്ള താല്‍പര്യം കൊണ്ടാണ്‌ കഥകള്‍ മെനയുന്നതെന്നും മാധ്യമങ്ങള്‍ എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്‌ വ്യക്തമാക്കണമെന്നും ഇത്‌ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷിക്കണമെന്നും പറഞ്ഞുവെയ്ക്കുക വഴി പഴയ മാധ്യമ സിന്‍ഡിക്കേറ്റിന്റെ മേല്‍ അപരാധമെല്ലാം കെട്ടി വയ്ക്കാനുള്ള ദുര്‍ബലമായ, (ചീറ്റിപ്പോയ..!) ഒരു നീക്കമാണ്‌ പിണറായി നടത്തിയത്‌. എന്നുമാത്രമല്ല, മാധ്യമങ്ങളുടെ ഈ രീതി അപായകരമാണെന്നും അതു കൊണ്ട്‌ അതിന്റെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളു എന്ന ഗുണ്ടാ ലൈനിലെ ഭീഷണിയും വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തിലുണ്ടായിരുന്നു. തീര്‍ന്നില്ല കേസന്വേഷണത്തില്‍ പോലീസിന്റെ സേവനം സ്തുത്യര്‍ഹമാണെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കാനും പിണറായി ശ്രമിച്ചു.
നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ നിന്ന്‌ പോലീസ്‌ അന്വേഷണത്തിന്റെ " സ്തുത്യര്‍ഹത" കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ബോധ്യമായിട്ടുള്ളതാണ്‌. അത്‌ ഊട്ടിയുറപ്പിക്കാന്‍ സിപിഎം സെക്രട്ടറിയെ പോലെ ഒരു 'നികൃഷ്ടജീവി'യുടെ ഒത്താശയും സര്‍ട്ടിഫിക്കറ്റുമൊന്നും ഇപ്പോള്‍ ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക്‌ പോള്‍ വധക്കേസില്‍ ഹിഡന്‍ അജണ്ടയുണ്ടെന്നും എടോ ഗോപാലകൃഷ്ണാ ആ കത്തിയൊന്നും ഇവിടെ ചെലവാകില്ല എന്ന ലൈനില്‍ മാധ്യമങ്ങളുടെ അജണ്ട വ്യക്തമാക്കണമെന്നും ഇരുതല മൂര്‍ച്ചയുള്ള വാക്കുകളിലൂടെ പിണറായി വ്യക്തമാക്കുകയും ചെയ്തു.
നോക്ക്‌ ആതിരേ, പിണറായി വിജയന്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്‌. പോളിറ്റ്ബ്യൂറോ അംഗമാണ്‌. മുന്‍ മന്ത്രിയാണ്‌. ലാവലിന്‍ കളങ്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തെ ബഹുമാനിക്കുന്ന നിരവധി പേര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്‌. അത്രയ്ക്ക്‌ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി ഗുണ്ടകള്‍ ഇടപെട്ട ഒരു കൊലപാതക കേസില്‍ ഇടപെട്ട്‌ രണ്ടുവട്ടം പത്രസമ്മേളനം നടത്തി 'കേട്ടാല്‍ ഞെട്ടുന്ന' സത്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അത്‌ എന്തിനാണെന്ന്‌ ചിന്തിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ബാധ്യസ്ഥരാകും. അവര്‍ അദ്ദേഹത്തിന്റെ വാക്കുകളും ഭീഷണികളും ബോഡി ലാംഗ്വേജും വിശകലനം ചെയ്ത്‌ പുതിയ തിരിച്ചറിവുകളില്‍ എത്തുകയും ചെയ്യും. ഏതെല്ലാം മാധ്യമങ്ങള്‍ക്ക്‌ എന്തെല്ലാം താല്‍പര്യങ്ങളാണ്‌ ഉള്ളതെന്നും ഏതെല്ലാം ഗുണ്ടകളെ ഏതെല്ലാം മാധ്യമങ്ങള്‍ സംരക്ഷിക്കുന്നു എന്നും അതുകൊണ്ടുതന്നെ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്‌ ഉത്തരവാദിത്തമുണ്ട്‌. പാര്‍ട്ടിസെക്രട്ടറി എന്ന നിലയില്‍ ലാവലിന്‍ കേസില്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ രേഖകള്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ ലഭിച്ചിട്ടുള്ള പിണറായിക്ക്‌ മേല്‍ സൂചിപ്പിച്ച മാധ്യമ - ഗുണ്ടാബന്ധങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ അധിക സമയമൊന്നും വേണ്ട. അപ്പോള്‍ ആ വിഷയങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ച്‌ അവ പൊതു സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിച്ച്‌ മാധ്യമങ്ങള്‍ നടത്തുന്ന അട്ടിമറി പുരത്തു കൊണ്ടു വരുന്നതിനു പകരം കാടടച്ച്‌ വെടിവെയ്ക്കുന്നത്‌ പിണറായിയെ പോലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ ആര്‍ജവത്വത്തിന്‌ നേരെ ഉയരുന്ന നാണം കെട്ട ചോദ്യങ്ങളായി തീരും. അതുകൊണ്ട്‌ മാധ്യമങ്ങള്‍ക്ക്‌ നേരെ തൊടുത്തുവിട്ട, നട്ടാല്‍ കുരുക്കാത്ത കള്ളത്തരങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്‌ ബാധ്യതയുണ്ട്‌,ല്ലേ?.
ഇതിനു പുറമെയാണ്‌ പിടിയിലായിട്ടുള്ള ഗുണ്ടാത്തലവന്മാര്‍ ഓം പ്രകാശിനും പുത്തന്‍പാലം രാജേഷിനും കോണ്‍ഗ്രസ്‌ നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ചും അവരില്‍ ചിലരുടെ എംഎല്‍എ ക്വട്ടേഴ്സിലെ അന്തിയുറക്കത്തെ കുറിച്ചും പിണറായി വിജയന്‍ ചില പുതിയ 'വെളിപ്പെടുത്തലുകള്‍' നടത്തിയത്‌. ആ ആരോപണങ്ങളില്‍ അദ്ദേഹം വലിച്ചിടാന്‍ ഉദ്ദേശിച്ചത്‌ ഇപ്പോഴത്തെ കണ്ണൂര്‍ എംപി കെ. സുധാകരനെയായിരുന്നു. അതുകൂടാതെ യാതൊരു ആവശ്യവുമില്ലാതെ വി.എം. സുധീരനെ കോടാലി ശ്രീധരനെന്ന ഒരു അധോലോക പ്രവര്‍ത്തകനുമായി ബന്ധപ്പെടുത്താനും പിണറായി കൊണ്ടുപിടിച്ച്‌ ശ്രമിച്ചു.പിണറായിയുടെ പത്രസമ്മേളനം തത്സമയം കണ്ടവര്‍ക്കും അത്‌ സംബന്ധിച്ച്‌ പത്രങ്ങളില്‍ വാര്‍ത്ത വായിച്ചവര്‍ക്കും മനസ്സിലാകാത്ത ഒരു ഘടകമുണ്ട്‌. പോള്‍ വധവുമായി കെ. സുധാകരനും വി.എം സുധീരനും എന്ത്‌ പങ്കാണുള്ളത്‌? ഇവരെ വിവാദങ്ങളിലേയ്ക്ക്‌ അനാവശ്യമായി വലിച്ചിഴയ്ക്കുക വഴി ഇനിയും പൂര്‍ത്തിയാകാത്ത കേസ്‌ അന്വേഷണത്തിന്റെ ഗതി ഏത്‌ മാര്‍ഗത്തിലേയ്ക്ക്‌ തിരിച്ച്‌ വിടാനാണ്‌ പിണറായി വിജയന്‍ ശ്രമിക്കുന്നത്‌?
ഒരു കാര്യം കേരളത്തിലെ ജനങ്ങള്‍ക്കും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ അണികള്‍ക്കും വ്യക്തമായിട്ടുണ്ട്‌. പോള്‍ വധവുമായും അല്ലെങ്കില്‍ വധവുമായി ബന്ധപ്പെട്ട ഗുണ്ടകളുമായി പാര്‍ട്ടിയിലെ പല പ്രമുഖര്‍ക്ക്‌ ബന്ധമുണ്ട്‌. അവരെ രക്ഷിച്ചെടുക്കേണ്ടത്‌ പിണറായിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌. ലാവലിന്‍ കളങ്കിതനായ പിണറായിക്ക്‌ തന്റെ സ്ഥാനം പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെങ്കില്‍ ഗുണ്ടാകളങ്കിതരായ സഖാക്കളെ സംരക്ഷിക്കേണ്ടതുണ്ട്‌. അതിനായുള്ള ഭോഷത്തം നിറഞ്ഞ നടപടികളായിരുന്നു ഈ രണ്ട്‌ പത്രസമ്മേളനങ്ങള്‍.
മറ്റൊന്ന്‌ ഇപ്പോള്‍ പേര്‌ പറഞ്ഞിട്ടുള്ള നേതാക്കന്മാരെ ചൊടിപ്പിച്ചും അവരുടെ പാര്‍ട്ടിയിലെ ഉന്നതന്മാരെ പ്രലോഭിപ്പിച്ചും പ്രസ്താവനകളുടെ പെരുമഴ സൃഷ്ടിച്ച്‌ പാളി പാളി പാളീസായിക്കൊണ്ടിരിക്കുന്ന പോലീസ്‌ അന്വേഷണത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ്‍ പിണറായിയുടെ പത്രസമ്മേളനങ്ങളുടെ ഹിഡന്‍ അജണ്ട. പിണറായിയുടെ ആരോപണങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ട്‌ കെ. സുധാകരനും രമേശ്‌ ചെന്നിത്തലയും വി.എം. സുധീരനും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തിട്ടുമുണ്ട്‌. ഇത്‌ ഇനി ആളിക്കത്തിക്കുക എന്നതാണ്‌ ജയരാജന്മാരില്‍ നിക്ഷിപ്തമായിട്ടുള്ള കര്‍ത്തവ്യം. പി. ജയരാജന്‍ അതിന്റെ ആരംഭം കുറിച്ചുകഴിഞ്ഞു. കേസ്‌ തെളിയിക്കാന്‍ പോലീസ്‌ മുമ്പും ആയുധങ്ങളും തെളിവുകളും കൃത്രിമമായി ചമച്ചിട്ടുണ്ട്‌ എന്നാണ്‌ ആ "ക്രിമിനോളജിസ്റ്റിന്റെ" സുചിന്തിതമായ അഭിപ്രായം.
ആരോപണപ്രത്യാരോപണങ്ങളുടെ മഹാ മുഴക്കം സൃഷ്ടിച്ച്‌ കേസ്‌ അന്വേഷണത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനുള്ള പിണറായിയുടെയും തല്‍പര കക്ഷികളുടെയും ശ്രമം വിജയിക്കാന്‍ പാടില്ല. മാധ്യമങ്ങളുടെ ശ്രദ്ധ ഈ ആരോപണങ്ങളിലേയ്ക്ക്‌ വ്യതിചലിക്കാനും പാടില്ല. പോള്‍ വധത്തിലും വധാന്വേഷണത്തിലും മാധ്യമങ്ങള്‍ പുലത്തിയ ജാഗ്രത തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ വിപ്ലവ വായാടികളായ നേതാക്കന്മാരുടെ ഗുണ്ടാബന്ധവും മാഫിയ കണക്ഷനുകളും പുറത്തുവരികയുള്ളു. ഈ തിരിച്ചറിവ്‌ മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിക്കാതിരിക്കാനുള്ള ഒരു മുഴം മുന്നില്‍ എറിഞ്ഞതാണ്‌ പിണറായിയുടെ പത്രസമ്മേളനങ്ങള്‍.
അപ്പോള്‍ ശീര്‍ഷകം തിരുത്തേണ്ടതുണ്ട്‌, ല്ലേ ആതിരേ?
പിണറായി ആരാ മോന്‍....

Saturday, September 12, 2009

ഇന്നു ലോക മുത്തച്ഛന്‍- മുത്തശ്ശി ദിനം


ആതിരേ
ഇന്നു ലോക മുത്തച്ഛന്‍- മുത്തശ്ശി ദിനം. മുത്തശ്ശിക്കഥകളുടേയും താരാട്ടുപാട്ടിന്റെയും തെളിമയിലേക്കു പിച്ചവയ്ക്കാത്ത കുരുന്നുകളില്ല. പ്രായത്തെ അതിജീവിച്ചും കഥ-കവിതാസാഗരങ്ങളിലേക്കു കടന്നു ചെല്ലാന്‍ മുതിര്‍ന്നവര്‍ക്കും മടിയില്ല. കൂട്ടുകുടംബ വ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള വ്യതിയാനത്തില്‍ നഷ്ടപ്പെടുന്നത്‌ ഇത്തരം ബന്ധങ്ങളുടെ ഊഷ്മളതയാണ്‌.
അതിന്റെ ദുരന്തക്കാഴ്ചകള്‍ കണ്ട്‌ കണ്ണുമടുത്തു കാണണം
പഴുത്ത പ്ലാവില താഴേയ്ക്ക്‌ വീഴുമ്പോള്‍ പച്ചപ്ലാവില ചിരിക്കുമെന്നത്‌ മനുഷ്യാരംഭം മുതലുള്ള കുരുത്തക്കേടാണ്‌
എന്നാല്‍ പഴുക്കും മുന്‍പ്‌ തന്തപ്ലാവിലകളേയും തള്ളപ്ലാവിലകളേയും കഴുത്തിനു കുത്തിപ്പിടിച്ചു പടിയിറക്കിവിടുന്ന നെറികെട്ട പുത്രന്മാരും പുത്രിമാരുമാണ്‌ ആതിരെ ഈ കെട്ടകാലത്തിന്റെ മൂല്യനിര്‍മ്മാതാക്കള്‍..ദേശത്തെ പ്രമുഖര്‍..സമുദായത്തിലെ പ്രമാണിമാര്‍..സമൂഹത്തിന്റെ മുന്‍ഗണന നിര്‍ണയിക്കുന്നവര്‍...
മക്കള്‍ വളരുമ്പോള്‍,
വിദ്യാഭ്യാസത്തിലും
സമ്പത്തിലും അവര്‍ ഉയരുമ്പോള്‍
വീടുകളുടെ പിന്‍മുറികളിലേയ്ക്കും,
വൃദ്ധസദനങ്ങളിലേയ്ക്കും
ഭ്രാന്താശുപത്രികളിലേയ്ക്കും
തെരുവിലേയ്ക്കുമൊക്കെ
വലിച്ചെറിയപ്പെടുന്ന
അവരുടെ മാതാപിതാക്കളെ
ആതിരേ
കൊച്ചുമക്കളെങ്കിലും
സ്നേഹത്തോടെ, ആര്‍ദ്രതയോടെ,
ഇന്ന്‌ ഒരു നിമിഷം ഓര്‍ത്തിരുന്നെങ്കില്‍

Tuesday, September 1, 2009

ഒക്കെയൊരു ഭ്രാന്തന്റെ സ്വപ്നം

ലൗ ജിഹാദ്‌ : പ്രണയത്തിലൂടെ തീവ്രവാദം ക്യാമ്പസിലേയ്ക്ക്‌



ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെ മതപ്രീണനവും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക്‌ പോലീസിലും രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള സ്വാധീനവുമാണ്‌ ആതിരേ, കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം ഭയാനകമാകാന്‍ കാരണം. കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മലയാളികള്‍ കൊല്ലപ്പെട്ടപ്പോഴാണ്‌ ഭീകരവാദം കേരളീയ യുവാക്കളില്‍ എത്ര ആഴത്തിലാണ്‌ വേരോടിയിരിക്കുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ മനസ്സിലായത്‌. മുന്നോറോളം യുവാക്കളെ കേരളത്തില്‍ നിന്ന്‌, ലഷ്കര്‍ ഇ തയ്ബയുടെ ഏജന്റുമാര്‍. റിക്രൂട്ട്‌ ചെയ്തു എന്നാത്‌ വരാനിരിക്കുന്ന ഭീകരനാളുകളിലേയ്ക്കുള്ള കനല്‍ സൂചനയാണ്‌
എന്നാല്‍, കേരളത്തില്‍ ഭയാനകമായ അത്തരമൊരു അവസ്ഥ ഇല്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വിശദീകരിക്കാനായിരുന്നു ആഭ്യന്തരവകുപ്പും പോലീസ്‌ മേധാവികളും ശ്രമിച്ചത്‌. എന്നാല്‍, പാനായിക്കുളം, വാഗമണ്‍ സംഭവങ്ങളും കളമശേരി ബസ്‌ കത്തിക്കലിന്‌ പിന്നിലെ പ്രതികള്‍ക്ക്‌ തീവ്രവാദികളുമായുള്ള ബന്ധവും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ്ദനിക്കും ഭാര്യ സൂഫി മ്ദനിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളും അവ അന്വേഷിക്കാതിരിക്കാതിരിക്കാന്‍ ആഭ്യന്തരവകുപ്പ്‌ കാണിച്ച ശുഷ്കാന്തിയുമെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തിലും ഭീകരവാദികള്‍ അവരുടെ താവളങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌; യുവാക്കളെ റിക്രൂട്ട്‌ ചെയ്തിട്ടുമുണ്ട്‌; എന്നാല്‍, ചില രാഷ്ട്രീയ ബാന്ധവങ്ങളുടെ പേരില്‍ ആഭ്യന്തരവകുപ്പും സര്‍ക്കാരും ഭരണകക്ഷിയും ഈ വാസ്തവം തമസ്കരിക്കുകയാണ്‌.
ഭരണകൂടത്തിന്റെ ഈ നിലപാട്‌ മുതലെടുത്ത്‌ ഭീകരസംഘടനകള്‍ കേരളത്തിലെ ക്യാമ്പസുകളിലും നുഴഞ്ഞുകയറിയിരിക്കുന്നു എന്നതാണ്‌ ആതിരേ, ഏറ്റവും ഭീഷണിയുയര്‍ത്തുന്ന സത്യം. ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെ പോലും വിദഗ്ദ്ധമായ രീതിയില്‍ വലയിലാക്കി ഭീകരവാദപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നു എന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സ്ഫോടനാത്മകമായ വാര്‍ത്ത.
പത്തനംതിട്ട പ്രക്കാനം സെന്റ്‌ ജോണ്‍സ്‌ കോളജിലെ എംബിഎ വിദ്യാര്‍ത്ഥിനികളെ പൂര്‍വ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനത്തിന്‌ വിധേയരാക്കാന്‍ ശ്രമിച്ചതും പെണ്‍കുട്ടികളെ കടത്തിക്കൊണ്ട്‌ പോയതും ഞെട്ടലോടെയാണ്‌ കേരളം കേട്ടത്‌. ഇവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ്‌ 'ലൗ ജിഹാദ്‌'എന്നപേരില്‍ പെണ്‍കുട്ടികളെ വലയിലാക്കുന്ന തന്ത്രത്തെ കുറിച്ച്‌ പോലീസിന്‌ വിശദാംശങ്ങള്‍ ലഭിച്ചത്‌. ഇങ്ങനെ ഒരു സംഭവം കോളജില്‍ നടന്നതായി പ്രിന്‍സിപ്പാള്‍ ശ്രീകുമാരന്‍ നായര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌.
നാല്‌ പെണ്‍കുട്ടികളെയാണ്‌ ഈ കോളജില്‍ നിന്ന്‌ പ്രണയം നടിച്ച്‌ ഭീകരവാദ പ്രവര്‍ത്തനത്തിന്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചത്‌. ഇതില്‍ ഒരു പെണ്‍കുട്ടി ചതി അറിഞ്ഞ്‌ പിന്‍മാറുകയും മറ്റൊരാള്‍ മനോരോഗത്തിന്‌ ചികിത്സയിലുമാണ്‌. ബാക്കി രണ്ടുപേരെയാണ്‌ പൊന്നാനിയിലേയ്ക്ക്‌ കൊണ്ടുപോകുന്നതിന്‌ മുമ്പ്‌ പോലീസ്‌ രക്ഷിച്ചെടുത്തത്‌.
കേരളത്തിലെ ക്യാമ്പസുകളില്‍ എന്‍ഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടനകളായ ക്യാമ്പസ്‌ ഫ്രണ്ട്‌, സ്മാര്‍ട്ട്‌ ഫ്രണ്ട്‌ തുടങ്ങിയ സംഘടനകളും എംഎസ്‌എഫുമാണ്‌ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതെന്ന്‌ പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. പ്രക്കാനം കോളജില്‍ നടന്നതും ഇതിലൊരു സംഘടനയുടെ ഓപ്പറേഷന്‍ ആയിരുന്നു.
ആതിരേ, ക്യാമ്പസുകളില്‍ അടിപൊളിയായി പ്രത്യക്ഷപ്പെട്ട്‌ പെണ്‍കുട്ടികളുടെ പ്രണയം പിടിച്ചുപറ്റി അവരെ മതപരിവര്‍ത്തനം നടത്തി ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്ന ലൗ ജിഹാദ്‌ കേരളത്തിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു എന്നാണ്‌ ഈ സംഭവം വ്യക്തമാക്കിയിരിക്കുന്നത്‌. ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളിലും ഇത്തരത്തിലുള്ള റിക്രൂട്ട്മെന്റ്‌ നടക്കുന്നുണ്ട്‌. പ്രണയം, വിവാഹം, പിന്നെ തീവ്രവാദം - ഇതാണ്‌ ഇവരുടെ മോഡസ്‌ ഓപ്പറാണ്ടി. ഇന്ത്യയിലിതുവരെ 4000 പെണ്‍കുട്ടികളെ ഈ രീതിയില്‍ വശീകരിച്ചിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. കേരളത്തില്‍ 500ല്‍ പരം പെണ്‍കുട്ടികളാണ്‌ ലൗ ജിഹാദിന്റെ വലയില്‍ വീണിട്ടുള്ളത്‌. ഈ പ്രണയ പോരാളികള്‍ക്കായി തിരുവനന്തപുരത്ത്‌ മാത്രം ഒരു സ്കോര്‍പിയോ കാറും 8 ബൈക്കുകളുമാണ്‌ നല്‍കിയിരിക്കുന്നത്‌. ചുണക്കുട്ടന്മാരായ യുവാക്കളെ കണ്ടെത്തി അവര്‍ക്ക്‌ പെണ്‍കുട്ടികളെ തേടിപിടിക്കാന്‍ ഇഷ്ടംപോലെ പണവും വാഹനവും വസൃതങ്ങളും നല്‍കിയാണ്‌ തീവ്രവാദി സംഘടനകള്‍ വല വിരിക്കുന്നത്‌.
ഇത്‌ സംബന്ധിച്ച സൂചനകള്‍ ഉന്നതര്‍ക്ക്‌ ലഭിച്ചിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലിലൂടെ പോലീസിനെ നിര്‍വികാരമാക്കുകയായിരുന്നു ഭരണനേതൃത്വവും അവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്ന സംഘടനകളും. എന്നാല്‍, ഒരു ഉന്നതപോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടി തന്നെ ഈ വലയില്‍ വീണപ്പോഴാണ്‌ കേരളത്തിലെ പോലീസുകാര്‍ ഉണര്‍ന്നത്‌. തിരുവനന്തപുരം കണ്‍ടോണ്‍മെന്റ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ എ.എസ്‌ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ അന്വേഷണമാണ്‌ ലൗ ജിഹാദിന്റെ നീരാളി കൈകളെ കുറിച്ചുള്ള വാസ്തവങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നത്‌. കേരളത്തിന്‌ പുറത്ത്‌ മംഗലാപുരം, ബാംഗ്ലൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും ഈ തീവ്രവാദി സംഘടനകള്‍ക്ക്‌ കേന്ദ്രങ്ങളുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌.
സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രേരണയാലാണ്‌ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ വിദ്യാര്‍ത്ഥിനി ലൗജിഹാദിന്റെ വലയില്‍ വീണത്‌. ജൂലൈ 18ന്‌ രാവിലെ വീട്ടില്‍ നിന്ന്‌ പുറപ്പെട്ട പെണ്‍കുട്ടിയെ സംഘം തൃപ്പൂണിത്തുറയിലെ വീടുകളില്‍ മാറിമാറി താമസിപ്പിക്കുകയായിരുന്നു. അവിടെ നിന്ന്‌ സഹപാഠിയ്ക്കൊപ്പം കോഴിക്കോട്‌ ക്യാമ്പിലേയ്ക്ക്‌ പോയി. വീണ്ടും കൊച്ചിയിലെത്തി. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാതെ മാതാപിതാക്കള്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കിയിരുന്നു. സഹപാഠിയെ കല്ല്യാണം കഴിക്കാന്‍ ഒരാളുണ്ടായിരുന്നു. പിന്നീട്‌ ഈ കുട്ടിയുടെയും സംഘാംഗങ്ങളുടെയും നിര്‍ബന്ധപ്രകാരം ഒരു ബസ്‌ കണ്ടക്ടറെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിതരായി. ഇതിന്‌ ശേഷമാണ്‌ തീവ്രവാദ പ്രസ്ഥാനത്തിലേയ്ക്ക്‌ മാറ്റാനുള്ള ആശയപ്രചാരണവും മസ്തിഷ്ക പ്രക്ഷാളനവും ആരംഭിച്ചതെന്ന്‌ പോലീസിന്റെ പിടിയിലായ പെണ്‍കുട്ടി പറയുന്നു.
പ്രക്കാനം കോളജില്‍ നിന്ന്‌ ഈ സംഘത്തിന്റെ പിടിയിലായ പെണ്‍കുട്ടികളും സമാനസ്വഭാവമുള്ള അനുഭവങ്ങളിലൂടെ കടന്നുപോയത്‌. വീടുവിട്ട്‌ കാമുകര്‍ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടികളെ സ്കോര്‍പിയോ കാറിലും രണ്ട്‌ സൃതീകള്‍ക്കൊപ്പമാണ്‌ തൃപ്പൂണിത്തുറയിലെ കേന്ദ്രത്തിലേയ്ക്ക്‌ കൊണ്ടുവന്നത്‌. കാറിലെ സിഡി പ്ലയറില്‍ പോലും തീവ്രവാദി സംഘടനകളെ കുറിച്ചുള്ള അവരുടെ ആശയങ്ങളുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ ഈ പെണ്‍കുട്ടികള്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ബാംഗ്ലൂരിലേയ്ക്ക്‌ കൊണ്ടുപോകാനായിരുന്നു പദ്ധതിയെങ്കിലും അത്‌ വേണ്ടെന്ന്‌ വെച്ച്‌ രണ്ടാഴ്ചയോളം വിവിധ വീടുകളില്‍ മാറിമാറി താമസിച്ച ശേഷമാണ്‌ കോഴിക്കോട്ടെ ക്യാമ്പിലേയ്ക്ക്‌ കൊണ്ടുപോയത്‌. ഈ യാത്രയ്ക്കിടയിലും താമസത്തിനുമിടയിലാണ്‌ തീവ്രവാദ പ്രസ്ഥാനത്തെ കുറിച്ചുള്ള തത്വങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും സൃതീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ വിവരിച്ച്‌ നല്‍കിയത്‌. ഇതിലൊരാളെ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷനിലെ താല്‍ക്കാലിക കണ്ടക്ടറാണ്‌ വിവാഹം കഴിച്ചത്‌. വിവാഹശേഷമാണ്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക്‌ പൂര്‍ണമായി മുഴുകാനുള്ള ആഹ്വാനമുണ്ടായത്‌. അതിനെ ചെറുത്ത്‌ നിന്നതോടെ കഠിനമായ പീഡനങ്ങളാണ്‌ അനുഭവിക്കേണ്ടിവന്നതെന്ന്‌ ഈ കുട്ടികള്‍ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.
ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടി ഇവരുടെ വലയില്‍ വീണതുകൊണ്ടാണ്‌ അന്വേഷണം ഇവിടം വരെയെത്തിയതും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതും. എന്നാല്‍, അതിന്‌ കഴിയാത്ത 400ല്‍ അധികം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ട്‌ എന്നതാണ്‌ ഭീതിയുണര്‍ത്തുന്ന യാഥാര്‍ത്ഥ്യം. സാധുകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ സാമ്പത്തിക സഹായവും വസൃതവും മൊബെയില്‍ ഫോണും ജോലിയും വാഗ്ദാനം ചെയ്താണ്‌ പ്രണയപോരാളികള്‍ അവരെ റിക്രൂട്ട്‌ ചെയ്യുന്നത്‌.
ഇങ്ങനെ റിക്രൂട്ട്‌ ചെയ്യപ്പെട്ട ഈ പെണ്‍കുട്ടികളെ കുറിച്ച്‌ ഇപ്പോള്‍ വീട്ടുകാര്‍ക്കോ പോലീസിനൊ എത്തുംപിടിയുമില്ല. ഒരു സംഘട്ടനമുണ്ടാവുമ്പോഴോ വന്‍ തീവ്രവാദി ആക്രമണം ഉണ്ടാകുമ്പോഴോ മാത്രമേ ഇവര്‍ എവിടെയായിരുന്നു എന്ന്‌ ഇനി അറിയാന്‍ കഴിയുക.
ന്യൂനപക്ഷസംരക്ഷണത്തിന്റെ പേരില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന വഞ്ചനയുടെ മറവിലൂടെയാണ്‌ തീവ്രവാദി സംഘടനകള്‍ കേരളത്തിലെ പെണ്‍കുട്ടികളെ പോലും റിക്രൂട്ട്‌ ചെയ്തിട്ടുള്ളത്‌. സംഘടനകളെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. അത്‌ അവരുടെ പ്രവര്‍ത്തന രീതിയാണ്‌. എന്നാല്‍ അതേ കുറിച്ച്‌ സൂചനകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന പോലീസും പോലീസിനെ അനുവദിക്കാത്ത രാഷ്ട്രീയ നേതൃത്വവുമാണ്‌ കേരളക്യാമ്പസുകളില്‍ ഈ ലൗബോംബുകള്‍ സ്ഥാപിച്ചിട്ടുള്ളതും ലൗ ജിഹാദിന്റെ വലയിലേയ്ക്ക്‌ പെണ്‍കുട്ടികളെ ആട്ടിതെളിയിച്ചിട്ടുള്ളതും. ഇതിന്റെ തിരിച്ചടി അനുഭവത്തിലൂടെ മാത്രമേ എത്ര ഘോരമായിരിക്കും എന്ന്‌ മനസ്സിലാക്കാന്‍ കഴിയൂ ആതിരേ.