Sunday, May 9, 2010

എളമരം കരീമിന്റെ 'തലമണ്ടയില്‍' നിന്ന്‌ വികസനം വരുമ്പോള്‍


പശ്ചിമബംഗാളില്‍ സംഭവിക്കുന്നതെങ്കലും തിരിച്ചറിയാന്‍ എളമരം കരീമും വികസന വാദികളായ സഖാക്കളും ശ്രമിക്കേണ്ടതാണ്‌. നന്ദിഗ്രാമും സിംഗൂരും വികസനത്തിന്റെ പേരില്‍ കള്ളം പറയുന്ന ഇന്ത്യയിലെ മുഴുവന്‍ ഭരണാധികാരികളുടെയും മുഖത്തേക്കുള്ള ചൂണ്ടുപലകയായി നില്‍ക്കുന്നു. മാവോയിസ്റ്റ്‌ പ്രസ്ഥാനം ബുദ്ധദേവിന്റെയും അവിടത്തെ വികസനവാദികളായ എളമരം കരീമുകളുടെയും ഉറക്കം കെടുത്തി ഉറഞ്ഞാടുന്നു. 25 വര്‍ഷം കമ്യൂണിസ്റ്റുകള്‍ ഭരിച്ച ഒരു സംസ്ഥാനത്താണ്‌ മാവോയിസ്റ്റുകള്‍ ഇന്ന്‌ പിടി മുറുക്കിയിരിക്കുന്നത്‌. അതായത്‌ കഴിഞ്ഞ 25 വര്‍ഷത്തെ സഖാക്കളുടെ ഭരണം കൊണ്ടുണ്ടായ നേട്ടം മാവോയിസ്റ്റുകള്‍ക്കുള്ള വഴിയൊരുക്കലായിരുന്നു എന്ന്‌ അനുഭവം . മാര്‍ക്സിസ്റ്റ്‌ സഖാക്കളെ തട്ടിക്കൊണ്ടുപോയും വെടിവെച്ച്‌ കൊന്നും അവര്‍ പ്രതികാരം തീര്‍ക്കുന്ന വാര്‍ത്തകളുമായാണ്‌ ഇന്ന്‌ പശ്ചിമബംഗാളില്‍ ദിവസങ്ങള്‍ പുലരുന്നത്‌. അത്തരം രക്തരൂഷിതമായ ദിവസങ്ങള്‍ കേരളത്തില്‍ പുലരണം എന്നാണോ എളമരം കരീം അടക്കമുള്ളവര്‍ വാദിക്കുന്നത്‌.പിണറായിയും കോടിയേരിയും ഇ.പി.ജയരാജനും എളമരം കരീമുമൊക്കെ തട്ടിയേടുക്കപ്പെട്ട ശേഷം പാത്യോരത്ത്‌ വെടിയേറ്റു മരിച്ചു കിടക്കുന്നത്‌ അത്രയ്ക്കൊന്നും സുഖമുള്ള കാഴ്ചയായിരിക്കില്ലല്ലോ




"തെങ്ങിന്റെ തലമണ്ടയില്‍ നിന്ന്‌ വികസനം വരുമോ" എന്ന സര്‍വകാല യുക്തിപൂര്‍ണമായ ചോദ്യമുന്നയിച്ചത്‌ സഖാവ്‌ എളമരം കരീമായിരുന്നു , ആതിരെ. ഇതുവരെ വികസനത്തിനുവേണ്ടി ഇത്രയ്ക്കും ഉന്നത ശീര്‍ഷത്വമുള്ള ഒരു ചോദ്യം ആരും ഉന്നയിച്ചിട്ടില്ല; ബംഗാളിലെ ജ്യോതിബസുവിനോ ബുദ്ധദേവിനോ കഴിയാത്ത വികസനകാഴ്ചപ്പാടാണ്‌ എളമരം കരീമിന്റെ ഈ ചോദ്യത്തില്‍ സംവൃതമായി പ്രത്യക്ഷപ്പെട്ടത്‌.
തെങ്ങിന്റെ മണ്ടയില്‍ നിന്ന്‌, അതേസമയം വികസന സാധ്യത കണ്ട മറ്റൊരു സഖാവുണ്ട്‌. സാക്ഷാല്‍ ഇ.പി. ജയരാജന്‍. തെങ്ങിന്റെ മണ്ടയിലുണ്ടാകുന്ന കള്ള്‌ 'ഒരു ആഹാര ക്രമമാക്കി മാറ്റിയാല്‍' ഉണ്ടാകാവുന്ന സാധ്യതയാണ്‌ ആ സഖാവ്‌ വികസനലഹരിമൂത്ത്‌ അവതരിപ്പിച്ചത്‌. കള്ള്‌ എളമരത്തിന്‌ ഹറാമായതുകൊണ്ടാവാം അത്തരമൊരുചിന്ത ആ സഖാവിന്‌ ഉണ്ടാകാതെ പോയത്‌.
എന്നാല്‍,ആതിരേ, എളമരം കരീമിന്റെ തലമണ്ടയില്‍ നിന്നുവരുന്ന വികസന സ്വപ്നങ്ങള്‍ ഫലത്തില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കിടപ്പാടം മാത്രമല്ല, കുഴിമാടം വരെ കുളം തോണ്ടുന്ന ക്രൂരതയാണെന്നാണ്‌ കിനാലൂര്‌ വ്യക്തമാക്കുന്നത്‌.
കഴിഞ്ഞദിവസം കിനാലൂരില്‍ കെഎസ്‌ഐഡിസി പാര്‍ക്കിന്റെ റോഡ്‌ വികസനത്തിന്‌ സര്‍വേയ്ക്ക്‌ ഉദ്യോഗസ്ഥരെത്തിയത്‌ മൂലമുണ്ടായ സംഘര്‍ഷമാണ്‌. തല്‍സമയം കേരളീയരെങ്കിലും കണ്ടതുകൊണ്ട്‌ അതിന്റെ വിശദാംശങ്ങള്‍ പറയേണ്ടതില്ല. എന്നാല്‍ എന്തിനുവേണ്ടിയായിരുന്നു ഈ ലാത്തിചാര്‍ജും ഗ്രനേഡ്‌ പ്രയോഗവും എന്ന ചോദ്യമാണ്‌ മുഖ്യമന്ത്രി ഉന്നയിച്ചത്‌. ആ ചോദ്യത്തിന്‌ അദ്ദേഹത്തിന്‌ തന്നെ ഉത്തരം ലഭിച്ചതുകൊണ്ടാണ്‌ കിനാലൂരിലെ സര്‍വേ താല്‍ക്കാലികമായി നിര്‍ത്താനും കിനാലൂരുകാരെ മര്‍ദ്ദിച്ച കോടിയേരിയുടെ പോലീസിനെ പിന്‍വലിക്കാനും സംഭവത്തെ കുറിച്ച്‌ ഡിജിപി അന്വേഷിക്കണമെന്ന്‌ ഉത്തരവിട്ടതും.
പിണറായി വിജയനും ജയരാജനും എളമരം കരീമും കോടിയേരി ബാലകൃഷ്ണനും ഒക്കെ അടങ്ങുന്ന സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണില്‍ എന്നും വികസന വിരുദ്ധനാണ്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. അതുകൊണ്ടതുന്നെ അച്യുതാനന്ദന്റെ ഉത്തരവ്‌ വികസനവിരുദ്ധമാണെന്ന്‌ പാര്‍ട്ടി ഫോറങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും പോളിറ്റ്‌ ബ്യൂറോയിലേക്കുള്ള അദ്ദേഹത്തിന്റെ പുനഃപ്രവേശനം തടയാനും കാരണമാക്കാന്‍ മേല്‍ സൂചിപ്പിച്ചവര്‍ക്കെല്ലാം കഴിഞ്ഞേക്കും.അത്‌ പാര്‍ട്ടികാര്യം.എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനമാണ്‌ ജനകീയമെന്ന്‌ വിശ്വസിക്കാനും കിനാലൂരില്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന്‌ ഇരയായവര്‍ക്കൊപ്പം നിന്ന്‌ എളമരം കരീമിന്റെ വികസന സ്വപ്നങ്ങളില്‍ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടടിക്കാനും തന്നെയാണ്‌, ആതിരേ, കേരളത്തിലെ പൊതുസമൂഹത്തിന്‌ താല്‍പ്പര്യം. അത്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ സംഭവത്തിന്‌ ശേഷം എളമരം കരീമിന്‌ പത്രസമ്മേളനം നടത്തേണ്ടിവന്നത്‌. "കിനാലൂരില്‍ നടന്ന സംഭവം ആസൂത്രിതമാണ്‌. മുമ്പേ തയ്യാറാക്കിയ തിരക്കഥ പോലെയാണ്‌ കിനാലൂരില്‍ അക്രമം നടന്നത്‌. സംഘര്‍ഷം രാഷ്ട്രീയവത്കരിക്കാനാണ്‌ ഇപ്പോള്‍ ശ്രമം നടന്നുവരുന്നത്‌. സ്ഥലത്തെ റോഡ്‌ വികസനം യുഡിഎഫ്‌ അംഗീകരിച്ചതാണ്‌. അവര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ്‌ റോഡ്‌ വികസനം സംബന്ധിച്ച തീരുമാനമെടുത്തത്‌. സമരത്തിന്‌ വന്നവര്‍ അക്രമത്തിന്‌ തയ്യാറായാണ്‌ വന്നത്‌. കല്ല്‌, വടി, ചാണകവെള്ളം എന്നിവയെല്ലാം കരുതിവെച്ചിരുന്നു..... പരമാവധി പിടിച്ചുനിന്നശേഷം നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ്‌ പോലീസ്‌ തിരിച്ചടിച്ചത്‌. സ്ഥലത്ത്‌ സംഘര്‍ഷമുണ്ടാകുമെന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ സര്‍വെ ഒഴിവാക്കുമായിരുന്നു..... റോഡ്‌ വികസിപ്പിക്കുന്നത്‌ വ്യാവസായി പുരോഗതിക്കാണ്‌. 2008-09 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഈ റോഡ്‌ വികസനത്തിന്‌ 25 കോടി അനുവദിച്ചിരുന്നു" .
എളമരത്തിന്റെ തലമണ്ടയില്‍ നിന്ന്‌ വികസന സ്വപ്നങ്ങളും 'വികസന വിരോധികളുടെ ആസൂത്രിത ശ്രമങ്ങളും ' എത്ര സുന്ദരമായാണ്‌ വാക്കുകളായത്‌. കിനാലൂരിലെ പോലീസിന്റെ കിരാതത്വം റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കാനും ഇതിനിടയില്‍ എളമരം സമയം കണ്ടെത്തുകയും ചെയ്തു.എന്നാല്‍ ആസൂത്രിതമായി കള്ളം പറഞ്ഞത്‌ എളമരം കരീമാണെന്ന്‌ സംഭവത്തിന്റെ തത്സമയ സംപ്രേക്ഷണം കണ്ടവര്‍ക്കെല്ലാമറിയാം.എന്നിട്ടും പരസ്യമായി കള്ളം പറയാന്‍ എളമരത്തിന്‌ ഉളുപ്പുണ്ടായില്ല.എന്നു മാത്രമല്ല പത്രസമ്മേളനത്തില്‍ സര്‍വേ സംബന്ധിച്ച്‌ എളമരം പറഞ്ഞ കാര്യങ്ങള്‍ നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന്‌ പിന്നീട്‌ ഈ വിഷയത്തെ കുറിച്ച്‌ ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണവും വ്യക്തമാക്കി.
എളമരവും സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വവും കരുതുന്നപോലെ വിഡ്ഢികളൊന്നുമല്ല, ആതിരേ, കേരളത്തിലെ ജനങ്ങള്‍. ഭൂമാഫിയയുമായി ബന്ധപ്പെട്ട്‌ ഇവര്‍ മുന്നോട്ട്‌ വെയ്ക്കുന്ന വികസന സ്വപ്നങ്ങളിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞിട്ടു തന്നെയാണ്‌ ചാണകവെള്ളം ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കരുതി ആസൂത്രിതമായ ചെറുത്തുനില്‍പ്പുകള്‍ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത്‌. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയില്‍ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെട്ട സാധുക്കള്‍ക്ക്‌ മുഖ്യമന്ത്രി അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തില്‍ നല്‍കിയ വാഗ്ദാനം പോലും ഇനിയും പാലിച്ചിട്ടില്ല, ആതിരേ... ചൂണ്ടിക്കാണിക്കാന്‍ ഇതുപോലെ നിരവധി വഞ്ചനകളുണ്ട്‌. എളമരം കരീമിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മൂലധന സമാഹര്‍ത്താക്കള്‍ക്കോ ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നില്ല. മറിച്ച്‌ വ്യവസായ വികസനത്തിന്റെ പേരില്‍ സാധുജനവിഭാഗങ്ങളുടെ കുടികിടപ്പും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളും മൂലധനാധിനിവേശ ശക്തികള്‍ക്ക്‌ തീറെഴുതാനാണ്‌ താല്‍പ്പര്യം. വളന്തക്കാട്‌ ദ്വീപ്‌ ശോഭാ ഡവലപ്പേഴ്സിന്‌ വില്‍ക്കാന്‍ എളമരം കരീം നടത്തിയ അടിവലികള്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ ഇന്ന്‌ കാണാപ്പാഠമാണ്‌.
തിരിച്ചുവരാം; കിനാലൂരില്‍ നടക്കാന്‍ പോകുന്ന വ്യവസായ വികവസനത്തിലേക്ക്‌ തന്നെ. കോഴിക്കോട്‌ നഗരത്തില്‍നിന്ന്‌ 24 കിലോമീറ്റര്‍ ദൂരമുള്ള കിനാലൂരില്‍ നാലുവരിപ്പാത നിര്‍മ്മിക്കാനാണ്‌ കഴിഞ്ഞദിവസം സര്‍വേ നടത്താന്‍ ശ്രമിച്ചത്‌. കിനാലൂരില്‍ ഒരു ഉപഗ്രഹനഗരി സൃഷ്ടിക്കാനായിരുന്നു എളമരം ഉള്‍പ്പെടെയുള്ളവരുടെ ഗൂഢപദ്ധതി. ഇതിനായി മലേഷ്യന്‍ കമ്പനിയുമായി 2007ല്‍ ഒരു കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍, മലേഷ്യന്‍ കമ്പനി പിന്‍മാറുകയും വന്‍ തോതിലുള്ള മറ്റ്‌ വ്യവസായ സംരംഭങ്ങള്‍ കിനാലൂരില്‍ ആരംഭിക്കാന്‍ കരാറിലില്ലാതിരുന്നിട്ടും എന്തിനാണ്‌ അവിടേക്ക്‌ നാലുവരി പാത എന്ന ചോദ്യത്തിന്‌ എളമരം ഇപ്പോള്‍ തന്ന ഉത്തരമൊന്നും ഒരിക്കലും യോജിക്കുന്നതല്ല. കരാറില്‍ നിന്ന്‌ മലേഷ്യന്‍ കമ്പനി പിന്‍വാങ്ങിയ വാസ്തവം ഇതുവരെ തമസ്കരിച്ചത്‌ എന്തിനായിരുന്നു? എന്നിട്ടും എന്തിനാണ്‌ ഇപ്പോള്‍ നാലുവരിപ്പാത അങ്ങോട്ടേയ്ക്ക്‌ നിര്‍മ്മിക്കുന്നത്‌?
നാല്‌ പഞ്ചായത്തുകളില്‍ ഏക്കറുകണക്കിന്‌ പാടം നികത്തി 600 ഓളം കുടുംബങ്ങളെ റോഡിന്‌ വേണ്ടി കുടിയൊഴിപ്പിക്കേണ്ട സാഹചര്യത്തിലാണ്‌ ജനജാഗ്രതാ സമിതി എന്ന പേരില്‍ നാട്ടുകാര്‍ സംഘടിച്ച്‌ കഴിഞ്ഞ നാലുതവണ റോഡ്‌ സര്‍വേയ്ക്ക്‌ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴും തടഞ്ഞത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞദിവസം വന്‍ പോലീസ്‌ സന്നാഹത്തോടെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്കെത്തിയത്‌. വാസ്തവം ഇതായിരിക്കേ പത്രസമ്മേളനത്തില്‍ എത്ര പച്ചക്കള്ളമാണ്‌, ഒരു ഉളുപ്പുമില്ലാതെ എളമരം പറഞ്ഞതെന്ന്‌ ഓര്‍ക്കുക. ഈ കള്ളത്തരങ്ങള്‍ ഇനി അനുവദിക്കാന്‍ തയ്യാറില്ല എന്ന്‌ കേരളത്തിലെ സാധാരണ ജനങ്ങള്‍ പറഞ്ഞാല്‍ അത്‌ വികവസനവിരുദ്ധ നിലപാടല്ല, മറിച്ച്‌ എളമരം കരീം അടക്കമുള്ള സഖാക്കളുടെ മൂലധന വികിസന കുതന്ത്രങ്ങള്‍ക്കെതിരായുള്ള ജനകീയ പ്രതിരോധമാണ്‌.
ദേശീയ പാതയുടെ വീതി 45 മീറ്റര്‍ ആയിരിക്കണമെന്ന കേന്ദ്രത്തിന്റെ നിഷ്കര്‍ഷ 30 മീറ്ററാക്കി കുറക്കണം എന്നാവശ്യപ്പെട്ട്‌ സര്‍വ്വകക്ഷി സംഘം കഴിഞ്ഞദിവസമാണ്‌ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട്‌ ആവലാതി ബോധിപ്പിച്ചത്‌. റോഡ്‌ വികസനം വരുമ്പോള്‍ ഇടിച്ചുനിരത്തേണ്ടി വരുന്ന ബാറുടമകള്‍ക്ക്‌ വേണ്ടിയാണ്‌ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച്‌ ഇത്തരം ഒരാവശ്യം കേന്ദ്രത്തിന്റെ മുമ്പില്‍ യാചനാപൂര്‍വം സമര്‍പ്പിച്ചതെന്നോര്‍ക്കണം. ദേശീയ പാതക്കരികിലെ ബാര്‍ ഉടമകളെയും സമ്പന്നന്മാരെയും സംരക്ഷിച്ച്‌ ഒരു സെന്റിലും രണ്ട്‌ സെന്റിലും കുടില്‍ കെട്ടി കഴിയുന്ന സാധാരണ ജനങ്ങളെ കുടിയൊഴിപ്പിച്ച്‌ കിനാലൂരില്‍ നാലുവരിപ്പാത ഉണ്ടാക്കണമെന്ന്‌ ശഠിക്കുന്നത്‌ എന്തിനാണെന്ന്‌ തിരിച്ചറിയാന്‍, ആതിരേ ഇന്ന്‌ കേരളീയര്‍ക്ക്‌ ബോധമുണ്ട്‌.
വ്യാവസായിക വികസനത്തിലൂടെ മാത്രമേ കേരളത്തിന്‌ പുരോഗതിയുണ്ടാകൂ എന്ന്‌ വാദിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്‌. വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടി വന്‍തോതില്‍ സ്ഥലം അക്വയര്‍ ചെയ്യാനാണ്‌ ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിച്ച്‌ വ്യവസായ വികസനം വരുത്താനാവുമെന്നാണിവരുടെ വാദം.. എന്നാല്‍, പ്രത്യേക സാമ്പത്തിക മേഖലകളില്‍, റിസര്‍വ്‌ ബാങ്കിന്റെ ഇപ്പോഴത്തെ നിര്‍ദേശമനുസരിച്ച്‌ ബാങ്ക്‌ ലോണ്‍ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുകയില്ല. അപ്പോള്‍ അത്തരം സ്ഥലങ്ങളില്‍ പുതിയ വ്യവസായങ്ങള്‍ വരില്ലെന്നത്‌ പകല്‍ പോലെയുള്ള വാസ്തവം.അപ്പോള്‍ ഇത്തരം പ്രത്യേക സാമ്പത്തീക മേഖലകള്‍ ഭൂമാഫിയക്ക്‌ കൈമാറുക മാത്രമാണ്‌ പിന്നീടവശേഷിക്കുന്ന സാധ്യത. ഈ കൈമാറ്റത്തിനും ഭൂമാഫിയയുമായി കൈകോര്‍ത്തുകൊണ്ടുള്ള പാര്‍ട്ടിയുടെയും സഖാക്കളുടെയും മൂലധന വികസനത്തിനും വേണ്ടിയുള്ള ശ്രമമാണ്‌ വ്യവസായ വികസനമെന്ന രണ്ടുപദങ്ങള്‍ക്കുള്ളില്‍ എളമരം അടക്കമുള്ളവര്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്‌. ഈ ഒതുക്കല്‍ തന്ത്രം കേരളം തിരിച്ചറിയുന്നു എന്നതാണ്‌ ഇവരുടെയൊക്കെ ഗതികേട്‌.
പശ്ചിമബംഗാളില്‍ സംഭവിക്കുന്നതെങ്കലും തിരിച്ചറിയാന്‍ എളമരം കരീമും വികസന വാദികളായ സഖാക്കളും ശ്രമിക്കേണ്ടതാണ്‌. നന്ദിഗ്രാമും സിംഗൂരും വികസനത്തിന്റെ പേരില്‍ കള്ളം പറയുന്ന ഇന്ത്യയിലെ മുഴുവന്‍ ഭരണാധികാരികളുടെയും മുഖത്തേക്കുള്ള ചൂണ്ടുപലകയായി നില്‍ക്കുന്നു. മാവോയിസ്റ്റ്‌ പ്രസ്ഥാനം ബുദ്ധദേവിന്റെയും അവിടത്തെ വികസനവാദികളായ എളമരം കരീമുകളുടെയും ഉറക്കം കെടുത്തി ഉറഞ്ഞാടുന്നു. 25 വര്‍ഷം കമ്യൂണിസ്റ്റുകള്‍ ഭരിച്ച ഒരു സംസ്ഥാനത്താണ്‌ മാവോയിസ്റ്റുകള്‍ ഇന്ന്‌ പിടി മുറുക്കിയിരിക്കുന്നത്‌. അതായത്‌ കഴിഞ്ഞ 25 വര്‍ഷത്തെ സഖാക്കളുടെ ഭരണം കൊണ്ടുണ്ടായ നേട്ടം മാവോയിസ്റ്റുകള്‍ക്കുള്ള വഴിയൊരുക്കലായിരുന്നു എന്ന്‌ അനുഭവം . മാര്‍ക്സിസ്റ്റ്‌ സഖാക്കളെ തട്ടിക്കൊണ്ടുപോയും വെടിവെച്ച്‌ കൊന്നും അവര്‍ പ്രതികാരം തീര്‍ക്കുന്ന വാര്‍ത്തകളുമായാണ്‌ ഇന്ന്‌ പശ്ചിമബംഗാളില്‍ ദിവസങ്ങള്‍ പുലരുന്നത്‌. അത്തരം രക്തരൂഷിതമായ ദിവസങ്ങള്‍ കേരളത്തില്‍ പുലരണം എന്നാണോ എളമരം കരീം അടക്കമുള്ളവര്‍ വാദിക്കുന്നത്‌.പിണറായിയും കോടിയേരിയും ഇ.പി.ജയരാജനും എളമരം കരീമുമൊക്കെ തട്ടിയേടുക്കപ്പെട്ട ശേഷം പാത്യോരത്ത്‌ വെടിയേറ്റു മരിച്ചു കിടക്കുന്നത്‌ അത്രയ്ക്കൊന്നും സുഖമുള്ള കാഴ്ചയായിരിക്കില്ലല്ലോ ആതിരേ...!

Saturday, May 8, 2010

നാര്‍കോ വിധി: കറതീര്‍ന്ന ജുഡീഷ്യല്‍ ക്രിമിനലിസം


2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയില്‍ വളരെ സങ്കീര്‍ണമായ ഒരു പരാമര്‍ശം ചീഫ്‌ ജസ്റ്റിസ്‌ എഴുതി വച്ചിട്ടുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ തെളിവുകളായി അംഗീകരിക്കപ്പെടില്ലെങ്കിലും ഇവ ജഡ്ജിമാരെ സ്വാധീനിക്കും എന്നാണ്‌ സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്‌. തെളിവുകളുടെ അടിസ്ഥാനത്തിലല്ല പലപ്പോഴും വിധി പ്രഖ്യാപനം നടക്കുന്നതെന്നും തെളിവുകള്‍ക്കുപരിയായ മറ്റു ഘടകങ്ങള്‍ വിധിന്യായത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള സാധാരണക്കാരന്റെ നിഗമനങ്ങള്‍ ശരിയാണെന്ന്‌ സമ്മതിക്കുകയായിരുന്നു ഈ പരാമര്‍ശത്തിലൂടെ ചീഫ്‌ ജസ്റ്റിസും സഹജഡ്ജിമാരും. അവരുടെ ആ യുക്തി വലിച്ചുനീട്ടി വിശകലനം ചെയ്താല്‍ ഈ വിധിയെ സ്വാധീനിച്ച ഘടകങ്ങള്‍ മറ്റുപലതുമുണ്ടെന്ന്‌ ഊഹിക്കേണ്ടിവരും. ഇത്തരം ദുര്‍ചിന്തകളിലേക്ക്‌ പൊതുസമൂഹത്തെയും നീതി കാംക്ഷിച്ച്‌ കോടതികളില്‍ അഭയം പ്രാപിക്കുന്നവരെയും തള്ളിവിടുന്നത്‌ ന്യായ പാലനത്തിനും നീതി നിര്‍വഹണത്തിനും ഭൂഷണമാണോ എന്നും ബഹുമാന്യരായ ജസ്റ്റിസുമാര്‍ വ്യക്തമാക്കേണ്ടതുണ്ട്‌. കൊടും കുറ്റവാളികള്‍ക്ക്‌ ആശ്വാസം നല്‍കാനുള്ളതാണോ ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്നവരുടെ ലക്ഷ്യവുമെന്ന്‌ വീണ്ടും ചോദിക്കേണ്ടിവരുന്നു.



ആതിരേ, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആ മുഖക്കുറിപ്പുണ്ടല്ലോ : "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌" അതാണ്‌ പൊതുസമൂഹത്തിന്റെ അനുഭവത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്തയുടെ ക്രമക്കേട്‌. ഭരണകൂടവും അധികാരി വര്‍ഗവും സമ്പന്ന മേല്‍ക്കോയ്മകളും പന്തു തട്ടുന്ന നിസ്വരും സാധാരണക്കാരുമായ ഇന്ത്യന്‍ പൗരന്റെ അവകാശങ്ങളല്ല പലപ്പോഴും പരമോന്നത ന്യായപീഠം മുതല്‍ താഴെത്തട്ടിലുള്ള നീതി നിര്‍വഹണ സംവിധാനങ്ങള്‍ വരെ സംരക്ഷിക്കുന്നത്‌. ദുര്‍ബലവിഭാഗത്തിന്റെയും ദരിദ്ര സമൂഹത്തിന്റെയും ചൂഷിതരുടെയും നീതിയല്ല ഈ വ്യവസ്ഥയില്‍ ഉറപ്പാക്കപ്പെടുന്നത്‌. ആദ്യം സൂചിപ്പിച്ചതും പാരെങ്ങും പുകഴ്ത്തുന്നതുമായ ആ മുഖവാക്യത്തിന്റെ മറവില്‍ സാമ്പത്തികവും രാഷ്ട്രീയവും സാമുദായികവും പ്രാദേശികവുമായ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന വ്യക്തിക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ നീതിന്യായ വ്യവസ്തയെ ഹൈജാക്ക്‌ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌, കഴിയുന്നുണ്ട്‌, ഇനി കഴിയുകയും ചെയ്യും.
ആസൂത്രിതമായ ഈ നീതി അട്ടിമറിയുടെ മറ്റൊരു മുഖമായിട്ടുവേണം ആതിരേ, നാര്‍ക്കോ അനാലിസിസ്‌, പോളിഗ്രാഫ്‌, ബ്രെയിന്‍ മാപ്പിംഗ്‌ തുടങ്ങിയ അന്വേഷണ രീതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍, ജഡ്ജിമാരായ ആര്‍.വി രവീന്ദ്രന്‍, ജെ.എം. പഞ്ചാല്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയെ വിലയിരുത്തേണ്ടത്‌. 'സ്വന്തം സമ്മതമില്ലാതെ നാര്‍ക്കോ അനാലിസിസ്‌, ബ്രെയിന്‍ മാപ്പിംഗ്‌, പോളിഗ്രാഫ്‌ എന്നിവയ്ക്ക്‌ ഒരാളെ വിധേയമാക്കുന്നത്‌ ഭരണഘടനാ ലംഘനമാണെ"ന്നാണ്‌ പരമോന്നത നീതിപീഠം വിധിച്ചത്‌.ഈ മൂന്ന്‌ പരിശോധനകളും വ്യക്തിയുടെ സ്വകാര്യതയിലും മൗനം പാലിക്കാനുള്ള സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്നും ഇത്‌ ക്രൂരവും മനുഷ്യത്വ രഹിതവും തരം താഴ്ത്തുന്നതുമായ നടപടിയാണെന്നും സുപ്രീം കോടതി വിലയിരുത്തി. കുറ്റാരോപിതനെ അയാള്‍ക്കുതന്നെ എതിരായി സാക്ഷിയാകാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന ഭരണഘടനാ വകുപ്പിന്റെയും (20-3) വ്യക്തിസ്വാതന്ത്ര്യത്തിന്റെയും (വകുപ്പ്‌ 21) ലംഘനമാണ്‌ നിര്‍ബന്ധിത പരിശോധനയെന്നും കോടതി വിശദീകരിച്ചു. നാര്‍ക്കോ പരിശോധനക്ക്‌ വിധേയമാക്കുന്നത്‌ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്ത പതിമൂന്ന്‌ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍, താനടങ്ങുന്ന ബഞ്ചിനുവേണ്ടി, 251 പേജുള്ള വിധിയെഴുതിയത്‌.
പോളിഗ്രാഫിന്‌ വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2000ല്‍ പുറത്തിറക്കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ നാര്‍ക്കോ അനാലിസിസിനും ബ്രെയിന്‍ മാപ്പിങ്ങിനും ബാധകമാക്കിക്കൊണ്ടും കോടതി ഉത്തരവായിട്ടുണ്ട്‌. പരിശോധനാപരമായ ഈ നിബന്ധനകള്‍ പ്രതികളുടെ മാത്രമല്ല, സാക്ഷികളുടെയും മേറ്റ്ല്ലാവരുടെയും കാര്യത്തില്‍ ബാധകമാണെന്നും ഈ മൂന്ന്‌ പരിശോധനയിലും തെറ്റുപറ്റാന്‍ സാധ്യതയുണ്ടെന്നും ഈ പരിശോധനകള്‍ക്ക്‌ വിധേയരാക്കുമെന്ന്‌ ഭീഷണിപ്പെടുത്തി മൊഴിയെടുക്കുന്ന രീതി വ്യക്തിസ്വാതന്ത്ര്യത്തിന്‌ എതിരാണെന്നും സുപ്രീം കോടതി വിധിച്ചു.
അതേ, ആതിരേ,പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ സ്റ്റേറ്റിനും ജുഡീഷ്യറിക്കും ഉത്തരവാദിത്തമുണ്ട്‌. എന്നാല്‍, ഈ സംരക്ഷണത്തിന്‌ ആരൊക്കെയാണ്‌ അര്‍ഹരാകുന്നതെന്ന്‌ വിശകലനം ചെയ്യുമ്പോഴാണ്‌ ഇപ്പോഴുണ്ടായിട്ടുള്ള കോടതിവിധിയിലെ നീതിരാഹിത്യം വ്യക്തമാവുക. രാജ്യത്തെ നിയമം അനുസരിച്ചും സഹജീവികള്‍ക്ക്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെയും സമാധാനപൂര്‍ണമായ ജീവിതം നയിക്കുന്ന പൗരന്മാരുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവുമാണ്‌ 20-3, വകുപ്പ്‌ 21 എന്നിവയിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. അല്ലാതെ എല്ലാവിധ സമൂഹവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തിട്ടും രാഷ്ട്രീയവും സാമുദായികവും മതപരവും സാമ്പത്തീകവും പ്രാദേശികവുമായ ശക്തികളുടെ അടിസ്ഥാനത്തില്‍ താന്‍ നിരപരാധിയാണെന്ന്‌ വാദിക്കുന്ന നിയമലംഘകര്‍ക്കുള്ളതല്ല. സുപ്രീം കോടതിയുടെ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിമൂലം 500ല്‍ അധികം നിര്‍ണായക കേസുകളുടെ തുടരന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്‌. രാഷ്ട്രത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളും അഴിമതികളും വഞ്ചനകളുമൊക്കെ നടത്തിയവരാണ്‌ ഈ കേസുകളിലെ പ്രതികള്‍. ഇവര്‍ക്ക്‌ നിയമമനുസരിച്ച്‌ ജീവിക്കുന്ന പൗരന്‌ ലഭിക്കേണ്ട വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതാ സ്വാതന്ത്ര്യവും അനുവദിക്കണമെന്ന്‌ സുപ്രീം കോടതി പോലെ ഉള്ള ഉന്നത നീതി പീഠങ്ങള്‍ വിധിക്കുമ്പോള്‍ നീതി നിര്‍വഹണം ഏതെല്ലാം തലത്തിലാണ്‌ അട്ടിമറിക്കപ്പെടുന്നതെന്ന്‌ ഊഹിക്കുക.
2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയുടെ അടിസ്ഥാനത്തില്‍ ഏതൊരു കുറ്റവാളിക്കും പോലീസ്‌ ചോദ്യം ചെയ്യലില്‍ മൗനം പാലിക്കാനുള്ള അവകാശം സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്‌. സ്വകാര്യത നിലനിര്‍ത്താനും മൗനം പാലിക്കാനുമുള്ള അവകാശം സുപ്രീം കോടതി നിര്‍ണായക വിധിയിലൂടെ സംരക്ഷിച്ചിട്ടുണ്ട്‌ എന്ന്‌ വാദിച്ച്‌ ഒരു കൊടും കുറ്റവാളി മൗനം പാലിച്ചാല്‍ അവനില്‍ നിന്ന്‌ എങ്ങനെ ആരോപിക്കപ്പെട്ട കുറ്റം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന്‌ വ്യക്തമാക്കാന്‍ ഈ ഭൂമികയില്‍ സുപ്രീം കോടതിക്കും വിധി പ്രഖ്യാപിച്ച ന്യായാധിപന്മാര്‍ക്കും ഉത്തരവാദിത്തമുണ്ട്‌.
നാര്‍ക്കോയും ബ്രെയിന്‍ മാപ്പിംഗും പോളിഗ്രാഫും പാശ്ചാത്യ നാടുകളില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നത്‌ ശരിയാണ്‌. ഈ മാര്‍ഗങ്ങള്‍ കൂടാതെ കുറ്റകൃത്യം തെളിയിക്കാനുള്ള മറ്റ്‌ ശാസ്ത്രീയ മാര്‍ഗങ്ങളും രീതികളും അവിടത്തെ പോലീസിനുണ്ട്‌. അത്തരം രീതികളില്‍ മികച്ച പരിശീലനം സിദ്ധിച്ച പോലീസ്‌ ഉദ്യോഗസ്ഥരും അവിടെയുണ്ട്‌. അവരുമായി ഇന്ത്യയിലെ പോലീസ്‌ സേനയേയും അതിന്റെ കേസന്വേഷണ രീതിയെയും തട്ടിച്ചുനോക്കാന്‍ വിധി പ്രഖ്യാപിച്ച ബഹുമാന്യരായ ജഡ്ജിമാര്‍ തയ്യാറാകേണ്ടതായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ മൂലവും സാമ്പത്തിക ഇടപെടല്‍ മൂലവും സാമുദായിക ഇടപെടല്‍ മൂലവും പ്രാദേശിക ഇടപെടല്‍ മൂലവും പലപ്പോഴും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വേട്ടപ്പട്ടികളാണ്‌ ആതിരേ, ഇന്ത്യയിലെ പോലീസുകാര്‍. ഇരകളെ വേട്ടക്കാര്‍ക്കൊപ്പം കടിച്ചുകീറുന്ന ക്രൂരതയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികളുമാണ്‌ ഇവരില്‍ നിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. മൂന്നാംമുറയാണ്‌ ഇപ്പോഴും കേസ്‌ തെളിയിക്കാന്‍ ഇന്ത്യയിലെ പോലീസ്‌ അവലംബിക്കുന്ന പ്രധാന മാര്‍ഗം. ഇതുമൂലമുണ്ടായിട്ടുള്ള കസ്റ്റഡി മരണങ്ങളുടെ കണക്ക്‌ വിധിപ്രഖ്യാപിച്ച ചീഫ്‌ ജസ്റ്റിസ്‌ അടക്കമുള്ളവര്‍ക്ക്‌ അറിവുണ്ടായിരിക്കേണ്ടതാണ്‌. മൂന്നാംമുറ പ്രയോഗിച്ചാലും സത്യം പറയാത്ത കഠിന കുറ്റവാളികളാണ്‌ പലകേസുകളിലും പോലീസിന്റെ കൈകളില്‍ എത്തുന്നത്‌. ഇതില്‍ തെരുവില്‍അലയുന്നവര്‍ മുതല്‍ നീതിന്യായ വ്യവസ്ഥയുമായ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന മാന്യമാര്‍ വരെ ഉള്‍പ്പെടുന്നുണ്ട്‌. ഇവരില്‍ നിന്ന്‌ വലിയ അപകടം കൂടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യയിലെ പോലീസിന്‌ സഹായകമായ മൂന്ന്‌ മാര്‍ഗങ്ങളായിരുന്നു നാര്‍ക്കോയും ബ്രെയിന്‍ മാപ്പിംഗും പോളിഗ്രാഫും. അത്‌ ഇനിമേലാല്‍ പാടില്ല എന്ന്‌ സുപ്രീം കോടതി വിധിക്കുമ്പോള്‍ നീതിയും നിയമവും ന്യായവും നടപ്പിലാക്കണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷമായ പോലീസുകാര്‍ ഇനിയെന്ത്‌ മാര്‍ഗം അവലംബിക്കണമെന്ന്‌ പരമോന്നത നീതിപീഠം തന്നെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ച്‌ നിരോധിച്ചതുകൊണ്ട്‌ തീര്‍ച്ചയായും മൂന്നാം മുറ പ്രയോഗം വര്‍ധിക്കും കസ്റ്റഡിമരണങ്ങള്‍ കൂടും. ആരായിരിക്കും അപ്പോള്‍ അതിന്റെ ഉത്തരവാദികള്‍ ? ഉത്തരം പറയാന്‍, ആതിരേ ചീഫ്‌ ജസ്റ്റിസ്‌ അടക്കമുള്ളവര്‍ നിര്‍ബന്ധിതരാണ്‌.
2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയില്‍ വളരെ സങ്കീര്‍ണമായ ഒരു പരാമര്‍ശം ചീഫ്‌ ജസ്റ്റിസ്‌ എഴുതി വച്ചിട്ടുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ തെളിവുകളായി അംഗീകരിക്കപ്പെടില്ലെങ്കിലും ഇവ ജഡ്ജിമാരെ സ്വാധീനിക്കും എന്നാണ്‌ സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്‌. തെളിവുകളുടെ അടിസ്ഥാനത്തിലല്ല പലപ്പോഴും വിധി പ്രഖ്യാപനം നടക്കുന്നതെന്നും തെളിവുകള്‍ക്കുപരിയായ മറ്റു ഘടകങ്ങള്‍ വിധിന്യായത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള സാധാരണക്കാരന്റെ നിഗമനങ്ങള്‍ ശരിയാണെന്ന്‌ സമ്മതിക്കുകയായിരുന്നു ഈ പരാമര്‍ശത്തിലൂടെ ചീഫ്‌ ജസ്റ്റിസും സഹജഡ്ജിമാരും. അവരുടെ ആ യുക്തി വലിച്ചുനീട്ടി വിശകലനം ചെയ്താല്‍ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയെ സ്വാധീനിച്ച ഘടകങ്ങള്‍ മറ്റുപലതുമുണ്ടെന്ന്‌ ഊഹിക്കേണ്ടിവരും. ഇത്തരം ദുര്‍ചിന്തകളിലേക്ക്‌ പൊതുസമൂഹത്തെയും നീതി കാംക്ഷിച്ച്‌ കോടതികളില്‍ അഭയം പ്രാപിക്കുന്നവരെയും തള്ളിവിടുന്നത്‌ ന്യായ പാലനത്തിനും നീതി നിര്‍വഹണത്തിനും ഭൂഷണമാണോ എന്നും ബഹുമാന്യരായ ജസ്റ്റിസുമാര്‍ വ്യക്തമാക്കേണ്ടതുണ്ട്‌.
അഭയക്കേസിലെ പ്രതിയായ മുന്‍ എസ്പി കെ.ടി. മൈക്കിളിനും മറ്റ്‌ രണ്ടുപ്രതികള്‍ക്കും, 7800 കോടിയുടെ സത്യം കമ്പ്യൂട്ടേഴ്സ്‌ കുംഭകോണ കേസിലെ മുഖ്യപ്രതി രാമലിംഗരാജുവിനും, രുചിക എന്ന കൗമാരക്കാരിയെ കടിച്ചുകീറി കൊന്ന ലൈംഗീക ചെകുത്താന്‍ എസ്‌.പി എസ്‌. റാത്തോഡിനുമെല്ലാം ഈ വിധി വളരെ വളരെ ആശ്വാസം പ്രധാനം ചെയ്യുന്നുണ്ട്‌. ഇത്തരം കൊടും കുറ്റവാളികള്‍ക്ക്‌ ആശ്വാസം നല്‍കാനുള്ളതാണോ ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്നവരുടെ ലക്ഷ്യവുമെന്ന്‌ വീണ്ടും ചോദിക്കേണ്ടിവരുന്നു, ആതിരേ... വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാക്‌ ഭീകരന്‍ കസബില്‍ നിന്ന്‌ അന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചത്‌ നാര്‍ക്കോ അനാലിസിസലൂടെയായിരുന്നു. ഗോദ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിലും ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിഥാരി കൂട്ടക്കൊലക്കേസിലും ആരുഷി വധക്കേസിലും മാലേഗാവ്‌ ബോംബ്‌ സ്ഫോടന കേസിലുമെല്ലാം തുടരന്വേഷണത്തിന്‌ പ്രയോജനപ്രദമായ വിവരങ്ങള്‍ ലഭിച്ചത്‌ നാര്‍ക്കോ അനാലിസിസലൂടെയായിരുന്നു. ഇത്തരമൊരു സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഈ ക്രിമിനലുകളില്‍ നിന്ന്‌ കേസന്വേഷണത്തിന്‌ സഹായകമായ ഒരു വിവരവും ലഭിക്കുമായിരുന്നില്ല.
വസ്തുത ഇതായിരിക്കേ ഭരണഘടനാ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ഈ മൂന്ന്‌ അന്വേഷണ രീതികളെയും നിരോധിച്ചത്‌ തീര്‍ച്ചയായും ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ നീതി നിര്‍വ്വഹണത്തെ അട്ടിമറിക്കുന്ന നീതിപീഠൈടപെടല്‍ തന്നെയാണ്‌. കോടതികുളടെ ഇത്തരം നിലപാടുകളാണ്‌ നിരപരാധികള്‍ക്ക്‌ നീതി നിഷേധിക്കുന്നതും അപരാധികളെ ശിക്ഷയില്‍ നിന്ന്‌ രക്ഷിക്കുന്നതും. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ആ അര്‍ത്ഥത്തില്‍ നീതിനിര്‍വഹണ പ്രക്രിയക്ക്‌ തടയിട്ടിരിക്കുകയാണ്‌. അതു ക്കൊണ്ട്‌ നാര്‍കോ, പോളിഗ്രാഫ്‌, ബ്രയിന്‍ മാപ്പിംഗ്‌ തുടങ്ങിയവയിലുണ്ടായ സുപ്രീം കോടതി വിധിയെ ജുഡീഷ്യല്‍ ക്രിമിനലിസം എന്നു തന്നെ വിശേഷിപ്പിക്കണം, ആതിരേ

Wednesday, May 5, 2010

അഴിമതിയുടെ പുളപ്പും അനീതിയുടെ ശ്രീമതിയും

ജനവഞ്ചനയും വാഗ്ദാന ലംഘനവും ആഢംബര ജീവിതവും മുഖമുദ്രയാക്കി സിപിഎം സഖാക്കള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിന്റെ കഴിഞ്ഞ നാലുവര്‍ഷവും, ദിനം തോറും കേരളം കേട്ടുകൊണ്ടിരിക്കുന്നത്‌. തൊഴിലാളി വര്‍ഗത്തെയും നിസ്വജനവിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളെയും ദളിത്‌ - ദുര്‍ബല വിഭാഗങ്ങളെയും ഒരുപോലെ വഞ്ചിച്ചുകൊണ്ട്‌ സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യ സംരക്ഷകരായും കുഴലൂത്തുകാരായും പിണറായി വിജയന്‍ അടക്കമുള്ള സഖാക്കള്‍ അധഃപതിക്കുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.. ഈ താന്തോന്നിത്തത്തിന്‌ ഇപ്പോള്‍ കടിഞ്ഞാണിടാന്‍ ആരുമില്ല എന്നോര്‍ത്ത്‌ ശ്രീമതിയടക്കമുള്ളവര്‍ പുളയ്ക്കേണ്ടതില്ല. വഞ്ചകരായ ഇവരെല്ലാം ജനസാമാന്യത്തിനു മുന്നില്‍ വെച്ച്‌ കരുണയില്ലാതെ ചോദ്യം ചെയ്യപ്പെടുന്ന ദിവസങ്ങള്‍ വരിക തന്നെ ചെയ്യും.

ജനവഞ്ചനയും വാഗ്ദാന ലംഘനവും ആഢംബര ജീവിതവും മുഖമുദ്രയാക്കി സിപിഎം സഖാക്കള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിന്റെ കഴിഞ്ഞ നാലുവര്‍ഷവും, ദിനം തോറും ആതിരേ, കേരളം കേട്ടുകൊണ്ടിരിക്കുന്നത്‌. തൊഴിലാളി വര്‍ഗത്തെയും നിസ്വജനവിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളെയും ദളിത്‌ - ദുര്‍ബല വിഭാഗങ്ങളെയും ഒരുപോലെ വഞ്ചിച്ചുകൊണ്ട്‌ സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യ സംരക്ഷകരായും കുഴലൂത്തുകാരായും പിണറായി വിജയന്‍ അടക്കമുള്ള സഖാക്കള്‍ അധഃപതിക്കുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.
അതിന്റെ ഏറ്റവും ദുഷ്ടത നിറഞ്ഞ മുഖമാണ്‌ നായനാര്‍ അക്കാദമിക്ക്‌ വേണ്ടി ഗള്‍ഫ്‌ രാജ്യങ്ങളില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കോടികളുടെ പിരിവ്‌. ഒരു കമ്യൂണിസ്റ്റുകാരനെ എങ്ങനെ ജീവിക്കണമെന്ന്‌ പഠിപ്പിക്കേണ്ടതില്ല എന്ന ധാര്‍ഷ്ട്യത നിറഞ്ഞ പ്രഖ്യാപനത്തോടെയായിരുന്നു പിണറായി വിജയന്റെ ഈ പിരിവ്‌ വികസനയാത്ര ഗള്‍ഫില്‍ അവസാനിച്ചത്‌. ചെയ്ത തൊഴിലിന്‌ കൂലി ലഭിക്കാതെ, കടക്കെണിയിലായ പന്ത്രണ്ട്‌ തൊഴിലാളികള്‍ ആത്മഹത്യ ചെയ്ത തിരുവേപ്പതി മില്‍ ഇടിച്ചുനിരത്തി അവിടെയാണ്‌ നായനാരുടെ പേരിലുള്ള കോടികളുടെ സൗധം ഉയരാന്‍ പോകുന്നത്‌. ഇതിനുവേണ്ടിയുള്ള പണപ്പിരിവാണ്‌ ഗള്‍ഫില്‍ നടത്തിയത്‌. ഒരു ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കിട്ടേണ്ട തിരുവേപ്പതി മില്ലിലെ തൊഴിലാളികളെ വിഡ്ഢികളാക്കിക്കൊണ്ടാണ്‌ ആതിരേ, ഈ പിരിവ്‌ നടത്തിയിട്ടുള്ളതെന്നും ഓര്‍ക്കേണ്ടതുണ്ട്‌.
മുന്‍കാലങ്ങളില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള പ്രാദേശിക സംഘടനകളെ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പ്രോത്സാഹിപ്പിച്ചിരുന്നില്ല. അത്തരം പ്രോത്സാഹനങ്ങള്‍ ഗള്‍ഫില്‍ പ്രാദേശിക വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പരിസരമൊരുക്കുമെന്ന വിവേക പൂര്‍വ്വമായ തിരിച്ചറിവില്‍ നിന്നായിരുന്നു ഈ സംയമനം. എന്നാല്‍, ഇത്തവണ പ്രാദേശിക സംഘടനകളെ കരുവാക്കിക്കൊണ്ടായിരുന്നു ആതിരേ, പിരിവ്‌ മുന്നേറിയത്‌. ഏറെ പഴിയും പരാതിയും വിവാദങ്ങളുമുണ്ടാക്കിയ ഈ പിരിവിലൂടെ എത്രകോടി സമ്പാദിച്ചു എന്ന്‌ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. ഗള്‍ഫിലുള്ള സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലൂടെ പണം നാട്ടിലെത്തിക്കാനാണ്‌ ശ്രമം നടക്കുന്നത്‌. അത്‌ ഇവിടെ എത്തിക്കഴിയുമ്പോള്‍ പാര്‍ട്ടി നല്‍കുന്ന കണക്ക്‌ വിശ്വസിക്കാന്‍ മാത്രമേ അണികള്‍ക്കും പൊതുസമൂഹത്തിനും മാര്‍ഗമുള്ളു. കോടികളുടെ അഴിമതി ഇക്കാര്യത്തിലും നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭരണം നഷ്ടപ്പെടുന്നതിന്‌ മുമ്പ്‌ പോക്കറ്റിലാക്കാവുന്നതെല്ലാം അടിച്ചുമാറ്റാനുള്ള നെറികെട്ട ധനാര്‍ത്തിയും ആഢംബര ജീവിത ത്വരയുമൊക്കെയാണ്‌ ആതിരേ, പിണറായി വിജയനെ പോലെയുള്ള സഖാക്കളെ പോലും ഇത്തരം പിരിവുകള്‍ക്ക്‌ പ്രേരിപ്പിച്ചിട്ടുള്ളത്‌.
അടിമുതല്‍ മുടിവരെ അഴിമതിയും ധനാര്‍ത്തിയും ക്രമക്കേടുകളും നിറഞ്ഞ ഒരു സംവിധാനമായി അധഃപതിച്ചുകഴിഞ്ഞു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. അതുകൊണ്ടുതന്നെ ഈ അധഃപതനത്തിന്റെ പ്രദര്‍ശനമായിരുന്നു കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം. സത്യസന്ധനും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയും അഴിമതിക്കെതിരായി എന്നും പോരാടിയ ധീരനുമൊക്കെയായ വി.എസ്‌. അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട;്‌ എന്നല്ല ശിഖണ്ഡിയാക്കി മാറ്റിക്കൊണ്ടുള്ള അധര്‍മ്മങ്ങളുടെ പടയോട്ടമായിരുന്നു കോടിയേരി അടക്കമുള്ളവര്‍ മന്ത്രിസഭയിലിരുന്നുകൊണ്ട്‌ ചെയ്തുപോന്നത്‌.
ഇതില്‍ പൊതുജനങ്ങളുമായി ഏറ്റവുമധികം പാരസ്പര്യമുള്ള രണ്ട്‌ വകുപ്പുകളാണ്‌ വിദ്യാഭ്യാസവും പൊതുജനാരോഗ്യവും. ഈ രണ്ട്‌ വകുപ്പും കൈയാളിയിട്ടുള്ള എം.എ ബേബിയും പി.കെ ശ്രീമതിയുമാണ്‌ കേരള സമൂഹത്തോട്‌ ഏറ്റവും അധികം വിശ്വാസ വഞ്ചന കാണിച്ചിട്ടുള്ളത്‌. ഇതിന്റെ വിശദാംശങ്ങള്‍ മുമ്പ്‌ ഈ പംക്തിയില്‍ വിശകലനം ചെയ്തിട്ടുള്ളതാണ്‌. കൂടാതെ മാധ്യമങ്ങള്‍ ഇവരുടെ ജനവഞ്ചന തുറന്നു കാണിച്ചിട്ടുള്ളതുമാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ ഇനിയുള്ള കാലത്തെങ്കിലും മാനംമര്യാദയായി ഇവര്‍ ഭരണം നടത്തുമെന്ന പ്രതീക്ഷ ചിലരെങ്കിലും പുലര്‍ത്തിയിരുന്നു. എന്നാല്‍, അത്തരക്കാരെപ്പോലും പമ്പരവിഡ്ഢികളാക്കിക്കൊണ്ടാണ്‌ ആതിരേ, ബേബിയും ശ്രീമതിയും വകുപ്പ്‌ ഭരിച്ചുമുടിക്കുന്നത്‌.
സിനിമാ മേഖലയിലെ പ്രതിസന്ധി എന്താണെന്നും എങ്ങനെ സൃഷ്ടിക്കപ്പെട്ടതാണെന്നും പൊതുസമൂഹത്തിനറിയാം. തിലകനെ പോലെയുള്ള നടന്റെയും വിനയനെ പോലെയുള്ള സംവിധായകന്റെയും കഞ്ഞിയില്‍ പാറ്റിയിട്ട്‌ അവരുടെ തൊഴില്‍ നിഷേധിക്കുന്ന തരത്തില്‍ സൂപ്പര്‍ താരങ്ങളടങ്ങുന്ന അഹങ്കാരങ്ങളുടെ ചെയ്തികള്‍ വളര്‍ന്നപ്പോഴും ഇടപെടാന്‍ സാംസ്കാരിക വകുപ്പ്‌ മന്ത്രി എം.എ. ബേബി തയ്യാറായില്ല. എന്നാല്‍, വിതരണക്കാര്‍ അടക്കമുള്ളവര്‍ തുടങ്ങിയിട്ടുള്ള സമരം മൂലം സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പെട്ടിയിലായപ്പോള്‍ അവരെ രക്ഷിക്കാന്‍ വേണ്ടി ചര്‍ച്ചക്കിറങ്ങിയ നപുംസകമാണ്‌ സാംസ്കാരിക മന്ത്രി. ഈ മന്ത്രി പുംഗവനെക്കുറിച്ച്‌ എത്ര കുറച്ച്‌ പറയുന്നോ അത്രയും മാന്യത പറയുന്നവര്‍ക്കുണ്ടാകും എന്നതാണ്‌ വര്‍ത്തമാനാവസ്ഥ.
സമാന സ്വഭാവത്തില്‍ അഹങ്കാരത്തിന്റെയും അഴിമതിയുടെയും കാളിയായി ഉറഞ്ഞുതുള്ളുകയാണ്‌ പി.കെ ശ്രീമതി. കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവന്‍ ഏതെല്ലാം തരത്തില്‍ ദുഷ്കരവും അപകടകരവുമാക്കാമോ ആ തരത്തിലെല്ലാം ആക്കതീര്‍ത്ത അവര്‍ അടങ്ങിയിരിക്കാന്‍ തയ്യാറല്ല എന്നാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്‌. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിലടക്കം കേരളത്തിലെ ആരോഗ്യ മേഖലയില്‍ കോടികളുടെ അഴിമതികളാണ്‌ ശ്രീമതിയുടെ നേതൃത്വത്തില്‍ അല്ലെങ്കില്‍ അവരുടെ അറിവോടും സംരക്ഷണത്തോടും നടക്കുന്നത്‌ ആതിരേ....
കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറഞ്ഞ്‌ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കാതെയോ പദ്ധതിപ്പണം വകമാറ്റി ചെലവഴിച്ചോ മിടുക്കരാകുന്നവരാണ്‌ ഇടതുപക്ഷ മന്ത്രിമാരും നേതാക്കന്മാരും. ഇതൊരു പുതിയ അറിവൊന്നുമല്ല. അനുഭവങ്ങളും നിരവധിയാണ്‌. എന്നാല്‍, കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളടക്കമുള്ള സാധു ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം വകമാറ്റി ചെലവഴിച്ച്‌ അതിന്റെ കമ്മീഷന്‍ പറ്റിയും അതിലൂടെ ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ ആസ്വദിച്ചും ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും ഒരുപോലെ വഞ്ചിക്കുന്നതാണ്‍' പുതിയ വാസ്തവങ്ങള്‍.
കേന്ദ്രം അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച്‌ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 70 കോടി രൂപയുടെയും പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്‌ നല്‍കിയ ധനസഹായത്തില്‍ 14 കോടിയുടേയും അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ പുതിയ വാസ്തവങ്ങള്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കര്‍ണാടക, ആന്റീ ബയോട്ടിക്സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡിനെ (കപല്‍) മറയറാക്കി 70 കോടിയോളം രൂപയുടെ സര്‍ജിക്കല്‍ കിറ്റ്സിന്റെയും ആശാ കിറ്റ്സിന്റെയും വാങ്ങലില്‍ ഭീമമായ ക്രമക്കേടാണ്‌ നടത്തിയിട്ടുള്ളത്‌. 'കപലി'ന്റെ മറവില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റി സര്‍ജ്‌ ഇന്‍ഡസ്ട്രീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനികളുടെ കിറ്റുകളാണ്‌ ശ്രീമതിയുടെ വകുപ്പ്‌ കേരളത്തില്‍ വിതരണം ചെയ്തിട്ടുള്ളത്‌. ഊഹിക്കാവുന്നതേയുള്ളു ആതിരേ, ഇതില്‍ നിന്നും അടിച്ചുമാറ്റിയ കോടികള്‍ എത്രയായിരിക്കുമെന്ന്‌.
ഇതുകൂടാതെയാണ്‌ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി വിഹിതത്തില്‍ നിന്ന്‌ 3.80 കോടി രൂപ ശ്രീമതിയുടെ ഓഫീസ്‌ ചെലവിനായി ദൂര്‍ത്തടിച്ചത്‌. മറ്റൊരു 2 കോടിയിലധികം രൂപ നിയമവിരുദ്ധമായി വിവിധ ആവശ്യങ്ങള്‍ക്ക്‌ ചെലവിടുകയും ചെയ്തു. അടിസ്ഥാന വിഭാഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനായുള്ള 174 കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി 142.40 കോടി രൂപക്ക്‌ ടെന്‍ഡര്‍ വിളിച്ചിട്ടും 34 എണ്ണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. 115 കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളുടെ നവീകരണത്തിനായി 35 കോടി രൂപയുടെ കണ്‍സള്‍ട്ടന്‍സി ഹിന്ദുസ്ഥാന ലാറ്റക്സിന്‌ നല്‍കി ശ്രീമതി കൈയ്യും കെട്ടി ഇരിക്കുകയാണ്‌. 2020 സബ്‌ സെന്ററുകള്‍ക്ക്‌ കെട്ടിടം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 28,757 ആശാവര്‍ക്കേഴ്സിന്‌ നല്‍കേണ്ട അഞ്ചുതലത്തിലുള്ള പരിശീലനത്തിലും വന്‍ വീഴ്ചയാണ്‌ വരുത്തിയത്‌. ഇതിന്റെയെല്ലാം മറവില്‍ കോടികളുടെ ക്രമക്കേടാണ്‌ നടന്നിട്ടുള്ളത്‌. ശിശുമരണനിരക്കിന്റെയും പ്രസവമരണ നിരക്കിന്റെയും എണ്ണം കുറച്ചുകൊണ്ടുവരുന്നത്‌ അടക്കമുള്ള പദ്ധതികളും മൈക്രോ ബര്‍ത്ത്‌ പ്ലാനിന്റെ പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. അതേസമയം ജനനി സുരക്ഷാ യോജനയില്‍ 7955 ഗുണഭോക്താക്കള്‍ക്കുവേണ്ടി 25 ലക്ഷത്തോളം രൂപ യാത്രചെലവിനത്തില്‍ വകമാണ്ടിയിട്ടുണ്ട്‌. കുട്ടികള്‍ക്ക്‌ നല്‍കേണ്ട കുത്തിവെയ്പുകള്‍ ക്രമമായി നല്‍കുന്നില്ല. സമഗ്ര ആരോഗ്യ മാനേജ്മെന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായും പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായുമുള്ള പതിനാല്‌ കോടിയൊളം രൂപയുടെ പവിനിയോഗവും സുതാര്യമല്ല. ഈ ആവശ്യത്തിന്‌ വേണ്ടി കോടിയിലധികം രൂപ കോടിയിലധികം രൂപയുടെ കമ്പ്യട്ടറുകളാണ്‌ വാങ്ങിക്കൂട്ടിയിട്ട്‌ ഉപയേഗിക്കാതെ വെച്ചിരിക്കുന്നത്‌. സാമ്പത്തി അച്ചടക്കം പാലിച്ചിട്ടില്ലെന്നും സാധന സാമക്രിള്‍ വിതരണം ചെയ്യ്യുന്നവര്‍ക്ക്‌ വഴിവിട്ട്‌ സഹായം ചെയ്തിട്ടുണ്ടെന്നും കമ്പ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലും കണ്ടെത്തിയിട്ടുണ്ട്‌.
ഇതെല്ലാം പി.കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന അല്ലെങ്കില്‍ അവരുടെ അറിവോടും ആശീര്‍വാദത്തോടും പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ ഒത്താശയോടും നടന്ന അഴിമതിയും ജനവഞ്ഞ്നയുമാണ്‌. സമ്പന്ന ജീവിത ശൈലി പകര്‍ത്തി ആഢംബരത്തീല്‍ കഴിയുന്ന ഈ സഖാക്കള്‍ക്ക്‌ കേരളത്തിലെ സാധാരണക്കാരന്റെ ആരോഗ്യ കാര്യത്തില്‍ എന്ത്‌ താല്‍പ്പര്യമുണ്ടാകാനാണ്‌. പക്ഷെ, ഈ താന്തോന്നിത്തത്തിന്‌ ഇപ്പോള്‍ കടിഞ്ഞാണിടാന്‍ ആരുമില്ല എന്നോര്‍ത്ത്‌ ശ്രീമതിയടക്കമുള്ളവര്‍ പുളയ്ക്കേണ്ടതില്ല. വഞ്ചകരായ ഇവരെല്ലാം ജനസാമാന്യത്തിന്‌ മുന്നില്‍ വെച്ച്‌ കരുണയൊട്ടുമില്ലാതെ ചോദ്യം ചെയ്യപ്പെടുന്ന ദിവസങ്ങള്‍ വരിക തന്നെ ചെയ്യും, ആതിരേ...

Monday, May 3, 2010

മെട്രോ നഗരത്തിലെ കിരാത ദൈവങ്ങള്‍


ഇന്ന്‌ എറണാകുളം ജില്ലയില്‍ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായി മാറിയിരിക്കുകയാണ്‌ കള്ളമണല്‍ വില്‍പ്പന. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തകര്‍ന്നതോടെ ആ രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നവരും കള്ളമണല്‍ കടത്തിന്‌ എത്തിയിട്ടുണ്ട്‌. ഇതോടെ കള്ളമണല്‍ വില്‍പ്പനയുടെ ഭാഗമായുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്‌. ഇത്‌ തടയേണ്ടത്‌ പോലീസാണ്‌. എന്നാല്‍, പോലീസ്‌ തന്നെ പോലീസിനെ ഒറ്റിക്കൊടുത്ത്‌ മണല്‍ മാഫിയയെ സംരക്ഷിക്കുന്ന അതീവ വിചിത്രമായ നടപടികളാണ്‌ ജില്ലയിലെ മണല്‍ കടവുകളുമായി ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പോലീസിന്റെ ഈ മാഫിയ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക്‌ കുലുക്കമില്ല; അവര്‍ക്കെതിരെ നടപടിയുമില്ല. കാരണം ഇത്തരക്കാരെ സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയക്കാരുണ്ട്‌. സമാന്തര സാമ്പത്തിക ശക്തികളായി മാറി സര്‍ക്കാരിനെയും മറ്റ്‌ സംവിധാനങ്ങളെയും ഇന്ന്‌ വെല്ലുവിളിക്കുന്ന മണല്‍ മാഫിയ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ക്ക്‌ കൂടിയാണ്‌ വഴിമരുന്നിടുന്നത്‌.

ആതിരേ, കഴിഞ്ഞദിവസം പറഞ്ഞുനിര്‍ത്തിയിടത്തുനിന്നുതന്നെ തുടങ്ങണം. മെട്രോ നഗരത്തെയും അതുള്‍ക്കൊള്ളുന്ന എറണാകുളം ജില്ലയെയും കൈയിലിട്ടമ്മാനമാടുകയാണ്‌ സമാന്തര സാമ്പത്തിക ശക്തികളായി വളര്‍ന്ന അധോലോകത്തെ കിരാത ദൈവങ്ങള്‍.
ഓണ്‍ലൈന്‍ രതിവ്യാപാരം മുതല്‍ മണല്‍ മാഫിയ വരെയുള്ള ഈ കറുത്ത ദൈവങ്ങളുടെ ഇഷ്ടാനുസരണമാണ്‌ ഇന്ന്‌ എറണാകുളം ജില്ലയിലെ ദിവസങ്ങള്‍ പുലരുന്നതും രാവുകള്‍ അസ്തമിക്കുന്നതും. ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്ക്കും സംരക്ഷണം നല്‍കുന്നതിനൊപ്പം സമൂഹത്തിന്റെ സമാധാന ജീവിതത്തിന്‌ വിഘാതമാകുന്ന സമൂഹവിരുദ്ധശക്തികളെ ഉന്മൂലനം ചെയ്യാന്‍ ബാധ്യതയുള്ള പോലീസ്‌ സേനയുടെ സംരക്ഷണത്തിലാണ്‌ ഈ കറുത്ത ദൈവങ്ങള്‍ ഇവിടെ അഴിഞ്ഞാടുന്നത്‌.
200 കോടി രൂപയുടെ രതിവ്യാപാരമാണ്‌ ആതിരേ, ഓണ്‍ലൈനിലൂടെ നടക്കുന്നത്‌. അതിനടുത്ത്‌ എത്തിനില്‍ക്കുന്നു മണല്‍മാഫിയയുടെ പ്രതിമാസ ബിസിനസ്‌. 168 കോടിയോളം രൂപയുടെ അനധികൃത മണല്‍ വില്‍പ്പനയാണ്‌ ജില്ലയില്‍ നടക്കുന്നത്‌. തൊഴിലാളികള്‍ക്കും ഗുണ്ടകള്‍ക്കുമുള്ള ചെലവ്‌ കിഴിച്ചാല്‍ തന്നെ 100 കോടി രൂപയുടെ ലാഭമാണ്‌ ഈ മാഫിയ എറണാകുളം ജില്ലയില്‍ നിന്ന്‌ ഊറ്റിയെടുക്കുന്നത്‌. ഇവരുടെ ഈ സമാന്തര സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്‌ രാഷ്ട്രീയ നേതൃത്വത്തങ്ങളുടെ പിന്തുണയുണ്ട്‌.... പോലീസ്‌ വകുപ്പിന്റെ പിന്തുണയുണ്ട്‌.... റവന്യൂ വകുപ്പിന്റെ പിന്തുണയുണ്ട്‌.... എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ വന്‍ ഗുണ്ടാപ്പടയുണ്ട്‌.... അതുകൊണ്ട്‌ ആരെയും പേടിക്കാതെയാണ്‌ മണല്‍ മാഫിയ ജില്ലയില്‍ പിടിമുറുക്കിയിരിക്കുന്നത്‌.
ജില്ലയുടെ ഒരുദിവസത്തെ നിര്‍മാണ ആവശ്യങ്ങള്‍ക്ക്‌ 5000 ലോഡ്‌ മണല്‍ വേണ്ടിവരുമെന്നാണ്‌ ഏകദേശ കണക്ക്‌. എന്നാല്‍, പെരിയാര്‍, മൂവാറ്റുപുഴ ആറുകളിലെ ശുദ്ധജല പ്രദേശങ്ങളിലെ 62 അംഗീകൃത മണല്‍ കടവുകളില്‍ നിന്ന്‌ ഒരുദിവസം വാരാന്‍ പാസ്‌ നല്‍കുന്നത്‌ 517 ലോഡിനാണ്‌. ബാക്കി 4483 ലോഡ്‌ മണല്‍ കരിഞ്ചന്തയിലാണ്‌ മറിക്കപ്പെടുന്നത്‌. ഇന്ന്‌ കരിഞ്ചന്തയില്‍ ഒരുലോഡ്‌ മണലിന്‌ 15,000 ല്‍ അധികം രൂപ നല്‍കണം. കള്ളമണല്‍ വില്‍പ്പനരംഗത്ത്‌ രാഷ്ട്രീയത്തിലെയും പോലീസിലെയും റവന്യൂവകുപ്പിലെയും ഉന്നതന്മാരടങ്ങുന്നവരാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവര്‍ ന്യൂനപക്ഷമാണെന്ന്‌ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താമെങ്കിലും ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വന്‍ ഗുണ്ടാസംഘം കൂടിയുണ്ടാകുമ്പോള്‍ ആരെയും വെല്ലുവിളിക്കാന്‍ കഴിയുന്ന കിരാത ശക്തിയായി ഇവര്‍ക്ക്‌ മാറാന്‍ കഴിയുന്നു.
ഇന്ന്‌ എറണാകുളം ജില്ലയില്‍ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായി മാറിയിരിക്കുകയാണ്‌ ആതിരേ, കള്ളമണല്‍ വില്‍പ്പന. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തകര്‍ന്നതോടെ ആ രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നവരും കള്ളമണല്‍ കടത്തിന്‌ എത്തിയിട്ടുണ്ട്‌. ഇതോടെ കള്ളമണല്‍ വില്‍പ്പനയുടെ ഭാഗമായുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്‌. ഇത്‌ തടയേണ്ടത്‌ പോലീസാണ്‌. എന്നാല്‍, പോലീസ്‌ തന്നെ പോലീസിനെ ഒറ്റിക്കൊടുത്ത്‌ മണല്‍ മാഫിയയെ സംരക്ഷിക്കുന്ന അതീവ വിചിത്രമായ നടപടികളാണ്‌ ജില്ലയിലെ മണല്‍ കടവുകളുമായി ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പോലീസിന്റെ ഈ മാഫിയ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക്‌ കുലുക്കമില്ല; അവര്‍ക്കെതിരെ നടപടിയുമില്ല. കാരണം ഇത്തരക്കാരെ സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയക്കാരുണ്ട്‌.
പോലീസിനെ ഒറ്റിക്കൊടുക്കുന്ന പോലീസ്‌ ഏറ്റവും അധികം ഉള്ളതും സജീവമായിട്ടുള്ളതും ആലുവയിലാണ്‌. പെരിയാറില്‍ അനധികൃതമായി മണല്‍ വാരുന്ന വള്ളങ്ങള്‍ പിടിച്ചെടുത്ത്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ തച്ചുടച്ച്‌ പോലീസ്‌ നടപ്പാക്കിയ ഓപ്പറേഷന്‍ വിജയകരമായിരുന്നു. ഇത്‌ പക്ഷെ, പോലീസ്‌ പോലീസിനോട്‌ നടത്തിയ പോരാട്ടമായിരുന്നു എന്നറിയുമ്പോഴാണ്‌ സംഭവത്തിന്റെ ഗൗരവം ബോധ്യമാവുക.
പെരിയാറില്‍ അനധികൃതമായുള്ള മണല്‍വാരല്‍ പൂര്‍വാധികം ഭംഗിയായും വ്യാപകമായും ഇന്നും നടക്കുന്നു. പക്ഷെ, ഒരു വള്ളം പോലും പിടിച്ചെടുക്കാന്‍ പോലീസിന്‌ കഴിയുന്നില്ല. പെരിയാറില്‍ തിരച്ചില്‍ നടത്താന്‍ സ്റ്റേഷനില്‍ നിന്ന്‌ പോലീസ്‌ ഇറങ്ങും മുമ്പ്‌ തന്നെ മണല്‍ വാരുന്നവര്‍ക്ക്‌ സന്ദേശം എത്തിക്കുന്നത്‌ ചില പോലീസുകാര്‍ തന്നെയാണ്‌. അതുകൊണ്ട്‌ പോലീസ്‌ കടവിലെത്തുമ്പോള്‍ ശൂന്യമായ പുഴയാണ്‌ കാണുക. മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലാതെ നേരത്തെ തിരിച്ചു പോരുകയായിരുന്നു പതിവ്‌. സഹപ്രവര്‍ത്തകര്‍ തന്നെയാണ്‌ ഒറ്റുകാരെന്ന്‌ ബോധ്യമായപ്പോഴാണ്‌ പിടിച്ചെടുക്കുന്ന വള്ളങ്ങള്‍ തകര്‍ക്കാന്‍ തീരുമാനമായത്‌. ടാപ്പുകള്‍ ഘടിപ്പിച്ച വഞ്ചികള്‍ പുഴയില്‍ എവിടെ കണ്ടാലും പിടിച്ചെടുത്ത്‌ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച്‌ നശിപ്പിക്കാന്‍ തുടങ്ങിയത്‌ അങ്ങനെയാണ്‌. എന്നാല്‍, വള്ളങ്ങള്‍ പിടിച്ചെടുക്കാനല്ലാതെ അവ നശിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന വാദവുമായി രംഗത്തെത്തിയത്‌ പോലീസിലെ തന്നെ ഒരുവിഭാഗമാണ്‌. ഇവരെ കണ്ട്‌ മേലധികാരികള്‍ ഞെട്ടിവിറച്ച്‌ നിന്നുപോയത്‌ സ്വാഭാവികം. ഇവര്‍ക്കാണ്‌ സേനയിലെയും രാഷ്ട്രീയത്തിലെയും ഉന്നതന്മാരുടെ സംരക്ഷണമുള്ളത്‌. അതുകൊണ്ടുതന്നെ വഞ്ചിപൊളിക്കുന്ന നടപടിയും ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്‌.
അതോടെ പിടിച്ചെടുത്ത വഞ്ചികള്‍ മണല്‍ മാഫിയക്ക്‌ മറിച്ചുവിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിക്കുന്ന മറ്റൊരുവിഭാഗം പോലീസുകാര്‍ക്കിടയില്‍ നിന്ന്‌ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഒന്നിച്ച്‌ പൊളിക്കാന്‍ ഇടുന്ന വഞ്ചികളില്‍ രണ്ടോ മൂന്നോ എണ്ണം നീക്കിയാല്‍ ആരറിയാനാണ്‌. അങ്ങനെ നീക്കിക്കൊടുക്കുന്ന വഞ്ചികള്‍ക്ക്‌ ലഭിക്കുന്നത്‌ ഒന്നും രണ്ടും ലക്ഷം രൂപയാണ്‌.
കള്ളമണല്‍ വെളുപ്പിക്കാനും മണല്‍ മാഫിയക്ക്‌ പോലീസ്‌ തന്നെയാണ്‌ ആതിരേ, കൂട്ടുനില്‍ക്കുന്നത്‌. ഇതിനായി അംഗീകൃത പാസുകള്‍ കൗശലപൂര്‍വമാണ്‌ സംഘടിപ്പിക്കുന്നതും പിന്നീട്‌ അതുപയോഗിച്ച്‌ കൂടുതല്‍ മണല്‍ കടത്തുന്നതും. കള്ളപ്പണം വെളുപ്പിക്കുന്നതുപോലുള്ള ഈ നടപടി മണല്‍ മാഫിയയും പോലീസും റവന്യൂ അധികൃതരും ചേര്‍ന്നാണ്‌ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌. പെരുമ്പാവൂരില്‍ നിന്നാണ്‌ ഈ 'പദ്ധതി'യുടെ തുടക്കം.
കടവുകളില്‍ രണ്ടോ മൂന്നോ ലോഡ്‌ മണല്‍ വാരിയിട്ട ശേഷം വാരിയവര്‍ തന്നെ വിവരം പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചറിയിക്കുന്നതോടെയാണ്‌ തട്ടിപ്പിന്റെ തുടക്കം. പോലീസ്‌ ഉടന്‍ സ്ഥലത്തെത്തും; മണല്‍ കസ്റ്റഡിയിലെടുക്കും. തുടര്‍ന്ന്‌ റവന്യൂ അധികൃതര്‍ക്ക്‌ കൈമാറും. അവര്‍ മണലിന്റെ അളവും വിലയും കണക്കാക്കി അപ്പോള്‍ തന്നെ ലേലം ചെയ്യും. ഏറ്റവും കുറഞ്ഞവിലക്ക്‌ ഈ മണല്‍ ലേലം കൊള്ളുന്നത്‌ മണല്‍ വാരുകയും അത്‌ പോലീസില്‍ അറിയിക്കുകയും ചെയ്തവരായിരിക്കും. ഗുണ്ടകളെ ഭയന്ന്‌ പുറത്തുനിന്നുള്ളവര്‍ കടവില്‍ നടക്കുന്ന ഈ ലേലത്തില്‍ പങ്കെടുക്കാറില്ല. എന്നുമാത്രമല്ല മണല്‍ പിടിച്ച വിവരം നാട്ടുകാര്‍ അറിയും മുമ്പ്‌ തിടുക്കത്തില്‍ ലേലനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. തൊണ്ടിമുതലിന്‌ ദിവസങ്ങളോളം കാവല്‍ നിര്‍ത്താന്‍ പോലീസിനെ കിട്ടില്ല എന്ന ന്യായം പറഞ്ഞാണ്‌ പിടിച്ച ഉടന്‍ മണല്‍ ലേലം ചെയ്ത്‌ വില്‍ക്കുന്നത്‌. ലേലം ചെയ്തു നല്‍കിയ മണലിന്‌ റവന്യൂ അധികൃതര്‍ പാസ്‌ നല്‍കുന്നതോടെ അത്‌ അധികൃത മണലായി തീരും. അതോടെ ആ പാസുമായി മണല്‍ എവിടെ വേണമെങ്കിലും എത്തിക്കാം.
കോതമംഗലം കേന്ദ്രീകരിച്ച്‌ മറ്റൊരു തട്ടിപ്പാണ്‌ മണല്‍ വില്‍പ്പനയില്‍ നടക്കുന്നത്‌. ചാമക്കൊതിയന്‍ പാറ ഇടിച്ചുപൊടിച്ച്‌ കഴുകി കൃത്രിമമായി മണല്‍ നിര്‍മ്മിച്ചാണ്‌ ഇവിടത്തെ മാഫിയ ലാഭം കൊയ്യുന്നത്‌. ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത്‌ ഇത്തരത്തില്‍ പതിനഞ്ചോളം കൃത്രിമ മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്‌.
ലാഭം മാത്രം മുന്നില്‍ കണ്ട്‌ നടത്തുന്ന ഇത്തരം അനധികൃത മണല്‍ നിര്‍മ്മാണം മറ്റൊരു വലിയ ഭീഷണിക്കാണ്‌ വഴിയൊരുക്കുന്നത്‌. പാറ പൊടിച്ചുണ്ടാക്കുന്ന വ്യാജമണലും ഉപ്പുമണലുമൊക്കെ കെട്ടിടങ്ങളുടെ അകാലബലക്ഷയത്തിനും തകര്‍ച്ചക്കും വഴിയൊരുക്കും. പാറപൊടിച്ചുണ്ടാക്കുന്ന മണലിന്റെ പ്രത്യേകതരം ധാതു സ്വഭാവം മൂലം സിമന്റ്‌, മെറ്റല്‍ എന്നിവയുമായി അവ കൂടിച്ചേരില്ല. തന്മൂലം നിര്‍മ്മാണം പൂര്‍ത്തിയാക്കി പത്തുവര്‍ഷത്തിനുള്ളില്‍ കോണ്‍ക്രീറ്റ്‌ പൊടിയാന്‍ കാരണമാവും. കൃത്രിമ മണലുപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ഹോളോബ്രിക്കുകള്‍ക്കും ഈ പ്രശ്നമുണ്ട്‌. അവ എളുപ്പം പൊട്ടുകയും ഭിത്തിയില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യും. ഉപ്പുമണല്‍ ഉപയോഗിച്ചാല്‍ കോണ്‍ക്രീറ്റിനുള്ളിലെ കമ്പികള്‍ വേഗത്തില്‍ തുരുമ്പിക്കും. ഓരോ മഴക്കാലത്തും കോണ്‍ക്രീറ്റ്‌ നനയുമ്പോള്‍ കമ്പികള്‍ തുരുമ്പിച്ച്‌ വിള്ളല്‍ സൃഷ്ടിക്കും. കാലക്രമത്തില്‍ കോണ്‍ക്രീറ്റ്‌ ഇളകാനും വാര്‍ക്ക തകരാനും ഇത്‌ കാരണമാവും. ഇന്ന്‌ കൊച്ചിയില്‍ നടക്കുന്ന വ്യാപകമായ നിര്‍മ്മാണ മേഖല ഈ അപകടത്തെയാണ്‌ നേരിടുന്നത്‌. സമാന്തര സാമ്പത്തിക ശക്തികളായി മാറി സര്‍ക്കാരിനെയും മറ്റ്‌ സംവിധാനങ്ങളെയും ഇന്ന്‌ വെല്ലുവിളിക്കുന്ന മണല്‍ മാഫിയ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ക്ക്‌ കൂടിയാണ്‌ വഴിമരുന്നിടുന്നത്‌. ആ ഋ ഇവരെ തടയും എന്നതാണ്‌ അവശേഷിക്കുന്ന ചോദ്യം. പൂച്ചക്ക്‌ മണികെട്ടാന്‍ ധൈര്യമുള്ളവരാരും ഇന്ന്‌ ജില്ലയില്‍ റവന്യൂ ഭരണരംഗത്തോ ക്രമസമാധാന പാലന രംഗത്തോ ഇല്ല. ഇതിന്റെ കൂടി തിരിച്ചടി അനുഭവിക്കാന്‍ പോവുകയാണ്‌ ആതിരേ, മെട്രോ നഗരവും എറണാകുളം ജില്ലയും.

Sunday, May 2, 2010

ഒന്നു ചിരിച്ചാലെന്താ‍


ഇന്ന് ലോകചിരി ദിനം
മെയ്‌ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്‌ ലോക ചിരിദിനം.1998 ജനുവരി 11ന്‌ ആണ്‌ ലോക ചിരിദിനം ആരംഭിച്ചത്‌, മുംബൈയില്‍." ലാഫ്റ്റര്‍ യോഗ മൂവ്മെന്റിന്റെ " തലവന്‍ ഡോ.മദന്‍ കടാരിയയാണ്‌ ചിരി ദിനത്തിന്‌ തുടക്കം കുറിച്ചത്‌
Laughter Yoga says: Laughter is a positive and powerful emotion that has all the ingredients required for individuals to change themselves and to change the world in a peaceful and positive way. The day is now celebrated all over the world.
അതു കൊണ്ട്‌, ആതിരേ ഒന്നു ചിരിച്ചാലെന്താ വല്ലതും പൊഴിഞ്ഞു വീഴുമോ? ചിരിദിനത്തിനെങ്കിലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കാതെ വയ്യ. കാരണം നാടും നഗര വുമൊക്കെ ചിരിക്കാന്‍ മറന്നു തുടങ്ങിയിരിക്കുന്നു. ഉള്ളു തുറന്നു ചിരിച്ചാല്‍ പല അസു ഖാങ്ങളും പമ്പ കടക്കുമെന്നാണ്‌ ആധുനികശാസ്‌ത്രം പോലും പറയുന്നത്‌.
ശിരസു മുതല്‍ കാലിന്റെ പെരുവിരല്‍ നാഡീഞ്ഞരമ്പു വരെ ഉണര്‍ത്തു ന്നതാ ണ്‌ ചിരി. ദിവസം 15 തവണയെങ്കിലും ചിരിക്കാത്തവരെ ആരോഗ്യമുള്ളവരായി കണക്കാക്കാനാവില്ലെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. 100 തവണ ചിരിക്കു ന്നതു 15 തവണ സൈക്കിള്‍ ചവി ട്ടുന്നതിനു തുല്യമാണത്രേ.
ചിരിക്കുമ്പോള്‍ ശരീരത്തിലെ ഓക്സിജന്റെ അളവ്‌ വര്‍ധിക്കുന്നു. കൂടുതല്‍ ചിരിക്കു മ്പോള്‍ ധാരാളം വായു ഉള്ളിലേക്കും പുറത്തേക്കും പോകും. ശ്വാസ കോശം വികസിക്കും. കൂടുതല്‍ ഓക്സിജന്‍ രക്‌തത്തില്‍ കലരും. ഉത്കണ്ഠ മാറ്റാന്‍ നല്ല മരുന്നാണ്‌ ചിരി. ചിരിക്കുമ്പോള്‍ ചില പോസിറ്റീവ്‌ ഹോര്‍മോണു കള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്‌.