Monday, November 8, 2010

ഒബാമയുടെ സന്ദര്‍ശനം : 'ആല്‍ത്തണലില്‍ ' മയങ്ങിയ മാധ്യമങ്ങള്‍


പൊട്ടിപ്പൊളിഞ്ഞ്‌ പാളീസായ ഒരു സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന്‌ തന്റെ രാജ്യത്തെ രക്ഷപ്പെടുത്താനാണ്‌ ഒബാമ എത്തിയത്‌. ഒബാമയുടെ സാമ്പത്തിക നയം അവിടത്തെ ജനങ്ങള്‍ പുറംകാലുകൊണ്ട്‌ ചവിട്ടിത്തെറിപ്പിച്ചു എന്ന്‌ സെനറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കണ്ടെത്താനും അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയായിരുന്നു ഒബാമ ഇന്ത്യയിലെത്തിയത്‌. അമേരിക്കയില്‍ ഇപ്പോള്‍ ഒന്നരകോടി തൊഴില്‍ രഹിതരുണ്ട്‌. തൊഴിലില്ലായ്മയുടെ വളര്‍ച്ച 9.6 ശതമാനമാണ്‌. ഈ സാഹചര്യത്തില്‍ പ്രതിമാസം 1.5 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുക എന്നതാണ്‌ അമേരിക്കയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം.


അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ എന്തിനായിരുന്നു ഇന്ത്യയില്‍ വന്നത്‌ ?
ആതിരേ, ഇന്ത്യയിലെ പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നത്‌ ഇന്ത്യയിലെ മാധ്യമങ്ങളോടാണ്‌.
ഒരു ലോകാത്ഭുതം സംഭവിക്കാന്‍ പോകുന്നു എന്ന മട്ടില്‍ വര്‍ണനകളും വിവരണങ്ങളും കൊണ്ട്‌ മാധ്യമങ്ങള്‍ വന്‍ ഒച്ചപ്പാടാണ്‌ സൃഷ്ടിച്ചത്‌. ഒബാമ ഇന്ത്യയിലെത്തിയാല്‍ ഒട്ടേറെ കരാറുകളില്‍ ഒപ്പിടുമെന്നും യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം, ആണവ സുരക്ഷ, കശ്മീര്‍ സമസ്യ തുടങ്ങി രാജ്യം ആവശ്യപ്പെടുന്ന ഗൗരവപൂര്‍ണമായ വിഷയങ്ങളില്‍ ഇന്ത്യയ്ക്കനുകൂലമായ നിലപാട്‌ ഒബാമയില്‍ നിന്നുണ്ടാകുമെന്നും അതിലൂടെ ഇന്ത്യ തേനും പാലുമൊഴുകുന്ന കനാന്‍ ദേശമായി മാറും എന്നൊക്കെയുള്ള ധാരണ വളര്‍ത്താനാണ്‌ മാധ്യമങ്ങള്‍ ശ്രമിച്ചത്‌.
(പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ 45 മിനിറ്റു നേരത്തെ സംസാരത്തില്‍ ഈ വിഷയങ്ങള്‍ ഒബാമ സ്പര്‍ശിച്ചെങ്കിലും, ആതിരേ, ആ വാക്കുകളുടെയിടയിലും ഒബാമ ഉപയോഗിച്ച വാചകങ്ങളുടെ അടിയിലും അമേരിക്കന്‍ കമ്പോള താത്പര്യങ്ങളാണ്‍കഴുകന്‍ കണ്ണ്‌ തുറന്ന്‌ നിന്നിരുന്നത്‌ )
എന്നാല്‍, ഇന്ത്യയിലേക്ക്‌ വരുംമുമ്പ്‌ തന്നെ തന്റെ സന്ദര്‍ശനോദ്ദേശ്യം ഒബാമ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ വാണിജ്യസാധ്യതകള്‍ മുതലെടുക്കുക മാത്രമാണ്‌ തന്റെ ലക്ഷ്യമെന്ന്‌ അസന്ദിഗ്ധമായി അദ്ദേഹം പറഞ്ഞത്‌ പക്ഷെ, ഇവിടത്തെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ കൂടുതലായി വില്‍ക്കാന്‍ സാധിക്കുമോ എന്നുമാത്രമായിരുന്നു ഒബാമ അന്വേഷിച്ചത്‌. ഇന്ത്യക്കാര്‍ കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവിടെ ഉത്പാദനം വര്‍ധിക്കുകയും അവിടുത്തുകാര്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും എന്ന്‌ ഒബാമയ്ക്ക്‌ അറിയാമായിരുന്നു. ആ അറിവ്‌ ഇവിടെ അടിച്ചേല്‍പ്പിക്കുന്നതില്‍ ഒബാമ വിജയിക്കുകയും അത്‌ കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ തന്നെ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ 1000 കോടി യുഎസ്‌ ഡോളറിന്റെ (ഏകദേശം 44000 കോടി രൂപ) കരാറുകള്‍ നേടിയെടുത്തുകൊണ്ടാണ്‌ , അതിരേ, ഒബാമ തന്റെ കമ്പോള വേട്ട ആരംഭിച്ചത്‌. ഈ കരാറിലൂടെ അമേരിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ, ഒബാമയെ പ്രകീര്‍ത്തിക്കാനാണ്‌ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരിച്ചത്‌. ഇന്ത്യന്‍ ഐടി കമ്പനികളുടെ നെഞ്ച്‌ പിളര്‍ക്കുകയായിരുന്നു ഈ കരാറിലൂടെയെന്ന്‌ തിരിച്ചറിഞ്ഞത്‌ വിരലിലെണ്ണാവുന്ന മാധ്യമങ്ങള്‍ മാത്രം. അമേരിക്കന്‍ കമ്പനികള്‍ അവിടത്തെ ജോലികള്‍ ഇന്ത്യയിലേക്ക്‌ മാറ്റുന്നതിനെ (ഔട്ട്‌ സോഴ്സിംഗ്‌) തുടക്കം മുതല്‍ എതിര്‍ത്തിരുന്ന ഒബാമ ഇന്ത്യയിലെത്തിയിട്ടും ആ നിലപാടില്‍ അയവ്‌ വരുത്തിയില്ല. ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം അദ്ദേഹം അടിവരയിട്ടുപറഞ്ഞു.
ഇന്ത്യ പ്രതീക്ഷിച്ച യുഎന്നിലെ സ്ഥിരാംഗത്വം, കശ്മീര്‍ വിഷയത്തിലെ ക്രിയാത്മകമായ ഇടപെടല്‍ തുടങ്ങിയ ഘടകങ്ങളില്‍ നിന്ന്‌ കൗശലപൂര്‍വ്വം നയതന്ത്രജ്ഞതയോടെയാണ്‌ ഒബാമ ഒഴിഞ്ഞുമാറിയത്‌. തീവ്രവാദം അവസാനിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ്‌ പരിഹരിക്കേണ്ടതെന്നും ഈ വിഷയത്തില്‍ അമേരിക്ക മധ്യസ്ഥത പാലിക്കുന്ന പ്രശ്നമേയില്ല എന്നും ഒബാമ പറഞ്ഞിട്ടും ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നുപറയുമ്പോള്‍ , ആതിരേ, വിവേചനശീലത്തില്‍ നാമെത്രയോ പിന്നിലാണെന്ന്‌ സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ലോകപോലീസ്‌ ചമയുന്ന അങ്കിള്‍ സാമിനോടും യാങ്കികളോടുമുള്ള മാനസികവിധേയത്വം അത്രമാത്രം അശ്ലീലഭരിതമാണെന്ന്‌ പറയേണ്ടിവരും. രണ്ടായാലും ഇന്ത്യയെ കേവലം ഒരു കമ്പോളമായി കണ്ട്‌ അതിന്റെ സാധ്യതകള്‍ ചൂഷണം ചെയ്യാനാണ്‌ ഒബാമ എത്തിയതെന്ന്‌ എഴുതാനും പറയാനും നമ്മുടെ ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങള്‍ക്കും നട്ടെല്ലില്ലാതെ പോയി എന്നത്‌ അവിതര്‍ക്കിതമായ വാസ്തവമാണ്‌.
ആതിരേ, പൊട്ടിപ്പൊളിഞ്ഞ്‌ പാളീസായ ഒരു സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന്‌ തന്റെ രാജ്യത്തെ രക്ഷപ്പെടുത്താനാണ്‌ ഒബാമ എത്തിയത്‌. ഒബാമയുടെ സാമ്പത്തിക നയം അവിടത്തെ ജനങ്ങള്‍ പുറംകാലുകൊണ്ട്‌ ചവിട്ടിത്തെറിപ്പിച്ചു എന്ന്‌ സെനറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കണ്ടെത്താനും അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയായിരുന്നു ഒബാമ ഇന്ത്യയിലെത്തിയത്‌. അമേരിക്കയില്‍ ഇപ്പോള്‍ ഒന്നരകോടി തൊഴില്‍ രഹിതരുണ്ട്‌. തൊഴിലില്ലായ്മയുടെ വളര്‍ച്ച 9.6 ശതമാനമാണ്‌. ഈ സാഹചര്യത്തില്‍ പ്രതിമാസം 1.5 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുക എന്നതാണ്‌ അമേരിക്കയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം. 10 വര്‍ഷം കൊണ്ട്‌ അമേരിക്കയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇന്ത്യന്‍ വിപണിയെ പരമാവധി ചൂഷണം ചെയ്യുക എന്നതായിരുന്നു ഒബാമയുടെ മുഖ്യലക്ഷ്യം. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ അത്‌ ബോധ്യപ്പെട്ടില്ല എന്നതിന്റെ തെളിവാണ്‌ കഴിഞ്ഞദിവസങ്ങളില്‍ അദ്ദേഹം കുട്ടികളോടൊത്ത്‌ ദീപാവലി ആഘോഷിച്ചതും ഹുമയൂണിന്റെ ഖബറിടം സന്ദര്‍ശിച്ചതുമൊക്കെ വാര്‍ത്തകളാക്കിയും ചിത്രങ്ങളാക്കിയും പത്രങ്ങളിലെയും ടെലിവിഷനിലെയും സ്ഥലവും സമയവും നഷ്ടപ്പെടുത്തിയത്‌. ഒപ്പം ഭാര്യ മിഷേലിനെയും ഹൈലൈറ്റ്‌ ചെയ്യാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഇനി ഇന്ത്യയിലെ ഫാഷന്‍ ട്രെന്‍ഡിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ മിഷേലാണെന്ന്‌ വരെ എഴുതിയും പറഞ്ഞും പ്രചരിപ്പിക്കാന്‍ ഇവിടെത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അല്‍പ്പം പോലും ഉളുപ്പില്ലായിരുന്നു.
ഒന്നറിയണം, ആതിരേ, ഇന്ത്യന്‍ പ്രധാനമന്ത്രിയോ പ്രസിഡന്റോ അമേരിക്ക സന്ദര്‍ശിച്ചാല്‍ എന്തായിരിക്കും അവിടത്തെ മാധ്യമങ്ങളുടെ നിലപാട്‌ ? കൂടിവന്നാല്‍ ഒരുകോളം വാര്‍ത്ത. പ്രൈംടൈം ന്യൂസില്‍ ഒരു മിനിറ്റ്‌ പരാമര്‍ശം. അതിലപ്പുറം ഒരു പരിഗണനയും ലഭിക്കാത്തിടത്താണ്‌ ആഴ്ചകള്‍ക്ക്‌ മുമ്പേ തന്നെ ഒബാമയുടെ സന്നാഹങ്ങളെ കുറിച്ചും യാത്രചെയ്യുന്ന വാഹനങ്ങളെ കുറിച്ചും ഒക്കെ എഴുതിയും പറഞ്ഞും ഇന്ത്യക്കാരുടെ ശ്രദ്ധമുഴുവന്‍ ഒബാമയിലേക്ക്‌ തിരിച്ചുവെച്ചത്‌.
ശരിക്കും ഒരു വിനോദസഞ്ചാരമാണ്‌ ഒബാമയും ഭാര്യയും ഇന്ത്യയില്‍ നടത്തിയത്‌. ഒപ്പം വന്ന വ്യവസായികള്‍ അവര്‍ക്കാവശ്യമുള്ള കരാറുകള്‍ ഇതിനിടയില്‍ നേടിയെടുക്കുകയും ചെയ്തു. ഗൗരവുമള്ള ഒരു ചര്‍ച്ചയോ നയതന്ത്ര തലത്തില്‍ ശ്രദ്ധേയമാകുന്ന ഒരുനിലപാടോ ഈ സന്ദര്‍ശനത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഹജമായ വിധേയത്വഭാവം പരമാവധി ചൂഷണം ചെയ്ത്‌ അമേരിക്കന്‍ കമ്പോളത്തിന്റെ വിപുലീകരണം സാധിച്ചെടുത്തിരിക്കുകയാണ്‌ ഒബാമ.
ഒബാമയുടെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ട്‌ ഞെട്ടിക്കുന്നവാസ്തവങ്ങളാണ്‌ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്‌. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ പോലും അമേരിക്കക്കാര്‍ക്കാണ്‌ പ്രാമുഖ്യം. അവിടെ യുഎസ്‌ പൗരന്മാര്‍ക്ക്‌ അപ്രഖ്യാപിത സംവരണമാണ്‌ നിലവിലുള്ളത്‌.
അമേരിക്കയില്‍ ശക്തമായ വേരോട്ടമുള്ള മൂന്ന്‌ കമ്പനികളാണ്‌ ജൂബിലന്റ്‌ ഭാരതീയ ഗ്രൂപ്പ്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, അവാന്ത ഗ്രൂപ്പ്‌ എന്നിവ. ഫാര്‍മസ്യൂട്ടിക്കല്‍, ലൈഫ്‌ സയന്‍സ്‌, ഹെല്‍ത്ത്‌ കീയര്‍, എണ്ണ - പ്രകൃതി വാതക പര്യവേഷണം തുടങ്ങിയ മേഖലകളില്‍ 300 കോടി ഡോളറിന്റെ അറ്റദായമുള്ള ജൂബിലന്റ്‌ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന 901 പ്രഫഷണലുകളില്‍ 891 പേരും അമേരിക്കന്‍ പൗരന്മാരാണ്‌. 710 കോടി ഡോളറിന്റെ മഹീന്ദ്ര വാഹന കമ്പനിയിലെ 6000 ജീവനക്കാരില്‍ 3600 പേരും അമേരിക്കക്കാര്‍. ക്രോമ്പ്ടണ്‍ ഗ്രീവ്സിന്റെ മാതൃസ്ഥാപനമായ അവാന്ത ഗ്രൂപ്പ്‌ തങ്ങളുടെ ഓരോ യൂണിറ്റിലും 150 - 200 അതിവിദഗ്ധരെയാണ്‌ നിയമിച്ചിട്ടുള്ളത്‌. ഇവിടെയും ഇന്ത്യന്‍ പ്രാതിനിധ്യം നാമമാത്രമാണ്‌. ഐടി - ഐടി അധിഷ്ഠിത സ്ഥാപനങ്ങളില്‍ മാത്രമാണ്‌ ഇന്ത്യന്‍ തൊഴിലാളികളുടെ ഉയര്‍ന്ന പ്രാതിനിധ്യമുള്ളത്‌.
പുറംജോലി കരാര്‍ നിരുത്സാഹസപ്പെടുത്തുമെന്ന്‌ ഇന്ത്യന്‍ മണ്ണില്‍ നിന്ന്‌ ആവര്‍ത്തിച്ച ഒബാമ, ഇവിടെ ഒപ്പിട്ട ഈ 44000 കോടി രൂപയുടെ കരാറിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളെ കുറിച്ച്‌ ഇന്ത്യക്കാരന്‍ കിനാവ്‌ കാണണ്ട എന്നുതന്നെയാണ്‌ പറഞ്ഞത്‌.
ഇതുപോലും തിരിച്ചറിയാതെ ആദ്യദിവസം മുംബൈയില്‍ ഒപ്പിട്ട 44000 കോടി രൂപയുടെ കരാറുകള്‍ ഇന്ത്യക്കാര്‍ക്ക്‌ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കുമെന്ന്‌ എഴുതിപിടിപ്പിക്കുകയും പറയുകയും ചെയ്ത മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ പൊതുസമൂഹത്തെ ഒബാമയ്ക്കൊപ്പം നിന്ന്‌ കബളിപ്പിക്കുകയായിരുന്നു. ശ്രദ്ധിക്കണം ഒബാമയുടെ സുരക്ഷയ്ക്കുവേണ്ടി സ്വീകരിച്ച നടപടികള്‍ മൂലം ഇന്ത്യയ്ക്കുണ്ടായ വാണിജ്യവ്യവസായ നഷ്ടം . അത്‌ എത്രയെന്ന്‌ തിട്ടപ്പെടുത്താന്‍ പോലും ഇവിടെത്ത മാധ്യമങ്ങള്‍ക്ക്‌ തോന്നിയില്ല എന്നുപറയുമ്പോള്‍, അതിരേ മനസ്സിലാക്കുക വിധേയത്വ മാധ്യമപ്രവര്‍ത്തനത്തിന്റെ പിന്‍പുറത്ത്‌ വളര്‍ന്നുനില്‍ക്കുന്ന ആല്‍ത്തണലിരുന്നുകൊണ്ടാണ്‌ ഇവരെല്ലാം ഒബാമ സ്തുതികള്‍ പടച്ചുവിട്ടതെന്ന്‌.

Friday, November 5, 2010

അഴിമതി : 'അമ്മായിഅമ്മ ഗാന്ധിയും' 'മരുമകള്‍ ഗാന്ധിയും' ഒരേവഴിയില്‍


ഇപ്പോള്‍ ചിത്രം വ്യക്തമാവുകയാണ്‌. അമ്മായിയമ്മ ഗാന്ധി മുതല്‍ കൊച്ചുമകന്‍ ഗാന്ധി വരെയുള്ള കുടുംബാധിപത്യത്തിന്റെ അടയാളങ്ങളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുന്ന രാഷ്ട്രവഞ്ചനകളും സാമദ്രോഹങ്ങളുമാണ്‌. ഈ സത്യം ഒരിക്കല്‍ കൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞു എന്നിടത്താണ്‌ നവംബര്‍ 2-ാ‍ം തിയതി ന്യൂഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മറ്റി യോഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും.




"അഴിമതി ഒരു ആഗോളപ്രതിഭാസമാണ്‌" എന്ന വിശ്രുതമായ കണ്ടുപിടുത്തം നടത്തിയത്‌ ഇന്ദിരയായിരുന്നു. ഇന്ത്യയിലെ ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന അവരുടെ ഭരണത്തിന്റെ അവസാനകാലം അഴിമതിയുടെ കൂത്തരങ്ങായപ്പോഴാണ്‌, ആതിരേ ഇത്തരമൊരു കണ്ടുപിടുത്തം നടത്താന്‍ അവര്‍ നിബന്ധിതയായത്‌. ആ ഭരണത്തിന്റെ നന്മയും തിന്മയും അനുഭവിച്ചവര്‍ക്ക്‌, അവയെ കുറിച്ച്‌ ഓര്‍മ്മയുള്ളവര്‍ക്ക്‌ സോണിയയുടെ നിലപാടില്‍ തെല്ലും അതിശയം തോന്നുകയില്ല. അമ്മായിഅമ്മയില്‍ ആരംഭിച്ച്‌ ഭര്‍ത്താവില്‍ തുടര്‍ന്ന അഴിമതി ഭരണത്തിന്‌ ഭംഗംവരുത്താതിരിക്കാന്‍ അവര്‍ക്ക്‌ ശ്രമിച്ചേ മതിയാകൂ.
കോണ്‍ഗ്രസിന്റെ അധ്യക്ഷയായി നാലാംവട്ടവും സോണിയയെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എഐസിസി സമ്മേളനത്തില്‍ ലോകത്തുള്ള സര്‍വ്വ വിഷയങ്ങളെ കുറിച്ചും വിശകലനമുണ്ടായി, പ്രമേയങ്ങളവതരിപ്പിക്കപ്പെട്ടു. കശ്മീര്‍ മുതല്‍ കൂട്ടുകക്ഷി ഭരണവരെയുള്ള വിഷയങ്ങളില്‍ 'ആധികാരികമായാണ്‌' സോണിയ കോണ്‍ഗ്രസുകാരോടും രാഷ്ട്രത്തോടും സംസാരിച്ചത്‌.
എന്നാല്‍, കോണ്‍ഗ്രസിനെയും അതിന്റെ സര്‍ക്കാരുകളെയും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന അഴിമതിയെ കുറിച്ച്‌ കമാന്ന്‌ ഒരക്ഷരം അവരില്‍ നിന്നുണ്ടായില്ല, ആതിരേ.... എന്നുമാത്രമല്ല, അഴിമതിയുടെ പേരില്‍ വിവാദപുരുഷന്മാരായവരെ തനിക്കൊപ്പം വേദിയിലും സദസിലും സ്ഥാനം നല്‍കി തന്റെ കുടുംബഭരണരീതി അവര്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ഇന്ന്‌ വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവയാണ്‌ മുംബൈ ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി, 2 ജി. സ്പെക്ട്രം അഴിമതി തുടങ്ങിയവ. മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന്റെ വിശ്വാസ്യതയെ അനുദിനം പിച്ചിചീന്തുന്ന, കോണ്‍ഗ്രസിന്റെ ആദര്‍ശപരിവേഷത്തെ കളങ്കിതമാക്കിക്കൊണ്ടിരിക്കുന്ന ഈ വിഷയങ്ങളില്‍ തീര്‍ച്ചയായും, ആതിരേ, സോണിയയില്‍ നിന്ന്‌ ചില അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളും പൊതുസമൂഹവും പ്രതീക്ഷിച്ചതാണ്‌. എന്നാല്‍, ഈ വിഷയം തമസ്കരിക്കാനും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്‌ ചവാനും സുരേഷ്‌ കല്‍മാഡിക്കും എഐസിസി വേദിയില്‍ ബഹുമാന്യസ്ഥാനം നല്‍കാനുമാണ്‌ അവരും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ശ്രമിച്ചത്‌. സുതാര്യമായ ഭരണം, അഴിമതി രഹിതമായ എക്സിക്യൂട്ടീവ്‌, വാഗ്ദാനങ്ങളുടെ നിറവേറ്റല്‍ എന്നൊക്കെ വീമ്പിളക്കി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ പൊതുസമൂഹത്തെയും നികുതിദായകരെയും സമ്മതിദായകരെയും കുരങ്ങ്‌ കളിപ്പിക്കുന്ന രാഷ്ട്രീയ നീക്കത്തിന്‌ അങ്ങനെ സോണിയ ശാശ്വതീകരണം നല്‍കി.
ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളായ ദിഗ്‌വിജയ്‌ സിംഗും അഹമ്മദ്‌ പട്ടേലും നല്‍കിയ വിശദീകരണങ്ങള്‍ അഴിമതിയുടെ തിരക്കഥയുടെ പൂര്‍ണരൂപം നല്‍കുന്നു. സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുക്കാനാണ്‌ ഇപ്പോള്‍ എഐസിസി സമ്മേളനം കൂടിയതെന്നും ഡിസംബര്‍ 18-20 തീയതികളില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ രാജ്യം നേരിടുന്ന വിഷയങ്ങളെ കുറിച്ച്‌ കോണ്‍ഗ്രസ്‌ അതിന്റെ അഭിപ്രായം പ്രകടിപ്പിക്കും എന്നൊക്കെയായിരുന്നു ഇവരുടെ വിശദീകരണം. കോണ്‍ഗ്രസ്‌ അധ്യക്ഷയുടെ തെരഞ്ഞെടുപ്പ്‌ മാത്രമായിരുന്നു അജണ്ടയെങ്കില്‍ എന്തിനാണ്‌ മറ്റു വിഷയങ്ങളെ കുറിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ ഇത്രയ്ക്കും ആധികാരികമായി , ആവേശത്തോടെ സംസാരിച്ചത്‌ ? ( ഈ ചോദ്യത്തിന്‌ ഉത്തരം കിട്ടുകയില്ല എന്നത്‌ തീര്‍ച്ചയാണ്‌.) ഒപ്പം ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി അഴിമതി ലഘൂകരിക്കാനും ഈ നേതാക്കളുടെ ഭാഗത്തുനിന്ന്‌ ശ്രമമുണ്ടായി. കരസേനയിലെയും നാവികസേനയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വരെ പേരുകള്‍ ഈ അഴിമതിയുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്നതുകൊണ്ട്‌ ഇപ്പോള്‍ ആ വിഷയത്തില്‍ അഭിപ്രായം പറയുന്നത്‌ യുക്തമല്ല എന്നാണ്‌ ദിഗ്‌വിജയ്‌ സിംഗ്‌ വിശദീകരിച്ചത്‌. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന കണക്കെ കോണ്‍ഗ്രസ്‌ അധ്യക്ഷ അംഗീകാരം നല്‍കിയിട്ടുള്ള അഴിമതികളെ ന്യായീകരിക്കാനല്ലാതെ ദിഗ്‌വിജയനും അഹമ്മദ്‌ പട്ടേലിനും മറ്റ്‌ എന്ത്‌ ചെയ്യാന്‍ കഴിയും.
ഈ യോഗത്തില്‍ , ആതിരേ, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ 'കൊച്ചുമകന്‍ ഗാന്ധി'യെ പാര്‍ട്ടിയുടെ അടുത്ത സാരഥിയായും ഇന്ത്യയുടെ പ്രധാനമന്ത്രിയായും അവതരിപ്പിച്ചത്‌ ശ്രദ്ധിക്കേണ്ടതാണ്‌. എഐസിസി സമ്മേളനം തുടങ്ങിയ ശേഷം ഹാളിലേക്ക്‌ കടന്നുവരികയും മറ്റ്‌ അംഗങ്ങള്‍ക്കൊപ്പം അല്‍പ്പനേരം സദസിലിരുന്ന ശേഷം വേദിയില്‍ അമ്മയ്ക്കുപുറകില്‍, കോണ്‍ഗ്രസിന്റെ നയരൂപീകരണ വിദഗ്ധര്‍ക്കരുകില്‍ രാഹുല്‍ സ്ഥാനം പിടിച്ചത്‌ വന്‍ കയ്യടിയോടെയായിരുന്നു. അമ്മയുടെ കാതില്‍ എന്തോ മന്ത്രിച്ച ശേഷം രാഹുല്‍ യോഗത്തെ അഭിസംബോധന ചെയ്ത്‌ പറഞ്ഞത്‌ 'ഏറെയേറെ ഗൗരവമുള്ള' വിഷയങ്ങളായിരുന്നു.
താന്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുണ്ടെന്നും ഈ സഞ്ചാരത്തില്‍ തനിക്ക്‌ ഒരു വാസ്തവം ബോധ്യമായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. വര്‍ത്തമാനകാല ഇന്ത്യ രണ്ട്‌ ഹിന്ദുസ്ഥാനാണെന്ന്‌ അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. സാധുക്കളും ദരിദ്രരും വികസനത്തിന്റെ വെളിച്ചത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെട്ടവരും അടങ്ങുന്നതാണ്‌ ഒരു ഹിന്ദുസ്ഥാന്‍. രാജ്യത്തിന്റെ പുരോഗതിക്ക്‌ (?) ഒപ്പം നീങ്ങുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നവരുടേതാണ്‌ രണ്ടാമത്തെ ഹിന്ദുസ്ഥാന്‍. ഈ രണ്ട്‌ ഹിന്ദുസ്ഥാനും തമ്മില്‍ ബന്ധപ്പെടുത്തിയേ തീരു. അതിനുള്ള ശ്രമമാണ്‌ അടിയന്തിരമായി ചെയ്യേണ്ടത്‌. ഈ യത്നം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന്‌ മാത്രമേ കഴിയൂ എന്നും രാഹുല്‍ തറപ്പിച്ച്‌ പറഞ്ഞു.
ഒരു കാര്യം സമ്മതിച്ചേ തീരു, ആതിരേ. മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തിയ'തില്‍ നിന്നും വിപ്ലവകരമായ രീതിയിലാണ്‌ കൊച്ചുമകന്റെ കണ്ടെത്തല്‍. രാജ്യത്തെ സാധാരണജനങ്ങളുടെ ഉന്നമനത്തിനും ജീവിതാവസ്ഥകളുടെ പുരോഗതിക്കുമായി കോടിക്കണക്കിന്‌ രൂപ ചെലവ്‌ വരുന്ന പദ്ധതികള്‍ കേന്ദ്രം ആവിഷ്കരിച്ച്‌ നടപ്പിലാക്കിയിട്ടും സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷം കഴിഞ്ഞിട്ടും ദരിദ്ര നാരായണന്മാരുടെ ഒരു ഹിന്ദുസ്ഥാന്‍ ഇന്ത്യയിലുണ്ട്‌ എന്ന കണ്ടെത്തല്‍ അത്ര ചെറിയ കാര്യമൊന്നുമല്ലല്ലോ..!. ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം അപ്പോള്‍ ഇത്രയും കാലം കേന്ദ്രം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നതാണ്‌ ? അവരെ കുറിച്ചുകൂടി പറഞ്ഞിടത്താണ്‌ രാഹുലിന്റെ കണ്ടെത്തലിനെ അഭിനന്ദിക്കേണ്ടത്‌. ഈ ക്ഷേമപദ്ധതികളെ എല്ലാം കാമധേനുക്കളാക്കി ഒരു വര്‍ഗം വികസിച്ചുവന്നിട്ടുണ്ട്‌ എന്ന്‌ അദ്ദേഹം സമ്മതിക്കുകയായിരുന്നു. വഴിവിട്ട അത്തരം വികസനത്തിന്റെയും വളര്‍ച്ചയുടെയും പുതിയ കഥകളാണല്ലോ ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി അഴിമതിയും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയും 2ജി സ്പെക്ട്രം അഴിമതിയുമൊക്കെ. ഈ അഴിമതി വീരന്മാര്‍ക്ക്‌ സംരക്ഷണം നല്‍കുന്നത്‌ തന്റെ മാതാവും അവര്‍ ആധ്യക്ഷം വഹിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ആ പാര്‍ട്ടി നയിക്കുന്ന കേന്ദ്രസര്‍ക്കാരുമാണെന്ന സത്യം കൊച്ചുമകന്‍ ഗാന്ധി, തന്റെ ഇന്ത്യയെ കണ്ടെത്തലിന്റെ ആവേശത്തില്‍ മറന്നുപോയെന്ന്‌ തോന്നുന്നു.
ആതിരേ, ഈ രണ്ട്‌ ഹിന്ദുസ്ഥാനുകളെ യോജിപ്പിക്കുകയാണോ അതോ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അടക്കമുള്ളവ ഹൈജാക്‌ ചെയ്യുകയും കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തുകയും ചെയ്യുന്ന വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട നേതാക്കന്മാരെയും അവരെ സംരക്ഷിക്കുന്നവരെയും ഇവരുടെയൊക്കെ ഇടനിലക്കാരെയും ഉന്മൂലനം ചെയ്യുകയാണോ വേണ്ടത്‌ ? തീര്‍ച്ചയായും രണ്ടാമത്‌ പറഞ്ഞതാണ്‌ നടപ്പിലാക്കേണ്ടത്‌. പക്ഷെ, അതിനുള്ള സമ്മതവും മനസ്സും ഇഛാശക്തിയും കോണ്‍ഗ്രസ്‌ അധ്യക്ഷയ്ക്കോ പ്രധാനമന്ത്രിക്കോ ഇല്ല എന്നതാണ്‌ വര്‍ത്തമാനകാല വാസ്തവം. വന്‍ അഴിമതികള്‍ നടത്തി നേതാക്കന്മാര്‍ പോക്കറ്റ്‌ വീര്‍പ്പിക്കുമ്പോള്‍ അതിന്റെ ഇരട്ടി പാര്‍ട്ടിക്കും പാര്‍ട്ടിയുടെ നിയന്താക്കള്‍ക്കും ലഭിക്കുമെന്നുള്ളത്‌ ഏത്‌ വിഡ്ഢിക്കുമറിയാവുന്ന വസ്തുതയാണ്‌. യഥാര്‍ത്ഥത്തില്‍ അശോക്‌ ചൗഹാനെയും സുരേഷ്‌ കല്‍മാഡിയെയും എ. രാജയെയും പോലെയുള്ള കുഞ്ഞിരാമന്മാരെ ചാടിക്കളിപ്പിച്ച്‌ കോടികള്‍ സമ്പാദിച്ചിട്ടുള്ളവരാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അതുമായി ബന്ധപ്പെട്ടവരും. അപ്പോള്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ സോണിയയ്ക്ക്‌ കഴിയുന്നതെങ്ങനെ ?
ആ മൗനത്തെ കൗശലപൂര്‍വ്വമായ ഒരു ഇടപെടലിലൂടെ ന്യായീകരിക്കുകയും അഴിമതിക്കാരെ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു രാഹുല്‍. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ രണ്ട്‌ ഹിന്ദുസ്ഥാനും ഇതേ രീതിയില്‍ തന്നെ നിലനില്‍ക്കണം. എന്നാല്‍, ഇവ തമ്മില്‍ ബന്ധിപ്പിച്ചാല്‍ മതി. അതിനു കഴിയുന്നത്‌ കോണ്‍ഗ്രസിനും. ഇപ്പോള്‍ ചിത്രം വ്യക്തമാവുകയാണ്‌. അമ്മായിയമ്മ ഗാന്ധി മുതല്‍ കൊച്ചുമകന്‍ ഗാന്ധി വരെയുള്ള കുടുംബാധിപത്യത്തിന്റെ അടയാളങ്ങളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുന്ന രാഷ്ട്രവഞ്ചനകളും സാമദ്രോഹങ്ങളുമാണ്‌. ഈ സത്യം ഒരിക്കല്‍ കൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞു എന്നിടത്താണ്‌ ആതിരേ, നവംബര്‍ 2-ാ‍ം തിയതി ന്യൂഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മറ്റി യോഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും.

Thursday, November 4, 2010

കുടിവെള്ളം : അഭിമാനം പണയപ്പെടുത്തുമ്പോള്‍


നികുതിദായകരും സമ്മതിദായകരും ഇവിടെ ഒരു തിരിച്ചറിവിലേക്ക്‌ വന്നേ തീരു. നിങ്ങള്‍ നല്‍കുന്ന വോട്ടും നികുതിപ്പണവും ഉപയോഗിച്ച്‌ അധികാരത്തിലേറി നിങ്ങള്‍ക്കെതിരെ പാരപണിയുകയാണ്‌ ഇടത്‌-വലത്‌ വ്യത്യാസമില്ലാതെ ഈ രാഷ്ട്രീയ പരിഷകള്‍. ഇന്നുവരെ പണം കൊടുക്കാതെ വഴിവക്കത്തെ പൊതുടാപ്പില്‍ നിന്ന്‌ ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന്‌ നാളെ മുതല്‍ പണം ഈടാക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍ സൂക്ഷിക്കുക. മറ്റന്നാള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്ന വായുവിനും നിങ്ങളാസ്വദിക്കുന്ന സൂര്യപ്രകാശത്തിനും ഇവര്‍ നികുതി ആവശ്യപ്പെടും. ഭീഷണമാണ്‌ ഭാവി. ഭീകരമാണ്‌ വരാന്‍ പോകുന്ന നാളുകള്‍. അതുകൊണ്ട്‌ അതിനെ ചെറുക്കാന്‍ ഇത്തരം ചൂഷണശക്തികളെ എതിര്‍ത്ത്‌ തോല്‍പ്പിക്കാന്‍ ഇന്നേ പടയണി ചേര്‍ന്നേ മതിയാവൂ.ആതിരേ, അതിനുള്ള ധൈര്യവും സമ്മതവും നമുക്കുണ്ടോ എന്നതാണ്‌ കാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം.



വെള്ളവും വെളിച്ചവും വായുവും ആര്‍ക്കും കപ്പം കൊടുക്കാതെ ഏതൊരു മനുഷ്യനും സ്വീകരിക്കാനും ആസ്വദിക്കാനും കഴിയുന്ന പ്രകൃതിയുടെ വരദാനമാണ്‌ എന്ന ചിന്ത തിരുത്തിക്കുറിപ്പിക്കുകയാണ്‌ ആതിരേ, നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍. കുടിവെള്ളത്തിനും സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും കരം കൊടുത്തേ കഴിയു എന്ന്‌ പാശ്ചാത്യ അധിനിവേശത്തിന്റെ പൈശാചികതയായി ലോകബാങ്കും അനുബന്ധ സാമ്പത്തിക സംവിധാനങ്ങളും ശാഠ്യം പിടിക്കുമ്പോള്‍ അതിന്‌ വഴങ്ങിക്കൊടുക്കുന്ന പ്ലാസ്റ്റിക്‌ നട്ടെല്ലുകളുമായി ഇടതുപക്ഷ ഭരണം പോലും സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിക്കുന്നതാണ്‌ വര്‍ത്തമാനകാല ദുരവസ്ഥ.
ജലനിധി !
ആതിരേ, എത്ര ലാവണ്യസുന്ദരമായ പദം !!
എന്നാല്‍,കെരള സര്‍ക്കാരിന്റെ ' ജലനിധി കുടിവെള്ള പദ്ധതി 'യുടെ ഭാഗമായി സ്ഥാപിക്കുന്ന പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളത്തിന്‌ ജനങ്ങള്‍ പണം നല്‍കണമെന്ന ലോകബാങ്കിന്റെ വൃത്തികെട്ട ശാഠ്യത്തിന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും ജലമന്ത്രി എം.കെ പ്രേമചന്ദ്രനും ഇവരടങ്ങുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനുമൊക്കെ മുട്ടുമടക്കി ഏറാന്‍ മൂളിയിരിക്കുകയാണ്‌.
നൂറ്‌ പഞ്ചായത്തിലാണ്‌ ജലനിധി പദ്ധതി നടപ്പിലാക്കുന്നത്‌. പഞ്ചായത്തുകളില്‍ നിലവിലുള്ള പൊതുടാപ്പുകള്‍ ജലനിധിപദ്ധതിയുമായി യോജിപ്പിക്കും. അതോടെ ഈ ടാപ്പുകളിലെ വെള്ളത്തിനും ജനങ്ങള്‍ പണം നല്‍കേണ്ടിവരും.
കേരളത്തില്‍ പൊതുടാപ്പുകള്‍ വേണ്ട എന്നാണ്‌ , ആതിരേ, ലോകബാങ്ക്‌ ആദ്യം ശാഠ്യം പിടിച്ചത്‌. കേരളത്തിലെ എല്ലാ വീടുകളിലും വാട്ടര്‍ കണക്ഷന്‍ ഉണ്ടെന്നും അതുകൊണ്ട്‌ പൊതുടാപ്പുകള്‍ വേണ്ട എന്നുമാണ്‌ ലോകബാങ്കിന്റെ കണ്ടെത്തല്‍. ഏത്‌ കൊഞ്ഞാണനാണ്‌ ലോകബാങ്കിന്‌ വേണ്ടി ഇത്തരമൊരു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്ന്‌ ചോദിക്കാന്‍ പിണറായി വിജയനോ വി.എസ്‌ അച്യുതാനന്ദനോ എം.കെ. പ്രേമചന്ദ്രനോ നട്ടെല്ലില്ലാതെ പോയി..! ഭരണകൂടത്തിന്റെ ഈ വഞ്ചനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തേണ്ട ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്ക്കും കെ.എം മാണിക്കും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ശിഖണ്ഡിത്വവും ബാധിച്ചു. ഈ നേതാക്കന്മാരുടെ വീടുകളില്‍ വാട്ടര്‍കണക്ഷനുള്ളതുകൊണ്ടും അതിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന്‌ പണം നല്‍കേണ്ടതില്ലാത്തതുകൊണ്ടും ലോകബാങ്കിന്റെ പാദസേവകരാകാന്‍ ഇവര്‍ക്ക്‌ മടിയില്ല.
പക്ഷെ, ആതിരേ, ഇന്ന്‌ കേരളം ഭരിക്കുന്ന അച്യുതാനന്ദനും അച്യുതാനന്ദന്‍ ഉള്‍പ്പെടുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനും അതുപോലെ തന്നെ മുമ്പ്‌ കേരളം ഭരിച്ച ഉമ്മന്‍ചാണ്ടിക്കും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയെ നയിക്കുന്ന രമേശ്‌ ചെന്നിത്തലയ്ക്കുമറിയാം കേരളത്തിലെ എല്ലാ നികുതിദായകര്‍ക്കും സമ്മതിദായകര്‍ക്കും സ്വന്തമായി വീടില്ല എന്ന്‌. സ്വന്തമായി വീടുള്ള എല്ലാവര്‍ക്കും വാട്ടര്‍കണക്ഷനും ഇലക്ട്രിസിറ്റി കണക്ഷനുമില്ല എന്ന്‌. ഇവരെ വോട്ടു ബാങ്കാക്കി രാഷ്ട്രീയം കളിക്കുന്ന ഈ വേതാളങ്ങള്‍ക്കെല്ലാം നന്നായിട്ടറിയാം പൊതുടാപ്പില്‍ നിന്ന്‌ വെള്ളമെടുത്താണ്‌ ഇവര്‍ നിത്യവൃത്തി കഴിക്കുന്നതെന്ന്‌. ലോകബാങ്ക്‌ പറഞ്ഞു : " കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ഹൗസ്‌ കണക്ഷന്‍ ഉള്ളതുകൊണ്ട്‌ പൊതുടാപ്പ്‌ വേണ്ട ". സായിപ്പിന്റെ മുമ്പില്‍ കവാത്ത്‌ മറന്നുനില്‍ക്കുകയായിരുന്നു വിപ്ലവ വായാടികളും ഖദറിന്റെ വാണിജ്യക്കാരും. അതുകൊണ്ടാണ്‌ ജലനിധി പദ്ധതിയില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ടിവന്നാല്‍ ഗുണഭോക്താക്കളില്‍ നിന്ന്‌ പണം ഈടാക്കണമെന്ന ലോകബാങ്കിന്റെ നിര്‍ബന്ധത്തിന്‌ ഈ വഞ്ചകരെല്ലാം റാന്‍ മൂളിയത്‌.
ഇപ്പോള്‍ പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന ജലത്തിന്‌ എല്ലാമാസവും വാട്ടര്‍ അതോറിറ്റിക്ക്‌ തദ്ദേശഭരണസ്ഥാപനങ്ങളാണ്‌ പണം നല്‍കുന്നത്‌. ജലനിധി പദ്ധതി വന്നാലും ഈ നില തുടര്‍ന്നാല്‍ മതിയെന്ന്‌ എം.കെ പ്രേമചന്ദ്രന്റെ ജലംവകുപ്പ്‌ നിര്‍ദേശിച്ചെങ്കിലും സ്വന്തമായി വീടില്ലാത്തവനെന്ന്‌ അഭിമാനിക്കുന്ന വിപ്ലവകാരി പാലൊളി മുഹമദ്‌ കുട്ടി ഭരിക്കുന്ന തദ്ദേശ വകുപ്പ്‌ പറഞ്ഞത്‌ ചെലവിന്റെ ഒരു വിഹിതം മാത്രമേ ഇനി വഹിക്കാന്‍ കഴിയൂ എന്നാണ്‌. ഓര്‍ക്കണം ജലനിധി പദ്ധതി വരുന്നതിന്‌ മുമ്പ്‌ പൊതുടാപ്പിലൂടെ ഉപയോഗിക്കുന്ന ജലത്തിന്റെ പണം മുഴുവന്‍ വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കിക്കൊണ്ടിരിക്കുന്നവരാണ്‌ ലോകബാങ്കിന്റെ മേല്‍നോട്ടത്തില്‍ ഒരു പദ്ധതി വന്നപ്പോള്‍ പണം നല്‍കാന്‍ കഴിയുകയില്ലെന്നും കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാത്തവരില്‍ നിന്ന്‌ ഉപയോഗിക്കുന്ന ജലത്തിന്റെ പണം വാങ്ങണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്‌. ചതിക്കും വഞ്ചനക്കും പാലൊളി മുഹമ്മദ്‌ കുട്ടിയെന്നും പിണറായി വിജയനെന്നും വി.എസ്‌ അച്യുതാനന്ദനെന്നും എം.കെ. പ്രേമചന്ദ്രനെന്നും ഉമ്മന്‍ചാണ്ടിയെന്നും രമേശ്‌ ചെന്നിത്തലയെന്നും കെ.എം. മാണിയെന്നും കുഞ്ഞാലിക്കുട്ടിയെന്നുമൊക്കെയാണ്‌ പര്യായമെന്ന്‌ ടാപ്പില്ലാത്ത പൈപ്പിലൂടെ വാസ്തവമൊഴുകുന്നത്‌ കാണാന്‍ കഴിയുന്നില്ലേ, ആതിരേ...?
കാലവര്‍ഷവും തുലാവര്‍ഷവും എന്ന രണ്ടുമഴക്കാലവും കിഴക്കോട്ടൊഴുകുന്ന നാല്‌ നദികളടക്കം 44 നദികളും കൊണ്ട്‌ സമ്പന്നമായ, ഉര്‍വരമായ ഒരു ഭൂപ്രദേശമാണ്‌ കേരളം. എന്നാല്‍, കുടിവെള്ളത്തിനും മറ്റ്‌ നിത്യോപയോഗ ആവശ്യത്തിനും ഇന്ന്‌ ജലമില്ലാതെ നരകിക്കുകയാണ്‌ കേരളീയര്‍. പ്രകൃതി കരുണയോടെ നല്‍കുന്ന ജലസമ്പത്ത്‌ കൃത്യമായി പരിപാലിക്കാന്‍ കഴിയാത്ത അലസതയുടെ തിരിച്ചടിയാണ്‌ ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്‌. മഴവെള്ളം അടക്കമുള്ള ജലം സംഭരിക്കാനും അത്‌ ആവശ്യാനുസരണം ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാനുമുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്‌. ഇപ്പോള്‍ സംസ്ഥാന ഭരണത്തോടൊപ്പം തൃത്താല ഭരണവുമാണ്‌ കേരളത്തില്‍ കാര്യകര്‍തൃത്വം നടത്തുന്നത്‌. ഇവര്‍ക്കാര്‍ക്കും കുടിവെള്ള സംരക്ഷണ കാര്യത്തില്‍ അല്‍പ്പം പോലും ജാഗ്രതയില്ലാതെ പോയതുകൊണ്ടാണ്‌ ലോകബാങ്കിനെ പോലെയുള്ള രാഷ്ട്രാന്തര മൂലധന ചൂഷകരുടെ സഹായം തേടേണ്ടിവന്നിരിക്കുന്നത്‌. ലോക ബാങ്കിനെ നിയന്ത്രിക്കുന്നത്‌ ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാഷ്ട്രങ്ങളെ തകര്‍ക്കാര്‍ ശ്രമിക്കുന്ന പാശ്ചാത്യ സാമ്പത്തിക ശക്തികളാണ്‌. ഇത്‌ അറിഞ്ഞിട്ടു തന്നെയാണ്‌, ആതിരേ, ഇത്തരം ചൂഷകരുടെ സഹായം പൗരന്റെ നിത്യജീവിതാവശ്യങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ പോലും സ്വീകരിക്കുന്നത്‌.
ഇവിടെ ഓര്‍ക്കേണ്ടതായ ഒരു വാസ്തവമുണ്ട്‌. ലോകബാങ്കും എഡിബിയും അടക്കമുള്ള പാശ്ചാത്യ സാമ്പത്തിക ശക്തികളില്‍ നിന്ന്‌ സഹായം തേടുന്നതിനെതിരെ വന്‍ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷമാണ്‌ കേരളം ഭരിക്കുന്നത്‌. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒന്നുപറയുകയും ഭരണത്തിലേറുമ്പോള്‍ എതിര്‍ത്തതിനെ സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചനയുടെ ദുരിതം പേറേണ്ടി വരുന്നത്‌ കേരളത്തിലെ സാധാരണക്കാരാണ്‌. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന ജലത്തിന്‌ പണം നല്‍കണമെന്ന ലോകബാങ്കിന്റെ വ്യവസ്ഥയ്ക്ക്‌ കേരളസര്‍ക്കാരും പ്ലാനിംഗ്‌ വിദഗ്ധന്മാരും സമ്മതം മൂളിയത്‌.
ജലനിധി പദ്ധതിയില്‍ സ്ഥാപിക്കുന്ന പൊതു ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന്‌ തദ്ദേശ ഭരണസ്ഥാപനവും അതാത്‌ ദേശത്തെ ഗുണഭോക്തൃ സമിതിയും തുല്ല്യമായി പണം നല്‍കണമെന്നാണ്‌ ഇപ്പോഴത്തെ തീരുമാനം. ജലത്തിന്റെ ഉപഭോഗം നിര്‍ണയിക്കാന്‍ പൊതുടാപ്പിലും മീറ്റര്‍ ഘടിപ്പിക്കും. പദ്ധതി ചെലവിന്റെ 75 ശതമാനം ലോകബാങ്കും 15 ശതമാനം ഗുണഭോക്തൃ സമിതികളും 10 ശതമാനം തദ്ദേശ ഭരണസ്ഥാപനങ്ങളും വഹിക്കണമെന്നായിരുന്നു ലോകബാങ്കിന്റെ വാശി. എന്നാല്‍, ഇതില്‍ ഗുണഭോക്തൃ വിഹിതം 10 ശതമാനമായി കുറച്ചിട്ടുണ്ടെന്നും പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍, ആദിവാസികള്‍ മറ്റ്‌ പിന്നാക്ക വിഭാഗത്തിലുള്ളവര്‍ എന്നിവരുടെ ഗുണഭോക്തൃ വിഹിതം ഒരു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്നുമാണ്‌ എം.കെ.പ്രേമചന്ദ്രന്‍ അഭിമാനത്തൊടെ പറയുന്നത്‌.
ആതിരേ, ഇവിടെ ഒരു ചോദ്യം ഉന്നയിക്കപ്പെടും. പൊതുടാപ്പില്‍ നിന്ന്‌ വെള്ളമെടുക്കുന്നവരെല്ലാം ഗുണഭോക്താക്കളാണല്ലോ. അവരില്‍ നിന്നാണല്ലോ ഗുണഭോക്തൃ വിഹിതം ഈടാക്കേണ്ടത്‌. വിയര്‍ത്ത്‌ വലഞ്ഞ്‌ വിശന്നുവരുന്ന ഒരു വ്യക്തിക്ക്‌ ഇത്തരത്തിലൊരു നിബന്ധനയുള്ളപ്പോള്‍ വെള്ളം കുടിക്കാന്‍ അര്‍ഹതയുണ്ടാകുമോ ? തെരുവില്‍ വീടില്ലാതെ കിടക്കുന്നവരില്‍ നിന്ന്‌ എങ്ങനെ ഗുണഭോക്തൃ വിഹിതം വാങ്ങിയെടുക്കും. കേരളത്തിന്റെ പുതിയ വികസന സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇവിടെ വന്ന്‌ വഴിയോരത്ത്‌ തമ്പടിച്ച്‌ ജോലി ചെയ്യുന്നവര്‍ ആയിരക്കണക്കിന്‌ പേരുണ്ട്‌. ഇവരും പൊതുടാപ്പില്‍ നിന്ന്‌ ജലം ഉപയോഗിക്കുന്ന ഗുണഭോക്താക്കളാണ്‌. ഇവരില്‍ നിന്ന്‌ എങ്ങനെ ഗുണഭോക്തൃ വിഹിതം ഈടാക്കും? കഴിയില്ലെങ്കില്‍ ഇവര്‍ക്ക്‌ പൊതുടാപ്പില്‍ നിന്ന്‌ കുടിവെള്ളം നിഷേധിക്കുമെന്നാണോ പറഞ്ഞുവരുന്നത്‌.
ഓര്‍ക്കണം തെരുവില്‍ അലയുന്ന ഒരു ഭിക്ഷക്കാരന്‍ വാങ്ങുന്ന തീപ്പെട്ടിയില്‍നിന്നുപോലും നികുതി ഈടാക്കി ഞെളിയുന്ന ഭരണകൂടങ്ങളാണ്‌ സംസ്ഥാങ്ങളിലും കേന്ദ്രത്തിലുമുള്ളത്‌. അങ്ങനെ നികുതി നല്‍കുന്ന ഇന്ത്യന്‍ പൗരന്‌ പണം നല്‍കാതെ കുടിവെള്ളം നല്‍കുകയില്ല എന്നാണോ വിവക്ഷ? സത്യം തുറന്നുപറയണം. അതിനുള്ള ആര്‍ജ്ജവവും നട്ടെല്ലുറപ്പും കാണിക്കണം. ആതിരേ, പാശ്ചാത്യ സാമ്പത്തിക ശക്തികളുടെ കാലുനക്കികളായി ഒരു രാജ്യത്തിന്റെയും പ്രദേശത്തിന്റെയും അതിലെ പൗരന്മാരുടെയും സ്വയം ശീര്‍ഷത്വവും മനുഷ്യനായി ജീവിക്കാനുള്ള അവകാശവും അടിയറവെയ്ക്കാന്‍ ആരാണ്‌ ഈ നേതൃമ്മന്യന്മാര്‍ക്ക്‌ അവകാശവും അധികാരവും നല്‍കിയിരിക്കുന്നത്‌.
നികുതിദായകരും സമ്മതിദായകരും ഇവിടെ ഒരു തിരിച്ചറിവിലേക്ക്‌ വന്നേ തീരു. നിങ്ങള്‍ നല്‍കുന്ന വോട്ടും നികുതിപ്പണവും ഉപയോഗിച്ച്‌ അധികാരത്തിലേറി നിങ്ങള്‍ക്കെതിരെ പാരപണിയുകയാണ്‌ ഇടത്‌-വലത്‌ വ്യത്യാസമില്ലാതെ ഈ രാഷ്ട്രീയ പരിഷകള്‍. ഇന്നുവരെ പണം കൊടുക്കാതെ വഴിവക്കത്തെ പൊതുടാപ്പില്‍ നിന്ന്‌ ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന്‌ നാളെ മുതല്‍ പണം ഈടാക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍ സൂക്ഷിക്കുക. മറ്റന്നാള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്ന വായുവിനും നിങ്ങളാസ്വദിക്കുന്ന സൂര്യപ്രകാശത്തിനും ഇവര്‍ നികുതി ആവശ്യപ്പെടും. ഇവരെക്കൊണ്ട്‌ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള സാമ്പത്തിക ശക്തികള്‍ക്കും കൗശലങ്ങള്‍ക്കും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ അധിനിവേശ ഭീകരന്മാര്‍ രൂപം കൊടുക്കും. അവരുടെ അഞ്ചാംപത്തികളായി നാം തെരഞ്ഞെടുത്തയയ്ക്കുന്ന ജനപ്രതിനിധികള്‍ നമ്മുടെ ശ്വസിക്കാനുള്ള അവകാശം പോലും കവര്‍ന്നെടുക്കാന്‍ പോവുകയാണ്‌. ഭീഷണമാണ്‌ ഭാവി. ഭീകരമാണ്‌ വരാന്‍ പോകുന്ന നാളുകള്‍. അതുകൊണ്ട്‌ അതിനെ ചെറുക്കാന്‍ ഇത്തരം ചൂഷണശക്തികളെ എതിര്‍ത്ത്‌ തോല്‍പ്പിക്കാന്‍ ഇന്നേ പടയണി ചേര്‍ന്നേ മതിയാവൂ.ആതിരേ, അതിനുള്ള ധൈര്യവും സമ്മതവും നമുക്കുണ്ടോ എന്നതാണ്‌ കാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം.

Sunday, October 31, 2010

വര്‍ഗീസ്‌ വധം: സത്യം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍


എന്താണ്‌ വര്‍ഗീസ്‌ ചെയ്ത തെറ്റ്‌ ? വയനാട്ടിലെ ആദിവാസികളെ മേലാളന്മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായി പീഡിപ്പിച്ച്‌ പണിയെടുപ്പിക്കുകയും മനുഷ്യരെന്ന നിലയ്ക്ക്‌ മാന്യമായി അദ്ധ്വാനിച്ച്‌ ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ ആ നിസ്സഹായ ജനതയുടെ മോചനത്തിനുവേണ്ടി തന്റെ അറിവും കഴിവും മനസ്സും വര്‍ഗീസ്‌ സമര്‍പ്പിച്ചതാണ്‌ ഭരണകൂടത്തിന്‌ രുചിക്കാതെ പോയത്‌.


ആതിരേ,"സത്യമേവ ജയതേ" എന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അഭിമാനിക്കാവുന്നതാണ്‌ നക്സലൈറ്റ്‌ വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ കോടതി പുറപ്പെടുവിച്ച വിധി. 40 വര്‍ഷം മുമ്പ്‌ നടന്ന ഒരു കിരാത കൊലപാതകത്തിലെ പ്രതിയെ ശിക്ഷിച്ചുകൊണ്ട്‌ നീതിപീഠത്തിന്‌ ജനങ്ങളോടും സത്യത്തോടുമുള്ള ഐക്യദാര്‍ഢ്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. വര്‍ഗീസിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട അന്നത്തെ ഐജി ലക്ഷ്മണയ്ക്ക്‌ 10000 രൂപ പിഴയും ജീവപര്യന്തം തടവുമാണ്‌ സിബിഐ കോടതി പ്രത്യേക ജഡ്ജി എസ്‌.വിജയകുമാര്‍ വിധിച്ചത്‌.
അത്യപൂര്‍വ്വമായ ഒരു കേസും ഒരു വിധിയുമാണ്‌ ഇത്‌. 40 വര്‍ഷം മുമ്പ്‌ ആദിവാസികളെ മനുഷ്യരാക്കാനും അവര്‍ക്ക്‌ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ സമരസജ്ജരാക്കാനും ജീവിതം പോരാട്ടമാക്കിയ വയനാട്‌ ഒഴുക്കന്‍മൂല അരീക്കാട്ട്‌ വീട്ടില്‍ വര്‍ഗീസ്‌ എന്ന നക്സല്‍ വര്‍ഗീസിനെ, അധികാര ദുരമൂത്ത ഭരണകൂട ഭീകരത പട്ടാപ്പകല്‍ വെടിവെച്ച്‌ കൊന്നശേഷം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന കള്ളക്കഥ പ്രചരിപ്പിച്ച്‌ ഒളിപ്പിച്ച്‌ വെച്ച സത്യമാണ്‌ ഇപ്പോള്‍, ആതിരേ, ഫീനിക്സ്‌ പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്‌.
കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ്‌ ക്രൂരമായി വെടിവെച്ച്‌ കൊല്ലുന്ന സംഭവം കേരളത്തില്‍ ആദ്യമായിരുന്നു. എന്നാല്‍, അന്ന്‌ ഐജിയായിരുന്ന ലക്ഷ്മണയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ്‌ ഉദ്യോഗസ്ഥരും സംഭവത്തെ ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിച്ച്‌ രക്ഷപ്പെട്ടിടത്താണ്‌, 40 വര്‍ഷത്തിന്‌ ശേഷം നീതിപീഠത്തിന്റെ ഇടപെടല്‍ മൂലം നീതി നടപ്പാക്കിയിരിക്കുന്നത്‌. തീര്‍ച്ചയായും , അധഃസ്ഥിത വര്‍ഗത്തിന്റെയും സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന മറ്റു വിഭാഗങ്ങളുടെയും മോചനത്തിനുവേണ്ടി പോരാടുന്നവര്‍ക്ക്‌ പ്രത്യേക കരുത്ത്‌ പകരുന്നതാണ്‌ ഈ വിധി.
വര്‍ഗീസ്‌ വധം കഴിഞ്ഞ്‌ 40 വര്‍ഷം പിന്നിട്ടിട്ടും ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസികള്‍ അടക്കമുള്ള ദളിത്‌ പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി പോരാടുന്ന സമരവീര്യങ്ങളെ വെടിവെച്ചും മര്‍ദിച്ചും കൊല്ലുന്ന കിരാത നീതിപാലനസാഹചര്യമാണ്‌ നിലവിലുള്ളത്‌. വ്യാജ ഏറ്റുമുട്ടലുകളുടെ പേരില്‍ ഗുജറാത്തിലും കശ്മീരിലും ആന്ധ്രയിലും ബംഗാളിലും ഝാര്‍ഖണ്ഡിലുമെല്ലാം മനഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഉന്മൂലനം ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്ക്‌ ഒരു മുന്നറിയിപ്പ്‌ കൂടിയാണ്‌, ആതിരേ, ഈ വിധി. ഉന്നതനായ ഒരു പോലീസ്‌ ഓഫീസര്‍ പ്രതിയായ വധ കേസില്‍ 40 വര്‍ഷത്തിനുശേഷം വിധിയുണ്ടാകുന്നതും ചരിത്രത്തിലാദ്യം. നശിപ്പിക്കപ്പെട്ട തെളിവുകള്‍ പുനഃസ്ഥാപിച്ച്‌ കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷകരും പ്രോസിക്യൂഷനും നടത്തിയ പോരാട്ടത്തെ ഇന്ത്യയിലെ എല്ലാ മര്‍ദിത വിഭാഗങ്ങളുടെയും പേരില്‍ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലക്ഷ്യബോധത്തോടെ സമര്‍പ്പണത്തോടെ അന്വേഷണം നടത്തുകയും തെളിവുകള്‍ യുക്തിഭദ്രമായി ന്യായാസനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ഏത്‌ കൊലകൊമ്പനേയും അഴി എണ്ണിക്കാമെന്ന സന്ദേശവും ഈ വിധി നല്‍കുന്നുണ്ട്‌. സമ്പത്തിന്റെയും രാഷ്ട്രീയ സ്വാധീനങ്ങളുടെയും ബലത്തില്‍ വന്‍കിട കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പരിസരത്ത്‌ ഈ വിധി ഏറെ പ്രസക്തമാണ്‌.
എന്താണ്‌ വര്‍ഗീസ്‌ ചെയ്ത തെറ്റ്‌ ? വയനാട്ടിലെ ആദിവാസികളെ മേലാളന്മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായി പീഡിപ്പിച്ച്‌ പണിയെടുപ്പിക്കുകയും മനുഷ്യരെന്ന നിലയ്ക്ക്‌ മാന്യമായി അദ്ധ്വാനിച്ച്‌ ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ ആ നിസ്സഹായ ജനതയുടെ മോചനത്തിനുവേണ്ടി തന്റെ അറിവും കഴിവും മനസ്സും വര്‍ഗീസ്‌ സമര്‍പ്പിച്ചതാണ്‌ ഭരണകൂടത്തിന്‌ രുചിക്കാതെ പോയത്‌.
60 കളുടെ ഒടുവില്‍ ലോകമാസകലം ഉണ്ടായ വിപ്ലവ മുന്നേറ്റത്തില്‍ എല്ലാ ഭരണകൂടങ്ങളും ശരിക്കും വിറച്ചിരുന്നു. അധികാരത്തിന്റെ ദുരയില്‍ പൗരന്മാരുടെ അവകാശങ്ങളെല്ലാം ധ്വംസിച്ച്‌ മദിച്ചുവാണ ഭരണവര്‍ഗത്തിനെതിരെ ആയുധമെടുത്ത്‌ പോരാടാന്‍ മര്‍ദിതരും ചൂഷിതരും സന്നദ്ധമായപ്പോള്‍ ഭരണകൂടങ്ങള്‍ വേവലാതികൊണ്ടത്‌ സ്വാഭാവികം. അതുതന്നെയാണ്‌ കേരളത്തില്‍, വയനാട്ടില്‍ സംഭവിച്ചത്‌.
ജന്മിമാരുടെ അടിയാള ചൂഷണം കൊടികുത്തിവാണിരുന്ന അറുപതുകളിലാണ്‌ വയനാട്ടില്‍ നക്സല്‍ പ്രസ്ഥാനം വേരാഴ്ത്തുന്നതും പോരാട്ടവീര്യങ്ങള്‍ ആയുധത്തിന്റെ ഭാഷയില്‍ അധികാരത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതും. ഒരു കര്‍ഷക കുടുംബത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തില്‍ വളര്‍ന്നിട്ടും, പഠനത്തില്‍ മിടുക്കനായിരുന്ന വര്‍ഗീസ്‌ വസന്തത്തിന്റെ ഇടിമുഴക്കം വയനാട്ടില്‍ സൃഷ്ടിക്കാനാണ്‌ ആദിവാസികള്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നത്‌. ജന്മിമാരുടെ കാടത്തത്തിനെതിരെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൂമ്പാരകൊല്ലിയിലും കൂമന്‍കൊല്ലിയിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. അജിത, തേറ്റമല കൃഷ്ണന്‍ കുട്ടി, ഗ്രോ വാസു, കിസാന്‍ തൊമ്മന്‍ തുടങ്ങിയ സമര്‍പ്പിത ചേതസ്സുകള്‍ കൂടി സംഘത്തില്‍ ചേര്‍ന്നപ്പോള്‍ പശ്ചിമ ബംഗാളിലെ നക്സല്‍ ബാരിയില്‍ ഉടലെടുത്ത മോചനത്തിന്റെ ചുവന്ന പാത വയനാട്ടിലെ കൊടും കാട്ടിലും തെളിയുകയായിരുന്നു.
ആതിരേ, അതോടെ ജന്മിമാരുടെയും അവരുടെ പാദസേവകരായ ഭരണകര്‍ത്താക്കളുടെയും പോലീസിന്റെയും കണ്ണിലെ കരടുകളായി മാറി ഈ സഖാക്കള്‍. ഇവരെ തേടിയുള്ള പോലീസിന്റെ നരനായാട്ടില്‍ ആദിവാസി യുവാക്കളും അവരുടെ പെണ്ണുങ്ങളും കൊടിയ മര്‍ദനത്തിനും ലൈംഗീക പീഡനത്തിനും ഇരയായി. ഒരു സ്വതന്ത്രരാഷ്ട്രത്തില്‍ ആധുനീക കാലത്താണ്‌ ഭരണകൂടത്തിന്റെ ഭീകരത ഇങ്ങനെ മുടിയഴിച്ചാടിയതെന്നോര്‍ക്കണം. പുറംലോകവുമായി ബന്ധമില്ലാതെ കൊടുംകാട്ടില്‍ ഒരു ട്രാന്‍സിസ്റ്ററിന്റെ സഹായത്തോടെ നക്സല്‍ ബാരിയില്‍ നിന്നുള്ള പോരാട്ട വാര്‍ത്തകളില്‍ കുളിര്‍ത്ത്‌, അതിന്റെ ആവേശത്തില്‍ ആദിവാസികളെ സംഘം ചേര്‍ത്ത്‌ ജന്മിമാര്‍ക്കെതിരായുള്ള പോരാട്ടത്തില്‍ വര്‍ഗീസും സംഘവും അപ്പോഴും മുന്നേറുകയായിരുന്നു. കഴുകന്മാരെ പോലെ , കാക്കിയണിഞ്ഞ ഭീകരരൂപങ്ങള്‍ തങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയപ്പോഴും ഏറ്റെടുത്ത ദൗത്യത്തില്‍നിന്ന്‌ പിന്‍വാങ്ങാതെ പോരാട്ടപാതയില്‍ കുതിക്കുകയായിരുന്നു വര്‍ഗീസും സംഘവും. വിപ്ലവ വീര്യം ഉള്‍ക്കൊണ്ട ആദിവാസി സമൂഹത്തിന്റെ ചെറുത്ത്‌ നില്‍പ്പ്‌ ശക്തമായപ്പോള്‍ ഭരണകൂടം അതിന്റെ ഭീകരത വര്‍ധിപ്പിച്ചു. വയനാട്ടില്‍ പോലീസ്‌ രാജിന്റെ നാളുകളായിരുന്നു പിന്നീട്‌ ഉണ്ടായത്‌. ഇതിനിടയില്‍ കിസാന്‍ തൊമ്മന്‍ മരിക്കുകയും അജിതയും വാസുവും അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയിട്ടും വര്‍ഗീസ്‌ തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ചതിയില്‍ പിടിക്കപ്പെട്ട വര്‍ഗീസിനെ അന്ന്‌ ഐജിയായിരുന്ന ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം എം.എസ്‌.പിയില്‍ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍നായര്‍ പോയിന്റ്‌ ബ്ലാങ്കില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
എന്നാല്‍, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ്‌ കൊല്ലപ്പെട്ടു എന്ന്‌ വരുത്തി തീര്‍ക്കാന്‍ അന്ന്‌ ലക്ഷ്മണയ്ക്കും കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കും കഴിഞ്ഞിരുന്നു.
1970 ഫെബ്രുവരി 18 നായിരുന്നു കേരളത്തെ നടുക്കിയ, വിപ്ലവ പ്രസ്ഥാനങ്ങളുടെ നട്ടെല്ലിലൂടെ തരിപ്പ്‌ പായിച്ച ഈ ക്രൂര കൊലപാതകം നടന്നത്‌.
എന്നാല്‍, കുറ്റബോധത്തില്‍ ഉരുകി നാളുകള്‍ കഴിച്ച രാമചന്ദ്രന്‍ നായര്‍ 1998-ല്‍ നടന്ന സംഭവം ലോകത്തോട്‌ പറയുകയും തുടര്‍ന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ശേഷമാണ്‌ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സിബിഐയ്ക്ക്‌ കോടതി ഉത്തരവ്‌ നല്‍കിയത്‌.
ആ അന്വേഷണത്തിന്റെ പരിസമാപ്തിയിലാണ്‌ ലക്ഷ്മണയെ കുറ്റവാളിയായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്തതും.
വര്‍ഗസിനെ കൊല്ലാന്‍ ഉത്തരവിട്ടത്‌ ലക്ഷ്മണയാണ്‌. ആ അര്‍ത്ഥത്തില്‍ സംഭവത്തില്‍ അദ്ദേഹത്തിനുള്ള പങ്ക്‌ ക്രിമിനല്‍ സ്വഭാവമുള്ളതാണ്‌. അതിന്റെ ശിക്ഷ അദ്ദേഹത്തിന്‌ ലഭിച്ചു. എന്നാല്‍,ആതിരേ, ലക്ഷ്മണയെ പോലെയുള്ള ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി വര്‍ഗീസ്‌ വേട്ടയ്ക്ക്‌ ഉത്തരവ്‌ കൊടുത്ത ഒരു രാഷ്ട്രീയ സംവിധാനം അന്ന്‌ കേരളത്തിലുണ്ടായിരുന്നു.കെ.കരുണാകരനായിരുന്നു അതിന്‌ ചുക്കാന്‍ പിടിച്ചത്‌. ശക്തിയാര്‍ജ്ജിക്കുന്ന ആദിവാസി ചെറുത്തുനില്‍പ്പില്‍ തങ്ങളുടെ അധികാര സ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന്‌ ഭയപ്പെട്ട കരുണാകരനും കൂട്ടരും അടങ്ങുന്ന രാഷ്ട്രീയ വഞ്ചകരാണ്‌ യഥാര്‍ത്ഥത്തില്‍ വര്‍ഗീസ്‌ വധത്തിലെ പ്രധാന പ്രതികളും ഗൂഢാലോചനക്കാരും. ലിഖിതമായ ഭരണഘടനയും നിയമസംവിധാനവും ഉണ്ടെന്ന്‌ അഭിമാനിക്കുമ്പോള്‍ പോലും അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ വിലസുന്ന ഇത്തരം ക്രിമനിലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ അവര്‍ക്ക്‌ അര്‍ഹമായ ശിക്ഷ നല്‍കാനോ കഴിയാത്തതാണ്‌,ആതിരേ ഇന്ത്യയിലെ ന്യായപാലനത്തിന്റെ ഏറ്റവും വലിയ പോരായ്മ. ആ പോരായ്മ അംഗീകരിച്ചുകൊണ്ടുതന്നെ വിധിയെ സഹര്‍ഷം സ്വാഗതം ചെയ്യുക.
ഇന്ത്യയുടെ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ലോക്കപ്പിലിട്ടും വ്യാജ ഏറ്റുമുട്ടലിന്റെ പേരിലും മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവരെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭരണകൂട ഭീകരതയ്ക്കെ,തിരായ നിയമത്തിന്റെ മുന്നറിയിപ്പായിട്ടും ഈ വിധിയെ വിലയിരുത്തണം.
അതേ, ആതിരേ സ്വര്‍ണപ്പാത്രം കൊണ്ട്‌ മൂടിവെച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും.ആ സന്ദേശവും ഈ വിധി ഉള്‍ക്കൊള്ളുന്നു

11111

Wednesday, October 27, 2010

പിണറായിക്കും പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഇനിയെങ്കിലും ബോധമുദിക്കുമോ ....?


ഇവിടെ സങ്കീര്‍ണമായതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യം, ആതിരേ ഉരുത്തിരിഞ്ഞ്‌ വന്നിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കത്തോലിക്ക സഭ ഇറക്കിയ ഇടയലേഖനത്തിലൂടെ മുന്നോട്ട്‌ വച്ച രാഷ്ട്രീയ നിലപാടിന്‌ ജനകീയ പിന്തുണ ലഭിച്ചു എന്നാണ്‌ കെസിബിസിയുടെ വക്താവ്‌ ഫാ. സ്റ്റീഫന്‍ ആലത്തറ അവകാശപ്പെട്ടത്‌. തീര്‍ച്ചയായും സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. രാഷ്ട്രീയത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും വ്യവഛേദിക്കാനും ആരംഭിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ആതിരേ,പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയും ആ പാര്‍ട്ടി നയിക്കുന്ന ഇടതുമുന്നണിയെയും നിഷ്കരുണം നിരസിച്ചുകൊണ്ട്‌ കേരളം അതിന്റെ രാഷ്ട്രീയ പ്രബുദ്ധത വ്യക്തമാക്കിയതാണ്‌ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌. അഹങ്കാരവും അഴിമതിയും വിവരക്കേടും നിറഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വത്തെയും പാര്‍ട്ടിയെയും മുന്നണിയെയും അംഗീകരിക്കുന്ന പ്രശ്നമില്ല എന്ന്‌ കേരളത്തിലെ സമ്മതിദായകര്‍ ഒറ്റക്കെട്ടായി വിധിയെഴുതിയിരിക്കുന്നു.
പതിവിന്‌ വിപരീതമായി കനത്ത പോളിങ്ങാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടത്‌. ഇത്‌ തങ്ങള്‍ക്കനുകൂലമായ ജനഹിതമാണെന്ന്‌ പറഞ്ഞുനടന്ന പിണറായിക്കും ജയരാജന്മാര്‍ക്കും മറ്റു മുന്നണി നേതാക്കന്മാര്‍ക്കും ഇനി തലയില്‍ മുണ്ടിട്ടല്ലാതെ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുകയില്ല.
നാലരവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തോടുള്ള സമ്മതിദായകന്റെ എതിര്‍പ്പാണ്‌ ഇത്തവണ പ്രകടമായതെന്ന്‌ അംഗീകരിക്കാനുള്ള കേവല മാന്യതയെങ്കിലും ഈ നേതാക്കളില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു, ആതിരേ. എന്നാല്‍, അപ്പോഴും അഹന്തയുടെയും വളച്ചുകെട്ടലിന്റെയും ഭാഷയില്‍ സംസാരിക്കാനാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പോലും തയ്യാറായത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട്‌ നേടി ഇടതുമുന്നണി നില മെച്ചപ്പെടുത്തിയെന്നുമാണ്‌ കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്‌.
എന്നാല്‍, ലോകസഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും പിണറായി വിജയനും പിണിയാളുകളും സ്വീകരിച്ച അടവുനയം പുറംകാലുകൊണ്ട്‌ കേരളത്തിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ്‌, ആതിരേ, ഇത്രയും വലിയ തിരിച്ചടിയുണ്ടായത്‌. സഭയും രാഷ്ട്രീയവുമെന്ന അനാവശ്യവിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന്‌ ഇവര്‍ ആരംഭിച്ച സംവാദവും വിവാദവും ബൂംറാങ്ങായ്‌ പരിണമിച്ചിരിക്കുകയാണ്‌. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നു, ഇടയലേഖനങ്ങളിലൂടെ പുരോഹിതന്മാര്‍ ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയായിരുന്നു പിണറായി അടക്കമുള്ളവര്‍ പറഞ്ഞുനടന്നിരുന്നത്‌. യഥാര്‍ത്ഥത്തില്‍ സഭയെ കടന്നാക്രമിക്കുക എന്ന ചിന്ത പിണറായിക്കുണ്ടായിരുന്നില്ല. ഒരു സംവാദമുണ്ടാക്കി ക്രൈസ്തവ വോട്ടര്‍മാരില്‍ തങ്ങളുടെ നിലപാട്‌ അംഗീകരിക്കുന്ന വിഭാഗത്തെ അടര്‍ത്തിയെടുത്ത്‌ അവരുടെ വോട്ട്‌ നേടി നില മെച്ചപ്പെടുത്തുക എന്നതായിരുന്നു പിണറായിയുടെ ലക്ഷ്യം. എന്നാല്‍, പിണറായി ഒരു ഇഎംഎസ്‌ അല്ലാത്തതുകൊണ്ടും അദ്ദേഹം അഴിമതിയുടെ കളങ്കമുള്ള നേതാവായതുകൊണ്ടും അടവുനയം തിരിച്ചടിക്കുകയാണുണ്ടായത്‌. ഒപ്പം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത മൂലം മുന്നണിയില്‍ നിന്ന്‌ ആട്ടിപുറത്താക്കിയ ജനതാദള്‍ (എസ്‌) ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ്‌ (ജെ) എന്നീ വിഭാഗങ്ങളുടെ വോട്ട്‌ നഷ്ടമായതും ഇത്തവണത്തെ തിരിച്ചടിക്ക്‌ കാരണമായി. ലോകസഭാ തെരഞ്ഞെടുപ്പിലെ അതേ വോട്ടിംഗ്‌ പാറ്റേണാണ്‌ ഇത്തവണയും ദൃശ്യമായത്‌.
സഭയ്ക്കെതിരെ പാര്‍ട്ടിയും മുന്നണിയും നടത്തിയ അനാവശ്യ ആക്രമണം മധ്യകേരളത്തില്‍ വന്‍ ആഘാതമാണ്‌ ഇടതുമുന്നണിക്കേല്‍പ്പിച്ചത്‌. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇത്‌ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന്‌ കാരണമായി. അതോടൊപ്പം ജോസഫ്‌ - മാണി ഗ്രൂപ്പുകളുടെ ലയനം കൂടിയായപ്പോള്‍ ഇടതുമുന്നണിയുടെ പരാജയം ഈ ജില്ലകളില്‍ പൂര്‍ണമായി.
ഇവിടെ സങ്കീര്‍ണമായതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യം, ആതിരേ ഉരുത്തിരിഞ്ഞ്‌ വന്നിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കത്തോലിക്ക സഭ ഇറക്കിയ ഇടയലേഖനത്തിലൂടെ മുന്നോട്ട്‌ വച്ച രാഷ്ട്രീയ നിലപാടിന്‌ ജനകീയ പിന്തുണ ലഭിച്ചു എന്നാണ്‌ കെസിബിസിയുടെ വക്താവ്‌ ഫാ. സ്റ്റീഫന്‍ ആലത്തറ അവകാശപ്പെട്ടത്‌. തീര്‍ച്ചയായും സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. രാഷ്ട്രീയത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും വ്യവഛേദിക്കാനും ആരംഭിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യം ഫാ. സ്റ്റീഫന്‍ ആലത്തറയുടെ അവകാശവാദത്തെ സാധൂകരിക്കുന്നതാണെന്ന്‌ വാദിക്കാവുന്ന നിലയിലാണ്‌. ശ്രദ്ധിക്കണം ഇത്തരം ഒരു നിലപാടിലേക്ക്‌ സഭയും വിശ്വാസികളും സ്വാഭാവികമായി വന്നുചേര്‍ന്നതല്ല. മറിച്ച്‌ അവരെ സങ്കീര്‍ണവും സ്ഫോടനാത്മകവുമായ ഈ പരിസരത്തേക്ക്‌ പിണറായി വിജയന്‍ ആട്ടിത്തെളിച്ചുകൊണ്ടുവരികയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സക്രിയമായ രാഷ്ട്രീയ ഇടപെടലിന്‌ ഒരു സംഘടന രൂപം കൊള്ളുന്ന അവസ്ഥയാണെന്നും ഓര്‍ക്കണം. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍ എന്ന പേരില്‍ കോഴിക്കോട്‌ രൂപം കൊണ്ടിട്ടുള്ള ഈ സംഘടനയ്ക്ക്‌ ഇനി രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള വാതിലാണ്‌, വിവരക്കേടുകൊണ്ട്‌ പിണറായി വിജയന്‍ തുറന്നുകൊടുത്തത്‌. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സദ്ദാം ഹുസൈനെ മുന്നില്‍ നിര്‍ത്തി ഇഎംഎസ്‌ നടത്തിയ അടവു നയത്തിന്റെ ഓര്‍മ്മയിലാവണം ഇത്തവണ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പുതിയ, തിരിച്ചടിയായ അടവുനയം പരീക്ഷിച്ചതെന്നു തോന്നുന്നു. അത്‌ പാര്‍ട്ടിക്കും മുന്നണിക്കും പ്രഹരമായി എന്നിടത്ത്‌ പ്രശ്നം അവസാനിക്കുന്നില്ല, ആതിരേ. മറിച്ച്‌ കേരളത്തിലെ സാക്ഷരരായ ക്രൈസ്തവ സമ്മതിദായകരുടെ ചിന്തകളെ വികലമായി സ്വാധീനിക്കാന്‍ പോവുകയാണ്ീ‍ പുതിയ സാഹചര്യം. ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തം പിണറായി വിജയനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഏറ്റെടുത്തേ തീരു.
ആതിരേ, എല്ലാവിധ മത ഇടപെടലുകളെയും വര്‍ഗീയ സാന്നിധ്യങ്ങളെയും ചിന്തകളെയും പ്രവര്‍ത്തികളെയും പ്രതിരോധിക്കാന്‍ ബാധ്യസ്ഥമായ ഒരു പാര്‍ട്ടി അതിന്റെ ബുദ്ധിശൂന്യമായ നേതൃത്വ നിലപാടുകൊണ്ട്‌ ഭീകരമാകാവുന്ന ജാതീയ വര്‍ഗീയതയ്ക്ക്‌ വളം വെച്ചിരിക്കുകയാണ്‌. ലോകസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പിഡിപി പോലുള്ള വര്‍ഗീയ കക്ഷികളെ ഒപ്പം കൂട്ടിയതിന്റെ തിരിച്ചടി പോലെ തന്നെ ഒരിക്കലും രക്ഷപ്പെടാനാവാത്ത പാതകമായിരിക്കും ഇതെന്ന്‌ വരുംകാല രാഷ്ട്രീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും.
ഇതിനൊപ്പം സംസ്ഥാന ഭരണത്തിന്റെയും പ്രാദേശിക ഭരണത്തിന്റെയും ജനവിരുദ്ധ നയങ്ങളോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. തകര്‍ന്ന ക്രമസമാധാന നില, ലോട്ടറി മാഫിയയുമായുള്ള അവിശുദ്ധ ബന്ധം, മദ്യമാഫിയയുമായുള്ള കൊടുക്കല്‍ വാങ്ങല്‍, സ്മാര്‍ട്ട്‌ സിറ്റി പോലെയുള്ള പദ്ധതികളുടെ വഞ്ചന, പൊതുവിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ, ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത, മുന്നണിക്കുള്ളിലെ പിണക്കങ്ങള്‍, മഞ്ഞളാംകുഴി അലിയെ അധിക്ഷേപിക്കുക വഴി മുസ്ലീം വിഭാഗത്തോട്‌ കാണിച്ച അഹന്ത, തൊഴില്‍ രഹിതരോടുള്ള വഞ്ചന, തുടങ്ങി നിരവധി ഘടകങ്ങള്‍ ഇത്തവണത്തെ ഇടതുപക്ഷത്തിന്റെ നാണംകെട്ട തോല്‍വിക്ക്‌ കാരണങ്ങളായിട്ടുണ്ട്‌. ഇനിയെങ്കിലും ഈ വാസ്തവങ്ങള്‍ അംഗീകരിക്കാനുള്ള വിവേകവും വിനയവും പിണറായി വിജയനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടാകുമോ ?
ഉണ്ടായില്ല എന്നു കരുതി ലോകം അവസാനിക്കാനൊന്നും പോകുന്നില്ല. പക്ഷെ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഈ വികല നേതാക്കന്മാരെയും പാര്‍ട്ടിയെയും മുന്നണിയെയും കേരളത്തിലെ വിവേചന ശക്തിയുള്ള സമ്മതിദായകര്‍ മ്യൂസിയം പീസാക്കി മാറ്റും സംശയമില്ല, ആതിരേ.

Tuesday, October 26, 2010

കെ.വി. തോമസ്‌ കൊലയാളികള്‍ക്കൊരു കൂട്ടാളി


വ്യവസായം വളരണം അതിന്റെ പേരില്‍ ബഹുരാഷ്ട്ര ചൂഷകരുടെ പിണിയാളുകളായി കമ്മീഷന്‍ കൈപ്പറ്റണം അതിലൂടെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കണം എന്ന ഒറ്റ ചിന്തമാത്രമേ കെ.വി തോമസ്‌ അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളു. ഇനിയും ഇത്തരം മാരക കീടനാശിനികള്‍ ഉത്പാദിപ്പിച്ച്‌ സാധാരണ ജനങ്ങളുടെ ജീവനുമേല്‍ കളിച്ച്‌ അവരെ കൊന്നൊടുക്കി വ്യവസായം വികസിപ്പിച്ച്‌ കെ.വി തോമസും കൂട്ടരും ശോഭനമായ ഭാവി വരും തലമുറയ്ക്ക്‌ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അരുത്‌ കാട്ടാളാ എന്ന്‌ പറയുക മാത്രമല്ല, കാട്ടാളന്മാരുടെ മുന്നേറ്റത്തെ സര്‍വ്വ സന്നാഹങ്ങളോടെ തടയേണ്ടതും എന്റെയും നിങ്ങളുടെയും ചുമതലയാണ്‌. അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന തലമുറ ജനിതക വൈകല്യങ്ങളോടെ പിറക്കും. അത്തരം ഒരു കുഞ്ഞിന്റെ മാതാവും പിതാവുമാകാന്‍ മനസ്സുണ്ടെങ്കില്‍ കെ.വി തോമസിന്‌ കൈയ്യടിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട്‌ തിരുത്താനുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ അണിചേരുക.


എന്തുകൊണ്ടാണ്‌ ആതിരേ, നമ്മള്‍ വോട്ട്‌ ചെയ്ത്‌ നേതാക്കളും മന്ത്രിമാരുമാക്കുന്നവര്‍, അധികാരം കൈയാളിക്കഴിയുമ്പോള്‍ സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിച്ച്‌ ചൂഷകരുടെയും മുതലെടുപ്പുകാരുടെയും പക്ഷം ചേരുന്നത്‌? വോട്ടിലൂടെ നേതൃസ്ഥാനവും നികുതിയിലൂടെ അവര്‍ക്ക്‌ ഭൗതീക സുഖസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന സാധാരണ ജനങ്ങളെ കണ്ണില്‍ ചോരയില്ലാതെ കബളിപ്പിച്ച്‌ ഇവര്‍ ആര്‍ക്കുവേണ്ടിയാണ്‌ ഭരണം നടത്തുന്നത്‌ ?
ഈ ജനവഞ്ചനയുടെ കാര്യത്തില്‍ കോണ്‍ഗ്രസെന്നോ കമ്യൂണിസ്റ്റെന്നോ ഉള്ള വ്യത്യാസമില്ല, ആതിരേ. പാര്‍ട്ടികളും കൊടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. പൊതുസമൂഹത്തിന്റെ ഇത്തിരി സ്വാസ്ഥ്യം പോലും കവര്‍ന്നെടുത്ത്‌ അവരുടെ നിത്യജീവിതം നരകമാക്കി മാറ്റുന്ന ഈ രാഷ്ട്രീയ പരിഷകളെ എങ്ങനെ നേരിട്ടാലാണ്‌, സാധാരണ ജനങ്ങള്‍ക്ക്‌ അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച്‌ മാന്യതയോടെ കേവലമനുഷ്യരായി ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയുമെന്ന്‌ എത്ര ചിന്തിച്ചിട്ടും മാര്‍ഗം കാണുന്നില്ല. കിട്ടുന്ന അവസരങ്ങളെല്ലാം പൊതുജനങ്ങളെ ദ്രോഹിച്ച്‌ ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും ഓശാന പാടുന്ന സാമദ്രോഹികളാണ്‌ ഇന്ന്‌ നമ്മുടെ നേതാക്കന്മാര്‍.
ആ വഞ്ചനയുടെ സ്വരമാണ്‌ ആതിരെ, കഴിഞ്ഞദിവസം കാസര്‍ഗോഡ്‌ കേന്ദ്ര മന്ത്രികെ.വി. തോമസില്‍ നിന്ന്‌ ഉയര്‍ന്നുകേട്ടത്‌. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി കേരളത്തിലെ ജനങ്ങള്‍ക്ക്‌ (കാസര്‍ഗോട്ടെ ജനങ്ങള്‍ക്ക്‌) ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ്‌ കാസര്‍ഗോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര നാളികേര സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കെ.വി. തോമസ്‌ അവകാശപ്പെട്ടത്‌. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ രോഗത്തിന്‌ കാരണമാകുമെന്ന്‌ ആരും പറഞ്ഞിട്ടില്ല പോലും. ഏറ്റവുമൊടുവില്‍ കേരള സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലും ഇതേ നിര്‍ദേശമാണ്‌ ഉള്ളതുപോലും............!
ഒരു ജനതയെ എത്ര ഭീകരമായിട്ടാണ്‌ കെ.വി തോമസ്‌ ആ പ്രസംഗത്തില്‍ വഞ്ചിച്ചത്‌! കാസര്‍ഗോട്ടെ കശുവണ്ടി തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ മൂലം ജനിതക വൈകല്യവുമായി ജനിച്ച്‌ നരകിക്കുന്ന ആയിരക്കണക്കിന്‌ കുഞ്ഞുങ്ങള്‍ക്ക്‌ സമീപം നിന്നുകൊണ്ടാണ്‌ ബഹുരാഷ്ട്ര കുത്തക കമ്പനിക്കുവേണ്ടി തോമസ്‌ ഈ വിടുപണി ചെയ്തത്‌.
ഇക്കാര്യത്തില്‍ തോമസിനെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അദ്ദേഹം ഉള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാട്‌ ഇതിനേക്കാള്‍ വഞ്ചനാത്മകമാണ്‌, ആതിരേ. ഈ മാസം സ്റ്റോക്‍ഹോമില്‍ ചേര്‍ന്ന, മാരക കീടനാശിനികള്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച രാജ്യാന്തര കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത്‌ ഇന്ത്യ മാത്രമായിരുന്നു എന്നോര്‍ക്കുക. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാല്‍ രാജ്യത്തിന്‌ കോടികളുടെ വരുമാനം ലഭിക്കുമെന്ന നിലപാടാണ്‌ കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ പ്രതിനിധി സ്വീകരിച്ചത്‌. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 29 രാജ്യങ്ങളുടെ പ്രതിനിധികളില്‍ 28 പേരും എന്‍ഡോസള്‍ഫാനെ എതിര്‍ത്തപ്പോള്‍ ഇന്ത്യന്‍ പ്രതിനിധി മാത്രമാണ്‌ ഈ മാരക വിഷത്തിനുവേണ്ടിയും ആ വിഷം ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടിയും വാദിച്ചത്‌.
ആതിരേ, കാസര്‍ഗോട്ട്‌ നിരവധി ജീവിന്‍ കവരുകയും നൂറ്‌ കണക്കിന്‌ കുഞ്ഞുങ്ങളെ ജനിതക രോഗങ്ങളിലേക്ക്‌ തള്ളിവിടുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത മികച്ച കീടനാശിനിയാണെന്ന്‌ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തെ പ്രതിനിധീകരിച്ച്‌ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഛദ്ദ ചൗധരി അഭിപ്രായപ്പെട്ടു. വനം പരിസ്ഥിതി മന്ത്രാലയത്തില്‍ രാസവസ്തു അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‌ വേണ്ടിയുള്ള പ്രത്യേക ഡിവിഷന്റെ ഡയറക്ടറാണ്‌ ഛദ്ദ ചൗധരി. ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ പൂര്‍ണമായും നിശബ്ദത പാലിച്ച ഛദ്ദ ചൗധരി എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ പ്രശ്നത്തെ കുറിച്ചാണ്‌ ആകുലതയോടെ സംസാരിച്ചത്‌. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചാല്‍ നൂറ്‌ ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക്‌ നഷ്ടമേറെയുണ്ടാകുമെന്നും അത്‌ സാധ്യമല്ലെന്നുമായിരുന്നു ഛദ്ദയുടെ വാദം.
എന്‍ഡോസള്‍ഫാന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടിരുന്ന ബ്രസീല്‍ പോലും നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന്‌ കണ്‍വെന്‍ഷനില്‍ അറിയിച്ചതോടെ ഇന്ത്യ ഒറ്റപ്പെട്ടു. ഇനി അടുത്ത മേയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്റെ പ്രശ്നങ്ങളെ കുറിച്ച്‌ വിശദമായി അറിയിക്കാമെന്നാണ്‌ ഇന്ത്യ കണ്‍വെന്‍ഷനില്‍ നിലപാടെടുത്തത്‌.അതായത്‌ ഒരു വര്‍ഷം കൂടി ഇന്ത്യിലെ നിസ്സഹായരായ സാധുക്കളെ എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ച്‌ നരകയാതനയില്‍ ആഴ്ത്തുമെന്ന്‌ സാരം
അതേ ഛദ്ദ ചൗധരി കൊലയാളികളായ കീടനാശിനി നിര്‍മ്മാതാക്കള്‍ക്കുവേണ്ടി എടുത്ത നിലപാടിന്റെ കേരള പതിപ്പാണ്‌ കെ.വി തോമസിലൂടെ കാസര്‍ഗോഡ്‌ കണ്ടതും കേട്ടതും.
മനുഷ്യജീവന്‌ ഭീഷണി സൃഷ്ടിക്കുന്ന കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാനെന്നും അതുകൊണ്ട്‌ അത്‌ പൂര്‍ണമായും നിരോധിക്കണമെന്നാണ്‌ സ്റ്റോക്‍ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. എന്‍ഡോസള്‍ഫാനും അസിന്‍ഫോസ്‌ മീഥൈനും മനുഷ്യനും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുമെന്നാണ്‌ ഈ സംഘം വിലയിരുത്തിയത്‌. അതുകൊണ്ട്‌ എന്‍ഡോസള്‍ഫാന്റെ ഉത്പാദനത്തിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നാണ്‌ കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി ആവശ്യപ്പെട്ടിത്‌.
ആതിരേ,കാര്‍ഷിക മേഖലയില്‍ കീടനാശിനിയായി ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ വെള്ളത്തിലും മണ്ണിലും എന്തിനധികം അമ്മമാരുടെ മുലപ്പാലിലും അടിഞ്ഞുകിടന്ന്‌ തലമുറകളെ കൊന്നൊടുക്കികൊണ്ടിരിക്കുമെന്നാണ്‌ ലോകത്താകമാനം നടന്നിട്ടുള്ള പഠനങ്ങളില്‍ നിന്ന്‌ വ്യക്തമായിട്ടുള്ളത്‌. എന്നിട്ടും ഛദ്ദ ചൗധരിക്കും കെ.വി തോമസിനുമൊന്നും അത്‌ ബോധ്യമാവുന്നില്ല എന്നുപറയുമ്പോള്‍ ആരുടെ താല്‍പ്പര്യങ്ങളാണ്‌ ഈ നീച നേതൃത്വങ്ങള്‍ സംരക്ഷിക്കുന്നതെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌.
അമേരിക്ക, കാനഡ, ന്യൂസിലണ്ട്‌, യൂറോപ്യന്‍ രാജ്യങ്ങള്‍, ശ്രീലങ്ക തുടങ്ങി വിവരമുള്ളവരും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യകാര്യത്തില്‍ ജാഗ്രതയുള്ളവരുമായ നേതാക്കള്‍ ഭരിക്കുന്ന അറുപതിലേറെ സര്‍ക്കാരുകള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിു‍. എന്നാല്‍, മന്‍മോഹന്‍സിംഗും സോണിയയും നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനും അതിന്റെ പ്രതിനിധികളായ ഛദ്ദ ചൗധരിക്കും കെ.വി തോമസിനുമൊന്നും ഈ സത്യം മനസ്സിലാക്കാനുള്ള മനസ്സില്ല. തങ്ങളെ നേതാക്കളായി നിലനിര്‍ത്തുന്ന വോട്ടര്‍മാരുടെ ആരോഗ്യ കാര്യത്തിലും അതിജീവന കാര്യത്തിലും തെല്ലും ശ്രദ്ധയുമില്ല. അവരെ സംബന്ധിച്ചിടത്തോളം കൊടും വിഷം ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ലാഭനഷ്ടങ്ങളാണ്‌ പ്രധാനം. മനുഷ്യജീവന്‌ പുല്ലവില പോലുമില്ല. മനുഷ്യര്‍ പിടഞ്ഞുമരിക്കട്ടെ. ജനിതക വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ പിറക്കട്ടെ. അതൊന്നും ഈ ദുഷ്ട ഹൃദയങ്ങള്‍ക്ക്‌ വിഷയമല്ല. വ്യവസായം വളരണം അതിന്റെ പേരില്‍ ബഹുരാഷ്ട്ര ചൂഷകരുടെ പിണിയാളുകളായി കമ്മീഷന്‍ കൈപ്പറ്റണം അതിലൂടെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കണം എന്ന ഒറ്റ ചിന്തമാത്രമേ കെ.വി തോമസ്‌ അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളു. ഇനിയും ഇത്തരം മാരക കീടനാശിനികള്‍ ഉത്പാദിപ്പിച്ച്‌ സാധാരണ ജനങ്ങളുടെ ജീവനുമേല്‍ കളിച്ച്‌ അവരെ കൊന്നൊടുക്കി വ്യവസായം വികസിപ്പിച്ച്‌ കെ.വി തോമസും കൂട്ടരും ശോഭനമായ ഭാവി വരും തലമുറയ്ക്ക്‌ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അരുത്‌ കാട്ടാളാ എന്ന്‌ പറയുക മാത്രമല്ല, കാട്ടാളന്മാരുടെ മുന്നേറ്റത്തെ സര്‍വ്വ സന്നാഹങ്ങളോടെ തടയേണ്ടതും എന്റെയും നിങ്ങളുടെയും ചുമതലയാണ്‌. അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന തലമുറ ജനിതക വൈകല്യങ്ങളോടെ പിറക്കും. അത്തരം ഒരു കുഞ്ഞിന്റെ മാതാവും പിതാവുമാകാന്‍ മനസ്സുണ്ടെങ്കില്‍ കെ.വി തോമസിന്‌ കൈയ്യടിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട്‌ തിരുത്താനുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ അണിചേരുക.

Monday, October 25, 2010

കവി അയ്യപ്പന്റെ ജഡത്തെ അധിക്ഷേപിക്കാന്‍ ബേബിക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌


കവി അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആട്ടി ഓടിച്ചിരുന്ന, പൊയ്ക്കാലില്‍ നടക്കുന്ന, പഞ്ചനക്ഷത്രസൗകര്യങ്ങളിലും പാദസേവയിലും മുഴുകി ജീവിച്ചവരാണ്‌ കേരളത്തിലെ സാഹിത്യനായകന്മാരും സാംസ്കാരിക പ്രവര്‍ത്തകരും. അടച്ചാക്ഷേപിക്കുകയല്ല. ഭൂരിപക്ഷവും ഈ വൃത്തികെട്ട വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ക്ക്‌ കവി അയ്യപ്പന്‌ അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല. എന്നിട്ടും ഈ സാംസകാരിക ക്ഷുദ്ര കീടങ്ങള്‍ക്കുവേണ്ടി കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കാന്‍ തയ്യാറായതിലൂടെ എം.എ ബേബി ആ സാഹിത്യ മറവപ്പടയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്‌.

ആതിരേ, എന്ത്‌ തെമ്മാടിത്തവും, മന്ത്രിയെന്ന നിലയില്‍ കാണിക്കാമെന്ന ധാര്‍ഷ്ട്യതയിലാണ്‌ എം.എ. ബേബി.
വിദ്യാഭ്യാസമന്ത്രിയെന്ന നിലയ്ക്ക്‌ കേരളത്തിലെ ഉപരിവിദ്യാഭ്യാസ മേഖല കുട്ടിച്ചോറാക്കുകയും സാംസ്കാരിക മന്ത്രിയെന്ന നിലയ്ക്ക്‌ സാംസ്കാരിക രംഗം പാദസേവകരുടെ സത്രമാക്കി മാറ്റുകയും ചെയ്ത്‌ അത്മാഭിമാനമുള്ള മലയാളികളെ അപമാനിച്ചതു പോരാഞ്ഞിട്ടാണോ കവി അയ്യപ്പനോട്‌ ഏറ്റവും അധാര്‍മ്മികമായ രീതിയില്‍ ബേബി പെരുമാറിയത്‌ ?
ബേബി ഉള്‍പ്പെടെയുള്ള മന്ത്രിപ്പരിഷകളുടെയും രാഷ്ട്രീയ വേതാളങ്ങളുടെയും സൗകര്യാര്‍ത്ഥം കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കുക വഴി കവിയുടെ ജഡത്തിനെയും കവിയുടെ ആരാധകരെയും മലയാള കവിതയെയും തന്നെയാണ്‌ എം.എ ബേബിയെന്ന വിവരം കെട്ട പരിഷ അധിക്ഷേപിച്ചിരിക്കുന്നത്‌. അധികാരത്തിന്റെ ഹുങ്കില്‍ എന്ത്‌ തോന്ന്യാസവും കാണിക്കാമെന്ന ബേബിയുടെ ഈ ഹുങ്കിന്‌ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയില്ലെങ്കില്‍, ആതിരേ, മലയാളികളെന്ന്‌ അഭിമാനിക്കാന്‍ നമുക്കാര്‍ക്കും അര്‍ഹതയുണ്ടാവില്ല. തലയില്‍ കയറിയിരുന്ന്‌ വിസര്‍ജിക്കുന്ന ഈ സത്വത്തെ ഇങ്ങനെ ചുമന്നുനടക്കാന്‍ മാത്രം പാതകമൊന്നും കേരളത്തിലെ സമ്മതിദായകരോ സാംസ്കാരിക പ്രവര്‍ത്തകരോ ചെയ്തിട്ടില്ല.
തിരസ്കാരത്തിന്റെയും ഒറ്റപ്പെടലിന്റെയും കനല്‍ പാതകള്‍ താണ്ടിയ കവി അയ്യപ്പനോടാണ്‌ ബേബിയുടെ ഈ അഹന്ത നിറഞ്ഞ അപമാനമെന്നോര്‍ക്കണം. രണ്ടാംഘട്ട പോളിംഗ്‌ നടക്കുന്ന ജില്ലകളിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക്‌ കൂടി അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ്‌ സംസ്കാരം ഇന്നത്തേക്ക്‌ നീട്ടിയതെന്ന്‌ ബേബിയുടെ ഓഫീസ്‌ വിശദീകരിക്കുന്നു. തീര്‍ച്ചയായും ഇത്‌ കവിയുടെ ജഡത്തോടും ബന്ധുക്കളോടും ആരാധകരോടും കുടുംബാംഗങ്ങളോടും കാണിച്ച ഏറ്റവും വലിയ നിന്ദ തന്നെയാണ്‌.
ആതിരേ, കവി അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആട്ടി ഓടിച്ചിരുന്ന, പൊയ്ക്കാലില്‍ നടക്കുന്ന, പഞ്ചനക്ഷത്രസൗകര്യങ്ങളിലും പാദസേവയിലും മുഴുകി ജീവിച്ചവരാണ്‌ കേരളത്തിലെ സാഹിത്യനായകന്മാരും സാംസ്കാരിക പ്രവര്‍ത്തകരും. അടച്ചാക്ഷേപിക്കുകയല്ല. ഭൂരിപക്ഷവും ഈ വൃത്തികെട്ട വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ക്ക്‌ കവി അയ്യപ്പന്‌ അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല. എന്നിട്ടും ഈ സാംസകാരിക ക്ഷുദ്ര കീടങ്ങള്‍ക്കുവേണ്ടി കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കാന്‍ തയ്യാറായതിലൂടെ എം.എ ബേബി ആ സാഹിത്യ മറവപ്പടയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്‌.
സര്‍ക്കാര്‍ ചെലവില്‍, ഔദ്യോഗിക ബഹുമതികളോടെ കവി അയ്യപ്പന്റെ സംസ്കാരം നടത്തുമെന്ന്‌ എം.എ ബേബി പ്രഖ്യാപിച്ചപ്പോള്‍ അത്‌ ഇത്തരത്തിലുള്ള ചതിയും അധിക്ഷേപവുമായിരിക്കുമെന്ന്‌ ആരും കരുതുയിരുന്നില്ല. തിങ്കളാഴ്ച കവിയുടെ ശവസംസ്കാരം നടക്കുമെന്നറിഞ്ഞ്‌ നിരവധി ആരാധകരാണ്‌ തലസ്ഥാന നഗരിയിലെത്തിയത്‌. ഇവരെ കാണാതെ, ഇവരുടെ അസൗകര്യം ഗണിക്കാതെ ഏതോ ചില ദുഷ്ട ബുദ്ധികളുടെ ആവശ്യത്തിനൊത്ത്‌ തുള്ളാന്‍ ബേബി തയ്യാറായപ്പോള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്വഭാവമാണ്‌ വെളിപ്പെട്ടത്‌. മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരവര്‍ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച്‌ മുടിച്ചതിന്റെ തുടര്‍ച്ചയാണ്‌ ഈ തീരുമാനം.
അതുകൊണ്ടുതന്നെ കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരുടെ പേര്‌ വെളിപ്പെടുത്താന്‍ മന്ത്രി ബേബിയെ വെല്ലുവിളിക്കുകയാണ്‌. കൊടുങ്ങല്ലൂരില്‍ കവി അയ്യപ്പന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷിച്ചപ്പോള്‍ തിരിഞ്ഞുപോലും നോക്കാതിരുന്ന ഈ സാംസ്കാരിക നായകന്മാര്‍ക്കുവേണ്ടിയാണോ ബേബി സംസ്കാരം മാറ്റിവെച്ചത്‌? സാംസ്കാരിക വകുപ്പ്‌ മന്ത്രിയാണെന്ന്‌ പറഞ്ഞിട്ട്‌എന്ത്‌ ഗുണം. സാധാരണ മനുഷ്യന്റെ സംസ്കാരം പോലും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സത്വമാണ്‌ താനെന്ന്‌ ബേബി വ്യക്തമാക്കിയിരിക്കുകയാണ്‍ീ‍ നീച നടപടിയിലൂടെ.. മരിച്ച വ്യക്തി ആരായാലും ആ വ്യക്തിയോട്‌ ആദരം പുലര്‍ത്തണമെന്ന സാമാന്യ മര്യാദപോലും ബേബിക്കില്ലാതെ പോയി.
ആതിരേ, ഇത്രയും വലിയ ഒരു അധിക്ഷേപം നടന്നിട്ട്‌ അതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ക്കും സാഹിത്യ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മനസ്സുണ്ടായില്ല എന്നതാണ്‌ ഏറ്റവും ആശ്ചര്യകരം. ജ്ഞാനപീഠം പുരസ്കാരം ലഭിച്ചവര്‍ മുതലുള്ള മാന്യന്മാര്‍ എം.എ ബേബിയുടെ അമാന്യതയ്ക്കെതിരെ സംസാരിക്കാന്‍ തയ്യാറാകാത്തത്‌ സാംസ്കാരിക സാഹിത്യ മേഖലയിലെ പാദസേവ എത്രമാത്രം ദുഷ്ട്‌ നിറഞ്ഞതാണെന്ന്‌ വ്യക്തമാക്കുന്നു. ആദ്യം പ്രതികരിച്ചത്‌ ഡോ. സുകുമാര്‍ അഴീക്കോടാണ്‌. അദ്ദേഹത്തിന്റെ ആര്‍ജ്ജവം നമ്മുടെ സാംസ്കാരിക സാഹിത്യ നായകന്മാര്‍ക്കില്ലാതെ പോയത്‌ മരിച്ചുകഴിയുമ്പോള്‍ ലഭിക്കാവുന്ന ഔദ്യോഗിക ബഹുമതിയോടുകൂടിയ സംസ്കാരത്തോടുള്ള ആര്‍ത്തികൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. വെറുതെ എന്തിന്‌ അധികാര സ്ഥാനത്തിരിക്കുന്നവരെ വെറുപ്പിക്കണമെന്നാണ്‌ ഈ പരിഷകളും ചിന്തിച്ചത്‌." രാജാവ്‌ നഗ്നനാണെന്ന സത്യം രാജഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍ നാളെ വിളിച്ചു പറയുവാനുണ്ണിനിന്‍ നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവു"മെന്ന്‌ പാടിയ കവിപോലും ഈ അധിക്ഷേപത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നത്‌ ഏറെ ഖേദകരമാണ്‌.
ഒരിടത്തും തങ്ങാതെ ഒരിടത്തും സ്ഥിരമായി താമസിക്കാതെ ഒരു വീട്ടിലും അഞ്ചുരാത്രിപോലും തുടര്‍ച്ചയായി അന്തിയുറങ്ങാതെ തന്റെ മനസ്സ്‌ പറഞ്ഞ രീതിയില്‍ ജീവിച്ച കവി അയ്യപ്പനാണ്‌ അഞ്ചുദിവസം മോര്‍ച്ചറിയില്‍ ജഡമായി കിടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്‌. നാടുഭരിക്കുന്നവര്‍ക്കും അവരുടെ പാദസേവകര്‍ക്കുമെതിരെ വജ്രമുനയുള്ള അമ്പുകളെയ്ത്‌ തിരസ്കൃതന്റെയും ചൂഷിതന്റെയും തെരുവിലലയാന്‍ വിധിക്കപ്പെട്ടവന്റെയും സ്വത്വത്തിന്‌ വേണ്ടി വാദിച്ച ഒരു കവിയുടെ ദുരവസ്ഥയാണിത്‌. അധികാരസ്ഥാനങ്ങളുമായി അനുരഞ്ജനപ്പെടാതെ ആത്മാഭിമാനത്തിന്റെയും നട്ടെല്ലുറപ്പിന്റെയും പര്യായമായി ജീവിച്ചതാണോ കവി അയ്യപ്പന്‍ ചെയ്ത തെറ്റ്‌? ആ തെറ്റിനാണോ, ആതിരേ, എം.എ ബേബിയെന്ന സംസ്കാര വിരുദ്ധന്റെ വകുപ്പും അദ്ദേഹം ഉള്‍പ്പെടുന്ന ക്ഷുദ്ര രാഷ്ട്രീയ സംവിധാനവും കവിയോടും അദ്ദേഹത്തിന്റെ ആരാധകരോടും ഇത്ര കടുത്ത പാതകം ചെയ്തത്‌? സുകുമാര്‍ അഴീക്കോട്‌ പറഞ്ഞതുപോലെ കവി അയ്യപ്പന്റെ ശവസംസ്കാരം നാട്ടുകാരും ആരാധകരും ചേര്‍ന്ന്‌ ഇന്ന്‌ നടത്തുന്നതാണ്‌ ബേബിയുള്‍പ്പെടെയുള്ളവര്‍ ചെയ്ത അധിക്ഷേപത്തെ തകര്‍ക്കാനുള്ള ഏക പോംവഴി. അതിന്‌ കഴിയുമോ ? ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ചൂണ്ടിക്കാണിച്ചത്‌ ഏറെ പ്രസക്തമാണ്‌. ജീവിച്ചിരിക്കുന്നവരോട്‌ ഭരണകൂടം ഉള്‍പ്പെടെയുള്ള സമൂഹത്തിന്‌ എന്തും ചെയ്യാം. കാരണം അവര്‍ക്ക്‌ പ്രതികരിക്കാന്‍ കഴിയും. എന്നാല്‍, ജഡമായ ഒരു വ്യക്തിയോട്‌ ഇത്രയ്ക്ക്‌ അപമാനകരമായി പെരുമാറാന്‍ പാടില്ലായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. മരിച്ചുകഴിഞ്ഞപ്പോള്‍ കടുത്ത അനാദരവും. ഇതെന്തൊരു വിധിയാണ്‌! രണ്ടായിരത്തിലധികം കവിതകളെഴുതിയ ഒരു കവിയെ ഇങ്ങനെ മോര്‍ച്ചറിയില്‍ കിടത്തുന്ന സാംസ്കാരിക മന്ത്രിയെ തല്‍സ്ഥാനത്ത്‌ തുടരാന്‍ അനുവദിക്കാമോ ?
അറംപറ്റിയതുപോലെ അയ്യപ്പനെഴുതിയത്‌ ഓര്‍ത്തുപോകുന്നു. : "കാറപകടത്തില്‍ പെട്ട്‌ മരിച്ച വഴിയാത്രക്കാരന്റെ ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കേ മരിച്ചവന്റെ പോക്കറ്റില്‍ നിന്ന്‌ പറന്ന അഞ്ചുരൂപയുടെ നോട്ടിലായിരുന്നു എന്റെ കണ്ണ്‌..... " അതേ ബേബി ഉള്‍പ്പെടെയുള്ള സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത രാഷ്ട്രീയ കോമരങ്ങള്‍ക്ക്‌ മരിച്ചു കിടക്കുന്ന അയ്യപ്പന്‌ വിലയില്ലായിരുന്നു മറിച്ച്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ അഞ്ചുവോട്ടിലായിരുന്നു കണ്ണ്‌ !
ആതിരേ, ഈ ശാപത്തെ എങ്ങനെ ഉന്മൂലനം ചെയ്യാന്‍ പറ്റും.