Monday, March 19, 2012

പാലിയേക്കര: സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള രണ്ടാം സമരം


ദളിത്‌ - പിന്നാക്ക അധസ്ഥിത വിഭാഗത്തിന്‌ പൊതു വഴിയിലൂടെ സഞ്ചരിക്കാന്‍ 1893 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സരമത്തോടെയാണ്‌ ആ പൊതുബോധം സൃഷ്ടിക്കപ്പെട്ടത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പുരോഗമന ശക്തികളും ചേര്‍ന്ന്‌ നേടിയെടുത്ത പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‌ മേലാണ്‌ ഇപ്പോള്‍ ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ ജനവിരുദ്ധമാണ്‌, ജനാധിപത്യ വിരുദ്ധമാണ്‌; ഭരണഘടന ഉറപ്പ്‌ നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിന്റെ ലംഘനമാണ്‌. ഇതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെയാണ്‌ പാലിയേക്കര പ്രതിനിധാനം ചെയ്യുന്നത്‌




കേരളത്തിന്റെ രാഷ്ട്രീയ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഏട്‌ രചിക്കുകയാണ്‌ ആതിരേ,പാലിയേക്കരയിലെ ടോള്‍ പിരിവ്‌ വിരുദ്ധ സമരം. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പൗരന്റെ പോരാട്ടത്തിന്റെ രണ്ടാംഘട്ടമാണ്‌ ഇത്‌. അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക്‌ പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഒരു നൂറ്റാണ്ട്‌ മുമ്പ്‌ നടത്തിയ സമരത്തിന്റെ ചരിത്രപരമായ തുടര്‍ച്ച .
ദേശീയപാത 47 ല്‍ മണ്ണുത്തി - അങ്കമാലി റൂട്ടിലെ പാലിയേക്കരയില്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ചുങ്കപ്പുരയ്ക്കെതിരായ ജനകീയ സമരം പൂര്‍വ മാതൃകകളില്ലാത്തതാണ്‌. വിളപ്പില്‍ശാലയിലെന്നപോലെ, പോരാടുന്ന നഴ്സുമാരുടെ കാര്യത്തിലെന്നപോലെ ഇവിടെയും മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയോ ട്രേഡ്‌ യൂണിയനുകളുടേയോ നേതൃത്വമില്ലാതെയുള്ള ജനകീയ സമരമാണ്‌ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്നത്‌. തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂരിലാരംഭിക്കുകയും പിന്നെ നെന്മണിക്കര പഞ്ചായത്തിലേയ്ക്ക്‌ കത്തിപ്പടരുകയും ചെയ്ത ടോള്‍വിരുദ്ധ സമരം, ദേശീയ പാതയുടെ സ്വകാര്യ വത്ക്കരണത്തിനും ചുങ്കപ്പിരിവ്‌ എന്ന പകല്‍ കൊള്ളയ്ക്കുമെതിരായ ജനകീയ മുന്നറിയിപ്പാണ്‌.
പാലിയേക്കര ടോള്‍ പ്ലാസയ്ക്കരികില്‍ ഒരുമാസം മുമ്പാരംഭിച്ച നിരാഹാര സമരത്തില്‍,ആതിരേ, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത്‌ നിരവധിപ്പേര്‍ പങ്കെടുക്കുകയും അറസ്റ്റ്‌ വരിക്കുകയുമുണ്ടായി. ഈ ജനകീയ സമരത്തെ അട്ടിമറിക്കാന്‍ ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും കോര്‍പ്പറേറ്റ്‌ കുത്തകകളും കൈകോര്‍ത്തിട്ടുണ്ടെങ്കിലും കുത്തകകള്‍ക്ക്‌ കപ്പം നല്‍കി അടിമകളെപ്പോലെ പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ ആത്മാഭിമാനമുള്ള ജനത തയ്യാറല്ലെന്ന സന്ദേശം ശക്തവും വ്യാപകവുമായിക്കൊണ്ടിരിക്കുകയാണ്‌.
രാജ്യത്ത്‌ മികച്ച റോഡുകള്‍ വരുന്നതിനും കൂടുതല്‍ സഞ്ചാര സൗകര്യം ഉണ്ടാകുന്നതിനും വേണ്ടി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പുതിയ പാതകള്‍ പണിയുകയും അതില്‍ ചുങ്കം പിരിക്കുകയും ചെയ്യുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ബി ഒ ടി നയം (ബില്‍ഡ്‌, ഓണ്‍ ആന്റ്‌ ട്രാന്‍സ്ഫര്‍) ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്‌. പൊതുമുതല്‍ കൊള്ളയടിക്കാനുള്ള ആഗോളീകരണ കാലത്തെ കൗശലമാണിത്‌. ഇപ്പോള്‍ തര്‍ക്കത്തിലുള്ള അങ്കമാലി - മണ്ണുത്തി പാതയുടെ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ എടുത്ത കമ്പനിയ്ക്ക്‌ ചെലവായത്‌ 60 കോടി രൂപയാണ്‌. 30 വര്‍ഷത്തേയ്ക്കാണ്‌ ഇവര്‍ക്ക്‌ ടോള്‍ പിരിക്കാനുള്ള അനുവാദം കൊടുത്തിട്ടുള്ളത്‌. ഇപ്പോഴത്തെ നിരക്ക്‌ വെച്ച്‌ നോക്കിയാല്‍ 30 വര്‍ഷംകൊണ്ട്‌ ഈ സ്വകാര്യകമ്പനിയ്ക്ക്‌ എഴുപതിനായിരത്തിലധികം കോടി രൂപ ലാഭം കിട്ടും. 42 കിലോമീറ്റര്‍ റോഡ്‌ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു എന്ന പേരിലാണ്‌ പൊതു സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിച്ച്‌ പകല്‍കൊള്ള നടത്താന്‍ ഇവര്‍ക്ക്‌ അനുമതി നല്‍കിയിട്ടുള്ളത്‌.
എന്‍ എച്ച്‌ 47, എന്‍ എച്ച്‌ 17 എന്നിങ്ങനെ 18 ദേശീയപാതകളാണ്‌ നമുക്കുള്ളത്‌. ഈ ദേശീയ പാതകളും സംസ്ഥാന പാതകളും അടക്കം 15,000 കിലോമീറ്റര്‍ റോഡ്‌ ബി ഒ ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുമെന്നാണ്‌ നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനം. അതായത്‌ അരൂര്‍ - ഇടപ്പള്ളി പാതപോലെ, മണ്ണുത്തി - അങ്കമാലി പാതപോലെ കേരളത്തിലെ റോഡുകളെല്ലാം ഇനി ചുങ്കം കൊടുത്ത്‌ സഞ്ചരിക്കേണ്ടവയായി മാറുമെന്നര്‍ത്ഥം.
കേരളത്തിലെ റോഡുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ലാത്തതുകൊണ്ട്‌ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നൂവെന്നാണ്‌ വിശദീകരണം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍,ആതിരേ, പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി, റോഡ്‌ ടാക്സ്‌, വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ചാര്‍ജ്‌, ലൈസന്‍സ്‌ ഫീസ്‌, വിവിധ ഗതാഗതകുറ്റങ്ങളുടെ പിഴ എന്നീ ഇനങ്ങളിലായി 28,000 കോടി രൂപ സര്‍ക്കാരിന്‌ പിരിഞ്ഞ്‌ കിട്ടിയിട്ടുള്ളതാണ്‌. ദേശീയപാതകളുടെ വികസനത്തിന്‌ ഈ പണം ധാരാളം മതിയാകുമായിരുന്നു. അത്‌ വകമാറ്റി ചെലവഴിച്ചശേഷം ദേശീയപാതാവികസനം സ്വകാര്യ കമ്പനികള്‍ക്ക്‌ തീറെഴുതി പൊതുമുതല്‍ സ്വകാര്യ ലാഭത്തിന്‌ ഉപയോഗപ്പെടുത്താനും അതിലൂടെ പൊതു സമൂഹത്തെ കൊള്ളയടിക്കാനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനുമാണ്‌ ബി ഒ ടി ഇടപാടിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
ആതിരേ,ഈ ഭീകരതയ്ക്കെതിരായി ഉയരേണ്ട പൗരസമൂഹത്തിന്റെ കൂട്ടായ പ്രതിഷേധത്തിന്റെ തുടക്കമാണ്‌ പാലിയേക്കര. അതുകൊണ്ടുതന്നെ ഈ സമരം വിജയിപ്പിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്‌. കാരണം സഞ്ചാര സ്വാതന്ത്ര്യത്തിന്‌ കപ്പം വാങ്ങുന്ന സര്‍ക്കാര്‍ നിലപാടിനെ പിന്‍തുണയ്ക്കാനാണ്‌ കോടതികളുടെ തീരുമാനംപോലും. മട്ടാഞ്ചേരി പാലത്തിലെ നീതി രഹിതമായ ടോള്‍ പിരിവിനെതിരെ കോടതിയെ സമീപിച്ചവരോട്‌ കോടതി പറഞ്ഞത്‌ ടോള്‍ പിരിക്കുന്നത്‌ തെറ്റല്ല. ടോള്‍ കൊടുക്കേണ്ടതുമാണ്‌ എന്നാണ്‌. അതായത്‌ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം വിറ്റ്‌ കാശാക്കുന്ന ഭരണകൂടത്തിന്റെ ഭീകരതയ്ക്കാണ്‌ കോടതിയുടെ സംരക്ഷണം.
ഗതാഗത സൗകര്യം ആധുനീക രീതിയില്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ്‌ പാലിയേക്കരയില്‍ ടോള്‍പിരിവ്‌ ആരംഭിച്ചതെന്ന്‌ സര്‍ക്കാര്‍ പറയുമ്പോള്‍ വലിയൊരു കള്ളമാണ്‌ തമസ്ക്കരിക്കപ്പെടുന്നത്‌. ഇവിടെ ടോള്‍പിരിവ്‌ ആരംഭിച്ചതിനുശേഷം ഈ 40 കിലോമീറ്ററിനുള്ളില്‍ ഇതിനകം 13 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. 27 ക്രോസിങ്ങുകളാണ്‌ ഇത്രയും ദൂരത്തിനിടയിലുള്ളത്‌. ഇവിടെയെങ്ങും സുരക്ഷാ ക്രമീകരണങ്ങളില്ല. വാഹനമോടിക്കുന്നവരും കാല്‍നടക്കാരും അവരവരുടെ സുരക്ഷ നോക്കിക്കൊള്ളണം. അപ്പോള്‍ ഈ പകല്‍ കൊള്ളയ്ക്ക്‌ എന്താണ്‌ യുക്തി.? എന്തിനാണ്‌ അത്‌ അനുവദിക്കുന്നത്‌?
ഇവിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലിയൊരു കള്ളക്കളികൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. 2011 ഡിസംബറില്‍ വിളിച്ച്‌ ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്‌. ടോള്‍ ഇല്ലാതെ സഞ്ചരിക്കാവുന്ന സര്‍വ്വീസ്‌ റോഡ്‌, വഴിവിളക്കുകള്‍, ഡ്രെയിനേജ്‌ സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ ഒരുക്കിയതിനിശേഷം മാത്രമേ ടോള്‍ പിരിവ്‌ ആരംഭിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്‌.എന്നാല്‍ വഴിവിളക്കുകളുടെ കാര്യത്തില്‍പ്പോലും ഉറപ്പ്‌ പാലിക്കാതെയുള്ള പകല്‍കൊള്ളയാണ്‌ നടക്കുന്നത്‌. 40 കിലോമീറ്ററിനുള്ളില്‍ ആകെയുള്ളത്‌ 50 വഴിവിളക്കുകള്‍ മാത്രമാണ്‌. ഇടപ്പള്ളി മുതല്‍ അങ്കമാലിവരെയുള്ള 26 കിലോമിറ്ററോളം റോഡ്‌ 20 വര്‍ഷം മുമ്പ്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചതാണ്‌. 40 കിലോമീറ്ററിനൊപ്പം കേന്ദ്രസര്‍ക്കാര്‍ പണിത ഈ റോഡ്കൂടിച്ചേര്‍ത്താണ്‌ ഇപ്പോള്‍ ചുങ്കം പിരിക്കുന്നത്‌. ഇത്തരമൊരനുവാദം സ്വകാര്യ കമ്പനികള്‍ക്ക്‌ നല്‍ക്കുക വഴി പാര്‍ട്ടിക്കും ഭരണമുന്നണിയ്ക്കും എത്ര കോടികിട്ടിയെന്ന ചോദ്യം ഉന്നയിച്ചേ തിരൂ.
കേരളത്തില്‍ പൊതുനിരത്തുകള്‍ രൂപംകൊള്ളിന്നതിന്‌ പിന്നില്‍ പതിറ്റാണ്ടുകളുടെ സമരചരിത്രമുണ്ട്‌. ദളിത്‌ - പിന്നാക്ക അധസ്ഥിത വിഭാഗത്തിന്‌ പൊതു വഴിയിലൂടെ സഞ്ചരിക്കാന്‍ 1893 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സരമത്തോടെയാണ്‌ ആ പൊതുബോധം സൃഷ്ടിക്കപ്പെട്ടത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പുരോഗമന ശക്തികളും ചേര്‍ന്ന്‌ നേടിയെടുത്ത പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‌ മേലാണ്‌ ഇപ്പോള്‍ ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ ജനവിരുദ്ധമാണ്‌, ജനാധിപത്യ വിരുദ്ധമാണ്‌; ഭരണഘടന ഉറപ്പ്‌ നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിന്റെ ലംഘനമാണ്‌. ഇതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെയാണ്‌ പാലിയേക്കര പ്രതിനിധാനം ചെയ്യുന്നത്‌. റോഡുകള്‍ സമൂഹങ്ങളേയും വ്യക്തികളേയും ബന്ധിപ്പിക്കാനുള്ളതാണ്‌. പക്ഷേ ഇവിടെ അത്‌ വൃക്തികളെ തമ്മിലകറ്റാനും വരേണ്യവര്‍ഗ്ഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംവരണം ചെയ്യപ്പെടുകയുമാണ്‌. അതുകൊണ്ട്‌ ഈ പ്രവണത മുളയിലേ നുള്ളണം, ചുങ്കപ്പുരകള്‍ പൊളിക്കണം, പകല്‍കൊള്ള അവസാനിപ്പിക്കണം. അതാണ്‌, ആതിരേ, പാലിയേക്കരയുടെ ആഹ്വാനം.

Wednesday, March 14, 2012

സോണിയ:രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ ഉടമ


ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അത്രയ്ക്കൊന്നും കൂലങ്കഷമായി ചിന്തിക്കാതെ തന്നെ സോണിയയുടെ ഈ ആസ്തിയുടെ ഉറവിടത്തെക്കുറിച്ച്‌ അനുമാനത്തിലെത്താന്‍ കഴിയും. രാജ്യത്തെ വഞ്ചിച്ചും പൗരന്മാരെ വിഡ്ഢികളാക്കിയും ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ നടത്തിപ്പോരുന്ന അഴിമതികളുടെ ഹിമാനിത്തുമ്പാണ്‌(tip of the iceberg) ഇപ്പോള്‍ ബിസിനസ്‌ അഡ്വൈസര്‍ വാരികയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്‌. അതുകൊണ്ടു തന്നെ ബിസിനസ്‌ അഡ്വൈസര്‍ വെളിപ്പെടുത്തിയതിലും വന്‍ തുകയുടെ ആസ്തി സോണിയ അടക്കമുള്ളവര്‍ക്ക്‌ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. പൊതുജനത്തിന്റെ ഈ വികാരം കണ്ടില്ലെന്ന്‌ നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സാധിക്കുകയില്ല. അതുകൊണ്ട്‌ സോണിയയുടെ ആസ്തി സംബന്ധിച്ച നിഷ്പക്ഷ അന്വേഷണം നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും നമുക്ക്‌ വെല്ലുവിളിക്കാം.




കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയയ്ക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്‌ എന്ന്‌ ജര്‍മ്മന്‍ വാരിക 'ബിസിനസ്‌ ഇന്‍സൈഡര്‍' വെളിപ്പെടുത്തിയതിലൂടെ, ആതിരേ, 'പണ്ടോറയുടെ പെട്ടി'യാണ്‌ തുറക്കപ്പെട്ടിരിക്കുന്നത്‌.
അതു കൊണ്ട്‌ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും സാധ്യതകള്‍ക്കും ആരോപണപ്രത്യാരോപങ്ങള്‍ക്കും ഇടനല്‍കുന്ന ഈ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്‌.
ആതിരേ,ഔദ്യോഗിക കണക്ക്‌ പ്രകാരം സോണിയയുടെ ആകെ ആസ്തി 75 ലക്ഷം രൂപയാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സത്യവാങ്ങ്‌ മൂലത്തിലാണ്‌ ഈ ആസ്തി വിവരമുള്ളത്‌. എന്നാല്‍, ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള കണക്ക്‌ ഇതിന്റെ ആയിരം മടങ്ങ്‌ കൂടുതലാണ്‌.
ഈ ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണ ഉടമയാണ്‌ സോണിയ എന്ന്‌ ആരോപിച്ചാല്‍ അത്‌ നിഷേധിക്കാന്‍ കോണ്‍ഗ്രസിനോ കേന്ദ്ര സര്‍ക്കാരിനോ കഴിയുകയില്ല. കാരണം, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സത്യവാങ്മൂലവും ബിസിനസ്‌ ഇന്‍സൈഡര്‍ പുറത്തു കൊണ്ടു വന്നിട്ടുള്ള ആസ്തിയും തമ്മില്‍ അത്രയ്ക്ക്‌ ബൃഹത്തായ അന്തരമാണുള്ളത്‌.
ലോകത്തെ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പന്നന്മാരുടെ പട്ടിക തയ്യാറാക്കുന്ന വാരികയാണിത്‌. ഊഹാപോഹങ്ങളുടെയോ നിഗമനങ്ങളുടെയോ അടിസ്ഥാനത്തിലല്ല മറിച്ച്‌, വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ബിസിനസ്‌ ഇന്‍സൈഡര്‍ സമ്പന്ന രാഷ്ട്രീയക്കാരുടെ ലിസ്റ്റ്‌ പ്രതിവര്‍ഷം തയ്യാറാക്കുന്നത്‌. ഇതുവരെ ഇവര്‍ തയ്യാറാക്കിയ ലിസ്റ്റിന്തിരെ പരാതിയോ ആരോപണമോ ഉണ്ടായിട്ടില്ല എന്നിരിക്കെ ബിസിനസ്‌ ഇന്‍സൈഡറുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന്‌ വിശ്വസിക്കേണ്ടിയിരിക്കുന്നു. വാര്‍ത്ത വന്നിട്ടും കോണ്‍ഗ്രസ്‌ വൃത്തങ്ങളോ സോണിയയുടെ കുടുംബാംഗങ്ങളോ പ്രതികരിക്കാന്‍ തയ്യാറാകാത്തതും വാര്‍ത്ത സത്യമാണെന്ന്‌ ധാരണയാണ്‌ പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്‌.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 23 രാഷ്ട്രീയക്കാര്‍ക്കിടയില്‍ നാലാം സ്ഥാനമാണ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയ്ക്കുള്ളത്‌. ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ രാഷ്ട്രീയ നേതാവും സോണിയ തന്നെ.
വേള്‍ഡ്സ്‌ ലക്ഷ്വറി ഗൈഡ്‌ ഡോട്‌ കോം എന്ന വെബ്സൈറ്റിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ ബിസിനസ്‌ ഇന്‍സൈഡറിന്റെ വിശകലനവും നിഗമനവും.
സോണിയയുടെ സ്വത്ത്‌ കണക്കാക്കുന്നതില്‍ വാരികയ്ക്ക്‌ പിഴച്ചു എന്നാണ്‌, ആതിരേ, അപ്രധാനമായ ചില സ്രോതസ്സുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍. നെഹ്‌റു കുടുംബത്തിന്റെ ബൃഹത്തായ ആസ്തിയും സോണിയയുടെ പേരില്‍ കണക്കാക്കിയതാകാം എന്നൊരു വാദഗതിയും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇതെല്ലാം, നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്ര സര്‍ക്കാരിന്റെയോ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയോ ഔദ്യോഗിക വക്താക്കളില്‍ നിന്നോ സോണിയ കുടുംബത്തിന്റെ അടുത്ത വക്താക്കളില്‍ നിന്നോ അല്ല ഉണ്ടായിട്ടുള്ളത്‌. സോണിയയോടും കുടുംബത്തോടും അതിരില്ലാത്ത വിധേയത്വം പുലര്‍ത്തുന്ന ചില രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമാണ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. രണ്ടായാലും ബിസിനസ്‌ ഇന്‍സൈഡറുടെ വെളിപ്പെടുത്തലിലെ യാഥാര്‍ത്ഥ്യം ഇന്ത്യയിലെ നികുതിദായകരെയും സമ്മതിദായകരെയും ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും ബാധ്യത എറെയാണ്‌ ഇപ്പോള്‍.
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ വിവരം കണ്ടെത്തി പുറത്തുവിടണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുപോലും സക്രിയമോ അന്വേഷണമായ വിശ്വസനീയമായ വിശദീകരണമോ ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സിബിഐ അവലംഭിക്കുന്ന മെല്ലെ പോക്ക്‌ നയത്തെ പലവട്ടം സുപ്രീംകോടതി കടുത്ത പദങ്ങളാല്‍ ശാസിച്ചിട്ടുള്ളതുമാണ്‌. അപ്പോഴെല്ലാം മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ കോടതിയില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ സിബിഐയുടെ അഭിഭാഷകനും സോളിസിറ്റര്‍ ജനറലും ശ്രമിച്ചിട്ടുള്ളത്‌. ആരെയൊക്കെയോ രക്ഷിക്കാനും എന്തൊക്കെയോ മൂടിവയ്ക്കാനുമുള്ള ത്വര കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാരിനുമുണ്ട്‌ എന്ന ധാരണ ശക്തമാക്കാനേ ഈ നിലപാട്‌ മൂലം കഴിഞ്ഞിട്ടുള്ളൂ.
സ്വിസ്‌ ബാങ്ക്‌ അടക്കമുള്ള വിദേശ ബാങ്കുകളില്‍ ഇന്ത്യയിലെ സമ്പന്നര്‍ക്ക്‌ രഹസ്യവും സുരക്ഷിതവുമായ അക്കൗണ്ടുകള്‍ ഉണ്ട്‌ എന്ന കാര്യം അങ്ങാടിപ്പാട്ടാണ്‌. എന്നാല്‍, യഥാര്‍ത്ഥ ചിത്രം പുറത്തുവിടാന്‍ കേന്ദ്രം തയ്യാറുമല്ല. രണ്ടുവിധത്തിലാണ്‌, ആതിരേ ഇത്തരക്കാര്‍ രാഷ്ട്രത്തെ ദ്രോഹിക്കുന്നത്‌. ഒന്ന്‌, ഇവിടത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുകയായിരുന്നുവെങ്കില്‍ സര്‍ക്കാരിന്‌ ലഭിക്കേണ്ടിയിരുന്ന ആദായനികുതിയുടെ വെട്ടിപ്പ്‌. രണ്ട്‌, അവിഹിത മാര്‍ഗ്ഗത്തില്‍ സ്വത്ത്‌ സമ്പാദിച്ചത്‌. ഈ രണ്ട്‌ കാര്യവും ഭരണഘടനാവിരുദ്ധവും ശിക്ഷാര്‍ഹവുമായ കുറ്റവുമാണ്‌. എന്നിട്ടും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്ക്‌ പുറത്തു കൊണ്ടുവരാന്‍ പ്രധാമന്ത്രി മന്‍മോഹന്‍ സിങ്ങിനോ ധനമന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്കോ പ്രതിരോധമന്ത്രി എ.കെ.ആന്റണി അടങ്ങുന്ന ആദര്‍ശ ധീരന്മാര്‍ക്കോ താല്‍പര്യമില്ലാത്തതിന്റെ കാരണമാണ്‌ ഇതുവരെ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാകാതിരുന്നത്‌.
മന്‍മോഹന്‍ സിങ്ങ്‌ വ്യക്തിപരമായി അഴിമതി രഹിതനും അഴിമതി വിരുദ്ധനുമാണ്‌. എന്നാല്‍, തന്റെ മന്ത്രിസഭയിലെ വിവിധ അംഗങ്ങളുടെ പേരില്‍ ഉയര്‍ന്ന കോടികളുടെ അഴിമതി കേസുകളില്‍ വൃത്തികെട്ട മൗനം പാലിച്ച്‌ അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ്‌ മന്‍മോഹന്‍സിംഗ്‌ സ്വീകരിച്ചിരുന്നത്‌. ഇക്കാര്യത്തില്‍ സോണിയയും മന്‍മോഹന്റെ ലൈനാണ്‌, ആതിരേ, പിന്‍തുടര്‍ന്നിരുന്നത്‌. രാജ്യത്തെ നടുക്കിയ 2 ജി സ്പെക്ട്രം അടക്കമുള്ള ബൃഹത്തായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ഇന്നും ചരടുവലികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ അഴിമതിക്കാര്‍ സ്വരൂപിച്ച കോടികളുടെ വിഹിതം കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉന്നതന്മാര്‍ക്കും ലഭിച്ചിട്ടുണ്ട്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രാജ്യത്തിനുവേണ്ടി യുദ്ധവിമാനം വാങ്ങിയ ഇടപാടില്‍ സോണിയ 10000 കോടി രൂപ കോഴ വാങ്ങിയെന്ന്‌ ആരോപണം ഉന്നയിക്കുന്നത്‌ സുബ്രഹ്മണ്യന്‍ സ്വാമിയാണ്‌. ഈ ആവശ്യം ഉന്നയിച്ച്‌ സോണിയയ്ക്ക്‌ എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്‌ സുബ്രഹ്മണ്യ സ്വാമി.
ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അത്രയ്ക്കൊന്നും കൂലങ്കഷമായി ചിന്തിക്കാതെ തന്നെ സോണിയയുടെ ഈ ആസ്തിയുടെ ഉറവിടത്തെക്കുറിച്ച്‌ അനുമാനത്തിലെത്താന്‍ കഴിയും. രാജ്യത്തെ വഞ്ചിച്ചും പൗരന്മാരെ വിഡ്ഢികളാക്കിയും ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ നടത്തിപ്പോരുന്ന അഴിമതികളുടെ ഹിമാനിത്തുമ്പാണ്‌(tip of the iceberg) ഇപ്പോള്‍ ബിസിനസ്‌ അഡ്വൈസര്‍ വാരികയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്‌. അതുകൊണ്ടു തന്നെ ബിസിനസ്‌ അഡ്വൈസര്‍ വെളിപ്പെടുത്തിയതിലും വന്‍ തുകയുടെ ആസ്തി സോണിയ അടക്കമുള്ളവര്‍ക്ക്‌ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. പൊതുജനത്തിന്റെ ഈ വികാരം കണ്ടില്ലെന്ന്‌ നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സാധിക്കുകയില്ല. അതുകൊണ്ട്‌ സോണിയയുടെ ആസ്തി സംബന്ധിച്ച നിഷ്പക്ഷ അന്വേഷണം നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും നമുക്ക്‌ വെല്ലുവിളിക്കാം.

Tuesday, March 13, 2012

സിന്ധു ജോയ്‌:യുഡിഎഫിന്റെ 'വിശുദ്ധ പശു'വോ;


പ്രൈമറി ക്ലാസില്‍ , വ്യാകരണത്തിലെ അലങ്കാരശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ആദ്യം വരുന്നത്‌ ഉപമയാണ്‌. ഒന്നിനോടൊന്ന്‌ സാദൃശ്യം ചൊന്നാലുപമയായത്‌ എന്നാണ്‌ പ്രമാണം. ഒരു വസ്തുവിനെയോ വ്യക്തിയെയോ അതിന്റെ മേന്മയോ മികവില്ലായ്മയോ ബോധ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഭാഷാ തന്ത്രമാണ്‌ ഉപമ. സാദൃശ്യം മാത്രമല്ല, സാധര്‍മ്യവും ഉപമയില്‍പ്പെടുമെന്ന്‌ വൈയാകരന്മാര്‍ പറയുന്നു. അതെന്തുമാകട്ടെ, മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോല്‍ നിന്‍മുഖം എന്ന പ്രയോഗത്തില്‍ രാജാവിന്റെ മുഖം ചന്ദ്രനാണെന്നല്ല സൂചന. മറിച്ച്‌, ചന്ദ്രനെപ്പോലെ ശോഭയുള്ളതാണ്‌ എന്നാണ്‌ വിവക്ഷ. ആ സാമാന്യ യുക്തിയില്‍ വി.എസ്‌.അച്യുതാനന്ദന്റെ പ്രയോഗത്തെ വിലയിരുത്തേണ്ടതിനു പകരം വൈകാരികമായി സമീപിക്കുകയും വക്രീകരിച്ച അര്‍ത്ഥം കണ്ടെത്തുകയും;വ്യാഖ്യാനിച്ച്‌ വഷളാക്കുകയും ചെയ്ത്‌ വി.എസിലൂടെ ഇടതുപക്ഷത്തെ ആക്രമിക്കാനും വനിതകളുടെ വോട്ട്‌ പെട്ടിയിലാക്കാനുമുള്ള യുഡിഎഫിന്റെ തരംതാണ പ്രചാരണമാണ്‌ സത്യത്തില്‍ അധര്‍മ്മവും അശ്ലീലവും.


ആതിരേ,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ എന്ന പോലെ, ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന പിറവത്തും വി.എസ്‌.അച്യുതാനന്ദന്റെ ഒരു പ്രയോഗം വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനും വോട്ടര്‍മാരില്‍ അനാവശ്യ മാനസിക പ്രക്ഷുബ്ധതയുണ്ടാക്കാനുമാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളും യുഡിഎഫും ശ്രമിക്കുന്നത്‌.
മുങ്ങിച്ചാകാന്‍ പോകുന്നവന്‌ കച്ചിത്തുരുമ്പും ആശ്രയമാകും എന്ന്‌ പറഞ്ഞതുപോലെ പിറവത്ത്‌ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ ഉപയോഗിക്കാന്‍ ലഭിക്കുന്ന എല്ലാ സാധ്യതകളും അവയുടെ യഥാര്‍ത്ഥ അവസ്ഥയില്‍ നിന്ന്‌ അടര്‍ത്തി മാറ്റി വക്രീകരിച്ച്‌ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്‌. ഒരു തെരഞ്ഞെടുപ്പില്‍ ഇത്തരം തന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളും അവരെ പിന്തുണയ്ക്കുന്ന സംഘടനകളും അവലംബിക്കുന്നത്‌ സ്വാഭാവികം.
എന്നാല്‍, സാഹചര്യങ്ങളില്‍ നിന്ന്‌ അടര്‍ത്തി മാറ്റി ഉപയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും സൃഷ്ടിക്കുന്ന അര്‍ത്ഥവ്യതിയാനം അനര്‍ത്ഥമായി തീരുമെന്ന്‌ ഇനിയും യുഡിഎഫ്‌ നേതൃത്വത്തിന്‌ ബോധ്യമായിട്ടില്ലെന്ന്‌ തോന്നുന്നു. ഇപ്പോള്‍ സിന്ധു ജോയിക്കെതിരെ വി.എസ്‌.അച്യുതാനന്ദന്‍ കടുത്ത അശ്ലീലം നിറഞ്ഞ പദപ്രയോഗം നടത്തിയെന്നും അത്‌ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മാന്യതയെ കെടുത്തുന്നതാണെന്നും അച്യുതാനന്ദന്‍ സ്ത്രീ സംരക്ഷകന്റെ വേഷം കെട്ടിയ സ്ത്രീപീഡകനാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. കാള പെറ്റു എന്ന്‌ കേട്ടപ്പോള്‍ കയര്‍ എടുത്ത ബുദ്ധിശൂന്യന്റെ അവസ്ഥയിലാണ്‌ ജനാധിപത്യ മഹളാ അസോസിയേഷനും അതിന്റെ സമുന്നതരെന്ന്‌ അവകാശപ്പെടുന്ന നേതാക്കന്മാരും.
പലതവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന അഭിസാരികയുടെ സ്ഥാനമാണ്‌ കോണ്‍ഗ്രസില്‍ സിന്ധു ജോയിക്കുള്ളത്‌ എന്നാണ്‌ ഒരു ചോദ്യത്തിനുത്തരമായി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കൈയ്യില്‍ കിട്ടുന്നതെന്തും വിവാദമാക്കാനുള്ള മാധ്യമങ്ങളുടെ അധാര്‍മ്മികമായ മത്സരമാണ്‌ യഥാര്‍ത്ഥത്തില്‍ പ്രശ്നം വഷളാക്കിയത്‌. സിന്ധു ജോയി അഭിസാരികയാണെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞിട്ടില്ല. ഉപയോഗിച്ച ശേഷം തള്ളിക്കളയുന്ന അഭിസാരികയുടെ സ്ഥാനം എന്ന പ്രയോഗം ഉപമ മാത്രമാണ്‌. പ്രൈമറി ക്ലാസില്‍ , വ്യാകരണത്തിലെ അലങ്കാരശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ആദ്യം വരുന്നത്‌ ഉപമയാണ്‌. ഒന്നിനോടൊന്ന്‌ സാദൃശ്യം ചൊന്നാലുപമയായത്‌ എന്നാണ്‌ പ്രമാണം. ഒരു വസ്തുവിനെയോ വ്യക്തിയെയോ അതിന്റെ മേന്മയോ മികവില്ലായ്മയോ ബോധ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഭാഷാ തന്ത്രമാണ്‌ ഉപമ. സാദൃശ്യം മാത്രമല്ല, സാധര്‍മ്യവും ഉപമയില്‍പ്പെടുമെന്ന്‌ വൈയാകരന്മാര്‍ പറയുന്നു. അതെന്തുമാകട്ടെ, മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോല്‍ നിന്‍മുഖം എന്ന പ്രയോഗത്തില്‍ രാജാവിന്റെ മുഖം ചന്ദ്രനാണെന്നല്ല സൂചന. മറിച്ച്‌, ചന്ദ്രനെപ്പോലെ ശോഭയുള്ളതാണ്‌ എന്നാണ്‌ വിവക്ഷ. ആ സാമാന്യ യുക്തിയില്‍ വി.എസ്‌.അച്യുതാനന്ദന്റെ പ്രയോഗത്തെ വിലയിരുത്തേണ്ടതിനു പകരം വൈകാരികമായി സമീപിക്കുകയും വക്രീകരിച്ച അര്‍ത്ഥം കണ്ടെത്തുകയും;വ്യാഖ്യാനിച്ച്‌ വഷളാക്കുകയും ചെയ്ത്‌ വി.എസിലൂടെ ഇടതുപക്ഷത്തെ ആക്രമിക്കാനും വനിതകളുടെ വോട്ട്‌ പെട്ടിയിലാക്കാനുമുള്ള യുഡിഎഫിന്റെ തരംതാണ പ്രചാരണമാണ്‌ , ആതിരേ,സത്യത്തില്‍ അധര്‍മ്മവും അശ്ലീലവും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ്‌.അച്യതാനന്ദനെതിരെ മത്സരിച്ച യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെതിരെയും ഇത്തരത്തിലുള്ള അധാര്‍മ്മിക പ്രയോഗം വി.എസ്‌.അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടായി എന്ന്‌ പറഞ്ഞ്‌ യുഡിഎഫും യുഡിഎഫ്‌ അനുകൂല മാധ്യമങ്ങളും സൃഷ്ടിച്ച പുകില്‍ ആരും മറന്നിട്ടില്ല. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പരിഗണനയ്ക്കു വരെ ഈ വിഷയം എത്തി. "അവര്‍ (ലതിക സുഭാഷ്‌) പ്രശസ്തയാണ്‌. അത്‌ ഏത്‌ രീതിയിലുള്ള പ്രശസ്തിയാണെന്ന്‌ നിങ്ങള്‍ അന്വേഷിച്ചാല്‍ മതി" എന്നാണ്‌ അന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌.
ആ വാക്കുകളില്‍ തൂങ്ങി അനാവശ്യമായ വ്യാഖ്യാനങ്ങള്‍ കണ്ടെത്തി ലതിക സുഭാഷിനെ വി.എസ്‌.അച്യുതാനന്ദന്‍ വേശ്യയാക്കി ചിത്രീകരിച്ചു എന്നായിരുന്നു ഉമ്മന്‍ചാണ്ടി മുതലുള്ള നേതാക്കള്‍ കേരളമൊട്ടാകെ പ്രസംഗിച്ച്‌ നടന്നത്‌. സ്ത്രീ സംരക്ഷകനെന്ന്‌ അവകാശപ്പെടുന്ന വി.എസ്‌.അച്യുതാനന്ദന്‍ കടുത്ത സ്ത്രീ പീഡകനാണെന്നും എതിരാളികളോട്‌ നിതാന്തവൈര്യം മനസ്സില്‍ സൂക്ഷിക്കുന്നവനാണെന്നും തരംകിട്ടുമ്പോള്‍ വേദിയും അവസരവും നോക്കാതെ സംസാരിക്കുമെന്നും ഒക്കെയായിരുന്നു അന്നത്തെയും ആരോപണം. അതിന്‌ മുന്‍പ്‌ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിഗേഡിയര്‍ ഉണ്ണികൃഷ്ണന്‍ ഭവനം സന്ദര്‍ശിച്ച ശേഷം വി.എസ്‌.നടത്തിയ ഒരു പരാമര്‍ശവും ഇതുപോലെ വിവാദമായിരുന്നു. നായയുമായി ബന്ധപ്പെടുത്തി അന്ന്‌ വി.എസിനെ ക്രൂശിക്കാന്‍ മാധ്യമങ്ങളും എതിരാളികളും ഒരുപോലെ മത്സരിക്കുകയായിരുന്നു.
ആതിരേ,സംസാരഭാഷയില്‍ പലപ്പോഴും പ്രാദേശിക പ്രയോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്‌ അര്‍ത്ഥവും നാനാര്‍ത്ഥവും ഉണ്ടാവുക സ്വാഭാവികം. വി.എസിനെപ്പോലെ പ്രായം ചെന്ന ഒരു വ്യക്തി ഉപയോഗിക്കുന്ന ഭാഷയ്ക്കും പ്രയോഗങ്ങള്‍ക്കും ആധുനിക മലയാള വായ്മൊഴി വഴക്കത്തില്‍ നിന്ന്‌ വ്യതിയാനം ഉണ്ടാകുന്നതും സ്വാഭാവികം. അതു മനസ്സിലാക്കാനും വാക്കുകള്‍ പ്രയോഗിക്കുന്ന സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിന്റെ പശ്ചാത്തലത്തില്‍ അര്‍ത്ഥം ഗ്രഹിക്കാനും കഴിവില്ലാതെ വരുമ്പോഴാണ്‌ ആശയപ്രകാശനത്തിലും ആശയ സ്വീകരണത്തിലും വക്രീകരണം ഉണ്ടാകുന്നത്‌. ഇനി അങ്ങനെ ഉണ്ടായില്ലെങ്കില്‍ എതിരാളികള്‍ ഉണ്ടാക്കി തീര്‍ക്കുമ്പോഴാണ്‌ അനാവശ്യ വിവാദം സൃഷ്ടിക്കപ്പെടുന്നത്‌.
പിറവത്തും സമാന രീതിയിലുള്ള വ്യാഖ്യാനങ്ങളും വക്രീകരണങ്ങളുമാണ്‌ സംഭവിച്ചത്‌. എല്ലാവര്‍ക്കും അറിവുള്ളതാണ്‌, സിപിഎം വിട്ട്‌ യുഡിഎഫിലേക്ക്‌ ചേക്കേറിയ സിന്ധു ജോയിയെ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ യുഡിഎഫ്‌ നേതൃത്വം കേരളം ഒട്ടാകെ എഴുന്നള്ളിച്ചു നടത്തിയതും അവരെ ഉപയോഗിച്ച്‌ എല്‍ഡിഎഫ്‌ വിരുദ്ധ പ്രചാരണം അഴിച്ചു വിട്ടതും അതിലൂടെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതും. പക്ഷേ, രാഷ്ട്രീയ പ്രബുദ്ധരായ കേരളീയര്‍ ആ തന്ത്രം തിരസ്കരിക്കുകയും ബുദ്ധിപൂര്‍വ്വകമായി തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വ്വഹിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ വേളയില്‍ രാഷ്ട്രീയ സംവാദങ്ങള്‍ ഉണ്ടാകുന്നത്‌ നന്നാണ്‌ സ്വീകാര്യവുമാണ്‌. അത്‌ മത്സരിക്കുന്ന പാര്‍ട്ടികളുടെ മേന്മയും മഹിമയും വോട്ടര്‍മാര്‍ക്ക്‌ ബോധ്യപ്പെടാന്‍ കാരണമാകും. എന്നാല്‍, നിസാരമായ വാക്കു പിഴകളെ പര്‍വ്വതീകരിച്ചുള്ള പ്രചാരണങ്ങള്‍ തിരിച്ചടിയാകുമെന്ന്‌ മലമ്പുഴ തെളിയിച്ചതാണ്‌. ആ തന്ത്രമാണ്‌ യുഡിഎഫ്‌ പിറവത്തും പയറ്റുന്നത്‌. എങ്കില്‍പ്പോലും അച്യുതാനന്ദന്‍ അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്‌. രാഷ്ട്രീയ എതിരാളികള്‍ക്ക്‌ ആയുധമായി ഉപയോഗിക്കാന്‍ വാക്കുകളും പ്രവര്‍ത്തികളും വെച്ചു നീട്ടുന്നത്‌ അവരവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തോട്‌ കാണിക്കുന്ന അപരാധമാണ്‌. ആ അര്‍ത്ഥത്തില്‍, ആതിരേ അച്യുതാനന്ദന്റെ ഉപമ തെറ്റായിരുന്നു, പാടില്ലാത്തതുമായിരുന്നു.

Tuesday, March 6, 2012

നദീസംയോജനം: ചാണ്ടിയും മാണിയും പറയുന്നത്‌ പച്ചക്കള്ളം


പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം ദേശീയ ജലവികസന ഏജന്‍സി നിര്‍ദ്ദേശിച്ചപ്രകാരം തമിഴ്‌നാടിന്‌ വിട്ടുകൊടുത്താല്‍ അത്‌ കേരളത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ 2009-ല്‍ കേരളം സത്യവാങ്മൂലം നല്‍കിയതാണ്‌. പക്ഷേ, അതിലെ വാദങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം സുപ്രീംകോടതി സത്യവാങ്ങ്‌ മൂലത്തിലെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചുകൊണ്ടാണ്‌ ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുന്നത്‌. ഇനി ഉന്നതാധികാര സമിതി മുന്‍പാകെ എന്തെല്ലാം വാദങ്ങള്‍ ഉയര്‍ത്തിയാലും, സുപ്രീംകോടതി കേരളത്തിന്റെ ആദ്യവാദം നിരസിച്ച സ്ഥിതിക്ക്‌ അംഗീകാരം കിട്ടുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ട്‌ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതിയെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്തണമെന്ന റിവ്യൂ പെറ്റീഷനാണ്‌ കേരളം അടിയന്തരമായി സമര്‍പ്പിക്കേണ്ടത്‌. ടി.ഗിരി എന്ന മുതിര്‍ന്ന അഭിഭാഷകന്‌ ഈ ബുദ്ധി തോന്നാത്തത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല. ഒപ്പം കേരളത്തെ തരിശു നിലമാക്കാന്‍ ചാണ്ടിക്കും മാണിക്കും എന്താണിത്ര താല്‍പര്യമെന്നും ബോധ്യമാകുന്നില്ല.

നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ കേരളത്തെ ബാധിക്കുകയില്ല എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്നുണ്ടെങ്കിലും ആതിരേ,യാഥാര്‍ത്ഥ്യം മറുപുറത്താണ്‌. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പമ്പ, അച്ചന്‍കോവില്‍ എന്നീ നദികള്‍ വൈപ്പാറുമായി സംയോജിപ്പിച്ചാല്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാട്‌ വരണ്ടുണങ്ങും, വേമ്പനാട്ട്‌ കായല്‍ വെള്ളംവറ്റി ശോഷിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തിലെന്നപോലെ, നദീസംയോജനത്തിലും കേന്ദ്രം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുകയാണെന്ന്‌ തിരിച്ചറിഞ്ഞിട്ടും രാഷ്ട്രീയവും ഭരണപരവുമായ വിധേയത്വം മൂലം മുഖ്യമന്ത്രിയും ധനമന്ത്രിയും കേരള ജനതയെ പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുകയാണ്‌. നദീസംയോജനം സംബന്ധിച്ച വിശദാംശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും അര്‍ത്ഥഗര്‍ഭമായ മൗനമാണ്‌ പാലിക്കുന്നത്‌. ഭരണകൂടത്തെ താങ്ങി നില്‍ക്കുന്ന ഇത്തരം മാധ്യമപ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധവും സമൂഹവിരുദ്ധവും രാഷ്ട്രവിരുദ്ധവുമാണ്‌. സത്യം ജനങ്ങള്‍ തിരിച്ചറിയാന്‍ അവസരമുണ്ടാക്കി ഭരണകര്‍ത്താക്കളുടെ വീഴ്ചകള്‍ പരിഹരിക്കാനുള്ള ഇടപെടല്‍ പൊതുസമൂഹത്തില്‍ നിന്ന്‌ ഉരുവാക്കേണ്ട ധര്‍മ്മമാണ്‌, ഭരണകൂട പ്രേമം മൂലം മാധ്യമങ്ങള്‍ കൈയ്യൊഴിയുന്നത്‌.
ആതിരേ,രാജ്യത്തെ 30 പ്രധാന നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ്‌ 5,60,000 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന നദീ സംയോജന പദ്ധതി 2001-ല്‍ ദേശീയ ജലവികസന ഏജന്‍സി വിഭാവനം ചെയ്തത്‌. 2002 ഒക്ടോബര്‍ 31-ന്‌ ഒരു പൊതുതാല്‍പര്യ ഹര്‍ജിയുടെ വാദത്തിനിടയില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. അതേതുടര്‍ന്ന്‌ 2016-ഓടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും 2002 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക്‌ സമര്‍പ്പിക്കുകയും ചെയ്തു.
നദീസംയോജന പദ്ധതിയില്‍ ഏറെയും ഹിമാലയന്‍ നദികളാണ്‌. ബ്രഹ്മപുത്ര-ഗംഗ, കോസി-ഖാഗ്ര, ഗാണ്‍ടക്‌-ഗംഗ, ഖാഗ്ര-യമുന, യമുന-രാജസ്ഥാന്‍ ലിങ്ക്‌, രാജസ്ഥാന്‍-സബര്‍മതി, ചുനാര്‍-സോനാബാരേജ്‌, സോനിഡാം-ഗംഗയുടെ തെക്കേ പോഷകനദികള്‍, ഗംഗ-ഗാമോദര്‍-സുബര്‍നരേഖ, സുബര്‍നരേഖ-മഹാനദി, കോസി-മെത്തി, ഫാറാക്ക-സുന്ദര്‍ബന്‍, ബ്രഹ്മപുത്ര-ഗംഗ (2), മഹാനദി-ഗോദാവരി, ഗോദാവരി-കൃഷ്ണ (3 പദ്ധതികള്‍), ബെന്നാര്‍-കാവേരി, കാവേരി-വൈഗ-ഗുണ്ടാര്‍, കെന്‍-ബട്വാ, പാര്‍ബതി-കാളിസിന്ധ്‌-ചമ്പല്‍ലിങ്ക്‌, താര്‍-തതി-നര്‍മ്മദ, ഡാമന്‍ഗംഗ-ജിലിയല്‍, ദഡി-വര്‍ദ്ധ, നേത്രാവദി-ഹേമാവദി, പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ എന്നിവയാണ്‌ ഈ 30 പദ്ധതികള്‍.
പുന്നമേട്‌, ചിറ്റാര്‍മൂഴി, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ മൂന്ന്‌ അണക്കെട്ടുകള്‍ നിര്‍മ്മിച്ച്‌ സംഭരിക്കുന്ന ജലം അഞ്ചുമീറ്റര്‍ വ്യാസവും എട്ടു കിലോമീറ്റര്‍ നീളവുമുള്ള തുരങ്കം വഴി അച്ചന്‍കോവില്‍ ഡാമിലെ വെള്ളം പമ്പ്‌ ചെയ്ത്‌ ചിറ്റാര്‍മൂഴിയിലെ ജലസംഭരണിയില്‍ എത്തിച്ച്‌ അവിടെ നിന്ന്‌ പശ്ചിമഘട്ട മലനിരകള്‍ തുരന്ന്‌ എട്ടുമീറ്റര്‍ വ്യാസവും ഒന്‍പത്‌ കിലോമീറ്റര്‍ നീളവുമുള്ള തുരങ്കം വഴി കേരള തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള മേക്കര ഡാമിലേക്കും അവിടെ നിന്ന്‌ 50.68 കിലോമീറ്റര്‍ നീളമുള്ള കനാല്‍ വഴി വൈപ്പാര്‍ നദിയിലേക്കും വെള്ളം എത്തിക്കുന്നതാണ്‌, ആതിരേ, പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി. 2588 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്ന ചെലവ്‌.
ഇങ്ങനെ വൈപ്പാറിലേക്ക്‌ ജലം എത്തിക്കുമ്പോള്‍ 2004 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്ന്‌ പമ്പാ പരിരക്ഷണ സമിതി നടത്തിയ പഠനം വ്യക്തമാക്കുന്നു, എന്നുമാത്രമല്ല, നേരത്തെ സൂചിപ്പിച്ചതുപോലെ കുട്ടനാട്ടിലേക്കും വേമ്പനാട്ടു കായലിലേക്കുമുള്ള ജലപ്രവാഹം തടയപ്പെടുന്നതുകൊണ്ട്‌ ഈ പ്രദേശങ്ങളില്‍ വരളര്‍ച്ചയുണ്ടാകാനും തരിശ്‌ ഭൂമികള്‍ സൃഷ്ടിക്കപ്പെടാനും പോവുകയാണ്‌. ഇത്‌ മനസ്സിലാക്കാതെ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും രാഷ്ട്രീയ വിധേയത്വം മൂലം സത്യം തമസ്കരിച്ചാണ്‌ ഈ വിഷയം സംബന്ധിച്ച്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രസ്താവനകള്‍ നടത്തുന്നതും കേരളത്തിന്‌ ആശ്വാസം പ്രധാനം ചെയ്യുന്നതും.
ആതിരേ,മേല്‍സൂചിപ്പിച്ച പദ്ധതികളില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി ഒഴിച്ചുള്ളവയെല്ലാം അന്തര്‍സംസ്ഥാന നദീസംയോജന പദ്ധതികളാണ്‌. അന്തര്‍സംസ്ഥാന നദീജലം പങ്കിടുന്നതുസംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ അവസാന തീര്‍പ്പ്‌ കേന്ദ്രസര്‍ക്കാരിന്റേതാണ്‌. എന്നാല്‍ സംസ്ഥാന നദീജലം സംബന്ധിച്ച്‌ ഉയരുന്ന എല്ലാ സമസ്യകള്‍ക്കും ഉത്തരം കാണേണ്ടത്‌ സംസ്ഥാനങ്ങളാണ്‌. അതായത്‌, ഈ 30 പദ്ധതികളില്‍ സംസ്ഥാന നദീപദ്ധതി എന്ന്‌ പറയാവുന്നത്‌ ഒന്നേയുള്ളൂ അതാണ്‌ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി.
കേരളത്തിന്റെയും കേരളീയരുടെയും താല്‍പര്യങ്ങള്‍ ബലികൊടുത്ത്‌, ഭാവിയില്‍ കേരളത്തെ തരിശുനിലമാക്കാനാണ്‌ ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇവരുടെ ഈ നിലപാടിന്‌ നിയമപരമായ ഉപദേശം നല്‍കുന്നത്‌ മുതിര്‍ന്ന അഭിഭാഷകനായ ടി.ഗിരിയാണ്‌. നദീസംയോജന പദ്ധതിയില്‍ സംസ്ഥാനങ്ങളുടെ താല്‍പര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌ എന്നാണ്‌ ഈ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്‌. വെള്ളം തൊടാതെ അത്‌ വിഴുങ്ങിയിരിക്കുകയാണ്‌ ചാണ്ടിയും മാണിയും.
സുപ്രീം കോടതി പ്രശ്നം ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുകയാണ്‌. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം ദേശീയ ജലവികസന ഏജന്‍സി നിര്‍ദ്ദേശിച്ചപ്രകാരം തമിഴ്‌നാടിന്‌ വിട്ടുകൊടുത്താല്‍ അത്‌ കേരളത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ 2009-ല്‍ കേരളം സത്യവാങ്മൂലം നല്‍കിയതാണ്‌. പക്ഷേ, അതിലെ വാദങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം സുപ്രീംകോടതി സത്യവാങ്ങ്‌ മൂലത്തിലെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചുകൊണ്ടാണ്‌ ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുന്നത്‌. ഇനി ഉന്നതാധികാര സമിതി മുന്‍പാകെ എന്തെല്ലാം വാദങ്ങള്‍ ഉയര്‍ത്തിയാലും, സുപ്രീംകോടതി കേരളത്തിന്റെ ആദ്യവാദം നിരസിച്ച സ്ഥിതിക്ക്‌ അംഗീകാരം കിട്ടുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ട്‌ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതിയെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്തണമെന്ന റിവ്യൂ പെറ്റീഷനാണ്‌ കേരളം അടിയന്തരമായി സമര്‍പ്പിക്കേണ്ടത്‌. ടി.ഗിരി എന്ന മുതിര്‍ന്ന അഭിഭാഷകന്‌ ഈ ബുദ്ധി തോന്നാത്തത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല. ഒപ്പം കേരളത്തെ തരിശു നിലമാക്കാന്‍ ചാണ്ടിക്കും മാണിക്കും എന്താണിത്ര താല്‍പര്യമെന്നും ബോധ്യമാകുന്നില്ല. രണ്ടായാലും ഈ അഭിഭാഷകനും മുഖ്യമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന്‌ ഇപ്പോള്‍ പടച്ചുവിടുന്ന കള്ളങ്ങള്‍ ഭാവിയില്‍ കേരളത്തിന്‌ വന്‍ വിപത്തായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല. കുടിവെള്ളത്തിന്‌ നെട്ടോട്ടം ഓടുന്ന ഒരു സംസ്ഥാനത്താണ്‌ ഇങ്ങനെ ഒരു വഞ്ചനയ്ക്ക്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും തയ്യാറായിട്ടുള്ളത്‌. ഇതിനെതിരെ പൗരസമൂഹം പ്രക്ഷോഭങ്ങള്‍ ആരംഭിച്ചെങ്കില്‍ മാത്രമേ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ പോലെ തമിഴ്‌നാടിന്റെ ഇംഗിതത്തിനൊത്ത്‌ തുള്ളേണ്ട ഗതികേടായിരിക്കും, ആതിരേ കേരളത്തിനുണ്ടാവുക.

Monday, March 5, 2012

റെയില്‍വേയുടെ മദ്യപാന പരിശോധന: പ്രാകൃതം; ഉടന്‍ നിര്‍ത്തലാക്കണം


കേരളത്തിലെ പ്ലാറ്റ്ഫോമുകളിലും കംപാര്‍ട്ടുമെന്റുകളിലും ബ്രത്‌ അനലൈസര്‍ ഉപയോഗിച്ചുള്ള ആഭാസപരിശോധന നടത്തുമ്പോഴാണ്‌ രാജസ്ഥാനില്‍ പാലസ്‌ ഓണ്‍വീല്‍ അഥവാ ചലിക്കുന്നകൊട്ടാരം എന്ന ട്രെയിനില്‍ റെയില്‍വേതന്നെ മദ്യം വിളമ്പുന്നത്‌. ആ ട്രെയിനില്‍ പണംകൊടുത്താല്‍, മദ്യപാനത്തിനെതിരെയുള്ള നിയമംപൊക്കിപ്പിടിക്കുന്ന, റെയില്‍വേ ജീവനക്കാര്‍ത്തന്നെ മദ്യംഒഴിച്ചുതരും. രാജ്യതലസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന മാഹാരാജാ എക്സ്പ്രസ്‌ എന്നപേരില്‍ നാലു ട്രെയിനുകള്‍ ഓടുന്നുണ്ട്‌. ഈ ട്രെയിനിലും യാത്രക്കാര്‍ക്ക്‌ മദ്യം വിളമ്പുന്നുണ്ട്‌. അപ്പോള്‍ ഉത്തരേന്ത്യയിലെ സമ്പന്നരായ യാത്രക്കാര്‍ക്ക്‌ ട്രെയിനില്‍ മദ്യം വിളമ്പുന്ന ഇന്ത്യന്‍ റെയില്‍വേ മദ്യപിച്ച്‌ ഒരാളെപ്പോലും യാത്രചെയ്യാനെന്നല്ല പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അനുവദിക്കുകയില്ല എന്ന്‌ ശഠിക്കുമ്പോള്‍ അതിനുപിന്നിലെ അശ്ലീലതാത്പര്യവും നീചമായ വൈരാഗ്യ ബുദ്ധിയും മദ്യംപോലെനുരയുന്നുണ്ട്‌. മൂന്ന്‌ ടി ടി ഇമാരുടെ താന്തോന്നിത്തത്തെ ചോദ്യം ചെയ്തത്‌ തന്നെയാണ്‌ ഈ ആഭാസ നടപടിയ്ക്ക്‌ പ്രേരകം.മദ്യപിച്ചിട്ടുണ്ടോ എന്ന ബ്രത്‌ അനലൈസര്‍ പരിശോധന റെയില്‍വേ പുരുഷന്മാരോട്‌ കാണിക്കുന്ന ലിംഗ വിവേചനമല്ലാതെ മേറ്റ്ന്താണ്‌?





ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറിയവരെല്ലാം മദ്യപിച്ചിരുന്നു എന്ന്‌ ഒറ്റക്കാരണത്താല്‍ മദ്യപിച്ച ഒരാളെപ്പോലും ട്രെയിനില്‍ യാത്രചെയ്യാനോ പ്ലാറ്റ്ഫോമില്‍ നില്‍ക്കാനോ സമ്മതിക്കില്ല എന്ന റെയില്‍വേയുടെ തീരുമാനം, ആതിരേ പ്രാകൃതവും വൈര്യനിര്യാതന ബുദ്ധികലര്‍ന്നതും യാത്രക്കാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതുമാണ്‌. പുരുഷയാത്രക്കാരെ മാത്രം തെരഞ്ഞുപിടിച്ച്‌ മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കുന്നത്‌ ലിംഗവിവേചനപരമായ നടപടിയുമാണ്‌. അതുകൊണ്ട്‌ ഈ കലാപരിപാടി ഉടന്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ലെങ്കില്‍, അതിനായി റെയില്‍വേ അധികൃതരില്‍ സമ്മര്‍ദ്ദംചെലുത്താന്‍ സംസ്ഥാന ഭരണകൂടം മടിക്കുകയാണെങ്കില്‍ ട്രെയിന്‍ തടഞ്ഞുകൊണ്ടുള്ള പ്രക്ഷോഭത്തിന്‌ പൗരസമൂഹം തയ്യാറാകണമെന്നാണ്‌ എന്റെ അഭിപ്രായം; ആഹ്വാനം.
ശരിയാണ്‌, സൗമ്യയുടെ ദുരന്തമടക്കമുള്ള സ്ത്രീ പീഡനങ്ങള്‍ക്ക്‌ മദ്യം ഉത്തേജനമായും ഉത്തോലകമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എന്നുവെച്ച്‌ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരേയും ട്രെയിനില്‍ യാത്ര ചെയ്യുന്നവരേയും ബ്രത്‌ അനലൈസറില്‍ ഊതിച്ച്‌ മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കുന്നത്‌ കാടത്തംനിറഞ്ഞ താന്തോന്നിത്തം തന്നെയാണ്‌,ആതിരേ.
യഥാര്‍ത്ഥത്തില്‍ യാത്രക്കാര്‍ മദ്യപിച്ച്‌ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറിയതല്ല റെയില്‍വേവകുപ്പിനെ ഇത്തരത്തിലൊരു നീചനടപടിയ്ക്ക്‌ പ്രേരിപ്പിച്ചത്‌. മൂന്ന്‌ ടി ടി ഇമാര്‍ പകല്‍സമയത്ത്‌ ട്രെയിനില്‍ യാത്രചെയ്ത മാന്യകളും വിവാഹിതരുമായ ജയഗീതയോടും ഹേമലതയോടും കാണിച്ച പോകൃത്തരത്തെ ചോദ്യം ചെയ്തതും അതിന്റെ പേരില്‍ ടി ടി ഇമാരായ രമേഷ്കുമാറും പ്രവീണും ജാഫറും അറസ്റ്റ്ചെയ്യപ്പെടുകയും അവര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമായതിന്റെ പ്രതികാരവും തിരിച്ചടിയുമാണ്‌ ഈപരിശോധന.
തങ്ങളുടെ ജീവനക്കാര്‍ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറിയത്‌ കൗശലപൂര്‍വ്വം മറച്ചുവെച്ച്‌ മാന്യമായി യാത്രചെയ്യുന്ന, മാന്യമായി യാത്രയയ്ക്കാന്‍ പ്ലാറ്റ്ഫോമിലെത്തുന്ന മലയാളികളെ കൂട്ടത്തോടെ അപമാനിക്കാനാണ്‌ റെയില്‍വേയുടെ ഈ ശ്രമം. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കിരാതമായ ഈ നീതിബോധം റെയില്‍വേ നടപ്പിലാക്കുന്നില്ല എന്നതുതന്നെയാണ്‌, ആതിരേ അതിന്റെ തെളിവ്‌.
ശരിയാണ്‌, മദ്യപിച്ച്‌ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ റെയില്‍വേ നിയമം പാസാക്കിയിട്ടുണ്ട്‌. നിയമത്തിന്റെ 145-ാ‍ം സെക്ഷനിലാണ്‌ മദ്യപിച്ചുള്ള യാത്രയെക്കുറിച്ച്‌ പറയുന്നത്‌. മൂന്ന്‌ കാര്യങ്ങളാണ്‌ ഇവിടെ ശിക്ഷാര്‍ഹമായ കുറ്റമായി എടുത്തുപറയുന്നത്‌. (1) മദ്യപിച്ച്‌ മദോന്മത്തമായ അവസ്ഥ (ഇന്‍ഡോക്സിക്കേഷന്‍) (2) ട്രെയിനില്‍ ശല്യമുണ്ടാക്കുക, അപമര്യാദയായി പെരുമാറുക, അശ്ലീലം പറയുക. (3) മറ്റ്‌ യാത്രക്കാര്‍ക്ക്‌ ശല്യമുണ്ടാക്കുക, റെയില്‍വേ നല്‍കുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത്‌ മോശമാക്കുക.
ഇതില്‍ ഏതെങ്കിലും കുറ്റംചെയ്താല്‍ ആറുമാസംവരെ തടവ്‌ ലഭിക്കാം അല്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കാം.
സെക്ഷന്‍ 172-ല്‍ റെയില്‍വേ ജീവനക്കാര്‍ മദ്യപിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച്‌ പറയുന്നുണ്ട്‌. മദ്യപിച്ച അവസ്ഥയില്‍ ഒരു ജീവനക്കാരനെ കണ്ടെത്തിയാല്‍ 500 രൂപ പിഴ ഈടാക്കാന്‍ മാത്രമാണ്‌ ചട്ടമുള്ളത്‌. ശ്രദ്ധിക്കണം ഒരേകുറ്റം ചെയ്യുന്ന യാത്രക്കാരനും റെയില്‍വേ ജീവനക്കാരനും രണ്ട്‌ ശിക്ഷകളാണ്‌ റെയില്‍വേ നിയമത്തിലുള്ളത്‌. കടുത്ത വിവേചനപരമായ ഈ നടപടിയ്ക്കെതിരെയും, ആതിരേ പൗരസമൂഹം പ്രക്ഷോഭവും നിയമ നടപടികളും ആരംഭിക്കേണ്ടതുണ്ട്‌.
യാത്രക്കാര്‍ക്കെതിരെ ചുമത്താവുന്ന ഇന്‍റ്റോക്സിക്കേഷന്‍ എന്ന അവസ്ഥയുടെ പേരിലാണ്‌ ട്രെയിനിലെന്നല്ല പ്ലാറ്റ്ഫോമില്‍പോലും കയറാന്‍പാടില്ല എന്ന്‌ റെയില്‍വേ ഇപ്പോള്‍ ദുശാഠ്യം പിടിക്കുന്നത്‌. മദ്യപിച്ച അവസ്ഥയുടെ അളവറിയാനാണ്‌ ബ്രത്‌ അനലൈസര്‍ പരിശോധന എന്ന്‌ ആഭാസം കേരളത്തില്‍ മദ്യപാനം നിരോധിച്ചിട്ടില്ല. സര്‍ക്കാരിനാണ്‌ മദ്യവില്‍പനയുടെ കുത്തക. അത്തരം ഒരു സംസ്ഥാനത്ത്‌ ,റെയില്‍വേ ,ഇതുപോലെ പ്രാകൃതമായി നിയമം കര്‍ശനമാക്കുമ്പോള്‍ അത്‌ യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും ഒരുപോലെ ബാധകമായേത്തീരൂ. അതല്ല ഇവിടെ സംഭവിക്കുന്നത്‌. യാത്രക്കാരെ കൂടുതല്‍ കുറ്റവാളികളാക്കുന്നതാണല്ലോ റെയില്‍വേയുടെ നിയമംപോലും.
നോക്കൂ ആതിരേ,മദ്യപിച്ചിട്ടുണ്ടോയെന്ന്‌ സ്ത്രീകളില്‍ പരിശോധന നടത്തുന്നില്ല. കേരളത്തിലും മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. എന്നിട്ടും ട്രെയിന്‍യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളാരും മദ്യപിക്കില്ലയെന്ന മുന്‍വിധിക്ക്‌ റെയില്‍വേ ആശ്രയിക്കുന്ന യുക്തി എന്താണ്‌?. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളോട്‌ വിവേചനം കാണിക്കുന്നു എന്നാരോപിക്കുന്ന വനിതാ സംഘടനകള്‍ക്കും സ്ത്രീ സ്വാതന്ത്ര്യപ്രവര്‍ത്തകര്‍ക്കും ഇതേക്കുറിച്ച്‌ എന്തുപറയാനുണ്ട്‌? മദ്യപിച്ചിട്ടുണ്ടോ എന്ന ബ്രത്‌ അനലൈസര്‍ പരിശോധന റെയില്‍വേ പുരുഷന്മാരോട്‌ കാണിക്കുന്ന ലിംഗ വിവേചനമല്ലാതെ മേറ്റ്ന്താണ്‌?
കേരളത്തിലെ പ്ലാറ്റ്ഫോമുകളിലും കംപാര്‍ട്ടുമെന്റുകളിലും ബ്രത്‌ അനലൈസര്‍ ഉപയോഗിച്ചുള്ള ആഭാസപരിശോധന നടത്തുമ്പോഴാണ്‌ രാജസ്ഥാനില്‍ പാലസ്‌ ഓണ്‍വീല്‍ അഥവാ ചലിക്കുന്നകൊട്ടാരം എന്ന ട്രെയിനില്‍ റെയില്‍വേതന്നെ മദ്യം വിളമ്പുന്നത്‌. ആ ട്രെയിനില്‍ പണംകൊടുത്താല്‍, മദ്യപാനത്തിനെതിരെയുള്ള നിയമംപൊക്കിപ്പിടിക്കുന്ന, റെയില്‍വേ ജീവനക്കാര്‍ത്തന്നെ മദ്യംഒഴിച്ചുതരും. രാജ്യതലസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന മാഹാരാജാ എക്സ്പ്രസ്‌ എന്നപേരില്‍ നാലു ട്രെയിനുകള്‍ ഓടുന്നുണ്ട്‌. ഈ ട്രെയിനിലും യാത്രക്കാര്‍ക്ക്‌ മദ്യം വിളമ്പുന്നുണ്ട്‌. അപ്പോള്‍ ഉത്തരേന്ത്യയിലെ സമ്പന്നരായ യാത്രക്കാര്‍ക്ക്‌ ട്രെയിനില്‍ മദ്യം വിളമ്പുന്ന ഇന്ത്യന്‍ റെയില്‍വേ മദ്യപിച്ച്‌ ഒരാളെപ്പോലും യാത്രചെയ്യാനെന്നല്ല പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അനുവദിക്കുകയില്ല എന്ന്‌ ശഠിക്കുമ്പോള്‍ അതിനുപിന്നിലെ അശ്ലീലതാത്പര്യവും നീചമായ വൈരാഗ്യ ബുദ്ധിയും മദ്യംപോലെനുരയുന്നുണ്ട്‌. മൂന്ന്‌ ടി ടി ഇമാരുടെ താന്തോന്നിത്തത്തെ ചോദ്യം ചെയ്തത്‌ തന്നെയാണ്‌ ആതിരേ ഈ ആഭാസ നടപടിയ്ക്ക്‌ പ്രേരകം.
ഓര്‍ക്കണം സൗമ്യ കിരാതമായി കൊല്ലപ്പെട്ടപ്പോള്‍ മദ്യപിച്ച്‌ യാത്രചെയ്യുന്നതിന്റേയും ആക്രമണങ്ങള്‍ നടത്തുന്നതിന്റേയും ഉത്തരവാദിത്തം ഇന്ത്യന്‍ റെയില്‍വേയ്ക്കല്ല എന്ന്‌ വീമ്പിളക്കിയവരാണ്‌ ഇപ്പോള്‍ ബ്രത്‌ അനലൈസറുമായി പരക്കംപായുന്നത്‌. ഇവിടെ മറ്റൊരുകാര്യംകൂടി ശ്രദ്ധിക്കണം. ഒരു യാത്രക്കാരന്റെ വായില്‍തിരുകിയ മദ്യമാപിനി തുടയ്ക്കുകപോലും ചെയ്യാതെയാണ്‌ അടുത്ത യാത്രക്കാരന്റെ വായിലേയ്ക്ക്‌ തിരുകികയറ്റുന്നത്‌. ഇതുമൂലം മാരകമായ പലരോഗങ്ങളും പടരാനുള്ള സാദ്ധ്യത റെയില്‍വേ മനപൂര്‍വ്വം അവഗണിക്കുകയാണ്‌. മലയാളികളെ തേജോവധം ചെയ്യാനും മാരകരോഗത്തിന്‌ അടിമകളാക്കാനുമുള്ള ലിംഗവിവേചനം നിറഞ്ഞ ഈ ആഭാസ നടപടിയില്‍നിന്ന്‌ റെയില്‍വേ പിന്‍മാറിയേതീരൂ. സ്വന്തം ജീവനക്കാരെ ആദ്യം നിലയ്ക്കനിര്‍ത്തണം. എന്നിട്ടുമതി യാത്രക്കാരെ നിയന്ത്രിക്കാന്‍. അതു കൊണ്ട്‌ റെയില്‍വേയുടെ ഈ പ്രാകൃത നടപടിയ്ക്കെതിരെ, ആതിരേ പൗരസമൂഹം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയേതീരൂ.

Sunday, March 4, 2012

ജയഗീത,ഹേമലത,ബെന്‍സി പ്രതികരണത്തിന്റെ പെണ്‍കരുത്ത്‌


പൊതുസമൂഹത്തിന്റേയും വിദ്യാസമ്പന്നരായ കേരളത്തിലെ പുരുഷവര്‍ഗ്ഗത്തിന്റേയും സമീപനം ഒരിക്കലും സ്ത്രീപക്ഷപരമോ സ്ത്രീ സൗഹാര്‍ദ്ദപരമോ അല്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നുണ്ട്‌, പൊതുസ്ഥലത്ത്‌ അവഹേളിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ സഹായിക്കേണ്ടതിന്‌ പകരം വികലമായ വിലയിരുത്തലുകളും വക്രീകരിച്ച മുന്‍വിധികളും കൊണ്ട്‌ അവരെ തളര്‍ത്തുന്ന,തകര്‍ക്കുന്ന അനാശാസ്യ പ്രവണതയാണ്‌ പൊതുവെയുള്ളത്‌. തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്ന പുരുഷനെതിരെ പ്രതികരിക്കുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ യുവതിയെ അതുമല്ലെങ്കില്‍ വീട്ടമ്മയെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനുള്ള അശ്ലീലത്വരയാണ്‌ കേരളീയപുരുഷസമൂഹത്തിനുള്ളത്‌.


ആതിരേ,സമീപിക്കുന്ന എല്ലാ പൂവന്മാര്‍ക്കും വഴങ്ങിക്കൊടുക്കുന്ന പിടക്കോഴികളല്ല കേരളത്തിലെ സൃതീകളെന്ന്‌ ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കാന്‍ തയ്യാറായ ജയഗീതയേയും ഹേമലതയേയും ബെന്‍സിയേയും ആത്മാര്‍ത്ഥമായി അഭിനന്ദിച്ചുകൊണ്ട്‌ , അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്പറഞ്ഞു തുടങ്ങാം.
പുരുഷന്‍ എന്ത്‌ ചെയ്താലും സഹിച്ച്‌ ക്ഷമിച്ച്‌ ഭൂമിയോളം താഴ്‌ന്ന്‌ ജീവിക്കേണ്ടവളാണ്‌ സ്ത്രീയെന്നുള്ള മലയാളിയുടെ അറുപഴഞ്ചന്‍ ചിന്താഗതിയ്ക്ക്‌ നേരേയാണ്‌ ഇവര്‍ മൂവരും പ്രതികരണത്തിന്റെ, പ്രതിരോധത്തിന്റെ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അഗ്നിശലാകകളായിട്ടുള്ളത്‌.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ തങ്ങളുടെ സ്വകാര്യതയിലേയ്ക്കും ശരീരത്തിലേയ്ക്കും കടന്നുകയറാന്‍ ശ്രമിച്ച വിടന്മാരായ ടിടിഇ മാരെ നിയമത്തിന്റേയും പൊതുസമൂഹത്തിന്റെയും മുമ്പാകെ കൊണ്ടുവരാന്‍ ചങ്കൂറ്റവും ഇച്ഛാശക്തിയും നട്ടെല്ലുറപ്പും പ്രദര്‍ശിപ്പിച്ചവരാണ്‌ ജയഗീതയും ഹേമലതയുമെങ്കില്‍, ട്രെയിനില്‍ മാത്രമല്ല ഏത്‌ പൊതുസ്ഥലത്തും മോശമായ പെരുമാറ്റമുണ്ടായാല്‍ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കും എന്നുള്ളതിന്റെ ധൈര്യമാണ്‌ ബെന്‍സി. പാന്റ്സും ഷര്‍ട്ടും ധരിച്ച്‌ യാത്ര ചെയ്തതിന്റെ പേരില്‍ സഹയാത്രികനും അപരിചിതനുമായ പുരുഷന്റെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നെങ്കിലും പരാതിയുമായി മുന്നോട്ട്‌ വന്ന്‌ ആ വിടന്റെ കൈയ്യില്‍ വിലങ്ങ്‌ വീഴ്ത്തിയ സ്ത്രൈണ ധീരതയാണ്‌, ആതിരേ, ബെന്‍സി.
ആതിരേ,സാക്ഷരരെന്നും പ്രബുദ്ധരെന്നും മേനിനടിക്കുന്ന കേരളീയ സമൂഹത്തില്‍ പിറന്നു വീഴുന്ന ഓരോ പെണ്‍കുഞ്ഞിനും മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരും നല്‍കുന്ന പാഠം "നീയൊരു പെണ്ണാണ്‌ പുരുഷന്റെ അതിക്രമങ്ങളെല്ലാം ചോദ്യം ചെയ്യാതെ സഹിക്കേണ്ടവളാണ്‌ " എന്ന അശ്ലീലതയാണ്‌. അഭിമാനത്തിന്‌ നേരേ വിരലുയര്‍ന്നാലും മാന്യതയ്ക്ക്‌ കളങ്കമേല്‍പിക്കുന്ന കടന്നുകയറ്റങ്ങളുണ്ടായാലും സ്വന്തം ശരീരത്തില്‍ അനുവാദമില്ലാതെ അന്യപുരുഷന്‍ സ്പര്‍ശിക്കുമ്പോഴും സഹിച്ച്‌ ക്ഷമിച്ച്‌ പ്രതികരിക്കാതെ പ്രതിമയായി ഇരിക്കണമെന്ന ചിന്താഗതിയ്ക്ക്‌ ഇനി തങ്ങള്‍ അടിമകളല്ലെന്നും സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും എതിരെ ഉയരുന്ന ഏതൊരു നീക്കത്തേയും ചെറുത്തു നില്‍ക്കുമെന്നും പ്രഖ്യാപിക്കുകയാണ്‌ ജയഗീതയും ഹേമലതയും ബെന്‍സിയും. ഗോവിന്ദച്ചാമിമാരുടേയും രമേശ്കുമാര്‍മാരുടേയും പ്രവീണ്‍-ജാഫര്‍മാരുടേയും കാമം കലര്‍ന്ന നീക്കങ്ങള്‍ക്ക്‌ ഗത്യന്തരമില്ലാതെ വശംവദരാകേണ്ടിവന്ന ട്രെയിനിലെ സ്ത്രീയാത്രക്കാര്‍ക്കും പൊതു സ്ഥലത്ത്‌ വാക്കുകൊണ്ടും നോട്ടംകൊണ്ടും സ്പര്‍ശംകൊണ്ടും അപമാനിക്കപ്പെടുന്ന സ്ത്രീത്വങ്ങള്‍ക്കും വേണ്ടി ഉയര്‍ന്ന പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും ഉണര്‍ത്തുപാട്ടുകളാണ്‌ ഇവര്‍ മൂന്ന്‌ പേരും.
പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും സ്ത്രീകളോട്‌ എങ്ങനെ പെരുമാറണം എന്നതിന്‌ നിയമവും ചട്ടങ്ങളും നിര്‍മിച്ച ഒരു രാജ്യമാണ്‌ ഇന്ത്യ. പതിവുപോലെ പാലിക്കപ്പെടാനുള്ളതല്ല ലംഘിക്കപ്പെടാനുള്ളതാണ്‌ നിയമം എന്ന ധാര്‍ഷ്ട്യത്തില്‍ സൃതീത്വത്തെ അപമാനിക്കുന്ന വിടന്മാരായ പുരുഷന്മാരോട്‌ എതിരിട്ടുനിന്നാല്‍ തോല്‍ക്കുകയല്ല ജയിക്കുകയാണ്‌ പരിണതിയെന്ന്‌ കേരളത്തിലെ സ്ത്രീ സമൂഹത്തെ, തങ്ങളുടെ ചങ്കൂറ്റത്തിലൂടെ പഠിപ്പിച്ചവരാണ്‌ ജയഗീതയും ഹേമലതയും ബെന്‍സിയും. ആതിരേ,ഇനി തെരഞ്ഞെടുപ്പ്‌ നടത്തേണ്ടത്‌ കേരളത്തിലെ സ്ത്രീസമൂഹമാണ്‌. സൗമ്യമാരാകണോ അതോ ഇവര്‍ കാട്ടിത്തന്ന പാത പിന്‍തുടര്‍ന്ന്‌ സ്ത്രീത്വത്തിന്റെ മഹത്വവും കരുത്തും പ്രദര്‍ശിപ്പിച്ച്‌ സ്വാതന്ത്ര്യവും ചാരിത്ര്യവും സംരക്ഷിക്കേണമോ.? പരിശ്രമിക്കാത്ത ഒരു വ്യക്തിയേയും ഈശ്വരന്‍ പോലും സഹായിക്കുകയില്ല എന്ന ചൊല്ല്‌ മറാക്കാതിരിക്കുക.
തന്റെ മാന്യതയ്ക്കും സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും എതിരായി ഉയരുന്ന കാമമോഹിതങ്ങളോട്‌ പ്രതികരിക്കാതെ ഒഴിവാകുക എന്നത്‌ ശരാരി മലയാളി സ്ത്രീയുടെ മനസാണ്‌. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും പരാതിപ്പെടാന്‍പോലും തയ്യാറാകാത്ത നാണംകെട്ട കീഴടങ്ങല്‍." താണനിലത്തേ നീരോടൂ " എന്ന ചൊല്ല്‌ എല്ലാ സ്ത്രീകളും ഓര്‍ത്തിരിക്കേണ്ടതാണ്‌. പ്രതികരിക്കാതിരിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത്‌ ഭാവത്തിലെങ്കിലും ഇഷ്ടക്കേട്‌ പ്രകടിപ്പിക്കാതിരിക്കുമ്പോള്‍ അത്‌ തനിക്കുള്ള അനിയന്ത്രിതമായ അനുവാദമാണെന്ന്‌ കണക്കുകൂട്ടുന്ന വൃത്തികെട്ട കാമസംഭരണികളാണ്‌ കേരളത്തിലെ ഭൂരിപക്ഷം പുരുഷന്മാരും. അതുകൊണ്ട്‌ അവനവന്റെ ശരീരത്തേയും ആത്മാഭിമാനത്തേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും പ്രാഥമികമായി സ്ത്രീകള്‍ക്ക്‌ തന്നെയാണ്‌.
ഇത്‌ പറയുമ്പോള്‍ പൊതുസമൂഹത്തിന്റേയും വിദ്യാസമ്പന്നരായ കേരളത്തിലെ പുരുഷവര്‍ഗ്ഗത്തിന്റേയും സമീപനം ഒരിക്കലും സ്ത്രീപക്ഷപരമോ സ്ത്രീ സൗഹാര്‍ദ്ദപരമോ അല്ലെന്ന യാഥാര്‍ത്ഥ്യം ,ആതിരേ, ഞാന്‍ തിരിച്ചറിയുന്നുണ്ട്‌ . പൊതുസ്ഥലത്ത്‌ അവഹേളിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ സഹായിക്കേണ്ടതിന്‌ പകരം വികലമായ വിലയിരുത്തലുകളും വക്രീകരിച്ച മുന്‍വിധികളും കൊണ്ട്‌ അവരെ തളര്‍ത്തുന്ന,തകര്‍ക്കുന്ന അനാശാസ്യ പ്രവണതയാണ്‌ പൊതുവെയുള്ളത്‌. തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്ന പുരുഷനെതിരെ പ്രതികരിക്കുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ യുവതിയെ അതുമല്ലെങ്കില്‍ വീട്ടമ്മയെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനുള്ള അശ്ലീലത്വരയാണ്‌ കേരളീയപുരുഷസമൂഹത്തിനുള്ളത്‌.
ആതിരേ,ഇവിടെ പി.ഇ. ഉഷയുടെ ദാരൂണാനുഭവം ഓര്‍ക്കുന്നത്‌ നന്ന്‌. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന ഉഷയെ ബസ്‌ യാത്രയ്ക്കിടയില്‍ ഒരു ചെറുപ്പക്കാരന്‍ ശല്യപ്പെടുത്തുകയും അതിന്റെ പാരമ്യതയില്‍ തന്റെ ബീജം അവരുടെ വസ്ത്രത്തില്‍ തെറുപ്പിക്കുകയും ചെയ്ത അതിനീചമായ പ്രവൃത്തിയ്ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകേണ്ട ഗതികേട്‌ ഉഷയ്ക്കുണ്ടായി. ഉഷ കൂടി അംഗമായ സര്‍വ്വീസ്‌ സംഘടന യൂണിവേഴ്സിറ്റിയിലെതന്നെ ജീവനക്കാരനായ അതിക്രമിയെ സംരക്ഷിക്കാനാണ്‌ തങ്ങളുടെ സംഘബലം ഉപയോഗപ്പെടുത്തിയത്‌. സഹപ്രവര്‍ത്തകരും തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ നിയമ നടപടികളുമായി മുന്നോട്ട്പോയ ഉഷയെ ഡിവോഴ്സ്‌ ചെയ്തുകൊണ്ടാണ്‌, ആതിരേ ഭര്‍ത്താവ്‌ പീഡിപ്പിച്ചത്‌. ഭര്‍ത്താവിന്റേയും കുടുംബത്തിന്റെയും മാന്യതയും നിലയും വിലയും ഉഷ നശിപ്പിച്ചു എന്നതായിരുന്നു അയാളുടേയും വീട്ടുകാരുടേയും ആരോപണം. പൊതുസ്ഥലത്ത്‌ ഒരു കാമാന്ധന്റെ അതിക്രമത്തിന്‌ വിധേയയായ ഉഷയെ സംരക്ഷിക്കാനല്ല ഒറ്റിക്കൊടുക്കാനും ഒറ്റപ്പെടുത്താനുമായിരുന്നു ഭര്‍ത്താവും ബന്ധുക്കളും സഹപ്രവര്‍ത്തകരും ശ്രമിച്ചത്‌.
ആ നീചനിലപാടുകളില്‍ നിന്ന്‌ സമൂഹമിന്ന്‌ ഏറെ മുന്നോട്ട്പോയിട്ടുണ്ട്‌. എങ്കില്‍പ്പോലും സ്വതന്ത്രയാകാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശവും അവസരവും സ്ത്രീകള്‍ക്ക്‌ നല്‍കാനുള്ള വിശാലമനസ്ക്കത കേരളത്തിലെ പുരുഷസമൂഹം ഇനിയും കൈവരിച്ചിട്ടില്ല. അതുകൊണ്ടാണ്‌ പലപ്പോഴും പിടക്കോഴികളെപ്പോലെ പതുങ്ങാന്‍ കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകള്‍പോലും നിര്‍ബന്ധിതരാകുന്നത്‌. എന്നാല്‍ ആ നാളുകള്‍ അവസാനിക്കുകയാണെന്നും കേരളത്തിലെ സ്ത്രീസമൂഹം പ്രതികരണത്തിന്റേയും പ്രതിരോധത്തിന്റേയും പ്രതിഷേധത്തിന്റേയും കനലുകളാവുകയാണെന്നും തെളിയിക്കുകയാണ്‌, ആതിരേ, ജയഗീതയും ഹേമലതയും ബെന്‍സിയും.

Friday, March 2, 2012

സ്ത്രീകള്‍ ട്രെയിന്‍ യാത്ര നിര്‍ത്തണമെന്നാണോ..?


ജയഗീതയെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട്‌ ടിടിഇമാരെ, പൊതുസമൂഹത്തിന്റെ പ്രതിഷേധം ശക്തമായപ്പോള്‍ സസ്പെന്‍ഡ്‌ ചെയ്ത റെയില്‍വേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരെ തിരിച്ചെടുത്തുകൊണ്ട്‌ ജയഗീതയെപ്പോലെ വഴങ്ങാതെ അഭിമാനം കാക്കുന്ന സ്ത്രീകള്‍ വിഡ്ഢികളാണെന്നും റെയില്‍വേയുടെ പുരുഷ ടിടിഇമാര്‍ സ്ത്രീവേട്ട തുടരുമെന്നുമുള്ള സന്ദേശമാണ്‌ നല്‍കിയിട്ടുള്ളത്‌. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‌ ഉത്തരവാദിത്തമില്ലെന്നും അത്‌ നടപ്പിലാക്കേണ്ടത്‌ അതാത്‌ സംസ്ഥാന പോലീസാണെന്നും റെയില്‍വേ പറയുമ്പോള്‍ ഒരു ഒത്തുകളിയുടെ ദുര്‍ഗന്ധമാണ്‌ ഉയരുന്നത്‌. ദൂഷിത വൃത്തമാണ്‌ പൂര്‍ത്തിയാകുന്നത്‌.



സൗമ്യയുടെ ദുരന്തം റെയില്‍വേ അധികൃതരെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്നാണ്‌, ആതിരേ, നിരന്തരം ട്രെയിനില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പീഡനവും പീഡന ശ്രമങ്ങളും വ്യക്തമാക്കുന്നത്‌.
സൗമ്യ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുയര്‍ന്ന ജനകീയ പ്രതിഷേധത്തെ തണുപ്പിക്കാനാവണം ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം റെയില്‍വേ അധികൃതരില്‍ നിന്നുണ്ടായത്‌. അന്ന്‌ ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന്‌ മധ്യഭാഗത്തേക്ക്‌ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ്‌ മാറ്റുമെന്നും ഉറപ്പു നല്‍കിയതാണ്‌. എന്നാല്‍, റെയില്‍വേയുടെ ഉറപ്പും പഴയ ചാക്കും ഒരുപോലെയാണെന്ന്‌ സൗമ്യ ദുരന്തം കഴിഞ്ഞ്‌ ഒരുവര്‍ഷത്തിനുള്ളില്‍ കേരളത്തിന്‌ മനസ്സിലായി.
മഹാരാഷ്ട്രക്കാരനായ അക്രമിയുടെ കൊലവെറിക്ക്‌ അന്ന്‌ ഇരയായത്‌ കോട്ടയം ഷട്ടിലില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനികളായിരുന്നു. അന്നും പൊതുസമൂഹം പ്രതിഷേധിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ സമാന സ്വഭാവത്തിലുള്ള സംഭവം അരങ്ങേറി. ട്രെയിനില്‍ വില്‍പ്പന നടത്തി ഉപജീവനം കഴിച്ചിരുന്ന മലയാളികളെ നിരോധിച്ച്‌ ഭിക്ഷക്കാര്‍ക്കും ഭിക്ഷക്കാരുടെ വേഷത്തിലെത്തുന്ന പിടിച്ചു പറിക്കാര്‍ക്കും കാമവെറിയന്മാര്‍ക്കും മാഫിയ ഏജന്റുമാര്‍ക്കും യഥേഷ്ടം വിലസാനുള്ള സൗകര്യമാണ്‌ റെയില്‍വെ ഒരുക്കിയിട്ടുള്ളത്‌. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം ചവറ്റു കൊട്ടയില്‍ തള്ളി കേരളത്തിന്റെ ആശങ്കകള്‍ക്ക്‌ നേരെയാണ്‌ റെയില്‍വേ കാര്‍ക്കിച്ചു തുപ്പുന്നത്‌.
വകുപ്പ്‌ അധികൃതരുടെ ഈ പ്രതിലോമ നിലപാടിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നതാണ്‌, ആതിരേ, ഒറ്റയ്ക്ക്‌ യാത്ര ചെയ്യുന്ന സ്ത്രീകളോടുള്ള ടിടിഇമാരുടെ സമീപനവും മാനഭംഗശ്രമങ്ങളും. തിരുവനന്തപുരത്തുനിന്ന്‌ കൊല്ലത്തേക്ക്‌ യാത്ര ചെയ്ത യുവകവി ജയഗീതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌ മലയാളികളായ രണ്ട്‌ ടിടിഇമാരായിരുന്നു. സ്ഥിരം യാത്രക്കാരിയായ ജയഗീതയെ വളയ്ക്കാനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടപ്പോള്‍ അവരെ ചിത്രവധം ചെയ്ത്‌ നശിപ്പിക്കാനാണ്‌ ടിടിഇമാരും അവരുടെ അസോസിയേഷനും റെയില്‍വേ പോലീസും ശ്രമിച്ചത്‌. ട്രെയിനിലെ ഒന്നാം ക്ലാസ്‌ കേന്ദ്രീകരിച്ച്‌ മദ്യപാനവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന്‌ ജയഗീത വെളിപ്പെടുത്തിയത്‌ എത്രപേര്‍ ഗൗരവത്തിലെടുത്തു എന്ന്‌ ഞങ്ങള്‍ക്കറിയില്ല. ഒറ്റയ്ക്കിരിക്കുന്ന യാത്രക്കാരികളെ പ്രലോഭിപ്പിച്ച്‌ പീഡനത്തിന്‌ വിധേയമാക്കാന്‍ ടിടിഇമാര്‍ തയ്യാറാകുന്നുണ്ടെങ്കില്‍ അത്തരത്തില്‍ വഴങ്ങിക്കൊടുക്കുന്ന ഒരു വിഭാഗം സ്ത്രീയാത്രക്കാര്‍ കേരളത്തില്‍ ഓടുന്ന ട്രെയിനുകളിലുണ്ട്‌ എന്നതാണ്‌ മറുപുറം. സ്ത്രീ സമൂഹത്തിന്‌ നാണക്കേടും അഭിമാനക്ഷതങ്ങളുമായ ഇത്തരം സ്ത്രീകളെ അടിസ്ഥാനപ്പെടുത്തി ടിടിഇമാര്‍ മറ്റുള്ളവരെയും വിലയിരുത്തുകയും സമീപിക്കുകയും ചെയ്യുമ്പോള്‍ എതിര്‍ക്കാതെ വഴങ്ങുന്നതായ സംഭവങ്ങളും എതിര്‍ത്തിട്ടും കീഴടക്കപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോകുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. മാന്യതയുടെയും നാണക്കേടിന്റെയും പേരില്‍ ഇത്തരം അധികൃമങ്ങളെ മൂടിവയ്ക്കാനാണ്‌ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും താത്പര്യം. ഈ പിടക്കോഴി നയമാണ്‌ വീണ്ടും വീണ്ടും സ്ത്രീകളെ മുതലെടുക്കാന്‍ ടിടിഇമാര്‍ക്ക്‌ സാഹചര്യം ഒരുക്കുന്നത്‌.
അതുകൊണ്ടാണ്‌ കഴിഞ്ഞ ശനിയാഴ്ച ഗോവയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര ചെയ്ത പാസ്പോര്‍ട്ട്‌ ഓഫീസിലെ ജീവനക്കാരി ഹേമലതയെ വളയ്ക്കാന്‍ ടിടിഇ ഡല്‍ഹി സ്വദേശി രമേശ്കുമാര്‍ ശ്രമിച്ചത്‌.
വഴങ്ങാനും വളയാനുമുള്ളതല്ല സ്ത്രീ ശരീരവും നട്ടെല്ലും എന്ന്‌ വ്യക്തമാക്കി ഹേമലത നിയമനടപടികള്‍ക്ക്‌ തയ്യാറായപ്പോള്‍ ട്രെയിനില്‍ നിന്ന്‌ തന്നെ രമേശ്‌ കുമാറിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‌ അറസ്റ്റ്‌ ചെയ്യേണ്ടി വന്നു. ഈ സംഭവത്തോടെ വീണ്ടും ട്രെയിനിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷ പ്രശ്നം ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. കാലാകാലങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ഇത്തരം ആരോപണങ്ങളിലെ വില്ലന്മാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ വകുപ്പ്‌ തയ്യാറാകാത്തത്‌ കൊണ്ടാണ്‌, ആതിരേ ടിടിഇമാര്‍ ഇങ്ങനെ അഴിഞ്ഞാടുന്നത്‌.
ജയഗീതയെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട്‌ ടിടിഇമാരെ, പൊതുസമൂഹത്തിന്റെ പ്രതിഷേധം ശക്തമായപ്പോള്‍ സസ്പെന്‍ഡ്‌ ചെയ്ത റെയില്‍വേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരെ തിരിച്ചെടുത്തുകൊണ്ട്‌ ജയഗീതയെപ്പോലെ വഴങ്ങാതെ അഭിമാനം കാക്കുന്ന സ്ത്രീകള്‍ വിഡ്ഢികളാണെന്നും റെയില്‍വേയുടെ പുരുഷ ടിടിഇമാര്‍ സ്ത്രീവേട്ട തുടരുമെന്നുമുള്ള സന്ദേശമാണ്‌ നല്‍കിയിട്ടുള്ളത്‌. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‌ ഉത്തരവാദിത്തമില്ലെന്നും അത്‌ നടപ്പിലാക്കേണ്ടത്‌ അതാത്‌ സംസ്ഥാന പോലീസാണെന്നും റെയില്‍വേ പറയുമ്പോള്‍ ഒരു ഒത്തുകളിയുടെ ദുര്‍ഗന്ധമാണ്‌ ഉയരുന്നത്‌. ദൂഷിത വൃത്തമാണ്‌ പൂര്‍ത്തിയാകുന്നത്‌.
ഹേമലത സംഭവം കഴിഞ്ഞതോടെ ഡിജിപി അടക്കമുള്ളവരാണ്‌ ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വചോടാപങ്ങളുമായി രംഗത്തെത്തിയത്‌. ഇന്ത്യന്‍ റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടു മൂലമാണ്‌ കേരള പോലീസിന്‌ ട്രെയിന്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത്‌ എന്നാണ്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ വിലപിക്കുന്നത്‌. കേരളത്തില്‍ ഓടുന്ന ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേരള പോലീസ്‌ തയ്യാറാണെന്നും എന്നാല്‍, പോലീസുകാര്‍ക്ക്‌ പൊതുയാത്ര പാസ്‌ നല്‍കാന്‍ റെയില്‍വേ തയ്യാറല്ലെന്നുമാണ്‌ ജേക്കബ്‌ പുന്നൂസ്‌ വെളിപ്പെടുത്തിയത്‌. റെയില്‍വേ സുരക്ഷാ സേനയിലെ 980 പേരും കേരള പോലീസില്‍ നിന്ന്‌ ഡപ്യൂട്ടേഷന്‍ ജോലി ചെയ്യുന്ന 450 പേരുമാണ്‌ ഇപ്പോള്‍ കേരളത്തില്‍ ഓടുന്ന ട്രെയിനിലെ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത്‌. കൂടുതല്‍ പോലീസിനെ നിയോഗിക്കാന്‍ പോലീസ്‌ വകുപ്പും സംസ്ഥാന സര്‍ക്കാരും തയ്യാറാകുമ്പോഴും അവര്‍ക്ക്‌ ജോലി ചെയ്യാനുള്ള അവസരമൊരുക്കാതെ പീഡകരായ യാത്രക്കാര്‍ക്കും ടിടിഇമാര്‍ക്കും സൗകര്യം ഒരുക്കുകാനാണ്‌ റെയില്‍വേ റെയില്‍വേയുടെ ശുഷ്ക്കാന്തി.ഇതിലൂടെ കേരളത്തില്‍ ട്രെയിന്‍ യാത്ര നടത്തുന്ന സ്ത്രീകളുടെ മാന്യതയാണ്‌ ഡിപ്പാര്‍ട്ട്മന്റ്‌ വലിച്ചു കീറുന്നത്‌.
. പൊള്ളിക്കുന്ന ഈ വാസ്തവം മനസ്സിലാക്കി സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നോ ഇതുവരെ ക്രിയാത്മകമായ നീക്കം ഉണ്ടായിട്ടില്ല എന്ന്‌ പറഞ്ഞേ തീരൂ. അതുകൊണ്ടാണ്‌ ടിടിഇമാര്‍ ഇങ്ങനെ അഴിഞ്ഞാടുന്നത്‌. ഗോവിന്ദച്ചാമിമാര്‍ മാത്രമല്ല രമേശ്‌ കുമാര്‍മാരും ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സ്വസ്ഥത കെടുത്തുന്നുണ്ടെന്നും അവരെ ചൂഷണം ചെയ്യുന്നുണ്ടെന്നും വ്യക്തമായിട്ടും കാഴ്ചക്കാരായി നില്‍ക്കുകയാണ്‌, ആതിരേ സംസ്ഥാന സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ റെയില്‍വേ പുലര്‍ത്തുന്ന അനാസ്ഥയ്ക്കെതിരെ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്ട്‌ നിവേദനം നല്‍കി ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഉത്തരവ്‌ സമ്പാദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന്‌ വൈകുന്നേരം ഒരു മിനിട്ടിലും ടിടിഇ പീഡനത്തിന്റെ പുതിയ കഥകളാണ്‌ പുറത്തു വരാന്‍ പോകുന്നത്‌.
പരാക്രമങ്ങള്‍ സ്ത്രീകളോടല്ല വേണ്ടൂ എന്ന്‌ പറയാനും പ്രതികളെ അറസ്റ്റ്‌ ചെയ്യാനുമുള്ള തന്റേടവും ഇച്ഛാശക്തിയും റെയില്‍വേ പ്രദര്‍ശിപ്പിക്കാത്തകാലത്തോളം കേരളത്തിലെ സ്ത്രീകള്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുന്നതാണ്‌ അവരുടെ സുരക്ഷയ്ക്ക്‌ ഗുണകരം എന്നാണോ വായിച്ചെടുക്കേണ്ടത്‌,ആതിരേ?!