Thursday, November 12, 2009

സോണിയയും മമതയും മായാവതിയും ചിരിക്കുമ്പോള്‍

രാജ്യത്താകെ 31 നിയമസഭാ സീറ്റിലേക്കും ഒരു ലോകസഭാ സീറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പ്‌ ഫലം പുറത്ത്‌ വന്നപ്പോള്‍ ആതിരേ, ഇന്ത്യ കേട്ടത്‌ മൂന്ന്‌ വനിതകളുടെ ചിരിയാണ്‌ - കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മായാവതിയുമാണ്‌ ഇന്ത്യയിലെ രാഷ്ട്രീയ പുരുഷ ശിങ്കങ്ങളെ നാണം കെടുത്തുന്ന ചിരി ചിരിച്ചത്‌.
ഈ മൂന്ന്‌ വനിതാ നേതാക്കളും നേതൃത്വം നല്‍കുന്ന പാര്‍ട്ടികളെ വോട്ടര്‍മാര്‍ തോളിലേറ്റിയപ്പോള്‍ ഇവരുടെ നയങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും തങ്ങളില്ലെങ്കില്‍ ഇന്ത്യയില്‍ രാഷ്ട്രീയമില്ലെന്ന്‌ സ്വയം വിശ്വസിക്കുകയും ചെയ്യുന്ന പുരുഷ നേതാക്കന്മാരെയും അവരുടെ നയങ്ങളെയും ജനം പുച്ഛിച്ചു തള്ളി എന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌.
ഉപ തെരഞ്ഞെടുപ്പ്‌ നടന്ന 31 നിയമസഭാ മണ്ഡലങ്ങളില്‍ 10ഉം ഏക ലോകസഭാ സീറ്റിലും വിജയിക്കുക വഴി കരുത്തില്‍ നിന്ന്‌ കരുത്തിലേക്ക്‌ കുതിക്കുകയാണ്‌ കോണ്‍ഗ്രസ്‌. സഖ്യകക്ഷിയായ തൃണമൂലിന്‌ പശ്ചിമ ബംഗാളില്‍ ലഭിച്ച അഭൂതപൂര്‍വമായ വിജയം കോണ്‍ഗ്രസിന്‌ പുതിയ ലക്ഷ്യങ്ങളും വച്ചുനീട്ടുന്നുണ്ട്‌. ഏഴ്‌ സീറ്റാണ്‌ മമതാ ബാനര്‍ജിയുടെ പാര്‍ട്ടി ബുദ്ധദേവിന്റെ മാര്‍ക്സിസ്റ്റ്‌ കോട്ടയില്‍ നിന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കവര്‍ന്നെടുത്തത്‌.
കേരളത്തില്‍ മൂന്നില്‍ മൂന്നും അസമിലെ രണ്ടില്‍ രണ്ടും ചത്തീസ്ഖഡിലെ ഏകസീറ്റും തൂത്ത്‌ വാരാനായത്‌ കോണ്‍ഗ്രസിന്റെ അപൂര്‍വനേട്ടം തന്നെയാണ്‌. ഉത്തര്‍പ്രദേശില്‍ മുലായം സിംഗിന്റെ കുടുംബ സ്വത്ത്‌ പോലെ കരുതിയിരുന്ന ഉറച്ച സിറ്റിംഗ്‌ സീറ്റ്‌, ഫിറോസാബാദ്‌ പിടിച്ചടക്കിയതിന്‌ പുറമെ ബിജെപി ശക്തി കേന്ദ്രമായിരുന്ന ലക്നൗ വെസ്റ്റ്‌ നിയസമഭ മണ്ഡലത്തില്‍ കൂടി വിജയിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ അതിന്റെ കരുത്തുകാട്ടി. യുപിയില്‍ ശേഷിച്ച എട്ട്‌ സീറ്റില്‍ കൊടിപാറിച്ചുകൊണ്ട്‌ മായാവതിയും തന്റെ സ്ഥാനം സുരക്ഷിതമാക്കി. ഇവിടെ തോറ്റ്‌ തുന്നം പാടിയത്‌ മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ്‌. സ്വതന്ത്രന്മാര്‍ക്ക്‌ പോലും രണ്ടുസീറ്റ്‌ നേടാനായിടത്താണ്‌ ഫിറോസാബാദില്‍ പോലും വിജയിക്കാനാകാതെ മുലായം സിംഗ്‌ വിയര്‍ത്തത്‌. മുലായം സിംഗിന്റെ മരുമകള്‍ ഡിംബിളിനെ 85343 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ കോണ്‍ഗ്രസിലെ രാജ്ബാബ്ബര്‍ തറ പറ്റിച്ചത്‌.
മുലയാം സിംഗിനേക്കാള്‍, ആതിരേ പ്രഹരമേറ്റത്‌ കാരാട്ടിനും ബുദ്ധദേവിനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുമാണ്‌. രാജ്യമാകെ ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പാണ്‌ ബംഗാളിലെ പത്ത്‌ സീറ്റില്‍ നടന്നത്‌. ഇതില്‍ എട്ടെണ്ണവും കരസ്ഥമാക്കി കോണ്‍ഗ്രസ്‌ - തൃണമൂല്‍ കോണ്‍ഗ്രസ്‌ സഖ്യം പശ്ചിമബംഗാളില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ വന്‍ വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ആറിടത്തും സിപിഎം തോറ്റ്‌ തുന്നംപാടി എന്നതാണ്‌ ഏറ്റവും ദയനീയമായ വാസ്തവം. മാത്രമല്ല 1977 മുതല്‍ സിപിഎം നേതാവ്‌ സുഭാഷ്‌ ചക്രവര്‍ത്തി ജയിച്ച കൊല്‍ക്കത്തയിലെ ബല്‍ഗാച്ചിയ ഈസ്റ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ റോമല 13,000 വോട്ടുകളുടെ വ്യത്യാസത്തിലാണ്‌ തോറ്റമ്പിയത്‌.
കേരളത്തിലെന്നപോലെ പശ്ചിമബംഗാളിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അടിത്തറ ഇളകി എന്നാണ്‌ ഈ റിസല്‍റ്റുകള്‍ വ്യക്തമാക്കുന്നത്‌. ഈ രണ്ട്‌ സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ്സ്‌ റിഹേഴ്സലായി ഈ ഉപതെരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കാന്‍ കഴിയും. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക്‌ പിന്നാലെയാണ്‌ മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഭരണത്തിലിരിക്കുന്ന കേരളത്തിലും പശ്ചിമബംഗാളിലും പാര്‍ട്ടിക്ക്‌ ഈ പ്രഹരമേറ്റത്‌.. ഇത്‌ രണ്ട്‌ സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ആതിരേ, ഗ്രൂപ്പിസവും നയവ്യതിയാനവും മൂലം ജനങ്ങളില്‍ നിന്നും പാര്‍ട്ടി അണികളില്‍ നിന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം അകന്നുകൊണ്ടിരിക്കുകയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ മുതലുള്ള വോട്ടെടുപ്പുകള്‍. വരട്ടുതത്വവാദവുമായി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പാര്‍ട്ടിയില്‍ പിടി മുറുക്കിയതിന്റെ അനിവാര്യമായ തിരിച്ചടിയാണ്‌ ഈ രണ്ട്‌ സംസ്ഥാനങ്ങളിലും പാര്‍ട്ടി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രകാശ്‌ കാരാട്ട്‌ എന്ന ദേശീയ നേതാവിന്റെ ഇമേജ്‌ ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുംതോറും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയിലെ സമ്പന്ന വിഭാഗത്തെയും ആഢംബര പ്രിയരേയും അനുകൂലിച്ച്‌ പാര്‍ട്ടിക്കുവേണ്ടി എല്ലാം ത്യജിച്ച സഖാക്കളെയും അണികളെയും തള്ളിപ്പറഞ്ഞ്‌ വര്‍ഗ വഞ്ചനയുടെയും ജനവഞ്ചനയുടെയും മാനിഫെസ്റ്റോ രചിക്കുന്ന കാരാട്ടടക്കമുള്ള ദേശീയ നേതൃത്വത്തിനും കേരളത്തിലേയും ബംഗാളിലേയും സംസ്ഥാന നേതൃത്വങ്ങള്‍ക്കുമുള്ള ചുട്ട മറുപടിയാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍. പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകള്‍ പോലും ലഭിക്കാത്ത ദയനീയ അവസ്ഥയിലേക്കാണ്‌ ഇപ്പോഴത്തെ നേതൃത്വങ്ങള്‍ പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നത്‌. വ്യവസായവത്കരണമെന്ന ഒരു സംഞ്ജയുടെ മറവില്‍ മൂലധന ചൂഷകര്‍ക്കും മൂലധന സമാഹര്‍ത്താക്കള്‍ക്കും ചുവന്ന പരവതാനി വിരിച്ച്‌ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും അടിസ്ഥാന വര്‍ഗങ്ങളെയും അവരുടെ പണിയിടങ്ങളില്‍ നിന്നും കുടികിടപ്പ്‌ ഭൂമിയില്‍ന നിന്നും നിര്‍ദാക്ഷണ്യം ആട്ടിയിറക്കുന്ന വഞ്ചനക്കുള്ള ജനപക്ഷ മറുപടികളാണ്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്‌. നയവഞ്ചകരെ വെച്ചുപൊറുപ്പിക്കുകയില്ല എന്ന സമ്മതിദായകരുടെ ദൃഢപ്രതിജ്ഞകളാണ്‌ വോട്ടുകളായി മറുവിഭാഗത്തിന്‌ പിന്തുണയേകുന്നത്‌. ഇതാകട്ടെ കോണ്‍ഗ്രസിന്റെയോ തൃണമൂല്‍ കോണ്‍ഗ്രസിന്റേയോ ബിഎസ്പിയുടേയോ നയങ്ങള്‍ ജനഹിതമനുസരിച്ചുള്ളതായതുകൊണ്ടല്ല, മറിച്ച്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നവലിബറല്‍ നേതൃത്വം പുലര്‍ത്തുന്ന വര്‍ഗ വിരുദ്ധ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമുള്ള മൂര്‍ച്ചയേറിയ മറുപടികളാണ്‌.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ആതിരേ, ആണവ കരാര്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ ഇടതുപക്ഷവും പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനും അതിന്റെ ഉദാരവത്കരണ വികസന നയങ്ങള്‍ക്കുമെതിരെ ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍, തൊഴിലുറപ്പ്‌ പദ്ധതികള്‍ പോലുള്ള ജനകീയ പരിപാടികളിലൂടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികളുടെയും ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍ പ്രചാരണത്തിന്‌ തടയിടാന്‍ മന്‍മോഹനും സോണിയക്കും കഴിഞ്ഞു. വരാനിരിക്കുന്ന വന്‍ വിപത്തിന്റെ ആശങ്കയേക്കാള്‍ വിശപ്പുയര്‍ത്തുന്ന സമസ്യകള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നുതിലായിരുന്നു ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ താല്‍പ്പര്യം. ഈ ഹിതം മനസ്സിലാക്കി രാഷ്ട്രീയ നേട്ടത്തിനായാണെങ്കിലും ചില നടപടികള്‍ കോണ്‍ഗ്രസ്‌ നേതൃത്വം കൈക്കൊണ്ടപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ആ കൈപ്പത്തിയില്‍ തങ്ങളുടെ താങ്ങ്‌ കണ്ടെത്തിയെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുകയില്ല. അധര വ്യായാമം കൊണ്ടും വിപ്ലവ പ്രസംഗങ്ങള്‍ കൊണ്ടും ഇനി തങ്ങളെ വഞ്ചിക്കാന്‍ കാരാട്ടിനോ യെച്ചൂരിക്കോ ബുദ്ധദേവിനോ പിണറായിക്കോ കഴിയുകയില്ല എന്ന്‌ അസന്ദിഗ്ധമായി ജനങ്ങള്‍ അവരുടെ മനസ്സ്‌ വെളിപ്പെടുത്തിയതായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്‌.
ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ ആസിയാന്‍ കരാറാണ്‌ ഇടതുപ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിക്കാട്ടിയത്‌. കര്‍ഷക താല്‍പര്യങ്ങള്‍ ബലികഴിച്ച്‌ വിദേശ രാഷ്ട്രങ്ങളുടെ വ്യാപാര താല്‍പര്യങ്ങള്‍ക്കാണ്‌ മന്‍മോഹനും സോണിയയും ചൂട്ടുപിടിക്കുന്നതെന്ന പ്രചാരണം എങ്ങും ഏശിയില്ല എന്നതിന്റെ തെളിവാണ്‌ കേരളത്തിലെയും ബംഗാളിലെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അതി ദയനീയമായ പാരാജയം.
യുപിയില്‍ എട്ട്‌ സീറ്റുകള്‍ നേടിയ മായാവതിയുടെ ഭരണം അഴിമതി നിറഞ്ഞതും ജനഹിതം മാനിക്കാത്തതുമാണെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും തെളിവ്‌ നിരത്തി ചൂണ്ടിക്കാട്ടിയിട്ടും ജനങ്ങള്‍ അവര്‍ക്ക്‌ വോട്ട്‌ ചെയ്തെങ്കില്‍ ആതിരേ, അതിനര്‍ത്ഥം അവരേക്കാള്‍ ഭീകരന്മാരും ചതിയന്മാരും വഞ്ചകനുമാണ്‌ പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവര്‍ എന്നാണര്‍ത്ഥം.
കോണ്‍ഗ്രസിനെതിരെ ഫലപ്രദമായ ഒരു പ്രതിപക്ഷമാകാന്‍ ഇടതുപക്ഷത്തിനോ ബിജെപിക്കോ സമീപ ഭാവിലൊന്നും കഴിയുകയില്ല എന്നും ഈ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ ഉപതെരഞ്ഞെടുപ്പുകളിലും ജയിക്കുക വഴി കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്‌. ഇത്‌ യുപിഎ സര്‍ക്കാരിന്റെ ഉദാര വത്കരണ വികസന നയങ്ങളുടെ ഗതിവേഗം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ സ്വപ്നങ്ങളും ഭാവി പ്രതീക്ഷകളുമായിരിക്കും വിദേശ മൂലധന ശക്തികള്‍ക്ക്‌ അടിയറവെയ്ക്കപ്പെടുക. ഇതിനെതിരെ ജാഗ്രത പുലര്‍ത്താനും ജനങ്ങളെ അണിനിരത്താനും ബാധ്യതയുള്ള ഇടതുപക്ഷ - പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ അവരുടെ അണികളില്‍ നിന്നുപോലും പൂര്‍ണമായ പിന്തുണ ലഭിക്കാതിരിക്കുമ്പോള്‍ സോണിയയ്ക്കും മമതയ്ക്കും മായാവതിക്കും പൊട്ടിപ്പെട്ടി ചിരിക്കാന്‍ കഴിയും. പക്ഷെ, അതിന്റെ തിരിച്ചടികള്‍ വളരെ ക്രൂരവും വളരെ സാവധാനം ഇന്ത്യയിലെ സാധാരണാക്കാരെ വിഴുങ്ങുന്നുമായിരിക്കും അങ്ങനെ സംഭവിച്ചാല്‍ ആതിരേ, അതിന്റെ പൂര്‍ണ ഉത്തവാദതിത്തം ഇടതുപക്ഷ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ മാത്രമായിരിക്കും.

Tuesday, November 10, 2009

എല്‍ഡിഎഫിന്റെ നെഞ്ച്‌ കലക്കി യുഡിഎഫിന്റെ പടയോട്ടം


ജനവിരുദ്ധമായ നിലപാടുകളും നടപടികളുമാണ്‌ കഴിഞ്ഞ മൂന്നരവര്‍ഷം ഇടതുപക്ഷ ഭരണം എന്ന നിലയില്‍ എല്‍ഡിഎഫ്‌ കാഴ്ചവെച്ചത്‌. അതിനോടുള്ള ജനങ്ങളുടെ തീക്ഷ്ണമായ പ്രതികരണമാണ്‌ ലോകസഭാ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലും വ്യക്തമായത്‌. വല്ലാത്തൊരു സങ്കീര്‍ണാവസ്ഥയിലാണ്‌ അതുകൊണ്ടുതന്നെ എല്‍ഡിഎഫ്‌



ചെങ്കൊടി മാത്രം പാറിച്ച പാരമ്പര്യമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ആതിരേ അബ്ദുള്ളക്കുട്ടിയും ഡൊമിനിക്ക്‌ പ്രസന്റേഷനും ഷുക്കൂറും മൂവര്‍ണ കൊടി പാറിച്ച്‌ എഴുതി ചേര്‍ത്തത്‌ പുതിയ ചരിത്രം.
പിണറായി വിജയനും വി.എസ്‌ അച്യുതാനന്ദനും ജയരാജന്മാരും വെളിയം ഭാര്‍ഗവനും കണ്ട സ്വപ്നങ്ങളെല്ലാം തട്ടിത്തെറിപ്പിച്ച്‌ കേരളം ലോകസഭാ തെരഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും യുഡിഎഫിനൊപ്പം നിന്നു എന്നാണ്‌ കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌.
1996 മുതല്‍ സംസ്ഥാനത്ത്‌ നടന്ന പത്ത്‌ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമേ യുഡിഎഫിന്‌ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു ആതിരേ.. 2003ല്‍ തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസി(എം) ന്റെ എലിസബത്ത്‌ മാമ്മന്‍ മാത്യുവാണ്‌ യുഡിഎഫിന്‌ ആശ്വാസം പകര്‍ന്ന്‌ അന്ന്‌ വിജയിച്ചത്‌. ഏറ്റവും ഒടുവിലത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായിരുന്നു വിജയം. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന്‌ 2006 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ നിന്ന്‌ ജോര്‍ജ്ജ്‌ തോമസ്‌ ആണ്‌ വിജയിച്ചത്‌.
എന്നാല്‍, സകല പ്രവചനങ്ങളെയും കാറ്റില്‍ പറത്തി അബ്ദുള്ളക്കുട്ടി അടക്കമുള്ളവര്‍ വിജയിച്ച്‌ കയറിയപ്പോള്‍ കേരളത്തില്‍ ഇടത്‌ കോട്ടയില്‍ വന്‍ വിള്ളല്‍ വീണിരിക്കുന്നു എന്നാണ്‌ വ്യക്തമാകുന്നത്‌. ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഇടത്‌ മുന്നണിയും ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന അവരുടെ അവകാശ വാദം പൊള്ളയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലം.
ആതിരേ,കേരളം വലതു പക്ഷത്തേക്ക്‌ തിരിയുന്നു എന്ന ശക്തമായ സൂചനയാണിത്‌. ആസിയാന്‍ അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറുപ്പുചീട്ടാക്കി ഇടതുപക്ഷം നടത്തിയ പ്രചാരണം ഈ മൂന്ന്‌ മണ്ഡലങ്ങളിലെ വോട്ടര്‍മാരും പുറം കാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചു എന്നാണ്‌ മൂന്നിടത്തേയും എല്‍ഡിഎഫ്‌ പരാജയം വ്യക്തമാക്കുന്നത്‌.
ഇതില്‍ ഏറ്റവും ദയനീയമായ പരാജയം കണ്ണൂരിലാണ്‌. പിണറായി വിജയന്റെ പ്രസ്റ്റീജ്‌ മണ്ഡലമായ അവിടം കേന്ദ്രീകരിച്ചായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇത്തവണ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. സിപിഎമ്മില്‍ നിന്ന്‌ പുറത്തായ ശേഷം കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ ഏത്‌ വിധേനയും പരാജയപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണ്‌ കരുത്തനായ എം.വി ജയരാജനെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രംഗത്തിറക്കിയത്‌. എന്നാല്‍, വര്‍ഗ വഞ്ചകന്‍ എന്ന്‌ അബ്ദുള്ളക്കുട്ടിക്ക്‌ സിപിഎം കല്‍പ്പിച്ചു നല്‍കിയ വിശേഷണം അദ്ദേഹത്തിന്റെ ജനപിന്തുണയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതുകൊണ്ടാണ്‌ ജയരാജന്‍ പരാജയപ്പെട്ടത്‌. ഇതില്‍പരം ഒരു നാണക്കേട്‌ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും ഉണ്ടാകാനില്ല ആതിരേ.
ഗുരുവും ശിഷ്യനും തമ്മിലായിരുന്നു അവിടെ മത്സരം. കണ്ണൂരിന്റെ ചരിത്രം എല്ലാക്കാലത്തും കോണ്‍ഗ്രസിനൊപ്പമാണെന്നറിഞ്ഞിട്ടും ഇത്ര കടുത്ത പോരാട്ടത്തിന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രണ്ടും കല്‍പ്പിച്ചിറങ്ങിയത്‌ എതിരാളി അബ്ദുള്ളക്കുട്ടി ആയതുകൊണ്ടാണ്‌. അതുകൊണ്ടുതന്നെ പല ഘടകങ്ങളാല്‍ വിവാദങ്ങളിലൂടെ ഈ ഉപതെരഞ്ഞെടുപ്പ്‌ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.വോട്ടര്‍മാരെ ഇറക്കുമതി ചെയ്തും വ്യാജ റെസിഡന്റ്‌ അഡ്രസ്സില്‍ വോട്റ്റര്‍മാരെ തിരുകിയും ജയിക്കാനായി ഒട്ടേറെ അട്ടിമറികളാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇവിടെ പയറ്റിയത്‌.അതു കൊണ്ട്‌ തന്നെ കണ്ണൂരില്‍ വിലയിരുത്തപ്പെട്ടത്‌ രാഷ്ട്രീയത്തിന്റെ നേരും നെറികേടുമായിരുന്നു. കഴിഞ്ഞതവണത്തെ പട്ടികയില്‍ നിന്ന്‌ 6386 പേരെ നീക്കം ചെയ്തും 7987 പേരെ പുതുതായി ചേര്‍ത്തും നടത്തിയ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കരുത്തരെ മലര്‍ത്തിയടിച്ച്‌ അബ്ദുള്ളക്കുട്ടി വിജയക്കൊടി പാറിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇനി എന്ത്‌ ന്യായം നിരത്തും എന്ന ചിന്തയിലാണ്‌ പിണറായി വിജയനും കൂട്ടരും.
റെക്കോര്‍ഡ്‌ പോളിംഗ്‌ രേഖപ്പെടുത്തിയ കണ്ണൂരില്‍ നിഷ്പക്ഷ വോട്ടുകള്‍ ജയരാജന്‌ അനുകൂലമാകും എന്നായിരുന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും കണക്കുകൂട്ടല്‍. വര്‍ഗവഞ്ചകനായ അബ്ദുള്ളക്കുട്ടിയെ നിഷ്പക്ഷ വോട്ടര്‍മാര്‍ പിന്തുണക്കില്ല എന്നും അവര്‍ വിശ്വസിച്ചു. മാത്രമല്ല ബിജെപിയും എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഘടകമായ എസ്ബിപിഐയും യുഡിഎഫിന്റെ വോട്ടുകള്‍ ചോര്‍ത്തുമെന്നും പ്രതീക്ഷിച്ചു. വോട്ടര്‍പട്ടികയില്‍ നിന്ന്‌ തള്ളിയ വോട്ടുകള്‍ കൂടുതലും യുഡിഎഫിന്റേതും ചേര്‍ത്തത്‌ ഇടതുപക്ഷത്തിന്റേതുമായിരുന്നിട്ടും കണ്ണൂരിലുണ്ടായ പരാജയം പരിശോധിക്കപ്പെടേണ്ട ഘടകമാണ്‌. ഇവര്‍ അവകാശപ്പെടുന്നതുപോലെ നിഷ്പക്ഷ വോട്ടുകള്‍ ജയരാജന്‌ ലഭിച്ചുവെങ്കില്‍, ആതിരേ അബ്ദുള്ളക്കുട്ടിക്ക്‌ കിട്ടിയ ഭൂരിപക്ഷം എവിടെ നിന്ന്‌ എന്ന ചോദ്യത്തിനാണ്‌ ഉത്തരം കണ്ടെത്തേണ്ടത്‌.
കണ്ണൂരിലെ തരംഗം തന്നെയാണ്‌ എറണാകുളത്തും ആലപ്പുഴയിലും കണ്ടത്‌. ഇവിടെയും വോട്ടര്‍മാരെ ഭരിച്ചത്‌ ഇടതു വിരുദ്ധ തരംഗമാണ്‌. കണ്ണൂരില്‍ 12043 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ അബ്ദുള്ളക്കുട്ടിക്ക്‌ കിട്ടിയതെങ്കില്‍ എറണാകുളത്ത്‌ ഡൊമിനിക്ക്‌ പ്രസന്റേഷന്‌ 8620 വോട്ടിനും ആലപ്പുഴയില്‍ എ.എ. ഷൂക്കൂര്‍ 4845 വോട്ടിനുമാണ്‌ വിജയിച്ചത്‌. ഭരണവിരുദ്ധ വികാരം എത്ര ശക്തമാണെന്ന്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
എറണാകുളത്ത്‌ ഡൊമിനിക്ക്‌ പ്രസന്റേഷനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ പോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിഞ്ഞില്ല. ഒരര്‍ത്ഥത്തില്‍ ലത്തീന്‍ കത്തോലിക്ക സമുദായംഗമായ ഡൊമിനിക്കിനെതിരെ സിപിഎമ്മിലെ സീനുലാല്‍ ഒരു സ്ഥാനാര്‍ത്ഥിയെ ആയിരുന്നില്ല മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസം തിരിച്ചടയിയാവുകയും ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പില്‍ കെ.വി തോമസിന്‌ ലഭിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട്‌ യുഡിഎഫിന്റെ പെട്ടിയില്‍ വീണു. അതായത്‌ ഇടതുപക്ഷത്തിന്റെ വോട്ടല്ലാതെ ഒരൊറ്റ നിഷ്പക്ഷ വോട്ടുപോലും എറണാകുളത്ത്‌ ഇടതുമുന്നണിക്ക്‌ നേടാനായില്ല എന്ന്‌ സാരം.
ആലപ്പുഴയില്‍ ഇടതുമുന്നണിയിലെ അസ്വാരസങ്ങള്‍ മാറ്റിവെച്ചുള്ള കൂട്ടായ പ്രവര്‍ത്തനമാണ്‌ ഇത്തവണ കണ്ടത്‌. ആറുതവണയായി യുഡിഎഫ്‌ ജയിക്കുന്ന മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇവിടെ മാത്രമാണ്‌ എല്‍ഡിഎഫിന്‌ ആശ്വസിക്കാവുന്ന ഘടകങ്ങള്‍ കാണുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്‌ ലഭിച്ച ഭൂരിപക്ഷവും മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചതില്‍ ഇടതുപക്ഷത്തിന്‌ തീര്‍ച്ചയായും ആശ്വസിക്കാം. പിഡിപിയെ ഒഴിവാക്കാന്‍ സിപിഐ എടുത്ത തീരുമാനവും ശ്ലാഘനീയം തന്നെ.
ഈ മണ്ഡലത്തില്‍ ശ്രദ്ധേയമായ ഒരു അടിയൊഴുക്കുണ്ടായിട്ടുണ്ട്‌, ആതിരേ. 4,500 കേഡല്‍ വോട്ടുകള്‍ പിഡിപിക്ക്‌ ആലപ്പുഴയിലുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ 1804 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. 2500 ഓളം പിഡിപി വോട്ടുകള്‍ എങ്ങോട്ടുപോയി എന്നതാണ്‌ ചോദ്യം. പൊന്നാനി അനുഭവത്തിന്റെ വെളിച്ചത്തില്‍ സിപിഐയെ തോല്‍പ്പിക്കാന്‍ ആലപ്പുഴയില്‍ പിഡിപി വോട്ടുകള്‍ യുഡിഎഫിന്‌ മറിച്ചു ചെയ്തിട്ടുണ്ടാകും.ആ വോട്ടുകളും ചേര്‍ന്നിട്ടും 5000ത്തില്‍ താഴെയാണ്‌ കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷം.അപ്പോള്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു .
ഈ തെരഞ്ഞെടുപ്പ്‌ ഫലം മുഖ്യമന്ത്രി അച്യുതാനന്ദനില്‍ മുമ്പൊരിക്കലുമുണ്ടാക്കാത്ത സമ്മര്‍ദ്ദമാണ്‌ ചെലുത്തുക. ഭരണത്തിന്റെ വിലയിരുത്തലാകും ഉപെതെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ പ്രചാരണം തുടക്കത്തില്‍ തന്നെ അച്യുതാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന്‌ മണ്ഡലങ്ങളില്‍ നടത്തിയ പ്രചാരണ പ്രസംഗങ്ങളില്‍ അദ്ദേഹം ഇക്കാര്യം ഊന്നി പറയുകയും ചെയ്തു. പ്രചാരണത്തിനിറങ്ങിയ മന്ത്രിമാരും അതുതന്നെയാണ്‌ ആവര്‍ത്തിച്ചത്‌.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ്‌ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയായിരിക്കുമെന്നാണ്‌ അന്ന്‌ പിണറായി വിജയന്‍ അവകാശപ്പെട്ടത്‌. എന്നാല്‍, ആ സിദ്ധാന്തത്തോട്‌ യോജിക്കാന്‍ വി.എസ്‌ അച്യുതാനന്ദന്‍ തയ്യാറായില്ലായിരുന്നു. കാരണം ലാവലിന്‍ അഴിമതി അടക്കമുള്ള പ്രശ്നങ്ങള്‍ മൂലം തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിടുമെന്ന്‌ അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച്‌ തന്റേതായ നിലപാട്‌ സ്വീകരിക്കാന്‍ അതുകൊണ്ടുതന്നെ അദ്ദേഹം ധൈര്യപ്പെടുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തിയ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഭരണപരാജയമാണ്‌ തോല്‍വിയുടെ മുഖ്യഘടകമായി എടുത്തുകാട്ടിയത്‌. ഇത്തവണ സംസ്ഥാന ഭരണത്തെ വിലയിരുത്തുന്നതാവും ഫലമെന്ന്‌ പിണറായി വിജയന്‍ പറയാതിരുന്നതും ശ്രദ്ധേയമായി. എന്നാല്‍, മൂന്ന്‌ ഫലവും തിരിച്ചടിയായപ്പോള്‍ വെട്ടിലാകുന്നത്‌ അച്യുതാനന്ദനാണ്‌.
ജനവിരുദ്ധമായ നിലപാടുകളും നടപടികളുമാണ്‌ ആതിരേ കഴിഞ്ഞ മൂന്നരവര്‍ഷം ഇടതുപക്ഷ ഭരണം എന്ന നിലയില്‍ എല്‍ഡിഎഫ്‌ കാഴ്ചവെച്ചത്‌. അതിനോടുള്ള ജനങ്ങളുടെ തീക്ഷ്ണമായ പ്രതികരണമാണ്‌ ലോകസഭാ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലും വ്യക്തമായത്‌. വല്ലാത്തൊരു സങ്കീര്‍ണാവസ്ഥയിലാണ്‌ അതുകൊണ്ടുതന്നെ എല്‍ഡിഎഫ്‌. 2010 ല്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും സൂചികയായിരിക്കും ലോകസഭാ - ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ എന്നത്‌ ഇടതുപക്ഷത്തെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്‌.
ജനവഞ്ചകര്‍ക്കും വര്‍ഗ വഞ്ചകര്‍ക്കും ഇത്തരം അനുഭവവുമേ ഉണ്ടാവുകയുള്ളു എന്ന്‌ മനസ്സിലാക്കാനുള്ള വിനയം ഇനിയെങ്കിലും പിണറായി വിജയനും കൂട്ടര്‍ക്കും ഉണ്ടാകുമോ. ആതിരേ.

മൂലത്തറയില്‍ നിന്നും മുല്ലപ്പെരിയാറിലേക്കുള്ള ദൂരം

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ളത്‌ സര്‍ക്കാരിനാണ്‌. എന്നാല്‍, സമ്മതിദായകരും നികുതി ദായകരുമായ പൊതുസമൂഹത്തിന്‌ സുരക്ഷയോടെ കഴിയാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. അതുകൊണ്ട്‌ സുഖലോലുപരായി കഴിയാന്‍ ഭരണാധികാരികള്‍ക്ക്‌ അവകാശമില്ല. അതിനവരെ അനുവദിച്ചുകൂടാ.




മുല്ലപ്പെരിയാറിലേക്കുള്ള ഏറ്റവും അപായകരമായ സൂചനയാണ്‌ ആതിരേ, മൂലത്തറ റെഗുലേറ്ററിന്റെ തകര്‍ച്ച. പറമ്പിക്കുളം-ആളിയാര്‍ വെള്ളം സംഭരിക്കുന്ന മൂലത്തറ റെഗുലേറ്ററിന്റെ തകര്‍ച്ചയ്ക്ക്‌ കാരണം, ആളിയാര്‍ അണക്കെട്ടില്‍ നിന്ന്‌ തമിഴ്‌നാട്‌ വന്‍തോതില്‍ വെള്ളം തുറന്നു വിട്ടതാണ്‌. ഇതേ തുടര്‍ന്ന്‌ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളം തള്ളിച്ചയാണ്‌ റെഗുലേറ്ററിന്റെ ഭാഗിക തകര്‍ച്ചയ്ക്ക്‌ കാരണമായത്‌. മുല്ലപ്പെരിയാറിന്റെ അത്രയും ദുര്‍ബലമല്ലാതിരുന്നിട്ടും വെള്ളം ഇരച്ചെത്തിയപ്പോള്‍ മൂലത്തറ റെഗുലേറ്ററിന്റെ ഒരു ഭാഗം തകര്‍ന്നത്‌ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള കേരളത്തിന്റെ ഭീഷണിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്‌.
ഡാമുകളുടെ നാട്ടുരാജ്യം എന്നറിയപ്പെടുന്ന പാലക്കാട്‌ ജില്ലയില്‍ പത്തിലധികം വലുതും ചെറുതുമായ ഡാമുകളുണ്ട്‌. ഇതില്‍ പലതിനും കാലപ്പഴക്കത്തിന്റെ 'പെരുമ'യുമുണ്ട്‌. എന്നിട്ടും ഇതില്‍ പലതിനും ഇനിയും ഏറെക്കാലം ആയുസ്സുണ്ടെന്നാണ്‌ വിദഗദ്ധരുടെ വിലയിരുത്തല്‍. എങ്കിലും തമിഴ്‌നാടിനോട്‌ ചേര്‍ന്ന്‌ കടക്കുന്ന ആളിയാര്‍ വെള്ളം തുറന്നുവിടാറുള്ള മൂലത്തറ ഡാമിന്റെ സുരക്ഷയെ കുറിച്ച്‌ അധികൃതര്‍ വേണ്ടത്ര ശ്രദ്ധാലുക്കളായിരുന്നില്ല എന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അനാസ്ഥയും ഈ സംഭവത്തിന്‌ പിന്നില്‍ ഉണ്ടെന്നുള്ളതും ഭയം ജനിപ്പിക്കുന്ന വാസ്തവമാണ്‌.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജലദുരന്തം നേരിടാന്‍ കേരളസര്‍ക്കാര്‍ ഒട്ടും സന്നദ്ധമല്ല എന്നതിന്റെ ഭീഷണമായ സൂചനകൂടിയാകുന്നു ആതിരേ മൂലത്തറ ദുരന്തം. ഇത്‌ മൂന്നാം തവണയാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എന്നിട്ടും കേരളം പാഠം പഠിച്ചില്ല എന്നുപറയുമ്പോള്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളോടുള്ള ഉത്തരവാദിത്തം ഊഹിക്കാവുന്നതേയുള്ളൂ. 1969ലും 1992 ലും ആളിയാര്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നിട്ടുണ്ട്‌. അന്നെല്ലാം 'ഫ്ലെഡ്‌ വാട്ടര്‍' എന്ന പതിവ്‌ വിശദീകരണത്തില്‍ തങ്ങളുടെ ഉത്തരവാദിത്തം ഒഴുക്കി കളയാനാണ്‌ ഭരണകൂടവും ഉദ്യോഗസ്ഥരും ശ്രമിച്ചത്‌. അതുതന്നെയാണ്‌ ഇത്തവണയും സംഭവിച്ചിട്ടുള്ളത്‌. സ്ഥലം സന്ദര്‍ശിച്ച മന്ത്രി എം.കെ. പ്രേമചന്ദ്രന്‍ ഇനിയൊരു ദുരന്തം തടയാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗദ്ധ സമിതിക്ക്‌ രൂപം നല്‍കുമെന്നാണ്‌ 'പ്രഖ്യാപിച്ചിട്ടുള്ളത്‌'. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും ഒരു അന്വേഷണ കമ്മീഷനെ നിയമിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പതിവു വഞ്ചനയ്ക്ക്‌ തന്നെയാണ്‌ എം.കെ. പ്രേമചന്ദ്രന്‍ ശ്രമിക്കുന്നത്‌ . കാരണം 1992ല്‍ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ജി. ഗോപാലകൃഷ്ണ പിള്ളയെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ പഠനവും ശിപാര്‍ശകളും എന്തൊക്കെയാണെന്ന്‌ കേരളത്തിലെ ഒരാള്‍ക്കും ഇന്നറിയില്ല. മന്ത്രി പ്രേമചന്ദ്രന്‍ ആ പഴയ ഫയലൊന്ന്‌ പൊടിതട്ടിയെടുത്തതിന്‌ ശേഷം മതി പുതിയ സമിതിയെ നിയോഗിക്കാനും അവരുടെ ശിപാര്‍ശകള്‍ റിപ്പോര്‍ട്ടായി സ്വീകരിക്കാനും. ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്യാതെ പ്രസ്താവനകള്‍ കൊണ്ടും പ്രഖ്യാപനങ്ങള്‍ കൊണ്ടും ജനശ്രദ്ധ തിരിച്ചുവിടാം എന്നാണ്‌ വിപ്ലവപാര്‍ട്ടികളില്‍ പെട്ട മന്ത്രിമാര്‍ പോലും കരുതുന്നത്‌.എതൃ ക്രൂരന്മാരായ ജന വഞ്ചകരാണിവര്‍..!
അതിന്റെ തെളിവാണ്‌ സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ എ.കെ. ബാലനില്‍ നിന്നും പ്രേമചന്ദ്രനില്‍ നിന്നുമുണ്ടായ പ്രതികരണങ്ങള്‍. ആളിയാറിലെ വെള്ളം തുറന്നുവിടുന്നത്‌ സംബന്ധിച്ച്‌ തമിഴ്‌നാട്‌ കേരളത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയില്ല എന്നാണ്‌ എ.കെ. ബാലന്‍ (ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ) മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ രാത്രി തന്നെ തമിഴ്‌നാട്ടില്‍ നിന്ന്‌ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു എന്നാണ്‌ പ്രേമചന്ദ്രന്‍ വെളിപ്പെടുത്തിയത്‌. മന്ത്രിമാര്‍ക്കിടയില്‍ തന്നെ ഇത്തരത്തില്‍ ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ വര്‍ധിക്കുന്നത്‌ ജനങ്ങളുടെ ആശങ്കയാണ്‌.
ആതിരേ, വിവരക്കേടുകൊണ്ടാണ്‌ എ.കെ. ബാലന്‍ തമിഴ്‌നാട്‌ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതെന്ന്‌ സമ്മതിക്കുമ്പോഴും എന്‍.കെ. പ്രേമചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. തമിഴ്‌നാട്‌ സര്‍ക്കാരില്‍ നിന്ന്‌ ആളിയാര്‍ ഡാം തുറക്കുന്നത്‌ സംബന്ധിച്ച്‌ മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും എന്തുകൊണ്ട്‌ ഇക്കാര്യം മൂലത്തറ റെഗുറേറ്ററുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നതാണ്‌ അതില്‍ പ്രധാനം. ആളിയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ രണ്ടുതവണ തകര്‍ന്ന ചരിത്രമുള്ള മൂലത്തറ റെഗുലേറ്റര്‍ വീണ്ടും തകരാനുള്ള സാധ്യത മനസ്സിലാക്കാനുള്ള കേവല ബുദ്ധിയും യുക്തിയും എന്‍.കെ. പ്രേമചന്ദ്രന്‌ ഇല്ലാതെ പോയോ? മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയില്ല...? ഈ ചോദ്യങ്ങള്‍ക്കൊന്നും എന്‍.കെ. പ്രേമചന്ദ്രനില്‍ നിന്നോ കേരള സര്‍ക്കാരില്‍ നിന്നോ ഉത്തരം ലഭിക്കില്ല .അത്രയ്ക്ക്‌ നിരുത്തരവാദപരമായാണ്‌ ഈ പ്രശ്നം കൈകാര്യം ചെയ്യപ്പെട്ടത്‌
ഇക്കാര്യത്തില്‍ ആതിരേ, തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ഭാഗത്തും പ്രകടമായ വീഴ്ചയുണ്ട്‌. ആളിയാര്‍ ഡാമിലെ ജലനിരപ്പ്‌ പൂര്‍ണ തോതില്‍ എത്തുമ്പോള്‍ മാത്രമാണ്‌ തമിഴ്‌നാട്‌ ഇപ്രകാരം ഡാം തുറക്കാറുള്ളു എന്നാണ്‌ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്‌. സാധാരണ ഗതിയില്‍ ഡാമുകളില്‍ സംഭരണശേഷി പരമാവധി ജലനിരപ്പിനോട്‌ അടുക്കുമ്പോള്‍, ഡാം സുരക്ഷയെ കരുതി വെള്ളം തുറന്നുവിടാറുണ്ട്‌. എന്നാല്‍ ഈ പൊതു തത്വം തമിഴ്‌നാട്‌, (പറമ്പിക്കുളം - ആളിയാര്‍ പദ്ധതിയില്‍ ) പാലിക്കുന്നില്ല. ഡാം നിറഞ്ഞ്‌ തുളുമ്പുമെന്ന ഘട്ടത്തില്‍ മാത്രമാണ്‌ തമിഴ്‌നാട്‌ ജലം തുറന്നുവിടുക. 3.85 ടിഎംസി സംഭരണശേഷിയുള്ള ആളിയാര്‍ ഡാമില്‍ 1050 അടിയാണ്‌ പരമാവധി ജലനിരപ്പ്‌. ജലനിരപ്പ്‌ 1048 അടിയിലെത്തുമ്പോള്‍ സാധാരണഗതിയില്‍ ഡാം തുറക്കേണ്ടതാണെങ്കിലും 1050 അടി എത്തുന്നതുവരെയും തമിഴ്‌നാട്‌ ഡാമില്‍ വെള്ളം നിറയ്ക്കും. ഇതോടൊപ്പം മഴവെള്ളം കൂടി എത്തുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പൊടുന്നനെ കേരളത്തിന്‌ അറിയിപ്പ്‌ നല്‍കി ഡാം ക്രമാതീതമായി തുറക്കുന്ന രീതിയാണ്‌ തമിഴ്‌നാട്‌ ഇതുവരെ തുടര്‍ന്നുപോന്നിരുന്നത്‌. വേനല്‍ക്കാലത്താണ്‌ ഇങ്ങനെ ചെയ്യുന്നതെങ്കില്‍ മൂലത്തറയ്ക്ക്‌ ഭീഷണിയുണ്ടാവുകയില്ല. അതേസമയം മഴക്കാലത്ത്‌ പുഴയില്‍ വെള്ളം ഉള്ളതിനാല്‍ ഡാം തുറന്നാല്‍ ഇരട്ടിവേഗത്തില്‍ അത്‌ മൂലത്തറയിലെത്തും.
മൂന്നാഴ്ച മുമ്പ്‌ കാടമ്പാറ ജലവൈദ്യുത നിലയത്തില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായി വന്‍തോതില്‍ വെള്ളം തുറന്നുവിട്ടത്‌ മൂലത്തറ റെഗുലേറ്ററിന്‌ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന്‌ അരകിലോമീറ്റര്‍ നീളത്തിലാണ്‌ മാലിന്യങ്ങള്‍ വന്നടിഞ്ഞത്‌. ഈ വിവരങ്ങളെല്ലാം അറിഞ്ഞിരുന്നിട്ടും തമിഴ്‌നാട്ടില്‍ നിന്ന്‌ മുന്നറിയിപ്പ്‌ ലഭിച്ചശേഷവും തിരുവനന്തപുരത്തെ മന്ത്രാലയവും ഉദ്യോഗസ്ഥരും ഉറക്കം തൂങ്ങുകയായിരുന്നു എന്നാണ്‌ ഇപ്പോഴത്തെ ദുരന്തം വ്യക്തമാക്കുന്നത്‌.
ആതിരേ, തമിഴ്‌നാടിന്റെ സ്വാര്‍ത്ഥതാപരമായ ഇതേ നിലപാടാണ്‌ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലും അവര്‍ തുടരുന്നത്‌. പരമാവധി ജലം സംഭരിച്ച്‌ തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ഈ പരമാവധി സംഭരണത്തിന്റെ തിരിച്ചടിയാണ്‌ മൂലത്തറയില്‍ ഉണ്ടായതെങ്കില്‍ സമാനമായ ദുരന്തം മുല്ലപ്പെരിയാറിലും സംഭവിക്കാം. മുല്ലപ്പെരിയാറില്‍ അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ കൂടുതല്‍ ജീവനഷ്ടവും നാശനഷ്ടവുമാണ്‌ കേരളത്തില്‍ ഉണ്ടാവുക.
നദീജല തര്‍ക്കത്തില്‍ എന്നും തമിഴ്‌നാട്‌ രാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തിന്റെ താല്‍പര്യത്തിനുവേണ്ടിയാണ്‌ നിലകൊള്ളാറുള്ളത്‌. കര്‍ണാടകയുമായി കാവേരി നദിയിലെ ജലം പങ്കിടുന്ന പ്രശ്നം രൂക്ഷമായപ്പോള്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിത നിരാഹാരം അനുഷ്ഠിച്ചുകൊണ്ടാണ്‌ സംസ്ഥാനത്തിന്റെ പിടിവാശി നേടിയെടുത്തത്‌. പിന്നാലെ തമിഴ്‌നാട്ടിലെ സിനിമാതാരങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങി സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന കാഴ്ചയും നാം കണ്ടതാണ്‌.
ഈ പശ്ചാത്തലത്തില്‍ വേണം മുല്ലപ്പെരിയാറിന്റെ സുരക്ഷക്ക്‌ വേണ്ടിയുള്ള കേരളസര്‍ക്കാരിന്റെയും മന്ത്രിമാരുടെയും നടപടികളെ ഒരു പാരസ്പര്യത്തിന്‌ വിധേയമാക്കേണ്ടത്‌. നിയമസഭയില്‍ നടക്കുന്ന പ്രസ്താവനകളും പൊതുവേദിയില്‍ നടത്തുന്ന പ്രഖ്യാപനങ്ങളും ചില നിയമനടപടികളും കൊണ്ട്‌ ആശ്വസിക്കുകയാണ്‌ കേരളത്തിലെ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. ആശാസ്യമല്ലാത്ത ഈ ആശ്വാസത്തിന്റെ ദുരന്തമായിരുന്നു മൂലത്തറയില്‍ സംഭവിച്ചതെങ്കില്‍ അതിനും ഭയാനകമായത്‌ മുല്ലപ്പെരിയാറിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ളത്‌ സര്‍ക്കാരിനാണ്‌. എന്നാല്‍, സമ്മതിദായകരും നികുതി ദായകരുമായ പൊതുസമൂഹത്തിന്‌ സുരക്ഷയോടെ കഴിയാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. അതുകൊണ്ട്‌ സുഖലോലുപരായി കഴിയാന്‍ ഭരണാധികാരികള്‍ക്ക്‌ അവകാശമില്ല, ആതിരേ. അതിനവരെ അനുവദിച്ചുകൂടാ. അതിനനുഗുണമാകുന്ന രീതിയില്‍ സംഘം ചേരേണ്ടിയിരിക്കുന്നു. എല്ലാ വിപ്ലവങ്ങളും സ്വാതന്ത്ര്യ പോരാട്ടങ്ങളും നല്‍കുന്ന ചരിത്ര പാഠം വിസ്മരിച്ചുകൂടാ. ജനവിരുദ്ധമായി ഭരണം നടത്തുന്നവരെ ആ സ്ഥാനത്ത്‌ നിന്ന്‌ തൂത്തെറിഞ്ഞേ തീരു. അല്ലെങ്കില്‍ അത്‌ ജനങ്ങള്‍ക്ക്‌ ഒരിക്കലും പരിഹരിക്കാനാവാത്ത ദുരന്തമായിരിക്കും. അതുകൊണ്ട്‌ കേരളത്തിലെ മന്ത്രിമാരുടെ നിഷ്ക്രിയതയ്ക്കെതിരെ പ്രതിരോധം ചമയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാന്യത നില്‍നിര്‍ത്താന്‍ മൗനം ഭജിച്ച്‌ അപമൃത്യു വരിക്കുന്നതിലും ഭേദം അമാന്യമായി അധികാരകേന്ദ്രങ്ങളോട്‌ സംസാരിച്ച്‌ പൊരുതി കുരുതിയാകുന്നതാണ്‌. അതിന്‌ തയ്യാറായില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുരന്തത്തില്‍ ഇരകളോ അതിന്‌ കാഴ്ച്ചക്കാരോ ആകേണ്ട ഗതികേടായിരിക്കും നമ്മില്‍ പലര്‍ക്കുമുണ്ടാവുക.
അതെ ആതിരേ, മൂലത്തറ മുല്ലപ്പെരിയാറിലേക്കുള്ള അപായ സൂചന തന്നെയാണ്‌.

Sunday, November 8, 2009

പ്രസംഗിച്ച്‌ വികസനം മുടക്കുന്ന നശ്ശൂലങ്ങള്‍

മൂക്കു മുറിച്ച്‌ ശകുനം മുടക്കുന്നവരെ കുറിച്ച്‌ പഴമൊഴിയിലാണ്‌ ഇതുവരെ നാം കേട്ടിരുന്നതെങ്കില്‍ അതേ രീതിയിലാണ്‌ ആതിരേ, കേരളത്തിലെ മന്ത്രിപുംഗവന്മാരുടെ ഭരണമെന്ന്‌ പദ്ധതി വിഹിതത്തിന്റെ ചെലവ്‌ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ വികസന നിരോധനത്തിന്‌ ഉയര്‍ത്തിക്കാട്ടാന്‍ എന്നും ഒരു ഉമ്മാക്കിയുണ്ടാകും - കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ വികലമായ നയങ്ങള്‍ മൂലവും ഫെഡറല്‍ സംവിധാനത്തില്‍ പാലിക്കേണ്ട മാന്യതകള്‍ പുലര്‍ത്താത്തുകൊണ്ടുമാണ്‌ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ചുപോകുന്നതെന്നാണ്‌ എന്നും ഇടതുപക്ഷ മന്ത്രിമാരുടെ ആരോപണം.
പ്രസംഗിക്കാന്‍ യുഡിഎഫ്‌ മന്ത്രിമാരേക്കാള്‍ മിടുക്കന്മാരായതുകൊണ്ട്‌ ആതിരേ, ഇവര്‍ക്ക്‌ ഈ ആരോപണം പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടൊന്നും ഉണ്ടാകാറില്ല. കണക്കുകള്‍ നിരത്തിയാണ്‌ ഇവര്‍ കേന്ദ്രത്തിന്റെ പ്രതിലോമനിലപാടുകളെ അപ്പോഴെല്ലാം വിവരിക്കുക. പ്രത്യക്ഷ ശ്രവണത്തില്‍ ആ പറയുന്നതെല്ലാം ശരിയാണെന്ന്‌ തോന്നിപ്പിക്കുകയും ചെയ്യും. മാത്രമല്ല, മുരടിച്ച്‌ നില്‍ക്കുന്ന വികസന രംഗത്തിന്റെ കാഴ്ച തൊട്ടടുത്തുള്ളതുകൊണ്ട്‌ ഈ പുംഗവന്മാരുടെ വാക്കുകള്‍ അണികളടക്കമുള്ളവര്‍ വെള്ളം തൊടാതെ വിഴുങ്ങാറുമുണ്ട്‌. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പ്രതികാരചിന്തയോടെയാണ്‌ കേന്ദ്രം പെരുമാറുന്നതെന്ന്‌ അങ്ങനെ വരുത്തി തീര്‍ത്ത്‌ തങ്ങളുടെ കഴിവുകേടിനും ഉദാസീനതയ്ക്കും മറയിടുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്‌.
എന്നാല്‍, സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഈ പുംഗവന്മാരുടെ പ്രസംഗങ്ങള്‍ മാത്രമാണ്‌ നടക്കുന്നതെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കൊട്ടും താത്പര്യവും ശ്രദ്ധയുമില്ലെന്നാണ്‌. വകുപ്പ്‌ മന്ത്രിമാരുടെ രാഷ്ട്രീയ പ്രസംഗങ്ങള്‍ കൂടുന്തോറും പ്രവര്‍ത്തി കുറയുന്നതായാണ്‌ കണക്കുകള്‍ പറയുന്നത്‌.വാമൊഴി വഴക്കത്തിന്റെ ആശാന്‍ ജി.സുധാകരന്‍ ഭരിച്ച സഹകരണവകുപ്പില്‍ പദ്ധതി ചെലവ്‌ ഇതുവരെ 22 ശതമാനമാണ്‌.രണ്ടാം മുണ്ടശ്ശേരി എം.എ. ബേബിയുടെ സാംസ്കാരിക വകുപ്പില്‍ അത്‌ 18 ശതമാനം,സൗമ്യന്‍, സ്വപ്ന ജീവി മുല്ലക്കര രത്നാകരന്റെ കൃഷിവകുപ്പില്‍ 24 ശതമാനം,ബേബിയുടെ തന്നെ വിദ്യാഭ്യാസ വകുപ്പില്‍ 25 ശതമാനം,പാവം പാലൊളിയുടെ സാമൂഹികക്ഷേമ വകുപ്പില്‍ 9 ശതമാനം.
ആതിരേ, രാഷ്ട്രീയ വിവാദങ്ങളിലും മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ - തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിലും മുഴുകി സമയം കളയാനാണ്‌ ഈ മന്ത്രിമാര്‍ക്കെല്ലാം താല്‍പ്പര്യമെന്നാണ്‌ ഇതില്‍ നിന്ന്‌ വ്യക്തമാക്കുന്നത്‌. ആറ്‌ മാസം കൂടുമ്പോള്‍ വകുപ്പുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കണമെന്നാണ്‌ ചട്ടം. അത്‌ നടക്കുന്നില്ല. ആസൂത്രണബോര്‍ഡിന്റെ യോഗം കൂടിയിട്ട്‌ പോലും ആറ്‌ മാസം കഴിഞ്ഞു എന്ന്‌ പറയുമ്പോള്‍ തന്നെ ഈ വിപ്ലവ വായാടികളുടെ ജനപക്ഷ സമീപനത്തിന്റെയും ജനഹിത നിലപാടുകളുടെയും പൊള്ളത്തരം വ്യക്തമാകും.
പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്നാണ്‌ ആതിരേ തൃത്താല പഞ്ചായത്തുകളില്‍ ലഭിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം വരെ 11 ശതമാനം മാത്രമാണ്‌ ചെലവ്‌ നടന്നിട്ടുള്ളത്‌. അമ്പത്‌ ശതമാനം പദ്ധതി ചെലവ്‌ നടക്കേണ്ടിടത്താണ്‌ കാല്‍ഭാഗം പോലും ഇനിയും ആയിട്ടില്ലാത്തതെന്നോര്‍ക്കണം. സാമ്പത്തിക വര്‍ഷം പാതി പിന്നിട്ടപ്പോഴുള്ള ചിത്രമാണിത്‌. ഇവിടെ ശ്രദ്ധിക്കേണ്ടത്‌ വിദേശ സഹായമുള്ള പദ്ധതികളിലും നബാര്‍ഡ്‌ പദ്ധതികളിലുമാണ്‌ ചെലവ്‌ ഏറ്റവും കുറവ്‌ എന്നതാണ്‌..
മുന്‍കാലങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ തിരക്കിട്ട്‌ പദ്ധതി ചെലവിന്റെ 70 - 80 ശതമാനം വരെ ചെലവിടുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്‌. ഇത്‌ തിരുത്തിക്കുറിക്കാനാണ്‍ധനമത്രി തോമസ്‌ ഐസക്കിന്റെ നിര്‍ദ്ദേശപ്രകാരം അച്യുതാനന്ദന്‍ മന്ത്രിസഭ തീരുമാനിച്ചത്‌. അതിന്റെ അടിസ്ഥാനത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ചെയ്യേണ്ട ചെലവുകള്‍ക്ക്‌ ലക്ഷ്യം കൊടുത്തിരുന്നു. അതനുസരിച്ച്‌ ആദ്യ പാദത്തില്‍ 10 ശതമാനവും രണ്ടാം പാദത്തില്‍ 40 ശതമാനവും ചെലവിടണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സെപ്റ്റംബര്‍ അവസാനം രണ്ടാം പാദം അവസാനിച്ചപ്പോള്‍ 26 ശതമാനം മാത്രമാണ്‌ ചെലവിട്ടതെന്നാണ്‌ ആസൂത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍.
നഗര വികസന പദ്ധതിക്ക്‌ (കെഎസ്‌യുഡിപി) 250 കോടിയും എംസി റോഡ്‌ ഉള്‍പ്പെടെ റോഡ്‌ വികസനം നടത്തുന്ന കെഎസ്ടിപിക്ക്‌ 350 കോടിയുമാണ്‌ വാര്‍ഷിക വിഹിതം. ചേരി നിര്‍മ്മാര്‍ജ്ജനവും കുടിവെള്ള വിതരണവും ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക്‌ നേരിട്ട്‌ പ്രയോജനപ്പെടുന്ന നഗരവികസനപദ്ധതികളാണ്‌ കെഎസ്‌യുഡിപിയില്‍ നടപ്പിലാക്കുന്നത്‌. എന്നാല്‍, ഈ മേഖലയില്‍ കേവലം 15 ശതമാനം മാത്രമാണ്‌ ചെലവിട്ടിട്ടുള്ളത്‌. കെഎസ്ടിപിയിലും ഇത്ര തന്നെ ചെലവാണ്‌ ഉണ്ടായിട്ടുള്ളത്‌. കുടിവെള്ളം കിട്ടാതെയും സഞ്ചരിക്കാന്‍ യോഗ്യമായ റോഡുകളില്ലാതെയും കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാതെയും കേരളത്തിലെ സാധാരണക്കാര്‍ വീര്‍പ്പുമുട്ടുമ്പോഴാണ്‌ ആതിരേ, അനുവദിക്കപ്പെട്ട പണം പോലും ചെലവഴിക്കാതെ മന്ത്രിമാര്‍ കേന്ദ്ര വിരുദ്ധ പ്രസംഗങ്ങളുമായി വാര്‍ത്തകളില്‍ നിറയുന്നത്‌ ; ഊര്‌ ചുറ്റുന്നത്‌.
കഴിഞ്ഞവര്‍ഷവും വാര്‍ഷിക പദ്ധതി ലക്ഷ്യം 20 ശതമാനത്തോളം കുറഞ്ഞത്‌ പദ്ധതി നടത്തിപ്പിലെ ഉദാസീനത മൂലമായിരുന്നു. നബാര്‍ഡ്‌ പദ്ധതികള്‍ക്ക്‌ 452 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. എന്നാല്‍, അവിടെയും നാമമാത്രമായ തുകയാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇതിന്‌ മറ്റൊരു വശം കൂടിയുണ്ട്‌. നബാര്‍ഡിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ മികച്ച പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആസൂത്രണം ചെയ്ത്‌ സമര്‍പ്പിക്കേണ്ടതുണ്ട്‌. എന്നാല്‍ സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടിട്ടും ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാനോ അവ സമര്‍പ്പിക്കാനോ ഒരു വകുപ്പും താല്‍പ്പര്യം കാണിച്ചിട്ടില്ല എന്നാണ്‌ ആസൂത്രണ ബോര്‍ഡിന്റെ തന്നെ പരാതി. ഇതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ കേരളത്തിന്റെ വികസനങ്ങള്‍ക്ക്‌ പണം അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്‌ മനസ്സുണ്ടായിട്ടും ആ പണം വിനിയോഗിക്കാനോ അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ ഗുണകരമാകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനോ കേരളത്തിലെ വിപ്ലവ വായാടികളായ മന്ത്രിമാര്‍ക്കാര്‍ക്കും താല്‍പ്പര്യമില്ല എന്നാണ്‌. ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക്‌ കൂടിയായപ്പോള്‍ നിത്യേന നോക്കുന്ന ഫയലുകള്‍ പോലും മന്ത്രിമാര്‍ നോക്കിയിട്ട്‌ ആഴ്ചകളായി എന്നാണ്‌ പരാതി. മാര്‍ച്ച്‌ മാസം ആകുമ്പോള്‍ പദ്ധതി അടങ്കലിന്റെ പത്ത്‌ ശതമാനത്തില്‍ കൂടുതല്‍ ബാക്കി വെക്കരുത്‌ എന്നാണ്‌ നിര്‍ദേശം. പക്ഷെ, 10 ശതമാനം മാത്രമാണ്‌ ചെലവിട്ടിട്ടുള്ളു എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വാസ്തവം.
7,700 കോടി രൂപയാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ അടങ്കല്‍. ഇതുവരെയുള്ള രീതി വെച്ച്‌ നോക്കിയാല്‍ പതിവ്‌ പോലെ ഫെബ്രുവരി - മാര്‍ച്ച്‌ മാസങ്ങളില്‍ ചടങ്ങു തീര്‍ക്കുന്ന മട്ടില്‍ പണം ചെലവിടാനാണ്‌ ഇവരുടെയൊക്കെ ഉദ്ദേശ്യം. എങ്ങനെയെങ്കിലും കുറേ പണം ചെലവാക്കി പദ്ധതി പൂര്‍ത്തീകരിച്ചു എന്നുവരുത്തി തീര്‍ത്താല്‍ മതിയെന്നാണ്‌ ഭാവം.നോക്കൂ ആതിരേ, സുതാര്യമായ ഭരണവും സുസ്ഥിരമായ വികസനവും വാഗ്ദാനം ചെയ്ത്‌ അധികാരത്തിലേറിയവരാണ്‌ ഇത്രയും ക്രൂരമായ ജനവഞ്ചന തുടര്‍ന്നുപോരുന്നത്‌.
ഈ സാഹചര്യത്തിലാണ്‌ ഇനിയുള്ള മാസങ്ങളില്‍ ഊര്‍ജ്ജിതമായി പദ്ധതി പണം ചെലവഴിക്കണമെന്ന്‌ നിര്‍ദേശിച്ച്‌ എല്ലാ വകുപ്പ്‌ സെക്രട്ടറിമാര്‍ക്കും കത്തയക്കാന്‍ ചീഫ്‌ സെക്രട്ടറി നീല ഗംഗാധരന്‍ നിര്‍ബന്ധിതയായത്‌. പദ്ധതി ചെലവിന്റെ പുരോഗതി വിലയിരുത്താന്‍ സെപ്റ്റംബര്‍ 22ന്‌ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ പല വകുപ്പുകളിലെയും ചെലവിന്റെ ശതമാന കണക്ക്‌ ഒറ്റ അക്കത്തില്‍ ഒതുങ്ങുന്നതായി കണ്ടുവെന്നും ഇതു തന്നെ ഞെട്ടിച്ചുവെന്നും കഴിഞ്ഞദിവസം അയച്ച കത്തില്‍ ചീഫ്‌ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ധനകാര്യ വര്‍ഷത്തിന്റെ അവസാന മൂന്ന്‌ മാസം ചെലവുകള്‍ കേന്ദ്രീകരിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന്‌ തന്നെ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതനുസരിച്ചാണ്‌ ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ 10 ശതമാനം, സെപ്റ്റംബര്‍ 30 വരെ 40 ശതമാനം, ഡിസംബര്‍ 31 വരെ 70 ശതമാനം പദ്ധതി തുക ചെലവഴിക്കണമെന്ന്‌ നിര്‍ദേശിച്ചിരുന്നത്‌. ശേഷിക്കുന്ന 30 ശതമാനം മാത്രമേ അവസാന മൂന്ന്‌ മാസം ചെലവഴിക്കാന്‍ അനുവാദമുള്ളു. ഇതില്‍ തന്നെ മാര്‍ച്ച്‌ മാസത്തില്‍ ചെലവ്‌ 10 ശതമാനമായി പരിമിത പെടുത്തിയിട്ടുണ്ട്‌ എന്നാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷം തുടങ്ങി 6 മാസം കഴിഞ്ഞ്‌ നടത്തിയ വിലയിരുത്തലിലാണ്‌ പല വകുപ്പുകളുടെയും ചെലവുകള്‍ ഒറ്റയക്കത്തില്‍ നില്‍ക്കുന്നതായി ചീഫ്‌ സെക്രട്ടറി കണ്ടെത്തിയത്‌.
കഴിവുകേടിന്റെയും ഉദാസീനതയുടെയും പര്യായങ്ങളായ ഈ മന്ത്രിമാരെ നയിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‌ ലജ്ജ തോന്നുന്നില്ലേ? പ്രതിപക്ഷത്തിരുന്നപ്പോള്‍ ആരോപണങ്ങളായി ഉന്നയിച്ചതെല്ലാം ഇത്രവേഗം വിസ്മരിക്കാന്‍ കഴിഞ്ഞുവെന്നോ? പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഉണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ക്ക്‌ നികുതിദായകര്‍ ഇങ്ങനെ പിഴ മൂളേണ്ടതുണ്ടോ? ഇതുപോലൊരു നാറിയ ഭരണം കണ്ടിട്ടില്ലെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അവരെ മാധ്യമ സിന്‍ഡിക്കേറ്റെന്നും യുഡിഎഫിന്റെ കുഴലൂത്തുകാരെന്നും ആക്ഷേപിക്കുന്നതുകൊണ്ട്‌ മുഖം രക്ഷിക്കാമെന്നാണോ കരുതുന്നത്‌? ഒരു കാര്യം ഉറപ്പാണ്‌. ഈ വഞ്ചനയ്ക്കും ഉദാസീനതയ്ക്കും കഴിവുകേടിനുമുള്ള മറുപടി കൂടിയായിരിക്കും ഉപതെരഞ്ഞെടുപ്പെന്ന കാര്യത്തില്‍, ആര്‍ക്ക്‌ സന്ദേഹമുണ്ടെങ്കിലും, ആതിരേ എനിക്കൊട്ടും സംശയമില്ല.

Friday, November 6, 2009

ആദിവാസികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢശ്രമം ബാലന്‍ മന്ത്രി അറിയുന്നുണ്ടോ ?

ഇന്നും കൊടിയ ചൂഷണത്തിന്‌ വിധേയരാകാനും സ്വത്വം കവര്‍ന്നെടുക്കപ്പെട്ട്‌ ചിതറിക്കപ്പെടാനുമായിരുന്നു, ആതിരേ ആദിവാസികളുടെ വിധി. ഈ ഭൂമിയുടെ ഉടമകളായ അവരെ പ്രലോഭിപ്പിച്ചും ലഹരിക്ക്‌ അടിമകളാക്കിയും അവരുടെ കിടപ്പാടവും സ്ത്രീകളുടെ മാനവും കവര്‍ന്നെടുത്ത ദുഷ്ടതയാണ്‌ ആധുനീകരെന്ന്‌ അഭിമാനിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം. കിടക്കപ്പായയില്‍ നിന്നുപോലും കുടിയിറക്കപ്പെട്ട ആ അടിസ്ഥാന വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യാനുള്ള പുതിയ ഗൂഢശ്രമം നടക്കുന്നു എന്നാണ്‌ വയനാട്ടില്‍ നിന്നും ഇടുക്കി ജില്ലയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന അപായസൂചന.
ആതിരേ, പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ആദിവാസി യുവാക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയരാക്കുന്ന വന്‍ ചതിയാണ്‌ ഈ രണ്ട്‌ ജില്ലകളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ആദിവാസി ക്ഷേമത്തിനായി മറ്റൊരു സര്‍ക്കാരും ചെയ്യാത്ത നടപടികളാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന്‌ കിട്ടുന്ന വേദികളിലെല്ലാം അഹങ്കാരത്തോടെ വീമ്പിളക്കുന്ന പട്ടികജാതി- പട്ടിക വര്‍ഗ്ഗവികസനമന്ത്രി എ.കെ. ബാലനോ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയോ ഈ ചതിയെ കുറിച്ച്‌ അറിഞ്ഞിട്ടുണ്ടോ? അതോ ഇരുവരുടെയും മൗനാനുവാദത്തോടെയാണോ ആദിവാസി ഉന്മൂലനശ്രമം നടന്നുകൊണ്ടിരിക്കുന്നത്‌? ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.
വയനാട്ടിലെ സംരക്ഷിത ഗോത്രവര്‍ഗ്ഗമായ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട യുവാക്കളെയാണ്‌ ആതിരേ , ആരോഗ്യവകുപ്പ്‌ പ്രവര്‍ത്തകര്‍ ഇത്തരം ചതിക്കുഴിയില്‍ വീഴ്ത്തുന്നത്‌. മേപ്പാടി ഏലവയല്‍ പണിയ കോളനിയിലെ 28 കാരായ രണ്ടുപേരാണ്‌ ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയരായത്‌. ഈ കോളനിയിലെ രാജന്‍ മൂന്ന്‌ വര്‍ഷം മുമ്പാണ്‌ വിവാഹിതനായത്‌. രാജന്‌ അഞ്ച്‌ മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്‌. കഴിഞ്ഞ ആഴ്ചയാണ്‌ രാജന്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായത്‌. ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലെത്തി ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്‌. മൂന്ന്‌ കുട്ടികളില്‍ കൂടുതലുള്ള ആദിവാസികളില്‍ മാത്രമേ വന്ധ്യംകരണം ചെയ്യാവൂ എന്ന ഉത്തരവ്‌ നിലനില്‍ക്കുമ്പോഴാണ്‌ വഞ്ചനയുടെയും ക്രമക്കേടിന്റെയും ഇത്തരം കഥകള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌. ഇതേ കോളനിയിലെ തന്നെ പക്രുവും അടുത്ത കാലത്താണ്‌ ഇത്തരത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായത്‌. ജനസംഖ്യയില്‍ കുറവായ കാട്ടുനായ്ക്കന്മാരെ വന്ധ്യംകരണത്തിന്‌ പ്രേരിപ്പിക്കരുതെന്ന മറ്റൊരു ഉത്തരവ്‌ കൂടി നിലവിലുണ്ട്‌. പക്ഷെ, ഈ തീരുമാനങ്ങളും ഉത്തരവുകളും നിര്‍ദേശങ്ങളും ആരോഗ്യവകുപ്പിന്റെ ചില കണക്കുകള്‍ ഒപ്പിക്കാനും സാമ്പത്തിക ലാഭം നേടാനും വേണ്ടി ആരോഗ്യ വകുപ്പ്‌ പ്രവര്‍ത്തകര്‍ അട്ടിമറിക്കുന്നു എന്നാണ്‌ ഈ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌. തുച്ഛമായ തുക പ്രതിഫലമായി കിട്ടുമെന്നുള്ളതുകൊണ്ടാണ്‌ യാഥാര്‍ത്ഥ്യമറിയാതെ ആദിവാസി യുവാക്കള്‍ ശസ്ത്രക്രിയക്ക്‌ വിധേയരാകുന്നത്‌. എല്ലായിപ്പോഴും ആദിവാസികളെ തുച്ഛമായ പ്രതിഫലം നല്‍കി പ്രലോഭിപ്പിച്ച്‌ മുതലെടുക്കുന്ന നാട്ടുവാസിയുടെ മറ്റൊരു ചെറ്റത്തരമാണ്‌ ജനസംഖ്യാനിയന്ത്രണപ്രവര്‍ത്തനമെന്ന പേരില്‍ ആദിവാസി കോളനികളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌, ആതിരേ..!.
ആദിവാസികള്‍ക്കിടയില്‍ ശിശുമരണനിരക്ക്‌ ഭയാനകമായ രീതിയില്‍ ഉയര്‍ന്നതാണ്‌. അതുകൊണ്ട്‌ ഒന്നും രണ്ടും കുട്ടികളുള്ള ആദിവാസി പുരുഷന്മാരെ വന്ധ്യംകരിക്കുന്നത്‌ തന്നെ ഇവരുടെ നിലനില്‍പ്പിന്‌ ഭീഷണിയാകുമെന്നിരിക്കെയാണ്‌ പ്രലോഭനങ്ങളില്‍ വീഴ്ത്തി വിദ്യാവിഹീനരായ ആദിവാസികളെ സമൂഹമായി ചതിച്ചുകൊണ്ടിരിക്കുന്നത്‌.
ശസ്ത്രക്രിയയ്ക്ക്‌ മുമ്പ്‌ അവശ്യം വേണ്ട ബോധവത്കരണം പോലും നടത്താതെയാണ്‌ ഈ യുവാക്കളെ ചതിക്കുഴിയില്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത്‌. 22 വയസ്സില്‍ കൂടുതലുള്ള പുരുഷന്മാരെയും 18 വയസ്സില്‍ കൂടുതലുള്ള സ്ത്രീകളെയും മാത്രമേ വന്ധ്യം കരണത്തിന്‌ വിധേയരാക്കാവൂ എന്നാണ്‌ മറ്റൊരു ചട്ടം. എന്നാല്‍, പ്രായത്തെ കുറിച്ച്‌ ആദിവാസികള്‍ക്ക്‌ നിശ്ചയമില്ലാത്തതുകൊണ്ട്‌ ഈ മാനദണ്ഡവും വയനാട്‌, ഇടുക്കി ജില്ലകളില്‍ ലംഘിക്കപ്പെടുകയാണ്‌ ആതിരേ..!!
അശാസ്ത്രീയമായ രീതിയിലാണ്‌ ആദിവാസി യുവാക്കളെ ശസ്ത്രക്രിയയ്ക്ക്‌ വിധേയരാക്കുന്നത്‌ എന്നതാണ്‌ ഇതിലും ഭീതിജനകമായ വാസ്തവം. ഇത്തരത്തിലുള്ള ശസ്ത്രക്രിയക്ക്‌ വിധേയരാകേണ്ടി വന്നതുകൊണ്ട്‌ നിത്യരോഗികളായി കഴിയുന്ന യുവാക്കളെ വയനാട്ടിലെ ആദിവാസികോളനികളില്‍ കണ്ടെത്താം. മുട്ടില്‍ പഞ്ചായത്തിലെ കല്ലൂപാടി പണിയ കോളനിയിലെ നാരായണന്‍ വന്ധ്യംകരണത്തിന്റെ ദുരിതമേറ്റുവാങ്ങാന്‍ തുടങ്ങിയിട്ട്‌ ഏറെ നാളുകളായി. രണ്ടുകുട്ടികള്‍ മാത്രമുള്ള നാരായണനെ ആരോഗ്യവകുപ്പ്‌ ജീവനക്കാരാണ്‌ വന്ധ്യംകരണ ശസ്ത്രക്രിയക്ക്‌ പ്രേരിപ്പിച്ചത്‌. നാരായണന്റെ ഭാര്യയോടാണ്‌ ആദ്യം ഇക്കാര്യം ആവശ്യപ്പെട്ടതെങ്കിലും ഭാര്യയ്ക്ക്‌ ഭയമായതുകൊണ്ട്‌ ശസ്ത്രക്രിയയ്ക്ക്‌ വിധേയനാകാന്‍ നാരായണന്‍ സന്നദ്ധനാവുകയായിരുന്നു. നാരാണയണന്‍ ഉള്‍പ്പെടെ പത്തിലേറെ പേരെ മീനങ്ങാടി താലൂക്ക്‌ ആശുപത്രികളിലാണ്‌ ശസ്ത്രക്രിയക്ക്‌ വിധേയരാക്കിയത്‌. ശസ്ത്രക്രിയ കഴിഞ്ഞയുടന്‍ രക്തസ്രാവം തുടങ്ങി. തുടര്‍ന്ന്‌ ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. രക്തസ്രാവം നിന്നെങ്കിലും ശാരീരിക അവശത മൂലം കാര്യമായ ജോലിയൊന്നും ചെയ്യാന്‍ കഴിയാതെ ജീവച്ഛവം പോലെ കഴിയുകയാണ്‌ നാരായണന്‍. നാരായണനൊപ്പം ശസ്ത്രക്രിയയ്ക്ക്‌ വിധേയനായ ചീയമ്പം പണിയ കോളനിയിലെ രാഘവനും ഇതേ അനുഭവമുണ്ടായി. എന്നാല്‍, ഇതുവരെ ഇവര്‍ക്കാര്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
ഇത്തരമൊരു അവസ്ഥ നാട്ടുവാസിക്കാണ്‌ ഉണ്ടാകുന്നതെങ്കില്‍, ആതിരേ സംഭവിക്കാവുന്ന കോലാഹലം ഊഹിക്കാവുന്നതേയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളും ആക്ഷന്‍ കൗണ്‍സിലുകളും പ്രക്ഷോഭവുമായി രംഗത്തെത്തുകയും ശസ്ത്രക്രിയ നടത്തിയ ആശുപത്രി അടിച്ചു തകര്‍ക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യും, തീര്‍ച്ചയായും.. എന്നാല്‍ ബോധപൂര്‍വം വഞ്ചിക്കപ്പെട്ട ഈ സാധു മനുഷ്യരുടെ പൗരാവകാശം സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല ആക്ഷന്‍ കൗണ്‍സിലുമില്ല. ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തുന്ന സമുദായ സംഘടനകളും ഈ അനീതിക്കെതിരെ കണ്ണടച്ചിരിക്കുകയാണ്‌ ആതിരേ...!!!.
ഓരോ വര്‍ഷവും എത്ര പേരെ വന്ധ്യം കരിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ ജില്ലാ തലങ്ങളില്‍ കണക്ക്‌ തയ്യാറാക്കാറുണ്ട്‌. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരും ഫീല്‍ഡ്‌ വര്‍ക്കര്‍മാരും എത്തുന്നത്‌ ആദിവാസി കോളനികളിലാണ്‌. ഒരാളെ ശശ്ത്രക്രിയയ്ക്ക്‌ എത്തിച്ചാല്‍ ജീവനക്കാരന്‌ 250 രൂപ ലഭിക്കും. തുച്ഛമായ വേതനം പറ്റുന്ന താല്‍ക്കാലിക ജീവനക്കാര്‍ കൂടുതല്‍ ആളെ കണ്ടെത്താനാണ്‌ ആദിവാസി കോളനികള്‍ ലക്ഷ്യമിടുന്നത്‌. എണ്ണം തികയ്ക്കാന്‍ ആരോഗ്യവകുപ്പ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന നീതിരഹിതമായ ഈ ശ്രമമാണ്‌ ആദിവാസി യുവാക്കളെ അവരുടെ അറിവുപോലുമില്ലാതെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയരാക്കുന്നത്‌.
ജനസംഖ്യാ നിയന്ത്രണം അവശ്യം നടപ്പിലാക്കേണ്ട ആരോഗ്യ പ്രവര്‍ത്തനം തന്നെയാണ്‌ ആതിരേ. എന്നാല്‍, ഇതിനായി സാധുക്കളായ ആദിവാസി യുവാക്കളെയും യുവതികളെയും ചാക്കിട്ട്‌ പിടിക്കുന്നത്‌ ഒരിക്കലും നീതിമത്ക്കരിക്കാവുന്ന നടപടിയല്ല. എന്തുകൊണ്ട്‌ സാക്ഷരരായ മറ്റുള്ളവരെ ഇതിന്‌ പ്രേരിപ്പിച്ച്‌ എണ്ണം തികയ്ക്കാനും ജനസംഖ്യാനിയന്ത്രണം എന്ന ലക്ഷ്യം നേടാനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നില്ല എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കേണ്ടത്‌ ശ്രീമതിയാണ്‌. ഒരു വകുപ്പിന്റെ നേട്ടത്തിനായി ഒരു വിഭാഗം നിസ്സഹായര്‍ ഉന്മൂലം ചെയ്യപ്പെടുന്ന ക്രൂരതയാണ്‌ ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ഇപ്പോളൗദ്യോദിക അംഗീകാരത്തോടെ നടന്നു കൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ 2006-ലെ വനാവകാശ നിയമത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥനാ വനം വകുപ്പ്‌ മന്ത്രിമാരുടെയും പരിസ്ഥിതി മന്ത്രിമാരുടെയും യോഗത്തില്‍ ആദിവാസികളുടെ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വിതരണം പൂര്‍ത്തിയാക്കണമെന്നുമാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ആവശ്യപ്പെട്ടത്‌. കേവല മനുഷ്യരായി ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കപ്പെട്ട്‌ പൊതുസമൂഹത്തിന്റെ വെളിം പറമ്പുകളില്‍ വലിച്ചെറിയപ്പെട്ട ജനസമൂഹമാണ്‌ ആദിവാസികള്‍. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സ്വത്വം സംരക്ഷിക്കാനും ഇന്ത്യയിലെ ആദിവാസികള്‍ ആയുധമെടുക്കേണ്ട സങ്കീര്‍ണമായ അവസ്ഥയാണ്‌ ആതിരേ ഇന്ന്‌ ഇന്ത്യയില്‍ പൊതുവേയും ചില സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചുമുള്ളത്‌.ഇതൊരു കാരണമാക്കിയെടുത്ത്‌ മാവോയിസ്റ്റ്‌ നക്സലൈറ്റ്‌ ഇടപെടലുകളുടെ പേരില്‍ അധികാരത്തിന്റെ മര്‍ദനമുറകള്‍ ഉപയോഗിച്ച്‌ ഈ ജനവിഭാഗത്തെ അടിച്ചൊതുക്കാന്‍ ശ്രമം നടക്കുമ്പോഴാണ്‌ ഇവരെ പാടെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢതന്ത്രമായ വന്ധ്യംകരണ ശസ്ത്രക്രിയ അതീവ രഹസ്യമായും കണിശതയോടെയും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടപ്പിലാക്കുന്നത്‌ ആതിരേ. ഇക്കാര്യം ബാലന്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആദിവാസികളുടെ സംരക്ഷണത്തിനും അവരുടെ നിലനില്‍പ്പ്‌ സുഗമമാക്കാനും എന്ത്‌ നടപടിയാണ്‌ സ്വീകരിച്ചിട്ടുള്ളതെന്ന്‌ വ്യക്തമാക്കാന്‍ മന്ത്രിക്ക്‌ ഉത്തരവാദിത്തമുണ്ട്‌. ഇതറിയാന്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ അവകാശവുമുണ്ട്‌.

Thursday, November 5, 2009

മടിയില്‍ ഘനമുള്ളവരുടെ വേവലാതികള്‍

എന്തിനാണ്‌ ആതിരേ മുഖ്യമന്ത്രി അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇത്ര ബേജാറാകുന്നത്‌...?
കണ്ണൂരിലെ തെരഞ്ഞെടുപ്പിന്റെ അക്രമരഹിതമായ നടപടിക്രമങ്ങള്‍ക്ക്‌ കേന്ദ്രസേനയെ ഇറക്കിയതാണ്‌ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന്‌ പ്രതികരണങ്ങളില്‍ നിന്ന്‌ വായിച്ചെടുക്കാം.
'മടിയില്‍ ഘനമില്ലാത്തവര്‍ക്ക്‌ വഴിയില്‍ ആരെയും പേടിക്കേണ്ട' എന്ന്‌ ലാവലിന്‍ അഴിമതികേസ്‌ ഉയര്‍ന്നു വന്നപ്പോള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്‌ പിണറായി വിജയന്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 64 ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമാണ്‌. എന്നിട്ടും കണ്ണൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‌ കേന്ദ്രസേനയെ വിന്യസിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ പിണറായി മുതല്‍ അച്യുതാനന്ദന്‍ വരെയുള്ളവര്‍ക്ക്‌ ഹാലിളകിയിരിക്കുകയാണ്‌.
ഇതുകാണുമ്പോള്‍, ജനങ്ങള്‍ ചോദിക്കുന്നത്‌ ഇവരുടെ മടിയില്‍ ഘനമുള്ളതുകൊണ്ടല്ലേ ഈ വെപ്രാളങ്ങളെന്നാണ്‌.
മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഭാഗത്ത്‌ നിന്നാണ്‌ , ആതിരേ കേന്ദ്ര സേന വിന്യാസത്തിനെതിരെ ഏറ്റവും വിലകുറഞ്ഞ ഒരു പ്രതികരണമുണ്ടായത്‌. പട്ടാളം വന്നാല്‍ ബാരക്കില്‍ ഇരിക്കുകയേ ഉള്ളു എന്നായിരുന്നു അച്യുതാനന്ദന്റെ പ്രതികരണം. പട്ടാളം വരട്ടെ കുറേ നാളായി കാണാത്തവരെ ജനങ്ങള്‍ക്ക്‌ കാണാമല്ലോ എന്ന്‌ പിണറായിയും ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണ്‌ എന്ന്‌ കോടിയേരിയും കൂടെ പറയുന്നതും കേരളം കേട്ടു.
അണികളെ ഉത്തേജിപ്പിക്കാന്‍ ഈ പ്രതികരണങ്ങള്‍ക്ക്‌ കഴിയുമെങ്കിലും ഇവ വിവരക്കേടിന്റെ ഏറ്റവും വികൃതമായ പ്രദര്‍ശനമായിട്ടാണ്‌ വിവേകമുള്ളവര്‍ വിലയിരുത്തുക.
ആതിരേ, ഏതെങ്കിലും സംസ്ഥാനത്ത്‌, മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ ക്രമസമാധാനം ഉള്‍പ്പെടെ ഉള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌. കമ്മീഷന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ സഹായിക്കുക എന്നതാണ്‌ സംസ്ഥാന സര്‍ക്കാരിന്റെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും ചുമതല. ഈ അടിസ്ഥാന വിവരം അറിയാതെ അല്ല വി.എസ്‌ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസേനയ്ക്ക്‌ നേരെ കുരച്ച്‌ ചാടിയത്‌. മറിച്ച്‌ വരാനിരിക്കുന്ന ഭീകരമായ തോല്‍വിയെക്കുറിച്ചുള്ള ആശങ്ക അവനവനില്‍ നിന്ന്‌ അകറ്റാനും അണികളില്‍ നിന്ന്‌ മാറ്റാനും വേണ്ടിയുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു അവ.
എന്നാല്‍, ഒരു മുഖ്യമന്ത്രിയില്‍ നിന്ന്‌ ഇങ്ങനെയൊരു പ്രതികരണം ഉണ്ടാകാമോ എന്നതാണ്‌ ആദ്യത്തെ ചോദ്യം. ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന സ്ഥാനങ്ങളാണ്‌ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ്‌ കമ്മീഷനും. ഈ രണ്ട്‌ വ്യത്യസ്ത സ്വതന്ത്ര സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനാധിപത്യ ഭരണക്രമത്തിന്റെ അടിസ്ഥാന പ്രക്രിയകള്‍ സുഗമമായി നിര്‍വഹിക്കാന്‍ കഴിയൂ. ഇതറിഞ്ഞിട്ടും ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപനങ്ങള്‍ നടത്തുക വഴി വി.എസ്‌ അച്യുതാനന്ദന്‍ സ്വയം തരം താഴുകയായിരുന്നു എന്നുമാത്രമല്ല ഇതിലൂടെ എതിര്‍പക്ഷത്തിന്‌ വിജയത്തിലേക്കുള്ള പാത സുഗമമാക്കുകയുമായിരുന്നു.
ഇവിടെ ഒരു ഓര്‍മ കടന്നുവന്നേ തീരു ആതിരേ. ലാവലിന്‍ അഴിമതി കേസില്‍ മുന്‍ വിദ്യുച്ഛക്തി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ കേരളാ ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായി അനുമതി നല്‍കിയപ്പോള്‍ അതിനെതിരെ പാര്‍ട്ടി പിടഞ്ഞ്‌ പ്രതികരിക്കുകയുമുണ്ടായി. അത്‌ സ്വാഭാവികം. എന്നാല്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കരുതെന്ന മന്ത്രിസഭാ തീരുമാനം കൈമാറിയിട്ടും ഗവര്‍ണര്‍ സ്വീകരിച്ച ആ നടപടിയ്ക്കെതിരെ വി.എസ്‌ അച്യുതാനന്ദന്റെ പ്രതികരണം എന്താണെന്നറിയാനായിരുന്നു കേരളം കാതോര്‍ത്തത്‌. ഇതിന്‌ ഒരു പാര്‍ട്ടിപരമായ വശം കൂടിയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ പിണറായി വിജയനും വി.എസ്‌ അച്യുതാനന്ദനും തുടര്‍ന്നുപോരുന്ന വിഭാഗീയ നടപടികള്‍ അതിന്റെ തിരിച്ചടികളുമായിരുന്നു അത്‌.
എന്നാല്‍,ആതിരേ, പാര്‍ട്ടി അണികളെയും കേന്ദ്ര നേതൃത്വത്തെയും അമ്പരിപ്പിച്ചുകൊണ്ട്‌ ഗവര്‍ണറുടെ നടപടിയെ അംഗീകരിക്കുകയായിരുന്നു വി.എസ്‌ അച്യുതാനന്ദന്‍. അതിന്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌ ഭരണഘടനാപരമായ സാങ്കേതികത്വം ആയിരുന്നു. എന്നാല്‍, മുമ്പ്‌ ഗവര്‍ണറുടെ നടപടികളെ വി.എസ്‌ വിമര്‍ശിച്ച അവസരങ്ങള്‍ ചൂണ്ടിക്കാട്ടി ഔദ്യോഗിക പക്ഷവും നിഷ്പക്ഷരായ ജനങ്ങളെയും ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴും മൗനവ്രതം ഭഞ്ജിക്കാന്‍ അച്യുതാനന്ദന്‍ തയ്യാറായില്ല.
ആ അച്യുതാനന്ദനാണ്‌ ഇപ്പോള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നടപടിയെ യുക്തിരഹിതമായി ചോദ്യം ചെയ്തിട്ടുള്ളത്‌. എന്നാല്‍, ആദ്യ പ്രഖ്യാപനത്തിലെ വിവരക്കേട്‌ മനസ്സിലായ ശേഷം പട്ടാളം വന്നോട്ടെ ആരുടെയും കൈപിടിച്ച്‌ നോക്കാന്‍ അനുവാദമില്ല എന്ന്‌ ആദ്യത്തെ പ്രഖ്യാപനത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ അച്യുതാനന്ദന്‍ ശ്രമിക്കുന്നതും കേരളം കണ്ടു.
പൊതുസമൂഹത്തിന്റെ ചോദ്യം ഇതാണ്‌ ആതിരേ-. മൂന്ന്‌ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ എന്തുകൊണ്ട്‌ കണ്ണൂരില്‍ മാത്രം കേന്ദ്രസേനയെ വിന്യസിക്കുന്നു? ആരാണ്‌ അതിനുത്തരവാദികള്‍?
ഈ രണ്ട്‌ ചോദ്യങ്ങള്‍ക്കും കണ്ണൂരിലെ ഇടതുപക്ഷ വോട്ടര്‍മാര്‍ക്കും സഹയാത്രികര്‍ക്കും വ്യക്തമായ ഉത്തരമുണ്ട്‌. കണ്ണൂരില്‍ ഇല്ലാത്ത കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ വോട്ടര്‍മാരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇറക്കുമതി ചെയ്ത്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അട്ടിമറിക്കാനുള്ള ഗൂഢശ്രമം നടന്നുവെന്ന്‌ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടപടികള്‍ ഉറപ്പ്‌ വരുത്താന്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുള്ളത്‌. വോട്ടേഴ്സ്‌ ലിസ്റ്റിലെ ക്രമക്കേടുകളെ കുറിച്ച്‌ യുഡിഎഫ്‌ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിസ്ഥാനപരമായിരുന്നു എന്നതിന്റെ തെളിവാണ്‌ കണ്ണൂരിലെ കളക്ടറെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. അതിന്‌ ശേഷവും വ്യാപകമായ വ്യാജ വോട്ട്‌ ഇറക്കുമതി നടന്നു എന്ന്‌ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ സംഘര്‍ഷരഹിതമായി നടത്താന്‍ കേന്ദ്രസേനയെ അയച്ചത്‌.
ഇതിനുത്തരവാദികള്‍ കണ്ണൂരിലെ സമ്മതിദായകരോ കണ്ണൂരില്‍ ജനവിധി തേടുന്ന യുഡിഎഫ്‌ ബിജെപി സ്ഥാനാര്‍ത്ഥികളോ അല്ല. മറിച്ച്‌ സിപിഎമ്മും ഇടതുപക്ഷ മുന്നണിയുമാണ്‌. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുണ്ടായ അവഹേളനത്തിന്‌ മറുപടി പറയാന്‍ ലഭിച്ച അവസരമാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌. എന്നാല്‍, ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം അതിന്റെ യഥാര്‍ത്ഥ ഭൂമികയില്‍ പ്രതിഷ്ഠിക്കാനൊ മനസ്സിലാക്കാനോ ശ്രമിക്കാതെ ഭരണം തുടര്‍ന്നതിന്റെ തിരിച്ചടിയായിരിക്കും ഈ ജനവിധിയില്‍ വ്യക്തമാവുക എന്ന ആശങ്കയാണ്‌ അച്യുതാനന്ദന്‍ മുതല്‍ പിണറായി വരെയുള്ള നേതാക്കളെയും മാര്‍ക്സിസ്റ്റ്‌ അണികളെയും ഇടതുപക്ഷ പാര്‍ട്ടികളെയും ഭരിക്കുന്നത്‌. ഈ ഭയത്തില്‍ നിന്നുള്ള മോചനത്തിനായാണ്‌ ജനാധിപത്യ വിരുധമായ വോട്ടര്‍ ഇറക്കുമതിക്ക്‌ പാര്‍ട്ടിയും പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം കളക്ടറും ഉദ്യോഗസ്ഥരും ശ്രമിച്ചത്‌. ഈ കള്ളക്കളി അങ്ങാടിപ്പാട്ടാകുകയും അതിന്‌ തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ഇരിക്കപ്പൊറുതി ഇല്ലാതായത്‌.
മടിയില്‍ ഘനം തൂങ്ങുന്നത്‌ കൊണ്ടാണ്‌ ഈ വെപ്രാളമെന്നാണ്‌ കണ്ണൂരിലെയും ആലപ്പുഴയിലെയും എറണാകുളത്തെയും സമ്മതിദായകര്‍ മാത്രമല്ല കേരളത്തിലെ സാധാരണ ജനങ്ങളും വിലയിരുത്തുന്നത്‌. ഇതിനവര്‍ക്ക്‌ മുന്‍കാല പ്രാബല്യത്തോടെ ചില നടപടികളുടെ ഓര്‍മ്മയുമുണ്ട്‌. ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന്‌ വീമ്പിളക്കിയിട്ടും എസ്‌എന്‍സി ലാവലിന്‍ കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ്‌ ഈ സഖാക്കളെല്ലാം. നികുതിദായകരുടെ പണം മുടക്കിയാണ്‌ സുപ്രീം കോടതിയില്‍ നിന്ന്‌ ജഡ്ജിമാരെ ഇറക്കുമതി ചെയ്ത്‌ ഇതിനായി വാദിച്ചത്‌. പക്ഷെ, സത്യം അംഗീകരിക്കാന്‍ കോടതി തയ്യാറായപ്പോള്‍ അന്വേഷണം സിബിഐയ്ക്ക്‌ കൈമാറാനാണ്‌ വിധി വന്നത്‌.
ആതിരേ, സമാന സ്വഭാവമായ വെട്ടിലാണ്‌ പോള്‍ ജോര്‍ജ്ജ്‌ മുത്തൂറ്റ്‌ വധകേസില്‍ സംസ്ഥാന സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നത്‌. ഒരു മന്ത്രിപുത്രന്റെയും സുഹൃത്തുക്കളായ ഗുണ്ടാത്തലവന്റെയും അധോലോക രാജാക്കന്മാരുടെയും താല്‍പര്യ പ്രകാരം പോള്‍ വധകേസ്‌ അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കുകയായിരുന്നു ജേക്കബ്‌ പുന്നൂസിന്റെ പോലീസ്‌. അന്വേഷണത്തിലെ അനൗചിത്യങ്ങളും അട്ടിമറികളും ഒന്നൊന്നായി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ അവയ്ക്ക്‌ കൂച്ചുവിലങ്ങിടാനാണ്‌ കോടിയേരിയും പാര്‍ട്ടിയും ആദ്യം തീരുമാനിച്ചത്‌. പക്ഷെ അത്‌ നടപ്പിലായില്ല. ഇപ്പോള്‍ പോള്‍ ജോര്‍ജ്ജിന്റെ പിതാവ്‌ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം സിബിഐയ്ക്ക്‌ വിടണമോ എന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ചോദ്യത്തിന്‌ പാടില്ല എന്നാണ്‌ സര്‍ക്കാര്‍ മറുപടി നല്‍കിയത്‌. ഇതും മടിയില്‍ ഘനമുള്ളതുകൊണ്ടാണെന്ന്‌ വായിച്ചെടുക്കാന്‍ കെല്‍പ്പുള്ളവരാണ്‌ കേരളത്തിലെ ജനങ്ങള്‍. ഈ ജനങ്ങളെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലൂടെ വഞ്ചിക്കാമെന്ന വികൃത ചിന്തകള്‍ക്കാണ്‌ കേന്ദ്രസേനാ വിന്യാസത്തിലൂടെ വിലങ്ങ്‌ വീണിരിക്കുന്നത്‌.
ഇത്‌ തമസ്കരിച്ച്‌ അച്യുതാനന്ദനും കോടിയേരിയും പിണറായിയും ജയരാജന്മാരും വൈക്കം വിശ്വനും വെളിയം ഭാര്‍ഗവനുമൊക്കെ വെളിവുകേട്‌ പറയുമ്പോള്‍ കേരളം ഉറപ്പിക്കുകയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ കാര്യത്തിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും മടിയില്‍ താങ്ങാനാവാത്ത ഘനമാണുള്ളതെന്ന്‌.
അതുകൊണ്ടാണ്‌ ഇവരുടെ വെപ്രാളങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ അപഹാസ്യമായി തീരുന്നത്‌.ആതിരേ, അച്യുതാനന്ദനെങ്കിലും ഇത്‌ മനസ്സിലാക്കേണ്ടതായിരുന്നു.

Wednesday, November 4, 2009

ജസ്റ്റിസ്‌ ദിനകരനും ജുഡീഷ്യറിയുടെ വിശ്വാസ്യതയും

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക ചീഫ്‌ ജസ്റ്റിസായ പി.ഡി. ദിനകരന്‍ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത്‌ തടഞ്ഞതോടെ സുപ്രീം കോടതിയില്‍ ഒരു ജഡ്ജിയുടെ നിയമനത്തില്‍ ആതിരേ, പ്രതിസന്ധി നേരിട്ടിരിക്കുകയാണ്‌. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്‌.
പല കോണുകളില്‍ നിന്ന്‌ ഉയര്‍ന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളാണ്‌ ജസ്റ്റിസ്‌ പി.ഡി ദിനകരന്റെ സ്ഥാനക്കയറ്റത്തിന്‌ തടയിട്ടത്‌. സര്‍ക്കാര്‍ ഭൂമി അദ്ദേഹം കയ്യേറി എന്നാരോപിക്കപ്പെടുന്ന സ്ഥലത്തെ ജനങ്ങള്‍ നല്‍കിയ പരാതിക്കു പുറമെ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരായ എഫ്‌.എസ്‌ നരിമാനും ശാന്തിഭൂഷനും മുന്‍കൈയ്യെടുത്ത്‌ രൂപീകരിച്ച ഫോറം ഫോര്‍ ജുഡീഷ്യല്‍ അക്കോമഡബിലിറ്റി എന്ന സംഘടനയുടെ പേരില്‍ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനും നല്‍കിയ നിവേദനങ്ങളും ദിനകരന്റെ സ്ഥാനക്കയറ്റത്തിന്‌ വിനയായി. തിരുവള്ളൂര്‍, വെല്ലൂര്‍ ജില്ലകളിലായി ജസ്റ്റിസ്‌ ദിനകരന്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ഭൂമിയും ഉള്‍പ്പെടുന്നു എന്നാണ്‌ കണ്ടത്‌.
തിരുവള്ളൂര്‍ ജില്ലയിലെ തിരുത്തളി താലൂക്കില്‍ പെട്ട കാവേരി രാജപുരം, വെല്ലൂര്‍ ജില്ലയിലെ ആര്‍ക്കോണം എന്നിവിടങ്ങളില്‍ അഞ്ഞൂറേക്കറോളം ഭൂമി ദിനകരന്റെയും കുടുംബത്തിന്റെയും പേരിലുണ്ടെന്നാണ്‌ ആരോപണം. കാവേരി രാജപുരത്ത്‌ 197 ഏക്കര്‍ പൊതുസ്ഥലം കയ്യേറിയെന്ന്‌ സ്ഥലവാസികളായ 68 പേരാണ്‌ പരാതിപ്പെട്ടത്‌. ഈ ആരോപണം കാവേരി രാജപുരം വില്ലേജ്‌ ഓഫീസര്‍ ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ മാത്രം ദിനകരന്റെ ഉടമസ്ഥതയില്‍ 440 ഏക്കര്‍ ഭൂമിയുണ്ടെന്നാണ്‌ അഭിഭാഷക സംഘം കണ്ടെത്തിയത്‌. ദിനകരന്‍, ഭാര്യ ഡോ. വിനോദിനി, മക്കളായ അമൃത, അമുദ എന്നിവരുടെയും രണ്ട്‌ ബന്ധുക്കളുടെയും പേരിലാണ്‌ ഭൂമി പ്രമാണം ചെയ്തിട്ടുള്ളത്‌. ഈ സ്ഥലത്തിന്‌ ചുറ്റും വേലികെട്ടി തിരിച്ച്‌ സ്ഥലത്തേക്കുള്ള റോഡിന്‌ 'നീതി ചക്രവര്‍ത്തി ജസ്റ്റിസ്‌ പി.ഡി ദിനകരന്‍ റോഡ്‌' എന്ന്‌ നാമകരണവും ചെയ്തു. സമീപത്തെ ഭൂരഹിതര്‍ക്ക്‌ അര്‍ഹമായ ഭൂമിയാണ്‌ ദിനകരന്‍ ഇങ്ങനെ അനധികൃതമായി സ്വന്തം പേരിലാക്കിയത്‌.
1996 ഡിസംബര്‍ 19 മുതല്‍ 2008 ജൂണ്‍ 8 വരെ ദിനകരന്‍ മദ്രാസ്‌ ഹൈക്കോടതിയിലുണ്ടായിരുന്ന കാലത്താണ്‌ ഈ ഭൂമി വാങ്ങിക്കൂട്ടലും കയ്യേറ്റവും നടന്നതെന്നാണ്‌ ആരോപണം. ചെന്നൈയിലും ദിനകരന്‌ പലസ്ഥലങ്ങളിലായി അവിഹിത സ്വത്തുള്ളതായും അഭിഭാഷകസംഘം കണ്ടെത്തിയിട്ടുണ്ട്‌. ഷേണായി നഗറിലെ പുല്ല അവന്യൂവില്‍ ഈയിടെ നിര്‍മ്മിച്ച അഞ്ചുനിലക്കെട്ടിടം, അണ്ണാനഗര്‍ ഈസ്റ്റ്‌ മെയില്‍ കോഡിലെ ജെ-81 കെട്ടിടം എന്നിവയിലും ദിനകരന്‌ പങ്കുണ്ടായിരുന്നു. ചെമ്പൂരിലെ 70 ഏക്കറോളം ഭൂമി ബിന്നി കമ്പനിക്ക്‌ ലേലം ചെയ്തതിലും 2009 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതിയില്‍ 300 കേസുകളിലെ പ്രതികള്‍ക്ക്‌ കേവലം മൂക്കാല്‍ മണിക്കൂറുകൊണ്ട്‌ ജാമ്യം നല്‍കിയതിലും അഴിമതി നടന്നതായി അഭിഭാഷകര്‍ കണ്ടെത്തിയിരുന്നു. അനധികൃത ഘനനം സംബന്ധിച്ച കേസുകള്‍ സ്വന്തം ബഞ്ചിലേക്ക്‌ മാറ്റി എല്ലാവര്‍ക്കും ലൈസന്‍സ്‌ നല്‍കിയതും ദിനകരനെ പ്രതിക്കൂട്ടിലാക്കി.
ആരോപണങ്ങള്‍ ഇങ്ങനെ ശക്തമായപ്പോഴാണ്‌ ദിനകരനെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ഉന്നതതല സമിതി (കൊളീജിയം) നിര്‍ബന്ധിതമായത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം ഇപ്പോള്‍ തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളത്‌.
ആതിരേ, ദിനകരനെതിരെ ഉയര്‍ത്തപ്പെട്ട ആരോപണങ്ങള്‍ക്കെല്ലാം ന്യായീകരണം കണ്ടെത്താന്‍ അഴിമതി ജീവിതക്രമമായ ഒരു രാഷ്ട്രത്തിനും അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കുമൊക്കെ കഴിഞ്ഞെന്നുവരും. കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം എന്ന ചിന്തയാണ്‌ ഇന്ന്‌ ഭൂരിപക്ഷം പേര്‍ക്കുമുള്ളത്‌. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്ന പ്രമാണം ദിനകരന്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കി എന്നാണ്‌ ഈ ആരോപണങ്ങളെല്ലാം തെളിയിക്കുന്നത്‌.
ദിനകരനെതിരെ ഇത്തരത്തില്‍ ഗൗരവമേറിയ അഴിമതി ആരോപണങ്ങളുയര്‍ന്നപ്പോള്‍ അത്‌ ഇന്ത്യന്‍ ജുഡീഷ്യറുടെ വിശ്വാസ്യതയ്ക്ക്‌ എതിരായ കുറ്റപത്രം കൂടിയായിരുന്നു. എന്നാല്‍, അത്‌ പൂര്‍ണമായി അംഗീകരിക്കാന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ഷന്‍ തയ്യാറായിട്ടില്ല.അവിടെയാണ്‌ പ്രശ്നം "ചില ജഡ്ജിമാര്‍ അഴിമതി കാണിക്കുന്നുണ്ട്‌ എന്ന്‌ കരുതി ഇന്ത്യന്‍ ജുഡിഷ്യല്‍ സിസ്റ്റം അപ്പാടെ അഴിമതിഭരിതമാണെന്ന്‌ സമ്മതിക്കാന്‍" അദ്ദേഹം തയ്യാറല്ല. എന്നുമാത്രമല്ല, ജഡ്ജിമാരടക്കമുള്ളവരുടെ അഴിമതി തടയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന ഏത്‌ നടപടിയും സ്വാഗതം ചെയ്യാന്‍ താന്‍ തയ്യാറാണ്‌ എന്നും ഇത്തരം പരിശോധനയ്ക്ക്‌ വിധേയനാകാന്‍ മടിയില്ലെന്നും പറഞ്ഞുവെച്ച്‌ വിഷയത്തില്‍ നിന്ന്‌ തലയൂരുകയായിരുന്നു ചീഫ്‌ ജസ്റ്റിസ്‌.
ഇവിടെയാണ്‌ ആതിരേ, 2002 വരെ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസായിരുന്ന എസ്‌.പി. ബെറൂച്ചയുടെ ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയമാകുന്നത്‌. ഇന്ത്യയിലെ 20 ശതമാനം ന്യായാധിപന്മാരും അഴിമതിക്കാരാണെന്നും ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റം അഴിമതി ഭരിതമാണെന്ന്‌ 63 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നുണ്ട്‌ എന്നുമാണ്‌ ബെറൂച്ച അഭിപ്രായപ്പെട്ടത്‌. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റിസ്‌ ബെറൂച്ചയുടെ ഈ അഭിപ്രായ പ്രകടനം.
എന്നാല്‍, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ കടത്തിവെട്ടുന്ന നിരത്തില്‍ സുപ്രീം കോടതി മുതല്‍ മജിസ്ട്രേറ്റ്‌ കോടതിവരെയുള്ള ന്യായാസനങ്ങളെ അഴിമതി അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നതാണ്‌ ഇന്ത്യയിലെ സാധാരണക്കാരന്റെ അനുഭവം. പലപ്പോഴും സമ്പന്നവിഭാഗത്തിനും അധികാരിവര്‍ഗത്തിനും മൂലധന ചൂഷകര്‍ക്കും അനുകൂലമായി വിധി പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്‌ നിയമപരമായി ഉറപ്പാക്കിയിട്ടുള്ള മൗലികാവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ ചൂഷകര്‍ക്ക്‌ കൂട്ട്‌ നില്‍ക്കുന്ന എത്രയോ വിധികള്‍ സുപ്രീം കോടതി മുതല്‍ മജിസ്ട്രേറ്റ്‌ കോടതി വരെ ഉണ്ടായിട്ടുണ്ട്‌. കൊക്കോ കോള കേസിലും സ്വാശ്രയ വിദ്യാഭ്യാസ നിയമ കേസിലുമൊക്കെ പുറത്തുവന്ന കോടതി വിധികള്‍ ഒരിക്കല്‍ പോലും പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയായിരുന്നില്ല. പണം മുടക്കാനുള്ള കഴിവും മിടുക്കന്മാരായ അഭിഭാഷകരെ വാദത്തിനായി നിയമിക്കാനുള്ള മികവുമുണ്ടെങ്കില്‍ ഏത്‌ കേസില്‍നിന്നും ഏത്‌ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. നിയമത്തിന്റെ പഴുതുകളിലൂടെ വഴുതി പോരാന്‍ ഈ കുറ്റവാളികള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നതില്‍ ന്യായാധിപന്മാര്‍ക്കും ഉളുപ്പില്ല എന്നതാണ്‌ വാസ്തവം. വെറുതെ ഒരാളും ഇത്തരം ഒരു സഹായം ചെയ്തുകൊടുക്കില്ലെന്ന്‌ ഏത്‌ ബുദ്ധിശൂന്യനും ഊഹിക്കാവുന്നതേയുള്ളു. അതായത്‌ വന്‍തുക കോഴയായി സ്വീകരിച്ച്‌ നിയമസംവിധാനത്തേയും നിയമവാഴ്ചയെയും അട്ടിമറിക്കുന്ന നിയമവിരുദ്ധതയുടെ സെലിബ്രിറ്റികളായി ന്യായാധിപന്മാര്‍ അധഃപതിച്ചു എന്നാണ്‌ ഈ സംഭവങ്ങളെല്ലാം അപായകരമായ വിധത്തില്‍ സൂചന നല്‍കുന്നത്‌. ജസ്റ്റിസ്‌ ദിനകരന്റെ രണ്ട്‌ കേസുകള്‍ മാത്രം ശ്രദ്ധിക്കുക. 300 കേസിലെ പ്രതികള്‍ക്ക്‌ മുക്കാല്‍ മണിക്കൂര്‍ കൊണ്ട്‌ ജാമ്യം അനുവധിച്ചതും അനധികൃത ഖാനനം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതി മാത്രം മതി എങ്ങനെയൊക്കെയാണ്‌ ഒരു മുതിര്‍ന്ന ന്യായാധിപന്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റത്തെ അട്ടിമറിക്കുന്നതെന്ന്‌ തിരിച്ചറിയാന്‍.
നീതി നിഷേധിക്കപ്പെടുന്ന ഇന്ത്യയിലെ സാധാരണക്കാരായ പൗരന്മാരുടെ അവസാനത്തെ അത്താണിയാണ്‌ ആതിരേ ന്യായാസനങ്ങള്‍. രാഷ്ട്രീയക്കാരും അവരുടെ പിന്തുണയോടെ സമ്പന്നരും മറിച്ചും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ അവകാശപ്പെട്ട ആനുകൂല്യങ്ങളും അധികാരങ്ങളും കവര്‍ന്നെടുത്ത്‌ അവരെ മാന്യമായി ജീവിക്കാനുള്ള പരിസരങ്ങളില്‍ നിന്നുപോലും ആട്ടിയിറക്കപ്പെടുന്ന ദുഷ്ടതയിത്തിലാണ്‌ വര്‍ത്തമാന കാല ഇന്ത്യ ജീവിക്കുന്നത്‌. ഇവിടെ പൗരന്‌ അവന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അവസാനത്തെ ആശ്രയം ന്യായാസനങ്ങളാണ്‌. പക്ഷെ, ന്യായാധിപന്മാര്‍ ം ഷൈലോക്കുമാരായും പോലെയും ഇറച്ചിവെട്ടുകാരായുംപരിണമിക്കുമ്പോള്‍ നഷ്ടപ്പെടുന്നത്‌ പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജുഡീഷ്യറി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ്‌. കൊല്‍ക്കത്ത ഹൈക്കോടതിയിലെ സൗമിത്രാ സെന്‍, പഞ്ചാബ്‌ ഹരിയാന ഹൈക്കോടതിയിലെ വനിതാ ജഡ്ജി നിര്‍മ്മല്‍ യാദവ്‌ തുടങ്ങിയവര്‍ ദിനകരന്റെ മുന്‍ഗാമികളാണ്‌. 1993ല്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന വി. രാമസ്വാമി ഇവരെയെല്ലാം കടത്തിവെട്ടിയ കില്ലാടിയായിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കുമെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാരോ പാരലമെന്റോ തയ്യാറായിട്ടില്ല. നാഷണല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ രൂപീകരിക്കാനുള്ള ബില്ലുപോലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ കുത്തഴിഞ്ഞ നീതിബോധത്തിന്റെയും നിയമപാലനത്തിന്റെയും നാട്ടില്‍ കഴിയേണ്ടി വരുമ്പോഴാണ്‌ എതിര്‍പ്പിന്റെ ആയുധങ്ങളുമായി മാവോയിസ്റ്റുകളെ പോലെയുള്ള സംഘടനകള്‍ മുന്നോട്ടുവരുന്നത്‌. അവരെ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ പത്തിലൊന്ന്‌ ദിനകരനെ പോലെയുള്ള അഴിമതി വീരന്മാരെ നിയന്ത്രിക്കാന്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ ആതിരേ, ഈ നാട്‌ ഇങ്ങനെ ആകുമായിരുന്നില്ല. പറഞ്ഞിട്ടെന്ത്‌ ദിനകരനെ പോലെയുള്ളവര്‍ക്കാണ്‌ ഇന്നും സമൂഹത്തില്‍ സ്ഥാനവും അംഗീകാരവും.