Friday, December 30, 2011

20011:ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടകം


ആതിരേ
കലണ്ടര്‍ താളുകള്‍ പന്ത്രണ്ടും മറിയുന്നു;
ഒരു വര്‍ഷം കൂടി മറയുന്നു....
പതിവുപോലെ വിവാദങ്ങളും വിയോഗങ്ങളും ദുരന്തങ്ങളും വീശിയടിച്ചു കടന്നു പോയി.
നോവും നീറ്റലും മനസ്സുകളില്‍ നിറഞ്ഞു തുളുമ്പി.
അധികാര രാഷ്ട്രിയത്തിന്റെയും അതിജീവന രാഷ്ട്രീയത്തിന്റെയും അശ്ലീലതകളില്‍ മലയാളിയുടെ പൊതുബോധം പ്രതിഷേധമായി.
നീതിയും ന്യായവും സത്യവും പകല്‍ വെളിച്ചത്തില്‍ പൊതു നിരത്തില്‍ ബലാത്സംഗത്തിനിരയായി.
മകളെ പീഡിപ്പിക്കുന്ന പിതാക്കന്മാരും അദ്ധ്യാപകരും ബന്ധങ്ങളുടെ ധാര്‍മീകതയില്‍ കയ്പ്പ്‌ നിറച്ചു.
തട്ടിപ്പും ഉഡായിപ്പും ബഹുനില മന്ദിരങ്ങളുടെ രൂപമാര്‍ജിച്ചു.
രാഷ്ട്രീയ വിലയിരുത്തലില്‍ കേരളത്തിന്റെ സമ്മതിദാനവിവേകം സമദൂരം പാലിച്ചു.
വിലക്കയറ്റത്തിലും രൂപയുടെ മൂല്യമിടിയലിലും പതിവുപോലെ സഹനത്തിന്റെ വിശുദ്ധരായി എല്ലാം സഹിച്ചു.
സാഹിത്യത്തിലും സിനിമയിലും ഓര്‍ത്തു വയ്ക്കാനൊന്നുമില്ലാത്ത ശൂന്യത സൃഷ്ടിക്കപ്പെട്ടു.
മാലാഖമാര്‍ അറച്ചു നിന്നതു കൊണ്ട്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗുണ്ടകള്‍ തിമിര്‍ത്താടി.
മൊബെയില്‍ഫോണ്‍ ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്തു.

ഒരു കെട്ടകാലം കൂടി കടന്നു പോകുന്നെന്ന്‌ വൃദ്ധമാനസങ്ങള്‍
നിരാശതയല്ലതെ മറ്റൊന്നുമില്ലെന്ന്‌ യുവഹൃദയങ്ങള്‍

ചുള്ളിക്കാട്‌ പറഞ്ഞത്‌ പോലെ
"കലണ്ടറില്‍ നിത്യജീവിതത്തിന്റെ ദുഷ്ക്കര പദപ്രശ്നം,
പലിശ, പറ്റുപടി; വൈദ്യനും വാടകയും പകുത്തെടുത്ത പലകള്ളികള്‍,
ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടകം."

എല്ലാ വിതാനങ്ങള്‍ക്കും മുകളില്‍
മുല്ലപ്പെരിയാര്‍ ഭീഷണിയുടെ
നിലയ്ക്കാത്ത ഇടിമുഴക്കങ്ങള്‍

ഈ തിരിച്ചടികള്‍ക്കിടയിലും
ആഗാമിയാകുന്ന നവവത്സരത്തെ
പ്രത്യാശയോടെ വരവേല്‍ക്കാനാകുമെങ്കില്‍
സുഹൃത്തേ,സുകൃതം ചെയ്തതാണ്‌
താങ്കളുടെ ജന്മം

Wednesday, December 28, 2011

ലതാന്റി കുലുങ്ങിച്ചിരിക്കുമ്പോള്‍ സിബിഐ കൂടെച്ചിരിക്കുന്നു


ആല്‍ബങ്ങളിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ കൗമാരക്കുരുന്നുകളെ വലവീശിപ്പിടിച്ച്‌ ഉന്നതസുഖാന്വേഷകരുടെ കിടപ്പറകളിലെത്തിച്ച്‌ കാമക്കമ്പോളത്തില്‍ തൃഷ്ണാശമനത്തിന്റെ പണ്ടികശാലകള്‍ പണിതുയര്‍ത്തിയ പെണ്‍വാണിഭ രാജ്ഞിയായിരുന്നു ഒരു കാലത്ത്‌ ലതാ നായര്‍. അന്ന്‌ ശോഭാ ജോണൊന്നും രതിവിപണിയുടെ നാലയലത്തെത്തിയിരുന്നില്ല. കിളിരൂരിലെ ശാരിയെ കണ്ടക്ടറായ പ്രവീണിനും കവിയൂരിലെ അനഘയെ പിതാവായ നാരായണന്‍ നമ്പൂതിരിക്കും കൂട്ടിക്കൊടുക്കാന്‍ മാത്രമാണ്‌ ലതാ നായര്‍ മാംസവില്‍പ്പനയുടെ മൊത്തക്കച്ചവടം തുടങ്ങിയതെന്ന്‌ വിശ്വസിക്കാന്‍ നമ്മളാരും സിബിഐ ഉദ്യോഗസ്ഥരല്ലല്ലോ






ആതിരേ,ഇത്രയൊക്കെ കോലാഹലം നടന്നിട്ടും കുലുങ്ങാത്ത ഒരാളുണ്ട്‌. കുലുങ്ങുന്നില്ലെങ്കിലും സംഭവങ്ങളുടെ പരിണതി കണ്ട്‌ കുലുങ്ങി ചിരിക്കുന്നുണ്ടെന്നത്‌ തീര്‍ച്ച. അതാണ്‌ ലതാ നായര്‍ എന്ന ലതാന്റി!
രതിവിപണനത്തിന്‌ കൊണ്ടു നടന്ന പെണ്‍കുട്ടികള്‍ മാത്രമല്ല, സുഖംപറ്റുകാരും ലതാ നായരെ സ്നേഹപൂര്‍വ്വം സംബോധന ചെയ്തിരുന്നത്‌ ലതാന്റി എന്നാണ്‌. എം.എ.ബേബി അടക്കമുള്ള രാഷ്ട്രീയ ഉന്നതന്മാരും ജോയി ആലുക്കാസിനെപ്പോലെയുള്ള വ്യാപാര പ്രമുഖരും ഏഷ്യാനെറ്റ്‌ മോഹനെപ്പോലെയുള്ള മാധ്യമ മേധാവികളും തോമസ്‌ ചാണ്ടിയെപ്പോലെയുള്ള റിസോര്‍ട്ട്‌ ഉടമകളും എന്‍.ഗോപിനാഥന്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍ സൗഹൃദ ശൃംഖലയാണ്‌ ലതാന്റിക്ക്‌ ഉണ്ടായിരുന്നത്‌.
ആവശ്യപ്പെടുന്ന എല്ലാവരുടേയും നിഷിദ്ധരതിപ്രിയത്വം തിരിച്ചറിഞ്ഞ്‌ സര്‍വാംഗ സുഖദായിനിയായി, കുളുര്‍സ്ത്രൈണസമ്പന്നതകളോടെ , തത്സമയം ലതാ നായര്‍ എത്തുമ്പോള്‍ "ആന്റീീ‍ീ‍ീ‍ീ‍ീ‍ " എന്നാരും വിളിച്ചു പോകും ." കസ്റ്റമേഴ്സിന്റെ സുഖഭോഗം എന്റെ സംതൃപ്തി " എന്നതാണ്‌ ലതാന്റിയുടെ കസ്റ്റമര്‍ കീയര്‍ സര്‍വീസിന്റെ ലൈന്‍ തന്നെ.
തിരിച്ച്‌, "ലതാന്റി എന്റെ തൃഷ്ണകളുടെ ഐശ്വര്യം" എന്ന്‌ പറ്റുപടിക്കാര്‍ ആരാധനയോടെ വാഴ്ത്തുകയും ചെയ്തിരുന്നു..
ലതാന്റിയുടെ ഈ ബിസിനസ്‌ കരിസ്മയ്ക്ക്‌ മുന്നില്‍ നിന്നപ്പോള്‍ , ആതിരേ, ലോകം വിറപ്പിക്കുന്ന സിബിഐ ഏമാന്മാര്‍ക്കുപോലും വീര്യം നഷ്ടപ്പെട്ടു.മുട്ടുമാത്രമല്ല സര്‍വാംഗം വിറച്ചു, തരിച്ചു; ഫ്ലാറ്റായി.ആ അശ്ലീലതയില്‍ നിന്നാണ്‌ അനഘയുടെ പീഡകനായി പിതാവ്‌ നാരായണന്‍ നമ്പൂതിരിയെ ടീം നന്ദകുമാര്‍ നായര്‍ കണ്ടെടുത്തത്‌..
ലോക്കല്‍ പോലീസ്‌ കേസന്വേഷണം അട്ടിമറിച്ചതിനു പിന്നിലെ സമ്മര്‍ദ്ദവും പ്രലോഭനവും ഒക്കെ നമുക്ക്‌ ഊഹിക്കാം. പെണ്ണും പണവും കള്ളും തിരസ്കരിക്കാനുള്ള ആര്‍ജ്ജവമുള്ള ഓഫീസര്‍മാരും കോണ്‍സ്റ്റബിള്‍മാരും ലോക്കല്‍ പോലീസില്‍ തുലോം വിരളമാണ്‌. "എന്തു വന്നാലുമെനിക്കാസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ളീജീവിതം" എന്ന്‌ ചങ്ങമ്പുഴയുടെ രമണനിലെ നായിക ചന്ദ്രിക പറഞ്ഞത്‌ തന്നെയാണ്‌ ലോക്കല്‍ പോലീസിലെ ഭൂരിപക്ഷത്തിന്റേയും ആപ്തവാക്യം
എന്നാല്‍, ഏത്‌ നരകത്തില്‍ ചെന്നും തെളിവ്‌ ശേഖരിച്ച്‌, എത്ര ഉന്നതരാണെങ്കിലും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും എന്ന്‌ വീമ്പിളക്കിയിരുന്ന സിബിഐ ഏമാന്മാരാണ്‌ ലതാന്റിക്കു മുന്നിലെത്തിയപ്പോള്‍ തളര്‍ന്നസ്തപ്രജ്ഞരായത്‌. അതുകൊണ്ടാണ്‌ കവിയൂര്‍ - കിളിരൂര്‍ പീഡനക്കേസുകളിലെ പ്രതികളായ ഉന്നതന്മാര്‍ക്കുനേരെ വിരല്‍ ചൂണ്ടാന്‍ പോലുമാകാതെ ടീം നന്ദകുമാര്‍ നായര്‍ തളര്‍ന്ന്‌ തൂങ്ങിയത്‌.
കിളിരൂരിലെ ശാരിയെ കണ്ടക്ടറായ പ്രവീണിനും കവിയൂരിലെ അനഘയെ പിതാവായ നാരായണന്‍ നമ്പൂതിരിക്കും കൂട്ടിക്കൊടുക്കാന്‍ മാത്രമാണ്‌ ലതാ നായര്‍ മാംസവില്‍പ്പനയുടെ മൊത്തക്കച്ചവടം തുടങ്ങിയതെന്ന്‌ വിശ്വസിക്കാന്‍ നമ്മളാരും സിബിഐ ഉദ്യോഗസ്ഥരല്ലല്ലോ, ആതിരേ...
ആല്‍ബങ്ങളിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ കൗമാരക്കുരുന്നുകളെ വലവീശിപ്പിടിച്ച്‌ ഉന്നതസുഖാന്വേഷകരുടെ കിടപ്പറകളിലെത്തിച്ച്‌ കാമക്കമ്പോളത്തില്‍ തൃഷ്ണാശമനത്തിന്റെ പണ്ടികശാലകള്‍ പണിതുയര്‍ത്തിയ പെണ്‍വാണിഭ രാജ്ഞിയായിരുന്നു ഒരു കാലത്ത്‌ ലതാ നായര്‍. അന്ന്‌ ശോഭാ ജോണൊന്നും രതിവിപണിയുടെ നാലയലത്തെത്തിയിരുന്നില്ല.
ഇനിയൊരു ഫാസ്റ്റ്‌ കട്ട്‌
തിരുവനന്തപുരം സിബിഐ കോടതി
കിളിരൂര്‍ പീഡനക്കേസിന്റെ വിചാരണ
കവിയൂര്‍ കേസുമായി ബന്ധപ്പെടുത്തി അന്വേഷിച്ചെങ്കില്‍ മാത്രമേ തന്റെ മകളെ നശിപ്പിച്ച കാമക്കോമരങ്ങളെ കൈയ്യാമം വയ്ക്കാനാകൂ എന്ന്‌ ശാരിയുടെ പിതാവ്‌ സുരേന്ദ്രന്റെ യാചന.
എന്നാല്‍,ആതിരേ, സാങ്കേതിക 'ഞായം' പറഞ്ഞ്‌ സിബിഐ കോടതി ഹതഭാഗ്യനായ ആ പിതാവിന്റെ അപേക്ഷ ചുരുട്ടിക്കൂട്ടി വേസ്റ്റ്ബാസ്കറ്റിലെറിഞ്ഞു. .
ആ കോടതിമുറിയില്‍ വെളിപ്പെട്ട ഒരു വസ്തുത ശാരിയെയും അനഘയെയും പോലുള്ള മറ്റു പല കൗമാരക്കാരികളെയും ലതാ നായര്‍ തന്റെ പറ്റുപടിക്കാര്‍ക്ക്‌ എത്തിച്ചുകൊടുത്തിരുന്നു എന്നതാണ്‌. സുന്ദരികളായ കൂട്ടുകാരികളുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ആല്‍ബത്തിലും സീരിയലിലും അഭിനയിക്കാനവസരമുണ്ടാക്കിക്കൊടുക്കാമെന്ന്‌ ലതാ നായര്‍ ശാരിയോട്‌ പറഞ്ഞതായി ശാരിയുടെ മാതാവാണ്‌ മൊഴി നല്‍കിയത്‌.
ഓര്‍ക്കണം കേവലം ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക്‌ ശാരിയെ കൂട്ടിക്കൊടുക്കാനും, നാരായണന്‍ നമ്പൂതിരിയുടെ കാമമോഹിതങ്ങളിലേയ്ക്ക്‌ മകളെ എത്തിക്കാനും ലതാ നായരെപ്പോലെയുള്ള ഒരു സ്ത്രീയുടെ ആവശ്യമുണ്ടോ? ശാരി എന്ന 14-കാരിയെ പഴനി, തേക്കടി, കുട്ടനാട്‌ തുടങ്ങിയ സ്ഥലങ്ങളിലും റിസോര്‍ട്ടുകളിലും നഗരഫ്ലാറ്റുകളിലും ഹൗസ്ബോട്ടുകളിലും കൊണ്ടുപോയി അനുഭവിക്കാനുള്ള സാമ്പത്തിക സൗകര്യം ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കുണ്ടോ..?അയല്‍വാസികളില്‍ നിന്ന്‌ നാരായണന്‍ നമ്പൂതിരിയെകൊണ്ട്‌ ലക്ഷങ്ങള്‍ കടം വാങ്ങിപ്പിച്ചത്‌ അനഘയുടെ, പ്രായത്തേക്കാള്‍ വളര്‍ച്ചയും മാദകത്വവുമുണ്ടായിരുന്ന ശരീരത്തിന്റെ വിലയായിട്ടായിരുന്നോ..?
അതേ എന്ന്‌ സിബിഐ അന്വേഷക സംഘങ്ങള്‍ ഒരേസ്വരത്തില്‍ ആണയിടുമ്പോള്‍ ലതാന്റി , പാലാരിവട്ടത്തെ ഫ്ലാറ്റിലിരുന്ന്‌ കുലുങ്ങിക്കുലുങ്ങിക്കുലുങ്ങിച്ചിരിക്കുകയാണ്‌...
വാല്‍ക്കഷ്ണം:"അങ്കുശമില്ലാത്ത പെണ്‍വാണിഭമേ
മന്നില്‍ ലതാന്റിയെന്നു വിളിക്കുന്നു നിന്നെ ഞാന്‍.."

നാളെ: കിളിരൂരില്‍ ഓമനക്കുട്ടി;കവിയൂരില്‍ രമ്യാ രാജന്‍

Tuesday, December 27, 2011

കവിയൂര്‍ പീഡനം:നന്ദകുമാര്‍ നായരെ നാര്‍കോ അനാലിസിസിന് വിധേയനാക്കണം


ശ്രീകുമാരിയുടെ പുറകില്‍ ഒളിച്ചിരിക്കുന്ന വ്യക്തി ഒന്നുകില്‍ ലതാ നായരുടെ സംഘാംഗങ്ങളില്‍ ഒരാളാകാം അല്ലെങ്കില്‍ ഈ വിവരം എല്ലാം അറിയാവുന്ന പോലീസിലെ ഒരാള്‍, ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം സത്യം തെളിയിക്കപ്പെടില്ല എന്ന തിരിച്ചറിവില്‍ മറ്റൊരാളെക്കൊണ്ട്‌ കത്തെഴുതിച്ചതായിക്കൂടേ? . ആ സാദ്ധ്യതകളിലേയ്ക്ക്‌ കടക്കുക പോലും ചെയ്യാതെ, അനഘയെ പിച്ചിച്ചീന്തിയവരെ കണ്ടെത്താനുള്ള കോടതി വിധി ധിക്കരിച്ച്‌ പീഡനവീരന്മാരെ സംരക്ഷിച്ച, സിബിഐ സംഘത്തിന്‌ വരുന്ന റിപ്പബ്ലിക്‌ ദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചില്ലെങ്കില്‍, അതില്‍ പരം നെറികേടെന്താണുള്ളത്‌..?!

ആതിരേ,കവിയൂര്‍ പീഡനക്കേസിന്റെ തുടരന്വേഷണത്തില്‍ നിര്‍ണായക തെളിവായ ശ്രീകുമാരിയുടെ കത്തിന്റെ മറവില്‍ സിബിഐ നടത്തിയ മ്ലേച്ഛനീക്കങ്ങളുടെ ഉള്ളുകള്ളികളിലേയ്ക്ക്‌ കടക്കും മുന്‍പ്‌ അസിസ്റ്റന്റ്‌ എസ്പി നന്ദകുമാര്‍ നായരുടെ യുക്തിയില്‍ ഉരുത്തിരിഞ്ഞ വക്രതകള്‍ ശ്രദ്ധിക്കുക:
1. അനഘയെ പീഡിപ്പിച്ചത്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരിയാണ്‌.
2. അനഘയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക്‌ കാരണം ലതാ നായരാണ്‌.
3. ശ്രീകുമാരി എന്നൊരു സഹപാഠി അനഘയ്ക്കില്ല.
4. കേസ്‌ അന്വേഷണം വഴി തെറ്റിക്കാനാണ്‌ ശ്രീകുമാരിയുടെ കത്ത്‌ .
അനഘയുടെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക്‌ കാരണം ലതാ നായര്‍, ശ്രീകുമാരി എന്നൊരു സഹപാഠി അനഘയ്ക്കില്ല- ഇത്രയും നന്ദകുമാര്‍ നായര്‍ പറഞ്ഞത്‌ സത്യമാണ്‌. മറ്റ്‌ രണ്ട്‌ കള്ളത്തരങ്ങള്‍ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങളും വ്യക്തികളും സംവിധാനങ്ങളും ഏതൊക്കെയാാ‍ണെന്ന്‌ അറിയണമെങ്കില്‍, നന്ദകുമാര്‍ നായരെ നാര്‍ക്കോ അനാലിസിസിന്‌ വിധേയനാക്കിയേ തീരൂ.
കവിയൂര്‍ പീഡനം സംബന്ധിച്ച്‌ ഗൂഢവും ഭ്രാന്തവുമായ സങ്കല്‍പ്പങ്ങളിലാണ്‌, ആതിരേ, നന്ദകുമാര്‍ നായരും കൂട്ടരും അഭിരമിച്ചത്‌.ആ വൃത്തികേടിന്റെ സന്തതിയാണ്‌ നാരയണന്‍ നമ്പൂതിരി എന്ന പീഡകന്‍.ഈ കണ്ടത്തലിനേയും നിഷ്പ്രഭമാക്കുന്ന അനുമാനമാണ്‌ അന്വേഷണം അട്ടിമറിക്കാനാണ്‌ ശ്രീകുമാരി എന്ന പേരില്‍ ജസ്റ്റിസ്‌ ബസന്തിന്‌ കത്തയച്ചതെന്നത്‌.പൂര്‍വാപരവിരുദ്ധമാണ്‌ ,ആതിരേ,ഈ മഹത്തായ കണ്ടെത്തല്‍.
നന്ദകുമാര്‍ നായരുടെ സിബിഐ യുക്തി വലിച്ചു നീട്ടിയാല്‍ അനഘയെ പീഡിപ്പിച്ച പിതാവോ, അനഘയുടെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക്കാരണക്കാരിയായ ലതാനായരോ ആയിരിക്കണം ശ്രീകുമാരി എന്ന പേരിനുപിന്നില്‍ ഒളിച്ചിരുന്ന്‌ അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചത്‌.അവരാണല്ലോ ഈ കേസിലെ പ്രതികള്‍.പ്രതികളാണല്ലോ അന്വേഷണം അട്ടിമറിക്കുക.ആത്മഹത്യ ചെയ്ത നാരായണന്‍ നമ്പൂതിരി തന്നെയാണ്‌ ശ്രീകുമാരിയെന്ന്‌ പറയാതിരുന്നത്‌ ആരുടെ സുകൃതമാണോ ആവോ?
നാരായണന്‍ നമ്പൂതിരിയെ നിര്‍ദ്ധാരണം ചെയ്തു കഴിയുമ്പോള്‍ അവശേഷിക്കുന്നത്‌ ലതാ നായരാണ്‌.പക്ഷെ ലതാന്റി അതു ചെയ്യില്ലെന്ന്‌ സിബിഐക്ക്‌ ഉറപ്പുണ്ട്‌.ഇങ്ങനെ ഒരു കുരുട്ടു ബുദ്ധി പ്രയോഗിച്ചില്ലെങ്കിലും ലതാന്റിയെ സംരക്ഷിക്കാന്‍ ഉന്നതരുണ്ട്‌; അവരുടെ താളത്തിനൊത്തു തുള്ളാന്‍ സിബിഐയും തയ്യാറാണ്‌'.അങ്ങനെ 'മാഷിന്റെ ആരോഗ്യവും ഗൃഹത്തിന്റെ ഐശ്വര്യവും സംരക്ഷിക്കപ്പെടുമ്പോള്‍"ലതാന്റിയെ സംശയിക്കേണ്ട കാര്യമേയില്ല എന്നാണ്‌, ആതിരേ, ടീം നന്ദകുമാറിന്റെ ബുദ്ധി,യുക്തി.
അനഘയ്ക്ക്‌ ശ്രീകുമാരി എന്നൊരു സഹപാഠി ഇല്ല എന്നത്‌ ഞങ്ങളുടെ അന്വേഷണത്തില്‍ 2005ല്‍ തന്നെ വ്യക്തമായതാണ്‌.അപ്പോള്‍ ലതാ നായരെയും അവരുടെ ഇടപാടുകാരെയും കുറിച്ച്‌ നന്നായി അറിയാവുന്ന ആരോ ആണ്‌ ഈ കത്തിന്‌ പിന്നിലുള്ളതെന്ന്‌ ഊഹിക്കാന്‍ ഏത്‌ പോലീസുകാരനും കഴിയും.അതിന്‌ നന്ദകുമാര്‍ നായരുടെ ബുദ്ധിയൊന്നും വേണമെന്നില്ല. അനഘയുടെ സഹപാഠികളില്‍ ഒരാള്‍ ഇങ്ങനെയൊരു കത്തെഴുതുമെന്ന്‌ കരുതുന്നതും മൗഢ്യമാണ്‌. ഒരു ജഡ്ജിക്ക്‌ കത്തെഴുതിയാല്‍ അത്‌ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന്‌ ചിന്തിക്കാന്‍ പ്രായപൂര്‍ത്തിയായ, പക്വമായ ഒരു ബുദ്ധിക്കേ കഴിയുകയുള്ളൂ. അപ്പോള്‍ ശ്രീകുമാരി എന്ന പേരില്‍ ഒളിഞ്ഞിരിക്കുന്നത്‌ റോയല്‍ പിമ്പ്‌ ലതാ നായരെക്കുറിച്ചും അവരുടെ മാംസവ്യാപാരത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അറിയാവുന്ന ഒരാളാണ്‌.
ഇത്രയും ഊഹിക്കാനുള്ള സാമാന്യബോധം , ആതിരേ,സിബിഐക്ക്‌ ഇല്ലാതെ പോയി. അതുകൊണ്ടാണ്‌ അനഘയ്ക്ക്‌ ശ്രീകുമാരി എന്നൊരു സഹപാഠി ഇല്ല എന്ന തൗസന്റ്‌ ഡോളര്‍ കണ്ടുപിടിത്തത്തിലൂടെ നന്ദകുമാര്‍ നായര്‍ ഫയല്‍മടക്കിയത്‌!.
എന്നാല്‍, ഈ കത്തിന്റെ കോപ്പി ജസ്റ്റിസ്‌ ആര്‍. ബസന്തില്‍ നിന്നോ അല്ലെങ്കില്‍ കത്തിന്റെ കോപ്പി ജസ്റ്റിസ്‌ ബസന്ത്‌ ഏല്‍പ്പിച്ച ഡിഐജി ശ്രീലേഖയില്‍ നിന്നോ കണ്ടെത്തി അതിലെ കൈയ്യക്ഷരം അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെ ശ്രീകുമാരിക്കു പിന്നിലൊളിച്ച കൗശലത്തെ കണ്ടുപിടിക്കാന്‍ നന്ദകുമാര്‍ നായര്‍ക്കും കൂട്ടര്‍ക്കും ഉത്തരവാദിത്തം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്തം കൂടിയാണ്‌ തുടരന്വേഷണ വിധിയില്‍ കോടതി ആവശ്യപ്പെട്ടത്‌. എന്നാല്‍, അതിന്‌ മുതിരാതെ കത്തെഴുതിയ വ്യക്തിയെയും കത്തിലെ വിശദാംശങ്ങളെയും തമസ്കരിച്ച്‌ കോടതിയലക്ഷ്യം കാട്ടി കോടതിയേയും വെല്ലുവിളിച്ചിരിക്കുകയാണ്‌ ടീം നന്ദകുമാര്‍.
ഇനി 'കല്ലുകളെല്ലാം ഇളക്കി 'പരതിയിട്ടും കത്തെഴുതിയ വ്യക്തിയെ കണ്ടെത്താന്‍ സാധിച്ചില്ല എന്നു തന്നെ കരുതുക. എങ്കില്‍പ്പോലും ആ കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ നാരായണന്‍ നമ്പൂതിരിയാണ്‌ അനഘയെ പീഡിപ്പിച്ചതെന്ന പിതൃരഹിത നിഗമനത്തില്‍ സിബിഐ എത്തുമായിരുന്നില്ല, ആതിരേ...
ശ്രീകുമാരിയുടെ പുറകില്‍ ഒളിച്ചിരിക്കുന്ന വ്യക്തി ഒന്നുകില്‍ ലതാ നായരുടെ സംഘാംഗങ്ങളില്‍ ഒരാളാകാം അല്ലെങ്കില്‍ ഈ വിവരം എല്ലാം അറിയാവുന്ന പോലീസിലെ ഒരാള്‍, ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം സത്യം തെളിയിക്കപ്പെടില്ല എന്ന തിരിച്ചറിവില്‍ മറ്റൊരാളെക്കൊണ്ട്‌ കത്തെഴുതിച്ചതായിക്കൂടേ? . ആ സാദ്ധ്യതകളിലേയ്ക്ക്‌ കടക്കുക പോലും ചെയ്യാതെ, അനഘയെ പിച്ചിച്ചീന്തിയവരെ കണ്ടെത്താനുള്ള കോടതി വിധി ധിക്കരിച്ച്‌ പീഡനവീരന്മാരെ സംരക്ഷിച്ച, സിബിഐ സംഘത്തിന്‌ വരുന്ന റിപ്പബ്ലിക്‌ ദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചില്ലെങ്കില്‍, അതില്‍ പരം നെറികേടെന്താണുള്ളത്‌..?!
വാല്‍ക്കഷ്ണം:കവിയൂര്‍ പീഡനക്കേസിന്റെ തുടരന്വേഷണം "ജമ്പനേയും തുമ്പനേയും ' ഏല്‍പ്പിച്ചിരുന്നെങ്കില്‍ കുറ്റവാളികള്‍ എപ്പോള്‍ പിടിക്കപ്പെട്ടെന്ന്‌ ചോദിച്ചാല്‍ മതിയെന്ന്‌ സിബിഐയിലെ ക്ലാസ്‌ ഫോര്‍ ജീവനക്കാര്‍
നാളെ: ലതാന്റി ചിരിക്കുന്നു.
cartoon courtesy:Sathish Acharya,Midday,Mumbai-Kundapura

Friday, December 23, 2011

കവിയൂര്‍ പീഡനം:ലതാ നായര്‍ക്കും ഒരു 'ബിനാമി'


എം.എ ബേബി മുതല്‍ മാംസവില്‍പ്പനക്കാലത്ത്‌ ലതാ നായരുടെ ഡ്രൈവര്‍മാര്‍ ആയിരുന്ന മിന്നല്‍ ജോസും മണ്ണില്‍ രാജുവും അടങ്ങുന്ന 31 പേരുടെ ലിസ്റ്റ്‌ , കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ സിബിഐക്ക്‌ കൈമാറിയതാണ്‌.ആ ലിസ്റ്റ്‌ ഒന്നു മറിച്ച്‌ നോക്കാന്‍ പോലും നന്ദകുമാര്‍ നായര്‍ ശ്രമിച്ചിട്ടില്ല എന്ന്‌ വ്യക്തം. മിന്നല്‍ ജോസിനെ മാത്രം ചോദ്യം ചെയ്താല്‍ മതിയായിരുന്നു, അനഘയെ കടിച്ചു കുടഞ്ഞ വക്രരതിപ്രിയരെ കണ്ടെത്താന്‍.പക്ഷെ, ആ കാമമോഹിതരേക്കാള്‍ മ്ലേച്ഛവും അശ്ലീലഭരിതവുമായ ഒരു മനസ്സോടെയാണല്ലോ സിബിഐ കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണം നടത്തിയത്‌.അപ്പോള്‍ പിന്നെ...


ആതിരേ,കവിയൂര്‍ പീഡനക്കേസിലെ പ്രതികളെ കണ്ടെത്താന്‍ ഹൈക്കോടതിനിയോഗിച്ച സിബിഐ, കളത്തിന്‌ പുറത്തെ കളിയിലൂടെ ഗോളടിച്ച്‌ മിടുക്കരായി ഞെളിയുകയാണ്‌.യഥാര്‍ത്ഥപ്രതികളെ തമസ്ക്കരിച്ചും നമസ്ക്കരിച്ചും റോയല്‍ പിമ്പ്‌ ലതാ നായര്‍ക്ക്‌ ഒരു ബിനാമിയെ കണ്ടെത്തി,കേസ്‌ അട്ടിമറിച്ചതിന്റെ ആവേശത്തിലും ആശ്വാസത്തിലുമാണ്‌ അഡിഷണല്‍ എസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണപ്പുലികള്‍.അവരിപ്പോള്‍ അല്‍പം ദീര്‍ഘിച്ച കൊമേഴ്സ്യല്‍ ബ്രേക്കിലാണ്‌.
നമ്മളെടുത്ത,ചെറിയ ബ്രേക്കിന്റെ സമയം ഇതിനിടയില്‍ തീര്‍ന്നിരിക്കുന്നു.
അതു കൊണ്ട്‌ നമുക്ക്‌ രമ്യാ രാജനിലേയ്ക്ക്‌ മടങ്ങാം
സിബിഐ പുലികള്‍ ഇമ്പോസിഷന്‍ എഴുതി പഠിപ്പിച്ചതു കൊണ്ട്‌, ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട്‌ രമ്യാ രാജന്‍ പറഞ്ഞത്‌ " പല കൂട്ടുകാരികളില്‍ ഒരു കൂട്ടുകാരി മാത്രമാണ്‌" അനഘ എന്നാണ്‌.
യഥാ രാജാ, തഥാ പ്രജ എന്നും തലയിരിക്കുമ്പോള്‍ വാലാടരുത്‌ എന്നും രമ്യാ രാജനും അറിയാം.അല്ല രമ്യാ രാജനെ അങ്ങനെ അറിയിച്ചിട്ടുണ്ട്‌ നന്ദകുമാറിന്റെ തടിയന്മാരായ മൂന്ന്‌ സാറുമ്മാര്‍.അതു കൊണ്ട്‌ സിബിഐ പച്ചക്കള്ളം പറയുമ്പോള്‍ രമ്യാ രാജന്‍ ഒരു കൊച്ചു കള്ളം പറയുന്നെന്നേയുള്ളു.
കവിയൂരില്‍ അനഘയും രമ്യാ രാജനും താമസിക്കുന്ന ഭാഗത്ത്‌ നിന്ന്‌ ഇരവിപുരം സെന്റ്‌.ജോണ്‍സ്‌ സ്കൂളില്‍ പഠിച്ച രണ്ടു പെണ്‍കുട്ടികളേയുള്ളു- അനഘയും രമ്യാ രാജനും.7-ാ‍ം ക്ലാസുമുതല്‍ അതായിരുന്നു അവസ്ഥ.പിന്നെയുള്ളത്‌ ഒന്‍പത്‌ ആണ്‍കുട്ടികളാണ്‌.അവരോട്‌ പക്ഷെ, അടക്കവും ഒതുക്കവുമുള്ള അങ്ന്‍ഘയോ രമ്യാ രാജനോ ചങ്ങാത്തത്തിലായിരുന്നില്ല.ഒന്നിച്ച്‌ സ്കൂളിലേയ്ക്കും, ട്യൂഷനും തിരിച്ച്‌ വീട്ടിലേയ്ക്കും നിത്യവും, നാലുവര്‍ഷം യാത്രചെതിരുന്ന അനഘയെ കുറിച്ച്‌ രമ്യാ രാജന്‌ അപ്പോള്‍ ഒന്നും അറിയാതെ വരുമെന്നോ..?രമ്യാ രാജന്‍ പറയാതെ അമ്മ ഗീതയെങ്ങനെയാണ്‌ ലതാ നായരെക്കുറിച്ചും, ലതാ നായര്‍ക്കൊപ്പമുള്ള അനഘയുടെ യാത്രകളെക്കുറിച്ചും അറിയുന്നത്‌..? എങ്ങനെയാണ്‌ ,ലതാ നായരെ അനഘ ,ആന്റിയെന്നാണ്‌ വിളിക്കുന്നതെന്നറിഞ്ഞത്‌..?
വേണ്ടാ,ആതിരേ, രമ്യാ രാജനെ ചോദ്യം ചോദിച്ച്‌ വിഷമിപ്പിക്കേണ്ട. ആ കുട്ടിക്ക്‌ എല്ലാം അറിയാം.പക്ഷെ തടിയന്‍ സാറുമ്മാര്‌ പറഞ്ഞതു പോലെ പറഞ്ഞില്ലെങ്കില്‍ കളിമാറുമെന്നല്ലേ ഭീഷണി.അച്ഛനില്ലാത്ത ആ പാവം കുട്ടി അതു കൊണ്ട്‌ കറതീര്‍ന്ന നുണപറയാന്‍ നിര്‍ബന്ധിതയാവുന്നു.
ലതാ നയര്‍ക്ക്‌ ഒരു ബിനാമിയെ കണ്ടെത്തി, ലതാ നായരേയും പീഡക വീരന്മാരേയും സംരക്ഷിക്കാനുള്ള നന്ദകുമാര്‍ നായരുടേയും സംഘത്തിണ്ടേയും ഗര്‍ഹണീയമായ നീക്കത്തിലെ കരുവായങ്ങനെ രമ്യാ രാജന്‍ പരിണമിച്ചെന്ന്‌ മാത്രം.
ലതാ നായരില്‍ നിന്ന്‌ ലഭിക്കേണ്ടിയിരുന്ന വക്രബുദ്ധിനിറഞ്ഞ മറുപടിയാണ്‌, ആതിരേ, പാവം രമ്യാ രാജന്റെ വായിലേയ്ക്ക്‌ സിബിഐ തിരുകിയത്‌.അങ്ങനെയാണ്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരിയാണ്‌ കുരുത്തം കെട്ട പീഡകന്‍ എന്ന്‌ നന്ദകുമാര്‍ നായരും സംഘവും ഒപ്പിച്ചെടുത്തതും.അനഘയുടെ സഹപാഠിയായിരുന്നു എന്നതിലപ്പുറം പാതകമൊന്നും ചെയ്യാത്ത ആ പാവം കുട്ടിയെ ലതാ നായരുടെ ബിനാമിയാക്കി നന്ദകുമാര്‍ നായരും സംഘവും കളത്തിനു പുറത്തെ കളിക്ക്‌ അവാര്‍ഡ്‌ വാങ്ങനൊരുങ്ങുകയാണ്‌.
എം.എ ബേബി മുതല്‍ മാംസവില്‍പ്പനക്കാലത്ത്‌ ലതാ നായരുടെ ഡ്രൈവര്‍മാര്‍ ആയിരുന്ന മിന്നല്‍ ജോസും മണ്ണില്‍ രാജുവും അടങ്ങുന്ന 31 പേരുടെ ലിസ്റ്റ്‌ , കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ സിബിഐക്ക്‌ കൈമാറിയതാണ്‌.ആ ലിസ്റ്റ്‌ ഒന്നു മറിച്ച്‌ നോക്കാന്‍ പോലും നന്ദകുമാര്‍ നായര്‍ ശ്രമിച്ചിട്ടില്ല എന്ന്‌ വ്യക്തം. മിന്നല്‍ ജോസിനെ മാത്രം ചോദ്യം ചെയ്താല്‍ മതിയായിരുന്നു, അനഘയെ കടിച്ചു കുടഞ്ഞ വക്രരതിപ്രിയരെ കണ്ടെത്താന്‍.പക്ഷെ, ആതിരേ, ആ കാമമോഹിതരേക്കാള്‍ മ്ലേച്ഛവും അശ്ലീലഭരിതവുമായ ഒരു മനസ്സോടെയാണല്ലോ സിബിഐ കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണം നടത്തിയത്‌.അപ്പോള്‍ പിന്നെ...
വാല്‍ക്കഷ്ണം:' നിഷിധരതിപ്രിയര്‍ക്ക്‌ സിബിഐയില്‍ പ്രത്യേക പരിഗണന ' എന്ന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ താമസ്സിയാതെ ഉണ്ടാകുമെന്നാണിപ്പോള്‍ സിബിഐയുടെ ഉപശാലാ സംസാരം
നാളെ: ശ്രീകുമാരിക്ക്‌ പിന്നില്‍ കളിക്കുന്ന സിബിഐ

Thursday, December 22, 2011

അരുണിന്റെ മാതാപിതാക്കളുടെ മാര്‍ഗം എത്രപേര്‍ പിന്തുടരും..


ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിലാണ്‌, അവയവമാറ്റ ശസ്ത്രകിയകളും അവയവദാനവും ജീവന്‍രക്ഷോപാധികളായി മാറുന്നത്‌. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നടത്തുന്ന അവയവ ദാനത്തിലൂടെ മരിച്ചു ജീവിക്കുന്ന 90 ശതമാനം രോഗികളേയും ജീവിതത്തിലേയ്ക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ കഴിയും. പക്ഷേ, അവയവ ദാനത്തിന്‌ നമ്മില്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്‌..... നമ്മില്‍ ആര്‍ക്കും അല്ലെങ്കില്‍ നമ്മുടെ തൊട്ടടുത്ത ബന്ധുക്കളിലാര്‍ക്കും അവയവം മാറ്റിവയ്ക്കലിലൂടെ മാത്രം ജീവിക്കേണ്ട സാഹചര്യമില്ലാത്തതുകൊണ്ട്‌ അവയവദാനത്തിന്റെ പ്രാധാന്യം നാം വിസ്മരിക്കുകയായിരിക്കാം. എന്നാല്‍, ഛേദമില്ലാത്ത ഈ ഉപകാരം ചെയ്യാന്‍ ഈ ബ്ലോഗിന്റെ വായനക്കാരെങ്കിലും തയ്യാറാകണമെന്നാണ്‌ എന്റെ ആഗ്രഹം. മനുഷ്യത്വമാണ്‌ ലോകത്തില്‍ ഏറ്റവും മഹത്തരമായ വികാരം, ഈടുവയ്പ്‌. മരണാനന്തര ജീവിതമല്ല ഇഹലോക ജീവിതമല്ലേ നമുക്കോരോര്‍ത്തര്‍ക്കും ഇപ്പോള്‍ പ്രധാനം.



ജീവിതശൈലിയിലെ വ്യതിയാന-വക്രതകള്‍ മൂലവും ജനിതക കാരണങ്ങളാലും വൃക്ക, ഹൃദയം, കരള്‍ ,ശ്വാസകോശം, ത്വക്ക്‌ , മജ്ജ ഇവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ ലക്ഷക്കണക്കിനാണ്‌, ആതിരേ. ഔഷധങ്ങളും സാങ്കേതിക ചികിത്സാസഹായങ്ങളും കൊണ്ട്‌ ഒരു പരിധിവരെ രോഗത്തേയും രോഗവ്യാപനത്തേയും പ്രതിരോധിക്കാം എന്നല്ലാതെ രോഗിക്ക്‌ ശാശ്വതമായ മോചനം നല്‍കുവാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ ഇന്ന്‌ അപര്യാപ്തമാണ്‌.
ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിലാണ്‌, ആതിരേ, അവയവമാറ്റ ശസ്ത്രകിയകളും അവയവദാനവും ജീവന്‍രക്ഷോപാധികളായി മാറുന്നത്‌. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നടത്തുന്ന അവയവ ദാനത്തിലൂടെ മരിച്ചു ജീവിക്കുന്ന 90 ശതമാനം രോഗികളേയും ജീവിതത്തിലേയ്ക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ കഴിയും. പക്ഷേ, അവയവ ദാനത്തിന്‌ നമ്മില്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്‌.
ഈശ്വരവിശ്വാസികളാണ്‌ ഭൂരിപക്ഷം പേരും. സ്വസഹോദരനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതില്‍ വലിയ സ്നേഹമില്ല എന്നു പഠിപ്പിക്കുന്നതാണ്‌ എല്ലാ മതബോധനങ്ങളും. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനും സുഖത്തിനായി വരേണമെന്ന്‌ ഉദ്ബോധിപ്പിച്ചത്‌ പൂര്‍ണ മനുഷ്യനായി ജീവിച്ചു മരിച്ച ശ്രീനാരായണ ഗുരുവാണ്‌. അഹംബ്രഹ്മാസ്മിയും തത്വമസിയും പ്രസംഗങ്ങളില്‍ ഉദ്ധരിക്കേണ്ട ആശയങ്ങളല്ലെന്നും അവ പ്രവര്‍ത്തിയിലാക്കേണ്ട ആവശ്യകതകളാണെന്നും പഠിപ്പിച്ചത്‌ ഋഷിവര്യന്മാരാണ്‌. പറഞ്ഞുവരുമ്പോള്‍ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളും ഏകോദര സഹോദരങ്ങളുമാണ്‌. പക്ഷേ,ആതിരേ, കഠിന രോഗത്താല്‍ വലയുന്ന സുഹൃത്തിന്‌ ജീവിച്ചിരിക്കുമ്പോഴോ മരിച്ച ശേഷമോ അവയവം നല്‍കി സഹായിക്കാനുള്ള മനുഷ്യപ്പറ്റ്‌ നമ്മില്‍ ഒരു ശതമാനം പേര്‍ക്കുപോലുമില്ല. ദയനീയമാണ്‌ അവസ്ഥ. രക്തദാനത്തിനുപോലും തയ്യാറാകാത്ത സ്വാര്‍ത്ഥ ജഡിലമായ ജീവിതമോഹങ്ങളും അത്യാര്‍ത്തികളുമാണ്‌ നാമെല്ലാവരും.
ആതിരേ, നമ്മുടെയൊക്കെ നികൃഷ്ടമായ ഇത്തരം സ്വാര്‍ത്ഥ ചിന്തകള്‍ക്ക്‌ വെല്ലുവിളിയാകുകയാണ്‌ കോഴിക്കോട്‌ കൂടരഞ്ഞി സ്വദേശി അരുണ്‍ ജോര്‍ജും ആ യുവാവിന്റെ മാതാപിതാക്കളും. ഒരു ബൈക്ക്‌ ആക്സിഡന്റ്‌ അരുണ്‍ ജോര്‍ജിന്റെ പ്രാണന്‍ കവര്‍ന്നെങ്കിലും അഞ്ചു ജീവിതങ്ങളെയാണ്‌, ഒരു വലിയ ത്യാഗത്തിലൂടെ, അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കള്‍ രക്ഷിച്ചെടുത്തത്‌.
അരുണ്‍ ജോര്‍ജിന്റെ വൃക്ക, കരള്‍, കണ്ണുകള്‍ സ്വീകരിച്ചതിലൂടെ മരണത്തെ മുന്നില്‍ കണ്ടവരും ജന്മനിമിഷം മുതല്‍ ഇരുട്ടിന്റെ ലോകത്തില്‍ കഴിഞ്ഞവരുമാണ്‌ ജീവിതത്തിലേക്കും വെളിച്ചത്തിലേക്കും ഉണര്‍ന്നത്‌.
കഴിഞ്ഞ ദിവസം കൂടരഞ്ഞി കാരമൂലയ്ക്കടുത്ത്‌ ബൈക്ക്‌ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുണിന്‌ ചൊവ്വാഴ്ച മസ്തിഷ്ക മരണം സംഭവിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അരുണിന്റെ പിതാവ്‌ കൂടരഞ്ഞി തറപ്പേല്‍ ജോര്‍ജിനെ സമീപിച്ച്‌ മകന്റെ ആന്തരാവയവങ്ങള്‍ ദാനം ചെയ്ത്‌ കുറച്ചു ജീവിതങ്ങളെ രക്ഷിച്ചു കൂടെ എന്ന്‌ ആരാഞ്ഞു. മകന്റെ മരണം സൃഷ്ടിച്ച അപരിഹാര്യമായ നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും ആഴങ്ങളിലായിരുന്നു ജോര്‍ജ്‌ എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യത്വവും മനുഷ്യസ്നേഹിയും ഡോക്ടര്‍മാരുടെ സമീപനത്തില്‍ ഉന്നിദ്രമാവുകയും മകന്റെ ആന്തരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അരുണ്‍ ജോര്‍ജിന്റെ വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ കാണിച്ച സൗമനസ്യമാണ്‌, ആതിരേ, മരണത്തിലേക്ക്‌ നീങ്ങുകയായിരുന്ന മൂന്നുപേരെ ജീവിതത്തിലേക്കും അന്ധരായ രണ്ടുപേരെ കാഴ്ചയുടെ ലോകത്തേയ്ക്കും കൈപിടിച്ചുയര്‍ത്തിയത്‌.
വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ ഡയാലിസിസ്‌ ചെയ്ത്‌ ജീവിതം നീട്ടിക്കൊണ്ടുപോവുകയായിരുന്ന ബത്തേരി കോളേരി തോലമ്മാക്കല്‍ വീട്ടില്‍ പ്രദീപ്‌ കുമാറിന്റെ ഭാര്യ മഞ്ജു (32), തലശ്ശേരി എരഞ്ഞാളി മീത്തലേതടത്തില്‍ ശ്രീധരന്റെ മകന്‍ വിനേഷ്‌ എന്നിവര്‍ക്കും കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസൃതക്രിയയ്ക്കായി കാത്തിരുന്ന ഒരാള്‍ക്കുമാണ്‌ അരുണിന്റെ അവയവങ്ങളിലൂടെ പുനര്‍ജന്മം ലഭിച്ചത്‌. കണ്ണുകള്‍ കോഴിക്കോട്‌ കോംട്രസ്റ്റ്‌ ആശുപത്രിയിലെ നേത്രബാങ്കാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌.
ബുധനാഴ്ച വൈകീട്ട്‌ കൂടരഞ്ഞി സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ബി ഷപ്പ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അരുണ്‍ ജോര്‍ജിന്റെ സംസ്കാരം നടത്തി. ജീവിച്ചിരുന്നപ്പോള്‍ സഹജീവികള്‍ക്ക്‌ ഉപകാരമായതിലും എത്രയോ ഉന്നതവും വിശുദ്ധവുമായ രീതിയിലാണ്‌ അരുണ്‍ ജോര്‍ജ്‌ തന്റെ മരണം കൊണ്ട്‌ സഹജീവികള്‍ക്ക്‌ അനുഗ്രഹമായി പരിണമിച്ചത്‌. ഈ സൗമനസ്യത്തിന്‌ തയ്യാറായ അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കളെ എത്ര അഭിനന്ദിച്ചാലാണ്‌ മതിയാവുക..?!
അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന്‌ നിയമവിധേയമാണെങ്കിലും , ആതിരേ, മരണശേഷം പോലും കണ്ണും ആന്തരികാവയവങ്ങളും ദാനം ചെയ്യാന്‍ നമ്മില്‍ ഭൂരിപക്ഷത്തിനും മനസ്സില്ല. മതപരവും സാമൂഹികവുമായ ചില ഭയങ്ങളാണ്‌ ഇക്കാര്യത്തില്‍ ഭൂരിപക്ഷം പേരെയും ഭരിക്കുന്നത്‌. ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലമാണ്‌ രക്തദാനം മുതല്‍ മരണാനന്തരമുള്ള അവയവ ദാനം വരെ നടക്കാതെ പോകുന്നതും രക്ഷിക്കാമായിരുന്ന നിസ്സഹായ ജന്മങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്നതും.
ജീവിച്ചിരിക്കുമ്പോള്‍ രക്തം, വൃക്ക, ത്വക്ക്‌ തുടങ്ങിയവ ദാനം ചെയ്യാവുന്നതാണ്‌. ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണം സാക്ഷര കേരളത്തില്‍ പോലും നടപ്പായിട്ടില്ല എന്നത്‌ ദുഃഖകരമായ അവസ്ഥയാണ്‌. അതേസമയം, ഈ അവയവങ്ങള്‍ വിറ്റ്‌ ലക്ഷങ്ങള്‍ കൊയ്യുന്ന മാഫിയ കേരളത്തില്‍ വിലസുന്നുമുണ്ട്‌. പ്രശസ്തമായ സ്വകാര്യ ആശുപത്രികളും അവിടത്തെ ഡോക്ടര്‍മാരും ഈ പൈശാചികതയ്ക്ക്‌ കൂട്ടു നില്‍ക്കുന്നുമുണ്ട്‌. എന്നാല്‍, അവയവദാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപകമാക്കി അവയവം മാറ്റിവയ്ക്കല്‍ ശസൃതക്രിയയ്ക്ക്‌ സഹായകമായ പരിസരം സൃഷ്ടിക്കാന്‍ ഈ ഡോക്ടര്‍മാര്‍ക്കും സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിനും ഉത്തരവാദിത്തം ഏറെയാണ്‌..
കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി നടത്തിയ വൃക്കദാനം വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. അദ്ദേഹത്തിന്‌ സമൂഹത്തിലുള്ള സ്ഥാനമാണ്‌ അതിനു കാരണമായത്‌. എന്നാല്‍, അദ്ദേഹം പ്രദര്‍ശിപ്പിച്ച ത്യാഗത്തിന്‌ ഗുണഭോക്താക്കളായവരുടെ ബന്ധുക്കള്‍ വൃക്കദാനം ചെയ്ത്‌ വൃക്കദാതാക്കളുടെ ഒരു ചങ്ങല തന്നെ സൃഷ്ടിച്ചിട്ടുണ്ട്‌. അനുമോദിക്കേണ്ടതാണ്‌ ഈ മാനസിക ഭാവം.
ആതിരേ, നമ്മില്‍ ആര്‍ക്കും അല്ലെങ്കില്‍ നമ്മുടെ തൊട്ടടുത്ത ബന്ധുക്കളിലാര്‍ക്കും അവയവം മാറ്റിവയ്ക്കലിലൂടെ മാത്രം ജീവിക്കേണ്ട സാഹചര്യമില്ലാത്തതുകൊണ്ട്‌ അവയവദാനത്തിന്റെ പ്രാധാന്യം നാം വിസ്മരിക്കുകയായിരിക്കാം. എന്നാല്‍, ഛേദമില്ലാത്ത ഈ ഉപകാരം ചെയ്യാന്‍ ഈ ബ്ലോഗിന്റെ വായനക്കാരെങ്കിലും തയ്യാറാകണമെന്നാണ്‌ എന്റെ ആഗ്രഹം. മനുഷ്യത്വമാണ്‌ ലോകത്തില്‍ ഏറ്റവും മഹത്തരമായ വികാരം, ഈടുവയ്പ്‌. മരണാനന്തര ജീവിതമല്ല ഇഹലോക ജീവിതമല്ലേ ആതിരേ, നമുക്കോരോര്‍ത്തര്‍ക്കും ഇപ്പോള്‍ പ്രധാനം.

( ആത്മപ്രശംസയായി വ്യാഖ്യാനിക്കില്ലെങ്കില്‍ എന്റെ വായനക്കാരുമായി ഞാനൊരു സ്വകാര്യം പങ്കുവയ്ക്കാം.നിരവധി തവണ രക്തം ദാനം ചെയ്തിട്ടുള ഞാന്‍ എന്റെ വൃക്കകളില്‍ ഒന്നും ദാനം ചെയ്തിട്ടുണ്ട്‌.സ്വന്തക്കാര്‍ക്കോ, ബന്ധുക്കള്‍ക്കോ അല്ല, തികച്ചും അപരിചിതനായ ഒരു യുവാവിന്‌.12 വര്‍ഷം മുന്‍പ്‌ )

Wednesday, December 21, 2011

സിബിഐ അവിടെ നില്‍ക്കട്ടെ; നമുക്ക്‌ കവിയൂര്‍ വരെ പോയ്‌ വരാം


25-09-2004 രാത്രിക്കും 28-09-2004 പുലര്‍ച്ചയ്ക്കുമിടയില്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ പീഡിപ്പിച്ചു എന്നാണ്‌ സിബിഐയുടെ അനുമാനം.ഈ ദിവസങ്ങളില്‍ അനഘ വീടുവിട്ട്‌ വെളിയില്‍ പോയിട്ടില്ലത്രെ.അപ്പോള്‍ "ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ " എന്ന ന്യായപ്രകാരം പീഡകന്‍ നാരായണന്‍ നമ്പൂതിരി അല്ലാതെ മറ്റാരുമല്ല!!.അനഘയുടെ ശരീരത്ത്‌ കാണപ്പെട്ട പുരുഷ ബീജം നാരായണന്‍ നമ്പൂതിരിയുടേത്‌ തന്നെയാണെന്ന്‌ എങ്ങനെ കണ്ടെത്തി എന്നു ചോദിച്ചാല്‍ ഒരു വികടച്ചിരിയാകും നന്ദകുമാരന്‍ നായരുടെ മറുപടി.ലതാ നായരുടെ പറ്റുപടിക്കാരായ മുന്‍മന്ത്രി മുതലുള്ള ഉന്നതന്മാര്‍ക്കനുകൂലമായി ഇങ്ങനെ ചിലതെല്ലാം ഊഹിക്കാനാവില്ലെങ്കില്‍ പിന്നെന്തിന്‌ സിബിഐ ജന്മം, അല്ലേ.?



ആതിരേ,നട്ടെല്ലുറപ്പുള്ള മൂന്ന്‌ ചോദ്യം സിബിഐ അസിസ്റ്റന്റ്‌ എസ്പി നന്ദകുമാരന്‍ നായരോട്‌ ചോദിച്ചേ മതിയാകൂ.
1) പിതാവ്‌ നാരായണന്‍ നമ്പൂതിരിക്ക്‌ കൂട്ടിക്കൊടുക്കാനായിരുന്നോ ലതാ നായര്‍ അനഘയെ ഷൂട്ടിംഗ്‌ സെറ്റുകളിലും ഉന്നതരുടെ ഫ്ലാറ്റുകളിലും പഞ്ചനക്ഷത്ര റിസോര്‍ട്ടുകളിലും കൊണ്ടു നടന്നത്‌?
2) അതിനായിരുന്നോ അവര്‍ അനഘയുടെ വീട്ടില്‍ ഇടയ്ക്കിടയ്ക്ക്‌ സന്ദര്‍ശനം നടത്തിയത്‌?
3) അതിനായിരുന്നോ അവര്‍ അവിടെ അന്തിയുറങ്ങിയിരുന്നത്‌?
ഈ ചോദ്യങ്ങള്‍ക്ക്‌ സത്യസന്ധമായി നന്ദകുമാരന്‍ നായര്‍ ഉത്തരം പറഞ്ഞാല്‍ അനഘയെ കടിച്ചു കീറിയ കാമപ്പിശാചുക്കളുടെ പേരുകള്‍ മണിമണിയായ്‌ പുറത്ത്‌ വരും.അതു കൊണ്ട്‌ ആ മാന്യത സിബിഐ ഏമാനില്‍ നിന്ന്‌ പ്രതീക്ഷിക്കണ്ട.മറിച്ച്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനേക്കാള്‍ കടുത്ത ചെറ്റത്തരം കേസിന്റെ തുടര്‍ന്നുള്ള നടപടികളില്‍ പ്രതീക്ഷിച്ചാല്‍ മതി..
ലതാ നായര്‍ മൂലമുള്ള അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്ത ( അല്ലെങ്കില്‍ ചില ഉന്നതന്മാരുടെ അപമാനഭയം കൂട്ടക്കൊല ചെയ്ത ) ഒരു അച്ഛനേയും മകളേയും നന്ദകുമാരന്‍ നായരെക്കാള്‍ മ്ലേച്ഛമായി ഇനി ഒരാള്‍ക്കും അവഹേളിക്കാന്‍ കഴിയില്ല.കാക്കിയുടെ ബലത്തില്‍ ചിലരുടേയെല്ലാം പണക്കൊതിയേയും കാമക്കൊതിയേയും തമസ്ക്കരിച്ച്‌ നട്ടാല്‍ കുരുക്കാത്ത കള്ളം റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ കോടതിയില്‍ ഹാജരാക്കിയ തെമ്മാടിത്തത്തിന്‌ കാലം തീര്‍ച്ചയായും പ്രതിഫലം നല്‍കുമെന്ന്‌ സിബിഐ ഏമാനെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ രമ്യാ രാജനിലേയ്ക്ക്‌..
രമ്യാ രാജനാണ്‌ കവിയൂര്‍ പീഡനക്കേസിലെ സിബിഐയുടെ ഏക പിടിവള്ളി! രമ്യാ രാജനാണ്‌ അനഘയും പിതാവും തമ്മിലുണ്ടായിരുന്ന നിഷിധരതിയുടെ സൂചന അന്വേഷണോദ്ദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയത്‌.ശാസ്ര്തിയത്തെളിവുകളോ സാഹചര്യത്തെളിവുകളോ ഇല്ലാതിരുന്ന ഒരു കേസില്‍ ആ പിടിവള്ളിയിലൂടെ സഞ്ചരിച്ച്‌ സിബിഐ വിജയത്തിന്റെ സര്‍വജ്ഞപീഠം കയറിയിരിക്കുകയാണിപ്പോള്‍.
അവരവിടെ സ്വസ്ഥമായി ഇരിക്കട്ടെ
നമുക്ക്‌ കവിയൂരിലേയ്ക്ക്‌ പോകാം
25-09-2004 രാത്രിക്കും 28-09-2004 പുലര്‍ച്ചയ്ക്കുമിടയില്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ പീഡിപ്പിച്ചു എന്നാണ്‌ സിബിഐയുടെ അനുമാനം.ഈ ദിവസങ്ങളില്‍ അനഘ വീടുവിട്ട്‌ വെളിയില്‍ പോയിട്ടില്ലത്രെ.അപ്പോള്‍ "ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ " എന്ന ന്യായപ്രകാരം പീഡകന്‍ നാരായണന്‍ നമ്പൂതിരി അല്ലാതെ മറ്റാരുമല്ല!!.അനഘയുടെ ശരീരത്ത്‌ കാണപ്പെട്ട പുരുഷ ബീജം നാരായണന്‍ നമ്പൂതിരിയുടേത്‌ തന്നെയാണെന്ന്‌ എങ്ങനെ കണ്ടെത്തി എന്നു ചോദിച്ചാല്‍ ഒരു വികടച്ചിരിയാകും നന്ദകുമാരന്‍ നായരുടെ മറുപടി.ലതാ നായരുടെ പറ്റുപടിക്കാരായ മുന്‍മന്ത്രി മുതലുള്ള ഉന്നതന്മാര്‍ക്കനുകൂലമായി ഇങ്ങനെ ചിലതെല്ലാം ഊഹിക്കാനാവില്ലെങ്കില്‍ പിന്നെന്തിന്‌ സിബിഐ ജന്മം, അല്ലേ.?
കവിയൂര്‍ ഇടയോലിയില്‍ പരേതനായ രാജന്റേയും ഗീതയുടേയും സീമന്ത പുത്രിയാണ്‌ രമ്യാരാജന്‍.ഒരു സഹോദരിയുണ്ട്‌-സൗമ്യ.പെന്തക്കോസ്ത്‌ സഭാവിശ്വാസികളാണ്‌ രമ്യാരാജന്റെ കുടുംബാംഗങ്ങള്‍.പിതാവ്‌ രാജന്‍ പാസ്റ്റര്‍ ആയിരുന്നു.ഇരവിപേരൂര്‍ സെന്റ്‌.ജോണ്‍സ്‌ സ്കൂളില്‍ 7-ാ‍ം ക്ലാസ്‌ മുതല്‍ 10-ാ‍ം ക്ലാസ്‌ വരെ, അനഘ ദുര്‍മരണത്തിന്‌ ഇരായാകുന്നത്‌ വരെ ഇരുവരും ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ച സഹപാഠികള്‍;സുഹൃത്തുക്കള്‍.ഒന്നിച്ചാണ്‌ സ്കൂളിലും ട്യൂഷന്‍ ക്ലാസിലും പോയിരുന്നത്‌ പോകുന്നത്‌.ഒന്നിച്ചാണ്‌ വീട്ടിലേയ്ക്ക്‌ മടങ്ങിയിരുന്നത്‌.രമ്യയുടെ വീടാണ്‌ ആദ്യം.അതു കൊണ്ട്‌ രമ്യയെ യാത്രയാക്കിയിട്ടേ അനഘ വീട്ടിലേയ്ക്ക്‌ പോകാറുണ്ടായിരുന്നുള്ളൂ.ഇരു മെയ്യാണെങ്കിലും ഒരുമനസ്സുണ്ടായിരുന്ന കൂട്ടുകാരികള്‍.
എന്നിട്ടും അനഘയെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നാണ്‌, ആതിരേ, രമ്യാരാജന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട്‌ പറഞ്ഞത്‌.സിബിഐയുടെ ഈ തുരുപ്പു ചീട്ടിനെ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തുമെന്ന്‌ രമ്യാരാജനോ സിബിഐയോ സ്വപനത്തില്‍ പോലും കരുതിയതല്ല.അതു കൊണ്ടാണല്ലോ അവരെ കണ്ടപ്പോള്‍ രമ്യാ രാജന്‍ പകച്ചു പോയത്‌.ചോദ്യങ്ങളില്‍ നിന്നെല്ലാം അസഹ്യതയോടെ ഒഴിഞ്ഞു മാറിയത്‌."എനിക്കൊന്നും അറിയില്ലെ"ന്ന പല്ലവി സ്ഥാനത്തും അസ്ഥാനത്തും ഉരുവിട്ടു കൊണ്ടിരുന്നത്‌.അതേസമയം രമ്യയുടെ അമ്മ ഗീതക്ക്‌ ലതാ നായരെക്കുറിച്ചും ലതാനായര്‍ അനഘയേയും കൊണ്ട്‌ ടൂര്‍ പോകുന്നതുമെല്ലാം അറിയാം.സംഭാഷണ മദ്ധ്യേ അവരത്‌ സൂചിപ്പിക്കുകയും ചെയ്തു.അപ്പോള്‍ കൂര്‍ത്തൊരു നോട്ടം കൊണ്ട്‌ മാതാവിനെ ശാസിച്ച്‌ മൊഴിമുട്ടിച്ചു, രമ്യാ രാജന്‍
റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ കാര്യത്തോടടുത്തപ്പോള്‍ "പലകൂട്ടുകാരികളിലൊരു കൂട്ടുകാരി "യാണ്‌ അനഘയെന്ന പ്രസ്താവനയില്‍ രമ്യാരാജന്‍ സംസാരത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറി. സിബിഐ ഏമാന്മാര്‍ ഉരുവിട്ട്‌ പഠിപ്പിച്ച ഉത്തരങ്ങളാണ്‌ മണിമണിയായി ആ കുട്ടി പറയുന്നതെന്ന്‌ ബോദ്ധ്യമാകാന്‍ മറ്റൊന്നും ആവശ്യമായിരുന്നില്ല.
ഇതിനിടെ ഒരു ഭീഷണി മുഴക്കാന്‍, പക്ഷേ രമ്യാ രാജന്‍ മറന്നില്ല:.
"അനഘയെക്കുറിച്ച്‌ ചോദിച്ച്‌ ആരുവന്നലും ഞങ്ങളെ അറിയിക്കണമെന്ന്‌ സിബിഐയിലെ സാറുമ്മാര്‌ പറഞ്ഞിട്ടുണ്ട്‌.വിളിച്ചു പറയാന്‍ ഒരു നമ്പരും തന്നിട്ടുണ്ട്‌ "
തടിയന്മാരായ മൂന്ന്‌ സാറുമ്മാരാണ്‌ ചോദ്യം ചെയ്തതെന്നും നിര്‍ദേശങ്ങള്‍ കൊടുത്തതെന്നും പറഞ്ഞത്‌ രമ്യാ രാജന്‍ തന്നെ .
അതു കൊണ്ട്‌ രമ്യാ രാജന്‍ അവിടെ നില്‍ക്കട്ടെ
നമുക്കൊരു ചെറിയ ബ്രേക്കേടുക്കാം
********************
സീന്‍- തിരുവനന്തപുരത്തെ സിബിഐ ഓഫീസ്‌.
പകല്‍;ഇന്റീരിയര്‍.
രമ്യാ രാജനെ ഞങ്ങള്‍ കണ്ടെത്തിയതില്‍ കോപിഷ്ടരായ ഉദ്യോഗസ്ഥര്‍.
അവരുടെ മുന്‍പാകെ ചോദ്യം ചെയ്യപ്പെടുന്ന ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍.
കസ്റ്റംസിലെ രണ്ട്‌ ഉദ്യോഗസ്ഥരും ഹാജര്‍
രമ്യാ രാജനെ കണ്ട്‌ സംസാരിച്ചതിലെ നിയമപരവും ധാര്‍മ്മികവുമായ പ്രശ്നങ്ങളെക്കുറിച്ച്‌ വിശദീകരിച്ച്‌ ഭീഷണിപ്പെടുത്താനാണ്‌ സാറുമ്മാരുടെ ശ്രമം.
രമ്യാ രാജന്റെ വീട്ടില്‍ പോയതും ആ കുട്ടിയോട്‌ സംസാരിച്ചതും ഞങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയിരുന്നു.ആ കാമറ രമ്യയുടെ സാറുമ്മാര്‍ ആദ്യമേ തന്നെ വാങ്ങി.( കുറ്റം പറയരുതല്ലോ, അന്വേഷണാര്‍ത്ഥം കാമറ കൈപ്പറ്റി എന്ന രസീത്‌ തന്നിട്ടുണ്ട്‌ ) ഒളികാമറയില്‍ അതൊക്കെ ചിത്രീകരിച്ചത്‌ രമ്യയുടെ അനുവാദത്തോടെയാണോ?ആരാണ്‌ നിങ്ങള്‍ക്കതിന്‌ ലൈസന്‍സ്‌ തന്നത്‌?അത്‌ രമ്യാ രാജന്റെ സ്വകാര്യതയിലേയ്ക്കുള്ള അനധികൃതമായ കടന്നുകയറ്റമല്ലേ? എന്നു തുടങ്ങി കാക്കത്തോള്ളായിരം ചോദ്യങ്ങള്‍
അനഘയെ പീഡിപ്പിച്ച രതിവേട്ടക്കാര്‍ക്ക്‌ മുന്‍പില്‍ ഓച്ഛാനിച്ച്‌ നിന്ന സിബിഐ സാറുമ്മാരുടെ അത്യുത്സാഹം കണ്ടപ്പോള്‍ മനസ്സിലുണര്‍ന്ന സനേഹമിതായിരുന്നു:
അനഘയെ പീഡിപ്പിച്ചവരെ കണ്ടെത്താനാണോ അതോ രമ്യാരാജനെ സംരക്ഷിക്കാനാണോ ഹൈക്കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടത്‌..?
വാല്‍കഷ്ണം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്നത്‌ പഴയ പോലീസ്‌ ശൈലി.ചത്തവനെ പീഡകനാക്കുന്നത്‌ പുതിയ സിബിഐ ലൈന്‍
നാളെ രമ്യ ആര്‍ക്ക്‌ വേണ്ടിയാണ്‌ കള്ളം പറഞ്ഞത്‌..?

Tuesday, December 20, 2011

നന്ദകുമാരന്‍ നായര്‍ ഊഹിച്ചു; നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചു


നിശിതമായ വിശകലനവും, തീക്ഷണമായ നിരീക്ഷണവും ഉന്നിദ്രമായ ധാര്‍മികബോധവും സത്യത്തോടും നീതിയോടുമുള്ള കറതീര്‍ന്ന പ്രതിബദ്ധതയും ആവശ്യപ്പെട്ട കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എസ്പി നന്ദകുമാരന്‍ നായരെ നയിച്ചത്‌ ലൈംഗീകവൈകൃതം ബാധിച്ച മനസ്സും നിരീക്ഷണവുമായിരുന്നെന്നോ..!


ആതിരേ,സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ ഫാ.തോമസ്‌ കോട്ടൂര്‍,ഫാ.ജോസ്‌ പൂതൃക്ക,സിസ്റ്റര്‍ സെഫി എന്നിവരെ വിദഗ്ദമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ സിബിഐ എസ്പി നന്ദകുമാരന്‍ നായര്‍ക്ക്‌ കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എവിടെ എങ്ങനെയാണ്‌ കാലിടറിയത്‌..?
നാര്‍കോ അനാലിസിസും ഹൈമനൊപ്ലാസ്റ്റി ടെസ്റ്റും നടത്തി, അതുവരെ ക്നനായ സഭയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരിലെ ഉന്നതരും ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെപ്പോലെയുള്ള ന്യായാധിപന്മാരും സ്വാധീനം ചെലുത്തി സംരക്ഷിച്ച പ്രതികളെ പുറത്തുകൊണ്ടുവന്ന്‌ സിബിഐയുടെ വിശ്വാസ്യത വീണ്ടെടുത്ത അന്വേഷണ ഉദ്യോഗസ്ഥാനായിരുന്നു നന്ദകുമാരന്‍ നായര്‍.ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണങ്ങളിലൂടെ തെളിവുകളെല്ലാം നശിപ്പിച്ച്‌ പ്രതികളെ കുറ്റവിമുക്തരാക്കിയ ഒരു കേസിലായിരുന്നു, ഒന്നര ദശാബ്ദത്തിന്‌ ശേഷം വൈദീക-സന്യസ്ത പ്രതികളെ കൈയാമം വച്ചത്‌. പക്ഷേ ആ നന്ദകുമാരന്‍ നായരുടെ ഈ കേസിലെ പരിണതി ഭയങ്കരവും സമാനതകളില്ലാത്തതുമായത്‌ ആരുടെ ഇടപെടല്‍ മൂലം?
മുത്തൂറ്റ്‌ ജോര്‍ജ്‌ വധക്കേസില്‍ മുഖ്യ പ്രതികളായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും രക്ഷപേടുത്താന്‍ വിന്‍സന്‍ എം.പോള്‍ കണ്ടെത്തിയ 'എസ്‌ കത്തി' തിയറിയെ എത്രയോ കാതം പിന്നിലാക്കിയിരിക്കുന്നു നന്ദകുമാരന്‍ നായരുടെ അനുമാനം.
ഡിഎന്‍എ ടെസ്റ്റ്‌ നടത്താതെ ബീജം,ഉമിനീര്‍,രക്തം എന്നിവയുടെ ഉടമയെ കണ്ടെത്താന്‍ കഴിയില്ല എന്നത്‌ ഫോറെന്‍സിക്‌ സയന്‍സിലെ അടിസ്ഥാന തത്വമാണ്‌.ഉളുപ്പില്ലാതെ അത്‌ അട്ടിമറിക്കാനും കോടതിയേയും പൊതുസമൂഹത്തേയും വിഡ്ഢികളാക്കാനും സിബിഐയ്ക്ക്‌ ഒരിക്കലും മായ്ക്കാനാവാത്ത നാണക്കേടുണ്ടാക്കാനും നന്ദകുമാരന്‍ നായര്‍ക്ക്‌ പ്രേരണയായത്‌ എന്താണ്‌..?ആരാണ്‌ അതിനുപിന്നില്‍ ചരട്‌ വലിച്ചത്‌..?കേസ്‌ വീണ്ടും കേള്‍ക്കുന്ന ദിവസം ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍, ആതിരേ, നന്ദകുമാരന്‍ നായര്‍ കുറച്ചൊന്നും വിയര്‍ത്താല്‍ പോരാ.
കൂട്ട ആത്മഹത്യക്ക്‌ മുമ്പ്‌ കവിയൂരിലെ അനഘയെ അച്ഛന്‍ പീഡിപ്പിച്ചുവെന്ന സിബിഐയുടെ കണ്ടെത്തല്‍, ഡിഎന്‍എ പരിശോധന പോലും നടത്താതെയാണെന്ന്‌ തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ട്‌ പച്ചയായി പറയുന്നു.ഊഹങ്ങളുടേയും അനുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ്‌ അനഘയ്ക്കും കുടുംബത്തിനും ആചന്ദ്രകാലം അപമാനമുണ്ടാക്കുന്ന പീഡന തിയറിയില്‍ നന്ദകുമാരന്‍ നായരും സംഘവും എത്തിച്ചേര്‍ന്നത്‌.
അനഘയുടെ ഉള്ളില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം പോസ്റ്റുമോര്‍ട്ടത്തിലാണ്‌ കണ്ടെത്തിയതാണ്‌. സാമ്പിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനക്ക്‌ അയച്ചെങ്കിലും ഡിഎന്‍എ പരിശോധന വേണമെന്ന്‌ പൊലീസ്‌ അന്ന്‌ ആവശ്യപ്പെട്ടില്ല. അച്ഛന്‍ നാരായണന്‍ നമ്പൂതിരിയുടെ രക്തസാംപിളും ശേഖരിച്ചിരുന്നെങ്കിലും ഇതും ലാബില്‍ സൂക്ഷിച്ചിട്ടില്ല. അനഘയുടെയും നാരായണന്‍ നമ്പൂതിരിയുടെയും വസ്ത്രങ്ങള്‍ ഫൊറന്‍സിക്‌ പരിശോധനക്ക്‌ അയച്ചു.ഈ സാംപിളുകളെല്ലാം ചെന്നൈ ഫൊറന്‍സിക്‌ ലാബില്‍ അയച്ചെങ്കിലും അവിടെയും ഡിഎന്‍എ പരിശോധന നടന്നില്ല.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രിയ പരിശോധനയൊന്നും ഇനി സാധ്യമല്ല. ഉള്ള തെളിവുവച്ച്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചുവെന്ന്‌ കോടതിയും പൊതുസമൂഹവും വിശ്വസിച്ചുകൊള്ളണമെന്നാണ്‌ ,ആതിരേ, സിബിഐ ശഠിക്കുന്നത്‌. ഇതിന്‌ ചൂണ്ടിക്കാണിക്കുന്ന വസ്തുതയാകട്ടെ അതി വിചിത്രവും. പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയ സമയത്തൊന്നും അനഘ പുറത്തുപോയിട്ടില്ല. പിന്നെ വീട്ടിലാകെയുള്ള പുരുഷന്‍ അച്ഛനായതിനാല്‍ അച്ഛന്‍ പീഡിപ്പിച്ചുവെന്ന്‌ വിശ്വസിച്ചോളണം.. അച്ഛന്റെ വിചിത്രമായ ഏതോ പെരുമാറ്റത്തെക്കുറിച്ച്‌ അനഘ , സഹപാഠി രമ്യാ രാജനോട്‌ പറഞ്ഞിരുന്നുവെന്ന ദുര്‍ബലമായ മൊഴിയും തങ്ങളുടെ ഊഹത്തിന്‌ ബലം നല്‍കാന്‍ സിബിഐ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്‌.
മക്കള്‍ സംശയത്തിന്റെ നിഴലിലുള്ള സിപിഎം നേതാക്കളായ എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ പേരിനൊന്ന്‌ ചോദ്യം ചെയ്ത്‌ ആരോപണത്തിലൊന്നും അടിസ്ഥാനമില്ല എന്ന അവരുടെ മൊഴികളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്‌.പക്ഷെ മന്ത്രിപുത്രന്മാരായ അശോക്‌ ബേബിയേയും ബിനീഷ്‌ കോടിയേരിയേയും കൂളായിട്ട്‌ ഒഴിവക്കി .
അങ്ങനെ കൂടുതലൊന്നിനും മിനക്കെടാതെയാണ്‌ അനഘയെ പീഡിപ്പിച്ചത്‌ പിതാവ്‌ തന്നെയെന്ന ഞെട്ടിക്കുന്ന വഴിത്തിരിവ്‌ നല്‍കിക്കൊണ്ട്‌ എസ്പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ സിബിഐ സംഘം പുനരന്വേഷണം അവസാനിപ്പിച്ചത്‌.
ആതിരേ,നിശിതമായ വിശകലനവും, തീക്ഷണമായ നിരീക്ഷണവും ഉന്നിദ്രമായ ധാര്‍മികബോധവും സത്യത്തോടും നീതിയോടുമുള്ള കറതീര്‍ന്ന പ്രതിബദ്ധതയും ആവശ്യപ്പെട്ട കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എസ്പി നന്ദകുമാരന്‍ നായരെ നയിച്ചത്‌ ലൈംഗീകവൈകൃതം ബാധിച്ച മനസ്സും നിരീക്ഷണവുമായിരുന്നെന്നോ..!
വാല്‍ക്കഷ്ണം: ഡിഎന്‍എ പരിശോധന ആവശ്യം വരുമ്പോള്‍ സമീപിക്കുക: നന്ദകുമാരന്‍ നായര്‍, എഎസ്പി, സിബിഐ, തിരുവനന്തപുരം. ഊഹം കൊണ്ട്‌ കാര്യസാദ്ധ്യം, പണച്ചെലവില്ല; കാലതാമസവുമില്ല
( നാളെ രമ്യാ രാജന്‍ സിബിഐയുടെ തടവിലോ)