Thursday, January 13, 2011

ജസ്റ്റിസ്‌ ബാലകൃഷ്ണനും കുടുംബാംഗങ്ങളും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ അന്തക വിത്തുകളോ..?
അറിയുക - ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്‌ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ സുതാര്യതയും ഉത്തരവാദിത്തവുമാണ്‌.അധികാര ഗര്‍വില്‍ റിട്ട്‌.ജസ്റ്റിസ്‌ ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ഭരണകൂടത്തേയും ഭരണഘടനയേയും വെല്ലുവിളിക്കുകയാണ്‌ നികുതിദായകരും സമ്മതിദായകരുമായ പൗരന്മാരെ പമ്പര വിഢികളാക്കുകയാണ്‌.ഇതിലുടെ പൗരന്‌ നീതി ലഭിക്കാനുള്ള അവസാനത്തെ ആശ്രയവും തകര്‍ക്കുകയാണ്‌.
ഇത്‌ ഭീകരമാണ്‌.ഭീഷണമാണ്‌ ഇതിന്റെ ബാക്കിപത്രം. നിഷേധിക്കപ്പെടുന്ന നീതി നേടിയെടുക്കാന്‍ ആയുധത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ഇന്ത്യയിലെ സാധാരണ പൗരന്മാരെ നിര്‍ബന്ധിക്കുകയാണ്‌ റിട്ട്‌.ജസ്റ്റിസ്‌ ബാലകൃഷ്ണനനും കൂട്ടരും
ആതിരേ, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ, ഏറ്റവും അധമവും അധോലോക താത്പര്യഭരിതവുമായ അവസ്ഥയിലെത്തി എന്നതിന്റെ ഭീഷണമായ തെളിവാണ്‌ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റിസും, ഇപ്പോള്‍ ദേശിയ മനുഷ്യാവകാശകമ്മീഷന്‍ തലവനുമായ റിട്ട്‌.ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്ണന്റെ മക്കളും മരുമക്കളും സഹോദരനുമൊക്കെ പങ്കാളികളായുള്ള അഴിമതി വാര്‍ത്തകള്‍.
ഇന്ന്‌ ഇന്ത്യയില്‍ പൗരന്മാര്‍ക്ക്‌ ഭരണഘടനാദത്തമായ അവകാശങ്ങളും ആനൂകൂല്യങ്ങളും സ്വന്തമാക്കാനുള്ള അവസാനത്തെ അത്താണിയാണ്‌ കോടതികള്‍.എന്നാല്‍ പൗരന്മാരേയും ഭരണഘടനയേയും ജനാധിപത്യത്തിന്റെ എല്ലാമൂല്യങ്ങളേയും ആക്രിക്കടയില്‍ തൂക്കിവിറ്റ്‌ നഗ്നമായ ഭരണഘടനാലംഘനവും പൗരാവകാശലംഘനവും പ്രതിജ്ഞാലംഘനവും നടത്തി ഒരു വിഭാഗം ന്യായാധിപന്മാരും ബന്ധുക്കളും കൂട്ടാളികളും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ വ്യഭിചരിച്ചു കൊണ്ടിരിക്കുകയാണ്‌.
വേലി തന്നെ വിളവ്‌ തിന്നുന്നു എന്ന്‌ ഉദാസീനമായി പറഞ്ഞൊഴിയുന്നതെങ്ങനെ, ആതിരേ?
ഇന്ത്യയിലെ ന്യായാധിപന്മാരില്‍ 20% അഴിമതിക്കാരാണെന്ന്‌ സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എസ്‌.പി. ബറൂച്ച പറഞ്ഞത്‌ വര്‍ഷങ്ങള്‍ മുന്‍പാണ്‌. കടുത്ത സമ്മര്‍ദം ഉണ്ടായപ്പോള്‍ അദ്ദേഹം തിരുത്തി :"80% ന്യായാധിപന്മാരും സത്യസന്ധരാണ്‌ ". മുന്‍ കേന്ദ്ര മന്ത്രിയും സുപ്രീകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസുമാര്‍ ആയിരുന്ന 16 പേരില്‍ 8 പേര്‍ അഴിമതിക്കാരാണെന്ന്‌ ആരോപിച്ചത്‌ ഈയിടെയാണ്‌. അഴിമതിക്കാരായ എട്ടുപേര്‍ ആരെന്നു കണ്ടുപിടിക്കുക അല്ലെങ്കില്‍ കോടതിയലക്ഷ്യക്കേസില്‍ തന്നെ ജയിലില്‍ അടയ്ക്കുക എന്നാണ്‌ ശാന്തിഭൂഷന്‍ സുപ്രീംകോടതിയോടു നടത്തിയ വെല്ലുവിളി.
ശാന്തിഭൂഷന്റെ മകന്‍ പ്രശാന്ത്‌ ഭൂഷണ്‍ ഇതേ ആരോപണം തെഹല്‍ക്ക മാഗസിന്‌ അനുവദിച്ച അഭിമുഖത്തില്‍ ഉന്നയിച്ചു. കോടതിയലക്ഷ്യകേസെടുത്ത സുപ്രീംകോടതി ക്ഷമാപണം നടത്തി കേസ്‌ തീര്‍ക്കാന്‍ പറഞ്ഞെങ്കിലും പ്രശാന്ത്‌ ഭൂഷന്റെ വക്കീല്‍ റാംജത്മലാനി വഴങ്ങിയില്ല. കോടതിയെ അപമാനിക്കുകയല്ല ബഹുമാനിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും ജുഡീഷ്യറിയുടെ സുതാര്യത ഉറപ്പാക്കിയില്ലെങ്കില്‍ ജനവിശ്വാസം നഷ്ടപ്പെടുമെന്നതിനാല്‍ ക്ഷമാപണമല്ല അഴിമതിക്കാരായ ന്യായാധിപന്മാരെ കണ്ടെത്തി ശിക്ഷിച്ച്‌ നീതിന്യായവ്യവസ്ഥയുടെ മാന്യത വീണ്ടെടുക്കുകയാണാവശ്യമെന്നും ജത്‌ മലാനി പറഞ്ഞു.
ആതിരേ, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയക്ക്‌ അഭിമാനിക്കാവുന്ന നിരവധി വിധിപ്രഖ്യാപനങ്ങള്‍ നടത്തിയ മാതൃകാ ന്യായാസനമാണ്‌ അലഹബാദ്‌ ഹൈക്കോടതി.എന്നാല്‍ ഇന്ന്‌ ഏറ്റവും ജീര്‍ണിച്ച,ഏറ്റവും ശാപഗ്രസ്തമായ അവസ്ഥയിലാക്കി ആ നീതിപീഠത്തെ അവിടുത്തെ ധനാര്‍ത്തിമൂത്ത ന്യായാധിപ പരിഷകള്‍
..." അലഹാബാദ്‌ ഹൈക്കോടതിയെ അങ്കിള്‍ ജഡ്ജസ്‌ സിന്‍ഡ്രോം (മക്കള്‍, ജാമാതാക്കള്‍, അനന്തരവന്‍മാര്‍, സഹോദരങ്ങള്‍ തുടങ്ങി ബന്ധുക്കളായ അഭിഭാഷകര്‍ ഹാജരാകുന്ന കേസുകളില്‍ ജഡ്ജിമാര്‍ അനുകൂല വിധി പറയുന്ന രോഗം) ബാധിച്ചിരിക്കുന്നു. നന്നാക്കാന്‍ വയ്യാത്തവരെ സ്ഥലംമാറ്റി (ട്രാന്‍സ്ഫര്‍ ദ്‌ ഇന്‍കോറിജിബിള്‍സ്‌) അലഹബാദില്‍ ശുദ്ധികലശം നടത്തണം.ചില ജഡ്ജിമാരുടെ മക്കളും മരുമക്കളും മറ്റു ബന്ധുക്കളും അതേ കോടതിയില്‍ പ്രാക്ടീസ്‌ തുടങ്ങുന്നു. ചുരുങ്ങിയകാലത്തിനുള്ളില്‍ അവര്‍ ആഡംബര കാറുകളും കൂറ്റന്‍ ബംഗ്ലാവുകളുമുള്ള ബഹുലക്ഷാധിപതികളായി മാറുന്നു."
പ്രാദേശികോത്സവത്തോടനുബന്ധിച്ചു പ്രദര്‍ശനം നടത്താന്‍ ഒരു സര്‍ക്കസ്‌ കമ്പനിക്കു പൊതുസ്ഥലം വിട്ടുകൊടുക്കുന്നതിനെതിരേ നല്‍കിയ റിട്ട്‌ ഹര്‍ജി നിരസിച്ച ലക്നൗ ബഞ്ചിന്റെ വിധി തള്ളിയ അലഹബാദ്‌ ഹൈക്കോടതിയെ വിമര്‍ശിച്ചുകൊണ്ട്‌ കഴിഞ്ഞ മാസം ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്ജുവും ജസ്റ്റിസ്‌ ജി.എസ്‌ മിശ്രയും നടത്തിയതാണീ പരാമര്‍ശം. രാജ്യത്തെ ഏറ്റവുംവലിയ ഹൈക്കോടതിയായ അലഹബാദില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്നും ശുദ്ധികലശം നടത്തണമെന്നുംവരെ പറയാന്‍ സുപ്രീകോടതി ഡിവിഷന്‍ ബെഞ്ച്‌ മടിച്ചില്ല.
ശ്രദ്ധിക്കുക, ചീഫ്‌ വിജിലന്‍സ്‌ കമ്മിഷണര്‍ പി.ജെ. തോമസിന്റെ നിയമനത്തിനെതിരായ കേസില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ജി.ഇ. വാഹന്‍വതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എസ്‌. കപാഡിയ അധ്യക്ഷനായ സുപ്രീംകോടതിയില്‍ പറഞ്ഞതിങ്ങനെ. 'കുറ്റമറ്റ സത്യസന്ധത (ഇംപെക്കബിള്‍ ഇന്റഗ്രിറ്റി) എന്ന മാനദണ്ഡം നിയമന വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തേണ്ടിവന്നാല്‍ എല്ലാ ജുഡീഷ്യല്‍ നിയമനങ്ങളും ചോദ്യംചെയ്യപ്പെടും. സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകേണ്ടിവരും.' ലോകജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി പരിലസിക്കുന്ന ഇന്ത്യന്‍ ജുഡീഷ്യറി അഴുക്കുചാലിലേക്കു നീങ്ങുന്നു എന്ന സൂചനയാണ്‌ അറ്റോര്‍ണി ജനറലിന്റെ ഈ പരാമര്‍ശവും അങ്കിള്‍ ജഡ്ജസ്‌ സിന്‍ഡോം എന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത ആക്ഷേപവും.
യു.പി.യിലെ ഗാസിയാബാദ്‌ ജില്ലാ കോടതിയെപ്പറ്റി സി.ബി.ഐ. ഇക്കഴിഞ്ഞ ജൂലൈ 26നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ ജില്ലാ കോടതിയിലെ ക്ലാസ്‌ 3, 4 ജീവനക്കാരുടെ പി.എഫ്‌. ഫണ്ടില്‍നിന്നു പണം ചോര്‍ത്തി അടിപൊളി ജീവിതം നയിച്ച ആറു ജഡ്ജിമാര്‍ക്കെതിരേയാണു നടപടി ആവശ്യപ്പെട്ടിരിക്കുന്നത്‌. ട്രഷറി ഓഫീസര്‍ അശുതോഷ്‌ അസ്താന ആയിരുന്നു ജഡ്ജിമാരുടെ അനുമതിയോടെ പി.എഫ്‌. തുക പിന്‍വലിച്ചുകൊണ്ടിരുന്നത്‌. ജസ്റ്റിസുമാരായ എ.കെ. സിംഗ്‌, ആര്‍.പി. യാദവ്‌, ആര്‍.എന്‍. മിശ്ര (മൂവരും പിന്നീട്‌ ഹൈക്കോടതി ജഡ്ജിമാരായി). ആര്‍.പി. മിശ്ര, ആര്‍.എസ്‌. ചൗബെ, അരുണ്‍കുമാര്‍ എന്നിവരാണ്‌ ആരോപണ വിധേയരായത്‌. ഒന്‍പതുമാസം മാത്രം ഗാസിയാബാദ്‌ ജില്ലാ കോടതിയിലുണ്ടായിരുന്ന ജസ്റ്റിസ്‌ എ.കെ. സിംഗ്‌ വെട്ടിച്ചത്‌ 82 ലക്ഷം രൂപ. 2006 നവംബര്‍ 30നും 2007 ഡിസംബര്‍ 31നും ഇടയ്ക്ക്‌ ജസ്റ്റിസ്‌ ചൗബെ അടിച്ചുമാറ്റിയത്‌ 1.47 കോടി രൂപ.
അഴിമതിക്കേസില്‍ കുടുങ്ങിയ മറ്റൊരു ജഡ്ജിയാണ്‌ 1996 ഡിസംബര്‍ 19 മുതല്‍ 2008 ഓഗസ്റ്റ്‌ വരെ കര്‍ണടക ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ്‌ പി.ഡി. ദിനകരന്‍. ഇദ്ദേഹത്തെ സുപ്രീകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ 2007 ഓഗസ്റ്റ്‌ 27ന്‌ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചതറിഞ്ഞ്‌ മദ്രാസ്‌ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരടങ്ങിയ ഫോറംഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി സുപ്രീകോടതി കൊളീജിയത്തിനു പരാതി നല്‍കി.
ഭൂമികുംഭകോണം(550ഏക്കര്‍) നടത്തി., ചെന്നൈയില്‍ അനധികൃത നിര്‍മിതികള്‍,ക്രമവിരുദ്ധമായ ജുഡീഷ്യല്‍ ഉത്തരവുകള്‍, കേസുകള്‍ തീര്‍ക്കാനുള്ള അദാലത്തിന്റെ പേരില്‍ ജസ്റ്റിസ്‌ ദിനകരന്‍ 20 മിനിറ്റിനുള്ളില്‍ ജാമ്യം അനുവദിച്ചത്‌ 46 കേസുകളില്‍. ദിനകരന്‍ തന്റെ ഔദ്യോഗിക കാറില്‍ ചുവന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ നിറത്തിലുള്ള തടിച്ച അക്ഷരങ്ങളില്‍ എഴുതിയ നമ്പര്‍ പ്ലേറ്റ്‌ ഉപയോഗിക്കുന്നു. മോട്ടോര്‍ വാഹന നിയമപ്രകാരം ഇതു രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും മാത്രം അനുവദിച്ചിട്ടുള്ളതാണ്‌.
ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായ കൊളീജിയം ദിനകരനെ സിക്കിം ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി മാറ്റി നിയമിച്ചു. ദിനകരനെ തിരികെ വിളിക്കാന്‍ സിക്കിം ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിയോടഭ്യര്‍ഥിച്ചു. ഈ ആരോപണങ്ങളടങ്ങിയ കത്ത്‌ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചു. പദവി ദുരുപയോഗം, വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി ദിനകരനെ നീക്കാനുള്ള പ്രമേയം രാജ്യസഭാധ്യക്ഷന്‍ 2009 ഡിസംബറില്‍ പരിഗണിച്ചു. ഇതോടെ ജസ്റ്റിസ്‌ ദിനകരന്‍ 2009 ഡിസംബര്‍ മുതല്‍ ജുഡീഷ്യല്‍ ജോലികളൊന്നും ചെയ്യുന്നില്ലെങ്കിലും അഴിമതിയില്‍ കുളിച്ച ജഡ്ജിക്കെതിരേ നിയമത്തിന്റെ കരങ്ങള്‍ നീളുന്നില്ല.
ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന വൈ.കെ.സബര്‍വാളിനെയും ഡല്‍ഹിയിലെ കെട്ടിട നിര്‍മ്മാണ കരാറുകാരെയും ബന്ധിപ്പിച്ചും ആരോപണമുണ്ടായി. അങ്കിള്‍ജഡ്ജസ്‌ സിന്‍ഡ്രോമിന്റെ തണലില്‍ റിസോര്‍ട്ടുകളും മണിമാളികകളും ബിനാമികളുടെ പേരില്‍ സ്വത്തുക്കളും നേടുന്ന മക്കളും മരുമക്കളും വര്‍ധിച്ചുവരുന്നു.
ആതിരേ, ആ അഴിമതികൂട്ടങ്ങളിലാണിപ്പോള്‍ റിട്ട്‌.ജസ്റ്റിസ്‌ ബാലകൃഷ്ണന്റെ മരുമക്കളായ അഡ്വ.പി.വി.ശ്രീനിജന്‍, അഡ്വ.എം.ജെ.ബെന്നി,മക്കളായ സോണി, റാണി, പ്രദീപ്‌; സഹോദരനും സംസ്ഥാനസര്‍ക്കാരിന്റെ സ്പെഷല്‍ പ്ലീഡറായിരുന്ന കെ.ജി.ഭാസ്കരന്‍ എന്നിവര്‍ ഇടം നേടിയിരിക്കുന്നത്‌. റിട്ട്‌.ജസ്റ്റിസ്‌ ബാലകൃഷ്ണന്റെ മറവിലാണ്‌ ഇവര്‍ വന്‍ സാമ്പത്തീകക്രമക്കേടുകളും വന്‍ ഭൂമി ഇടപാടുകളും നടത്തിയിട്ടുള്ളതെന്നാണ്‌ വാര്‍ത്തകള്‍.റിട്ട.ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ അടക്കം നിരവഭിഭാഷകരംഗത്തെ നിരവധി സത്യ ജിഹ്വകള്‍ ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിട്ടുണ്ട്‌.ഞെട്ടിക്കുന്ന തെളിവുകളാണ്‌ മാധ്യമങ്ങള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്‌.എന്നിട്ടും കുലുക്കമില്ലാതെ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിച്ച്‌, ഇന്ത്യന്‍ പൗരന്മാരെയും ഭരണകൂടത്തേയും വിഢികളാക്കി റിട്ട്‌.ജസ്റ്റിസ്‌ ബാലകൃഷ്ണന്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനത്തു തുടരുകയാണ്‌.
ശ്രദ്ധിക്കേണ്ടത്‌, ഈ ആരോപണങ്ങള്‍ പുതിയവയല്ല എന്നതാണ്‌.യൂത്ത്‌ കൊണ്‍ഗ്രസ്‌ നേതാവ്‌ കൂടിയായ അഡ്വ.പി.വി.ശ്രീനിജന്‍ അഭൂതപൂര്‍വമായ സ്വത്ത്‌ അനധികൃതമായി സമ്പാദിച്ചതു സംബന്ധിച്ച്‌ 2008 നവബര്‍ 11 ന്‌ രാഷ്രപതി പ്രതിഭാ പാട്ടീലിന്‌ രേഖാമൂലം പരാതി ലഭിച്ചതാണ്‌.മായാവതി, ജയലളിത,അമര്‍സിംഗ്‌ എന്നിവര്‍ പങ്കളികളായ രാജ്യത്തെ നിര്‍ണായകമായ അഴിമതി കേസുകള്‍ സുപ്രീം കോടതി പരിഗണിച്ച കാലത്താണ്‌ ശ്രീനിജന്‍ സ്വത്ത സമ്പാദിച്ചതെന്നും ആ പരാതിയില്‍ ആരോപിക്കുന്നു.മായാവത്‌, ജയലളിത, അമര്‍ സിംഗ്‌ എന്നിവര്‍ക്കെതിരായ കേസുകള്‍ സുപ്രീം കോടതി നീട്ടിക്കൊണ്ട്‌ പോയത്‌ അന്വേഷിക്കണമെന്നും പ്രസ്തുത പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.ശ്രീനിജന്റെ ബിസിനസ്‌ കൂട്ടാളിയുടെ പിതാവും കര്‍ണാടക ഹൈക്കൊടതിയിലെ ജഡ്ജിയുമായ വ്യക്തിയെ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആക്ക്കാന്‍ അന്നു സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന കെ.ജി.ബാലകൃഷ്ണന്‍ ചരടുവലിച്ചതിന്റെ വിവരങ്ങളും ഇന്നു പുറത്തായിട്ടുണ്ട്‌.സത്യം കമ്പ്യൂട്ടര്‍ കേസില്‍ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന കെ.ജി.ബാലകൃഷ്ണന്റെ വിധിയിലും അഴിമതിയുണ്ടെന്നാണ്‌, അദ്ദേഹത്തിനെതിരെ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ച മനോഹര്‍ ലാല്‍ ശര്‍മ ആരോപിക്കുന്നത്‌.
ഇത്തരത്തില്‍ അഴിമതി ആരോപണങ്ങളില്‍ മൂക്കോളം മുങ്ങിക്കിടക്കുകയാണ്‌ റിട്ട്‌.ജസ്റ്റിസ്‌ ബാലകൃഷ്ണനനും കുടുംബാംഗങ്ങളും.
ഇവിടെ വളരെ നാടകീയമായ ഒരു ഇടപെടല്‍ കൂടിയുണ്ടായിട്ടുള്ളത്‌ ശ്രദ്ധിച്ചേ മതിയാകൂ.ദളിതനായ ബാലകൃഷ്ണനെ അവമതിക്കാനാണ്‌ ഈ അരോപണങ്ങള്‍ എന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ ആള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ്‌ എസ്സി/എസ്റ്റി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ രംഗത്തത്തിയതാണത്‌.ഏതു വിഷയത്തേയും വിവാദത്തേയും ജാതിയുടേയും മതത്തിന്റേയും സമുദായത്തിന്റേയും മറവില്‍ വക്രീകരിച്ച്‌ കുറ്റവാളികളെ രക്ഷപെടുത്താനുള്ള ഗൂഢപദ്ധതി എന്നും ആരോപിതര്‍ പയറ്റാറുണ്ട്‌.2ജി സ്പെക്ട്രം കേസിലെ പ്രതി എ.രാജ പറഞ്ഞതും അതായിരുന്നല്ലോ-ദ്രാവിഡനായ തീന്നെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ്‍' ആരോപണം-
അറിയുക - ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്‌ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ സുതാര്യതയും ഉത്തരവാദിത്തവുമാണ്‌.അധികാര ഗര്‍വില്‍ റിട്ട്‌.ജസ്റ്റിസ്‌ ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ഭരണകൂടത്തേയും ഭരണഘടനയേയും വെല്ലുവിളിക്കുകയാണ്‌ നികുതിദായകരും സമ്മതിദായകരുമായ പൗരന്മാരെ പമ്പര വിഢികളാക്കുകയാണ്‌.ഇതിലുടെ പൗരന്‌ നീതി ലഭിക്കാനുള്ള അവസാനത്തെ ആശ്രയവും തകര്‍ക്കുകയാണ്‌.
ഇത്‌ ഭീകരമാണ്‌.ഭീഷണമാണ്‌ ഇതിന്റെ ബാക്കിപത്രം.ആതിരേ, നിഷേധിക്കപ്പെടുന്ന നീതി നേടിയെടുക്കാന്‍ ആയുധത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ഇന്ത്യയിലെ സാധാരണ പൗരന്മാരെ നിര്‍ബന്ധിക്കുകയാണ്‌ റിട്ട്‌.ജസ്റ്റിസ്‌ ബാലകൃഷ്ണനനും കൂട്ടരും

Illustration : courtesy Sandeep Adhwaryu, OUTLOOK