Monday, June 25, 2012

ഈ മെത്രാന്മാരെ തലകീഴായി ക്രൂശിക്കണം

ഗുണ്ട അക്രമണം ഭയന്ന്‌ കുര്യാക്കോസ്‌ മാര്‍ ക്ലീമിസിന്‌ ഇടുക്കി ഭദ്രാസനാലയത്തില്‍ നിന്ന്‌ ഒളിച്ചു പോകേണ്ട അവസ്ഥ സംജാതമായെങ്കില്‍ സംശയമില്ല, രാഷ്ട്രീയക്കാരും അവരുടെ ഗുണ്ടകളും എതിരാളികളെ ഒതുക്കാന്‍ അനുവര്‍ത്തിക്കുന്ന ഉന്മൂലന ശൈലി അതിന്റെ എല്ലാ ക്രൗര്യതയോടും അരമനകളിലും എത്തിച്ചേര്‍ന്നിരിക്കുന്നു . കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെ ആക്രമിക്കാന്‍ എത്തിയത്‌ സഭയുടെ സ്ഥിരം ഗുണ്ടകളായിരുന്നു എന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌. സഭാ പ്രവര്‍ത്തനം ഇത്തരത്തില്‍ ഗുണ്ടാവാഴ്ചയ്ക്കും ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടത്തിനുമായി തീരുമ്പോള്‍ ഇവരെല്ലാം പ്രസംഗിക്കുന്ന ക്രിസ്തു 2000 വര്‍ഷം മുന്‍പ്‌ ചോദിച്ച ഒരു ചോദ്യമാണ്‌ പ്രസക്തമാകുന്നത്‌: 'മനുഷ്യ പുത്രന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുമോ? ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാനുള്ള നന്മയും വിശുദ്ധിയും ശ്രേഷ്ഠ കത്തോലിക്ക ബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമനും ഇടുക്കി ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലീമിസിനും സംഘത്തിനും ഉണ്ടോ? ആതിരേ,യഹൂദര്‍ ഒരിക്കല്‍ കുരിശില്‍ തറച്ചു കൊന്ന ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ അനുനിമിഷം ക്രൂശീകരിച്ചു കൊണ്ടിരിക്കുകയാണെന്ന നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ്‌ ഇപ്പോള്‍ മലങ്കര യാക്കോബായ സഭയുമായി ബന്ധപ്പെട്ട്‌ പുറത്തു വന്നിട്ടുള്ള ക്രിമിനല്‍ വാര്‍ത്തകള്‍. ഒരു ഭദ്രസനാധിപനെ വധിക്കാന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചു എന്ന്‌ ആരോപിക്കപ്പെടുമ്പോള്‍ തെരുവു തെമ്മാടികളുടെ തലത്തില്‍ എത്തി നില്‍ക്കുകയാണ്‌ ഭദ്രസനാധിപനും സഭയുടെ പരമാദ്ധ്യക്ഷനും അടങ്ങുന്ന സഭാ നേതൃത്വം മുഴുവന്‍. ലോകത്തിന്‌ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ക്ഷമയുടെയും പാപവിമോചനത്തിന്റെയും സുവിശേഷവുമായാണ്‌ ക്രിസ്തു അവതരിച്ചതെന്നാണ്‌ ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഏഴ്‌ എഴുപതുവട്ടം ക്ഷമിക്കാനാണ്‌ ക്രിസ്തുവിന്റെ ഏറ്റവും മൂല്യവത്തായ പ്രബോധനങ്ങളില്‍ ഒന്ന്‌. നിന്റെ വലത്തേ കവളില്‍ ആരെങ്കിലും അടിച്ചാല്‍ ഇടത്തേ കവളും കാണിച്ചുകൊടുക്കാന്‍ ഉപദേശിച്ച്‌ ക്ഷമയുടെ പുതിയ സുവിശേഷം രചിച്ച ക്രിസ്തു തന്നെയാണ്‌ നിങ്ങള്‍ ലോകത്തിലുള്ളതല്ല സ്വര്‍ഗത്തിലുള്ളത്‌ ചിന്തിക്കാന്‍ പഠിപ്പിച്ചത്‌. ഇഹലോഹ ജീവിതവുമായി ബന്ധപ്പെട്ട ഭൗതിക വിഷയങ്ങളില്‍ നിന്ന്‌ മനസ്സ്‌ മാറ്റുമ്പോള്‍ മാത്രമാണ്‌ മനുഷ്യന്‍ നിസ്വാര്‍ത്ഥനും സ്നേഹിക്കാന്‍ കഴിവുള്ളവനും അന്യനെ സഹായിക്കാന്‍ മനസ്സുള്ളവനും ആകുക എന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഭൗതിക ലോകത്തിന്റെ സുഖസൗകര്യങ്ങളെക്കുറിച്ചല്ല സ്വര്‍ഗ്ഗലോകത്തെ കുറിച്ച്‌ ചിന്തിക്കാന്‍ ക്രിസ്തു പഠിപ്പിച്ചത്‌. ഈ പഠനത്തിന്‌ പൊരുള്‍ നിരവധിയാണ്‌. അതിലൊന്നാണ്‌ നിങ്ങള്‍ക്കിടയില്‍ തന്നെയാണ്‌ സ്വര്‍ഗവും നരകവും എന്നുള്ള ക്രിസ്തുവിന്റെ ഉദ്ബോധനം. ആതിരേ,ഇതെല്ലാം വായിക്കാനും പുള്‍പ്പിറ്റുകളില്‍ നിന്നുകൊണ്ട്‌ ഇടവകാംഗങ്ങളെയും വിശ്വാസികളെയും ബോധിപ്പിക്കാനുള്ളതല്ല മറിച്ച്‌, സ്വന്തം ജീവിതത്തില്‍ പകര്‍ത്തി കാട്ടി ക്രിസ്തുവിന്റെ സാക്ഷികളാകാനാണ്‌ സുവിശേഷവും ക്രിസ്തുവും ആഹ്വാനം ചെയ്യുന്നത്‌. ഇത്‌ ഒരു സംഘടിത മത സൃഷ്ടിക്കു വേണ്ടിയുള്ള ശ്രമമല്ല. മറിച്ച്‌, തന്റെ ഏകജാതനായ പുത്രനെ ബലിയായി നല്‍കാന്‍ ലോകത്തെ മുഴുവന്‍ സ്നേഹിച്ച ദൈവത്തിന്റെ വലിയ മനസ്സ്‌ വ്യക്തമാക്കുന്ന സാര്‍വ്വലൗകികമായ, സാര്‍വ്വജനീനമായ സൗഹാര്‍ദ്ദത്തിനും സഹകരണത്തിനും സ്നേഹത്തിനും ക്ഷമയ്ക്കും വേണ്ടിയുള്‍ല ആഹ്വാനമാകുന്നു. എന്നാല്‍, ക്രിസ്തുവിനെ മരത്തിലും സ്വര്‍ണ്ണം, വെള്ളി ലോഹങ്ങളിലും രൂപമാക്കി നെഞ്ചത്ത്‌ ധരിക്കുന്ന സഭാ നേതൃത്വം പക്ഷേ, ഓരോ നിമിഷവും ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സുവിശേഷത്തെയും ക്രൂശിച്ചുകൊണ്ട്‌ ക്രിസ്തുവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം ഒരിക്കല്‍ കൂടി വെളിവാകുന്നതാണ്‌ യാക്കോബായ സഭയില്‍ നിന്ന്‌ ഇപ്പോള്‍ പൊട്ടിപ്പുറത്തു വന്നിട്ടുള്ള ഗ്വാഗ്വാ വിളികളും ക്വട്ടേഷന്‍ ഇടപാടുകളും. 48 ലക്ഷം രൂപ ഒരു ഭദ്രസനാധിപന്‍ ആഡംബരാവശ്യങ്ങള്‍ക്ക്‌ ചെലവഴിച്ച്‌ സഭയ്ക്ക്‌ ബാധ്യത വരുത്തി എന്നാണ്‌ ,ആതിരെ,മലങ്കര യാക്കോബായ സഭയുടെ നേതൃത്വം ഇടുക്കി ഭദ്രസനാധിപനായിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലീമിസിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ഒന്ന്‌. ഭൗതിക സുഖസൗകര്യങ്ങള്‍ എല്ലാം ത്യജിച്ച്‌ ദാരിദ്ര്യ വ്രതവാഗ്ദാനത്തോടെയാണ്‌ ക്രൈസ്തവ സഭകളില്‍ പുരോഹിതനും സന്യസ്തരും പ്രേഷിത പ്രവര്‍ത്തനത്തിന്‌ തയ്യാറാകുന്നത്‌. അങ്ങനെ ഒരു ഭദ്രാസനത്തിന്റെ അധിപനായ വ്യക്തിയാണ്‌ ആഡംബരത്തിനുവേണ്ടി 48 ലക്ഷം രൂപ കടംവരുത്തി എന്ന ആരോപണത്തെ നേരിടുന്നത്‌. ചുങ്കക്കാരെയും പാപികളെയും വേശ്യകളെയും മുക്കുവന്മാരെയും തേടിയെത്തുകയും അവര്‍ക്കൊപ്പം ജീവിക്കുകയും ചെയ്ത്‌ സുവിശേഷത്തിന്റെ മഹത്വവും പ്രേഷിത വൃത്തിയുടെ വിശുദ്ധിയും വ്യക്തമാക്കിയ യേശുക്രിസ്തുവിനെ തെരുവില്‍, ആക്രിക്കടയില്‍ തൂക്കിവില്‍ക്കുന്നതിന്‌ തുല്യമാണ്‌ സഭാ നേതൃത്വങ്ങളുടെ ഈ ആഡംബര ജീവിതവും ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെയുള്ള പാച്ചിലും. തീരുന്നില്ല ഈ ഭദ്രസനാധിപനെതിരായുള്ള ആരോപണം. യാക്കോബായ സഭയിലെ ചില കന്യാസ്ത്രീകളുമായി ബന്ധപ്പെടുത്തിയും കുര്യാക്കോസ്‌ മാര്‍ ക്ലീമിസിനെതിരെ ആരോപണം ഉന്നയിക്കുന്നത്‌ ശ്രേഷ്ഠ കാതോലിക്ക ബാവ അടങ്ങുന്ന സഭയുടെ നേതൃനിരയാണ്‌. ക്ലീമിസിന്റെ ഇത്തരം സഭാ വിരുദ്ധ നിലപാടുകളുടെ പേരിലാണെന്ന്‌ പറയപ്പെടുന്നു, അദ്ദേഹത്തെ ഇടുക്കി ഭദ്രാസനത്തിന്റെ ചുമതലയില്‍ നിന്ന്‌ നീക്കിയത്‌. അതേസമയം, ശ്രേഷ്ഠ കാതോലിക്ക ബാവയും സംഘവും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പച്ചക്കള്ളവും സുവിശേഷത്തിന്‌ നിരക്കുന്നതുമല്ലെന്ന്‌ ക്ലിമീസ്‌ തിരിച്ചടിക്കുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ സഭാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച്‌ ചില തല്‍പര കക്ഷികള്‍ ചില കന്യാസ്ത്രീമാരെ സഭയില്‍ നിന്ന്‌ ചിത്രവധം ചെയ്ത്‌ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ സഹായിച്ചതിന്റെ പേരിലാണ്‌ തനിക്കെതിരെ അസാന്മാര്‍ഗ്ഗിക ആരോപണം ഉന്നയിക്കുന്നതെന്ന്‌ ക്ലീമിസ്‌ ആരോപിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മനസ്സിലാണ്‌ അശ്ലീലതയും അസാന്മാര്‍ഗ്ഗിക ചിന്തയും ഉടലെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മൂന്ന്‌ കോടി രൂപ കൊടുത്തിട്ടാണ്‌ താന്‍ ഇടുക്കി ഭദ്രാസനത്തിന്റെ അധിപനായതെന്ന്‌ ക്ലീമിസ്‌ വെളിപ്പെടുത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനമോഹികള്‍ക്ക്‌ സീറ്റുകള്‍ കോഴവാങ്ങി വില്‍ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു ഈ ആരോപണം. ഒരുവേള രാഷ്ട്രീയക്കാരുടെ ആ ഇടപാടിനെക്കാള്‍ നിന്ദ്യവും നീചവും സഭാ വിരുദ്ധവുമായ നിലയിലാണ്‌ യാക്കോബായ സഭയിലെങ്കിലും ഭദ്രാസനാധിപന്മാരെ നിയമിക്കുന്നതെന്ന്‌ വേണം ക്ലീമിസിന്റെ വെളിപ്പെടുത്തലില്‍ നിന്ന്‌ വായിച്ചെടുക്കാന്‍. തന്നെ വധിക്കാന്‍ സഭാ നേതൃത്വം ക്വട്ടേഷന്‍ സംഘത്തെ അയച്ചു എന്ന്‌ പരസ്യമായി മാധ്യമങ്ങളോട്‌ പറയാന്‍ ഒരു ഭദ്രാസനാധിപന്‍ നിര്‍ബന്ധിതനാകുമ്പോള്‍ പശ്ചാത്തലത്തില്‍ നടക്കുന്ന ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ രൂക്ഷതയും ആഴവും പരപ്പും ഊഹാതീതമാകുന്നു. ആതിരേ,ഈ ഗുണ്ട അക്രമണം ഭയന്ന്‌ കുര്യാക്കോസ്‌ മാര്‍ ക്ലീമിസ്‌ ഇടുക്കി ഭദ്രാസനാലയത്തില്‍ നിന്ന്‌ ഒളിച്ചു പോകേണ്ട അവസ്ഥ സംജാതമായെങ്കില്‍ സംശയമില്ല, രാഷ്ട്രീയക്കാരും അവരുടെ ഗുണ്ടകളും എതിരാളികളെ ഒതുക്കാന്‍ അനുവര്‍ത്തിക്കുന്ന ഉന്മൂലന ശൈലി അതിന്റെ എല്ലാ ക്രൂരതകളോടും അരമനകളിലും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ്‌ വ്യക്തമാക്കുന്നത്‌. കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെ ആക്രമിക്കാന്‍ എത്തിയത്‌ സഭയുടെ സ്ഥിരം ഗുണ്ടകളായിരുന്നു എന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌. സഭാ പ്രവര്‍ത്തനം ഇത്തരത്തില്‍ ഗുണ്ടാവാഴ്ചയ്ക്കും ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടത്തിനുമായി തീരുമ്പോള്‍ ഇവരെല്ലാം പ്രസംഗിക്കുന്ന ക്രിസ്തു 2000 വര്‍ഷം മുന്‍പ്‌ ചോദിച്ച ഒരു ചോദ്യമാണ്‌ പ്രസക്തമാകുന്നത്‌. കുരിശില്‍ മരിച്ച്‌ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു താന്‍ വീണ്ടും വരുമെന്നാണ്‌ ശിഷ്യന്മാര്‍ക്ക്‌ ഉറപ്പ്‌ കൊടുത്തത്‌. ക്രൈസ്തവ സഭയുടെ അടിസ്ഥാന വിശ്വാസം കൂടിയാണ്‌ ക്രിസ്തുവിന്റെ രണ്ടാം വരവ്‌. ആ ക്രിസ്തുവാണ്‌ ഒരിക്കല്‍ ചോദിച്ചത്‌ 'മനുഷ്യ പുത്രന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുമോ? ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാനുള്ള നന്മയും വിശുദ്ധിയും ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമനും ഇടുക്കി ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലീമിസിനും സംഘത്തിനും ഉണ്ടോ?

Friday, June 22, 2012

നട്ടെല്ലിന്റെ സ്ഥാനത്ത്‌ ' കുഞ്ഞൂഞ്ഞ്‌ ' ആകുമ്പോള്‍

ഭരണം നിലനിര്‍ത്താന്‍ നെറികെട്ട എല്ലാ വിട്ടുവീഴ്ചകള്‍ക്കും ഉമ്മന്‍ചാണ്ടി തയ്യാറാണ്‌. സാമുദായിക സമവാക്യത്തിന്റെയും സഹകരണത്തിന്റെയും ഒക്കെ പേരില്‍ ഇച്ഛാശക്തി കളഞ്ഞു കുളിച്ച്‌ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ നിസ്സഹായനായി ഉമ്മന്‍ചാണ്ടി നില്‍ക്കുന്ന കാഴ്ചയാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. ഇപ്പോഴും ഈ നിസ്സഹായത മുതലെടുത്ത്‌ ഭരണാധികാരവുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും 'അനര്‍ഹമായ' രീതിയില്‍ പിടിച്ചു പറ്റുകയാണ്‌ മുസ്ലീം ലീഗ്‌. അഞ്ചാം മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള അവരുടെ ദുശാഠ്യവും അതിന്‌ ലജ്ജാരഹിതമായി ഉമ്മന്‍ചാണ്ടി വഴങ്ങിയതും അതുമൂലം ഭരണമുന്നണിയിലും പൊതുമനസ്സിലും സൃഷ്ടിക്കപ്പെട്ട സാമുദായിക ധ്രുവീകരണ ചിന്തയും മറക്കാറായിട്ടില്ല. സന്തുലനം പാലിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ വകുപ്പ്‌ വിഭജനത്തിലെ മലക്കം മറിച്ചിലുകളും കേരളത്തിന്റെ ബോധമനസ്സില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌ ഇപ്പോഴും. ആതിരേ, ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിയ മുഖ്യമന്ത്രിയായിരുന്നു എ.കെ.ആന്റണി. ആദര്‍ശധീരത്വത്തിന്റെ ശുഭ്ര കവച കുണ്ഡലങ്ങളുമായി ജനിച്ചവനെന്ന്‌ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്ന ആന്റണി ,ഭരണരംഗത്ത്‌ ഒരിക്കലും മികവിന്റെ സാന്നിദ്ധ്യമായിരുന്നില്ല. മറിച്ച്‌, അനുരഞ്ജനത്തിന്റെ ഗതികേടായിരുന്നു. അതുകൊണ്ട്‌ ആന്റണി ഭരണകാലത്ത്‌ മുന്നണിയില്‍ കൈയ്യൂക്കുള്ളവര്‍ക്ക്‌ കാര്യംകാണാന്‍ കഴിഞ്ഞിരുന്നു. മുസ്ലീംലീഗ്‌ ആയിരുന്നു ആന്റണിയുടെ അനുരഞ്ജന ഗതികേട്‌ മുതലെടുത്ത്‌ ഏറെ കൊഴുത്തത്‌. ശിഷ്യന്‍ ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയും ആന്റണിയുടെ അതേ പാതയിലാണ്‌ ഇപ്പോള്‍ സഞ്ചരിക്കുന്നത്‌. ഭരണം നിലനിര്‍ത്താന്‍ നെറികെട്ട എല്ലാ വിട്ടുവീഴ്ചകള്‍ക്കും ഉമ്മന്‍ചാണ്ടി തയ്യാറാണ്‌. സാമുദായിക സമവാക്യത്തിന്റെയും സഹകരണത്തിന്റെയും ഒക്കെ പേരില്‍ ഇച്ഛാശക്തി കളഞ്ഞു കുളിച്ച്‌ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ നിസ്സഹായനായി ഉമ്മന്‍ചാണ്ടി നില്‍ക്കുന്ന കാഴ്ചയാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. ഇപ്പോഴും ഈ നിസ്സഹായത മുതലെടുത്ത്‌ ഭരണാധികാരവുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും 'അനര്‍ഹമായ' രീതിയില്‍ പിടിച്ചു പറ്റുകയാണ്‌ മുസ്ലീം ലീഗ്‌. അഞ്ചാം മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള അവരുടെ ദുശാഠ്യവും അതിന്‌ ലജ്ജാരഹിതമായി ഉമ്മന്‍ചാണ്ടി വഴങ്ങിയതും അതുമൂലം ഭരണമുന്നണിയിലും പൊതുമനസ്സിലും സൃഷ്ടിക്കപ്പെട്ട സാമുദായിക ധ്രുവീകരണ ചിന്തയും മറക്കാറായിട്ടില്ല. സന്തുലനം പാലിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ വകുപ്പ്‌ വിഭജനത്തിലെ മലക്കം മറിച്ചിലുകളും കേരളത്തിന്റെ ബോധമനസ്സില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌ ഇപ്പോഴും. ഉമ്മന്‍ചാണ്ടിയെ ഹൈജാക്ക്‌ ചെയ്ത്‌ കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയുമാണ്‌ ഭരണം നിയന്ത്രിക്കുന്നതെന്ന ആരോപണം , ആതിരേ, പ്രതിപക്ഷത്തിന്റേതല്ല. മാധ്യമങ്ങളുടേതുമല്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും സീനിയറായ ആര്യാടന്‍ മുഹമ്മദ്‌ ഇക്കാര്യം ഏറ്റവും ഒടുവില്‍ കൂടിയ യുഡിഎഫ്‌ ഉന്നതതല സമ്മേളനത്തില്‍ തുറന്നടിച്ചത്‌ വാര്‍ത്തയായതാണ്‌. ഭരണകാര്യത്തില്‍ ലീഗും മാണി കേരള കോണ്‍ഗ്രസും പറയുന്നതാണ്‌ ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നതെന്നും കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭരണകാര്യത്തില്‍ സ്വാധീനമില്ലെന്നും ആര്യാടന്‍ പറഞ്ഞത്‌ ക്ഷുഭിതനായി തന്നെയാണ്‌. സാമുദായിക ധ്രുവീകരണത്തിനും ഹൈന്ദവ വോട്ടുകളുടെ കണ്‍സോളിഡേഷനും സഹായിക്കുന്ന രീതിയില്‍ അനധികൃതമായി ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന പേരില്‍ ഭരണത്തിന്റെ ആനുകൂല്യം മുഴുവന്‍ ഈ രണ്ട്‌ ഘടകകക്ഷികള്‍ കവര്‍ന്നെടുക്കുകയാണെന്ന ആക്ഷേപം അങ്ങനെ കോണ്‍ഗ്രസിലും ശക്തമാണ്‌. എതിര്‍പ്പുന്നയിച്ച്‌ ഭരണം നഷ്ടപ്പെടുത്തേണ്ട എന്ന ചിന്ത ഉള്ളതുകൊണ്ടാണ്‌ ഈ അമര്‍ഷം കോണ്‍ഗ്രസും മറ്റു ഘടകകകക്ഷികളും ഉള്ളില്‍ ഒതുക്കി കഴിയുന്നത്‌. ആതിരേ,ഈ മൗനം അല്ലെങ്കില്‍ നിഷ്ക്രിയത്വം വീണ്ടും വീണ്ടും മുതലെടുത്തുകൊണ്ടിരിക്കുകയാണ്‌ മുസ്ലീം ലീഗ്‌. മുന്നണിയിലെ ഈ സവിശേഷ സാഹചര്യവും ടി.പി.ചന്ദ്രശേഖരന്‍ വധം മുതല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ വരെയുള്ള വിഷയങ്ങള്‍ സൃഷ്ടിച്ച കോലാഹലവും മറയാക്കി തങ്ങളുടെ അവിശുദ്ധമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുത്തുകൊണ്ടിരിക്കുകയാണ്‌ മുസ്ലീംലീഗ്‌. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പഞ്ചായത്ത്‌ മന്ത്രി എം.കെ.മുനീറിന്റെ പിതാവ്‌ സി.എച്ച്‌.മുഹമ്മദ്‌ കോയയുടെ പേരില്‍ മുസ്ലീംലീഗ്‌ നേതാക്കള്‍ നടത്തുന്ന സ്വകാര്യ ട്രസ്റ്റിനും ,അബ്ദുള്‍ വഹാബിന്റെ കേരളീയം എന്ന സംഘടനയ്ക്കും സാമ്പത്തികസഹായം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള ഉത്തരവുകള്‍. . തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്താണ്‌ സി.എച്ച്‌.മുഹമ്മദ്‌ കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍. മുസ്ലീംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എംപിയാണ്‌ സെന്റര്‍ ചെയര്‍മാന്‍ മറ്റു ഭാരവാഹികളും ലീഗ്‌ നേതാക്കള്‍ തന്നെ. റീജനണല്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്ക്‌ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നുവെന്നാണ്‌ സെന്റര്‍ അവകാശപ്പെടുന്നത്‌. ഇതിന്‌ വേണ്ടി വരുന്ന തുക സ്വരൂപിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണം എന്നാവശ്യപ്പെട്ട്‌ ഭാരവാഹികള്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ സെന്ററിന്‌ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ നഗരസഭകളും ജില്ലാ ബ്ലോക്ക്‌ ഗ്രാമപഞ്ചായത്തുകളും ഫണ്ട്‌ നല്‍കണമെന്ന ഉത്തരവ്‌ ഇറക്കിയത്‌. കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും മൂന്നുലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രണ്ട്‌ ലക്ഷം വീതവും ഗ്രാമ പഞ്ചായത്തുകള്‍ ഒരു ലക്ഷം വീതവും നല്‍കാന്‍ യഥേഷ്ടാനുമതി നല്‍കിയാണ്‌ ഉത്തരവിറക്കിയത്‌. ഏപ്രില്‍ രണ്ടിന്‌ ഇറങ്ങിയ ഉത്തരവിന്‌ പിന്നാലെ എല്ലാ സ്ഥാപനത്തിലെയും സെക്രട്ടറിമാരെ ഫോണില്‍ വിളിച്ച്‌ തുക അനുവദിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന്‌ നിര്‍ദ്ദേശവും നല്‍കി. തുടര്‍ന്നാണ്‌ സംസ്ഥാനത്തൊട്ടാകെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ സെന്ററിന്‌ മേല്‍ സൂചിപ്പിച്ച നിരക്കില്‍ സംഭാവന നല്‍കണമെന്ന ഉത്തരവ്‌ ഇറങ്ങിയത്‌. ഈ ഉത്തരവ്‌ ഇറക്കാന്‍ തീരുമാനിച്ച യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറും കെ.സി.ജോസഫും അടങ്ങുന്ന മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്‌ ഈ തുക നഷ്ടമാകുന്നതെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ കെ.സി.ജോസഫ്‌ പോലും തയ്യാറായില്ല, ആതിരേ ! ഉത്തരവ്‌ ഇറങ്ങിയ വിവരം അറിഞ്ഞിട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. മറ്റ്‌ ഘടകകക്ഷി മന്ത്രിമാര്‍ ഈ ഉത്തരവിനെതിരെ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചിട്ടും മുഖ്യമന്ത്രിക്ക്‌ കുലുക്കമില്ല. അധികാരത്തിന്റെ മറവില്‍ സര്‍ക്കാരിനെ ചൂഷണം ചെയ്ത്‌ ഒരു സ്വകാര്യ ട്രസ്റ്റിനുവേണ്ടി കോടികള്‍ സ്വരൂപിക്കാനുള്ള ഈ നീക്കം ജനാധിപത്യ പരമോ മാന്യമോ സ്വീകാര്യമോ അല്ല. സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെ ഇതിനുള്ള തുക നിശ്ചയിച്ച നിരക്കില്‍ നല്‍കണമെന്ന്‌ ലീഗ്‌ മന്ത്രിമാരുടെ ഓഫീസില്‍ നിന്ന്‌ നിര്‍ബന്ധിക്കുമ്പോള്‍ ഇവരെല്ലാം പിഴിഞ്ഞെടുക്കുന്നത്‌ ഇവിടുത്തെ സാധാരണക്കാരന്‍ നല്‍കുന്ന നികുതിപ്പണമാണ്‌. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്‌ ഫണ്ടില്ലാതെ, നിത്യോപയോഗ സാധനങ്ങള്‍ ആവശ്യത്തിന്‌ മാര്‍ക്കറ്റിലെത്തിച്ച്‌ വിലക്കയറ്റം തടയാന്‍ തുകയില്ലാതെ ,മഴക്കാലമായതോടെ പടര്‍ന്നു പിടിച്ച പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള മരുന്ന്‌ സംഭരിക്കാന്‍ വകയില്ലാതെ, ജീവനക്കര്‍ക്ക്‌ പെന്‍ഷന്‍ നല്‍കാന്‍ തുകയില്ലതെ ബുദ്ധിമുട്ടുന്ന ഒരു സര്‍ക്കാരിനെ ബലിയാടാക്കിയാണ്‌ മുസ്ലീംലീഗ്‌ രണ്ട്‌ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്‌ വേണ്ടി കോടികള്‍ പിഴിഞ്ഞെടുക്കുന്നത്‌. ഏറ്റവും ചുരുങ്ങിയത്‌ 15 കോടിയിലധികം രൂപ ഇത്തരത്തില്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ഈ വിവാദ ഉത്തരവിന്‌ പിന്നാലെയാണ്‌ ആതിരേ,മുസ്ലീം ലീഗ്‌ നേതാവും മുന്‍ രാജ്യസഭാംഗവുമായ അബ്ദുള്‍ വഹാബിന്റെ കേരളീയം എന്ന സംഘടനക്ക്‌ ഗ്രാമ പഞ്ചായത്തുകള്‍ പണം നല്‍കണമെന്ന്‌ മന്ത്രി മുനീര്‍ ഉത്തരവിട്ടിരിക്കുന്നത്‌.എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക്‌ സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്ന സംഘടനയാണത്രെ കേരളീയം. എന്നാല്‍ സാമൂഹികക്ഷേമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ബാധ്യതയുള്ള മറ്റ്‌ പല സംഘടനകളേയും പിന്‍തള്ളിയാണ്‌ ലീഗ്‌ ബന്ധമുള്ള സംഘടനയ്ക്ക്‌ പണം നല്‍കാന്‍ മുനീര്‍ തുനിഞ്ഞതെന്നിടത്താണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഹൈജാക്ക്‌ ചെയ്തു കൊണ്ട്‌ ലീഗ്‌ മന്ത്രിമാര്‍ ഭരണത്തോന്ന്യാസം നടത്തുന്നത്‌ വ്യക്തമാകുന്നത്‌. സഹമന്ത്രിമാര്‍ നിലവിട്ട്‌ പെരുമാറുകയും മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം ചൂഷണപരമാകുകയും ചെയ്യുമ്പോള്‍ ഇടപെട്ട്‌ നിയന്ത്രിച്ച്‌ അവയുടെയും അവരുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ബാധ്യസ്ഥനായ ഉമ്മന്‍ചാണ്ടിയാണ്‌ കാഴ്ചക്കാരനെപ്പോലെ നില്‍ക്കുന്നത്‌. അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചുകൊണ്ട്‌ അദ്ദേഹം സൃഷ്ടിച്ച അമര്‍ഷം ഇനിയും പൊതുമനസ്സില്‍ നിന്ന്‌ മായാതിരിക്കുമ്പോഴാണ്‌ വീണ്ടും മുസ്ലീം ലീഗിന്‌ കോടികള്‍ സമാഹരിക്കാന്‍ ഭരണസംവിധാനം അപ്പാടെ അടിയറവച്ചിരിക്കുന്നത്‌. ഇച്ഛാശക്തിയും എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ധൈര്യവുമാണ്‌ ഒരുമുഖ്യമന്ത്രിയുടെ ഭരണത്തിന്റെ നട്ടെല്ലാകേണ്ടതെങ്കില്‍ ആരുമായും അനുരഞ്ജനത്തിന്‌ തയ്യാറാകുന്ന ഏത്‌ ദൂഷിത ശക്തികളോടും ഒത്തു തീര്‍പ്പിന്‌ തയ്യാറാകുന്ന കുഞ്ഞൂഞ്ഞാണ്‌ യുഡിഎഫ്‌ ഭരണത്തിന്റെ നട്ടെല്ലായിരിക്കുന്നത്‌. അതാണ്‌ ആതിരേ, ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ ഭീകരത.. നാടിന്റെ ശാപവും.

Sunday, June 17, 2012

പിണറായിക്കും കൂട്ടര്‍ക്കും ഇനി കാശിക്കു പോകാം

അന്ന്‌ നക്സലൈറ്റുകള്‍ നടത്തിയ മനുഷ്യക്കുരുതികളോട്‌ കേരളം എത്രമാത്രം പ്രതിഷേധത്തോടും അമര്‍ഷത്തോടുമാണ്‌ പ്രതികരിച്ചതെങ്കില്‍ അതിലും തീവ്രവും ഗാഢവുമായ ചിന്തകളോടെയാണ്‌ കേരളത്തിലെ വോട്ടര്‍മാര്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തെ അധിക്ഷേപിക്കുന്നത്‌. ആ അമര്‍ഷം പ്രതിഷേധം, വെറുപ്പ്‌ അതെല്ലാം വോട്ടായപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.ഇനിയെങ്കിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം തങ്ങളുടെ നിലപാടുകളും ചെയ്തികളും സമഗ്രമായ വിശകലനത്തിന്‌ വിധേയമാക്കി ഇപ്പോള്‍ തുടരുന്ന പാതയില്‍ നിന്നും പ്രതികാര ചിന്തകളില്‍ നിന്നും മാറി നടന്നില്ലെങ്കില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയില്‍ നിങ്ങള്‍ക്ക്‌ ഒരു സ്ഥാനവും നല്‍കില്ല എന്ന ചുവരെഴുത്തുകൂടിയാണ്‌ നെയ്യാറ്റിന്‍കര. ബംഗാളില്‍ പാര്‍ട്ടി അനുഭവിക്കുന്ന അവഗണന കേരളത്തിലും ഉണ്ടാകാതെ ഇരിക്കണമെങ്കില്‍ പിണറായി വിജയനും കൂടെയുള്ള സ്തുതിപാഠകരും മനുഷ്യത്വമുള്ളവരാകണം മാര്‍ക്സിസ്റ്റ്‌ മൂല്യങ്ങളെ സംരക്ഷിക്കുന്നവരാകണം. സത്യസന്ധതയും സുതാര്യതയും ശുഭദ്രത നല്‍കുന്ന രാഷ്ട്രീയ ജീവിതത്തിന്‌ ഉടമകളാകണം. ആ വലിയ വെല്ലുവിളിയും മുന്നറിയിപ്പുമാണ്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ ഫലം.അതുമാത്രമാണ്‌ ആതിരേ,നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും അതുകൊണ്ട്‌ ആതിരേ,ഇനി പിണറായിക്കും കൂട്ടര്‍ക്കും കാശിക്കു പോകാം. നെയ്യാറ്റിന്‍കരയിലെ പരാജയം പരിശോധിച്ച്‌ വെറുതെ സമയം കളയേണ്ടതില്ല. കാശിയില്‍ എത്തിയാലും ഗംഗയില്‍ മുങ്ങിയാലും തീരാത്തത്ര കളങ്കവും പാപവും പിണറായിയുടെയും കൂട്ടരുടെയും മേല്‍ ഉണ്ടെങ്കിലും കാശിയാത്ര അത്ര മോശം ഇടപാടൊന്നും ആയിരിക്കില്ല. ഏറ്റവും ചുരുങ്ങിയത്‌ പച്ചക്കള്ളം വിളമ്പിയും പുലഭ്യം പറഞ്ഞും ഊര്‍ജ്ജം നഷ്ടപ്പെടുത്താതിരിക്കാം. ഇപ്പോള്‍ ജനങ്ങള്‍ക്കുള്ള അപ്രീതി വര്‍ദ്ധിപ്പിക്കാതെയും ഇരിക്കാം. മൗനവും പ്രാര്‍ത്ഥനയും തീര്‍ത്ഥാടനവുമൊക്കെ ഈ നിലയ്ക്കാണ്‌ വ്യക്തിക്കും സമൂഹത്തിനും ഗുണകരമാകുന്നത്‌. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും തിളങ്ങുന്ന വിജയം നേടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ്‌. ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന പതിവ്‌ പരിപാടി പിറവത്ത്‌ തിരുത്തിയത്‌ നെയ്യാറ്റിന്‍കരയിലും തുടര്‍ന്നു കൊണ്ട്‌ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന മന്ത്രിസഭയും പി.പി.തങ്കച്ചന്‍ നിയന്ത്രിക്കുന്ന യുഡിഎഫ്‌ മുന്നണിയും കേരളത്തിലെ സമ്മതിദായകരുടെ ആദരം നേടിയിരിക്കുകയാണ്‌.(അതല്ല സത്യമെങ്കിലും..!) ഒരുവര്‍ഷത്തിനിടയില്‍ നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ അടിച്ചേല്‍പ്പിച്ച യുഡിഎഫിലെ ബുദ്ധികേന്ദ്രങ്ങളുടെ അവിഹിത രാഷ്ട്രീയ ഇടപെടലുകള്‍ക്കും സദാചാര വിരുദ്ധ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും നെയ്യാറ്റിന്‍കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ചുട്ടമറുപടി നല്‍കുമെന്നായിരുന്നു , ആതിരേ,പിണറായിയുടെയും കൂട്ടരുടെയും സ്വപ്നം; അവകാശവാദം. എന്നാല്‍, മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിന്റെ ചാരുതപോലും പിണറായിയുടെയും കൂട്ടാളികളുടെയും സ്വപ്നത്തിന്‌ ഇല്ലാതെ പോയി. കേരളത്തിലെ ചിന്തിക്കുന്ന ജനവിഭാഗം ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനും പ്രതിലോമ നിലപാടുകള്‍ക്കും എതിരാണെന്നും ഇതേ നില തുടര്‍ന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നാലയല്‍വക്കത്തേക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ അടുപ്പിക്കാതെ അകറ്റി നിര്‍ത്തുമെന്നുമാണ്‌ നെയ്യാറ്റിന്‍കര നല്‍കുന്ന സന്ദേശം.( ചുവന്ന ബംഗാളിന്റെ ഇന്നത്തെ ശ്യാമാവസ്ഥ ഓര്‍ക്കുക എന്ന്‌ ആഹ്വാനം) ആതിരേ,സംസ്ഥാന സെക്രട്ടറി അടക്കം കണ്ണൂര്‍ ലോബിയേയും ഒപ്പമുണ്ടായിരുന്ന സഖാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്‌, ഇരുചെവി അറിയാതെയാണ്‌ ആര്‍.ശെല്‍വരാജ്‌ ഇടതുമുന്നണി വിട്ടതും എംഎല്‍എ സ്ഥാനം രാജിവച്ചതും. തനിക്കും തന്റെ കുടുംബത്തിനും പാര്‍ട്ടി ഗുണ്ടകളുടെ ഭീഷണിയുണ്ടെന്നും പിടിച്ചു നില്‍ക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലെന്നും അതുകൊണ്ടാണ്‌ പാര്‍ട്ടിയും മുന്നണിയും വിടുന്നതെന്നും ശെല്‍വരാജ്‌ വിശദീകരിച്ചപ്പോള്‍ അതു വിശ്വസിക്കാന്‍ കേരളം ആദ്യം തയ്യാറായില്ല. അധികാര രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങി യുഡിഎഫിന്റെ കുതന്ത്രങ്ങള്‍ക്ക്‌ വഴങ്ങി ശെല്‍വരാജ്‌ സ്ഥാനം ത്യജിച്ചതാണെന്നും ഇത്‌ സാമ്പത്തിക ലാഭത്തിനും കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ക്കുമാണെന്നും ആയിരുന്നു പൊതുവെയുണ്ടായ ധാരണ. എന്നാല്‍, മെയ്‌ നാലാം തീയതി ഒഞ്ചിയത്ത്‌ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്‍ അതിബീഭത്സമായി കൊല്ലപ്പെട്ടപ്പോള്‍, ആതിരേ, ശെല്‍വരാജു പറഞ്ഞതില്‍ കാര്യമുണ്ടെന്ന്‌ കേരളത്തിലെ പൊതുസമൂഹവും നെയ്യാറ്റിന്‍കരയിലെ സമ്മതിദായകരും അംഗീകരിക്കുകയായിരുന്നു. ആ ടേണിങ്ങ്‌ പോയിന്റിലാണ്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ യുഡിഎഫിന്‌ അനുകൂലമായത്‌. തുടര്‍ന്ന്‌ വെളിപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പങ്കും നേതാക്കള്‍ നടത്തിയ ഗൂഢാലോചനയും പാര്‍ട്ടി അണികളെ പോലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ തിരിച്ചടി നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ്‌ വിജയത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈയ്യടി നേടുന്നുണ്ടെങ്കിലും, ആതിര്‍റ്റേ, ഈ വിജയം പക്ഷേ, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നടപടികള്‍ക്കുമുള്ള ബ്ലാങ്ക്‌ ചെക്കല്ല. മറിച്ച്‌, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും കൊലപാതക നയങ്ങള്‍ക്കുമെതിരായുള്ള നാടിന്റെ മുന്നറിയിപ്പും വിധി പ്രഖ്യാപനവുമായിരുന്നു. സാമുദായിക ശക്തികളുമായി കൂട്ടുചേര്‍ന്ന്‌ പിറവത്ത്‌ നേടിയ വിജയം പോലെയല്ല നെയ്യാറ്റിന്‍കരയിലെ വിജയം. ടി.പി.ചന്ദ്രശേഖരന്റെ വധവും എം.എം.മണിയുടെ വെളിപ്പെടുത്തലുകളും തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധതകളും സമ്മതിദായക മനസ്സിലുണ്ടാക്കിയ തീവ്ര പ്രതികരണങ്ങളുടെ പ്രതിഫലനമായിരുന്നു ഉപതെരഞ്ഞെടുപ്പ്‌ ഫലം. മുട്ടനാടുകളുടെ വഴക്കുകണ്ട്‌ ചോര കുടിക്കാനെത്തിയ കഥയിലെ കുറുക്കന്റെ അവസ്ഥയാണ്‌ നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക്‌ ഉണ്ടായത്‌. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം യുഡിഎഫില്‍ സൃഷ്ടിച്ച സാമുദായിക തര്‍ക്കങ്ങളും അത്‌ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ അനുരണനങ്ങളും മുതലെടുക്കാമെന്ന്‌ കരുതിയാണ്‌ ബിജെപി ഇത്തവണ അവരുടെ സ്റ്റാര്‍ കണ്ടസ്റ്റന്റ്‌ ഒ.രാജഗോപാലിനെ രംഗത്തിറക്കിയത്‌. കഴിഞ്ഞ തവണ ലഭിച്ച ആറായിരം വോട്ടിന്റെ സ്ഥാനത്ത്‌ ഇത്തവണ മുപ്പതിനായിരത്തിലധികം വോട്ട്‌ നേടിയെങ്കിലും കേരളത്തില്‍ താമര വിരിയിക്കാന്‍ ബിജെപിക്ക്‌ കഴിഞ്ഞിട്ടില്ല. ഇനിയൊട്ട്‌ കഴിയുകയുമില്ല. ഒരു ഉപതെരഞ്ഞെടുപ്പില്‍ രാജഗോപാലനെ പോലെ അഖിലേന്ത്യാ ശീര്‍ഷത്വമുള്ള നേതാവിനെ മത്സരിപ്പിച്ചപ്പോള്‍ ബിജെപിക്ക്‌ തീര്‍ച്ചയായും ചില കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു. പക്ഷേ അവയും നേരത്തെ സൂചിപ്പിച്ച മലര്‍പ്പൊടിക്കാരന്റെ കണക്കു കൂട്ടലുകളെക്കാള്‍ അയുക്തികമായിരുന്നു. മൗഢ്യമായിര്യ്ന്നു എന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. യുഡിഎഫ്‌ സര്‍ക്കാരിന്റെ സഭയിലെ ഭൂരിപക്ഷവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നു എന്നതിലുപരി ഇടതുപക്ഷത്തിന്‌ പ്രത്യേകിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ശക്തമായ താക്കീത്‌ നല്‍കുന്നു എന്നതാണ്‌ കേരള രാഷ്ട്രീയത്തില്‍ വരുംകാലങ്ങളില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമായി വിലയിരുത്തപ്പെടുക. ജനവിരുദ്ധവും പ്രത്യയശാസ്ത്ര വിരുദ്ധവും അധികാര ദുര്‍മദം നിറഞ്ഞതും ചതിയും ചോരക്കെണികളും നിറയെ ഉള്ളതുമായ കൊലപാതക രാഷ്ട്രീയ രീതിയോട്‌ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കുള്ള അമര്‍ഷമാണ്‌ നെയ്യാറ്റിന്‍കരയില്‍ വോട്ടായത്‌. ആതിരേ ശ്രദ്ധിക്കണം- കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും അജിതയുടെയും ഫിലിഫ്‌ എം. പ്രസാദിന്റെയും വെള്ളത്തൂവല്‍ സ്റ്റീഫന്റെയും കിസാന്‍ തൊമ്മന്റേയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍ നക്സലൈറ്റ്‌ പ്രസ്ഥാനം രൂപം കൊണ്ടപ്പോള്‍ അവരുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിച്ച ജനത ആ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ അവര്‍ സ്വീകരിച്ച ഉന്മൂലന തന്ത്രങ്ങളെ പാടെ എതിര്‍ത്തു.അതുകൊണ്ടാണ്‌ കേരളത്തില്‍ നക്സലൈറ്റ്‌ പ്രസ്ഥാനത്തിന്‌ വേരോട്ടം ലഭിക്കാതെ പോയത്‌. അന്ന്‌ നക്സലൈറ്റുകള്‍ നടത്തിയ മനുഷ്യക്കുരുതികളോട്‌ കേരളം എത്രമാത്രം പ്രതിഷേധത്തോടും അമര്‍ഷത്തോടുമാണ്‌ പ്രതികരിച്ചതെങ്കില്‍ അതിലും തീവ്രവും ഗാഢവുമായ ചിന്തകളോടെയാണ്‌ കേരളത്തിലെ വോട്ടര്‍മാര്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തെ അധിക്ഷേപിക്കുന്നത്‌. ആ അമര്‍ഷം പ്രതിഷേധം, വെറുപ്പ്‌ അതെല്ലാം വോട്ടായപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.ഇനിയെങ്കിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം തങ്ങളുടെ നിലപാടുകളും ചെയ്തികളും സമഗ്രമായ വിശകലനത്തിന്‌ വിധേയമാക്കി ഇപ്പോള്‍ തുടരുന്ന പാതയില്‍ നിന്നും പ്രതികാര ചിന്തകളില്‍ നിന്നും മാറി നടന്നില്ലെങ്കില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയില്‍ നിങ്ങള്‍ക്ക്‌ ഒരു സ്ഥാനവും നല്‍കില്ല എന്ന ചുവരെഴുത്തുകൂടിയാണ്‌ നെയ്യാറ്റിന്‍കര. ബംഗാളില്‍ പാര്‍ട്ടി അനുഭവിക്കുന്ന അവഗണന കേരളത്തിലും ഉണ്ടാകാതെ ഇരിക്കണമെങ്കില്‍ പിണറായി വിജയനും കൂടെയുള്ള സ്തുതിപാഠകരും മനുഷ്യത്വമുള്ളവരാകണം മാര്‍ക്സിസ്റ്റ്‌ മൂല്യങ്ങളെ സംരക്ഷിക്കുന്നവരാകണം. സത്യസന്ധതയും സുതാര്യതയും ശുഭദ്രത നല്‍കുന്ന രാഷ്ട്രീയ ജീവിതത്തിന്‌ ഉടമകളാകണം. ആ വലിയ വെല്ലുവിളിയും മുന്നറിയിപ്പുമാണ്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ ഫലം.അതുമാത്രമാണ്‌ ആതിരേ,നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും

Sunday, June 3, 2012

ചന്ദ്രശേഖരന്‍ വധം: ഒരു മാസം;ഓര്‍മ്മകളില്‍ ട്രോട്സ്കിയും സ്റ്റാലിനും

1940 മെയ്‌ 24.സ്പെയിനില്‍ ജനിച്ച സോവിയറ്റ്‌ ചാരനായ റമോണ്‍ മെര്‍ക്കാര്‍ഡര്‍ എന്ന അന്നത്തെ 'കൊടി സുനിയെ ' ഉപയോഗിച്ചാണ്‌ സ്റ്റാലിന്‍ ട്രോട്സ്കിയെ വക വരുത്തുന്നത്‌.കട്ടി മഞ്ഞ്‌ കീറിമുറിക്കാനുപയോഗിക്കുന്ന മഴു കൊണ്ട്‌ ട്രോട്സ്കിയുടെ മുഖം വികൃതമായി വെട്ടിക്കീറിയാണ്‌ സ്റ്റാലിന്റെ അധികാര ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്ത ആ വിപ്ലവകാരിയെ, യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ, ട്രോട്സ്കിയെ ഉന്മൂലനം ചെയ്തത്‌. ജോസഫ്‌ സ്റ്റാലിനും ലിയോണ്‍ ട്രോട്സ്കിയും വര്‍ത്തമാനകാലത്തില്‍ എത്തിയപ്പോള്‍ പിണറായി വിജയനും ടി.പി.ചന്ദ്രശേഖരനുമായത്‌ യാദൃച്ഛികമല്ല മറിച്ച്‌, മാര്‍ക്സ്‌ നിരീക്ഷിച്ച " ചരിത്രത്തിന്റെ ദുരന്ത " പൂര്‍ണ്ണതയായിരുന്നു. ഒരു മെയ്‌ 24-ാ‍ം തീയതിയാണ്‌ ലിയോണ്‍ ട്രോട്സ്കിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെങ്കില്‍ മറ്റൊരു മെയ്‌ നാലാം തീയതിയാണ്‌ ടി.പി.ചന്ദ്രശേഖരനും സമാനമായ ദുരന്തത്തിന്‌ ഇരയായത്‌. എന്നാല്‍, യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റ്‌ ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യതകളാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. യുഡിഎഫിലെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മന്ത്രിമാരുടെയും കെ.വി.തോമസ്‌, വയലാര്‍ രവി തുടങ്ങിയ കേന്ദ്ര മന്ത്രിമാരുടെയും സഹായത്തോടെ പി.ജയരാജന്‍ മുതലുള്ള നേതാക്കളെ രക്ഷപ്പെടുത്തി ഏതാനും ഗുണ്ടാ സംഘത്തിന്റെ തലയില്‍ ചന്ദ്രശേഖരന്‍ വധശ്രമത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. അപ്പോള്‍ പോലും ചന്ദ്രശേഖരന്‍ വധത്തിന്റെ രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തത്തില്‍ നിന്ന്‌ പി.ജയരാജനും പിണറായി വിജയനും മാറി നില്‍ക്കാന്‍ കഴിയുകയില്ല. ആതിരേ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ ബീഭത്സമായ അന്ത്യം നറ്റാണ്ണീട്ട്‌ ഇന്ന്‌ 30 ദിവസം.51 വെട്ടുകൊണ്ട്‌ സഖാവ്‌ ടി.പി.യെ ഉന്മൂലനം ചെയ്ത കേസിന്റെ അന്വേഷണത്തില്‍ ഇതുവരെ 13 പേര്‍ കുരുങ്ങിക്കഴിഞ്ഞു.അനുബന്ധമായ രണ്ട്‌ കേസുകള്‍കൂടി പരിഗണിക്കുമ്പോള്‍ ആകെ 21 പേര്‍ കസ്റ്റഡിയിലായി.നിഷ്ഠൂരമായ ഈ കൊലപാതകത്തിന്‌ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച ' മാസ്റ്റര്‍ ബ്രെയിന്‍' ഉള്‍പ്പെടുന്ന ഗൂഢാലോചനക്കാരെ എപ്പോള്‍ കൈയ്യാമം വയ്ക്കും എന്ന്‌ ഔത്സുക്യത്റ്റ്ഘോടെയാണ്‌ കേരളം കാത്തിരിക്കുന്നത്‌ ഈ നിമിഷങ്ങള്‍, ആതിരേ, സഖാവ്‌ ടി.പി.വധത്തിന്‌ മുന്നോടിയായി നടന്ന ഗൂഢാലോചനകളും ഉന്മൂലനം നടപ്പാക്കിയ രീതിയും പഴയ സോവിയറ്റ്‌ യൂണിയനിലെ ലിയോണ്‍ ട്രോട്സ്കിയുടെ ദാരുണമായ അന്ത്യത്തേയും അതിന്‌ ചുക്കാന്‍ പിടിച്ച ജോസഫ്‌ സ്റ്റാലിനേയും അനുസ്മരിപ്പിക്കുന്നു. റഷ്യന്‍ വിപ്ലവ വിജയത്തിന്‌ വീരോചിതമായ പോരാട്ടം നടത്തുകയും പ്രധാന പങ്ക്‌ വഹിക്കുകയും ചെയ്ത റെഡ്‌ ആര്‍മിയുടെ സ്ഥാപകനും പ്രഥമ നേതാവുമായിരുന്നു ലിയോണ്‍ ട്രോട്സ്കി. വിപ്ലവ വിജയത്തിനുശേഷം ജോസഫ്‌ സ്റ്റാലിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി, മാര്‍ക്സിയന്‍ തത്വങ്ങളില്‍ നിന്ന്‌ വ്യതിചലിക്കുന്നുവെന്നും ഭരണരംഗത്ത്‌ ഉദ്യോഗസ്ഥ മേധാവിത്വം അനധികൃതമായ സ്വാധീനം ചെലുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി സ്റ്റാലിന്റെ അധികാര ഗര്‍വ്വ്‌ നിറഞ്ഞ നടപടികളെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ട്രോട്സ്കി. പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ട്രോട്സ്കിയുടെ വാക്കുകള്‍ക്ക്‌ വാളുകളേക്കാള്‍ വെടിയുണ്ടകളേക്കാള്‍ മൂര്‍ച്ചയുണ്ടായത്‌ സ്വാഭാവികം. സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല പോളിറ്റ്‌ ബ്യൂറോ മെമ്പര്‍മാരില്‍ ഒരാളായ ട്രോട്സ്കി അങ്ങനെ സ്റ്റാലിന്റെ കണ്ണിലെ കരടായി. സ്റ്റാലിനെ വിമര്‍ശിച്ചു കൊണ്ട്‌ പാര്‍ട്ടിക്കുള്ളില്‍ തുടരുക അസാധ്യമായിരുന്നു അന്ന്‌. രാജ്യവും ശക്തിയും മഹത്വവും ആവാഹിച്ച സ്റ്റാലിനെ എതിര്‍ക്കുക എന്നത്‌ ജീവന്‍ പണയം വച്ചുകൊണ്ടുള്ള കളിയുമായിരുന്നു. ട്രോട്സ്കിയുടെ എതിര്‍പ്പ്‌ രൂക്ഷമായപ്പോള്‍ 1920-ല്‍ സ്റ്റാലിന്‍ ട്രോട്സ്കിയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി. പിന്നെ സോവിയറ്റ്‌ യൂണിയനില്‍ പിടിച്ചു നില്‍ക്കുക എന്നത്‌ മനുഷ്യ സാധ്യമായ കാര്യമായിരുന്നില്ല. അങ്ങനെയാണ്‌ ജീവനുംകൊണ്ട്‌ ട്രോട്സ്കി മെക്സിക്കോയിലേക്ക്‌ പലായനം ചെയ്യുന്നത്‌. ട്രോട്സ്കി രാജ്യം വിട്ടുപോയെങ്കിലും സ്റ്റാലിന്റെ പ്രതികാര ദാഹം അല്‍പ്പംപോലും ശമിച്ചില്ല. ട്രോട്സ്കിയെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിലായിരുന്നു ജോസഫ്‌ സ്റ്റാലിന്‍. 1940 മെയ്‌ 24-ന്‌ ആ ഗൂഢാലോചന വിജയിച്ചു. സ്പെയിനില്‍ ജനിച്ച സോവിയറ്റ്‌ ചാരനായ റമോണ്‍ മെര്‍ക്കാര്‍ഡര്‍ എന്ന അന്നത്തെ 'കൊടി സുനിയെ ' ഉപയോഗിച്ചാണ്‌ സ്റ്റാലിന്‍ ട്രോട്സ്കിയെ വക വരുത്തുന്നത്‌.കട്ടി മഞ്ഞ്‌ കീറിമുറിക്കാനുപയോഗിക്കുന്ന മഴു കൊണ്ട്‌ ട്രോട്സ്കിയുടെ മുഖം വികൃതമായി വെട്ടിക്കീറിയാണ്‌ സ്റ്റാലിന്റെ അധികാര ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്ത ആ വിപ്ലവകാരിയെ, യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്‍, ട്രോട്സ്കിയെ ഉന്മൂലനം ചെയ്തത്‌. ആതിരേ,ഇവിടെ ജോസഫ്‌ സ്റ്റാലിനെക്കുറിച്ച്‌ അല്‍പ്പം ചിലത്‌ കൂടി അറിയേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌. നന്നായി പുകവലിച്ചിരുന്ന, നന്നായി മദ്യപിച്ചിരുന്ന കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു ജോസഫ്‌ സ്റ്റാലിന്‍. റഷ്യന്‍ വോഡ്കയെക്കാള്‍ ജോര്‍ജിയയില്‍ നിന്നുള്ള വൈനായിരുന്നു സ്റ്റാലിന്‌ ഇഷ്ടം. അമേരിക്കന്‍ കൗബോയ്‌ ചിത്രങ്ങള്‍ ആസ്വദിക്കുകയും ബില്യാര്‍ഡ്സ്‌ കളിക്കുകയും ചെയ്തിരുന്ന ജോസഫ്‌ സ്റ്റാലിന്റെ മറ്റൊരു ഇഷ്ടവിനോദമായിരുന്നു മൃഗവേട്ടയും മീന്‍ പിടുത്തവും. ജോസഫ്‌ സ്റ്റാലിനും ലിയോണ്‍ ട്രോട്സ്കിയും വര്‍ത്തമാനകാലത്തില്‍ എത്തിയപ്പോള്‍ പിണറായി വിജയനും ടി.പി.ചന്ദ്രശേഖരനുമായത്‌ യാദൃച്ഛികമല്ല മറിച്ച്‌, മാര്‍ക്സ്‌ നിരീക്ഷിച്ച " ചരിത്രത്തിന്റെ ദുരന്ത " പൂര്‍ണ്ണതയായിരുന്നു. ഒരു മെയ്‌ 24-ാ‍ം തീയതിയാണ്‌ ലിയോണ്‍ ട്രോട്സ്കിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെങ്കില്‍ മറ്റൊരു മെയ്‌ നാലാം തീയതിയാണ്‌ ടി.പി.ചന്ദ്രശേഖരനും സമാനമായ ദുരന്തത്തിന്‌ ഇരയായത്‌. ആതിരേ,കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാള്‍ പിണറായി വിജയനെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്‌. ചന്ദ്രശേഖരന്റെ ബീഭത്സമായ അന്ത്യത്തിന്‌ കാരണക്കാര്‍ ആരൊക്കെയാണെന്ന്‌ ഇന്ന്‌ കേരളത്തിലെ ഏതൊരു കൊച്ചു കുട്ടിക്കും വ്യക്തമാണ്‌. കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശപ്രകാരം കൊടി സുനിയും കൂട്ടരും നടപ്പാക്കിയ കിരാതമായ ഉന്മൂലനമായിരുന്നു മെയ്‌ നാലിന്‌ ഒഞ്ചിയത്ത്‌ നടന്നത്‌. പറഞ്ഞു പരത്തിയതുപോലെ ഇതൊരു ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമായിരുന്നില്ല. മറിച്ച്‌, പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച്‌ പാര്‍ട്ടിയുടെ ആക്രമണങ്ങള്‍ ഏറ്റെടുത്ത്‌ നടത്തിയിരുന്ന കൊടി സുനിയും കൂട്ടരും ചന്ദ്രശേഖരനെ ഉന്മൂലനം ചെയ്യുകയായിരുന്നു. അതിന്റെ തെളിവുകള്‍ ഓരോ ദിവസമായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്‌. ഒഞ്ചിയത്തെയും സമീപപ്രദേശങ്ങളിലെയും പ്രാദേശിക മാര്‍ക്സിസ്റ്റ്‌ നേതാക്കളെ ഉള്‍പ്പെടുത്തി ദീര്‍ഘനാളത്തെ ആലോചനയ്ക്കും തയ്യാറെടുപ്പിനുംശേഷം നടപ്പിലാക്കിയ അതിനീചമായ നരഹത്യയായിരുന്നു ടി.പി.ചന്ദ്രശേഖരന്റേത്‌. ഈ അരുംകൊല നടത്താന്‍ തെരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുംപിരി കൊണ്ടിരിക്കുമ്പോള്‍ ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം ഒന്നുകില്‍ യുഡിഎഫിന്റെ തലയിലോ അല്ലെങ്കില്‍ മുസ്ലീം തീവ്രവാദികളുടെ തലയിലോ കെട്ടിവച്ച്‌ രക്ഷപ്പെടാമെന്ന്‌ ഗൂഢാലോചനയ്ക്ക്‌ നേതൃത്വം നല്‍കിയ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ കണക്കു കൂട്ടി. ഒരു തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഒരിക്കലും ഇടതുപക്ഷത്തിന്‌ എതിരാകുന്നു ഒരു നടപടിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സ്വീകരിക്കുകയില്ല എന്ന ധാരണ അങ്ങനെ അണികളിലും പൊതുസമൂഹത്തിലും വളര്‍ത്താമെന്നും അവര്‍ കരുതി. എന്നാല്‍,ആതിരേ, എല്ലാ കൊള്ളരുതായ്മകള്‍ക്കും കാലം കൂട്ടുനില്‍ക്കില്ല ! ചന്ദ്രശേഖരന്റെ കൊലപാതകികളെക്കുറിച്ചും കൊലപാതകത്തിലേക്ക്‌ നയിച്ച ഗൂഢാലോചനയെക്കുറിച്ചും അതില്‍പങ്കുള്ള പാര്‍ട്ടിയിലെ ഉന്നതന്മാരെക്കുറിച്ചും കൊലപാതകം നടന്ന്‌ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തെളിവുകള്‍ ലഭിച്ചു എന്നതാണ്‌ ഈ സംഭവത്തിലെ പ്രത്യേകത. ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ച പ്രതിഷേധം പൊതുസമൂഹത്തിലും പാര്‍ട്ടി അണികളിലും ഇന്നും കത്തി നില്‍ക്കുകയാണ്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോട്‌ ഓരോരുത്തരായി വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഒടുവില്‍ ടി.പി.ചന്ദ്രശേഖരനെയും കൂട്ടാളികളെയും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളായി അംഗീകരിച്ച്‌ പിണറായി വിജയനെ 1964-നു മുമ്പുള്ള അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായിരുന്ന എസ്‌.എ.ഡാങ്കെയോട്‌ ഉപമിച്ച്‌ വി.എസ്‌.അച്യുതാനന്ദന്‍ രംഗത്തെത്തിയതും പിണറായിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കണമെന്നും സംസ്ഥാന കമ്മിറ്റി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രകാശ്‌ കാരാട്ടിന്‌ കത്തെഴുതിയതുമൊക്കെ കൂടി സൃഷ്ടിക്കപ്പെട്ട സവിശേഷ സാഹചര്യത്തില്‍ സ്വയം ന്യായീകരിക്കാന്‍ പോലും ആകാതെ വെട്ടിലായിരിക്കുകയാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പിണറായി വിജയനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ല എന്ന്‌ എപ്പോഴൊക്കെ പിണറായി വിജയന്‍ പറയുന്നുവോ തൊട്ടു പിന്നാലെ പാര്‍ട്ടിയുടെ ഒരു പ്രാദേശിക നേതാവ്‌ ഈ സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്ന വൈരുദ്ധ്യമാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. പിടിയിലായവരെല്ലാം പറയുന്ന ഒരു വസ്തുതയുണ്ട്‌. തങ്ങള്‍ പിടിക്കപ്പെടുമെന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല എന്നതാണത്‌. ആതിരേ,മുന്‍കാലങ്ങളില്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായാല്‍ യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ച്‌ പകരം പ്രതികളെ നല്‍കന്ന രീതിയാണ്‌ സിപിഎം-ഉം ബിജെപിയും കോണ്‍ഗ്രസും അവലംബിച്ചിരുന്നത്‌. അതേ രീതി തന്നെയാകും ഒഞ്ചിയത്തും ഉണ്ടാകുക എന്നാണ്‌ നേതൃത്വം ഇപ്പോള്‍ പിടിയിലായവര്‍ക്ക്‌ കൊടുത്ത ഉറപ്പ്‌. എന്നാല്‍, ഇത്തവണ രാഷ്ട്രീയ പരിഗണനകള്‍ കൂടാതെ എഡിജിപി വിന്‍സണ്‍ എം.പോളിന്റെയും എഐജി അനൂപ്‌ കുരുവിള ജോണിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുകയും അതനുസരിച്ച്‌ കരുക്കള്‍ നീക്കുകയും ചെയ്തപ്പോള്‍ പി.ജയരാജന്‍ അടക്കമുള്ള ഗൂഢാലോചകരുടെ തന്ത്രങ്ങള്‍ പൊളിക്കപ്പെട്ടു. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരൊക്കെയാണെന്ന്‌ സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇപ്പോഴും ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ല എന്ന പല്ലവി ആവര്‍ത്തിക്കുകയാണ്‌ പിണറായിയും കൂട്ടാളികളും എങ്കിലും ഈ കൊലപാതകം ആസൂത്രണം ചെയ്തത്‌ കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിലാണെന്ന്‌ പിടിയിലായവരില്‍ നിന്നു തന്നെ പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. സംഭവശേഷം കൊടി സുനിയും കൂട്ടരും കൂത്തുപറമ്പ്‌ പാര്‍ട്ടി ഓഫീസില്‍ ഒരു രാത്രി തങ്ങുകയും ചെയ്തതോടെ ആരാണ്‌ കൊലപാതകത്തിന്‌ ക്വട്ടേഷന്‍ കൊടുത്തതെന്ന്‌ ്‌ പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ല. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്‌. നേതൃത്വം അറിയാതെ കീഴ്ഘടകങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ഒരു ചുവടുപോലും വയ്ക്കാന്‍ കഴിയുകയില്ല. പ്രത്യേകിച്ച്‌ ഇത്തരം കൊലപാതകങ്ങളുടെ കാര്യത്തില്‍ അടിമുടി കണിശമായ ആലോചനയും പദ്ധതി നിര്‍വ്വഹണവുമാണ്‌ സിപിഎം-ന്റെ സ്വഭാവം. അതുകൊണ്ടു തന്നെ ചന്ദ്രശേഖരന്‍ വധം സിപിഎം-ന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവരുടെ അറിവോടും അനുവാദത്തോടുമാണ്‌ നടന്നതെന്ന കാര്യത്തില്‍ അണുവിട സംശയിക്കേണ്ട കാര്യമില്ല. എന്നുമാത്രമല്ല, ഈ സംഭവത്തെക്കുറിച്ചും കൊലപാതകത്തിനുശേഷമുള്ള നീക്കങ്ങളെക്കുറിച്ചും പിണറായി വിജയന്‌ വ്യക്തമായി ധാരണയുണ്ടായിരുന്നു എന്ന്‌ തെളിയിക്കുന്നതാണ്‌ സംഭവത്തെക്കുറിച്ച്‌ പിണറായിയില്‍ നിന്നുണ്ടായ പ്രതികരണം. ചന്ദ്രശേഖരനെ കൊന്നത്‌ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും അവര്‍ മുസ്ലീം തീവ്രവാദി വിഭാഗത്തില്‍പ്പെട്ടവരാണെന്നും ആദ്യമായി പറയുന്നത്‌ പിണറായി വിജയനാണ്‌. ക്വട്ടേഷന്‍ സംഘത്തിന്റെ പ്രകോപനം മൂലം സംഭവിച്ചതാണ്‌ കൊലപാതകം എന്ന്‌ വരുത്തി തീര്‍ക്കാന്‍ വളരെ ആസൂത്രിതമായി കരുക്കള്‍ നീക്കിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍, ചന്ദ്രശേഖരന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിപ്പിച്ച്‌ ചന്ദ്രശേഖരനെ താഴെ വീഴ്ത്തിയ ശേഷമാണ്‌ അരുംകൊല നടത്തുന്നത്‌. മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ എന്നപോലെ വണ്ടി ഇടിച്ചതിനുശേഷം ഉണ്ടായ വാഗ്‌വാദത്തില്‍ നിന്ന്‌ ഒരു കൊലപാതകം പൊടുന്നനെ സംഭവിച്ചു എന്ന്‌ വരുത്തി തീര്‍ക്കാനും ശ്രമമുണ്ടായിരുന്നു. അതിലും ഗൂഢാലോചകര്‍ പാളിപ്പോയി. പറഞ്ഞു വന്നത്‌ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും തീവ്രവാദി വിഭാഗത്തെക്കുറിച്ചുമായിരുന്നല്ലോ. കൊലപാതകം നടന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരം ഒരു വിലയിരുത്തല്‍ നടത്താന്‍ ആതിരേ,പിണറായി വിജയന്‌ എന്ത്‌ തെളിവുകളാണ്‌ ലഭിച്ചതെന്ന ചോദ്യം ആരും അപ്പോള്‍ ഉന്നയിച്ചില്ലെങ്കിലും ഇപ്പോഴും പ്രസക്തമാണ്‌. അന്വേഷക സംഘത്തിനുപോലും ലഭിക്കാത്ത ഈ സത്യം സഖാവിന്‌ എവിടെ നിന്ന്‌ ലഭിച്ചു എന്ന്‌ ചിന്തിക്കുമ്പോഴാണ്‌ ഗൂഢാലോചനയുടെ ആദിമദ്ധ്യാന്തങ്ങള്‍ പിണറായി വിജയന്‌ അറിയാമെന്ന്‌ വ്യക്തമാകുന്നത്‌. ശ്രദ്ധിക്കണം പിണറായി വിജയന്‍ ഈ പരാമര്‍ശം നടത്തുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കണ്ടു കിട്ടിയിരുന്നില്ല. അതിനുമുന്‍പു തന്നെ മുസ്ലീം തീവ്രവാദികളായ ക്വട്ടേഷന്‍ സംഘമാണ്‌ ചന്ദ്രശേഖരനെ കൊന്നതെന്ന്‌ പിണറായി പറഞ്ഞണമെങ്കില്‍ അതിന്‌ ഉപോത്ബലകമായ സംഗതികള്‍ പിണറായിക്ക്‌ അറിവുണ്ടായിരിക്കണമല്ലോ. പിണറായി പറഞ്ഞതുപോലെ തന്നെ പൊതുജനത്തെ കബളിപ്പിക്കാനുള്ള ശ്രമം കാര്‍ കണ്ടെത്തിയപ്പോള്‍ വ്യക്തമായി. മുസ്ലീം തീവ്രവാദികളിലേക്ക്‌ ശ്രദ്ധ ശ്രദ്ധ തിരിച്ചുവിടാന്‍ കാറില്‍ അറബി വചനം എഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചു വച്ച ശേഷമാണ്‌ പ്രതികള്‍ രക്ഷപ്പെട്ടത്‌. ആവര്‍ത്തിക്കുന്നു കാര്‍ കണ്ടെത്തും മുന്‍പ്‌ സംഭവം നടത്തിയത്‌ മുസ്ലീം തീവ്രവാദികളാണ്‌ എന്ന പിണറായിയുടെ പ്രസ്താവന ഇപ്പോള്‍ അദ്ദേഹത്തിനുനേരെ തിരിഞ്ഞു കൊത്തുകയാണ്‌. ഈയൊരു പരാമര്‍ശം മാത്രം മതി ഗൂഢാലോചനയെക്കുറിച്ച്‌ പിണറായിക്ക്‌ മുന്‍കൂട്ടി,വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നു മനസ്സിലാക്കാന്‍. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പി.ജയരാജന്‍, എളമരം കരീം, സാക്ഷാല്‍ പിണറായി വിജയന്‍ എന്നിവരെ പ്രതികളാക്കാന്‍ ഉതകുന്ന നിരവധി തെളിവുകള്‍ ഇപ്പോള്‍ തന്നെ പോലീസിന്റെ കൈവശമുണ്ട്‌. കൂത്തുപറമ്പ്‌ പാര്‍ട്ടി ഓഫീസ്‌ സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്തപ്പോള്‍ കണ്ണൂരില്‍ നിന്ന്‌ എം.വി.ജയരാജന്‍ കോഴിക്കോട്ടെത്തി പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചതും പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമാകുമെന്ന പിണറായിയുടെ മുന്നറിയിപ്പും പ്രതികളെ തേടി പോലീസ്‌ പാര്‍ട്ടിയുടെ ഓഫീസുകളില്‍ എത്തിയാല്‍ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ പോലീസിന്റെ സംരക്ഷണയില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന പി.ജയരാജന്റെ ഭീഷണിയും കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാകുന്നത്‌ ചന്ദ്രശേഖരന്‍ വധത്തിനുപിന്നില്‍. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുതല്‍ പിണറായി വിജയന്‍ വരെയുള്ള നേതാക്കളുടെ ഗൂഢാലോചന ഉണ്ടെന്നും അവരുടെ അറിവോടും സമ്മതത്തോടുമാണ്‌ ഈ ക്രൂരകൃത്യം നടന്നത്‌ എന്നുമാണ്‌. എന്നാല്‍, ആതിരേ യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റ്‌ ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യതകളാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. യുഡിഎഫിലെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മന്ത്രിമാരുടെയും കെ.വി.തോമസ്‌, വയലാര്‍ രവി തുടങ്ങിയ കേന്ദ്ര മന്ത്രിമാരുടെയും സഹായത്തോടെ പി.ജയരാജന്‍ മുതലുള്ള നേതാക്കളെ രക്ഷപ്പെടുത്തി ഏതാനും ഗുണ്ടാ സംഘത്തിന്റെ തലയില്‍ ചന്ദ്രശേഖരന്‍ വധശ്രമത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. അപ്പോള്‍ പോലും ചന്ദ്രശേഖരന്‍ വധത്തിന്റെ രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തത്തില്‍ നിന്ന്‌ പി.ജയരാജനും പിണറായി വിജയനും മാറി നില്‍ക്കാന്‍ കഴിയുകയില്ല.