Sunday, June 17, 2012
പിണറായിക്കും കൂട്ടര്‍ക്കും ഇനി കാശിക്കു പോകാം
അന്ന് നക്സലൈറ്റുകള്‍ നടത്തിയ മനുഷ്യക്കുരുതികളോട് കേരളം എത്രമാത്രം പ്രതിഷേധത്തോടും അമര്‍ഷത്തോടുമാണ് പ്രതികരിച്ചതെങ്കില്‍ അതിലും തീവ്രവും ഗാഢവുമായ ചിന്തകളോടെയാണ് കേരളത്തിലെ വോട്ടര്‍മാര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തെ അധിക്ഷേപിക്കുന്നത്. ആ അമര്‍ഷം പ്രതിഷേധം, വെറുപ്പ് അതെല്ലാം വോട്ടായപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.ഇനിയെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം തങ്ങളുടെ നിലപാടുകളും ചെയ്തികളും സമഗ്രമായ വിശകലനത്തിന് വിധേയമാക്കി ഇപ്പോള്‍ തുടരുന്ന പാതയില്‍ നിന്നും പ്രതികാര ചിന്തകളില്‍ നിന്നും മാറി നടന്നില്ലെങ്കില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയില്‍ നിങ്ങള്‍ക്ക് ഒരു സ്ഥാനവും നല്‍കില്ല എന്ന ചുവരെഴുത്തുകൂടിയാണ് നെയ്യാറ്റിന്‍കര. ബംഗാളില്‍ പാര്‍ട്ടി അനുഭവിക്കുന്ന അവഗണന കേരളത്തിലും ഉണ്ടാകാതെ ഇരിക്കണമെങ്കില്‍ പിണറായി വിജയനും കൂടെയുള്ള സ്തുതിപാഠകരും മനുഷ്യത്വമുള്ളവരാകണം മാര്‍ക്സിസ്റ്റ് മൂല്യങ്ങളെ സംരക്ഷിക്കുന്നവരാകണം. സത്യസന്ധതയും സുതാര്യതയും ശുഭദ്രത നല്‍കുന്ന രാഷ്ട്രീയ ജീവിതത്തിന് ഉടമകളാകണം. ആ വലിയ വെല്ലുവിളിയും മുന്നറിയിപ്പുമാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം.അതുമാത്രമാണ് ആതിരേ,നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും
അതുകൊണ്ട് ആതിരേ,ഇനി പിണറായിക്കും കൂട്ടര്‍ക്കും കാശിക്കു പോകാം. നെയ്യാറ്റിന്‍കരയിലെ പരാജയം പരിശോധിച്ച് വെറുതെ സമയം കളയേണ്ടതില്ല. കാശിയില്‍ എത്തിയാലും ഗംഗയില്‍ മുങ്ങിയാലും തീരാത്തത്ര കളങ്കവും പാപവും പിണറായിയുടെയും കൂട്ടരുടെയും മേല്‍ ഉണ്ടെങ്കിലും കാശിയാത്ര അത്ര മോശം ഇടപാടൊന്നും ആയിരിക്കില്ല. ഏറ്റവും ചുരുങ്ങിയത് പച്ചക്കള്ളം വിളമ്പിയും പുലഭ്യം പറഞ്ഞും ഊര്‍ജ്ജം നഷ്ടപ്പെടുത്താതിരിക്കാം. ഇപ്പോള്‍ ജനങ്ങള്‍ക്കുള്ള അപ്രീതി വര്‍ദ്ധിപ്പിക്കാതെയും ഇരിക്കാം. മൗനവും പ്രാര്‍ത്ഥനയും തീര്‍ത്ഥാടനവുമൊക്കെ ഈ നിലയ്ക്കാണ് വ്യക്തിക്കും സമൂഹത്തിനും ഗുണകരമാകുന്നത്.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും തിളങ്ങുന്ന വിജയം നേടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന പതിവ് പരിപാടി പിറവത്ത് തിരുത്തിയത് നെയ്യാറ്റിന്‍കരയിലും തുടര്‍ന്നു കൊണ്ട് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന മന്ത്രിസഭയും പി.പി.തങ്കച്ചന്‍ നിയന്ത്രിക്കുന്ന യുഡിഎഫ് മുന്നണിയും കേരളത്തിലെ സമ്മതിദായകരുടെ ആദരം നേടിയിരിക്കുകയാണ്.(അതല്ല സത്യമെങ്കിലും..!)
ഒരുവര്‍ഷത്തിനിടയില്‍ നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ച യുഡിഎഫിലെ ബുദ്ധികേന്ദ്രങ്ങളുടെ അവിഹിത രാഷ്ട്രീയ ഇടപെടലുകള്‍ക്കും സദാചാര വിരുദ്ധ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും നെയ്യാറ്റിന്‍കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ചുട്ടമറുപടി നല്‍കുമെന്നായിരുന്നു , ആതിരേ,പിണറായിയുടെയും കൂട്ടരുടെയും സ്വപ്നം; അവകാശവാദം. എന്നാല്‍, മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിന്റെ ചാരുതപോലും പിണറായിയുടെയും കൂട്ടാളികളുടെയും സ്വപ്നത്തിന് ഇല്ലാതെ പോയി. കേരളത്തിലെ ചിന്തിക്കുന്ന ജനവിഭാഗം ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനും പ്രതിലോമ നിലപാടുകള്‍ക്കും എതിരാണെന്നും ഇതേ നില തുടര്‍ന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നാലയല്‍വക്കത്തേക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അടുപ്പിക്കാതെ അകറ്റി നിര്‍ത്തുമെന്നുമാണ് നെയ്യാറ്റിന്‍കര നല്‍കുന്ന സന്ദേശം.( ചുവന്ന ബംഗാളിന്റെ ഇന്നത്തെ ശ്യാമാവസ്ഥ ഓര്‍ക്കുക എന്ന് ആഹ്വാനം)
ആതിരേ,സംസ്ഥാന സെക്രട്ടറി അടക്കം കണ്ണൂര്‍ ലോബിയേയും ഒപ്പമുണ്ടായിരുന്ന സഖാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, ഇരുചെവി അറിയാതെയാണ് ആര്‍.ശെല്‍വരാജ് ഇടതുമുന്നണി വിട്ടതും എംഎല്‍എ സ്ഥാനം രാജിവച്ചതും. തനിക്കും തന്റെ കുടുംബത്തിനും പാര്‍ട്ടി ഗുണ്ടകളുടെ ഭീഷണിയുണ്ടെന്നും പിടിച്ചു നില്‍ക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലെന്നും അതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും വിടുന്നതെന്നും ശെല്‍വരാജ് വിശദീകരിച്ചപ്പോള്‍ അതു വിശ്വസിക്കാന്‍ കേരളം ആദ്യം തയ്യാറായില്ല. അധികാര രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങി യുഡിഎഫിന്റെ കുതന്ത്രങ്ങള്‍ക്ക് വഴങ്ങി ശെല്‍വരാജ് സ്ഥാനം ത്യജിച്ചതാണെന്നും ഇത് സാമ്പത്തിക ലാഭത്തിനും കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ക്കുമാണെന്നും ആയിരുന്നു പൊതുവെയുണ്ടായ ധാരണ.
എന്നാല്‍, മെയ് നാലാം തീയതി ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ അതിബീഭത്സമായി കൊല്ലപ്പെട്ടപ്പോള്‍, ആതിരേ, ശെല്‍വരാജു പറഞ്ഞതില്‍ കാര്യമുണ്ടെന്ന് കേരളത്തിലെ പൊതുസമൂഹവും നെയ്യാറ്റിന്‍കരയിലെ സമ്മതിദായകരും അംഗീകരിക്കുകയായിരുന്നു. ആ ടേണിങ്ങ് പോയിന്റിലാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായത്. തുടര്‍ന്ന് വെളിപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പങ്കും നേതാക്കള്‍ നടത്തിയ ഗൂഢാലോചനയും പാര്‍ട്ടി അണികളെ പോലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ തിരിച്ചടി നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈയ്യടി നേടുന്നുണ്ടെങ്കിലും, ആതിര്‍റ്റേ, ഈ വിജയം പക്ഷേ, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നടപടികള്‍ക്കുമുള്ള ബ്ലാങ്ക് ചെക്കല്ല. മറിച്ച്, മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും കൊലപാതക നയങ്ങള്‍ക്കുമെതിരായുള്ള നാടിന്റെ മുന്നറിയിപ്പും വിധി പ്രഖ്യാപനവുമായിരുന്നു. സാമുദായിക ശക്തികളുമായി കൂട്ടുചേര്‍ന്ന് പിറവത്ത് നേടിയ വിജയം പോലെയല്ല നെയ്യാറ്റിന്‍കരയിലെ വിജയം. ടി.പി.ചന്ദ്രശേഖരന്റെ വധവും എം.എം.മണിയുടെ വെളിപ്പെടുത്തലുകളും തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധതകളും സമ്മതിദായക മനസ്സിലുണ്ടാക്കിയ തീവ്ര പ്രതികരണങ്ങളുടെ പ്രതിഫലനമായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം.
മുട്ടനാടുകളുടെ വഴക്കുകണ്ട് ചോര കുടിക്കാനെത്തിയ കഥയിലെ കുറുക്കന്റെ അവസ്ഥയാണ് നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക് ഉണ്ടായത്. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം യുഡിഎഫില്‍ സൃഷ്ടിച്ച സാമുദായിക തര്‍ക്കങ്ങളും അത് പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ അനുരണനങ്ങളും മുതലെടുക്കാമെന്ന് കരുതിയാണ് ബിജെപി ഇത്തവണ അവരുടെ സ്റ്റാര്‍ കണ്ടസ്റ്റന്റ് ഒ.രാജഗോപാലിനെ രംഗത്തിറക്കിയത്. കഴിഞ്ഞ തവണ ലഭിച്ച ആറായിരം വോട്ടിന്റെ സ്ഥാനത്ത് ഇത്തവണ മുപ്പതിനായിരത്തിലധികം വോട്ട് നേടിയെങ്കിലും കേരളത്തില്‍ താമര വിരിയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇനിയൊട്ട് കഴിയുകയുമില്ല. ഒരു ഉപതെരഞ്ഞെടുപ്പില്‍ രാജഗോപാലനെ പോലെ അഖിലേന്ത്യാ ശീര്‍ഷത്വമുള്ള നേതാവിനെ മത്സരിപ്പിച്ചപ്പോള്‍ ബിജെപിക്ക് തീര്‍ച്ചയായും ചില കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു. പക്ഷേ അവയും നേരത്തെ സൂചിപ്പിച്ച മലര്‍പ്പൊടിക്കാരന്റെ കണക്കു കൂട്ടലുകളെക്കാള്‍ അയുക്തികമായിരുന്നു. മൗഢ്യമായിര്യ്ന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ സഭയിലെ ഭൂരിപക്ഷവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നു എന്നതിലുപരി ഇടതുപക്ഷത്തിന് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ താക്കീത് നല്‍കുന്നു എന്നതാണ് കേരള രാഷ്ട്രീയത്തില്‍ വരുംകാലങ്ങളില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമായി വിലയിരുത്തപ്പെടുക. ജനവിരുദ്ധവും പ്രത്യയശാസ്ത്ര വിരുദ്ധവും അധികാര ദുര്‍മദം നിറഞ്ഞതും ചതിയും ചോരക്കെണികളും നിറയെ ഉള്ളതുമായ കൊലപാതക രാഷ്ട്രീയ രീതിയോട് കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കുള്ള അമര്‍ഷമാണ് നെയ്യാറ്റിന്‍കരയില്‍ വോട്ടായത്. ആതിരേ ശ്രദ്ധിക്കണം- കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും അജിതയുടെയും ഫിലിഫ് എം. പ്രസാദിന്റെയും വെള്ളത്തൂവല്‍ സ്റ്റീഫന്റെയും കിസാന്‍ തൊമ്മന്റേയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനം രൂപം കൊണ്ടപ്പോള്‍ അവരുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിച്ച ജനത ആ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ അവര്‍ സ്വീകരിച്ച ഉന്മൂലന തന്ത്രങ്ങളെ പാടെ എതിര്‍ത്തു.അതുകൊണ്ടാണ് കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന് വേരോട്ടം ലഭിക്കാതെ പോയത്. അന്ന് നക്സലൈറ്റുകള്‍ നടത്തിയ മനുഷ്യക്കുരുതികളോട് കേരളം എത്രമാത്രം പ്രതിഷേധത്തോടും അമര്‍ഷത്തോടുമാണ് പ്രതികരിച്ചതെങ്കില്‍ അതിലും തീവ്രവും ഗാഢവുമായ ചിന്തകളോടെയാണ് കേരളത്തിലെ വോട്ടര്‍മാര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തെ അധിക്ഷേപിക്കുന്നത്. ആ അമര്‍ഷം പ്രതിഷേധം, വെറുപ്പ് അതെല്ലാം വോട്ടായപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.ഇനിയെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം തങ്ങളുടെ നിലപാടുകളും ചെയ്തികളും സമഗ്രമായ വിശകലനത്തിന് വിധേയമാക്കി ഇപ്പോള്‍ തുടരുന്ന പാതയില്‍ നിന്നും പ്രതികാര ചിന്തകളില്‍ നിന്നും മാറി നടന്നില്ലെങ്കില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയില്‍ നിങ്ങള്‍ക്ക് ഒരു സ്ഥാനവും നല്‍കില്ല എന്ന ചുവരെഴുത്തുകൂടിയാണ് നെയ്യാറ്റിന്‍കര. ബംഗാളില്‍ പാര്‍ട്ടി അനുഭവിക്കുന്ന അവഗണന കേരളത്തിലും ഉണ്ടാകാതെ ഇരിക്കണമെങ്കില്‍ പിണറായി വിജയനും കൂടെയുള്ള സ്തുതിപാഠകരും മനുഷ്യത്വമുള്ളവരാകണം മാര്‍ക്സിസ്റ്റ് മൂല്യങ്ങളെ സംരക്ഷിക്കുന്നവരാകണം. സത്യസന്ധതയും സുതാര്യതയും ശുഭദ്രത നല്‍കുന്ന രാഷ്ട്രീയ ജീവിതത്തിന് ഉടമകളാകണം. ആ വലിയ വെല്ലുവിളിയും മുന്നറിയിപ്പുമാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം.അതുമാത്രമാണ് ആതിരേ,നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും
Subscribe to:
Post Comments (Atom)
No comments:
Post a Comment