Friday, August 22, 2014

ഹസനെന്ന കോമാളിയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയുടെ കടും വെട്ട്‌

ചന്ദ്രിക മുഖപ്രസംഗമെഴുതിയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും പ്രസ്‌താവനകളിലൂടെയും സുധീരന്‌ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചപ്പോഴാണ്‌ ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധി, സമ്പൂര്‍ണ മദ്യനിരോധനമെന്ന പ്രസ്‌താവനയായി ഹസനില്‍ നിന്നു പുറത്ത്‌ വന്നത്‌.കരുണാകരനെ തകര്‍ക്കാന്‍ ഉപയോഗിച്ച കുതന്ത്രങ്ങളുടെ ഹീനമായ പുനര്‍ജനനം ഇനി, തുടര്‍ന്നു കാണാനാകും.അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഹസന്‍ അങ്ങനെ പറഞ്ഞതിന്റേയും ഹസനെ കൊണ്ട്‌ ഉമ്മന്‍ ചാണ്ടി അങ്ങനെ പറയിച്ചതിന്റേയും പൊരുള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്‌.കുഞ്ഞിന്റെ അവകാശ വാദവുമായി സോളമന്‍ രാജാവിനെ സമീപിച്ച രണ്ടു മാതാക്കളില്‍ ഒരാള്‍ കുഞ്ഞിനെ പകുത്തെടുക്കാന്‍ തയ്യാറായതിലെ ബീഭത്സ താത്‌പര്യമുണ്ടല്ലോ,അതിന്‌ തുല്യമായ ഉന്മൂലന മനസ്സാണ്‌ ഹസനിലൂടെ വെളിവായത്‌. സോളാര്‍,സരിത,ആറന്മുള വിമാനത്താവളം,പ്ലസ്‌ ടു,418 ബാര്‍-ഖദറിനുള്ളിലെ ഉമ്മന്‍ ചാണ്ടിയുടെ കരാളത തെളിഞ്ഞു കൊണ്ടേയിരിക്കുകയാണ്‌
ആതിരേ,കോമാളികള്‍ സര്‍ക്കസിന്റെ അവിഭാജ്യ ഘടകമാണ്‌.പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതല്ല അവരുടെ പ്രാഥമിക ദൗത്യം.അതു കൊണ്ടാണ്‌ ഹാസ്യകലയില്‍ സമ്പൂര്‍ണ പരാജയമായിട്ടും അവരെ ഉപേക്ഷിക്കാത്തത്‌.ഒരു ഐറ്റം കഴിഞ്ഞ്‌ അടുത്ത ഐറ്റം തുടങ്ങുന്നതിനുള്ള വേദിയൊരുക്കാന്‍ അല്‍പം സമയം വേണം.മുഷിച്ചിലുളവാക്കുന്ന ഈ ഇടവേളയില്‍ നിന്ന്‌ പ്രേക്ഷക ശ്രദ്ധ തിരിക്കാനാണവര്‍ പേക്കൂത്തുകളാടുന്നത്‌;കോപ്രായങ്ങള്‍ കണിക്കുന്നത്‌.അവരുടെ ആകാരവും വേഷഭൂഷകളും ഇതിന്‌ അനുഗുണമാണ്‌.അവരുടെ വിഢിത്തങ്ങള്‍ പക്ഷെ സര്‍ക്കസ്‌ കാണാനെത്തുന്ന കുഞ്ഞുങ്ങള്‍ക്കിഷ്ടമാണ്‌.കോമാളികളുടെ കോപ്രായങ്ങളില്‍ അവര്‍ ആര്‍ത്തു ചിരിക്കും.കുഞ്ഞുങ്ങള്‍ ചിരിക്കുന്നത്‌ മുതിര്‍ന്നവര്‍ക്ക്‌ ഇഷ്ടമാണ്‌.ഈ ഇഷ്ടങ്ങള്‍ക്കിടയില്‍ വേദിയൊരുക്കുന്നതിലെ ഇടവേളകള്‍ ശ്രദ്ധിക്കപ്പെടാതെ പോകും. അത്തരത്തിലൊരു കോമാളിയായി കേരളീയരുടെ മുന്നില്‍ നില്‍ക്കുകയാണ്‌ കെപിസിസി വൈസ്‌ പ്രസിഡന്റും എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌ത വിധേയനുമായ എം.എം.ഹസന്‍.ബാറുടമകള്‍ക്ക്‌ വേണ്ടി മുഖ്യമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും ഇതുവരെ നടത്തിയ ഗൂഢാലോചനകള്‍ എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ്‌,ആതിരേ, `പൊട്ടന്‍ വേഷം കെട്ടിച്ച്‌'ഹസനെ രംഗത്തിറക്കിയത്‌.ശിഖണ്ഡിയെ മുന്‍ നിറുത്തി പാഞ്ചാല രാജനായ ദ്രുപദനും മകന്‍ ധൃഷ്ടദ്യുമ്‌നനും നടത്തിയ കുരുക്ഷേത്രയുദ്ധത്തിന്റെ ഓര്‍മ്മയും ഹസന്‍ ഉണര്‍ത്തുന്നുണ്ട്‌. നാലു മാസമായി 418 ബാര്‍ അടഞ്ഞുകിടക്കാനുണ്ടായ സാഹചര്യം വിവരിക്കേണ്ടതില്ല.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നയപരമായ തീരുമാനം കൊണ്ടല്ല അതുണ്ടായത്‌.സുപ്രീം കോടതി വിധിയും പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പും അതിന്‌ ഹേതുവായി.ഘട്ടം ഘട്ടമായി മദ്യ നിരോധനമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാനും ഉമ്മന്‍ ചാണ്ടിയെ മൂലയ്‌ക്കിരുത്താനും ഇതാണ്‌ അവസരമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍ തിരിച്ചറിയുകയും നിലപാടില്‍ കാര്‍ക്കശ്യം വരുത്തുകയും ചെയ്‌തു.മദ്യവിപത്തിന്റെ ഇരകളായ വീട്ടമ്മമാരും മദ്യവര്‍ജനത്തിന്‌ വാദിക്കുന്ന കത്തോലിക്ക സഭയും കത്തോലിക്ക മെത്രാന്‍ സംഘവും സുധീരന്റെ നിലപാടിനെ സഹര്‍ഷം സ്വാഗതം ചെയ്‌തപ്പോള്‍ അത്‌ പ്രതിച്ഛായ നിര്‍മാണത്തിന്റെ മാനം കൈവരിക്കുകയും ചെയ്‌തു. സരിതയുടെ വായടയ്‌പ്പിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അതിന്റെയൊക്കെ മറവില്‍ സ്വന്തം അക്കൗണ്ട്‌ വളര്‍ത്താനും ബാറുടമകളുടെ ഔദാര്യം സ്വീകരിച്ച ഉമ്മന്‍ ചാണ്ടിക്കും കെ.ബാബുവിനും കെ.സി.ജോസഫിനും പക്ഷേ പ്രതിച്ഛായയായിരുന്നില്ല,ആതിരേ, തുടക്കത്തില്‍ പ്രശ്‌നം.സരിതയ്‌ക്ക്‌ വേണ്ടി പറ്റിയ പണത്തിന്റെ കണക്ക്‌ പുറത്തു വരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു അവരുടെ അജണ്ട.പിന്നെ ബാറുകളിലുള്ള ബിനാമി ഇടപാടുകളും രഹസ്യമായി സൂക്ഷിക്കണമെന്ന ജാഗ്രതയുമുണ്ടായിരുന്നു.ഈ സമയം കൊണ്ട്‌ സുധീരന്‍ മദ്യവിരുദ്ധരുടെ മുഴുവന്‍ `ധീരനായ നേതാവായി'കഴിഞ്ഞിരുന്നു. മദ്യവ്യാപാരം വ്യക്തികളുടെ തൊഴില്‍ സ്വാതന്ത്ര്യമല്ലെന്നും അടിയന്തിരമായി പരിഹരിക്കേണ്ടതല്ല ബാറുടമകളുടെ ആവശ്യങ്ങളെന്നുമുള്ള കോടതി വിധികള്‍ വന്നപ്പോഴാണ്‌ മുഖ്യമന്ത്രിക്കും എക്‌സൈസ്‌ മന്ത്രിക്കും ആശ്വാസമായത്‌.ബാറുകള്‍ തുറക്കാനാവാത്തതിന്റെ ഉത്തരവാദിത്തം കോടതിയുടെ ചുമലില്‍ കെട്ടി വച്ച്‌ ആശ്വാസിച്ചപ്പോഴാണ്‌ ഈ വിഷയത്തില്‍ സുധീരന്‍ നേടിയെടുത്ത മെയിലേജ്‌ ബോദ്ധ്യമായത്‌.അപ്പോഴും ബാറുകള്‍ അടച്ചിട്ടതു കൊണ്ട്‌ കുടി കുറഞ്ഞില്ലെന്നതിന്റെ കണക്ക്‌ നിരത്തി ബാറുടമകള്‍ക്ക്‌ വേണ്ടി വിടുപണി ചെയ്യാനാണ്‌ എക്‌സൈസ്‌ മന്ത്രി നിയമസഭാതലം പോലും ഉപയോഗിച്ചത്‌.അപ്പോഴേയ്‌ക്കും നെല്ലും പതിരും കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.മുഖ്യമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും അബ്‌കാരി മാഫിയയുടെ അഞ്ചാംപത്തികളാണെന്ന്‌ കേരളത്തിലെ കൊച്ചു കുട്ടികള്‍ വരെ തിരിച്ചറിഞ്ഞു.മദ്യവര്‍ജനം സംബന്ധിച്ച കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തിന്‌ ഒഴിഞ്ഞ മദ്യക്കുപ്പിയുടെ വിലപോലും മുഖ്യമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും നല്‍കുന്നില്ലെന്ന്‌ അസന്ദിഗ്‌ധമായി തെളിയിക്കപ്പെട്ടു.ഹൈക്കോടതി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും,ആതിരേ, സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാതെ ബാറുടമകള്‍ക്കായി മുഖ്യമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും ഗൂഢാലോചന നടത്തി.അതിന്‌ `നിയമപരവും പ്രായോഗികവുമായ` നിലപാട്‌ എന്നവര്‍ പേരും കൊടുത്തു. പക്ഷേ നിയമപരമായ ഈ പ്രായോഗികതയെ കേരളത്തിന്റെ പൊതുബോദ്ധ്യം പുറംകാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചപ്പോഴാണ്‌ എത്രമാത്രം വഴുക്കലുള്ള പ്രതലത്തിലാണ്‌ തങ്ങളുടെ നില്‍പ്പെന്ന്‌ മുഖ്യമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും തിരിച്ചറിഞ്ഞത്‌.ആ വികല്‍പ്പത്തിലാണ്‌ മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന്‌ വയ്‌ക്കാനും യുഡിഎഫ്‌ സര്‍ക്കാരിന്‌ മടിയില്ലെന്ന പുലമ്പല്‍ പുറത്ത്‌ വന്നത്‌.ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വക്താക്കള്‍ ഈ പ്രസ്‌താവനയിലൂന്നി മുഖ്യമന്ത്രിയെ മഹത്വവത്‌ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും കേരളം ചെവിക്കൊണ്ടില്ല.മദ്യനയം വ്യക്തമാക്കതെ ഒളിച്ചു കളിക്കുന്ന മുഖ്യമന്ത്രിയുടെ വിടുവായിത്തമായിട്ട്‌ മാത്രമാണ്‌ മലയാളികള്‍ ആ പ്രസ്‌താവനയെ വിലയിരുത്തിയത്‌. ഇത്രയുമായപ്പോഴേയ്‌ക്കും,ആതിരേ, ബാര്‍ വിഷയത്തില്‍ സുധീരന്റെ അഭിപ്രായമാണ്‌ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാടെന്ന്‌ പൊതുസമൂഹം വായിച്ചെടുത്തു.നിലവാരമുള്ള ബാറുകള്‍ക്ക്‌ തുറന്ന്‌ പ്രവൃത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന്‌ പറഞ്ഞിരുന്ന കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും പൂര്‍ണമായി സുധീരന്റെ പക്ഷത്തെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി അപകടം മണത്തു.അങ്ങനെയാണ്‌ ഹൈക്കമാന്‍ഡിനെ വിഷയത്തിലേയ്‌ക്ക്‌ ,വിശ്വസ്‌തര്‍ വഴി ,വലിച്ചിഴച്ചത്‌.വെളുക്കാന്‍ തേച്ചത്‌ പാണ്ടായി.പ്രായോഗികതയല്ല ജനവികാരമാണ്‌ മാനിക്കേണ്ടതെന്ന്‌ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം ഒരിക്കല്‍ കൂടി സുധീരനൊപ്പം നിന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി,`ചണ്ടി'യായി.ആ സ്‌ന്ദിഗ്‌ധാവസ്ഥയില്‍ നിന്ന്‌ കരകയറാനാണ്‌ ഹസനെന്ന കോമാളിയെ അല്ലെങ്കില്‍ ശിഖണ്ഡിയെ ഉമ്മന്‍ ചാണ്ടി നിയോഗിച്ചത്‌.``യുഡിഎഫാണ്‌ കേരളം ഭരിക്കുന്നത്‌.അതു കൊണ്ട്‌ യുഡിഎഫിന്റെ നയങ്ങള്‍ക്കാണ്‌ പ്രസക്തി.സുധീരന്റേത്‌ ന്യൂനപക്ഷ അഭിപ്രായമാണ്‌ അത്‌ വോട്ടിനിട്ട്‌ തള്ളാന്‍ കഴിയും. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ അങ്ങനെ ഒരു നിലപാടില്ലാഞ്ഞതിനാലാണ്‌ അതു ചെയ്യാഞ്ഞത്‌. സര്‍ക്കാരിന്റേത്‌ നിയമപരവും പ്രായോഗികവുമായ നിലപാടാണ്‌ . ഇതൊരു മുന്നണി സര്‍ക്കാരാണ്‌ കോണ്‍ഗ്രസിന്റെ മാത്രം തീരുമാനത്തിന്റെ പുറത്തല്ല, ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ കൂടി കണക്കിലെടുത്തു വേണം തീരുമാനമെടുക്കാന്‍`` എന്നൊക്കെയാണ്‌ തിങ്കളാഴ്‌ച ഹസന്‍ വിളിച്ചു കൂവിയത്‌.ബാറുടമകള്‍ക്കു വേണ്ടി ഹസനെ കൊണ്ട്‌ സുധീരനെ വെട്ടിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍ ചന്ദ്രിക മുഖപ്രസംഗമെഴുതിയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും പ്രസ്‌താവനകളിലൂടെയും സുധീരന്‌ പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തപ്പോഴാണ്‌ ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധി, സമ്പൂര്‍ണ മദ്യനിരോധനമെന്ന പ്രസ്‌താവനയായി ഹസനില്‍ നിന്നു പുറത്ത്‌ വന്നത്‌.കരുണാകരനെ തകര്‍ക്കാന്‍ ഉപയോഗിച്ച കുതന്ത്രങ്ങളുടെ ഹീനമായ പുനര്‍ജനനം ഇനി, തുടര്‍ന്നു കാണാനാകും.അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഹസന്‍ അങ്ങനെ പറഞ്ഞതിന്റേയും ഹസനെ കൊണ്ട്‌ ഉമ്മന്‍ ചാണ്ടി അങ്ങനെ പറയിച്ചതിന്റേയും പൊരുള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്‌.ആതിരേ,കുഞ്ഞിന്റെ അവകാശ വാദവുമായി സോളമന്‍ രാജാവിനെ സമീപിച്ച രണ്ടു മാതാക്കളില്‍ ഒരാള്‍ കുഞ്ഞിനെ പകുത്തെടുക്കാന്‍ തയ്യാറായതിലെ ബീഭത്സ താത്‌പര്യമുണ്ടല്ലോ,അതിന്‌ തുല്യമായ ഉന്മൂലന മനസ്സാണ്‌ ഹസനിലൂടെ വെളിവായത്‌. സോളാര്‍,സരിത,ആറന്മുള വിമാനത്താവളം,പ്ലസ്‌ ടു,418 ബാര്‍-ഖദറിനുള്ളിലെ ഉമ്മന്‍ ചാണ്ടിയുടെ കരാളത തെളിഞ്ഞു കൊണ്ടേയിരിക്കുകയാണ്‌. .

Monday, August 18, 2014

പ്ലസ്‌ടു:നഷ്ടപരിഹാരത്തിന്‌ ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കണം

മാര്‍ച്ചില്‍,അതി വേഗം ബഹുദൂരം സിദ്ധാന്തത്തിന്റെ ചുവട്‌ പിടിച്ച്‌ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച്‌ കൈയ്യടിനേടിയത്‌ നീചമായ വിദ്യാഭ്യാസ കച്ചവടത്തിനായിരുന്നു എന്ന്‌ മെയ്‌ മാസം ആയപ്പോള്‍ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്‌.പ്ലസ്‌ ടു പ്രവേശനം താമസിപ്പിച്ച്‌,പിന്നെ സ്‌കൂളും ബാച്ചും തന്നിഷ്ടപ്രകാരം അനുവദിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗിന്റേയും സൃഗാല തന്ത്രമാണ്‌ ഹൈക്കോടതി പൊളിച്ചത്‌.ഈ വിധിയോടെ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അവസരമാണ്‌ നഷ്ടമാകുന്നതെന്ന അബ്ദുറബ്ബിന്റെ ന്യായം പാണക്കാട്ട്‌ പറഞ്ഞാല്‍ മതി.കോടികളുടെ അഴിമതി ലക്ഷ്യമിട്ട്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ സ്‌കൂളും ബാച്ചുകളും അനുവദിച്ചത്‌ കൊണ്ടാണ്‌ കോടതിക്ക്‌ ഇടപെടേണ്ടി വന്നത്‌.അതുകൊണ്ട്‌ വിദ്യാര്‍ത്ഥികല്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്ക്‌ ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗും മാത്രമാണ്‌.വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നശിപ്പിച്ച ഇവരില്‍ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടികളാണ്‌ ഇനി ആവശ്യം.
ആതിരേ,കാണ്ടാമൃഗം പോലും സാഷ്ടാംഗം വണങ്ങുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ.കേശാദിപാദം അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ്‌ കേരളത്തിന്റെ മുഖ്യമന്ത്രി.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടരുമെന്ന പ്രഖ്യാപനം `പിന്നാമ്പുറത്ത്‌'അരയാലായി മുളച്ചു നില്‍ക്കുന്നതില്‍ അഭിമാനിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക്‌ പ്ലസ്‌ ടു കോഴ്‌സ്‌ സംബന്ധിച്ച്‌ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ ഇടക്കാല വിധി ആലിന്റെ പുതിയ തളിരിലകളാണ്‌.മുസ്ലീം ലീഗിന്റെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമന്‌' ഈ കോടതി വിധിയും പുതിയ പൂമാല... ഇതു പോലൊരു നാറിയഭരണമെന്ന്‌, ആ മുദ്രാവാക്യം ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലാത്തവരെ കൊണ്ട്‌ പോലും,പറയിപ്പിക്കുന്നതില്‍ മത്സരിക്കുയാണ്‌, ആതിരേ,ഉമ്മന്‍ ചാണ്ടിയും അബ്ദുറബ്ബും മുസ്ലീം ലീഗും.വിദ്യാര്‍ത്ഥികളുടെ ഭാവിയാണ്‌ അമ്മാനമാടുന്നതെന്ന്‌ ചിന്തിക്കാതെയുള്ള അഴിമതി ഭരണത്തിന്റെ ചെകിടത്തേറ്റ കനത്ത പ്രഹരമാണ്‌ ഈ ഇടക്കാല വിധി.വിധി പഠിക്കാനൊന്നുമില്ല,സ്വപ്‌നം കണ്ട കോടികളുടെ ഇടപാട്‌ നടക്കില്ല.കോടതി വിധിയുടെ മറപിടിച്ച്‌ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി നടത്തിയ വിദ്യാഭ്യാസ ബോഫോഴ്‌സ്‌ കോഴയാണ്‌ ഹൈക്കോടതി വിധിയിലൂടെ തുറന്ന്‌ കാട്ടപ്പെട്ടിരിക്കുന്നത്‌. മാര്‍ച്ചില്‍,അതി വേഗം ബഹുദൂരം സിദ്ധാന്തത്തിന്റെ ചുവട്‌ പിടിച്ച്‌ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച്‌ കൈയ്യടിനേടിയത്‌ നീചമായ വിദ്യാഭ്യാസ കച്ചവടത്തിനായിരുന്നു എന്ന്‌ മെയ്‌ മാസം ആയപ്പോള്‍ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്‌.പ്ലസ്‌ ടു പ്രവേശനം താമസിപ്പിച്ച്‌,പിന്നെ സ്‌കൂളും ബാച്ചും തന്നിഷ്ടപ്രകാരം അനുവദിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗിന്റേയും സൃഗാല തന്ത്രമാണ്‌ ഹൈക്കോടതി പൊളിച്ചത്‌.ഈ വിധിയോടെ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അവസരമാണ്‌ നഷ്ടമാകുന്നതെന്ന അബ്ദുറബ്ബിന്റെ ന്യായം പാണക്കാട്ട്‌ പറഞ്ഞാല്‍ മതി.കോടികളുടെ അഴിമതി ലക്ഷ്യമിട്ട്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ സ്‌കൂളും ബാച്ചുകളും അനുവദിച്ചത്‌ കൊണ്ടാണ്‌ കോടതിക്ക്‌ ഇടപെടേണ്ടി വന്നത്‌.അതുകൊണ്ട്‌ വിദ്യാര്‍ത്ഥികല്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്ക്‌ ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗും മാത്രമാണ്‌.വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നശിപ്പിച്ച ഇവരില്‍ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടികളാണ്‌, ആതിരേ, ഇനി ആവശ്യം. ഇടക്കാല വിധിയോടെ 104 സ്‌കൂളുകള്‍ക്ക്‌ പ്ലസ്‌ ടു അനുമതിയില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്ലാത്ത സ്‌കൂളുകള്‍ക്ക്‌ പ്ലസ്‌ടു അനുവദിക്കാനാവില്ല. വിദഗ്‌ധ സമിതി ശിപാര്‍ശ ചെയ്‌ത സ്‌കൂളുകള്‍ക്കു മാത്രം അനുമതി നല്‍കാനാണ്‌ കോടതി ഉത്തരവ്‌. സമിതി ശിപാര്‍ശ ചെയ്‌തിട്ടും മന്ത്രിസഭാ ഉപസമിതി തള്ളിയ സ്‌കൂളുകള്‍ക്ക്‌ അനുമതി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്‌. നേരത്തെ ഹൈക്കോടതി നല്‍കിയ നിര്‍ദേശ പ്രകാരം 131 പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, 91 ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്ററിയായി അപ്‌ഗ്രേഡ്‌ ചെയ്യല്‍, 426 പുതിയ ബാച്ചുകള്‍ എന്നിങ്ങനെയാണു പ്ലസ്‌ടുവില്‍ പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത്‌. ഇതില്‍ പുതിയ ബാച്ചുകളുടെ കാര്യത്തിലായിരുന്നു ഏറ്റവും കൂടുതല്‍ പരാതികള്‍. 50 ഓളം പരാതികള്‍ ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലെത്തി. ഇവ പരിഗണിച്ചാണു പുതിയതായി അനുവദിച്ചവയില്‍ ഹയര്‍ സെക്കന്ററി ഡയറക്ടറടങ്ങിയ ആറംഗ സമിതിയുടെ ശിപാര്‍ശയുള്ള സ്‌കൂളുകള്‍ക്കു മാത്രം പുതിയ ബാച്ചുകള്‍ക്കു പ്രവര്‍ത്തനാനുമതിയെന്ന വിധി കോടതി പറഞ്ഞത്‌.ഫലത്തില്‍ മറ്റു ബാച്ചുകളുടേയും സ്‌കൂളുകളുടേയും അനുമതി താത്‌കാലികമായി സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ പൊതുസമൂഹത്തെ മുഴുവന്‍ കൊഞ്ഞാണന്മാരക്കിയാണ്‌, ആതിരേ, മന്ത്രിസഭ ഉപസമിതി പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്‌.ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതി റിപ്പോര്‍ട്ടിനെ മറികടന്നാണ്‌ മന്ത്രിസഭാ ഉപസമിതി സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്‌. എം.എല്‍.എമാരുടെ നിര്‍ദ്ദേശം സ്വീകരിക്കാനുള്ള തീരുമാനവും ഉപസമിതിയുടെ ഇടപെടലുമാണ്‍ഇത്തരമൊരു ദുരവസ്ഥയില്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളേയും കൊണ്ടെത്തിച്ചത്‌. പ്ലസ്‌ വണ്‍ സീറ്റുകള്‍ കുറവുള്ള റവന്യൂ ജില്ലകളെ അടിസ്ഥാനമാക്കിയാണ്‌,ആതിരേ,ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ആദ്യ മുന്‍ഗണന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌, രണ്ടാമത്‌ കോര്‍പറേറ്റ്‌ മാനേജ്‌മെന്റുകള്‍ക്ക്‌, ഇവ രണ്ടും ഇല്ലെങ്കില്‍ സിംഗിള്‍ മാനേജ്‌മെന്റിന്‌ എന്നിങ്ങനെയായിരുന്നു മാനദണ്ഡം. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവും അവിടെ പത്താംക്ലാസ്‌ കഴിഞ്ഞ വിദ്യാര്‍ഥികളുടെ എണ്ണവും പരിഗണിച്ചുക്കണമെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.നീതിയുക്തവും യുക്തിഭദ്രവും വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതുമായ ഈ നിര്‍ദേശങ്ങള്‍ അട്ടിമറിച്ച്‌ , ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ പ്രദേശത്തെ ജനപ്രതിനിധികളുടെ നിര്‍ദ്ദേശം കൂടി പരിഗണിക്കണമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ. ഇക്കാര്യം പ്ലസ്‌ ടു ബാച്ച്‌ അനുവദിച്ച്‌ പുറത്തിറക്കിയ ഉത്തരവിലും സൂചിപ്പിച്ചിട്ടുണ്ട്‌. ഇതാണ്‌ ഹൈക്കോടതി ചോദ്യം ചെയ്‌തത്‌. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടും ജനപ്രതിനിധികളുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ്‌ സ്‌കൂളുകളുടെ ലിസ്റ്റിന്‌ മന്ത്രിസഭാ ഉപസമിതി അന്തിമ രൂപം നല്‍കിയത്‌ എന്ന്‌ ഉമ്മന്‍ ചാണ്ടിയും വിശ്വസ്‌ത വിധേയന്‍ കെ.സി.ജോസഫും അബ്ദുറബ്ബും പറഞ്ഞത്‌ പച്ചക്കള്ളവും പ്ലസ്‌ വണ്ണിന്‌ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളേയും കേരളത്തിലെ പൊതുസമൂഹത്തേയും പമ്പര വിഢികളാക്കുന്നതുമായിരുന്നെന്ന്‌ കോടതി കണ്ടെത്തി.അതു കൊണ്ട്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ അംഗീകരിക്കുകയും രാഷ്ട്രീയ ഇടപെടലിനെ തളളിക്കളയുകയുമാണ്‌ ഹൈകോടതി ഇടക്കല വിധിയിലൂടെ ചെയ്‌തിരിക്കുന്നത്‌.ഇതോടെപ്ലസ്‌ ടു അനുവദിച്ചതിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനപ്പുറം മന്ത്രിസഭാ ഉപസമിതിക്കായി മാറുകയാണ്‌. വിദ്യഭ്യാസ ആവശ്യകതക്കപ്പുറം സാമുദായിക ഘടകങ്ങളെ തൃപ്‌തിപ്പെടുത്താനുള്ള ശ്രമമായിരുന്നു മന്ത്രിസഭാ ഉപസമിതി നടത്തിയതെന്ന ആരോപണത്തെയും ഹൈക്കോടതി വിധി ശരിവെക്കുന്നു, ആതിരേ... എറണാകുളം മുതല്‍ വടക്കോട്ട്‌ 95 പുതിയ സ്‌കൂളുകള്‍ ഉള്‍പ്പെടെ 700 ബാച്ചുകള്‍ക്കാണ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. പുതിയ സ്‌കൂളുകള്‍ സ്വന്തം നിലയിലും ബാച്ചുകളില്‍ ഏകജാലകം വഴിയുമാണ്‌ പ്രവേശനം നടത്തേണ്ടിയിരുന്നത്‌. പുതിയ ഷെഡ്യൂള്‍ പ്രകാരം 20 നാണ്‌ പ്രവേശന നടപടികള്‍ തുടങ്ങേണ്ടിയിരുന്നത്‌. ഹൈക്കോടതി വിധിയോടെ ഇവയെല്ലാം തകിടം മറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കിയ സ്‌കൂകളെ ഒഴിവാക്കിയും പുതിയ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയും ഉത്തരവ്‌ ഇറക്കേണ്ടിവരും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശ നടപടികള്‍ പുനരാരംഭിക്കേണ്ടിയും വരും. സ്‌കൂളുകളെ ഒഴിവാക്കലും മറ്റും ഏകജാലക പ്രവേശനത്തെ സങ്കീര്‍ണമാക്കും. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല വിധിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രവേശനം വീണ്ടും നീളും.ഇതൊക്കെ സൃഷ്ടിക്കപ്പെട്ടത്‌ കോടതി വിധി മൂലമല്ല മറിച്ച്‌ കോടികള്‍ ലക്ഷ്യമിട്ട്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി പ്രവര്‍ത്തനം കൊണ്ടാണ്‌.സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്‌ ഉത്തരം നല്‍ക്കതെ അഡ്വക്കേറ്റ്‌ ജനറല്‍ ഉരുണ്ട്‌ കളിച്ചപ്പോഴെ കള്ളക്കളി വ്യക്തമായതാണ്‌. അതു കൊണ്ട്‌ ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്ത ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അബ്ദു റബ്ബില്‍ നിന്നും മന്ത്രി സഭാ ഉപസമിതി അംഗങ്ങളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടിക്ക്‌ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സന്നദ്ധമായെങ്കില്‍ മാത്രമേ, ആതിരേ,ഈ അഴിമതിപ്പരിഷകളെ ഒരു പാഠം പഠിപ്പിക്കാന്‍ കഴിയൂ

Saturday, August 16, 2014

അരി പ്രാഞ്ചി'മാരും കേരളത്തിലെ ഇടതുപക്ഷവും

ഇവിടെ,ഇപ്പോള്‍,അധ്വാനിക്കുന്നത്‌ മൂലധന സംരക്ഷകരോ,മൂലധന സമാഹര്‍ത്താക്കളൊ അല്ലെങ്കില്‍ മൂലധന ചൂഷകരോ ആണ്‌.തങ്ങളുടെ അത്യാര്‍ത്തിയുടേയും അധിനിവേശ ത്വരകളുടെയും ആവേഗത്തിന്‌ പിന്നോട്ടടി ലഭിക്കാതിരിക്കാനാണവര്‍ എല്ലുമുറിയെ പണിയെടുക്കുന്നത്‌.അതു കൊണ്ടാണ്‌ പരിസ്ഥിതി ലോലപ്രദേശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്‌.റിസോര്‍ട്ട്‌ മാഫിയകള്‍ തഴയ്‌ക്കുന്നത്‌.റിയല്‍ എസ്റ്റേറ്റ്‌ റാക്കറ്റ്‌ കൊഴുക്കുന്നത്‌.മാളുകളും പാര്‍പ്പിട-വ്യാപാര-വാണിജ്യ സമുച്ചയങ്ങളും മാനമുട്ടെ ഉയരുന്നത്‌.വര്‍ഗ വ്യവച്ഛേദത്തിന്റെ അതിരുകള്‍ തൂര്‍ന്നു പോയ `4ജി'കാലത്തിലെ ഈ പുതിയ അദ്ധ്വാന വര്‍ഗത്തിന്‌ വേണ്ടിയാണ്‌ വൈരുദ്ധ്യാധിഷ്ടിത ദ്വന്ദ്വമാന ഭൗതീകവാദത്തിന്റെ മുന്‍ പ്രാണേതാക്കള്‍ പുതിയ മാനിഫെസ്റ്റോകള്‍ ചമയ്‌ക്കുന്നത്‌.ഈ അശ്ലീലതയുടെ അടരുകളിലാണ്‌,`അരി പ്രാഞ്ചികളുടെ'അസ്‌തിത്വം.
കൃഷിയടക്കം കായികാദ്ധ്വാനം ആവശ്യമുള്ള തൊഴിലിടങ്ങള്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അവ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്‌ `സംവരണം'ചെയ്യുകയോ മൂലം വര്‍ത്തമന കേരളത്തില്‍ മാര്‍ക്‌സിയന്‍ തൊഴിലാളി സിദ്ധാന്തം കലഹരണപ്പെട്ടിരിക്കുകയാണ്‌, ആതിരേ! ഫാക്ടറി തൊഴില്‍ പോലുള്ള `സ്‌കില്‍ഡ്‌ ലേബര്‍'രംഗത്ത്‌ പ്രവൃത്തിക്കുന്നവര്‍,മുതലാളിത്തത്തിന്റെ തലതിരിഞ്ഞ ധാരാളിത്തമെന്ന്‌ ഒരിക്കല്‍ വിവക്ഷിക്കപ്പെട്ടിരുന്ന ,ഭൗതീക സൗകര്യങ്ങളുടെ കസ്റ്റോഡിയന്മാരായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ആതിരേ,ഇവിടെ,ഇപ്പോള്‍,അധ്വാനിക്കുന്നത്‌ മൂലധന സംരക്ഷകരോ,മൂലധന സമാഹര്‍ത്താക്കളൊ അല്ലെങ്കില്‍ മൂലധന ചൂഷകരോ ആണ്‌.തങ്ങളുടെ അത്യാര്‍ത്തിയുടേയും അധിനിവേശ ത്വരകളുടെയും ആവേഗത്തിന്‌ പിന്നോട്ടടി ലഭിക്കാതിരിക്കാനാണവര്‍ എല്ലുമുറിയെ പണിയെടുക്കുന്നത്‌.അതു കൊണ്ടാണ്‌ പരിസ്ഥിതി ലോലപ്രദേശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്‌.റിസോര്‍ട്ട്‌ മാഫിയകള്‍ തഴയ്‌ക്കുന്നത്‌.റിയല്‍ എസ്റ്റേറ്റ്‌ റാക്കറ്റ്‌ കൊഴുക്കുന്നത്‌.മാളുകളും പാര്‍പ്പിട-വ്യാപാര-വാണിജ്യ സമുച്ചയങ്ങളും മാനമുട്ടെ ഉയരുന്നത്‌.വര്‍ഗ വ്യവച്ഛേദത്തിന്റെ അതിരുകള്‍ തൂര്‍ന്നു പോയ `4ജി'കാലത്തിലെ ഈ പുതിയ അദ്ധ്വാന വര്‍ഗത്തിന്‌ വേണ്ടിയാണ്‌ വൈരുദ്ധ്യാധിഷ്ടിത ദ്വന്ദ്വമാന ഭൗതീകവാദത്തിന്റെ മുന്‍ പ്രാണേതാക്കള്‍ പുതിയ മാനിഫെസ്റ്റോകള്‍ ചമയ്‌ക്കുന്നത്‌.ഈ അശ്ലീലതയുടെ അടരുകളിലാണ്‌,`അരി പ്രാഞ്ചികളുടെ'അസ്‌തിത്വം. അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള തെരെഞ്ഞെടുപ്പ്‌ ഇന്ത്യന്‍ പാര്‍ലമെന്ററി ജാനാധിപത്യ സമ്പ്രദായത്തിന്റെ ആധാര ശിലയാണ്‌.പക്ഷേ ഈ യാഥാര്‍ത്ഥ്യം ,അധികാരത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലും അതിനുവേണ്ടിയുള്ള അനുരഞ്‌ജനത്തിലും ഇന്ത്യയിലെ വിപ്ലവപാര്‍ട്ടികള്‍ മറന്നു പോയി.`മുട്ടുമ്പോള്‍ പറമ്പന്വേഷിക്കുന്ന' കൊഞ്ഞാണന്മാരുടെ കൂട്ടമായി പരിണമിച്ചു,ആതിരേ,പന്ന്യന്‍ രവീന്ദ്രന്റെ സിപിഐയും പിണറായി വിജയന്റെ സിപിഎമ്മും.ആ അധഃപതനത്തിന്റെ മ്ലേച്ഛതയാണ്‌ കഴിഞ്ഞ പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തേയും എറണാകുളത്തേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഘനീഭൂതമായത്‌. പാര്‍ട്ടിയുമായോ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത,പ്രത്യയശാസ്‌ത്ര പരിസരങ്ങളിലിലേയ്‌ക്ക്‌ കൗതുകത്തിനായെങ്കിലും എത്തി നോക്കുകപോലും ചെയ്യാത്ത പരിഷകളില്‍ നിന്ന്‌ കോടികള്‍ കൈപ്പറ്റി അവരെ സ്ഥാനാര്‍ത്ഥികളാക്കി പാര്‍ട്ടി അണികളെയും സമ്മതിദായകരേയും പാര്‍ലമെന്ററി ജനധിപത്യ മര്യാദകളെയും ഉളുപ്പില്ലാതെ വഞ്ചിച്ചതിന്റെ വിചാരണയാണിപ്പോള്‍,ആതിരേ, നടക്കുന്നത്‌. തിരുവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇതു മുന്നണിയില്‍ എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയാകുന്നത്‌ അതു കൊണ്ടാണ്‌. തിരുവനന്തപുരത്ത്‌ മത്സരിച്ച സി പി ഐയുടെ `അരിപ്രാഞ്ചിയായ' ഡോ.ബെന്നറ്റ്‌ ഏബ്രഹാമിനെ നോമിനേറ്റ്‌ ചെയ്‌തത്‌ സിപിഎം ആയിരുന്നു.എറണാകുളത്തെ `അരിപ്രാഞ്ചി' ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ കാര്യത്തില്‍,പക്ഷേ,സിപിഐക്ക്‌ പങ്കൊട്ടുമില്ല.അതായത്‌ രണ്ടിടത്തും ഇടതു മുന്നണിയിലെ `വല്യേട്ടന്‍'തന്നെയാണ്‌ മുഖ്യ സൂത്രധാരന്‍. അതിന്റെ തെളിവാണ്‌,ആതിരേ, തിരുവനന്തപുരം സി പി ഐയുടെ സീറ്റാണെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച്‌ ഇരുപാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന പി ബി അംഗമായ എം എ ബേബിയുടെ പ്രസ്‌താവന.പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ബേബിയുടെ വെളിപ്പെടുത്തല്‍ തിരുവനന്തപുരത്തെ സീറ്റ്‌ വിവാദത്തെ അപ്രതീക്ഷിത വഴിത്തിരിവിലെത്തിച്ചിട്ടുണ്ടാകാം.എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌ ഇക്കാര്യം തുടക്കത്തിലെ അറിയാമായിരുന്ന അങ്ങാടിപ്പാട്ടാണ്‌. സിപിഎമ്മിന്‌ ബെനറ്റ്‌ എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ താല്‍പര്യമുണ്ടായിരുന്നെന്ന്‌ അച്ചടക്ക നടപടി നേരിട്ട സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട്‌ ശശിയും വെളിപ്പെടുത്തിയിട്ടുണ്ട്‌. . ഇക്കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ തിരുവനന്തപുരം സീറ്റിന്റെ കാര്യത്തില്‍ സി പി എമ്മിന്റെ ഇടപെടല്‍ ഉണ്ടായി എന്നത്‌ വ്യക്തമാണ്‌. അവരാണ്‌ യഥാര്‍ത്ഥത്തില്‍ അവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്‌.
കമ്മ്യൂണിസ്റ്റ്‌ അല്ലാത്ത, ഇടതു പ്രവര്‍ത്തകന്‍ എന്നുപറയാന്‍ കഴിയാത്ത ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ എറണാകുളത്ത്‌ എങ്ങന സ്ഥാനാര്‍ഥിയായി എന്ന്‌ സന്ദേഹം എം.എം.ലോറന്‍സിന്റെ പുതിയ വെളിപാടൊന്നുമല്ല,അതിരേ.സ്ഥാനാര്‍ത്ഥി നിര്‍ണയ നിമിഷം മുതല്‍ പാര്‍ട്ടി അണികളും മുന്നണിയിലെ ഘടകകക്ഷികളും നിയോജക മണ്ഡലത്തിലെ സമ്മതിദായകരും പൊതുസമൂഹവും ഉന്നയിച്ച മൗലീകമായ ചോദ്യമായിരുന്നു അത്‌.അതിന്റെ ഉത്തരം പ്രവാസി വ്യവസായി രവിപിള്ളയോട്‌ പിണറായിക്കും പാര്‍ട്ടിക്കുമുള്ള കടപ്പാടും ലാവലിന്‍ കേസില്‍ നിയമസഹായം ലഭ്യമാക്കാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ കാണിച്ച സൗമനസ്യത്തോട്‌ പിണറായിക്കുള്ള വ്യക്തിപരമായ കൃതജ്ഞതയും ടി.പി.വധക്കേസ്‌ മുതല്‍ സിപിഎം കോണ്‍ഗ്രസുമായി നടത്തുന്ന ഒത്തുതീര്‍പ്പ്‌ നയവുമെല്ലാം ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്‌ പിന്നിലുണ്ട്‌.മാത്രമല്ല കോടികളുടെ ഇടപാടുമുണ്ട്‌.സാന്റിയാഗോ മാര്‍ട്ടിന്റേയും ഫാരിസ്‌ അബുബക്കറുടേയും ചാക്കു രാധാകൃഷ്‌ണന്റേയും അനധികൃത സമ്പാദ്യങ്ങളുടെ പങ്കുപറ്റാന്‍ ഉളുപ്പില്ലാത്ത സോഷ്യല്‍ ഡമോക്രാറ്റുകളായ പുത്തന്‍കൂറ്റ്‌ നേതാക്കളുടെ ധനാര്‍ത്തിയും ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ആധാരമാണ്‌.കെ.വി.തോമസ്‌ 87047 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ജയിച്ചതും ആം ആദ്‌മി സ്ഥാനാര്‍ഥിയായ അനിതാ പ്രതാപ്‌ 51000 വോട്ട്‌ പിടിച്ചതും എറണാകുളത്തെ മൂന്ന്‌ മണ്ഡലങ്ങളില്‍ സി പി എമ്മിന്റെ വോട്ട്‌ 30 ശതമാനത്തിന്‌ താഴെയായി കുറഞ്ഞതും ഈ `അരി പ്രാഞ്ചിയെ'സമ്മതിദായകരിലേയ്‌ക്ക്‌ കെട്ടിയിറക്കിയത്‌ കൊണ്ട്‌ മാത്രമാണ്‌.
ബെനറ്റിന്റേത്‌ പേമെന്റ്‌ സീറ്റാണെന്ന്‌ പാര്‍ട്ടി നടപടിയിലൂടെ സി പി ഐ സമ്മതിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ കരുത്തുറ്റ ചട്ടക്കൂടും ഗ്രൂപ്പിസവുമാണ്‌ സിപിഎമ്മിലുള്ളതെന്നതു കൊണ്ട്‌ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സീറ്റ്‌ ലബ്ദിയുടെ വാസ്‌തവങ്ങള്‍ പുറത്തുവരാനുള്ള സാധ്യത വിരളമാണ്‌. ഇത്സംബന്ധിച്ച പ്രകാശ്‌ കാരട്ടിന്റെ പ്രതികരണവും എം.എം.ലോറന്‍സിന്റേയും എം.എ.ബേബിയുടേയും മലക്കം മറിച്ചിലും അതാണ്‌ വ്യക്തമാക്കുന്നത്‌.പക്ഷേ ഒന്നുറപ്പാണ്‌,ആതിരേ. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയത്‌ ചരിത്രപരമായ വിഢിത്തമായിരുന്നെന്ന്‌ ഒരിക്കല്‍ സി പി എം നേതൃത്വത്തിന്‌ സമ്മതിക്കേണ്ടി വരും;സംശയമില്ല

Monday, August 4, 2014

ദോണ്‍ കിഹോട്ടിമാരായ ചാണ്ടിയും ചെന്നിത്തലയും ;കപട ഗാന്ധി ഭക്തിയും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പിതാവിനെ പുനര്‍വായനയ്‌ക്ക്‌ വിധേയമാക്കാന്‍ ഏതൊരു വ്യക്തിക്കും അര്‍ഹതയും സ്വാതന്ത്ര്യവുമുണ്ട്‌.അതിന്‌ അനുവദിക്കുമ്പോഴാണ്‌ ജനാധിപത്യമൂല്യങ്ങള്‍ പുഷ്‌കലമാകുക.അതിന്റെ നിഷേധം ആവിഷ്‌ക്കാര-അഭിപ്രായസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റവും കൂച്ചു വിലങ്ങിടലുമാണ്‌. അതിന്‌ മുതിരുന്നവര്‍ സ്വേച്ഛാധിപത്യ ദുര്‍മദത്തിന്റെ കറതീര്‍ന്ന വൈതാളികരാണ്‌. ഒരു ഉദാഹരണം മാത്രം മതി ഗാന്ധിജിയുടെ ദുശാഠ്യത്തിന്റെ ദുഷ്ടഭാവം വ്യക്തമാക്കാന്‍.ഒരു വെല്ലുവിളി സ്വീകരിച്ച്‌ ,എപ്പോഴും ഒപ്പമുണ്ടായിരുന്ന മനുവിനോടും ആഭയോടുമൊപ്പം പൂര്‍ണനഗ്നനായി ശയിച്ചപ്പോള്‍ ഇന്ദ്രിയനിഗ്രഹണം സാധിക്കാതിരുന്നത്‌ കൊണ്ട്‌ മൗനവ്രതം ആചരിച്ചാണ്‌ ഗാന്ധിജി `ദമം'നേടിയത്‌.ഇതേ മൗനവ്രതം ഉപയോഗിച്ചാണ്‌ ജാലിയന്‍വാലാബാഗ്‌ കൂട്ടക്കുരുതിയോടുള്ള ജനകീയ പ്രതിഷേധത്തെ ഗാന്ധിജി അടിച്ചമര്‍ത്തിയത്‌.ഇന്ത്യാക്കാരന്റെ പ്രതികരണ ശീലത്തേയും ശേഷിയേയും വന്ധ്യംകരണത്തിന്‌ വിധേയനാക്കിയത്‌ ഗാന്ധിജിയാണെന്ന്‌ പറയുമ്പോള്‍ ആരും ക്ഷോഭിച്ചിട്ട്‌ കാര്യമില്ല.ഭഗത്‌ സിംഗിനോട്‌,നേതാജി സുഭാഷ്‌ ചന്ദ്രബോസിനോട്‌,ആചാര്യ കൃപലാനിയോട്‌ ഗാന്ധിജി അനുവര്‍ത്തിച്ച നയങ്ങള്‍ ഈ ഹിഡന്‍ അഹണ്ടയുടെ കൈചൂണ്ടികളായി ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്‌.ഇങ്ങനേയും,ഇതിലും അമാന്യമെന്ന്‌ കരുതാവുന്നതുമായ നിരവധി തലങ്ങളിലായിരുന്നു ഗാന്ധിജിയെന്ന മഹാത്മാവിന്റെ യഥാര്‍ത്ഥ അസ്‌തിത്വം!
രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വിശ്രുത ഗ്രന്ഥകാരി അരുന്ധതി റോയിക്കെതിരെ കേസെടുക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടേയും നീക്കം,ആതിരേ, നിഷ്‌ഠൂരമായ ഫാസിസമാണെന്ന്‌ പറയതിരിക്കാനാവില്ല.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പിതാവിനെ പുനര്‍വായനയ്‌ക്ക്‌ വിധേയമാക്കാന്‍ ഏതൊരു വ്യക്തിക്കും അര്‍ഹതയും സ്വാതന്ത്ര്യവുമുണ്ട്‌.അതിന്‌ അനുവദിക്കുമ്പോഴാണ്‌ ജനാധിപത്യമൂല്യങ്ങള്‍ പുഷ്‌കലമാകുക.അതിന്റെ നിഷേധം ആവിഷ്‌ക്കാര-അഭിപ്രായസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റവും കൂച്ചു വിലങ്ങിടലുമാണ്‌. അതിന്‌ മുതിരുന്നവര്‍ സ്വേച്ഛാധിപത്യ ദുര്‍മദത്തിന്റെ കറതീര്‍ന്ന വൈതാളികരാണ്‌. ആരാണ്‌ പറഞ്ഞത്‌ ഗാന്ധിജി പുനര്‍വായനയ്‌ക്കും വിമര്‍ശനങ്ങള്‍ക്കും അതീതനാണെന്ന്‌?വിവരക്കേടിനെ ഖദര്‍ വസ്ര്‌തമണിയിച്ചാല്‍ അവര്‍ കോണ്‍ഗ്രസ്‌ നേതാക്കന്മാരാകും എന്ന നിരീക്ഷണത്തെ സാര്‍ത്ഥകമാക്കുന്നതാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടിയുടേയും രമേശ്‌ ചെന്നിത്തലയുടെയും ഗാന്ധി-ഭകതി .കാളപെറ്റെന്ന്‌ കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത്‌ വിവരദോഷത്തിന്റേയും ചരിത്രബോധമില്ലായമയുടേയും പ്രദര്‍ശനമാല്ലാതെ മറ്റൊന്നുമല്ല. ജീവിച്ചിരുന്ന കാലത്ത്‌ തന്നെ ഗാന്ധിജി ദാക്ഷണ്യരഹിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു.പക്ഷേ,ആതിരേ, സ്‌തുതിപാഠകവായ്‌ത്താരിയില്‍ വിവേകത്തിന്റെ ആ സ്വരങ്ങള്‍ മുങ്ങിപ്പോകുകയായിരുന്നു.ആ കാലഘട്ടത്തില്‍ ജീവിക്കാതിരുന്നവര്‍ക്ക്‌ ആ വാസ്‌തവങ്ങള്‍ അറിയണമെങ്കില്‍ വായനാശീലം വേണം.അധികമൊന്നും വായിക്കേണ്ട.ഗാന്ധിജിയുടെ ആത്മകഥയും 1975 പ്രസിദ്ധീകരിച്ച `സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'എന്ന കൃതിയും(ലാരി കൊളിന്‍സും ഡോമിനിക്‌ ലാപിയറും സംയുക്തമായി രചിച്ചത്‌) വായിച്ചാല്‍ മതി,ഗാന്ധിജി എന്ന വ്യക്തിയിലെ അനഭിലഷണീയമായ വ്യതിയാനങ്ങള്‍ മനസിലാക്കാം.ഭാര്യ കസ്‌തുര്‍ബയുടേയും മൂത്ത മകന്‍ ഹീരാലാലിന്റേയും ജീവിതം വിശകലനം ചെയ്‌താല്‍ മതി ഗാന്ധിജിയിലെ നിഷ്‌ഠൂരനെ കണ്ടെടുക്കാം. വ്യക്തി ജീവിതത്തില്‍ ഗാന്ധിജിക്ക്‌ ശരിയും മറ്റുള്ളവര്‍ക്ക്‌ പ്രാകൃതവുമായ ചിട്ടകളോടെയാണ്‌ അദ്ദേഹം സ്വാതന്ത്ര്യസമരത്തെ നയിച്ചത്‌.നാടിന്റെ തീവ്രമായ മോചന സമസ്യകള്‍ക്ക്‌ പൂരണം കാണുന്നതിനിടയില്‍ ഗാന്ധിജിയുടെ പിടിവാശികള്‍ വിവേകശാലികള്‍ പ്രശ്‌നമാക്കാതിരുന്നത്‌ കൊണ്ടാണ്‌ നുണകളാല്‍ നിര്‍മിക്കപ്പെട്ട ആ മഹത്വത്തിന്റെ തമോതലങ്ങളിലേയ്‌ക്ക്‌ പൊതുസമൂഹത്തിന്റെ നോട്ടമെത്താതെ പോയത്‌. ഒരു ഉദാഹരണം മാത്രം മതി,ആതിരേ, ഗാന്ധിജിയുടെ ദുശാഠ്യത്തിന്റെ ദുഷ്ടഭാവം വ്യക്തമാക്കാന്‍.ഒരു വെല്ലുവിളി സ്വീകരിച്ച്‌ ,എപ്പോഴും ഒപ്പമുണ്ടായിരുന്ന മനുവിനോടും ആഭയോടുമൊപ്പം പൂര്‍ണനഗ്നനായി ശയിച്ചപ്പോള്‍ ഇന്ദ്രിയനിഗ്രഹണം സാധിക്കാതിരുന്നത്‌ കൊണ്ട്‌ മൗനവ്രതം ആചരിച്ചാണ്‌ ഗാന്ധിജി `ദമം'നേടിയത്‌.ഇതേ മൗനവ്രതം ഉപയോഗിച്ചാണ്‌ ജാലിയന്‍വാലാബാഗ്‌ കൂട്ടക്കുരുതിയോടുള്ള ജനകീയ പ്രതിഷേധത്തെ ഗാന്ധിജി അടിച്ചമര്‍ത്തിയത്‌.ഇന്ത്യാക്കാരന്റെ പ്രതികരണ ശീലത്തേയും ശേഷിയേയും വന്ധ്യംകരണത്തിന്‌ വിധേയനാക്കിയത്‌ ഗാന്ധിജിയാണെന്ന്‌ പറയുമ്പോള്‍ ആരും ക്ഷോഭിച്ചിട്ട്‌ കാര്യമില്ല.ഭഗത്‌ സിംഗിനോട്‌,നേതാജി സുഭാഷ്‌ ചന്ദ്രബോസിനോട്‌,ആചാര്യ കൃപലാനിയോട്‌ ഗാന്ധിജി അനുവര്‍ത്തിച്ച നയങ്ങള്‍ ഈ ഹിഡന്‍ അഹണ്ടയുടെ കൈചൂണ്ടികളായി ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്‌.ഡോ.ബി.ആര്‍.അംബേദ്‌ക്കറും വിജയലക്ഷ്‌മി പണ്ഡിറ്റുമൊക്കെ ഗാന്ധിജിയുടെ ഉഡായിപ്പുകളെ അന്നേ തുറന്ന്‌ കാട്ടിയിട്ടുള്ളതാണ്‌.അതറിയാന്‍ വായനാശീലവും ചരിത്രത്തിന്റെ അനുസന്ധാനവും അനിവാര്യമാണ്‌. എന്താണ്‌ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ജി.കാര്‍ത്തികേയനുമൊക്കെ അസ്‌ഖ്യതയുണ്ടാക്കിയ അരുദ്ധതി റോയിയുടെ `ഗാന്ധി-നിന്ദ'? എം ജി യൂണിവേഴ്‌സിറ്റി അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ത്രിദിന സെമിനാറിലെ മുഖ്യ പ്രഭാഷണത്തില്‍ അരുന്ധതി റോയി നടത്തിയ നിശിതമായ ചില നിരീക്ഷണങ്ങളും ചില വാസ്‌തവങ്ങളുടെ പുനരവതരണവുമാണ്‌- അത്‌ നടന്ന്‌ ആഴ്‌ചകള്‍ക്ക്‌ ശേഷം- `ഗാന്ധി ഭക്തരായ ഈ ഖദര്‍ധാരികളെ ചൊടിപ്പിച്ചത്‌. ``നമ്മുടെ ജനനേതാക്കള്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്‌. നുണക്കഥകളാല്‍ നിര്‍മ്മിക്കപ്പെട്ട നേതാക്കളാണ്‌ ചരിത്രത്തിലേറെയും ഉള്ളത്‌. മഹാത്മ ഗാന്ധിയെക്കാള്‍ അയ്യങ്കാളിയെപോലുള്ളവരാണ്‌ യഥാര്‍ത്ഥ ഹീറോകള്‍. മഹാത്മഗാന്ധി സര്‍വകാല ശാലയുടെ പേര്‌ അയ്യങ്കാളി സര്‍വകലശാലയെന്ന്‌ മാറ്റി കേരളം മാറ്റത്തിന്‌ തുടക്കമിടണം.മഹാത്മാഗാന്ധിയെകുറിച്ച്‌ നമ്മളിന്ന്‌ പഠിക്കുന്നതൊക്കെ കളവുകളാണ്‌. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്ന കാലത്താണ്‌ അയ്യങ്കാളി കേരളത്തില്‍ ദളിതുകള്‍ക്ക്‌ വിദ്യാഭ്യാസം കിട്ടുന്നതിനായി പോരാടിയത്‌. എന്നാല്‍ ആഫ്രിക്കയില്‍ നിന്ന്‌ തിരിച്ചെത്തിയഗാന്ധിക്ക്‌ മഹാത്മാ എന്ന പദവി കിട്ടി.കിണറുകളില്‍ നിന്നും മറ്റും പൊതുവെള്ളമെടുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി പോരാടിയ വ്യക്തിയാണ്‌ അയ്യങ്കാളി. അന്ന്‌ ഗാന്ധി ദണ്ഡിയാത്ര നടത്തുകയായിരുന്നു. നികുതി ഒഴിവാക്കാനായി നടത്തിയ സത്യാഗ്രഹത്തെ ദുരാഗ്രഹം എന്നാണ്‌ വിളിക്കേണ്ടത്‌.ഗാന്ധി ജാതിക്കെതിരായിരുന്നില്ല . ദക്ഷിണാഫ്രിക്കയില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹമെഴുതിയ കുറിപ്പുകളില്‍ പോലും അതിന്റെ ചായ്‌വുകള്‍ കാണാനാവും. അതുകൊണ്ട്‌ തന്നെ അദ്ദേഹം ജാതീയതയുടെ പ്രചാരകനായിരുന്നു.ഗാന്ധി 1936ലെഴുതിയ ഐഡിയല്‍ മങ്കീസ്‌ എന്ന ലേഖനത്തില്‍ ദളിതുകളെയും കറുത്തവര്‍ഗക്കാരേയും വിലകുറച്ച്‌ കാണുന്ന സമീപനമാണ്‌ കാണാനാവുന്നത്‌ .വിദേശശക്തികളോടും സ്വദേശത്ത്‌ നടക്കുന്ന സാമൂഹ്യഅനീതികളോടും ഒരുപോലെ പോരാടിയ വ്യക്തിത്വമാണ്‌ അയ്യങ്കാളി.അതു കൊണ്ട്‌ മഹാത്മാവ്‌ എന്ന്‌ വിളിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ അയ്യങ്കാളിയാണ്‌``
ഇത്രയുമാണ്‌,ആതിരേ, അരുന്ധതി റോയി അന്ന്‌ പറഞ്ഞത്‌.ഇതിലെവിടെയാണ്‌ ഗാന്ധി നിന്ദ?ഭഗവദ്‌ ഗീതയ്‌ക്ക്‌ ഗാന്ധിജി നല്‍കിയ വിവര്‍ത്തനവും വ്യാഖ്യാനവും ഐഡിയല്‍ മങ്കീസ്‌ എന്ന ലേഖനവും വായിച്ചിട്ടുള്ളവര്‍ അരുന്ധതി റോയിയുടെ അഭിപ്രായങ്ങളെ കൈയ്യടിയോടെ ഏറ്റുവാങ്ങും. അവ വായിച്ചിട്ടുണ്ടോ എന്ന്‌ ഉമ്മന്‍ ചാണ്ടിയോടും രമേശ്‌ ചെന്നിത്തലയോടും ചോദിക്കുന്നത്‌ `ആത്മഹത്യാപരമാണ്‌ '.അപ്പോള്‍ പിന്നെ ഗാന്ധിജിയേക്കുറിച്ച്‌ ഡോ.ബി.ആര്‍.അംബേദ്‌ക്കര്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങളെ കുറിച്ച്‌ ചോദിക്കേണ്ടതില്ലല്ലോ.ഗാന്ധിജിയേക്കാള്‍ 21 വയസിന്റെ ഇളപ്പമുണ്ടായിരുന്ന അംബേദ്‌ക്കര്‍ ഗാന്ധിജിയുമായുള്ള തന്റെ വിയോജിപ്പുകള്‍ മാര്‍ദവമില്ലാത്ത ഭാഷയില്‍ തന്നെ,ആതിരേ, എല്ലായിപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്‌.``ഗാന്ധി ഒരു മഹാത്മാവാണോ ''? എന്ന ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്‌കറോട്‌ ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു അത്‌. ഈ ചോദ്യത്തിന്‌ ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന്‌ 'ചിത്രാ' യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്‌കര്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌ ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം
``പൊതുവെ പറഞ്ഞാല്‍ ഒരു സാധാരണഹിന്ദു മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി ഒരു മഹാത്മാവാണ്‌. വികൃതവും പ്രാകൃതവുമായ വേഷം ധരിച്ചു കൊണ്ട്‌ നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. സാധാരണ രീതിയില്‍ വസ്ര്‌തം ധരിച്ച്‌ സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്‌താലും അയാളെ ആരും ഇവിടെ നോക്കുക പോലും ചെയ്യില്ല. എന്നാല്‍ താടിയും മുടിയും വളര്‍ത്തി അസാധരണ രീതിയില്‍ പെരുമാറുകയോ വസ്ര്‌തവിഹീനനായി അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന്‌ പിച്ചും പേയും പറയുകയോ, ആകാശത്തേക്കു നോക്കി തൊഴുകയോ, ഓടയില്‍ നിന്ന്‌ വെള്ളം മുക്കി കുടിക്കുകയോ ചെയ്‌താല്‍ ജനങ്ങള്‍ അയാളുടെ കാല്‍ക്കല്‍ വീണ്‌ വണങ്ങാന്‍ തുടങ്ങും. അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന സാധാരണക്കാര്‍ക്ക്‌ ഗാന്ധിയുടെ ഉപദേശങ്ങള്‍ നന്നായി തോന്നും. സത്യത്തിനുവേണ്ടി ദൈവത്തെയും ദൈവത്തിനു വേണ്ടി സത്യത്തെയും താന്‍ ആരായുകയാണെന്ന ഗാന്ധിയന്‍ പ്രഖ്യാപനത്തില്‍ ഭ്രമിച്ച്‌ ആളുകള്‍ അദ്ദേഹത്തെ പിന്തുടരുന്നു. സത്യവും അഹിംസയും മഹത്തായ തത്വങ്ങളാണെന്നും അവയാണ്‌ തന്റെ ജീവിതാദര്‍ശങ്ങളെന്നും ഗാന്ധി പറഞ്ഞു. പക്ഷേ, ഈ ആദര്‍ശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ലോകത്തിനു പ്രദാനം ചെയ്‌തത്‌ ശ്രീബുദ്ധനായിരുന്നു. മനുഷ്യര്‍ക്ക്‌ ലഭിക്കുന്ന പ്രയോജനത്തെ ആസ്‌പദമാക്കി വേണം ഒരാദര്‍ശത്തിന്റെ മൂല്യം വിലയിരുത്തേണ്ടത്‌. ഈ തത്വങ്ങളെ ജീവിതാദര്‍ശങ്ങളായി അംഗീകരിക്കപ്പെട്ടുവെന്ന്‌ അവകാശപ്പെട്ട ഗാന്ധിക്ക്‌ അവയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പൊതുവായ നന്മയോ സാംസ്‌കാരിക ബോധമോ ജനങ്ങള്‍ക്കു നേടിക്കൊടുക്കുവാന്‍ കഴിഞ്ഞോ ? ജീവിതകാലം മുഴുവന്‍ ദൈവാന്വേഷണവും സത്യാന്വേഷണവും നടത്തിയ ഗാന്ധിക്ക്‌ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വല്ല പ്രശ്‌നങ്ങള്‍ക്കും പോംവഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ? ഗാന്ധിയുടെ ശരിയായ സ്വഭാവം എന്തായിരുന്നുവെന്ന്‌ തെളിയിക്കാനാന്‍ വേണ്ടി രണ്ടു ഉദാഹരണങ്ങള്‍ എനിക്കിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.പട്ടികജാതിക്കാരുടെ പ്രതിനിധികളായി അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ്‌ ഗവണ്മെന്റ്‌ വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന്‌ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്‌ദാനം മറന്ന്‌ അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്‌. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ ഗാന്ധി രഹസ്യമായി സമീപിച്ച്‌ അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട്‌ സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ ) പതിനാല്‌ ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന്‌ ഗാന്ധി അവര്‍ക്ക്‌ ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത്‌ ചെയ്‌തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്‌. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്‌തവാക്യമുണ്ട്‌. (ഭഗവല്‍ മെ ചുരി മൂവ്‌ മെ റാം റാം) `കക്ഷത്ത്‌ കഠാരയും ചുണ്ടില്‍ രാമനാമവും`. അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന്‌ വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി ഒരു മഹാത്മാവാണ്‌. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി മാത്രമാണ്‌. 'ചിത്ര'യുടെ പത്രാധിപര്‍ ഇത്രയും കൊണ്ട്‌ തൃപ്‌തിപ്പെടുമെന്ന്‌ ഞാന്‍ കരുതുന്നു.`` ഇങ്ങനേയും,ഇതിലും അമാന്യമെന്ന്‌ കരുതാവുന്നതുമായ നിരവധി തലങ്ങളിലായിരുന്നു ഗാന്ധിജിയെന്ന മഹാത്മാവിന്റെ യഥാര്‍ത്ഥ അസ്‌തിത്വം! ഡോ.ബി.ആര്‍.അംബേദ്‌ക്കറിന്റെ നിരീക്ഷണങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അരുന്ധതി റോയിയുടെ അഭിപ്രായങ്ങള്‍ എത്രയോ മൃദുവും ലഘുവുമാണ്‌.എന്നിട്ടാണ്‌ ചാണ്ടി-ചെന്നിത്തലമാരുടെ ചന്ദ്രഹാസം മുഴക്കലും ഉറഞ്ഞുതുള്ളലും നിയമനടപടിയെന്ന ഉമ്മാക്കിയും.ചരിത്ര ബോധമില്ലാത്ത ദോണ്‍ കിഹോട്ടി ( DON QUIXOTE ) മാരാണ്‌ തങ്ങളെന്ന്‌ തെളിയിക്കാന്‍ മാത്രമേ ,ആതിരേ,ഈ കപട ഗാന്ധിഭക്തി അവരെ സഹായിച്ചിട്ടുള്ളൂ