Monday, August 4, 2014
ദോണ്‍ കിഹോട്ടിമാരായ ചാണ്ടിയും ചെന്നിത്തലയും ;കപട ഗാന്ധി ഭക്തിയും
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പിതാവിനെ പുനര്‍വായനയ്‌ക്ക് വിധേയമാക്കാന്‍ ഏതൊരു വ്യക്തിക്കും അര്‍ഹതയും സ്വാതന്ത്ര്യവുമുണ്ട്.അതിന് അനുവദിക്കുമ്പോഴാണ് ജനാധിപത്യമൂല്യങ്ങള്‍ പുഷ്‌കലമാകുക.അതിന്റെ നിഷേധം ആവിഷ്‌ക്കാര-അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും കൂച്ചു വിലങ്ങിടലുമാണ്. അതിന് മുതിരുന്നവര്‍ സ്വേച്ഛാധിപത്യ ദുര്‍മദത്തിന്റെ കറതീര്‍ന്ന വൈതാളികരാണ്.
ഒരു ഉദാഹരണം മാത്രം മതി ഗാന്ധിജിയുടെ ദുശാഠ്യത്തിന്റെ ദുഷ്ടഭാവം വ്യക്തമാക്കാന്‍.ഒരു വെല്ലുവിളി സ്വീകരിച്ച് ,എപ്പോഴും ഒപ്പമുണ്ടായിരുന്ന മനുവിനോടും ആഭയോടുമൊപ്പം പൂര്‍ണനഗ്നനായി ശയിച്ചപ്പോള്‍ ഇന്ദ്രിയനിഗ്രഹണം സാധിക്കാതിരുന്നത് കൊണ്ട് മൗനവ്രതം ആചരിച്ചാണ് ഗാന്ധിജി `ദമം'നേടിയത്.ഇതേ മൗനവ്രതം ഉപയോഗിച്ചാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയോടുള്ള ജനകീയ പ്രതിഷേധത്തെ ഗാന്ധിജി അടിച്ചമര്‍ത്തിയത്.ഇന്ത്യാക്കാരന്റെ പ്രതികരണ ശീലത്തേയും ശേഷിയേയും വന്ധ്യംകരണത്തിന് വിധേയനാക്കിയത് ഗാന്ധിജിയാണെന്ന് പറയുമ്പോള്‍ ആരും ക്ഷോഭിച്ചിട്ട് കാര്യമില്ല.ഭഗത് സിംഗിനോട്,നേതാജി സുഭാഷ് ചന്ദ്രബോസിനോട്,ആചാര്യ കൃപലാനിയോട് ഗാന്ധിജി അനുവര്‍ത്തിച്ച നയങ്ങള്‍ ഈ ഹിഡന്‍ അഹണ്ടയുടെ കൈചൂണ്ടികളായി ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.ഇങ്ങനേയും,ഇതിലും അമാന്യമെന്ന് കരുതാവുന്നതുമായ നിരവധി തലങ്ങളിലായിരുന്നു ഗാന്ധിജിയെന്ന മഹാത്മാവിന്റെ യഥാര്‍ത്ഥ അസ്‌തിത്വം!
രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വിശ്രുത ഗ്രന്ഥകാരി അരുന്ധതി റോയിക്കെതിരെ കേസെടുക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും നീക്കം,ആതിരേ, നിഷ്‌ഠൂരമായ ഫാസിസമാണെന്ന് പറയതിരിക്കാനാവില്ല.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പിതാവിനെ പുനര്‍വായനയ്‌ക്ക് വിധേയമാക്കാന്‍ ഏതൊരു വ്യക്തിക്കും അര്‍ഹതയും സ്വാതന്ത്ര്യവുമുണ്ട്.അതിന് അനുവദിക്കുമ്പോഴാണ് ജനാധിപത്യമൂല്യങ്ങള്‍ പുഷ്‌കലമാകുക.അതിന്റെ നിഷേധം ആവിഷ്‌ക്കാര-അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും കൂച്ചു വിലങ്ങിടലുമാണ്. അതിന് മുതിരുന്നവര്‍ സ്വേച്ഛാധിപത്യ ദുര്‍മദത്തിന്റെ കറതീര്‍ന്ന വൈതാളികരാണ്.
ആരാണ് പറഞ്ഞത് ഗാന്ധിജി പുനര്‍വായനയ്‌ക്കും വിമര്‍ശനങ്ങള്‍ക്കും അതീതനാണെന്ന്?വിവരക്കേടിനെ ഖദര്‍ വസ്ര്‌തമണിയിച്ചാല്‍ അവര്‍ കോണ്‍ഗ്രസ് നേതാക്കന്മാരാകും എന്ന നിരീക്ഷണത്തെ സാര്‍ത്ഥകമാക്കുന്നതാണ്,ആതിരേ, ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും ഗാന്ധി-ഭകതി .കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് വിവരദോഷത്തിന്റേയും ചരിത്രബോധമില്ലായമയുടേയും പ്രദര്‍ശനമാല്ലാതെ മറ്റൊന്നുമല്ല.
ജീവിച്ചിരുന്ന കാലത്ത് തന്നെ ഗാന്ധിജി ദാക്ഷണ്യരഹിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു.പക്ഷേ,ആതിരേ, സ്‌തുതിപാഠകവായ്‌ത്താരിയില്‍ വിവേകത്തിന്റെ ആ സ്വരങ്ങള്‍ മുങ്ങിപ്പോകുകയായിരുന്നു.ആ കാലഘട്ടത്തില്‍ ജീവിക്കാതിരുന്നവര്‍ക്ക് ആ വാസ്‌തവങ്ങള്‍ അറിയണമെങ്കില്‍ വായനാശീലം വേണം.അധികമൊന്നും വായിക്കേണ്ട.ഗാന്ധിജിയുടെ ആത്മകഥയും 1975 പ്രസിദ്ധീകരിച്ച `സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'എന്ന കൃതിയും(ലാരി കൊളിന്‍സും ഡോമിനിക് ലാപിയറും സംയുക്തമായി രചിച്ചത്) വായിച്ചാല്‍ മതി,ഗാന്ധിജി എന്ന വ്യക്തിയിലെ അനഭിലഷണീയമായ വ്യതിയാനങ്ങള്‍ മനസിലാക്കാം.ഭാര്യ കസ്‌തുര്‍ബയുടേയും മൂത്ത മകന്‍ ഹീരാലാലിന്റേയും ജീവിതം വിശകലനം ചെയ്‌താല്‍ മതി ഗാന്ധിജിയിലെ നിഷ്‌ഠൂരനെ കണ്ടെടുക്കാം. വ്യക്തി ജീവിതത്തില്‍ ഗാന്ധിജിക്ക് ശരിയും മറ്റുള്ളവര്‍ക്ക് പ്രാകൃതവുമായ ചിട്ടകളോടെയാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തെ നയിച്ചത്.നാടിന്റെ തീവ്രമായ മോചന സമസ്യകള്‍ക്ക് പൂരണം കാണുന്നതിനിടയില്‍ ഗാന്ധിജിയുടെ പിടിവാശികള്‍ വിവേകശാലികള്‍ പ്രശ്‌നമാക്കാതിരുന്നത് കൊണ്ടാണ് നുണകളാല്‍ നിര്‍മിക്കപ്പെട്ട ആ മഹത്വത്തിന്റെ തമോതലങ്ങളിലേയ്‌ക്ക് പൊതുസമൂഹത്തിന്റെ നോട്ടമെത്താതെ പോയത്.
ഒരു ഉദാഹരണം മാത്രം മതി,ആതിരേ, ഗാന്ധിജിയുടെ ദുശാഠ്യത്തിന്റെ ദുഷ്ടഭാവം വ്യക്തമാക്കാന്‍.ഒരു വെല്ലുവിളി സ്വീകരിച്ച് ,എപ്പോഴും ഒപ്പമുണ്ടായിരുന്ന മനുവിനോടും ആഭയോടുമൊപ്പം പൂര്‍ണനഗ്നനായി ശയിച്ചപ്പോള്‍ ഇന്ദ്രിയനിഗ്രഹണം സാധിക്കാതിരുന്നത് കൊണ്ട് മൗനവ്രതം ആചരിച്ചാണ് ഗാന്ധിജി `ദമം'നേടിയത്.ഇതേ മൗനവ്രതം ഉപയോഗിച്ചാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയോടുള്ള ജനകീയ പ്രതിഷേധത്തെ ഗാന്ധിജി അടിച്ചമര്‍ത്തിയത്.ഇന്ത്യാക്കാരന്റെ പ്രതികരണ ശീലത്തേയും ശേഷിയേയും വന്ധ്യംകരണത്തിന് വിധേയനാക്കിയത് ഗാന്ധിജിയാണെന്ന് പറയുമ്പോള്‍ ആരും ക്ഷോഭിച്ചിട്ട് കാര്യമില്ല.ഭഗത് സിംഗിനോട്,നേതാജി സുഭാഷ് ചന്ദ്രബോസിനോട്,ആചാര്യ കൃപലാനിയോട് ഗാന്ധിജി അനുവര്‍ത്തിച്ച നയങ്ങള്‍ ഈ ഹിഡന്‍ അഹണ്ടയുടെ കൈചൂണ്ടികളായി ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.ഡോ.ബി.ആര്‍.അംബേദ്‌ക്കറും വിജയലക്ഷ്‌മി പണ്ഡിറ്റുമൊക്കെ ഗാന്ധിജിയുടെ ഉഡായിപ്പുകളെ അന്നേ തുറന്ന് കാട്ടിയിട്ടുള്ളതാണ്.അതറിയാന്‍ വായനാശീലവും ചരിത്രത്തിന്റെ അനുസന്ധാനവും അനിവാര്യമാണ്.
എന്താണ് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും ജി.കാര്‍ത്തികേയനുമൊക്കെ അസ്‌ഖ്യതയുണ്ടാക്കിയ അരുദ്ധതി റോയിയുടെ `ഗാന്ധി-നിന്ദ'?
എം ജി യൂണിവേഴ്‌സിറ്റി അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ത്രിദിന സെമിനാറിലെ മുഖ്യ പ്രഭാഷണത്തില്‍ അരുന്ധതി റോയി നടത്തിയ നിശിതമായ ചില നിരീക്ഷണങ്ങളും ചില വാസ്‌തവങ്ങളുടെ പുനരവതരണവുമാണ്- അത് നടന്ന് ആഴ്‌ചകള്‍ക്ക് ശേഷം- `ഗാന്ധി ഭക്തരായ ഈ ഖദര്‍ധാരികളെ ചൊടിപ്പിച്ചത്.
``നമ്മുടെ ജനനേതാക്കള്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. നുണക്കഥകളാല്‍ നിര്‍മ്മിക്കപ്പെട്ട നേതാക്കളാണ് ചരിത്രത്തിലേറെയും ഉള്ളത്. മഹാത്മ ഗാന്ധിയെക്കാള്‍ അയ്യങ്കാളിയെപോലുള്ളവരാണ് യഥാര്‍ത്ഥ ഹീറോകള്‍. മഹാത്മഗാന്ധി സര്‍വകാല ശാലയുടെ പേര് അയ്യങ്കാളി സര്‍വകലശാലയെന്ന് മാറ്റി കേരളം മാറ്റത്തിന് തുടക്കമിടണം.മഹാത്മാഗാന്ധിയെകുറിച്ച് നമ്മളിന്ന് പഠിക്കുന്നതൊക്കെ കളവുകളാണ്. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്ന കാലത്താണ് അയ്യങ്കാളി കേരളത്തില്‍ ദളിതുകള്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നതിനായി പോരാടിയത്. എന്നാല്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയഗാന്ധിക്ക് മഹാത്മാ എന്ന പദവി കിട്ടി.കിണറുകളില്‍ നിന്നും മറ്റും പൊതുവെള്ളമെടുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി പോരാടിയ വ്യക്തിയാണ് അയ്യങ്കാളി. അന്ന് ഗാന്ധി ദണ്ഡിയാത്ര നടത്തുകയായിരുന്നു. നികുതി ഒഴിവാക്കാനായി നടത്തിയ സത്യാഗ്രഹത്തെ ദുരാഗ്രഹം എന്നാണ് വിളിക്കേണ്ടത്.ഗാന്ധി ജാതിക്കെതിരായിരുന്നില്ല . ദക്ഷിണാഫ്രിക്കയില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹമെഴുതിയ കുറിപ്പുകളില്‍ പോലും അതിന്റെ ചായ്‌വുകള്‍ കാണാനാവും. അതുകൊണ്ട് തന്നെ അദ്ദേഹം ജാതീയതയുടെ പ്രചാരകനായിരുന്നു.ഗാന്ധി 1936ലെഴുതിയ ഐഡിയല്‍ മങ്കീസ് എന്ന ലേഖനത്തില്‍ ദളിതുകളെയും കറുത്തവര്‍ഗക്കാരേയും വിലകുറച്ച് കാണുന്ന സമീപനമാണ് കാണാനാവുന്നത് .വിദേശശക്തികളോടും സ്വദേശത്ത് നടക്കുന്ന സാമൂഹ്യഅനീതികളോടും ഒരുപോലെ പോരാടിയ വ്യക്തിത്വമാണ് അയ്യങ്കാളി.അതു കൊണ്ട് മഹാത്മാവ് എന്ന് വിളിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ അയ്യങ്കാളിയാണ്``
ഇത്രയുമാണ്,ആതിരേ, അരുന്ധതി റോയി അന്ന് പറഞ്ഞത്.ഇതിലെവിടെയാണ് ഗാന്ധി നിന്ദ?ഭഗവദ് ഗീതയ്‌ക്ക് ഗാന്ധിജി നല്‍കിയ വിവര്‍ത്തനവും വ്യാഖ്യാനവും ഐഡിയല്‍ മങ്കീസ് എന്ന ലേഖനവും വായിച്ചിട്ടുള്ളവര്‍ അരുന്ധതി റോയിയുടെ അഭിപ്രായങ്ങളെ കൈയ്യടിയോടെ ഏറ്റുവാങ്ങും. അവ വായിച്ചിട്ടുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചോദിക്കുന്നത് `ആത്മഹത്യാപരമാണ് '.അപ്പോള്‍ പിന്നെ ഗാന്ധിജിയേക്കുറിച്ച് ഡോ.ബി.ആര്‍.അംബേദ്‌ക്കര്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങളെ കുറിച്ച് ചോദിക്കേണ്ടതില്ലല്ലോ.ഗാന്ധിജിയേക്കാള്‍ 21 വയസിന്റെ ഇളപ്പമുണ്ടായിരുന്ന അംബേദ്‌ക്കര്‍ ഗാന്ധിജിയുമായുള്ള തന്റെ വിയോജിപ്പുകള്‍ മാര്‍ദവമില്ലാത്ത ഭാഷയില്‍ തന്നെ,ആതിരേ, എല്ലായിപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.``ഗാന്ധി ഒരു മഹാത്മാവാണോ ''? എന്ന ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്‌കറോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു അത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന് 'ചിത്രാ' യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്‌കര്‍ എഴുതിയ ലേഖനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം
``പൊതുവെ പറഞ്ഞാല്‍ ഒരു സാധാരണഹിന്ദു മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.
വികൃതവും പ്രാകൃതവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. സാധാരണ രീതിയില്‍ വസ്ര്‌തം ധരിച്ച് സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്‌താലും അയാളെ ആരും ഇവിടെ നോക്കുക പോലും ചെയ്യില്ല. എന്നാല്‍ താടിയും മുടിയും വളര്‍ത്തി അസാധരണ രീതിയില്‍ പെരുമാറുകയോ വസ്ര്‌തവിഹീനനായി അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് പിച്ചും പേയും പറയുകയോ, ആകാശത്തേക്കു നോക്കി തൊഴുകയോ, ഓടയില്‍ നിന്ന് വെള്ളം മുക്കി കുടിക്കുകയോ ചെയ്‌താല്‍ ജനങ്ങള്‍ അയാളുടെ കാല്‍ക്കല്‍ വീണ് വണങ്ങാന്‍ തുടങ്ങും.
അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന സാധാരണക്കാര്‍ക്ക് ഗാന്ധിയുടെ ഉപദേശങ്ങള്‍ നന്നായി തോന്നും. സത്യത്തിനുവേണ്ടി ദൈവത്തെയും ദൈവത്തിനു വേണ്ടി സത്യത്തെയും താന്‍ ആരായുകയാണെന്ന ഗാന്ധിയന്‍ പ്രഖ്യാപനത്തില്‍ ഭ്രമിച്ച് ആളുകള്‍ അദ്ദേഹത്തെ പിന്തുടരുന്നു.
സത്യവും അഹിംസയും മഹത്തായ തത്വങ്ങളാണെന്നും അവയാണ് തന്റെ ജീവിതാദര്‍ശങ്ങളെന്നും ഗാന്ധി പറഞ്ഞു. പക്ഷേ, ഈ ആദര്‍ശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തിനു പ്രദാനം ചെയ്‌തത് ശ്രീബുദ്ധനായിരുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന പ്രയോജനത്തെ ആസ്‌പദമാക്കി വേണം ഒരാദര്‍ശത്തിന്റെ മൂല്യം വിലയിരുത്തേണ്ടത്. ഈ തത്വങ്ങളെ ജീവിതാദര്‍ശങ്ങളായി അംഗീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഗാന്ധിക്ക് അവയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പൊതുവായ നന്മയോ സാംസ്‌കാരിക ബോധമോ ജനങ്ങള്‍ക്കു നേടിക്കൊടുക്കുവാന്‍ കഴിഞ്ഞോ ? ജീവിതകാലം മുഴുവന്‍ ദൈവാന്വേഷണവും സത്യാന്വേഷണവും നടത്തിയ ഗാന്ധിക്ക് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വല്ല പ്രശ്‌നങ്ങള്‍ക്കും പോംവഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
ഗാന്ധിയുടെ ശരിയായ സ്വഭാവം എന്തായിരുന്നുവെന്ന് തെളിയിക്കാനാന്‍ വേണ്ടി രണ്ടു ഉദാഹരണങ്ങള്‍ എനിക്കിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.പട്ടികജാതിക്കാരുടെ പ്രതിനിധികളായി അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ് വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന് ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു.
പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്‌ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്‌തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്.
ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്‌തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) `കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും`. അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മാത്രമാണ്. 'ചിത്ര'യുടെ പത്രാധിപര്‍ ഇത്രയും കൊണ്ട് തൃപ്‌തിപ്പെടുമെന്ന് ഞാന്‍ കരുതുന്നു.``
ഇങ്ങനേയും,ഇതിലും അമാന്യമെന്ന് കരുതാവുന്നതുമായ നിരവധി തലങ്ങളിലായിരുന്നു ഗാന്ധിജിയെന്ന മഹാത്മാവിന്റെ യഥാര്‍ത്ഥ അസ്‌തിത്വം!
ഡോ.ബി.ആര്‍.അംബേദ്‌ക്കറിന്റെ നിരീക്ഷണങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അരുന്ധതി റോയിയുടെ അഭിപ്രായങ്ങള്‍ എത്രയോ മൃദുവും ലഘുവുമാണ്.എന്നിട്ടാണ് ചാണ്ടി-ചെന്നിത്തലമാരുടെ ചന്ദ്രഹാസം മുഴക്കലും ഉറഞ്ഞുതുള്ളലും നിയമനടപടിയെന്ന ഉമ്മാക്കിയും.ചരിത്ര ബോധമില്ലാത്ത ദോണ്‍ കിഹോട്ടി ( DON QUIXOTE ) മാരാണ് തങ്ങളെന്ന് തെളിയിക്കാന്‍ മാത്രമേ ,ആതിരേ,ഈ കപട ഗാന്ധിഭക്തി അവരെ സഹായിച്ചിട്ടുള്ളൂ
Subscribe to:
Post Comments (Atom)
No comments:
Post a Comment