Monday, August 27, 2012

ശെന്തിലിനു പകരം അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ ഒരു മുസ്ലീം ആയിരുന്നെങ്കില്‍...?

അറസ്റ്റിലായത്‌ ശെന്തിലും സന്തോഷുമായതുകൊണ്ട്‌ പ്രശ്നത്തിന്റെ തീവ്രത ഇവിടെ തീരുകയാണ്‌. അതേസമയം, അറസ്റ്റ്‌ ചെയ്യപ്പെട്ടവരില്‍ ആരെങ്കിലും ഒരാള്‍ ഒരു മുസ്ലീം ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു 'ജഗപൊഗ'? തടിയന്റവിട നസീര്‍ മുതല്‍ അല്‍ക്വയ്ദ വരെ നീളുന്ന ഭീകരവാദി ബന്ധത്തിന്റെ സ്തോഭജനകവും സ്ഫോടനാത്മകവുമായ വാര്‍ത്തകളാകുമായിരുന്നു മാധ്യമങ്ങളില്‍ നിറയുക. എന്നു മാത്രമല്ല, അറസ്റ്റ്‌ ചെയ്യപ്പെടുന്ന മുസ്ലീം നാമധാരിയുടെ മാതാപിതാക്കളും സഹോദരീസഹോദരന്മാരും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക ഭ്രഷ്ടിന്‌ വിധേയരാകുകയും അവര്‍ക്ക്‌ പിന്നീട്‌ ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കാനാവാത്ത സാഹചര്യം പോലീസും മാധ്യമങ്ങളും സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. എവിടെ ഒരു സ്ഫോടനമോ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിനെ ന്യൂനപക്ഷ ഭീകരതയുമായി സമീകരിക്കാനും മുസ്ലീം നാമധാരികളെ വേട്ടയാടാനും ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും അശ്ലീലം നിറഞ്ഞ താല്‍പര്യമാണ്‌ നിലവിലുള്ളത്‌. ചത്തത്‌ കീചകനാണെങ്കില്‍ കൊന്നത്‌ ഭീമനാണ്‌ എന്ന വികല യുക്തിയായിരിക്കും പോലീസും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരും ഇത്തരം വിഷയങ്ങളില്‍ പ്രയോഗിക്കുക. ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളാണെന്ന്‌ എത്ര പെട്ടെന്നാണ്‌ മുദ്രകുത്തി സമൂഹത്തിന്റെ മാന്യതയ്ക്കു പുറത്ത്‌ നാം നിര്‍ത്തിയിരിക്കുന്നത്‌
ആതിരേ,എറണാകുളം കോട്ടയം റെയില്‍വേ ലൈനില്‍, വെള്ളൂരില്‍ ഡിറ്റനേറ്ററും ടൈമറും ഘടിപ്പിച്ച ചോറ്റുപാത്രം സൃഷ്ടിച്ച ഭയാനകതയില്‍ നിന്ന്‌ ജനങ്ങള്‍ മുക്തരായിരിക്കുന്നു. സ്ഫോടകവസ്തു റെയില്‍വേ ലൈനില്‍വച്ച ഒന്നാംപ്രതി കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍ മുളന്തുരുത്തി സ്വദേശി ശെന്തിലും മുഖ്യസൂത്രധാരന്‍ മാട്ടം സന്തോഷും അറസ്റ്റിലായതോടെയാണ്‌ ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക്‌ അറുതിയായത്‌. ശെന്തിലും എറണാകുളം-ചെറുകര റൂട്ടിലെ സ്വകാര്യ ബസ്‌ ഡ്രൈവറായ തോമസും തമ്മിലുള്ള വൈരാഗ്യമാണ്‌ റെയില്‍വേ ലൈനില്‍ സ്ഫോടക വസ്തു വയ്ക്കാന്‍ പ്രേരകമായത്‌. മുന്‍പ്‌ ചെറുകര എറണാകുളം റൂട്ടിലെ സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്നു ശെന്തില്‍. അന്ന്‌ ബസ്‌ ഉടമയോട്‌ അപമര്യാദയായി പെരുമാറിയതിന്‌ ശെന്തിലിനെ ഉടമ ജോലിയില്‍ നിന്ന്‌ പിരിച്ചു വിട്ടു. പകരം തോമസിനെ നിയമിച്ചു. ഇത്‌ തോമസും ശെന്തിലും തമ്മിലുള്ള വൈരാഗ്യത്തിന്‌ കാരണമായി. വെളിയനാട്ടു നടന്ന ഫുട്ബോള്‍ മത്സരത്തിനിടയില്‍ ശെന്തില്‍ തോമസിന്റെ കണ്ണില്‍ ആസിഡ്‌ അംശമുള്ള ദ്രാവകം ഒഴിച്ചെന്നും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നും ഇപ്പോള്‍ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. റെയില്‍വേ ലൈനില്‍ സ്ഫോകട വസ്തു കണ്ടെത്തിയതോടെ ഊഹാപോഹങ്ങളാണ്‌ നാട്ടിലാകെ പരന്നത്‌. ഇതു പരത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക്‌ കാണാതിരുന്നുകൂട. പോലീസ്‌ നല്‍കിയ വിശദീകരണമായിട്ടാണ്‌ ഇങ്ങനെ ചെയ്തതെങ്കിലും ഇതുമൂലം സാധാരണ ജനങ്ങളുടെ സമാധാന ജീവിതമാണ്‌ കുറേ ദിവസത്തേക്കെങ്കിലും ഭഞ്ജിക്കപ്പെട്ടത്‌. ആതിരേ,പോലീസില്‍ നിന്ന്‌ ലഭിച്ച സൂചനകള്‍ അനുസരിച്ച്‌ കൊടുംഭീകരന്മാരോ അവരുടെ ഏജന്റുമാരോ ആണ്‌ സ്ഫോകട വസ്തുവിന്‌ പിന്നിലെന്നാണ്‌ പ്രചരിപ്പിക്കപ്പെട്ടതും ജനങ്ങള്‍ ഭയപ്പെട്ടതും. എറണാകുളം കളക്ട്രേട്ടിലെ ബോംബ്‌ സ്ഫോടനവുമായി തുലനം ചെയ്തും നാട്ടില്‍ പലയിടത്തും നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലം വിവരിച്ചും വന്ന വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല ജനങ്ങളുടെ സമാധാന ജീവിതത്തെ താറുമാറാക്കിയത്‌. താരതമ്യേന വര്‍ഗ്ഗീയ വൈരാഗ്യമോ സാമുദായിക സംഘട്ടനമോ ജാതീയ ഏറ്റുമുട്ടലുകളോ ഇല്ലാത്ത കേരളത്തില്‍ ഒരു പ്രത്യേക ഭീകരസംഘടന ആക്രമണം അഴിച്ചു വിടാനുള്ള ടെസ്റ്റ്‌ ഡോസാണ്‌ ഈ സ്ഫോടകവസ്തു എന്നായിരുന്നു പോലീസിന്റെയും ഭാഷ്യം. തീവ്രവാദികള്‍ നടത്തുന്ന സ്ഫോടന ട്രയലുമായും ഇതിനെ ബന്ധപ്പെടുത്തി പോലീസിന്റെ വിശദീകരണം മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചിരുന്നു. അമോണിയം നൈട്രേറ്റാണ്‌ സ്ഫോടക വസ്തുവില്‍ ഉപയോഗിച്ചതെന്ന്‌ മനസ്സിലാക്കിയിട്ടും മുംബൈ, ഡല്‍ഹി സ്ഫോടനങ്ങളില്‍ ഉപയോഗിച്ച ആര്‍ഡിഎക്സ്‌ ഇതില്‍ അടങ്ങിയിട്ടുണ്ടോ എന്ന്‌ പരിശോധന നടത്തി എന്ന്‌ പോലീസ്‌ പറഞ്ഞതോടെ ജനങ്ങളുടെ ഭയാശങ്ക ഇരട്ടിക്കുകയായിരുന്നു. മാത്രമല്ല, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചെറിയ അക്രമങ്ങള്‍ അരങ്ങേറിയതിന്‌ പിന്നില്‍ ഒരു മുസ്ലീം തീവ്രവാദി സംഘടനയുടെ പേര്‌ പറഞ്ഞു കേട്ടിരുന്നു. അവരായിരിക്കാം വെള്ളൂരിലെ സ്ഫോടക വസ്തുവിന്‌ പിന്നിലെ സൂത്രധാരന്മാരെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍, പ്രചരിപ്പിച്ചതുപോലെയോ ഭയന്നതുപോലെയോ ആയിരുന്നില്ല ആതിരേ,സംഭവം. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരു വികലബുദ്ധി ഉപയോഗിച്ച കൗശലമാണ്‌ ഇത്തരത്തില്‍ പ്രാദേശിക ഭീഷണിയായി മാറിയതും തീവ്രവാദി ബന്ധമായി വ്യാഖ്യാനിക്കപ്പെട്ടതും. . ആതിരേ,അറസ്റ്റിലായത്‌ ശെന്തിലും സന്തോഷുമായതുകൊണ്ട്‌ പ്രശ്നത്തിന്റെ തീവ്രത ഇവിടെ തീരുകയാണ്‌. അതേസമയം, അറസ്റ്റ്‌ ചെയ്യപ്പെട്ടവരില്‍ ആരെങ്കിലും ഒരാള്‍ ഒരു മുസ്ലീം ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു 'ജഗപൊഗ'? തടിയന്റവിട നസീര്‍ മുതല്‍ അല്‍ക്വയ്ദ വരെ നീളുന്ന ഭീകരവാദി ബന്ധത്തിന്റെ സ്തോഭജനകവും സ്ഫോടനാത്മകവുമായ വാര്‍ത്തകളാകുമായിരുന്നു മാധ്യമങ്ങളില്‍ നിറയുക. എന്നു മാത്രമല്ല, അറസ്റ്റ്‌ ചെയ്യപ്പെടുന്ന മുസ്ലീം നാമധാരിയുടെ മാതാപിതാക്കളും സഹോദരീസഹോദരന്മാരും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക ഭ്രഷ്ടിന്‌ വിധേയരാകുകയും അവര്‍ക്ക്‌ പിന്നീട്‌ ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കാനാവാത്ത സാഹചര്യം പോലീസും മാധ്യമങ്ങളും സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. എവിടെ ഒരു സ്ഫോടനമോ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിനെ ന്യൂനപക്ഷ ഭീകരതയുമായി സമീകരിക്കാനും മുസ്ലീം നാമധാരികളെ വേട്ടയാടാനും ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും അശ്ലീലം നിറഞ്ഞ താല്‍പര്യമാണ്‌ നിലവിലുള്ളത്‌. ചത്തത്‌ കീചകനാണെങ്കില്‍ കൊന്നത്‌ ഭീമനാണ്‌ എന്ന വികല യുക്തിയായിരിക്കും പോലീസും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരും ഇത്തരം വിഷയങ്ങളില്‍ പ്രയോഗിക്കുക. ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളാണെന്ന്‌ എത്ര പെട്ടെന്നാണ്‌ മുദ്രകുത്തി സമൂഹത്തിന്റെ മാന്യതയ്ക്കു പുറത്ത്‌ നാം നിര്‍ത്തിയിരിക്കുന്നത്‌. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കും അതില്‍ തിടം വയ്ക്കുന്ന ന്യൂനപക്ഷ ഭീകരവാദത്തിനും വഴി മരുന്നിടുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഭരണകൂടങ്ങളും തല്‍പ്പര സാമ്പത്തിക ശക്തികളുമാണ്‌. സമൂഹത്തെ സാമുദായികമായും ജാതീയമായും വെട്ടിക്കീറി ശുഷ്കവും നീചവും നൈമിഷികവുമായ രാഷ്ട്രീയ-അധികാര നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്‌ ഇത്തരം ശാപവിത്തുകളെ സമൂഹത്തില്‍ വിതച്ച്‌ ഭരണകൂടം വളര്‍ത്തി എടുക്കുന്നത്‌. പിന്നെ അവനെയും അവന്റെ കുടുംബത്തെയും സമുദായത്തെയും സാമൂഹിക ഭ്രഷ്ട്‌ കല്‍പ്പിച്ചകത്തി നിര്‍ത്തുമ്പോള്‍ തീര്‍ച്ചയായും അവരുടെ ഉള്ളിലുണ്ടാകുന്ന ക്ഷോഭവും ആത്മനിന്ദയും വേദനയും ഒരു പൊട്ടിത്തെറിക്കും ഒരു സംഘടിതമായ ആക്രമണത്തിനും കാരണമാകുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ഭരണകൂടവും നീതനിര്‍വ്വഹണ വ്യവസ്ഥയും ഇവയെ ചെറുവിരലില്‍ ഇട്ട്‌ അമ്മാനമാടുന്ന രാഷ്ട്രവിരുദ്ധ ശക്തികളും മാത്രമാണ്‌. ഏതായാലും അത്തരം ഒരു ദുരന്തത്തിലേക്ക്‌ വെള്ളൂരിലെ സ്ഫോടക വസ്തു സംഭവം കൊണ്ടെത്തിക്കാതെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ്‌ ചെയ്ത പോലീസ്‌ ഉദ്യോഗസ്ഥരെയും സിവില്‍ പോലീസ്‌ ഓഫീസര്‍മാരെയും നമുക്ക്‌ മനസ്സ്‌ തുറന്ന്‌ അഭിനന്ദിക്കാം. ഒരു ചെറിയ പിഴ, ഒരു ചെറിയ മുന്‍വിധി മതിയായിരുന്നു ഈ സംഭവത്തിന്റെ സ്വഭാവമാകെ മാറ്റിമറിക്കാന്‍. അതുണ്ടാകാതെ കൃത്യവും നിശിതവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി കൈയ്യാമം വച്ച പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ യഥാര്‍ത്ഥത്തില്‍ ചെയ്തത്‌ ഒരു വലിയ വര്‍ഗ്ഗീയ വിദ്വോഷം ജനിക്കാമായിരുന്ന സാഹചര്യം ഉന്മൂലനം ചെയ്യുകയായിരുന്നു. സാമൂഹിക ബോധവും തൊഴിലിനോടുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ച ആ പോലീസ്‌ ഉദ്യോഗസ്ഥരെ ഒരിക്കല്‍ കൂടി നമുക്ക്‌ ആദരത്തോടെ അഭിനന്ദിക്കാം അതേസമയം, സ്ഫോടക വസ്തു കണ്ടെത്തിയ ഉടന്‍ സാധ്യതകളുടെ ഭീകരത പുറത്തുവിട്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗ്ഗീയ വിദ്വേഷം ചീറ്റുന്ന രാജവെമ്പാലകളും വര്‍ഗ്ഗീയ വാദികളെയും ഭീകരപ്രവര്‍ത്തകരെയും സംരക്ഷിക്കുന്ന അധികാര ശക്തികളുടെ കങ്കാണിമാരും ഉണ്ടെന്ന്‌ നാം അറിയണം. ഐപിഎസ്‌ തലംമുതല്‍ ഭീകരവാദികളുമായി ബന്ധമുള്ള ഓഫീസര്‍മാരുടെ ലിസ്റ്റ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ സര്‍ക്കാരിന്‌ ഇച്ഛാശക്തിയോ സാമൂഹിക പ്രതിബദ്ധതയോ ഇല്ല. യഥാര്‍ത്ഥത്തില്‍ ആവണക്കണ്ണയില്‍ കാലൂന്നി നില്‍ക്കുന്ന ഭരണകൂടത്തിന്റെ വഴുവഴുപ്പന്‍ നയങ്ങളും സമീപനങ്ങളുമാണ്‌ ഭീകരവാദികളെയും സാമുദായിക ഭ്രാന്തന്മാരെയും സൃഷ്ടിക്കുന്നത്‌. വെള്ളൂരിലെ സ്ഫോടക വസ്തു കണ്ടെത്തിയ പോലീസ്‌ ഓഫീസര്‍മാരെ മാതൃകയാക്കി പോലീസ്‌ സേനയിലെ സ്ഫോടക വസ്തുക്കളായ ഓഫീസര്‍മാരെയും സിവില്‍ ഓഫീസര്‍മാരെയും കണ്ടെത്തി ഇരുമ്പഴിക്കുള്ളില്‍ അടച്ചാല്‍ ആതിരേ,ഒരു പരിധിവരെ ഭീകരവാദ ഭീഷണിയില്‍ നിന്നെങ്കിലും കേരളത്തിന്‌ മോചനമുണ്ടാകും.

Sunday, August 26, 2012

വിസ്മൃതമാകുന്ന സുസ്മിത ചാരുതകള്‍

ആതിരേ, എഴുത്തിലും പറച്ചിലിലും മലയാളിക്ക്‌ ഓണം ' നൊസ്റ്റാള്‍ജിയ'യാണ്‌ ്‌... മധുരിക്കുന്ന ഒരുപിടി ഓര്‍മകളാണ്‌ ... .. ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്നത്തെ മലയാളിക്ക്‌ ഓണം ഷോപ്പിംഗ്‌ അര്‍മാദമാണ്‌ .എന്നിട്ട്‌ ഓണം നല്ലനാളുകളുടെ കൊതിയൂറുന്ന കിനാവുകളുടേതാണെന്ന്‌ പുലമ്പും. മുഴുപ്പട്ടിണിക്കാരനും അരപ്പട്ടിണിക്കാരനും വയറുനിറച്ച്‌ ഉണ്ട ദിനമായിരുന്നു മുന്‍പൊക്കെ ഓണം. മൂന്നുതരം പായസവും മറ്റു വിഭവങ്ങളുമടങ്ങിയസദ്യയില്ലെങ്കിലും അന്നത്തെ ഒരു നേരത്തെ ആഹാരം അവര്‍ക്ക്‌ സദ്യയേക്കാള്‍ സ്വാദുള്ളതായിരുന്നു;. വിലയുള്ളതായിരുന്നു... പട്ടിണിയും പരിവട്ടവും പോയ്മറഞ്ഞ മലയാളത്തിന്‌ എന്നും ഓണമാണിന്ന്‌. വിദ്യാഭ്യാസ-സാമ്പത്തിക വളര്‍ച്ചയുടെ സുരഭിലത. കൈനനയാതെ മീന്‍ പിടിക്കാനും മെയ്യനങ്ങാതെ ഓണസദ്യ ഒരുക്കാനും മലയാളിക്ക്‌ കഴിയുന്നു. മലയാളിയുടെ പൊങ്ങച്ചം പോലെ ഇന്‍സ്റ്റന്റാണ്‌ ഇന്നത്തെ ഓണവും സദ്യയും ആഘോഷങ്ങളും . തൂശനിലയിലെ തുമ്പപ്പൂ ചോറിനെക്കുറിച്ച്‌ വാചാലനായി പിസ്തയും ബര്‍ഗറും വെട്ടിവിഴുങ്ങുന്ന വര്‍ത്തമാനകാല മലയാളിക്ക്‌ ഓണത്തിന്റെ നഷ്ടപ്പെടുന്ന സുസ്മിതകളെക്കുറിച്ച്‌ എന്ത്‌ വേവലാതി..എന്ത്‌ ആശങ്ക. ക്ഷമിക്കണ്ട,ഐ ഡു നോട്ട്‌ ബിലോങ്ങ്‌ എന്ന്‌ ആംഗലേയത്തില്‍ അഹങ്കരിക്കുന്നവര്‍ക്ക്‌ വേണ്ടിയല്ല ഈ കുറിപ്പുകള്‍ കണ്ണാന്തളി:വിസ്മൃതമാകുന്നപുഷ്പ ശാലീനത ആതിരേ, ശ്രാവണപൂര്‍ണിമയായ്‌, തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിത്തമ്പുരാനോടൊപ്പം വിഷ്ണു സാന്നിധ്യമായി മലയാളമണ്ണില്‌ വിരുന്നെത്തിയിരുന്ന കണ്ണാന്തളിപ്പൂവ്‌..! മണ്‍മറയുന്ന ഓണാചാരങ്ങള്‍ക്കൊപ്പം ഈ സുസ്മിതചാരുതയും വിസ്മൃതിയിലേക്ക്‌.. തുമ്പയുടെയും മുക്കുറ്റിയുടെയും പോലെ കണ്ണാന്തളിക്കും അത്തപ്പൂക്കളത്തില്‍ വളരെ പ്രാധാന്യമുണ്ട്‌. മാവേലിക്കൊപ്പമാണ്‌ ഈ പൂവ്‌ ഭൂമിയിലെത്തുക എന്നൊരു വിശ്വാസമുണ്ട്‌ എന്നു പറഞ്ഞല്ലോ. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണ്‍ കണ്ണാന്തളി ഭൂമിയിലെത്തിയതെന്നാണു ഐതിഹ്യം. ചതുര്‍ബഹുവായ വിഷ്ണുവിന്റെ സാന്നിധ്യമായാണ്‌ കണ്ണാന്തളി മാവേലിക്കൊപ്പം വിരുന്നുവരുന്നത്‌. ഓണക്കാലം കഴിഞ്ഞാല്‍ ഈ പൂവിനെ കാണാറില്ലെന്നതും ശ്രദ്ധേയമാണ്‌. വെളുത്തുനീണ്ട ശുഭ്രദളഗ്രത്തില്‍ കടുംവയലറ്റ്‌ മഷി പുരണ്ടപോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കണ്ണാന്തളിക്കു പൂക്കളത്തിലും തൃക്കാക്കരയപ്പന്റെ ശിരസ്സിലും ഇടമുണ്ട്‌. ചിങ്ങമാസം പിറന്നാല്‍ കുന്നുകളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന കണ്ണാന്തളി ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ കേരളത്തില്‍ മാത്രം കാണപ്പെടുന്നതും ഇപ്പോള്‍ വളരെ അപൂര്‍വവുമായ ഓഷധി വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ചെടിയാണ്‌ കണ്ണാന്തളി . ഇത്‌ പുല്‍മേടുകളിലാണ്‌ സാധാരണ കാണപ്പെട്ടിരുന്നത്‌. എക്സാക്കം ബൈകളര്‍ ((ഋഃമരൗാ‍ യശരീഹീൃ‍))എന്നതാണ്‌ ഇതിന്റെ ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ പേര്‍ഷ്യന്‍ വയലറ്റ്‌, ജര്‍മ്മന്‍ വയലറ്റ്‌ എന്നും സംസ്കൃതത്തില്‍ അക്ഷിപുഷ്പി എന്നും അറിയപ്പെടുന്ന ഈ സസ്യത്തിന്‌ തിക്തരസവും ലഘുഗുണത്തോടുകൂടിയ ശീതവീര്യവുമാണ്‌. കഷായങ്ങളില്‍ ചേരുവയായി കണ്ണാന്തളി ഉപയോഗിക്കാറുണ്ട്‌.വടക്കന്‍ കേരളത്തില്‍,തൃശ്ശൂര്‍ മലപ്പുറം,വയനാടു്‌ ജില്ലകളില്‍ പറമ്പന്‍പൂവ്‌,കൃഷ്ണപൂവ്‌ എന്നീ പേരുകളിലും കണ്ണാന്തളി അറിയപ്പെടുന്നു കേരളത്തില്‍ ഏറെ കണ്ണാന്തളിയുളള ഇടങ്ങളാണ്‌ തൃശൂരിലെ വിലങ്ങന്‍കുന്നും പെരുവന്‍മലയുമെന്ന്‌ പരിസ്ഥിതിശാസ്ത്രജ്ഞര്‍ പറയുന്നു. ഒഴിവുവേളകള്‍ ചെലവഴിക്കാന്‍ മറ്റു ജില്ലകളില്‍ നിന്നുപോലും നിരവധി പേര്‍ എത്തുന്ന സ്ഥലമാണ്‌ പെരുവന്‍മല. അപൂര്‍വ്വയിനം ചെടികളെ തേടി സസ്യശാസ്ത്രഗവേഷകരും വിദ്യാര്‍ത്ഥികളും ഇവിടെയെത്താറുണ്ട്‌. കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലാണ്‌ പെരുവന്‍മലയും ശിവക്ഷേത്രവും അടങ്ങുന്ന 60 ഏക്കറോളം ഭൂമി. ഹാബിനേരിയ പൂക്കള്‍ (ബോഗ്‌ ഓര്‍ക്കിഡ്‌ ) പിറന്ന പെരുവന്‍മലയുടെ പടിഞ്ഞാറുഭാഗത്ത്‌ സ്വകാര്യവ്യക്തികള്‍ മണ്ണെടുത്തിരുന്നത്‌ കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ ഇടപെട്ട്‌ തടഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ദേവസ്വം ഭൂമി കയ്യേറിയവരില്‍ നിന്ന്‌ മലപ്പുറം സ്വദേശി വാങ്ങിയ താഴ്‌വാരത്തെ ഭൂമിയിലായിരുന്നു മണ്ണെടുപ്പ്‌. 70 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ തണ്ടു്‌ ചതുരാകൃതിയിലാണ്‌. കടുംവയലറ്റ്‌ നിറത്തോടുകൂടിയ അഗ്രവും വെളുത്ത ഇതളുകളും മഞ്ഞ കേസരങ്ങളുമാണ്‌ ഈ പൂവിന്‌. ഒരു ചെടിയില്‍ 40 മുതല്‍ 80 വരെ പൂക്കളുണ്ടാകും. ഒരോ പൂവും ഒരാഴ്ച വരെ വാടാതെ നില്‍ക്കും.കുന്നിന്‍ ചെരുവുകളിലാണ്‌ ഇവ സാധാരണ വളരുന്നത്‌. എം.ടി വാസുദേവന്‍ നായരുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന കൃതിയില്‍ ഈ പൂവിനെ പരാമര്‍ശിക്കുന്നുണ്ട്‌. ഇരപിടിയന്‍ കാക്കപ്പൂ ആതിരേ,ഓണം വന്നതോടെ നാട്ടു വരമ്പു കളിലെല്ലാം കാക്കപൂക്കള്‍ വിരിഞ്ഞു. ഇരപിടിയന്‍ ചെടിയാണ്‌ കാക്കപ്പൂവെന്ന്‌ എത്രപേര്‍ക്കെറിയാം? തൊട്ടടുത്തുകൂടെ പോകുന്ന ചെറു ജീവികളെ ഇവ വിഴുങ്ങുമെന്നു പറയുമ്പോള്‍ ആദ്യമൊന്നു വിശ്വസിക്കാന്‍ മടിക്കും. ആഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെയാണ്‌ കാക്കപൂക്കള്‍ കാണുന്നത്‌. നന്നായി വെള്ളമുള്ള സ്ഥലത്താണ്‌ കാക്കപ്പൂവ്‌ വിരിയുക. ഉറവയുള്ള പാറപ്രദേശത്തും വയലുകളിലും ഇവയെ കാണാം. വയലുകളില്‍ സാമാന്യം വലിയ പൂക്കളാകും ഉണ്ടാകുക. നെല്‍വയലില്‍ ഉണ്ടാകുന്നതിനാല്‍ നെല്ലിപ്പൂവ്‌ എന്നും ഇതിനെ വിളിക്കും. ബ്ലാഡര്‍ വര്‍ട്ട്‌ എന്നാണ്‌ ഇംഗ്ലിഷ്‌ പേര്‌. ചെടിയുടെ വേരില്‍ ചെറിയ അറകളുണ്ടാകും. ഈ അറകള്‍ക്കടുത്തെത്തുന്ന സൂക്ഷ്മജീവികളെ പെട്ടന്നു വിഴുങ്ങും. വേരിലൂടെ മണ്ണില്‍ നിന്നു പോഷകങ്ങളും വലിച്ചെടുക്കും.ഓണപൂക്കളത്തിന്‌ ഏറ്റവും സൗന്ദര്യം നല്‍കുന്ന പൂക്കളാണ്‌ കാക്കപ്പൂവ്‌. പക്ഷേ ആളൊരു ഇരപിടിയനാണെന്ന്‌ അധികമാര്‍ക്കുമറിയില്ലെന്നു മാത്രം. കാക്കപ്പൂവ്‌.പുല്ലിനോടൊപ്പമാണ്‌ കാണപ്പെടുന്നത്‌. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച്‌ രചിക്കപ്പെട്ട ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌ എന്ന പുസ്തകത്തിന്റെ ഒന്‍പതാം വാല്യത്തില്‍ ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. . ഓഗസ്റ്റ്‌- ഒക്ടോബര്‍ മാസങ്ങളിലാണ്‌ ഈ ചെടി സാധാരണയായി പൂവിടാറുള്ളത്‌. ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കളില്‍ പ്രധാനമായ ഒന്നാണ്‌ കാക്കപ്പൂവ്‌. കിണ്ടിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു. നന്നായി ജലമുള്ള ഇടങ്ങളില്‍ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. വയലില്‍ വിരിയുന്ന പൂക്കള്‍ക്ക്‌ വലിപ്പം കൂടുതലാണുള്ളത്‌. നെല്വയലില്‍ കാണപ്പെടുന്നതിനാല്‍ നെല്ലിപ്പൂവ്‌ എന്നും ഇതറിയപ്പെടുന്നു. ചെടിയുടെ വേരുകളില്‍ കാണപ്പെടുന്ന ചെറിയ അറകള്‍ ഇവയുടെ സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും വലിച്ചെടുക്കുന്നു. കാണാനുണ്ടോ ഒരോണത്തുമ്പിയേ..? ആതിരേ,ഓണസങ്കല്‍പ്പങ്ങള്‍ക്കൊപ്പം മലയാളികളുടെ മനസ്സിലേയ്ക്ക്‌ പാറിപ്പറന്നെത്തുന്ന ചാരുശീതളസുഷമകളാണ്‌ ഓണത്തുമ്പികള്‍.. ചെറിയ തുമ്പിയാണീ ഓണത്തുമ്പി. പക്ഷെ, എത്രപേര്‌ ഇന്ന്‌ ഓണത്തുമ്പികളെ കണാറുണ്ട്‌..? തൊടികളും തണ്ണീര്‍ത്തടങ്ങളും നഷ്ടമായ ഈ നാട്ടില്‍ ഓണത്തുമ്പിയെ കാണുക എന്നത്‌ ആശയ്ക്ക്‌ വിരുദ്ധമായ ആശയായി അവശേഷിക്കുകയുള്ളു.ഈ പൊന്‍തുമ്പിയുടെ പ്രജനന ഭൂമികളായിരുന്ന നെല്‍പാടങ്ങളും തോടുമൊക്കെ നാമെന്നേ നികത്തികഴിഞ്ഞു.....! ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരു കല്ലന്‍ തുമ്പിയാണ്‌ ഓണത്തുമ്പി.ആംഗലേയത്തില്‍ ഇീ‍ാ‍ാ‍ീ‍ി‍ ജശര്‍ൃ‍ല ംശിഴ.എന്ന്‌ പേര്‌. ശാസ്ത്രീയനാമം: റയോതേമിസ്‌ വെരിഗേറ്റ. ( (ഞവ്യീവേലാശെ‍ ്മൃശലഴമമേ).). ആണ്‍തുമ്പിയുടെയും പെണ്‍തുമ്പിയുടെയും ചിറകുകള്‍ വ്യത്യസ്തമാണ്‌. പെണ്‍തുമ്പിയുടെ ചിറകില്‍ കറുപ്പു നിറം കൂടുതലും ആണ്‍തുമ്പിക്ക്‌ കറുപ്പു നിറം കുറവുമാണ്‌. ഭംഗി കൂടുതലും പെണ്‍തുമ്പിക്കാണ്‌. ആണിന്റെ ചിറകുകള്‍ക്ക്‌ സുതാര്യത കൂടുതലാണ്‌.വലിപ്പം ഏകദേശം തുല്യമാണ്‌. ആണിലും പെണ്ണിലും മുന്‍ ചിറകുകള്‍ കണ്ണാടി പോലെയാണ്‌. ആണ്‍തുമ്പിയില്‍ ഇതില്‍ സ്വര്‍ണ്ണവര്‍ണ്ണം കലര്‍ന്നിരിക്കും. എന്നാല്‍ മുന്‍ചിറകിന്റെ നടുവിലായി തവിട്ടുനിറത്തിലുള്ള പാടും അതിനെ അതിരിട്ടുകൊണ്ട്‌ തിളങ്ങുന്ന മഞ്ഞനിറവുമുണ്ടാകും. പിന്‍ചിറകുകളില്‍ ഈ തവിട്ടുനിറത്തിലെ പാട്‌ ചിറകിലാകെ പടരുന്ന തരത്തിലാവുമെങ്കിലും ഒരു മഞ്ഞവര ഇതിനുള്ളിലായി കാണാനാവും. ചിറകിന്റെ തുമ്പിനോടടുത്ത്‌ ഒരു മഞ്ഞക്കുത്തും കാണാന്‍ കഴിയും. ചിറകിന്റെ അരികുകളിലാകെ ചെറിയ മഞ്ഞപ്പൊട്ടുകള്‍ വെറെയുമുണ്ട്‌. മൊത്തത്തില്‍ സ്വര്‍ണ്ണത്തരികളില്‍ അമര്‍ന്നുവീണശേഷം പറന്നുവന്നമട്ട്‌, പക്ഷേ, ഈ പൊന്‍തുമ്പിയെ ഇന്നു കണ്ടുകിട്ടുക പ്രയാസമാണ്‌. പറക്കാന്‍ മടിയുള്ള ഇവ കൂടുതല്‍ നേരവും ചെടികളുടെ ഇലകളില്‍ വിശ്രമിക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌. മനുഷ്യനെ ഭയപ്പെടുന്ന കൂട്ടത്തിലല്ല. ഓഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെയാണ്‌ ഇവ കേരളത്തില്‍ കാണപ്പെടുന്നത്‌. ഓണക്കാലത്ത്‌ പെട്ടന്ന്‌ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. കൊതുകുകള്‍, ചെറിയ പ്രാണികള്‍, ഉറുമ്പ്‌ എന്നിവയാണ്‌ പ്രധാന ആഹാരം. കൊതുകുകളുടെ നിയന്ത്രണത്തില്‍ ഇവ നിര്‍ണായക ഘടകമാണ്‌. ഓന്ത്‌, ആനറാഞ്ചി തുടങ്ങിയ ജീവികള്‍ ഇവയെ ആഹാരമാക്കുന്നു. തുലാമാസം വന്നാല്‍ നമ്മുടെ കുളങ്ങള്‍ക്കും പാടങ്ങള്‍ക്കും മീതെ ഒരായിരം തുമ്പികള്‍ പറന്നു തുടങ്ങും.ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. ഇവയെല്ലാം ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട തുമ്പികളാണ്‌.ഇവ തന്നെയാവണം തുലാത്തുമ്പികള്‍. വെയിലാഴിയില്‍ കൂട്ടം കൂട്ടമായി പറന്നു രസിക്കുന്ന ഈ തുമ്പികളെ വള്ളുവനാട്ടിലും വയനാട്ടിലും ഞാന്‍ കണ്ടിട്ടുണ്ട്‌. ഒരു പക്ഷെ എല്ലാ മലയാളികളും ഈ പ്രത്യേക മാസത്തില്‍ ധാരാളം തുമ്പികളെ കണ്ട്‌ ഒരു വേള അന്തിച്ചു നിന്നിട്ടുണ്ടാവാം.തുമ്പികള്‍ കൊതുകുകളുടെ വംശവര്‍ദ്ധനവിനെ നിയന്ത്രിക്കുന്നുണ്ട്‌.കൊതുകുകളുടെ ലാര്‍വകളായ കൂത്താടികളെ തിന്നുനശിപ്പിക്കുന്നതില്‍ തുമ്പികള്‍ക്ക്‌ നല്ലൊരു പങ്കുണ്ട്‌. ചികുന്‍ ഗുനിയ പടര്‍ന്നുപിടിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ്‌ തുലാത്തുമ്പിക്കൂട്ടം ഇറങ്ങിയത്‌.അത്ഭുതകരമെന്ന്‌ പറയട്ടെ ഇപ്പോള്‍ ചി കുന്‍ ഗുനിയ വാര്‍ത്തകള്‍ കാണാനില്ല.തുമ്പികളുടെ പങ്ക്‌ ഇതില്‍ എത്രത്തോളമുണ്ടെന്നൊന്നും എനിക്കറിയില്ല. കേരളീയര്‍ തുമ്പികളെ ക്കുറിച്ച്‌ വേണ്ടത്ര പഠിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല..ചില പ്രദേശങ്ങളില്‍ ചില തുമ്പികളെയെംകിലും നാട്ടുകാര്‍ പേരു ചൊല്ലി വിളിക്കുന്നുണ്ട്‌. ചക്കരത്തുമ്പി,ഓണത്തുമ്പി തുടങ്ങിയവ അവയില്‍ ചിലതാണ്‌.തുമ്പികള്‍ കേരളീയരെ സ്വാധീനിച്ചതിന്റെ അടയാളമാവണം തുമ്പിതുള്ളല്‍ . കേട്ടിട്ടുണ്ടോ, ഓണക്കിളിയുടെ പാട്ട്‌..? ആതിരേ ഓണപ്പൂക്കളെപ്പോലെ, ഓണക്കാലത്ത്‌ പ്രകൃതി ഒരുക്കുന്ന, ഓമനക്കാഴ്ചയാണ്‌ എങ്ങു നിന്നോ പറന്നെത്തുന്ന ഓണക്കിളി. ഓണം വന്നെത്തിയെന്ന സൂചന നല്‍കിക്കൊണ്ടാണ്‌ ഓണക്കിളി പാറിയയെത്തുക. പണ്ടൊക്കെ, മിക്കപ്പോഴും, പഞ്ഞക്കാലമായതിനാല്‍, ഓണക്കിളിയെ കണ്ടാല്‍ വയറുനിറച്ച്‌ ചോറ്‌ കിട്ടും എന്ന വിശ്വാസമുണ്ടായിരുന്നു മലയാളക്കരയില്‍. ഒരു തരം മഞ്ഞക്കിളിയെയാണ്‌ ഓണക്കിളിയായി വിശേഷിപ്പിക്കുന്നത്‌.. ഇന്നത്തെ പക്ഷിനിരീക്ഷകര്‍ ഇതിനെ ആഹമരസവീീ‍റലറ ഛൃശീഹല എന്ന 'മഞ്ഞക്കറുപ്പനായാണ്‌ വിലയിരുത്തുന്നത്‌. 'ഒറിയോളസ്‌ സന്തോര്‍ണസ്‌' ((ഛൃശീഹൗെ‍ ഃമിവ്ൃ‍ി‍ൌ‍െ‍) ) എന്ന ശാസ്ത്രീയനാമമുള്ള ഈ കിളി നമ്മുടെ നാട്ടില്‍ത്തന്നെയുള്ളതാണ്‌.എന്നാല്‍, സ്വതവേ നാണംകുണുങ്ങിയായ ഇത്‌ വൃക്ഷത്തലപ്പുകളില്‍ മാത്രം ഒതുങ്ങിക്കഴിയാന്‍ഇഷ്ടപ്പെടുന്നതാണ്‌. മഞ്ഞയാണ്‌ ശരീരമെങ്കിലും തലയും മാറിടവും കറുപ്പാണ്‌. ഇതുകാരണം ഒരു കറുത്തമുഖംമൂടി ചാര്‍ത്തിയതുപോലെയുണ്ടാവും ഈ പക്ഷികള്‍, 'വയി യൗ യൗ' എന്ന്‌ വിളിക്കുന്ന ഇവയെ ഉയര്‍ന്നവൃക്ഷത്തലപ്പുകളിലോ അപൂര്‍വ്വമായ പറക്കലിനിടയിലോ കണ്ടെത്തുക പ്രയാസമാണ്‌. പക്ഷേ, ഓണക്കാലമാവുമ്പോള്‍ ഇതേ ഇനത്തില്‍പ്പെട്ട ദേശാടകരായ മഞ്ഞക്കിളികള്‍ വിരുന്നിനെത്തും. 'യൂറേഷ്യന്‍ ഗോള്‍ഡന്‍ ഓറിയോള്‍' ((ൠൃ‍മശെമി ഏീ‍ഹറലി ഛൃശറല) ) എന്ന യഥാര്‍ത്ഥ മഞ്ഞക്കിളിയാണിത്‌. ഇവയ്ക്ക്‌ തലയില്‍ കറുത്ത മുഖംമൂടിയില്ല. വാലിട്ടു കണ്ണെഴുതിയതുപോലെ കൊക്കില്‍നിന്നും കണ്ണിലേക്ക്‌ പടരുന്ന ഒരു കറുത്ത വര ഇവയുടെ സവിശേഷതയാണ്‌. ചിറകുകളുടെ ഓരം കറുപ്പുമാണ്‌. ദേശാടനപക്ഷി യായതിനാല്‍, ഭയം പൊതുവെ അല്‍പം കുറവായ ഇവയെ എളുപ്പം കാണാനാവും. ഇവയുടെ ശാസ്ത്രീയനാമം ഓറിയോളസ്‌ ഓറിയോളസ്‌ (ഛൃശീഹൗെ‍ ീ‍ൃ‍ശീഹൗെ‍ ) എന്നാണ്‌. ഇതാണ്‌ ഓണക്കാലത്ത്‌ കാണപ്പെടുന്ന 'മഞ്ഞക്കിളി'യെന്ന ഓണക്കിളി. ഇവയ്ക്കിടയില്‍ ചിലപ്പോള്‍ തദ്ദേശീയരായ മഞ്ഞക്കറുപ്പന്മാരും വന്നുപെടാം. അതുകൊണ്ട്‌ നമ്മളവയെ വേഗത്തില്‍ തിരിച്ചറിയും എന്നുമാത്രം. എവിടെയക്കാണ്‌ ആതിരേ, നാം ഈ സുസ്മിത ചാരുതകളെ, മലയാളത്തിന്റെ മുഖശ്രീകളെ ആട്ടിപ്പായിച്ചത്‌..?

Wednesday, August 22, 2012

ഇനി പുരുഷനും പ്രസവിക്കാം;ഈസിയായി

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായേക്കാവുന്ന ആശയങ്ങളാണ്‌ ആരതി പ്രസാദ്‌ മുന്നോട്ടു വയ്ക്കുന്നത്‌ . ഭാവിയില്‍, ചില മൃഗങ്ങളിലും സസ്തനികളിലും കാണപ്പെടുന്നതുപോലെ ഇണചേരാതേയും കൃത്രിമ ബീജ സങ്കലനത്തിലൂടെയല്ലാതേയും കുട്ടികളെ 'ഉത്പാദി'പ്പിക്കാന്‍ കഴിയുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. രതിയില്ലാത്ത പ്രത്യുത്പാദനത്തിലുടെയാകും ഭാവി തലമുറ നിലനില്‍ക്കുക എന്നും ആരതി പ്രവചിക്കുന്നു അടുത്തിടെ പുറത്തിറക്കിയ 'ലൈക്ക്‌ എ വിര്‍ജിന്‍' എന്ന പുസ്തകത്തിലാണ്‌ ആരതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.
ആതിരേ,"ബ്രീത്‌ ഈസി "എന്ന ഇന്‍ഹെയ്‌ലറിന്റെ പരസ്യവാക്യം കടമെടുത്ത്‌ പറഞ്ഞാല്‍."ഇനി പുരുഷന്മാര്‍ക്കും പ്രസവിക്കാം ;ഈസിയായി ".പറയുന്നത്‌ ആരതി പ്രസാദ്‌ -ലണ്ടന്‍ ഇമ്പീരിയല്‍ യൂണിവേഴ്സിറ്റിയില്‍ ജീനുകളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഇന്ത്യാക്കാരി പ്രത്യുത്പ്പാദനത്തിന്‌ ശരീരിക ബന്ധമോ,സ്ത്രീയുടെ അണ്ഡമോ പുരുഷ ബീജമോ,ഗര്‍ഭപാത്രമോ ഒന്നും അനിവാര്യമേ അല്ല എന്നതാണ്‌ ആരതിയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.അണ്ഡ-ബീജ സങ്കലനമില്ലാതെ ശരീരകോശത്തില്‍ നിന്ന്‌ പ്രത്യുത്പ്പാദനം നടത്തവുന്ന ക്ലോണിംഗ്‌ എന്ന ഏറ്റവും പുതിയ മാര്‍ഗത്തില്‍ പോലും ശിശുവിന്റെ വളര്‍ച്ചയ്ക്ക്‌ മാതാവിന്റെ ഗര്‍ഭപാത്രാം കൂടുയേ തീരൂ.എന്നാല്‍ ആരതിയുടെ കണ്ടെത്തല്‍ മനുഷ്യ ജീവിതത്തിന്റെ രീതി ശാസ്ത്രം തന്നെ പൊളിച്ചെഴുതുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ന്‌ ലോകം എമ്പാടുമുള്ള മാധ്യമങ്ങളും ആഘോഷമാക്കുന്നത്‌ ഇന്ത്യക്കാരിയുടെ ഈ കണ്ടെത്തലാണ്‌! ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കളും വാടക ഗര്‍ഭപാത്രങ്ങളും പുതുമയല്ലാത്ത വര്‍ത്തമാനകാല വൈദ്യശാസ്ത്ര ഗവേഷണ പരിസരത്ത്‌, ആതിരേ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായേക്കാവുന്ന ആശയങ്ങളാണ്‌ ആരതി പ്രസാദ്‌ മുന്നോട്ടു വയ്ക്കുന്നത്‌ . ഭാവിയില്‍, ചില മൃഗങ്ങളിലും സസ്തനികളിലും കാണപ്പെടുന്നതുപോലെ ഇണചേരാതേയും കൃത്രിമ ബീജ സങ്കലനത്തിലൂടെയല്ലാതേയും കുട്ടികളെ 'ഉത്പാദി'പ്പിക്കാന്‍ കഴിയുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. രതിയില്ലാത്ത പ്രത്യുത്പാദനത്തിലുടെയാകും ഭാവി തലമുറ നിലനില്‍ക്കുക എന്നും ആരതി പ്രവചിക്കുന്നു അടുത്തിടെ പുറത്തിറക്കിയ 'ലൈക്ക്‌ എ വിര്‍ജിന്‍' എന്ന പുസ്തകത്തിലാണ്‌ ആരതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കള്‍ ഭൂതകാലത്തില്‍ ശാസ്ത്രനോവലുകളില്‍ മാത്രം പ്രതിപാദിച്ചിരുന്ന സാദ്ധ്യതയായിരുന്നെങ്കില്‍ ഇന്നത്‌ സര്‍വസാധാരണമാണ്‌. ഈ നിലയില്‍ തന്നെയാണ്‌ മനുഷ്യക്കുട്ടികളെ, ബീജദാതാക്കളുടെ സഹായമില്ലാാ‍തെ തന്നെ പ്രസവിക്കാന്‍ കഴിയുമെന്ന്‌ ആരതി പറയുന്നത്‌. 'ഭാവികാലം സെക്സില്ലാത്ത കാലം' എന്നാണ്‌ ഇവര്‍ വിശേഷിപ്പിക്കുന്നത്‌. ഏറെക്കുറെ എല്ലാ സസ്തനികളും ഇണചേര്‍ന്നാണ്‌ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്‌ അതേസമയം ചിലയിനം നായ്ക്കളും പക്ഷികളും ഈ രീതിശാസ്ത്രത്തിന്‌ പുറത്താണ്‌. പാര്‍തനോജെനെസിസ്‌ എന്നാണ്‌ ഈ പ്രക്രിയയുടെ പേര്‌ .ചിലയിനം കാട്ടുതാറാവുകള്‍ ,പല്ലികള്‍,ഗലപ്പോഗോസ്‌ ദ്വീപിലെ കൂറ്റന്‍ പല്ലികളായ കൊമൊഡോ ഡ്രാഗണ്‍ ,ഹാമര്‍-ഹെഡ്‌ സ്രാവുകള്‍ തുടങ്ങിയവ ഇണചേരാതെ തന്നൈ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം പാര്‍തനോജെനെസിസ്‌ പ്രായോഗികമല്ലാത്ത കാര്യമാണെന്നാണ്‌ ,ആതിരേ,ഇന്നും വിശ്വാസം. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍ വിധി പാടില്ലെന്നാണ്‌ ആരതി പ്രസാദ്‌ വാദിക്കുന്നത്‌. സ്ത്രീക്ക്‌ മാത്രമാല്ല പുരുഷനും ഇങ്ങനെ പ്രസവിക്കാന്‍ സാധിക്കുമെന്നും ആരതി പറയുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. സാധാരണ ഗര്‍ഭപാത്രങ്ങളില്‍ കാണപ്പെടുന്ന സ്രവങ്ങളും ദ്രവങ്ങളും ബാക്ടീരിയകളുമെല്ലാം ഇതിനുള്ളിലും ഒരുക്കിയിട്ടുണ്ട്‌. പ്രത്യേകതരം സ്രാവുകളെ ഉദ്ദേശിച്ചാണ്‌ ഇതെങ്കിലും മനുഷ്യനും ഈ രീതി പിന്തുടരാവുന്നതാണെന്ന്‌ ആരതി തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു. ഭാവിയില്‍ ഇത്തരത്തിലൊരു ഗര്‍ഭപാത്രത്തില്‍ നിന്നും സ്ത്രീയുടെ സഹായമില്ലാതെ പുരുഷന്മാര്‍ക്കും കുട്ടികളെ ഉത്പാദിപ്പിക്കാന്‍ പറ്റുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. ഗവേഷണങ്ങളിലൂടെ കൃത്രിമ ബീജങ്ങളും ഉത്പാദിപ്പിച്ചിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ ഒരു 'സിന്തറ്റിക്‌ എഗ്ഗി'നു സാധ്യതയില്ലേ എന്ന്‌ ആരതി ചോദിക്കുന്നു. ആതിരേ,ജപ്പാനിലെ ഒരു ലബോറട്ടറിയില്‍ കൃത്രിമ അണ്ഡത്തിലൂടെ എലിയെ സൃഷ്ടിച്ചിട്ടുണ്ട്‌. കാഗുയ എന്നാണ്‌ ആ ' അതിശയ എലിക്കുഞ്ഞിന്റെ ' പേര്‌. ഈ ഗവേഷണം വികസിപ്പിക്കുകയാണെങ്കില്‍ മനുഷ്യന്‌ പ്രാപ്യമായ ഒരു സാങ്കേതിക വിദ്യയായി മാറുമെന്നാണ്‌ ആതിരയുടെ പക്ഷം.. പുതിയ ടെക്നിക്കുകള്‍ വികസിപ്പിക്കുകയാണെങ്കില്‍ കന്യകയ്ക്കും പ്രസവിക്കാന്‍ കഴിയും. പുരുഷബീജവുമായി കൂടിക്കലരാത്ത അണ്ഡങ്ങള്‍ പ്രത്യേകതരത്തില്‍ വളര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഇവയ്ക്ക്‌ മനുഷ്യന്റേത്‌ പോലെ പല്ലുകളും ചെറുതായി മുടിയും ഉണ്ടായിരുന്നു. ഇത്തരത്തിലൊരു സംഭവം 2003-ല്‍ ജപ്പാനിലെ ഒരു പെണ്‍കുട്ടിയില്‍ കണ്ടെത്തിയിരുന്നു. ബീജസങ്കലനം നടക്കാതെതന്നെ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തില ഒരു അണ്ഡം പാവക്കുട്ടിയെപ്പോലെ വളര്‍ന്നിരുന്നു. ഇതിന്‌ കണ്‍പീലികള്‍വരെ ഉണ്ടായിരുന്നു! ഇത്തരം സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ പഠനം നടത്തുകയാണെങ്കില്‍ പങ്കാളിയുടെ സഹായമില്ലാതെ എങ്ങനെ കുട്ടികളെ ജനിപ്പിക്കാമെന്ന്‌ കണ്ടെത്താന്‍ കഴിയുമെന്നും ആരതി ചൂണ്ടിക്കാട്ടുന്നു. ആതിരേ,മനുഷ്യരില്‍ കാണുന്ന 'വൈ' ക്രോമോസോമുകളാണ്‌ ആണുങ്ങളുടെ 'രൂപകല്‍പനയ്ക്കു' പിന്നില്‍. ഇത്‌ എല്ലാ ജീവികള്‍ക്കും ബാധകമാണ്‌. ഇവ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലുമായി ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന്‌ ആരതി നിരീക്ഷിക്കുന്നു. വൈ' ക്രോമോസോമുകളിലെ 'ജനിറ്റിക്‌' ഇന്‍ഫര്‍മേഷനുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 'വൈ' ക്രോമോസോമുകള്‍ നശിക്കുന്നു എന്നതിന്‌ അര്‍ഥം മനുഷ്യരാശി തന്നെ ക്രമേണ നശിക്കുന്നു എന്നാണ്‌. കൃത്രിമ മാര്‍ഗങ്ങള്‍ മാത്രമാണ ഇതിനു പ്രതിവിധിയെന്ന്‌ ആരതി പറയുന്നു. മറ്റു ഗവേഷകരെപ്പോലെ മനുഷ്യവംശത്തിന്റെ പാവനതയെക്കുറിച്ചു ബോധ്യമുളള ആള്‍ തന്നെയാണ്‌ ആരതിയും. എന്നാല്‍ , സെക്സുമായി ബന്ധപ്പെട്ട കാര്യത്തില്‍ മനുഷ്യന്റെ മുന്‍ ധാരണകള്‍ മാറ്റണമെന്നാണ്‌ ആരതി ആവശ്യപ്പെടുന്നത്‌. ഇത്തരം കാര്യങ്ങള്‍ സയന്‍സിനുകൂടി 'അവകാശ'പ്പെട്ടതാണെന്നും ആരതി പ്രസാദ്‌ വാദിക്കുന്നു..

Thursday, August 16, 2012

തോമസ്‌ പ്രഥമന്‍ ബാവ വര്‍ഗ്ഗീയ വാദിയാണെന്നോ...?

വിളപ്പില്‍ശാല മുതല്‍ കേരളത്തില്‍ പുതിയൊരു സമരസജ്ജത രൂപം കൊള്ളുന്നത്‌ ഈ മൂഢന്മാര്‍ തിരിച്ചറിയുന്നില്ല. മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലം ഇല്ലാതെ തന്നെ അവകാശസമരങ്ങള്‍ ജനകീയമാക്കുന്ന പങ്കാളിത്തവും ഉത്തരവാദിത്ത ബോധവുമാണ്‌ ഇത്തരം അവസരങ്ങളില്‍ ദൃശ്യമാകുന്നത്‌,ദൃഢമാകുന്നത്‌ .അവയെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ച്‌ അമര്‍ത്താന്‍ ശ്രമിച്ചത്‌ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ദിനത്തിലായതു കൊണ്ട്‌ ചില ചിന്തകള്‍ ഉയരുന്നുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ 66-ാ‍ം പിറന്നള്‍ ദിനത്തിലും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും അധികാരത്തിന്റെയും ചൂഷണത്തിന്റേയും ഹുങ്കിനെ ചെറുത്ത്‌ നിസ്വരും നിസ്സഹായരുമായ നഴ്സുമാര്‍ക്ക്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആത്മഹത്യാമുനമ്പില്‍ എത്തി നില്‍ക്കേണ്ടി വരുമ്പോള്‍ ഷിബുമാരുടേയും കുരുവിളമാരുടേയും പ്രഥമന്മാരുടേയും ചൂഷണത്തല തകര്‍ക്കുന്ന ജനകീയ മുന്നേറ്റം ഇനിയും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ കോതമംഗലത്ത്‌ ആഗസ്റ്റ്‌ 15-ന്‌ നടന്ന സംഭവങ്ങള്‍ അടിവരയിട്ട്‌ സ്ഥാപിക്കുന്നത്‌.
ആതിരേ,കൊടിയ ചൂഷണത്തിനെതിരെ പിടഞ്ഞെതിര്‍ക്കുന്ന കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയിലെ നഴ്സുമാരുടെ ശൗര്യം ഭീഷണമായ സമര മാര്‍ഗം അവലംബിക്കാന്‍ നിര്‍ബന്ധിതമായതും അതിനെ തകര്‍ക്കാന്‍ പോലീസ്‌ ഭീകരസത്വങ്ങളാകുന്നതുമായ ബീഭത്സതയാണ്‌ സ്വാതന്ത്ര്യത്തിന്റെ 66-ാ‍ം പിറന്നാള്‍ ദിനത്തില്‍ കേരളം കണ്ടത്‌. ജീവിക്കാന്‍ വേണ്ടിയുള്ള ഒരു കൂട്ടം നഴ്സുമാരുടെ ന്യായമായ സമരത്തെ 115 ദിവസം വലിച്ചു നീട്ടി അവരെ ആലംബഹീനരും അഭയാര്‍ത്ഥികളുമാക്കി കാല്‍ക്കീഴിലെത്തിക്കാന്‍ ആശുപത്രി സെക്രട്ടറി അഡ്വ. ഷിബു കുര്യാക്കോസ്‌ നടത്തിയ നീചമായ വര്‍ഗ്ഗീയ നീക്കങ്ങള്‍ക്ക്‌ യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ തോമസ്‌ പ്രഥമന്‍ ബാവയും സഭാംഗമായ സ്ഥലം എംഎല്‍എ ടി.യു.കുരുവിളയും പിന്നെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നല്‍കിയ പിന്‍ബലമാണ്‌ മൂന്ന്‌ നഴ്സുമാരെ ആത്മഹത്യാഭീഷണി മുഴക്കേണ്ട ഗതികേടില്‍ കൊണ്ടെത്തിച്ചത്‌. കേരളത്തില്‍ ഒട്ടുമിക്ക ആശുപത്രികളിലും മാന്യമായ സേവനവേതന വ്യവസ്ഥകള്‍ക്കായി നഴ്സുമാര്‍ സമരം ചെയ്യുകയും തത്വത്തിലെങ്കിലും അത്‌ നേടിയെടുക്കുകയും ചെയ്തപ്പോഴാണ്‌, ആതിരേ, കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രി മാനേജ്മെന്റ്‌ മാത്രം നഴ്സുമാരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കില്ല എന്ന മുഠാളത്വം പ്രദര്‍ശിപ്പിച്ചതും എല്ലാ മാന്യതകളും പിച്ചിചീന്തി ഒത്തു തീര്‍പ്പ്‌ ചര്‍ച്ചകള്‍ അലസിപ്പിച്ചതും. ഈ അശ്ലീലതയ്ക്ക്‌ കോതമംഗലം സിഐ കെ.പി.ജോസിന്റെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിച്ചപ്പോള്‍ ഗുണ്ടാത്തലവനായിട്ടാണ്‌ അഡ്വ. ഷിബു കുര്യാക്കോസ്‌ സമരം ചെയ്യുന്ന നഴ്സുമാരെയും അവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ റിലേ സമരം നടത്തിയ പിഡിപി പ്രവര്‍ത്തകരെയും തല്ലിച്ചതച്ചതും സമരപ്പന്തല്‍ തകര്‍ത്തതും നഴ്സസ്‌ ഹോസ്റ്റലിലെ മുറികള്‍ കുത്തിയിളക്കി താമസയോഗ്യമല്ലാതാക്കിയതും ഹോസ്റ്റല്‍ കാന്റീന്‍ അടച്ചുപൂട്ടി നഴ്സുമാരെ പട്ടിണിക്കിട്ട്‌ കൊല്ലാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതും. കഴിഞ്ഞ 115 ദിവസത്തിനിടയില്‍ ലേബര്‍ കമ്മീഷണറും ആര്‍ഡിഒയും തഹസില്‍ദാരും ജില്ലാ കളക്ടറും പലവട്ടം കൂടിയാലോചന നടത്തി അനുരഞ്ജനത്തിലും സമവായത്തിലും എത്തിച്ചേര്‍ന്നതാണ്‌. മാര്‍ച്ച്‌ അഞ്ചാം തീയതി സമരക്കാരും ആശുപത്രി മാനേജ്മെന്റും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന അനിഷ്ട സംഭവങ്ങളാണ്‌ സ്വാതന്ത്ര്യദിനത്തില്‍ കോതമംഗലത്ത്‌ അരങ്ങേറിയത്‌. ഓരോ ചര്‍ച്ചയിലും തീരുമാനമാകുന്ന ധാരണ അംഗീകരിച്ച്‌ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതിനെ നിഷേധിക്കുന്ന, നഴ്സുമാരുടെ അവകാശങ്ങളെ അധിക്ഷേപിക്കുന്ന തെമ്മാടിത്തമായിരുന്നു അഡ്വ. ഷിബു കുര്യാക്കോസ്‌ തുടര്‍ന്നു പോന്നത്‌.മിസ്രയീമില്‍ നിന്ന്‌ ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുന്ന കാര്യത്തില്‍ മോശയും ഫറവോനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ ശേഷവും ഫറവോന്‍ സ്വീകരിച്ച ചെറ്റത്തരത്തെ അനുസ്മരിപ്പിക്കുന്നതാണ്‌ ഷിബു കുര്യാക്കോസിന്റെ കസര്‍ത്തുകള്‍ ആതിരേ,യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയായതുകൊണ്ട്‌ ക്രൈസ്തവ ന്യൂനപക്ഷമെന്ന കാര്‍ഡിറക്കി കളിക്കാം എന്നായിരുന്നു ഷിബുവിന്റെ ശൃഗാലബുദ്ധിയില്‍ ഉദിച്ച കുതന്ത്രം. അത്‌ അദ്ദേഹം കൗശലപൂര്‍വ്വം നടപ്പിലാക്കുകയും ചെയ്തു. അതിന്റെ ഭാഗമായിട്ടാണ്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പിഡിപി പ്രവര്‍ത്തകര്‍ റിലേ സത്യഗ്രഹം അനുഷ്ഠിച്ചപ്പോള്‍ പള്ളി ഗുണ്ടകളെ ഇറക്കി അവരെ ആക്രമിച്ചതും സമരപ്പന്തല്‍ അടിച്ചു തകര്‍ത്തതും. ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ച്‌ മുസ്ലീം മതവിഭാഗത്തെയും മുസ്ലീങ്ങളിലെ തീവ്രവാദികളെയും പ്രകോപിപ്പിച്ച്‌ തിരിച്ചടിക്ക്‌ അവസരം ഒരുക്കി അതില്‍ നിന്ന്‌ വര്‍ഗ്ഗീയ നേട്ടം കൊയ്യാനായിരുന്നു ഷിബു ശ്രമിച്ചത്‌. രാജ്യദ്രോഹപരമായ ഈ നിലപാടിന്‌ കോതമംഗലം സിഐ കെ.പി.ജോസിന്റെ പിന്തുണകൂടി ലഭിച്ചപ്പോള്‍ സമരക്കാര്‍ക്കെതിരെ ഗുണ്ടായിസം നടത്തിയ തെമ്മാടികള്‍ രക്ഷപ്പെട്ടു. എന്നാല്‍, മുസ്ലീം സമുദായം മാന്യമായ സംയമനം പാലിച്ചതുകൊണ്ട്‌ ഷിബു കുര്യാക്കോസിന്റെ പൈശാചിക ചിന്ത ക്ലച്ചു പിടിച്ചില്ലെന്നു മാത്രം. എന്നാല്‍, തുടര്‍ന്ന്‌ നടന്ന ഓരോ ചര്‍ച്ചയും തകര്‍ക്കുന്നതില്‍ ഷിബു അനുവര്‍ത്തിച്ചത്‌ വര്‍ഗ്ഗീയ വിഷം കലര്‍ന്ന ഈ നിലപാടും തീരുമാനവുമായിരുന്നു,ആതിരേ. ഇത്തരത്തില്‍ ഒരു സമൂഹത്തെ മുഴുവന്‍ വെല്ലുവിളിച്ച്‌ നെഞ്ചൂക്ക്‌ കാട്ടാന്‍ ഷിബുവിന്‌ പ്രേരണയായത്‌ എംഎല്‍എ ടി.യു.കുരുവിളയുടെ പിന്തുണയും ബിഷപ്പ്‌ തോമസ്‌ പ്രഥമന്റെ അനുഗ്രഹവുമായിരുന്നു. വനം ഭൂമി കൈയ്യേറി സംരക്ഷിക്കുന്ന ദുഷ്ട സംതൃപ്തിയോടെയാണ്‌ തന്റെ മതത്തില്‍പ്പെട്ട ഷിബു കുര്യാക്കോസിനെ, ബസേലിയോസ്‌ ആശുപത്രിയിലെ നഴ്സുമാരുടെ സമരകാര്യത്തില്‍, ടി.യു.കുരുവിള അകമഴിഞ്ഞ്‌ പിന്തുണച്ചത്‌. ഒരിക്കല്‍ പോലും നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാതിരുന്ന അദ്ദേഹം മറ്റൊരവസരത്തില്‍ മാനേജ്മെന്റിനുവേണ്ടി അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ തന്റെ വര്‍ഗീയ ചേരിതിരിവ്‌ വ്യക്തമാക്കുകയും ചെയ്തു. ആതിരേ,ഒരു സമുദായത്തെയും അതിന്റെ ആതുരസേവന പാരമ്പര്യത്തെയും ഷിബു കുര്യാക്കോസ്‌ എന്ന ഷൈലോക്ക്‌ വര്‍ഗ്ഗീയതയുടെ കരാളപശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ച്‌ ദരിദ്ര നഴ്സുമാരുടെ കഞ്ഞിയില്‍ മണ്ണുവാരി ഇട്ടപ്പോള്‍ അയാളെ തടയാനോ,ശാസിക്കാനോ സമരം ഒത്തു തീര്‍പ്പിലെത്തിക്കാനോ തോമസ്‌ പ്രഥമന്‍ ബാവ തയ്യാറായില്ല. ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചും ദരിദ്രരരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ഇടയലേഖനങ്ങള്‍ ഇറക്കുകയും പള്ളിപ്പെരുന്നാളുകളില്‍ ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്ന ഒരു സഭാദ്ധ്യക്ഷനില്‍ നിന്ന്‌ ഇത്രയും നികൃഷ്ടമായ ഒരു നിലപാട്‌ കേരളം ഒരിക്കലും പ്രതീക്ഷിച്ചതല്ല. പെണ്ണുപിടിയന്മാരും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുമായി സഭയ്ക്കും സമൂഹത്തിനും ഭീഷണിയായ വൈദികരെ സംരക്ഷിക്കുന്ന അതേ തീക്ഷണതയോടെയാണ്‌ ഷിബു കുര്യാക്കോസിനെയും ഒളികാമറ അടക്കമുള്ള അയാളുടെ ക്രിമിനല്‍ രീതികളെയും സഭാദ്ധ്യക്ഷന്‍ തോമസ്‌ പ്രഥമന്‍ സംരക്ഷിച്ചതെന്ന്‌ ആരെങ്കിലും ആരോപിച്ചാല്‍ അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടോ ഗുണ്ടകളെ ഇറക്കിവിട്ട്‌ അക്രമം നടത്തിയിട്ടോ ഫലമില്ല. പള്ളികള്‍ പിടിച്ചെടുക്കുന്ന ഗുണ്ടായിസത്തിന്റെ പിന്‍ബലത്തിലാണ്‌ കൊടിയദാരിദ്ര്യത്തിന്റെ ഇരകളായ സാധു നഴ്സുമാരുടെ കഞ്ഞിക്കലം തട്ടിത്തെറിപ്പിച്ച്‌ ഷിബു കുര്യാക്കോസും ടി.വി.കുരുവിളയും തോമസ്‌ പ്രഥമന്‍ ബാവയും അര്‍മാദിച്ചത്‌. ആതിരേ,നഴ്സിംഗ്‌ പഠനത്തിനെടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുകൊണ്ട്‌ ജപ്തി നോട്ടീസ്‌ നേരിട്ടപ്പോഴാണ്‌ പ്രിയയും വിദ്യയും അനുവും ആത്മഹത്യാഭീഷണി മുഴക്കി 114 ദിവസം തുടര്‍ന്ന സമാധാനപരമായ സമരത്തിന്‌ പുതിയൊരു മൂര്‍ച്ച നല്‍കിയത്‌. ന്യായമായ ഈ ആവശ്യത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കോതമംഗലത്തെ പ്രബുദ്ധരായ ജനങ്ങളെ തല്ലിച്ചതച്ചൊതുക്കാനാണ്‌ സിഐ കെ.പി.ജോസിന്റെ നേതൃത്വത്തിലുള്ള ഷിബുവിന്റെ സേവകന്മാര്‍ തയ്യാറായത്‌. വിളപ്പില്‍ശാല മുതല്‍ കേരളത്തില്‍ പുതിയൊരു സമരസജ്ജത രൂപം കൊള്ളുന്നത്‌ ഈ മൂഢന്മാര്‍ തിരിച്ചറിയുന്നില്ല. മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലം ഇല്ലാതെ തന്നെ അവകാശസമരങ്ങള്‍ ജനകീയമാക്കുന്ന പങ്കാളിത്തവും ഉത്തരവാദിത്ത ബോധവുമാണ്‌ ഇത്തരം അവസരങ്ങളില്‍ ദൃശ്യമാകുന്നത്‌,ദൃഢമാകുന്നത്‌ .അവയെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ച്‌ അമര്‍ത്താന്‍ ശ്രമിച്ചത്‌ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ദിനത്തിലായതു കൊണ്ട്‌ ചില ചിന്തകള്‍ ഉയരുന്നുണ്ട്‌. ഈ പരിഷകള്‍ക്ക്‌ അധികാരമിങ്ങനെ ദുര്‍വിനിയോഗം ചെയ്യാനായിരുന്നോ പതിനായിരക്കണക്കിന്‌ ദേശസ്നേഹികള്‍ ജീവന്‍ ബലിയര്‍പ്പിച്ച്‌ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം നേടിക്കൊടുത്തത്‌? സ്വാതന്ത്ര്യത്തിന്റെ 66-ാ‍ം പിറന്നള്‍ ദിനത്തിലും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും അധികാരത്തിന്റെയും ചൂഷണത്തിന്റേയും ഹുങ്കിനെ ചെറുത്ത്‌ നിസ്വരും നിസ്സഹായരുമായ നഴ്സുമാര്‍ക്ക്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആത്മഹത്യാമുനമ്പില്‍ എത്തി നില്‍ക്കേണ്ടി വരുമ്പോള്‍ ഷിബുമാരുടേയും കുരുവിളമാരുടേയും പ്രഥമന്മാരുടേയും ചൂഷണത്തല തകര്‍ക്കുന്ന ജനകീയ മുന്നേറ്റം ഇനിയും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ആതിരേ, കോതമംഗലത്ത്‌ ആഗസ്റ്റ്‌ 15-ന്‌ നടന്ന സംഭവങ്ങള്‍ അടിവരയിട്ട്‌ സ്ഥാപിക്കുന്നത്‌.

Wednesday, August 8, 2012

വിളപ്പില്‍ശാലക്കാരുടെ പ്രതിഷേധവും 'അഞ്ചാം മന്ത്രി' എന്ന അഞ്ചാംപത്തിയും

വിളപ്പില്‍ശാല അടക്കമുള്ള കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജന കേന്ദ്രങ്ങള്‍ നേരിടുന്ന പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കണ്ടെത്താന്‍ മുന്നോട്ട്‌ വച്ച ബൃഹത്തായതും അതേസമയം ചെലവ്‌ തീരെ കുറഞ്ഞതുമായ ഒരു പദ്ധതിക്ക്‌ പാരവച്ചത്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഭരണപരമായ ഉത്തരവാദിത്തമായി നിക്ഷിപ്തമായിരിക്കുന്ന മന്ത്രി മഞ്ഞളാംകുഴി അലിയും, അലിയുടെ നേതാവ്‌ കുഞ്ഞാലിക്കുട്ടിയും പാറശാല എംഎല്‍എ എ.ടി.ജോര്‍ജും ഒരു ആള്‍ദൈവവും അടങ്ങിയ ഗൂഢസംഘമാണ്‌. മാലിന്യസംസ്കരണത്തിന്റെയും അതിനുവേണ്ട പ്ലാന്റുകളുടെ നിര്‍മ്മാണത്തിന്റെയും പേരില്‍ കോടികള്‍ അടിച്ചു മാറ്റാന്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരം നഷ്ടമാകുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഈ പദ്ധതി ഭരണമുന്നണി കൃമികള്‍ അട്ടിമറിച്ചത്‌. മലത്തിലെ അരി തിരയുന്നവനെക്കാള്‍ നീചരും നിന്ദ്യരും സമൂഹവിരുദ്ധരും ലാഭക്കൊതിയന്മാരുമാണ്‌ കുഞ്ഞാലിക്കുട്ടിയും മഞ്ഞളാംകുഴി അലിയും എ.ടി.ജോര്‍ജും അടങ്ങുന്ന രാഷ്ട്രീയ നേതാക്കളും ഭരണകൂടവും അവരെ സംരക്ഷിക്കുന്ന ഭരണ സംവിധാനവും. ഈ സംവിധാനം തകര്‍ക്കാത്ത കാലത്തോലം മാലിന്യത്തില്‍ നിന്നുപോലും കേരളത്തിന്‌ മുക്തിയുണ്ടാവുകയില്ല. ചീഞ്ഞ്‌ നാറുന്ന പരിസരങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച്‌ വലഞ്ഞ്‌ വലഞ്ഞ്‌ ഒടുങ്ങാനാണ്‌, കേരളീയന്റെ വിധി.
ആതിരേ,.ഭരണകൂടത്തെയും കോടതികളെയും വെല്ലുവിളിച്ച്‌ തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാലയിലെ ജനങ്ങള്‍ നടത്തുന്ന സമരം നിരവധി തലങ്ങളില്‍ സവിശേഷമാണ്‌. നഗരവാസിയുടെ മാലിന്യം തങ്ങളുടെ ആവാസകേന്ദ്രത്തില്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ല എന്ന പ്രതിജ്ഞയോടെയുള്ള ഈ ജനകീയ സമരം നഗരവാസിയുടെ തോന്ന്യാസങ്ങള്‍ക്കെതിരായുള്ള ഗ്രാമങ്ങളുടെ സംഘടിത ചെറുത്തു നില്‍പ്പാണ്‌. വര്‍ത്തമാനകാല ജീവിതത്തിലെ ദുര്‍ഗന്ധപൂരിത വാസ്തവമായ മാലിന്യനിര്‍മ്മാര്‍ജനവും അത്‌ ശാസ്ത്രീയമായി നടപ്പിലാക്കുന്നതില്‍ തദ്ദേശഭരണകൂടങ്ങള്‍ വരുത്തുന്ന ക്രിമിനല്‍ സ്വഭാവത്തോടുകൂടിയ അലംഭാവവുമെല്ലാം വിളപ്പില്‍ശാലയില്‍ പ്രദര്‍ശന വസ്തുക്കളാകുകയാണ്‌. അധികാരത്തിന്റെയും സൗകര്യത്തിന്റെയും അഹങ്കാരത്തിന്റെയും മറവില്‍ തന്റെ മാലിന്യവും ഉച്ഛിഷ്ടവും അന്യന്റെ പറമ്പിലേ നിക്ഷേപിക്കൂ എന്ന മലയാളിയുടെ ദുഷ്ടത നിറഞ്ഞ സ്വാര്‍ത്ഥ ചിന്തയ്ക്കൊപ്പം ഭരണസംവിധാനങ്ങളും നീതിന്യായ പീഠങ്ങളും കൈകോര്‍ത്തപ്പോള്‍ ആ ഭരണകൂടഭീകരതയ്ക്കെതിരായ പച്ചമനുഷ്യന്റെ ജൈവസ്വത്വം നിറഞ്ഞ പ്രതിരോധവും പ്രതിഷേധവുമാണ്‌ വിളപ്പില്‍ശാലയും സമാന സ്വഭാവത്തില്‍ കേരളത്തില്‍ എല്ലായിടത്തുമുള്ള പ്രതിഷേധങ്ങളും. മാലിന്യനിര്‍മ്മാര്‍ജ്ജന കാര്യത്തില്‍ തോന്ന്യാസിയായ നഗരവാസിയെക്കാള്‍ ഈ ഭൂമിയില്‍ താമസിക്കാനും സന്തതി പരമ്പരകളെ സൃഷ്ടിച്ച്‌ മരിക്കാനും തങ്ങള്‍ക്കാണ്‌ അവകാശമേറെയെന്ന പ്രഖ്യാപനം കൂടിയാണ്‌ ഈ പ്രതിഷേധം. വികസനമെന്നാല്‍ മെട്രോ റെയിലും മോണോ റെയിലും മേല്‍പ്പാലങ്ങളും നാലുവരിപ്പാതകളും വിമാനത്താവളങ്ങളും സ്മാര്‍ട്ട്‌ സിറ്റികളുമാണെന്ന്‌ വികൃതമായി വിശ്വസിക്കുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരായുള്ള സമ്മതിദായകന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌ വിളപ്പില്‍ശാല പോലെയുള്ള ജനകീയ സമരങ്ങള്‍. ഇന്ന്‌ തദ്ദേശ ഭരണകൂടങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനു തന്നെയും പരിഹാരം കാണാനാവാത്ത വിധം ജീര്‍ണ്ണിച്ച്‌ ദുര്‍ഗന്ധം പരത്തുന്നതാണ്‌ മാലിന്യ പ്രശ്നം. ബോധവല്‍ക്കരണങ്ങളുടെ മറ പിടിച്ച്‌ നഗരവാസിയുടെ മാലിന്യങ്ങള്‍ ഗ്രാമീണന്റെ കിടപ്പറയില്‍വരെ കൊണ്ടു തള്ളുന്ന ഭരണപരമായ പിതൃരാഹിത്യം വരെ നടക്കുന്നുണ്ട്‌, പരസ്യത്തിലെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍. മാലിന്യം അലക്ഷമായി വലിച്ചെറിയുന്ന നഗരവാസിക്ക്‌ എതിരെ നടപടി എടുക്കാനോ അവനെ മാതൃകാപരമായി ശിക്ഷിക്കാനോ തയ്യാറാകാത്ത ഭരണകൂടവും നീതിന്യായ സംവിധാനവും സാധാരണ പൗരന്റെ തലയില്‍ കയറിയിരുന്ന്‌ ഇനി നിരങ്ങാന്‍ അനുവദിക്കില്ല എന്ന ജനകീയ പ്രഖ്യാപനം കൂടിയാകുന്നിടത്താണ്‌ ആതിരേ,വിളപ്പില്‍ശാല കേരള സാമൂഹിക ജീവിത പരിസരത്ത്‌ പ്രതീക്ഷയുടെയും നന്മയുടെയും പ്രതീകമാകുന്നത്‌. ഇങ്ങനെ ദുരിതമായി മാറിയ മാലിന്യ നിര്‍മ്മാര്‍ജന പ്രശ്നം, രാഷ്ട്രീയക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, രമ്യമായി പരിഹരിക്കാനും നഗരവാസിക്കും ഗ്രാമീണനും ഒരുപോലെ ഗുണകരമാകുന്നതുമായ ഒരു പദ്ധതി ആവിഷ്കരിക്കാന്‍ ഇതുവരെ സര്‍ക്കാരിന്‌ സാധിച്ചിട്ടില്ല. വഴികള്‍ ഇല്ലാഞ്ഞിട്ടല്ല. ഉപായങ്ങള്‍ അറിയാത്തതുകൊണ്ടുമല്ല. കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം എന്ന ഗ്രാമ്യ ചൊല്ലിനെ ലജ്ജിപ്പിക്കുന്ന രീതിയില്‍ മാലിന്യത്തില്‍ നിന്നുപോലും ലക്ഷങ്ങള്‍ തപ്പിയെടുക്കാനുള്ള രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ആസുരമായ ലാഭക്കൊതിമൂലമാണ്‌ നമ്മുടെ തെരുവോരങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ചീഞ്ഞുനാറി അന്തരീക്ഷം ദുര്‍ഗന്ധപൂരിതമാക്കുന്നതും പരിസരം പകര്‍ച്ചവ്യാധികളുടെ നഴ്സറികളാക്കുന്നതും. ഇത്‌ തിരിച്ചറിഞ്ഞ്‌ വിവേകവും സാമൂഹികബോധവുമുള്ള വ്യക്തികളും സംഘടനകളും നിരവധി മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നേരത്തെ സൂചിപ്പിച്ച ലാഭക്കൊതിയാണ്‌ ആതിരേ, ഇതെല്ലാം തട്ടിത്തെറിപ്പിച്ച്‌ അവയ്ക്കു പിന്നിലെ സാമൂഹിക ബോധത്തെപ്പോലും തെരുവോരത്തെ കുപ്പത്തൊട്ടിയില്‍ അഴുകി നാറാന്‍ വിധിച്ചിരിക്കുകയാണ്‌ . വിളപ്പില്‍ശാല അടക്കമുള്ള കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജന കേന്ദ്രങ്ങള്‍ നേരിടുന്ന പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കണ്ടെത്താന്‍ മുന്നോട്ട്‌ വച്ച ബൃഹത്തായതും അതേസമയം ചെലവ്‌ തീരെ കുറഞ്ഞതുമായ ഒരു പദ്ധതിക്ക്‌ പാരവച്ചത്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഭരണപരമായ ഉത്തരവാദിത്തമായി നിക്ഷിപ്തമായിരിക്കുന്ന മന്ത്രി മഞ്ഞളാംകുഴി അലിയും, അലിയുടെ നേതാവ്‌ കുഞ്ഞാലിക്കുട്ടിയും പാറശാല എംഎല്‍എ എ.ടി.ജോര്‍ജും ഒരു ആള്‍ദൈവവും അടങ്ങിയ ഗൂഢസംഘമാണ്‌. സംസ്ഥാനത്തെ തുറന്ന ജയിലായ തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരിയില്‍ ജയിലിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ്‌ സ്ഥാപിക്കാമെന്ന ഏറ്റവും ക്രിയാത്മകമായ നിര്‍ദ്ദേശത്തെയാണ്‌ ഈ ഭരണകക്ഷി കൃമികള്‍ അട്ടിമറിച്ചത്‌. കൃമികളാണല്ലോ മാരകരോഗങ്ങള്‍ വരുത്തുന്നതും വ്യാപകമാക്കുന്നതും. തലസ്ഥാനത്ത്‌ നിന്ന്‌ അകന്ന്‌ സര്‍ക്കാര്‍ ഉടമസ്ഥയില്‍ ജനവാസമില്ലാതെ കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഭൂമിയാണ്‌ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റേത്‌. ഈ സ്ഥലം മുഴുവന്‍ ജയിലിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമില്ല. അതുകൊണ്ട്‌ ഇവിടെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ്‌ നിര്‍മ്മിക്കാമെന്നും അങ്ങനെ ചെയ്താല്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളോ എതിര്‍പ്പോ ഉണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബാണ്‌ പദ്ധതി സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. ഡിജിപി ജേക്കബ്‌ പുന്നൂസ്‌ വഴി സമര്‍പ്പിച്ച ഈ പദ്ധതി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതാണ്‌. പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടറിയാന്‍ ജയില്‍ എഡിജിപിയെ മന്ത്രിസഭാ യോഗത്തിലേക്ക്‌ പ്രത്യേകം വിളിച്ചു വരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ വിവരണം കേട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ യോഗത്തില്‍ വച്ചു തന്നെ അദ്ദേഹത്തെ അഭിനന്ദിക്കുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തതാണ്‌. ഇത്രയും ആയപ്പോഴാണ്‌ ആതിരേ,മഞ്ഞളാംകുഴി അലിയും എ.ടി.ജോര്‍ജും പ്രാദേശിക ആള്‍ ദൈവവും പാരയുമായി എത്തിയത്‌. പദ്ധതിയെ എതിര്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ വക ഭൂമി സ്വന്തം പേരില്‍ പതിച്ചു നല്‍കണമെന്നായിരുന്നു എംഎല്‍എ എ.ടി.ജോര്‍ജിന്റെ ആവശ്യം. തനിക്ക്‌ ആശ്രമം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ വക 10 ഏക്കര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക്‌ പാട്ടത്തിന്‌ നല്‍കണമെന്നതായിരുന്നു ആള്‍ ദൈവത്തിന്റെ ഡിമാന്റ്‌. ഇല്ലെങ്കില്‍ നെട്ടുകാല്‍ത്തേരിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിനെതിരെ ജനകീയ സമരം ഇളക്കിവിടും എന്നാണ്‌ ഇവര്‍ ഭീഷണിമുഴക്കിയത്‌. തിരുവനന്തപുരം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ ജൈവമാലിന്യങ്ങളും ഇവിടെ സംസ്കരിച്ച്‌ വളമാക്കി മാറ്റാവുന്നതായിരുന്നു പദ്ധതി. അതിനുള്ള സ്ഥല സൗകര്യം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നെട്ടുകാല്‍ത്തേരിയില്‍ ഉണ്ടായിരുന്നിട്ടും ആ പദ്ധതി നടപ്പിലാക്കാതിരുന്നത്‌ എംഎല്‍എയുടെയോ ആള്‍ ദൈവത്തിന്റെയോ ഭീഷണി കൊണ്ടു മാത്രമായിരുന്നില്ല. മറിച്ച്‌, മാലിന്യസംസ്കരണത്തിന്റെയും അതിനുവേണ്ട പ്ലാന്റുകളുടെ നിര്‍മ്മാണത്തിന്റെയും പേരില്‍ കോടികള്‍ അടിച്ചു മാറ്റാന്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരം നഷ്ടമാകുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഈ പദ്ധതി ഭരണമുന്നണി കൃമികള്‍ അട്ടിമറിച്ചത്‌. മലത്തിലെ അരി തിരയുന്നവനെക്കാള്‍ നീചരും നിന്ദ്യരും സമൂഹവിരുദ്ധരും ലാഭക്കൊതിയന്മാരുമാണ്‌ കുഞ്ഞാലിക്കുട്ടിയും മഞ്ഞളാംകുഴി അലിയും എ.ടി.ജോര്‍ജും അടങ്ങുന്ന രാഷ്ട്രീയ നേതാക്കളും ഭരണകൂടവും അവരെ സംരക്ഷിക്കുന്ന ഭരണ സംവിധാനവും. ഈ സംവിധാനം തകര്‍ക്കാത്ത കാലത്തോലം മാലിന്യത്തില്‍ നിന്നുപോലും കേരളത്തിന്‌ മുക്തിയുണ്ടാവുകയില്ല. ചീഞ്ഞ്‌ നാറുന്ന പരിസരങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച്‌ വലഞ്ഞ്‌ വലഞ്ഞ്‌ ഒടുങ്ങാനാണ്‌, ആതിരേ, കേരളീയന്റെ വിധി.