Monday, September 28, 2009

സൈമണ്‍ ബ്രിട്ടോ: സമഷ്ടിബോധത്തിന്റെ ഹരിതസ്പര്‍ശം


ഞാവലും വേങ്ങയും കരിനൊച്ചിയും പൂവരശും തണലിട്ടുനില്‍ക്കുന്ന 'കലവറ'-സൈമണ്‍ ബ്രിട്ടോയുടെ ഭവനം.
ബ്രിട്ടോയിലെ പ്രകൃതിസ്നേഹത്തിന്റേയും മാനവിക കാഴ്ചപ്പാടുകളുടേയും തണലാണ്‌ ഇവിടെ കുളിരേകുന്നത്‌.
കാമ്പസ്‌ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയായും മാര്‍ക്സിസ്റ്റ്‌ എം.എല്‍.എയായും എഴുത്തുകാരനായുമൊക്കെ അറിയപ്പെടുന്ന ബ്രിട്ടോയ്ക്ക്‌ പക്ഷേ, അറിയപ്പെടാത്ത പ്രകൃതിസ്നേഹത്തിന്റെ പച്ചവും അതിലൂന്നിയ ഒരു മാനവിക വീക്ഷണവുമുണ്ട്‌.
പ്രകൃതിസ്നേഹം ഇന്ന്‌ ഒരു ഫാഷനായി കൊണ്ടുനടക്കുന്നവര്‍ക്കിടയിലാണ്‌, നിശ്ശബ്ദനായി ബ്രിട്ടോ തന്റെ മാനവിക വീക്ഷണത്തിന്‌ തണലേകന്‍ പ്രകൃതിയോടൊത്ത്‌ ചരിക്കുന്നതും തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും.
ഇന്നത്തെ ഒരു കമ്യൂണിസ്റ്റുകാരനില്‍ കാണാന്‍ കഴിയാത്ത പ്രാപഞ്ചിക വീക്ഷണത്തിന്റെ പച്ചപ്പുകളാണ്‌ ഈ ദിശയിലുള്ള ബ്രിട്ടോയുടെ പ്രവര്‍ത്തന മേഖലകളില്‍ ചില്ലവീശിനില്‍ക്കുന്നത്‌.
ഈ വീക്ഷണത്തിലേയ്ക്ക്‌ ബ്രിട്ടോയെ കൊണ്ടുവന്നത്‌ സാക്ഷാല്‍ കാറല്‍ മാര്‍ക്സ്‌ തന്നെയാണ്‌. മാര്‍ക്സിന്റെ ആദ്യകാല രചനകളില്‍ ഒന്ന്‌ ബ്രിട്ടനിലെ വിറക്‌ കച്ചവടത്തെക്കുറിച്ചായിരുന്നു. ഗാര്‍ഹിക ഇന്ധനാവശ്യത്തിനായി എടുക്കുന്ന വിറകിലൂടെ ചൂഷണത്തിന്റേയും മുതലാളിത്ത താല്‍പര്യങ്ങളുടേയും രൂപകമാണ്‌ മാര്‍ക്സ്‌ വെളിപ്പെടുത്തിയത്‌. (ഈ ലേഖനം വായിച്ചിട്ടുള്ള മാര്‍ക്സ്റ്റുകാര്‍ എത്രപേരുണ്ടാകും..?) മാര്‍ക്സ്‌ വിഭാവനം ചെയ്ത സമഷ്ടിബോധവുമായി പ്രകൃതി പരിപാലനത്തിനുള്ള പങ്കാണ്‌ ബ്രിട്ടോ നട്ടുനനച്ച്‌ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്‌..
വനം ഇന്ന്‌ ചൂഷണത്തിനുള്ള ഏറ്റവും വ്യാപകവും 'ലളിത'വുമായ സ്രോതസാണ്‌. വനനശീകരണത്തിലൂടെ സമ്പത്ത്‌ സമാഹാരണമാണ്‌ ചൂഷകരുടെ ലക്ഷ്യം. വനം നഷ്ടമാകുന്നത്‌ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന കേവല സത്യത്തിനപ്പുറം വനവുമായി ബന്ധപ്പെടുത്തി പുരോഗതിയുടേയും ഏകീകരണത്തിന്റേയും സഹകരണത്തിന്റെയും തണലുകള്‍ കണ്ടെത്താനാണ്‌ ബ്രിട്ടോയുടെ ശ്രമം. അതുകൊണ്ടാണ്‌ ബ്രിട്ടോയുടെ വനസംരക്ഷണ ദൗത്യങ്ങള്‍ സ്ഥാപിത പ്രകൃതിസ്നേഹത്തില്‍നിന്ന്‌, പ്രകൃതിസ്നേഹികളുടെ ആഘോഷംനിറഞ്ഞ നടപടികളില്‍നിന്ന്‌ വ്യത്യസ്തമാകുന്നത്‌.
മരങ്ങളാണ്‌ മനുഷ്യവികാസത്തിനും നിലനില്‍പിനും അടിസ്ഥാന ഘടകം. നിലനില്‍പ്‌ എന്നു പറയുമ്പോള്‍ അതില്‍ അതിജീവന പ്രക്രിയയുമുണ്ട്‌. ഈ പ്രക്രിയയ്ക്ക്‌ ആദിമ മനുഷ്യന്‍ ആശ്രയിച്ചിരുന്നത്‌ വനത്തേയും വനവിഭവങ്ങളേയുമായിരുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഇവ സ്വായത്തമാക്കുന്നത്‌ അപരന്‌ അപകടമായിത്തീരുന്നില്ല. എന്നാല്‍, മൂലധന സമാഹരണത്തിന്റെ ലക്ഷ്യത്തിലൂടെ വനവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നിടത്താണ്‌ മനുഷ്യവര്‍ഗ്ഗത്തോടുള്ള ശാപകരമായ സമീപനവും നശീകരണരീതികളും ഉരുവംകൊള്ളുന്നത്‌. സാര്‍വത്രികമായ ചൂഷണത്തിന്റെ പ്രോട്ടോടൈപ്പായിട്ട്‌ വനനശീകരണത്തെ സമീകരിക്കുമ്പോഴാണ്‌ ബ്രിട്ടോയുടെ മാനവിക വീക്ഷണത്തിന്‌ പുതിയ വേരുകളും ശാഖകളും തണലിടങ്ങളും ഉണ്ടാകുന്നത്‌. വനനശീകരണം കേവലമായ പ്രകൃരിനാശമായിട്ടല്ല, മറിച്ച്‌ മുതലാളിത്ത വ്യവസ്ഥിതിയിലൂന്നിയ ചൂഷണത്തിന്റെ ആദ്യപടിയായിട്ടാണ്‌ ബ്രിട്ടോ വിലയിരുത്തുന്നത്‌. ചൂഷണത്തിനെതിരായുള്ള പോരാട്ടം അതുകൊണ്ടുതന്നെ വനസംരക്ഷണത്തിലൂടെയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്തനിലൂടെയും വേറിട്ടൊരു ഭൂമികയില്‍ പ്രതിഷ്ഠിക്കുകയാണ്‌ ബ്രിടോ. ഒരു പ്രകൃതിസ്നേഹിയിലും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഈ തിരിച്ചറിവാണ്‌ ബ്രിട്ടോ എന്ന കമ്യൂണിസ്റ്റുകാരനെ പ്രകൃതിസ്നേഹിയാക്കി മാറ്റിയത്‌.
കാമ്പസ്‌ രാഷ്ട്രീയത്തിന്റെ ദുരന്തം ഏറ്റുവാങ്ങി കട്ടിലില്‍ തളര്‍ന്നുകിടക്കുമ്പോഴും, വീല്‍ചെയറില്‍ സഞ്ചരിക്കുമ്പോഴും ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ പുന:സ്ഥാപനത്തിന്‌ വൃക്ഷഛായ നല്‍കുകയാണ്‌ എല്ലായിപ്പോഴും ബ്രിട്ടോയുടെ മനസ്സ്‌. ഈ മനസ്സിന്റെ വിവര്‍ത്തനങ്ങളാണ്‌ 'പ്രാണനുവേണ്ടി ഒരു മരം' എന്ന നവീന വനപുന:സ്ഥാപന പദ്ധതി. മരങ്ങള്‍ നശിക്കുമ്പോള്‍ ഇല്ലാതാകുന്നത്‌ പ്രകൃതിയുടെ സന്തുലിതാവസ്ഥയാണെന്ന സാമാന്യവീക്ഷണത്തില്‍നിന്ന്‌ ഉയര്‍ന്ന്‌ നഷ്ടമാകുന്നത്‌ പ്രാണവായുവാണെന്ന തിരിച്ചറിവാണ്‌ ബ്രിട്ടോയെ വേറിട്ട ഒരു പ്രകൃതിസ്നഹിയാക്കി മാറ്റിയത്‌. പ്രാണവായുരഹിതമായ ഒരു അന്തരീക്ഷത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോഴാണ്‌ മൂലധന സമാഹരണത്തിന്റെ കോടാലികള്‍ വെട്ടിവീഴ്ത്തുന്ന ശാന്തിയെക്കുറിച്ച്‌ വേവലാതിപ്പെടാന്‍ കഴിയുക. അപ്പോഴാണ്‌ ചൂഷണത്തിന്റെ രൂക്ഷത മനസ്സിലാക്കാന്‍ സാധിക്കുക.(തുടരും)

Friday, September 25, 2009

അമ്പിളിയമ്മാവന്റെ താമരക്കുമ്പിളില്‍" സ്പര്‍ശിച്ച ശാസ്ത്ര മികവ്‌


"അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്‌" എന്ന ശൈശവ കൗതുകത്തിന്‌ ആതിരേ, ഇന്ത്യയുടെ മറുപടി.
"ജലം തന്നെ"
ഈ കണ്ടത്തലിലൂടെ, ഖഗോള ശാസ്ത്ര രംഗത്ത്‌ വിശ്വത്തിനാകെ വഴികാട്ടികളായിരുന്ന ആര്യഭട്ടന്റെയും ഭാസ്കരാചാര്യരുടെയും പാത പിന്തുടര്‍ന്ന്‌ മലയാളിയായ ജി. മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ലോകത്തിന്‌ മറ്റൊരു നേട്ടവും മാതൃകയുമായിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പേടകമായ ചാന്ദ്രയാന്‍ -1 കണ്ടെത്തിയ ചന്ദ്രനിലെ ജലസാന്നിധ്യം അങ്ങനെ 110 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനമാകുകയാണ്‌. ബഹിരാകാശ ഗവേഷണ മേഖലയിലും ഇന്ത്യ ആരുടെയും പിന്നിലല്ല മറിച്ച്‌ അമേരിക്ക ഉള്‍പ്പെടെയുള്ള ഈ രംഗത്തെ വികസിത രാഷ്ട്രങ്ങളുടെ മുന്നിലാണ്‌ പറക്കുന്നതെന്നും ഈ നേട്ടം വ്യക്തമാക്കുന്നു.
പത്തുമാസം പ്രവര്‍ത്തിച്ച ശേഷം കഴിഞ്ഞ ഓഗസ്റ്റ്‌ 30ന്‌ പ്രവര്‍ത്തനം നിലച്ചെങ്കിലും ചാന്ദ്രയാന്‍-1 നല്‍കിയ അമൂല്യമായ അറിവ്‌ എക്കാലത്തേക്കും ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന്‌ അഭിമാനത്തോടെ ആഘോഷിക്കാവുന്നതാണ്‌ ആതിരേ. 1969ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ ശേഷം നടത്തിയ ഏറ്റവും മഹത്തരമായ ചാന്ദ്ര പര്യവേഷണവും അതിന്റെ കണ്ടെത്തലുമായിരുന്നു ചാന്ദ്ര ജലസാന്നിധ്യം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി (നാസ)യുടെ പേ ലോഡുകളില്‍ (പരീക്ഷണോപകരണം) ഒന്നായ മൂണ്‍ മിനറോളജി മാപ്പ്‌ (എം3) ആണ്‌ ശാസ്ത്രത്തിന്റെ പുതിയ കുതിച്ചു ചാട്ടമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചാന്ദ്രജല സാന്നിധ്യത്തെക്കുറിച്ചുള്ള പ്രധാന വിവരം നല്‍കിയത്‌. ഹൈഡ്രജനും ഓക്സിജനും ചന്ദ്രനിലുണ്ട്‌ എന്ന്‌ തെളിയിക്കുന്ന ഈ അറിവ്‌ വരുംകാല ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിദൂര ബഹിരാകാശ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനയാത്രക്കുള്ള ഇടത്താവളമാക്കി ചന്ദ്രനെ മാറ്റാനുള്ള സാധ്യതയാണ്‌ ഇതിലൂടെ ശാസ്ത്രത്തിന്‌ വെച്ചു നീട്ടപ്പെട്ടിരിക്കുന്നത്‌.
അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ മുഖ്യ ഗവേഷകന്‍ ആല്‍ബര്‍ട്ടോ സാല്‍ 2008ല്‍ നടത്തിയ പഠനത്തിലാണ്‌ ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചത്‌. സാലിന്റെ ഈ കണ്ടെത്തലിന്റെ അല്ലെങ്കില്‍ പ്രതീക്ഷയുടെ സ്ഥിരീകരണമാണ്‌ ചാന്ദ്രയാന്‍ -1 നിര്‍വഹിച്ചിരിക്കുന്നത്‌.
ഇതിനുമുമ്പ്‌ ചന്ദ്രന്റെ നിയന്ത്രിതമായ ഭാഗങ്ങള്‍ മാത്രമാണ്‌ പഠനവിധേയമാക്കാന്‍ അമേരിക്കക്കുപോലും കഴിഞ്ഞിരുന്നത്‌. എന്നാല്‍, ചാന്ദ്രയാന്‍ -1 ലെ പേലോഡുകള്‍ ചന്ദ്രോപരിതലത്തിന്റെ 97 ശതമാനം ഭാഗം പഠനവിധേയമാക്കിയപ്പോഴാണ്‌ മാനവരാശിക്ക്‌ തന്നെ പ്രതീക്ഷയുടെ സ്നേഹജല സ്പര്‍ശമായ കണ്ടെത്തലുണ്ടായത്‌. ഇത്‌ ചരിത്രപരമായ നേട്ടമാണ്‌. ചാന്ദ്രയാന്‍ -1 വിക്ഷേപിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തില്‍ ത്രിവര്‍ണ ഛായയുമായി പരീക്ഷണാര്‍ത്ഥം പതിപ്പിച്ച മൂണ്‍ ഇംപാക്റ്റ്‌ പ്രോബില്‍ ചന്ദ്രനില്‍ അന്തരീക്ഷമുണ്ടോ എന്ന്‌ പഠിക്കാന്‍ ഉപകരിക്കുന്ന മാസ്‌ സ്പെക്ട്രോ മീറ്റര്‍ ഘടിപ്പിച്ചിരുന്നു. അതില്‍ നിന്നുള്ള സൂചനകളും കൂടി വിലയിരുത്തിയപ്പോഴാണ്‌ ചാന്ദ്രജലത്തെ കുറിച്ച്‌ നാസയ്ക്ക്‌ സംശയരഹിതമായി പ്രഖ്യാപനം നടത്താന്‍ സഹായകമായത്‌.
ഈ നേട്ടത്തില്‍ ആതിരേ, ഐഎസ്‌ആര്‍ഒയ്ക്ക്‌ അഭിമാനിക്കാവുന്ന മികവായിരുന്നു മലയാളി സാന്നിധ്യങ്ങള്‍. ഇപ്പോള്‍ ദേശീയ ആസൂത്രണ കമ്മീഷന്‍ അംഗവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസിന്റെ ഡയറക്ടറും രാജ്യസഭാംഗവുമായ ഡോ. കെ. കസ്തൂരി രംഗന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ്‌ ഇന്ത്യയുടെ ചാന്ദ്രയാത്രാ ദൗത്യത്തിന്‌ തുടക്കം കുറിച്ചത്‌. എറണാകുളം ജില്ലക്കാരനാണ്‌ ഡോ. കസ്തൂരി രംഗന്‍. ചാന്ദ്രയാന്‍ -1 പദ്ധതി സാക്ഷാത്കരിക്കപ്പെടുമ്പോഴും ജലസാന്നിധ്യം പോലുള്ള സുപ്രധാന നേട്ടം വരുമ്പോഴും ബഹിരാകാശ ഗവേഷണത്തിന്റെ അമരത്തുള്ളവര്‍ മലയാളികളാണ്‌ എന്നത്‌ നമുക്ക്‌ ഏറെ രോമാഞ്ചം നല്‍കുന്ന വാസ്തവമാണ്‌.
ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍, കേന്ദ്ര ബഹിരാകാശ വകുപ്പ്‌ സെക്രട്ടറി, സ്പേസ്‌ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ തിരുവനന്തപുരം സ്വദേശി ജി. മാധവന്‍ നായരും ഐഎസ്‌ആര്‍ഒയുടെ സാറ്റ്ലൈറ്റ്‌ സെന്റര്‍ ഡയറക്ടറും ചാന്ദ്രയാന്‍ മിഷന്‍ മാനേജ്മെന്റ്‌ ചെയര്‍മാനുമായ പത്തനം തിട്ട സ്വദേശി ഡോ. ടി.കെ അലക്സും ചാന്ദ്രയാന്റെ പ്രാരംഭ ആലോചനകള്‍ നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമിതിയുടെ ചെയര്‍മാനും ഡെറാഡൂണിലെ ഐഎസ്‌ആര്‍ഒ സെന്റര്‍ ഫോര്‍ സ്പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി ഇന്‍ ഏഷ്യ ആന്‍ഡ്‌ ദ്‌ പസഫിക്കിന്റെ ഡയറക്ടറും ചെങ്ങന്നൂര്‍ സ്വദേശിയുമായ ഡോ. ജോര്‍ജ്‌ ജോസഫ്‌, തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. രാധാകൃഷ്ണന്‍, ശ്രീഹരി കോട്ടയിലെ 'ഷാര്‍' സെന്റര്‍ ഡയറക്ടര്‍ എം.സി ദത്തന്‍, എല്‍പിഎസ്ഡി ഡയറക്ടര്‍ എ.കെ.ജി നായര്‍, പിഎസ്‌എല്‍വി മിഷന്‍ ഡയറക്ടര്‍ ജോര്‍ജ്‌ കോശി, ചാന്ദ്രയാന്‍ വെഹിക്കിള്‍ ഡയറക്ടറായിരുന്ന വേണുഗോപാല്‍, സ്പേസ്‌ അസ്ട്രോണമി ഡിവിഷന്‍ മേധാവി ഡോ. പി. ശ്രീകുമാര്‍, ഐഎസ്‌ആര്‍ഒ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ഡയറക്ടറായിരുന്ന ജേക്കബ്‌ നൈനാന്‍, ചാന്ദ്രയാന്‍ മെക്കാനിക്കല്‍ സിസ്റ്റംസിന്റെ ചുമതലക്കാരന്‍ ഡോ. പി.എസ്‌ നായര്‍ തുടങ്ങി ഈ ദൗത്യത്തിന്‌ പിന്നില്‍ കഠിന തപസ്സനുഷ്ടിച്ച മലയാളികള്‍ നിരവധിയാണ്‌. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച്‌ ലാബോറട്ടറിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ പ്രഫസര്‍ ജെ.എന്‍ ഗോസ്വാമിയുടെ പങ്കും പ്രത്യേകം എടത്തുപറയേണ്ടതാണ്‌.
ലോകത്തിനു തന്നെ മാതൃകയാകുകയാണ്‌ അങ്ങനെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗം. കാലാവസ്ഥ പ്രവചനം, തീരദേശ പഠനം, മത്സ്യ സമ്പത്ത്‌ കണ്ടെത്തല്‍ തുടങ്ങിയ ദൗത്യങ്ങളുമായി സെപ്റ്റംബര്‍ 23-ാ‍ം ബുധനാഴ്ച ഓഷ്യന്‍ സാറ്റ്‌ - 2 ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ചുകൊണ്ട്‌ ഈ രംഗത്തെ മികവിന്‌ മറ്റൊരു പൊന്‍തൂവല്‍ കൂടി ഇന്ത്യ നേടി.
ക്രാന്തദര്‍ശികളായ നിരവധി ശാസ്ത്രജ്ഞന്മാരുടെ നിസ്വാര്‍ത്ഥ സേവനങ്ങളുടെയും സമര്‍പ്പിത ദൗത്യ നിര്‍വഹണത്തിന്റെയും നേട്ടമാണ്‌ ഇതെല്ലാം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും ഈ നേട്ടത്തിനു വേണ്ടി അഹോരാത്രം അധ്വാനിച്ച ശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ്‌. മുകളില്‍ പേര്‌ പറഞ്ഞവരെ കൂടാതെ ആയിരക്കണക്കിന്‌ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധരും ഒരേ മനസ്സോടെ ലക്ഷ്യത്തോടെ നിസ്വാര്‍ത്ഥമായി അധ്വാനിച്ചതിന്റെ നേട്ടങ്ങളാണ്‌ ഇവയെല്ലാം. വിഭാഗീയതയും സാമുദായിക വൈരവും ആളിക്കത്തിച്ച്‌ അധികാരത്തില്‍ തുടരുന്ന രാഷ്ട്രീയ നേതാക്കരുടെ ശുഷ്കവും ഹ്രസ്വവുമായ വീക്ഷണങ്ങളെയും താല്‍പര്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ്‌ ബഹിരാകാശ ഗവേഷണരംഗത്ത്‌ ഇന്ത്യ ആര്‍ക്കും വെട്ടിപ്പിക്കാനാവാത്ത നേട്ടങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ളതെന്നോര്‍ക്കണം.
ടെലിസ്കോപ്പ്‌ പോലും കണ്ടുപിടിക്കുന്നതിന്‌ മുമ്പ്‌ ചന്ദ്രന്‍ അടക്കമുള്ള ഗ്രഹങ്ങളിലെ ജലസാന്നിധ്യത്തെ കുറിച്ച്‌ ശാസ്ത്രീയമായി തന്നെ നിഗമനങ്ങളിലെത്തിയ ഇന്ത്യയുടെ പൂര്‍വസൂരികളായ ജ്യോതി ശാസ്ത്രജ്ഞന്മാരുടെ മികവിലേയ്ക്ക്‌ ഉയരുകയാണ്‌ ആതിരേ, ഐഎസ്‌ആര്‍ഒയും അതിലെ ശാസ്ത്രജ്ഞന്മാരും. ഗ്രഹനിരീക്ഷണത്തിന്റെ സമാനതകളില്ലാത്ത ഭാരതപാരമ്പര്യത്തിന്റെ വര്‍ത്തമാനകാല വിജയമാണ്‌ ചാന്ദ്രജലത്തെ കുറിച്ച്‌ ഇപ്പോള്‍ ലഭിച്ചിട്ടുള്ള അറിവുകള്‍.
ശീതയുദ്ധകാലത്താണ്‌ ചാന്ദ്രദൗത്യം കൊഴുത്തതെന്ന് അറിയാമല്ലോ. രണ്ടാംലോക മഹായുദ്ധത്തോടെ ആയുധങ്ങള്‍ കൊണ്ടുള്ള കണക്കുതീര്‍ക്കല്‍ അമേരിക്കയും സോവിയറ്റ്‌ റഷ്യയും അവസാനിപ്പിച്ച്‌ മസ്തിഷ്കങ്ങള്‍ കൊണ്ടുള്ള യുദ്ധത്തിന്‌ തുടക്കമിട്ടപ്പോഴാണ്‌ ആതിരേ, ആകാശ കവാടങ്ങള്‍ തുറന്നുകൊണ്ടുള്ള യാത്രകളും പരീക്ഷണങ്ങളും ആരംഭിച്ചത്‌.
ഭൂമിയുടെ ഭ്രമണപഥത്തിലേയ്ക്ക്‌ ആദ്യ മനുഷ്യനിര്‍മിതമായ സ്ഫുട്നിക്‌ - 1, 1957 ഒക്ടോബര്‍ 4ന്‌ വിക്ഷേപിച്ച്‌ ബഹിരാകാശ ഗവേഷണ പഠന ശാഖക്ക്‌ സോവിയറ്റ്‌ യൂണിയന്‍ ചരിത്ര പരമായ തുടക്കം കുറിച്ചു. ഒരുമാസത്തിനുള്ളില്‍ ബഹിരാകാശത്തേയ്ക്ക്‌ ലെയ്ക്ക എന്ന നായയെ അയച്ച്‌ മറ്റൊരു നേട്ടവും സോവിയറ്റ്‌ യൂണിയന്‍ കൈവരിച്ചു. പിന്നീട്‌ യൂറി ഗഗാറിനെ ബഹിരാകാശത്തേക്കയച്ച്‌ വന്‍ കുതിപ്പും നടത്തി. 1959 സെപ്റ്റംബര്‍ 12ന്‌ ലൂണ -2 എന്ന ബഹിരാകാശ പേടകം ചന്ദ്രനില്‍ ഇടിച്ചിറക്കി ഈ മേഖലയിലെ തങ്ങളുടെ മേല്‍കൈ സോവിയറ്റ്‌ യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍, മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നത്‌ അമേരിക്കയുടെ ദേശീയ ദൗത്യമായി 1961 മെയ്‌ 25ന്‌ അന്നത്തെ പ്രസിഡന്റ്‌ ജോണ്‍ എഫ്‌ കെന്നഡി പ്രഖ്യാപിച്ചതോടെ ഈ മേഖലയില്‍ സോവിയറ്റ്‌ യൂണിയനുമായുള്ള അമേരിക്കയുടെ മത്സരം മുറുകകയായിരുന്നു. 1969 ജൂലൈ 20ന്‌ നീല്‍ ആംസ്ട്രോംഗിനെ ചന്ദ്രനിലെത്തിച്ച്‌ മാനവരാശിക്ക്‌ വന്‍ കുതിച്ചുചാട്ടം അമേരിക്ക സംഭാവന ചെയ്തു. തുടര്‍ന്ന്‌ ചന്ദ്രയാത്രകളുടെ ഒഴുക്കാണ്‌ കണ്ടത്‌. 1972 ഡിസംബര്‍ 7ന്‌ അപ്പോളോ - 17ന്റെ ഹാരിസണ്‍സ്മിത്ത്‌, യൂജിന്‍ സര്‍നാല്‍ എന്നിവര്‍ ചന്ദ്രനില്‍ എത്തി. പിന്നീട്‌ 37 വര്‍ഷം നീണ്ട നിശ്ചലാവസ്ഥയായിരുന്നു.
ഈ നിശ്ചലാവസ്ഥയെ ഭേദിച്ചുകൊണ്ടും ബഹിരാകാശ ഗവേഷണ രംഗത്ത്‌ അമേരിക്കയും സോവിയറ്റ്‌ യൂണിയനും ചൈനയും ഫ്രാന്‍സുമൊക്കെ കൈയടക്കിയ സ്ഥാനങ്ങള്‍ നിഷ്പ്രഭമാക്കിയുമാണ്‌ ഇന്ത്യയുടെ ബഹിരാകാശ ഗവേഷക സംഘം മാനവരാശിയുടെ പ്രതീക്ഷയില്‍ പുതിയൊരു 'ജലസ്പര്‍ശം' സൃഷ്ടിച്ചിരിക്കുന്നത്‌. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സമര്‍പ്പിത ചേതസുകളെയും അഭിനന്ദിക്കുന്നതിനോടൊപ്പം സമാനതകളില്ലാത്ത ഇന്ത്യയുടെ ഈ നേട്ടങ്ങള്‍ ശുഷ്കമായ രാഷ്‌ര്‍ടീയ ലക്ഷ്യങ്ങളോടെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക്‌ അടിയറവെയ്ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്തെ അപലപിക്കാനും ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ.

Thursday, September 24, 2009

കലാവതി ബായി ബന്ദൂര്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍

കലാവതി ബായി ബന്ദൂര്‍ വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ്‌ ആതിരേ. മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക്‌ യവത്മാള്‍ ജില്ലയിലെ വാണി നിയോജകമണ്ഡലത്തില്‍ നിന്ന്‌ വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയാറായതോടെയാണ്‌ വിധവയായ ഈ 48 കാരി വാര്‍ത്തകളില്‍ നിറയുന്നത്‌.
കടക്കെണികൊണ്ട്‌ വിദര്‍ഭയില്‍ ജീവനൊടുക്കിയ 7000 ഓളം കര്‍ഷകരുടെ, അവരുടെ നീരാലംബ കുടുംബങ്ങളുടെ പ്രതീകമായിട്ടാണ്‌ കലാവതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. 2005 ഡിസംബര്‍ 23ന്‌ കടക്കെണി മൂലം ജീവനൊടുക്കിയ പരശുറാം ബന്ദൂറിന്റെ ഭാര്യയാണ്‌ കലാവതി.(ശ്രദ്ധിച്ചു കാണും കലാവതി മത്സരിക്കുന്നില്ലെന്ന വാര്‍ത്ത പ്രചരിപ്പിച്ചതും, ഞാന്‍ മത്സരിക്കുമെന്ന്‌ കലാവതി നിശ്ചയദാര്‍ഢ്യത്തോടെ ആവര്‍ത്തിച്ചതും)
ആദ്യമായി കലാവതിയെ വാര്‍ത്തകളിലെത്തിച്ചത്‌ എഐസിസി ജനറല്‍ സെക്രട്ടറി രാഹുലായിരുന്നു. പാര്‍ലമെന്റില്‍ ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. 9 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നിട്ടും കടക്കെണി മൂലം ആത്മഹത്യ ചെയ്യാന്‍ വിധിക്കപ്പെട്ട പരശുറാം ബന്ദൂറിന്റെ വിധവയായ കലാവതിയെ പോലെയുള്ളവരുടെ ജീവിതത്തില്‍ എങ്ങനെ ആണവോര്‍ജ്ജം പ്രകാശമാകുമെന്ന്‌ സ്ഥാപിക്കാനാണ്‌ രാഹുല്‍ ശ്രമിച്ചത്‌. വിദര്‍ഭ സന്ദര്‍ശന വേളയില്‍ രാഹുല്‍ കണ്ട കലാവതിയെയും ശശികലയെയും അവതരിപ്പിച്ചുകൊണ്ടായിരുന്നു ആണവ കരാറിനുവേണ്ടി രാഹുല്‍ വാദിച്ചത്‌.
കലാവതിയുടേയും ശശികലയുടേയും നൊമ്പരം രാഹുലിന്റെ വാക്കുകളിലൂടെ ഇന്ത്യ ശ്രവിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ കലാവതിയെ തേടിയെത്തിയപ്പോഴാണ്‌ ആ വിവരം അവര്‍ അറിയുന്നത്‌. വൈദ്യുതി ഇല്ലാത്ത, റേഡിയോ ഇല്ലാത്ത ഇന്ത്യയിലെ ഇരുണ്ട ഗ്രാമങ്ങളിലൊന്നായിരുന്നു അതുവരെ ജല്‍ക്ക . രാഹുലിന്റെ സന്ദര്‍ശനത്തോടെ വെള്ളവും വൈദ്യുതിയും ടിവിയും മൊബെയില്‍ ഫോണും എത്തിയെങ്കിലും( എന്തൊരു വലിയ വഞ്ചന..!) ജല്‍ക്കയിലെയുംവിദര്‍ഭയിലെയും പൊതു അവസ്ഥകള്‍ക്ക്‌ ഇനിയും മാറ്റമുണ്ടായിട്ടില്ല. കാര്‍ഷിക കടം എഴുതി തള്ളാന്‍ കോടികളാണ്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്‌.എങ്കിലും നെറികെട്ട രാഷ്ട്രീയക്കാരുടെ പോക്കറ്റിലേയ്ക്കാണ്‌ ഈ പണമെല്ലാം ഒഴുകുന്നതെന്ന്‌ കലാവതിയും ശശികലയും അടക്കമുള്ളവര്‍ ഒരേസ്വരത്തില്‍ പറയുന്നു.അതുകൊണ്ട്‌ ഈ അഴിമതിക്കെതിരായും വിദര്‍ഭയിലെ കര്‍ഷകരുടെ ജീവിതാവസ്ഥയ്ക്ക്‌ മാറ്റം വരുത്താനുമാണ്‌ കലാവതി ഇത്തവണ നിയമസഭയിലേയ്ക്ക്‌ മത്സരിക്കുന്നത്‌.
( കൊള്ളാം കുഞ്ഞേ നിന്നിഷ്ടം; ഇല്ല തരില്ല നെയ്യപ്പം
..........
അയ്യോ കാക്കേ പറ്റിച്ചോ)
എന്നാല്‍, കലാവതിയേയും ശശികലയേയും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ദരിദ്ര ഗ്രാമീണരുടെ ജീവിതത്തില്‍ വെളിച്ചം പരക്കണമെങ്കില്‍ ആണവ കരാറില്‍ ഒപ്പിടണമെന്ന്‌ രാഹുല്‍ വാദിച്ചപ്പോള്‍ ഒരു വലിയ വഞ്ചനയാണ്‌ മൂടിവെയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചത്‌.ആതിരേ, ആ വഞ്ചനയെ കുറിച്ച്‌ പ്രതിഷേധത്തോടെ ഓര്‍മ്മിക്കാന്‍ കലാവതിയുടെ സ്ഥാനാര്‍ത്ഥിത്വം ഇപ്പോള്‍ ഒരവസരം നല്‍കുകയാണ്‌.
മഹാരാഷ്ട്രയിലെ വിദര്‍ഭ പോലുള്ള ഗ്രാമീണ മേഖലകളില്‍ വൈദ്യുതി എത്താതിരുന്നതിന്‌ പിന്നിലുള്ള രാഷ്ട്രീയ വഞ്ചനയും കള്ളക്കളിയും കിക്ക്‌ ബാക്കുകളും അങ്ങനെ ഒരിക്കല്‍ കൂടി രോഷമുണര്‍ത്തി ഓര്‍മ്മയില്‍ നിറയുകയാണ്‌. കലാവതി അടക്കമുള്ളവരുടെ മേല്‍ ഒഴുകി പരന്ന ഇരുട്ടിന്‌ കാരണം ആതിരേ, ആണവോര്‍ജ്ജം "സൃഷ്ടിക്കാന്‍" കഴിയാതിരുന്നതല്ല മറിച്ച്‌ 1990 കളില്‍ നടന്ന സംശയാസ്പദവും വിനാശകരവുമായ എന്‍റോണ്‍ കരാറിന്റെ മറവില്‍ നടന്ന ബൃഹത്തായൊരു രാഷ്ട വഞ്ചനയുടെ തിരിച്ചടിയായിരുന്നു . അന്ന്‌ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാരാണ്‌ എന്‍റോണ്‍ കമ്പനിയുമായി 1992ല്‍ എംഒയുവും 1993ല്‍ കരാറും ഒപ്പിട്ടത്‌. 1994 നരസിംഹറാവുവിന്റെ ഗവണ്‍മെന്റ്‌ ഈ കരാറിന്‌ അംഗീകാരം നല്‍കുകയും ചെയ്തു. അപ്പോള്‍ ആതിരേ, യഥാര്‍ത്ഥത്തില്‍ നടന്നത്‌ മഹാരാഷ്ട്രയിലെ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പേരില്‍ ഭാരതത്തെ ആകെ വഞ്ചിക്കുകയായിരുന്നു. അമേരിക്കയുമായുള്ള ആണവ കരാറിനോട്‌ അനുബന്ധിച്ച ചര്‍ച്ചകളില്‍ രാഹുല്‍ അടക്കമുള്ളവര്‍ നമ്മോടൊക്കെ കാണാന്‍ ആവശ്യപ്പെട്ട മോഹന സ്വപ്നങ്ങളെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ 1990 കളില്‍ എന്‍റോണ്‍ കരാറിന്റെ കാലത്തും കോണ്‍ഗ്രസ്‌ ഭരണം മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക്‌ നല്‍കിയതാണ്‌.
കോണ്‍ഗ്രസ്സിന്റെ ഈ ജനവഞ്ചനയ്ക്ക്‌ 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന ബിജെപി - ശിവസേന സഖ്യവും പുതിയ ചതിയുടെ ഭാഷ്യം ചമയ്ക്കുന്നതും നാം കണ്ടു.പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത കരാറിന്‌ അവരും അംഗീകാരം നല്‍കുകയായിരുന്നു.നോക്കു, എന്രോണ്‍ കോഴപ്പണത്തിനു മുകളില്‍ ബിജെപി താമര വിരുഞ്ഞുലഞ്ഞത്‌!
എന്നാല്‍, 1990 കളുടെ അവസാനത്തില്‍ മഹാരാഷ്ട്രയിലെ ഊര്‍ജ്ജ പദ്ധതികളെ തകിടം മറിച്ചുകൊണ്ട്‌ എന്‍റോണ്‍ കരാര്‍ ഇല്ലാതാകുന്നതാണ്‌ ഇന്ത്യ കണ്ടത്‌. എന്തായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശ്യമെന്ന്‌ അന്നേ വ്യക്തായിരുന്നെങ്കിലും ആ ആഘാതത്തില്‍ നിന്ന്‌ മഹാരാഷ്ട്ര ഇനിയും കരകയറിയിട്ടില്ല.കോണ്‍ഗ്രസ്‌-ബിജെപി പാര്‍ട്ടികളുടെ ഈ സംയുക്ത വഞ്ചന കലാവതി ഉള്‍പ്പെടെയുള്ളവരുടെ വിളക്കുകള്‍ കെടുത്തിയപ്പോള്‍ രാഹുല്‍ കാമുകിയുമൊത്ത്‌ ഇരുട്ടുകള്‍ സൃഷ്ടിച്ച്‌ ഊര്‍ജത്തിന്റെ സേചനം നടത്തുകയായിരുന്നു. ഈ സത്യം മറച്ചുവെക്കാനോ അല്ലെങ്കില്‍ ചരിത്രബോധമില്ലായ്മ മൂലമോ ആണ്‌ ആണവ കരാര്‍ കലാവതിയെ പോലെയുള്ള ദരിദ്ര ഗ്രാമീണരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ അനിവാര്യമാണെന്ന്‌ ഉളുപ്പില്ലാതെ രാഹുല്‍ വാദിച്ചത്‌.
ഇതോടൊപ്പം മറ്റൊരു വലിയ സത്യം കൂടി രാഹുല്‍ അന്ന്‌ പാര്‍ലമെന്റില്‍ തമസ്കരിക്കുകയുണ്ടായി ആതിരേ. അത്‌ വിദര്‍ഭ മേഖലയിലെ കര്‍ഷക ആത്മഹത്യക്ക്‌ കാരണമായ സര്‍ക്കാര്‍ നയങ്ങള്‍ക്കു പിന്നിലെ ചതിക്കെണികളായിരുന്നു. വിദര്‍ഭയിലെ പരുത്തി കര്‍ഷകരുടെ ആത്മഹത്യകളില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനുള്ള പ്രധാന പങ്ക്‌ മറച്ചുപിടിക്കാനുള്ള ദുര്‍ബലമായ ശ്രമം .(ബിജെപി - ശിവസേന സര്‍ക്കാരും തുല്യ കുറ്റവാളികളാണ്‌)
ആതിരേ, പരുത്തി കൃഷിയിലും അതോടനുബന്ധിച്ച സമ്പത്ത്‌വ്യവസ്ഥയിലുമുണ്ടായ പ്രതിസന്ധിയാണ്‌ മഹാരാഷ്ട്രയിലെ കര്‍ഷക ദുരിതങ്ങള്‍ക്ക്‌ പ്രധാന കാരണം. ഈ വിഷയം പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും ഒരിക്കല്‍ കൂടി അതിന്റെ ആഘാതം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്‌ കലാവതി തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ.
1990 കളുടെ അവസാനം മുതല്‍ പരുത്തിയുടെ കുത്തക സംഭരണം ദുര്‍ബലമാക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ അടിച്ചേല്‍പ്പിച്ച വിലത്തകര്‍ച്ചയാണ്‌ ആ കൃഷിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമത്തെ തകര്‍ത്തത്‌. 1990 കളുടെ അവസാനം വരെ മഹാരാഷ്ട്ര സംസ്ഥാന പരുത്തി കര്‍ഷക മാര്‍ക്കറ്റംഗ്‌ ഫെഡറേഷന്‍ ഒരു നിശ്ചിത വിലയ്ക്ക്‌ കര്‍ഷകരില്‍ നിന്ന്‌ പരുത്തി വാങ്ങുകയും അത്‌ പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിലാസ റാവു ദേശ്മുഖ്‌ എന്ന ദുര്‍ബലനും കാര്യക്ഷമതയില്ലാത്തവനുമായ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി പരുത്തി കര്‍ഷകര്‍ക്ക്‌ നല്‍കിയിരുന്ന മുന്‍കൂര്‍ ബോണസ്‌ നിര്‍ത്തലാക്കിയതോടെയാണ്‌ പരുത്തി കര്‍ഷകരുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കപ്പെട്ടത്‌. പരുത്തിയുടെ കുത്തക സംഭരണം പിന്‍വലിക്കുക വഴി കര്‍ഷകരെ ദേശീയ - അന്തര്‍ ദേശീയ വിപണികളിലെ ഏറ്റക്കുറച്ചിലുകള്‍ക്ക്‌ എളുപ്പം വിധേയരാകുന്നവരാക്കി. കലാവതിയുടെ ഭര്‍ത്താവ്‌ പരശുറാം ബന്ദൂര്‍ക്കര്‍ ഈ നയത്തിന്റെ ബലിയാടായിരുന്നു, ആതിരേ!.
ഇതിനൊപ്പം മാരകമായതാണ്‌ കോണ്‍ഗ്രസ്‌ ഒപ്പുവെച്ച ഡബ്ലിയു.ടി.ഒ കരാര്‍.( പാര്‍ലമെനിന്റെ അംഗീകാരം ലഭിക്കും മുന്‍പായിരുന്നു ഈ രാഷ്ട്രവഞ്ചന) ഇത്‌ നിലവില്‍ വന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന്‌ കുറഞ്ഞ വിലയ്ക്ക്‌ ഇറക്കുമതി ചെയ്ത പരുത്തി വിധര്‍ഭയുടെ വിപണികളില്‍ പോലും നിറഞ്ഞു. 1997ല്‍ പരുത്തിയുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതോടെ ഇറക്കുമതി ചരക്കുകളുടെ പ്രവാഹത്തിനും ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിലയിടിവിനും കാരണമായി. ഓര്‍ക്കുക 1997ല്‍ ആണ്‌ വിദര്‍ഭ മേഖലയില്‍ ആദ്യമായി ഒരു കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. കേന്ദ്രസര്‍ക്കാര്‍ പരുത്തി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും 2001-02 ല്‍ 35 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 2002 - 03ല്‍ 5 ശതമാനമായി വെട്ടിക്കുറക്കുകയും ചെയ്തപ്പോള്‍ വമ്പന്‍ സബ്സിഡിയോടെ കൃഷിചെയ്യപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളിലെ പരുത്തി വിധര്‍ഭയടക്കമുള്ള ഇന്ത്യന്‍ വിപണികളില്‍ നിറഞ്ഞു.ഈ ഇറക്കുമതിച്ചരക്കുമായി, അല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയുമായി മത്സരിക്കാന്‍ നിര്‍ബന്ധിതരായി പരശുറാം ബന്ദൂര്‍ക്കറെയെപോലുള്ള ഇന്ത്യയിലെ ദരിദ്ര കര്‍ഷകര്‍. എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളും ഈ നയം തുടര്‍ന്നപ്പോള്‍ 7,000 പരുത്തി കര്‍ഷകര്‍ക്ക്‌ ആത്മഹത്യയിലൂടെ മാത്രമാണ്‌ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ പഴുതുണ്ടായിരുന്നത്‌.
കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയത്തെ ഇതിനോടു കൂട്ടി വായിക്കണം ആതിരേ.ആ നയം മൂലം കൃഷി ചെലവ്‌ വര്‍ധിക്കുന്നതാണ്‌ പിന്നെ കണ്ടത്‌. വൈദ്യുതി, വളം, വിത്ത്‌, ഡീസല്‍, ഗതാഗതം ഇവയ്ക്കെല്ലാം വന്‍ തുക മുടക്കേണ്ടിവരികയും ഉത്പന്നത്തിന്‌ വില ലഭിക്കാതിരിക്കുകയും ചെയ്ത ദാരുണവും ശപ്തവുമായ അവസ്ഥയാണ്‌ സംജാതമായത്‌. കാര്‍ഷിക മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും ഉള്ള പൊതു നിക്ഷേപത്തിന്റെ തോത്‌ കേന്ദ്ര സര്‍ക്കാര്‍ കുറച്ചതും വിത്ത്‌, വളം, കീടനാശിനി തുടങ്ങിയവയ്ക്ക്‌ കീടനാശിനി കമ്പനികളുടെ ദല്ലാള്‍മാരെ പരുത്തി കര്‍ഷകര്‍ക്ക്‌ ആശ്രയിക്കേണ്ടിവന്നതും അന്തക ജീനുകള്‍ അടങ്ങിയ പരുത്തി കൃഷി ചെയ്യാന്‍ വിദര്‍ഭയിലെ കര്‍ഷകര്‍ നിര്‍ബന്ധിതരായതും എല്ലാം ചേര്‍ന്നപ്പോള്‍ ആത്മഹത്യ എന്ന അപജീവനം മാത്രമായി വിദര്‍ഭയിലെ അദ്ധ്വാനശീലര്‍ക്ക്‌ ഒരു പോംവഴി.മാത്രമല്ല കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച റിലീഫ്‌ ഫണ്ടുകള്‍ രാഷ്ട്രീയക്കാരുടെയും ഇടനിലക്കാരുടെയും പോക്കറ്റില്‍ എത്തിയത്‌ ഈ ശാപത്തിന്റെ രൂക്ഷത കൂട്ടുകയും ചെയ്തു.
അങ്ങനെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധവും രാഷ്ട്ര വിരുദ്ധവും ധനാര്‍ത്തിയും വഞ്ചനയും നിറഞ്ഞതുമായ നയങ്ങളാണ്‌ കലാവതിയെ പോലെയുള്ളയവരെ വിധവളാക്കിയതും അവരുടെ വെളിച്ചം തല്ലിക്കെടുത്തിയതും. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ കലാവതിയുടെ സ്ഥാനാര്‍ത്ഥിത്വം സഹായകമാകുമ്പോള്‍ നാമറിയണം, രാഹുലും സോണിയയും മന്‍മോഹനും അടക്കമുള്ളവര്‍ ആണവ-ആസിയാന്‍ കരാറിലൂടെ വീണ്ടും വീണ്ടും ഭാരത്തിലെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക്‌ ദുരിതങ്ങളും ഇരുട്ടും കൂട്ടിക്കൊണ്ടുവരികയാണെന്ന്‌...
നാമറിയണം ,കലാവതിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടൊന്നും പ്രതിരോധിക്കാന്‍ കഴിയുന്നതല്ല ഈ ശാപങ്ങളെന്നും

Monday, September 21, 2009

ജനവഞ്ചനയുടെ ഭരണപര്‍വ്വം

ആതിരേ,മൂന്ന്‌ വര്‍ഷം കഴിഞ്ഞ എല്‍ഡിഎഫ്‌ ഭരണം കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരു ശാപമാണെന്ന്‌ നേരത്തെ വ്യക്തമായതാണ്‌. ഏറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങളെ ഉളുപ്പില്ലാതെ വഞ്ചിക്കുന്ന നയങ്ങളും നടപടികളുമാണ്‌ കഴിഞ്ഞവര്‍ഷങ്ങളിലായി എല്‍ഡിഎഫ്‌ തുടര്‍ന്നുപോരുന്നത്‌.
തുടക്കത്തില്‍ ധീരമായ ചില നിലപാടുകളും നടപടികളും സ്വീകരിക്കുന്നു എന്ന്‌ തോന്നിപ്പിച്ച്‌ രാഷ്ട്രീയത്തിനതീതമായി അഭിനന്ദനം പിടിച്ചുവാങ്ങാന്‍ വി.എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‌ കഴിഞ്ഞെങ്കിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും മുന്നണിക്കുള്ളിലെ മൂപ്പിളപ്പ്‌ തര്‍ക്കങ്ങളും മൂലം ആ നടപടികളെല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ ജനവിരുദ്ധതയില്‍ മുഖം പൂഴ്ത്തുകയായിരുന്നു ഭരണകൂടം. ഈ തിരിച്ചടിക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിനുള്ള പങ്ക്‌ മൂന്നാര്‍ ഒഴിപ്പിക്കല്‍ മുതലുള്ള നടപടികളില്‍ വ്യക്തമായതാണ്‌. തുടര്‍ന്ന്‌ വി.എസ്‌- പിണറായി പോരിന്റെ വിവിധ ഘട്ടങ്ങള്‍ കടന്നുവന്നപ്പോള്‍ ഭരണം സ്തംഭിക്കുകയും അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടാസംരക്ഷണവുമൊക്കെയായി മന്ത്രിമാര്‍ തോന്നയതുപോലെ ഭരിക്കുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ ഭരണം പ്രവര്‍ത്തനരഹിതമാകുന്നതും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അഹന്ത നിറഞ്ഞ നിലപാടു മൂലം മുന്നണി ചിന്നഭിന്നമാകുന്നതും കണ്ടു. അതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ചെയ്തു. ഇത്രയൊക്കെ സംഭവിച്ചിട്ടും പാഠം പഠിക്കാനൊ ജനഹിതമനുസരിച്ച്‌ ഭരണം നടത്താനൊ ഇടതുമുന്നണി തയ്യാറല്ല എന്ന്‌ പോള്‍ എം. ജോര്‍ജ്‌ വധവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വ്യക്തമാക്കുന്നു.
വികവസന വിരുദ്ധ നയമാണ്‌ ഇടതുപക്ഷത്തിനുള്ളതെന്ന യുഡിഎഫിന്റെ ആരോപണത്തെ സാധൂകരിക്കുന്ന രീതിയിലാണ്‌ ആതിരേ, ഭരണം മുന്നോട്ടുപോകുന്നത്‌. സ്മാര്‍ട്ട്‌ സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയ്ക്കുണ്ടായ തിരിച്ചടികള്‍ ഈ ആരോപണത്തെ ശക്തമാക്കുന്നുണ്ട്‌. വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല എന്ന അഴകൊഴമ്പന്‍ മറുപടിയിലൂടെ ധനമന്ത്രിയും മറ്റു മന്ത്രിമാരും മുഖം രക്ഷിച്ച്‌ നില്‍ക്കുമ്പോള്‍ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ അനുവദിച്ച തുക പോലും ചെലവാക്കാതെ ജനവിരുദ്ധ ഭരണം തുടരുകയാണെന്ന്‌ പുറത്തുവന്ന പല വാര്‍ത്തകളും വ്യക്തമാക്കിയിട്ടുണ്ട്‌.
അതില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ ആതിരേ, ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ (നബാര്‍ഡ്‌) സഹായത്തോടെ നടത്തുന്ന ഗ്രാമീണ പശ്ചാത്തല സൗന്ദര്യ വികസന നിധി കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ കാണിച്ച അനാസ്ഥയും ജനവിരുദ്ധതയും. 452.01 കോടി രൂപ കേന്ദ്രം അനുവദിച്ചെങ്കിലും അതിന്റെ 39 ശതമാനമായി 167.091 കോടി മാത്രം ചെലവഴിക്കാനാണ്‌ കേരള സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളു.
ഒമ്പത്‌ വകുപ്പുകള്‍ക്ക്‌ കീഴിലുള്ള ഏജന്‍സികളിലൂടെ ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാണ്‌ 452.01 കോടി രൂപയുടെ പദ്ധതി (ആര്‍ഐഡിഎഫ്‌) ആവിഷ്കരിച്ചത്‌. എന്നാല്‍, 2009 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പ്‌ പൂര്‍ത്തിയാക്കിയപ്പോഴാണ്‌ 40 ശതമാനം തുക പോലും ഈ നിധിയില്‍ നിന്ന്‌ ചെലവഴിച്ചിട്ടില്ലെന്ന്‌ വ്യക്തമായത്‌.
ഈ പദ്ധതിക്ക്‌ കീഴില്‍, കൃഷിവകുപ്പിന്‌ സംഭരണവികസനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുവദിച്ചത്‌ 5 കോടി രൂപയാണ്‌. ഇതില്‍ ഒരു പൈസപോലും മുല്ലക്കരയുടെ മന്ത്രാലയം ചെലവഴിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്‌ നല്‍കിയ 2 കോടിയും മത്സ്യവകുപ്പിന്‌ തീരദേശവികസനത്തിന്‌ അനുവദിച്ച 5 കോടിയും സഹകരണവകുപ്പിന്‌ നല്‍കിയ 5 കോടിയും ചെലവഴിക്കപ്പെട്ടിട്ടില്ല.
പ്രധാന ജലപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഗതാഗത കനാലുകള്‍ വികസിപ്പിക്കാന്‍ ജലഗതാഗത വകുപ്പിന്‌ അനുവദിച്ചത്‌ 40 കോടിയാണ്‌. പക്ഷെ, ഇതിലും ഒരു പൈസപോലും ചെലവാക്കിയിട്ടില്ല. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി വിദ്യുച്ഛക്തി ബോര്‍ഡിന്‌ അനുവദിച്ച 5 കോടി രൂപയും അതുപോലെ തന്നെ ഉണ്ട്‌.
ആരോഗ്യ വകുപ്പിന്റെ കീഴില്‍ പഞ്ചകര്‍മ്മ ആശുപത്രികള്‍ നിര്‍മിക്കാന്‍ 3.50 കോടിയും ഗ്രാമീണ ആയുര്‍വേദ ആശുപത്രികള്‍ക്കായി 3.50 കോടിയും വികലാംഗരായ കുട്ടികള്‍ക്ക്‌ ഫ്രീസ്കൂള്‍ തുടങ്ങാന്‍ അനുവദിച്ച 4 കോടിയും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വൈറോളജിക്കായി മാറ്റിവെച്ച 6 കോടിയും ഹോമിയോ ഡിസ്പെന്‍സറി സ്ഥാപിക്കാന്‍ നല്‍കിയ 3.50 കോടിയും ചേര്‍ത്ത്‌ 20 കോടി രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുകയുയാണ്‌. പകര്‍ച്ച വ്യാധികളും വിവിധ വൈറല്‍ ഫീവറുകളും കേരളത്തില്‍ മരണം വിതച്ചും ഭീഷണിപരത്തിയ പശ്ചാത്തിലത്തില്‍ വേണം ആരോഗ്യ വകുപ്പിന്റെ ഈ ഉത്തരവാദിത്തമില്ലായ്മയെ വിലയിരുത്തേണ്ടത്‌.
ആര്‍ഐഡിഎഫ്‌ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്‌ 16 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഇതില്‍ ഒരു പൈസപോലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചിട്ടില്ല. ഗ്രാമങ്ങളില്‍ പോളിടെക്നിക്കുകള്‍ നിര്‍മ്മിക്കാനുള്ള 4 കോടി, എഞ്ചിനീയറിംഗ്‌ കോളജുകള്‍ തുടങ്ങാനുള്ള 4 കോടി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ വികസിപ്പിക്കാനുള്ള 8 കോടി എന്നിവയാണ്‌ ചെലവഴിക്കാന്‍ കഴിയാതെ അവശേഷിക്കുന്നത്‌. വിദ്യാഭ്യാസ രംഗത്തെ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതുകൊണ്ട്‌ സ്വകാര്യ മേഖലയില്‍ സാങ്കേതിക സ്ഥാപനങ്ങളും ഉന്നത സ്ഥാപനങ്ങളും അനുവദിച്ച്‌ വിദ്യാഭ്യാസ വാണിക്കുകള്‍ക്ക്‌ അവസരം ഒരുക്കിയപ്പോഴാണ്‌ കേന്ദ്രം അനുവദിച്ച ഇത്രയും പണം ചെലവഴിക്കാതെ കിടക്കുന്നത്‌. അതായത്‌ കേന്ദ്രാവിഷ്കൃതമായിട്ടുള്ള ജനകീയ പദ്ധതികള്‍ ഏറ്റെടുക്കാതെ ഓരോ മേഖലയിലുമുള്ള സ്വകാര്യ സംഭരംഭകരെ പരിപോഷിപ്പിക്കുന്ന വികസനവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടാണ്‌ ഈ സര്‍ക്കാറിനുള്ളതെന്ന്‌ സാരം.
ഇന്ന്‌ ഏറെ പ്രശ്നങ്ങള്‍ നേരിടുന്ന മേഖലയാണ്‌ കശുവണ്ടി വ്യവസായത്തിന്റെത്‌. സംഭരണം അടക്കമുള്ള സംവിധാനങ്ങളുണ്ടാക്കാന്‍ പണമില്ല എന്നാണ്‌ സര്‍ക്കാരിന്റെ മുറവിളി. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുകൊണ്ട്‌ കശുവണ്ടി തൊഴിലാളികള്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. അതേസമയം കശുവണ്ടി മേഖലയ്ക്ക്‌ അനുവദിച്ച പണം ചെലവഴിക്കാതെ കടുത്ത വഞ്ചനയാണ്‌ തൊഴില്‍ മന്ത്രി അടക്കമുള്ളവര്‍ ഈ മേഖലയിലെ തൊഴിലാളികളോട്‌ കാണിച്ചത്‌. കശുവണ്ടി സംഭരണ ശാലകള്‍ സ്ഥാപിക്കാന്‍ 'കെല്‍ പാം' എന്ന ഏജന്‍സിക്ക്‌ അനുവദിച്ച 4.50 കോടി രൂപയും കശുവണ്ടി തോട്ടങ്ങളുടെ ഉന്നമനത്തിന്‌ അനുവദിച്ച അരകോടി രൂപയും ചെലവഴിക്കാതെ കിടക്കുകയാണ്‌. ചെറുകിട ജലസേചനത്തിനായി 25 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ ജലസേചന വകുപ്പിന്‌ അനുമതി നല്‍കിയെങ്കിലും 6.77 കോടി രൂപ മാത്രമാണ്‌ ചെലവഴിക്കാനായത്‌.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഗ്രാമീണ പശ്ചാത്തല വികസനം നടപ്പിലാക്കാന്‍ നബാര്‍ഡ്‌ സഹായം നല്‍കുന്നുണ്ട്‌. നിശ്ചിത തുകയുടെ പദ്ധതി അനുമതിക്കുകയും അത്‌ നടപ്പിലാക്കി കഴിഞ്ഞ പ്രൊജക്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ പണം നല്‍കുകയുമാണ്‌ നബാര്‍ഡ്‌ പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്‌. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഈ തുക ഉപയോഗിച്ച്‌ ഗ്രാമീണ ജനങ്ങളുടെ ജീവിതം വികസോന്മുഖമാക്കുമ്പോഴാണ്‌ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരില്‍ ആണയിട്ട്‌ അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ കേന്ദ്രം അനുവദിച്ച തുകയുടെ 40 ശതമാനം പോലും ചെലവഴിക്കാതെ ഭരണപരമായ വഞ്ചന നടത്തിയത്‌. അനുവദിക്കപ്പെട്ട പദ്ധതി പൂര്‍ത്തിയാക്കുന്നതിന്റെ വേഗം മനസ്സിലാക്കിയാല്‍ അതത്‌ വകുപ്പുകളുടെ കാര്യക്ഷമത മനസ്സിലാക്കാന്‍ കഴിയുമെന്നാണ്‌ ഈ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന പ്ലാനിംഗ്‌ ആന്‍ഡ്‌ ഇക്കണോമിക്‌ അഫയേഴ്സ്‌ വിഭാഗം പറയുന്നത്‌. ആ മാനദണ്ഡമനുസരിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാരിലെ ഒരു വകുപ്പും കാര്യക്ഷമമായി അല്ല ഭരിക്കപ്പെടുന്നതെന്ന്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
അധികാരം സുഖലോലുപതയ്ക്കും ധന സമാഹരണത്തിനും അധോലോക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കുറുക്കവഴിയായി യുഡിഎഫ്‌ സര്‍ക്കാര്‍ കണ്ടിരുന്നെങ്കില്‍ അതിലും ഹീനമായ ലക്ഷ്യങ്ങളാണ്‌ ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനുള്ളതെന്നാണ്‌ മേല്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഇതുപോലെ നാറിയ ഒരു ഭരണം എന്ന്‌ പരമ്പരാഗതമായി വിളിച്ചുപോരുന്ന മുദ്രാവാക്യം ഏറ്റവും യോജിക്കുന്നത്‌ ഇടതുപക്ഷ സര്‍ക്കാരിനാണെന്ന്‌ തെളിയിക്കുന്നതുകൂടിയാണ്‌ ഈ കണക്കുകള്‍.
ആതിരേ, പ്രതികരണ ശേഷിയില്ലാത്ത ജനങ്ങളും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവുമാണ്‌ സര്‍ക്കാരിന്റെ ഭരണപരമായ ഈ വഞ്ചനയ്ക്ക്‌ വളമാകുന്നതെന്ന്‌ ഇനിയെങ്കിലും ജനങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബോധ്യപ്പെടുമോ?. എന്ത്‌ തോന്ന്യാസവും കാണിക്കാനുള്ള മാന്‍ഡേറ്റ്‌ അല്ല ഇടതുപക്ഷ സര്‍ക്കാരിന്‌ കേരളത്തിലെ സമ്മതിദായകര്‍ നല്‍കിയത്‌. പക്ഷെ, ഫലത്തില്‍ താന്തോന്നിത്തങ്ങളുടെ കുതിച്ചുപായലില്‍ വഞ്ചിതരാകാനാണ്‌ ഇവരെ തെരഞ്ഞെടുത്തവരുടെ വിധി. ചോദ്യം ചെയ്യാന്‍, അവകാശങ്ങള്‍ക്കായി പോരാടാന്‍ കെല്‍പ്പില്ലാത്ത ഒരു സമൂഹത്തിന്‌ ഇതില്‍ പരം മറ്റൊരു ശിക്ഷ ലഭിക്കാനില്ല എന്നതാണ്‌ വാസ്തവം

Saturday, September 19, 2009

വിശുദ്ധ പശുക്കളും പാര കാളകളും ശശിതരൂരും

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്ററില്‍ ഒരു ചോദ്യത്തിന്‌ വിദേശ സഹമന്ത്രി ശശിതരൂര്‍ നല്‍കിയ ഒരു ഉത്തരത്തിന്റെ ചുവടുപിടിച്ച്‌ അശ്ലീല വിവാദങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്‌ ആതിരേ, കോണ്‍ഗ്രസിലെയും ബിജെപിയിലെയും ഒരു കൂട്ടം നേതാക്കന്മാര്‍.
കന്നുകാലി ക്ലാസ്‌, വിശുദ്ധ പശുക്കള്‍ എന്നീ രണ്ട്‌ പ്രയോഗങ്ങളാണ്‌ ശശിതരൂരിനെ ഒറ്റപ്പെടുത്തി ക്രൂശിക്കാന്‍ ഈ നേതാക്കന്മാര്‍ കരുവാക്കിയിട്ടുള്ളത്‌.
അറിയാമല്ലോ,സോണിയയും രാഹുലും നടത്തിയ രണ്ട്‌ പബ്ലിസിറ്റി സ്റ്റണ്ട്‌ യാത്രകളാണ്‌ യഥാര്‍ത്ഥത്തില്‍ ഈ വിവാദങ്ങള്‍ക്കെല്ലാം തുടക്കം. വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ സോണിയ മുംബൈയിലേയ്ക്ക്‌ പറന്നതും രാഹുല്‍ വിമാന യാത്ര തന്നെ ഒഴിവാക്കി ട്രെയിനില്‍ യാത്ര ചെയ്തതും ലോകമഹാത്ഭുതം പോലെ അവതരിപ്പിച്ച്‌ പാദസേവകര്‍ നടത്തിയ വ്യക്തിപൂജയാണ്‌ കന്നുകാലി ക്ലാസിനെ കുറിച്ച്‌ ട്വിറ്ററില്‍ തരൂരിനോട്‌ ചോദ്യം ചോദിക്കാന്‍ ചോദ്യകര്‍ത്താവിന്‌ കുസൃതിയായത്‌ . ആ കുസൃതിക്ക്‌ അതേ തലത്തില്‍ ശശി തരൂര്‍ ഉത്തരം നല്‍കിയപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന നിസാരതയെ ആണ്‌ ഇന്നിപ്പോള്‍ ദേശീയ വിവാദമാക്കി വളര്‍ത്തി മാധ്യമങ്ങളിലെ ചൂടു ചര്‍ച്ചാവിഷയമാക്കി മാറ്റിയത്‌.
ട്വിറ്റര്‍ എന്നത്‌ ഒരു ഇന്റര്‍നെറ്റ്‌ കൂട്ടായ്മയാണ്‌. പണ്ടത്തെ നമ്പൂരി വെടിവട്ടത്തിന്റെ ഹൈടെക്ക്‌ പതിപ്പ്‌. ഇതില്‍ പറയുന്നതും ചോദിക്കുന്നതും എഴുതുന്നതുമെല്ലാം ആ ഒരു നിമിഷത്തിന്റെ കൗതുകമോ കുസൃതിയോ നിലനിര്‍ത്താനോ അല്ലെങ്കില്‍ അതിനെ അടിച്ചിരുത്തി മറ്റൊരു കുസൃതിത്തരം പുറത്തു കൊണ്ടുവരാനോ ഉള്ള രസകരമായ,നര്‍മ്മം നിറഞ്ഞ ഇടപെടല്‍ മാത്രമാണ്‌.
അതറിയാതെയാണ്‌ അല്ലെങ്കില്‍ അതറിഞ്ഞുകൊണ്ടാണ്‌ ആതിരേ, കോണ്‍ഗ്രസിലെയും ബിജെപിയിലെയും പാരകാളകള്‍ കൊമ്പുകുലുക്കി ശശിതരൂരിന്‌ നേരെ മുക്രയിടുന്നത്‌.
ചെലവ്‌ ചുരുക്കുക എന്ന കോണ്‍ഗ്രസ്‌ പരിപാടിയുടെ ഭാഗമായിട്ടാണ്‌ സോണിയയും രാഹുലും വിമാനത്തില്‍ ഇക്കണോമി്‌ ക്ലാസില്‍ സഞ്ചരിച്ചതും തീവണ്ടിയില്‍യാത്ര ചെയ്തതും. ആഗസ്റ്റ്‌ 15ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി എടുത്ത 'വിപ്ലവകരമായ' തീരുമാനമായിരുന്നത്രേ അത്‌.
സോണിയയുടെ ഇക്കണോമിക്‌ ക്ലാസിലെ വിമാനയാത്രയും രാഹുലിന്റെ ട്രെയിന്‍ യാത്രയും ആയപ്പോള്‍ കോണ്‍ഗ്രസിന്റെ ചെലവ്‌ ചുരുക്കല്‍ ദൗത്യം സാക്ഷാത്കരിക്കപ്പെട്ടു എന്ന്‌ വിശ്വസിക്കുന്ന വിടുവായന്മാര്‍ക്കുള്ള മറുപടിയായിട്ട്‌ തന്നെയാണ്‌ ഞാന്‍ ശശിതരൂരിന്റെ കന്നുകാലി ക്ലാസ്‌ പ്രയോഗത്തെയും വിശുദ്ധ പശു പ്രയോഗത്തെയും വിലയിരുത്തുന്നത്‌. സോണിയയ്ക്കും രാഹുലിനും വേണ്ടി ,അവര്‍ ഏത്‌ വാഹനത്തില്‍ സഞ്ചരിച്ചാലും രാഷ്ട്രം മുടക്കുന്ന തുക (പൗരന്റെ നികുതി പണം) ഒരു സാഹചര്യത്തിലും കുറവു വരുന്നില്ല. ഇവിടെ മുമ്പ്‌ ഗാന്ധിജിയെ ദരിദ്രനായി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും സര്‍ക്കാരിനും ചെലവാക്കേണ്ടി വന്ന പതിനായിരങ്ങളെ കുറിച്ചാണ്‌ ഓര്‍മ്മ വരുന്നത്‌. ഗാന്ധിജിയുടെ യാത്രകള്‍ക്കിടയില്‍ രാത്രി തങ്ങുന്നിടത്തെല്ലാം ഗ്രാമവും കുടിക്കാന്‍ ആട്ടിന്‍ പാലും ഒക്കെ ഒരുക്കാനായിരുന്നു ഈ പണം ചെലവഴിക്കേണ്ടി വന്നത്‌. വ്യക്തിജീവിതത്തില്‍ ഏറ്റവും കുറവ്‌ ഭൗതിക ആവശ്യങ്ങള്‍ ഉണ്ടായിരുന്ന ഗാന്ധിജിക്കു വേണ്ടി ഇങ്ങനെ പതിനായിരങ്ങള്‍ മുടക്കിയ സ്ഥാനത്താണ്‌ ഇന്ന്‌ സോണിക്കും രാഹുലിനും വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നത്‌. സുരക്ഷയുടെ പേരിലാണ്‌ ഈ ചെലവെന്ന്‌ ന്യായീകരിക്കാന്‍ പലരുമുണ്ടാകുമെങ്കിലും അത്‌ നികുതി പണത്തിന്റെ വഴിവിട്ട ചെലവാക്കലാണെന്ന്‌ പറഞ്ഞേ തീരു.അറിയുക ഇത്തവണ സോണിയ ഇക്കാണോമി ക്ലാസ്സില്‍ പറന്നപ്പോള്‍ അവരുടെ സുരക്ഷക്കായി 12 സീറ്റുകളാണ്‌ വിമാനത്തില്‍ ഒഴിച്ചിട്ടത്‌.അതായത്‌ 12 സീറ്റിന്റെ യാത്രക്കൂലി നഷ്ടം.രാഹുലിന്റെ രോമത്തിനു പോലും ഒന്നും സംഭവിക്കാതിരിക്കാന്‍ 12 ബ്ലാക്‌ ക്യാറ്റുകളാണ്‌ ഒപ്പമുള്ളത്‌.ഇവരുടെ യാത്രാക്കൂലി കൂടി കൂട്ടുമ്പോള്‍ രാഹുല്‍ വിമാനത്തില്‍ പറന്നാല്‍ ഉണ്ടാകുന്നതിന്റെ ഇരട്ടി പണം ചെലവായെന്നര്‍ത്ഥം.ആരെ കബളിപ്പിക്കാനാണ്‌ ഇത്തരം തേര്‍ഡ്‌ റേറ്റ്‌ വഞ്ചനകള്‍ ആതിരേ?. ഇത്തരം വഴിവിട്ട ചെലവുകളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയും അധികാരത്തിന്റെ മറവില്‍ മുടി കറുപ്പിക്കുന്നതുമുതല്‍ അച്ചടിക്കാന്‍ കൊള്ളില്ലാത്ത ആവശ്യങ്ങള്‍ക്ക്‌ വരെ നികുതി പണം ചെലവഴിക്കുകയും ചെയ്യുന്നവരാണ്‌ ശശിതരൂരിന്റെ പ്രയോഗത്തില്‍ പ്രകോപിതരായിരിക്കുന്നത്‌.
(ചെലവുചുരുക്കല്‍ ആഹ്വാനം ഇങ്ങനെ നടപ്പിലാക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ അവരുടെ ഓഫിസും വാസസ്ഥലവും നവീകരിക്കാന്‍ കോടികള്‍ മുടക്കിക്കൊണ്ടിരിക്കുകയാണ്‌.പനബക ലക്ഷ്മി എന്ന മന്ത്രിക്ക്‌ വാസ്തു ശാസ്ത്രം അനുസരിച്ച്‌ ഓഫിസിലെ സീറ്റിനു പിന്നില്‍ തന്നെ ടോയിലറ്റ്‌ വേണമെന്നാണ്‌ ആവശ്യം)
ആതിരേ, ഇവരെല്ലാമാണ്‌ ശശി തരൂരിന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നതെന്നോര്‍ക്കണം.അതേ സമയം ചെലവ്‌ ചുരുക്കല്‍ നയത്തിന്റെ ഭാഗമായി സോണിയ വിമാനത്തില്‍ ഇക്കണോമിക്‌ ക്ലാസില്‍ സഞ്ചരിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒമ്പത്‌ പ്രാവശ്യം ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണ്‌ ശശിതരൂര്‍. അപ്പോള്‍ തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും സോണിയയോ രാഹുലോ അല്ല ശശിതരൂര്‍ തന്നെയാണ്‌. എന്നിട്ടും എന്തുകൊണ്ട്‌ ജയന്തി നടരാജനും അശോക്‌ ഗലോട്ടും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ തരൂരിന്റെ ട്വിറ്ററിനെതിരെ രംഗത്തു വന്നു എന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌.
കന്നുകാലി ക്ലാസ്‌ വിശുദ്ധ പശു പ്രയോഗങ്ങളില്‍ ശശിതരൂര്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നുതന്നെയാണ്‌ ഞങ്ങളുടെ അഭിപ്രായം. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരെ കാപട്യം തുറന്നുകാട്ടാന്‍ ആ പ്രയോഗങ്ങള്‍ ഉതകി എന്നാണ്‌ ഞങ്ങള്‍ കരുതുന്നത്‌. തങ്ങള്‍ക്കു നേരെയുണ്ടായ മുനമൂര്‍ച്ചയുള്ള ആ വിമര്‍ശനത്തെ ഇന്ത്യയിലെ സാധാരണക്കാര്‍ക്കെതിരായ ആരോപണമായി ഗതി തിരിച്ച്‌ വിട്ട്‌ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്‌ തരൂരിനെ വിമര്‍ശിക്കുന്നവരെല്ലാം.
തീര്‍ച്ചയായും തരൂരിന്റെ രാഷ്ട്രീയ നിലപാടുകളോട്‌ വിയോജിപ്പുള്ള വ്യക്തിയാണ്‌ ഞാന്‍ രാഷ്ട്രീയക്കാരനായി അദ്ദേഹം പാര്‍ലമെന്റില്‍ എത്തുന്നതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്‌. കാരണം അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്‌ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിന്റെ വഴിപിഴച്ച ജനായത്ത ബോധത്തെക്കാളും നെറികേട്‌ നിറഞ്ഞ സമ്പന്ന വര്‍ഗ താല്‍പര്യങ്ങളാണ്‍്‌. അതുകൊണ്ടാണ്‌ രാഷ്ട്രീയക്കാരനായ തരൂരിനെ ഞാന്‍ ഇപ്പോഴും എതിര്‍ക്കുന്നത്‌.
എന്നാല്‍, നയതന്ത്രജ്ഞനായ തരൂരിന്റെ മികവും പാടവവും തന്ത്രജ്ഞതയും അംഗീകരിക്കുകയും ചെയ്യുന്നു. യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ പദവി വരെയെത്താന്‍ കഴിവുള്ള മിടുക്കനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ രാഷ്ട്രാന്തരകാര്യങ്ങളില്‍ ജയന്തി നടരാജനേക്കാളും അശോക്‌ ഗലോട്ടിനെക്കാളും എന്തിനധികം സോണിയേക്കാളും ബുദ്ധിപൂര്‍വകമായും തന്ത്രശാലിത്വത്തോടും നിലാപാട്‌ സ്വീകരിക്കാന്‍ ശശിതരൂരിന്‌ കഴിയും. അദ്ദേഹത്തിന്റെ ഈ മികവ്‌ മനസ്സിലാക്കിയാണ്‌ മന്‍മോഹന്‍സിംഗ്‌ അദ്ദേഹത്തെ രാഷ്ട്രീയത്തിലേയ്ക്ക്‌ ക്ഷണിച്ചത്‌.
നയതന്ത്രരംഗം വിട്ട്‌ കോണ്‍ഗ്രസില്‍ എത്തിയ ഉടനെ ലോകസഭാ സീറ്റ്‌ നല്‍കിയതും ജയിച്ച അദ്ദേഹത്തെ ഏറ്റവും നിര്‍ണായകമായ വിദേശ കാര്യ സഹമന്ത്രിയാക്കിയതും കോണ്‍ഗ്രസിലെ പല 'പാര കാളള്‍ക്കും ' ഇപ്പോഴും ദഹിക്കുന്ന വിഷയമല്ല. എന്നുമാത്രമല്ല, തരൂര്‍ പങ്കെടുക്കുന്ന വേദികളിലെല്ലാം മറ്റു മന്ത്രിമാരേക്കാള്‍ അദ്ദേഹത്തിന്‌ മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും ലഭിക്കുന്നതും ഇവര്‍ക്കാര്‍ക്കും സഹിക്കാവുന്ന വിഷയമല്ല. ഈ അസൂയയുടെ, അസഹിഷ്ണതയുടെ മൂലക്കുരു പൊട്ടിയതാണ്‌ ശശിതരൂരിനെതിരായുള്ള ആരോപണവും ക്യാമ്പെയിനും. ആംഗലേയം നന്നായി കൈകാര്യം ചെയ്യാനുള്ള മികവും തെളിമയുള്ള ചിന്തകളും അവ വായനക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും അംഗീകരിത്തക്ക രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവും കൗശലവും ഒക്കെയാണ്‌ ശശി തരൂരിനെ ശ്രദ്ധാ പാത്രമാക്കുന്നത്‌. ഒപ്പം അദ്ദേഷത്തഹത്തിന്റെ സൗന്ദര്യവും. കൊക്കാകാന്‍ വേണ്ടി കുളിച്ചുകൊണ്ടിരിക്കുന്ന കാക്കകളും കുയിലിനെ പോലെ പാടാന്‍ കൊതിക്കുന്ന മൂങ്ങകളുമൊക്കെയാണ്‌ ആതിരേ, ശശതരൂരിന്റെ ഈ കഴിവിനെ കടുത്ത അസൂയയോടെ വിലയിരുത്തുന്നത്‌.
തരൂരിനെ എതിര്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ കാലുനക്കികളില്‍ നിന്ന്‌ നേരത്തെ തന്നെ വിഭിന്നനാണ്‌ അദ്ദേഹം. സോണിയയെ കുറിച്ചും രാജീവിനെ കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചുമെല്ലാമുള്ള നിശിതമായ അഭിപ്രായങ്ങള്‍ മൂര്‍ച്ചയേറിയ ഭാഷയില്‍ നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്‌. ആത്മവിശ്വാസത്തോടെ നട്ടെല്ലുറപ്പോടെ സംഭവങ്ങളെ വീക്ഷിക്കാനും വിലയിരുത്താനും അവയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ രേഖപ്പെടുത്താനും കഴിവുള്ള വ്യക്തിയാണ്‌ തരൂര്‍. അതുകൊണ്ടാണ്‌ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ നിന്ന്‌ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ വിമര്‍ശകര്‍ അശ്ലീല ക്യാമ്പെയിനുകള്‍ നടത്തിയത്‌. ആ വിമര്‍ശനങ്ങള്‍ക്ക്‌ സ്വതസിദ്ധമായ പാലക്കാടന്‍ ശൈലിയില്‍ തരൂര്‍ നല്‍കിയ മറുപടി മാത്രം മതി അദ്ദേഹത്തിലെ നയതന്ത്രജ്ഞനെ തിരിച്ചറിയാന്‍. ഇത്തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത്‌ സാന്നിധ്യമറിയിച്ചിട്ടുള്ള നേതാക്കള്‍ തുലോം വിരളമാണ്‌.
ഈ പ്രത്യേകതയും കഴിവുകളും ട്വിറ്ററില്‍ വിഷയങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നു. എന്നാല്‍, ആംഗേലയ ഭാഷയെ കുറിച്ചോ അതിലെ ശൈലികളെക്കുറിച്ചോ അര്‍ത്ഥങ്ങളെ കുറിച്ചോ വിവരമില്ലാത്ത അവസരവാദ രാഷ്ട്രീയ കോമാളികളാണ്‌ ശശിതരൂരിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്‌. ശ്വാനന്മാര്‍ കുരയ്ക്കുന്നുണ്ട്‌ എന്ന്‌ കരുതി സ്വാര്‍ത്ഥ വാഹക സംഘം മുന്നോട്ടുപോകാതിരിക്കില്ല എന്ന്‌ ഈ വിവര ദോഷികള്‍ എന്നാണിനി മനസ്സിലാക്കുക. എന്നാണ്‌ ആതിരേ ഇന്ത്യന്‍ രാഷ്ട്രീയം പാദസേവകരുടെ പിടിയില്‍ നിന്ന്‌ മുക്തമാവുക.
ക്രമസമാധാനം:
ആഭ്യന്തര വകുപ്പിന്‌
കാരി-എസ്‌ കത്തി അവാര്‍ഡ്‌

ആതിരെ,'മിതം ച: സാരം ച: വചോതി വാഗ്മിതാ' എന്നാണ്‌ ഭഗവത്‌ ഗീതയുടെ ഉദ്ബോധനം. വാരിവലിച്ച്‌ പറയാതെ സാരവത്തായി പറയുന്നതാണ്‌ പ്രയോജനപ്രദം എന്ന്‌ വ്യാഖ്യാനിക്കാവുന്നതാണ്‌ ഈ ഉപദേശം.
അതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന പാലന മികവിന്‌ ഇന്ത്യടുഡേയുടെ അവാര്‍ഡ്‌ ലഭിച്ച കേരളത്തിന്‌ മറ്റൊരു അവാര്‍ഡിനു കൂടി സാധ്യതയുണ്ടെന്ന്‌ ചുരുക്കി പറയട്ടെ.
ഈ അവാര്‍ഡിന്‌ പരിഗണിക്കപ്പെട്ട നേട്ടങ്ങള്‍ താഴെ പറയുന്നവയാണ്‌: ഇവ ബഹു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവര്‍കള്‍ കഴിഞ്ഞദിവസം നിയമസഭയില്‍ രേഖാമൂലം നല്‍കിയതായതുകൊണ്ട്‌ ഇതിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ ഒരു കൊഞ്ഞാണനും അവകാശമില്ല എന്ന്‌ മാലോകരെ തെര്യപ്പെടുത്തിക്കൊള്ളുന്നു.

നേട്ടങ്ങള്‍ :
? കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ സംസ്ഥാനത്ത്‌ 1308 കൊലപാ തകം
? 97 ജുവലറി കൊള്ള (അഞ്ചു കോടി 57 ലക്ഷം രൂപ ഉടമ കള്‍ക്ക്‌ നഷ്ടം)
? 10 ബാങ്ക്‌ കവര്‍ച്ച
? 2226 പിടിച്ചുപറി സംഭവങ്ങള്‍
? ആറു കോടി രൂപയുടെ കുഴല്‍പണം ഇടപാട്‌ (പിടിക്കപ്പെട്ടത്‌)
? മാധ്യമ സ്ഥാപനങ്ങളുടെ 12 ഓഫീസുകള്‍ ആക്രമിച്ചു
? 55 മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ദേഹോപദ്രവം ഏറ്റു
? മാധ്യമങ്ങളുടെ ഉപകരണങ്ങള്‍ കേടുവരുത്തിയ 10 സംഭവങ്ങള്‍
? (ഈ കേസുകളില്‍ ചില സിപിഎം പോഷക സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നുള്ളത്‌ അഭിമാനര്‍ഹമായ മറ്റൊരു നേട്ടം.)
? 2005-ല്‍ 6425ഉം, 06-ല്‍ 7321ഉം 07-ല്‍ 7601ഉം ഉള്‍പ്പെടെ 33,069 അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടന്നു.
? കഴിഞ്ഞവര്‍ഷം മാത്രം 8000- ലേറെ കേസുകള്‍
? 2005 മുതല്‍ 2339, 2543, 2624, 2725 എന്നീ ക്രമത്തില്‍ മാനഭംഗകേസുകള്‍
? 902 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി.
? 167 സ്ത്രീ ധനമരണങ്ങള്‍
? 2005-ല്‍ 3283ഉം, 06-ല്‍ 3208ഉം, 07-ല്‍ 3909ഉം, 08-ല്‍ 4050-ഉം സ്ത്രീ കള്‍ ഭര്‍ത്താവിന്റേയോ ബന്ധുക്കളുടേയോ ക്രൂരതയ്ക്ക്‌ വിധേയരായി.

ആനന്ദ ലബ്ധിക്ക്‌ ഇനിയെന്തുവേണം
ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ കൊതിക്കെറുവുകൊണ്ട്‌ പറയുന്ന ആരോപണങ്ങള്‍ പോയി തുലയട്ടെ ആതിരേ.
പുലരട്ടെ ഇനിയും മധുര മനോഞ്ജമായ ഇത്തരം ഇടതുപക്ഷ ക്രമസമാധാനപാലനം.

Wednesday, September 16, 2009

ബിനീഷ്‌ പിണറായിക്കൊപ്പം വളരുമ്പോള്‍...

രാഷ്ട്രീയത്തിലുമുണ്ട്‌ ആതിരേ, 'സഗുണാരാധാന'. അധികാരവും പ്രൗഢിയും ജനപ്രിയത്തവുമുള്ള നേതാവിനെ ആരാധനാ വിഗ്രഹമാക്കി അദ്ദേഹത്തിന്റെ ബോഡിലാംഗ്വേജും സംസാര രീതികളും അപ്പാടെ അനുകരിച്ച്‌ നേതൃത്വത്തിലേയ്ക്കുള്ള ചവിട്ടുപടി കയറലാണ്‌ ഈ സഗുണാരാധനയുടെ രീതി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍, കേരളത്തില്‍, അഭ്യുന്നതി ആഗ്രഹിക്കുന്ന യുവനേതാക്കന്മാരും കണ്ണൂര്‍ ലോബിയും ഔദ്യോഗിക പക്ഷവും അതുകൊണ്ടുതന്നെ ബോധപൂര്‍വം അനുകരിക്കാന്‍ ശ്രമിക്കുന്നത്‌ പിണറായി വിജയന്റെ ഭാവഹവാദികളും സംസാര രീതിയുമാണ്‌. മന്ത്രി പി.കെ. ശ്രീമതി മുതല്‍ എസ്‌എഫ്‌ഐ നേതാവ്‌. വരെ ഇതേ രീതിശാസൃതമാണ്‌ പിന്തുടരുന്നത്‌.
എന്നാല്‍, ഇവര്‍ക്കാര്‍ക്കും ലഭിക്കാത്ത അംഗീകാരമാണ്‌ മകന്‍ കോടിയേരിക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.
ഓര്‍മയുണ്ടാവും ലാവലിന്‍ അഴിമതി പ്രശ്നം മാധ്യമങ്ങളില്‍ ചൂട്‌ ചര്‍ച്ചാവിഷയമായ ദിവസങ്ങള്‍. അന്ന്‌ വിവാദങ്ങളെല്ലാം മാധ്യമ സിന്‍ഡിക്കേറ്റുകളുടെ സൃഷ്ടിയാണെന്ന്‌ സ്ഥാപിച്ച്‌ പിണറായിയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളായി കണക്കാക്കിയാണ്‌ ജയരാജന്മാര്‍ മുതല്‍ ബ്രാഞ്ച്‌ സെക്രട്ടറി വരെയുള്ള സഖാക്കള്‍ അതിനെ പ്രതിരോധിച്ചത്‌. പിണറായിയാണ്‌ പാര്‍ട്ടി എന്ന ഫാസിസ്റ്റ്‌ ചിന്താഗതി ഊട്ടിയുറപ്പിക്കാനായിരുന്നു മാധ്യമ വിമര്‍ശനം എന്ന മട്ടില്‍ സഖാക്കളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത്‌. അതിനുവേണ്ടി കോടതികള്‍ മുതല്‍ തങ്ങള്‍ക്ക്‌ അനഭിമതരായ സ്ഥാപനങ്ങളെയും വ്യക്തികളെയും നിഷ്ഠൂരവും അശ്ലീലം നിറഞ്ഞതുമായ ഭാഷയിലാണ്‌ ഇവര്‍ ഭര്‍ത്സിച്ചത്‌.
സമാനസ്വഭാവത്തിലുള്ള ശ്രമമാണ്‌ ആതിരേ, ഇപ്പോള്‍ നടക്കുന്നത്‌. പോള്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ മകന്‍ കോടിയേരിക്കെതിരെ ഉയര്‍ന്ന അധോലോക ബന്ധങ്ങളെ കുറിച്ചുള്ള വിവാദങ്ങളെ ഇപ്പോള്‍ പാര്‍ട്ടിക്കെതിരായുള്ള വിമര്‍ശനമായി സമീകരിച്ച്‌ നേരിടാനാണ്‌ അച്ഛന്‍ കോടിയേരി മുതല്‍ ഇങ്ങോട്ടുള്ള നേതാക്കന്മാരുടെയെല്ലാം ശ്രമം. രണ്ടുവട്ടം പത്രസമ്മേളനം നടത്തി പാര്‍ട്ടിവിരുദ്ധവും ലെനിനിസ്റ്റ്‌ വിരുദ്ധവുമായ ഈ ലൈനിന്‌ സാക്ഷാല്‍ പിണറായി തന്നെ അംഗീകാരം നല്‍കുകയുണ്ടായി.
അറിയാമല്ലോ, മകന്‍ കോടിയേരിയുമായി ബന്ധപ്പെട്ടാണ്‌ കേരളത്തില്‍ വിവാദമുണ്ടാക്കിയ പല വിഷയങ്ങളുടെയും രഹസ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്‌. കിളിരൂര്‍, കവിയൂര്‍ സംഭവം മുതല്‍ ഇപ്പോള്‍ പോള്‍ വധം വരെ എത്തിനില്‍ക്കുന്നു ഈ ആരോപണങ്ങള്‍. ഇവയെ പാര്‍ട്ടിക്കെതിരായുള്ള സംഘടിത നീക്കമായി ചിത്രീകരിച്ച്‌ പ്രതിരോധിക്കാനാണ്‌ ഔദ്യോഗിക പക്ഷത്തെ നേതാക്കളുടെ ശ്രമം. ഇതാകട്ടെ ആ പക്ഷത്തെ തന്നെ അണികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ മകന്‍ കോടിയേരിയെ വെള്ളപൂശാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അഴിമതിയാണ്‌ പാര്‍ട്ടിയെന്നും ഗുണ്ടായിസമാണ്‌ പാര്‍ട്ടിയെന്നും ഇവരെല്ലാം വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ശരിക്കും നോവുന്നുണ്ട്‌ ഔദ്യോഗിക പക്ഷത്തെ സാധാരണക്കാരായ അണികള്‍ക്ക്‌. മൂലധന ശക്തികളുമായി കൈകോര്‍ത്ത്‌ ജനാധിപത്യ വിരുദ്ധവും പാര്‍ട്ടിവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കുന്നവരെ പാര്‍ട്ടി ലൈനില്‍ പ്രതിരോധിച്ച്‌ പൊതു സമൂഹത്തിന്റെ മുന്‍പില്‍ ഒരു വലിയ പ്രസ്ഥാനം നാണം കെട്ടുകൊണ്ടിരിക്കുന്ന കാഴ്ച മാര്‍ക്സിസ്റ്റ്‌ സഹയാത്രികര്‍ക്കും വിമ്മിട്ടമുണ്ടാക്കുന്നുണ്ട്‌.
പക്ഷെ, മകന്‍ കോടിയേരിക്കോ അച്ഛന്‍ കോടിയേരിക്കോ പിണറായി വിജയനോ ഇതില്‍ അല്‍പ്പം പോലും ഖിന്നതയില്ല ആതിരേ. എന്നാല്‍ പോള്‍ വധം വിവാദമാക്കി മാധ്യമ ശ്രദ്ധ ഉപരിതലത്തില്‍ കേന്ദ്രീകരിപ്പിച്ച്‌ അകത്തളങ്ങളില്‍ നടക്കുന്ന വന്‍ അട്ടിമറിക്ക്‌ കര്‍ട്ടനിടുന്നതില്‍ ഇതുവരെ ഇവരെല്ലാം വിജയിച്ചിട്ടുമുണ്ട്‌. പത്രസമ്മേളനങ്ങളിലൂടെ കെ.സുധാകരനടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ പ്രകോപിപ്പിച്ച്‌ അവര്‍ പറയുന്ന മറുപടിക്ക്‌ ചുട്ടമറുപടികള്‍ നല്‍കി പോള്‍ വധത്തില്‍ നിന്നും അതിന്റെ പിന്നാമ്പുറകളികളില്‍ നിന്നും കേരളത്തില്‍ നടമാടുന്ന ഗുണ്ടാരാജില്‍ നിന്നും ജനശ്രദ്ധ വിദഗദ്ധമായാണ്‌ ഇപ്പോള്‍ തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. ഏറ്റവുമൊടുവില്‍ മര്യാദയ്ക്ക്‌ നാവടക്കി ഇരുന്നില്ലെങ്കില്‍ സുധാകരന്റെ നാക്കുമാത്രമല്ല കയ്യും കാലും വെട്ടിവീഴ്ത്തുമെന്നാണ്‌ എസ്‌എഫ്‌ഐ നേതാവ്‌ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌.
ഇങ്ങനെ പാര്‍ട്ടിയിലെ ധനാര്‍ത്തി മൂത്ത വിഭാഗത്തിന്റെ കൊള്ളരുതായ്മകള്‍ക്ക്‌ നേതൃത്വം അംഗീകാരം നല്‍കുകയും ഗുണ്ടാബന്ധങ്ങള്‍ പരവതാനിക്ക്‌ കീഴിലേയ്ക്ക്‌ തള്ളി താഴ്ത്തുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ സാധാരണക്കാരന്റെ ജീവിതം കവര്‍ച്ചക്കാരുടേയും മോഷ്ടാക്കളുടേയും പെണ്വാണീഭവീരന്മാരുടേയും ഗുണ്ടകളുടേയും മറ്റെല്ലാത്തരം മാഫിയകളുടേയും പിടിയില്‍ പിടയുകയാണ്‌
കേരളത്തില്‍ സര്‍വ്വവും ഭദ്രമാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പൊള്‍ കേരളത്തില്‍ ക്രമസമാധാന നില ഒരുതരത്തിലും ആശങ്കയ്ക്ക്‌ കാരണമാകുന്നില്ലെന്നും വാദിച്ചു സ്ഥാപിക്കാനാണ്‌ പിണറായി മുതല്‍ വൈക്കം വിശ്വന്‍ വരെയുള്ള നേതാക്കളുടെ ശ്രമം. ഇന്ത്യ ടുഡേ നല്‍കിയ ഒരു പുരസ്കാരം ഉയര്‍ത്തിപ്പിടിച്ച്‌ എതിരാളികളുടെയും വിമര്‍ശകരുടെയും വായടക്കാനാണ്‌ ബന്ധപ്പെട്ടവരുടെ ശ്രമം. ഏറ്റവും മികച്ച ക്രമസമാധാനത്തിനുള്ള അവാര്‍ഡാണ്‌ ഇന്ത്യാ ടുഡേയില്‍ നിന്ന്‌ ആഭ്യന്തരമന്ത്രി ഏറ്റുവാങ്ങിയത്‌. (ഗുജറാത്ത്‌ മുഖ്യമന്ത്രിയും ഫാസിസ്റ്റുമായ നരേന്ദ്രമോഡിയെ ആദരിച്ചവരാണ്‌ ഇന്ത്യാ ടുഡേ. അന്ന്‌ ആ നടപടിയെ വിമര്‍ശിച്ചവരാണ്‌ പിണറായി അടക്കമുള്ളവര്‍. എന്നിട്ടാണ്‌ അഭിമാനപൂര്‍വം ഇപ്പോള്‍ ഈ പുരസ്കാരം ഡല്‍ഹിയില്‍ പോയി ആഭ്യന്തരമന്ത്രി സ്വീകരിച്ചിരിക്കുന്നത്‌.)
ആ പുരസ്കാരം സ്വീകരിച്ച്‌ കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രിയെ,ആതിരേ അണികള്‍ അഭിവാദ്യം ചെയ്തത്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ ഒരു എസ്‌ഐയുടെ കൈ തല്ലിയൊടിച്ചുകൊണ്ടാണ്‌. വടക്കേക്കര സ്റ്റേഷന്‍ എസ്‌ഐ പി.വി. ഷിബുവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്‌ ഡിവൈഎഫ്‌ഐ ചേണ്ടമംഗലം വില്ലേജ്‌ കമ്മിറ്റിയംഗം ഫസല്‍ റഹ്മാനാണ്‌. ജനങ്ങളെ കബളിപ്പിച്ച ഒരു ചിട്ടിക്കമ്പനിക്കുവേണ്ടി വക്കാലത്തുമായി ചെന്ന ഫസല്‍ റഹ്മാനെ അംഗീകരിക്കാന്‍ എസ്‌ഐ ഷിബു തയ്യാറാകാതിരുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ഉടന്‍ തന്നെ മുതിര്‍ന്ന നേതാക്കളും ഉയര്‍ന്ന പോലീസ്‌ ഓഫീസര്‍മാരും ഇടപെട്ട്‌ സംഭവം തേച്ചുമാച്ചാന്‍ കളയാന്‍ ശ്രമിച്ചെങ്കിലും എസ്‌ഐ ഷിബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫസല്‍ റഹ്മാനെ അറസ്റ്റ്‌ ചെയ്യുകയും റിമാന്‍ഡ്‌ ചെയ്യുകയുമുണ്ടായി.
എന്നാല്‍, ഇതുസംബന്ധിച്ച്‌ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിയമ സഭയെയും കേരളത്തിലെ ജനങ്ങളെയും പമ്പര വിഡ്ഢികളാക്കുകയായിരുന്നു നിയമമന്ത്രി എം.വിജയകുമാര്‍. വടക്കേക്കര സ്റ്റേഷനില്‍, ആരോപിക്കപ്പെടുന്നതുപോലെയുള്ള സംഭവങ്ങളൊന്നും നടന്നില്ലെന്നും എസ്‌ഐ ഷിബുവിന്‌ പരാതിയില്ലെന്നുമാണ്‌ മന്ത്രി ഉളുപ്പൊട്ടുമില്ലാതെ നിയമസഭയില്‍ പ്രസ്താവിച്ചത്‌.
അറിയമോ ആതിരേ,മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകൊണ്ടുപോയ 33 സംഭവങ്ങളാണുണ്ടായത്‌. ഇതില്‍ 28 ലും പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌ ഡിവൈഎഫ്‌ഐ -മാര്‍ക്സിസ്റ്റ്‌ പ്രാദേശീക നേതൃത്വങ്ങളാണ്‌. അച്ഛന്‍ കോടിയേരി ആഭ്യന്തരം ഭരിക്കുമ്പോള്‍ മകന്‍ കോടിയേരി അണിയറയില്‍ കരുക്കള്‍ നീക്കുമ്പോള്‍ സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസുകാര്‍ക്കും ഓഫീസര്‍മാര്‍ക്കും ഡിവൈഎഫ്‌ഐ - എസ്‌എഫ്‌ഐ - സിഐടിയു-മാര്‍ക്സിസ്റ്റ്‌ ഗുണ്ടകളുടെ മര്‍ദനമേല്‍ക്കാനാണ്‌ വിധി. ഗുണ്ടായിസം അതിന്റെ എല്ലാ പ്രാകൃത ഭാവങ്ങളോടെയാണ്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണങ്ങളായി പരിണമിച്ചിട്ടുള്ളത്‌. ഈ കേസുകളില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കും എന്ന പതിവ്‌ പ്രഖ്യാപനത്തിനപ്പുറം പോകാന്‍ ആഭ്യന്തരമന്ത്രിയോ ഡിജിപിയോ തയ്യാറായിട്ടില്ല. ഓം പ്രകാശുമാര്‍ക്കും പുത്തന്‍ പാലം രാജേഷുമാര്‍ക്കും സംരക്ഷണം നല്‍കുന്നതിലാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെയും പോലീസിലെയും ഗുണ്ടാ സംരക്ഷകര്‍ക്ക്‌ താല്‍പര്യം. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഭീഷണികൊണ്ട്‌ നേരിടാനാണ്‌ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തരമന്ത്രിയും അവരുടെ വിശ്വസ്ത വിധേയരും ശ്രമിക്കുന്നത്‌. ഓര്‍മയുണ്ടാകും മാധ്യമങ്ങള്‍ക്ക്‌ നേരെ ഇവരില്‍ ചിലരെല്ലാം കുരച്ച്‌ ചാടിയത്‌.
മോഷണവും പിടിച്ചുപറിയും കവര്‍ച്ചയും ഗുണ്ടാ രാജുമാണ്‌ ഇന്ന്‌ കേരളം ഭരിക്കുന്നത്‌. നോക്കുകുത്തികളായി, വിഡ്ഢികളായി ഇതെല്ലാം കണ്ടുനില്‍ക്കാനാണ്‌ ജേക്കബ്‌ പുന്നൂസും വിന്‍സന്‍ എം. പോളുമടക്കമുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ജോലി. മകന്‍ കോടിയേരിയും അയാളുടെ സുഹൃത്തുക്കളും അവരുടെ ഗുണ്ടകളും അപ്പോള്‍ അഴിഞ്ഞാടിയില്ലെങ്കില്‍, പോലീസ്‌ സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി എസ്‌ഐയെ തല്ലി കൈ ഒടിച്ചില്ലെങ്കില്‍ അതിശയിച്ചാല്‍ മതി.
ഈ തെമ്മാടിത്തരം ഇങ്ങനെ നടമാടുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട പ്രതിപക്ഷത്തെ നേതാക്കന്മാര്‍ എവിടെയാണ്‌ ആതിരേ? അവരെല്ലാം രാമേശ്വരത്ത്‌ പോയിരിക്കുകയാണോ?. അവിടത്തെ പണിയാണോ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കന്മാര്‍ക്ക്‌ ലാഭകരവും സ്വീകാര്യവും?. പ്രതിപക്ഷത്തിന്റെ ഈ ഷണ്ഡത്വം കൂടിയാണ്‌ മകന്‍ കോടിയേരിക്കും അയാളുടെ കാളികൂളി കൂട്ടങ്ങള്‍ക്കും അങ്ങനെ അങ്ങനെ വളര്‍ന്ന്‌ വളര്‍ന്ന്‌ സാക്ഷാല്‍ സഖാവ്‌ പിണറായി വിജയനൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ പ്രോത്സാഹനമാകുന്നത്‌

ഇനിയെങ്കിലും സഭ സത്യം അംഗീകരിക്കുമോ? ക്ഷമ പറയുമോ...?
"നിങ്ങള്‍ സത്യമറിയുകയും സത്യം നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും" എന്ന ബൈബിള്‍ വചനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാകുകയായിരുന്നു ആതിരേ, കഴിഞ്ഞദിവസം പുറത്തുവന്ന അഭയ കേസിലെ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിന്റെ വീഡിയോ സിഡികള്‍.
സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നു എന്നും അതിന്‌ കോടാലി പോലെയുള്ള ഒരു ഉപകരണമാണ്‌ ഉപയോഗിച്ചതെന്നും അടിയേറ്റു വീണ അഭയയെ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയും സിസ്റ്റര്‍ സെഫിയും ചേര്‍ന്ന്‌ കിണറ്റില്‍ ഇടുകയായിരുന്നു എന്നുമാണ്‌ ഇപ്പോള്‍ പ്രതികളായി അറസ്റ്റ്‌ ചെയ്യപ്പെട്ട മൂന്ന്‌ പേരുടെയും നാര്‍ക്കോ അനാലിസിസില്‍ വ്യക്തമായത്‌.
1992 മാര്‍ച്ച്‌ 17-ാ‍ം തീയതി പുലര്‍ച്ചെ കോട്ടയത്തെ പയസ്‌ ടെന്ത്‌ ഹോസ്റ്റലിന്റെ അടുക്കളയില്‍ സിസ്റ്റര്‍ സെഫിയും ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ്‌ കൊലപാതകത്തിന്‌ കാരണം. സിസ്റ്റര്‍ സെഫിയാണ്‌ കോടാലിപോലുള്ള ഉപകരണം കൊണ്ട്‌ സിസ്റ്റര്‍ അഭയയുടെ തലയ്ക്കടിച്ച്‌ വീഴ്ത്തിയത്‌.
ഇതുപോലെ ഞെട്ടിക്കുന്നതും നാണം കെടുത്തുന്നതുമായ നിരവധി വിവരങ്ങളാണ്‌ തിങ്കളാഴ്ച ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ സിഡിയിലുള്ളത്‌. പല സ്ഥലത്തും എഡിറ്റിംഗ്‌ നടന്നിട്ടുള്ളതുകൊണ്ട്‌ ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌ പയസ്‌ ടെന്ത്‌ അടുക്കളയില്‍ നടന്ന കാമകേളികളുടെ വിശദവിവരം ലഭ്യമല്ല. എന്നാലും താനാണ്‌ അച്ചന്മാര്‍ക്ക്‌ ഹോസ്റ്റലിനുള്ളില്‍ കയറാന്‍ വാതില്‍ തുറന്നുകൊടുത്തതെന്ന്‌ സെഫിയും തങ്ങള്‍ സാധാരണ വെളുപ്പാന്‍ കാലത്ത്‌ ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും സിസ്റ്റര്‍ സെഫിയെ കൂടാതെ മറ്റൊരു സിസ്റ്ററും 'ഈ ബിസിനസില്‍' പങ്കാളിയാകാറുണ്ടെന്നും സംഭവദിവസം ആ സിസ്റ്റര്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നുമൊക്കെയാണ്‌ ഫാ. പൂതൃക്കയിലിന്റെ വെളിപ്പെടുത്തല്‍.
ആതിരേ,കഴിഞ്ഞ 16 വര്‍ഷമായി സഭയും രാഷ്ട്രീയ നേതൃത്വവും അവയുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി സിബിഐ അടക്കമുള്ള അന്വേഷണ സംഘങ്ങളും ഒളിച്ചുവെച്ച വലിയ സത്യമാണ്‌ ഇപ്പോള്‍ പുറത്തായിട്ടുള്ളത്‌. ( 1994 മുതല്‍ , അഭയയെ കൊന്നത്‌ വധത്തിന്‌ ല്‍ ഫാ. കോട്ടൂരും ഫാ. പൂതൃക്കയും സിസ്റ്റര്‍ സെഫിയുമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഏക പത്രപ്രവര്‍ത്തകന്‍ ഞാന്‍ ആയിരുന്നു എന്ന്‌ ആനുഷംഗീകമായി ഇവിടെ സൂചിപ്പിക്കട്ടെ ആതിരേ). സാമുദായിക പരിഗണനകളും രാഷ്ട്രീയ ഇടപെടലുകളും മൂലം മുഖ്യധാരാ പത്രങ്ങള്‍ സത്യം തെളിച്ച്‌ എഴുതിയിരുന്നില്ലെങ്കിലും ലോക്കല്‍ പോലീസ്‌ മുതല്‍ സിബിഐയുടെ ആദ്യ അന്വേഷണ സംഘങ്ങള്‍ വരെ കണ്ടെത്തിയ തിയറികള്‍ തെറ്റാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.
എന്നാല്‍, സഭയെ അവഹേളിക്കാനുള്ള ചില സംഘടിത ശക്തികളുടെ ശ്രമമാണ്‌ ഇത്തരം വാര്‍ത്താ പ്രചാരണമെന്നും സിസ്റ്റര്‍ അഭയയുടെ വധത്തില്‍ ഫാ. കോട്ടൂരിനോ ഫാ. പൂതൃക്കയ്ക്കോ സിസ്റ്റര്‍ സെഫിയ്ക്കോ പങ്കില്ലെന്നുമായിരുന്നു ക്രൈസ്തവ മതപുരോഹിതന്മാരുടെയും അവരുമായി ബന്ധപ്പെട്ട തല്‍പ്പര കക്ഷികളുടെയും നിലപാടും പ്രചാരണവും. എന്തിനധികം അടുത്ത നാളുകളിലാണ്‌ ഈ കേസിലെ ഒന്നാം പ്രതിയാകേണ്ട സിസ്റ്റര്‍ സെഫിയുടെ ശാരീരിക പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ സമൂഹ മധ്യത്തില്‍ അധിക്ഷേപിക്കുകയാണെന്ന വാദമുന്നയിച്ച്‌ വൃന്ദ കാരാട്ടും ആനി രാജയുമെല്ലാം രംഗത്തെത്തിയതെന്നോര്‍ക്കുക.
മൂന്ന്‌ സന്യസ്തരുടെ ലൈംഗിക അരാജകത്വത്തിന്‌ ഇരയായി മറ്റൊരു സന്യസ്ത ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ഇരയെയും ഇരയുടെ ആശ്രിതരെയും സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനും വേട്ടക്കാരെ ന്യായീകരിക്കാനുമാണ്‌ ആതിരേ, പോലീസ്‌ സംവിധാനം ഉള്‍പ്പെടെയുള്ള സ്വാധീന ശക്തികള്‍ ശ്രമിച്ചത്‌. അഭയ ആത്മഹത്യ ചെയ്തതാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ സഭയും ഈ ശക്തികളും ഇപ്പോഴും പച്ചക്കള്ളം മെനഞ്ഞുകൊണ്ടിരിക്കുകയാണ്‌. പരീക്ഷയില്‍ തോറ്റുപോയതുകൊണ്ടുള്ള നിരാശതയാണ്‌ ആത്മഹത്യയ്ക്ക്‌ കാരണമെന്നും അതല്ല അഭയയുടെ മാതാവടക്കമുള്ളവര്‍ക്ക്‌ മാനസിക രോഗമുണ്ടായിരുന്നു അതാണ്‌ ആത്മഹത്യയിലേയ്ക്ക്‌ നയിച്ചതെന്നും കന്യാസൃതീയാകുന്നതിന്‌ സഭയ്ക്ക്‌ നല്‍കേണ്ട ഫീസ്‌ മുഴുവനായി നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ്‌ ആത്മഹത്യ ചെയ്തത്‌ എന്നുമൊക്കെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്‌ അഭയയുടെ മാതാപിതാക്കളുടെ മാന്യതയെ വലിച്ചു കീറിയവരാണ്‌ കേരളത്തിലെ ലോക്കല്‍ ക്രൈം ബ്രാഞ്ച്‌ പോലീസും സഭാ നേതൃത്വവും. ക്നാനായ സഭയുടെ ഭീമമായ സ്വത്തില്‍ നിന്ന്‌ നല്ലൊരു വിഹിതം രാഷ്ട്രീയ നേതാക്കള്‍ക്കു നല്‍കി കേന്ദ്രസര്‍ക്കാരെ പോലും സ്വാധീനം ചെലുത്തി കേസന്വേഷണം അട്ടിമറിക്കുന്നതില്‍ ഒരു പരിധിവരെ സഭയും കൊലയാളികളും വിജയിച്ചിരുന്നു എന്നത്‌ നേരാണ്‌.
പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌, രാസപരിശോധനാ റിപ്പോര്‍ട്ട്‌, ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ തുടങ്ങിയ അടിസ്ഥാന രേഖകളില്‍ വരെ തിരുത്തല്‍ വരുത്തിയായിരുന്നു കൊലയാളികളും അവരുടെ സംരക്ഷകരും അഭയയെ തുടര്‍ച്ചയായി കൊന്നുകൊണ്ടിരുന്നത്‌. എന്നാല്‍, ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന യുവാവിന്റെ പോരാട്ടവും ന്യായാസനങ്ങളുടെ കൃത്യമായ ഇടപെടലുകളും മൂലം ഈ കരാള ശക്തികള്‍ക്ക്‌ അന്തിമ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ പോലും സ്വാധീനിച്ച്‌ ആദ്യഘട്ടങ്ങളില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നു. സത്യസന്ധമായി കേസ്‌ അന്വേഷിച്ച ഡിവൈഎസ്പി വര്‍ഗീസ്‌ പി തോമസ്സില്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെ ജോലിയില്‍ നിന്ന്‌ രാജിവെപ്പിക്കാന്‍ വരെ ഈ കൊലയാളി സംഘത്തിന്‌ സാധിച്ചിരുന്നു. എന്നാല്‍, ഇവരുടെ ആവശ്യപ്രകാരം തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ്‌ പുനരന്വേഷണത്തിന്‌ ഉത്തരവിട്ട എറണാകുളം സിജെഎം കോടതിയും കേരള ഹൈക്കോടതിയുമൊക്കെയാണ്‌ അഭയ വധത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരുവാന്‍ സഹായകമായ മറ്റു ഘടകങ്ങള്‍. ഒപ്പം പില്‍ക്കാലത്ത്‌ മാധ്യമങ്ങള്‍ പുലര്‍ത്തിയ നിതാന്ത ജാഗ്രതയും കേസ്‌ അന്വേഷണം അട്ടിമറിക്കുന്നതില്‍ നിന്ന്‌ തല്‍പര കക്ഷികളെ തടഞ്ഞിരുന്നു എന്നതും നേര്‌.
അഭയ കൊല്ലപ്പെടുന്ന സമയത്ത്‌ കോട്ടയം വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന വി.വി. അഗസ്റ്റിന്‍ കുറ്റബോധം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിട്ട്‌ അധിക നാളായില്ല. അന്ന്‌ ക്രൈംബ്രാഞ്ച്‌ എസ്പിയായിരുന്ന കെ.പി മൈക്കിളിന്റെയും പോലീസ്‌ സര്‍ജന്‍ ഉമാദത്തന്റെയുമൊക്കെ കുരുട്ടുബുദ്ധിയില്‍ നിന്നാണ്‌ ആത്മഹത്യാ തിയറി തിടം വെച്ചത്‌. കൊലയാളികള്‍ നല്‍കിയ ലക്ഷങ്ങള്‍ പോക്കറ്റിലാക്കി അഭയെയും അഭയയുടെ മാതാപിതാക്കളെയും അധിക്ഷേപിച്ച്‌ വേട്ടക്കാരെ സംരക്ഷിക്കുകയായിരുന്നു ഈ മനുഷ്യമൃഗങ്ങള്‍.
ഇവര്‍ക്കൊപ്പം കേസ്‌ അട്ടിമറിക്കാന്‍ ഒരുകാലത്ത്‌ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കറെന്ന്‌ അറിയപ്പെട്ടിരുന്ന കെ.കരുണാകരനും ഇന്ന്‌ കേന്ദ്രമന്ത്രിയായ വയലാര്‍ രവിയും മുന്‍ മന്ത്രി കെ.എം മാണിയുമൊക്കെ അണിയറയില്‍ കറുത്ത ചരടുകള്‍ വലിച്ചവരാണ്‌.
നീതിയെയും നിയമത്തെയും വെല്ലവിളിച്ച്‌ ഒരു സാധു സന്യസ്തയുടെ ജീവിതം പിച്ചിച്ചീന്തിയ കൊലയാളികള്‍ക്ക്‌ കാലത്തികവില്‍ കയ്യാമം വീണത്‌ സത്യത്തിന്റെ വിജയമാണ്‌. അപ്പോള്‍ പോലും സഭയെ അധിക്ഷേപിക്കാനുള്ള ശ്രമമായിട്ടാണ്‌ നേതൃത്വം ഇതിനെ വിലയിരുത്തിയത്‌. സംഭവം നടക്കുമ്പോള്‍ ക്നാനായ സഭയുടെ ബിപ്പായിരുന്നു ഡോ. കുര്യാക്കോസ്‌ കുന്നശേരി. ഇപ്പോള്‍ കേസില്‍ 87-ാ‍ം സാക്ഷിയായ അദ്ദേഹം സമ്മതിക്കുന്നുണ്ട്‌ അഭയ കൊല്ലപ്പെട്ടതാകാനാണ്‌ സാധ്യതയെന്ന്‌. ഈ സത്യം അദ്ദേഹം ആദ്യമേ വെളിപ്പെടുത്തിയിരുന്നെങ്കില്‍ കേസ്‌ അന്വേഷണം ഇത്രയ്ക്ക്‌ നീളുമായിരുന്നില്ല തെളിവുകള്‍ നശിപ്പിക്കപ്പെടുമായിരുന്നില്ല, കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്തേനെ.
പക്ഷെ ആതിരേ, നാര്‍ക്കോ അനാലിസിസിലെ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ തെളിവ്‌ നിയമമനുസരിച്ച്‌ കോടതി തെളിവായി സ്വീകരിക്കപ്പെടുകയില്ല. സിബിഐ നല്‍കിയ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ മറ്റു ഭൗതീക - സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുത്തെങ്കില്‍ മാത്രമേ അറസ്റ്റിലായിട്ടുള്ള ഫാ. കോട്ടൂരും ഫാദര്‍ പൂതൃക്കയും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുകയുള്ളു. കോടതി ശിക്ഷ വിധിക്കാത്ത കാലത്തോളം അവര്‍ നിയമപാരമായി നിരപരാധികളാണ്‌.
എന്നാല്‍, ഇന്ത്യയിലെ തെളിവ്‌ നിയമങ്ങളോ നീതി വ്യവഹാരമോ അല്ല സത്യത്തിന്റെ അളവുകോല്‍. അഭയയെ കൊന്നതാണെന്നും അത്‌ തങ്ങളാണെന്നും പ്രതികള്‍ മൂന്ന്‌ പേരും സമ്മതിച്ചു കഴിഞ്ഞു. ഇതിയെങ്കിലും നിയമപരമായ സാങ്കേതികതയുടെ ന്യായത്തില്‍ തൂങ്ങാതെ സത്യം അംഗീകരിക്കാന്‍ സഭ തയ്യാറാകണം. അഭയയുടെ മാതാപിതാക്കളോട്‌ കാണിച്ച കടുത്ത മനുഷ്യത്വ രഹിതമായ നിലപാടുകള്‍ക്ക്‌ ക്ഷമ ചോദിക്കണം. വിശ്വാസികളെയും പൊതുസമൂഹത്തെയും ഇത്രയും നാള്‍ വഞ്ചിച്ചതിന്‌ പൊതു മാപ്പിരക്കണം. ഫാ. പൂതൃക്കയിലേയും ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും അവരുടെ സന്യസ്ത സ്ഥാനങ്ങളില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്യണം. എങ്കില്‍ മാത്രമേ നീതിമാനായ ദൈവത്തിന്റെയും ദൈവപുത്രന്റെയും പേരില്‍ ആണയിടാനും പ്രാര്‍ത്ഥിക്കാനും പ്രേഷിത വൃത്തി നടത്താനും ഇനി സഭയ്ക്ക്‌ അര്‍ഹതയുള്ളു. സന്യസ്തരുടെ സ്വവര്‍ഗരതിയുടെ നരകാനുഭങ്ങളുടെ പേരില്‍ ലോകത്തോട്‌ ക്ഷമചോദിച്ചവരാണല്ലോ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയും ആ മാതൃകയെങ്കിലും ക്നാനായ കത്തോലിക സഭാ നേതൃത്വവും കൊലയാളികളെ ന്യായീകരിച്ച മറ്റു ക്രൈസ്ത സഭാ നേതൃത്വവും സ്വീകരിച്ചേ മതിയാകൂ..
യഥാര്‍ത്ഥത്തില്‍ മോശയുടെ നിയമം അനുസരിച്ച്‌ ഫാ.കോട്ടൂരിനേയും, ഫാ.പൂതൃക്കയിലിനേയും,സിസ്റ്റര്‍ സെഫിയേയും പരസ്യമായി കല്ലെറിഞ്ഞു കൊല്ലുകയാണ്‌ വേണ്ടത്‌.അപ്പോള്‍ പോലും കൊലയാളികളും സഭയും പോലിസും രാഷ്ട്രീയ നേതാക്കളും സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളോടു കാണിച്ച ദുഷ്ടതയ്ക്കുള്ള ശിക്ഷ ആകുകയില്ല.
എന്നാലും ഇവരൊക്കെ പറയുന്ന ദൈവഹിതം അപ്പോള്‍ മാത്രമായിരിക്കും ആതിരേ പൂര്‍ത്തിയാകുക

Monday, September 14, 2009

പിണറായി ഭോഷനാകുന്നത്‌ ആര്‍ക്കുവേണ്ടി..?

ആതിരെ,"അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു" എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ കളിയാക്കിയത്‌ പിണറായി വിജയനെ ആയിരുന്നോ...?
ആണെന്നുവേണം പോള്‍ വധം സംബന്ധിച്ച്‌ അദ്ദേഹം നടത്തിയ രണ്ടു പ്രതസമ്മേളനങ്ങളിലെ വെളിപ്പെടുത്തലുകളും ഭീഷണികളും കൂട്ടിവായിക്കുമ്പോള്‍ അനുമാനിക്കേണ്ടത്‌.
പോള്‍വധം സംബന്ധിച്ച്‌ പിണറായിയുടെ താല്‍പര്യമെന്ത്‌ എന്ന ചോദ്യം ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ ഉയര്‍ന്നതാണ്‌. അന്ന്‌ തന്ത്രപരമായ മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌. പാര്‍ട്ടിഭരണത്തെയും പോളിറ്റ്‌ ബ്യൂറോ അംഗമായ ആഭ്യന്തരമന്ത്രിയെയും അനാവശ്യ വിവാദങ്ങളിലേയ്ക്ക്‌ വലിച്ചിഴയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയ്ക്ക്‌ അതിനെ പ്രതിരോധിക്കാനും ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കാനും താന്‍ ബാധ്യസ്ഥനായതുകൊണ്ടാണ്‌ വിഷയത്തില്‍ ഇടപെട്ട്‌ വിശദീകരണം നല്‍കുന്നത്‌ എന്നായിരുന്നു അന്ന്‌ പറഞ്ഞത്‌.
എന്നാല്‍, അതായിരുന്നില്ല ഉദ്ദേശ്യമെന്നും ആരെയൊക്കെയോ രക്ഷിക്കാനും അന്വേഷണത്തിന്റെ ദിശ അട്ടിമറിക്കാനും അനാവശ്യ രാഷ്ട്രീയ വിവാദം കുത്തിപ്പൊക്കി പോള്‍ വധത്തിന്റെ പിന്നിലെ കറുത്ത രൂപങ്ങളായ സഖാക്കളെ സമൂഹശ്രദ്ധയില്‍ നിന്ന്‌ തമസ്കരിക്കാനുമായിരുന്നു ലക്ഷ്യമെന്നും അന്ന്‌ വ്യക്തമായതാണ്‌. പോളിനെ വധിച്ചത്‌ ആര്‍എസ്‌എസ്‌ അനുഭാവിയാണെന്ന്‌ സ്ഥാപിച്ച്‌ ബിജെപിയെയും ആര്‍എസ്‌എസിനെയും വിവാദങ്ങളിലേയ്ക്ക്‌ വലിച്ചിഴച്ച്‌ കോടിയേരിയെയും പുത്രനെയും പാര്‍ട്ടിയെയും പാര്‍ട്ടിയിലെ പണാര്‍ത്തി നിറഞ്ഞ സ്തുതിപാഠകരെയും പാര്‍ട്ടിയുടെ ഗുണ്ടാ ബന്ധവുമൊക്കെ കര്‍ട്ടന്‌ പുറകിലേയ്ക്ക്‌ തള്ളാനായിരുന്നു തന്ത്രം. എന്നാല്‍, ആ ചൂണ്ടയില്‍ കൊത്താന്‍ ആര്‍എസ്‌എസും ബിജെപിയും തയ്യാറായില്ല; പിണറായിയുടെ ഗൂഢോദ്ദേശ്യം മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞ്‌ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു. അതോടെ ആ നീക്കം അമ്പേ പരാജയപ്പെടുകയായിരുന്നു.
ആതിരേ,കേരളത്തിലെ ഏത്‌ കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്‌, പോള്‍വധം സംബന്ധിച്ച്‌ കേരളപോലീസ്‌ ദിവസേന പുറത്തുവിടുന്ന അന്വേഷണ റിപ്പോര്‍ട്ടെന്ന കള്ളത്തരത്തിന്റെയും ഗുണ്ടാ - സിപിഎം സംരക്ഷണത്തിന്റെയും വിശദാംശങ്ങള്‍. പോലീസിന്റെ നീക്കങ്ങള്‍ എല്ലാം തന്നെ മുളയിലേ പാളിപ്പോകുന്നത്‌ ലൈവായി കണ്ടുകൊണ്ടിരിക്കുന്ന കേരളീയരുടെ മുന്നിലേയ്ക്കാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാമത്തെ പത്രസമ്മേളന ദൗത്യവുമായി പിണറായി അവതരിച്ചത്‌.
ഇത്തവണ അദ്ദേഹത്തിന്റെ ലക്ഷ്യം മാധ്യമങ്ങളായിരുന്നു. മാധ്യമങ്ങള്‍ക്ക്‌ ഗുണ്ടകളെ രക്ഷിക്കാനുള്ള താല്‍പര്യം കൊണ്ടാണ്‌ കഥകള്‍ മെനയുന്നതെന്നും മാധ്യമങ്ങള്‍ എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്‌ വ്യക്തമാക്കണമെന്നും ഇത്‌ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷിക്കണമെന്നും പറഞ്ഞുവെയ്ക്കുക വഴി പഴയ മാധ്യമ സിന്‍ഡിക്കേറ്റിന്റെ മേല്‍ അപരാധമെല്ലാം കെട്ടി വയ്ക്കാനുള്ള ദുര്‍ബലമായ, (ചീറ്റിപ്പോയ..!) ഒരു നീക്കമാണ്‌ പിണറായി നടത്തിയത്‌. എന്നുമാത്രമല്ല, മാധ്യമങ്ങളുടെ ഈ രീതി അപായകരമാണെന്നും അതു കൊണ്ട്‌ അതിന്റെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളു എന്ന ഗുണ്ടാ ലൈനിലെ ഭീഷണിയും വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തിലുണ്ടായിരുന്നു. തീര്‍ന്നില്ല കേസന്വേഷണത്തില്‍ പോലീസിന്റെ സേവനം സ്തുത്യര്‍ഹമാണെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കാനും പിണറായി ശ്രമിച്ചു.
നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ നിന്ന്‌ പോലീസ്‌ അന്വേഷണത്തിന്റെ " സ്തുത്യര്‍ഹത" കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ബോധ്യമായിട്ടുള്ളതാണ്‌. അത്‌ ഊട്ടിയുറപ്പിക്കാന്‍ സിപിഎം സെക്രട്ടറിയെ പോലെ ഒരു 'നികൃഷ്ടജീവി'യുടെ ഒത്താശയും സര്‍ട്ടിഫിക്കറ്റുമൊന്നും ഇപ്പോള്‍ ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക്‌ പോള്‍ വധക്കേസില്‍ ഹിഡന്‍ അജണ്ടയുണ്ടെന്നും എടോ ഗോപാലകൃഷ്ണാ ആ കത്തിയൊന്നും ഇവിടെ ചെലവാകില്ല എന്ന ലൈനില്‍ മാധ്യമങ്ങളുടെ അജണ്ട വ്യക്തമാക്കണമെന്നും ഇരുതല മൂര്‍ച്ചയുള്ള വാക്കുകളിലൂടെ പിണറായി വ്യക്തമാക്കുകയും ചെയ്തു.
നോക്ക്‌ ആതിരേ, പിണറായി വിജയന്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്‌. പോളിറ്റ്ബ്യൂറോ അംഗമാണ്‌. മുന്‍ മന്ത്രിയാണ്‌. ലാവലിന്‍ കളങ്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തെ ബഹുമാനിക്കുന്ന നിരവധി പേര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്‌. അത്രയ്ക്ക്‌ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി ഗുണ്ടകള്‍ ഇടപെട്ട ഒരു കൊലപാതക കേസില്‍ ഇടപെട്ട്‌ രണ്ടുവട്ടം പത്രസമ്മേളനം നടത്തി 'കേട്ടാല്‍ ഞെട്ടുന്ന' സത്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അത്‌ എന്തിനാണെന്ന്‌ ചിന്തിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ബാധ്യസ്ഥരാകും. അവര്‍ അദ്ദേഹത്തിന്റെ വാക്കുകളും ഭീഷണികളും ബോഡി ലാംഗ്വേജും വിശകലനം ചെയ്ത്‌ പുതിയ തിരിച്ചറിവുകളില്‍ എത്തുകയും ചെയ്യും. ഏതെല്ലാം മാധ്യമങ്ങള്‍ക്ക്‌ എന്തെല്ലാം താല്‍പര്യങ്ങളാണ്‌ ഉള്ളതെന്നും ഏതെല്ലാം ഗുണ്ടകളെ ഏതെല്ലാം മാധ്യമങ്ങള്‍ സംരക്ഷിക്കുന്നു എന്നും അതുകൊണ്ടുതന്നെ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്‌ ഉത്തരവാദിത്തമുണ്ട്‌. പാര്‍ട്ടിസെക്രട്ടറി എന്ന നിലയില്‍ ലാവലിന്‍ കേസില്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ രേഖകള്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ ലഭിച്ചിട്ടുള്ള പിണറായിക്ക്‌ മേല്‍ സൂചിപ്പിച്ച മാധ്യമ - ഗുണ്ടാബന്ധങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ അധിക സമയമൊന്നും വേണ്ട. അപ്പോള്‍ ആ വിഷയങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ച്‌ അവ പൊതു സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിച്ച്‌ മാധ്യമങ്ങള്‍ നടത്തുന്ന അട്ടിമറി പുരത്തു കൊണ്ടു വരുന്നതിനു പകരം കാടടച്ച്‌ വെടിവെയ്ക്കുന്നത്‌ പിണറായിയെ പോലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ ആര്‍ജവത്വത്തിന്‌ നേരെ ഉയരുന്ന നാണം കെട്ട ചോദ്യങ്ങളായി തീരും. അതുകൊണ്ട്‌ മാധ്യമങ്ങള്‍ക്ക്‌ നേരെ തൊടുത്തുവിട്ട, നട്ടാല്‍ കുരുക്കാത്ത കള്ളത്തരങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്‌ ബാധ്യതയുണ്ട്‌,ല്ലേ?.
ഇതിനു പുറമെയാണ്‌ പിടിയിലായിട്ടുള്ള ഗുണ്ടാത്തലവന്മാര്‍ ഓം പ്രകാശിനും പുത്തന്‍പാലം രാജേഷിനും കോണ്‍ഗ്രസ്‌ നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ചും അവരില്‍ ചിലരുടെ എംഎല്‍എ ക്വട്ടേഴ്സിലെ അന്തിയുറക്കത്തെ കുറിച്ചും പിണറായി വിജയന്‍ ചില പുതിയ 'വെളിപ്പെടുത്തലുകള്‍' നടത്തിയത്‌. ആ ആരോപണങ്ങളില്‍ അദ്ദേഹം വലിച്ചിടാന്‍ ഉദ്ദേശിച്ചത്‌ ഇപ്പോഴത്തെ കണ്ണൂര്‍ എംപി കെ. സുധാകരനെയായിരുന്നു. അതുകൂടാതെ യാതൊരു ആവശ്യവുമില്ലാതെ വി.എം. സുധീരനെ കോടാലി ശ്രീധരനെന്ന ഒരു അധോലോക പ്രവര്‍ത്തകനുമായി ബന്ധപ്പെടുത്താനും പിണറായി കൊണ്ടുപിടിച്ച്‌ ശ്രമിച്ചു.പിണറായിയുടെ പത്രസമ്മേളനം തത്സമയം കണ്ടവര്‍ക്കും അത്‌ സംബന്ധിച്ച്‌ പത്രങ്ങളില്‍ വാര്‍ത്ത വായിച്ചവര്‍ക്കും മനസ്സിലാകാത്ത ഒരു ഘടകമുണ്ട്‌. പോള്‍ വധവുമായി കെ. സുധാകരനും വി.എം സുധീരനും എന്ത്‌ പങ്കാണുള്ളത്‌? ഇവരെ വിവാദങ്ങളിലേയ്ക്ക്‌ അനാവശ്യമായി വലിച്ചിഴയ്ക്കുക വഴി ഇനിയും പൂര്‍ത്തിയാകാത്ത കേസ്‌ അന്വേഷണത്തിന്റെ ഗതി ഏത്‌ മാര്‍ഗത്തിലേയ്ക്ക്‌ തിരിച്ച്‌ വിടാനാണ്‌ പിണറായി വിജയന്‍ ശ്രമിക്കുന്നത്‌?
ഒരു കാര്യം കേരളത്തിലെ ജനങ്ങള്‍ക്കും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ അണികള്‍ക്കും വ്യക്തമായിട്ടുണ്ട്‌. പോള്‍ വധവുമായും അല്ലെങ്കില്‍ വധവുമായി ബന്ധപ്പെട്ട ഗുണ്ടകളുമായി പാര്‍ട്ടിയിലെ പല പ്രമുഖര്‍ക്ക്‌ ബന്ധമുണ്ട്‌. അവരെ രക്ഷിച്ചെടുക്കേണ്ടത്‌ പിണറായിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌. ലാവലിന്‍ കളങ്കിതനായ പിണറായിക്ക്‌ തന്റെ സ്ഥാനം പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെങ്കില്‍ ഗുണ്ടാകളങ്കിതരായ സഖാക്കളെ സംരക്ഷിക്കേണ്ടതുണ്ട്‌. അതിനായുള്ള ഭോഷത്തം നിറഞ്ഞ നടപടികളായിരുന്നു ഈ രണ്ട്‌ പത്രസമ്മേളനങ്ങള്‍.
മറ്റൊന്ന്‌ ഇപ്പോള്‍ പേര്‌ പറഞ്ഞിട്ടുള്ള നേതാക്കന്മാരെ ചൊടിപ്പിച്ചും അവരുടെ പാര്‍ട്ടിയിലെ ഉന്നതന്മാരെ പ്രലോഭിപ്പിച്ചും പ്രസ്താവനകളുടെ പെരുമഴ സൃഷ്ടിച്ച്‌ പാളി പാളി പാളീസായിക്കൊണ്ടിരിക്കുന്ന പോലീസ്‌ അന്വേഷണത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ്‍ പിണറായിയുടെ പത്രസമ്മേളനങ്ങളുടെ ഹിഡന്‍ അജണ്ട. പിണറായിയുടെ ആരോപണങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ട്‌ കെ. സുധാകരനും രമേശ്‌ ചെന്നിത്തലയും വി.എം. സുധീരനും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തിട്ടുമുണ്ട്‌. ഇത്‌ ഇനി ആളിക്കത്തിക്കുക എന്നതാണ്‌ ജയരാജന്മാരില്‍ നിക്ഷിപ്തമായിട്ടുള്ള കര്‍ത്തവ്യം. പി. ജയരാജന്‍ അതിന്റെ ആരംഭം കുറിച്ചുകഴിഞ്ഞു. കേസ്‌ തെളിയിക്കാന്‍ പോലീസ്‌ മുമ്പും ആയുധങ്ങളും തെളിവുകളും കൃത്രിമമായി ചമച്ചിട്ടുണ്ട്‌ എന്നാണ്‌ ആ "ക്രിമിനോളജിസ്റ്റിന്റെ" സുചിന്തിതമായ അഭിപ്രായം.
ആരോപണപ്രത്യാരോപണങ്ങളുടെ മഹാ മുഴക്കം സൃഷ്ടിച്ച്‌ കേസ്‌ അന്വേഷണത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനുള്ള പിണറായിയുടെയും തല്‍പര കക്ഷികളുടെയും ശ്രമം വിജയിക്കാന്‍ പാടില്ല. മാധ്യമങ്ങളുടെ ശ്രദ്ധ ഈ ആരോപണങ്ങളിലേയ്ക്ക്‌ വ്യതിചലിക്കാനും പാടില്ല. പോള്‍ വധത്തിലും വധാന്വേഷണത്തിലും മാധ്യമങ്ങള്‍ പുലത്തിയ ജാഗ്രത തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ വിപ്ലവ വായാടികളായ നേതാക്കന്മാരുടെ ഗുണ്ടാബന്ധവും മാഫിയ കണക്ഷനുകളും പുറത്തുവരികയുള്ളു. ഈ തിരിച്ചറിവ്‌ മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിക്കാതിരിക്കാനുള്ള ഒരു മുഴം മുന്നില്‍ എറിഞ്ഞതാണ്‌ പിണറായിയുടെ പത്രസമ്മേളനങ്ങള്‍.
അപ്പോള്‍ ശീര്‍ഷകം തിരുത്തേണ്ടതുണ്ട്‌, ല്ലേ ആതിരേ?
പിണറായി ആരാ മോന്‍....

Saturday, September 12, 2009

ഇന്നു ലോക മുത്തച്ഛന്‍- മുത്തശ്ശി ദിനം


ആതിരേ
ഇന്നു ലോക മുത്തച്ഛന്‍- മുത്തശ്ശി ദിനം. മുത്തശ്ശിക്കഥകളുടേയും താരാട്ടുപാട്ടിന്റെയും തെളിമയിലേക്കു പിച്ചവയ്ക്കാത്ത കുരുന്നുകളില്ല. പ്രായത്തെ അതിജീവിച്ചും കഥ-കവിതാസാഗരങ്ങളിലേക്കു കടന്നു ചെല്ലാന്‍ മുതിര്‍ന്നവര്‍ക്കും മടിയില്ല. കൂട്ടുകുടംബ വ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള വ്യതിയാനത്തില്‍ നഷ്ടപ്പെടുന്നത്‌ ഇത്തരം ബന്ധങ്ങളുടെ ഊഷ്മളതയാണ്‌.
അതിന്റെ ദുരന്തക്കാഴ്ചകള്‍ കണ്ട്‌ കണ്ണുമടുത്തു കാണണം
പഴുത്ത പ്ലാവില താഴേയ്ക്ക്‌ വീഴുമ്പോള്‍ പച്ചപ്ലാവില ചിരിക്കുമെന്നത്‌ മനുഷ്യാരംഭം മുതലുള്ള കുരുത്തക്കേടാണ്‌
എന്നാല്‍ പഴുക്കും മുന്‍പ്‌ തന്തപ്ലാവിലകളേയും തള്ളപ്ലാവിലകളേയും കഴുത്തിനു കുത്തിപ്പിടിച്ചു പടിയിറക്കിവിടുന്ന നെറികെട്ട പുത്രന്മാരും പുത്രിമാരുമാണ്‌ ആതിരെ ഈ കെട്ടകാലത്തിന്റെ മൂല്യനിര്‍മ്മാതാക്കള്‍..ദേശത്തെ പ്രമുഖര്‍..സമുദായത്തിലെ പ്രമാണിമാര്‍..സമൂഹത്തിന്റെ മുന്‍ഗണന നിര്‍ണയിക്കുന്നവര്‍...
മക്കള്‍ വളരുമ്പോള്‍,
വിദ്യാഭ്യാസത്തിലും
സമ്പത്തിലും അവര്‍ ഉയരുമ്പോള്‍
വീടുകളുടെ പിന്‍മുറികളിലേയ്ക്കും,
വൃദ്ധസദനങ്ങളിലേയ്ക്കും
ഭ്രാന്താശുപത്രികളിലേയ്ക്കും
തെരുവിലേയ്ക്കുമൊക്കെ
വലിച്ചെറിയപ്പെടുന്ന
അവരുടെ മാതാപിതാക്കളെ
ആതിരേ
കൊച്ചുമക്കളെങ്കിലും
സ്നേഹത്തോടെ, ആര്‍ദ്രതയോടെ,
ഇന്ന്‌ ഒരു നിമിഷം ഓര്‍ത്തിരുന്നെങ്കില്‍

Tuesday, September 1, 2009

ഒക്കെയൊരു ഭ്രാന്തന്റെ സ്വപ്നം

ലൗ ജിഹാദ്‌ : പ്രണയത്തിലൂടെ തീവ്രവാദം ക്യാമ്പസിലേയ്ക്ക്‌ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെ മതപ്രീണനവും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക്‌ പോലീസിലും രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള സ്വാധീനവുമാണ്‌ ആതിരേ, കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം ഭയാനകമാകാന്‍ കാരണം. കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മലയാളികള്‍ കൊല്ലപ്പെട്ടപ്പോഴാണ്‌ ഭീകരവാദം കേരളീയ യുവാക്കളില്‍ എത്ര ആഴത്തിലാണ്‌ വേരോടിയിരിക്കുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ മനസ്സിലായത്‌. മുന്നോറോളം യുവാക്കളെ കേരളത്തില്‍ നിന്ന്‌, ലഷ്കര്‍ ഇ തയ്ബയുടെ ഏജന്റുമാര്‍. റിക്രൂട്ട്‌ ചെയ്തു എന്നാത്‌ വരാനിരിക്കുന്ന ഭീകരനാളുകളിലേയ്ക്കുള്ള കനല്‍ സൂചനയാണ്‌
എന്നാല്‍, കേരളത്തില്‍ ഭയാനകമായ അത്തരമൊരു അവസ്ഥ ഇല്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വിശദീകരിക്കാനായിരുന്നു ആഭ്യന്തരവകുപ്പും പോലീസ്‌ മേധാവികളും ശ്രമിച്ചത്‌. എന്നാല്‍, പാനായിക്കുളം, വാഗമണ്‍ സംഭവങ്ങളും കളമശേരി ബസ്‌ കത്തിക്കലിന്‌ പിന്നിലെ പ്രതികള്‍ക്ക്‌ തീവ്രവാദികളുമായുള്ള ബന്ധവും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ്ദനിക്കും ഭാര്യ സൂഫി മ്ദനിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളും അവ അന്വേഷിക്കാതിരിക്കാതിരിക്കാന്‍ ആഭ്യന്തരവകുപ്പ്‌ കാണിച്ച ശുഷ്കാന്തിയുമെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തിലും ഭീകരവാദികള്‍ അവരുടെ താവളങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌; യുവാക്കളെ റിക്രൂട്ട്‌ ചെയ്തിട്ടുമുണ്ട്‌; എന്നാല്‍, ചില രാഷ്ട്രീയ ബാന്ധവങ്ങളുടെ പേരില്‍ ആഭ്യന്തരവകുപ്പും സര്‍ക്കാരും ഭരണകക്ഷിയും ഈ വാസ്തവം തമസ്കരിക്കുകയാണ്‌.
ഭരണകൂടത്തിന്റെ ഈ നിലപാട്‌ മുതലെടുത്ത്‌ ഭീകരസംഘടനകള്‍ കേരളത്തിലെ ക്യാമ്പസുകളിലും നുഴഞ്ഞുകയറിയിരിക്കുന്നു എന്നതാണ്‌ ആതിരേ, ഏറ്റവും ഭീഷണിയുയര്‍ത്തുന്ന സത്യം. ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെ പോലും വിദഗ്ദ്ധമായ രീതിയില്‍ വലയിലാക്കി ഭീകരവാദപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നു എന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സ്ഫോടനാത്മകമായ വാര്‍ത്ത.
പത്തനംതിട്ട പ്രക്കാനം സെന്റ്‌ ജോണ്‍സ്‌ കോളജിലെ എംബിഎ വിദ്യാര്‍ത്ഥിനികളെ പൂര്‍വ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനത്തിന്‌ വിധേയരാക്കാന്‍ ശ്രമിച്ചതും പെണ്‍കുട്ടികളെ കടത്തിക്കൊണ്ട്‌ പോയതും ഞെട്ടലോടെയാണ്‌ കേരളം കേട്ടത്‌. ഇവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ്‌ 'ലൗ ജിഹാദ്‌'എന്നപേരില്‍ പെണ്‍കുട്ടികളെ വലയിലാക്കുന്ന തന്ത്രത്തെ കുറിച്ച്‌ പോലീസിന്‌ വിശദാംശങ്ങള്‍ ലഭിച്ചത്‌. ഇങ്ങനെ ഒരു സംഭവം കോളജില്‍ നടന്നതായി പ്രിന്‍സിപ്പാള്‍ ശ്രീകുമാരന്‍ നായര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌.
നാല്‌ പെണ്‍കുട്ടികളെയാണ്‌ ഈ കോളജില്‍ നിന്ന്‌ പ്രണയം നടിച്ച്‌ ഭീകരവാദ പ്രവര്‍ത്തനത്തിന്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചത്‌. ഇതില്‍ ഒരു പെണ്‍കുട്ടി ചതി അറിഞ്ഞ്‌ പിന്‍മാറുകയും മറ്റൊരാള്‍ മനോരോഗത്തിന്‌ ചികിത്സയിലുമാണ്‌. ബാക്കി രണ്ടുപേരെയാണ്‌ പൊന്നാനിയിലേയ്ക്ക്‌ കൊണ്ടുപോകുന്നതിന്‌ മുമ്പ്‌ പോലീസ്‌ രക്ഷിച്ചെടുത്തത്‌.
കേരളത്തിലെ ക്യാമ്പസുകളില്‍ എന്‍ഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടനകളായ ക്യാമ്പസ്‌ ഫ്രണ്ട്‌, സ്മാര്‍ട്ട്‌ ഫ്രണ്ട്‌ തുടങ്ങിയ സംഘടനകളും എംഎസ്‌എഫുമാണ്‌ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതെന്ന്‌ പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. പ്രക്കാനം കോളജില്‍ നടന്നതും ഇതിലൊരു സംഘടനയുടെ ഓപ്പറേഷന്‍ ആയിരുന്നു.
ആതിരേ, ക്യാമ്പസുകളില്‍ അടിപൊളിയായി പ്രത്യക്ഷപ്പെട്ട്‌ പെണ്‍കുട്ടികളുടെ പ്രണയം പിടിച്ചുപറ്റി അവരെ മതപരിവര്‍ത്തനം നടത്തി ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്ന ലൗ ജിഹാദ്‌ കേരളത്തിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു എന്നാണ്‌ ഈ സംഭവം വ്യക്തമാക്കിയിരിക്കുന്നത്‌. ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളിലും ഇത്തരത്തിലുള്ള റിക്രൂട്ട്മെന്റ്‌ നടക്കുന്നുണ്ട്‌. പ്രണയം, വിവാഹം, പിന്നെ തീവ്രവാദം - ഇതാണ്‌ ഇവരുടെ മോഡസ്‌ ഓപ്പറാണ്ടി. ഇന്ത്യയിലിതുവരെ 4000 പെണ്‍കുട്ടികളെ ഈ രീതിയില്‍ വശീകരിച്ചിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. കേരളത്തില്‍ 500ല്‍ പരം പെണ്‍കുട്ടികളാണ്‌ ലൗ ജിഹാദിന്റെ വലയില്‍ വീണിട്ടുള്ളത്‌. ഈ പ്രണയ പോരാളികള്‍ക്കായി തിരുവനന്തപുരത്ത്‌ മാത്രം ഒരു സ്കോര്‍പിയോ കാറും 8 ബൈക്കുകളുമാണ്‌ നല്‍കിയിരിക്കുന്നത്‌. ചുണക്കുട്ടന്മാരായ യുവാക്കളെ കണ്ടെത്തി അവര്‍ക്ക്‌ പെണ്‍കുട്ടികളെ തേടിപിടിക്കാന്‍ ഇഷ്ടംപോലെ പണവും വാഹനവും വസൃതങ്ങളും നല്‍കിയാണ്‌ തീവ്രവാദി സംഘടനകള്‍ വല വിരിക്കുന്നത്‌.
ഇത്‌ സംബന്ധിച്ച സൂചനകള്‍ ഉന്നതര്‍ക്ക്‌ ലഭിച്ചിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലിലൂടെ പോലീസിനെ നിര്‍വികാരമാക്കുകയായിരുന്നു ഭരണനേതൃത്വവും അവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്ന സംഘടനകളും. എന്നാല്‍, ഒരു ഉന്നതപോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടി തന്നെ ഈ വലയില്‍ വീണപ്പോഴാണ്‌ കേരളത്തിലെ പോലീസുകാര്‍ ഉണര്‍ന്നത്‌. തിരുവനന്തപുരം കണ്‍ടോണ്‍മെന്റ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ എ.എസ്‌ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ അന്വേഷണമാണ്‌ ലൗ ജിഹാദിന്റെ നീരാളി കൈകളെ കുറിച്ചുള്ള വാസ്തവങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നത്‌. കേരളത്തിന്‌ പുറത്ത്‌ മംഗലാപുരം, ബാംഗ്ലൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും ഈ തീവ്രവാദി സംഘടനകള്‍ക്ക്‌ കേന്ദ്രങ്ങളുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌.
സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രേരണയാലാണ്‌ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ വിദ്യാര്‍ത്ഥിനി ലൗജിഹാദിന്റെ വലയില്‍ വീണത്‌. ജൂലൈ 18ന്‌ രാവിലെ വീട്ടില്‍ നിന്ന്‌ പുറപ്പെട്ട പെണ്‍കുട്ടിയെ സംഘം തൃപ്പൂണിത്തുറയിലെ വീടുകളില്‍ മാറിമാറി താമസിപ്പിക്കുകയായിരുന്നു. അവിടെ നിന്ന്‌ സഹപാഠിയ്ക്കൊപ്പം കോഴിക്കോട്‌ ക്യാമ്പിലേയ്ക്ക്‌ പോയി. വീണ്ടും കൊച്ചിയിലെത്തി. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാതെ മാതാപിതാക്കള്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കിയിരുന്നു. സഹപാഠിയെ കല്ല്യാണം കഴിക്കാന്‍ ഒരാളുണ്ടായിരുന്നു. പിന്നീട്‌ ഈ കുട്ടിയുടെയും സംഘാംഗങ്ങളുടെയും നിര്‍ബന്ധപ്രകാരം ഒരു ബസ്‌ കണ്ടക്ടറെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിതരായി. ഇതിന്‌ ശേഷമാണ്‌ തീവ്രവാദ പ്രസ്ഥാനത്തിലേയ്ക്ക്‌ മാറ്റാനുള്ള ആശയപ്രചാരണവും മസ്തിഷ്ക പ്രക്ഷാളനവും ആരംഭിച്ചതെന്ന്‌ പോലീസിന്റെ പിടിയിലായ പെണ്‍കുട്ടി പറയുന്നു.
പ്രക്കാനം കോളജില്‍ നിന്ന്‌ ഈ സംഘത്തിന്റെ പിടിയിലായ പെണ്‍കുട്ടികളും സമാനസ്വഭാവമുള്ള അനുഭവങ്ങളിലൂടെ കടന്നുപോയത്‌. വീടുവിട്ട്‌ കാമുകര്‍ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടികളെ സ്കോര്‍പിയോ കാറിലും രണ്ട്‌ സൃതീകള്‍ക്കൊപ്പമാണ്‌ തൃപ്പൂണിത്തുറയിലെ കേന്ദ്രത്തിലേയ്ക്ക്‌ കൊണ്ടുവന്നത്‌. കാറിലെ സിഡി പ്ലയറില്‍ പോലും തീവ്രവാദി സംഘടനകളെ കുറിച്ചുള്ള അവരുടെ ആശയങ്ങളുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ ഈ പെണ്‍കുട്ടികള്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ബാംഗ്ലൂരിലേയ്ക്ക്‌ കൊണ്ടുപോകാനായിരുന്നു പദ്ധതിയെങ്കിലും അത്‌ വേണ്ടെന്ന്‌ വെച്ച്‌ രണ്ടാഴ്ചയോളം വിവിധ വീടുകളില്‍ മാറിമാറി താമസിച്ച ശേഷമാണ്‌ കോഴിക്കോട്ടെ ക്യാമ്പിലേയ്ക്ക്‌ കൊണ്ടുപോയത്‌. ഈ യാത്രയ്ക്കിടയിലും താമസത്തിനുമിടയിലാണ്‌ തീവ്രവാദ പ്രസ്ഥാനത്തെ കുറിച്ചുള്ള തത്വങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും സൃതീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ വിവരിച്ച്‌ നല്‍കിയത്‌. ഇതിലൊരാളെ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷനിലെ താല്‍ക്കാലിക കണ്ടക്ടറാണ്‌ വിവാഹം കഴിച്ചത്‌. വിവാഹശേഷമാണ്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക്‌ പൂര്‍ണമായി മുഴുകാനുള്ള ആഹ്വാനമുണ്ടായത്‌. അതിനെ ചെറുത്ത്‌ നിന്നതോടെ കഠിനമായ പീഡനങ്ങളാണ്‌ അനുഭവിക്കേണ്ടിവന്നതെന്ന്‌ ഈ കുട്ടികള്‍ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.
ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടി ഇവരുടെ വലയില്‍ വീണതുകൊണ്ടാണ്‌ അന്വേഷണം ഇവിടം വരെയെത്തിയതും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതും. എന്നാല്‍, അതിന്‌ കഴിയാത്ത 400ല്‍ അധികം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ട്‌ എന്നതാണ്‌ ഭീതിയുണര്‍ത്തുന്ന യാഥാര്‍ത്ഥ്യം. സാധുകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ സാമ്പത്തിക സഹായവും വസൃതവും മൊബെയില്‍ ഫോണും ജോലിയും വാഗ്ദാനം ചെയ്താണ്‌ പ്രണയപോരാളികള്‍ അവരെ റിക്രൂട്ട്‌ ചെയ്യുന്നത്‌.
ഇങ്ങനെ റിക്രൂട്ട്‌ ചെയ്യപ്പെട്ട ഈ പെണ്‍കുട്ടികളെ കുറിച്ച്‌ ഇപ്പോള്‍ വീട്ടുകാര്‍ക്കോ പോലീസിനൊ എത്തുംപിടിയുമില്ല. ഒരു സംഘട്ടനമുണ്ടാവുമ്പോഴോ വന്‍ തീവ്രവാദി ആക്രമണം ഉണ്ടാകുമ്പോഴോ മാത്രമേ ഇവര്‍ എവിടെയായിരുന്നു എന്ന്‌ ഇനി അറിയാന്‍ കഴിയുക.
ന്യൂനപക്ഷസംരക്ഷണത്തിന്റെ പേരില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന വഞ്ചനയുടെ മറവിലൂടെയാണ്‌ തീവ്രവാദി സംഘടനകള്‍ കേരളത്തിലെ പെണ്‍കുട്ടികളെ പോലും റിക്രൂട്ട്‌ ചെയ്തിട്ടുള്ളത്‌. സംഘടനകളെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. അത്‌ അവരുടെ പ്രവര്‍ത്തന രീതിയാണ്‌. എന്നാല്‍ അതേ കുറിച്ച്‌ സൂചനകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന പോലീസും പോലീസിനെ അനുവദിക്കാത്ത രാഷ്ട്രീയ നേതൃത്വവുമാണ്‌ കേരളക്യാമ്പസുകളില്‍ ഈ ലൗബോംബുകള്‍ സ്ഥാപിച്ചിട്ടുള്ളതും ലൗ ജിഹാദിന്റെ വലയിലേയ്ക്ക്‌ പെണ്‍കുട്ടികളെ ആട്ടിതെളിയിച്ചിട്ടുള്ളതും. ഇതിന്റെ തിരിച്ചടി അനുഭവത്തിലൂടെ മാത്രമേ എത്ര ഘോരമായിരിക്കും എന്ന്‌ മനസ്സിലാക്കാന്‍ കഴിയൂ ആതിരേ.