Tuesday, September 1, 2009

ലൗ ജിഹാദ്‌ : പ്രണയത്തിലൂടെ തീവ്രവാദം ക്യാമ്പസിലേയ്ക്ക്‌



ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെ മതപ്രീണനവും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക്‌ പോലീസിലും രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള സ്വാധീനവുമാണ്‌ ആതിരേ, കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം ഭയാനകമാകാന്‍ കാരണം. കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മലയാളികള്‍ കൊല്ലപ്പെട്ടപ്പോഴാണ്‌ ഭീകരവാദം കേരളീയ യുവാക്കളില്‍ എത്ര ആഴത്തിലാണ്‌ വേരോടിയിരിക്കുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ മനസ്സിലായത്‌. മുന്നോറോളം യുവാക്കളെ കേരളത്തില്‍ നിന്ന്‌, ലഷ്കര്‍ ഇ തയ്ബയുടെ ഏജന്റുമാര്‍. റിക്രൂട്ട്‌ ചെയ്തു എന്നാത്‌ വരാനിരിക്കുന്ന ഭീകരനാളുകളിലേയ്ക്കുള്ള കനല്‍ സൂചനയാണ്‌
എന്നാല്‍, കേരളത്തില്‍ ഭയാനകമായ അത്തരമൊരു അവസ്ഥ ഇല്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വിശദീകരിക്കാനായിരുന്നു ആഭ്യന്തരവകുപ്പും പോലീസ്‌ മേധാവികളും ശ്രമിച്ചത്‌. എന്നാല്‍, പാനായിക്കുളം, വാഗമണ്‍ സംഭവങ്ങളും കളമശേരി ബസ്‌ കത്തിക്കലിന്‌ പിന്നിലെ പ്രതികള്‍ക്ക്‌ തീവ്രവാദികളുമായുള്ള ബന്ധവും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ്ദനിക്കും ഭാര്യ സൂഫി മ്ദനിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളും അവ അന്വേഷിക്കാതിരിക്കാതിരിക്കാന്‍ ആഭ്യന്തരവകുപ്പ്‌ കാണിച്ച ശുഷ്കാന്തിയുമെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തിലും ഭീകരവാദികള്‍ അവരുടെ താവളങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌; യുവാക്കളെ റിക്രൂട്ട്‌ ചെയ്തിട്ടുമുണ്ട്‌; എന്നാല്‍, ചില രാഷ്ട്രീയ ബാന്ധവങ്ങളുടെ പേരില്‍ ആഭ്യന്തരവകുപ്പും സര്‍ക്കാരും ഭരണകക്ഷിയും ഈ വാസ്തവം തമസ്കരിക്കുകയാണ്‌.
ഭരണകൂടത്തിന്റെ ഈ നിലപാട്‌ മുതലെടുത്ത്‌ ഭീകരസംഘടനകള്‍ കേരളത്തിലെ ക്യാമ്പസുകളിലും നുഴഞ്ഞുകയറിയിരിക്കുന്നു എന്നതാണ്‌ ആതിരേ, ഏറ്റവും ഭീഷണിയുയര്‍ത്തുന്ന സത്യം. ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെ പോലും വിദഗ്ദ്ധമായ രീതിയില്‍ വലയിലാക്കി ഭീകരവാദപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നു എന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സ്ഫോടനാത്മകമായ വാര്‍ത്ത.
പത്തനംതിട്ട പ്രക്കാനം സെന്റ്‌ ജോണ്‍സ്‌ കോളജിലെ എംബിഎ വിദ്യാര്‍ത്ഥിനികളെ പൂര്‍വ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനത്തിന്‌ വിധേയരാക്കാന്‍ ശ്രമിച്ചതും പെണ്‍കുട്ടികളെ കടത്തിക്കൊണ്ട്‌ പോയതും ഞെട്ടലോടെയാണ്‌ കേരളം കേട്ടത്‌. ഇവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ്‌ 'ലൗ ജിഹാദ്‌'എന്നപേരില്‍ പെണ്‍കുട്ടികളെ വലയിലാക്കുന്ന തന്ത്രത്തെ കുറിച്ച്‌ പോലീസിന്‌ വിശദാംശങ്ങള്‍ ലഭിച്ചത്‌. ഇങ്ങനെ ഒരു സംഭവം കോളജില്‍ നടന്നതായി പ്രിന്‍സിപ്പാള്‍ ശ്രീകുമാരന്‍ നായര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌.
നാല്‌ പെണ്‍കുട്ടികളെയാണ്‌ ഈ കോളജില്‍ നിന്ന്‌ പ്രണയം നടിച്ച്‌ ഭീകരവാദ പ്രവര്‍ത്തനത്തിന്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചത്‌. ഇതില്‍ ഒരു പെണ്‍കുട്ടി ചതി അറിഞ്ഞ്‌ പിന്‍മാറുകയും മറ്റൊരാള്‍ മനോരോഗത്തിന്‌ ചികിത്സയിലുമാണ്‌. ബാക്കി രണ്ടുപേരെയാണ്‌ പൊന്നാനിയിലേയ്ക്ക്‌ കൊണ്ടുപോകുന്നതിന്‌ മുമ്പ്‌ പോലീസ്‌ രക്ഷിച്ചെടുത്തത്‌.
കേരളത്തിലെ ക്യാമ്പസുകളില്‍ എന്‍ഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടനകളായ ക്യാമ്പസ്‌ ഫ്രണ്ട്‌, സ്മാര്‍ട്ട്‌ ഫ്രണ്ട്‌ തുടങ്ങിയ സംഘടനകളും എംഎസ്‌എഫുമാണ്‌ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതെന്ന്‌ പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. പ്രക്കാനം കോളജില്‍ നടന്നതും ഇതിലൊരു സംഘടനയുടെ ഓപ്പറേഷന്‍ ആയിരുന്നു.
ആതിരേ, ക്യാമ്പസുകളില്‍ അടിപൊളിയായി പ്രത്യക്ഷപ്പെട്ട്‌ പെണ്‍കുട്ടികളുടെ പ്രണയം പിടിച്ചുപറ്റി അവരെ മതപരിവര്‍ത്തനം നടത്തി ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്ന ലൗ ജിഹാദ്‌ കേരളത്തിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു എന്നാണ്‌ ഈ സംഭവം വ്യക്തമാക്കിയിരിക്കുന്നത്‌. ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളിലും ഇത്തരത്തിലുള്ള റിക്രൂട്ട്മെന്റ്‌ നടക്കുന്നുണ്ട്‌. പ്രണയം, വിവാഹം, പിന്നെ തീവ്രവാദം - ഇതാണ്‌ ഇവരുടെ മോഡസ്‌ ഓപ്പറാണ്ടി. ഇന്ത്യയിലിതുവരെ 4000 പെണ്‍കുട്ടികളെ ഈ രീതിയില്‍ വശീകരിച്ചിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. കേരളത്തില്‍ 500ല്‍ പരം പെണ്‍കുട്ടികളാണ്‌ ലൗ ജിഹാദിന്റെ വലയില്‍ വീണിട്ടുള്ളത്‌. ഈ പ്രണയ പോരാളികള്‍ക്കായി തിരുവനന്തപുരത്ത്‌ മാത്രം ഒരു സ്കോര്‍പിയോ കാറും 8 ബൈക്കുകളുമാണ്‌ നല്‍കിയിരിക്കുന്നത്‌. ചുണക്കുട്ടന്മാരായ യുവാക്കളെ കണ്ടെത്തി അവര്‍ക്ക്‌ പെണ്‍കുട്ടികളെ തേടിപിടിക്കാന്‍ ഇഷ്ടംപോലെ പണവും വാഹനവും വസൃതങ്ങളും നല്‍കിയാണ്‌ തീവ്രവാദി സംഘടനകള്‍ വല വിരിക്കുന്നത്‌.
ഇത്‌ സംബന്ധിച്ച സൂചനകള്‍ ഉന്നതര്‍ക്ക്‌ ലഭിച്ചിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലിലൂടെ പോലീസിനെ നിര്‍വികാരമാക്കുകയായിരുന്നു ഭരണനേതൃത്വവും അവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്ന സംഘടനകളും. എന്നാല്‍, ഒരു ഉന്നതപോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടി തന്നെ ഈ വലയില്‍ വീണപ്പോഴാണ്‌ കേരളത്തിലെ പോലീസുകാര്‍ ഉണര്‍ന്നത്‌. തിരുവനന്തപുരം കണ്‍ടോണ്‍മെന്റ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ എ.എസ്‌ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ അന്വേഷണമാണ്‌ ലൗ ജിഹാദിന്റെ നീരാളി കൈകളെ കുറിച്ചുള്ള വാസ്തവങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നത്‌. കേരളത്തിന്‌ പുറത്ത്‌ മംഗലാപുരം, ബാംഗ്ലൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും ഈ തീവ്രവാദി സംഘടനകള്‍ക്ക്‌ കേന്ദ്രങ്ങളുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌.
സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രേരണയാലാണ്‌ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ വിദ്യാര്‍ത്ഥിനി ലൗജിഹാദിന്റെ വലയില്‍ വീണത്‌. ജൂലൈ 18ന്‌ രാവിലെ വീട്ടില്‍ നിന്ന്‌ പുറപ്പെട്ട പെണ്‍കുട്ടിയെ സംഘം തൃപ്പൂണിത്തുറയിലെ വീടുകളില്‍ മാറിമാറി താമസിപ്പിക്കുകയായിരുന്നു. അവിടെ നിന്ന്‌ സഹപാഠിയ്ക്കൊപ്പം കോഴിക്കോട്‌ ക്യാമ്പിലേയ്ക്ക്‌ പോയി. വീണ്ടും കൊച്ചിയിലെത്തി. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാതെ മാതാപിതാക്കള്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കിയിരുന്നു. സഹപാഠിയെ കല്ല്യാണം കഴിക്കാന്‍ ഒരാളുണ്ടായിരുന്നു. പിന്നീട്‌ ഈ കുട്ടിയുടെയും സംഘാംഗങ്ങളുടെയും നിര്‍ബന്ധപ്രകാരം ഒരു ബസ്‌ കണ്ടക്ടറെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിതരായി. ഇതിന്‌ ശേഷമാണ്‌ തീവ്രവാദ പ്രസ്ഥാനത്തിലേയ്ക്ക്‌ മാറ്റാനുള്ള ആശയപ്രചാരണവും മസ്തിഷ്ക പ്രക്ഷാളനവും ആരംഭിച്ചതെന്ന്‌ പോലീസിന്റെ പിടിയിലായ പെണ്‍കുട്ടി പറയുന്നു.
പ്രക്കാനം കോളജില്‍ നിന്ന്‌ ഈ സംഘത്തിന്റെ പിടിയിലായ പെണ്‍കുട്ടികളും സമാനസ്വഭാവമുള്ള അനുഭവങ്ങളിലൂടെ കടന്നുപോയത്‌. വീടുവിട്ട്‌ കാമുകര്‍ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടികളെ സ്കോര്‍പിയോ കാറിലും രണ്ട്‌ സൃതീകള്‍ക്കൊപ്പമാണ്‌ തൃപ്പൂണിത്തുറയിലെ കേന്ദ്രത്തിലേയ്ക്ക്‌ കൊണ്ടുവന്നത്‌. കാറിലെ സിഡി പ്ലയറില്‍ പോലും തീവ്രവാദി സംഘടനകളെ കുറിച്ചുള്ള അവരുടെ ആശയങ്ങളുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ ഈ പെണ്‍കുട്ടികള്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ബാംഗ്ലൂരിലേയ്ക്ക്‌ കൊണ്ടുപോകാനായിരുന്നു പദ്ധതിയെങ്കിലും അത്‌ വേണ്ടെന്ന്‌ വെച്ച്‌ രണ്ടാഴ്ചയോളം വിവിധ വീടുകളില്‍ മാറിമാറി താമസിച്ച ശേഷമാണ്‌ കോഴിക്കോട്ടെ ക്യാമ്പിലേയ്ക്ക്‌ കൊണ്ടുപോയത്‌. ഈ യാത്രയ്ക്കിടയിലും താമസത്തിനുമിടയിലാണ്‌ തീവ്രവാദ പ്രസ്ഥാനത്തെ കുറിച്ചുള്ള തത്വങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും സൃതീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ വിവരിച്ച്‌ നല്‍കിയത്‌. ഇതിലൊരാളെ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷനിലെ താല്‍ക്കാലിക കണ്ടക്ടറാണ്‌ വിവാഹം കഴിച്ചത്‌. വിവാഹശേഷമാണ്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക്‌ പൂര്‍ണമായി മുഴുകാനുള്ള ആഹ്വാനമുണ്ടായത്‌. അതിനെ ചെറുത്ത്‌ നിന്നതോടെ കഠിനമായ പീഡനങ്ങളാണ്‌ അനുഭവിക്കേണ്ടിവന്നതെന്ന്‌ ഈ കുട്ടികള്‍ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.
ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടി ഇവരുടെ വലയില്‍ വീണതുകൊണ്ടാണ്‌ അന്വേഷണം ഇവിടം വരെയെത്തിയതും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതും. എന്നാല്‍, അതിന്‌ കഴിയാത്ത 400ല്‍ അധികം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ട്‌ എന്നതാണ്‌ ഭീതിയുണര്‍ത്തുന്ന യാഥാര്‍ത്ഥ്യം. സാധുകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ സാമ്പത്തിക സഹായവും വസൃതവും മൊബെയില്‍ ഫോണും ജോലിയും വാഗ്ദാനം ചെയ്താണ്‌ പ്രണയപോരാളികള്‍ അവരെ റിക്രൂട്ട്‌ ചെയ്യുന്നത്‌.
ഇങ്ങനെ റിക്രൂട്ട്‌ ചെയ്യപ്പെട്ട ഈ പെണ്‍കുട്ടികളെ കുറിച്ച്‌ ഇപ്പോള്‍ വീട്ടുകാര്‍ക്കോ പോലീസിനൊ എത്തുംപിടിയുമില്ല. ഒരു സംഘട്ടനമുണ്ടാവുമ്പോഴോ വന്‍ തീവ്രവാദി ആക്രമണം ഉണ്ടാകുമ്പോഴോ മാത്രമേ ഇവര്‍ എവിടെയായിരുന്നു എന്ന്‌ ഇനി അറിയാന്‍ കഴിയുക.
ന്യൂനപക്ഷസംരക്ഷണത്തിന്റെ പേരില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന വഞ്ചനയുടെ മറവിലൂടെയാണ്‌ തീവ്രവാദി സംഘടനകള്‍ കേരളത്തിലെ പെണ്‍കുട്ടികളെ പോലും റിക്രൂട്ട്‌ ചെയ്തിട്ടുള്ളത്‌. സംഘടനകളെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. അത്‌ അവരുടെ പ്രവര്‍ത്തന രീതിയാണ്‌. എന്നാല്‍ അതേ കുറിച്ച്‌ സൂചനകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന പോലീസും പോലീസിനെ അനുവദിക്കാത്ത രാഷ്ട്രീയ നേതൃത്വവുമാണ്‌ കേരളക്യാമ്പസുകളില്‍ ഈ ലൗബോംബുകള്‍ സ്ഥാപിച്ചിട്ടുള്ളതും ലൗ ജിഹാദിന്റെ വലയിലേയ്ക്ക്‌ പെണ്‍കുട്ടികളെ ആട്ടിതെളിയിച്ചിട്ടുള്ളതും. ഇതിന്റെ തിരിച്ചടി അനുഭവത്തിലൂടെ മാത്രമേ എത്ര ഘോരമായിരിക്കും എന്ന്‌ മനസ്സിലാക്കാന്‍ കഴിയൂ ആതിരേ.

No comments: