Thursday, February 26, 2009

കാര്‍ബണ്‍ ഫാസ്റ്റിംഗും ക്രിസോസ്റ്റം തിരുമേനിയും


വ്യത്യസ്തനാണ്‌,ആതിരേ വിവിധ കാരണങ്ങളാല്‍ മറ്റ്‌ ബിഷപ്പുമാരില്‍ നിന്നും മെത്രാന്മാരില്‍ നിന്നും മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത.
നര്‍മ്മത്തിലൂടെ മനുഷ്യാവസ്ഥകളെയും മനുഷ്യമോചന ദൗത്യങ്ങളെയും വിലയിരുത്തുന്ന വലിയ ഇടയാനാണ്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനി. മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക്‌ ജീവിതം മുഴുവന്‍ ഓര്‍ത്തു ചിരിക്കാനുള്ള നര്‍മ്മോക്തികള്‍ ക്രിസോസ്റ്റം തിരുമേനിയില്‍ നിന്ന്‌ എല്ലാവര്‍ഷവും ലോപമില്ലാതെ ലഭിക്കാറുണ്ട്‌.
ഒരു ഉദാഹരണം: ക്രിസോസ്റ്റം തിരുമേനിക്ക്‌ ഒരു സഹായിയെ വേണം. ഇതിനായി അപേക്ഷ ക്ഷണിച്ചു. നിരവധി പേര്‍ എത്തി.തിരുമേനിയുടെ സഹായിയായി അറിയപ്പെടുന്നതുതന്നെ ധന്യതയാണെന്ന്‌ വിശ്വസിച്ചാണ്‌ എല്ലാവരും മുഖാമുഖത്തിന്‌ എത്തിയത്‌. തിയോളജിയിലും മറ്റ്‌ ശാസ്ത്രശാഖകളിലും ബിരുദാനന്തരബിരുദമുള്ളവരാണ്‌ അപേക്ഷകരില്‍ ഭൂരിപക്ഷവും. അവരില്‍ ഏറ്റവും മിടുക്കനെന്ന്‌ തോന്നിയ യുവാവിനോട്‌ തിരുമേനി ചോദിച്ചു. ചായ ഇടാന്‍ അറിയാമോ?, തുണി തേയ്ക്കാന്‍ അറിയാമോ? അരമനയിലെ കണക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിയുമോ? ഈ ചോദ്യങ്ങളൊന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന ആ യുവാവ്‌ ഇല്ല എന്ന്‌ ആത്മാര്‍ത്ഥമായി തന്നെ മറുപടിപറഞ്ഞു. അതിന്‌ തിരുമേനിയുടെ പ്രതിവചനം ഇങ്ങനെയായിരുന്നു. ഇതൊന്നുമറിയാത്തതുകൊണ്ടാണ്‌ ഇവരെന്നെ മെത്രാപ്പോലീത്താ ആക്കിയത്‌. അപ്പോള്‍ നമ്മള്‍ രണ്ടു മെത്രാപ്പോലീത്താമാരുടെ ആവശ്യം ഇപ്പോള്‍ ഇല്ല.
ഇത്തരത്തില്‍, ആതിരേ നര്‍മ്മത്തെ അതിന്റെ കലര്‍പ്പില്ലാത്ത രൂപത്തില്‍ വചന പ്രഘോഷണ വേദികളില്‍ പോലും ഉപയോഗിച്ച്‌ ശ്രോതാക്കളിലും വിശ്വാസികളിലും സുവിശേഷത്തെക്കുറിച്ചും ക്രിസ്തുവിന്റെ ഉദ്ബോധനത്തെക്കുറിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുന്ന അനുഗ്രഹീതനായ പ്രഭാഷകനും മനുഷ്യസ്നേഹിയുമാണ്‌ ക്രിസോസ്റ്റം തിരുമേനി. മനുഷ്യനെ അവന്റെ സാകാല്യാവസ്ഥയില്‍ തിരിച്ചറിഞ്ഞ്‌ അവന്റെ ഭൗതീക സാഹചര്യങ്ങള്‍ക്ക്‌ പോലും ആത്മീയ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടെന്നു മനസ്സിലാക്കി യഥാര്‍ത്ഥ ക്രിസ്ത്യാനിയായി ജീവിക്കുന്ന സഭാമേലദ്ധ്യക്ഷനാണ്‌ അദ്ദേഹം.
അതുകൊണ്ടാണ്‌ ആതിരേ, വലിയ നോയമ്പിന്റെ ആദ്യദിവസം സഭാവിശ്വാസികളോട്‌ "കാര്‍ബണ്‍ ഫാസ്റ്റിംഗ്‌ " ആരംഭിക്കണമെന്ന വിപ്ലവകരമായ സുവിശേഷം അറിയിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌. അടുത്ത അമ്പതു ദിവസം മാര്‍ത്തോമ്മാ സഭയിലെ വിശ്വാസികള്‍ക്കായി തിരുമേനി നല്‍കിയ നിര്‍ദ്ദേശം പരിസ്ഥിതി പരിപാലനത്തിന്റെ ആവശ്യകതയ്ക്ക്‌ ഊന്നല്‍ നല്‍കുന്നതായിരുന്നു.
ആഗോള താപനമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക്‌ സഭാവിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ നടത്തിയ അനന്യവും അന്യൂനവുമായ ഉപദേശങ്ങളാണ്‌ ഈ അമ്പതുദിവസത്തേക്ക്‌ തിരുമേനി നല്‍കിയിരിക്കുന്നത്‌. സാധാരണ വീടുകളിലും ഓഫീസുകളിലും സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും സൃഷ്ടിക്കുന്ന അന്തരീക്ഷ താപനത്തെക്കുറിച്ച്‌ ബോധവാന്മാരാക്കി, വിശ്വാസികളെ പരിസ്ഥിതി പരിപാലനത്തിന്റെ പച്ചയായ പുല്‍പ്പുറത്തേക്ക്‌ നയിക്കുകയാണ്‌ ഈ നല്ല ഇടയന്‍.
ആഗോള താപനം ഉണ്ടാക്കുന്ന പരിസ്ഥിതി വ്യതിയാനം ആത്യന്തികമായി ബാധിക്കുന്നത്‌ സമൂഹത്തിലെ നിസ്വവര്‍ഗ്ഗത്തെയാണെന്ന്‌ സഭാവിശ്വാസികളെ ബോദ്ധ്യപ്പെടുത്താനാണ്‌ ഈ അമ്പതു കല്‍പനകള്‍, ആതിരേ ക്രിസോസ്റ്റം തിരുമേനി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്‌. അന്തരീക്ഷത്തിലേക്ക്‌ യാതൊരു ശ്രദ്ധയുമില്ലാതെ തള്ളുന്ന കാര്‍ബണ്‍ കണികള്‍ സൃഷ്ടിക്കുന്ന തപനത്തില്‍ നിന്ന്‌ കേരളത്തെയെങ്കിലും അമ്പതുദിവസത്തേക്ക്‌ മോചിപ്പിക്കാനാണ്‌ തിരുമേനി ആവശ്യപ്പെടുന്നത്‌. ഒരു മതമേലദ്ധ്യക്ഷന്റെയും മനസ്സില്‍ തോന്നാത്ത പരിസ്ഥിതി പ്രേമവും സമൂഹത്തിലെ താഴെക്കിടയിലുള്ള മനുഷ്യനോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനവുമാണ്‌ ആതിരേ, തിരുമേനി നടത്തിയിരിക്കുന്നത്‌.
" കാര്‍ബണ്‍ ഫാസ്റ്റിംഗ്‌ " എന്നാണ്‌ തിരുമേനി അതിനു പേരു നല്‍കിയിരിക്കുന്നത്‌. അമ്പതു ദിവസം വിശ്വാസികള്‍ ശ്രദ്ധാപൂര്‍വ്വം തങ്ങളുടെ മൊബെയില്‍ ഫോണടക്കമുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാല്‍ തന്നെ വലിയ വ്യത്യാസം അന്തരീക്ഷത്തിലും വ്യക്തികളിലുമുണ്ടാകുമെന്നാണ്‌ തിരുമേനി ഉദ്ബോധിപ്പിക്കുന്നത്‌.്‌.
ഈ ദൗത്യത്തിന്റെ അല്ലെങ്കില്‍ പുതിയ ഈ നോയമ്പിന്റെ തുടക്കമെന്നോണം ഭവനത്തിലെ ഏറ്റവും പ്രധാന സ്ഥലത്തെ ഒരു ബള്‍ബ്‌ വരുന്ന അമ്പതു ദിവസങ്ങളില്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ തിരുമേനി നിര്‍ദ്ദേശിക്കുന്നത്‌. അമ്പതു ദിവസം കഴിയുമ്പോള്‍ ആ ബള്‍ബിന്റെ സ്ഥാനത്ത്‌ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഒരു ബള്‍ബ്‌ ഘടിപ്പിച്ച്‌ ഏറ്റെടുത്തിട്ടുള്ള പാരിസ്ഥിതിക പരിചരണ-മോചനദൗത്യത്തെ ദൃശ്യവത്ക്കരിക്കുക എന്നതാണ്‌ തിരുമേനി സഭാ വിശ്വാസികളോട്‌ ആവശ്യപ്പെടുന്നത്‌.
ആതിരേ, സ്വര്‍ഗ്ഗവും മനുഷ്യനും തമ്മിലുള്ള ബന്ധവും ആ ബന്ധത്തിന്‌ വിഘാതം നില്‍ക്കുന്ന ഭൗതിക ഘടകങ്ങളും മാത്രം പ്രസംഗങ്ങളിലും ഉദ്ബോധനങ്ങളിലും ഉള്‍പ്പെടുത്തി സമൂഹത്തിന്റെ ഏറ്റവും കാതലായ പ്രശ്നങ്ങളില്‍ നിന്ന്‌ ശ്രദ്ധതിരിച്ചും വിശ്വാസികളുടെ ശ്രദ്ധ തിരിപ്പിച്ചും അരമനകളില്‍ സുഖിച്ചു വാഴുന്ന ബിഷപ്പുമാര്‍ക്കെല്ലാം വെല്ലുവിളി ആകുകയാണ്‌ ഈ അമ്പതു കല്‍പനകളും അവയുടെ ഉപജ്ഞാതാവും.. മനുഷ്യസഹജമായ വികാരപ്രകടനങ്ങള്‍ പോലും മനുഷ്യനെ പാപിയാക്കി മാറ്റുമെന്ന്‌ പുള്‍പിറ്റില്‍ നിന്നുകൊണ്ട്‌ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ച്‌ പ്രസംഗിച്ച്‌ അവരില്‍ മാനസികവും ശാരീരികവും ആയ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുകയും അതേ സമയം തങ്ങള്‍ പ്രസംഗിക്കുന്നതിന്‌ കടകവിരുദ്ധമായ ജീവിതം നയിച്ച്‌ ക്രിമിനലുകളായി സമൂഹമദ്ധ്യേ അടയാളപ്പെടുത്തപ്പെടുകയും ചെയ്യുന്ന സംഘടിത മത നേതൃത്വങ്ങളുടെ സാമുഹിക വിരുദ്ധത പൊളിച്ചു കാട്ടുന്നതു കൂടിയാണ്‌ ആതിരേ, തിരുമേനിയുടെ ഈ കല്‍പനകള്‍.
മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങള്‍ ശ്രദ്ധിക്കാതെ അവന്റെ ആത്മീയതയും മരണാനന്തരജീവിതവും പ്രസംഗിച്ച്‌ വര്‍ത്തമാനകാലത്തെ നരകമാക്കുന്ന മതമേലദ്ധ്യക്ഷന്മാര്‍ക്കു വരെ വിമോചനത്തിന്റെ പാത കാട്ടുന്നുണ്ട്‌ ക്രിസോസ്റ്റം തിരുമേനിയുടെ ഈ പാരിസ്ഥിതിക തിരിച്ചറിവുകള്‍.
ക്രിസോസ്റ്റം തിരുമേനിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നവയാണ്‌.
* കഴിവതും പതുക്കെ സഞ്ചരിക്കുക, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അതിലൂടെ കാര്‍ബണിന്റെ പുറന്തള്ളല്‍ നിയന്ത്രിക്കാം.
*ഉപയോഗമില്ലാത്തപ്പോള്‍ എല്ലാ വൈദ്യുതി ഉപകരണങ്ങളും സ്വിച്ച്‌ ഓഫ്‌ ചെയ്യുക.
*മൊബെയില്‍ ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യുന്നില്ലെങ്കില്‍ ചാര്‍ജ്ജര്‍ മെയിന്‍ സ്വിച്ചില്‍ നിന്ന്‌ ഊരിയിടുക.
*അടുത്തള്ള കടയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങുക, അകലെയുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന്‌ സാധനം വാങ്ങണമെങ്കില്‍ വാഹനത്തില്‍ സഞ്ചരിക്കണം. അവിടെ വില്‍പനയ്ക്കു വച്ചിരിക്കുന്നവ ദൂരസ്ഥലങ്ങളില്‍ നിന്നും വിദേശത്തുനിന്നും വിമാനമാര്‍ഗ്ഗവും വാഹനമാര്‍ഗ്ഗവും എത്തിച്ചിട്ടുള്ളവയാണ്‌. ഇതിനായി വലിയതോതില്‍ ഇന്ധനം മുടക്കണം. അത്‌ കൂടുതല്‍ അന്തരീക്ഷ താപനത്തിന്‌ ഇട വരുത്തും, മാത്രമല്ല, തൊട്ടടുത്ത കടയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മായം ചേര്‍ക്കല്‍ കുറഞ്ഞിരിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്‌.
*പ്ലാസ്റ്റിക്ക്‌ ബാഗുകള്‍ ഉപയോഗിക്കാതിരിക്കുക, സാധനങ്ങള്‍ വാങ്ങാന്‍ തുണി സഞ്ചികള്‍ ഉപയോഗിക്കുക.
*ദിവസത്തില്‍ ഒരു നേരമെങ്കിലും പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന ഭക്ഷണം ശീലിക്കുക, ഇത്‌ ചെലവ്‌ കുറയ്ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
*വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ടയറിലെ കാറ്റിന്റെ അളവ്‌ ശ്രദ്ധിക്കുക, കാറ്റ്‌ കുറഞ്ഞിരുന്നാല്‍ കൂടുതല്‍ ഇന്ധന ചെലവ്‌ ഉണ്ടാകും.
*ഞായറാഴ്ച പൂര്‍ണ്ണ നിശബ്ദത പാലിക്കുക, അന്ന്‌ മൊബെയില്‍ ഫോണും ടിവിയും റേഡിയോയും തുടങ്ങി എല്ലാ ഉപകരണങ്ങളും സ്വിച്‌ ഓഫ്‌ ചെയ്യുക.
*പള്ളി-ഭവന പരിസരങ്ങള്‍ ചെടികള്‍ നട്ട്‌ ഹരിതാഭമാക്കുക.
*വാഷ്‌ ബേയ്സനിലെ പൈപ്പ്‌ തുറന്നിട്ട്‌ പല്ല്‌ തേക്കാതിരിക്കുക, ഷേവ്‌ ചെയ്യാതിരിക്കുക, ജലത്തിന്റെ ഉപയോഗം ക്രമീകരിക്കുക.
ആതിരേ, ഒരു ഭവനത്തില്‍ ആരാണ്‌ ഏറ്റവും അധികം അദ്ധ്വാനിക്കുന്നത്‌ ? മാതാവാണോ പിതാവാണോ? തിരുമേനി ചോദിക്കുന്നു. ഉത്തരവും തിരുമേനി തന്നെ നല്‍കുന്നു. ഇവര്‍ രണ്ടുപേരുമല്ല, വീട്ടിലെ ഫ്രിഡ്ജാണ്‌. അതുകൊണ്ട്‌ ഫ്രിഡ്ജിന്റെ ഉപയോഗം നിയന്ത്രിക്കുക.
*രാസവളങ്ങളും രാസസംയുക്തങ്ങളുമടങ്ങിയ കീടനാശിനികളും ഉപയോഗിക്കാതിരിക്കുക,
*പള്ളികളില്‍ സാധാരണ മെഴുകുതിരികള്‍ ഉപയോഗിക്കുക, പകല്‍ സമയങ്ങളില്‍ ലൈറ്റുകള്‍ ഓഫ്‌ ചെയ്യുക.
*ദു:ഖവെള്ളിയാഴ്ച ദിവസം കഴിവുള്ളിടത്തോളം വൈദ്യുതി ഉപയോഗിക്കാതിരിക്കുക, കഴിവുള്ളിടത്തോളം വാഹന യാത്ര ഒഴിവാക്കുക,
*ഈസ്റ്റര്‍ ദിവസം ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന കാര്‍ബണ്‍ ഫാസ്റ്റിംഗ്‌ അവസാനിപ്പിക്കുക, എന്നാല്‍ അടുത്ത ദിവസം മുതല്‍ അതു തുടരുക.
ഇങ്ങനെ ചെയ്താല്‍,ആതിരേ, ക്രിസോസ്റ്റം തിരുമേനി വിശ്വാസികളോട്‌ പറയുന്നു: നിങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ദുര്‍ബ്ബലര്‍ക്കും നിസ്വര്‍ക്കും നിങ്ങള്‍ സഹോദരന്മാരായിത്തിരും. നിങ്ങളുടെ സ്വകാര്യ സുഖത്തിന്റെ പേരില്‍ ഭൂമിയില്‍ ജീവിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കുന്നത്‌ ഇല്ലാതാക്കാനും കഴിയും.
ഒരിക്കലും കേരളത്തിലെ ഒരു മതപുരോഹിതനും ചിന്തിക്കാത്ത വിമോചനത്തിന്റെ ദൈവശാസ്ത്രമായിട്ടാണ്‌ ആതിരേ ഞാന്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഈ ഉദ്ബോധനത്തെ കാണുന്നത്‌. നിങ്ങളില്‍ ചെറിയവന്‌ ചെയ്യുന്ന സഹായം, ഉപകാരം എനിക്കു നല്‍കുന്ന ആരാധാനയാണെന്നു പറഞ്ഞ ക്രിസ്തുവിന്റെ വചനങ്ങളുടെ പര്യായമാവുകയാണ്‌ തിരുമേനിയുടെ ഈ ഉദ്ബോധനങ്ങള്‍.
ക്രിസോസ്റ്റം തിരുമേനിയെപ്പോലെ ചിന്തിക്കുന്ന മതമേലദ്ധ്യക്ഷന്മാര്‍ മറ്റ്‌ സമുദായങ്ങള്‍ക്കും ഉണ്ടായിരുന്നതെങ്കില്‍ എന്ന്‌ ആശയ്ക്ക്‌ വിരുദ്ധമായി ആശിക്കുകയാണ്‌.
കന്യാസ്ത്രികളെ ഭോഗിച്ചും കൊന്നും,വിശ്വാസ പ്രഖ്യാപന റാലികള്‍ സംഘടിപ്പിച്ചും സമുദായവികാരം ആളിക്കത്തിച്ച്‌ വിശ്വാസികളെ തെരുവിലിറക്കിയും അരമനകളില്‍ "വെള്ളപൂസിയ കുഴിമാടങ്ങളായി മദിച്ചു ജീവിച്ച്‌ ക്രിസ്തുവിനും ക്രിസ്ത്യാനികള്‍ക്കും ശാപമായ എത്ര എത്ര വികാരിയച്ചന്മാര്‍, ബിഷപ്പുമാര്‍, മെത്രാന്മാര്‍
അവര്‍ക്കിടയില്‍ ഒരു യഥാര്‍ത്ഥ കൃഷ്യാനിയാവുകയല്ലെ ആതിരേ, ക്രിസോസ്റ്റം തിരുമേനി?തിരുമേനിയെന്ന ബഹുമാനം അര്‍ഹിക്കൂന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ്‌ ക്രിസോസ്റ്റം.ബാക്കിയുള്ളവരെല്ലാം കള്ളനാണയങ്ങളും കപട ഇടയന്മാരുമാണ്‌ ആതിരേ..
പ്രവര്‍ത്തിയില്ലാത്ത വിശ്വാസം ജഡമാണെന്നു പറഞ്ഞ ക്രിസ്തുവിന്റെ ഉദ്ബോധനത്തിന്റെ കര്‍മ്മകാണ്ഡമാകുകയാണ്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത.
ആതിരേ, ആത്മാവ്‌ സഭയോടു പറയുന്നത്‌ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന് ബൈബിളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ, ല്ലേ..?

Saturday, February 21, 2009

ബിനീഷിന്റെ താളത്തിനു തുള്ളാന്‍ ലജ്ജ തോന്നുന്നില്ലേ ജേക്കബ്ബ്‌ പുന്നൂസ്‌?


ഡി.ജി.പി. ജേക്കബ്ബ്‌ പുന്നൂസിനെക്കുറിച്ച്‌ ആതിരേ, ഇടതുപക്ഷ സഹയാത്രികനായിട്ടാണ്‌ ഔദ്യോഗിക രംഗത്ത്‌ പൊതുവേ പറഞ്ഞുകേള്‍ക്കുന്നത്‌. ശരിയാരിക്കാം തെറ്റായിരിക്കാം. രണ്ടായാലും കേരള പോലീസിലെ മിടുക്കനായ ഉദ്യോഗസ്ഥനാണ്‌ താനെന്ന്‌ പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. സാധാരണ ഏമാന്മാര്‍ക്കുള്ള തെറിവിളിയും കൂമ്പിനിട്ട്‌ ഇടിയുമില്ലാതെ ക്രമസമാധാനപാലനം വി്ജയകരമായി നടത്താമെന്ന്‌ തെളിയിച്ചിട്ടുള്ള പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ അദ്ദേഹം. അദ്ദേഹം ഈശ്വരവിശ്വാസിയാണ്‌. മനുഷ്യന്റെ അവസ്ഥകള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സും അദ്ദേഹത്തിനുണ്ട്‌. മാനുഷികമായ സമീപനമാണ്‌ ഔദ്യേഗിക കൃത്യനിര്‍വ്വഹണത്തില്‍ അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാവര്‍ക്കും സമാരാധ്യനും സ്വീകാര്യനുമായ പോലീസ്‌ ഉദ്യോഗസ്ഥനാണ്‌. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ അനാവശ്യമായ ഒരു ഇടപെടലും അനുവദിക്കാത്ത സത്യസന്ധനുമാണ്‌. ഈ സ്വഭാവവിശേഷമെല്ലാമടങ്ങുന്ന ഒരു ഡിജിപി അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല.
പക്ഷേ, അദ്ദേഹത്തിന്റെ മൂക്കിനുകീഴിലിരുന്ന്‌ ഒരു മന്ത്രി പുത്രനും അയാളുടെ കുരുത്തംകെട്ട കുറെ കൂട്ടുകാരും സഖാക്കളും കാണിച്ചുകൂട്ടുന്ന സാമദ്രോഹങ്ങള്‍ എങ്ങനെയാണ്‌ അദ്ദേഹം സഹിക്കുന്നതെന്നും അനുവദിക്കുന്നതെന്നും എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല, ആതിരേ...
ആഭ്യന്തരമന്ത്രിയുടെ പുത്രനെതിരെ ഒന്നൊന്നായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ 'യൂത്ത്‌ കോണ്‍ഗ്രസ്സ്‌ 'റസാഖിന്റെയോ 'യുവമോര്‍ച' സുരേന്ദ്രേന്റയോ രാഷ്ട്രീയ കണ്ടെത്തലുകളല്ല. മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ ബോദ്ധ്യമുള്ള അധികാരത്തിന്റെ കൈകടത്തലാണ്‌. പിതാവ്‌ അധികാരത്തിലില്ലാതിരുന്ന നാളുകളിലും ഇദ്ദേഹം വിവാദവാര്‍ത്തകളില്‍ ഇടം നേടി കുപ്രസിദ്ധനായിട്ടുണ്ട്‌.(ഓര്‍മ്മയുണ്ടല്ലോ കിളിരൂര്‍-കവിയൂര്‍ പീഡനക്കേസുകള്‍ ) കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായതോടെ പുത്രന്റെ കുറുന്താളിപ്പ്‌ അസഹനീയമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്‌.
മഠത്തില്‍ രഘു, സേവി മനോ മാത്യൂ, നടന്‍ ബൈജു, ശബരിനാഥ്‌, വിജയകുമാര്‍ തുടങ്ങി അടുത്ത ദിവസങ്ങളില്‍, വാര്‍ത്തകളില്‍ കുപ്രസിദ്ധരായ എല്ലാ സമൂഹവിരുദ്ധന്മാരുടെയും സംരക്ഷകനായി ബിനീഷ്‌ കോടിയേരിയുടെ പേരാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌. ഇത്‌ ആരോപണമല്ല, അടിച്ചുപൂസായി വിമാനത്താവളത്തിലെ സെക്യൂരിറ്റി സ്റ്റാഫിനെ ഫുട്ബോള്‍ തട്ടിയപ്പോള്‍ മഠത്തില്‍ രഘു വിളിച്ചുപറഞ്ഞത്‌ തങ്ങള്‍ ബിനീഷിന്റെ കൂട്ടുകാരാണെന്നാണ്‌.
സര്‍ക്കാരിനു തന്നെ നാണക്കേടുണ്ടാക്കിയ, മേല്‍സൂചിപ്പിച്ച മാന്യന്മാരുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ അടക്കമുള്ള ഏമാന്‍മാരുമുണ്ട്‌. അതുകൊണ്ട്‌ ബിനീഷിന്റെ സുഹൃത്‌ വലയത്തിലാണെന്ന്‌ ബോദ്ധ്യപ്പെട്ടാല്‍ എത്ര കൊടിയ ചട്ടംബിക്കും നാട്ടില്‍ നെഞ്ചുവിരിച്ചു വിലസാം, എന്തു കൊള്ളരുതായ്മയും ചെയ്യാം. സാധാരണ പോലീസുകാര്‍ അവര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യറാകുകയില്ല, അല്ലെങ്കില്‍ നാട്ടുകാരുടെ കണ്ണില്‍പൊടിയിടാന്‍ ലഘുവായ വകുപ്പുകള്‍ ചുമത്തി പെറ്റിക്കേസുകള്‍ ചാര്‍ജ്ജ്‌ ചെയ്ത്‌ കുറ്റവാളികളെ സുരക്ഷിതരായി സംഭവസ്ഥലത്തുനിന്ന്‌ മാറ്റി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും. ചോദിക്കാനും പറയാനും ആരുമില്ലാത്ത വെള്ളരിക്കാപട്ടണമായിരിക്കുന്നു കേരളമിപ്പോള്‍.
ഈ വെള്ളരിക്കാ പട്ടണത്തിന്റെ ഡിജിപി ആയിരിക്കാന്‍ ജേക്കബ്ബ്‌ പുന്നൂസ്‌, താങ്കള്‍ക്ക്‌ ലജ്ജ തോന്നുന്നില്ലേ എന്നു എങ്ങനെ ചോദിക്കാതിരിക്കും, ആതിരേ..?
നോക്ക്‌ ആതിരേ സാധാരണ ഒരു വര്‍ക്‌ ഷോപ്പ്‌ തൊഴിലാളിയായി ജീവിതം ആരംഭിച്ച്‌ ഗള്‍ഫിലെത്തി കോടിശ്വരനായ വ്യക്തിയാണ്‌ മഠത്തില്‍ രഘു. ദുബായില്‍ ഡാന്‍സ്‌ ബാര്‍ നടത്തുന്ന രഘുവിന്‌ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായും സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണുള്ളത്‌. ( അതില്‍ തെറ്റില്ല. സമ്പത്ത്‌ വര്‍ദ്ധിക്കുമ്പോള്‍ സൗഹൃദം മറക്കുന്ന ചെറ്റയല്ലെന്നെങ്കിലും അദ്ദേഹത്തെ കുറിച്ച്‌ പറയാമല്ലോ.അല്ലേ..!). ഗള്‍ഫിലെ അദ്ദേഹത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ സന്ദര്‍ശിക്കാത്ത, അവിടുത്തെ സുഖസൗകര്യങ്ങള്‍ ഓസിന്‌ അനുഭവിക്കാത്ത രാഷ്ട്രീയ നേതാക്കളും അവരുടെ പ്രായപൂര്‍ത്തിയായ പുത്രന്മാരുമില്ല എന്നതാണ്‌ തലസ്ഥാന നഗരിയിലെ അങ്ങാടിപ്പാട്ട്‌. ഈ ബന്ധം 'സുദൃഡമാക്കാന്‍ ' നേതാക്കന്മാരുടെ രാത്രിമേളനത്തിന്റെ രഹസ്യ സീഡികള്‍ രഘുവിന്റെ കൈവശമുണ്ടത്രെ. അതുകൊണ്ടാണ്‌ വിമാനത്താവളത്തില്‍ തോന്ന്യാസം കാണിച്ചിട്ടും രഘുവിനെ രക്ഷിക്കാന്‍ അണിയറയില്‍ നേതാക്കന്മാര്‍ മത്സരിച്ചതത്രെ.
രഘുവിനൊപ്പം വന്ന വിദേശി അല്‍ ജലാലിനെ പോലീസ്‌ കസ്റ്റഡിയില്‍വിട്ട്‌, ജാമ്യം എടുപ്പിച്ച്‌ കേസ്‌ അട്ടിമറിച്ചത്‌ ഈ നേതാക്കന്മാരുടെയും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെയും ബുദ്ധിപൂര്‍വ്വകമായ നീക്കമായിരുന്നു,ആതിരേ.. ജാമ്യം എടുക്കാന്‍ അല്‍ ജലാല്‍ കെട്ടിവച്ചത്‌ ഇന്ത്യന്‍ കറന്‍സി. ഈ കറന്‍സി നല്‍കിയ രഘു പിണറായി വിജയന്റെയും അടുത്ത സുഹൃത്താണെന്നാണ്‌ തിരുവനന്തപുരത്തെ സംസാരം.
വിമാനത്താവളത്തില്‍ രഘുവും അല്‍ ജലാലും കൂട്ടരും പോകൃത്തരം കാണിച്ചപ്പോള്‍ അവരെ രക്ഷിക്കാനെത്തിയത്‌ സേവി മനോ മാത്യുവും നടന്‍ ബൈജുവുമാണ്‌. അരയില്‍ തോക്കുതിരുകിയാണത്രെ വിമാനത്താവളത്തിലെ സുരക്ഷിത മേഖലയില്‍ ഈ നടന്‍ പ്രവേശിച്ചതെന്ന്‌ ഇപ്പോള്‍ പോലീസ്‌ സമ്മതിക്കുന്നു. മുമ്പൊരിക്കല്‍, തലസ്ഥാനത്തെ ഉന്നതന്മാരുടെ വിഹാര കേന്ദ്രമായ ട്രിവന്‍ഡ്രം ക്ലബ്ബില്‍ നടന്ന ഒരു കശപിശക്കിടയില്‍ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസും ബൈജുവിന്റെ പേരിലുണ്ട്‌. വിമാനത്താവളത്തിലെ ആക്രമണത്തിന്റെ പേരില്‍ ഇപ്പോഴും പോലീസ്‌ രഘുവിനെ അന്വേഷിച്ചു നടക്കുകയാണ്‌. രഘുവിനോട്‌ കീഴടങ്ങാന്‍ കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ ഡി.ജി.പിയുടെ മൂക്കിനു കീഴില്‍ ഉന്നതന്മാരുടെ സംരക്ഷണത്തില്‍ രഘു സുഖവാസത്തിലാണെന്ന്‌ ആഭ്യന്തരവകുപ്പിലെ എല്ലാവര്‍ക്കുമറിയാം. അപ്പോഴും ലജ്ജയില്ലാതെ ഡി.ജി.പി.യുടെ തൊപ്പിയണിഞ്ഞ്‌ ക്രമസമാധാനപാലനത്തിന്‌ പുതിയ ചിട്ടയും ചട്ടവട്ടങ്ങളും ഉണ്ടാക്കുന്ന തിരക്കിലാണ്‌ ഡി.ജി.പി. ജേക്കബ്ബ്‌ പുന്നൂസ്‌.
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ പ്രതി ശബരിനാഥിനെ രക്ഷപ്പെടുത്താന്‍ ഡിജിപിയുടെ കീഴിലെ പോലീസ്‌ എമാന്മാര്‍ നടത്തിയ കളികളും അങ്ങാടിപ്പാട്ടാണ്‌. അതുകൊണ്ടാണ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയത്‌, അവരാകട്ടെ, കേസ്‌ അട്ടിമറിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുകയാണ്‌. ആദ്യം സമര്‍പ്പിച്ച കുറ്റപത്രം പതിനേഴ്‌ വിശദീകരണ ചോദ്യങ്ങളോടെ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. ഡസ്മണ്ട്‌ നെറ്റോ മടക്കിയതാണ്‌. വീണ്ടും സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള പഴുതുകളാണുള്ളതെന്ന്‌ അദ്ദേഹം കണ്ടെത്തിയതോടെ അതും തള്ളിയിരിക്കുകയാണ്‌. ഇതെല്ലാം നടന്നതും നടക്കുന്നതും ജേക്കബ്ബ്‌ പുന്നൂസിന്റെ ഔദ്യോഗിക ഓഫീസിന്റെ പരിധിക്കകത്താണ്‌. കുറ്റവാളികള്‍ക്കെതിരെ പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കാന്‍ കഴിയാത്തവിധം പോലിസിന്റെ കൈകളില്‍ വിലങ്ങണിയച്ചിരിക്കുകയാണ്‌, ആരെല്ലാമോ ആതിരേ...!. മാധ്യമവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഇതിനു ചുക്കാന്‍ പിടിക്കുന്നത്‌ ആഭ്യന്തരമന്ത്രിയുടെ പുത്രനും ആരോഗ്യമന്ത്രിയുടെ പുത്രനും അവരുടെ ശിങ്കടികളായ പോലീസ്‌ ഏമാന്മാരുമാണ്‌.
കഴിവുള്ള ഒരു നടനായിട്ടാണ്‌ ഒരാഴ്ച മുമ്പുവരെ വിജയകുമാര്‍ അറിയപ്പെട്ടിരുന്നത്‌.(വിജയകുമാര്‍ എന്ന നടനെ കുറിച്ചൊരിക്കല്‍ വാതോരാതെ കുട്ടി സംസാരിച്ചത്‌ ഞാനിപ്പോളോര്‍ക്കുന്നു.'വനിതയില്‍'വന്ന അയാളുടെ മുഖാമുഖ സംസാരവും കുടുംബ വിശേഷങ്ങളും നിര്‍ബന്ധിച്ച്‌ എന്നെകൊണ്ട്‌ വായിപ്പിച്ചതും മറന്നിട്ടില്ല ) ഇന്ന്‌ കുഴല്‍പ്പണ സംഘത്തിലെ മുഖ്യകണ്ണിയാണ്‌ അദ്ദേഹമെന്ന്‌ പോലീസ്‌ പറയുന്നു.( 'ലേലം' എന്ന ചിതരത്തിലെ കഥാപാത്രം തന്നെ) ചിത്രങ്ങളില്ലാതെ സാമ്പത്തികമായി തകര്‍ന്ന വിജയകുമാര്‍ പിടിച്ചുനില്‍ക്കാനാണ്‌ കുഴല്‍പ്പണ മാഫിയയുമായി ബന്ധപ്പെട്ടതെന്ന്‌ പോലീസ്‌ തന്നെ വിശദീകരിക്കുന്നു. 25 ലക്ഷം രൂപ കവര്‍ന്നെടുത്ത കേസിലെ മുഖ്യപ്രതിയായി വിജയകുമാറിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യാന്‍ പോലും കഴിയാതെ അദ്ദേഹത്തിന്‌ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനുള്ള സാഹചര്യമൊരുക്കാനാണ്‌ പോലിസിന്‌ കഴിഞ്ഞിട്ടുള്ളു. സിനിമാ-കുഴല്‍പ്പണ മാഫിയ ലക്ഷങ്ങള്‍ വാരിയെറിഞ്ഞാണ്‌ വിജയകുമാറിനെ രക്ഷപ്പെടുത്തിയിരിക്കുന്നത്‌. ഇതിന്‌ പ്രോസിക്യൂഷനും കൂട്ടു നിന്നു എന്നാണ്‌ ആത്മാര്‍ത്ഥതയോടെ പോലീസില്‍ പ്രവര്‍ത്തിക്കുന്നവരും വിജയകുമാറിനെ കസ്റ്റഡിയിലെടുത്തതുമായ പോലീസ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. പട്ടാപ്പകല്‍ കൊച്ചി നഗരത്തില്‍ ഒരു കബളിപ്പിക്കല്‍ നടത്തി 25 ലക്ഷം തട്ടിയെടുത്ത ഒരു വ്യക്തിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധം പോലീസ്‌ നിസ്സഹായരായി തീര്‍ന്നിരിക്കുന്നു
. അല്ല അങ്ങനെ അവരെ ആക്കിയിരിക്കുന്നു, ആതിരേ
അറസ്റ്റ്‌ ചെയ്യുന്ന പ്രതികളെ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ രക്ഷപ്പെടുത്തുക എന്നതാണ്‌ ആഭ്യന്തരമന്ത്രി കോടിയേരിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാക്കളുടെയും യുവസഖാക്കളുടെയും ഇപ്പോഴത്തെ രീതി. അത്തരം ഒരുഡസനിലധികം സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്‌. പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മന്ത്രിയുടെ പ്രസ്താവന അല്ലാതെ മറ്റൊന്നും ഈ ഗുണ്ടകളെ തടയാന്‍ ഇതുവരെ നടപടിയായിട്ടില്ല. ഏറ്റവുമൊടുവില്‍ നടന്ന സംഭവത്തില്‍ സഖാക്കളുടെ ആക്രമണത്തില്‍ സി.ഐ.യ്ക്കുവരെ പരിക്കേറ്റു. എന്നിട്ടും അക്രമകാരികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സാധിക്കുന്നില്ല.
കേരളത്തിലെ ക്രമസമാധാനപാലനം ഇങ്ങനെ കുട്ടിച്ചോറായിട്ട്‌ നാളുകളായി ആതിരേ.(സാഗരങ്ങള്‍ക്കും സമയ രേഖകള്‍ക്കും അപ്പുറത്തിരിക്കുന്ന കുട്ടി ഇതെല്ലാം ടിവി വാര്‍ത്തകളായെങ്കിലും കണ്ടിട്ടുണ്ടെന്നു കരുതുന്നു) വ്യാപകമായ ഈ അരാജകത്വത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ ആരൊക്കെയാണെന്ന്‌ പൊതുജനങ്ങള്‍ക്കറിയാം. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്നുമാത്രം നടപടി ഉണ്ടാകുന്നില്ല. നികുതിപ്പണം ശമ്പളമായി എണ്ണിവാങ്ങുമ്പോള്‍ അമ്പത്‌ ശമതമാനമെങ്കിലും ആത്മാര്‍ത്ഥത തിരിച്ചും പ്രകടിപ്പിക്കാന്‍ ഡിജിപിയടക്കമുള്ള പോലീസേമ്മാന്മര്‍ക്ക്‌ ബാദ്ധ്യതയില്ലേ്‌ ആതിരെ... ?
ഈ വൃത്തിക്കേടുകള്‍ക്കെല്ലാം നെറുകയില്‍ ഡി.ജി.പി.യുടെ തൊപ്പി തലയില്‍ വച്ച്‌ നിര്‍ഗ്ഗുണപരബ്രഹ്മത്തെപ്പോലെയിരിക്കാന്‍, മിസ്റ്റര്‍ ഡി.ജി.പി. നിങ്ങള്‍ക്ക്‌ ലജ്ജയില്ലേ എന്നു ചോദിച്ചുപോകുന്നത്‌ സഹികെട്ടിട്ടാണ്‌.... കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിവില്ലെങ്കില്‍ രാജിവെച്ച്‌ ഒഴിയണം. കാരണം ഈ അധോലോക സംഘങ്ങളുടെ പീഡനമേറ്റുവാങ്ങുന്ന പരശതം സാധാരണക്കാര്‍ നല്‍കുന്ന നികുതിയാണ്‌ നിങ്ങള്‍ ശമ്പളമായി എണ്ണിവാങ്ങുന്നത്‌.
ഒരു ദൈവവിശ്വാസിക്ക്‌ ചേരുന്നതാണോ താങ്കളുടെ ഈ നിലപാട്‌, ജേക്കബ്‌ പുന്നൂസേ...

Thursday, February 19, 2009

ലാവലിന്‍:യുഡിഎഫ്‌ മേനി നടിക്കാന്‍ വരട്ടെ

ചിലരെ എല്ലാക്കാലത്തും എല്ലാവരെയും ചില കാലത്തേക്കും വഞ്ചിക്കാം, എന്നാല്‍ എല്ലാവരെയും എല്ലാക്കാലത്തേക്കും വഞ്ചിക്കാന്‍ കഴിയുകയില്ലെന്നത്‌ ഷേക്സ്പീയറിന്റെ കാലത്തെ നീതിവിചാരമാണ്‌ ആതിരേ. ഇന്ന്‌ ആരേയും ഒരുനിമിഷം പോലും പറഞ്ഞുപറ്റിക്കാന്‍ കഴിയുകയില്ല എന്നതാണ്‌ വാസ്തവം. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ ഹൈടെക്‌ യുഗത്തില്‍ വിരല്‍ത്തുമ്പത്താണ്‌ വിവരങ്ങള്‍ മുഴുവനുമുള്ളത്‌. അതുകൊണ്ട്‌ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കൊണ്ടോ പ്രചാരണവേലകള്‍ കൊണ്ടോ ഭീഷണികൊണ്ടോ വാസ്തവം നിഷേധിക്കാനോ തമസ്ക്കരിക്കാനോ ആര്‍ക്കും കഴിയുകയില്ല.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസ്സായ ലാവലിന്‍ ഇടപാടില്‍ അതുകൊണ്ടുതന്നെ യുഡിഎഫിനുള്ള പങ്ക്‌ മറച്ചുപിടിക്കാന്‍ കേരളരക്ഷാ യാത്രയൊന്നും ഉപകരിക്കുകയില്ലായെന്ന്‌ ചെന്നിത്തലയും ചാണ്ടിയും കൂട്ടരും ഓര്‍ക്കുന്നത്‌ നന്ന്‌. ദിവസം കഴിയുന്തോറും, എല്‍ഡിഎഫിനും പിണറായി വിജയനും എതിരെ അവരുതിര്‍ക്കുന്ന ആരോപണ ശരങ്ങള്‍ ബൂംറാങ്ങുകളാകുന്ന കാഴ്ചയാല്ലേ നാം ഇപ്പോള്‍ കാണുന്നത്‌.
ആതിരേ തന്റെ അപരാധിത്വം മറച്ചുവെയ്ക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന കസര്‍ത്തുകള്‍ ഊഹിക്കാവുന്നതേയുള്ളു. പിണറായിയുടെ പാദസേവകര്‍ നടത്തുന്ന ഭര്‍ത്സനത്തിന്റെ ഭാഷയും ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കാവുന്നതുമാണ്‌. സുരക്ഷിത ഇന്ത്യയും ഐശ്വര്യകേരളവും ലക്ഷ്യമിട്ട്‌ നവകേരള യാത്ര പ്ലാന്‍ ചെയ്തവര്‍ക്ക്‌ ഇപ്പോള്‍ ലാവലിന്‍ പ്രതിരോധയാത്രയായി അതിനെ പരിണമിപ്പിക്കേണ്ട ഗതികേടാണു വന്നിരിക്കുന്നത്‌.
ഈ ഗതികേടിന്റെ ആക്കം കൂട്ടാനാണ്‌ കഴിഞ്ഞ ദിവസം ലാവലിന്‍ കമ്പനി തങ്ങളുടെ വെബ്സൈറ്റില്‍ വിശദീകരണവുമായി എത്തിയത്‌. അവരുടെ ഭാഷ്യം അനുസരിച്ച്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്‌ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ വാഗ്ദാനം ചെയ്ത പണം കിട്ടാതെപോയത്‌. പീരുമേട്ടില്‍ വച്ച്‌ അതേ ദിവസം പിണറായി വിജയനും കുറ്റപ്പെടുത്തിയത്‌ അന്ന്‌ വൈദ്യുതി മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനെയായിരുന്നു. കടവൂര്‍ അതിന്‌ യുക്തിഭദ്രമായ മറുപടിയായുമായി രംഗത്തെത്തിയെങ്കിലും ആ വിശദീകരണം ഏശേണ്ടതുപോലെ ഏശിയില്ല.അപ്പോള്‍ ഒരു കാര്യം ഉറപ്പായി ആതിരേ, ഈ അഴിമതിയിടപാടില്‍ ഇവരെല്ലാം തുല്യമല്ലെങ്കില്‍ പോലും പങ്കാളികളാണ്‌
എസ്‌എന്‍സി ലാവലിന്‍ കമ്പനിയും പിണറായി വിജയനും ഒരു പക്ഷത്തുനിന്നുകൊണ്ട്‌ ഈ ഇടപാടിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ സമ്മതിക്കുന്നത്‌ ഈ ഇടപാടില്‍ അഴിമതി നടന്നിരുന്നു എന്നാണ്‌. പ്രതികളായ രണ്ടുപേര്‍ തങ്ങളുടെ ഭാഗം ന്യായികരിക്കാന്‍ കുറ്റവാളിയെ കണ്ടെത്തുന്നത്‌ സ്വാഭാവികം മാത്രം. അതാണ്‌ വൈകിയ വേളയില്‍ ലാവലിന്‍ കമ്പനിയും പിണറായി വിജയനും ചേര്‍ന്ന്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. വാഗ്ദാനം ചെയ്ത തുക നേടിയെടുക്കാന്‍ കടവൂര്‍ ശിവദാസന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്നാണ്‌ ഇരുവരുടെയും ആരോപണം. എന്നാല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ അന്തിമകരാറായി രൂപപ്പെടുത്തിയപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ വാഗ്ദാനം ചെയ്ത പണം ലഭിക്കാതിരിക്കാന്‍ പാകത്തില്‍ ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തു എന്ന്‌ ഇന്ന്‌ ഏതു കൊച്ചുകുഞ്ഞിനും ബോദ്ധ്യമുള്ള വസ്തുതയാണ്‌. പണം ലഭിക്കാന്‍ ഇടയില്ലാത്തവിധം കരാര്‍ രൂപീകരിച്ചിട്ട്‌ പിന്നാലെ വന്ന ഭരണക്കാരുടെ ശിരസ്സില്‍ അതിന്റെ ഭാരം കെട്ടിവയ്ക്കുന്നതിനെയാണ്‌ വഞ്ചന എന്നു പറയുന്നത്‌. ആ വഞ്ചനയുടെ തിരിച്ചടിയാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വാദകോലാഹലങ്ങളും ന്യായീകരണങ്ങളും ആരോപണ പ്രത്യോരോപണങ്ങളും പിണറായിയുടേയും ലാവലിന്‍ കമ്പനിയുടേയും വിശദീകരണങ്ങളും.
ഒരു കാര്യം വ്യക്തമാണ്‌ ആതിരേ,. 24.2.1996ല്‍ അന്ന്‌ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍ ഒപ്പുവെച്ച കണ്‍സള്‍ട്ടന്‍സി കരാര്‍ മുതല്‍ 10-2-97ല്‍ പിണറായി വിജയന്‍ അംഗീകരിച്ച അന്തിമകരാര്‍ വരെ ഉള്ള ഇടപാടുകളില്‍ കേരളത്തിലെ നികുതിദായകരെ വഞ്ചിക്കുന്ന നടപടികളും നയങ്ങളും ചട്ടങ്ങളുമാണ്‌ ഉണ്ടായിരുന്നത്‌. എസ്‌എന്‍സി ലാവലിന്‍ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ജി. കാര്‍ത്തികേയന്‌ ഒഴിയാന്‍ കഴിയുകയില്ല എന്ന്‌ സിബിഐ റിപ്പോര്‍ട്ട്‌ ചെയ്തത്‌ അതുകൊണ്ടാണ്‌. എന്നാല്‍ ഈ വഞ്ചന നിറഞ്ഞ കരാറിന്റെ ഗുണഭോക്താവാകാന്‍ ഭരണം മാറിയതുകൊണ്ട്‌ ജി. കാര്‍ത്തികേയനോ യുഡിഎഫിനോ ഭാഗ്യമുണ്ടായില്ല എന്നതാണ്‌ സിബിഐ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്‌.
അതായത്‌ ഇന്ന്‌ ഏകപക്ഷിയമായി പിണറായി വിജയനു നേരെ തൊടുത്തുവിടുന്ന ആരോപണത്തിന്റെ അമ്പുകളില്‍ പകുതിയെങ്കിലും ഏല്‍ക്കാനുള്ള "അര്‍ഹത" ജി. കാര്‍ത്തികേയന്‍ മുതലുള്ള യുഡിഎഫിന്റെ വൈദ്യുതി മന്ത്രിമാര്‍ക്കും ഇ.കെ. ആന്റണി മുതല്‍ രമേശ്‌ ചെന്നിത്തലവരെയുള്ള നേതാക്കന്മാര്‍ക്കും ഉണ്ടെന്നര്‍ത്ഥം..
ഇടുക്കി ഡാമിന്റെ നിര്‍മ്മാണം മുതല്‍ കേരളത്തില്‍ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തിയിട്ടുള്ള കമ്പനിയാണ്‌ എസ്‌എന്‍സി ലാവലിന്‍. ലോകത്തിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഒന്നാമത്തേതുമായ ഇടുക്കി ആര്‍ച്ച്‌ ഡാമിന്റെയും ചെറുതോണി, കുളമാവ്‌ ഡാമുകളുടെയും നിര്‍മ്മാണം മികവോടെ പൂര്‍ത്തിയാക്കിയതാണ്‌ പിന്നീടും വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട ജലവൈദ്യുത പദ്ധതികളുടെ നവീകരണം അടക്കമുള്ള കരാറുകള്‍ എസ്‌എന്‍സി ലാവലിനു നല്‍കാനുള്ള പശ്ചാത്തലം.
എന്നാല്‍, ആതിരേ, ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ ഡാമുകളുടെ നവീകരണ പ്രക്രിയ എസ്‌എന്‍സി ലാവലിനെ ഏല്‍പിക്കുന്നതിനു വളരെ മുമ്പ്‌ തന്നെ ലോകത്തിന്റെ പലഭാഗത്തും നിര്‍മ്മാണങ്ങളില്‍ ക്രമക്കേടു കാട്ടിയും സമ്പത്ത്‌ വെട്ടിച്ചും കരിമ്പട്ടികയില്‍ പെട്ട കമ്പനിയായി എസ്‌എന്‍സി ലാവലിന്‍ പരിണമിച്ചിരുന്നു. ലാവോസില്‍ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയത്‌ പുറത്തായതോടെയാണ്‌ എസ്‌എന്‍സി ലാവലിന്‍ കമ്പനിയുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്‌. അതേത്തുടര്‍ന്ന്‌ ലാവോസ്‌ ഈ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. പിന്നീട്‌ മൂന്നാം ലോകരാഷ്ട്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്‌ വ്യാജരേഖകളും കരാറുകളും രൂപംകൊടുത്ത്‌ അടിച്ചുമാറ്റാന്‍ തുടങ്ങിയതോടെ ഏഷ്യന്‍ ഡവലപ്മെന്റ്‌ ബാങ്കിന്റെ താക്കീത്‌ നേടുകയും ചെയ്ത്‌ ട്രാക്ക്‌ റെക്കോഡാണ്‌ എസ്‌എന്‍സി ലാവലിനുള്ളത്‌.
ഈ സത്യം തമസ്ക്കരിച്ചുകൊണ്ടാണ്‌ ജി. കാര്‍ത്തികേയന്‍ കമ്പനിയുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്നത്‌. സിബിഐ ചൂണ്ടിക്കാണിക്കുന്നതുപോലെ ഭരണം മറിയില്ലായിരുന്നുവെങ്കില്‍ ഇന്ന്‌ ഈ വിഷയത്തിന്റെ കേന്ദ്രസ്ഥാനത്ത്‌ അവരോധിതനാകുക ജി. കാര്‍ത്തികേയനായിരിക്കും. കരിമ്പട്ടികയില്‍ പെടുത്തിയ ഒരു കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതോടെ ആരംഭിക്കുന്നു ക്രമക്കേടുകളും. അതുകൊണ്ട്‌ എസ്‌എന്‍സി ലാവലിന്‍ അഴിമതിയില്‍ നിന്ന്‌ മുഖം രക്ഷിക്കാന്‍ യുഡിഎഫിന്റെ സമുന്നതരായ നേതാക്കന്മാര്‍ക്ക്‌ ആര്‍ക്കും കഴിയുകയില്ല.
കംപട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ്‌ എസ്‌എന്‍സി ലാവലിന്‍ കരാറിലെ അഴിമതികള്‍ പുറത്തുവന്നത്‌. അന്ന്‌ ഇ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഈ അഴിമതിയെ സംബന്ധിച്ച്‌ അന്വേഷിക്കണമെന്ന്‌ ഇരുപത്തിയഞ്ചോളം എം.എല്‍.എ.മാര്‍ ഇ.കെ. ആന്റണിയോട്‌ ആവശ്യപ്പെടുന്നിടത്താണ്‌ ഇതു സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നതും കരാറിലെ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്തുവരുന്നതും. അന്ന്‌ വിജിലന്‍സ്‌ അന്വേഷണത്തിനായിരുന്നു എ.കെ. ആന്റണി ഉത്തരവിട്ടത്‌. എന്നാല്‍ ഒരു വിദേശരാഷ്ട്രവും വിദേശപണമിടപാടും ഉള്‍പ്പെടുന്ന ഈ കരാറിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ വിജിലന്‍സിന്‌ കഴിയുകയില്ലെന്നും അതുകൊണ്ട്‌ സ്വതന്ത്രഏജന്‍സിയായി സിബിഐയ്ക്ക്‌ അന്വേഷണം വിടണമെന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനുനേരെ മുഖം തിരിച്ചു നിന്നവരാണ്‌, ആതിരേ, ഈ യുഡിഎഫ്‌ നേതാക്കളും ഭരണസംവിധാനവും.
2005ലാണ്‌ ഇതു സംബന്ധിച്ച്‌ സ്വകാര്യ ഹര്‍ജി ഹൈക്കോടതിയിലെത്തുന്നത്‌. അന്ന്‌ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല എന്നായിരുന്നു യുഡിഎഫ്‌ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. എന്തിനായിരിക്കണം ഇത്തരം ഒരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയതെന്ന്‌ പ്രത്യേകിച്ച്‌ വിശദീകരിക്കേണ്ടതില്ല. തുടക്കം മുതല്‍ വിജിലന്‍സ്‌ അന്വേഷണത്തില്‍ പ്രശ്നം ഒതുക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമം. വിജിലന്‍സ്‌ അന്വേഷണം ചില ഉദ്യോഗസ്ഥരെ കേന്ദ്രീകരിക്കുകയും അവരെ ബലിയാടാക്കുകയും ചെയ്യുമ്പോള്‍ ഉന്നതന്മാര്‍ക്ക്‌ രക്ഷപെടാമെന്ന്‌ അറിഞ്ഞുകൊണ്ടായിരുന്നു യുഡിഎഫ്‌ ഈ നിലപാട്‌ സ്വീകരിച്ചത്‌.
പിന്നീട്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമെന്ന്‌ ബോദ്ധ്യപ്പെട്ടപ്പോഴാണ്‌ ഈ നിലപാടില്‍ മാറ്റം വരുത്തുകയും സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്തത്‌. തൊമ്മന്‍ അയഞ്ഞപ്പോള്‍ ചാണ്ടി മുറുകി .എസ്‌എന്‍സി ലാവലിന്‍ പ്രശ്നം അന്വേഷിക്കാന്‍ സാദ്ധ്യമല്ലെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങളുടെ മുമ്പാകെ വന്ന ഹര്‍ജിയിലെ വാദം കേട്ട കേരള ഹൈക്കോടതി കേസ്‌ സിബിഐ അന്വേഷിക്കണമെന്നാണ്‌ ഉത്തരവിട്ടത്‌. കോടതിയില്‍ അത്‌ അംഗീകരിച്ച സിബിഐയും യുപിഎ സര്‍ക്കാരും, പക്ഷേ നിലപാട്‌ മാറ്റുകയായിരുന്നു. അന്ന്‌ യുപിഎ സര്‍ക്കാരിന്‌ പിന്തുണയ്ക്കുന്നവരായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. ഭരണത്തിലെ ആ പങ്കാളിത്തംകൊണ്ട്‌ സിബിഐ അന്വേഷണത്തില്‍ നിന്ന്‌ തലയൂരാമെന്നായിരുന്നു, ആതിരേ, പാര്‍ട്ടി കരുതിയത്‌. അതുതന്നെയാണ്‌ സംഭവിച്ചതും. എന്നാല്‍ വീണ്ടും സ്വകാര്യ ഹര്‍ജി ഹൈക്കോടതിയിലെത്തുകയും സിബിഐയുടെയും സര്‍ക്കാരിന്റെയും ഭാഗം വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ്‌, ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പറയുന്ന രാഷ്ട്രീയ ഘടകം പുറത്തുവന്നത്‌. അന്വേഷണം നടത്താനാവില്ലായെന്ന്‌ സിബിഐയും സിബിഐ അന്വേഷണം ആവശ്യമില്ലായെന്ന്‌ സര്‍ക്കാരും അന്നു വദിച്ചു. എന്നാല്‍ ഈ ഇടപാടില്‍ വിജിലന്‍സ്‌ കണ്ടെത്തിയത്‌ ചെറുമീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ പുറത്തുണ്ടെന്നും മനസ്സിലാക്കിയാണ്‌ അന്ന്‌ ചീഫ്‌ ജസ്റ്റീസായിരുന്ന വി.കെ. ബാലിയും ജസ്റ്റീസ്‌ കെ.ജി.കോശിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.
ഇതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ എസ്‌എന്‍സി ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെപ്പോലെ തന്നെ, സത്യം പുറത്തുവരാതിരിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചവരാണ്‌ യുഡിഎഫ്‌ നേതാക്കളും. അതുകൊണ്ട്‌ അവര്‍ക്കാര്‍ക്കും ഈ വിഷയത്തില്‍ മേനി നടിക്കാന്‍ ഒരു അവകാശവുമില്ല.
ഇവിടെ 2007 മാര്‍ച്ചില്‍ കാലിത്തീറ്റ കുംഭകോണക്കേസ്‌ വിചാരണ ചെയ്ത ജസ്റ്റീസുമാരായ എസ്‌.ബി. സിന്‍ഹയും മാര്‍ക്കണ്ഠേയ കട്ജുവും തുറന്നകോടതിയില്‍ പ്രകടിപ്പിച്ച രോഷവും നിസ്സഹായതയുമാണ്‌ ഓര്‍മ്മയിലെത്തുന്നത്‌. അതിങ്ങനെയായിരുന്നു. "എവിടെയും അഴിമതിയാണ്‌. ഒന്നും അഴിമതിയില്‍ നിന്നും മുക്തമല്ല, എല്ലാവര്‍ക്കും രാജ്യത്തെ കൊള്ളയടിക്കണം, അഴിമതിക്ക്‌ തടയിടാന്‍ ഇവരില്‍ കുറച്ചുപേരെയെങ്കിലും വഴിവക്കിലെ വിളക്കുകാലില്‍ തൂക്കിക്കൊല്ലണം.അതു മറ്റുള്ളവര്‍ക്ക്‌ മുന്നറിയിപ്പാകും. പക്ഷേ, നിയമം അതു അനുവദിക്കുന്നില്ല. അല്ലെങ്കില്‍ ഞങ്ങള്‍ ആ മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.?
ജസ്റ്റീസുമാരായ എസ്‌.ബി. സിന്‍ഹയുടെയും മാര്‍ക്കണ്ഠേയ കട്ജുവി ന്റെയും ആ നിസ്സഹായതോടെ നില്‍ക്കാനാണ്‌ ലാവലിന്‍ വിഷയത്തില്‍, ആതിരേ, കേരളത്തിലെ പൊതുസമൂഹത്തിന്റെ വിധി.

Friday, February 6, 2009

നമ്മെ നയിക്കും ലക്ഷാധിപതികള്‍


ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ഭരണമാണ്‌ ജനാധിപത്യമെന്ന്‌ ജഫേഴ്സണ്‍ നിര്‍വ്വചിപ്പോള്‍, ആതിരേ ലോകത്തിലെ രണ്ട്‌ വലിയ ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയുടെയും അമേരിക്കയുടെയും ഇന്നത്തെ അവസ്ഥയെക്കുറിച്ച്‌ സ്വപ്നം കണ്ടിട്ടുപോലുമുണ്ടാവില്ല.
ജനങ്ങളുടെ പ്രശ്നങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞ്‌ അതിന്‌ സത്വരവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പരിഹാരം കണ്ടെത്താന്‍ മികവുള്ളവര്‍ ജനങ്ങളുടെ ഇടയില്‍ നിന്ന്‌ ഉയര്‍ന്നുവരുമെന്നും അവര്‍ ജനപക്ഷത്തുനിന്നുകൊണ്ട്‌ സുതാര്യവും ജനക്ഷേമകരവുമായ ഭരണം നടത്തുമെന്നുമൊക്കായായിരുന്നു ജഫേഴ്സണ്‍ സ്വപ്നം കണ്ടത്‌.
കാലം മാറുകയും മനുഷ്യന്‍ ശാസ്ത്രീയ - സാമ്പത്തിക പുരോഗതി നേടുകയും ചെയ്തപ്പോള്‍ അതിനനുസൃതമായി ഈ ജനാധിപത്യ നിര്‍വ്വചനത്തിനും പാഠഭേദം ചമയ്ക്കപ്പെട്ടു.
ജനങ്ങളുമായിപുലബന്ധം പോലുമില്ലാത്ത, രാഷ്ട്രീയവും സാമൂദായികവും സാമ്പത്തികവുമായ വിലപേശല്‍ ശക്തിയുള്ള നിഷ്പിത താല്‍പര്യക്കാരായി പിന്നെപ്പിന്നെ,ആതിരേ, ജനാധിപത്യത്തെ നിലനിര്‍ത്തിക്കൊണ്ടുപോരുന്ന (!) ജനപ്രതിനിധികള്‍. ജഫേഴ്സന്റെ കാലത്തെ ചൂഷണ വ്യവസ്ഥ മാറ്റപ്പെടുകയും അതാതുകാലത്തിനു ഇണങ്ങുന്ന ആധുനിക മുതലെടുപ്പ്‌ തന്ത്രങ്ങള്‍ രൂപം കൊള്ളുകയും, ഇത്തരം തന്ത്രങ്ങള്‍ മെനയാനോ അവയ്ക്കൊപ്പം നീങ്ങാനോ മിടുക്കും കൗശലവും ഉള്ളവര്‍ക്കു മാത്രമായി ജനപ്രപ്രതിനിധി സ്ഥാനം. തീര്‍ച്ചയായും ജനസേവനമായിരുന്നില്ല ഇവരുടെ ഉദ്ദേശ്യമെന്ന്‌ പോയകാലത്തിന്റെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌.
ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ നിന്ന്‌ ഇന്ത്യ ഇന്നത്തെ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ്‌ പരമാധികാര രാഷ്ട്രമായി പരിണമിക്കുന്ന പ്രക്രിയയ്ക്ക്‌ - സ്വാതന്ത്ര്യസമരം - നേതൃത്വം നല്‍കിയവര്‍ വിദ്യാസമ്പന്നരും സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ഉള്ളവരുമായിരുന്നു. പറഞ്ഞുകേട്ടിട്ടുണ്ട്‌, ഇന്ത്യയെ അന്ന്‌ വിലയ്ക്കുവാങ്ങാന്‍ സാമ്പത്തിക സ്ഥിരതയുണ്ടായിരുന്ന വ്യക്തിയായിരുന്നു മോട്ടിലാല്‍ നെഹ്‌റു എന്ന്‌. പുത്രനെ ഇംഗ്ലണ്ടില്‍ അയച്ചു പഠിപ്പിച്ച്‌ ബാരിസ്റ്റര്‍ പരീക്ഷ പാസ്സാക്കി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ അദ്ദേഹത്തെ ഇറക്കിവിട്ടത്‌, ഇന്ത്യയിലെ നിരക്ഷരകുക്ഷികളും ദരിദ്രനാരായണന്മാരുമായ കോടികളുടെ ഉന്നമനത്തിനോ മോചനത്തിനോ ആയിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഭരിച്ച കാലത്തും സമ്പത്തിന്റെ ഈ ശക്തികള്‍ക്ക്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ആദരവും മാന്യതയും നല്‍കിയിരുന്നെങ്കിലും ഭരണത്തില്‍ പങ്കാളിത്തം നല്‍കിയിരുന്നില്ല. നാട്ടുരാജക്കാന്മാരുടെ ഭരണത്തില്‍ ചേര്‍ന്ന്‌ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്ന കാഷ്മീരി പണ്ഡിറ്റ്‌ കുടുംബത്തിന്‌ ഈസ്‌റ്‌റ്‌ ഇന്ത്യ കമ്പനിയുടെ വരവും ഭരണവും അതുകൊണ്ടാണ്‌ അസഹ്യമായിത്തീര്‍ന്നത്‌. ഭരണം പിടിച്ചെടുക്കാനുള്ള ബുദ്ധിപൂര്‍വ്വകമായ തന്ത്രമായിട്ടായിരുന്നു പുത്രന്‍ ജവഹര്‍ലാലിനെ മോട്ടിലാല്‍ രാഷ്ട്രീയത്തിലിറക്കിയത്‌.
ഈ പാത ഗുണകരമാണെന്ന്‌ കണ്ട്‌ ബിര്‍ളയെപ്പോലെയുള്ളവരും സ്വാതന്ത്ര്യസമരത്തെ പ്രോത്സാഹിപ്പിച്ച്‌ , അതിലെ നിര്‍ണ്ണായക നേതൃശക്തിയായി മാറിയതും ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌ ആതിരേ. ജനാധിപത്യമെന്നാല്‍ പണാധിപത്യമാണെന്ന്‌ അന്നുമുതലെ പാഠഭേദം ചമയ്ക്കപ്പെട്ടു എന്നും പഠിപ്പിക്കുന്നു . അതിന്റെ തുടര്‍ച്ചയാണ്‌ ഇന്ന്‌ മന്‍മോഹനിലും മാഡത്തിലും മറ്റുള്ളവരിലും എത്തിനില്‍ക്കുന്ന ഇന്ത്യയുടെ ഭരണ നേതൃത്വം
ആതിരേ ആ കണ്ണിയുടെ ഇങ്ങേ അറ്റത്തു നില്‍ക്കുന്നു മലയാളിയായ കേന്ദ്രമന്ത്രി വയലാര്‍ രവി. കേരളത്തില്‍ നിന്നുള്ള ഇനിയത്തെ രാജ്യസഭാമെമ്പര്‍മാരില്‍ ഒരാള്‍ അദ്ദേഹമാണ്‌. ഒരുകാലത്ത്‌ കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായിരുന്ന, കെ.എസ്‌.യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസിലൂടെയും വളര്‍ന്ന്‌ രാഷ്ട്രീയം മാത്രം തൊഴിലാക്കി തക്കസമയത്ത്‌ ഗ്രൂപ്പുണ്ടാക്കി തന്ത്രം മെനഞ്ഞ്‌ സമ്മര്‍ദ്ദ കൗശലങ്ങള്‍ പയറ്റിയാണ്‌ അദ്ദേഹം നേതൃത്വത്തിന്റെ പടികള്‍ കയറിയതും കേന്ദ്രമന്ത്രി സ്ഥാനത്ത്‌ എത്തിയതും. സാധാരണക്കാര്‍ക്കുവേണ്ടി അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍വേണ്ടി ഉഴിഞ്ഞുവെയ്ക്കപ്പെട്ട അദ്ദേഹവും ഒരു ലക്ഷാധിപതിയാണെന്ന്‌ ഇപ്പോള്‍ പരസ്യമായിരിക്കുന്നു. മറ്റൊരു തൊഴിലും ചെയ്തില്ലെങ്കിലും രാഷ്ട്രീയത്തിലൂടെ ലക്ഷാധിപതിയാകാമെന്ന സന്ദേശം കൂടിയാണ്‌ ഈ ഖദര്‍ധാരി ഇന്ത്യാക്കാര്‍ക്ക്‌ നല്‍കുന്നത്‌.
രാജ്യസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഹാജരാക്കിയ ഔദ്യോഗിക സ്വത്തുവിവര പട്ടികയാണ്‌ അദ്ദേഹത്തിന്റെ ആസ്തി എത്രയുണ്ടെന്ന്‌ വ്യക്തമാക്കിയത്‌. വിവിധ ധനകാര്യസ്ഥാപനങ്ങളിലായി 22.44 ലക്ഷം രൂപയുടെ നിക്ഷേപം വയലാര്‍ രവിക്കുണ്ട്‌. ഇതുകൂടാതെ ഭൂനിക്ഷേപവും ആധുനിക സൗകര്യങ്ങളോടുകൂടിയ വീടും അദ്ദേഹത്തിനുണ്ട്‌. കണയന്നൂര്‍ താലൂക്കിലെ തൃക്കണ്ണാര്‍വട്ടം വില്ലേജില്‍ 30 ലക്ഷം രൂപ വിലമതിക്കുന്ന30 സെന്റ്‌ ഭൂമിയും കൊച്ചി പനമ്പിള്ളി നഗറില്‍ 15 ലക്ഷത്തിന്റെ ഫ്ലാറ്റുമുണ്ട്‌. ഭാര്യ മേഴ്സി രവിക്ക്‌ 15.44 ലക്ഷത്തിന്റെ ബാങ്ക്‌ നിക്ഷേപവും 9ലക്ഷം രൂപ വിലവരുന്ന 900ഗ്രാം ആഭരണങ്ങളുമുണ്ട്‌. ഒരു ഫീയറ്റ്‌ കാറും ഒരു ഫോര്‍ഡ്‌ കാറും സ്വന്തമായുണ്ട്‌. കൈയില്‍ പക്ഷേ കാശായി രവിക്ക്‌ 15,000 രൂപയും ഭാര്യയ്ക്ക്‌ 1000 രൂപയുമേയുള്ളു.
അതിരേ, ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത ഇന്ത്യയിലെ കോടാനുകോടി ജനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സ്യൂട്ടും കോട്ടും പാന്റ്സും വലിച്ചെറിഞ്ഞ്‌ ഉടുമുണ്ടും മേല്‍മുണ്ടും മാത്രമായി ഇന്ത്യന്‍ ജനതയേയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തേയും നയിച്ച മഹാത്മഗാന്ധിയുടെ കേരളത്തിലെ ഒരു അനുയായിയുടെ സ്വത്തുവിവരമാണ്‌ മേല്‍സൂചിപ്പിച്ചത്‌. ഇന്ത്യയിലെ കോടിശ്വരന്മാരായ കോണ്‍ഗ്രസുകാരുമായി തട്ടിച്ചു നോക്കുമ്പോള്‍ സാമ്പത്തിക ബലത്തില്‍ വയലാര്‍ രവി ആ കൂട്ടത്തിലെ " ബി.പി.എല്‍"ആണ്‌. അപ്പോഴും രവിക്ക്‌ വോട്ടു ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്‌. സ്ഥാവരമായും ജംഗമമായും പറയത്തക്ക സാമ്പത്തിക പശ്ചാത്തലമില്ലാത്ത വയലാര്‍ രവി എങ്ങനെ ലക്ഷാധിപതിയായി എന്നതാണ്‌ ആദ്യത്തെ ചോദ്യം. ആ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം രവിയില്‍ നിന്ന്‌ ലഭിക്കുമെന്ന്‌ കരുതുന്നതില്‍ പരം മൗഢ്യം മറ്റൊന്നുണ്ടോ ആതിരേ?. ജനസേവനമെന്നാല്‍ മാനവസേവനമോ മാധവസേവനമോ അല്ലെന്നും അത്‌ സമ്പദ്സമാഹരണത്തിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണെന്നും തെളിയിക്കുകയാണ്‌ രവി.
സിപിഎമ്മിന്റെ നോമിനി പി. രാജീവന്‍ രവിയോളം വരില്ലെങ്കിലും അദ്ദേഹവും ലക്ഷങ്ങളുടെ അധിപനാണ്‌. രാജീവിന്റെ ഭാര്യയുടെ പേരില്‍ കളമശ്ശേരി എസ്‌.ബി.ടിയില്‍ 1136രൂപയും ഇടപ്പള്ളി ഐഒബിയില്‍ 19,730 രൂപയും നിക്ഷേപമുണ്ട്‌. ഭാര്യയുടെ പേരില്‍ വൈക്കം വില്ലേജില്‍ 10ലക്ഷം വിലമതിക്കുന്ന 114.67 സെന്റ്‌ ഭൂമിയും ഒരുലക്ഷം രൂപ വില മതിപ്പു വില വരുന്നു വീടുമുണ്ട്‌. അവര്‍ക്ക്‌ എല്‍.ഐ.സിയില്‍ 2 ലക്ഷം രൂപയുമുണ്ട്‌. ഒരു മാരുതി വാഗണറും 560ഗ്രാം സ്വര്‍ണ്ണവുമുണ്ട്‌.
ഉപജീവനമാര്‍ഗ്ഗമായ പശുക്കുട്ടിയെ വിറ്റ്‌ ദേശാഭിമാനി പത്രം ആരംഭിക്കാന്‍ പണം നല്‍കിയ പാലോറ മാതയെപ്പോലെയുള്ളവര്‍ക്കുവേണ്ടിയെന്ന്‌ പറഞ്ഞ്‌ ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററായി ജോലി നോക്കുന്ന സഖാവാണ്‌ പി. രാജീവന്‍. നവകേരള ജാഥ നയിക്കുന്ന വലിയ സഖാവുമായും ജാഥയിലെ മറ്റ്‌ പ്രമുഖ സഖാക്കളുമായും തട്ടിച്ചുനേക്കുമ്പോള്‍ രാജിവിന്റെ സമ്പത്ത്‌ ഒന്നുമല്ലെന്നുമാത്രം.
സിപിഐയുടെ സ്ഥാനാര്‍ത്ഥി എം.പി. അച്യുതനാണ്‌,ആതിരേ താരതമ്യേന ദരിദ്രന്‍ കൈയ്യില്‍ കാശായി അദ്ദേഹത്തിന്‌ 1000 രൂപയും ഭാര്യയ്ക്ക്‌ 2000 രൂപയും മകള്‍ക്ക്‌ 1000 രൂപയുമേയുള്ളു. ഭാര്യയ്ക്ക്‌ 80,000 രൂപ വിലവരുന്ന 80 ഗ്രാം സ്വര്‍ണ്ണവും മകള്‍ക്ക്‌ 40,000 രൂപവില വരുന്ന 40ഗ്രാം സ്വര്‍ണ്ണവുമുണ്ട്‌. 2.9 ലക്ഷം രൂപ വിലയുള്ള ആള്‍ട്ടോ കാറിലാണ്‌ സഖാവ്‌ അച്യുതന്റെ മകളുടെ സഞ്ചാരം. ശ്രീകാര്യം എസ്‌.ബി.ടിയില്‍ നിന്ന്‌ ഭവനവായ്പയായി എടുത്ത ലോണിന്റെ പേരില്‍ സഖാവ്‌ അച്യുതന്‍ 3.72,160 രൂപയുടെ കടക്കാരനാണ്‌. എന്നാല്‍ ഭാര്യയ്ക്ക്‌ പട്ടം വില്ലേജില്‍ 3 ലക്ഷം രൂപ വിലവരുന്ന 6 സെന്റ്‌ ഭൂമിയും 9 ലക്ഷം വിലമതിക്കുന്ന വീടുമുണ്ട്‌.
ആതിരേ,ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ എന്നതാണ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കന്മാര്‍ക്ക്‌ നല്‍കുന്ന പിന്തുണ. എന്നാല്‍ ഈ നേതാക്കന്മാര്‍ ലക്ഷം വരുന്ന അണികളില്‍ നിന്ന്‌ അകന്ന്‌ സമ്പന്നവും സുഖശീതളവുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നവരും ലക്ഷങ്ങളുടെ അധിപന്മാരുമാണ്‌.
വിഷം വാങ്ങി തിന്ന്‌ ജീവതമവസാനിപ്പിക്കാന്‍ കൈയ്യില്‍ കാല്‍ കാശില്ലെങ്കിലെന്ത്‌ നമ്മെ നയിക്കാന്‍ ലക്ഷപ്രഭുക്കള്‍ സന്നദ്ധരായി രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍നിരയിലുണ്ടല്ലോ. ഇതിനാണല്ലേ ആതിരേ ജനാധിപത്യം എന്നു പറയുന്നത്‌..?!!.