Thursday, February 19, 2009

ലാവലിന്‍:യുഡിഎഫ്‌ മേനി നടിക്കാന്‍ വരട്ടെ

ചിലരെ എല്ലാക്കാലത്തും എല്ലാവരെയും ചില കാലത്തേക്കും വഞ്ചിക്കാം, എന്നാല്‍ എല്ലാവരെയും എല്ലാക്കാലത്തേക്കും വഞ്ചിക്കാന്‍ കഴിയുകയില്ലെന്നത്‌ ഷേക്സ്പീയറിന്റെ കാലത്തെ നീതിവിചാരമാണ്‌ ആതിരേ. ഇന്ന്‌ ആരേയും ഒരുനിമിഷം പോലും പറഞ്ഞുപറ്റിക്കാന്‍ കഴിയുകയില്ല എന്നതാണ്‌ വാസ്തവം. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ ഹൈടെക്‌ യുഗത്തില്‍ വിരല്‍ത്തുമ്പത്താണ്‌ വിവരങ്ങള്‍ മുഴുവനുമുള്ളത്‌. അതുകൊണ്ട്‌ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കൊണ്ടോ പ്രചാരണവേലകള്‍ കൊണ്ടോ ഭീഷണികൊണ്ടോ വാസ്തവം നിഷേധിക്കാനോ തമസ്ക്കരിക്കാനോ ആര്‍ക്കും കഴിയുകയില്ല.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസ്സായ ലാവലിന്‍ ഇടപാടില്‍ അതുകൊണ്ടുതന്നെ യുഡിഎഫിനുള്ള പങ്ക്‌ മറച്ചുപിടിക്കാന്‍ കേരളരക്ഷാ യാത്രയൊന്നും ഉപകരിക്കുകയില്ലായെന്ന്‌ ചെന്നിത്തലയും ചാണ്ടിയും കൂട്ടരും ഓര്‍ക്കുന്നത്‌ നന്ന്‌. ദിവസം കഴിയുന്തോറും, എല്‍ഡിഎഫിനും പിണറായി വിജയനും എതിരെ അവരുതിര്‍ക്കുന്ന ആരോപണ ശരങ്ങള്‍ ബൂംറാങ്ങുകളാകുന്ന കാഴ്ചയാല്ലേ നാം ഇപ്പോള്‍ കാണുന്നത്‌.
ആതിരേ തന്റെ അപരാധിത്വം മറച്ചുവെയ്ക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന കസര്‍ത്തുകള്‍ ഊഹിക്കാവുന്നതേയുള്ളു. പിണറായിയുടെ പാദസേവകര്‍ നടത്തുന്ന ഭര്‍ത്സനത്തിന്റെ ഭാഷയും ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കാവുന്നതുമാണ്‌. സുരക്ഷിത ഇന്ത്യയും ഐശ്വര്യകേരളവും ലക്ഷ്യമിട്ട്‌ നവകേരള യാത്ര പ്ലാന്‍ ചെയ്തവര്‍ക്ക്‌ ഇപ്പോള്‍ ലാവലിന്‍ പ്രതിരോധയാത്രയായി അതിനെ പരിണമിപ്പിക്കേണ്ട ഗതികേടാണു വന്നിരിക്കുന്നത്‌.
ഈ ഗതികേടിന്റെ ആക്കം കൂട്ടാനാണ്‌ കഴിഞ്ഞ ദിവസം ലാവലിന്‍ കമ്പനി തങ്ങളുടെ വെബ്സൈറ്റില്‍ വിശദീകരണവുമായി എത്തിയത്‌. അവരുടെ ഭാഷ്യം അനുസരിച്ച്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്‌ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ വാഗ്ദാനം ചെയ്ത പണം കിട്ടാതെപോയത്‌. പീരുമേട്ടില്‍ വച്ച്‌ അതേ ദിവസം പിണറായി വിജയനും കുറ്റപ്പെടുത്തിയത്‌ അന്ന്‌ വൈദ്യുതി മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനെയായിരുന്നു. കടവൂര്‍ അതിന്‌ യുക്തിഭദ്രമായ മറുപടിയായുമായി രംഗത്തെത്തിയെങ്കിലും ആ വിശദീകരണം ഏശേണ്ടതുപോലെ ഏശിയില്ല.അപ്പോള്‍ ഒരു കാര്യം ഉറപ്പായി ആതിരേ, ഈ അഴിമതിയിടപാടില്‍ ഇവരെല്ലാം തുല്യമല്ലെങ്കില്‍ പോലും പങ്കാളികളാണ്‌
എസ്‌എന്‍സി ലാവലിന്‍ കമ്പനിയും പിണറായി വിജയനും ഒരു പക്ഷത്തുനിന്നുകൊണ്ട്‌ ഈ ഇടപാടിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ സമ്മതിക്കുന്നത്‌ ഈ ഇടപാടില്‍ അഴിമതി നടന്നിരുന്നു എന്നാണ്‌. പ്രതികളായ രണ്ടുപേര്‍ തങ്ങളുടെ ഭാഗം ന്യായികരിക്കാന്‍ കുറ്റവാളിയെ കണ്ടെത്തുന്നത്‌ സ്വാഭാവികം മാത്രം. അതാണ്‌ വൈകിയ വേളയില്‍ ലാവലിന്‍ കമ്പനിയും പിണറായി വിജയനും ചേര്‍ന്ന്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. വാഗ്ദാനം ചെയ്ത തുക നേടിയെടുക്കാന്‍ കടവൂര്‍ ശിവദാസന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്നാണ്‌ ഇരുവരുടെയും ആരോപണം. എന്നാല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ അന്തിമകരാറായി രൂപപ്പെടുത്തിയപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ വാഗ്ദാനം ചെയ്ത പണം ലഭിക്കാതിരിക്കാന്‍ പാകത്തില്‍ ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തു എന്ന്‌ ഇന്ന്‌ ഏതു കൊച്ചുകുഞ്ഞിനും ബോദ്ധ്യമുള്ള വസ്തുതയാണ്‌. പണം ലഭിക്കാന്‍ ഇടയില്ലാത്തവിധം കരാര്‍ രൂപീകരിച്ചിട്ട്‌ പിന്നാലെ വന്ന ഭരണക്കാരുടെ ശിരസ്സില്‍ അതിന്റെ ഭാരം കെട്ടിവയ്ക്കുന്നതിനെയാണ്‌ വഞ്ചന എന്നു പറയുന്നത്‌. ആ വഞ്ചനയുടെ തിരിച്ചടിയാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വാദകോലാഹലങ്ങളും ന്യായീകരണങ്ങളും ആരോപണ പ്രത്യോരോപണങ്ങളും പിണറായിയുടേയും ലാവലിന്‍ കമ്പനിയുടേയും വിശദീകരണങ്ങളും.
ഒരു കാര്യം വ്യക്തമാണ്‌ ആതിരേ,. 24.2.1996ല്‍ അന്ന്‌ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍ ഒപ്പുവെച്ച കണ്‍സള്‍ട്ടന്‍സി കരാര്‍ മുതല്‍ 10-2-97ല്‍ പിണറായി വിജയന്‍ അംഗീകരിച്ച അന്തിമകരാര്‍ വരെ ഉള്ള ഇടപാടുകളില്‍ കേരളത്തിലെ നികുതിദായകരെ വഞ്ചിക്കുന്ന നടപടികളും നയങ്ങളും ചട്ടങ്ങളുമാണ്‌ ഉണ്ടായിരുന്നത്‌. എസ്‌എന്‍സി ലാവലിന്‍ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ജി. കാര്‍ത്തികേയന്‌ ഒഴിയാന്‍ കഴിയുകയില്ല എന്ന്‌ സിബിഐ റിപ്പോര്‍ട്ട്‌ ചെയ്തത്‌ അതുകൊണ്ടാണ്‌. എന്നാല്‍ ഈ വഞ്ചന നിറഞ്ഞ കരാറിന്റെ ഗുണഭോക്താവാകാന്‍ ഭരണം മാറിയതുകൊണ്ട്‌ ജി. കാര്‍ത്തികേയനോ യുഡിഎഫിനോ ഭാഗ്യമുണ്ടായില്ല എന്നതാണ്‌ സിബിഐ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്‌.
അതായത്‌ ഇന്ന്‌ ഏകപക്ഷിയമായി പിണറായി വിജയനു നേരെ തൊടുത്തുവിടുന്ന ആരോപണത്തിന്റെ അമ്പുകളില്‍ പകുതിയെങ്കിലും ഏല്‍ക്കാനുള്ള "അര്‍ഹത" ജി. കാര്‍ത്തികേയന്‍ മുതലുള്ള യുഡിഎഫിന്റെ വൈദ്യുതി മന്ത്രിമാര്‍ക്കും ഇ.കെ. ആന്റണി മുതല്‍ രമേശ്‌ ചെന്നിത്തലവരെയുള്ള നേതാക്കന്മാര്‍ക്കും ഉണ്ടെന്നര്‍ത്ഥം..
ഇടുക്കി ഡാമിന്റെ നിര്‍മ്മാണം മുതല്‍ കേരളത്തില്‍ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തിയിട്ടുള്ള കമ്പനിയാണ്‌ എസ്‌എന്‍സി ലാവലിന്‍. ലോകത്തിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഒന്നാമത്തേതുമായ ഇടുക്കി ആര്‍ച്ച്‌ ഡാമിന്റെയും ചെറുതോണി, കുളമാവ്‌ ഡാമുകളുടെയും നിര്‍മ്മാണം മികവോടെ പൂര്‍ത്തിയാക്കിയതാണ്‌ പിന്നീടും വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട ജലവൈദ്യുത പദ്ധതികളുടെ നവീകരണം അടക്കമുള്ള കരാറുകള്‍ എസ്‌എന്‍സി ലാവലിനു നല്‍കാനുള്ള പശ്ചാത്തലം.
എന്നാല്‍, ആതിരേ, ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ ഡാമുകളുടെ നവീകരണ പ്രക്രിയ എസ്‌എന്‍സി ലാവലിനെ ഏല്‍പിക്കുന്നതിനു വളരെ മുമ്പ്‌ തന്നെ ലോകത്തിന്റെ പലഭാഗത്തും നിര്‍മ്മാണങ്ങളില്‍ ക്രമക്കേടു കാട്ടിയും സമ്പത്ത്‌ വെട്ടിച്ചും കരിമ്പട്ടികയില്‍ പെട്ട കമ്പനിയായി എസ്‌എന്‍സി ലാവലിന്‍ പരിണമിച്ചിരുന്നു. ലാവോസില്‍ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയത്‌ പുറത്തായതോടെയാണ്‌ എസ്‌എന്‍സി ലാവലിന്‍ കമ്പനിയുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്‌. അതേത്തുടര്‍ന്ന്‌ ലാവോസ്‌ ഈ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. പിന്നീട്‌ മൂന്നാം ലോകരാഷ്ട്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്‌ വ്യാജരേഖകളും കരാറുകളും രൂപംകൊടുത്ത്‌ അടിച്ചുമാറ്റാന്‍ തുടങ്ങിയതോടെ ഏഷ്യന്‍ ഡവലപ്മെന്റ്‌ ബാങ്കിന്റെ താക്കീത്‌ നേടുകയും ചെയ്ത്‌ ട്രാക്ക്‌ റെക്കോഡാണ്‌ എസ്‌എന്‍സി ലാവലിനുള്ളത്‌.
ഈ സത്യം തമസ്ക്കരിച്ചുകൊണ്ടാണ്‌ ജി. കാര്‍ത്തികേയന്‍ കമ്പനിയുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്നത്‌. സിബിഐ ചൂണ്ടിക്കാണിക്കുന്നതുപോലെ ഭരണം മറിയില്ലായിരുന്നുവെങ്കില്‍ ഇന്ന്‌ ഈ വിഷയത്തിന്റെ കേന്ദ്രസ്ഥാനത്ത്‌ അവരോധിതനാകുക ജി. കാര്‍ത്തികേയനായിരിക്കും. കരിമ്പട്ടികയില്‍ പെടുത്തിയ ഒരു കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതോടെ ആരംഭിക്കുന്നു ക്രമക്കേടുകളും. അതുകൊണ്ട്‌ എസ്‌എന്‍സി ലാവലിന്‍ അഴിമതിയില്‍ നിന്ന്‌ മുഖം രക്ഷിക്കാന്‍ യുഡിഎഫിന്റെ സമുന്നതരായ നേതാക്കന്മാര്‍ക്ക്‌ ആര്‍ക്കും കഴിയുകയില്ല.
കംപട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ്‌ എസ്‌എന്‍സി ലാവലിന്‍ കരാറിലെ അഴിമതികള്‍ പുറത്തുവന്നത്‌. അന്ന്‌ ഇ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഈ അഴിമതിയെ സംബന്ധിച്ച്‌ അന്വേഷിക്കണമെന്ന്‌ ഇരുപത്തിയഞ്ചോളം എം.എല്‍.എ.മാര്‍ ഇ.കെ. ആന്റണിയോട്‌ ആവശ്യപ്പെടുന്നിടത്താണ്‌ ഇതു സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നതും കരാറിലെ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്തുവരുന്നതും. അന്ന്‌ വിജിലന്‍സ്‌ അന്വേഷണത്തിനായിരുന്നു എ.കെ. ആന്റണി ഉത്തരവിട്ടത്‌. എന്നാല്‍ ഒരു വിദേശരാഷ്ട്രവും വിദേശപണമിടപാടും ഉള്‍പ്പെടുന്ന ഈ കരാറിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ വിജിലന്‍സിന്‌ കഴിയുകയില്ലെന്നും അതുകൊണ്ട്‌ സ്വതന്ത്രഏജന്‍സിയായി സിബിഐയ്ക്ക്‌ അന്വേഷണം വിടണമെന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനുനേരെ മുഖം തിരിച്ചു നിന്നവരാണ്‌, ആതിരേ, ഈ യുഡിഎഫ്‌ നേതാക്കളും ഭരണസംവിധാനവും.
2005ലാണ്‌ ഇതു സംബന്ധിച്ച്‌ സ്വകാര്യ ഹര്‍ജി ഹൈക്കോടതിയിലെത്തുന്നത്‌. അന്ന്‌ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല എന്നായിരുന്നു യുഡിഎഫ്‌ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. എന്തിനായിരിക്കണം ഇത്തരം ഒരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയതെന്ന്‌ പ്രത്യേകിച്ച്‌ വിശദീകരിക്കേണ്ടതില്ല. തുടക്കം മുതല്‍ വിജിലന്‍സ്‌ അന്വേഷണത്തില്‍ പ്രശ്നം ഒതുക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമം. വിജിലന്‍സ്‌ അന്വേഷണം ചില ഉദ്യോഗസ്ഥരെ കേന്ദ്രീകരിക്കുകയും അവരെ ബലിയാടാക്കുകയും ചെയ്യുമ്പോള്‍ ഉന്നതന്മാര്‍ക്ക്‌ രക്ഷപെടാമെന്ന്‌ അറിഞ്ഞുകൊണ്ടായിരുന്നു യുഡിഎഫ്‌ ഈ നിലപാട്‌ സ്വീകരിച്ചത്‌.
പിന്നീട്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമെന്ന്‌ ബോദ്ധ്യപ്പെട്ടപ്പോഴാണ്‌ ഈ നിലപാടില്‍ മാറ്റം വരുത്തുകയും സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്തത്‌. തൊമ്മന്‍ അയഞ്ഞപ്പോള്‍ ചാണ്ടി മുറുകി .എസ്‌എന്‍സി ലാവലിന്‍ പ്രശ്നം അന്വേഷിക്കാന്‍ സാദ്ധ്യമല്ലെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങളുടെ മുമ്പാകെ വന്ന ഹര്‍ജിയിലെ വാദം കേട്ട കേരള ഹൈക്കോടതി കേസ്‌ സിബിഐ അന്വേഷിക്കണമെന്നാണ്‌ ഉത്തരവിട്ടത്‌. കോടതിയില്‍ അത്‌ അംഗീകരിച്ച സിബിഐയും യുപിഎ സര്‍ക്കാരും, പക്ഷേ നിലപാട്‌ മാറ്റുകയായിരുന്നു. അന്ന്‌ യുപിഎ സര്‍ക്കാരിന്‌ പിന്തുണയ്ക്കുന്നവരായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. ഭരണത്തിലെ ആ പങ്കാളിത്തംകൊണ്ട്‌ സിബിഐ അന്വേഷണത്തില്‍ നിന്ന്‌ തലയൂരാമെന്നായിരുന്നു, ആതിരേ, പാര്‍ട്ടി കരുതിയത്‌. അതുതന്നെയാണ്‌ സംഭവിച്ചതും. എന്നാല്‍ വീണ്ടും സ്വകാര്യ ഹര്‍ജി ഹൈക്കോടതിയിലെത്തുകയും സിബിഐയുടെയും സര്‍ക്കാരിന്റെയും ഭാഗം വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ്‌, ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പറയുന്ന രാഷ്ട്രീയ ഘടകം പുറത്തുവന്നത്‌. അന്വേഷണം നടത്താനാവില്ലായെന്ന്‌ സിബിഐയും സിബിഐ അന്വേഷണം ആവശ്യമില്ലായെന്ന്‌ സര്‍ക്കാരും അന്നു വദിച്ചു. എന്നാല്‍ ഈ ഇടപാടില്‍ വിജിലന്‍സ്‌ കണ്ടെത്തിയത്‌ ചെറുമീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ പുറത്തുണ്ടെന്നും മനസ്സിലാക്കിയാണ്‌ അന്ന്‌ ചീഫ്‌ ജസ്റ്റീസായിരുന്ന വി.കെ. ബാലിയും ജസ്റ്റീസ്‌ കെ.ജി.കോശിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.
ഇതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ എസ്‌എന്‍സി ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെപ്പോലെ തന്നെ, സത്യം പുറത്തുവരാതിരിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചവരാണ്‌ യുഡിഎഫ്‌ നേതാക്കളും. അതുകൊണ്ട്‌ അവര്‍ക്കാര്‍ക്കും ഈ വിഷയത്തില്‍ മേനി നടിക്കാന്‍ ഒരു അവകാശവുമില്ല.
ഇവിടെ 2007 മാര്‍ച്ചില്‍ കാലിത്തീറ്റ കുംഭകോണക്കേസ്‌ വിചാരണ ചെയ്ത ജസ്റ്റീസുമാരായ എസ്‌.ബി. സിന്‍ഹയും മാര്‍ക്കണ്ഠേയ കട്ജുവും തുറന്നകോടതിയില്‍ പ്രകടിപ്പിച്ച രോഷവും നിസ്സഹായതയുമാണ്‌ ഓര്‍മ്മയിലെത്തുന്നത്‌. അതിങ്ങനെയായിരുന്നു. "എവിടെയും അഴിമതിയാണ്‌. ഒന്നും അഴിമതിയില്‍ നിന്നും മുക്തമല്ല, എല്ലാവര്‍ക്കും രാജ്യത്തെ കൊള്ളയടിക്കണം, അഴിമതിക്ക്‌ തടയിടാന്‍ ഇവരില്‍ കുറച്ചുപേരെയെങ്കിലും വഴിവക്കിലെ വിളക്കുകാലില്‍ തൂക്കിക്കൊല്ലണം.അതു മറ്റുള്ളവര്‍ക്ക്‌ മുന്നറിയിപ്പാകും. പക്ഷേ, നിയമം അതു അനുവദിക്കുന്നില്ല. അല്ലെങ്കില്‍ ഞങ്ങള്‍ ആ മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.?
ജസ്റ്റീസുമാരായ എസ്‌.ബി. സിന്‍ഹയുടെയും മാര്‍ക്കണ്ഠേയ കട്ജുവി ന്റെയും ആ നിസ്സഹായതോടെ നില്‍ക്കാനാണ്‌ ലാവലിന്‍ വിഷയത്തില്‍, ആതിരേ, കേരളത്തിലെ പൊതുസമൂഹത്തിന്റെ വിധി.

No comments: