Wednesday, September 26, 2012

മൃത്യുവിനെയും തോല്‍പ്പിച്ച തിലകന്‍ താര ജാഡകള്‍ക്ക്‌ മുന്നില്‍ തോറ്റമ്പി

ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മലയാളിക്ക്‌ ഒരുപാടൊരുപാട്‌ അസാധാരണ കഥാപാത്രങ്ങളെ സമ്മാനിച്ച ശേഷമാണ്‌ ജീവിതത്തില്‍ തന്റെ വേഷം തിലകന്‍ അഴിച്ചുവച്ചത്‌. മലയാള സിനിമയിലെ താരാധിപത്യത്തെ വെല്ലുവിളിച്ച പ്രതിഭയുടെ ആ ധിക്കാരത്തിന്‌, ശരീരഭാഷയുടെ അപാര സാധ്യതകള്‍ കൊണ്ട്‌ അരങ്ങിനെ കീഴടക്കിയ അഭിനയ പൂര്‍ണിമയ്ക്ക്‌, വിവാദങ്ങളില്‍പ്പോലും പൂത്തുലഞ്ഞ നടനവൈഭവത്തിന്‌ തിരസ്കാരങ്ങള്‍ക്ക്‌ തളര്‍ത്താനാവാത്ത ആ തന്റേടത്തിലകത്തിന്‌ ആദരം നിറഞ്ഞ അന്ത്യാഞ്ജലികള്‍.
മരണാനന്തര മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ്‌ തിലകന്‍ ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്‌. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ്‌ കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ്‌ ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്‌. തിലകന്‌ അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ്‌ വേണ്ടത്‌. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകന്‍." സംവിധായകന്‍ രഞ്ജിത്തിന്റെ ഈ നിരീക്ഷണം ,ആതിരേ,അക്ഷരം പ്രതി ശരിയാകുകയാണ്‌,ചാനലുകളിലെ താരദു:ഖപ്രകടനങ്ങളില്‍ ഹോ, ഇത്രയ്ക്കുണ്ടായിരുന്നല്ലെ,നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ക്കും അമ്മയുടെ നിയന്താക്കള്‍ക്കും ഉളുപ്പില്ലായ്മയും,തൊലിക്കട്ടിയും! ചാനല്‍ ചര്‍ച്ചകളില്‍,നല്ല നെയ്യില്‍ വറുത്തെടുത്ത വിശേഷണ-ബഹുമാന പദങ്ങള്‍ കൊണ്ട്‌ തിലകന്റെ മഹത്വവും നടന വൈഭവവും വിവരിച്ച്‌,തിലകനുമായി തനിക്കുണ്ടായിരുന്ന,( മറ്റാര്‍ക്കും ഇല്ലാതിരുന്ന ) ഹൃദയബന്ധം സൂചിപ്പിച്ച്‌ സൂപ്പര്‍ താരങ്ങള്‍ കപടവിരഹവേദന അഭിനയിക്കുന്നത്‌ കണ്ടപ്പോള്‍"ചത്തനെന്റേതെന്ന്‌ കൂറ്‌ ചേര്‍ക്കാന്‍ ചിലര്‍ ചാത്തിരാങ്കം നടത്തുന്നു" എന്ന നാറാണത്ത്‌ ഭ്രാന്തനിലെ വരികളാണോര്‍മ്മ വന്നത്‌ ഈ സൂപ്പര്‍ താരങ്ങളെ; താരസംഘടനഭാരവാഹികളെയോര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം-ബാസ്റ്റാര്‍ഡ്സ്‌. ആതിരേ,എന്നും ഒരു പോരാളിയായിരുന്നു തിലകന്‍. മരണത്തിനുപോലും തിലകനെ കീഴടക്കാന്‍ ഏറെ മല്ലിടേണ്ടി വന്നു. പക്ഷേ,മരണാനന്തരം സ്തുതിപാടുന്ന താര ജാഡകള്‍ക്കുമുന്നില്‍ ആ അതുല്യസ്വത്വപ്രഭാവന്‍ തോറ്റു തുന്നം പാടി! സ്വതന്ത്രമായ ചിന്തകളും ധിഷണാപരമായ നിലപാടുതറകളും സൂക്ഷിച്ചിരുന്ന തിലകന്‍ സ്വകാര്യ ജീവിതത്തിലും അഭിനയ ജീവിതത്തിലും മറ്റാര്‍ക്കും തുല്യം പറയാനാവാത്ത വ്യക്തിത്വമായിരുന്നു. എന്നും കലാരംഗത്തെ വ്യവസ്ഥാപിത പ്രവണതകളോട്‌ പടവെട്ടിയാണ്‌ നാടകരംഗം മുതല്‍ സിനിമ വരെയുള്ള അഭിനയ വേദികളെ തിലകന്‍ കീഴടക്കിയത്‌. നടനവേദികളിലെ മാമൂലുകളെ എതിര്‍ത്തതുകൊണ്ടും പൊയ്ക്കാലില്‍ നില്‍ക്കുന്ന താരാധിപത്യത്തെ ചോദ്യം ചെയ്തതുകൊണ്ടും എന്നും പലപ്പോഴുംവിവാദപുരുഷനും മുഖ്യധാരയില്‍ നിന്ന്‌ തിരസ്കൃതനുമായിരുന്നു ആ മഹാനടന്‍. എന്നാല്‍, ഈ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമൊക്കെയായിരുന്നു തിലകന്‍ എന്ന വ്യക്തിയുടെയും നടന്റെയും അനുകരിക്കാനാവാത്ത സവിശേഷതയും വ്യക്തി വൈഭവവും. പോരാട്ടങ്ങളിലൂടെ ഉപരോധങ്ങളെ ഭേദിച്ചാണ്‌ ,ആതിരേ, മലയാള സിനിമയില്‍ മറ്റാര്‍ക്കും കൈയ്യടക്കാനാവാത്ത തന്റെ ഇടം തിലകന്‍ അടയാളപ്പെടുത്തിയത്‌. അസാമാന്യമായ ഈ അഭിനയ പ്രതിഭയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പകച്ചു പോയവരാണ്‌ വിവാദങ്ങളിലേക്ക്‌ തിലകനെ വലിച്ചിഴച്ച്‌, സംഘബലത്തില്‍ അദ്ദേഹത്തെ പാര്‍ശ്വവല്‍ക്കരിച്ച്‌ വിജയികളായി ഭാവിച്ചത്‌. എന്നാല്‍, മലയാള സിനിമയെയും നാടക വേദിയേയും ഇഷ്ടപ്പെടുന്ന ഒരാള്‍ പോലും ഒരിക്കല്‍ പോലും തിലകന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയോ തള്ളികളയുകയോ ചെയ്തിരുന്നില്ല . ആ മഹാനടന്‌ മലയാളം നല്‍കിയ ബഹുമാനം എത്ര ഔന്നിത്യം നിറഞ്ഞതാണെന്ന്‌ ഇത്‌ ബോധ്യപ്പെടുത്തുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്കും ഉയര്‍ച്ചയ്ക്കും വേണ്ടി എന്ന പേരില്‍ രൂപംകൊടുത്ത അമ്മ എന്ന പൊയ്ക്കാല്‍ സംഘടന തിലകന്റെ അവസാന നിമിഷം വരെ അദ്ദേഹത്തിലെ നടനെ അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്തി നശിപ്പിക്കാനുമാണ്‌ ശ്രമിച്ചത്‌. കെട്ടുകാഴ്ചകളും ചായത്തേപ്പുകളുമായ ഒരു സംഘം അഭിനേതാക്കളുടെ ഇച്ഛയ്ക്കൊത്ത്‌ തുള്ളാന്‍ തിലകന്‍ തയ്യാറാകാതിരുന്നതാണ്‌ അദ്ദേഹത്തിനെതിരെ ഉപരോധം ചമയ്ക്കാന്‍ ഇവരെയൊക്കെ പ്രേരിപ്പിച്ചത്‌. വെടക്കാക്കി നശിപ്പിക്കാമെന്ന്‌ കരുതിയവരെ വെല്ലുവിളിച്ചുകൊണ്ട്‌ സിനിമ ഉപേക്ഷിച്ച്‌ വീണ്ടും തന്റെ തട്ടകമായ നാടകരംഗത്തേക്ക്‌ മടങ്ങി തന്റെ അഭിനയ പ്രതിഭയ്ക്ക്‌ പുതിയ പ്രദര്‍ശന വേദികള്‍ കണ്ടെത്തി സങ്കുചിത താരബോധങ്ങളെ വെല്ലുവിളിച്ച ആ ചങ്കൂറ്റത്തിന്‌ പകരം വയ്ക്കാന്‍ മറ്റൊരു വ്യക്തിത്വം ഇല്ല എന്നതാണ്‌ മലയാള സിനിമയുടെ ഏറ്റവും വലിയ ദുരന്തം; നഷ്ടം. തിലകന്‍ ജീവിച്ചിരുന്നപ്പോഴാണ്‌ അദ്ദേഹത്തെ ഒറ്റിക്കൊടുക്കാന്‍ തയ്യാറായി അക്ഷൗണികള്‍ തീര്‍ത്തവരുടെ നിരാസത ബോധ്യപ്പെടാന്‍ കഴിഞ്ഞത്‌. വേദിയിലെയും വെള്ളിത്തിരയിലെയും തിലകന്റെ സാന്നിദ്ധ്യത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പല സൂപ്പര്‍ താരങ്ങളുടെയും ചെമ്പു പുറത്താകുന്നതു കണ്ട്‌ കൈയ്യടിച്ചിട്ടുള്ളവരാണ്‌ മലയാള സിനിമ പ്രേക്ഷകര്‍. നല്ലതിനെ നല്ലതെന്ന്‌ ആദരിക്കാനും കെട്ടതിനെ കെട്ടതായി തിരസ്കരിക്കാനും മലയാളിക്കുള്ള ഈ കഴിവാണ്‌ പല സൂപ്പര്‍ താരങ്ങളുടെയും ബ്ലോക്‌ ബസ്റ്റര്‍ ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടാന്‍ കാരണം. അപ്പോഴും അഭിനയത്തിന്റെ അനന്യപൂര്‍ണിമയായ തിലകന്‍ തലയെടുപ്പോടു തന്നെ മലയാള സിനിമ വേദിയില്‍ വിരാജിച്ചിരുന്നു. ഇതില്‍ അസൂയപൂണ്ടവരാണ്‌ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെയും പിണ്ഡം വയ്ക്കലിന്റേയും ഉപജാപം നടത്തിയത്‌. ഇവരാണ്‌ ഇപ്പോള്‍ ചാനലുകളില്‍ കള്ളദുഃഖം അഭിനയിച്ച്‌ പച്ചക്കള്ളം പറയുന്നത്‌. "തിലകന്‍ എന്റെ സ്വകാര്യ അഹങ്കാരമെന്നും" "തിലകന്‍ എന്ന മഹാനടന്‍ മരിച്ചത്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും" "എനിക്ക്‌ ഏതെങ്കിലും ഒരു നടനോട്‌ അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത്‌ തിലകന്‍ മാത്രമാണെന്നും" "തിലകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കരുതുന്നുവെന്നും" "തിലകന്റെ നിര്യാണം കലാലോകത്തിന്‌ വന്‍ നഷ്ടമാണെന്നും" "തിലകന്‍ പകരം വയ്ക്കാന്‍ ആളില്ലാത്ത മലയാളത്തിന്റെ മഹാ നടനാണെന്നും" "താരതമ്യമില്ലാത്ത മഹാ നടനായിരുന്നുവെന്നും" "മലയാളിയുടെ മനസ്സില്‍ തൊട്ട നടനായിരുന്നു"മെന്നുമൊക്കെ ഉളുപ്പില്ലാതെ വിളമ്പുന്നത്‌. ഇത്‌ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ കൈയ്പ്പ്‌ നിറയുകയാണ്‌. മരണാനന്തര മഹത്വം പറയുന്ന ഈ നിസ്സാരന്മാര്‍ക്കിടയില്‍ തിലകനെപ്പോലെ അഭിനയത്തിലും വ്യക്തിത്വത്തിലും അനുപമമായ വൈശിഷ്ട്യം പുലര്‍ത്തിയ ഒരു നടന്‍ എങ്ങനെയാണ്‌ ജീവിച്ചതെന്ന്‌ അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. കുതികാല്‍ വെട്ടിന്റെയും കാക്കപിടുത്തത്തിന്റെയും ചതിക്കുഴി നിര്‍മ്മാണത്തിന്റെയും 916 ഹോള്‍മാര്‍ക്കുള്ള ഇവരൊക്കെയാണ്‌ തിലകനെ ഒതുക്കാന്‍ ശ്രമിച്ചത്‌. പക്ഷേ, പരാജയപ്പെട്ടത്‌ തിലകന്റെ ശത്രുക്കളും മരണവുമാണ്‌. മരണത്തിന്‌ പോലും തോല്‍പ്പിക്കാനാവാത്ത ഔന്നിത്യത്തിലാണ്‌ തിലകന്‍ എന്ന നടന്റെ അഭിനയ പ്രതിഭ. അതുകൊണ്ടു തന്നെ കാലം എത്ര കഴിഞ്ഞാലും മലയാളി തിലകനെ മറക്കുന്ന പ്രശ്നമേയില്ല. ഓര്‍ക്കണം,മരണാസന്നനായി രോഗക്കിടക്കയിലായിട്ടു പോലും തിലകന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിക്കാനുള്ള മാന്യതപോലും അമ്മയ്ക്കും അതിന്‌ അമ്മയെ പ്രേരിപ്പിക്കാനുള്ള ഔചിത്യം സൂപ്പര്‍ താരങ്ങള്‍ക്കും ഇല്ലാതെ പോയി.ഇല്ല ആതിരേ,ഈ ചതിയന്‍ ചന്തുമാരോട്‌ കലാകേരളം ക്ഷമിക്കുകയില്ല ആതിരേ,ഒരു ചട്ടക്കൂടിലും ഒതുങ്ങി നില്‍ക്കാതെ സത്യസന്ധവും നീതിബോധം നിറഞ്ഞതുമായ നിലപാടുകളിലൂടെയാണ്‌ തിലകന്‍ ജീവിച്ചതും നാടകരംഗത്തേക്കും സിനിമ രംഗത്തേക്കും കടന്നു വന്നതും. അതുകൊണ്ടു തന്നെ കാര്‍ക്കശ്യ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കുമില്ലാത്ത അയത്ന ലളിതമായ ശൈലി തിലകന്‌ സ്വന്തമായി ഉണ്ടായിരുന്നു. അനീതികള്‍ക്കെതിരെ ഗര്‍ജിക്കുന്ന കമ്യൂണിസ്റ്റുകാരനായി തുടങ്ങിയ അദ്ദേഹം അവസാനനിമിഷം വരെ ആ സ്ഥൈര്യവും ധൈര്യവും കൈവിട്ടില്ല . മുന്‍പ്‌ മരണത്തോട്‌ മല്ലിട്ട തിലകന്റെ ചരമവാര്‍ത്തയും എഡിറ്റോറിയലുമൊക്കെ തയ്യാറാക്കി വച്ച മാധ്യമ ധര്‍മങ്ങള്‍ക്കെതിരെ രോഗക്കിടക്ക വിട്ട്‌ എണീറ്റു വന്നപ്പോള്‍ ഗര്‍ജ്ജിക്കാന്‍ കഴിഞ്ഞത്‌ ഈ തനത്‌ സ്വഭാവ വിശേഷം കൊണ്ടായിരുന്നു. ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മലയാളിക്ക്‌ ഒരുപാടൊരുപാട്‌ അസാധാരണ കഥാപാത്രങ്ങളെ സമ്മാനിച്ച ശേഷമാണ്‌ ജീവിതത്തില്‍ തന്റെ വേഷം തിലകന്‍ അഴിച്ചുവച്ചത്‌. മലയാള സിനിമയിലെ താരാധിപത്യത്തെ വെല്ലുവിളിച്ച പ്രതിഭയുടെ ആ ധിക്കാരത്തിന്‌, ശരീരഭാഷയുടെ അപാര സാധ്യതകള്‍ കൊണ്ട്‌ അരങ്ങിനെ കീഴടക്കിയ അഭിനയ പൂര്‍ണിമയ്ക്ക്‌, വിവാദങ്ങളില്‍പ്പോലും പൂത്തുലഞ്ഞ നടനവൈഭവത്തിന്‌ തിരസ്കാരങ്ങള്‍ക്ക്‌ തളര്‍ത്താനാവാത്ത ആ തന്റേടത്തിലകത്തിന്‌ ആദരം നിറഞ്ഞ അന്ത്യാഞ്ജലികള്‍. ഇനി ഈ വാര്‍ത്ത വായിക്കുക സൂപ്പര്‍ താരങ്ങള്‍ തിലകന്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയില്ല; തിലകന്‍റെ മരണത്തില്‍ ദുരൂഹതയെന്ന്‌ മകള്‍ ! തിരുവനന്തപുരത്തുണ്ടായിട്ടും പൃഥ്വിരാജും അവഗണിച്ചു ഹിമജ തിരുവനന്തപുരം:മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകള്‍ രംഗത്തെത്തിയത്‌ ആശയക്കുഴപ്പമുണ്ടാക്കി. മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട്‌ മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇടപെടുകയും കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. തിലകന്‌ ഭാര്യ സരോജത്തിലുണ്ടായ മകളാണ്‌ അച്ഛന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ചത്‌. മാത്രമല്ല, തിലകന്റെ മൃതദേഹം ഏതുവീട്ടിലേക്ക്‌ കൊണ്ടുപോകണമെന്നതിനെക്കുറിച്ചും തര്‍ക്കമുണ്ടായി. തിലകന്റെ പി ആര്‍ എസ്‌ കോര്‍ട്ടിലെ ഫ്ലാറ്റിലേക്ക്‌ കൊണ്ടുപോകണോ മകന്‍ ഷോബി തിലകന്റെ വീട്ടിലേക്ക്‌ കൊണ്ടുപോകണോ എന്നതായിരുന്നു തര്‍ക്കവിഷയം. മഹാനടനായ അച്ഛന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന മന്ത്രി ഗണേഷിന്റെ ഉപദേശം ഒടുവില്‍ എല്ലാവരും അംഗീകരിക്കുകയായിരുന്നു. ആദ്യം ഷമ്മിയുടെ വീട്ടിലേക്കും പിന്നീട്‌ പി ആര്‍ എസ്‌ കോര്‍ട്ടിലേക്കും കൊണ്ടുപോയതിന്‌ ശേഷമാണ്‌ തിലകന്റെ ഭൗതിക ശരീരം വി ജെ ടി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചത്‌. അതേസമയം സിനിമാ ലോകത്തെ വിലക്കുകളും വെല്ലുവിളികളും അതിജീവിച്ച്‌ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായി മാറിയ തിലകന്‍ വിടപറഞ്ഞപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ മലയാളത്തിന്റെ കൊലകൊമ്പന്‍മാരായ സൂപ്പര്‍താരങ്ങളാരുമെത്തിയില്ല. ടിവി ചാനലുകളില്‍ പലരും കണ്ണീരൊഴിക്കിയെങ്കിലും നേരിട്ടെത്താന്‍ അവസാനമായി ഒന്നും കാണാന്‍ എന്തുകൊണ്ടായിരുന്നു താരങ്ങള്‍ എത്താതിരുന്നത്‌. തിലകന്റെ മരണത്തോടെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം അന്ത്യേപചാരമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ രൂക്ഷമാകുമോ എന്ന ആശങ്കയാണ്‌ പലരും എത്താതിരുന്നതിന്‌ കാരണമായി പറയുന്നത്‌. തിലകന്റെ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വച്ചിട്ടും മലയാള സിനിമയിലെ പല പ്രമുഖരും ആ വഴി തിരിഞ്ഞു പോലും നോക്കാതിരുന്നത്‌ തലസ്ഥാനത്തും ചര്‍ച്ചയായി. മോഹന്‍ലാല്‍,മമ്മൂട്ടി, ദിലീപ്‌, ജയറാം, സുരേഷ്‌ ഗോപി, പൃഥ്വിരാജ്‌ തുടങ്ങിയവരാരും തിലകനെ കാണാന്‍ വന്നില്ല. അന്തിമോപചാരമര്‍പ്പിക്കാന്‍ സിനിമാക്കാരേക്കാള്‍ കൂടുതലായി എത്തിയത്‌ രാഷ്ട്രീയക്കാരാണെന്നതും ശ്രദ്ധിക്കപ്പെട്ടു. തിലകന്‍ ആശുപത്രിയിലുന്നപ്പോള്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാനുമൊത്ത്‌ കണ്ടിരുന്നു.. 'സെല്ലുലോയ്ഡി'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും പൃഥ്വിരാജ്‌ ആശുപത്രിയില്‍ പോയിരുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തിലകന്റെ പിന്തുണയും വാത്സല്യവും കിട്ടിയ നടനാണ്‌ പൃഥ്വിരാജ്‌. മരണത്തിലും സൂപ്പര്‍ താരങ്ങള്‍ തിലകനെ ഭയപ്പെട്ടിരുന്നു എന്നുവേണം കരുതാന്‍. എന്ത്‌ കൊണ്ട്‌ സൂപ്പര്‍താരങ്ങള്‍ എത്തിയില്ല എന്ന ചോദ്യത്തിന്‌ ഇതൊന്നും മറുപടിയാകില്ല. ആയിരങ്ങളുടെ സ്നേഹവായ്പ്പോടെ മലയാളത്തിന്റെ മഹാനടന്‍ യാത്രയായിട്ടും മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഈ അവഗണന മലയാളികള്‍ക്ക്‌ മറക്കാന്‍ കഴിയുമോ? അഭിനേതാക്കളായ മധു, മണിയന്‍പിള്ള രാജു, പ്രതാപ്‌ പോത്തന്‍, നന്ദു, കൊല്ലം തുളസി, ജി.കെ.പിള്ള, മനോജ്‌ കെ.ജയന്‍, അശോകന്‍, ബാലചന്ദ്രമേനോന്‍, , ധന്യ മേരി വര്‍ഗീസ്‌, നെടുമുടി വേണു, സിതാര, പൂജപ്പുര രവി, പൂജപ്പുര രാധാകൃഷ്ണന്‍, മേനക, രജിത്‌ മേനോന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, മേക്കപ്മാന്‍ പട്ടണം റഷീദ്‌ തുടങ്ങിയവര്‍ മാത്രമാണ്‌ തിലകന്‌ അന്ത്യോദകം അര്‍പ്പിക്കാനെത്തിയത്‌

Tuesday, September 18, 2012

നെല്‍വയലുകള്‍ മതിയോ, നെല്‍കൃഷി വേണ്ടേ...?

ഒരു നെല്‍ കര്‍ഷകന്റെ ഭാഗത്തുനിന്ന്‌ ചിന്തിക്കുമ്പോള്‍ വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചാല്‍ മാത്രം മതിയോ നെല്‍കൃഷി സംരക്ഷിക്കേണ്ടതില്ലേ എന്ന ചോദ്യമാണ്‌ പ്രസക്തം. ഇന്ന്‌ മലയാളിക്ക്‌ ഒരു ഉരുള ചോറുണ്ണണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരേണ്ട ഗതികേടാണ്‌. അവിടങ്ങളില്‍ നെല്‍കൃഷി ലാഭകരമായി നടത്താമെങ്കില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ അതിന്‌ ഉപയുക്തമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്‌ അടുത്ത ചോദ്യം. നെല്‍കര്‍ഷകനെ സംരക്ഷിച്ച്‌ നെല്‍കൃഷി വ്യാപകമാക്കിയാല്‍ അത്‌ വികസനമാകില്ല എന്നുണ്ടോ? ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്കും പുതിയ ഉല്‍പ്പന്നമായ ഹരിതരാഷ്ട്രീയക്കാര്‍ക്കും വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഐഎഎസ്‌ ഏമാന്മാര്‍ക്കും സ്വീകാര്യമായ മറുപടിയില്ല. ആ സാഹചര്യത്തില്‍ നെല്‍വയലുകള്‍ വില്‍ക്കാന്‍ തയ്യാറാകുന്ന കര്‍ഷകരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും ? പരിസ്ഥിതി സംരക്ഷണത്തിന്റെ സുവിശേഷങ്ങള്‍ ഘോഷിച്ചാല്‍ പോര നെല്‍കൃഷി വ്യാപകമാക്കാനും നെല്‍കര്‍ഷകരെ സംരക്ഷിക്കാനും രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ ഇച്ഛാശക്തി പ്രദര്‍ശിപ്പിക്കണം,പദ്ധതികള്‍ നടപ്പിലാക്കണം.അപ്പോള്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും കര്‍ഷകര്‍ തന്നെ സംരക്ഷിച്ചു കൊള്ളും. പക്ഷേ ആ വിവേകമാണ്‌ നമുക്കില്ലാത്തത്‌;നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ അന്യമായത്‌...
ആതിരേ,കേന്ദ്ര പ്ലാനിങ്ങ്‌ കമ്മീഷന്‍ ഉപാധ്യക്ഷനും മൂലധന ചൂഷകരുടെ ദല്ലാളുമായ മൊണ്ടേക്ക്‌ സിങ്ങ്‌ അഹ്ലുവാലിയയുടെ വാക്കുകളില്‍ തുടങ്ങാം: "കേരളത്തില്‍ പരമ്പരാഗത നെല്‍വയലുകള്‍ ആവശ്യമില്ല." എമേര്‍ജിങ്ങ്‌ കേരള എന്ന ഭൂലോക ഉഡായിപ്പ്‌ സംരംഭകപദ്ധതിക്ക്‌ വേണ്ടി വാദിച്ചപ്പോഴാണ്‌ അഹ്ലുവാലിയയുടെ ഉള്ളിലിരിപ്പ്‌ പുറത്തു വന്നത്‌. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തി ,വിനാശകരമായ വികസനം കൊണ്ടുവരാനുള്ള കുതന്ത്രമാണ്‌ എമേര്‍ജിങ്‌ കേരള എന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ വേണ്ടിയായിരുന്നു അഹ്ലുവാലിയ ഇത്തരം ഒരു നിരീക്ഷണം നടത്തിയത്‌. നെല്‍വയലുകള്‍ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നത്‌ അഹ്ലുവാലിയയുടെയും എമേര്‍ജിങ്‌ കേരള ചാമ്പ്യന്‍മാരുടെയും അവകാശവാദത്തിന്‌ പരപ്പേറിയ സ്വീകാര്യത നല്‍കുന്നുണ്ടെന്നത്‌ വാസ്തവമാണ്‌.നെല്‍വയലുകളും നീര്‍ത്തടങ്ങളും നദീതീരങ്ങളും ദ്വീപുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കേണ്ടത്‌ ഇന്നിന്റെ പാരിസ്ഥിതിക ആവശ്യം മാത്രമല്ല, വരുംതലമുറയുടെ നിലനില്‍പ്പിന്റെ അനിവാര്യതയാണ്‌. അതുകൊണ്ട്‌ എന്തിന്റെ പേരിലായാലും ഇവ കൈയ്യേറി നശിപ്പിക്കുന്നത്‌ അനുവദിക്കാന്‍ കഴിയുകയില്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാനവ സ്നേഹികളുടെയും ഈ വികാരം പങ്കുവച്ചുകൊണ്ട്‌ കര്‍ഷകന്റെ ഭൂമികയില്‍ നിന്നുവേണം, ആതിരേ, ഇനി പറയുന്ന കാര്യങ്ങള്‍ വിലയിരുത്തേണ്ടത്‌. കര്‍ഷക സംസ്ഥാനമാണ്‌ കേരളം. കൃഷി എന്നാല്‍ നെല്‍കൃഷി എന്നൊരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിരുന്നു. നെല്‍കൃഷി നഷ്ടത്തിലായതോടെയാണ്‌ മറ്റ്‌ നാണ്യവിളകളിലേക്ക്‌ കര്‍ഷകന്റെ ശ്രദ്ധ തിരിഞ്ഞത്‌. കുട്ടനാടും പാലക്കാടും ആണ്‌ കേരളത്തിന്റെ നെല്ലറകളെന്ന്‌ വിശേഷിപ്പിക്കുന്നതെങ്കിലും ഇടുക്കിയും വയനാടും അടക്കമുള്ള ഹൈറേഞ്ച്‌ മേഖലകളില്‍ പോലും നെല്‍കൃഷി വ്യാപകവും ലാഭകരവുമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാലക്കാടും കുട്ടനാടും ഇരുപ്പൂ കൃഷിയായിരുന്നു. ഒരുവര്‍ഷം രണ്ടുതവണ കൃഷി. മറ്റിടങ്ങളില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യവും. നെല്‍കൃഷിയുടെ ഭാഗമായി വയല്‍ ഒരുക്കുന്നതും വിതയ്ക്കുന്നതും കളപറിക്കുന്നതും വളം ഇടുന്നതും കേരളീയന്റെ ജീവിതചര്യയുടെ അനുപേക്ഷണീയമായ ഘടകവും ആഘോഷവുമായിരുന്ന കാലമുണ്ടായിരുന്നു. അന്ന്‌ ധനാഢ്യരുടെ മാത്രമല്ല സാധാരണക്കാരുടെ വീടുകളിലും പത്തായം ഉണ്ടായിരുന്നു. കൊയ്ത നെല്ല്‌ പത്തായത്തില്‍ സൂക്ഷിച്ച്‌ പിന്നീട്‌ പുഴുങ്ങി കുത്തി അരിയാക്കി ഉപയോഗിച്ചിരുന്ന നാളുകള്‍ ഇന്ന്‌ ഓര്‍മ്മയിലാണെങ്കിലും അതായിരുന്നു നെല്‍കൃഷിയുടെ സവിശേഷത. വര്‍ഷകാലത്ത്‌ ഒരു കോപ്പ കഞ്ഞിവെള്ളം കുടിക്കാനുള്ള വക ഇത്തരത്തില്‍ സ്വരൂപിച്ച്‌ വയ്ക്കുകയും ചെയ്തിരുന്നു. ആതിരേ,വന്‍കിട കര്‍ഷകരെക്കാള്‍ അരയേക്കറും ഒരേക്കറും രണ്ടേക്കറും വയല്‍ സ്വന്തമായി ഉണ്ടായിരുന്നവരായിരുന്നു ഭൂരിപക്ഷം നെല്‍കര്‍ഷകരും. നെല്‍കൃഷി സജീവമായിരുന്ന കാലത്തും സാധാരണ കര്‍ഷകന്‌ കടവും ദുരിതവും മാത്രമായിരുന്നു. പത്തായത്തില്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നത്‌. കൃഷി നാശവും വിളവു കുറവും അന്നും നെല്‍കര്‍ഷകനെ വിയര്‍പ്പിച്ച വിഷമിപ്പിച്ച പ്രകൃതി ദുരന്തങ്ങളായിരുന്നു. എന്നാല്‍, അതിനെയെല്ലാം തരണം ചെയ്ത്‌ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു കാര്‍ഷീകസാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത്‌ പ്രകൃതിയുടെ വികൃതികള്‍ക്കൊപ്പം തൊഴില്‍ പ്രശ്നവും രാസവള വിലവര്‍ദ്ധനയും നെല്‍കൃഷി ചെയ്യാന്‍ ആളെ കിട്ടാത്ത അവസ്ഥയും വെട്ടുക്കിളികളെ പോലെ ഒന്നിച്ചെത്തിയപ്പോള്‍ നെല്‍കൃഷി വന്‍ നഷ്ടമാകുകയും ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും നെല്‍വയലുകള്‍ തരിശിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ലഭിച്ച തൊഴില്‍പരമായ പുതുസാധ്യതകള്‍ മുതലെടുത്ത്‌ കേരളത്തിലെ യുവാക്കള്‍ പ്രവാസികളാകുകയും അവരില്‍ നിന്നുള്ള സാമ്പത്തിക സഹായം നെല്‍കൃഷി ഉള്‍പ്പെടെയുള്ള കൃഷിയിലേര്‍പ്പെടാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ്‌ കേരളത്തില്‍ നെല്‍വയലുകള്‍ വ്യാപകമായ തോതില്‍ തരിശിടാന്‍ തുടങ്ങിയത്‌. നെല്‍കൃഷി സജീവമായിരുന്ന കാലത്ത്‌ ഒരു സെന്റ്‌ വയലിന്‌ 100-150 രൂപയായിരുന്നു വില എന്നാല്‍,ആതിരേ, പ്രവാസി മലയാളികളുടെ പണത്തിന്റെ വരവ്‌ വര്‍ദ്ധിക്കുകയും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തഴച്ചു വളരുകയും ചെയ്തപ്പോള്‍ സെന്റിന്‌ 10,000ത്തിലധികം രൂപ ലഭിക്കുന്ന അവസ്ഥ സംജാതമായി. അപ്പോഴാണ്‌ നെല്‍വയലുകള്‍ വിറ്റ്‌ ആ പണം കൂടി സ്വര്‍ണ്ണമായും ബാങ്ക്‌ അക്കൗണ്ടുകളായും സൂക്ഷിക്കാനുള്ള പ്രവണത മലയാളിയില്‍ ശക്തമായത്‌. ഈ താല്‍പ്പര്യം മുതലെടുത്തുകൊണ്ടാണ്‌ ഭൂമാഫിയയും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുമൊക്കെ വന്‍തോതില്‍ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടി നികത്തി ബഹുനില കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. നെല്‍വയലുകളും നീര്‍ത്തടങ്ങളും അനുബന്ധ ചെറുതോടുകളും നികത്തിയതോടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായി. ഇന്ന്‌ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ അസഹ്യമായ കൊതുക്‌ ഭീഷണിയുടെ അടിസ്ഥാന ഘടകം നെല്‍വയല്‍ നികത്തലും നീര്‍ത്തട നികത്തലുമാണ്‌. മുഞ്ഞ ഉള്‍പ്പെടെ നെല്ലിനെ ബാധിക്കുന്ന കീടങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ഈ പുതിയ നിര്‍മ്മാണ സംസ്കാരം വളം വയ്ച്ചു. പാരിസ്ഥിതിക പ്രശ്നം രൂക്ഷമായ കുടിവെള്ള ദൗര്‍ലഭ്യത്തില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. ഇത്തരത്തിലുള്ള ബഹുമുഖ പാരിസ്ഥിതിക ആഘാതങ്ങളും പ്രശ്നങ്ങളും ഇനി രൂക്ഷമാകരുത്‌ എന്ന വീണ്ടുവിചാരത്തില്‍ നിന്നാണ്‌ നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും ചെറുതോടുകളെയും താമരക്കുളങ്ങളെയും ഇല്ലിക്കാടുകളെയും കുഞ്ഞാറ്റക്കുരുവികളെയും ചിത്രശലഭങ്ങളെയും സംരക്ഷിക്കണമെന്ന പാരിസ്ഥിതിക ബോധം സാധാരണക്കാരില്‍ പോലും വ്യാപകമായത്‌; നെല്‍വയല്‍ നികത്തലിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും ശക്തമായത്‌. നെല്‍വയല്‍ നികത്തലിനെതിരെ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന നിയമസഭയെ നിര്‍ബന്ധിച്ചതും രൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തന്നെ. ഖേദകരമെന്ന്‌ പറയട്ടെ ആ നിയമം ലംഘിച്ചുകൊണ്ട്‌ ഭരണകൂടത്തിന്റെയും നിയമസംരക്ഷണ സംവിധാനങ്ങളുടെയും പരോക്ഷ പിന്തുണയോടെയാണ്‌ ഇന്ന്‌ ഭൂമാഫിയ നെല്‍വയല്‍ നികത്തല്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിന്‌ ഔദ്യോഗികമായ ഭാഷ്യം നല്‍കുന്നതാണ്‌ എമേര്‍ജിങ്‌ കേരള എന്ന ഉഡായിപ്പ്‌. ഇതെല്ലാം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അനിവാര്യ ഘടകങ്ങള്‍ തന്നെയാണ്‌ ആതിരേ. എന്നാല്‍, ഒരു നെല്‍ കര്‍ഷകന്റെ ഭാഗത്തുനിന്ന്‌ ചിന്തിക്കുമ്പോള്‍ വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചാല്‍ മാത്രം മതിയോ നെല്‍കൃഷി സംരക്ഷിക്കേണ്ടതില്ലേ എന്ന ചോദ്യമാണ്‌ പ്രസക്തം. ഇന്ന്‌ മലയാളിക്ക്‌ ഒരു ഉരുള ചോറുണ്ണണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരേണ്ട ഗതികേടാണ്‌. അവിടങ്ങളില്‍ നെല്‍കൃഷി ലാഭകരമായി നടത്താമെങ്കില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ അതിന്‌ ഉപയുക്തമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്‌ അടുത്ത ചോദ്യം. നെല്‍കര്‍ഷകനെ സംരക്ഷിച്ച്‌ നെല്‍കൃഷി വ്യാപകമാക്കിയാല്‍ അത്‌ വികസനമാകില്ല എന്നുണ്ടോ? ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്കും പുതിയ ഉല്‍പ്പന്നമായ ഹരിതരാഷ്ട്രീയക്കാര്‍ക്കും വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഐഎഎസ്‌ ഏമാന്മാര്‍ക്കും സ്വീകാര്യമായ മറുപടിയില്ല. ആ സാഹചര്യത്തില്‍ നെല്‍വയലുകള്‍ വില്‍ക്കാന്‍ തയ്യാറാകുന്ന കര്‍ഷകരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും ? പരിസ്ഥിതി സംരക്ഷണത്തിന്റെ സുവിശേഷങ്ങള്‍ ഘോഷിച്ചാല്‍ പോര നെല്‍കൃഷി വ്യാപകമാക്കാനും നെല്‍കര്‍ഷകരെ സംരക്ഷിക്കാനും രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ ഇച്ഛാശക്തി പ്രദര്‍ശിപ്പിക്കണം,പദ്ധതികള്‍ നടപ്പിലാക്കണം.അപ്പോള്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും കര്‍ഷകര്‍ തന്നെ സംരക്ഷിച്ചു കൊള്ളും. പക്ഷേ ആ വിവേകമാണ്‌ നമുക്കില്ലാത്തത്‌;നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ അന്യമായത്‌...

Friday, September 14, 2012

കൂടംകുളം:ഉത്തിഷ്ഠത,ജാഗ്രത;പ്രാപ്യവരാന്നിബോധത

ഇന്ധന പ്രതിസന്ധിയുടെ പേരില്‍ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കണമെന്ന്‌ ഈ സര്‍ക്കാരുകള്‍ക്ക്‌ എന്താണിത്ര നിര്‍ബന്ധം?! അവരെ തെരഞ്ഞെടുക്കുകയും നേതാക്കളായി വാഴിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്നതും ഭാവി തലമുറകളെപ്പോലും നിത്യദുരിതത്തിലേക്ക്‌ തള്ളിയിടുന്നതുമായ ഇത്തരം ഭീകരപദ്ധതികള്‍ എന്തുകൊണ്ടാണ്‌ നിസ്വജനതയുടെ ആവാസമേഖലയില്‍ തന്നെ ഇവരൊക്കെ നിര്‍മ്മിക്കുന്നത്‌? എന്തുകൊണ്ട്‌ പാര്‍ലമെന്റിന്‌ സമീപം അല്ലെങ്കില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്ക്‌ സമീപം, സംസ്ഥാനത്തെ നിയമസഭാ മന്ദിരങ്ങള്‍ക്ക്‌ സമീപം ഇത്തരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാത്തത്‌ ?. അവിടങ്ങളില്‍ നിര്‍മ്മിച്ചാലും ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമല്ലോ. എന്നിട്ടും അതിന്‌ തയ്യാറാകാതിരിക്കുന്നതിനു പിന്നില്‍ ചില സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ട്‌. ആ സുരക്ഷയും മാനദണ്ഡങ്ങളും എന്തുകൊണ്ട്‌ സാധാരണ പൗരന്റെ കാര്യത്തില്‍ നിഷ്കര്‍ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ പാശ്ചാത്യ മൂലധന ശക്തികളുടെ വാലാട്ടികളായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെ ഏറ്റവും നികൃഷ്ടവും പ്രതിഷേധാര്‍ഹവുമായ മുഖം നാം കണ്ടെത്തുക.
എംഗല്‍സില്‍നിന്ന്‌ തുടങ്ങണം: "മുതലാളിത്തത്തിന്റെ ഒരു സവിശേഷത അത്‌ നിലനില്‍ക്കുന്നത്‌ പെരുങ്കള്ളങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച തൂണുകളിന്മേലാണ്‌ എന്നതാണ്‌. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പടപ്പാട്ടു പാടി ജനിച്ചു വീണ ഈ വ്യവസ്ഥിതി മുതലാളിമാരുടെ സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ്‌ വാസ്തവത്തില്‍ പാടിയിരുന്നതെന്ന്‌ അനുഭവങ്ങള്‍ തെളിയിക്കുന്നു" (സോഷ്യലിസം: ശാസ്ത്രീയവും സാങ്കല്‍പികവും-ഫെഡറിക്‌ എംഗല്‍സ്‌). ആതിരേ,കൂടംകുളത്തുനിന്നുയരുന്ന നിലവിളികളും അതിജീവനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭവും പോലീസിന്റെ കിരാത ശക്തികൊണ്ട്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ജയലളിത സര്‍ക്കാരും അതിന്‌ പിന്തുണ നല്‍കുന്ന മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരും ആണവ മാലിന്യങ്ങള്‍ മൂന്നാംലോക ജനതയുടെ പിടലിക്ക്‌ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുടെ പാദസേവകരാണെന്ന്‌ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. പൗരന്റെ ജീവനും സ്വത്തിനും മാന്യതയ്ക്കും ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന അവന്‌ സുരക്ഷിതത്വത്തോടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നുണ്ട്‌. ഈ അവകാശത്തിന്റെ ലംഘനമാണ്‌ കൂടംകുളത്ത്‌ നടക്കുന്നത്‌. അതിനെതിരെ വിദ്യാവിഹീനരും നിസ്വരുമായ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനും തമിഴ്‌നാട്ടിലേയും കേരളത്തിലെയും ജനങ്ങളെ ഗ്രസിക്കാനിരിക്കുന്ന ആണവ ദുരന്തത്തിനെതിരെ പോരാടാനും മലയാളികള്‍ക്ക്‌ ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്‌. എന്നാല്‍, ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒഴിച്ച്‌ മറ്റാരും ഈ വിഷയത്തില്‍ ഉത്കണ്ഠാകുലരല്ല എന്നാണ്‌ ഇതുവരെയുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്‌. തെരുവില്‍ പട്ടി ചത്തുവീണാല്‍ പ്രതികരിച്ചുകൊണ്ടിരുന്ന സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളെ കൂടംകുളം ഉയര്‍ത്തുന്ന അതിഭീകരമായ ഭീഷണിയുടെ വിഷയത്തില്‍ മഷിയിട്ട്‌ നോക്കിയാല്‍ പോലും കാണാനില്ല എന്നത്‌ മലയാളിയുടെ കാപട്യത്തിന്റെയും നിലനില്‍പ്പിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും കാക്കപിടുത്തം നടത്തുന്ന ദുഷ്ടതയുടെയും കത്തുന്ന തെളിവുകളാണ്‌. ആതിരേ,വികസനമെന്ന പേരില്‍ ഏത്‌ കൊടും വിഷവും മാരണവും സാധാരണ ജനങ്ങളുടെ ജീവിതത്തിനുമേല്‍ കെട്ടിവയ്ക്കാമെന്ന അഹന്തയോടെയാണ്‌ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിരോധിച്ചും അവകാശങ്ങള്‍ കവര്‍ന്നെടുത്തും പൗരനെ വഞ്ചിക്കുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും ബീഭത്സമായ മുഖമാണ്‌ കൂടംകുളത്ത്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആണവ റിയാക്ടര്‍ പ്ലാന്റ്‌. ആതിരേ,ഇന്ധന പ്രതിസന്ധിയുടെ പേരില്‍ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കണമെന്ന്‌ ഈ സര്‍ക്കാരുകള്‍ക്ക്‌ എന്താണിത്ര നിര്‍ബന്ധം?! അവരെ തെരഞ്ഞെടുക്കുകയും നേതാക്കളായി വാഴിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്നതും ഭാവി തലമുറകളെപ്പോലും നിത്യദുരിതത്തിലേക്ക്‌ തള്ളിയിടുന്നതുമായ ഇത്തരം ഭീകരപദ്ധതികള്‍ എന്തുകൊണ്ടാണ്‌ നിസ്വജനതയുടെ ആവാസമേഖലയില്‍ തന്നെ ഇവരൊക്കെ നിര്‍മ്മിക്കുന്നത്‌? എന്തുകൊണ്ട്‌ പാര്‍ലമെന്റിന്‌ സമീപം അല്ലെങ്കില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്ക്‌ സമീപം, സംസ്ഥാനത്തെ നിയമസഭാ മന്ദിരങ്ങള്‍ക്ക്‌ സമീപം ഇത്തരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാത്തത്‌ ?. അവിടങ്ങളില്‍ നിര്‍മ്മിച്ചാലും ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമല്ലോ. എന്നിട്ടും അതിന്‌ തയ്യാറാകാതിരിക്കുന്നതിനു പിന്നില്‍ ചില സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ട്‌. ആ സുരക്ഷയും മാനദണ്ഡങ്ങളും എന്തുകൊണ്ട്‌ സാധാരണ പൗരന്റെ കാര്യത്തില്‍ നിഷ്കര്‍ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ പാശ്ചാത്യ മൂലധന ശക്തികളുടെ വാലാട്ടികളായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെ ഏറ്റവും നികൃഷ്ടവും പ്രതിഷേധാര്‍ഹവുമായ മുഖം നാം കണ്ടെത്തുക. ആണവ നിലയങ്ങള്‍ ഓരോ ദേശവും വഹിക്കുന്ന ആറ്റംബോംബുകളായിരിക്കുമെന്ന്‌ പ്രശസ്ത ശാസ്ത്രജ്ഞനായ ഡി.ഡി.കൊസാംബി പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുകയായിരുന്നു,ആതിരേ, റഷ്യയിലെ ചെര്‍ണോബിലിലും ജപ്പാനിലെ ഫുക്കുഷിമയിലും. ലക്ഷക്കണക്കിന്‌ മനുഷ്യജീവിതങ്ങളെ ഈ ആണവ നിലയങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കി ഭൂമുഖത്തുനിന്ന്‌ തുടച്ചു നീക്കി. എന്നിട്ടും പാഠം പഠിക്കാന്‍ ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകുന്നില്ല. ഫുക്കുഷിമ അടക്കമുള്ള ദുരന്തങ്ങളും അപായങ്ങളും ദുരിതങ്ങളും കണ്ട്‌ ഭയന്നു വിറച്ച്‌ ജര്‍മ്മനി അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവ നിലയങ്ങള്‍ ഡിസ്മാന്റില്‍ ചെയ്യാന്‍ തിടുക്കം കൂട്ടുമ്പോഴാണ്‌ പൗരനെ വെടിവച്ചുകൊന്ന്‌, പൗരപ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തി ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ മന്‍മോഹന്‍ സിംഗും മാഡവും എ.കെ.ആന്റണിയും പ്രണാബ്കുമാര്‍ മുഖര്‍ജിയും ജയലളിതയുമൊക്കെ മത്സരിക്കുന്നത്‌. പാശ്ചാത്യ രാജ്യങ്ങളുടെ ആണവ മാലിന്യങ്ങള്‍ ഇവിടത്തെ സാധാരണക്കാരും ദരിദ്രരുമായ പൗരസമൂഹത്തിന്റെ തലയില്‍ കെട്ടിവച്ചെങ്കില്‍ മാത്രമേ വികസനം വരികയുള്ളൂ എന്ന്‌ പുലമ്പുന്നവര്‍ യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വ ശക്തികളോട്‌ സമരസപ്പെട്ട്‌ പൗരന്മാരെ വഞ്ചിച്ച്‌ കൊല്ലുന്ന ആരാച്ചര്‍മാര്‍ തന്നെയാണ്‌. ആതിരേ,കൂടംകുളത്തെ ആണവ ഭീഷണിക്കെതിരെ അവിടത്തെ മത്സ്യത്തൊഴിലാളികളായ സാധാരണക്കാര്‍ നടത്തുന്ന പ്രക്ഷോഭം കേരളീയരായ നമ്മെ രക്ഷിക്കാന്‍ കൂടിയാണെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌. കൂടംകുളത്തു നിന്ന്‌ ജയലളിത വസിക്കുന്ന ചെന്നൈ നഗരത്തിലേക്ക്‌ ആണവ വിഗീരണങ്ങള്‍ എത്തുന്നതിന്‌ മുന്‍പ്‌ കേരളത്തിലാകെ ആണവ വിഗീരണത്തിന്റെ കൂട്ടക്കൊല നടന്നിരിക്കുമെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടാണ്‌ വിദ്യാസമ്പന്നരായ മലയാളികള്‍ മനസ്സിലാക്കാതെ പോകുന്നത്‌. പ്രബുദ്ധതയുടെ കാര്യത്തില്‍ ഇന്ത്യക്ക്‌ മാതൃകയായ കേരളം കൂടംകുളത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ പരിസ്ഥിതി ബോധത്തിനു മുന്‍പില്‍ സഹജീവി സ്നേഹത്തിന്‌ മുന്‍പില്‍ സംഘബോധത്തിനു മുന്‍പില്‍ ഭാവി തലമുറയെ സംരക്ഷിക്കാനുള്ള സത്യസന്ധമായ ആകാംക്ഷയ്ക്കു മുന്‍പില്‍ ലജ്ജിച്ചേ മതിയാകൂ. ഇന്ത്യയെ വികസനത്തിന്റെ 'അഗ്നിച്ചിറകി'ലേറ്റി പറപ്പിക്കാന്‍ പുസ്തകമെഴുതിയ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ആണ്‌ കൂടംകുളം ആണവ നിലയത്തിന്‌ സുരക്ഷാ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതെന്ന്‌ അറിയുമ്പോള്‍ നാം തിരിച്ചറിയേണ്ടത്‌ സാമ്രാജ്യത്വ ശക്തികളുടെ നീരാളി കൈകള്‍ ഏതെല്ലാം വിധത്തില്‍ ആരിലെല്ലാം കൂടിയാണ്‌ സാധാരണക്കാരായ നമ്മുടെയൊക്കെ സുരക്ഷിതത്വം നിറഞ്ഞ ജീവിതം എന്ന ആഗ്രഹത്തെ പിടിച്ചു മുറുക്കുന്നതെന്ന്‌! ഈ കൊടുംപാതകത്തിന്‌ കൂട്ടുനില്‍ക്കുന്ന തമിഴ്‌നാട്ട്‌ കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രതിരോധ സമരത്തില്‍ ഒപ്പം നില്‍ക്കാനും ആ പോരാട്ടത്തിന്‌ ശക്തിപകരാനും നിര്‍ബന്ധിതരാണ്‌ നാം ഓരോരുത്തരും. ഓര്‍ക്കുക നമ്മുടെ ദാരുണമരണം ഒഴിവാക്കാനാണ്‌ കൂടംകുളത്തെ മത്സ്യത്തൊഴിലാളികള്‍ പോലീസന്റെ വെടിയേറ്റ്‌ മരിക്കുന്നത്‌; ലാത്തിയടിയേറ്റ്‌ ജീവച്ഛവങ്ങളായി മാറുന്നത്‌. ഉത്തിഷ്ഠത,ജാഗ്രത;പ്രാപ്യവരാന്നിബോധത-ഉണരുക,എഴുന്നേല്‍ക്കുക,ലക്ഷ്യത്തിലെത്തും വരെ വിശ്രമിക്കാതിരിക്കുക എന്ന കഠോപനിഷത്തിലെ ആഹ്വാനം കൂടംകുളത്തേയും ദീര്‍ഘദര്‍ശനം ചെയ്തു കൊണ്ടായിരുന്നെന്ന്‌ ആതിരേ,നീയെങ്കിലും മനസ്സിലാക്കുക

Tuesday, September 11, 2012

അസിം ത്രിവേദിയുടെ അറസ്റ്റ്‌:പ്രതിഷേധിക്കുക,പ്രതികരിക്കുക

തന്റെ സമപ്രായക്കാരെല്ലാം അധികാരത്തിനും സമ്പത്തിനും സുഖഭോഗങ്ങള്‍ക്കും വെമ്പി ഉഴറുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല വികൃതമുഖത്തിന്‌ നേരെ ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവും സമകാലീന സംഭവങ്ങളെ വിശകലനം ചെയ്യാനുള്ള വിവേകവും തിരിച്ചു പിടിച്ചപ്പോള്‍ ആ ദര്‍പ്പണത്തില്‍ അസിം ത്രിവേദി കണ്ട കാഴ്ചകള്‍ പ്രതിഷേധാര്‍ഹവും ക്ഷോഭജനകവുമായിരുന്നു. അതാണ്‌ ' ഗ്യാങ്ങ്‌ റേപ്പ്‌ ഓഫ്‌ മദര്‍ ഇന്ത്യ ' എന്ന കാര്‍ട്ടൂണിന്റെ വികാരമായത്‌. ത്രിവര്‍ണ്ണ സാരിയുടുത്തു നില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോ ക്രാറ്റുകളും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്‌ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. മറ്റൊരു കാര്‍ട്ടൂണില്‍ അശോകസ്തംഭത്തിലെ സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം കുറുക്കന്മാരെ ചിത്രീകരിച്ചതും പാര്‍ലമെന്റിനെ പബ്ലിക്‌ ടോയ്‌ലറ്റായി വരച്ചതും അസിമിലെ കലഹിക്കുന്ന സത്യസന്ധതയായിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ്‌ അധികാരപ്പരിഷകള്‍ അസിം ത്രിവേദിയെ രാജ്യദ്രോഹിയായി മുദ്രകുത്തിയത്‌. ഒരു സ്വകാര്യ അന്യായത്തിന്റെ മറപിടിച്ച്‌ മുംബൈ കോടതി,അസിമിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തപ്പോള്‍ ആ പൗരാവകാശ വിരുദ്ധതയ്ക്ക്‌ ജെയ്‌ വിളിക്കുകയും ദേശീയ രാഷ്ട്രിയദുഷ്ടതയക്ക്‌ ഹല്ലേലുയ്യ പാടുകയുമായിരുന്നു ആ ന്യായാധിപന്‍.
ആതിരേ,ഒരു വരകൊണ്ടുപോലും വിമര്‍ശിക്കപ്പെടുന്നത്‌ അസഹിഷ്ണുതയാകുന്ന അധികാരത്തിന്റെ അര്‍മാദങ്ങള്‍ക്ക്‌ നീതിന്യായ വ്യവസ്ഥയും ന്യായപീഠങ്ങളും അധാര്‍മ്മികമായ പിന്തുണ നല്‍കുമ്പോള്‍ അസീം ത്രിവേദിയെപ്പോലെയുള്ള ജനാധിപത്യ ബോധങ്ങള്‍ ജയിലഴിക്കുള്ളിലാകുമെന്നത്‌ പുതിയ അറിവൊന്നുമല്ല. കോളനി വാഴ്ചക്കാലത്തെ അധികാരദുരയുടെ പ്രേതങ്ങളാണ്‌ സ്വതന്ത്ര്യ ഇന്ത്യയിലെ ജനാധിപത്യ(?) ഭരണകൂടങ്ങളെയും അതിന്റെ സംവിധാനങ്ങളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതും പുതിയ വെളിപാടല്ല. അധികാരത്തിന്റെ തേര്‍വാഴ്ചയ്ക്കെതിരെയും,ഭരണകൂട ഭീകരതയ്ക്കെതിരേയും,കേന്ദ്രീകൃത അഴിമതിക്കെതിരേയും ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പൗരന്റെ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടുന്നവരെയെല്ലാം ഭീകരവാദികളായും ദേശദ്രോഹികളായും മുദ്രകുത്തുന്നത്‌ കോളനിവാഴ്ചയുടെ രീതിശാസ്ത്രമായിരുന്നെങ്കില്‍ ആ അശ്ലീലതയും മുഠാളത്തവും അതേപടി പകര്‍ത്തി മദിക്കുകയാണ്‌, ആതിരേ,വര്‍ത്തമാനകാല ഭരണകൂടങ്ങളും . ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചാല്‍ ഉദാഹരണങ്ങള്‍ മാത്രമേ നമ്മുടെ ചുറ്റുമുള്ളൂ. ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന തെമ്മാടികള്‍ ജനാധിപത്യ വാദികളും അവരുടെ നടപടികള്‍ ചോദ്യം ചെയ്യുന്നവര്‍ ഭീകരവാദികളുമാകുന്ന വഷളത്തരമാണ്‌ സമകാലിക ഇന്ത്യന്‍ ജനായത്ത ഭരണത്തിന്റെ മുഖമുദ്ര;ഇന്ത്യന്‍ പൊതുസമൂഹത്തിന്‌ അഭിമുഖം നില്‍ക്കുന്ന ബീഭത്സത. . ടു ജി സ്പെക്ട്രവും കല്‍ക്കരിപ്പാടം ഇടപാടുകളുമൊക്കെയായി. കോണ്‍ഗ്രസും അതിന്റെ ഭരണകൂടസഖാക്കളും കോടികളടിച്ചു മാറ്റി സമ്മതിദായകരേയും നികുതിദായകരേയും ക്രൂരമായി കബളിപ്പിച്ച്‌ അര്‍മാദിക്കുമ്പോള്‍ പഞ്ചപുച്ഛമടക്കി അതെല്ലാം സഹിക്കണമെന്നാണ്‌ മന്‍മോഹനും മരുമകള്‍ ഗാന്ധിയും ആവശ്യപ്പെടുന്നത്‌. ഓര്‍മ്മയുണ്ടാകണം ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ആ കരാള ദിനങ്ങള്‍;കാളരാത്രികള്‍! . നാവടക്കൂ പണിയെടുക്കൂ എന്നായിരുന്നല്ലോ , അന്ന്‌ അമ്മയിയമ്മ ഗാന്ധിയുടെ പൈശാചിക ഉദ്ബോധനം ആ പരീക്ഷണങ്ങളെയും പരിഷയേയും ധീരമായി നേരിട്ടാണ്‌, ആതിരേ, ഇന്ത്യന്‍ ജനാധിപത്യ- പൗരാവകാശ ബോധങ്ങള്‍ 2012-ല്‍ എത്തി നില്‍ക്കുന്നത്‌. എന്നാല്‍ ഈ വാസ്തവം തിരിച്ചറിയാനുള്ള വിവേകമില്ലാത്ത വിഢ്യാസുരന്മാരാണ്‌ സമകാലിക ഭരണകര്‍ത്താക്കളും ചില ന്യാധിപന്മാരുമെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കുന്നതാണ്‌ അസിം ത്രിവേദിയുടെ അറസ്റ്റ്‌. അഴിമതിക്കെതിരായി അണ്ണാ ഹസാരെ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുകയും ആ സമരങ്ങളില്‍ ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടേയും ജനാധിപത്യത്തിന്റെയും വഷളായ മുഖങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ വരച്ചു കാട്ടുകയും ചെയ്തതാണ്‌ അസിം ത്രിവേദി ചെയ്ത തെറ്റ്‌. ഈ കാര്‍ട്ടൂണുകള്‍ തന്റെ വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത്‌ ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും ആദരം നേടി, അസിം ത്രിവേദി. ആതിരേ, തന്റെ സമപ്രായക്കാരെല്ലാം അധികാരത്തിനും സമ്പത്തിനും സുഖഭോഗങ്ങള്‍ക്കും വെമ്പി ഉഴറുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല വികൃതമുഖത്തിന്‌ നേരെ ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവും സമകാലീന സംഭവങ്ങളെ വിശകലനം ചെയ്യാനുള്ള വിവേകവും തിരിച്ചു പിടിച്ചപ്പോള്‍ ആ ദര്‍പ്പണത്തില്‍ അസിം ത്രിവേദി കണ്ട കാഴ്ചകള്‍ പ്രതിഷേധാര്‍ഹവും ക്ഷോഭജനകവുമായിരുന്നു. അതാണ്‌ ' ഗ്യാങ്ങ്‌ റേപ്പ്‌ ഓഫ്‌ മദര്‍ ഇന്ത്യ ' എന്ന കാര്‍ട്ടൂണിന്റെ വികാരമായത്‌. ത്രിവര്‍ണ്ണ സാരിയുടുത്തു നില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോ ക്രാറ്റുകളും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്‌ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. മറ്റൊരു കാര്‍ട്ടൂണില്‍ അശോകസ്തംഭത്തിലെ സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം കുറുക്കന്മാരെ ചിത്രീകരിച്ചതും പാര്‍ലമെന്റിനെ പബ്ലിക്‌ ടോയ്‌ലറ്റായി വരച്ചതും അസിമിലെ കലഹിക്കുന്ന സത്യസന്ധതയായിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ്‌ അധികാരപ്പരിഷകള്‍ അസിം ത്രിവേദിയെ രാജ്യദ്രോഹിയായി മുദ്രകുത്തിയത്‌. ഒരു സ്വകാര്യ അന്യായത്തിന്റെ മറപിടിച്ച്‌ മുംബൈ കോടതി,അസിമിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തപ്പോള്‍ ആ പൗരാവകാശ വിരുദ്ധതയ്ക്ക്‌ ജെയ്‌ വിളിക്കുകയും ദേശീയ രാഷ്ട്രിയദുഷ്ടതയക്ക്‌ ഹല്ലേലുയ്യ പാടുകയുമായിരുന്നു ആ ന്യായാധിപന്‍. സമകാലിക ഇന്ത്യയില്‍ പൗരാവകാശ ബോധത്തോടും ജനാധിപത്യാവബോധത്തോടും ജീവിക്കുന്ന വിവേകങ്ങള്‍ക്ക്‌ അസിമിന്റെ കാര്‍ട്ടൂണുകളിലെ വികാരത്തോടയല്ലാതെ ഭരണകൂടത്തിന്റെ കരാള നടപടികളെ വിലയിരുത്താനും അത്‌ അഭിപ്രായങ്ങളില്‍ വിന്ന്യസിപ്പിക്കാനും കഴിയുകയില്ല, ആതിരേ. ഈ അഴിമതിഭരണം, അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കണമെന്നും ജനാധിപത്യം അതിന്റെ പുഷ്കലതയില്‍ പുലരണമെന്നും ആശിക്കുന്നത്‌ തെറ്റാകുന്നത്‌ ഭരണകൂടവും അതിന്റെ സഹസംവിധാനങ്ങളും ജനവിരുദ്ധവും, അമിതാധികാരഭ്രമവുമാകുമ്പോഴാണ്‌. . കോളനി വാഴ്ചക്കാലത്ത്‌ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഇന്ത്യന്‍ പൗരന്റെ മാന്യതയ്ക്കും സ്വയം ശീര്‍ഷത്വത്തിനുംവേണ്ടി വാദിച്ച, പോരാടിയ പ്രക്ഷോഭങ്ങള്‍ നയിച്ച മഹാത്മജി മുതലുള്ള ദശലക്ഷക്കണക്കിന്‌ ദേശസ്നേഹികള്‍ ബ്രിട്ടന്‌ ദേശദ്രോഹികളും ഭീകരവാദികളുമായിരുന്നു. മര്‍ദ്ദിച്ചും വെടിവച്ചും ജയിലിലടച്ചും ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ അന്ന്‌ ബ്രിട്ടന്‍ നടത്തിയ പരാജിതമായ അധികാരദുരയാണ്‌ ഇന്ന്‌ ഇന്ത്യയിലെ ജനാധിപത്യ ഭരണാധികാരികളെയും ചില ന്യായാധിപന്മാരെയും ഗ്രസിച്ചിരിക്കുന്നത്‌. അവരുടെ കണ്ണില്‍ പൗരാവകാശ സംരക്ഷണ സമരങ്ങളും ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളാണ്‌;ദേശദ്രോഹനടപടികളാണ്‌. ഈ കുടില മുന്‍വിധികളെ ന്യായീകരിക്കാന്‍ ഭരണഘടനയില്‍ തന്നെ വകുപ്പുകളും അവര്‍ക്കുണ്ട്‌. വ്യാഖ്യാനിച്ച്‌ വഷളാക്കിയ അത്തരം വകുപ്പുകളുടെ അടിസ്ഥാനത്തിലാണ്‌ അസിം ത്രിവേദിക്കെതിരെ മുംബൈ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്‌. ആതിരേ,ഇന്ത്യന്‍ ശിക്ഷാ നിയമം 124(എ) ആണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടങ്ങളും ന്യായാസനങ്ങളും പൗരനെതിരെ പ്രയോഗിക്കുന്ന ഭീകരായുധം. ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷയാണ്‌ ഈ വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍, ഈ വകുപ്പിന്റെ പ്രയോഗത്തില്‍ നിശിതമായ നിഷ്കര്‍ഷ പുലര്‍ത്തണമെന്ന്‌ പലവട്ടം സുപ്രീംകോടതി ഭരണകൂടങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്‌. പ്രസംഗങ്ങളിലൂടെയോ പ്രചാരണങ്ങളിലൂടെയോ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ പ്രക്ഷുബ്ധരാക്കി ഭരണകൂടത്തിനെതിരായി തിരിച്ച്‌ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്യുന്നവരെ മാത്രമേ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാന്‍ പാടുള്ളൂ എന്നതാണ്‌ സുപ്രീംകോടതിയുടെ കര്‍ശനമായ ഉത്തരവ്‌. ആ വകുപ്പിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും ലംഘനവും പൗരാവകാശ ധ്വംസനവും അഭിപ്രായസ്വാതന്ത്ര്യത്തിന്‌ ഇന്ത്യന്‍ ഭരണകൂടം ഉറപ്പു നല്‍കിയിട്ടുള്ള അവകാശാധികാരങ്ങളുടെ അവമതിക്കലുമാണ്‌ അസിം ത്രിവേദിയുടെ അറസ്റ്റിലൂടെ മുംബൈ കോടതി നടത്തിയിരിക്കുന്നത്‌ .ഉത്തമനായ പൗരന്റെ ചിന്താശേഷിയെയും ജനാധിപത്യ ബോധത്തെയും പൗരാവകാശ സംരക്ഷണ ത്വരയെയും ഇത്തരം കരിനിയമങ്ങള്‍ കൊണ്ടോ കിരാതമായ ഉത്തരവുകള്‍ കൊണ്ടോ അടിച്ചമര്‍ത്താനാവുമെന്നു കരുതുന്ന ഭരണകര്‍ത്താക്കളും ന്യായാധിപന്മാരുമാണ്‌ ജനധിപത്യത്തിന്റെ കശാപ്പുകാര്‍,ഭീകരവാദിക;ദേശദ്രോഹികള്‍.ഇക്കൂട്ടരേയാണ്‌ 124(എ)പ്രകാരം കേസെടുത്ത്‌ തടങ്കല്‍പ്പളയത്തിലടയ്ക്കേണ്ടത്‌ മനുഷ്യമോചന ചരിത്രത്തില്‍ ഇത്തരം സന്ദിഗ്ധാവസ്ഥകളും അധികാര ഭ്രാന്തിന്റെ അഴിഞ്ഞാട്ടവും അതിനെതിരെയുള്ള വ്യക്തിയുടെയും സംഘങ്ങളുടെയും പ്രക്ഷോഭങ്ങളും വിജയങ്ങളും വെന്നിക്കൊടി പാറിച്ച സന്ദര്‍ഭങ്ങള്‍ നിരവധിയാണ്‌. അത്തരം ഒരു വിജയത്തിലേക്കായിരിക്കും അസിം ത്രിവേദിയുടെ തടവുകാലം പരിണമിക്കുക എന്നതില്‍ സന്ദേഹത്തിനിടമില്ല.എങ്കിലും അമിതാധികാരഭ്രമവും അഴിമതിഭരണവും നടത്തുന്ന ഇത്തരം നൃസംശതയ്ക്കെതിരെ സംഘം ചേരേണ്ടതുണ്ട്‌; അസിമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഭരണകൂട-ന്യായാസന ഭീകരതകള്‍ തകര്‍ക്കപ്പെടേണ്ടതുണ്ട്‌.അതു കൊണ്ട്‌, ആതിരേ പ്രതിഷേധിക്കുക;പ്രതികരിക്കുക.അതിലൂടെ നിങ്ങളിലെ നീതിബോധവും പൗരാവകാശ വിവേകവും ഉന്നിദ്രമാക്കുക