Tuesday, August 31, 2010

ഇല്ലം ചുട്ടാലും എലി ചാകില്ല, ഡോ. തോമസ്‌ ഐസക്‌


ഇപ്പോള്‍ ലോട്ടറി തട്ടിപ്പുകളെ കുറിച്ച്‌ പുസ്തകമെഴുതാനുള്ള ആലോചനയിലാണ്‌ ധനമന്ത്രി. കമിഴ്‌ന്നുവീണാല്‍ കാല്‍പണം എന്നാണല്ലോ. പിണറായിയന്‍ നിയോ ലിബറല്‍ എക്കണോമിക്ക്‌ തിയറി. നന്നായിരിക്കട്ടെ. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ച്‌ സര്‍വ്വവും നഷ്ടപ്പെടുകയും അങ്ങനെ ആത്മഹത്യയക്ക്‌ നിര്‍ബന്ധിതരുമായ കേരളത്തിലെ സാധാരണക്കാരുടെ നിസ്സഹായത എഴുതിവിറ്റ്‌ കാശുണ്ടാക്കാനുള്ള ബുദ്ധി ഡോ. തോമസ്‌ ഐസക്കിനുണ്ടല്ലോ. ഈ ബുദ്ധിയാണ്‌ കഴിഞ്ഞ നാലുവര്‍ഷം ലോട്ടറി മാഫിയ്ക്ക്‌ അനുകൂലമായ പരിസരമൊരുക്കിയത്‌. എന്നിട്ടാണിപ്പോള്‍ ഇല്ലം ചുടാന്‍ തോമസ്‌ ഐസക്ക്‌ തയ്യാറാകുന്നത്‌.

കേരളധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റെ പല നിലപാടുകളും മലയാളഭാഷയുടെ ഉല്‍പ്പത്തി കാലം മുതല്‍ നിലവിലുണ്ടായിരുന്നു എന്നുവേണം വിശ്വസിക്കാന്‍. അല്ലെങ്കില്‍ "എലിയെ കൊല്ലാന്‍ ഇല്ലം ചുടുക" എന്ന ശൈലി മലയാളഭാഷയില്‍ രൂപം കൊള്ളുമായിരുന്നില്ല, ആതിരേ..
അന്യസംസ്ഥാന ലോട്ടറിമാഫിയ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിച്ചും സര്‍ക്കാരിനെ കബളിപ്പിച്ചും കോടികള്‍ അടിച്ചുമാറ്റുന്നത്‌ നാണം കെട്ട്‌ നോക്കി നിന്നിട്ട്‌ കുറ്റമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ചുമലില്‍ ചാരി രക്ഷപ്പെടാനായിരുന്നു ധനമന്ത്രിയുടെ ഇക്കാലമത്രയുമുള്ള ശ്രമം. ഇതിനെതിരെ നിലവിലുള്ള നിയമങ്ങളും നടപടികളും ചൂണ്ടിക്കാട്ടി വിവേകശാലികള്‍, ലോട്ടറി മാഫിയയെ മൂക്കുകയറിടാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയപ്പോഴും അവ ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ ഞാന്‍ പിടിച്ച മുയലിന്‌ മൂന്ന്‌ കൊമ്പ്‌ എന്ന്‌ അഹങ്കാരത്തോടെ, അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിലെ വാസ്തവങ്ങള്‍ക്കു നേരെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു ധനമന്ത്രി.
എന്നാല്‍, ഇടതുസര്‍ക്കാര്‍ ഇച്ഛാശക്തി കാണിച്ചിരുന്നെങ്കില്‍ സാന്തിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ള ലോട്ടറി മാഫിയയെ നിലയ്ക്ക്‌ നിര്‍ത്താനും അവരില്‍ നിന്ന്‌ സര്‍ക്കാരിന്‌ ലഭിക്കാനുള്ള നികുതി പണം അണാ പൈസ എണ്ണി വാങ്ങാനും കഴിയുമെന്ന്‌ ഇപ്പോള്‍ ബോധ്യമായപ്പോള്‍, ആതിരേ, മറ്റൊരു മുട്ടാപ്പോക്ക്‌ 'ഞായ'വുമായിട്ടാണ്‌ ധനമന്ത്രിയുടെ വരവ്‌. അന്യസംസ്ഥാന ലോട്ടറി തട്ടിപ്പുകാരെ ഇവിടെ നിന്ന്‌ കെട്ടുകെട്ടിക്കണമെങ്കില്‍ സംസ്ഥാന ലോട്ടറി നിര്‍ത്തിവെയ്ക്കേണ്ടിവരും എന്നാണ്‌ ധനമന്ത്രിയുടെ ഭീഷണി. ഇത്‌ ഭീഷണിയല്ലെന്നും സാന്തിയാഗോ മാര്‍ട്ടിനുവേണ്ടിയുള്ള ജാമ്യമെടുക്കലാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി അണികള്‍ക്ക്‌ തന്നെ മറ്റാരേക്കാളും നന്നായി അറിയാം. ആകട്ടെ, കേരളാ ലോട്ടറി എന്ന ഇല്ലം ചുട്ടാല്‍ സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന എലി ചാവുമോ സഖാവേ..?താടി ചൊറിഞ്ഞു കൊണ്ട്‌ മുഖം തിരിക്കാന്‍ മാത്രമെ ഡോ.തോമസ്‌ ഐസക്കിനു കഴിയുകയുള്‍ലു എന്നതല്ലെ വാസ്തവം?
ആതിരേ, 14,000 കോടി രൂപയാണ്‌ പ്രതിവര്‍ഷം അന്യസംസ്ഥാന ലോട്ടറി മാഫിയ കേരളത്തില്‍ നിന്ന്‌ അടിച്ചുമാറ്റുന്നത്‌. ഇങ്ങനെ തിന്നുകൊഴുത്ത എലിയെ ഇല്ലം ചുട്ട്‌ കൊല്ലാമെന്ന്‌ ഡോ. തോമസ്‌ മാത്യു സ്വപ്നം കാണുന്നുണ്ടെങ്കില്‍, ക്ഷമിക്കണം പറയേണ്ടിവരുന്നു അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌. കേരളത്തിന്റെ വാര്‍ഷിക പ്ലാന്‍ ഫണ്ടിന്‌ സമമായ തുകയാണ്‌ ഓരോ വര്‍ഷവും ലോട്ടറിമാഫിയ സംസ്ഥാനത്ത്‌ നിന്ന്‌ അടിച്ചുമാറ്റുന്നത്‌. മേല്‍സൂചിപ്പിച്ച കണക്കനുസരിച്ചാണെങ്കില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 56,000 കോടി രൂപയെങ്കിലും ഇവരുടെ പോക്കറ്റിലെത്തിയിട്ടുണ്ട്‌. ഈ അധോലോക ഭീമത്വത്തെയാണ്‌ ആതിരേ,ഡോ. തോമസ്‌ മാത്യു തന്റെ സാമ്പത്തിക വാമനത്വം കൊണ്ട്‌ നിയന്ത്രിക്കാമെന്ന്‌ കരുതുന്നത്‌.
എന്നുമാത്രമല്ല കേരളത്തിലേതുപോലെ ഇടതുപക്ഷം ഭരിക്കുന്ന ബംഗാളിലും സാന്തിയാഗോ മാര്‍ട്ടിന്റെ ലോട്ടറി മാഫിയ വ്യാപകമാണ്‌. അവിടെ നിന്നും ഇതേപോലെ സാധാരണക്കാരെ കബളിപ്പിച്ച്‌ കോടികളാണ്‌ അടിച്ചുമാറ്റിയിട്ടുള്ളത്‌. ഈ ഭീമനെതിരെ നടപടിയെടുക്കണമെങ്കില്‍ കേരള ലോട്ടറി നിരോധിക്കണമെന്ന്‌ ഡോ. തോമസ്‌ ഐസക്‌ പറയുമ്പോള്‍ അദ്ദേഹത്തിന്റെ താല്‍പ്പര്യമെന്താണെന്ന്‌ അധികം വിശകലനം ചെയ്യാതെ മനസ്സിലാക്കാന്‍ കഴിയും. കേരള ലോട്ടറി വിറ്റ്‌ ഒരു നേരത്തെ അന്നത്തിന്‌ വക തേടുന്ന വികലാംഗരും വിധവകളും നിസ്വരുമൊക്കെയടങ്ങുന്ന ദുര്‍ബലവിഭാഗത്തെ പട്ടിണിക്കിട്ട്‌ കൊന്നാലെ സാന്തിയാഗോ മാര്‍ട്ടിനെ നിയന്ത്രിക്കാനാവു എന്നാണ്‌ മന്ത്രി സ്ഥാപിച്ചെടുക്കുന്നത്‌. മാനവമോചന പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന വര്‍ഗ ഉന്നമനപ്രക്ഷോഭ ശാസ്ത്രത്തിന്റെയും വക്താവാണ്‌ , ആതിരേ, ഇങ്ങനെ പറയുന്നതെന്ന്‌ ഓര്‍ക്കണം. അപ്പോള്‍, ആവര്‍ത്തിക്കട്ടെ, അദ്ദേഹത്തിന്റെ താല്‍പ്പര്യം അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിയന്ത്രിക്കുക അല്ല എന്നുതന്നെയാണ്‌.
ധനമന്ത്രി തോമസ്‌ ഐസക്‌ വിവരമുള്ള കൂട്ടത്തിലാണ്‌ . സാമ്പത്തിക ശാസ്ത്രം നന്നായി ബോധ്യമുള്ള വ്യക്തിയുമാണ്‌. സാമ്പത്തിക ശാസ്ത്രവും അതിന്റെ പ്രയോഗവും സംബന്ധിച്ച്‌ പ്രത്യേകിച്ച്‌ സ്റ്റഡിക്ലാസ്‌ അദ്ദേഹത്തിന്‌ നല്‍കേണ്ടതുമില്ല. ലോട്ടറി സംബന്ധിച്ച നിയമങ്ങള്‍ വായിച്ചു മനസ്സിലാക്കാനുള്ള ആംഗലേയ പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്‌. എന്നിട്ടും എന്തിനാണ്‌ ആതിരേ, അദ്ദേഹം പൊതു സമൂഹമധ്യേ ഇങ്ങനെ വിഡ്ഢിവേഷം കെട്ടുന്നത്‌.
1998ല്‍ ഇന്ത്യയില്‍ നടപ്പാക്കിയ ലോട്ടറി റഗുലേഷന്‍ ആക്ട്‌ നാലാം വകുപ്പില്‍ ലോട്ടറി നടത്തിപ്പിനുള്ള പതിനൊന്ന്‌ കര്‍ശന നിയമങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്‌. ഈ നിയമത്തിലെ 7(3) അനുസരിച്ച്‌ വ്യാജ ടിക്കറ്റ്‌ വില്‍ക്കുന്നതും വാങ്ങുന്നതും വാറന്റ്‌ കൂടാതെ അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം കിട്ടാത്തതുമായ കുറ്റമാണ്‌. 2010ലെ റൂള്‍സ്‌ 3ല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ലോട്ടറി നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളും അക്കമിട്ട്‌ നിരത്തിയിട്ടുണ്ട്‌. എന്നാല്‍, ഇതെല്ലാം വായിച്ച്‌ മനസ്സിലാക്കിയിട്ടാണ്‌ സാന്തിയാഗോ മാര്‍ട്ടിനെ നിയന്ത്രിക്കണമെങ്കില്‍ കേരള ലോട്ടറി വില്‍ക്കുന്ന വികലാംഗരടക്കമുള്ളവരെ പട്ടിണിക്കിട്ടേ തീരു എന്ന്‌ തോമസ്‌ ഐസക്‌ നിസ്സഹായത ഭാവിക്കുന്നത്‌..
അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌ പതിനാലിലേറെ തവണ കേന്ദ്രസര്‍ക്കാരിന്‌ കത്തോ നിവേദനമോ നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നാണ്‌ തോമസ്‌ ഐസക്‌ തുടരുന്ന വിലാപം. എന്നാല്‍, 32 ലോട്ടറി കേസില്‍ സംസ്ഥാനം തോറ്റതെങ്ങനെയാണെന്ന്‌ വിശദമാക്കാന്‍ അദ്ദേഹത്തിന്‌ ബാധ്യതയില്ലേ?. സുപ്രീം കോടതിയില്‍ ലോട്ടറിക്കാര്‍ക്കുവേണ്ടി പ്രഗത്ഭരായ അഭിഭാഷകര്‍ അണിനിരന്നപ്പോള്‍ കേരളത്തിന്‌ വേണ്ടി ഹാജരായത്‌ ഗവണ്‍മെന്റ്‌ പ്ലീഡറും. ഇദ്ദേഹമാകട്ടെ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതികളില്‍ ഹാജരായ അഭിഭാഷകനാണ്‌. ഇത്തരത്തില്‍ ഒരു വ്യക്തിയെ , ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ , ലോട്ടറികേസ്‌ നടത്താന്‍ നിയോഗിച്ചതിലൂടെയല്ലെ സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന എലി സംസ്ഥാനമെന്ന ഇല്ലത്തേക്കാള്‍ വളര്‍ന്ന്‌ മുറ്റിയത്‌, ആതിരേ..? യുഡിഎഫ്‌ ഭരണകാലത്ത്‌ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌ അച്യുതാനന്ദന്‍ ലോട്ടറിമാഫിയയ്ക്കെതിരെ പതിനെട്ട്‌ പത്രസമ്മേളനമാണ്‌ നടത്തിയത്‌. ഇക്കാര്യവും ഡോ. തോമസ്‌ ഐസക്കിന്‌ ബോധ്യമുള്ളതാണ്‌. എന്നിട്ടും സാന്തിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ലോട്ടറി തട്ടിപ്പ്‌ നിയന്ത്രിക്കാന്‍ ഡോ. തോമസ്‌ ഐസക്‌ എന്ന ധനമന്ത്രി ചെറുവിരല്‍ പോലും അനക്കിയില്ല.
ഇവിടെയാണ്‌, ആതിറെ, തട്ടിപ്പിന്റെ മുഖം കൂടുതല്‍ വികൃതമായി പൊതുസമൂഹത്തിന്റെ മുമ്പില്‍ തെളിയുന്നത്‌. കഴിഞ്ഞദിവസം സാന്തിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘ ഏജന്‍സിക്കുവേണ്ടി കൊണ്ടുവന്ന ലക്ഷക്കണക്കിന്‌ രൂപയുടെ ടിക്കറ്റാണ്‌ വാളയാര്‍ ചെക്പോസ്റ്റില്‍ പിടിച്ചെടുത്തത്‌. മുന്‍കൂര്‍ നികുതി നല്‍കാതെ കൊണ്ടുവന്നതുകൊണ്ടാണ്‌ ടിക്കറ്റ്‌ പിടിച്ചെടുത്തതെന്നാണ്‌ ഔദ്യോഗികഭാഷ്യം. എന്നാല്‍, ഓഗസ്റ്റ്‌ ഒന്നുമുതല്‍ 31 വരെയുള്ള നറുക്കെടുപ്പുകള്‍ക്ക്‌ മുന്‍കൂര്‍ നികുതി അടച്ചതാണെന്ന്‌ മേഘ ഡിസ്റ്റ്രിബ്യൂട്ടേഴ്സ്‌ വാദിക്കുന്നു. അതേ, വാദം ശരിയാണ്‌.പക്ഷെ ഇവര്‍ നികുതി അടച്ചത്‌ പഴയ സ്കീം അനുസരിച്ചാണ്‌. ഓഗസ്റ്റ്‌ 16ന്‌ നറുക്കെടുപ്പിന്റെ സ്കീം പുതുക്കുന്ന കാര്യം സിക്കിം സര്‍ക്കാര്‍ കേരളത്തെ അറിയിച്ചതാണ്‌. അതനുസരിച്ച്‌ പുതുക്കിയ സ്കീമിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കേണ്ടതായിരുന്നു. അത്‌ ചെയ്തില്ല. ഈ മറവിലൂടെ ലക്ഷക്കണക്കിന്‌ ടിക്കറ്റാണ്‌ മേഘ ഡിസ്റ്റ്രിബ്യൂട്ടേഴ്സ്‌ കേരളത്തില്‍ വിറ്റത്‌. ഇതും ധനമന്ത്രി അറിഞ്ഞില്ല എന്നുപറയുമ്പോള്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ കേരളീയര്‍, ആതിരേ..?.
ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌ സിക്കിം ലോട്ടറിയുടെ ചട്ടവിരുദ്ധ ബംപര്‍ നറുക്കെടുപ്പും ടിക്കറ്റ്‌ വില്‍പ്പനയും ഇതുവരെ സിക്കിം സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കാതിരുന്ന കേരളത്തിന്റെ നടപടി. സിക്കിം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാര്‍ക്ക്‌ നോട്ടീസ്‌ നല്‍കുക മാത്രമാണ്‌ സര്‍ക്കാര്‍ ചെയ്തത്‌. ഇത്‌ കോടതിയില്‍ കേസ്‌ എത്തുമ്പോള്‍ വിതരണക്കാരായ മേഘ ഡിസ്റ്റ്രിബ്യൂട്ടേഴ്സിനും പ്രമോട്ടര്‍ സാന്തിയാഗോ മാര്‍ട്ടിനും ഗുണം ചെയ്യുമെന്ന്‌ സംസ്ഥാന ലോട്ടറി വകുപ്പിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടിയിട്ടും ആട്ടുകല്ലിന്‌ കാറ്റുപിടിച്ചതു പൊലെ ഇരിക്കുകയായിരുന്നു , ആതിരേ, ബന്ധപ്പെട്ടവരും ഡോ.തോമസ്‌ ഐസക്കും..!
ഇപ്പോള്‍ സാന്തിയാഗോ മാര്‍ട്ടിനെതിരെ കേസ്‌ എടുക്കാനും ടിക്കറ്റ്‌ പിടിച്ചെടുക്കാനും പിഴ വിധിക്കാനും കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട്‌ ഇത്‌ നാലുവര്‍ഷം മുമ്പ്‌ കഴിയാതെ പോയി എന്നു വ്യക്തമാക്കാന്‍ ഡോ. തോമസ്‌ ഐസക്കിന്‌ ബാധ്യതയുണ്ട്‌. ഇപ്പോള്‍ ലോട്ടറി തട്ടിപ്പുകളെ കുറിച്ച്‌ പുസ്തകമെഴുതാനുള്ള ആലോചനയിലാണ്‌ ധനമന്ത്രി. കമിഴ്‌ന്നുവീണാല്‍ കാല്‍പണം എന്നാണല്ലോ. പിണറായിയന്‍ നിയോ ലിബറല്‍ എക്കണോമിക്ക്‌ തിയറി. നന്നായിരിക്കട്ടെ. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ച്‌ സര്‍വ്വവും നഷ്ടപ്പെടുകയും അങ്ങനെ ആത്മഹത്യയക്ക്‌ നിര്‍ബന്ധിതരുമായ കേരളത്തിലെ സാധാരണക്കാരുടെ നിസ്സഹായത എഴുതിവിറ്റ്‌ കാശുണ്ടാക്കാനുള്ള ബുദ്ധി ഡോ. തോമസ്‌ ഐസക്കിനുണ്ടല്ലോ. ഈ ബുദ്ധിയാണ്‌, ആതിരേ, കഴിഞ്ഞ നാലുവര്‍ഷം ലോട്ടറി മാഫിയ്ക്ക്‌ ഇല്ലത്തെ തോല്‍പ്പിക്കുന്ന എലിയകാന്‍ അനുകൂലമായ പരിസരമൊരുക്കിയത്‌. എന്നിട്ടാണിപ്പോള്‍ ഇല്ലം ചുടാന്‍ തോമസ്‌ ഐസക്ക്‌ തയ്യാറാകുന്നത്‌.

Friday, August 27, 2010

അതു കൊണ്ട്‌ പോലിസിന്റെ 'കൈ വെട്ടിയ' ഇവരെക്കുറിച്ചു പറയാം

ശാസ്ര്തീയമായി കേസ്‌ അന്വേഷിച്ച്‌ തെളിയിക്കാന്‍ വൈഭവവും അനുഭവ പരിജ്ഞാനവുമുള്ള നിരവധി ഓഫീസര്‍മാര്‍ കേരളപോലീസിലുണ്ട്‌. എന്നാല്‍, സത്യസന്ധരായ ഇവരെ നോക്കുകുത്തികളാക്കി തച്ചങ്കരിയെ പോലെയുള്ള കാക്കി ക്രിമിനലുകളെ കേസ്‌ അന്വേഷണം ഏല്‍പ്പിച്ച്‌ അതിന്റെ പങ്കുപറ്റി മൂലധന വര്‍ധന നടത്തുകയാണ്‌ പാര്‍ട്ടിയും പാര്‍ട്ടിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളായ സമൂഹവിരുദ്ധരും എന്ന്‌ ഇപ്പോള്‍ പൂര്‍ണമായും തെളിയിക്കപ്പെട്ടുകഴിഞ്ഞു. ആവര്‍ത്തിക്കട്ടെ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നവരേക്കാള്‍ ഭയപ്പെടേണ്ടതും ആദ്യം തുറുങ്കിലടയ്ക്കപ്പെടേണ്ടതും ഈ രാജ്യദ്രോഹികളാണ്‌. എന്നാല്‍, ഭരണകൂടത്തിന്റെ ആനുകൂല്യം മുതലാക്കി ഇവര്‍ ഇപ്പോഴും രക്ഷപ്പെട്ട്‌ നില്‍ക്കുകയാണ്‌.





പ്രവാചകനായ മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചു എന്ന ആരോപണത്തിന്‌ വിധേയനായി വലതുകൈപ്പത്തി വെട്ടിമാറ്റപ്പെട്ട, തൊടുപുഴ ന്യൂമാന്‍സ്‌ കോളജ്‌ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ അവസ്ഥയേക്കാള്‍ ദാരുണമാണ്‌ ആതിരേ, ആ കേസ്‌ അന്വേഷിക്കുന്ന പോലീസിന്റെ' കൈ വെട്ടി മാറ്റപ്പെട്ട ' അവസ്ഥ. പ്രഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ പ്രതികള്‍ ആരൊക്കെയാണെന്ന്‌ ഇപ്പോള്‍ പൊതുസമൂഹത്തിനറിയാം. എന്നാല്‍, അവരെ പിടിക്കാനാവാത്ത വിധം കേരള പോലീസിന്റെ കൈവെട്ടി മാറ്റിയ രാഷ്ട്രീയ ഭീകരന്മാര്‍ ആരൊക്കെയാണെന്ന്‌ കൂടുതല്‍ വ്യക്തമായി കേരളത്തിലെ വിവേകശാലികള്‍ക്കറിയാം.
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പേരില്‍ കേരളത്തിലെ നികുതിദായകരെയും സമ്മതിദായകരെയും അനുദിനം വഞ്ചിച്ച്‌, തീവ്രവാദികളുമായി അധോലോകബന്ധം സൃഷ്ടിച്ച്‌, സാമ്പത്തികമായി കൊഴുത്തിട്ടുള്ള ഈ വിപ്ലവ വായാടികള്‍ പക്ഷെ, മാന്യന്മാരായാണ്‌ പൊതുസമൂഹമധ്യേ തങ്ങളെ അവതരിപ്പിക്കുന്നത്‌. ഈ രാഷ്ട്രീയ ഭീകരവാദികള്‍ക്കൊപ്പം നിയമത്തെയും നിയമവാഴ്ചയെയും അട്ടിമറിക്കാന്‍ ഡിജിപി ജേക്കബ്‌ പുന്നൂസിന്റെ കീഴിലുള്ള തച്ചങ്കരിമാരും ധാരാളം.
ആതിരേ, വിവേകമുള്ള, വിവേചനശക്തിയുള്ള കേരളത്തിലെ പ്രബുദ്ധമനസ്സുകളെയാണ്‌ ഈ രാഷ്ട്രീയ ഭീകരവാദികളും കാക്കിയിട്ട തീവ്രവാദികളും ചേര്‍ന്ന്‌ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍, ഓരോ ദിവസം കഴിയും തോറും ഇവരുടെ കള്ളക്കളികള്‍, ഇവരുടെ തന്നെ പ്രവൃത്തിദോഷങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു എന്നത്‌ കാവ്യനീതിയാകാം. ഒരു സമൂഹത്തെ എല്ലാക്കാലത്തും വഞ്ചിക്കാന്‍ ഒരു കൗശലശാലിക്കും കഴിയുകയില്ല എന്ന സാര്‍വ്വലൗകീകമായ വാസ്തവത്തിന്‌ മുന്നില്‍ ഈ വിപ്ലവ വഞ്ചകരും കാക്കിയിട്ട കാപാലികരും അസ്തപ്രജ്ഞരായി നില്‍ക്കുകയാണിപ്പോള്‍. കൈവെട്ട്‌ കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന്‌ അഭിമാനിക്കുന്നവര്‍ പുറത്തുവിടുന്ന വാര്‍ത്തകളും കോടതിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശങ്ങളും അതിന്റെ തനിമയോടെ തിരിച്ചറിഞ്ഞ്‌ വിശകലനം ചെയ്യാന്‍ പ്രാപ്തിയുള്ള സമൂഹത്തിന്റെ മുന്നില്‍ എന്നിട്ടും ഞെളിഞ്ഞ്‌ നില്‍ക്കാന്‍ ഇവര്‍ക്കാര്‍ക്കും ഉളുപ്പൊട്ടുമില്ല. നിലവിലുള്ള നിയമത്തെയും നിയമപാലനസംവിധാനത്തെയും അട്ടിമറിച്ച്‌ ഭീകരവാദികള്‍ക്ക്‌ കേരളത്തില്‍ വേരുറപ്പിക്കാന്‍ അവസരം ഒരുക്കിയ ഈ കൊടും വിഘടനവാദികള്‍ക്ക്‌ കാലം അധികം താമസിയാതെ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ കേരളത്തിലെ പ്രബുദ്ധമനസ്സുകള്‍ക്ക്‌ സന്ദേഹമില്ല.
പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയിട്ട്‌ , ഇതെഴുതുമ്പോള്‍, ഒരുമാസവും 24 ദിവസവും കഴിഞ്ഞു. കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌ നാട്‌ വിറപ്പിച്ച്‌ റെയ്ഡും അന്വേഷണവും നടത്തിയിട്ടും പ്രമുഖ പ്രതികളായ 29 പേര്‍ ഇപ്പോഴും ഒളിവിലാണ്‌. നിയമം അതിന്റെ വഴിക്കുപോകുമെന്ന വൃത്തികെട്ട പല്ലവി ആവര്‍ത്തിച്ചുകൊണ്ടാണ്‌, ആതിരേ, കോടിയേരിയും ജേക്കബ്‌ പുന്നൂസും ഇവരെ നിയന്ത്രിക്കുന്നവരും ചേര്‍ന്ന്‌ ഈ കേസിലെ പ്രതികളെ പിടിക്കാതിരിക്കാന്‍ കേരളപോലീസിന്റെ കൈവെട്ടിയിരിക്കുന്നത്‌.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍, പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുള്‍ നാസര്‍ ംദനിയെ അറസ്റ്റ്‌ ചെയ്ത നടപടികളിലൂടെ കേരളാപോലീസിലെ ഉന്നതന്മാരുടെയും ആഭ്യന്തരവകുപ്പിലെ പ്രമുഖരുടെയും പാര്‍ട്ടിയുടെ തലപ്പത്തുള്ളവരുടെയും കാപട്യവും നിയമവഞ്ചനയും കേരളം തിരിച്ചറിഞ്ഞതാണ്‌. കര്‍ണാടക പോലീസിന്‌ എല്ലാ സഹായവും ചെയ്തുനല്‍കുമെന്ന്‌ കോടിയേരിയും ജേക്കബ്‌ പുന്നൂസും നാഴികകയ്ക്ക്‌ നാല്‍പ്പതുവട്ടം പുരപ്പുറത്ത്‌ കയറി നിന്ന്‌ കൂകി വിളിച്ചപ്പോഴാണ്‌ നാലുദിവസം നീണ്ട നാണംകെട്ട പൊറാട്ടുനാടകം അരങ്ങേറിയത്‌ എന്നോര്‍ക്കണം.
നാലു വോട്ടിനും പത്ത്‌ കാശിനും വേണ്ടി എന്തുകൊള്ളരുതായ്മയും നടത്താന്‍ മനസ്സാക്ഷിക്കുത്തില്ലാത്തവരാണ്‌ ഇടതുമുന്നണിയെ നയിക്കുന്നവരില്‍ പ്രമുഖരെന്ന്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ തന്നെ മലയാളികള്‍ തിരിച്ചറിഞ്ഞതാണ്‌. തീവ്രവാദികളുമായി, അതിതീവ്രമായ ബന്ധമുണ്ടെന്ന്‌ ആരോപിക്കപ്പെട്ട അബ്ദുള്‍നാസര്‍ മദനിയെ വേദിയില്‍ ഒപ്പമിരുത്തി പിണറായി വിജയനും കൂട്ടരും നടത്തിയ രാഷ്ട്രീയവഞ്ചനയുടെയും അട്ടിമറികളുടെയും പരിണതിയാണ്‌ കൈവെട്ട്‌ കേസ്‌. ഈ കേസുമായി ബന്ധപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്നും അവര്‍ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ അതിഗൂഢമായ പദ്ധതികളാണ്‌ ആവിഷ്കരിച്ചതെന്നും അതുകൊണ്ടുതന്നെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന്‌ നാടാകെ ആക്രോശിക്കുകയും ചെയ്യുമ്പോഴാണ്‌ കൈവെട്ട്‌ കേസിലെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ മാത്രം ചുമത്തി ജേക്കബ്‌ പുന്നൂസിന്റെയും കോടിയേരിയുടെയും പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. ഇത്‌ ആരെ വഞ്ചിക്കാനാണെന്നും ആരെ സംരക്ഷിക്കാനാണെന്നും തിരിച്ചറിയാന്‍, ആതിരേ, പോള്‍ നീരാളിയുടെ സഹായമൊന്നും കേരളീയര്‍ക്കാവശ്യമില്ല.
കൈവെട്ട്‌ കേസ്‌ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട്‌ കളമശേരി സ്വദേശിയും പത്രപ്രവര്‍ത്തകനുമായ ഗിരീഷ്ബാബുവാണ്‌ കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്‌. എന്നാല്‍, കൈവെട്ട്‌ കേസില്‍ പോലീസ്‌ ബോധപൂര്‍വ്വം കള്ളക്കളികള്‍ നടത്തി കേസ്‌ ചാര്‍ജ്ജു ചെയ്തതുകൊണ്ട്‌ തീവ്രവാദ കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയുകയില്ല എന്നാണ്‌ കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചത്‌.
ആതിരേ, നിലവിലിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കേസ്‌ അന്വേഷിക്കുന്ന ഏജന്‍സിക്ക്‌ അന്വേഷണത്തിന്റെ ഏത്‌ ഘട്ടത്തിലും കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാമെന്ന്‌ വ്യവസ്ഥകളുണ്ടെങ്കിലും കൈവെട്ട്‌ കേസില്‍, കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌, കേസ്‌ രജിസ്റ്റര്‍ ചെയ്ത സമയത്ത്‌ ചാര്‍ജ്‌ ചെയ്ത വകുപ്പുകളില്‍ കടിച്ചു തൂങ്ങിക്കിടക്കുയാണ്‌ ഇപ്പോഴും. അതുകൊണ്ടാണ്‌ കേസ്‌ അന്വേഷണം ആരംഭിച്ചിട്ട്‌ ഒന്നരമാസമായെങ്കിലും 29 പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന്‌ നാണംകെട്ട്‌ പോലീസിന്‌ സമ്മതിക്കേണ്ടിവരുന്നത്‌.
താലിബാന്‍ മോഡലിലുള്ള ആക്രമണമാണ്‌ പ്രഫ. ടി.ജെ ജോസഫിനെതിരെ ഉണ്ടായതെന്നും ആക്രമണത്തിന്‌ ശേഷം പോലീസ്‌ നടത്തിയ റെയ്ഡില്‍ സ്ഫോടനാത്മകമായ വിവരങ്ങളാണ്‌ ലഭിച്ചതെന്നും ജേക്കബ്‌ പുന്നൂസും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജയരാജന്മാരുമൊക്കെ സമ്മതിച്ചതാണെന്നോര്‍ക്കണം. പോലീസ്‌ കണ്ടെടുത്തു എന്ന്‌ അവകാശപ്പെടുന്ന സിഡികളും ലഘുലേഖകളും ഡയറിക്കുറിപ്പുകളുമെല്ലാം പ്രതികളുടെ തീവ്രവാദ ബന്ധം വ്യക്തമാക്കുന്നവയാണെന്നും ഇവരൊക്കെ വിശദീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തുന്നതിനോ ചാര്‍ജ്‌ ചെയ്യുന്നതിനോ ജേക്കബ്‌ പുന്നൂസിന്റെ പോലീസിന്‌ 'ബാഹ്യമായ സമ്മര്‍ദ്ദശക്തികളില്‍' നിന്ന്‌ അനുവാദം ലഭിച്ചില്ല! കേസിലെ പല പ്രതികള്‍ക്കും രാജ്യാന്തരബന്ധമുണ്ടെന്ന്‌ ഉറപ്പായ സാഹചര്യത്തിലും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അവഗണിക്കുകയായിരുന്നു അല്ലെങ്കില്‍ അവഗണിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു അന്വേഷണ സംഘം. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന്‌ കോടിയേരിയും പിണറായിയും ജയരാജന്മാരും തോറ്റം പാടുന്നതും കേരളം കേട്ടതാണ്‌. എന്നാല്‍, ഈ തോറ്റം പാട്ടിലൂടെ ബഹളമുണ്ടാക്കി, ജനശ്രദ്ധ തിരിച്ചുവിട്ട്‌ പ്രതികളെ സുരക്ഷിതസ്ഥാനത്ത്‌ എത്തിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഇവരെല്ലാം എന്ന്‌ കേരളത്തിലെ പൊതുസമൂഹത്തെക്കൊണ്ട്‌ ചിന്തിപ്പിക്കുന്ന തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്‌.
ഇവിടെ മറ്റൊരുകാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌, ആതിരേ. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതാകയാല്‍ സംഘങ്ങളുടെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളും കണ്ടുകെട്ടണമെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോടിയേരി ബാലകൃഷ്ണനും വി.എസ്‌ അച്യുതാനന്ദനും ജേക്കബ്‌ പുന്നൂസുമൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി വിടുപണി ചെയ്യുകയാണെന്നും ഇവരുടെ ഈ അവധാനത മൂലമാണ്‌ കൈവെട്ട്‌ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ കഴിയാത്തതെന്നും ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ട്‌.
ശാസ്ര്തീയമായി കേസ്‌ അന്വേഷിച്ച്‌ തെളിയിക്കാന്‍ വൈഭവവും അനുഭവ പരിജ്ഞാനവുമുള്ള നിരവധി ഓഫീസര്‍മാര്‍ കേരളപോലീസിലുണ്ട്‌. എന്നാല്‍, സത്യസന്ധരായ ഇവരെ നോക്കുകുത്തികളാക്കി തച്ചങ്കരിയെ പോലെയുള്ള കാക്കി ക്രിമിനലുകളെ കേസ്‌ അന്വേഷണം ഏല്‍പ്പിച്ച്‌ അതിന്റെ പങ്കുപറ്റി മൂലധന വര്‍ധന നടത്തുകയാണ്‌ പാര്‍ട്ടിയും പാര്‍ട്ടിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളായ സമൂഹവിരുദ്ധരും എന്ന്‌ ഇപ്പോള്‍ പൂര്‍ണമായും തെളിയിക്കപ്പെട്ടുകഴിഞ്ഞു. ആവര്‍ത്തിക്കട്ടെ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നവരേക്കാള്‍ ഭയപ്പെടേണ്ടതും ആദ്യം തുറുങ്കിലടയ്ക്കപ്പെടേണ്ടതും ഈ രാജ്യദ്രോഹികളാണ്‌. എന്നാല്‍, ഭരണകൂടത്തിന്റെ ആനുകൂല്യം മുതലാക്കി ഇവര്‍ ഇപ്പോഴും രക്ഷപ്പെട്ട്‌ നില്‍ക്കുകയാണ്‌. എന്നാല്‍, വിഘടനവാദികള്‍ക്കും സമൂഹവിരുദ്ധ ശക്തികള്‍ക്കും ഉണ്ടാകുന്ന പരിണതി അതി ബീഭത്സമായിരിക്കുമെന്നാണ്‌, ആതിരേ കാലം നല്‍കുന്ന മുന്നറിയിപ്പ്‌

Thursday, August 26, 2010

നിര്‍ത്തുക, ഡോ.തോമസ്‌ ഐസക്ക്‌ ഈ ചൂതാട്ടം

അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊളളുന്നു എന്ന്‌ അവകാശപ്പെടുകയും അവരെ എല്ലാവിധ ചൂഷണങ്ങളില്‍ നിന്ന്‌ രക്ഷിക്കാനാണ്‌ പാര്‍ട്ടിയും ഭരണവുമെന്ന്‌ അഭിമാനിക്കുകയും ചെയ്യുമ്പോഴാണ്‌ പാര്‍ട്ടി അണികള്‍ അടക്കമുള്ള കേരളത്തിലെ സാധാരണക്കാരെ വഞ്ചിച്ചും ചൂഷണം ചെയ്തും ലോട്ടറി മാഫിയ കോടികളുടെ ലാഭം കൊയ്യുന്നത്‌. ജനപക്ഷ നിലപാടുകള്‍ ഉപേക്ഷിച്ച്‌, ആഡംബരത്തിലും സുഖ സൗകര്യങ്ങളിലും അഭിരമിച്ച്‌ മൂലധന ചൂഷകര്‍ക്കും സമാഹര്‍ത്തക്കള്‍ക്കും സംരക്ഷണം നല്‍കി ആ കളങ്കിത സ്വത്തിന്റെ കമ്മീഷന്‍ പറ്റി ഒരു പാര്‍ട്ടി അതിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുമ്പോള്‍ എങ്ങനെയാണ്‌ ഡോ. തോമസ്‌ ഐസക്‌ അടക്കമുള്ളവര്‍ക്ക്‌ ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുക?.


സിക്കിം - ഭൂട്ടാന്‍ തുടങ്ങിയ അന്യ സംസ്ഥാന ലോട്ടറികളുടെ മറവില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ലോട്ടറി മാഫിയ കേരളത്തിലെ സാധാരണക്കാരായ തൊഴിലാളികളടക്കമുള്ളവരെ കബളിപ്പിച്ച്‌ കോടികള്‍ പോക്കറ്റിലാക്കിട്ടും, ഇവരുടെ നടപടി നിയമവിരുദ്ധമാണെന്ന്‌ വ്യക്തമായി ബോദ്ധ്യമുണ്ടായിട്ടും, ഈ കൊടുംചൂഷണം തടയാന്‍ ചെറുവിരല്‍പോലും അനക്കാതെ ലോട്ടറിമാഫിയയ്ക്കുവേണ്ടി വക്കാലത്ത്‌ ഏറ്റെടുക്കുകയാണ്‌,ആതിരേ, ധനമന്ത്രി ഡോ. തോമസ്‌ ഐസ്ക്‌.
കേരളത്തിന്റെ പ്ലാന്‍ ഫണ്ടിനേക്കാള്‍ കൂടിയ തുകയാണ്‌ ലോട്ടറി ടിക്കറ്റ്‌ വില്‍പനയിലൂടെയും അതിന്റെ കൃത്രിമത്വങ്ങളിലൂടെയും ഈ മാഫിയ അടിച്ചുമാറ്റുന്നതെന്ന്‌ സമ്മതിക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദനും ഈ ചൂതാട്ടത്തിന്‌ കൂട്ടുനില്‍ക്കുന്ന ദുരന്തക്കാഴ്ചയാണ്‌ കേരളം കാണുന്നത്‌.
നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കാനുള്ള തുക പോലും നല്‍കാതെ (ഇത്‌ ഇപ്പോള്‍ 10,000 കോടിയലധികംവരും) കേരളത്തിലെ ഭാഗ്യന്വേഷികളെ അനുനിമിഷം വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഈ മാഫിയയെ ന്യായീകരിക്കാനാണ്‌ ഡോ. തോമസ്‌ ഐസക്‌ ഇപ്പോഴും ശ്രമിക്കുന്നത്‌. രാഷ്ട്രീയ സമവായം ഉണ്ടെങ്കില്‍ അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നു പറഞ്ഞ അദ്ദേഹം തന്നെയാണ്‌ സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ വ്യാജമെന്ന്‌ പറയാന്‍ കഴിയുകയില്ല എന്ന്‌ അവകാശപ്പെടുന്നത്‌.
ആതിരേ, ഭാഗ്യാന്വേഷികളെ വിവിധ രീതികളിലാണ്‌ ഈ മാഫിയ വഞ്ചിക്കുന്നത്‌. ഇക്കാര്യം വാസ്തവം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നതാണ്‌. 9 മാസത്തിനുള്ളില്‍ 9 ലക്ഷം രൂപ തുലച്ച്‌ വീടും പറമ്പും അന്യാധീനമാക്കിയ ആലുവായിലെ ലോട്ടറി ഭ്രാന്തനെപ്പോലെ നിരവധി പേരാണ്‌ ഇന്ന്‌ കേരളത്തില്‍ ഭാഗ്യം തേടി പെരുവഴിയിലായിരിക്കുന്നത്‌. നിര്‍മ്മാണതൊഴിലാളികള്‍ അടക്കമുള്ള ദിവസവേതനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാം അറിഞ്ഞോ അറിയാതെയോ ഈ ചൂഷണത്തിന്‌ ദിനം പ്രതി വിധേയരായിക്കൊണ്ടിരിക്കുകയാണ്‌. ലോട്ടറിയില്‍ ഭാഗ്യം പരിക്ഷീച്ച്‌ കിടപ്പാടവും ഭാര്യയുടെ കെട്ടുതാലിയുമൊക്കെ നഷ്ടപ്പെടുത്തി ആത്മഹത്യയില്‍ അഭയം തേടിയവരും നിരവധി. എന്നിട്ടും ഈ ലോട്ടറി മാഫിയയ്ക്ക്‌ യഥേഷ്ടം ഇവിടെ വിലസാനുള്ള ലൈസന്‍സാണ്‌ ധനമന്ത്രി അടക്കമുള്ള ഇടതുപക്ഷ ഭരണകര്‍ത്താക്കള്‍ നല്‍കിയിട്ടുള്ളത്‌.
കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഈ മാഫിയ നികുതിയിനത്തില്‍ മാത്രം 5000 കോടിയോളം രൂപ സര്‍ക്കാരിന്‌ നല്‍കാനുണ്ടായിരുന്നു. അന്ന്‌ ഈ ചൂഷണത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ വിഎസ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ ലോട്ടറി മാഫിയ തഴച്ച്‌ വളര്‍ന്നിട്ടുള്ളത്‌. ഈ വളര്‍ച്ചയക്ക്‌ പിന്നില്‍ , ആതിരേ, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഉന്നതന്മാരുടെ കൈയച്ച സഹായവും സംരക്ഷണവും ഉണ്ട്‌. പാര്‍ട്ടി പത്രത്തിനുവേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന്‌ രണ്ടു കോടി രൂപ ബോണ്ടായി വാങ്ങിയവര്‍ക്ക്‌ അദ്ദേഹത്തെ സഹായിച്ചേ കഴിയുകയുള്ളു.
ഈ വിഷയം വിവാദമാകുകയും ഇ.പി.ജയരാജന്‍ പൊതുസമൂഹമദ്ധ്യേ ചോദ്യം ചെയ്യപ്പെടുകയും അതിലൂടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇമേജ്‌ കളങ്കിതമാകുകയും ചെയ്തിട്ടും ലോട്ടറിമാഫിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ലോട്ടറി മാഫിയയ്ക്ക്‌ ചുവന്ന പരവതാനി വിരിക്കുകയും കുട പിടിയ്ക്കുകയും ചെയ്യുകയാണ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും ധനമന്ത്രി ഡോ. തോമസ്‌ ഐസകും.
മദ്യാസക്തി പോലെ കേരളത്തിലെ നിത്യവരുമാനക്കാരായ സാധാരണക്കാരെ ഗ്രസിച്ചിട്ടുള്ള ഭൂതമാണ്‌ ലോട്ടറി. അവസാന മൂന്നക്കങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച്‌ നൂറുകണക്കിന്‌ രൂപയാണ്‌ ഓരോ തൊഴിലാളിയും ലോട്ടറി ടിക്കറ്റ്‌ എടുക്കാന്‍ ചെലവാക്കുന്നത്‌. സ്മാര്‍ട്ട്സിറ്റിയായി കൊച്ചിയെ മാറ്റിതീര്‍ക്കാന്‍ ഇവിടെ എത്തി രക്തം വിയര്‍പ്പാക്കുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഈ വഞ്ചനയുടെ ദാരുണ ഇരകളാണ്‌. നിരവധി കുടുംബങ്ങള്‍ നിത്യദാരിദ്ര്യത്തിലേക്ക്‌ ഇതുമൂലം വഴുതിവീണിട്ടുണ്ട്‌. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിത്യേന മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടും ലോട്ടറിമാഫിയയുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അന്യ സംസ്ഥാന ലോട്ടറിയും ലോട്ടറി മാഫിയയും കേരളീയരെ പിഴിഞ്ഞൂറ്റുന്ന ദുഃഖകരമായ അവസ്ഥ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട്‌ വി.ഡി.സതീശന്‍ എംഎല്‍എ ആരോപിച്ചത്‌ പ്രതിപക്ഷം നൂറുകോടി രൂപ പാര്‍ട്ടിക്കും 25 കോടി രൂപ ധനമന്ത്രിക്കും ലോട്ടറി മാഫിയയില്‍ നിന്ന്‌ ല ഭിക്കുന്നുണ്ടെന്നാണ്‌. സ്പീക്കര്‍ക്ക്‌ എഴുതി കൊടുത്ത്‌ സതീശന്‍ നടത്തിയ ഈ വെല്ലുവിളിക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാന്‍ പോലും പാര്‍ട്ടിയോ ധനമന്ത്രിയോ തയ്യാറായില്ല. മറിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യമാണ്‌ കേരളത്തില്‍ അനധികൃത ലോട്ടറി വളര്‍ന്നുപന്തലിക്കാന്‍ കാരണമെന്ന്‌ വിശദീകരിച്ച്‌ മുഖം രക്ഷിക്കാനാണ്‌ ധനമന്ത്രി ശ്രമിച്ചത്‌.
കേന്ദ്രനിയമവും സുപ്രിം കോടതി വിധിയുംമൂലം സംസ്ഥാന സര്‍ക്കാരിന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണ്‌ എന്ന ന്യായമാണ്‌ , ആതിരേ, ഇപ്പോഴും ധനമന്ത്രി ആവര്‍ത്തിക്കുന്നത്‌. യുഡിഎഫ്‌ ഭരണകാലത്താണ്‌ അനധികൃത ലോട്ടറി മാഫിയയ്ക്ക്‌ ഇവിടെ വളരാന്‍ മണ്ണു നല്‍കിയതെന്നും കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്‌ അവര്‍ക്ക്‌ വളവും വെള്ളവും വെളിച്ചവും നല്‍കിക്കൊണ്ടിരിക്കുന്നതെന്നുമാണ്‌ ധനമന്ത്രിയുടെ ആരോപണം.
എന്നാല്‍ നിയമം ലംഘിക്കുന്ന ലോട്ടറിക്കാര്‍ക്കെതിരെ കേസ്സെടുക്കാനും കോടതികളുടെ വാറണ്ടോടെ സ്ഥാപനങ്ങള്‍ റെയ്ഡ്‌ ചെയ്യാനും 2009 നവംബറില്‍ സുപ്രിം കോടതി ഇടക്കാല ഉത്തരവ്‌ നല്‍കിയിട്ടുണ്ടെന്ന വാസ്തവം തമസ്ക്കരിച്ചുകൊണ്ടാണ്‌,ആതിരേ, ധനമന്ത്രി തന്റെ മുട്ടാപ്പോക്ക്‌ ന്യായങ്ങള്‍ നിരത്തുന്നത്‌. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്‌ അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന്‌ അധികാരം ഉണ്ട്‌ എന്നാണ്‌. എന്നിട്ടും സിക്കിം-ഭൂട്ടാന്‍ ലോട്ടറികള്‍ വ്യാജമാണെന്ന്‌ പറയാനാവല്ല എന്ന പല്ലവിയാണ്‌ തോമസ്‌ ഐസ്ക്‌ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്‌. വ്യാജ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രിം കോടതി കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടതാണ്‌. എന്നാല്‍ ഇതുവരെ കേന്ദ്രം അനങ്ങിയിട്ടില്ല എന്നുമദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധ ലോട്ടറി നടത്തിപ്പിനെതിരെ 2004 മുതല്‍ 14 തവണ കേന്ദ്രത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ കത്തോ നിവേദനമോ നല്‍കിട്ടുണ്ട്‌. എന്നാല്‍ സക്കിം-ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ ആണെന്ന്‌ വ്യക്തമാക്കിയുള്ള ഒരു മറുപടിയാണ്‌ ആകെ ലഭിച്ചിട്ടുള്ളത്‌. സംസ്ഥാനത്തെ അന്യ സംസ്ഥാന ലോട്ടറികള്‍ അര്‍ബ്ബുദം പോലെ ബാധിച്ചിരിക്കുന്നു എന്നത്‌ ശരിയാണ്‌. ഏതു ലോട്ടറിയിലും ചൂതാട്ടത്തിന്റെ അംശമുണ്ട്‌. അതുകൊണ്ട്‌ ലോട്ടറിയെടുപ്പ്‌ ലഹരിയായി ആരും അതിന്‌ അടിമപ്പെടരുത്‌ എന്നാണ്‌ സദുപദേശം നല്‍കി ഉത്തരവാദിത്തത്തില്‍ നിന്ന്‌ പിന്മാറുകയാണ്‌ ഡോ. തോമസ്‌ ഐസക്‌.
എന്നാല്‍ അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തിന്‌ അധികാരമില്ലെന്നാണ്‌ തങ്ങള്‍ ഇതുവരെ കരുതിയിരുന്നതെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരന്‌ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന്‌ പരിശോധച്ച്‌ നടപടി സ്വീകരിക്കും എന്നാണ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പ്രതികരിച്ചത്‌.
ഒരേ വിഷയത്തില്‍, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ കാര്യത്തില്‍ എങ്ങനെയാണ്‌ ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇങ്ങനെ രണ്ടു നിലപാടുണ്ടായതെന്ന്‌ വിശകലനം ചെയ്യുമ്പോഴാണ്‌ ആതിരേ, സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകിച്ച്‌ ധനമന്ത്രി നടത്തുന്ന ചൂതാട്ടം വ്യക്തമാകുന്നത്‌. സിക്കിം ഭൂട്ടാന്‍ ലോട്ടറികളുടെ നറുക്കെടുപ്പ്‌ എവിടെ വച്ചാണ്‌ നടത്തുന്നതെന്നുപോലും ധനമന്ത്രിക്ക്‌ ബോദ്ധ്യമില്ല. എന്നാല്‍ പാര്‍ട്ടിചാനലില്‍ എല്ലാ ദിവസവും നറുക്കെടുപ്പിന്റെ തല്‍സമയ സംപ്രേക്ഷണമുണ്ട്‌. ഇതേക്കുറിച്ച ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ മുഖത്തടിക്കുന്നതുപോലെ അക്കാര്യം പാര്‍ട്ടി ചാനലിനോട്‌ ചോദിച്ചാല്‍ മതി എന്ന ധാര്‍ഷ്ഠ്യത നിറഞ്ഞ മറുപടി നല്‍കി രക്ഷപെടുകയാണ്‌ ധനമന്ത്രി ചെയ്തത്‌.
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊളളുന്നു എന്ന്‌ അവകാശപ്പെടുകയും അവരെ എല്ലാവിധ ചൂഷണങ്ങളില്‍ നിന്ന്‌ രക്ഷിക്കാനാണ്‌ പാര്‍ട്ടിയും ഭരണവുമെന്ന്‌ അഭിമാനിക്കുകയും ചെയ്യുമ്പോഴാണ്‌ പാര്‍ട്ടി അണികള്‍ അടക്കമുള്ള കേരളത്തിലെ സാധാരണക്കാരെ വഞ്ചിച്ചും ചൂഷണം ചെയ്തും ലോട്ടറി മാഫിയ കോടികളുടെ ലാഭം കൊയ്യുന്നത്‌. ജനപക്ഷ നിലപാടുകള്‍ ഉപേക്ഷിച്ച്‌, ആഡംബരത്തിലും സുഖ സൗകര്യങ്ങളിലും അഭിരമിച്ച്‌ മൂലധന ചൂഷകര്‍ക്കും സമാഹര്‍ത്തക്കള്‍ക്കും സംരക്ഷണം നല്‍കി ആ കളങ്കിത സ്വത്തിന്റെ കമ്മീഷന്‍ പറ്റി ഒരു പാര്‍ട്ടി അതിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുമ്പോള്‍ എങ്ങനെയാണ്‌ അതിരേ, ഡോ. തോമസ്‌ ഐസക്‌ അടക്കമുള്ളവര്‍ക്ക്‌ ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുക?.
കേരളത്തിലെ അദ്ധ്വാനിക്കുന്ന സാധാരണക്കാരടക്കമുള്ള നികുതിദായകരേയും സമ്മതിദായകരെയും ചൂതാട്ടത്തിന്റെ കൊടുംമാരണങ്ങളിലേക്ക്‌ തള്ളിവിട്ട്‌ പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്ത ഡോ. തോമസ്‌ ഐസക്‌ അടക്കമുള്ളവര്‍ക്ക്‌ എതിരെയാണ്‌ യഥാര്‍ത്ഥത്തില്‍ ശിക്ഷണനടപടികള്‍ സ്വീകരിക്കേണ്ടത്‌. കുറ്റം ചെയ്യുന്നതിലും ശിക്ഷാര്‍ഹമാണ്‌ കുറ്റകൃത്യത്തിന്‌ കൂട്ടുനില്‍ക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിന്‌ ലോട്ടറി മാഫിയയെ നിയമപരമായി നിയന്ത്രിക്കാന്‍ കഴിയുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം വരെ ദയനീയമായി പറഞ്ഞ തോമസ്‌ ഐസക്കാണ്‌ ഇപ്പോള്‍ രാഷ്ട്രീയ സമവായം ഉണ്ടെങ്കില്‍ ഈ മാഫിയയ്ക്കെതിരെ നടപടിയെടുക്കാമെന്ന്‌ സമ്മതിച്ചിരിക്കുന്നത്‌. അതായത്‌ ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ കഴിഞ്ഞ നാലുവര്‍ഷവും തോമസ്‌ ഐസക്‌ അടക്കമുള്ളവര്‍ അവരെ പ്രതിരോധിച്ചതും സംരക്ഷിച്ചതുമെന്നു സാരം. വോട്ടു നല്‍കിയ വിജയിപ്പിച്ച കേരളത്തിലെ സാധാരണക്കാരെ ഇത്തരത്തില്‍ ചൂതാട്ടത്തിന്‌ വിധേയനാക്കിയ തോമസ്‌ ഐസക്‌ ആണ്‌ ആദ്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടത്‌. എന്നിട്ടുമതി ലോട്ടറി മാഫിയയ്ക്ക്‌ എതിരായുള്ള നടപടികള്‍

Friday, August 20, 2010

എട്ടുകാലി മമ്മൂഞ്ഞുമാരുടെ വര്‍ഗീയ അജണ്ട

കൊണ്ടാലും പഠിക്കില്ല എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ്‌ മദനിയുമായുള്ള ബന്ധം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം തുടര്‍ന്ന്‌ പോന്നത്‌. ഇവരുടെ സമ്മര്‍ദ്ദമാണ്‌ മദനിയുടെ അറസ്റ്റ്‌ ഇത്ര അപഹാസ്യമാക്കി തീര്‍ത്തത്‌. കേരളത്തിലെ ന്യൂനപക്ഷ തീവ്രവാദത്തോട്‌ ഇടതുപക്ഷ സര്‍ക്കാരും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പ്രബല-സമ്മര്‍ദ്ദ വിഭാഗം മൃദുസമീപനമാണ്‌ തുടരുന്നതെന്ന ആരോപണത്തെ സാര്‍ത്ഥകമാക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരുന്നു ഈ നിലപാട്‌. പോലീസിലെ ഉന്നതരടക്കമുള്ളവരുടെ സഹായവും സംരക്ഷണവും ഈ തീവ്രവാദി വിഭാഗത്തിന്‌ ലഭിക്കുന്നുണ്ട്‌ എന്ന്‌ ചിന്തിപ്പിക്കുന്ന തലത്തിലേക്കാണ്‌ ഇതുവരെയുള്ള നടപടികള്‍ പരിണമിച്ചിട്ടുള്ളത്‌. സവര്‍ണ്ണ ഹിന്തുത്വ തീവ്രവാദ ചിന്തകളെ കണ്‍സോളിഡേറ്റ്‌ ചെയ്യിക്കാനാണ് ഈ നടപടി ഉതകിയത്‌. ഇത്‌ വരും കാലത്ത്‌ വന്‍ സ്ഫോടനാത്മകമായ അവസരങ്ങളാകും സൃഷ്ടിക്കുക.



അങ്ങനെ, ആതിരേ കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും നിലവിലിരിക്കുന്ന ഭരണഘടനാ കീഴ്‌വക്കങ്ങളെയും അധിക്ഷേപിച്ചും അവഹേളിച്ചും കോടിയേരി ബാലകൃഷ്ണന്റെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസിന്റെ സഹായത്തോടെ ബാംഗ്ലൂര്‍ പോലീസ്‌ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റുചെയ്തു.
കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ട മദനിയെയാണ്‌ ഐജി എ. ഹേമചന്ദ്രന്റെയും കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരിയുടെയും നേതൃത്വത്തിലുള്ള കേരള പോലീസിന്റെ വന്‍ സുരക്ഷാ സന്നാഹത്തിന്‌ നടുവില്‍ അന്‍വാര്‍ശേരി കോമ്പൗണ്ടിനകത്ത്‌ വച്ച്‌ ഓഗസ്റ്റ്‌ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 1.17 അറസ്റ്റ്‌ ചെയ്തത്‌. അന്വേഷണ സംഘത്തലവനും ജോയിന്റ്‌ കമ്മീഷണറുമായ അലോക്‌ കുമാറിന്റെ സാന്നിധ്യത്തില്‍ ബാംഗ്ലൂര്‍ പോലീസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകായ്യയാണ്‌ അറസ്റ്റ്‌ നടപ്പിലാക്കിയത്‌.
അറസ്റ്റ്‌ ചെയ്യാന്‍ കര്‍ണ്ണാടക പോലീസും മദനി കീഴടങ്ങട്ടെ എന്ന രാഷ്ട്രീയ ദുഷ്ടലാക്കോടെ ആഭ്യന്തരവകുപ്പും അന്‍വാര്‍ശേരിയെ നാലുദിവസത്തിലധികം ഉഴുതുമറിച്ച നാടകീയതയ്ക്ക്‌ പിന്നീടായിരുന്നു മദനിയുടെ അറസ്റ്റ്‌.
ആതിരേ, ഇതുപോലെ അപഹാസ്യമായ ഒരു അറസ്റ്റ്‌ നാടകം കേരളത്തിന്റെ ഓര്‍മ്മയിലില്ല. പിഡിപി അണികളുടെ ആഗ്രഹം മാനിച്ച്‌ അറസ്റ്റ്‌ കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാന്‍ ആഭ്യന്തരവകുപ്പ്‌ എല്ലാ കുതന്ത്രങ്ങളും പയറ്റിയപ്പോള്‍ കേരളത്തിലെ പോലീസ്‌ സേനയ്ക്കിടയിലേയ്ക്ക്‌ പുതിയ ആശയക്കുഴപ്പവും മടുപ്പുമാണ്‌ ഭരണകൂടം കുത്തിവെച്ചത്‌. കൊല്ലം ജില്ലയിലെയും സമീപ ജില്ലകളിലെയും നൂറ്‌ കണക്കിന്‌ പോലീസുകാരെ അന്‍വാര്‍ശേരിക്കു ചുറ്റും നാലുദിവസം കാവല്‍ കിടത്തിയശേഷമായിരുന്നു അറസ്റ്റ്‌. രാത്രി ഒഴികെ ഒരു സമയം 750 പോലീസുകാരെ വരെ അന്‍വാര്‍ശേരിയില്‍ വിന്യസിച്ചിരുന്നു. അടൂര്‍ കെഎപി ക്യാമ്പില്‍ പാസിങ്‌ ഔട്ട്‌ പരേഡ്‌ കഴിഞ്ഞവരില്‍ 250 ഓളം പേരെയാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ അന്‍വാര്‍ശേരിയില്‍ നിയോഗിച്ചത്‌. തൃശൂര്‍ കെഎപി ക്യാമ്പില്‍ നിന്നുവരെ പോലീസിനെ ഇവിടെ എത്തിച്ചിരുന്നു.
മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ മടുപ്പുളവാക്കുന്ന ഇത്രയും നീണ്ട നടപടികളുടെ ആവശ്യമുണ്ടായിരുന്നോ എന്നതാണ്‌,ആതിരേ, ഇപ്പോള്‍ സാധാരണ പോലീസുകാരും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും തമ്മില്‍ തമ്മില്‍ ചോദിക്കുന്നത്‌. ഭക്ഷണവും വെള്ളവും വിശ്രമിക്കാന്‍ ഇടവുമില്ലാതെ ഇത്രയധികം പോലീസുകാരെ ഈ ഒരു അറസ്റ്റിനുവേണ്ടി ബുദ്ധിമുട്ടിച്ചത്‌ ആരുടെ ബുദ്ധിയായിരുന്നു എന്നും പോലീസ്‌ സേനയ്ക്കിടയില്‍ രോഷം കലര്‍ന്ന ചോദ്യമുണ്ട്‌. ഭക്ഷണവും വെള്ളവും വിശ്രമവുമില്ലാതെ ഒരു വനിതാപോലീസ്‌ കുഴഞ്ഞുവീണ അനുഭവം വരെ അന്‍വാര്‍ശേരിയിലുണ്ടായി.
ഇത്രയൊക്കെ നാണംകെട്ട അവധാനത പുലര്‍ത്തിയിട്ടും മദനിയുടെ അറസ്റ്റിന്‌ കേരള പോലീസ്‌ എല്ലാവിധ സഹായവും ചെയ്തുകൊടുത്തു എന്നാണ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടത്‌.ആതിരേ, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ്‌, ലക്ഷ്മിക്കുട്ടിയെന്ന ആനയ്ക്കുണ്ടായ കുട്ടിയും തന്റേതാണെന്ന്‌ അവകാശപ്പെട്ട അശ്ലീതയെ ലജ്ജിപ്പിക്കുന്ന അവകാശവാദമായിരുന്നു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റേത്‌.
കര്‍ണാടക ഹൈക്കോടതി, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍, അബ്ദുള്‍ നാസര്‍ മദനി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ ബാംഗ്ലൂര്‍ പോലീസ്‌ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ അന്‍വാര്‍ശേരിയിലെത്തിയത്‌. ഇന്ത്യയില്‍ നിലവിലിരിക്കുന്ന കീഴ്‌വഴക്കമനുസരിച്ച്‌ മദനിയെ അറസ്റ്റ്‌ ചെയ്യാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കാന്‍ കേരളപോലീസ്‌ ബാധ്യസ്ഥരായിരുന്നു. എന്നാല്‍, 'ചില പ്രത്യേക കാരണങ്ങളാല്‍' കേരളപോലീസില്‍ നിന്ന്‌ ലഭിക്കേണ്ട സഹായം കിട്ടാത്തതുമൂലം നാലുദിവസത്തോളം ബാംഗ്ലൂര്‍ പോലീസിന്‌ കൊല്ലം റസ്റ്റ്‌ ഹൗസില്‍ കാത്തിരിക്കേണ്ടിവന്നു. ഇതിനിടയിലായിരുന്നു രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം. അബ്ദുള്‍നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്താല്‍ ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ മറവിലും രാഷ്ട്രപതിയുടെ സുരക്ഷക്കായി കൂടുതല്‍ പോലീസിനെ നിയോഗിക്കേണ്ടിവന്നതിന്റെ മറവിലും അറസ്റ്റ്‌ ദീര്‍ഘിപ്പിക്കുകയായിരുന്നു ആഭ്യന്തരവകുപ്പും ആ വകുപ്പിനെ ഭരിക്കുന്ന ഭരണകൂടാതീതമായ ചില ശക്തികളും.
ഇവിടെയാണ്‌,ആതിരേ, അബ്ദുള്‍നാസര്‍ മദനിയുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിന്റെ അശ്ലീല മുഖം നാലുദിവസമായി കേരളത്തിലെ പൊതുസമൂഹവും ലോകവും കണ്ട്‌ മൂക്കത്ത്‌ വിരല്‍ വെച്ച്‌ നിന്നത്‌. അബ്ദുള്‍നാസര്‍ മദനിയെ കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെടുത്തി ജയിലിലടച്ചതിന്‌ കാരണമായ അറസ്റ്റ്‌ നടന്നത്‌ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌. ഈ അറസ്റ്റ്‌ സൃഷ്ടിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളില്‍ നിന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മുക്തമായിരുന്നില്ല. ന്യൂനപക്ഷ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഭരണസമയത്ത്‌ നടന്ന അറസ്റ്റിനെ തുടര്‍ന്നാണ്‌ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍നാസര്‍ മദനിയെ ഒരുദശകത്തോളം സേലം അടക്കമുള്ള ജയിലുകളില്‍ ക്രൂരമായി പീഡിപ്പിച്ചത്‌. തെരഞ്ഞെടുപ്പുമായുള്ള രാഷ്ട്രീയ പാരസ്പര്യത്തില്‍ ഇടതുമുന്നണിക്ക്‌ ഇത്‌ ക്ഷീണമുണ്ടാക്കി എന്ന്‌ തിരിച്ചറിഞ്ഞാണ്‌ മദനിയുടെ ജയില്‍ മോചനത്തിനായി വി.എസ്‌ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്‌. ഒരു നിരപരാധിയെ വിചാരണതടവുകാരനാക്കി ക്രൂരമായി പീഡിപ്പിച്ച ഭരണകൂട ഭീകരതയ്ക്കെതിരായ ചെറുത്തുനില്‍പ്പും പ്രതിഷേധവുമായിരുന്നു വി.എസ്‌ അടക്കമുള്ള നേതാക്കളെ മദനിയുടെ മോചനത്തിനായി യത്നിക്കാന്‍ പ്രേരിപ്പിച്ചത്‌.
അതിന്റെ തുടര്‍ച്ചയായിട്ടാണ്‌, ആതിരേ ജയില്‍ മോചിതനായ മദനിക്ക്‌ ശംഖുമുഖത്ത്‌ വന്‍ സ്വീകരണം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും ഇടതുപക്ഷമുന്നണിയുടെയും സഹായത്തോടെ നല്‍കിയത്‌. ആ രാഷ്ട്രീയ ബാന്ധവമായിരുന്നു കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ കണ്ടത്‌. എന്നാല്‍, അതിന്‌ മുമ്പ്‌ തന്നെ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലും തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട തീവ്രവാദ കേസിലും അബ്ദുള്‍ നാസര്‍ മദനിക്കും ഭാര്യ സൂഫി മദനിക്കും ബന്ധമുണ്ട്‌ എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിഡിപി തീവ്രവാദ സംഘടയാണ്‌ എന്ന ബോധം അങ്ങനെ കേരളത്തിലെ പൊതുസമൂഹത്തില്‍ രൂഢമൂലമായിരിക്കുമ്പോഴാണ്‌ മദനി ജനാധിപത്യ പൊതുധാരയിലേയ്ക്ക്‌ എത്തി എന്ന്‌ അവകാശപ്പെട്ട്‌ പിണറായി വിജയനും സഖാക്കളും മദനിയുമായി അടവുനയം രൂപീകരിച്ചത്‌. ഇതിനെ വി.എസ്‌ അടക്കമുള്ള സഖാക്കളും കേരളത്തിന്റെ പൊതുസമൂഹവും എതിര്‍ത്തിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ പൊന്നാനി അടക്കമുള്ള സീറ്റുകളിലെ ഇടതുപക്ഷത്തിന്റെ നാണംകെട്ട പരാജയം.
കൊണ്ടാലും പഠിക്കില്ല എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ്‌ പിന്നീടും മദനിയുമായുള്ള ബന്ധം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം തുടര്‍ന്ന്‌ പോന്നത്‌. ഇവരുടെ സമ്മര്‍ദ്ദമാണ്‌, ആതിരേ, മദനിയുടെ അറസ്റ്റ്‌ ഇത്ര അപഹാസ്യമാക്കി തീര്‍ത്തത്‌. പിഡിപി അണികള്‍ ആഗ്രഹിച്ചതുപോലെ മദനിയുടെ അറസ്റ്റ്‌ നീട്ടിക്കൊണ്ടുപോകാനായിരുന്നു നിയമവും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ടുള്ള ഈ നടപടികള്‍. ഇത്‌ ഭീകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ന്യൂനപക്ഷ തീവ്രവാദത്തോട്‌ ഇടതുപക്ഷ സര്‍ക്കാരും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പ്രബല-സമ്മര്‍ദ്ദ വിഭാഗവും മൃദുസമീപനമാണ്‌ തുടരുന്നതെന്ന ആരോപണത്തെ സാര്‍ത്ഥകമാക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരുന്നു ഈ നിലപാട്‌. മദനിയുടെ കാര്യത്തില്‍ മാത്രമല്ല ന്യൂമാന്‍ കോളജ്‌ അധ്യാപകന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലും ഇതേ മൃദു സമീപനമാണ്‌ ആഭ്യന്തരവകുപ്പ്‌ അനുവര്‍ത്തിക്കുന്നതെന്ന്‌ പൊതുസമൂഹത്തെ കൊണ്ട്‌ സംശയിപ്പിക്കുന്ന രീതിയിലാണ്‌ അന്വേഷണത്തിന്റെ പോക്ക്‌. സംഭവം നടന്ന്‌ ഒന്നരമാസം കഴിഞ്ഞിട്ടും പ്രതികളിലൊരാളെ പോലും കണ്ടെത്താന്‍ മിടുക്കരെന്ന്‌ അവകാശപ്പെടുന്ന കേരളത്തിലെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. പോലീസിലെ ഉന്നതരടക്കമുള്ളവരുടെ സഹായവും സംരക്ഷണവും ഈ തീവ്രവാദി വിഭാഗത്തിന്‌ ലഭിക്കുന്നുണ്ട്‌ എന്ന്‌ ചിന്തിപ്പിക്കുന്ന തലത്തിലേക്കാണ്‌ ഇതുവരെയുള്ള നടപടികള്‍ പരിണമിച്ചിട്ടുള്ളത്‌. മദനിയുടെ അറസ്റ്റ്‌ വൈകിക്കുകവഴി ഈ ചിന്തക്ക്‌ അപകടകരമായി വളരാനുള്ള ഭൂമികയാണ്‌ ആഭ്യന്തരവകുപ്പ്‌ സൃഷ്ടിച്ചത്‌. സവര്‍ണ്ണ ഹിന്തുത്വ തീവ്രവാദ ചിന്തകളെ കണ്‍സോളിഡേറ്റ്‌ ചെയ്യിക്കാനാണ്‌ ഈ നടപടി ഉതകിയത്‌.ആതിരേ, ഇത്‌ വരും കാലത്ത്‌ വന്‍ സ്ഫോടനാത്മകമായ പരിസരങ്ങളാകും സൃഷ്ടിക്കുക.
സമാനമായ ഒരു സംഘര്‍ഷവും സംസ്ഥാനങ്ങള്‍ തമ്മില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌. കര്‍ണാടക ഹൈക്കോടതി കുറ്റവാളിയെന്ന്‌ വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്‌ ചെയ്യാനെത്തിയ ബാംഗ്ലൂരിലെ പോലീസിനെ രാഷ്ട്രീയ കാരണങ്ങളാല്‍ നാല്‌ ദിവസത്തോളം നിഷ്ക്രിയരായി നിര്‍ത്തിയത്‌ നിസാര സംഭവമല്ല. ഇനി കേരളത്തില്‍ നിന്ന്‌ ഒരു പ്രതിയെ തേടി മറ്റേതെങ്കിലും സംസ്ഥാനത്ത്‌ പോലീസ്‌ പോകേണ്ടി വന്നാല്‍ അവിടത്തെ ഭരണകൂടം രാഷ്ട്രീയകാരണങ്ങള്‍ പറഞ്ഞ്‌ ഇത്തരത്തില്‍ നീതി നിര്‍വഹണത്തെ തടസ്സപ്പെടുത്താനുള്ള കീഴ്‌വഴക്കം കൂടിയാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഇത്‌ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ രീതികള്‍ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ഏല്‍പ്പിച്ചിട്ടുള്ളത്‌ വലിയ ആഘാതമാണ്‌. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ഇടതുപക്ഷ സര്‍ക്കാരിനും രക്ഷപ്പെടാന്‍ കഴിയുകയില്ല.
മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കര്‍ണാടക പോലീസിനെ സഹായിച്ചു എന്നവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ്‌ ഭീകരവാദികളേക്കാള്‍ ഭയപ്പേടേണ്ടവരെന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്‌, ആതിരെ....

Wednesday, August 18, 2010

ഈ വിധി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ബാധകമാക്കേണ്ടേ?

ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഉള്ള അതേ പൗരാവകാശങ്ങളാണ്‌ സാധാരണക്കാരായ വ്യക്തികള്‍ക്കും ഉള്ളത്‌. ഒരാളുടെബാധകമാക്കേണ്ടതല്ലേ...? അവകാശങ്ങള്‍ക്കുവേണ്ടി മറ്റൊരാളുടെ അവകാശങ്ങള്‍ തടയുന്നതും ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്‌. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയുമൊക്കെ സന്ദര്‍ശനത്തിനോടുബന്ധിച്ച്‌ നടത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണ്‌, മൗലികാവകാശ ലംഘനമാണ്‌. അതുകൊണ്ട്‌ കേരള ഹൈക്കോടതിയുടെ ഈ വിധി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കൂടി ബാധകമാക്കേണ്ടതല്ലേ..?



പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന പൊതുനിരത്തിലെ യോഗങ്ങളും റാലികളും നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സിങ്കിള്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും വിധി തീര്‍ച്ചയായും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നീതി നടത്തിപ്പായിരുന്നു, ആതിരേ... രാഷ്ട്രീയപാര്‍ട്ടികളുടെയും മതസംഘടനകളുടെയും സാമുദായിക സംഘങ്ങളുടെയും ശക്തിപ്രകടനത്തിനുവേണ്ടി പൊതുനിരത്തുകള്‍ ഉപയോഗിക്ക്പ്പെടുമ്പോള്‍ സാധാരണക്കാരായ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ്‌ ലംഘിക്കപ്പെടുന്നതെന്ന കാര്യത്തില്‍ ആര്‍ക്കണ്‌ സന്ദേഹമുള്ളത്‌..?
എന്നാല്‍ ഇവരെല്ലാം തന്നെ പൊതുജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടുകയും പൊതുസമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്‌ ഇത്തരം ശക്തിപ്രകടനങ്ങളെന്ന്‌ അഭിമാനിക്കുകയും ചെയ്യുമ്പോഴാണ്‌ കൃത്യസമയത്ത്‌ ജോലിക്ക്‌ എത്താനാകാതെ അല്ലെങ്കില്‍ ജോലി കഴിഞ്ഞ്‌ വീടുകളില്‍ എത്താന്‍ കഴിയാതെ, രോഗികളെ ആശുപത്രിയില്‍ എത്തിക്കാനാകാതെ, പെരുവഴിയില്‍ ആശങ്കാകുലരായി നില്‍ക്കാന്‍ സാധാരണക്കാരന്‍ വിധിക്കപ്പെടുന്നത്‌.
സംഘടിതമായ ഈ കൈയ്യേറ്റത്തിനെതിരെ ഉണ്ടായ നീതിയുടെ ശക്തമായ ഇടപെടലായിരുന്നു, ആതിരേ, കേരള ഹൈക്കോടതിയുടെ വിധികള്‍. വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌. പൊതുയോഗം നടത്തി. പൊതുനിരത്ത്‌ തടസ്സപ്പെടുത്തുന്നത്‌ കുറ്റകരമാണ്‌. ഗതാഗത ആവശ്യത്തിനല്ലാതെ റോഡുകള്‍ തടസ്സപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്യുന്നത്‌ കൈയ്യേറ്റമാണ്‌ - ഇങ്ങനെ പോകുന്നു ഈ വിധിയുടെ ഗൗരവമായ വശങ്ങള്‍.
വഴിയോരത്ത്‌ യോഗം നടത്തി പൊതുനിരത്ത്‌ തടസ്സപ്പെടുത്തുന്നത്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 431, 339 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്‌. 1999ലെ ഹൈവേ സംരക്ഷണ നിയമം അനുസരിച്ച്‌ ഗതാഗത ആവശ്യത്തിനല്ലാതെ ഹൈവേ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തുകയോ കേടു വരുത്തുകയോ ചെയ്യുന്നത്‌ കൈയ്യേറ്റമാണ്‌. പന്തല്‍,സ്റ്റേജ്‌, ബോര്‍ഡ്‌ ഇവ സ്ഥാപിക്കുന്നതും കൈയ്യേറ്റമാണ്‌. ഹൈവേയുടെ ഏതെങ്കിലും ഭാഗം ഗതാഗതത്തിന്‌ അല്ലാതെ ഉപയോഗിക്കുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. അത്‌ ലംഘിക്കുന്നവര്‍ക്ക്‌ ശിക്ഷയുമുണ്ട്‌. മുനിസിപ്പല്‍, പഞ്ചായത്ത്‌ റോഡുകളുടെ കാര്യത്തിലും സമാനമായ നിയമങ്ങളുണ്ട്‌. ഈ നിയമത്തിലൊന്നിലും റോഡിന്റെ ഭാഗമല്ലാതെ മാറ്റിനിര്‍ത്താവുന്ന ഭാഗങ്ങളെക്കുറിച്ച്‌ പറയുകയോ ഏതെങ്കിലും ഭാഗത്ത്‌ യോഗം നടത്താന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. താല്‍ക്കാലികമായി പോലും റോഡ്‌ തടസ്സപ്പെടുത്തുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌. അതിനാല്‍ ഗതാഗതം തട്സപ്പെടുത്തിക്കൊണ്ടുള്ള യോഗങ്ങള്‍ കുറ്റകരമാണ്‌ എന്നും ഹൈക്കോടതിയുടെ വിധി വ്യക്തമാക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ഒരു വ്യക്തിക്കുള്ള അവകാശം , മറ്റൊരു വ്യക്തിയുടെ സമാധാനപരമായ ജീവിതത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും ഉള്ള ഇടപെടലാകരുത്‌. ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 133-ാ‍ം വകുപ്പ്‌ പ്രകാരം ആര്‍ഡിഒയ്ക്ക്‌ ബാദ്ധ്യതയുണ്ട്‌. ഗതാഗത തടസ്സങ്ങളില്‍ ജീവന്‍ പോലും അപകടത്തിലാക്കുന്ന രോഗികള്‍, പരിക്കേറ്റവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണം. കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത്‌ ദിവസേന ശരാശരി പത്തിലേറെപേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. 3700-3900 വരെ ആളുകളാണ്‌ വര്‍ഷത്തില്‍ മരിക്കുന്നത്‌. 25000 പേര്‍ക്ക്‌ ഗുരുതരമായ പരിക്കും 10,000 പേര്‍ക്ക്‌ സാധാരണ പരിക്കും ഏല്‍ക്കുന്നു. ഈ കണക്കിന്റെയും കൂടി അടിസ്ഥാനത്തിലാണ്‌ കോടതി വധി പ്രഖ്യാപിച്ചത്‌.
എന്നാല്‍, ആതിരേ, സിങ്കിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷ മുന്നണിയിലെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ നേതാക്കളും അസഹിഷ്ണുതയോടെയാണ്‌ പ്രതികരിച്ചത്‌. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായുള്ള കോടതിയുടെ കടന്നുകയറ്റമാണ്‌ സിങ്കിള്‍ ബഞ്ചിന്റെ വിധി എന്നു വ്യാഖ്യാനിച്ചാണ്‌ എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഇവര്‍ ഉയര്‍ത്തിയത്‌. നീതിപീഠത്തേയും പൊതുസമൂഹത്തിന്റെ മൗലിക അവകാശമായ സഞ്ചാര സ്വാതന്ത്ര്യത്തേയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു എം.വി.ജയരാജന്‍ അടക്കമുള്ളവര്‍ ധാര്‍ഷ്ട്യതയോടെ അഭിപ്രായം പ്രകടിപ്പിച്ചത്‌. എസ്‌എന്‍സി ലാവ്ലിന്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക്‌ വിട്ടുകൊണ്ടുള്ള കോടതി വിധി വന്നതിനുശേഷം കോടിതികളെ കടിച്ചുകീറിയും ന്യായാധിപന്മാരെ വ്യക്തിപരമായി അധിക്ഷേപിച്ചും അവഹേളിച്ചുമാണ്‌ ഇവര്‍ കോടതിവിധികളോട്‌ പ്രതികരിച്ചുപോരുന്നത്‌.
എന്നുമാത്രമല്ല, സിങ്കിള്‍ ബഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ നീതിനിര്‍വ്വഹണത്തിന്റെയും നീതിപാലനത്തിന്റെയും എല്ലാ അടിസ്ഥാന മര്യാദകളും ലംഘിച്ചുകൊണ്ടാണ്‌ സര്‍ക്കാര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചത്‌. വിധി പ്രഖ്യാപിച്ച സിങ്കിള്‍ ബഞ്ച്‌ ജഡ്ജിയെ ഒഴിവാക്കണമെന്ന്‌ നികൃഷ്ടമായ ഒരു ആവശ്യവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാരും സര്‍ക്കാരും ഉന്നയിച്ചു. ഈ ആവശ്യമാണ്‌ സര്‍ക്കാരിനുവേണ്ടി പാദസേവകനായ ഒരു ഡെപ്യൂട്ടി സെക്രട്ടറി ഹര്‍ജിയില്‍ ഉന്നയിച്ചത്‌. എന്നാല്‍ ഇങ്ങനെ ഒരു ആവശ്യം അതായത്‌ വിധി പ്രഖ്യാപിച്ച സിങ്കിള്‍ ബഞ്ച്‌ ജഡ്ജിയെ മാറ്റിനിര്‍ത്തണമെന്ന്‌ നിയമവകുപ്പോ മുഖ്യമന്ത്രിയോ ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും ഏതൊക്കൊയോ രാഷ്ട്രീയ മേലാളന്മാര്‍ക്കുവേണ്ടിയാണ്‌ ഈ ഡെപ്യൂട്ടി സെക്രട്ടറി കുഴലൂത്തുകാരനായത്‌.കോടതികളേയും ന്യാധിപന്മരേയും പരസ്യമായി വെല്ലുവിളിക്കുന്ന, പൊതുസമൂഹ മദ്ധ്യേ അവഹേളിക്കുന്ന ഈ നിലപാട്‌ സര്‍ക്കാരിന്റെ പേരില്‍ എടുക്കാന്‍ ഒരു ഡെപ്പ്യ്യൂട്ടി സെക്രട്ടറി തയ്യാറായെങ്കില്‍ ഭരണത്തില്‍, ബാഹ്യശക്തികള്‍ക്കുള്ള സ്വാധീനത്തിന്റീ അശ്ലീലത എത്രയെന്ന്‌ ഊഹിക്കുക.ഈ താന്തോന്നിത്തത്തിനെതിരായ ശക്തമായ, നിയമപരമായ ഇടപെടലാണ്‌ ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായത്‌.
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ്‌ ജനാധിപത്യ ഭരണ ക്രമത്തില്‍ നിശ്ചിത കാലയളവ്‌ വരെ ഭരണം നടത്തുന്നത്‌. നിയമങ്ങള്‍ സംരക്ഷിച്ച്‌ പൊതുസമൂഹത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നടത്തിയെടുക്കാന്‍ ബാദ്ധ്യസ്ഥമായ ഒരു സര്‍ക്കാരാണ്‌ തികച്ചും രാഷ്ട്രീയ മായ മുന്‍വിധിയോടും അഹന്തയോടും കൂടിയാണ്‌ ഈ പ്രശ്നത്തില്‍ ഇടപെട്ടത്‌. ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ്‌ ഞങ്ങള്‍ വിലയിരുത്തുന്നത്‌. ആ ധാര്‍ഷ്ട്യതയ്ക്ക്‌ ഏറ്റ കനത്ത പ്രഹരമാണ്‌, ആതിരെ ഈ കോടതി വിധി.
ശ്രദ്ധിക്കുക, സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന കേസുകളിലെല്ലാം കോടതികളില്‍ നാണം കെട്ട പരാജയമാണ്‌ ഇതുവരെ ഉണ്ടായിട്ടുള്ളത്‌. തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുത്ത നടപടി മാത്രമാണ്‌ കോടതിയില്‍ പ്രഹരമേല്‍ക്കാതെ രക്ഷപെട്ട ഒരു സംഭവം. ഇവിടെ ഒരു ചോദ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി നല്‍കി നിയമിച്ചിട്ടുള്ള ഈ അഭിഭാഷകര്‍ എന്തുകൊണ്ടാണ്‌ ജനവിരുദ്ധമായ വിധികള്‍ ഉണ്ടാകാന്‍ കൂട്ടുനില്‍ക്കുന്നത്‌.? കോടതിയില്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ വിധിന്യായം ഉണ്ടാക്കുക. അപ്പോള്‍ സര്‍ക്കാരിനെതിരായ വിധികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ആവശ്യത്തിന്‌ തെളിവുകള്‍ ന്യായപീഠങ്ങള്‍ക്കുമുമ്പില്‍ കൊണ്ടുവരാതിരുന്നതാണ്‌ എന്ന്‌ വരുന്നു. ഇങ്ങനെ നാണം കെട്ട തിരിച്ചടികള്‍ മാത്രംവാങ്ങിയവരാണ്‌ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം വന്നപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ചില നേതാക്കളുടെ അഹന്ത സംരക്ഷിക്കാന്‍ തെളിവുകളുമായി കോടതിയിലെത്തിയത്‌. അവര്‍ക്ക്‌ ഇത്തരം പ്രഹരം ഏറ്റേ മതിയാകു.
ഇത്‌ പ്രശ്നത്തിന്റെ ഒരുവശം
ഇനിയുള്ളത്‌ പ്രശ്നത്തിന്റെ ഗൗരവമേറിയ മറുവശം.
കോടതിവിധി അനുസരിച്ചാണെങ്കില്‍ വ്യക്തിയുടെ സമാധാനപരമായ ജീവിതത്തിലും സഞ്ചാരസ്വാതന്ത്ര്യത്തിലും ഉള്ള ഇടപെടല്‍ മനുഷ്യാവകാശ ലംഘനവും പൊതുശല്യവുമാണ്‌. ഗതാഗതത്തിന്‌ അല്ലാതെ റോഡിന്റെ ഏതെങ്കിലും ഭാഗം ഉപയോഗിക്കുന്നതും , പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്‌. ഈ യുക്തിയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ പ്രധാമന്ത്രി , പ്രസിഡന്റ്‌ തുടങ്ങിയവരുടെ സന്ദര്‍ശനത്തിനുവേണ്ടി റോഡുകള്‍ കൊട്ടിയടക്കുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്‌. അതീവ സുരക്ഷാ വിഭാഗത്തില്‍ പെടുന്ന ഇവരുടെ സഞ്ചാരത്തിനായി ഗാതഗതം തിരിച്ചുവിടുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത തടസ്സം എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണ്‌. കോടതി ചൂണ്ടിക്കാട്ടിയതുപോലെ അത്യാസന്ന രോഗികള്‍, പരിക്കേറ്റവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി വരുന്ന ആമ്പുലന്‍സുകള്‍ പോലും തടഞ്ഞിട്ടുകൊണ്ടാണ്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സുരക്ഷാ പാത ഒരുക്കുന്നത്‌.
ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഉള്ള അതേ പൗരാവകാശങ്ങളാണ്‌ സാധാരണക്കാരായ വ്യക്തികള്‍ക്കും ഉള്ളത്‌. ഒരാളുടെ അവകാശങ്ങള്‍ക്കുവേണ്ടി മറ്റൊരാളുടെ അവകാശങ്ങള്‍ തടയുന്നതും ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്‌. അതായത്‌ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയുമൊക്കെ സന്ദര്‍ശനത്തിനോടുബന്ധിച്ച്‌ നടത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണ്‌, മൗലികാവകാശ ലംഘനമാണ്‌.
അതുകൊണ്ട്‌ കേരള ഹൈക്കോടതിയുടെ ഈ വിധി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കൂടി ബാധകമാക്കേണ്ടതല്ലേ...ആതിരേ?