Friday, August 27, 2010

അതു കൊണ്ട്‌ പോലിസിന്റെ 'കൈ വെട്ടിയ' ഇവരെക്കുറിച്ചു പറയാം

ശാസ്ര്തീയമായി കേസ്‌ അന്വേഷിച്ച്‌ തെളിയിക്കാന്‍ വൈഭവവും അനുഭവ പരിജ്ഞാനവുമുള്ള നിരവധി ഓഫീസര്‍മാര്‍ കേരളപോലീസിലുണ്ട്‌. എന്നാല്‍, സത്യസന്ധരായ ഇവരെ നോക്കുകുത്തികളാക്കി തച്ചങ്കരിയെ പോലെയുള്ള കാക്കി ക്രിമിനലുകളെ കേസ്‌ അന്വേഷണം ഏല്‍പ്പിച്ച്‌ അതിന്റെ പങ്കുപറ്റി മൂലധന വര്‍ധന നടത്തുകയാണ്‌ പാര്‍ട്ടിയും പാര്‍ട്ടിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളായ സമൂഹവിരുദ്ധരും എന്ന്‌ ഇപ്പോള്‍ പൂര്‍ണമായും തെളിയിക്കപ്പെട്ടുകഴിഞ്ഞു. ആവര്‍ത്തിക്കട്ടെ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നവരേക്കാള്‍ ഭയപ്പെടേണ്ടതും ആദ്യം തുറുങ്കിലടയ്ക്കപ്പെടേണ്ടതും ഈ രാജ്യദ്രോഹികളാണ്‌. എന്നാല്‍, ഭരണകൂടത്തിന്റെ ആനുകൂല്യം മുതലാക്കി ഇവര്‍ ഇപ്പോഴും രക്ഷപ്പെട്ട്‌ നില്‍ക്കുകയാണ്‌.





പ്രവാചകനായ മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചു എന്ന ആരോപണത്തിന്‌ വിധേയനായി വലതുകൈപ്പത്തി വെട്ടിമാറ്റപ്പെട്ട, തൊടുപുഴ ന്യൂമാന്‍സ്‌ കോളജ്‌ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ അവസ്ഥയേക്കാള്‍ ദാരുണമാണ്‌ ആതിരേ, ആ കേസ്‌ അന്വേഷിക്കുന്ന പോലീസിന്റെ' കൈ വെട്ടി മാറ്റപ്പെട്ട ' അവസ്ഥ. പ്രഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ പ്രതികള്‍ ആരൊക്കെയാണെന്ന്‌ ഇപ്പോള്‍ പൊതുസമൂഹത്തിനറിയാം. എന്നാല്‍, അവരെ പിടിക്കാനാവാത്ത വിധം കേരള പോലീസിന്റെ കൈവെട്ടി മാറ്റിയ രാഷ്ട്രീയ ഭീകരന്മാര്‍ ആരൊക്കെയാണെന്ന്‌ കൂടുതല്‍ വ്യക്തമായി കേരളത്തിലെ വിവേകശാലികള്‍ക്കറിയാം.
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പേരില്‍ കേരളത്തിലെ നികുതിദായകരെയും സമ്മതിദായകരെയും അനുദിനം വഞ്ചിച്ച്‌, തീവ്രവാദികളുമായി അധോലോകബന്ധം സൃഷ്ടിച്ച്‌, സാമ്പത്തികമായി കൊഴുത്തിട്ടുള്ള ഈ വിപ്ലവ വായാടികള്‍ പക്ഷെ, മാന്യന്മാരായാണ്‌ പൊതുസമൂഹമധ്യേ തങ്ങളെ അവതരിപ്പിക്കുന്നത്‌. ഈ രാഷ്ട്രീയ ഭീകരവാദികള്‍ക്കൊപ്പം നിയമത്തെയും നിയമവാഴ്ചയെയും അട്ടിമറിക്കാന്‍ ഡിജിപി ജേക്കബ്‌ പുന്നൂസിന്റെ കീഴിലുള്ള തച്ചങ്കരിമാരും ധാരാളം.
ആതിരേ, വിവേകമുള്ള, വിവേചനശക്തിയുള്ള കേരളത്തിലെ പ്രബുദ്ധമനസ്സുകളെയാണ്‌ ഈ രാഷ്ട്രീയ ഭീകരവാദികളും കാക്കിയിട്ട തീവ്രവാദികളും ചേര്‍ന്ന്‌ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍, ഓരോ ദിവസം കഴിയും തോറും ഇവരുടെ കള്ളക്കളികള്‍, ഇവരുടെ തന്നെ പ്രവൃത്തിദോഷങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു എന്നത്‌ കാവ്യനീതിയാകാം. ഒരു സമൂഹത്തെ എല്ലാക്കാലത്തും വഞ്ചിക്കാന്‍ ഒരു കൗശലശാലിക്കും കഴിയുകയില്ല എന്ന സാര്‍വ്വലൗകീകമായ വാസ്തവത്തിന്‌ മുന്നില്‍ ഈ വിപ്ലവ വഞ്ചകരും കാക്കിയിട്ട കാപാലികരും അസ്തപ്രജ്ഞരായി നില്‍ക്കുകയാണിപ്പോള്‍. കൈവെട്ട്‌ കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന്‌ അഭിമാനിക്കുന്നവര്‍ പുറത്തുവിടുന്ന വാര്‍ത്തകളും കോടതിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശങ്ങളും അതിന്റെ തനിമയോടെ തിരിച്ചറിഞ്ഞ്‌ വിശകലനം ചെയ്യാന്‍ പ്രാപ്തിയുള്ള സമൂഹത്തിന്റെ മുന്നില്‍ എന്നിട്ടും ഞെളിഞ്ഞ്‌ നില്‍ക്കാന്‍ ഇവര്‍ക്കാര്‍ക്കും ഉളുപ്പൊട്ടുമില്ല. നിലവിലുള്ള നിയമത്തെയും നിയമപാലനസംവിധാനത്തെയും അട്ടിമറിച്ച്‌ ഭീകരവാദികള്‍ക്ക്‌ കേരളത്തില്‍ വേരുറപ്പിക്കാന്‍ അവസരം ഒരുക്കിയ ഈ കൊടും വിഘടനവാദികള്‍ക്ക്‌ കാലം അധികം താമസിയാതെ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ കേരളത്തിലെ പ്രബുദ്ധമനസ്സുകള്‍ക്ക്‌ സന്ദേഹമില്ല.
പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയിട്ട്‌ , ഇതെഴുതുമ്പോള്‍, ഒരുമാസവും 24 ദിവസവും കഴിഞ്ഞു. കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌ നാട്‌ വിറപ്പിച്ച്‌ റെയ്ഡും അന്വേഷണവും നടത്തിയിട്ടും പ്രമുഖ പ്രതികളായ 29 പേര്‍ ഇപ്പോഴും ഒളിവിലാണ്‌. നിയമം അതിന്റെ വഴിക്കുപോകുമെന്ന വൃത്തികെട്ട പല്ലവി ആവര്‍ത്തിച്ചുകൊണ്ടാണ്‌, ആതിരേ, കോടിയേരിയും ജേക്കബ്‌ പുന്നൂസും ഇവരെ നിയന്ത്രിക്കുന്നവരും ചേര്‍ന്ന്‌ ഈ കേസിലെ പ്രതികളെ പിടിക്കാതിരിക്കാന്‍ കേരളപോലീസിന്റെ കൈവെട്ടിയിരിക്കുന്നത്‌.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍, പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുള്‍ നാസര്‍ ംദനിയെ അറസ്റ്റ്‌ ചെയ്ത നടപടികളിലൂടെ കേരളാപോലീസിലെ ഉന്നതന്മാരുടെയും ആഭ്യന്തരവകുപ്പിലെ പ്രമുഖരുടെയും പാര്‍ട്ടിയുടെ തലപ്പത്തുള്ളവരുടെയും കാപട്യവും നിയമവഞ്ചനയും കേരളം തിരിച്ചറിഞ്ഞതാണ്‌. കര്‍ണാടക പോലീസിന്‌ എല്ലാ സഹായവും ചെയ്തുനല്‍കുമെന്ന്‌ കോടിയേരിയും ജേക്കബ്‌ പുന്നൂസും നാഴികകയ്ക്ക്‌ നാല്‍പ്പതുവട്ടം പുരപ്പുറത്ത്‌ കയറി നിന്ന്‌ കൂകി വിളിച്ചപ്പോഴാണ്‌ നാലുദിവസം നീണ്ട നാണംകെട്ട പൊറാട്ടുനാടകം അരങ്ങേറിയത്‌ എന്നോര്‍ക്കണം.
നാലു വോട്ടിനും പത്ത്‌ കാശിനും വേണ്ടി എന്തുകൊള്ളരുതായ്മയും നടത്താന്‍ മനസ്സാക്ഷിക്കുത്തില്ലാത്തവരാണ്‌ ഇടതുമുന്നണിയെ നയിക്കുന്നവരില്‍ പ്രമുഖരെന്ന്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ തന്നെ മലയാളികള്‍ തിരിച്ചറിഞ്ഞതാണ്‌. തീവ്രവാദികളുമായി, അതിതീവ്രമായ ബന്ധമുണ്ടെന്ന്‌ ആരോപിക്കപ്പെട്ട അബ്ദുള്‍നാസര്‍ മദനിയെ വേദിയില്‍ ഒപ്പമിരുത്തി പിണറായി വിജയനും കൂട്ടരും നടത്തിയ രാഷ്ട്രീയവഞ്ചനയുടെയും അട്ടിമറികളുടെയും പരിണതിയാണ്‌ കൈവെട്ട്‌ കേസ്‌. ഈ കേസുമായി ബന്ധപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്നും അവര്‍ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ അതിഗൂഢമായ പദ്ധതികളാണ്‌ ആവിഷ്കരിച്ചതെന്നും അതുകൊണ്ടുതന്നെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന്‌ നാടാകെ ആക്രോശിക്കുകയും ചെയ്യുമ്പോഴാണ്‌ കൈവെട്ട്‌ കേസിലെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ മാത്രം ചുമത്തി ജേക്കബ്‌ പുന്നൂസിന്റെയും കോടിയേരിയുടെയും പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. ഇത്‌ ആരെ വഞ്ചിക്കാനാണെന്നും ആരെ സംരക്ഷിക്കാനാണെന്നും തിരിച്ചറിയാന്‍, ആതിരേ, പോള്‍ നീരാളിയുടെ സഹായമൊന്നും കേരളീയര്‍ക്കാവശ്യമില്ല.
കൈവെട്ട്‌ കേസ്‌ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട്‌ കളമശേരി സ്വദേശിയും പത്രപ്രവര്‍ത്തകനുമായ ഗിരീഷ്ബാബുവാണ്‌ കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്‌. എന്നാല്‍, കൈവെട്ട്‌ കേസില്‍ പോലീസ്‌ ബോധപൂര്‍വ്വം കള്ളക്കളികള്‍ നടത്തി കേസ്‌ ചാര്‍ജ്ജു ചെയ്തതുകൊണ്ട്‌ തീവ്രവാദ കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയുകയില്ല എന്നാണ്‌ കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചത്‌.
ആതിരേ, നിലവിലിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കേസ്‌ അന്വേഷിക്കുന്ന ഏജന്‍സിക്ക്‌ അന്വേഷണത്തിന്റെ ഏത്‌ ഘട്ടത്തിലും കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാമെന്ന്‌ വ്യവസ്ഥകളുണ്ടെങ്കിലും കൈവെട്ട്‌ കേസില്‍, കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌, കേസ്‌ രജിസ്റ്റര്‍ ചെയ്ത സമയത്ത്‌ ചാര്‍ജ്‌ ചെയ്ത വകുപ്പുകളില്‍ കടിച്ചു തൂങ്ങിക്കിടക്കുയാണ്‌ ഇപ്പോഴും. അതുകൊണ്ടാണ്‌ കേസ്‌ അന്വേഷണം ആരംഭിച്ചിട്ട്‌ ഒന്നരമാസമായെങ്കിലും 29 പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന്‌ നാണംകെട്ട്‌ പോലീസിന്‌ സമ്മതിക്കേണ്ടിവരുന്നത്‌.
താലിബാന്‍ മോഡലിലുള്ള ആക്രമണമാണ്‌ പ്രഫ. ടി.ജെ ജോസഫിനെതിരെ ഉണ്ടായതെന്നും ആക്രമണത്തിന്‌ ശേഷം പോലീസ്‌ നടത്തിയ റെയ്ഡില്‍ സ്ഫോടനാത്മകമായ വിവരങ്ങളാണ്‌ ലഭിച്ചതെന്നും ജേക്കബ്‌ പുന്നൂസും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജയരാജന്മാരുമൊക്കെ സമ്മതിച്ചതാണെന്നോര്‍ക്കണം. പോലീസ്‌ കണ്ടെടുത്തു എന്ന്‌ അവകാശപ്പെടുന്ന സിഡികളും ലഘുലേഖകളും ഡയറിക്കുറിപ്പുകളുമെല്ലാം പ്രതികളുടെ തീവ്രവാദ ബന്ധം വ്യക്തമാക്കുന്നവയാണെന്നും ഇവരൊക്കെ വിശദീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തുന്നതിനോ ചാര്‍ജ്‌ ചെയ്യുന്നതിനോ ജേക്കബ്‌ പുന്നൂസിന്റെ പോലീസിന്‌ 'ബാഹ്യമായ സമ്മര്‍ദ്ദശക്തികളില്‍' നിന്ന്‌ അനുവാദം ലഭിച്ചില്ല! കേസിലെ പല പ്രതികള്‍ക്കും രാജ്യാന്തരബന്ധമുണ്ടെന്ന്‌ ഉറപ്പായ സാഹചര്യത്തിലും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അവഗണിക്കുകയായിരുന്നു അല്ലെങ്കില്‍ അവഗണിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു അന്വേഷണ സംഘം. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന്‌ കോടിയേരിയും പിണറായിയും ജയരാജന്മാരും തോറ്റം പാടുന്നതും കേരളം കേട്ടതാണ്‌. എന്നാല്‍, ഈ തോറ്റം പാട്ടിലൂടെ ബഹളമുണ്ടാക്കി, ജനശ്രദ്ധ തിരിച്ചുവിട്ട്‌ പ്രതികളെ സുരക്ഷിതസ്ഥാനത്ത്‌ എത്തിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഇവരെല്ലാം എന്ന്‌ കേരളത്തിലെ പൊതുസമൂഹത്തെക്കൊണ്ട്‌ ചിന്തിപ്പിക്കുന്ന തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്‌.
ഇവിടെ മറ്റൊരുകാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌, ആതിരേ. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതാകയാല്‍ സംഘങ്ങളുടെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളും കണ്ടുകെട്ടണമെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോടിയേരി ബാലകൃഷ്ണനും വി.എസ്‌ അച്യുതാനന്ദനും ജേക്കബ്‌ പുന്നൂസുമൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി വിടുപണി ചെയ്യുകയാണെന്നും ഇവരുടെ ഈ അവധാനത മൂലമാണ്‌ കൈവെട്ട്‌ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ കഴിയാത്തതെന്നും ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ട്‌.
ശാസ്ര്തീയമായി കേസ്‌ അന്വേഷിച്ച്‌ തെളിയിക്കാന്‍ വൈഭവവും അനുഭവ പരിജ്ഞാനവുമുള്ള നിരവധി ഓഫീസര്‍മാര്‍ കേരളപോലീസിലുണ്ട്‌. എന്നാല്‍, സത്യസന്ധരായ ഇവരെ നോക്കുകുത്തികളാക്കി തച്ചങ്കരിയെ പോലെയുള്ള കാക്കി ക്രിമിനലുകളെ കേസ്‌ അന്വേഷണം ഏല്‍പ്പിച്ച്‌ അതിന്റെ പങ്കുപറ്റി മൂലധന വര്‍ധന നടത്തുകയാണ്‌ പാര്‍ട്ടിയും പാര്‍ട്ടിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളായ സമൂഹവിരുദ്ധരും എന്ന്‌ ഇപ്പോള്‍ പൂര്‍ണമായും തെളിയിക്കപ്പെട്ടുകഴിഞ്ഞു. ആവര്‍ത്തിക്കട്ടെ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നവരേക്കാള്‍ ഭയപ്പെടേണ്ടതും ആദ്യം തുറുങ്കിലടയ്ക്കപ്പെടേണ്ടതും ഈ രാജ്യദ്രോഹികളാണ്‌. എന്നാല്‍, ഭരണകൂടത്തിന്റെ ആനുകൂല്യം മുതലാക്കി ഇവര്‍ ഇപ്പോഴും രക്ഷപ്പെട്ട്‌ നില്‍ക്കുകയാണ്‌. എന്നാല്‍, വിഘടനവാദികള്‍ക്കും സമൂഹവിരുദ്ധ ശക്തികള്‍ക്കും ഉണ്ടാകുന്ന പരിണതി അതി ബീഭത്സമായിരിക്കുമെന്നാണ്‌, ആതിരേ കാലം നല്‍കുന്ന മുന്നറിയിപ്പ്‌

No comments: