Sunday, October 31, 2010

വര്‍ഗീസ്‌ വധം: സത്യം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍


എന്താണ്‌ വര്‍ഗീസ്‌ ചെയ്ത തെറ്റ്‌ ? വയനാട്ടിലെ ആദിവാസികളെ മേലാളന്മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായി പീഡിപ്പിച്ച്‌ പണിയെടുപ്പിക്കുകയും മനുഷ്യരെന്ന നിലയ്ക്ക്‌ മാന്യമായി അദ്ധ്വാനിച്ച്‌ ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ ആ നിസ്സഹായ ജനതയുടെ മോചനത്തിനുവേണ്ടി തന്റെ അറിവും കഴിവും മനസ്സും വര്‍ഗീസ്‌ സമര്‍പ്പിച്ചതാണ്‌ ഭരണകൂടത്തിന്‌ രുചിക്കാതെ പോയത്‌.


ആതിരേ,"സത്യമേവ ജയതേ" എന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അഭിമാനിക്കാവുന്നതാണ്‌ നക്സലൈറ്റ്‌ വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ കോടതി പുറപ്പെടുവിച്ച വിധി. 40 വര്‍ഷം മുമ്പ്‌ നടന്ന ഒരു കിരാത കൊലപാതകത്തിലെ പ്രതിയെ ശിക്ഷിച്ചുകൊണ്ട്‌ നീതിപീഠത്തിന്‌ ജനങ്ങളോടും സത്യത്തോടുമുള്ള ഐക്യദാര്‍ഢ്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. വര്‍ഗീസിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട അന്നത്തെ ഐജി ലക്ഷ്മണയ്ക്ക്‌ 10000 രൂപ പിഴയും ജീവപര്യന്തം തടവുമാണ്‌ സിബിഐ കോടതി പ്രത്യേക ജഡ്ജി എസ്‌.വിജയകുമാര്‍ വിധിച്ചത്‌.
അത്യപൂര്‍വ്വമായ ഒരു കേസും ഒരു വിധിയുമാണ്‌ ഇത്‌. 40 വര്‍ഷം മുമ്പ്‌ ആദിവാസികളെ മനുഷ്യരാക്കാനും അവര്‍ക്ക്‌ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ സമരസജ്ജരാക്കാനും ജീവിതം പോരാട്ടമാക്കിയ വയനാട്‌ ഒഴുക്കന്‍മൂല അരീക്കാട്ട്‌ വീട്ടില്‍ വര്‍ഗീസ്‌ എന്ന നക്സല്‍ വര്‍ഗീസിനെ, അധികാര ദുരമൂത്ത ഭരണകൂട ഭീകരത പട്ടാപ്പകല്‍ വെടിവെച്ച്‌ കൊന്നശേഷം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന കള്ളക്കഥ പ്രചരിപ്പിച്ച്‌ ഒളിപ്പിച്ച്‌ വെച്ച സത്യമാണ്‌ ഇപ്പോള്‍, ആതിരേ, ഫീനിക്സ്‌ പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്‌.
കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ്‌ ക്രൂരമായി വെടിവെച്ച്‌ കൊല്ലുന്ന സംഭവം കേരളത്തില്‍ ആദ്യമായിരുന്നു. എന്നാല്‍, അന്ന്‌ ഐജിയായിരുന്ന ലക്ഷ്മണയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ്‌ ഉദ്യോഗസ്ഥരും സംഭവത്തെ ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിച്ച്‌ രക്ഷപ്പെട്ടിടത്താണ്‌, 40 വര്‍ഷത്തിന്‌ ശേഷം നീതിപീഠത്തിന്റെ ഇടപെടല്‍ മൂലം നീതി നടപ്പാക്കിയിരിക്കുന്നത്‌. തീര്‍ച്ചയായും , അധഃസ്ഥിത വര്‍ഗത്തിന്റെയും സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന മറ്റു വിഭാഗങ്ങളുടെയും മോചനത്തിനുവേണ്ടി പോരാടുന്നവര്‍ക്ക്‌ പ്രത്യേക കരുത്ത്‌ പകരുന്നതാണ്‌ ഈ വിധി.
വര്‍ഗീസ്‌ വധം കഴിഞ്ഞ്‌ 40 വര്‍ഷം പിന്നിട്ടിട്ടും ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസികള്‍ അടക്കമുള്ള ദളിത്‌ പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി പോരാടുന്ന സമരവീര്യങ്ങളെ വെടിവെച്ചും മര്‍ദിച്ചും കൊല്ലുന്ന കിരാത നീതിപാലനസാഹചര്യമാണ്‌ നിലവിലുള്ളത്‌. വ്യാജ ഏറ്റുമുട്ടലുകളുടെ പേരില്‍ ഗുജറാത്തിലും കശ്മീരിലും ആന്ധ്രയിലും ബംഗാളിലും ഝാര്‍ഖണ്ഡിലുമെല്ലാം മനഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഉന്മൂലനം ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്ക്‌ ഒരു മുന്നറിയിപ്പ്‌ കൂടിയാണ്‌, ആതിരേ, ഈ വിധി. ഉന്നതനായ ഒരു പോലീസ്‌ ഓഫീസര്‍ പ്രതിയായ വധ കേസില്‍ 40 വര്‍ഷത്തിനുശേഷം വിധിയുണ്ടാകുന്നതും ചരിത്രത്തിലാദ്യം. നശിപ്പിക്കപ്പെട്ട തെളിവുകള്‍ പുനഃസ്ഥാപിച്ച്‌ കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷകരും പ്രോസിക്യൂഷനും നടത്തിയ പോരാട്ടത്തെ ഇന്ത്യയിലെ എല്ലാ മര്‍ദിത വിഭാഗങ്ങളുടെയും പേരില്‍ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലക്ഷ്യബോധത്തോടെ സമര്‍പ്പണത്തോടെ അന്വേഷണം നടത്തുകയും തെളിവുകള്‍ യുക്തിഭദ്രമായി ന്യായാസനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ഏത്‌ കൊലകൊമ്പനേയും അഴി എണ്ണിക്കാമെന്ന സന്ദേശവും ഈ വിധി നല്‍കുന്നുണ്ട്‌. സമ്പത്തിന്റെയും രാഷ്ട്രീയ സ്വാധീനങ്ങളുടെയും ബലത്തില്‍ വന്‍കിട കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പരിസരത്ത്‌ ഈ വിധി ഏറെ പ്രസക്തമാണ്‌.
എന്താണ്‌ വര്‍ഗീസ്‌ ചെയ്ത തെറ്റ്‌ ? വയനാട്ടിലെ ആദിവാസികളെ മേലാളന്മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായി പീഡിപ്പിച്ച്‌ പണിയെടുപ്പിക്കുകയും മനുഷ്യരെന്ന നിലയ്ക്ക്‌ മാന്യമായി അദ്ധ്വാനിച്ച്‌ ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ ആ നിസ്സഹായ ജനതയുടെ മോചനത്തിനുവേണ്ടി തന്റെ അറിവും കഴിവും മനസ്സും വര്‍ഗീസ്‌ സമര്‍പ്പിച്ചതാണ്‌ ഭരണകൂടത്തിന്‌ രുചിക്കാതെ പോയത്‌.
60 കളുടെ ഒടുവില്‍ ലോകമാസകലം ഉണ്ടായ വിപ്ലവ മുന്നേറ്റത്തില്‍ എല്ലാ ഭരണകൂടങ്ങളും ശരിക്കും വിറച്ചിരുന്നു. അധികാരത്തിന്റെ ദുരയില്‍ പൗരന്മാരുടെ അവകാശങ്ങളെല്ലാം ധ്വംസിച്ച്‌ മദിച്ചുവാണ ഭരണവര്‍ഗത്തിനെതിരെ ആയുധമെടുത്ത്‌ പോരാടാന്‍ മര്‍ദിതരും ചൂഷിതരും സന്നദ്ധമായപ്പോള്‍ ഭരണകൂടങ്ങള്‍ വേവലാതികൊണ്ടത്‌ സ്വാഭാവികം. അതുതന്നെയാണ്‌ കേരളത്തില്‍, വയനാട്ടില്‍ സംഭവിച്ചത്‌.
ജന്മിമാരുടെ അടിയാള ചൂഷണം കൊടികുത്തിവാണിരുന്ന അറുപതുകളിലാണ്‌ വയനാട്ടില്‍ നക്സല്‍ പ്രസ്ഥാനം വേരാഴ്ത്തുന്നതും പോരാട്ടവീര്യങ്ങള്‍ ആയുധത്തിന്റെ ഭാഷയില്‍ അധികാരത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതും. ഒരു കര്‍ഷക കുടുംബത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തില്‍ വളര്‍ന്നിട്ടും, പഠനത്തില്‍ മിടുക്കനായിരുന്ന വര്‍ഗീസ്‌ വസന്തത്തിന്റെ ഇടിമുഴക്കം വയനാട്ടില്‍ സൃഷ്ടിക്കാനാണ്‌ ആദിവാസികള്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നത്‌. ജന്മിമാരുടെ കാടത്തത്തിനെതിരെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൂമ്പാരകൊല്ലിയിലും കൂമന്‍കൊല്ലിയിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. അജിത, തേറ്റമല കൃഷ്ണന്‍ കുട്ടി, ഗ്രോ വാസു, കിസാന്‍ തൊമ്മന്‍ തുടങ്ങിയ സമര്‍പ്പിത ചേതസ്സുകള്‍ കൂടി സംഘത്തില്‍ ചേര്‍ന്നപ്പോള്‍ പശ്ചിമ ബംഗാളിലെ നക്സല്‍ ബാരിയില്‍ ഉടലെടുത്ത മോചനത്തിന്റെ ചുവന്ന പാത വയനാട്ടിലെ കൊടും കാട്ടിലും തെളിയുകയായിരുന്നു.
ആതിരേ, അതോടെ ജന്മിമാരുടെയും അവരുടെ പാദസേവകരായ ഭരണകര്‍ത്താക്കളുടെയും പോലീസിന്റെയും കണ്ണിലെ കരടുകളായി മാറി ഈ സഖാക്കള്‍. ഇവരെ തേടിയുള്ള പോലീസിന്റെ നരനായാട്ടില്‍ ആദിവാസി യുവാക്കളും അവരുടെ പെണ്ണുങ്ങളും കൊടിയ മര്‍ദനത്തിനും ലൈംഗീക പീഡനത്തിനും ഇരയായി. ഒരു സ്വതന്ത്രരാഷ്ട്രത്തില്‍ ആധുനീക കാലത്താണ്‌ ഭരണകൂടത്തിന്റെ ഭീകരത ഇങ്ങനെ മുടിയഴിച്ചാടിയതെന്നോര്‍ക്കണം. പുറംലോകവുമായി ബന്ധമില്ലാതെ കൊടുംകാട്ടില്‍ ഒരു ട്രാന്‍സിസ്റ്ററിന്റെ സഹായത്തോടെ നക്സല്‍ ബാരിയില്‍ നിന്നുള്ള പോരാട്ട വാര്‍ത്തകളില്‍ കുളിര്‍ത്ത്‌, അതിന്റെ ആവേശത്തില്‍ ആദിവാസികളെ സംഘം ചേര്‍ത്ത്‌ ജന്മിമാര്‍ക്കെതിരായുള്ള പോരാട്ടത്തില്‍ വര്‍ഗീസും സംഘവും അപ്പോഴും മുന്നേറുകയായിരുന്നു. കഴുകന്മാരെ പോലെ , കാക്കിയണിഞ്ഞ ഭീകരരൂപങ്ങള്‍ തങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയപ്പോഴും ഏറ്റെടുത്ത ദൗത്യത്തില്‍നിന്ന്‌ പിന്‍വാങ്ങാതെ പോരാട്ടപാതയില്‍ കുതിക്കുകയായിരുന്നു വര്‍ഗീസും സംഘവും. വിപ്ലവ വീര്യം ഉള്‍ക്കൊണ്ട ആദിവാസി സമൂഹത്തിന്റെ ചെറുത്ത്‌ നില്‍പ്പ്‌ ശക്തമായപ്പോള്‍ ഭരണകൂടം അതിന്റെ ഭീകരത വര്‍ധിപ്പിച്ചു. വയനാട്ടില്‍ പോലീസ്‌ രാജിന്റെ നാളുകളായിരുന്നു പിന്നീട്‌ ഉണ്ടായത്‌. ഇതിനിടയില്‍ കിസാന്‍ തൊമ്മന്‍ മരിക്കുകയും അജിതയും വാസുവും അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയിട്ടും വര്‍ഗീസ്‌ തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ചതിയില്‍ പിടിക്കപ്പെട്ട വര്‍ഗീസിനെ അന്ന്‌ ഐജിയായിരുന്ന ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം എം.എസ്‌.പിയില്‍ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍നായര്‍ പോയിന്റ്‌ ബ്ലാങ്കില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
എന്നാല്‍, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ്‌ കൊല്ലപ്പെട്ടു എന്ന്‌ വരുത്തി തീര്‍ക്കാന്‍ അന്ന്‌ ലക്ഷ്മണയ്ക്കും കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കും കഴിഞ്ഞിരുന്നു.
1970 ഫെബ്രുവരി 18 നായിരുന്നു കേരളത്തെ നടുക്കിയ, വിപ്ലവ പ്രസ്ഥാനങ്ങളുടെ നട്ടെല്ലിലൂടെ തരിപ്പ്‌ പായിച്ച ഈ ക്രൂര കൊലപാതകം നടന്നത്‌.
എന്നാല്‍, കുറ്റബോധത്തില്‍ ഉരുകി നാളുകള്‍ കഴിച്ച രാമചന്ദ്രന്‍ നായര്‍ 1998-ല്‍ നടന്ന സംഭവം ലോകത്തോട്‌ പറയുകയും തുടര്‍ന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ശേഷമാണ്‌ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സിബിഐയ്ക്ക്‌ കോടതി ഉത്തരവ്‌ നല്‍കിയത്‌.
ആ അന്വേഷണത്തിന്റെ പരിസമാപ്തിയിലാണ്‌ ലക്ഷ്മണയെ കുറ്റവാളിയായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്തതും.
വര്‍ഗസിനെ കൊല്ലാന്‍ ഉത്തരവിട്ടത്‌ ലക്ഷ്മണയാണ്‌. ആ അര്‍ത്ഥത്തില്‍ സംഭവത്തില്‍ അദ്ദേഹത്തിനുള്ള പങ്ക്‌ ക്രിമിനല്‍ സ്വഭാവമുള്ളതാണ്‌. അതിന്റെ ശിക്ഷ അദ്ദേഹത്തിന്‌ ലഭിച്ചു. എന്നാല്‍,ആതിരേ, ലക്ഷ്മണയെ പോലെയുള്ള ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി വര്‍ഗീസ്‌ വേട്ടയ്ക്ക്‌ ഉത്തരവ്‌ കൊടുത്ത ഒരു രാഷ്ട്രീയ സംവിധാനം അന്ന്‌ കേരളത്തിലുണ്ടായിരുന്നു.കെ.കരുണാകരനായിരുന്നു അതിന്‌ ചുക്കാന്‍ പിടിച്ചത്‌. ശക്തിയാര്‍ജ്ജിക്കുന്ന ആദിവാസി ചെറുത്തുനില്‍പ്പില്‍ തങ്ങളുടെ അധികാര സ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന്‌ ഭയപ്പെട്ട കരുണാകരനും കൂട്ടരും അടങ്ങുന്ന രാഷ്ട്രീയ വഞ്ചകരാണ്‌ യഥാര്‍ത്ഥത്തില്‍ വര്‍ഗീസ്‌ വധത്തിലെ പ്രധാന പ്രതികളും ഗൂഢാലോചനക്കാരും. ലിഖിതമായ ഭരണഘടനയും നിയമസംവിധാനവും ഉണ്ടെന്ന്‌ അഭിമാനിക്കുമ്പോള്‍ പോലും അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ വിലസുന്ന ഇത്തരം ക്രിമനിലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ അവര്‍ക്ക്‌ അര്‍ഹമായ ശിക്ഷ നല്‍കാനോ കഴിയാത്തതാണ്‌,ആതിരേ ഇന്ത്യയിലെ ന്യായപാലനത്തിന്റെ ഏറ്റവും വലിയ പോരായ്മ. ആ പോരായ്മ അംഗീകരിച്ചുകൊണ്ടുതന്നെ വിധിയെ സഹര്‍ഷം സ്വാഗതം ചെയ്യുക.
ഇന്ത്യയുടെ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ലോക്കപ്പിലിട്ടും വ്യാജ ഏറ്റുമുട്ടലിന്റെ പേരിലും മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവരെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭരണകൂട ഭീകരതയ്ക്കെ,തിരായ നിയമത്തിന്റെ മുന്നറിയിപ്പായിട്ടും ഈ വിധിയെ വിലയിരുത്തണം.
അതേ, ആതിരേ സ്വര്‍ണപ്പാത്രം കൊണ്ട്‌ മൂടിവെച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും.ആ സന്ദേശവും ഈ വിധി ഉള്‍ക്കൊള്ളുന്നു

11111

Wednesday, October 27, 2010

പിണറായിക്കും പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഇനിയെങ്കിലും ബോധമുദിക്കുമോ ....?


ഇവിടെ സങ്കീര്‍ണമായതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യം, ആതിരേ ഉരുത്തിരിഞ്ഞ്‌ വന്നിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കത്തോലിക്ക സഭ ഇറക്കിയ ഇടയലേഖനത്തിലൂടെ മുന്നോട്ട്‌ വച്ച രാഷ്ട്രീയ നിലപാടിന്‌ ജനകീയ പിന്തുണ ലഭിച്ചു എന്നാണ്‌ കെസിബിസിയുടെ വക്താവ്‌ ഫാ. സ്റ്റീഫന്‍ ആലത്തറ അവകാശപ്പെട്ടത്‌. തീര്‍ച്ചയായും സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. രാഷ്ട്രീയത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും വ്യവഛേദിക്കാനും ആരംഭിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ആതിരേ,പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയും ആ പാര്‍ട്ടി നയിക്കുന്ന ഇടതുമുന്നണിയെയും നിഷ്കരുണം നിരസിച്ചുകൊണ്ട്‌ കേരളം അതിന്റെ രാഷ്ട്രീയ പ്രബുദ്ധത വ്യക്തമാക്കിയതാണ്‌ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌. അഹങ്കാരവും അഴിമതിയും വിവരക്കേടും നിറഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വത്തെയും പാര്‍ട്ടിയെയും മുന്നണിയെയും അംഗീകരിക്കുന്ന പ്രശ്നമില്ല എന്ന്‌ കേരളത്തിലെ സമ്മതിദായകര്‍ ഒറ്റക്കെട്ടായി വിധിയെഴുതിയിരിക്കുന്നു.
പതിവിന്‌ വിപരീതമായി കനത്ത പോളിങ്ങാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടത്‌. ഇത്‌ തങ്ങള്‍ക്കനുകൂലമായ ജനഹിതമാണെന്ന്‌ പറഞ്ഞുനടന്ന പിണറായിക്കും ജയരാജന്മാര്‍ക്കും മറ്റു മുന്നണി നേതാക്കന്മാര്‍ക്കും ഇനി തലയില്‍ മുണ്ടിട്ടല്ലാതെ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുകയില്ല.
നാലരവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തോടുള്ള സമ്മതിദായകന്റെ എതിര്‍പ്പാണ്‌ ഇത്തവണ പ്രകടമായതെന്ന്‌ അംഗീകരിക്കാനുള്ള കേവല മാന്യതയെങ്കിലും ഈ നേതാക്കളില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു, ആതിരേ. എന്നാല്‍, അപ്പോഴും അഹന്തയുടെയും വളച്ചുകെട്ടലിന്റെയും ഭാഷയില്‍ സംസാരിക്കാനാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പോലും തയ്യാറായത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട്‌ നേടി ഇടതുമുന്നണി നില മെച്ചപ്പെടുത്തിയെന്നുമാണ്‌ കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്‌.
എന്നാല്‍, ലോകസഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും പിണറായി വിജയനും പിണിയാളുകളും സ്വീകരിച്ച അടവുനയം പുറംകാലുകൊണ്ട്‌ കേരളത്തിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ്‌, ആതിരേ, ഇത്രയും വലിയ തിരിച്ചടിയുണ്ടായത്‌. സഭയും രാഷ്ട്രീയവുമെന്ന അനാവശ്യവിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന്‌ ഇവര്‍ ആരംഭിച്ച സംവാദവും വിവാദവും ബൂംറാങ്ങായ്‌ പരിണമിച്ചിരിക്കുകയാണ്‌. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നു, ഇടയലേഖനങ്ങളിലൂടെ പുരോഹിതന്മാര്‍ ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയായിരുന്നു പിണറായി അടക്കമുള്ളവര്‍ പറഞ്ഞുനടന്നിരുന്നത്‌. യഥാര്‍ത്ഥത്തില്‍ സഭയെ കടന്നാക്രമിക്കുക എന്ന ചിന്ത പിണറായിക്കുണ്ടായിരുന്നില്ല. ഒരു സംവാദമുണ്ടാക്കി ക്രൈസ്തവ വോട്ടര്‍മാരില്‍ തങ്ങളുടെ നിലപാട്‌ അംഗീകരിക്കുന്ന വിഭാഗത്തെ അടര്‍ത്തിയെടുത്ത്‌ അവരുടെ വോട്ട്‌ നേടി നില മെച്ചപ്പെടുത്തുക എന്നതായിരുന്നു പിണറായിയുടെ ലക്ഷ്യം. എന്നാല്‍, പിണറായി ഒരു ഇഎംഎസ്‌ അല്ലാത്തതുകൊണ്ടും അദ്ദേഹം അഴിമതിയുടെ കളങ്കമുള്ള നേതാവായതുകൊണ്ടും അടവുനയം തിരിച്ചടിക്കുകയാണുണ്ടായത്‌. ഒപ്പം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത മൂലം മുന്നണിയില്‍ നിന്ന്‌ ആട്ടിപുറത്താക്കിയ ജനതാദള്‍ (എസ്‌) ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ്‌ (ജെ) എന്നീ വിഭാഗങ്ങളുടെ വോട്ട്‌ നഷ്ടമായതും ഇത്തവണത്തെ തിരിച്ചടിക്ക്‌ കാരണമായി. ലോകസഭാ തെരഞ്ഞെടുപ്പിലെ അതേ വോട്ടിംഗ്‌ പാറ്റേണാണ്‌ ഇത്തവണയും ദൃശ്യമായത്‌.
സഭയ്ക്കെതിരെ പാര്‍ട്ടിയും മുന്നണിയും നടത്തിയ അനാവശ്യ ആക്രമണം മധ്യകേരളത്തില്‍ വന്‍ ആഘാതമാണ്‌ ഇടതുമുന്നണിക്കേല്‍പ്പിച്ചത്‌. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇത്‌ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന്‌ കാരണമായി. അതോടൊപ്പം ജോസഫ്‌ - മാണി ഗ്രൂപ്പുകളുടെ ലയനം കൂടിയായപ്പോള്‍ ഇടതുമുന്നണിയുടെ പരാജയം ഈ ജില്ലകളില്‍ പൂര്‍ണമായി.
ഇവിടെ സങ്കീര്‍ണമായതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യം, ആതിരേ ഉരുത്തിരിഞ്ഞ്‌ വന്നിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കത്തോലിക്ക സഭ ഇറക്കിയ ഇടയലേഖനത്തിലൂടെ മുന്നോട്ട്‌ വച്ച രാഷ്ട്രീയ നിലപാടിന്‌ ജനകീയ പിന്തുണ ലഭിച്ചു എന്നാണ്‌ കെസിബിസിയുടെ വക്താവ്‌ ഫാ. സ്റ്റീഫന്‍ ആലത്തറ അവകാശപ്പെട്ടത്‌. തീര്‍ച്ചയായും സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. രാഷ്ട്രീയത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും വ്യവഛേദിക്കാനും ആരംഭിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യം ഫാ. സ്റ്റീഫന്‍ ആലത്തറയുടെ അവകാശവാദത്തെ സാധൂകരിക്കുന്നതാണെന്ന്‌ വാദിക്കാവുന്ന നിലയിലാണ്‌. ശ്രദ്ധിക്കണം ഇത്തരം ഒരു നിലപാടിലേക്ക്‌ സഭയും വിശ്വാസികളും സ്വാഭാവികമായി വന്നുചേര്‍ന്നതല്ല. മറിച്ച്‌ അവരെ സങ്കീര്‍ണവും സ്ഫോടനാത്മകവുമായ ഈ പരിസരത്തേക്ക്‌ പിണറായി വിജയന്‍ ആട്ടിത്തെളിച്ചുകൊണ്ടുവരികയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സക്രിയമായ രാഷ്ട്രീയ ഇടപെടലിന്‌ ഒരു സംഘടന രൂപം കൊള്ളുന്ന അവസ്ഥയാണെന്നും ഓര്‍ക്കണം. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍ എന്ന പേരില്‍ കോഴിക്കോട്‌ രൂപം കൊണ്ടിട്ടുള്ള ഈ സംഘടനയ്ക്ക്‌ ഇനി രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള വാതിലാണ്‌, വിവരക്കേടുകൊണ്ട്‌ പിണറായി വിജയന്‍ തുറന്നുകൊടുത്തത്‌. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സദ്ദാം ഹുസൈനെ മുന്നില്‍ നിര്‍ത്തി ഇഎംഎസ്‌ നടത്തിയ അടവു നയത്തിന്റെ ഓര്‍മ്മയിലാവണം ഇത്തവണ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പുതിയ, തിരിച്ചടിയായ അടവുനയം പരീക്ഷിച്ചതെന്നു തോന്നുന്നു. അത്‌ പാര്‍ട്ടിക്കും മുന്നണിക്കും പ്രഹരമായി എന്നിടത്ത്‌ പ്രശ്നം അവസാനിക്കുന്നില്ല, ആതിരേ. മറിച്ച്‌ കേരളത്തിലെ സാക്ഷരരായ ക്രൈസ്തവ സമ്മതിദായകരുടെ ചിന്തകളെ വികലമായി സ്വാധീനിക്കാന്‍ പോവുകയാണ്ീ‍ പുതിയ സാഹചര്യം. ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തം പിണറായി വിജയനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഏറ്റെടുത്തേ തീരു.
ആതിരേ, എല്ലാവിധ മത ഇടപെടലുകളെയും വര്‍ഗീയ സാന്നിധ്യങ്ങളെയും ചിന്തകളെയും പ്രവര്‍ത്തികളെയും പ്രതിരോധിക്കാന്‍ ബാധ്യസ്ഥമായ ഒരു പാര്‍ട്ടി അതിന്റെ ബുദ്ധിശൂന്യമായ നേതൃത്വ നിലപാടുകൊണ്ട്‌ ഭീകരമാകാവുന്ന ജാതീയ വര്‍ഗീയതയ്ക്ക്‌ വളം വെച്ചിരിക്കുകയാണ്‌. ലോകസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പിഡിപി പോലുള്ള വര്‍ഗീയ കക്ഷികളെ ഒപ്പം കൂട്ടിയതിന്റെ തിരിച്ചടി പോലെ തന്നെ ഒരിക്കലും രക്ഷപ്പെടാനാവാത്ത പാതകമായിരിക്കും ഇതെന്ന്‌ വരുംകാല രാഷ്ട്രീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും.
ഇതിനൊപ്പം സംസ്ഥാന ഭരണത്തിന്റെയും പ്രാദേശിക ഭരണത്തിന്റെയും ജനവിരുദ്ധ നയങ്ങളോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. തകര്‍ന്ന ക്രമസമാധാന നില, ലോട്ടറി മാഫിയയുമായുള്ള അവിശുദ്ധ ബന്ധം, മദ്യമാഫിയയുമായുള്ള കൊടുക്കല്‍ വാങ്ങല്‍, സ്മാര്‍ട്ട്‌ സിറ്റി പോലെയുള്ള പദ്ധതികളുടെ വഞ്ചന, പൊതുവിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ, ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത, മുന്നണിക്കുള്ളിലെ പിണക്കങ്ങള്‍, മഞ്ഞളാംകുഴി അലിയെ അധിക്ഷേപിക്കുക വഴി മുസ്ലീം വിഭാഗത്തോട്‌ കാണിച്ച അഹന്ത, തൊഴില്‍ രഹിതരോടുള്ള വഞ്ചന, തുടങ്ങി നിരവധി ഘടകങ്ങള്‍ ഇത്തവണത്തെ ഇടതുപക്ഷത്തിന്റെ നാണംകെട്ട തോല്‍വിക്ക്‌ കാരണങ്ങളായിട്ടുണ്ട്‌. ഇനിയെങ്കിലും ഈ വാസ്തവങ്ങള്‍ അംഗീകരിക്കാനുള്ള വിവേകവും വിനയവും പിണറായി വിജയനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടാകുമോ ?
ഉണ്ടായില്ല എന്നു കരുതി ലോകം അവസാനിക്കാനൊന്നും പോകുന്നില്ല. പക്ഷെ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഈ വികല നേതാക്കന്മാരെയും പാര്‍ട്ടിയെയും മുന്നണിയെയും കേരളത്തിലെ വിവേചന ശക്തിയുള്ള സമ്മതിദായകര്‍ മ്യൂസിയം പീസാക്കി മാറ്റും സംശയമില്ല, ആതിരേ.

Tuesday, October 26, 2010

കെ.വി. തോമസ്‌ കൊലയാളികള്‍ക്കൊരു കൂട്ടാളി


വ്യവസായം വളരണം അതിന്റെ പേരില്‍ ബഹുരാഷ്ട്ര ചൂഷകരുടെ പിണിയാളുകളായി കമ്മീഷന്‍ കൈപ്പറ്റണം അതിലൂടെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കണം എന്ന ഒറ്റ ചിന്തമാത്രമേ കെ.വി തോമസ്‌ അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളു. ഇനിയും ഇത്തരം മാരക കീടനാശിനികള്‍ ഉത്പാദിപ്പിച്ച്‌ സാധാരണ ജനങ്ങളുടെ ജീവനുമേല്‍ കളിച്ച്‌ അവരെ കൊന്നൊടുക്കി വ്യവസായം വികസിപ്പിച്ച്‌ കെ.വി തോമസും കൂട്ടരും ശോഭനമായ ഭാവി വരും തലമുറയ്ക്ക്‌ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അരുത്‌ കാട്ടാളാ എന്ന്‌ പറയുക മാത്രമല്ല, കാട്ടാളന്മാരുടെ മുന്നേറ്റത്തെ സര്‍വ്വ സന്നാഹങ്ങളോടെ തടയേണ്ടതും എന്റെയും നിങ്ങളുടെയും ചുമതലയാണ്‌. അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന തലമുറ ജനിതക വൈകല്യങ്ങളോടെ പിറക്കും. അത്തരം ഒരു കുഞ്ഞിന്റെ മാതാവും പിതാവുമാകാന്‍ മനസ്സുണ്ടെങ്കില്‍ കെ.വി തോമസിന്‌ കൈയ്യടിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട്‌ തിരുത്താനുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ അണിചേരുക.


എന്തുകൊണ്ടാണ്‌ ആതിരേ, നമ്മള്‍ വോട്ട്‌ ചെയ്ത്‌ നേതാക്കളും മന്ത്രിമാരുമാക്കുന്നവര്‍, അധികാരം കൈയാളിക്കഴിയുമ്പോള്‍ സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിച്ച്‌ ചൂഷകരുടെയും മുതലെടുപ്പുകാരുടെയും പക്ഷം ചേരുന്നത്‌? വോട്ടിലൂടെ നേതൃസ്ഥാനവും നികുതിയിലൂടെ അവര്‍ക്ക്‌ ഭൗതീക സുഖസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന സാധാരണ ജനങ്ങളെ കണ്ണില്‍ ചോരയില്ലാതെ കബളിപ്പിച്ച്‌ ഇവര്‍ ആര്‍ക്കുവേണ്ടിയാണ്‌ ഭരണം നടത്തുന്നത്‌ ?
ഈ ജനവഞ്ചനയുടെ കാര്യത്തില്‍ കോണ്‍ഗ്രസെന്നോ കമ്യൂണിസ്റ്റെന്നോ ഉള്ള വ്യത്യാസമില്ല, ആതിരേ. പാര്‍ട്ടികളും കൊടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. പൊതുസമൂഹത്തിന്റെ ഇത്തിരി സ്വാസ്ഥ്യം പോലും കവര്‍ന്നെടുത്ത്‌ അവരുടെ നിത്യജീവിതം നരകമാക്കി മാറ്റുന്ന ഈ രാഷ്ട്രീയ പരിഷകളെ എങ്ങനെ നേരിട്ടാലാണ്‌, സാധാരണ ജനങ്ങള്‍ക്ക്‌ അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച്‌ മാന്യതയോടെ കേവലമനുഷ്യരായി ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയുമെന്ന്‌ എത്ര ചിന്തിച്ചിട്ടും മാര്‍ഗം കാണുന്നില്ല. കിട്ടുന്ന അവസരങ്ങളെല്ലാം പൊതുജനങ്ങളെ ദ്രോഹിച്ച്‌ ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും ഓശാന പാടുന്ന സാമദ്രോഹികളാണ്‌ ഇന്ന്‌ നമ്മുടെ നേതാക്കന്മാര്‍.
ആ വഞ്ചനയുടെ സ്വരമാണ്‌ ആതിരെ, കഴിഞ്ഞദിവസം കാസര്‍ഗോഡ്‌ കേന്ദ്ര മന്ത്രികെ.വി. തോമസില്‍ നിന്ന്‌ ഉയര്‍ന്നുകേട്ടത്‌. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി കേരളത്തിലെ ജനങ്ങള്‍ക്ക്‌ (കാസര്‍ഗോട്ടെ ജനങ്ങള്‍ക്ക്‌) ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ്‌ കാസര്‍ഗോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര നാളികേര സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കെ.വി. തോമസ്‌ അവകാശപ്പെട്ടത്‌. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ രോഗത്തിന്‌ കാരണമാകുമെന്ന്‌ ആരും പറഞ്ഞിട്ടില്ല പോലും. ഏറ്റവുമൊടുവില്‍ കേരള സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലും ഇതേ നിര്‍ദേശമാണ്‌ ഉള്ളതുപോലും............!
ഒരു ജനതയെ എത്ര ഭീകരമായിട്ടാണ്‌ കെ.വി തോമസ്‌ ആ പ്രസംഗത്തില്‍ വഞ്ചിച്ചത്‌! കാസര്‍ഗോട്ടെ കശുവണ്ടി തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ മൂലം ജനിതക വൈകല്യവുമായി ജനിച്ച്‌ നരകിക്കുന്ന ആയിരക്കണക്കിന്‌ കുഞ്ഞുങ്ങള്‍ക്ക്‌ സമീപം നിന്നുകൊണ്ടാണ്‌ ബഹുരാഷ്ട്ര കുത്തക കമ്പനിക്കുവേണ്ടി തോമസ്‌ ഈ വിടുപണി ചെയ്തത്‌.
ഇക്കാര്യത്തില്‍ തോമസിനെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അദ്ദേഹം ഉള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാട്‌ ഇതിനേക്കാള്‍ വഞ്ചനാത്മകമാണ്‌, ആതിരേ. ഈ മാസം സ്റ്റോക്‍ഹോമില്‍ ചേര്‍ന്ന, മാരക കീടനാശിനികള്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച രാജ്യാന്തര കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത്‌ ഇന്ത്യ മാത്രമായിരുന്നു എന്നോര്‍ക്കുക. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാല്‍ രാജ്യത്തിന്‌ കോടികളുടെ വരുമാനം ലഭിക്കുമെന്ന നിലപാടാണ്‌ കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ പ്രതിനിധി സ്വീകരിച്ചത്‌. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 29 രാജ്യങ്ങളുടെ പ്രതിനിധികളില്‍ 28 പേരും എന്‍ഡോസള്‍ഫാനെ എതിര്‍ത്തപ്പോള്‍ ഇന്ത്യന്‍ പ്രതിനിധി മാത്രമാണ്‌ ഈ മാരക വിഷത്തിനുവേണ്ടിയും ആ വിഷം ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടിയും വാദിച്ചത്‌.
ആതിരേ, കാസര്‍ഗോട്ട്‌ നിരവധി ജീവിന്‍ കവരുകയും നൂറ്‌ കണക്കിന്‌ കുഞ്ഞുങ്ങളെ ജനിതക രോഗങ്ങളിലേക്ക്‌ തള്ളിവിടുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത മികച്ച കീടനാശിനിയാണെന്ന്‌ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തെ പ്രതിനിധീകരിച്ച്‌ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഛദ്ദ ചൗധരി അഭിപ്രായപ്പെട്ടു. വനം പരിസ്ഥിതി മന്ത്രാലയത്തില്‍ രാസവസ്തു അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‌ വേണ്ടിയുള്ള പ്രത്യേക ഡിവിഷന്റെ ഡയറക്ടറാണ്‌ ഛദ്ദ ചൗധരി. ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ പൂര്‍ണമായും നിശബ്ദത പാലിച്ച ഛദ്ദ ചൗധരി എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ പ്രശ്നത്തെ കുറിച്ചാണ്‌ ആകുലതയോടെ സംസാരിച്ചത്‌. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചാല്‍ നൂറ്‌ ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക്‌ നഷ്ടമേറെയുണ്ടാകുമെന്നും അത്‌ സാധ്യമല്ലെന്നുമായിരുന്നു ഛദ്ദയുടെ വാദം.
എന്‍ഡോസള്‍ഫാന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടിരുന്ന ബ്രസീല്‍ പോലും നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന്‌ കണ്‍വെന്‍ഷനില്‍ അറിയിച്ചതോടെ ഇന്ത്യ ഒറ്റപ്പെട്ടു. ഇനി അടുത്ത മേയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്റെ പ്രശ്നങ്ങളെ കുറിച്ച്‌ വിശദമായി അറിയിക്കാമെന്നാണ്‌ ഇന്ത്യ കണ്‍വെന്‍ഷനില്‍ നിലപാടെടുത്തത്‌.അതായത്‌ ഒരു വര്‍ഷം കൂടി ഇന്ത്യിലെ നിസ്സഹായരായ സാധുക്കളെ എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ച്‌ നരകയാതനയില്‍ ആഴ്ത്തുമെന്ന്‌ സാരം
അതേ ഛദ്ദ ചൗധരി കൊലയാളികളായ കീടനാശിനി നിര്‍മ്മാതാക്കള്‍ക്കുവേണ്ടി എടുത്ത നിലപാടിന്റെ കേരള പതിപ്പാണ്‌ കെ.വി തോമസിലൂടെ കാസര്‍ഗോഡ്‌ കണ്ടതും കേട്ടതും.
മനുഷ്യജീവന്‌ ഭീഷണി സൃഷ്ടിക്കുന്ന കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാനെന്നും അതുകൊണ്ട്‌ അത്‌ പൂര്‍ണമായും നിരോധിക്കണമെന്നാണ്‌ സ്റ്റോക്‍ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. എന്‍ഡോസള്‍ഫാനും അസിന്‍ഫോസ്‌ മീഥൈനും മനുഷ്യനും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുമെന്നാണ്‌ ഈ സംഘം വിലയിരുത്തിയത്‌. അതുകൊണ്ട്‌ എന്‍ഡോസള്‍ഫാന്റെ ഉത്പാദനത്തിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നാണ്‌ കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി ആവശ്യപ്പെട്ടിത്‌.
ആതിരേ,കാര്‍ഷിക മേഖലയില്‍ കീടനാശിനിയായി ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ വെള്ളത്തിലും മണ്ണിലും എന്തിനധികം അമ്മമാരുടെ മുലപ്പാലിലും അടിഞ്ഞുകിടന്ന്‌ തലമുറകളെ കൊന്നൊടുക്കികൊണ്ടിരിക്കുമെന്നാണ്‌ ലോകത്താകമാനം നടന്നിട്ടുള്ള പഠനങ്ങളില്‍ നിന്ന്‌ വ്യക്തമായിട്ടുള്ളത്‌. എന്നിട്ടും ഛദ്ദ ചൗധരിക്കും കെ.വി തോമസിനുമൊന്നും അത്‌ ബോധ്യമാവുന്നില്ല എന്നുപറയുമ്പോള്‍ ആരുടെ താല്‍പ്പര്യങ്ങളാണ്‌ ഈ നീച നേതൃത്വങ്ങള്‍ സംരക്ഷിക്കുന്നതെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌.
അമേരിക്ക, കാനഡ, ന്യൂസിലണ്ട്‌, യൂറോപ്യന്‍ രാജ്യങ്ങള്‍, ശ്രീലങ്ക തുടങ്ങി വിവരമുള്ളവരും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യകാര്യത്തില്‍ ജാഗ്രതയുള്ളവരുമായ നേതാക്കള്‍ ഭരിക്കുന്ന അറുപതിലേറെ സര്‍ക്കാരുകള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിു‍. എന്നാല്‍, മന്‍മോഹന്‍സിംഗും സോണിയയും നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനും അതിന്റെ പ്രതിനിധികളായ ഛദ്ദ ചൗധരിക്കും കെ.വി തോമസിനുമൊന്നും ഈ സത്യം മനസ്സിലാക്കാനുള്ള മനസ്സില്ല. തങ്ങളെ നേതാക്കളായി നിലനിര്‍ത്തുന്ന വോട്ടര്‍മാരുടെ ആരോഗ്യ കാര്യത്തിലും അതിജീവന കാര്യത്തിലും തെല്ലും ശ്രദ്ധയുമില്ല. അവരെ സംബന്ധിച്ചിടത്തോളം കൊടും വിഷം ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ലാഭനഷ്ടങ്ങളാണ്‌ പ്രധാനം. മനുഷ്യജീവന്‌ പുല്ലവില പോലുമില്ല. മനുഷ്യര്‍ പിടഞ്ഞുമരിക്കട്ടെ. ജനിതക വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ പിറക്കട്ടെ. അതൊന്നും ഈ ദുഷ്ട ഹൃദയങ്ങള്‍ക്ക്‌ വിഷയമല്ല. വ്യവസായം വളരണം അതിന്റെ പേരില്‍ ബഹുരാഷ്ട്ര ചൂഷകരുടെ പിണിയാളുകളായി കമ്മീഷന്‍ കൈപ്പറ്റണം അതിലൂടെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കണം എന്ന ഒറ്റ ചിന്തമാത്രമേ കെ.വി തോമസ്‌ അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളു. ഇനിയും ഇത്തരം മാരക കീടനാശിനികള്‍ ഉത്പാദിപ്പിച്ച്‌ സാധാരണ ജനങ്ങളുടെ ജീവനുമേല്‍ കളിച്ച്‌ അവരെ കൊന്നൊടുക്കി വ്യവസായം വികസിപ്പിച്ച്‌ കെ.വി തോമസും കൂട്ടരും ശോഭനമായ ഭാവി വരും തലമുറയ്ക്ക്‌ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അരുത്‌ കാട്ടാളാ എന്ന്‌ പറയുക മാത്രമല്ല, കാട്ടാളന്മാരുടെ മുന്നേറ്റത്തെ സര്‍വ്വ സന്നാഹങ്ങളോടെ തടയേണ്ടതും എന്റെയും നിങ്ങളുടെയും ചുമതലയാണ്‌. അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന തലമുറ ജനിതക വൈകല്യങ്ങളോടെ പിറക്കും. അത്തരം ഒരു കുഞ്ഞിന്റെ മാതാവും പിതാവുമാകാന്‍ മനസ്സുണ്ടെങ്കില്‍ കെ.വി തോമസിന്‌ കൈയ്യടിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട്‌ തിരുത്താനുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ അണിചേരുക.

Monday, October 25, 2010

കവി അയ്യപ്പന്റെ ജഡത്തെ അധിക്ഷേപിക്കാന്‍ ബേബിക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌


കവി അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആട്ടി ഓടിച്ചിരുന്ന, പൊയ്ക്കാലില്‍ നടക്കുന്ന, പഞ്ചനക്ഷത്രസൗകര്യങ്ങളിലും പാദസേവയിലും മുഴുകി ജീവിച്ചവരാണ്‌ കേരളത്തിലെ സാഹിത്യനായകന്മാരും സാംസ്കാരിക പ്രവര്‍ത്തകരും. അടച്ചാക്ഷേപിക്കുകയല്ല. ഭൂരിപക്ഷവും ഈ വൃത്തികെട്ട വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ക്ക്‌ കവി അയ്യപ്പന്‌ അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല. എന്നിട്ടും ഈ സാംസകാരിക ക്ഷുദ്ര കീടങ്ങള്‍ക്കുവേണ്ടി കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കാന്‍ തയ്യാറായതിലൂടെ എം.എ ബേബി ആ സാഹിത്യ മറവപ്പടയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്‌.

ആതിരേ, എന്ത്‌ തെമ്മാടിത്തവും, മന്ത്രിയെന്ന നിലയില്‍ കാണിക്കാമെന്ന ധാര്‍ഷ്ട്യതയിലാണ്‌ എം.എ. ബേബി.
വിദ്യാഭ്യാസമന്ത്രിയെന്ന നിലയ്ക്ക്‌ കേരളത്തിലെ ഉപരിവിദ്യാഭ്യാസ മേഖല കുട്ടിച്ചോറാക്കുകയും സാംസ്കാരിക മന്ത്രിയെന്ന നിലയ്ക്ക്‌ സാംസ്കാരിക രംഗം പാദസേവകരുടെ സത്രമാക്കി മാറ്റുകയും ചെയ്ത്‌ അത്മാഭിമാനമുള്ള മലയാളികളെ അപമാനിച്ചതു പോരാഞ്ഞിട്ടാണോ കവി അയ്യപ്പനോട്‌ ഏറ്റവും അധാര്‍മ്മികമായ രീതിയില്‍ ബേബി പെരുമാറിയത്‌ ?
ബേബി ഉള്‍പ്പെടെയുള്ള മന്ത്രിപ്പരിഷകളുടെയും രാഷ്ട്രീയ വേതാളങ്ങളുടെയും സൗകര്യാര്‍ത്ഥം കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കുക വഴി കവിയുടെ ജഡത്തിനെയും കവിയുടെ ആരാധകരെയും മലയാള കവിതയെയും തന്നെയാണ്‌ എം.എ ബേബിയെന്ന വിവരം കെട്ട പരിഷ അധിക്ഷേപിച്ചിരിക്കുന്നത്‌. അധികാരത്തിന്റെ ഹുങ്കില്‍ എന്ത്‌ തോന്ന്യാസവും കാണിക്കാമെന്ന ബേബിയുടെ ഈ ഹുങ്കിന്‌ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയില്ലെങ്കില്‍, ആതിരേ, മലയാളികളെന്ന്‌ അഭിമാനിക്കാന്‍ നമുക്കാര്‍ക്കും അര്‍ഹതയുണ്ടാവില്ല. തലയില്‍ കയറിയിരുന്ന്‌ വിസര്‍ജിക്കുന്ന ഈ സത്വത്തെ ഇങ്ങനെ ചുമന്നുനടക്കാന്‍ മാത്രം പാതകമൊന്നും കേരളത്തിലെ സമ്മതിദായകരോ സാംസ്കാരിക പ്രവര്‍ത്തകരോ ചെയ്തിട്ടില്ല.
തിരസ്കാരത്തിന്റെയും ഒറ്റപ്പെടലിന്റെയും കനല്‍ പാതകള്‍ താണ്ടിയ കവി അയ്യപ്പനോടാണ്‌ ബേബിയുടെ ഈ അഹന്ത നിറഞ്ഞ അപമാനമെന്നോര്‍ക്കണം. രണ്ടാംഘട്ട പോളിംഗ്‌ നടക്കുന്ന ജില്ലകളിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക്‌ കൂടി അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ്‌ സംസ്കാരം ഇന്നത്തേക്ക്‌ നീട്ടിയതെന്ന്‌ ബേബിയുടെ ഓഫീസ്‌ വിശദീകരിക്കുന്നു. തീര്‍ച്ചയായും ഇത്‌ കവിയുടെ ജഡത്തോടും ബന്ധുക്കളോടും ആരാധകരോടും കുടുംബാംഗങ്ങളോടും കാണിച്ച ഏറ്റവും വലിയ നിന്ദ തന്നെയാണ്‌.
ആതിരേ, കവി അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആട്ടി ഓടിച്ചിരുന്ന, പൊയ്ക്കാലില്‍ നടക്കുന്ന, പഞ്ചനക്ഷത്രസൗകര്യങ്ങളിലും പാദസേവയിലും മുഴുകി ജീവിച്ചവരാണ്‌ കേരളത്തിലെ സാഹിത്യനായകന്മാരും സാംസ്കാരിക പ്രവര്‍ത്തകരും. അടച്ചാക്ഷേപിക്കുകയല്ല. ഭൂരിപക്ഷവും ഈ വൃത്തികെട്ട വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ക്ക്‌ കവി അയ്യപ്പന്‌ അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല. എന്നിട്ടും ഈ സാംസകാരിക ക്ഷുദ്ര കീടങ്ങള്‍ക്കുവേണ്ടി കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കാന്‍ തയ്യാറായതിലൂടെ എം.എ ബേബി ആ സാഹിത്യ മറവപ്പടയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്‌.
സര്‍ക്കാര്‍ ചെലവില്‍, ഔദ്യോഗിക ബഹുമതികളോടെ കവി അയ്യപ്പന്റെ സംസ്കാരം നടത്തുമെന്ന്‌ എം.എ ബേബി പ്രഖ്യാപിച്ചപ്പോള്‍ അത്‌ ഇത്തരത്തിലുള്ള ചതിയും അധിക്ഷേപവുമായിരിക്കുമെന്ന്‌ ആരും കരുതുയിരുന്നില്ല. തിങ്കളാഴ്ച കവിയുടെ ശവസംസ്കാരം നടക്കുമെന്നറിഞ്ഞ്‌ നിരവധി ആരാധകരാണ്‌ തലസ്ഥാന നഗരിയിലെത്തിയത്‌. ഇവരെ കാണാതെ, ഇവരുടെ അസൗകര്യം ഗണിക്കാതെ ഏതോ ചില ദുഷ്ട ബുദ്ധികളുടെ ആവശ്യത്തിനൊത്ത്‌ തുള്ളാന്‍ ബേബി തയ്യാറായപ്പോള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്വഭാവമാണ്‌ വെളിപ്പെട്ടത്‌. മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരവര്‍ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച്‌ മുടിച്ചതിന്റെ തുടര്‍ച്ചയാണ്‌ ഈ തീരുമാനം.
അതുകൊണ്ടുതന്നെ കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരുടെ പേര്‌ വെളിപ്പെടുത്താന്‍ മന്ത്രി ബേബിയെ വെല്ലുവിളിക്കുകയാണ്‌. കൊടുങ്ങല്ലൂരില്‍ കവി അയ്യപ്പന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷിച്ചപ്പോള്‍ തിരിഞ്ഞുപോലും നോക്കാതിരുന്ന ഈ സാംസ്കാരിക നായകന്മാര്‍ക്കുവേണ്ടിയാണോ ബേബി സംസ്കാരം മാറ്റിവെച്ചത്‌? സാംസ്കാരിക വകുപ്പ്‌ മന്ത്രിയാണെന്ന്‌ പറഞ്ഞിട്ട്‌എന്ത്‌ ഗുണം. സാധാരണ മനുഷ്യന്റെ സംസ്കാരം പോലും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സത്വമാണ്‌ താനെന്ന്‌ ബേബി വ്യക്തമാക്കിയിരിക്കുകയാണ്‍ീ‍ നീച നടപടിയിലൂടെ.. മരിച്ച വ്യക്തി ആരായാലും ആ വ്യക്തിയോട്‌ ആദരം പുലര്‍ത്തണമെന്ന സാമാന്യ മര്യാദപോലും ബേബിക്കില്ലാതെ പോയി.
ആതിരേ, ഇത്രയും വലിയ ഒരു അധിക്ഷേപം നടന്നിട്ട്‌ അതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ക്കും സാഹിത്യ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മനസ്സുണ്ടായില്ല എന്നതാണ്‌ ഏറ്റവും ആശ്ചര്യകരം. ജ്ഞാനപീഠം പുരസ്കാരം ലഭിച്ചവര്‍ മുതലുള്ള മാന്യന്മാര്‍ എം.എ ബേബിയുടെ അമാന്യതയ്ക്കെതിരെ സംസാരിക്കാന്‍ തയ്യാറാകാത്തത്‌ സാംസ്കാരിക സാഹിത്യ മേഖലയിലെ പാദസേവ എത്രമാത്രം ദുഷ്ട്‌ നിറഞ്ഞതാണെന്ന്‌ വ്യക്തമാക്കുന്നു. ആദ്യം പ്രതികരിച്ചത്‌ ഡോ. സുകുമാര്‍ അഴീക്കോടാണ്‌. അദ്ദേഹത്തിന്റെ ആര്‍ജ്ജവം നമ്മുടെ സാംസ്കാരിക സാഹിത്യ നായകന്മാര്‍ക്കില്ലാതെ പോയത്‌ മരിച്ചുകഴിയുമ്പോള്‍ ലഭിക്കാവുന്ന ഔദ്യോഗിക ബഹുമതിയോടുകൂടിയ സംസ്കാരത്തോടുള്ള ആര്‍ത്തികൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. വെറുതെ എന്തിന്‌ അധികാര സ്ഥാനത്തിരിക്കുന്നവരെ വെറുപ്പിക്കണമെന്നാണ്‌ ഈ പരിഷകളും ചിന്തിച്ചത്‌." രാജാവ്‌ നഗ്നനാണെന്ന സത്യം രാജഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍ നാളെ വിളിച്ചു പറയുവാനുണ്ണിനിന്‍ നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവു"മെന്ന്‌ പാടിയ കവിപോലും ഈ അധിക്ഷേപത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നത്‌ ഏറെ ഖേദകരമാണ്‌.
ഒരിടത്തും തങ്ങാതെ ഒരിടത്തും സ്ഥിരമായി താമസിക്കാതെ ഒരു വീട്ടിലും അഞ്ചുരാത്രിപോലും തുടര്‍ച്ചയായി അന്തിയുറങ്ങാതെ തന്റെ മനസ്സ്‌ പറഞ്ഞ രീതിയില്‍ ജീവിച്ച കവി അയ്യപ്പനാണ്‌ അഞ്ചുദിവസം മോര്‍ച്ചറിയില്‍ ജഡമായി കിടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്‌. നാടുഭരിക്കുന്നവര്‍ക്കും അവരുടെ പാദസേവകര്‍ക്കുമെതിരെ വജ്രമുനയുള്ള അമ്പുകളെയ്ത്‌ തിരസ്കൃതന്റെയും ചൂഷിതന്റെയും തെരുവിലലയാന്‍ വിധിക്കപ്പെട്ടവന്റെയും സ്വത്വത്തിന്‌ വേണ്ടി വാദിച്ച ഒരു കവിയുടെ ദുരവസ്ഥയാണിത്‌. അധികാരസ്ഥാനങ്ങളുമായി അനുരഞ്ജനപ്പെടാതെ ആത്മാഭിമാനത്തിന്റെയും നട്ടെല്ലുറപ്പിന്റെയും പര്യായമായി ജീവിച്ചതാണോ കവി അയ്യപ്പന്‍ ചെയ്ത തെറ്റ്‌? ആ തെറ്റിനാണോ, ആതിരേ, എം.എ ബേബിയെന്ന സംസ്കാര വിരുദ്ധന്റെ വകുപ്പും അദ്ദേഹം ഉള്‍പ്പെടുന്ന ക്ഷുദ്ര രാഷ്ട്രീയ സംവിധാനവും കവിയോടും അദ്ദേഹത്തിന്റെ ആരാധകരോടും ഇത്ര കടുത്ത പാതകം ചെയ്തത്‌? സുകുമാര്‍ അഴീക്കോട്‌ പറഞ്ഞതുപോലെ കവി അയ്യപ്പന്റെ ശവസംസ്കാരം നാട്ടുകാരും ആരാധകരും ചേര്‍ന്ന്‌ ഇന്ന്‌ നടത്തുന്നതാണ്‌ ബേബിയുള്‍പ്പെടെയുള്ളവര്‍ ചെയ്ത അധിക്ഷേപത്തെ തകര്‍ക്കാനുള്ള ഏക പോംവഴി. അതിന്‌ കഴിയുമോ ? ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ചൂണ്ടിക്കാണിച്ചത്‌ ഏറെ പ്രസക്തമാണ്‌. ജീവിച്ചിരിക്കുന്നവരോട്‌ ഭരണകൂടം ഉള്‍പ്പെടെയുള്ള സമൂഹത്തിന്‌ എന്തും ചെയ്യാം. കാരണം അവര്‍ക്ക്‌ പ്രതികരിക്കാന്‍ കഴിയും. എന്നാല്‍, ജഡമായ ഒരു വ്യക്തിയോട്‌ ഇത്രയ്ക്ക്‌ അപമാനകരമായി പെരുമാറാന്‍ പാടില്ലായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. മരിച്ചുകഴിഞ്ഞപ്പോള്‍ കടുത്ത അനാദരവും. ഇതെന്തൊരു വിധിയാണ്‌! രണ്ടായിരത്തിലധികം കവിതകളെഴുതിയ ഒരു കവിയെ ഇങ്ങനെ മോര്‍ച്ചറിയില്‍ കിടത്തുന്ന സാംസ്കാരിക മന്ത്രിയെ തല്‍സ്ഥാനത്ത്‌ തുടരാന്‍ അനുവദിക്കാമോ ?
അറംപറ്റിയതുപോലെ അയ്യപ്പനെഴുതിയത്‌ ഓര്‍ത്തുപോകുന്നു. : "കാറപകടത്തില്‍ പെട്ട്‌ മരിച്ച വഴിയാത്രക്കാരന്റെ ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കേ മരിച്ചവന്റെ പോക്കറ്റില്‍ നിന്ന്‌ പറന്ന അഞ്ചുരൂപയുടെ നോട്ടിലായിരുന്നു എന്റെ കണ്ണ്‌..... " അതേ ബേബി ഉള്‍പ്പെടെയുള്ള സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത രാഷ്ട്രീയ കോമരങ്ങള്‍ക്ക്‌ മരിച്ചു കിടക്കുന്ന അയ്യപ്പന്‌ വിലയില്ലായിരുന്നു മറിച്ച്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ അഞ്ചുവോട്ടിലായിരുന്നു കണ്ണ്‌ !
ആതിരേ, ഈ ശാപത്തെ എങ്ങനെ ഉന്മൂലനം ചെയ്യാന്‍ പറ്റും.