Tuesday, March 27, 2012

പ്രകൃതി സ്നേഹത്തിലൂന്നിയ ആത്മീയത: കത്തോലിക്കാസഭയുടെ വിപ്ലവകരമായ തിരിച്ചറിവ്‌


പരമ്പരാഗതമായ വിശ്വാസങ്ങളുടെ പിടിവാശിവിട്ട്‌ വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന അടിസ്ഥാന പരിവര്‍ത്തനങ്ങള്‍ക്ക്‌ സഭ തയ്യാറാകുന്നുവെന്നത്‌ സ്ഥിതി സമത്വവും സമഷ്ടി സ്നേഹവും ആഗ്രഹിക്കുന്നവരെയെല്ലാം ആനന്ദിപ്പിക്കുന്ന നിലപാടു മാറ്റം തന്നെയാണ്‌. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ സഭ തയ്യാറാകുമ്പോള്‍ തീര്‍ച്ചയായും മനുഷ്യജീവിതത്തിലും അന്യവ്യക്തിയോടും പ്രകൃതിയോടുമുള്ള പാരസ്പര്യത്തിലും വിപ്ലവകരമായ വ്യതിയാനം ഉണ്ടാകുന്നു. അപ്പോഴാണ്‌ അന്യന്റെ സ്വരം സംഗീതംപോലെ അസ്വദിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുക: അപ്പോഴാണ്‌ ഭാരതീയ ഋഷിവര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്ക്മുമ്പ്‌ തിരിച്ചറിഞ്ഞ ഞാനും നീയും ഒന്ന്‌ എന്ന തത്വമസിയിലേയ്ക്ക്‌ ഓരോ വ്യക്തിയും എത്തിച്ചേരുക.


ആതിരേ,ഭൂമിയല്ല സൂര്യനാണ്‌ സൗരയൂഥത്തിന്റെ കേന്ദ്രമെന്ന പ്രകൃതിസത്യം വെളിപ്പെടുത്തിയതിന്‌ ഗലീലിയോട്‌ കാണിച്ച കൊടുംക്രൂരതയ്ക്കും കുരിശുയുദ്ധങ്ങള്‍ സൃഷ്ടിച്ച നിണപ്പുഴകള്‍ക്കും കത്തോലിക്കാസഭ പ്രായശ്ചിത്തത്തിനൊരുങ്ങുന്നു എന്നത്‌ തീര്‍ച്ചയായും ആദരണീയവും അംഗീകരിക്കേണ്ടതുമായ തിരിച്ചറിവാണ്‌.
ക്രൈസ്തവ മൂല്യബോധങ്ങളിലൂന്നിയ ആത്മീയ പരിപ്രേഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇഹലോക -പരലോക ജീവിതങ്ങളെ വിലയിരുത്തുകയും ഭൗതീക ജീവിത സാഹചര്യങ്ങളോടുള്ള പാരസ്പര്യത്തെ ചിട്ടപ്പെടുത്തുകയും ചെയ്ത പരമ്പരാഗതമായ പിന്‍തിരിപ്പന്‍ നിലപാടുവിട്ട്‌ ഉത്തരാധുനീകാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങളും സാമൂഹിക പ്രതിബദ്ധതയും ഏറ്റെടുക്കാന്‍ വിശ്വാസികളോട്‌ ആഹ്വാനം ചെയ്തുകൊണ്ടാണ്‌ കത്തോലിക്കാസഭ അതിന്റെ നിലപാട്‌ തറ പൊളിച്ചുപണിയുന്നതും ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും വിപ്ലവകരമായ വ്യതിയാനം സ്വീകരിക്കുന്നതും.
പ്രകൃതി സ്നേഹത്തിലൂന്നിയ ആത്മീയത എന്ന പുതിയൊരു മൂല്യബോധം വിശ്വാസികളില്‍ അങ്കുരുപ്പിച്ചുകൊണ്ട്‌ ആസന്നമൃത്യുവായ ഭൂമിയോടും ഭൂനിവാസികളോടും തങ്ങള്‍ക്കുള്ള കടമയും കര്‍ത്തവ്യവും വ്യക്തമാക്കുകയാണ്‌, ആതിരേ, കത്തോലിക്കാസഭ.
കേരളാ കത്തോലിക്കാ മെത്രാന്‍ കൗണ്‍സിലിന്റെ (കെസിബിസി) പാരിസ്തിതിക നയത്തിന്റെ പുതിയ വിലയിരുത്തലും കണ്ടെത്തലുമാണ്‌ പ്രകൃതി സ്നേഹത്തിലൂന്നിയ ആത്മീയത എന്ന മൂല്യബോധം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഏതൊരു ചെയ്തിയും പാപമാണെന്ന്‌ തിരിച്ചറിവില്‍ നിന്നാണ്‌ ഈ പുതിയ ആത്മീയ മൂല്യബോധം ഉരുവംകൊള്ളുന്നത്‌. പ്രകൃതിയ്ക്കും പരിസ്ഥിതിയ്ക്കും ഏല്‍പിക്കുന്ന പരിക്കുകള്‍ ഇനിമുതല്‍ കുമ്പസാരത്തിലൂടെ ഏറ്റുപറയേണ്ട പാപമായി കത്തോലിക്കാസഭ നിര്‍ണയിക്കാന്‍ പോകുകയാണ്‌.
ആതിരേ,നിലവില്‍ കത്തോലിക്കാസഭയുടെ ആത്മീയവും ഭൗതീകവുമായ ഊടും പാവും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്‌ പത്തു കല്‍പനകളിലാണ്‌. ഈ കല്‍പനകള്‍പ്പോലെ പ്രധാനപ്പെട്ടതും തെറ്റിക്കാതെ ആചരിക്കേണ്ടതുമായ വിശ്വാസ നിലപാടായി പ്രകൃതി സ്നേഹത്തേയും പരിസ്ഥിതി സംരക്ഷണത്തേയും വിശ്വാസികള്‍ സ്വീകരിക്കണം എന്നാണ്‌ കത്തോലിക്കാ മെത്രാന്‍ കൗണ്‍സിലിന്റെ അഹ്വാനം.
എന്നുവെച്ച്‌ ഇത്‌ പതിനൊന്നാമത്തെ കല്‍പനയാകുന്നില്ല. അതേസമയം പ്രകൃതിയ്ക്ക്‌ ദോഷകരമായ ചെയ്തികളെല്ലാം പ്രകൃതിയുടെ സ്രഷ്ടാവായ ദൈവത്തോട്‌ ചെയ്യുന്ന പാതകമാണ്‌ എന്നുള്ള തിരിച്ചറിവുമാണ്‌ ഈ പുതിയ വിശ്വാസ പ്രമാണത്തിലൂടെ സഭ മുന്നോട്ട്‌ വെയ്ക്കുന്നത്‌. പ്രകൃതിയോടുള്ള സമീപനത്തിലും പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിലും പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിലും ആത്മീയതയിലൂന്നിയ പുതിയ കാഴ്ചപ്പാട്‌ വിശ്വാസികള്‍ സ്വീകരിക്കണം എന്നാണ്‌ ആഹ്വാനം. പ്രകൃതി സന്തുലിതാവസ്ത തകര്‍ക്കുന്ന ഏതൊരു നിസാര ഇടപെടലും ധാര്‍മ്മിക വിശ്വാസങ്ങളില്‍ നിന്നും മൂല്യബോധങ്ങളില്‍ നിന്നുമുള്ള വ്യതിയാനമായിട്ടാണ്‌ ഇനി സഭ കാണുക. ധാര്‍മ്മിക മൂല്യങ്ങള്‍ നിഷേധിക്കുകയെന്നാല്‍ സഭാ വിശ്വാസപ്രകാരം പാപം ചെയ്യുക എന്നാണര്‍ത്ഥം. പാപമോചനത്തിനായി കുമ്പസാരവും കുര്‍ബാനയും അനിവാര്യവുമാണ്‌. ഈയൊരു ധാര്‍മ്മികമായ ഉയര്‍ന്ന തലത്തിലേയ്ക്ക്‌ സഭാവിശ്വാസികളെ കൈപിടിച്ചുയര്‍ത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിരക്ഷിച്ച്‌ പരിസ്ഥിതിനശീകരണ പ്രവണതയില്‍ നിന്ന്‌ വിശ്വാസികളെ പിന്‍തിരിപ്പിച്ച്‌ ഈ ഭൂമിയും അതിലെ വിഭവശേഷികളും ഇന്ന്‌ ജീവിച്ചിരിക്കുന്ന മനുഷ്യരാശിയ്ക്ക്‌ മാത്രമല്ല വരാനിരിക്കുന്ന തലമുറകള്‍ക്കെല്ലാം അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ്‌ വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ ചേര്‍ക്കുവാനുള്ള വിപ്ലവകരമായ നീക്കമായിട്ട്‌, ആതിരേ ഞാന്‍ ഇതിനെ വിലയിരുത്തുന്നു, അംഗീകരിക്കുന്നു: സ്വീകരിക്കുന്നു.
കെസിബിസിയുടെ പരിസ്ഥിതി വിഭാഗം തയ്യാറാക്കിയ പ്രത്യേക പ്രമാണപ്രകാരം കത്തോലിക്ക വിശ്വാസിയുടെ ധാര്‍മ്മിക ജീവിതം, ഇനി മുതല്‍ പത്തു കല്‍പനകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്‌ പ്രകൃതി പരിപാലനവും പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടുന്നതാണ്‌. ഈ രണ്ട്‌ അടിസ്ഥാന നിലപാടുകളില്‍ നിന്നുള്ള വ്യതിയാനം പാപമാണെന്നാണ്‌ വിലയിരുത്തുന്നത്‌.
ആതിരേ,ഭൂമിയും അതിന്റെ വിഭവശേഷികളും ഇപ്പോള്‍ത്തന്നെ അപായകരമായ വിധത്തില്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണ്‌. വരുംതലമുറയോട്‌ ഉത്തരവാദിത്തമില്ലാതെ പ്രകൃതിയേയും വിഭവങ്ങളേയും ചൂഷണം ചെയ്യുന്നത്‌ ധാര്‍മ്മികമായി ആശാസ്യമല്ല എന്നാണ്‌ കെസിബിസിയുടെ പുതിയ നിലപാട്‌. പ്രകൃതി സംരക്ഷണം എന്നാല്‍ വിശുദ്ധമായ ജീവിതരീതി എന്നാണ്‌ കെസിബിസി ഇനി നല്‍കുന്ന അര്‍ത്ഥം. ജീവിത രീതികള്‍ക്ക്‌ വ്യക്തിയുടെ സ്വഭാവത്തേയും സ്വഭാവ രൂപീകരണത്തേയും സ്വാധീനിക്കാന്‍ കഴിവുണ്ട്‌ എന്ന അടിസ്ഥാന തത്വത്തില്‍നിന്നുകൊണ്ടുള്ള പുതിയ വീക്ഷണമാണ്‌ കെസിബിസിയുടെ പരിസ്ഥിതി നയത്തിലൂടെ കത്തോലിക്കാസഭ മുന്നോട്ട്‌ വയ്ക്കുന്നത്‌. പ്രകൃതി സംരക്ഷണ കാര്യത്തില്‍ സമൂഹത്തിന്‌ കത്തോലിക്കസഭയും വിശ്വാസികളും അതുല്യമാതൃകകളാകണമെന്ന അദമ്യമായ ആഗ്രഹത്തില്‍ നിന്നാണ്‌ കെസിബിസി ഈ പ്രമാണം വിശ്വാസികള്‍ക്ക്‌ മുമ്പാകെ അവതരിപ്പിക്കാനൊരുങ്ങുന്നത്‌.
വിശ്വാസികളെ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതിനുപരി, ആതിരേ, പരിസ്ഥിതി ചൂഷണം നടത്തുന്ന പാശ്ചാത്യ കുത്തകകള്‍ക്കെതിരെ വിശ്വാസികളുടെ മനസ്‌ തിരിക്കാനുള്ള ശ്രമം കൂടി നടത്തുന്നു എന്നിടത്താണ്‌ കെസിബിസിയുടെ പുതിയ തിരിച്ചറിവിന്‌ മാനവീക മൂല്യം ലഭിക്കുന്നത്‌. വ്യക്തികളും വിശ്വാസികളും പ്രകൃതി സംരക്ഷണകാര്യത്തില്‍ അതീവ ജാഗ്രതപുലര്‍ത്തുന്നതോടൊപ്പം പാരിസ്ഥിതിക ചൂഷണം നടത്തുന്ന പ്രബല ശക്തികള്‍ക്കെതിരെ പ്രതിരോധം ചമയ്ക്കണമെന്ന വിപ്ലവകരമായ ആഹ്വാനവും പ്രകൃതി സ്നേഹത്തിലൂന്നിയ ആത്മീയതയെന്ന ആത്മീയതയിലൂടെ മുന്നോട്ട്‌ വെയ്ക്കുന്നതുകൊണ്ടാണ്‌ കെസിബിസിയുടെ ഈ നിലപാടിനെ ഞാന്‍ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും.
ആതിരേ,പരമ്പരാഗതമായ വിശ്വാസങ്ങളുടെ പിടിവാശിവിട്ട്‌ വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന അടിസ്ഥാന പരിവര്‍ത്തനങ്ങള്‍ക്ക്‌ സഭ തയ്യാറാകുന്നുവെന്നത്‌ സ്ഥിതി സമത്വവും സമഷ്ടി സ്നേഹവും ആഗ്രഹിക്കുന്നവരെയെല്ലാം ആനന്ദിപ്പിക്കുന്ന നിലപാടു മാറ്റം തന്നെയാണ്‌. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ സഭ തയ്യാറാകുമ്പോള്‍ തീര്‍ച്ചയായും മനുഷ്യജീവിതത്തിലും അന്യവ്യക്തിയോടും പ്രകൃതിയോടുമുള്ള പാരസ്പര്യത്തിലും വിപ്ലവകരമായ വ്യതിയാനം ഉണ്ടാകുന്നു. അപ്പോഴാണ്‌ അന്യന്റെ സ്വരം സംഗീതംപോലെ അസ്വദിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുക: അപ്പോഴാണ്‌ ഭാരതീയ ഋഷിവര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്ക്മുമ്പ്‌ തിരിച്ചറിഞ്ഞ ഞാനും നീയും ഒന്ന്‌ എന്ന തത്വമസിയിലേയ്ക്ക്‌ ഓരോ വ്യക്തിയും എത്തിച്ചേരുക.
പരിസ്ഥിതി സംരക്ഷണത്തില്‍ കെസിബിസിയിലൂടെ കേരളത്തിലെ കത്തോലിക്ക സഭ ലോകത്തിനുതന്നെ മാതൃകയാകുകയാണ്‌. മുമ്പേപറക്കുന്ന പക്ഷികളാകാന്‍ കഴിയുന്നവര്‍ക്കുമാത്രമേ മാറ്റങ്ങള്‍ കണ്ടറിഞ്ഞ്‌ ജീവിതങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഈ നയമാറ്റം കുടുംബാസ്രൂത്രണം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലും കാലാനുസൃതമായ നിലപാട്‌ സ്വീകരിക്കാന്‍ സഭയേയും വിശ്വാസികളേയും നിര്‍ബന്ധിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. കെസിബിസി മുന്നോട്ട്‌ വെച്ചിട്ടുള്ള ഈ വിപ്ലവ പ്രമാണം അംഗീകരിക്കാനും അനുസരിക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി ജനിക്കാനിരിക്കുന്ന തലമുറകളോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും നിറവേറ്റാന്‍ ഓരോ കത്തോലിക്ക വിശ്വാസിയും തയ്യാറാകണമെന്നാണ്‌ , ആതിരേ എനിക്കും ആവശ്യപ്പെടാനുള്ളത്‌.

Monday, March 26, 2012

ആര്‍മി ചീഫിന്‌ 14 കോടി: ആന്റണിയുടെ കളിമണ്‍ പാദങ്ങള്‍ തകരുന്നു


ആന്റണിയെ മറയാക്കി പാര്‍ട്ടിയിലെ അത്യുന്നതരും മന്ത്രിസഭയിലെ താപ്പാനകളും ദശകോടികള്‍ പോക്കറ്റിലാക്കി എന്ന കാര്യത്തില്‍ ഇനി ആര്‍ക്കും സന്ദേഹത്തിന്‌ അവസരമില്ല. പൊതുസമൂഹത്തേയും മാധ്യമങ്ങളേയും വിഢികളാക്കിക്കൊണ്ട്‌ എ കെ ആന്റണി ഈ അഴിമതിപ്പണ്ടാരങ്ങള്‍ക്കുവേണ്ടി വിടുപണി ചെയ്യുകയായിരുന്നു. പ്രതിരോധ ഇടപാടില്‍ സോണിയയ്ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ച പതിനായിരം കോടിയുടെ അഴിമതി ഇവിടെ കൂട്ടിവായിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണ സമ്പത്തിനുടമയാണ്‌ സോണിയ എന്ന വെളിപ്പെടുത്തലും കൂടെ ഓര്‍മ്മിക്കുക. ഭരണത്തിന്‌ പുറത്തുനിന്നുകൊണ്ട്‌ ആന്റണി അടക്കമുള്ളവരെ നിയന്ത്രിക്കുന്ന സോണിയയെപ്പോലെയുള്ള അധികാര - അഴിമതി വേതാളങ്ങള്‍ക്ക്‌ ശത കോടികള്‍ സമ്പാദിക്കാനും ഇന്ത്യയിലെ നികുതിദായകനെ കൊള്ളയടിക്കാനും ആന്റണി കൂട്ടു നില്‍ക്കുകയായിരുന്നു എന്ന വാസ്തവം ഇപ്പോള്‍ ആന്റണിയ്ക്ക്‌ പോലും നിഷേധിക്കാന്‍ കഴിയുകയില്ല. ആദര്‍ശത്തിന്റെ സുതാര്യതയും അഴിമതിരഹിത നിലപാടുകളുടെ ശുഭ്രതയും വിടുപണിയെന്ന കളിമണ്‍പാദങ്ങള്‍ മറയ്ക്കാനുള്ള ഉപായമായിരുന്നു എന്നും അറിയുക.... വെറുതെ ഞെട്ടാതിരിക്കുക. കാരണം ആന്റണിയും കോണ്‍ഗ്രസുകാരനാണ്‌;വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമാണ്‌.


ആതിരേ,ധരിക്കുന്ന ഖദറിന്റെ ശുഭ്രതയും സുതാര്യതയും പൊതുജീവിതത്തില്‍ അവകാശപ്പെടാന്‍ ഇന്ത്യയില്‍ ഒരു കോണ്‍ഗ്രസ്‌ നേതാവേയുള്ളൂ എന്നാണ്‌ മാധ്യമങ്ങളുടെ സംഘഗാനം - അത്‌ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയല്ലാതെ മറ്റാരുമല്ലത്രേ.
അഴിമതിരഹിതമായ ഇച്ഛാശക്തിയുടേയും കളങ്കലേശമില്ലാത്ത പൊതുജീവിതത്തിന്റേയും ഉടമയാണ്‌ ആന്റണിയെന്ന്‌ രാഷ്ട്രീയ എതിരാളികളും സമ്മതിക്കുന്നു. അഴിമതിയുമായും അനീതികളുമായും ഒരിക്കലും അനുരഞ്ജനത്തിന്‌ തയ്യാറല്ലാത്ത കോണ്‍ഗ്രസുകാരനാണ്‌ ആന്റണിയെന്ന്‌ അദ്ദേഹത്തിന്റെ ഭൂതകാല നിലപാടുകളുടെ അടിസ്ഥാനത്തില്‍ വാഴ്ത്തിപ്പാടുന്നത്‌ അനുയായികള്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളുമാണ്‌. ലോകമെമ്പാടുമുള്ള മലയാളികളുടെ സംശുദ്ധ രാഷ്ട്രീയ സങ്കല്‍പങ്ങളുടെ നിറവാര്‍ന്ന പൊതു പ്രവര്‍ത്തകനാണ്‌ ആന്റണിയെന്നും വ്യാഖ്യാനങ്ങളുണ്ട്‌.
ഇന്ദിരാഗാന്ധി ചിക്കമഗലൂരില്‍നിന്ന്‌ ലോക സഭയിലേയ്ക്ക്‌ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരള മുഖ്യമന്ത്രി പദവും കേന്ദ്ര വാണിജ്യമന്ത്രിയായിരിക്കെ പപഞ്ചസാര കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ആ സ്ഥാനവും 'പുല്ലുപോലെ വലിച്ചെറിഞ്ഞ്‌ തന്റെ സങ്കല്‍പ്പ സുരഭിലമായ ആദര്‍ശ രാഷ്ട്രീയ നിലപാട്‌ കാത്തുസൂക്ഷിച്ച വ്യക്തിയാണ്‌ എ കെ ആന്റണി'. കേരളത്തില്‍ കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും മേല്‍കൈ നേടാന്‍ നടത്തിയ ഗ്രൂപ്പ്‌ രാഷ്ട്രീയം ഒഴിവാക്കിയാല്‍ വര്‍ത്തമാനകാല കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ ആദര്‍ശശുദ്ധിയും ഇച്ഛാശക്തിയും അഴിമതിയോട്‌ സന്ധിയില്ലാത്ത നിലപാടുകളും സ്വീകരിക്കുന്ന നേതാവ്‌ ആന്റണിയാണെന്ന്‌ പറയണം.
അതുകൊണ്ടാണ്‌ ആന്റണി കേന്ദ്രത്തില്‍ പ്രതിരോധ മന്ത്രിയായപ്പോള്‍, ആതിരേ, മലയാളികള്‍ ഒന്നടങ്കം ആനന്ദിച്ചത്‌. ലോകത്ത്‌ ഏറ്റവുമധികം അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നത്‌ ആയുധ വില്‍പനയിലാണ്‌. ആന്‍ണിയ്ക്ക്‌ മുമ്പ്‌ പ്രതിരോധമന്ത്രിയായ എല്ലാവരുംതന്നെ - വി കെ കൃഷ്ണമേനോന്‍ ഒഴിച്ച്‌- ആയുധ ഇടപാടിലെ കമ്മീഷന്‍ പറ്റിയിട്ടുള്ള രാജ്യദ്രോഹികളാണ്‌. ആന്റണി ചാര്‍ജെടുത്തതോടെ പ്രതിരോധ മന്ത്രാലയത്തിലെ അഴിമിതിയിടപാടുകള്‍ക്ക്‌ അറുതിവന്നു എന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. ഇതില്‍ അല്‍പം സത്യം ഇല്ലാതെയുമില്ല. തങ്ങളുടെ കമ്മീഷന്‍ പ്രലോഭനങ്ങളില്‍ വീഴാതിരുന്ന ആന്റണിയ്ക്കെതിരെ ആഗോള ആയുധവ്യാപാര കുത്തകകള്‍ എതിര്‍ നിക്കം നടത്തിയിരുന്നുവെന്നതും വാസ്തവമാണ്‌. ഇങ്ങനെ കോണ്‍ഗ്രസുകാര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അഭിമാനത്തിന്റെ ആള്‍രൂപമായി വാഴ്ത്തപ്പെട്ട ആന്റണിയുടെ പാദങ്ങള്‍ കളിമണ്‍ നിര്‍മ്മിതമായിരുന്നില്ലേ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ഇന്ത്യന്‍ കരസേന മേധാവി വി കെ സിംഗ്‌ 'ദ്‌ ഹിന്ദു ' പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ, അക്ഷരാര്‍ത്ഥത്തില്‍തന്നെ ഞെട്ടിക്കുന്ന ചില വാസ്തവങ്ങളാണ്‌ ഈ നിലയ്ക്ക്‌ പൊതുസമൂഹത്തേയും ആന്റണിയുടെ കടുത്ത ആരാധകരെയും ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്‌.
ആതിരേ,സൈന്യത്തിന്‌ ഗുണനിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുനന്നതിന്‌ അനുമിതി നല്‍കുന്നതിനായി 14 കോടി രൂപ തനിക്ക്‌ വാഗ്ദാനം ചെയ്തു എന്നാണ്‌ വി കെ സിംഗ്‌ വെളിപ്പെടുത്തിയത്‌. ഇതിനുമുമ്പ്‌ ഇത്തരം നിലവാരം കുറഞ്ഞ 7000 വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും അവ സൈന്യത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും ഇതൊന്നും ആരും ചോദ്യംചെയ്തിട്ടില്ലെന്നും സിംഗ്‌ വെളിപ്പെടുത്തി. ഇന്ത്യന്‍ സേനയിലെ എല്ലാ ഇടപാടുകളും വമ്പന്‍ അഴിമതിയുടെ കൂത്തരങ്ങാണെന്നും തനിക്ക്‌ മുന്‍പുണ്ടായിരുന്നവര്‍ ഇതിന്റെ ഭാഗമാണെന്നും സിംഗ്‌ വെളിപ്പെടുത്തി.
ലോക രാഷ്ട്രങ്ങളില്‍ സൈനീക ഇടപാടുകളില്‍ നടക്കുന്ന സാമ്പത്തിക അഴിമതികളെക്കുറിച്ച്‌ ബോധ്യമുള്ളവര്‍ക്കൊന്നും ഈ വെളിപ്പെടുത്തല്‍ ഞെട്ടല്‍ ഉളവാക്കുകയില്ല. എന്നാല്‍ തനിക്ക്‌ 14 കോടി രൂപ വാഗ്ദാനം ചെയ്ത വിവിരം പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചിട്ട്‌ അദ്ദേഹം നടപടിയെടുത്തില്ലെന്ന്‌ മാത്രമല്ല ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ല എന്ന സിംഗിന്റെ വെളിപ്പെടുത്തലാണ്‌ വിവാദമാകുന്നതും ആന്റണിയുടെ ശുഭ്ര സുതാര്യ രാഷ്ട്രീയ ജീവിതത്തില്‍ കളങ്കം വീഴ്ത്തുന്നതും.
പ്രതിരോധ ബഡ്ജറ്റില്‍ ചാരപ്രവര്‍ത്തനം അടക്കമുള്ള തന്ത്രപ്രധാനമായ പല കാര്യങ്ങള്‍ ഉള്ളതുകൊണ്ട്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെപോലും ഇടപെടല്‍ സൈനീക വ്യയത്തില്‍ ഉണ്ടാകുകയില്ല എന്നുറപ്പുള്ളതുകൊണ്ടാണ്‌ പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപാടുകളില്‍ കോടികളുടെ അഴിമതി നടക്കുന്നത്‌.
എന്നാല്‍ ആന്റണി പ്രതിരോധമന്ത്രിയായതോടെ ഈ അലമ്പ്‌ പരിപാടികള്‍ക്ക്‌ അറുതിവന്നുവെന്നും പ്രതിരോധ ഇടപാടുകള്‍ തീര്‍ത്തും സുതാര്യമായെന്നും വിശ്വസിച്ചവരെ വിഢ്ഢികളാക്കുന്നതാണ്‌ വി കെ സിംഗിന്റെ വെളിപ്പെടുത്തല്‍. വ്യക്തിപരമായി ആന്റണി അഴിമതി കാണിക്കുമെന്ന്‌ ഒരാളും വിശ്വസിക്കുകയില്ല. എന്നാല്‍ പ്രതിരോധ ഇടപാടിലെ അഴിമതിയുടെ ഗുണഭോക്താക്കളായ പാര്‍ട്ടിയിലേയും മന്ത്രിസഭയിലേയും ഉന്നതരെ സംരക്ഷിക്കാന്‍ ആന്റണി തന്ത്രപൂര്‍വ്വമായ മൗനം പാലിച്ചുവെന്നാണ്‌ സിംഗിന്റെ വെളിപ്പെടുത്തലുകളില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്‌. ബോഫോഴ്സ്‌ തോക്കിടപാടുമുതല്‍ ജാവന്മാര്‍ക്കുവേണ്ടി വാങ്ങിയ ശവപ്പെട്ടികളില്‍ വരെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്നും ഇന്ത്യയിലെ പൊതുസമൂഹത്തിനറിയാം. ആ കളങ്കിതരില്‍ നിന്ന്‌ എല്ലാ അര്‍ത്ഥത്തിലും മാന്യവും രാഷ്ട്രീയവിശുദ്ധവുമായ നിലപാടുകളിലൂടെ പ്രതിരോധ ഇടപാടുകള്‍ ആന്റണി കൈകാര്യം ചെയ്തിരുന്നു എന്ന ധാരണയ്ക്കാണ്‌ , ആതിരേ, വി.കെ.സിംഗ്‌ എന്ന കുഴിബോംബ്‌ പൊട്ടി ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്‌.
സിംഗിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ ധൃതിപിടിച്ച്‌ ആന്റണി സി ബി ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. സിംഗിന്റെ ആരോപണം ഗുരുതരമാണെന്നും സി ബി ഐ അന്വേഷിക്കുമെന്നുമാണ്‌ ആന്റണി പ്രഖ്യാപിച്ചത്‌. എന്നാല്‍ സൈന്യത്തിന്റെ ഒരിടപാടും അന്വേഷിച്ച്‌ കണ്ടെത്താന്‍ ഇന്ത്യയില്‍ സംവിധാനങ്ങള്‍ ഒന്നുമില്ല എന്നുള്ളതുകൊണ്ട്‌ ഈ അന്വേഷണത്തിന്റെ ഫലശ്രുതി ഇപ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ.എന്നു മാത്രമല്ല,വി.കെ. സിംഗ്‌ കോഴയുടെ കാര്യം സൂചിപ്പിച്ചപ്പോള്‍ മൗനം പാലിച്ച ആന്റണി ഇപ്പോള്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടതിലും ഒരു കബളിപ്പിക്കലുണ്ട്‌. കരസേന മേധാവി ഈ വിവരം വെളിപ്പെടുത്തുമ്പോള്‍ അതൊരു അരമന രഹസ്യമായിരുന്നു.അതു കൊണ്ട്‌ ആന്റണി കണ്ണടച്ചു.ഇപ്പോള്‍ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നപ്പോള്‍,മുഖം രക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തത്‌ കൊണ്ടാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്ന്ത്‌.ഈ നടപടിയാണ്‌ യഥാര്‍ത്ഥത്തില്‍ ആന്റണിയിലെ വ്യാജനെ വെളിച്ചത്ത്‌ കൊണ്ടുവന്നത്‌.
ആതിരേ,ആന്റണിയെ മറയാക്കി പാര്‍ട്ടിയിലെ അത്യുന്നതരും മന്ത്രിസഭയിലെ താപ്പാനകളും ദശകോടികള്‍ പോക്കറ്റിലാക്കി എന്ന കാര്യത്തില്‍ ഇനി ആര്‍ക്കും സന്ദേഹത്തിന്‌ അവസരമില്ല. പൊതുസമൂഹത്തേയും മാധ്യമങ്ങളേയും വിഢികളാക്കിക്കൊണ്ട്‌ എ കെ ആന്റണി ഈ അഴിമതിപ്പണ്ടാരങ്ങള്‍ക്കുവേണ്ടി വിടുപണി ചെയ്യുകയായിരുന്നു. പ്രതിരോധ ഇടപാടില്‍ സോണിയയ്ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ച പതിനായിരം കോടിയുടെ അഴിമതി ഇവിടെ കൂട്ടിവായിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണ സമ്പത്തിനുടമയാണ്‌ സോണിയ എന്ന വെളിപ്പെടുത്തലും കൂടെ ഓര്‍മ്മിക്കുക. ഭരണത്തിന്‌ പുറത്തുനിന്നുകൊണ്ട്‌ ആന്റണി അടക്കമുള്ളവരെ നിയന്ത്രിക്കുന്ന സോണിയയെപ്പോലെയുള്ള അധികാര - അഴിമതി വേതാളങ്ങള്‍ക്ക്‌ ശത കോടികള്‍ സമ്പാദിക്കാനും ഇന്ത്യയിലെ നികുതിദായകനെ കൊള്ളയടിക്കാനും ആന്റണി കൂട്ടു നില്‍ക്കുകയായിരുന്നു എന്ന വാസ്തവം ഇപ്പോള്‍ ആന്റണിയ്ക്ക്‌ പോലും നിഷേധിക്കാന്‍ കഴിയുകയില്ല. ആദര്‍ശത്തിന്റെ സുതാര്യതയും അഴിമതിരഹിത നിലപാടുകളുടെ ശുഭ്രതയും വിടുപണിയെന്ന കളിമണ്‍പാദങ്ങള്‍ മറയ്ക്കാനുള്ള ഉപായമായിരുന്നു എന്നും അറിയുക....ആതിരേ, വെറുതെ ഞെട്ടാതിരിക്കുക. കാരണം ആന്റണിയും കോണ്‍ഗ്രസുകാരനാണ്‌;വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമാണ്‌

Sunday, March 25, 2012

ഈ അധ്യാപികമാര്‍ ഇന്ത്യന്‍ വനിതകള്‍ക്കാകെ അപമാനം


ഈ സംഭവം വലിയൊരു വാസ്തവത്തിലേയ്ക്കാണ്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്‌. ഉത്തരേന്ത്യയില്‍ നടമാടുന്ന ജാതി വിവേചനത്തിനെതിരായ രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അണ്ണാഹസാരേയെപ്പോലുള്ളവരുടെയും കിരണ്‍ ബേദിയെ പോലുള്ളവരുടേയും സത്വര ശ്രദ്ധ പതിയേണ്ട മേഖലയാണിത്‌. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ വനിതാ പ്രസ്ഥാനങ്ങളില്‍ നിന്നോ ഈ നിലയ്ക്കുള്ള ഇടപെടല്‍ ഈ നൂറ്റാണ്ട്‌ അവസാനിച്ചാലും ഉണ്ടാകുകയില്ല. അതുകൊണ്ട്‌ സാമൂഹിക ബോധവും സഹജീവികളോട്‌ അനുഭാവ പൂര്‍ണ്ണമായ പരിഗണനയുമുള്ള പൗരസമൂഹം തന്നെ ഈ വൃത്തികേടിനെതിരെ മുന്നോട്ട്‌ വരേണ്ടതുണ്ട്‌. ഒപ്പം സ്ത്രീയെ പീഡിപ്പിക്കുന്ന അതിന്‌ കൂട്ടുനില്‍ക്കുന്ന സ്ത്രൈണ ദുഷ്ടതകള്‍ക്ക്‌ കഠിനമായ ശിക്ഷ നല്‍കാന്‍ നിയമപാലകരും ന്യായാസനങ്ങളും തയ്യാറാകുകയും വേണം . ഇനിയൊരു ദളിത്‌ വിദ്യാര്‍ത്ഥിനിയും ഇതുപോലെ അപമാനിക്കപ്പെടാന്‍ പാടില്ല.


ആതിരേ,പത്താംക്ലാസ്‌ പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടിച്ചു എന്ന സംശയത്തിന്റെ പേരില്‍ രണ്ട്‌ ദളിത്‌ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിച്ച്‌ പരിശോധിച്ച അധ്യാപികമാര്‍ ഇന്ത്യന്‍ വനിതകള്‍ക്കാകെ അപമാനമായി. നാല്‍പതോളം ആണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചാണ്‌ രണ്ട്‌ വനിതാ എക്സാം ഇന്‍വിജിലിറ്റേഴ്സ്‌ വസ്ത്രം അഴിപ്പിച്ച്‌ വിദ്യാര്‍ത്ഥിനികളെ പരിശോധനയുടെ പേരില്‍ അപമാനിച്ചത്‌.
മുമ്പും നിരവധി ദളിത്‌ പീഡന സംഭവങ്ങളിലൂടെ കുപ്രസിദ്ധി നേടിയിട്ടുള്ള മധ്യപ്രദേശിലെ നരസിംഹബൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലാണ്‌ 15 വയസുള്ള രണ്ട്‌ വിദ്യാര്‍ത്ഥിനികള്‍ അപമാനിക്കപ്പെട്ടത്‌. ബാരഹ്ബാര ഗ്രാമത്തിലെ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പരീക്ഷയ്ക്കിടയിലാണ്‌ സംഭവം. കുട്ടികള്‍ കോപ്പിയടിച്ചു എന്ന പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ ഇവരുടെ വസ്ത്രം അഴിച്ച്‌ പരിശോധിക്കുകയായിരുന്നു.
മാര്‍ച്ച്‌ 15 ന്‌ നടന്ന മാത്തമാറ്റിക്സ്‌ പരീക്ഷയ്ക്കിടയിലായിരുന്നു സംഭവം. കോപ്പിയടിക്കാന്‍ ഉപയോഗിച്ച തുണ്ടുകടലാസ്‌ പരിശോധകരെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രത്തിനിടയില്‍ ഒളിപ്പിച്ചുവെന്ന്‌ ശാഠ്യം പിടിച്ചാണ്‌ അവരെ വിവസ്ത്രരാക്കിയത്‌. വിദ്യാര്‍ത്ഥിനികള്‍ വസ്ത്രമഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ചൂരിദാറിന്റെ വള്ളിമുറിച്ച്‌ നീക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌, ആതിരേ, ആണ്‍കുട്ടികള്‍ അടക്കമുള്ള മറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുമ്പില്‍വെച്ച്‌ ഈ ദളിത്‌ വിദ്യാര്‍ത്ഥിനികളെ സവര്‍ണ്ണ ജാതിയില്‍പ്പെട്ട അധ്യാപികമാര്‍ അപമാനിച്ചത്‌. പ്രീതി ശര്‍മ്മ, രേഷ്മ സിമായ എന്നീ രണ്ട്‌ വനിതാ പരിശോധകരാണ്‌ ഈ കൊടുംക്രൂരത കാണിച്ചത്‌.
സംഭവം നടന്ന്‌ ദിവസങ്ങള്‍ക്കുശേഷമാണ്‌ വിദ്യാര്‍ത്ഥിനികള്‍ സംഭവം വീട്ടില്‍ പറഞ്ഞത്‌. ഉടന്‍തന്നെ മാതാപിതാക്കള്‍ ഇരുവരെയുകൂട്ടി ജില്ലാ ഭരണകൂടത്തിന്‌ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ സഞ്ചയ്‌ സിംഗ്‌ ഉത്തരവിട്ടിട്ടുണ്ട്‌.
തങ്ങളെ വിവസ്ത്രരാക്കിയ സമയത്ത്‌ പരീക്ഷാഹാളിലെ ആണ്‍കുട്ടികള്‍ തങ്ങളെ നോക്കി പരിഹസിച്ച്‌ ചിരിച്ചുവെന്നും വൃത്തികെട്ട കമന്റുകള്‍ പാസാക്കിയെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ദീര്‍ഘനേരത്തേ പരിശോധനയ്ക്ക്‌ ശേഷം ഒന്നും കണ്ടെത്താതിരുന്നതിനെത്തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനികളെ പരീക്ഷയെഴുതാന്‍ അനുവദിക്കുകയായിരുന്നു.
ആതിരേ,ദളിത്‌ പീഡനം, സ്ത്രീ പീഡനം എന്നിവ നിത്യേന മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളാണ്‌. പിതാക്കന്മാരും സഹോദരന്മാരും ബന്ധുക്കളും സഹപ്രവര്‍ത്തകരും അപരിചിതരുമായ പുരുഷന്മാരാണ്‌ വീട്ടിലും വഴിയിലും യാത്രാവേളയിലും തൊഴിലിടങ്ങളിലും സ്ത്രീകളെ പീഡിപ്പിക്കുന്നതെന്നും ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പുരുഷന്മാരെല്ലാം കണ്ണില്‍ ചോരയില്ലാത്ത സ്ത്രീ പീഡകരാണെന്നും തക്കംകിട്ടിയാല്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ അവസരം കാത്തിരിക്കുന്ന കാമപിശാചുക്കളാണെന്നുമുള്ള ധാരണയാണ്‌ പൊതുവെ പരന്നിട്ടുള്ളത്‌. ഒരുപരിധിവരെ അത്‌ ശരിയുമാണ്‌.
എന്നാല്‍ സ്ത്രീ പീഡനത്തിന്‌ പുരുഷന്മാര്‍ക്ക്‌ അവസരമൊരുക്കിക്കൊടുക്കുന്നതും പുരഷന്മാരുടെ കാമഭോഗത്തിനായി കൊച്ചു പെണ്‍കുട്ടികള്‍മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവരെ വശീകരിച്ച ്‌ സമര്‍പ്പിക്കുന്നതും മുതിര്‍ന്ന സ്ത്രീകളാണെന്ന സത്യം, സ്ത്രീ പീഡനത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യുമ്പോഴെല്ലാം നാം മറുന്നുപോകാറുണ്ട്‌. ഇന്ത്യയില്‍ സ്ത്രീയുടെ ശത്രു സ്ത്രീതന്നെയാണെന്ന്‌ സ്ഥാപിക്കുന്ന നിരവധി സംഭവങ്ങളാണ്‌ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന കൊടു ക്രൂരതകള്‍ക്ക്‌ ചുക്കാന്‍പിടിക്കുന്ന അമ്മായിയമ്മമാരും നാത്തൂന്മാരും സ്ത്രീകളാണെന്നതിനുപരി പെണ്‍മക്കളുടെ അമ്മമാരാണെന്നതും തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകളാണ്‌. സ്ത്രീ പീഡനത്തെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുമ്പോഴും സെമിനാറുകള്‍ നടത്തുമ്പോഴും ഈ വാസ്തവം തമസ്ക്കരിച്ച്‌ പഴി മുഴുവന്‍ പുരുഷന്മാരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ്‌ വനിതാ സംഘടനകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും എന്തിനധികം മാധ്യമങ്ങള്‍ക്കും താത്പര്യം.
വസ്തുതകള്‍ മറന്ന്‌ സംഭവങ്ങളെ വൈകാരികമായി സമീപിക്കുന്നതുമൂലമാണ്‌, ആതിരേ, ഇത്തരത്തിലുള്ള വക്രീകരണം നടത്തുന്നത്‌. ഇത്‌ പുരുഷന്മാരെ മുഴുവന്‍ ക്രൂരന്മാരും തെറ്റുകാരും കാമപിശാചുക്കളുമായി ചിത്രീകരിക്കാന്‍ ഇടം നല്‍കുന്നു എന്നതിനുപരി സ്ത്രീ പീഡകരായ സ്ത്രീകളെ സംരക്ഷിക്കുന്ന അനാശാസ്യമായ പ്രവണത വളര്‍ത്തിയെടുക്കുന്നു.
സാക്ഷരരെന്നും രാഷ്ട്രീയ പ്രബുദ്ധരെന്നും അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും മറിച്ചല്ല അവസ്ഥ. സ്ത്രീധനത്തിന്റെ പേരില്‍ യുവതികള്‍ പീഡിപ്പിക്കപ്പെടുകയും ചുട്ടുകൊല്ലപ്പെടുകയും ആത്മഹത്യയിലേയ്ക്ക്‌ നയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ക്രൂരതയുടെ പര്യായങ്ങളായി സ്ത്രീത്വത്തെ അപമാനിക്കുന്ന സ്ത്രൈണ സാന്നിദ്ധ്യങ്ങളെക്കുറിച്ച്‌ അത്രയ്ക്കൊന്നും ഗൗരവമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയോ നിയമ നടപടികള്‍ ഉണ്ടാകുകയോ ചെയ്യുന്നില്ല. കേരളത്തെ നടുക്കിയിട്ടുള്ള എല്ലാ പെണ്‍വാണിഭങ്ങളുടേയും ഇടനിലക്കാര്‍ പ്രായപൂര്‍ത്തിയായ, പെണ്‍മക്കള്‍ ഉള്ളവരും വിവാഹിതരായ പെണ്‍മക്കള്‍ ഉള്ളവരുമായിരുന്നു. സൂര്യനെല്ലി മുതല്‍ വരാപ്പുഴ പെണ്‍വാണിഭംവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതും അല്ലാത്തതുമായ എല്ലാ സംഭവങ്ങളിലും ലാഭക്കൊതിമൂത്ത, കണ്ണില്‍ ചോരയില്ലാത്ത സ്ത്രൈണ സാന്നിദ്ധ്യങ്ങള്‍ ഉണ്ട്‌. ഇവര്‍ക്കെതിരെ പക്ഷേ നിയമ നടപടികള്‍പോലും കര്‍ശനമായി സ്വീകരിക്കപ്പെടുന്നില്ല, സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ ഉഷയും വിതുര പെണ്‍വാണിഭ കേസിലെ ആരിഫയും മുതല്‍ കവിയൂര്‍ - കിളിരൂര്‍ കേസിലെ ലതാ നായരും വരാപ്പുഴയടക്കം നിരവധി പെണ്‍വാണിഭകേസിലെ മുഖ്യപ്രതിയായ ലതാനായരുമെല്ലാം നിസാരമായ കുറ്റങ്ങള്‍ക്ക്‌ നിസാരമായ ശിക്ഷകള്‍ ഏറ്റുവാങ്ങി നിയമത്തെയും സ്ത്രീ വര്‍ഗത്തെത്തന്നെയും കബളിപ്പിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.
കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ ഉത്തരേന്ത്യയിലെ കാര്യം പറയാതിരിക്കുകയാണ്‌ ഭേദം. സ്വാതന്ത്ര്യം പ്രാപിച്ച്‌ ആറു പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും, ആതിരേ, അയിത്തവും സവര്‍ണ്ണ ജാതി മേധാവിത്തവും ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൊടികുത്തി വാഴുകയാണ്‌. കൂട്ട ബലാത്സംഗത്തിന്‌ ഇരയാക്കിയും ചെറിയ കുറ്റത്തിന്‌ പോലും തെരുവിലൂടെ നഗ്നരാക്കി നടത്തിയും ഉത്തരേന്ത്യയിലെ ദളിത്‌ സ്ത്രീകളെ സവര്‍ണ്ണ മേധാവിത്വവും അവരുടെ പാദസേവകരായ ക്രമസമാധാന പാലകരും നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്‌. ആ ദുഷ്കൃത്യ പരമ്പരയിലെ അവസാനത്തെ സംഭവമാണ്‌ നരസിംഹബൂരില്‍ അരങ്ങേറിയത്‌.മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ദളിത്‌ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച അധ്യാപികമാര്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. മാധ്യമങ്ങള്‍ വിഷയമേറ്റെടുത്തതുകൊണ്ടുമാത്രമാണ്‌ കളക്ടര്‍ അന്വേഷണ പ്രഹസനത്തിന്‌ ഉത്തരവിട്ടത്‌.
ഈ സംഭവം വലിയൊരു വാസ്തവത്തിലേയ്ക്കാണ്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്‌. ഉത്തരേന്ത്യയില്‍ നടമാടുന്ന ജാതി വിവേചനത്തിനെതിരായ രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അണ്ണാഹസാരേയെപ്പോലുള്ളവരുടെയും കിരണ്‍ ബേദിയെ പോലുള്ളവരുടേയും സത്വര ശ്രദ്ധ പതിയേണ്ട മേഖലയാണിത്‌. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ വനിതാ പ്രസ്ഥാനങ്ങളില്‍ നിന്നോ ഈ നിലയ്ക്കുള്ള ഇടപെടല്‍ ഈ നൂറ്റാണ്ട്‌ അവസാനിച്ചാലും ഉണ്ടാകുകയില്ല. അതുകൊണ്ട്‌ സാമൂഹിക ബോധവും സഹജീവികളോട്‌ അനുഭാവ പൂര്‍ണ്ണമായ പരിഗണനയുമുള്ള പൗരസമൂഹം തന്നെ ഈ വൃത്തികേടിനെതിരെ മുന്നോട്ട്‌ വരേണ്ടതുണ്ട്‌. ഒപ്പം സ്ത്രീയെ പീഡിപ്പിക്കുന്ന അതിന്‌ കൂട്ടുനില്‍ക്കുന്ന സ്ത്രൈണ ദുഷ്ടതകള്‍ക്ക്‌ കഠിനമായ ശിക്ഷ നല്‍കാന്‍ നിയമപാലകരും ന്യായാസനങ്ങളും തയ്യാറാകുകയും വേണം . ഇനിയൊരു ദളിത്‌ വിദ്യാര്‍ത്ഥിനിയും, ആതിരേ ഇതുപോലെ അപമാനിക്കപ്പെടാന്‍ പാടില്ല.

Thursday, March 22, 2012

ഓര്‍മ്മയായത്‌ ആര്‍ദ്രതയും കമ്മ്യൂണിസ്റ്റ്‌ നന്മകളും



കമ്മ്യൂണിസ്റ്റായി ജനിച്ച്‌ കമ്മ്യൂണിസ്റ്റായി ജീവിച്ച കമ്മ്യൂണിസ്റ്റായി മരിച്ച അനന്തമായ നന്മകളുടേയും രാഷ്ട്രിയ ആര്‍ജവത്തത്തിന്റേയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തിന്റേയും പര്യായമായിരുന്നു, സഖാവ്‌ സി കെ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കേരളം സംഭാവന ചെയ്ത സമാനതകളില്ലാത്ത സത്യസന്ധതയുടേയും ലാളിത്യത്തിന്റേയും സൗമനസ്യത്തിന്റേയും നന്മകള്‍ മാത്രമായിരുന്നു സഖാവ്‌ സി.കെ. തനിക്ക്‌ ശരിയെന്ന്‌ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്ന്‌ പറയുന്നതില്‍ ആരെയും ഭയക്കാതിരുന്ന നേരിന്റെ രാഷ്ട്രീയ നിലപാടുകള്‍ മാത്രമേ സി കെക്ക്‌ ഉണ്ടായിരുന്നുള്ളൂ.പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ പ്രത്യയശാസ്ത്രനിലപാടുകളിലും ആശയ മേഖലയിലും അനുരഞ്ജനത്തിന്റെ പാത പലരും സ്വീകരിച്ചപ്പോഴും ഏകനായി താന്‍ തിരഞ്ഞെടുത്ത പോരാട്ട മാര്‍ഗത്തിലൂടെ നെഞ്ച്‌ വിരിച്ച്‌ നടന്ന കമ്മ്യൂണിസ്റ്റ്‌ സത്യസന്ധതയായിരുന്നു ഓര്‍മ്മയായിരിക്കുന്നത്‌

അതിരേ,വയലാറിന്റെ പോരാട്ട ഭൂമിയില്‍ ജനിച്ചുവളര്‍ത്തപ്പെട്ട്‌ പോര്‍ച്ചുഗീസ്‌ അധിനിവേശത്തിനെതിരെ പോരാടി ഉറച്ച്‌ ആര്‍ജ്ജവത്തിന്റേയും ആര്‍ദ്രതയുടേയും ആള്‍രൂപമായി ജീവിച്ച്‌, സമകാലിക കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൊതിപ്പിക്കുന്ന മാതൃകയായി സഖാവ്‌ സി കെ ചന്ദ്രപ്പന്‍ നടന്നുമറഞ്ഞു.
കമ്മ്യൂണിസ്റ്റായി ജനിച്ച്‌ കമ്മ്യൂണിസ്റ്റായി ജീവിച്ച കമ്മ്യൂണിസ്റ്റായി മരിച്ച അനന്തമായ നന്മകളുടേയും രാഷ്ട്രിയ ആര്‍ജവത്തത്തിന്റേയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തിന്റേയും പര്യായമായിരുന്നു, ആതിരേ സഖാവ്‌ സി കെ.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കേരളം സംഭാവന ചെയ്ത സമാനതകളില്ലാത്ത സത്യസന്ധതയുടേയും ലാളിത്യത്തിന്റേയും സൗമനസ്യത്തിന്റേയും നന്മകള്‍ മാത്രമായിരുന്നു സഖാവ്‌ സി.കെ.
പക്വമായ പ്രത്യശാസ്ത്ര നിലപാടുകളില്‍ ഉറച്ച്‌ നിന്ന്‌ ദേശീയ-പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ അഭിസംബോധനചെയ്ത്‌ ഒരു കമ്മ്യൂണിസ്റ്റിന്‌ മാത്രം ചേരുന്ന ആശയപരവും പ്രായോഗികവുമായ തലത്തില്‍ വ്യവഹരിച്ച്‌ സമകാലിക കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്കെല്ലാം സുസമ്മതനും സ്വീകാര്യനുമായിത്തീര്‍ന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സഖാവ്‌ സി കീയുടേത്‌. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അഭിപ്രായങ്ങളും നിലപാടുകളും തിരുത്തി അധികാരത്തിന്റെ ഭാഗമായി മാറാന്‍ വെമ്പല്‍കൊണ്ടിരുന്ന ഇടതു വലത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നേതാക്കന്മാരില്‍ നിന്നെല്ലാം വേറിട്ട്‌ വര്‍ഗ്ഗ രാഷ്ട്രീയ താത്പര്യം മാത്രം ആഗ്രഹിക്കുകയും അത്‌ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്യുകയും ചെയ്ത അപൂര്‍വ്വമായൊരു സമര്‍പ്പണം കൂടിയായിരുന്നു സഖാവ്‌ സി കീയുടെ പൊതുപ്രവര്‍ത്തനം.
ആതിരേ,തനിക്ക്‌ ശരിയെന്ന്‌ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്ന്‌ പറയുന്നതില്‍ ആരെയും ഭയക്കാതിരുന്ന നേരിന്റെ രാഷ്ട്രീയ നിലപാടുകള്‍ മാത്രമേ സി കെക്ക്‌ ഉണ്ടായിരുന്നുള്ളൂ. പരമ്പരാഗത കമ്മ്യൂണിസ്റ്റ്‌ കുടുംബത്തില്‍ ജനിച്ച്‌ പ്രത്യയശാസ്ത്രപരമായി സ്ഫുടംചെയ്തെടുത്ത വീക്ഷണത്തോടെ പൊതുപ്രവര്‍ത്തന മേഖലയിലേയ്ക്ക്‌ കടന്നുവന്നതുകൊണ്ടാണ്‌ വേറിട്ട ഈ ആര്‍ജവം മരണംവരെ കാത്തുസൂക്ഷിക്കാന്‍ സഖാവ്‌ സി കെക്ക്‌ കഴിഞ്ഞത്‌. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ സംഘടനാപ്രവര്‍ത്തനത്തിന്റെ വിവിധതലങ്ങള്‍ താണ്ടി ദേശീയ രാഷ്ട്രീയത്തില്‍ തന്റേതുമാത്രമായ സ്ഥാനം അടയാളപ്പെടുത്തിയപ്പോഴും പാര്‍ലമെന്ററി ജനാധിപത്യ ഭരണപ്രക്രിയയുടെ ഭാഗമായി മൂന്ന്‌ വട്ടം പാര്‍ലമെന്റിലേയ്ക്കും ഒരുതവണ സംസ്ഥാന നിയമസഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന്‌ വ്യതിചലിക്കാതെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിലപാട്‌ തറകളില്‍ നിന്ന്‌ വഴുതിമാറാതെയും അവസാന ശ്വാസംവരെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായി പ്രവര്‍ത്തി മണ്ഡലത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും നിറഞ്ഞ്‌ നില്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയ ആശയപരമായ വൈരുദ്ധ്യമേഖലകളില്‍ വ്യാപരിക്കുമ്പോഴും സൗമനസ്യത്തിന്റെ സുസ്മിതം എന്നും സൂക്ഷിക്കാന്‍ സഖാവിന്‌ കഴിഞ്ഞിരുന്നു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി ആശയതലത്തിലും പ്രായോഗികതലത്തിലും കൊമ്പുകോര്‍ക്കേണ്ടി വന്നപ്പോഴെല്ലാം ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ അനുവര്‍ത്തിക്കേണ്ട മാന്യതയും പെരുമാറ്റത്തിലെ അന്തസും അദ്ദേഹം കൈവിട്ടില്ല.. ഡാങ്കേയിസ്റ്റ്‌ എന്നും കോണ്‍ഗ്രസ്‌ അനുഭാവിയെന്നും അദ്ദേഹത്തെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധിക്ഷേപിച്ചപ്പോള്‍ പോലും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ നിര്‍ബന്ധങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ സഖാവ്‌ സി കെക്ക്‌ കഴിഞ്ഞിരുന്നു. സംഘടനാ തലത്തിലും പ്രായോഗിക മേഖലയിലും സി കീയെ കവച്ചുവെയ്ക്കുന്ന കമ്മ്യൂണിസ്റ്റ്‌ സാന്നിദ്ധ്യങ്ങള്‍ നിരവധിയുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇല്ലാതിരുന്ന പെരുമാറ്റത്തിലെ സൗമ്യതയും ആശയദൃഢതയും സഖാവിന്‌ മാത്രം അവകാശപ്പെട്ടതാണ്‌.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ പ്രത്യയശാസ്ത്രനിലപാടുകളിലും ആശയ മേഖലയിലും അനുരഞ്ജനത്തിന്റെ പാത പലരും സ്വീകരിച്ചപ്പോഴും ഏകനായി താന്‍ തിരഞ്ഞെടുത്ത പോരാട്ട മാര്‍ഗത്തിലൂടെ നെഞ്ച്‌ വിരിച്ച്‌ നടന്ന കമ്മ്യൂണിസ്റ്റ്‌ സത്യസന്ധതയായിരുന്നു ഓര്‍മ്മയായിരിക്കുന്നത്‌. പാര്‍ലമെന്റില്‍ ഏറ്റവുമധികം സ്വകാര്യബില്ലുകള്‍ അവതരിപ്പിച്ച അംഗം സി കെ ചന്ദ്രപ്പനാണ്‌. പാര്‍ലമെന്റിലെ വെള്ളിയാഴ്ചകളില്‍ സി കെക്കുവേണ്ടി സംവരണം ചെയ്തതാണോ എന്ന്‌ സംശയിക്കവുന്ന തരത്തില്‍ ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ സ്വകാര്യ ബില്ലുകളിലൂടെ ഭരണവര്‍ഗത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരാനും അവയ്ക്ക്‌ പൗരന്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ പരിഹാരങ്ങള്‍ കണ്ടെത്താനും സി കീയോളം അത്യധ്വാനം ചെതയ്ത ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റില്‍ എത്തിയിട്ടില്ല. ഇന്നിയൊട്ടു ഉണ്ടാകുകയുമില്ല. ഉച്ചവിശപ്പിനെ ചായയിലൊതുക്കി പാര്‍ലമെന്റ്‌ ലൈബ്രറിയില്‍ മണിക്കൂറുകള്‍ ചിലവിട്ടിരുന്ന സികെയെയാണ്‌ അദ്ദേഹത്തോടൊപ്പം ലോകസഭയില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ പരിചയമുള്ളത്‌. ദേശീയ തലത്തിലായിരുന്നു സഖാവ്‌ സി കീയുടെ പ്രവര്‍ത്തനങ്ങള്‍ അധികവും. അപ്രതീക്ഷിതമായിട്ടാണ്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള അവസരം അദ്ദേഹത്തിന്‌ ലഭിച്ചത്‌. അനാരോഗ്യംമൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ്‌ വേറിട്ടൊരു നിയോഗവും വ്യതസ്ഥമായ ദൗത്യവുമായി സഖാവ്‌ സി കെ കേരളത്തിലെത്തുന്നത്‌.
അതുവരെ നിര്‍ജീവാവസ്ഥയിലായിരുന്ന സി പി ഐയ്ക്ക്‌ പുതുജീവന്‍ ലഭിച്ചതിന്‌ കേരളം സാക്ഷി. ആളില്ലാപാര്‍ട്ടിയെന്ന്‌ മാര്‍ക്സിസ്റ്റുകാര്‍ അപലപിച്ചിരുന്ന സി പി ഐയുടെ അടിത്തറ ശക്തിപ്പെടുത്താനും അണികളെ പൊതുരംഗത്ത്‌ അണിനിരത്താനും സൗമ്യനായ ഈ നേതാവിന്‌ കഴിഞ്ഞതിന്റെ തെളിവായിരുന്നു കൊല്ലത്ത്‌ നടന്ന സംസ്ഥാന പാര്‍ട്ടി സമ്മേളനത്തിലെ പങ്കാളിത്തം.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഐക്യം സ്വപ്നം കണ്ടപ്പോഴും അനീതിയ്ക്കും അഴിമതിയ്ക്കുമെതിരെ സന്ധിയില്ലാത്ത നിലപാടാണ്‌, ആതിരേ, അദ്ദേഹം സ്വീകരിച്ചത്‌. ലാവ്ലിന്‍ കേസിന്റെ കാര്യത്തിലും ക്രിസ്തുവിന്റെ വിപ്ലവവും മാര്‍ക്സിന്റെ വിപ്ലവവും സംബന്ധിച്ച വിഷയത്തിലുമെല്ലാം മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തോട്‌ ഏറ്റുമുട്ടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌ അതുവരെയുള്ള പൊതുജീവിതത്തിലെ കറപുരളാത്ത നിലപാടുകള്‍ കൊണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ സി പി എമ്മുമായി ഈവന്റ്‌ മാനേജ്മെന്റ്‌ പ്രശ്നത്തില്‍ ഏറ്റുമുട്ടിയപ്പോഴും മാന്യവും സൗമ്യവുമായ വാക്കുകളിലൂടെ തന്റേയും പാര്‍ട്ടിയുടേയും നിലപാട്‌ വ്യക്തമാക്കി സഖാവ്‌ സി കെ വ്യക്തിത്വം സൂക്ഷിച്ചു. മറുപുറത്ത്‌ നടന്ന കൊലവെറികളും തെറിവിളികളും സമീപ ഭൂതകാല സംഭവങ്ങളായതുകൊണ്ട്‌ ഇവിടെ പരാമര്‍ശിക്കുന്നില്ല.
അങ്ങനെ തുടക്കംമുതല്‍ ഒടുക്കംവരെ മാന്യതയും മനുഷ്യസ്നേഹവും ആര്‍ദ്രതയാര്‍ന്ന ഉള്‍ക്കാഴ്ചയും പ്രത്യശാസ്ത്ര സത്യസന്ധതയും ആശയ ദൃഢതയും കാത്തുസൂക്ഷിച്ച്‌ മാന്യനായ കമ്മ്യൂണിസ്റ്റായി കാലത്തിനപ്പുറത്തേയ്ക്ക്‌ മറഞ്ഞ സഖാവ്‌ സി കീയുടെ ത്യാഗോജ്ജ്വലവും ധീരോദത്തവുമായ സ്മരണകള്‍ക്ക്‌ മുമ്പില്‍, ആതിരേ, ഞാനും നമ്രശിരസ്ക്കനാകുന്നു.

Wednesday, March 21, 2012

പിറവം: സമ്മതിദാനത്തിന്റെ പക്വത


ഇടതുമുന്നണിയ്ക്ക്‌ കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ 4000 ത്തിലധികം വോട്ട്‌ ഇത്തവണ സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും പുതുതായി വോട്ടവകാശം നേടിയ 19000 പേരില്‍ ബാക്കിയുള്ളവര്‍ യു ഡി എഫിന്റെ പിന്നില്‍ അണിനിരക്കുകയായിരുന്നു. വോട്ടിന്റെ ഗണിതത്തില്‍ ഇടതുമുന്നണിയ്ക്ക്‌ ആശ്വസിക്കാമെങ്കിലും അവരുടെ മണ്ഡലങ്ങളെന്ന്‌ അറിയപ്പെട്ടിരുന്ന ചോറ്റാനിക്കരയിലും തിരുവാങ്കുളത്തുമെല്ലാം ഇത്തവണയുണ്ടായ തിരിച്ചടി എല്‍ ഡി എഫിന്റെ ന്യായവാദങ്ങളെയെല്ലാം തിരസ്ക്കരിക്കുന്നതാണ്‌. യു ഡി എഫിന്‌ അവരുടെ മുഴുവന്‍ വോട്ടും സമാഹരിക്കാന്‍ സാധിച്ചപ്പോള്‍ എല്‍ ഡി എഫിന്‌ തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍പോലും പിടിച്ചുനിര്‍ത്താന്‍ കഴിയാതെപോയെങ്കില്‍ അതിന്റെ കാരണങ്ങള്‍ തിരയേണ്ടത്‌ സി പി എമ്മിനുള്ളിലും ഇടതുമുന്നണിയ്ക്കുള്ളിലുമാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍ശേഷം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ രൂപംകൊണ്ട അമിതാധികാര പ്രവണതയും നഗ്നമായി പ്രദര്‍ശിപ്പിക്കപ്പെട്ട വിഭാഗീയതയും പിറവത്തെ ഇടുതപക്ഷ വോട്ടര്‍മാരില്‍പോലും തിരസ്ക്കാരത്തിന്റെ ചിന്തകളാണ്‌ ഉദ്ദീപിപിച്ചത്‌. അണികള്‍ക്ക്പോലും അനുകൂലിക്കാനാകാത്ത ഇടതുനേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിരുദ്ധതയ്ക്ക്‌ പിറവം നല്‍കിയ മുന്നറിയിപ്പാണ്‌ അനൂപിന്റെ അപ്രതീക്ഷിതഭൂരിപക്ഷം.


ആതിരേ,രാഷ്ട്രീയകേരളം അത്യാകാംക്ഷയോടെ കാത്തിരുന്ന പിറവം ഉപതെരഞ്ഞെടുപ്പിലെ ജനവിധി യു ഡി എഫിന്‌ അനുകൂലം. അന്തരിച്ച മന്ത്രി ടി എം ജേക്കബിന്റെ മകനും യൂത്ത്ഫ്രണ്ട്‌ ജേക്കബ്‌ ഗ്രൂപ്പിന്റെ പ്രസിഡന്റുമായ അനൂപ്‌ ജേക്കബ്‌ കന്നിയംഗത്തില്‍ 12070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രകടമായത്‌ സമ്മിതിദാനത്തിന്റെ പക്വതയായിരുന്നു. ആനുകാലിക കേരള രാഷ്ട്രീയത്തെക്കുറിച്ച്‌ ആഴത്തിലുള്ള ഉള്‍ക്കാഴ്ച പിറവത്തെ സമ്മതിദായകര്‍ക്കുണ്ടായിരുന്നു എന്ന്‌ തിരിച്ചറിയാന്‍ യു ഡി എഫിനോ എല്‍ ഡി എഫിനോ കഴിഞ്ഞില്ല എന്ന വാസ്തവവും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.
പരമ്പരാഗതമായ യു ഡി എഫ്‌ മണ്ഡലത്തില്‍ നടക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പിന്‌ അത്രയ്ക്കൊന്നും രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകാറില്ല. എന്നാല്‍ രണ്ട്‌ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന മുന്നണിയ്ക്ക്‌ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പ്‌ ജീവന്‍മരണ പോരാട്ടമാണ്‌. പ്രതിപക്ഷത്തിന്‌ സര്‍ക്കാരിനെക്കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ലഭിക്കുന്ന രാഷ്ട്രീയ അവസരവുമാണ്‌. അതുകൊണ്ടുതന്നെ പൊതുതെരഞ്ഞെടുപ്പിന്‌ ലഭിക്കുന്ന മാധ്യമ- പൊതുജന ജാഗ്രതയും പ്രചാരണ പരിപാടികളുമാണ്‌ പിറവത്ത്‌ കണ്ടത്‌.
ടി എം ജേക്കബിന്റെ മണ്ഡലമെന്ന്‌ പരക്കെ വിശേഷിപ്പിക്കപ്പെടുന്ന പിറവത്ത്‌, ആതിരേ, രണ്ടുതവണ മാത്രമാണ്‌ ഇടതുമുന്നണിയ്ക്ക്‌ വിജയിക്കാന്‍ കഴിഞ്ഞത്‌. ഈ രണ്ടു വിജയങ്ങളും സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്ന്‌ പരിണമിച്ചതുമായിരുന്നു. ടി എം ജേക്കബിന്റെ നിലപാടുകളായിരുന്നു അന്നെല്ലാം നിര്‍ണ്ണയകമായിരുന്നത്‌. യു ഡി എഫുമായി ടി എം ജേക്കബ്‌ മറുതലിച്ച്‌ നിന്ന്‌ സമയങ്ങളിലാണ്‌ ഇടുതമുന്നണിയ്ക്ക്‌ മണ്ഡലം സ്വന്തമാക്കാന്‍ രണ്ട്‌ വട്ടവും സാധിച്ചത്‌.
ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന അമിത ആത്മവിശ്വാസം ഇടതുമുന്നണിയ്ക്കുണ്ടായിരുന്നു എന്നുവേണം കരുതാന്‍. കഴിഞ്ഞതവണ ഫലഫ്രഖ്യാപന നിമിഷംവരെ ലീഡ്‌ മാറ്റിമറിച്ച്‌ ഉദ്വേഗത്തിന്റെ കൊടുമുടിയില്‍ കേരളത്തെ നിര്‍ത്തിയ മണ്ഡലമായിരുന്നു പിറവം. ഒടുവില്‍ 157 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ടി എം ജേക്കബിനെ വിജയിപ്പിക്കുകയും ചെയ്തു.
അന്ന്‌ ടി എം ജേക്കബിനെ നേരിട്ട എം ജെ ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കുകവഴി പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇടതുപക്ഷം മേല്‍ക്കൈ നേടിയെന്നായിരുന്നു അവരുടേയും മാധ്യമങ്ങളുടേയും രാഷ്ട്രീയ നിരീക്ഷകരുടേയും പ്രഥമിക വിലയിരുത്തല്‍. രാഷ്ട്രീയത്തില്‍ താരതമ്യേന അപരിചിതനായ അനൂപ്‌ ജേക്കബിന്‌ ഈട്‌ വെയ്പ്പായി പറയാനുണ്ടായിരുന്നത്‌ ടി എം ജേക്കബ്‌ എന്ന പിതൃത്വം മാത്രമായിരുന്നു. അതുകൊണ്ട്‌ അനൂപിനെ കീഴടക്കി മണ്ഡലം തിരിച്ചുപിടിച്ച്‌ യു ഡി എഫ്‌ ഭരണത്തെ സമ്മര്‍ദ്ദത്തിലും സംഘര്‍ഷത്തിലും ആക്കാം എന്നതായിരുന്നു ഇടതുമുന്നണിയുടെ പ്രത്യാശ. അതിന്‌ അനുസൃതമായും ചിട്ടയൊപ്പിച്ചും ഇടതുമുന്നണിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തകരെ രണ്ടാംനിരയിലേയ്ക്കോ മൂന്നാം നിരയിലേയ്ക്കോ പിന്‍വലിച്ച്‌ ഇ പി ജയരാജിന്റെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളെ അണിനിരത്തിയായിരുന്നു പ്രചാരണം.
പിറവത്തിന്റെ രാഷ്ട്രീയ പ്രധാന്യവും അത്‌ ഭരണരംഗത്ത്‌ സൃഷ്ടിക്കാവുന്ന അനിശ്ചിതാവസ്ഥയും മുന്നില്‍കണ്ട്‌ യു ഡി എഫ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എക്സൈസ്‌ വകുപ്പ്‌ മന്ത്രി കെ ബാബുവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അനൂപിനുവേണ്ടി സമ്മതിദായകരെ സമീപിക്കുകയായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ രണ്ടുകൂട്ടരും ,ഗൃഹപാഠങ്ങളുടെ സഹായത്തോടെ ,നടത്തിയപ്പോഴും മണ്ഡലത്തിന്റെ മനസ്‌ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ്‌ അനൂപിന്‌ ലഭിച്ച വന്‍ ഭൂരിപക്ഷം വ്യക്തമാക്കുന്നത്‌.
സാമുദായിക ശക്തികളുടെ അധാര്‍മ്മികമായ ഏകീകരണവും ഭരണയന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള പ്രീണന സമ്മര്‍ദ്ദങ്ങളും മദ്യവും പണവുമടക്കമുള്ള പ്രലോഭനങ്ങള്‍ നീട്ടിയുള്ള പ്രചാരണവും മൂലമാണ്‌ യു ഡി എഫിന്‌ ഇത്ര ബൃഹത്തായ ഭൂരിപക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന്‌ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ആരോപിച്ചപ്പോള്‍ , ആതിരേ,പിറവത്തിന്റെ പക്വമായ സമ്മതിദാന ബോധത്തെയാണ്‌ അവര്‍ അവഹേളിച്ചത്‌.
എം ജെ ജേക്കബ്‌ എന്ന ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി സുസമ്മതനും സ്വീകാര്യനാണെങ്കിലും അദ്ദേഹത്തെ ജയിപ്പിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ അനിശ്ചിതത്വം പിറവത്തെ വോട്ടര്‍മാര്‍ വ്യക്തമായി മനസിലാക്കിയിരുന്നു. അത്തരമൊരു രാഷ്ട്രീയ പരീക്ഷണത്തിന്‌ അനുഗുണമല്ല നിലവിലുള്ള സാഹചര്യമെന്ന്‌ തിരിച്ചറിഞ്ഞ്‌ അവര്‍ മനസ്സ്‌ തുറന്നപ്പോള്‍ അത്‌ എല്‍ ഡി എഫിന്‌ തിരിച്ചടിയായി.അതാണ്‌ , ആതിരേ,കലര്‍പ്പില്ലാത്ത രാഷ്ട്രീയവാസ്തവം.
ഇത്തവണ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെയും യു ഡി എഫ്‌ ഘടകകക്ഷികളുടേയും പ്രവര്‍ത്തനം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. മുന്‍കാലങ്ങളില്‍ ടി എം ജേക്കബിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും ഇഷ്ടക്കേടുകളും സൃഷ്ടിച്ച യു ഡി എഫ്‌ വിരുദ്ധമനോഭാവം ഇത്തവണ പിറവത്ത്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്‌ അടക്കമുള്ളവര്‍ ഒരേമനസോടെ അനൂപിനുവേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ അവരുടെ ഐക്യത്തേയും കൂട്ടായ്മയേയും പരമ്പരാഗതമായ യു ഡി എഫ്‌ മണ്ഡലം അംഗീകരിക്കുകയും ആശീര്‍വദിക്കുകയുമായിരുന്നു.
ഇടതുമുന്നണിയ്ക്ക്‌ കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ 4000 ത്തിലധികം വോട്ട്‌ ഇത്തവണ സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും പുതുതായി വോട്ടവകാശം നേടിയ 19000 പേരില്‍ ബാക്കിയുള്ളവര്‍ യു ഡി എഫിന്റെ പിന്നില്‍ അണിനിരക്കുകയായിരുന്നു. വോട്ടിന്റെ ഗണിതത്തില്‍ ഇടതുമുന്നണിയ്ക്ക്‌ ആശ്വസിക്കാമെങ്കിലും അവരുടെ മണ്ഡലങ്ങളെന്ന്‌ അറിയപ്പെട്ടിരുന്ന ചോറ്റാനിക്കരയിലും തിരുവാങ്കുളത്തുമെല്ലാം ഇത്തവണയുണ്ടായ തിരിച്ചടി എല്‍ ഡി എഫിന്റെ ന്യായവാദങ്ങളെയെല്ലാം തിരസ്ക്കരിക്കുന്നതാണ്‌. യു ഡി എഫിന്‌ അവരുടെ മുഴുവന്‍ വോട്ടും സമാഹരിക്കാന്‍ സാധിച്ചപ്പോള്‍ എല്‍ ഡി എഫിന്‌ തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍പോലും പിടിച്ചുനിര്‍ത്താന്‍ കഴിയാതെപോയെങ്കില്‍ അതിന്റെ കാരണങ്ങള്‍ തിരയേണ്ടത്‌ സി പി എമ്മിനുള്ളിലും ഇടതുമുന്നണിയ്ക്കുള്ളിലുമാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍ശേഷം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ രൂപംകൊണ്ട അമിതാധികാര പ്രവണതയും നഗ്നമായി പ്രദര്‍ശിപ്പിക്കപ്പെട്ട വിഭാഗീയതയും പിറവത്തെ ഇടുതപക്ഷ വോട്ടര്‍മാരില്‍പോലും തിരസ്ക്കാരത്തിന്റെ ചിന്തകളാണ്‌ ഉദ്ദീപിപിച്ചത്‌. അണികള്‍ക്ക്പോലും അനുകൂലിക്കാനാകാത്ത ഇടതുനേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിരുദ്ധതയ്ക്ക്‌ പിറവം നല്‍കിയ മുന്നറിയിപ്പാണ്‌ അനൂപിന്റെ അപ്രതീക്ഷിതഭൂരിപക്ഷം.
ഭരണത്തിന്റെ വിലയിരുത്തലാണ്‌ ഇത്തവണത്തെ വോട്ടെടുപ്പെന്ന പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്തത്‌ ഉമ്മന്‍ചാണ്ടിയോ യു ഡി എഫോ ആയിരുന്നില്ല. മറിച്ച്‌ മണ്ഡലത്തിലെ വോട്ടര്‍മാരായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വമല്ല സുസ്ഥിരമായ ഭരണമാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‌ അവര്‍ വ്യക്തമാക്കിയപ്പോള്‍ ഇടതുമുന്നണി മുന്നോട്ടുവെച്ച ആരോപണാധിഷ്ടിത വിഷയങ്ങള്‍ മണ്ഡലത്തിന്റെ മനസില്‍ ഏശിയില്ലെന്ന്‌ സാരം. അതുപോലെതന്നെ യു ഡി എഫ്‌ പ്രചരണായുധങ്ങളാക്കിയ നെയ്യാറ്റിന്‍കര സംഭവമോ അഭിസാരിക പ്രയോഗമോ വോട്ടര്‍മാര്‍ കാര്യമാക്കിയില്ലെന്നും വ്യക്തം. നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ 'ഒരു കൈ സഹായകമാകുകയായിരുന്നു' പിറവത്തിന്റെ മനസ്‌. ഈ മനസ്‌ ഒപ്പം നിര്‍ത്തുന്നതില്‍ ഉമ്മന്‍ചാണ്ടിയും കെ ബാബുവും വിജയിച്ചു എന്നും വിലയിരുത്തേണ്ടതുണ്ട്‌.
രണ്ടുമാസത്തിനുള്ളില്‍ നടക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഈ വിജയം യു ഡി എഫിന്‌ സഹായകമാകുമ്പോള്‍ അനൂപിന്‌ ലഭിച്ച 12000 വോട്ടിന്റെ ഭൂരിപക്ഷം, ആതിരേ എല്‍ ഡി എഫിനെ നെയ്യാറ്റിന്‍കരയിലും പ്രതിരോധത്തിലാഴ്ത്തും.

Tuesday, March 20, 2012

ബജറ്റ്‌:സങ്കല്‍പ്പങ്ങളില്‍ കല്‍കണ്ടമധുരം; അനുഭവത്തില്‍ കഷായക്കയ്പ്പ്‌


കേള്‍ക്കാന്‍ ഇമ്പമുള്ളതും സങ്കല്‍പ്പങ്ങളില്‍ പ്രതീക്ഷ നിറയ്ക്കുന്നതുമായ പദ്ധതികളും സാധ്യതകളും മാണി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇവയെല്ലാം സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കാനല്ല കൂടുതല്‍ സങ്കീര്‍ണ്ണവും ധനകമ്മിനിറഞ്ഞതുമാക്കി മാറ്റാനാണ്‌ ഉതകുക.
പുതിയ കാലഘട്ടം ആവശ്യപ്പെടുന്നതരത്തിലുള്ള പരിഷ്ക്കരണ നടപടികളിലേയ്ക്ക്‌ മന്ത്രി മാണിയും നീങ്ങുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവുംവലിയ തിരിച്ചടിയാകാന്‍ പോകുന്നത്‌. ഉദാരീകരണവും കമ്പോളവത്ക്കരണവും സൃഷ്ടിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്‌ മാണിയെപ്പോലെ ഒരു ധനവിശാരദന്‍ ഒന്നും പഠിച്ചിട്ടില്ല എന്നുവരുമ്പോള്‍ വികസനത്തിനായി അദ്ദേഹം തുറക്കാനാഗ്രഹിക്കുന്ന പാതകളും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും തിരിച്ചടിയാകുമെന്നകാര്യത്തില്‍ സംശയമില്ല.ധനസമാഹരണത്തിന്‌ നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചതുവഴി സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമായി മാറാന്‍ പോകുകുകയാണ്‌. അപ്പോള്‍ സങ്കല്‍പ്പത്തിലെ കല്‍ക്കണ്ടമധുരം അനുഭവത്തിലെ കാഷായകയ്പ്പായിത്തീരുക സ്വാഭാവികം മാത്രം.




ആതിരേ,അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിയ്ക്കും വിവരസാങ്കേതിക വിദ്യയ്ക്കും പ്രാമുഖ്യം നല്‍കി, 12-ാ‍ ം പദ്ധതി കാലയളവിലേയ്ക്ക്‌ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ്‌ അതിരൂക്ഷമായ വിലക്കയറ്റത്തിന്‌ വഴിവെയ്ക്കുമെന്നതും പ്രായോഗികതലത്തില്‍ വഴിമുട്ടിനില്‍ക്കുമെന്നതും ഈബജ്റ്റിനെ ജനവിരുദ്ധമാക്കിത്തീര്‍ക്കുന്നു.
കേള്‍ക്കാന്‍ ഇമ്പമുള്ളതും സങ്കല്‍പ്പങ്ങളില്‍ പ്രതീക്ഷ നിറയ്ക്കുന്നതുമായ പദ്ധതികളും സാധ്യതകളും മാണി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇവയെല്ലാം സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കാനല്ല കൂടുതല്‍ സങ്കീര്‍ണ്ണവും ധനകമ്മിനിറഞ്ഞതുമാക്കി മാറ്റാനാണ്‌ ഉതകുക.
പുതിയ കാലഘട്ടം ആവശ്യപ്പെടുന്നതരത്തിലുള്ള പരിഷ്ക്കരണ നടപടികളിലേയ്ക്ക്‌ മന്ത്രി മാണിയും നീങ്ങുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവുംവലിയ തിരിച്ചടിയാകാന്‍ പോകുന്നത്‌. ഉദാരീകരണവും കമ്പോളവത്ക്കരണവും സൃഷ്ടിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്‌ മാണിയെപ്പോലെ ഒരു ധനവിശാരദന്‍ ഒന്നും പഠിച്ചിട്ടില്ല എന്നുവരുമ്പോള്‍ വികസനത്തിനായി അദ്ദേഹം തുറക്കാനാഗ്രഹിക്കുന്ന പാതകളും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും തിരിച്ചടിയാകുമെന്നകാര്യത്തില്‍ സംശയമില്ല. സ്വകാര്യമേഖലയുമായി കൈകൊര്‍ത്ത്‌ സംസ്ഥാനത്ത്‌ കൂടുതല്‍ നിക്ഷേപം സാധ്യമാക്കുന്നതിന്‌ സപ്ത തന്ത്രങ്ങളും മാണി മുന്നോട്ട്‌ വെയ്ക്കുന്നുണ്ടെങ്കിലും ((1) സമസ്ത മേഖലകളിലേയും നിലവാര വര്‍ദ്ധന (2) അടിസ്ഥാന സൗകര്യവികസനം (3) തൊഴില്‍ വൈദഗ്ധ്യവികസനം (4) സ്വയംസംരഭകത്വ വികസനം (5) നൂതന സാങ്കേതിക വിദ്യകളുടെ സ്വാംശീകരണം (6) മൂലധന നിക്ഷേപ വര്‍ദ്ധന (7) പ്രൈവറ്റ്‌ - പബ്ലിക്ക്‌ പങ്കാളിത്തം). ധനസമാഹരണത്തിന്‌ നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചതുവഴി സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമായി മാറാന്‍ പോകുകുകയാണ്‌. അപ്പോള്‍ സങ്കല്‍പ്പത്തിലെ കല്‍ക്കണ്ടമധുരം അനുഭവത്തിലെ കാഷായകയ്പ്പായിത്തീരുക സ്വാഭാവികം മാത്രം.
പ്രണാബ്കുമാര്‍ മുഖര്‍ജ#ി‍യുടെ കേന്ദ്രബജറ്റ്‌ അടിച്ചേല്‍പിച്ച ജീവിതച്ചെലവ്‌ വര്‍ദ്ധനയ്ക്കൊപ്പം മാണിയുടെ നയങ്ങളും ചേരുമ്പോള്‍ താങ്ങാനാവാത്ത വിലക്കയറ്റത്തില്‍ സംസ്ഥാനം ശ്വാസംമുട്ടും. അപ്പോള്‍ വര്‍ദ്ധിപ്പിച്ച ക്ഷേമപദ്ധതികളും വാഗ്ദാനം ചെയ്ത വികസന മുദ്രാവാക്യങ്ങളും കാറ്റില്‍പാറിപ്പോകും സംശയമില്ല.
ബജറ്റിന്റെ ഈ യാഥാര്‍ത്ഥ്യം മനസിലാക്കാതെ, ആതിരേ, പെന്‍ഷന്‍പ്രായം 56 ആക്കിയ നടപടികളില്‍ കടിച്ചുതൂങ്ങി അനാവശ്യവിവാദങ്ങളാണ്‌ രാഷ്ട്രീയ പാര്‍ട്ടികളും അവരോട്‌ ഒട്ടിനില്‍ക്കുന്ന സാമ്പത്തിക വിദഗ്ദ്ധരും നടത്തുന്നത്‌. കൃഷിയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും സ്വയംസംരഭകത്വ വികസനത്തിനും ഊന്നല്‍ നല്‍കിയെന്നതുകൊണ്ടുമാത്രം ഒരു ബജറ്റ്‌ ജനഹിതകരമോ പ്രയോജനപ്രദമോ ആവുകയില്ല. പദ്ധതി നടത്തിപ്പിന്‌ നിലവിലെ നികുതി സ്രോതസുകളെത്തന്നെ വീണ്ടും പിഴിഞ്ഞെടുക്കാന്‍ മാണി ഉദ്യമിച്ചതാണ്‌ വീക്ഷണത്തിലെ വൈകല്യമായി വിലയിരുത്തപ്പെടേണ്ടത്‌ അതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നത്‌. നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാനോ പുതിയ മേഖലകളിലേയ്ക്ക്‌ നികുതി നയം വ്യാപിപ്പിക്കാനോ തയ്യാറാകാതിരുന്നത്‌ ഈ ബജറ്റിന്റെ ഏറ്റവും വലിയ പ്രായോഗിക പരാജയമായി കാണേണ്ടതുണ്ട്‌.
പെന്‍ഷന്‍പ്രായം 56 ആക്കി മാണി നടത്തിയ പ്രഖ്യാപനത്തെയല്ല, ആതിരേ, പഴിക്കേണ്ടിയിരുന്നത്‌ മറിച്ച്‌ ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി സഭയ്ക്കും പൊതുസമൂഹത്തിനും നല്‍കിയ ഉറപ്പ്‌ പാലിക്കാതെ ചുളുവില്‍ നിയമനനിരോധനം കൊണ്ടുവരാന്‍ കരുക്കള്‍ നീക്കിയതിനെയാണ്‌ അപലപിക്കേണ്ടത്‌. സംശയമില്ല മാണിയുടേയും യു ഡി എഫിന്റേയും ലക്ഷ്യം പെന്‍ഷന്‍ പ്രായം 60 ആക്കുകയെന്നതാണ്‌. അതിനാണ്‌ ബംഗാളിലേയും ത്രിപുരയിലേയും സാഹചര്യങ്ങല്‍ പരാമര്‍ശിക്കുന്നത്‌. എന്നാല്‍ ആ രണ്ടു സംസ്ഥാനങ്ങളിലെ അവസ്ഥയല്ല കേരളത്തിലേത്‌. കഴിഞ്ഞവര്‍ഷം 31 ലക്ഷം പേരാണ്‌ പി എസ്‌ സി പരീക്ഷ എഴുതിയത്‌. അഭ്യസ്തവിദ്യരായ ഇത്രയും ചെറുപ്പക്കാര്‍ക്ക്‌ ഭരണഘടന വിഭാവനം ചെയ്യുന്ന സംഭരണ തത്വത്തിലൂന്നിയ സാമൂഹിക നീതിയുള്ള നിയമന സാധ്യതയാണ്‌ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിലൂടെ അട്ടിമറിക്കപ്പെടുന്നത്‌. അഭ്യസ്തവിദ്യര്‍ക്ക്‌ തൊഴില്‍നേടാന്‍ ഇന്ന്‌ നിരവധി മേഖലകള്‍ ഉണ്ടെന്ന്‌ പറയുന്നു. മാണിതന്നെ യുവാക്കള്‍ക്കായി തൊഴില്‍ പരിശീലന പദ്ധതിയും സ്വംയംസംരഭകത്വ തന്ത്രങ്ങളും ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും അവയിലൊന്നും നേരത്തേസൂചിപ്പിച്ച സാമൂഹിക നീതി പാലിക്കപ്പെടാന്‍ പോകുന്നില്ല. ആ അര്‍ത്ഥത്തില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ നടപടിയേയും അതിന്‌ മുഖ്യമന്ത്രി അവലംബിച്ച രീതിയേയും ം അപലപിച്ചേ തിരൂ.
കേന്ദ്ര ബജറ്റിലെ എക്സൈസ്‌ നികുതി വര്‍ദ്ധനയും സേവന നികുതിയും മാണിയുടെ നിത്യോപയോഗ വസ്തുക്കളുടെ നികുതി വര്‍ദ്ധനയുമായി കൂട്ടിവായിക്കുമ്പോഴാണ്‌ ഈ ബജറ്റ്‌ പ്രഖ്യാപനങ്ങളില്‍ മാത്രം പുരോഗമനപരവും വികസനോന്മുഖവുമാകുന്നത്‌.
കഴിഞ്ഞ പത്തുവര്‍ഷത്തിലേറേയായി മാറിമാറിവന്ന സര്‍ക്കാരുകളെല്ലാം ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ അവകാശപ്പെട്ടിരുന്നത്‌ സംസ്ഥാനത്തെ വികസനത്തിന്റെ ഹൈവേയിലേയ്ക്ക്‌ നയിക്കാന്‍ തങ്ങള്‍ ബദ്ധപ്രജ്ഞരാണെന്നാണ്‌. എന്നാല്‍ രാഷ്ട്രീയ- ഉദ്യോഗതലത്തില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവണതകള്‍ ഉന്മൂലനം ചെയ്യാതെ ഈ സങ്കല്‍പ്പങ്ങളൊന്നും പ്രായോഗികമാക്കാനാവില്ല.
ആതിരേ,മാണിയുടെ സപ്ത തന്ത്രം ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ഉദ്യോഗതലത്തിലെ അഴിമതിയും കെടുകാര്യസ്തതയും സമൂലം ഉന്മൂലനം ചെയ്തെങ്കിലേ സാധിക്കൂ. മാണിക്ക്‌ ഇക്കാര്യം അറിയാഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ട്‌ ഉദ്യോഗതലത്തിലെ അഴിമതിയും ക്രമക്കേടും വികസനവിരുദ്ധ നിലപാടും ഇല്ലാതാക്കാന്‍ നടപടികളോ തന്ത്രങ്ങളോ സൂചിപ്പിക്കുകപോലും ചെയ്യാതിരുന്നത്‌? അതായത്‌ പത്താമത്തെ ബജറ്റ്‌ അവതരിപ്പിക്കുമ്പോഴും കണക്കിലെ കളികളും വാക്കുകളിലെ കൗശലങ്ങളും ഉപയോഗിച്ച്‌ നികുതി ദായകരും സമ്മദിദായകരുമായ സാധാരണക്കാരെ വഞ്ചിക്കുകയാണ്‌ മാണി. അവരില്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാന്‍ ഉത്സാഹം കാണിച്ച മാണി സമ്പന്നവര്‍ഗത്തെ സ്പര്‍ശിക്കാതെ വിട്ടതുതന്നെ എന്താണ്‌ യു ഡി എഫിന്റെ സാമ്പത്തികനയം എന്നും മാണിയുടെ ലക്ഷ്യമെന്നും വ്യക്തമാക്കുന്നുണ്ട്‌.
പ്രത്യക്ഷ ശ്രവണത്തില്‍ പോപ്പുലിസ്റ്റ്‌ എന്നും വികസനോന്മുഖം എന്നും തോന്നിപ്പിക്കുന്ന ഈ ബജറ്റ്‌ അതിന്റെ പ്രായോഗികതലത്തില്‍ പൊതുസമൂഹ വിരുദ്ധ സ്വഭാവമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അതുകൊണ്ടാണ്‌ മുന്‍ധനമന്ത്രി ഡോ.തോമസ്‌ ഐസക്ക്‌ വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടേയും ബജറ്റ്‌ എന്ന്‌ ഇതിനെ വിശേഷിപ്പിച്ചത്‌.
ഇവിടെ പ്രതിപക്ഷത്തിന്റെ കോര്‍ട്ടിലാണ്‌ പന്ത്‌. ഭരണമുന്നണിയുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ബജറ്റ്‌ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ്‌ ബജറ്റ്‌ ചര്‍ച്ചകളില്‍ അവതരിപ്പിച്ച്‌ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള ജനവിരുദ്ധ നിലപാടുകള്‍ തിരുത്തിക്കാന്‍ അവര്‍ക്ക്‌ ബാധ്യതയുണ്ട്‌. അതിന്‌ സാധിക്കുന്നില്ലെങ്കില്‍ സങ്കല്‍പ്പത്തിലെ കല്‍ക്കണ്ടമധുരം നുണഞ്ഞ്‌ നിത്യ ജീവിതാനുഭവത്തിലെ കഷായകയ്പ്പ്‌ കുടിച്ചിറക്കുകമാത്രമാണ്‌ പോംവഴി. ആവര്‍ത്തിക്കുന്നു ഒരുസമൂഹത്തിന്‌ അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്നുപറയുന്നത്‌ ഇങ്ങനെയൊക്കെയാണ്‌ സാര്‍ത്ഥകമാകുന്നത്‌.

Monday, March 19, 2012

പാലിയേക്കര: സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള രണ്ടാം സമരം


ദളിത്‌ - പിന്നാക്ക അധസ്ഥിത വിഭാഗത്തിന്‌ പൊതു വഴിയിലൂടെ സഞ്ചരിക്കാന്‍ 1893 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സരമത്തോടെയാണ്‌ ആ പൊതുബോധം സൃഷ്ടിക്കപ്പെട്ടത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പുരോഗമന ശക്തികളും ചേര്‍ന്ന്‌ നേടിയെടുത്ത പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‌ മേലാണ്‌ ഇപ്പോള്‍ ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ ജനവിരുദ്ധമാണ്‌, ജനാധിപത്യ വിരുദ്ധമാണ്‌; ഭരണഘടന ഉറപ്പ്‌ നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിന്റെ ലംഘനമാണ്‌. ഇതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെയാണ്‌ പാലിയേക്കര പ്രതിനിധാനം ചെയ്യുന്നത്‌




കേരളത്തിന്റെ രാഷ്ട്രീയ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഏട്‌ രചിക്കുകയാണ്‌ ആതിരേ,പാലിയേക്കരയിലെ ടോള്‍ പിരിവ്‌ വിരുദ്ധ സമരം. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പൗരന്റെ പോരാട്ടത്തിന്റെ രണ്ടാംഘട്ടമാണ്‌ ഇത്‌. അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക്‌ പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഒരു നൂറ്റാണ്ട്‌ മുമ്പ്‌ നടത്തിയ സമരത്തിന്റെ ചരിത്രപരമായ തുടര്‍ച്ച .
ദേശീയപാത 47 ല്‍ മണ്ണുത്തി - അങ്കമാലി റൂട്ടിലെ പാലിയേക്കരയില്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ചുങ്കപ്പുരയ്ക്കെതിരായ ജനകീയ സമരം പൂര്‍വ മാതൃകകളില്ലാത്തതാണ്‌. വിളപ്പില്‍ശാലയിലെന്നപോലെ, പോരാടുന്ന നഴ്സുമാരുടെ കാര്യത്തിലെന്നപോലെ ഇവിടെയും മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയോ ട്രേഡ്‌ യൂണിയനുകളുടേയോ നേതൃത്വമില്ലാതെയുള്ള ജനകീയ സമരമാണ്‌ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്നത്‌. തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂരിലാരംഭിക്കുകയും പിന്നെ നെന്മണിക്കര പഞ്ചായത്തിലേയ്ക്ക്‌ കത്തിപ്പടരുകയും ചെയ്ത ടോള്‍വിരുദ്ധ സമരം, ദേശീയ പാതയുടെ സ്വകാര്യ വത്ക്കരണത്തിനും ചുങ്കപ്പിരിവ്‌ എന്ന പകല്‍ കൊള്ളയ്ക്കുമെതിരായ ജനകീയ മുന്നറിയിപ്പാണ്‌.
പാലിയേക്കര ടോള്‍ പ്ലാസയ്ക്കരികില്‍ ഒരുമാസം മുമ്പാരംഭിച്ച നിരാഹാര സമരത്തില്‍,ആതിരേ, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത്‌ നിരവധിപ്പേര്‍ പങ്കെടുക്കുകയും അറസ്റ്റ്‌ വരിക്കുകയുമുണ്ടായി. ഈ ജനകീയ സമരത്തെ അട്ടിമറിക്കാന്‍ ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും കോര്‍പ്പറേറ്റ്‌ കുത്തകകളും കൈകോര്‍ത്തിട്ടുണ്ടെങ്കിലും കുത്തകകള്‍ക്ക്‌ കപ്പം നല്‍കി അടിമകളെപ്പോലെ പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ ആത്മാഭിമാനമുള്ള ജനത തയ്യാറല്ലെന്ന സന്ദേശം ശക്തവും വ്യാപകവുമായിക്കൊണ്ടിരിക്കുകയാണ്‌.
രാജ്യത്ത്‌ മികച്ച റോഡുകള്‍ വരുന്നതിനും കൂടുതല്‍ സഞ്ചാര സൗകര്യം ഉണ്ടാകുന്നതിനും വേണ്ടി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പുതിയ പാതകള്‍ പണിയുകയും അതില്‍ ചുങ്കം പിരിക്കുകയും ചെയ്യുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ബി ഒ ടി നയം (ബില്‍ഡ്‌, ഓണ്‍ ആന്റ്‌ ട്രാന്‍സ്ഫര്‍) ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്‌. പൊതുമുതല്‍ കൊള്ളയടിക്കാനുള്ള ആഗോളീകരണ കാലത്തെ കൗശലമാണിത്‌. ഇപ്പോള്‍ തര്‍ക്കത്തിലുള്ള അങ്കമാലി - മണ്ണുത്തി പാതയുടെ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ എടുത്ത കമ്പനിയ്ക്ക്‌ ചെലവായത്‌ 60 കോടി രൂപയാണ്‌. 30 വര്‍ഷത്തേയ്ക്കാണ്‌ ഇവര്‍ക്ക്‌ ടോള്‍ പിരിക്കാനുള്ള അനുവാദം കൊടുത്തിട്ടുള്ളത്‌. ഇപ്പോഴത്തെ നിരക്ക്‌ വെച്ച്‌ നോക്കിയാല്‍ 30 വര്‍ഷംകൊണ്ട്‌ ഈ സ്വകാര്യകമ്പനിയ്ക്ക്‌ എഴുപതിനായിരത്തിലധികം കോടി രൂപ ലാഭം കിട്ടും. 42 കിലോമീറ്റര്‍ റോഡ്‌ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു എന്ന പേരിലാണ്‌ പൊതു സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിച്ച്‌ പകല്‍കൊള്ള നടത്താന്‍ ഇവര്‍ക്ക്‌ അനുമതി നല്‍കിയിട്ടുള്ളത്‌.
എന്‍ എച്ച്‌ 47, എന്‍ എച്ച്‌ 17 എന്നിങ്ങനെ 18 ദേശീയപാതകളാണ്‌ നമുക്കുള്ളത്‌. ഈ ദേശീയ പാതകളും സംസ്ഥാന പാതകളും അടക്കം 15,000 കിലോമീറ്റര്‍ റോഡ്‌ ബി ഒ ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുമെന്നാണ്‌ നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനം. അതായത്‌ അരൂര്‍ - ഇടപ്പള്ളി പാതപോലെ, മണ്ണുത്തി - അങ്കമാലി പാതപോലെ കേരളത്തിലെ റോഡുകളെല്ലാം ഇനി ചുങ്കം കൊടുത്ത്‌ സഞ്ചരിക്കേണ്ടവയായി മാറുമെന്നര്‍ത്ഥം.
കേരളത്തിലെ റോഡുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ലാത്തതുകൊണ്ട്‌ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നൂവെന്നാണ്‌ വിശദീകരണം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍,ആതിരേ, പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി, റോഡ്‌ ടാക്സ്‌, വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ചാര്‍ജ്‌, ലൈസന്‍സ്‌ ഫീസ്‌, വിവിധ ഗതാഗതകുറ്റങ്ങളുടെ പിഴ എന്നീ ഇനങ്ങളിലായി 28,000 കോടി രൂപ സര്‍ക്കാരിന്‌ പിരിഞ്ഞ്‌ കിട്ടിയിട്ടുള്ളതാണ്‌. ദേശീയപാതകളുടെ വികസനത്തിന്‌ ഈ പണം ധാരാളം മതിയാകുമായിരുന്നു. അത്‌ വകമാറ്റി ചെലവഴിച്ചശേഷം ദേശീയപാതാവികസനം സ്വകാര്യ കമ്പനികള്‍ക്ക്‌ തീറെഴുതി പൊതുമുതല്‍ സ്വകാര്യ ലാഭത്തിന്‌ ഉപയോഗപ്പെടുത്താനും അതിലൂടെ പൊതു സമൂഹത്തെ കൊള്ളയടിക്കാനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനുമാണ്‌ ബി ഒ ടി ഇടപാടിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
ആതിരേ,ഈ ഭീകരതയ്ക്കെതിരായി ഉയരേണ്ട പൗരസമൂഹത്തിന്റെ കൂട്ടായ പ്രതിഷേധത്തിന്റെ തുടക്കമാണ്‌ പാലിയേക്കര. അതുകൊണ്ടുതന്നെ ഈ സമരം വിജയിപ്പിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്‌. കാരണം സഞ്ചാര സ്വാതന്ത്ര്യത്തിന്‌ കപ്പം വാങ്ങുന്ന സര്‍ക്കാര്‍ നിലപാടിനെ പിന്‍തുണയ്ക്കാനാണ്‌ കോടതികളുടെ തീരുമാനംപോലും. മട്ടാഞ്ചേരി പാലത്തിലെ നീതി രഹിതമായ ടോള്‍ പിരിവിനെതിരെ കോടതിയെ സമീപിച്ചവരോട്‌ കോടതി പറഞ്ഞത്‌ ടോള്‍ പിരിക്കുന്നത്‌ തെറ്റല്ല. ടോള്‍ കൊടുക്കേണ്ടതുമാണ്‌ എന്നാണ്‌. അതായത്‌ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം വിറ്റ്‌ കാശാക്കുന്ന ഭരണകൂടത്തിന്റെ ഭീകരതയ്ക്കാണ്‌ കോടതിയുടെ സംരക്ഷണം.
ഗതാഗത സൗകര്യം ആധുനീക രീതിയില്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ്‌ പാലിയേക്കരയില്‍ ടോള്‍പിരിവ്‌ ആരംഭിച്ചതെന്ന്‌ സര്‍ക്കാര്‍ പറയുമ്പോള്‍ വലിയൊരു കള്ളമാണ്‌ തമസ്ക്കരിക്കപ്പെടുന്നത്‌. ഇവിടെ ടോള്‍പിരിവ്‌ ആരംഭിച്ചതിനുശേഷം ഈ 40 കിലോമീറ്ററിനുള്ളില്‍ ഇതിനകം 13 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. 27 ക്രോസിങ്ങുകളാണ്‌ ഇത്രയും ദൂരത്തിനിടയിലുള്ളത്‌. ഇവിടെയെങ്ങും സുരക്ഷാ ക്രമീകരണങ്ങളില്ല. വാഹനമോടിക്കുന്നവരും കാല്‍നടക്കാരും അവരവരുടെ സുരക്ഷ നോക്കിക്കൊള്ളണം. അപ്പോള്‍ ഈ പകല്‍ കൊള്ളയ്ക്ക്‌ എന്താണ്‌ യുക്തി.? എന്തിനാണ്‌ അത്‌ അനുവദിക്കുന്നത്‌?
ഇവിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലിയൊരു കള്ളക്കളികൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. 2011 ഡിസംബറില്‍ വിളിച്ച്‌ ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്‌. ടോള്‍ ഇല്ലാതെ സഞ്ചരിക്കാവുന്ന സര്‍വ്വീസ്‌ റോഡ്‌, വഴിവിളക്കുകള്‍, ഡ്രെയിനേജ്‌ സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ ഒരുക്കിയതിനിശേഷം മാത്രമേ ടോള്‍ പിരിവ്‌ ആരംഭിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്‌.എന്നാല്‍ വഴിവിളക്കുകളുടെ കാര്യത്തില്‍പ്പോലും ഉറപ്പ്‌ പാലിക്കാതെയുള്ള പകല്‍കൊള്ളയാണ്‌ നടക്കുന്നത്‌. 40 കിലോമീറ്ററിനുള്ളില്‍ ആകെയുള്ളത്‌ 50 വഴിവിളക്കുകള്‍ മാത്രമാണ്‌. ഇടപ്പള്ളി മുതല്‍ അങ്കമാലിവരെയുള്ള 26 കിലോമിറ്ററോളം റോഡ്‌ 20 വര്‍ഷം മുമ്പ്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചതാണ്‌. 40 കിലോമീറ്ററിനൊപ്പം കേന്ദ്രസര്‍ക്കാര്‍ പണിത ഈ റോഡ്കൂടിച്ചേര്‍ത്താണ്‌ ഇപ്പോള്‍ ചുങ്കം പിരിക്കുന്നത്‌. ഇത്തരമൊരനുവാദം സ്വകാര്യ കമ്പനികള്‍ക്ക്‌ നല്‍ക്കുക വഴി പാര്‍ട്ടിക്കും ഭരണമുന്നണിയ്ക്കും എത്ര കോടികിട്ടിയെന്ന ചോദ്യം ഉന്നയിച്ചേ തിരൂ.
കേരളത്തില്‍ പൊതുനിരത്തുകള്‍ രൂപംകൊള്ളിന്നതിന്‌ പിന്നില്‍ പതിറ്റാണ്ടുകളുടെ സമരചരിത്രമുണ്ട്‌. ദളിത്‌ - പിന്നാക്ക അധസ്ഥിത വിഭാഗത്തിന്‌ പൊതു വഴിയിലൂടെ സഞ്ചരിക്കാന്‍ 1893 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സരമത്തോടെയാണ്‌ ആ പൊതുബോധം സൃഷ്ടിക്കപ്പെട്ടത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പുരോഗമന ശക്തികളും ചേര്‍ന്ന്‌ നേടിയെടുത്ത പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‌ മേലാണ്‌ ഇപ്പോള്‍ ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ ജനവിരുദ്ധമാണ്‌, ജനാധിപത്യ വിരുദ്ധമാണ്‌; ഭരണഘടന ഉറപ്പ്‌ നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിന്റെ ലംഘനമാണ്‌. ഇതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെയാണ്‌ പാലിയേക്കര പ്രതിനിധാനം ചെയ്യുന്നത്‌. റോഡുകള്‍ സമൂഹങ്ങളേയും വ്യക്തികളേയും ബന്ധിപ്പിക്കാനുള്ളതാണ്‌. പക്ഷേ ഇവിടെ അത്‌ വൃക്തികളെ തമ്മിലകറ്റാനും വരേണ്യവര്‍ഗ്ഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംവരണം ചെയ്യപ്പെടുകയുമാണ്‌. അതുകൊണ്ട്‌ ഈ പ്രവണത മുളയിലേ നുള്ളണം, ചുങ്കപ്പുരകള്‍ പൊളിക്കണം, പകല്‍കൊള്ള അവസാനിപ്പിക്കണം. അതാണ്‌, ആതിരേ, പാലിയേക്കരയുടെ ആഹ്വാനം.

Wednesday, March 14, 2012

സോണിയ:രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ ഉടമ


ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അത്രയ്ക്കൊന്നും കൂലങ്കഷമായി ചിന്തിക്കാതെ തന്നെ സോണിയയുടെ ഈ ആസ്തിയുടെ ഉറവിടത്തെക്കുറിച്ച്‌ അനുമാനത്തിലെത്താന്‍ കഴിയും. രാജ്യത്തെ വഞ്ചിച്ചും പൗരന്മാരെ വിഡ്ഢികളാക്കിയും ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ നടത്തിപ്പോരുന്ന അഴിമതികളുടെ ഹിമാനിത്തുമ്പാണ്‌(tip of the iceberg) ഇപ്പോള്‍ ബിസിനസ്‌ അഡ്വൈസര്‍ വാരികയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്‌. അതുകൊണ്ടു തന്നെ ബിസിനസ്‌ അഡ്വൈസര്‍ വെളിപ്പെടുത്തിയതിലും വന്‍ തുകയുടെ ആസ്തി സോണിയ അടക്കമുള്ളവര്‍ക്ക്‌ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. പൊതുജനത്തിന്റെ ഈ വികാരം കണ്ടില്ലെന്ന്‌ നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സാധിക്കുകയില്ല. അതുകൊണ്ട്‌ സോണിയയുടെ ആസ്തി സംബന്ധിച്ച നിഷ്പക്ഷ അന്വേഷണം നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും നമുക്ക്‌ വെല്ലുവിളിക്കാം.




കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയയ്ക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്‌ എന്ന്‌ ജര്‍മ്മന്‍ വാരിക 'ബിസിനസ്‌ ഇന്‍സൈഡര്‍' വെളിപ്പെടുത്തിയതിലൂടെ, ആതിരേ, 'പണ്ടോറയുടെ പെട്ടി'യാണ്‌ തുറക്കപ്പെട്ടിരിക്കുന്നത്‌.
അതു കൊണ്ട്‌ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും സാധ്യതകള്‍ക്കും ആരോപണപ്രത്യാരോപങ്ങള്‍ക്കും ഇടനല്‍കുന്ന ഈ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്‌.
ആതിരേ,ഔദ്യോഗിക കണക്ക്‌ പ്രകാരം സോണിയയുടെ ആകെ ആസ്തി 75 ലക്ഷം രൂപയാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സത്യവാങ്ങ്‌ മൂലത്തിലാണ്‌ ഈ ആസ്തി വിവരമുള്ളത്‌. എന്നാല്‍, ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള കണക്ക്‌ ഇതിന്റെ ആയിരം മടങ്ങ്‌ കൂടുതലാണ്‌.
ഈ ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണ ഉടമയാണ്‌ സോണിയ എന്ന്‌ ആരോപിച്ചാല്‍ അത്‌ നിഷേധിക്കാന്‍ കോണ്‍ഗ്രസിനോ കേന്ദ്ര സര്‍ക്കാരിനോ കഴിയുകയില്ല. കാരണം, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സത്യവാങ്മൂലവും ബിസിനസ്‌ ഇന്‍സൈഡര്‍ പുറത്തു കൊണ്ടു വന്നിട്ടുള്ള ആസ്തിയും തമ്മില്‍ അത്രയ്ക്ക്‌ ബൃഹത്തായ അന്തരമാണുള്ളത്‌.
ലോകത്തെ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പന്നന്മാരുടെ പട്ടിക തയ്യാറാക്കുന്ന വാരികയാണിത്‌. ഊഹാപോഹങ്ങളുടെയോ നിഗമനങ്ങളുടെയോ അടിസ്ഥാനത്തിലല്ല മറിച്ച്‌, വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ബിസിനസ്‌ ഇന്‍സൈഡര്‍ സമ്പന്ന രാഷ്ട്രീയക്കാരുടെ ലിസ്റ്റ്‌ പ്രതിവര്‍ഷം തയ്യാറാക്കുന്നത്‌. ഇതുവരെ ഇവര്‍ തയ്യാറാക്കിയ ലിസ്റ്റിന്തിരെ പരാതിയോ ആരോപണമോ ഉണ്ടായിട്ടില്ല എന്നിരിക്കെ ബിസിനസ്‌ ഇന്‍സൈഡറുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന്‌ വിശ്വസിക്കേണ്ടിയിരിക്കുന്നു. വാര്‍ത്ത വന്നിട്ടും കോണ്‍ഗ്രസ്‌ വൃത്തങ്ങളോ സോണിയയുടെ കുടുംബാംഗങ്ങളോ പ്രതികരിക്കാന്‍ തയ്യാറാകാത്തതും വാര്‍ത്ത സത്യമാണെന്ന്‌ ധാരണയാണ്‌ പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്‌.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 23 രാഷ്ട്രീയക്കാര്‍ക്കിടയില്‍ നാലാം സ്ഥാനമാണ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയ്ക്കുള്ളത്‌. ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ രാഷ്ട്രീയ നേതാവും സോണിയ തന്നെ.
വേള്‍ഡ്സ്‌ ലക്ഷ്വറി ഗൈഡ്‌ ഡോട്‌ കോം എന്ന വെബ്സൈറ്റിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ ബിസിനസ്‌ ഇന്‍സൈഡറിന്റെ വിശകലനവും നിഗമനവും.
സോണിയയുടെ സ്വത്ത്‌ കണക്കാക്കുന്നതില്‍ വാരികയ്ക്ക്‌ പിഴച്ചു എന്നാണ്‌, ആതിരേ, അപ്രധാനമായ ചില സ്രോതസ്സുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍. നെഹ്‌റു കുടുംബത്തിന്റെ ബൃഹത്തായ ആസ്തിയും സോണിയയുടെ പേരില്‍ കണക്കാക്കിയതാകാം എന്നൊരു വാദഗതിയും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇതെല്ലാം, നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്ര സര്‍ക്കാരിന്റെയോ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയോ ഔദ്യോഗിക വക്താക്കളില്‍ നിന്നോ സോണിയ കുടുംബത്തിന്റെ അടുത്ത വക്താക്കളില്‍ നിന്നോ അല്ല ഉണ്ടായിട്ടുള്ളത്‌. സോണിയയോടും കുടുംബത്തോടും അതിരില്ലാത്ത വിധേയത്വം പുലര്‍ത്തുന്ന ചില രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമാണ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. രണ്ടായാലും ബിസിനസ്‌ ഇന്‍സൈഡറുടെ വെളിപ്പെടുത്തലിലെ യാഥാര്‍ത്ഥ്യം ഇന്ത്യയിലെ നികുതിദായകരെയും സമ്മതിദായകരെയും ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും ബാധ്യത എറെയാണ്‌ ഇപ്പോള്‍.
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ വിവരം കണ്ടെത്തി പുറത്തുവിടണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുപോലും സക്രിയമോ അന്വേഷണമായ വിശ്വസനീയമായ വിശദീകരണമോ ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സിബിഐ അവലംഭിക്കുന്ന മെല്ലെ പോക്ക്‌ നയത്തെ പലവട്ടം സുപ്രീംകോടതി കടുത്ത പദങ്ങളാല്‍ ശാസിച്ചിട്ടുള്ളതുമാണ്‌. അപ്പോഴെല്ലാം മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ കോടതിയില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ സിബിഐയുടെ അഭിഭാഷകനും സോളിസിറ്റര്‍ ജനറലും ശ്രമിച്ചിട്ടുള്ളത്‌. ആരെയൊക്കെയോ രക്ഷിക്കാനും എന്തൊക്കെയോ മൂടിവയ്ക്കാനുമുള്ള ത്വര കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാരിനുമുണ്ട്‌ എന്ന ധാരണ ശക്തമാക്കാനേ ഈ നിലപാട്‌ മൂലം കഴിഞ്ഞിട്ടുള്ളൂ.
സ്വിസ്‌ ബാങ്ക്‌ അടക്കമുള്ള വിദേശ ബാങ്കുകളില്‍ ഇന്ത്യയിലെ സമ്പന്നര്‍ക്ക്‌ രഹസ്യവും സുരക്ഷിതവുമായ അക്കൗണ്ടുകള്‍ ഉണ്ട്‌ എന്ന കാര്യം അങ്ങാടിപ്പാട്ടാണ്‌. എന്നാല്‍, യഥാര്‍ത്ഥ ചിത്രം പുറത്തുവിടാന്‍ കേന്ദ്രം തയ്യാറുമല്ല. രണ്ടുവിധത്തിലാണ്‌, ആതിരേ ഇത്തരക്കാര്‍ രാഷ്ട്രത്തെ ദ്രോഹിക്കുന്നത്‌. ഒന്ന്‌, ഇവിടത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുകയായിരുന്നുവെങ്കില്‍ സര്‍ക്കാരിന്‌ ലഭിക്കേണ്ടിയിരുന്ന ആദായനികുതിയുടെ വെട്ടിപ്പ്‌. രണ്ട്‌, അവിഹിത മാര്‍ഗ്ഗത്തില്‍ സ്വത്ത്‌ സമ്പാദിച്ചത്‌. ഈ രണ്ട്‌ കാര്യവും ഭരണഘടനാവിരുദ്ധവും ശിക്ഷാര്‍ഹവുമായ കുറ്റവുമാണ്‌. എന്നിട്ടും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്ക്‌ പുറത്തു കൊണ്ടുവരാന്‍ പ്രധാമന്ത്രി മന്‍മോഹന്‍ സിങ്ങിനോ ധനമന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്കോ പ്രതിരോധമന്ത്രി എ.കെ.ആന്റണി അടങ്ങുന്ന ആദര്‍ശ ധീരന്മാര്‍ക്കോ താല്‍പര്യമില്ലാത്തതിന്റെ കാരണമാണ്‌ ഇതുവരെ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാകാതിരുന്നത്‌.
മന്‍മോഹന്‍ സിങ്ങ്‌ വ്യക്തിപരമായി അഴിമതി രഹിതനും അഴിമതി വിരുദ്ധനുമാണ്‌. എന്നാല്‍, തന്റെ മന്ത്രിസഭയിലെ വിവിധ അംഗങ്ങളുടെ പേരില്‍ ഉയര്‍ന്ന കോടികളുടെ അഴിമതി കേസുകളില്‍ വൃത്തികെട്ട മൗനം പാലിച്ച്‌ അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ്‌ മന്‍മോഹന്‍സിംഗ്‌ സ്വീകരിച്ചിരുന്നത്‌. ഇക്കാര്യത്തില്‍ സോണിയയും മന്‍മോഹന്റെ ലൈനാണ്‌, ആതിരേ, പിന്‍തുടര്‍ന്നിരുന്നത്‌. രാജ്യത്തെ നടുക്കിയ 2 ജി സ്പെക്ട്രം അടക്കമുള്ള ബൃഹത്തായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ഇന്നും ചരടുവലികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ അഴിമതിക്കാര്‍ സ്വരൂപിച്ച കോടികളുടെ വിഹിതം കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉന്നതന്മാര്‍ക്കും ലഭിച്ചിട്ടുണ്ട്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രാജ്യത്തിനുവേണ്ടി യുദ്ധവിമാനം വാങ്ങിയ ഇടപാടില്‍ സോണിയ 10000 കോടി രൂപ കോഴ വാങ്ങിയെന്ന്‌ ആരോപണം ഉന്നയിക്കുന്നത്‌ സുബ്രഹ്മണ്യന്‍ സ്വാമിയാണ്‌. ഈ ആവശ്യം ഉന്നയിച്ച്‌ സോണിയയ്ക്ക്‌ എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്‌ സുബ്രഹ്മണ്യ സ്വാമി.
ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അത്രയ്ക്കൊന്നും കൂലങ്കഷമായി ചിന്തിക്കാതെ തന്നെ സോണിയയുടെ ഈ ആസ്തിയുടെ ഉറവിടത്തെക്കുറിച്ച്‌ അനുമാനത്തിലെത്താന്‍ കഴിയും. രാജ്യത്തെ വഞ്ചിച്ചും പൗരന്മാരെ വിഡ്ഢികളാക്കിയും ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ നടത്തിപ്പോരുന്ന അഴിമതികളുടെ ഹിമാനിത്തുമ്പാണ്‌(tip of the iceberg) ഇപ്പോള്‍ ബിസിനസ്‌ അഡ്വൈസര്‍ വാരികയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്‌. അതുകൊണ്ടു തന്നെ ബിസിനസ്‌ അഡ്വൈസര്‍ വെളിപ്പെടുത്തിയതിലും വന്‍ തുകയുടെ ആസ്തി സോണിയ അടക്കമുള്ളവര്‍ക്ക്‌ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. പൊതുജനത്തിന്റെ ഈ വികാരം കണ്ടില്ലെന്ന്‌ നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സാധിക്കുകയില്ല. അതുകൊണ്ട്‌ സോണിയയുടെ ആസ്തി സംബന്ധിച്ച നിഷ്പക്ഷ അന്വേഷണം നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും നമുക്ക്‌ വെല്ലുവിളിക്കാം.

Tuesday, March 13, 2012

സിന്ധു ജോയ്‌:യുഡിഎഫിന്റെ 'വിശുദ്ധ പശു'വോ;


പ്രൈമറി ക്ലാസില്‍ , വ്യാകരണത്തിലെ അലങ്കാരശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ആദ്യം വരുന്നത്‌ ഉപമയാണ്‌. ഒന്നിനോടൊന്ന്‌ സാദൃശ്യം ചൊന്നാലുപമയായത്‌ എന്നാണ്‌ പ്രമാണം. ഒരു വസ്തുവിനെയോ വ്യക്തിയെയോ അതിന്റെ മേന്മയോ മികവില്ലായ്മയോ ബോധ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഭാഷാ തന്ത്രമാണ്‌ ഉപമ. സാദൃശ്യം മാത്രമല്ല, സാധര്‍മ്യവും ഉപമയില്‍പ്പെടുമെന്ന്‌ വൈയാകരന്മാര്‍ പറയുന്നു. അതെന്തുമാകട്ടെ, മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോല്‍ നിന്‍മുഖം എന്ന പ്രയോഗത്തില്‍ രാജാവിന്റെ മുഖം ചന്ദ്രനാണെന്നല്ല സൂചന. മറിച്ച്‌, ചന്ദ്രനെപ്പോലെ ശോഭയുള്ളതാണ്‌ എന്നാണ്‌ വിവക്ഷ. ആ സാമാന്യ യുക്തിയില്‍ വി.എസ്‌.അച്യുതാനന്ദന്റെ പ്രയോഗത്തെ വിലയിരുത്തേണ്ടതിനു പകരം വൈകാരികമായി സമീപിക്കുകയും വക്രീകരിച്ച അര്‍ത്ഥം കണ്ടെത്തുകയും;വ്യാഖ്യാനിച്ച്‌ വഷളാക്കുകയും ചെയ്ത്‌ വി.എസിലൂടെ ഇടതുപക്ഷത്തെ ആക്രമിക്കാനും വനിതകളുടെ വോട്ട്‌ പെട്ടിയിലാക്കാനുമുള്ള യുഡിഎഫിന്റെ തരംതാണ പ്രചാരണമാണ്‌ സത്യത്തില്‍ അധര്‍മ്മവും അശ്ലീലവും.


ആതിരേ,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ എന്ന പോലെ, ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന പിറവത്തും വി.എസ്‌.അച്യുതാനന്ദന്റെ ഒരു പ്രയോഗം വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനും വോട്ടര്‍മാരില്‍ അനാവശ്യ മാനസിക പ്രക്ഷുബ്ധതയുണ്ടാക്കാനുമാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളും യുഡിഎഫും ശ്രമിക്കുന്നത്‌.
മുങ്ങിച്ചാകാന്‍ പോകുന്നവന്‌ കച്ചിത്തുരുമ്പും ആശ്രയമാകും എന്ന്‌ പറഞ്ഞതുപോലെ പിറവത്ത്‌ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ ഉപയോഗിക്കാന്‍ ലഭിക്കുന്ന എല്ലാ സാധ്യതകളും അവയുടെ യഥാര്‍ത്ഥ അവസ്ഥയില്‍ നിന്ന്‌ അടര്‍ത്തി മാറ്റി വക്രീകരിച്ച്‌ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്‌. ഒരു തെരഞ്ഞെടുപ്പില്‍ ഇത്തരം തന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളും അവരെ പിന്തുണയ്ക്കുന്ന സംഘടനകളും അവലംബിക്കുന്നത്‌ സ്വാഭാവികം.
എന്നാല്‍, സാഹചര്യങ്ങളില്‍ നിന്ന്‌ അടര്‍ത്തി മാറ്റി ഉപയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും സൃഷ്ടിക്കുന്ന അര്‍ത്ഥവ്യതിയാനം അനര്‍ത്ഥമായി തീരുമെന്ന്‌ ഇനിയും യുഡിഎഫ്‌ നേതൃത്വത്തിന്‌ ബോധ്യമായിട്ടില്ലെന്ന്‌ തോന്നുന്നു. ഇപ്പോള്‍ സിന്ധു ജോയിക്കെതിരെ വി.എസ്‌.അച്യുതാനന്ദന്‍ കടുത്ത അശ്ലീലം നിറഞ്ഞ പദപ്രയോഗം നടത്തിയെന്നും അത്‌ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മാന്യതയെ കെടുത്തുന്നതാണെന്നും അച്യുതാനന്ദന്‍ സ്ത്രീ സംരക്ഷകന്റെ വേഷം കെട്ടിയ സ്ത്രീപീഡകനാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. കാള പെറ്റു എന്ന്‌ കേട്ടപ്പോള്‍ കയര്‍ എടുത്ത ബുദ്ധിശൂന്യന്റെ അവസ്ഥയിലാണ്‌ ജനാധിപത്യ മഹളാ അസോസിയേഷനും അതിന്റെ സമുന്നതരെന്ന്‌ അവകാശപ്പെടുന്ന നേതാക്കന്മാരും.
പലതവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന അഭിസാരികയുടെ സ്ഥാനമാണ്‌ കോണ്‍ഗ്രസില്‍ സിന്ധു ജോയിക്കുള്ളത്‌ എന്നാണ്‌ ഒരു ചോദ്യത്തിനുത്തരമായി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കൈയ്യില്‍ കിട്ടുന്നതെന്തും വിവാദമാക്കാനുള്ള മാധ്യമങ്ങളുടെ അധാര്‍മ്മികമായ മത്സരമാണ്‌ യഥാര്‍ത്ഥത്തില്‍ പ്രശ്നം വഷളാക്കിയത്‌. സിന്ധു ജോയി അഭിസാരികയാണെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞിട്ടില്ല. ഉപയോഗിച്ച ശേഷം തള്ളിക്കളയുന്ന അഭിസാരികയുടെ സ്ഥാനം എന്ന പ്രയോഗം ഉപമ മാത്രമാണ്‌. പ്രൈമറി ക്ലാസില്‍ , വ്യാകരണത്തിലെ അലങ്കാരശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ആദ്യം വരുന്നത്‌ ഉപമയാണ്‌. ഒന്നിനോടൊന്ന്‌ സാദൃശ്യം ചൊന്നാലുപമയായത്‌ എന്നാണ്‌ പ്രമാണം. ഒരു വസ്തുവിനെയോ വ്യക്തിയെയോ അതിന്റെ മേന്മയോ മികവില്ലായ്മയോ ബോധ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഭാഷാ തന്ത്രമാണ്‌ ഉപമ. സാദൃശ്യം മാത്രമല്ല, സാധര്‍മ്യവും ഉപമയില്‍പ്പെടുമെന്ന്‌ വൈയാകരന്മാര്‍ പറയുന്നു. അതെന്തുമാകട്ടെ, മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോല്‍ നിന്‍മുഖം എന്ന പ്രയോഗത്തില്‍ രാജാവിന്റെ മുഖം ചന്ദ്രനാണെന്നല്ല സൂചന. മറിച്ച്‌, ചന്ദ്രനെപ്പോലെ ശോഭയുള്ളതാണ്‌ എന്നാണ്‌ വിവക്ഷ. ആ സാമാന്യ യുക്തിയില്‍ വി.എസ്‌.അച്യുതാനന്ദന്റെ പ്രയോഗത്തെ വിലയിരുത്തേണ്ടതിനു പകരം വൈകാരികമായി സമീപിക്കുകയും വക്രീകരിച്ച അര്‍ത്ഥം കണ്ടെത്തുകയും;വ്യാഖ്യാനിച്ച്‌ വഷളാക്കുകയും ചെയ്ത്‌ വി.എസിലൂടെ ഇടതുപക്ഷത്തെ ആക്രമിക്കാനും വനിതകളുടെ വോട്ട്‌ പെട്ടിയിലാക്കാനുമുള്ള യുഡിഎഫിന്റെ തരംതാണ പ്രചാരണമാണ്‌ , ആതിരേ,സത്യത്തില്‍ അധര്‍മ്മവും അശ്ലീലവും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ്‌.അച്യതാനന്ദനെതിരെ മത്സരിച്ച യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെതിരെയും ഇത്തരത്തിലുള്ള അധാര്‍മ്മിക പ്രയോഗം വി.എസ്‌.അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടായി എന്ന്‌ പറഞ്ഞ്‌ യുഡിഎഫും യുഡിഎഫ്‌ അനുകൂല മാധ്യമങ്ങളും സൃഷ്ടിച്ച പുകില്‍ ആരും മറന്നിട്ടില്ല. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പരിഗണനയ്ക്കു വരെ ഈ വിഷയം എത്തി. "അവര്‍ (ലതിക സുഭാഷ്‌) പ്രശസ്തയാണ്‌. അത്‌ ഏത്‌ രീതിയിലുള്ള പ്രശസ്തിയാണെന്ന്‌ നിങ്ങള്‍ അന്വേഷിച്ചാല്‍ മതി" എന്നാണ്‌ അന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌.
ആ വാക്കുകളില്‍ തൂങ്ങി അനാവശ്യമായ വ്യാഖ്യാനങ്ങള്‍ കണ്ടെത്തി ലതിക സുഭാഷിനെ വി.എസ്‌.അച്യുതാനന്ദന്‍ വേശ്യയാക്കി ചിത്രീകരിച്ചു എന്നായിരുന്നു ഉമ്മന്‍ചാണ്ടി മുതലുള്ള നേതാക്കള്‍ കേരളമൊട്ടാകെ പ്രസംഗിച്ച്‌ നടന്നത്‌. സ്ത്രീ സംരക്ഷകനെന്ന്‌ അവകാശപ്പെടുന്ന വി.എസ്‌.അച്യുതാനന്ദന്‍ കടുത്ത സ്ത്രീ പീഡകനാണെന്നും എതിരാളികളോട്‌ നിതാന്തവൈര്യം മനസ്സില്‍ സൂക്ഷിക്കുന്നവനാണെന്നും തരംകിട്ടുമ്പോള്‍ വേദിയും അവസരവും നോക്കാതെ സംസാരിക്കുമെന്നും ഒക്കെയായിരുന്നു അന്നത്തെയും ആരോപണം. അതിന്‌ മുന്‍പ്‌ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിഗേഡിയര്‍ ഉണ്ണികൃഷ്ണന്‍ ഭവനം സന്ദര്‍ശിച്ച ശേഷം വി.എസ്‌.നടത്തിയ ഒരു പരാമര്‍ശവും ഇതുപോലെ വിവാദമായിരുന്നു. നായയുമായി ബന്ധപ്പെടുത്തി അന്ന്‌ വി.എസിനെ ക്രൂശിക്കാന്‍ മാധ്യമങ്ങളും എതിരാളികളും ഒരുപോലെ മത്സരിക്കുകയായിരുന്നു.
ആതിരേ,സംസാരഭാഷയില്‍ പലപ്പോഴും പ്രാദേശിക പ്രയോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്‌ അര്‍ത്ഥവും നാനാര്‍ത്ഥവും ഉണ്ടാവുക സ്വാഭാവികം. വി.എസിനെപ്പോലെ പ്രായം ചെന്ന ഒരു വ്യക്തി ഉപയോഗിക്കുന്ന ഭാഷയ്ക്കും പ്രയോഗങ്ങള്‍ക്കും ആധുനിക മലയാള വായ്മൊഴി വഴക്കത്തില്‍ നിന്ന്‌ വ്യതിയാനം ഉണ്ടാകുന്നതും സ്വാഭാവികം. അതു മനസ്സിലാക്കാനും വാക്കുകള്‍ പ്രയോഗിക്കുന്ന സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിന്റെ പശ്ചാത്തലത്തില്‍ അര്‍ത്ഥം ഗ്രഹിക്കാനും കഴിവില്ലാതെ വരുമ്പോഴാണ്‌ ആശയപ്രകാശനത്തിലും ആശയ സ്വീകരണത്തിലും വക്രീകരണം ഉണ്ടാകുന്നത്‌. ഇനി അങ്ങനെ ഉണ്ടായില്ലെങ്കില്‍ എതിരാളികള്‍ ഉണ്ടാക്കി തീര്‍ക്കുമ്പോഴാണ്‌ അനാവശ്യ വിവാദം സൃഷ്ടിക്കപ്പെടുന്നത്‌.
പിറവത്തും സമാന രീതിയിലുള്ള വ്യാഖ്യാനങ്ങളും വക്രീകരണങ്ങളുമാണ്‌ സംഭവിച്ചത്‌. എല്ലാവര്‍ക്കും അറിവുള്ളതാണ്‌, സിപിഎം വിട്ട്‌ യുഡിഎഫിലേക്ക്‌ ചേക്കേറിയ സിന്ധു ജോയിയെ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ യുഡിഎഫ്‌ നേതൃത്വം കേരളം ഒട്ടാകെ എഴുന്നള്ളിച്ചു നടത്തിയതും അവരെ ഉപയോഗിച്ച്‌ എല്‍ഡിഎഫ്‌ വിരുദ്ധ പ്രചാരണം അഴിച്ചു വിട്ടതും അതിലൂടെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതും. പക്ഷേ, രാഷ്ട്രീയ പ്രബുദ്ധരായ കേരളീയര്‍ ആ തന്ത്രം തിരസ്കരിക്കുകയും ബുദ്ധിപൂര്‍വ്വകമായി തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വ്വഹിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ വേളയില്‍ രാഷ്ട്രീയ സംവാദങ്ങള്‍ ഉണ്ടാകുന്നത്‌ നന്നാണ്‌ സ്വീകാര്യവുമാണ്‌. അത്‌ മത്സരിക്കുന്ന പാര്‍ട്ടികളുടെ മേന്മയും മഹിമയും വോട്ടര്‍മാര്‍ക്ക്‌ ബോധ്യപ്പെടാന്‍ കാരണമാകും. എന്നാല്‍, നിസാരമായ വാക്കു പിഴകളെ പര്‍വ്വതീകരിച്ചുള്ള പ്രചാരണങ്ങള്‍ തിരിച്ചടിയാകുമെന്ന്‌ മലമ്പുഴ തെളിയിച്ചതാണ്‌. ആ തന്ത്രമാണ്‌ യുഡിഎഫ്‌ പിറവത്തും പയറ്റുന്നത്‌. എങ്കില്‍പ്പോലും അച്യുതാനന്ദന്‍ അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്‌. രാഷ്ട്രീയ എതിരാളികള്‍ക്ക്‌ ആയുധമായി ഉപയോഗിക്കാന്‍ വാക്കുകളും പ്രവര്‍ത്തികളും വെച്ചു നീട്ടുന്നത്‌ അവരവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തോട്‌ കാണിക്കുന്ന അപരാധമാണ്‌. ആ അര്‍ത്ഥത്തില്‍, ആതിരേ അച്യുതാനന്ദന്റെ ഉപമ തെറ്റായിരുന്നു, പാടില്ലാത്തതുമായിരുന്നു.

Tuesday, March 6, 2012

നദീസംയോജനം: ചാണ്ടിയും മാണിയും പറയുന്നത്‌ പച്ചക്കള്ളം


പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം ദേശീയ ജലവികസന ഏജന്‍സി നിര്‍ദ്ദേശിച്ചപ്രകാരം തമിഴ്‌നാടിന്‌ വിട്ടുകൊടുത്താല്‍ അത്‌ കേരളത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ 2009-ല്‍ കേരളം സത്യവാങ്മൂലം നല്‍കിയതാണ്‌. പക്ഷേ, അതിലെ വാദങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം സുപ്രീംകോടതി സത്യവാങ്ങ്‌ മൂലത്തിലെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചുകൊണ്ടാണ്‌ ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുന്നത്‌. ഇനി ഉന്നതാധികാര സമിതി മുന്‍പാകെ എന്തെല്ലാം വാദങ്ങള്‍ ഉയര്‍ത്തിയാലും, സുപ്രീംകോടതി കേരളത്തിന്റെ ആദ്യവാദം നിരസിച്ച സ്ഥിതിക്ക്‌ അംഗീകാരം കിട്ടുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ട്‌ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതിയെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്തണമെന്ന റിവ്യൂ പെറ്റീഷനാണ്‌ കേരളം അടിയന്തരമായി സമര്‍പ്പിക്കേണ്ടത്‌. ടി.ഗിരി എന്ന മുതിര്‍ന്ന അഭിഭാഷകന്‌ ഈ ബുദ്ധി തോന്നാത്തത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല. ഒപ്പം കേരളത്തെ തരിശു നിലമാക്കാന്‍ ചാണ്ടിക്കും മാണിക്കും എന്താണിത്ര താല്‍പര്യമെന്നും ബോധ്യമാകുന്നില്ല.

നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ കേരളത്തെ ബാധിക്കുകയില്ല എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്നുണ്ടെങ്കിലും ആതിരേ,യാഥാര്‍ത്ഥ്യം മറുപുറത്താണ്‌. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പമ്പ, അച്ചന്‍കോവില്‍ എന്നീ നദികള്‍ വൈപ്പാറുമായി സംയോജിപ്പിച്ചാല്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാട്‌ വരണ്ടുണങ്ങും, വേമ്പനാട്ട്‌ കായല്‍ വെള്ളംവറ്റി ശോഷിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തിലെന്നപോലെ, നദീസംയോജനത്തിലും കേന്ദ്രം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുകയാണെന്ന്‌ തിരിച്ചറിഞ്ഞിട്ടും രാഷ്ട്രീയവും ഭരണപരവുമായ വിധേയത്വം മൂലം മുഖ്യമന്ത്രിയും ധനമന്ത്രിയും കേരള ജനതയെ പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുകയാണ്‌. നദീസംയോജനം സംബന്ധിച്ച വിശദാംശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും അര്‍ത്ഥഗര്‍ഭമായ മൗനമാണ്‌ പാലിക്കുന്നത്‌. ഭരണകൂടത്തെ താങ്ങി നില്‍ക്കുന്ന ഇത്തരം മാധ്യമപ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധവും സമൂഹവിരുദ്ധവും രാഷ്ട്രവിരുദ്ധവുമാണ്‌. സത്യം ജനങ്ങള്‍ തിരിച്ചറിയാന്‍ അവസരമുണ്ടാക്കി ഭരണകര്‍ത്താക്കളുടെ വീഴ്ചകള്‍ പരിഹരിക്കാനുള്ള ഇടപെടല്‍ പൊതുസമൂഹത്തില്‍ നിന്ന്‌ ഉരുവാക്കേണ്ട ധര്‍മ്മമാണ്‌, ഭരണകൂട പ്രേമം മൂലം മാധ്യമങ്ങള്‍ കൈയ്യൊഴിയുന്നത്‌.
ആതിരേ,രാജ്യത്തെ 30 പ്രധാന നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ്‌ 5,60,000 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന നദീ സംയോജന പദ്ധതി 2001-ല്‍ ദേശീയ ജലവികസന ഏജന്‍സി വിഭാവനം ചെയ്തത്‌. 2002 ഒക്ടോബര്‍ 31-ന്‌ ഒരു പൊതുതാല്‍പര്യ ഹര്‍ജിയുടെ വാദത്തിനിടയില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. അതേതുടര്‍ന്ന്‌ 2016-ഓടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും 2002 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക്‌ സമര്‍പ്പിക്കുകയും ചെയ്തു.
നദീസംയോജന പദ്ധതിയില്‍ ഏറെയും ഹിമാലയന്‍ നദികളാണ്‌. ബ്രഹ്മപുത്ര-ഗംഗ, കോസി-ഖാഗ്ര, ഗാണ്‍ടക്‌-ഗംഗ, ഖാഗ്ര-യമുന, യമുന-രാജസ്ഥാന്‍ ലിങ്ക്‌, രാജസ്ഥാന്‍-സബര്‍മതി, ചുനാര്‍-സോനാബാരേജ്‌, സോനിഡാം-ഗംഗയുടെ തെക്കേ പോഷകനദികള്‍, ഗംഗ-ഗാമോദര്‍-സുബര്‍നരേഖ, സുബര്‍നരേഖ-മഹാനദി, കോസി-മെത്തി, ഫാറാക്ക-സുന്ദര്‍ബന്‍, ബ്രഹ്മപുത്ര-ഗംഗ (2), മഹാനദി-ഗോദാവരി, ഗോദാവരി-കൃഷ്ണ (3 പദ്ധതികള്‍), ബെന്നാര്‍-കാവേരി, കാവേരി-വൈഗ-ഗുണ്ടാര്‍, കെന്‍-ബട്വാ, പാര്‍ബതി-കാളിസിന്ധ്‌-ചമ്പല്‍ലിങ്ക്‌, താര്‍-തതി-നര്‍മ്മദ, ഡാമന്‍ഗംഗ-ജിലിയല്‍, ദഡി-വര്‍ദ്ധ, നേത്രാവദി-ഹേമാവദി, പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ എന്നിവയാണ്‌ ഈ 30 പദ്ധതികള്‍.
പുന്നമേട്‌, ചിറ്റാര്‍മൂഴി, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ മൂന്ന്‌ അണക്കെട്ടുകള്‍ നിര്‍മ്മിച്ച്‌ സംഭരിക്കുന്ന ജലം അഞ്ചുമീറ്റര്‍ വ്യാസവും എട്ടു കിലോമീറ്റര്‍ നീളവുമുള്ള തുരങ്കം വഴി അച്ചന്‍കോവില്‍ ഡാമിലെ വെള്ളം പമ്പ്‌ ചെയ്ത്‌ ചിറ്റാര്‍മൂഴിയിലെ ജലസംഭരണിയില്‍ എത്തിച്ച്‌ അവിടെ നിന്ന്‌ പശ്ചിമഘട്ട മലനിരകള്‍ തുരന്ന്‌ എട്ടുമീറ്റര്‍ വ്യാസവും ഒന്‍പത്‌ കിലോമീറ്റര്‍ നീളവുമുള്ള തുരങ്കം വഴി കേരള തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള മേക്കര ഡാമിലേക്കും അവിടെ നിന്ന്‌ 50.68 കിലോമീറ്റര്‍ നീളമുള്ള കനാല്‍ വഴി വൈപ്പാര്‍ നദിയിലേക്കും വെള്ളം എത്തിക്കുന്നതാണ്‌, ആതിരേ, പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി. 2588 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്ന ചെലവ്‌.
ഇങ്ങനെ വൈപ്പാറിലേക്ക്‌ ജലം എത്തിക്കുമ്പോള്‍ 2004 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്ന്‌ പമ്പാ പരിരക്ഷണ സമിതി നടത്തിയ പഠനം വ്യക്തമാക്കുന്നു, എന്നുമാത്രമല്ല, നേരത്തെ സൂചിപ്പിച്ചതുപോലെ കുട്ടനാട്ടിലേക്കും വേമ്പനാട്ടു കായലിലേക്കുമുള്ള ജലപ്രവാഹം തടയപ്പെടുന്നതുകൊണ്ട്‌ ഈ പ്രദേശങ്ങളില്‍ വരളര്‍ച്ചയുണ്ടാകാനും തരിശ്‌ ഭൂമികള്‍ സൃഷ്ടിക്കപ്പെടാനും പോവുകയാണ്‌. ഇത്‌ മനസ്സിലാക്കാതെ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും രാഷ്ട്രീയ വിധേയത്വം മൂലം സത്യം തമസ്കരിച്ചാണ്‌ ഈ വിഷയം സംബന്ധിച്ച്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രസ്താവനകള്‍ നടത്തുന്നതും കേരളത്തിന്‌ ആശ്വാസം പ്രധാനം ചെയ്യുന്നതും.
ആതിരേ,മേല്‍സൂചിപ്പിച്ച പദ്ധതികളില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി ഒഴിച്ചുള്ളവയെല്ലാം അന്തര്‍സംസ്ഥാന നദീസംയോജന പദ്ധതികളാണ്‌. അന്തര്‍സംസ്ഥാന നദീജലം പങ്കിടുന്നതുസംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ അവസാന തീര്‍പ്പ്‌ കേന്ദ്രസര്‍ക്കാരിന്റേതാണ്‌. എന്നാല്‍ സംസ്ഥാന നദീജലം സംബന്ധിച്ച്‌ ഉയരുന്ന എല്ലാ സമസ്യകള്‍ക്കും ഉത്തരം കാണേണ്ടത്‌ സംസ്ഥാനങ്ങളാണ്‌. അതായത്‌, ഈ 30 പദ്ധതികളില്‍ സംസ്ഥാന നദീപദ്ധതി എന്ന്‌ പറയാവുന്നത്‌ ഒന്നേയുള്ളൂ അതാണ്‌ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി.
കേരളത്തിന്റെയും കേരളീയരുടെയും താല്‍പര്യങ്ങള്‍ ബലികൊടുത്ത്‌, ഭാവിയില്‍ കേരളത്തെ തരിശുനിലമാക്കാനാണ്‌ ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇവരുടെ ഈ നിലപാടിന്‌ നിയമപരമായ ഉപദേശം നല്‍കുന്നത്‌ മുതിര്‍ന്ന അഭിഭാഷകനായ ടി.ഗിരിയാണ്‌. നദീസംയോജന പദ്ധതിയില്‍ സംസ്ഥാനങ്ങളുടെ താല്‍പര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌ എന്നാണ്‌ ഈ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്‌. വെള്ളം തൊടാതെ അത്‌ വിഴുങ്ങിയിരിക്കുകയാണ്‌ ചാണ്ടിയും മാണിയും.
സുപ്രീം കോടതി പ്രശ്നം ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുകയാണ്‌. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം ദേശീയ ജലവികസന ഏജന്‍സി നിര്‍ദ്ദേശിച്ചപ്രകാരം തമിഴ്‌നാടിന്‌ വിട്ടുകൊടുത്താല്‍ അത്‌ കേരളത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ 2009-ല്‍ കേരളം സത്യവാങ്മൂലം നല്‍കിയതാണ്‌. പക്ഷേ, അതിലെ വാദങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം സുപ്രീംകോടതി സത്യവാങ്ങ്‌ മൂലത്തിലെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചുകൊണ്ടാണ്‌ ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുന്നത്‌. ഇനി ഉന്നതാധികാര സമിതി മുന്‍പാകെ എന്തെല്ലാം വാദങ്ങള്‍ ഉയര്‍ത്തിയാലും, സുപ്രീംകോടതി കേരളത്തിന്റെ ആദ്യവാദം നിരസിച്ച സ്ഥിതിക്ക്‌ അംഗീകാരം കിട്ടുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ട്‌ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതിയെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്തണമെന്ന റിവ്യൂ പെറ്റീഷനാണ്‌ കേരളം അടിയന്തരമായി സമര്‍പ്പിക്കേണ്ടത്‌. ടി.ഗിരി എന്ന മുതിര്‍ന്ന അഭിഭാഷകന്‌ ഈ ബുദ്ധി തോന്നാത്തത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല. ഒപ്പം കേരളത്തെ തരിശു നിലമാക്കാന്‍ ചാണ്ടിക്കും മാണിക്കും എന്താണിത്ര താല്‍പര്യമെന്നും ബോധ്യമാകുന്നില്ല. രണ്ടായാലും ഈ അഭിഭാഷകനും മുഖ്യമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന്‌ ഇപ്പോള്‍ പടച്ചുവിടുന്ന കള്ളങ്ങള്‍ ഭാവിയില്‍ കേരളത്തിന്‌ വന്‍ വിപത്തായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല. കുടിവെള്ളത്തിന്‌ നെട്ടോട്ടം ഓടുന്ന ഒരു സംസ്ഥാനത്താണ്‌ ഇങ്ങനെ ഒരു വഞ്ചനയ്ക്ക്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും തയ്യാറായിട്ടുള്ളത്‌. ഇതിനെതിരെ പൗരസമൂഹം പ്രക്ഷോഭങ്ങള്‍ ആരംഭിച്ചെങ്കില്‍ മാത്രമേ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ പോലെ തമിഴ്‌നാടിന്റെ ഇംഗിതത്തിനൊത്ത്‌ തുള്ളേണ്ട ഗതികേടായിരിക്കും, ആതിരേ കേരളത്തിനുണ്ടാവുക.

Monday, March 5, 2012

റെയില്‍വേയുടെ മദ്യപാന പരിശോധന: പ്രാകൃതം; ഉടന്‍ നിര്‍ത്തലാക്കണം


കേരളത്തിലെ പ്ലാറ്റ്ഫോമുകളിലും കംപാര്‍ട്ടുമെന്റുകളിലും ബ്രത്‌ അനലൈസര്‍ ഉപയോഗിച്ചുള്ള ആഭാസപരിശോധന നടത്തുമ്പോഴാണ്‌ രാജസ്ഥാനില്‍ പാലസ്‌ ഓണ്‍വീല്‍ അഥവാ ചലിക്കുന്നകൊട്ടാരം എന്ന ട്രെയിനില്‍ റെയില്‍വേതന്നെ മദ്യം വിളമ്പുന്നത്‌. ആ ട്രെയിനില്‍ പണംകൊടുത്താല്‍, മദ്യപാനത്തിനെതിരെയുള്ള നിയമംപൊക്കിപ്പിടിക്കുന്ന, റെയില്‍വേ ജീവനക്കാര്‍ത്തന്നെ മദ്യംഒഴിച്ചുതരും. രാജ്യതലസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന മാഹാരാജാ എക്സ്പ്രസ്‌ എന്നപേരില്‍ നാലു ട്രെയിനുകള്‍ ഓടുന്നുണ്ട്‌. ഈ ട്രെയിനിലും യാത്രക്കാര്‍ക്ക്‌ മദ്യം വിളമ്പുന്നുണ്ട്‌. അപ്പോള്‍ ഉത്തരേന്ത്യയിലെ സമ്പന്നരായ യാത്രക്കാര്‍ക്ക്‌ ട്രെയിനില്‍ മദ്യം വിളമ്പുന്ന ഇന്ത്യന്‍ റെയില്‍വേ മദ്യപിച്ച്‌ ഒരാളെപ്പോലും യാത്രചെയ്യാനെന്നല്ല പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അനുവദിക്കുകയില്ല എന്ന്‌ ശഠിക്കുമ്പോള്‍ അതിനുപിന്നിലെ അശ്ലീലതാത്പര്യവും നീചമായ വൈരാഗ്യ ബുദ്ധിയും മദ്യംപോലെനുരയുന്നുണ്ട്‌. മൂന്ന്‌ ടി ടി ഇമാരുടെ താന്തോന്നിത്തത്തെ ചോദ്യം ചെയ്തത്‌ തന്നെയാണ്‌ ഈ ആഭാസ നടപടിയ്ക്ക്‌ പ്രേരകം.മദ്യപിച്ചിട്ടുണ്ടോ എന്ന ബ്രത്‌ അനലൈസര്‍ പരിശോധന റെയില്‍വേ പുരുഷന്മാരോട്‌ കാണിക്കുന്ന ലിംഗ വിവേചനമല്ലാതെ മേറ്റ്ന്താണ്‌?





ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറിയവരെല്ലാം മദ്യപിച്ചിരുന്നു എന്ന്‌ ഒറ്റക്കാരണത്താല്‍ മദ്യപിച്ച ഒരാളെപ്പോലും ട്രെയിനില്‍ യാത്രചെയ്യാനോ പ്ലാറ്റ്ഫോമില്‍ നില്‍ക്കാനോ സമ്മതിക്കില്ല എന്ന റെയില്‍വേയുടെ തീരുമാനം, ആതിരേ പ്രാകൃതവും വൈര്യനിര്യാതന ബുദ്ധികലര്‍ന്നതും യാത്രക്കാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതുമാണ്‌. പുരുഷയാത്രക്കാരെ മാത്രം തെരഞ്ഞുപിടിച്ച്‌ മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കുന്നത്‌ ലിംഗവിവേചനപരമായ നടപടിയുമാണ്‌. അതുകൊണ്ട്‌ ഈ കലാപരിപാടി ഉടന്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ലെങ്കില്‍, അതിനായി റെയില്‍വേ അധികൃതരില്‍ സമ്മര്‍ദ്ദംചെലുത്താന്‍ സംസ്ഥാന ഭരണകൂടം മടിക്കുകയാണെങ്കില്‍ ട്രെയിന്‍ തടഞ്ഞുകൊണ്ടുള്ള പ്രക്ഷോഭത്തിന്‌ പൗരസമൂഹം തയ്യാറാകണമെന്നാണ്‌ എന്റെ അഭിപ്രായം; ആഹ്വാനം.
ശരിയാണ്‌, സൗമ്യയുടെ ദുരന്തമടക്കമുള്ള സ്ത്രീ പീഡനങ്ങള്‍ക്ക്‌ മദ്യം ഉത്തേജനമായും ഉത്തോലകമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എന്നുവെച്ച്‌ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരേയും ട്രെയിനില്‍ യാത്ര ചെയ്യുന്നവരേയും ബ്രത്‌ അനലൈസറില്‍ ഊതിച്ച്‌ മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കുന്നത്‌ കാടത്തംനിറഞ്ഞ താന്തോന്നിത്തം തന്നെയാണ്‌,ആതിരേ.
യഥാര്‍ത്ഥത്തില്‍ യാത്രക്കാര്‍ മദ്യപിച്ച്‌ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറിയതല്ല റെയില്‍വേവകുപ്പിനെ ഇത്തരത്തിലൊരു നീചനടപടിയ്ക്ക്‌ പ്രേരിപ്പിച്ചത്‌. മൂന്ന്‌ ടി ടി ഇമാര്‍ പകല്‍സമയത്ത്‌ ട്രെയിനില്‍ യാത്രചെയ്ത മാന്യകളും വിവാഹിതരുമായ ജയഗീതയോടും ഹേമലതയോടും കാണിച്ച പോകൃത്തരത്തെ ചോദ്യം ചെയ്തതും അതിന്റെ പേരില്‍ ടി ടി ഇമാരായ രമേഷ്കുമാറും പ്രവീണും ജാഫറും അറസ്റ്റ്ചെയ്യപ്പെടുകയും അവര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമായതിന്റെ പ്രതികാരവും തിരിച്ചടിയുമാണ്‌ ഈപരിശോധന.
തങ്ങളുടെ ജീവനക്കാര്‍ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറിയത്‌ കൗശലപൂര്‍വ്വം മറച്ചുവെച്ച്‌ മാന്യമായി യാത്രചെയ്യുന്ന, മാന്യമായി യാത്രയയ്ക്കാന്‍ പ്ലാറ്റ്ഫോമിലെത്തുന്ന മലയാളികളെ കൂട്ടത്തോടെ അപമാനിക്കാനാണ്‌ റെയില്‍വേയുടെ ഈ ശ്രമം. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കിരാതമായ ഈ നീതിബോധം റെയില്‍വേ നടപ്പിലാക്കുന്നില്ല എന്നതുതന്നെയാണ്‌, ആതിരേ അതിന്റെ തെളിവ്‌.
ശരിയാണ്‌, മദ്യപിച്ച്‌ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ റെയില്‍വേ നിയമം പാസാക്കിയിട്ടുണ്ട്‌. നിയമത്തിന്റെ 145-ാ‍ം സെക്ഷനിലാണ്‌ മദ്യപിച്ചുള്ള യാത്രയെക്കുറിച്ച്‌ പറയുന്നത്‌. മൂന്ന്‌ കാര്യങ്ങളാണ്‌ ഇവിടെ ശിക്ഷാര്‍ഹമായ കുറ്റമായി എടുത്തുപറയുന്നത്‌. (1) മദ്യപിച്ച്‌ മദോന്മത്തമായ അവസ്ഥ (ഇന്‍ഡോക്സിക്കേഷന്‍) (2) ട്രെയിനില്‍ ശല്യമുണ്ടാക്കുക, അപമര്യാദയായി പെരുമാറുക, അശ്ലീലം പറയുക. (3) മറ്റ്‌ യാത്രക്കാര്‍ക്ക്‌ ശല്യമുണ്ടാക്കുക, റെയില്‍വേ നല്‍കുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത്‌ മോശമാക്കുക.
ഇതില്‍ ഏതെങ്കിലും കുറ്റംചെയ്താല്‍ ആറുമാസംവരെ തടവ്‌ ലഭിക്കാം അല്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കാം.
സെക്ഷന്‍ 172-ല്‍ റെയില്‍വേ ജീവനക്കാര്‍ മദ്യപിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച്‌ പറയുന്നുണ്ട്‌. മദ്യപിച്ച അവസ്ഥയില്‍ ഒരു ജീവനക്കാരനെ കണ്ടെത്തിയാല്‍ 500 രൂപ പിഴ ഈടാക്കാന്‍ മാത്രമാണ്‌ ചട്ടമുള്ളത്‌. ശ്രദ്ധിക്കണം ഒരേകുറ്റം ചെയ്യുന്ന യാത്രക്കാരനും റെയില്‍വേ ജീവനക്കാരനും രണ്ട്‌ ശിക്ഷകളാണ്‌ റെയില്‍വേ നിയമത്തിലുള്ളത്‌. കടുത്ത വിവേചനപരമായ ഈ നടപടിയ്ക്കെതിരെയും, ആതിരേ പൗരസമൂഹം പ്രക്ഷോഭവും നിയമ നടപടികളും ആരംഭിക്കേണ്ടതുണ്ട്‌.
യാത്രക്കാര്‍ക്കെതിരെ ചുമത്താവുന്ന ഇന്‍റ്റോക്സിക്കേഷന്‍ എന്ന അവസ്ഥയുടെ പേരിലാണ്‌ ട്രെയിനിലെന്നല്ല പ്ലാറ്റ്ഫോമില്‍പോലും കയറാന്‍പാടില്ല എന്ന്‌ റെയില്‍വേ ഇപ്പോള്‍ ദുശാഠ്യം പിടിക്കുന്നത്‌. മദ്യപിച്ച അവസ്ഥയുടെ അളവറിയാനാണ്‌ ബ്രത്‌ അനലൈസര്‍ പരിശോധന എന്ന്‌ ആഭാസം കേരളത്തില്‍ മദ്യപാനം നിരോധിച്ചിട്ടില്ല. സര്‍ക്കാരിനാണ്‌ മദ്യവില്‍പനയുടെ കുത്തക. അത്തരം ഒരു സംസ്ഥാനത്ത്‌ ,റെയില്‍വേ ,ഇതുപോലെ പ്രാകൃതമായി നിയമം കര്‍ശനമാക്കുമ്പോള്‍ അത്‌ യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും ഒരുപോലെ ബാധകമായേത്തീരൂ. അതല്ല ഇവിടെ സംഭവിക്കുന്നത്‌. യാത്രക്കാരെ കൂടുതല്‍ കുറ്റവാളികളാക്കുന്നതാണല്ലോ റെയില്‍വേയുടെ നിയമംപോലും.
നോക്കൂ ആതിരേ,മദ്യപിച്ചിട്ടുണ്ടോയെന്ന്‌ സ്ത്രീകളില്‍ പരിശോധന നടത്തുന്നില്ല. കേരളത്തിലും മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. എന്നിട്ടും ട്രെയിന്‍യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളാരും മദ്യപിക്കില്ലയെന്ന മുന്‍വിധിക്ക്‌ റെയില്‍വേ ആശ്രയിക്കുന്ന യുക്തി എന്താണ്‌?. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളോട്‌ വിവേചനം കാണിക്കുന്നു എന്നാരോപിക്കുന്ന വനിതാ സംഘടനകള്‍ക്കും സ്ത്രീ സ്വാതന്ത്ര്യപ്രവര്‍ത്തകര്‍ക്കും ഇതേക്കുറിച്ച്‌ എന്തുപറയാനുണ്ട്‌? മദ്യപിച്ചിട്ടുണ്ടോ എന്ന ബ്രത്‌ അനലൈസര്‍ പരിശോധന റെയില്‍വേ പുരുഷന്മാരോട്‌ കാണിക്കുന്ന ലിംഗ വിവേചനമല്ലാതെ മേറ്റ്ന്താണ്‌?
കേരളത്തിലെ പ്ലാറ്റ്ഫോമുകളിലും കംപാര്‍ട്ടുമെന്റുകളിലും ബ്രത്‌ അനലൈസര്‍ ഉപയോഗിച്ചുള്ള ആഭാസപരിശോധന നടത്തുമ്പോഴാണ്‌ രാജസ്ഥാനില്‍ പാലസ്‌ ഓണ്‍വീല്‍ അഥവാ ചലിക്കുന്നകൊട്ടാരം എന്ന ട്രെയിനില്‍ റെയില്‍വേതന്നെ മദ്യം വിളമ്പുന്നത്‌. ആ ട്രെയിനില്‍ പണംകൊടുത്താല്‍, മദ്യപാനത്തിനെതിരെയുള്ള നിയമംപൊക്കിപ്പിടിക്കുന്ന, റെയില്‍വേ ജീവനക്കാര്‍ത്തന്നെ മദ്യംഒഴിച്ചുതരും. രാജ്യതലസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന മാഹാരാജാ എക്സ്പ്രസ്‌ എന്നപേരില്‍ നാലു ട്രെയിനുകള്‍ ഓടുന്നുണ്ട്‌. ഈ ട്രെയിനിലും യാത്രക്കാര്‍ക്ക്‌ മദ്യം വിളമ്പുന്നുണ്ട്‌. അപ്പോള്‍ ഉത്തരേന്ത്യയിലെ സമ്പന്നരായ യാത്രക്കാര്‍ക്ക്‌ ട്രെയിനില്‍ മദ്യം വിളമ്പുന്ന ഇന്ത്യന്‍ റെയില്‍വേ മദ്യപിച്ച്‌ ഒരാളെപ്പോലും യാത്രചെയ്യാനെന്നല്ല പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അനുവദിക്കുകയില്ല എന്ന്‌ ശഠിക്കുമ്പോള്‍ അതിനുപിന്നിലെ അശ്ലീലതാത്പര്യവും നീചമായ വൈരാഗ്യ ബുദ്ധിയും മദ്യംപോലെനുരയുന്നുണ്ട്‌. മൂന്ന്‌ ടി ടി ഇമാരുടെ താന്തോന്നിത്തത്തെ ചോദ്യം ചെയ്തത്‌ തന്നെയാണ്‌ ആതിരേ ഈ ആഭാസ നടപടിയ്ക്ക്‌ പ്രേരകം.
ഓര്‍ക്കണം സൗമ്യ കിരാതമായി കൊല്ലപ്പെട്ടപ്പോള്‍ മദ്യപിച്ച്‌ യാത്രചെയ്യുന്നതിന്റേയും ആക്രമണങ്ങള്‍ നടത്തുന്നതിന്റേയും ഉത്തരവാദിത്തം ഇന്ത്യന്‍ റെയില്‍വേയ്ക്കല്ല എന്ന്‌ വീമ്പിളക്കിയവരാണ്‌ ഇപ്പോള്‍ ബ്രത്‌ അനലൈസറുമായി പരക്കംപായുന്നത്‌. ഇവിടെ മറ്റൊരുകാര്യംകൂടി ശ്രദ്ധിക്കണം. ഒരു യാത്രക്കാരന്റെ വായില്‍തിരുകിയ മദ്യമാപിനി തുടയ്ക്കുകപോലും ചെയ്യാതെയാണ്‌ അടുത്ത യാത്രക്കാരന്റെ വായിലേയ്ക്ക്‌ തിരുകികയറ്റുന്നത്‌. ഇതുമൂലം മാരകമായ പലരോഗങ്ങളും പടരാനുള്ള സാദ്ധ്യത റെയില്‍വേ മനപൂര്‍വ്വം അവഗണിക്കുകയാണ്‌. മലയാളികളെ തേജോവധം ചെയ്യാനും മാരകരോഗത്തിന്‌ അടിമകളാക്കാനുമുള്ള ലിംഗവിവേചനം നിറഞ്ഞ ഈ ആഭാസ നടപടിയില്‍നിന്ന്‌ റെയില്‍വേ പിന്‍മാറിയേതീരൂ. സ്വന്തം ജീവനക്കാരെ ആദ്യം നിലയ്ക്കനിര്‍ത്തണം. എന്നിട്ടുമതി യാത്രക്കാരെ നിയന്ത്രിക്കാന്‍. അതു കൊണ്ട്‌ റെയില്‍വേയുടെ ഈ പ്രാകൃത നടപടിയ്ക്കെതിരെ, ആതിരേ പൗരസമൂഹം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയേതീരൂ.

Sunday, March 4, 2012

ജയഗീത,ഹേമലത,ബെന്‍സി പ്രതികരണത്തിന്റെ പെണ്‍കരുത്ത്‌


പൊതുസമൂഹത്തിന്റേയും വിദ്യാസമ്പന്നരായ കേരളത്തിലെ പുരുഷവര്‍ഗ്ഗത്തിന്റേയും സമീപനം ഒരിക്കലും സ്ത്രീപക്ഷപരമോ സ്ത്രീ സൗഹാര്‍ദ്ദപരമോ അല്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നുണ്ട്‌, പൊതുസ്ഥലത്ത്‌ അവഹേളിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ സഹായിക്കേണ്ടതിന്‌ പകരം വികലമായ വിലയിരുത്തലുകളും വക്രീകരിച്ച മുന്‍വിധികളും കൊണ്ട്‌ അവരെ തളര്‍ത്തുന്ന,തകര്‍ക്കുന്ന അനാശാസ്യ പ്രവണതയാണ്‌ പൊതുവെയുള്ളത്‌. തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്ന പുരുഷനെതിരെ പ്രതികരിക്കുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ യുവതിയെ അതുമല്ലെങ്കില്‍ വീട്ടമ്മയെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനുള്ള അശ്ലീലത്വരയാണ്‌ കേരളീയപുരുഷസമൂഹത്തിനുള്ളത്‌.


ആതിരേ,സമീപിക്കുന്ന എല്ലാ പൂവന്മാര്‍ക്കും വഴങ്ങിക്കൊടുക്കുന്ന പിടക്കോഴികളല്ല കേരളത്തിലെ സൃതീകളെന്ന്‌ ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കാന്‍ തയ്യാറായ ജയഗീതയേയും ഹേമലതയേയും ബെന്‍സിയേയും ആത്മാര്‍ത്ഥമായി അഭിനന്ദിച്ചുകൊണ്ട്‌ , അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്പറഞ്ഞു തുടങ്ങാം.
പുരുഷന്‍ എന്ത്‌ ചെയ്താലും സഹിച്ച്‌ ക്ഷമിച്ച്‌ ഭൂമിയോളം താഴ്‌ന്ന്‌ ജീവിക്കേണ്ടവളാണ്‌ സ്ത്രീയെന്നുള്ള മലയാളിയുടെ അറുപഴഞ്ചന്‍ ചിന്താഗതിയ്ക്ക്‌ നേരേയാണ്‌ ഇവര്‍ മൂവരും പ്രതികരണത്തിന്റെ, പ്രതിരോധത്തിന്റെ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അഗ്നിശലാകകളായിട്ടുള്ളത്‌.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ തങ്ങളുടെ സ്വകാര്യതയിലേയ്ക്കും ശരീരത്തിലേയ്ക്കും കടന്നുകയറാന്‍ ശ്രമിച്ച വിടന്മാരായ ടിടിഇ മാരെ നിയമത്തിന്റേയും പൊതുസമൂഹത്തിന്റെയും മുമ്പാകെ കൊണ്ടുവരാന്‍ ചങ്കൂറ്റവും ഇച്ഛാശക്തിയും നട്ടെല്ലുറപ്പും പ്രദര്‍ശിപ്പിച്ചവരാണ്‌ ജയഗീതയും ഹേമലതയുമെങ്കില്‍, ട്രെയിനില്‍ മാത്രമല്ല ഏത്‌ പൊതുസ്ഥലത്തും മോശമായ പെരുമാറ്റമുണ്ടായാല്‍ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കും എന്നുള്ളതിന്റെ ധൈര്യമാണ്‌ ബെന്‍സി. പാന്റ്സും ഷര്‍ട്ടും ധരിച്ച്‌ യാത്ര ചെയ്തതിന്റെ പേരില്‍ സഹയാത്രികനും അപരിചിതനുമായ പുരുഷന്റെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നെങ്കിലും പരാതിയുമായി മുന്നോട്ട്‌ വന്ന്‌ ആ വിടന്റെ കൈയ്യില്‍ വിലങ്ങ്‌ വീഴ്ത്തിയ സ്ത്രൈണ ധീരതയാണ്‌, ആതിരേ, ബെന്‍സി.
ആതിരേ,സാക്ഷരരെന്നും പ്രബുദ്ധരെന്നും മേനിനടിക്കുന്ന കേരളീയ സമൂഹത്തില്‍ പിറന്നു വീഴുന്ന ഓരോ പെണ്‍കുഞ്ഞിനും മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരും നല്‍കുന്ന പാഠം "നീയൊരു പെണ്ണാണ്‌ പുരുഷന്റെ അതിക്രമങ്ങളെല്ലാം ചോദ്യം ചെയ്യാതെ സഹിക്കേണ്ടവളാണ്‌ " എന്ന അശ്ലീലതയാണ്‌. അഭിമാനത്തിന്‌ നേരേ വിരലുയര്‍ന്നാലും മാന്യതയ്ക്ക്‌ കളങ്കമേല്‍പിക്കുന്ന കടന്നുകയറ്റങ്ങളുണ്ടായാലും സ്വന്തം ശരീരത്തില്‍ അനുവാദമില്ലാതെ അന്യപുരുഷന്‍ സ്പര്‍ശിക്കുമ്പോഴും സഹിച്ച്‌ ക്ഷമിച്ച്‌ പ്രതികരിക്കാതെ പ്രതിമയായി ഇരിക്കണമെന്ന ചിന്താഗതിയ്ക്ക്‌ ഇനി തങ്ങള്‍ അടിമകളല്ലെന്നും സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും എതിരെ ഉയരുന്ന ഏതൊരു നീക്കത്തേയും ചെറുത്തു നില്‍ക്കുമെന്നും പ്രഖ്യാപിക്കുകയാണ്‌ ജയഗീതയും ഹേമലതയും ബെന്‍സിയും. ഗോവിന്ദച്ചാമിമാരുടേയും രമേശ്കുമാര്‍മാരുടേയും പ്രവീണ്‍-ജാഫര്‍മാരുടേയും കാമം കലര്‍ന്ന നീക്കങ്ങള്‍ക്ക്‌ ഗത്യന്തരമില്ലാതെ വശംവദരാകേണ്ടിവന്ന ട്രെയിനിലെ സ്ത്രീയാത്രക്കാര്‍ക്കും പൊതു സ്ഥലത്ത്‌ വാക്കുകൊണ്ടും നോട്ടംകൊണ്ടും സ്പര്‍ശംകൊണ്ടും അപമാനിക്കപ്പെടുന്ന സ്ത്രീത്വങ്ങള്‍ക്കും വേണ്ടി ഉയര്‍ന്ന പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും ഉണര്‍ത്തുപാട്ടുകളാണ്‌ ഇവര്‍ മൂന്ന്‌ പേരും.
പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും സ്ത്രീകളോട്‌ എങ്ങനെ പെരുമാറണം എന്നതിന്‌ നിയമവും ചട്ടങ്ങളും നിര്‍മിച്ച ഒരു രാജ്യമാണ്‌ ഇന്ത്യ. പതിവുപോലെ പാലിക്കപ്പെടാനുള്ളതല്ല ലംഘിക്കപ്പെടാനുള്ളതാണ്‌ നിയമം എന്ന ധാര്‍ഷ്ട്യത്തില്‍ സൃതീത്വത്തെ അപമാനിക്കുന്ന വിടന്മാരായ പുരുഷന്മാരോട്‌ എതിരിട്ടുനിന്നാല്‍ തോല്‍ക്കുകയല്ല ജയിക്കുകയാണ്‌ പരിണതിയെന്ന്‌ കേരളത്തിലെ സ്ത്രീ സമൂഹത്തെ, തങ്ങളുടെ ചങ്കൂറ്റത്തിലൂടെ പഠിപ്പിച്ചവരാണ്‌ ജയഗീതയും ഹേമലതയും ബെന്‍സിയും. ആതിരേ,ഇനി തെരഞ്ഞെടുപ്പ്‌ നടത്തേണ്ടത്‌ കേരളത്തിലെ സ്ത്രീസമൂഹമാണ്‌. സൗമ്യമാരാകണോ അതോ ഇവര്‍ കാട്ടിത്തന്ന പാത പിന്‍തുടര്‍ന്ന്‌ സ്ത്രീത്വത്തിന്റെ മഹത്വവും കരുത്തും പ്രദര്‍ശിപ്പിച്ച്‌ സ്വാതന്ത്ര്യവും ചാരിത്ര്യവും സംരക്ഷിക്കേണമോ.? പരിശ്രമിക്കാത്ത ഒരു വ്യക്തിയേയും ഈശ്വരന്‍ പോലും സഹായിക്കുകയില്ല എന്ന ചൊല്ല്‌ മറാക്കാതിരിക്കുക.
തന്റെ മാന്യതയ്ക്കും സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും എതിരായി ഉയരുന്ന കാമമോഹിതങ്ങളോട്‌ പ്രതികരിക്കാതെ ഒഴിവാകുക എന്നത്‌ ശരാരി മലയാളി സ്ത്രീയുടെ മനസാണ്‌. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും പരാതിപ്പെടാന്‍പോലും തയ്യാറാകാത്ത നാണംകെട്ട കീഴടങ്ങല്‍." താണനിലത്തേ നീരോടൂ " എന്ന ചൊല്ല്‌ എല്ലാ സ്ത്രീകളും ഓര്‍ത്തിരിക്കേണ്ടതാണ്‌. പ്രതികരിക്കാതിരിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത്‌ ഭാവത്തിലെങ്കിലും ഇഷ്ടക്കേട്‌ പ്രകടിപ്പിക്കാതിരിക്കുമ്പോള്‍ അത്‌ തനിക്കുള്ള അനിയന്ത്രിതമായ അനുവാദമാണെന്ന്‌ കണക്കുകൂട്ടുന്ന വൃത്തികെട്ട കാമസംഭരണികളാണ്‌ കേരളത്തിലെ ഭൂരിപക്ഷം പുരുഷന്മാരും. അതുകൊണ്ട്‌ അവനവന്റെ ശരീരത്തേയും ആത്മാഭിമാനത്തേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും പ്രാഥമികമായി സ്ത്രീകള്‍ക്ക്‌ തന്നെയാണ്‌.
ഇത്‌ പറയുമ്പോള്‍ പൊതുസമൂഹത്തിന്റേയും വിദ്യാസമ്പന്നരായ കേരളത്തിലെ പുരുഷവര്‍ഗ്ഗത്തിന്റേയും സമീപനം ഒരിക്കലും സ്ത്രീപക്ഷപരമോ സ്ത്രീ സൗഹാര്‍ദ്ദപരമോ അല്ലെന്ന യാഥാര്‍ത്ഥ്യം ,ആതിരേ, ഞാന്‍ തിരിച്ചറിയുന്നുണ്ട്‌ . പൊതുസ്ഥലത്ത്‌ അവഹേളിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ സഹായിക്കേണ്ടതിന്‌ പകരം വികലമായ വിലയിരുത്തലുകളും വക്രീകരിച്ച മുന്‍വിധികളും കൊണ്ട്‌ അവരെ തളര്‍ത്തുന്ന,തകര്‍ക്കുന്ന അനാശാസ്യ പ്രവണതയാണ്‌ പൊതുവെയുള്ളത്‌. തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്ന പുരുഷനെതിരെ പ്രതികരിക്കുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ യുവതിയെ അതുമല്ലെങ്കില്‍ വീട്ടമ്മയെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനുള്ള അശ്ലീലത്വരയാണ്‌ കേരളീയപുരുഷസമൂഹത്തിനുള്ളത്‌.
ആതിരേ,ഇവിടെ പി.ഇ. ഉഷയുടെ ദാരൂണാനുഭവം ഓര്‍ക്കുന്നത്‌ നന്ന്‌. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന ഉഷയെ ബസ്‌ യാത്രയ്ക്കിടയില്‍ ഒരു ചെറുപ്പക്കാരന്‍ ശല്യപ്പെടുത്തുകയും അതിന്റെ പാരമ്യതയില്‍ തന്റെ ബീജം അവരുടെ വസ്ത്രത്തില്‍ തെറുപ്പിക്കുകയും ചെയ്ത അതിനീചമായ പ്രവൃത്തിയ്ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകേണ്ട ഗതികേട്‌ ഉഷയ്ക്കുണ്ടായി. ഉഷ കൂടി അംഗമായ സര്‍വ്വീസ്‌ സംഘടന യൂണിവേഴ്സിറ്റിയിലെതന്നെ ജീവനക്കാരനായ അതിക്രമിയെ സംരക്ഷിക്കാനാണ്‌ തങ്ങളുടെ സംഘബലം ഉപയോഗപ്പെടുത്തിയത്‌. സഹപ്രവര്‍ത്തകരും തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ നിയമ നടപടികളുമായി മുന്നോട്ട്പോയ ഉഷയെ ഡിവോഴ്സ്‌ ചെയ്തുകൊണ്ടാണ്‌, ആതിരേ ഭര്‍ത്താവ്‌ പീഡിപ്പിച്ചത്‌. ഭര്‍ത്താവിന്റേയും കുടുംബത്തിന്റെയും മാന്യതയും നിലയും വിലയും ഉഷ നശിപ്പിച്ചു എന്നതായിരുന്നു അയാളുടേയും വീട്ടുകാരുടേയും ആരോപണം. പൊതുസ്ഥലത്ത്‌ ഒരു കാമാന്ധന്റെ അതിക്രമത്തിന്‌ വിധേയയായ ഉഷയെ സംരക്ഷിക്കാനല്ല ഒറ്റിക്കൊടുക്കാനും ഒറ്റപ്പെടുത്താനുമായിരുന്നു ഭര്‍ത്താവും ബന്ധുക്കളും സഹപ്രവര്‍ത്തകരും ശ്രമിച്ചത്‌.
ആ നീചനിലപാടുകളില്‍ നിന്ന്‌ സമൂഹമിന്ന്‌ ഏറെ മുന്നോട്ട്പോയിട്ടുണ്ട്‌. എങ്കില്‍പ്പോലും സ്വതന്ത്രയാകാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശവും അവസരവും സ്ത്രീകള്‍ക്ക്‌ നല്‍കാനുള്ള വിശാലമനസ്ക്കത കേരളത്തിലെ പുരുഷസമൂഹം ഇനിയും കൈവരിച്ചിട്ടില്ല. അതുകൊണ്ടാണ്‌ പലപ്പോഴും പിടക്കോഴികളെപ്പോലെ പതുങ്ങാന്‍ കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകള്‍പോലും നിര്‍ബന്ധിതരാകുന്നത്‌. എന്നാല്‍ ആ നാളുകള്‍ അവസാനിക്കുകയാണെന്നും കേരളത്തിലെ സ്ത്രീസമൂഹം പ്രതികരണത്തിന്റേയും പ്രതിരോധത്തിന്റേയും പ്രതിഷേധത്തിന്റേയും കനലുകളാവുകയാണെന്നും തെളിയിക്കുകയാണ്‌, ആതിരേ, ജയഗീതയും ഹേമലതയും ബെന്‍സിയും.

Friday, March 2, 2012

സ്ത്രീകള്‍ ട്രെയിന്‍ യാത്ര നിര്‍ത്തണമെന്നാണോ..?


ജയഗീതയെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട്‌ ടിടിഇമാരെ, പൊതുസമൂഹത്തിന്റെ പ്രതിഷേധം ശക്തമായപ്പോള്‍ സസ്പെന്‍ഡ്‌ ചെയ്ത റെയില്‍വേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരെ തിരിച്ചെടുത്തുകൊണ്ട്‌ ജയഗീതയെപ്പോലെ വഴങ്ങാതെ അഭിമാനം കാക്കുന്ന സ്ത്രീകള്‍ വിഡ്ഢികളാണെന്നും റെയില്‍വേയുടെ പുരുഷ ടിടിഇമാര്‍ സ്ത്രീവേട്ട തുടരുമെന്നുമുള്ള സന്ദേശമാണ്‌ നല്‍കിയിട്ടുള്ളത്‌. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‌ ഉത്തരവാദിത്തമില്ലെന്നും അത്‌ നടപ്പിലാക്കേണ്ടത്‌ അതാത്‌ സംസ്ഥാന പോലീസാണെന്നും റെയില്‍വേ പറയുമ്പോള്‍ ഒരു ഒത്തുകളിയുടെ ദുര്‍ഗന്ധമാണ്‌ ഉയരുന്നത്‌. ദൂഷിത വൃത്തമാണ്‌ പൂര്‍ത്തിയാകുന്നത്‌.



സൗമ്യയുടെ ദുരന്തം റെയില്‍വേ അധികൃതരെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്നാണ്‌, ആതിരേ, നിരന്തരം ട്രെയിനില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പീഡനവും പീഡന ശ്രമങ്ങളും വ്യക്തമാക്കുന്നത്‌.
സൗമ്യ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുയര്‍ന്ന ജനകീയ പ്രതിഷേധത്തെ തണുപ്പിക്കാനാവണം ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം റെയില്‍വേ അധികൃതരില്‍ നിന്നുണ്ടായത്‌. അന്ന്‌ ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന്‌ മധ്യഭാഗത്തേക്ക്‌ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ്‌ മാറ്റുമെന്നും ഉറപ്പു നല്‍കിയതാണ്‌. എന്നാല്‍, റെയില്‍വേയുടെ ഉറപ്പും പഴയ ചാക്കും ഒരുപോലെയാണെന്ന്‌ സൗമ്യ ദുരന്തം കഴിഞ്ഞ്‌ ഒരുവര്‍ഷത്തിനുള്ളില്‍ കേരളത്തിന്‌ മനസ്സിലായി.
മഹാരാഷ്ട്രക്കാരനായ അക്രമിയുടെ കൊലവെറിക്ക്‌ അന്ന്‌ ഇരയായത്‌ കോട്ടയം ഷട്ടിലില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനികളായിരുന്നു. അന്നും പൊതുസമൂഹം പ്രതിഷേധിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ സമാന സ്വഭാവത്തിലുള്ള സംഭവം അരങ്ങേറി. ട്രെയിനില്‍ വില്‍പ്പന നടത്തി ഉപജീവനം കഴിച്ചിരുന്ന മലയാളികളെ നിരോധിച്ച്‌ ഭിക്ഷക്കാര്‍ക്കും ഭിക്ഷക്കാരുടെ വേഷത്തിലെത്തുന്ന പിടിച്ചു പറിക്കാര്‍ക്കും കാമവെറിയന്മാര്‍ക്കും മാഫിയ ഏജന്റുമാര്‍ക്കും യഥേഷ്ടം വിലസാനുള്ള സൗകര്യമാണ്‌ റെയില്‍വെ ഒരുക്കിയിട്ടുള്ളത്‌. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം ചവറ്റു കൊട്ടയില്‍ തള്ളി കേരളത്തിന്റെ ആശങ്കകള്‍ക്ക്‌ നേരെയാണ്‌ റെയില്‍വേ കാര്‍ക്കിച്ചു തുപ്പുന്നത്‌.
വകുപ്പ്‌ അധികൃതരുടെ ഈ പ്രതിലോമ നിലപാടിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നതാണ്‌, ആതിരേ, ഒറ്റയ്ക്ക്‌ യാത്ര ചെയ്യുന്ന സ്ത്രീകളോടുള്ള ടിടിഇമാരുടെ സമീപനവും മാനഭംഗശ്രമങ്ങളും. തിരുവനന്തപുരത്തുനിന്ന്‌ കൊല്ലത്തേക്ക്‌ യാത്ര ചെയ്ത യുവകവി ജയഗീതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌ മലയാളികളായ രണ്ട്‌ ടിടിഇമാരായിരുന്നു. സ്ഥിരം യാത്രക്കാരിയായ ജയഗീതയെ വളയ്ക്കാനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടപ്പോള്‍ അവരെ ചിത്രവധം ചെയ്ത്‌ നശിപ്പിക്കാനാണ്‌ ടിടിഇമാരും അവരുടെ അസോസിയേഷനും റെയില്‍വേ പോലീസും ശ്രമിച്ചത്‌. ട്രെയിനിലെ ഒന്നാം ക്ലാസ്‌ കേന്ദ്രീകരിച്ച്‌ മദ്യപാനവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന്‌ ജയഗീത വെളിപ്പെടുത്തിയത്‌ എത്രപേര്‍ ഗൗരവത്തിലെടുത്തു എന്ന്‌ ഞങ്ങള്‍ക്കറിയില്ല. ഒറ്റയ്ക്കിരിക്കുന്ന യാത്രക്കാരികളെ പ്രലോഭിപ്പിച്ച്‌ പീഡനത്തിന്‌ വിധേയമാക്കാന്‍ ടിടിഇമാര്‍ തയ്യാറാകുന്നുണ്ടെങ്കില്‍ അത്തരത്തില്‍ വഴങ്ങിക്കൊടുക്കുന്ന ഒരു വിഭാഗം സ്ത്രീയാത്രക്കാര്‍ കേരളത്തില്‍ ഓടുന്ന ട്രെയിനുകളിലുണ്ട്‌ എന്നതാണ്‌ മറുപുറം. സ്ത്രീ സമൂഹത്തിന്‌ നാണക്കേടും അഭിമാനക്ഷതങ്ങളുമായ ഇത്തരം സ്ത്രീകളെ അടിസ്ഥാനപ്പെടുത്തി ടിടിഇമാര്‍ മറ്റുള്ളവരെയും വിലയിരുത്തുകയും സമീപിക്കുകയും ചെയ്യുമ്പോള്‍ എതിര്‍ക്കാതെ വഴങ്ങുന്നതായ സംഭവങ്ങളും എതിര്‍ത്തിട്ടും കീഴടക്കപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോകുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. മാന്യതയുടെയും നാണക്കേടിന്റെയും പേരില്‍ ഇത്തരം അധികൃമങ്ങളെ മൂടിവയ്ക്കാനാണ്‌ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും താത്പര്യം. ഈ പിടക്കോഴി നയമാണ്‌ വീണ്ടും വീണ്ടും സ്ത്രീകളെ മുതലെടുക്കാന്‍ ടിടിഇമാര്‍ക്ക്‌ സാഹചര്യം ഒരുക്കുന്നത്‌.
അതുകൊണ്ടാണ്‌ കഴിഞ്ഞ ശനിയാഴ്ച ഗോവയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര ചെയ്ത പാസ്പോര്‍ട്ട്‌ ഓഫീസിലെ ജീവനക്കാരി ഹേമലതയെ വളയ്ക്കാന്‍ ടിടിഇ ഡല്‍ഹി സ്വദേശി രമേശ്കുമാര്‍ ശ്രമിച്ചത്‌.
വഴങ്ങാനും വളയാനുമുള്ളതല്ല സ്ത്രീ ശരീരവും നട്ടെല്ലും എന്ന്‌ വ്യക്തമാക്കി ഹേമലത നിയമനടപടികള്‍ക്ക്‌ തയ്യാറായപ്പോള്‍ ട്രെയിനില്‍ നിന്ന്‌ തന്നെ രമേശ്‌ കുമാറിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‌ അറസ്റ്റ്‌ ചെയ്യേണ്ടി വന്നു. ഈ സംഭവത്തോടെ വീണ്ടും ട്രെയിനിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷ പ്രശ്നം ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. കാലാകാലങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ഇത്തരം ആരോപണങ്ങളിലെ വില്ലന്മാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ വകുപ്പ്‌ തയ്യാറാകാത്തത്‌ കൊണ്ടാണ്‌, ആതിരേ ടിടിഇമാര്‍ ഇങ്ങനെ അഴിഞ്ഞാടുന്നത്‌.
ജയഗീതയെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട്‌ ടിടിഇമാരെ, പൊതുസമൂഹത്തിന്റെ പ്രതിഷേധം ശക്തമായപ്പോള്‍ സസ്പെന്‍ഡ്‌ ചെയ്ത റെയില്‍വേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരെ തിരിച്ചെടുത്തുകൊണ്ട്‌ ജയഗീതയെപ്പോലെ വഴങ്ങാതെ അഭിമാനം കാക്കുന്ന സ്ത്രീകള്‍ വിഡ്ഢികളാണെന്നും റെയില്‍വേയുടെ പുരുഷ ടിടിഇമാര്‍ സ്ത്രീവേട്ട തുടരുമെന്നുമുള്ള സന്ദേശമാണ്‌ നല്‍കിയിട്ടുള്ളത്‌. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‌ ഉത്തരവാദിത്തമില്ലെന്നും അത്‌ നടപ്പിലാക്കേണ്ടത്‌ അതാത്‌ സംസ്ഥാന പോലീസാണെന്നും റെയില്‍വേ പറയുമ്പോള്‍ ഒരു ഒത്തുകളിയുടെ ദുര്‍ഗന്ധമാണ്‌ ഉയരുന്നത്‌. ദൂഷിത വൃത്തമാണ്‌ പൂര്‍ത്തിയാകുന്നത്‌.
ഹേമലത സംഭവം കഴിഞ്ഞതോടെ ഡിജിപി അടക്കമുള്ളവരാണ്‌ ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വചോടാപങ്ങളുമായി രംഗത്തെത്തിയത്‌. ഇന്ത്യന്‍ റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടു മൂലമാണ്‌ കേരള പോലീസിന്‌ ട്രെയിന്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത്‌ എന്നാണ്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ വിലപിക്കുന്നത്‌. കേരളത്തില്‍ ഓടുന്ന ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേരള പോലീസ്‌ തയ്യാറാണെന്നും എന്നാല്‍, പോലീസുകാര്‍ക്ക്‌ പൊതുയാത്ര പാസ്‌ നല്‍കാന്‍ റെയില്‍വേ തയ്യാറല്ലെന്നുമാണ്‌ ജേക്കബ്‌ പുന്നൂസ്‌ വെളിപ്പെടുത്തിയത്‌. റെയില്‍വേ സുരക്ഷാ സേനയിലെ 980 പേരും കേരള പോലീസില്‍ നിന്ന്‌ ഡപ്യൂട്ടേഷന്‍ ജോലി ചെയ്യുന്ന 450 പേരുമാണ്‌ ഇപ്പോള്‍ കേരളത്തില്‍ ഓടുന്ന ട്രെയിനിലെ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത്‌. കൂടുതല്‍ പോലീസിനെ നിയോഗിക്കാന്‍ പോലീസ്‌ വകുപ്പും സംസ്ഥാന സര്‍ക്കാരും തയ്യാറാകുമ്പോഴും അവര്‍ക്ക്‌ ജോലി ചെയ്യാനുള്ള അവസരമൊരുക്കാതെ പീഡകരായ യാത്രക്കാര്‍ക്കും ടിടിഇമാര്‍ക്കും സൗകര്യം ഒരുക്കുകാനാണ്‌ റെയില്‍വേ റെയില്‍വേയുടെ ശുഷ്ക്കാന്തി.ഇതിലൂടെ കേരളത്തില്‍ ട്രെയിന്‍ യാത്ര നടത്തുന്ന സ്ത്രീകളുടെ മാന്യതയാണ്‌ ഡിപ്പാര്‍ട്ട്മന്റ്‌ വലിച്ചു കീറുന്നത്‌.
. പൊള്ളിക്കുന്ന ഈ വാസ്തവം മനസ്സിലാക്കി സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നോ ഇതുവരെ ക്രിയാത്മകമായ നീക്കം ഉണ്ടായിട്ടില്ല എന്ന്‌ പറഞ്ഞേ തീരൂ. അതുകൊണ്ടാണ്‌ ടിടിഇമാര്‍ ഇങ്ങനെ അഴിഞ്ഞാടുന്നത്‌. ഗോവിന്ദച്ചാമിമാര്‍ മാത്രമല്ല രമേശ്‌ കുമാര്‍മാരും ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സ്വസ്ഥത കെടുത്തുന്നുണ്ടെന്നും അവരെ ചൂഷണം ചെയ്യുന്നുണ്ടെന്നും വ്യക്തമായിട്ടും കാഴ്ചക്കാരായി നില്‍ക്കുകയാണ്‌, ആതിരേ സംസ്ഥാന സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ റെയില്‍വേ പുലര്‍ത്തുന്ന അനാസ്ഥയ്ക്കെതിരെ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്ട്‌ നിവേദനം നല്‍കി ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഉത്തരവ്‌ സമ്പാദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന്‌ വൈകുന്നേരം ഒരു മിനിട്ടിലും ടിടിഇ പീഡനത്തിന്റെ പുതിയ കഥകളാണ്‌ പുറത്തു വരാന്‍ പോകുന്നത്‌.
പരാക്രമങ്ങള്‍ സ്ത്രീകളോടല്ല വേണ്ടൂ എന്ന്‌ പറയാനും പ്രതികളെ അറസ്റ്റ്‌ ചെയ്യാനുമുള്ള തന്റേടവും ഇച്ഛാശക്തിയും റെയില്‍വേ പ്രദര്‍ശിപ്പിക്കാത്തകാലത്തോളം കേരളത്തിലെ സ്ത്രീകള്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുന്നതാണ്‌ അവരുടെ സുരക്ഷയ്ക്ക്‌ ഗുണകരം എന്നാണോ വായിച്ചെടുക്കേണ്ടത്‌,ആതിരേ?!