Tuesday, March 6, 2012

നദീസംയോജനം: ചാണ്ടിയും മാണിയും പറയുന്നത്‌ പച്ചക്കള്ളം


പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം ദേശീയ ജലവികസന ഏജന്‍സി നിര്‍ദ്ദേശിച്ചപ്രകാരം തമിഴ്‌നാടിന്‌ വിട്ടുകൊടുത്താല്‍ അത്‌ കേരളത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ 2009-ല്‍ കേരളം സത്യവാങ്മൂലം നല്‍കിയതാണ്‌. പക്ഷേ, അതിലെ വാദങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം സുപ്രീംകോടതി സത്യവാങ്ങ്‌ മൂലത്തിലെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചുകൊണ്ടാണ്‌ ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുന്നത്‌. ഇനി ഉന്നതാധികാര സമിതി മുന്‍പാകെ എന്തെല്ലാം വാദങ്ങള്‍ ഉയര്‍ത്തിയാലും, സുപ്രീംകോടതി കേരളത്തിന്റെ ആദ്യവാദം നിരസിച്ച സ്ഥിതിക്ക്‌ അംഗീകാരം കിട്ടുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ട്‌ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതിയെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്തണമെന്ന റിവ്യൂ പെറ്റീഷനാണ്‌ കേരളം അടിയന്തരമായി സമര്‍പ്പിക്കേണ്ടത്‌. ടി.ഗിരി എന്ന മുതിര്‍ന്ന അഭിഭാഷകന്‌ ഈ ബുദ്ധി തോന്നാത്തത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല. ഒപ്പം കേരളത്തെ തരിശു നിലമാക്കാന്‍ ചാണ്ടിക്കും മാണിക്കും എന്താണിത്ര താല്‍പര്യമെന്നും ബോധ്യമാകുന്നില്ല.

നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ കേരളത്തെ ബാധിക്കുകയില്ല എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്നുണ്ടെങ്കിലും ആതിരേ,യാഥാര്‍ത്ഥ്യം മറുപുറത്താണ്‌. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പമ്പ, അച്ചന്‍കോവില്‍ എന്നീ നദികള്‍ വൈപ്പാറുമായി സംയോജിപ്പിച്ചാല്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാട്‌ വരണ്ടുണങ്ങും, വേമ്പനാട്ട്‌ കായല്‍ വെള്ളംവറ്റി ശോഷിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തിലെന്നപോലെ, നദീസംയോജനത്തിലും കേന്ദ്രം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുകയാണെന്ന്‌ തിരിച്ചറിഞ്ഞിട്ടും രാഷ്ട്രീയവും ഭരണപരവുമായ വിധേയത്വം മൂലം മുഖ്യമന്ത്രിയും ധനമന്ത്രിയും കേരള ജനതയെ പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുകയാണ്‌. നദീസംയോജനം സംബന്ധിച്ച വിശദാംശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും അര്‍ത്ഥഗര്‍ഭമായ മൗനമാണ്‌ പാലിക്കുന്നത്‌. ഭരണകൂടത്തെ താങ്ങി നില്‍ക്കുന്ന ഇത്തരം മാധ്യമപ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധവും സമൂഹവിരുദ്ധവും രാഷ്ട്രവിരുദ്ധവുമാണ്‌. സത്യം ജനങ്ങള്‍ തിരിച്ചറിയാന്‍ അവസരമുണ്ടാക്കി ഭരണകര്‍ത്താക്കളുടെ വീഴ്ചകള്‍ പരിഹരിക്കാനുള്ള ഇടപെടല്‍ പൊതുസമൂഹത്തില്‍ നിന്ന്‌ ഉരുവാക്കേണ്ട ധര്‍മ്മമാണ്‌, ഭരണകൂട പ്രേമം മൂലം മാധ്യമങ്ങള്‍ കൈയ്യൊഴിയുന്നത്‌.
ആതിരേ,രാജ്യത്തെ 30 പ്രധാന നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ്‌ 5,60,000 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന നദീ സംയോജന പദ്ധതി 2001-ല്‍ ദേശീയ ജലവികസന ഏജന്‍സി വിഭാവനം ചെയ്തത്‌. 2002 ഒക്ടോബര്‍ 31-ന്‌ ഒരു പൊതുതാല്‍പര്യ ഹര്‍ജിയുടെ വാദത്തിനിടയില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. അതേതുടര്‍ന്ന്‌ 2016-ഓടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും 2002 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക്‌ സമര്‍പ്പിക്കുകയും ചെയ്തു.
നദീസംയോജന പദ്ധതിയില്‍ ഏറെയും ഹിമാലയന്‍ നദികളാണ്‌. ബ്രഹ്മപുത്ര-ഗംഗ, കോസി-ഖാഗ്ര, ഗാണ്‍ടക്‌-ഗംഗ, ഖാഗ്ര-യമുന, യമുന-രാജസ്ഥാന്‍ ലിങ്ക്‌, രാജസ്ഥാന്‍-സബര്‍മതി, ചുനാര്‍-സോനാബാരേജ്‌, സോനിഡാം-ഗംഗയുടെ തെക്കേ പോഷകനദികള്‍, ഗംഗ-ഗാമോദര്‍-സുബര്‍നരേഖ, സുബര്‍നരേഖ-മഹാനദി, കോസി-മെത്തി, ഫാറാക്ക-സുന്ദര്‍ബന്‍, ബ്രഹ്മപുത്ര-ഗംഗ (2), മഹാനദി-ഗോദാവരി, ഗോദാവരി-കൃഷ്ണ (3 പദ്ധതികള്‍), ബെന്നാര്‍-കാവേരി, കാവേരി-വൈഗ-ഗുണ്ടാര്‍, കെന്‍-ബട്വാ, പാര്‍ബതി-കാളിസിന്ധ്‌-ചമ്പല്‍ലിങ്ക്‌, താര്‍-തതി-നര്‍മ്മദ, ഡാമന്‍ഗംഗ-ജിലിയല്‍, ദഡി-വര്‍ദ്ധ, നേത്രാവദി-ഹേമാവദി, പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ എന്നിവയാണ്‌ ഈ 30 പദ്ധതികള്‍.
പുന്നമേട്‌, ചിറ്റാര്‍മൂഴി, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ മൂന്ന്‌ അണക്കെട്ടുകള്‍ നിര്‍മ്മിച്ച്‌ സംഭരിക്കുന്ന ജലം അഞ്ചുമീറ്റര്‍ വ്യാസവും എട്ടു കിലോമീറ്റര്‍ നീളവുമുള്ള തുരങ്കം വഴി അച്ചന്‍കോവില്‍ ഡാമിലെ വെള്ളം പമ്പ്‌ ചെയ്ത്‌ ചിറ്റാര്‍മൂഴിയിലെ ജലസംഭരണിയില്‍ എത്തിച്ച്‌ അവിടെ നിന്ന്‌ പശ്ചിമഘട്ട മലനിരകള്‍ തുരന്ന്‌ എട്ടുമീറ്റര്‍ വ്യാസവും ഒന്‍പത്‌ കിലോമീറ്റര്‍ നീളവുമുള്ള തുരങ്കം വഴി കേരള തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള മേക്കര ഡാമിലേക്കും അവിടെ നിന്ന്‌ 50.68 കിലോമീറ്റര്‍ നീളമുള്ള കനാല്‍ വഴി വൈപ്പാര്‍ നദിയിലേക്കും വെള്ളം എത്തിക്കുന്നതാണ്‌, ആതിരേ, പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി. 2588 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്ന ചെലവ്‌.
ഇങ്ങനെ വൈപ്പാറിലേക്ക്‌ ജലം എത്തിക്കുമ്പോള്‍ 2004 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്ന്‌ പമ്പാ പരിരക്ഷണ സമിതി നടത്തിയ പഠനം വ്യക്തമാക്കുന്നു, എന്നുമാത്രമല്ല, നേരത്തെ സൂചിപ്പിച്ചതുപോലെ കുട്ടനാട്ടിലേക്കും വേമ്പനാട്ടു കായലിലേക്കുമുള്ള ജലപ്രവാഹം തടയപ്പെടുന്നതുകൊണ്ട്‌ ഈ പ്രദേശങ്ങളില്‍ വരളര്‍ച്ചയുണ്ടാകാനും തരിശ്‌ ഭൂമികള്‍ സൃഷ്ടിക്കപ്പെടാനും പോവുകയാണ്‌. ഇത്‌ മനസ്സിലാക്കാതെ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും രാഷ്ട്രീയ വിധേയത്വം മൂലം സത്യം തമസ്കരിച്ചാണ്‌ ഈ വിഷയം സംബന്ധിച്ച്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രസ്താവനകള്‍ നടത്തുന്നതും കേരളത്തിന്‌ ആശ്വാസം പ്രധാനം ചെയ്യുന്നതും.
ആതിരേ,മേല്‍സൂചിപ്പിച്ച പദ്ധതികളില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി ഒഴിച്ചുള്ളവയെല്ലാം അന്തര്‍സംസ്ഥാന നദീസംയോജന പദ്ധതികളാണ്‌. അന്തര്‍സംസ്ഥാന നദീജലം പങ്കിടുന്നതുസംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ അവസാന തീര്‍പ്പ്‌ കേന്ദ്രസര്‍ക്കാരിന്റേതാണ്‌. എന്നാല്‍ സംസ്ഥാന നദീജലം സംബന്ധിച്ച്‌ ഉയരുന്ന എല്ലാ സമസ്യകള്‍ക്കും ഉത്തരം കാണേണ്ടത്‌ സംസ്ഥാനങ്ങളാണ്‌. അതായത്‌, ഈ 30 പദ്ധതികളില്‍ സംസ്ഥാന നദീപദ്ധതി എന്ന്‌ പറയാവുന്നത്‌ ഒന്നേയുള്ളൂ അതാണ്‌ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി.
കേരളത്തിന്റെയും കേരളീയരുടെയും താല്‍പര്യങ്ങള്‍ ബലികൊടുത്ത്‌, ഭാവിയില്‍ കേരളത്തെ തരിശുനിലമാക്കാനാണ്‌ ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇവരുടെ ഈ നിലപാടിന്‌ നിയമപരമായ ഉപദേശം നല്‍കുന്നത്‌ മുതിര്‍ന്ന അഭിഭാഷകനായ ടി.ഗിരിയാണ്‌. നദീസംയോജന പദ്ധതിയില്‍ സംസ്ഥാനങ്ങളുടെ താല്‍പര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌ എന്നാണ്‌ ഈ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്‌. വെള്ളം തൊടാതെ അത്‌ വിഴുങ്ങിയിരിക്കുകയാണ്‌ ചാണ്ടിയും മാണിയും.
സുപ്രീം കോടതി പ്രശ്നം ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുകയാണ്‌. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം ദേശീയ ജലവികസന ഏജന്‍സി നിര്‍ദ്ദേശിച്ചപ്രകാരം തമിഴ്‌നാടിന്‌ വിട്ടുകൊടുത്താല്‍ അത്‌ കേരളത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ 2009-ല്‍ കേരളം സത്യവാങ്മൂലം നല്‍കിയതാണ്‌. പക്ഷേ, അതിലെ വാദങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം സുപ്രീംകോടതി സത്യവാങ്ങ്‌ മൂലത്തിലെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചുകൊണ്ടാണ്‌ ഉന്നതാധികാര സമിതിയുടെ തീര്‍പ്പിന്‌ വിട്ടിരിക്കുന്നത്‌. ഇനി ഉന്നതാധികാര സമിതി മുന്‍പാകെ എന്തെല്ലാം വാദങ്ങള്‍ ഉയര്‍ത്തിയാലും, സുപ്രീംകോടതി കേരളത്തിന്റെ ആദ്യവാദം നിരസിച്ച സ്ഥിതിക്ക്‌ അംഗീകാരം കിട്ടുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ട്‌ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതിയെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്തണമെന്ന റിവ്യൂ പെറ്റീഷനാണ്‌ കേരളം അടിയന്തരമായി സമര്‍പ്പിക്കേണ്ടത്‌. ടി.ഗിരി എന്ന മുതിര്‍ന്ന അഭിഭാഷകന്‌ ഈ ബുദ്ധി തോന്നാത്തത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല. ഒപ്പം കേരളത്തെ തരിശു നിലമാക്കാന്‍ ചാണ്ടിക്കും മാണിക്കും എന്താണിത്ര താല്‍പര്യമെന്നും ബോധ്യമാകുന്നില്ല. രണ്ടായാലും ഈ അഭിഭാഷകനും മുഖ്യമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന്‌ ഇപ്പോള്‍ പടച്ചുവിടുന്ന കള്ളങ്ങള്‍ ഭാവിയില്‍ കേരളത്തിന്‌ വന്‍ വിപത്തായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല. കുടിവെള്ളത്തിന്‌ നെട്ടോട്ടം ഓടുന്ന ഒരു സംസ്ഥാനത്താണ്‌ ഇങ്ങനെ ഒരു വഞ്ചനയ്ക്ക്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും തയ്യാറായിട്ടുള്ളത്‌. ഇതിനെതിരെ പൗരസമൂഹം പ്രക്ഷോഭങ്ങള്‍ ആരംഭിച്ചെങ്കില്‍ മാത്രമേ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ പോലെ തമിഴ്‌നാടിന്റെ ഇംഗിതത്തിനൊത്ത്‌ തുള്ളേണ്ട ഗതികേടായിരിക്കും, ആതിരേ കേരളത്തിനുണ്ടാവുക.

No comments: