Tuesday, March 27, 2012

പ്രകൃതി സ്നേഹത്തിലൂന്നിയ ആത്മീയത: കത്തോലിക്കാസഭയുടെ വിപ്ലവകരമായ തിരിച്ചറിവ്‌


പരമ്പരാഗതമായ വിശ്വാസങ്ങളുടെ പിടിവാശിവിട്ട്‌ വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന അടിസ്ഥാന പരിവര്‍ത്തനങ്ങള്‍ക്ക്‌ സഭ തയ്യാറാകുന്നുവെന്നത്‌ സ്ഥിതി സമത്വവും സമഷ്ടി സ്നേഹവും ആഗ്രഹിക്കുന്നവരെയെല്ലാം ആനന്ദിപ്പിക്കുന്ന നിലപാടു മാറ്റം തന്നെയാണ്‌. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ സഭ തയ്യാറാകുമ്പോള്‍ തീര്‍ച്ചയായും മനുഷ്യജീവിതത്തിലും അന്യവ്യക്തിയോടും പ്രകൃതിയോടുമുള്ള പാരസ്പര്യത്തിലും വിപ്ലവകരമായ വ്യതിയാനം ഉണ്ടാകുന്നു. അപ്പോഴാണ്‌ അന്യന്റെ സ്വരം സംഗീതംപോലെ അസ്വദിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുക: അപ്പോഴാണ്‌ ഭാരതീയ ഋഷിവര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്ക്മുമ്പ്‌ തിരിച്ചറിഞ്ഞ ഞാനും നീയും ഒന്ന്‌ എന്ന തത്വമസിയിലേയ്ക്ക്‌ ഓരോ വ്യക്തിയും എത്തിച്ചേരുക.


ആതിരേ,ഭൂമിയല്ല സൂര്യനാണ്‌ സൗരയൂഥത്തിന്റെ കേന്ദ്രമെന്ന പ്രകൃതിസത്യം വെളിപ്പെടുത്തിയതിന്‌ ഗലീലിയോട്‌ കാണിച്ച കൊടുംക്രൂരതയ്ക്കും കുരിശുയുദ്ധങ്ങള്‍ സൃഷ്ടിച്ച നിണപ്പുഴകള്‍ക്കും കത്തോലിക്കാസഭ പ്രായശ്ചിത്തത്തിനൊരുങ്ങുന്നു എന്നത്‌ തീര്‍ച്ചയായും ആദരണീയവും അംഗീകരിക്കേണ്ടതുമായ തിരിച്ചറിവാണ്‌.
ക്രൈസ്തവ മൂല്യബോധങ്ങളിലൂന്നിയ ആത്മീയ പരിപ്രേഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇഹലോക -പരലോക ജീവിതങ്ങളെ വിലയിരുത്തുകയും ഭൗതീക ജീവിത സാഹചര്യങ്ങളോടുള്ള പാരസ്പര്യത്തെ ചിട്ടപ്പെടുത്തുകയും ചെയ്ത പരമ്പരാഗതമായ പിന്‍തിരിപ്പന്‍ നിലപാടുവിട്ട്‌ ഉത്തരാധുനീകാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങളും സാമൂഹിക പ്രതിബദ്ധതയും ഏറ്റെടുക്കാന്‍ വിശ്വാസികളോട്‌ ആഹ്വാനം ചെയ്തുകൊണ്ടാണ്‌ കത്തോലിക്കാസഭ അതിന്റെ നിലപാട്‌ തറ പൊളിച്ചുപണിയുന്നതും ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും വിപ്ലവകരമായ വ്യതിയാനം സ്വീകരിക്കുന്നതും.
പ്രകൃതി സ്നേഹത്തിലൂന്നിയ ആത്മീയത എന്ന പുതിയൊരു മൂല്യബോധം വിശ്വാസികളില്‍ അങ്കുരുപ്പിച്ചുകൊണ്ട്‌ ആസന്നമൃത്യുവായ ഭൂമിയോടും ഭൂനിവാസികളോടും തങ്ങള്‍ക്കുള്ള കടമയും കര്‍ത്തവ്യവും വ്യക്തമാക്കുകയാണ്‌, ആതിരേ, കത്തോലിക്കാസഭ.
കേരളാ കത്തോലിക്കാ മെത്രാന്‍ കൗണ്‍സിലിന്റെ (കെസിബിസി) പാരിസ്തിതിക നയത്തിന്റെ പുതിയ വിലയിരുത്തലും കണ്ടെത്തലുമാണ്‌ പ്രകൃതി സ്നേഹത്തിലൂന്നിയ ആത്മീയത എന്ന മൂല്യബോധം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഏതൊരു ചെയ്തിയും പാപമാണെന്ന്‌ തിരിച്ചറിവില്‍ നിന്നാണ്‌ ഈ പുതിയ ആത്മീയ മൂല്യബോധം ഉരുവംകൊള്ളുന്നത്‌. പ്രകൃതിയ്ക്കും പരിസ്ഥിതിയ്ക്കും ഏല്‍പിക്കുന്ന പരിക്കുകള്‍ ഇനിമുതല്‍ കുമ്പസാരത്തിലൂടെ ഏറ്റുപറയേണ്ട പാപമായി കത്തോലിക്കാസഭ നിര്‍ണയിക്കാന്‍ പോകുകയാണ്‌.
ആതിരേ,നിലവില്‍ കത്തോലിക്കാസഭയുടെ ആത്മീയവും ഭൗതീകവുമായ ഊടും പാവും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്‌ പത്തു കല്‍പനകളിലാണ്‌. ഈ കല്‍പനകള്‍പ്പോലെ പ്രധാനപ്പെട്ടതും തെറ്റിക്കാതെ ആചരിക്കേണ്ടതുമായ വിശ്വാസ നിലപാടായി പ്രകൃതി സ്നേഹത്തേയും പരിസ്ഥിതി സംരക്ഷണത്തേയും വിശ്വാസികള്‍ സ്വീകരിക്കണം എന്നാണ്‌ കത്തോലിക്കാ മെത്രാന്‍ കൗണ്‍സിലിന്റെ അഹ്വാനം.
എന്നുവെച്ച്‌ ഇത്‌ പതിനൊന്നാമത്തെ കല്‍പനയാകുന്നില്ല. അതേസമയം പ്രകൃതിയ്ക്ക്‌ ദോഷകരമായ ചെയ്തികളെല്ലാം പ്രകൃതിയുടെ സ്രഷ്ടാവായ ദൈവത്തോട്‌ ചെയ്യുന്ന പാതകമാണ്‌ എന്നുള്ള തിരിച്ചറിവുമാണ്‌ ഈ പുതിയ വിശ്വാസ പ്രമാണത്തിലൂടെ സഭ മുന്നോട്ട്‌ വെയ്ക്കുന്നത്‌. പ്രകൃതിയോടുള്ള സമീപനത്തിലും പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിലും പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിലും ആത്മീയതയിലൂന്നിയ പുതിയ കാഴ്ചപ്പാട്‌ വിശ്വാസികള്‍ സ്വീകരിക്കണം എന്നാണ്‌ ആഹ്വാനം. പ്രകൃതി സന്തുലിതാവസ്ത തകര്‍ക്കുന്ന ഏതൊരു നിസാര ഇടപെടലും ധാര്‍മ്മിക വിശ്വാസങ്ങളില്‍ നിന്നും മൂല്യബോധങ്ങളില്‍ നിന്നുമുള്ള വ്യതിയാനമായിട്ടാണ്‌ ഇനി സഭ കാണുക. ധാര്‍മ്മിക മൂല്യങ്ങള്‍ നിഷേധിക്കുകയെന്നാല്‍ സഭാ വിശ്വാസപ്രകാരം പാപം ചെയ്യുക എന്നാണര്‍ത്ഥം. പാപമോചനത്തിനായി കുമ്പസാരവും കുര്‍ബാനയും അനിവാര്യവുമാണ്‌. ഈയൊരു ധാര്‍മ്മികമായ ഉയര്‍ന്ന തലത്തിലേയ്ക്ക്‌ സഭാവിശ്വാസികളെ കൈപിടിച്ചുയര്‍ത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിരക്ഷിച്ച്‌ പരിസ്ഥിതിനശീകരണ പ്രവണതയില്‍ നിന്ന്‌ വിശ്വാസികളെ പിന്‍തിരിപ്പിച്ച്‌ ഈ ഭൂമിയും അതിലെ വിഭവശേഷികളും ഇന്ന്‌ ജീവിച്ചിരിക്കുന്ന മനുഷ്യരാശിയ്ക്ക്‌ മാത്രമല്ല വരാനിരിക്കുന്ന തലമുറകള്‍ക്കെല്ലാം അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ്‌ വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ ചേര്‍ക്കുവാനുള്ള വിപ്ലവകരമായ നീക്കമായിട്ട്‌, ആതിരേ ഞാന്‍ ഇതിനെ വിലയിരുത്തുന്നു, അംഗീകരിക്കുന്നു: സ്വീകരിക്കുന്നു.
കെസിബിസിയുടെ പരിസ്ഥിതി വിഭാഗം തയ്യാറാക്കിയ പ്രത്യേക പ്രമാണപ്രകാരം കത്തോലിക്ക വിശ്വാസിയുടെ ധാര്‍മ്മിക ജീവിതം, ഇനി മുതല്‍ പത്തു കല്‍പനകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്‌ പ്രകൃതി പരിപാലനവും പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടുന്നതാണ്‌. ഈ രണ്ട്‌ അടിസ്ഥാന നിലപാടുകളില്‍ നിന്നുള്ള വ്യതിയാനം പാപമാണെന്നാണ്‌ വിലയിരുത്തുന്നത്‌.
ആതിരേ,ഭൂമിയും അതിന്റെ വിഭവശേഷികളും ഇപ്പോള്‍ത്തന്നെ അപായകരമായ വിധത്തില്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണ്‌. വരുംതലമുറയോട്‌ ഉത്തരവാദിത്തമില്ലാതെ പ്രകൃതിയേയും വിഭവങ്ങളേയും ചൂഷണം ചെയ്യുന്നത്‌ ധാര്‍മ്മികമായി ആശാസ്യമല്ല എന്നാണ്‌ കെസിബിസിയുടെ പുതിയ നിലപാട്‌. പ്രകൃതി സംരക്ഷണം എന്നാല്‍ വിശുദ്ധമായ ജീവിതരീതി എന്നാണ്‌ കെസിബിസി ഇനി നല്‍കുന്ന അര്‍ത്ഥം. ജീവിത രീതികള്‍ക്ക്‌ വ്യക്തിയുടെ സ്വഭാവത്തേയും സ്വഭാവ രൂപീകരണത്തേയും സ്വാധീനിക്കാന്‍ കഴിവുണ്ട്‌ എന്ന അടിസ്ഥാന തത്വത്തില്‍നിന്നുകൊണ്ടുള്ള പുതിയ വീക്ഷണമാണ്‌ കെസിബിസിയുടെ പരിസ്ഥിതി നയത്തിലൂടെ കത്തോലിക്കാസഭ മുന്നോട്ട്‌ വയ്ക്കുന്നത്‌. പ്രകൃതി സംരക്ഷണ കാര്യത്തില്‍ സമൂഹത്തിന്‌ കത്തോലിക്കസഭയും വിശ്വാസികളും അതുല്യമാതൃകകളാകണമെന്ന അദമ്യമായ ആഗ്രഹത്തില്‍ നിന്നാണ്‌ കെസിബിസി ഈ പ്രമാണം വിശ്വാസികള്‍ക്ക്‌ മുമ്പാകെ അവതരിപ്പിക്കാനൊരുങ്ങുന്നത്‌.
വിശ്വാസികളെ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതിനുപരി, ആതിരേ, പരിസ്ഥിതി ചൂഷണം നടത്തുന്ന പാശ്ചാത്യ കുത്തകകള്‍ക്കെതിരെ വിശ്വാസികളുടെ മനസ്‌ തിരിക്കാനുള്ള ശ്രമം കൂടി നടത്തുന്നു എന്നിടത്താണ്‌ കെസിബിസിയുടെ പുതിയ തിരിച്ചറിവിന്‌ മാനവീക മൂല്യം ലഭിക്കുന്നത്‌. വ്യക്തികളും വിശ്വാസികളും പ്രകൃതി സംരക്ഷണകാര്യത്തില്‍ അതീവ ജാഗ്രതപുലര്‍ത്തുന്നതോടൊപ്പം പാരിസ്ഥിതിക ചൂഷണം നടത്തുന്ന പ്രബല ശക്തികള്‍ക്കെതിരെ പ്രതിരോധം ചമയ്ക്കണമെന്ന വിപ്ലവകരമായ ആഹ്വാനവും പ്രകൃതി സ്നേഹത്തിലൂന്നിയ ആത്മീയതയെന്ന ആത്മീയതയിലൂടെ മുന്നോട്ട്‌ വെയ്ക്കുന്നതുകൊണ്ടാണ്‌ കെസിബിസിയുടെ ഈ നിലപാടിനെ ഞാന്‍ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും.
ആതിരേ,പരമ്പരാഗതമായ വിശ്വാസങ്ങളുടെ പിടിവാശിവിട്ട്‌ വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന അടിസ്ഥാന പരിവര്‍ത്തനങ്ങള്‍ക്ക്‌ സഭ തയ്യാറാകുന്നുവെന്നത്‌ സ്ഥിതി സമത്വവും സമഷ്ടി സ്നേഹവും ആഗ്രഹിക്കുന്നവരെയെല്ലാം ആനന്ദിപ്പിക്കുന്ന നിലപാടു മാറ്റം തന്നെയാണ്‌. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ സഭ തയ്യാറാകുമ്പോള്‍ തീര്‍ച്ചയായും മനുഷ്യജീവിതത്തിലും അന്യവ്യക്തിയോടും പ്രകൃതിയോടുമുള്ള പാരസ്പര്യത്തിലും വിപ്ലവകരമായ വ്യതിയാനം ഉണ്ടാകുന്നു. അപ്പോഴാണ്‌ അന്യന്റെ സ്വരം സംഗീതംപോലെ അസ്വദിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുക: അപ്പോഴാണ്‌ ഭാരതീയ ഋഷിവര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്ക്മുമ്പ്‌ തിരിച്ചറിഞ്ഞ ഞാനും നീയും ഒന്ന്‌ എന്ന തത്വമസിയിലേയ്ക്ക്‌ ഓരോ വ്യക്തിയും എത്തിച്ചേരുക.
പരിസ്ഥിതി സംരക്ഷണത്തില്‍ കെസിബിസിയിലൂടെ കേരളത്തിലെ കത്തോലിക്ക സഭ ലോകത്തിനുതന്നെ മാതൃകയാകുകയാണ്‌. മുമ്പേപറക്കുന്ന പക്ഷികളാകാന്‍ കഴിയുന്നവര്‍ക്കുമാത്രമേ മാറ്റങ്ങള്‍ കണ്ടറിഞ്ഞ്‌ ജീവിതങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഈ നയമാറ്റം കുടുംബാസ്രൂത്രണം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലും കാലാനുസൃതമായ നിലപാട്‌ സ്വീകരിക്കാന്‍ സഭയേയും വിശ്വാസികളേയും നിര്‍ബന്ധിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. കെസിബിസി മുന്നോട്ട്‌ വെച്ചിട്ടുള്ള ഈ വിപ്ലവ പ്രമാണം അംഗീകരിക്കാനും അനുസരിക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി ജനിക്കാനിരിക്കുന്ന തലമുറകളോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും നിറവേറ്റാന്‍ ഓരോ കത്തോലിക്ക വിശ്വാസിയും തയ്യാറാകണമെന്നാണ്‌ , ആതിരേ എനിക്കും ആവശ്യപ്പെടാനുള്ളത്‌.

No comments: