Tuesday, March 20, 2012

ബജറ്റ്‌:സങ്കല്‍പ്പങ്ങളില്‍ കല്‍കണ്ടമധുരം; അനുഭവത്തില്‍ കഷായക്കയ്പ്പ്‌


കേള്‍ക്കാന്‍ ഇമ്പമുള്ളതും സങ്കല്‍പ്പങ്ങളില്‍ പ്രതീക്ഷ നിറയ്ക്കുന്നതുമായ പദ്ധതികളും സാധ്യതകളും മാണി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇവയെല്ലാം സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കാനല്ല കൂടുതല്‍ സങ്കീര്‍ണ്ണവും ധനകമ്മിനിറഞ്ഞതുമാക്കി മാറ്റാനാണ്‌ ഉതകുക.
പുതിയ കാലഘട്ടം ആവശ്യപ്പെടുന്നതരത്തിലുള്ള പരിഷ്ക്കരണ നടപടികളിലേയ്ക്ക്‌ മന്ത്രി മാണിയും നീങ്ങുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവുംവലിയ തിരിച്ചടിയാകാന്‍ പോകുന്നത്‌. ഉദാരീകരണവും കമ്പോളവത്ക്കരണവും സൃഷ്ടിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്‌ മാണിയെപ്പോലെ ഒരു ധനവിശാരദന്‍ ഒന്നും പഠിച്ചിട്ടില്ല എന്നുവരുമ്പോള്‍ വികസനത്തിനായി അദ്ദേഹം തുറക്കാനാഗ്രഹിക്കുന്ന പാതകളും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും തിരിച്ചടിയാകുമെന്നകാര്യത്തില്‍ സംശയമില്ല.ധനസമാഹരണത്തിന്‌ നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചതുവഴി സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമായി മാറാന്‍ പോകുകുകയാണ്‌. അപ്പോള്‍ സങ്കല്‍പ്പത്തിലെ കല്‍ക്കണ്ടമധുരം അനുഭവത്തിലെ കാഷായകയ്പ്പായിത്തീരുക സ്വാഭാവികം മാത്രം.




ആതിരേ,അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിയ്ക്കും വിവരസാങ്കേതിക വിദ്യയ്ക്കും പ്രാമുഖ്യം നല്‍കി, 12-ാ‍ ം പദ്ധതി കാലയളവിലേയ്ക്ക്‌ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ്‌ അതിരൂക്ഷമായ വിലക്കയറ്റത്തിന്‌ വഴിവെയ്ക്കുമെന്നതും പ്രായോഗികതലത്തില്‍ വഴിമുട്ടിനില്‍ക്കുമെന്നതും ഈബജ്റ്റിനെ ജനവിരുദ്ധമാക്കിത്തീര്‍ക്കുന്നു.
കേള്‍ക്കാന്‍ ഇമ്പമുള്ളതും സങ്കല്‍പ്പങ്ങളില്‍ പ്രതീക്ഷ നിറയ്ക്കുന്നതുമായ പദ്ധതികളും സാധ്യതകളും മാണി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇവയെല്ലാം സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കാനല്ല കൂടുതല്‍ സങ്കീര്‍ണ്ണവും ധനകമ്മിനിറഞ്ഞതുമാക്കി മാറ്റാനാണ്‌ ഉതകുക.
പുതിയ കാലഘട്ടം ആവശ്യപ്പെടുന്നതരത്തിലുള്ള പരിഷ്ക്കരണ നടപടികളിലേയ്ക്ക്‌ മന്ത്രി മാണിയും നീങ്ങുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവുംവലിയ തിരിച്ചടിയാകാന്‍ പോകുന്നത്‌. ഉദാരീകരണവും കമ്പോളവത്ക്കരണവും സൃഷ്ടിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്‌ മാണിയെപ്പോലെ ഒരു ധനവിശാരദന്‍ ഒന്നും പഠിച്ചിട്ടില്ല എന്നുവരുമ്പോള്‍ വികസനത്തിനായി അദ്ദേഹം തുറക്കാനാഗ്രഹിക്കുന്ന പാതകളും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും തിരിച്ചടിയാകുമെന്നകാര്യത്തില്‍ സംശയമില്ല. സ്വകാര്യമേഖലയുമായി കൈകൊര്‍ത്ത്‌ സംസ്ഥാനത്ത്‌ കൂടുതല്‍ നിക്ഷേപം സാധ്യമാക്കുന്നതിന്‌ സപ്ത തന്ത്രങ്ങളും മാണി മുന്നോട്ട്‌ വെയ്ക്കുന്നുണ്ടെങ്കിലും ((1) സമസ്ത മേഖലകളിലേയും നിലവാര വര്‍ദ്ധന (2) അടിസ്ഥാന സൗകര്യവികസനം (3) തൊഴില്‍ വൈദഗ്ധ്യവികസനം (4) സ്വയംസംരഭകത്വ വികസനം (5) നൂതന സാങ്കേതിക വിദ്യകളുടെ സ്വാംശീകരണം (6) മൂലധന നിക്ഷേപ വര്‍ദ്ധന (7) പ്രൈവറ്റ്‌ - പബ്ലിക്ക്‌ പങ്കാളിത്തം). ധനസമാഹരണത്തിന്‌ നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചതുവഴി സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമായി മാറാന്‍ പോകുകുകയാണ്‌. അപ്പോള്‍ സങ്കല്‍പ്പത്തിലെ കല്‍ക്കണ്ടമധുരം അനുഭവത്തിലെ കാഷായകയ്പ്പായിത്തീരുക സ്വാഭാവികം മാത്രം.
പ്രണാബ്കുമാര്‍ മുഖര്‍ജ#ി‍യുടെ കേന്ദ്രബജറ്റ്‌ അടിച്ചേല്‍പിച്ച ജീവിതച്ചെലവ്‌ വര്‍ദ്ധനയ്ക്കൊപ്പം മാണിയുടെ നയങ്ങളും ചേരുമ്പോള്‍ താങ്ങാനാവാത്ത വിലക്കയറ്റത്തില്‍ സംസ്ഥാനം ശ്വാസംമുട്ടും. അപ്പോള്‍ വര്‍ദ്ധിപ്പിച്ച ക്ഷേമപദ്ധതികളും വാഗ്ദാനം ചെയ്ത വികസന മുദ്രാവാക്യങ്ങളും കാറ്റില്‍പാറിപ്പോകും സംശയമില്ല.
ബജറ്റിന്റെ ഈ യാഥാര്‍ത്ഥ്യം മനസിലാക്കാതെ, ആതിരേ, പെന്‍ഷന്‍പ്രായം 56 ആക്കിയ നടപടികളില്‍ കടിച്ചുതൂങ്ങി അനാവശ്യവിവാദങ്ങളാണ്‌ രാഷ്ട്രീയ പാര്‍ട്ടികളും അവരോട്‌ ഒട്ടിനില്‍ക്കുന്ന സാമ്പത്തിക വിദഗ്ദ്ധരും നടത്തുന്നത്‌. കൃഷിയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും സ്വയംസംരഭകത്വ വികസനത്തിനും ഊന്നല്‍ നല്‍കിയെന്നതുകൊണ്ടുമാത്രം ഒരു ബജറ്റ്‌ ജനഹിതകരമോ പ്രയോജനപ്രദമോ ആവുകയില്ല. പദ്ധതി നടത്തിപ്പിന്‌ നിലവിലെ നികുതി സ്രോതസുകളെത്തന്നെ വീണ്ടും പിഴിഞ്ഞെടുക്കാന്‍ മാണി ഉദ്യമിച്ചതാണ്‌ വീക്ഷണത്തിലെ വൈകല്യമായി വിലയിരുത്തപ്പെടേണ്ടത്‌ അതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നത്‌. നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാനോ പുതിയ മേഖലകളിലേയ്ക്ക്‌ നികുതി നയം വ്യാപിപ്പിക്കാനോ തയ്യാറാകാതിരുന്നത്‌ ഈ ബജറ്റിന്റെ ഏറ്റവും വലിയ പ്രായോഗിക പരാജയമായി കാണേണ്ടതുണ്ട്‌.
പെന്‍ഷന്‍പ്രായം 56 ആക്കി മാണി നടത്തിയ പ്രഖ്യാപനത്തെയല്ല, ആതിരേ, പഴിക്കേണ്ടിയിരുന്നത്‌ മറിച്ച്‌ ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി സഭയ്ക്കും പൊതുസമൂഹത്തിനും നല്‍കിയ ഉറപ്പ്‌ പാലിക്കാതെ ചുളുവില്‍ നിയമനനിരോധനം കൊണ്ടുവരാന്‍ കരുക്കള്‍ നീക്കിയതിനെയാണ്‌ അപലപിക്കേണ്ടത്‌. സംശയമില്ല മാണിയുടേയും യു ഡി എഫിന്റേയും ലക്ഷ്യം പെന്‍ഷന്‍ പ്രായം 60 ആക്കുകയെന്നതാണ്‌. അതിനാണ്‌ ബംഗാളിലേയും ത്രിപുരയിലേയും സാഹചര്യങ്ങല്‍ പരാമര്‍ശിക്കുന്നത്‌. എന്നാല്‍ ആ രണ്ടു സംസ്ഥാനങ്ങളിലെ അവസ്ഥയല്ല കേരളത്തിലേത്‌. കഴിഞ്ഞവര്‍ഷം 31 ലക്ഷം പേരാണ്‌ പി എസ്‌ സി പരീക്ഷ എഴുതിയത്‌. അഭ്യസ്തവിദ്യരായ ഇത്രയും ചെറുപ്പക്കാര്‍ക്ക്‌ ഭരണഘടന വിഭാവനം ചെയ്യുന്ന സംഭരണ തത്വത്തിലൂന്നിയ സാമൂഹിക നീതിയുള്ള നിയമന സാധ്യതയാണ്‌ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിലൂടെ അട്ടിമറിക്കപ്പെടുന്നത്‌. അഭ്യസ്തവിദ്യര്‍ക്ക്‌ തൊഴില്‍നേടാന്‍ ഇന്ന്‌ നിരവധി മേഖലകള്‍ ഉണ്ടെന്ന്‌ പറയുന്നു. മാണിതന്നെ യുവാക്കള്‍ക്കായി തൊഴില്‍ പരിശീലന പദ്ധതിയും സ്വംയംസംരഭകത്വ തന്ത്രങ്ങളും ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും അവയിലൊന്നും നേരത്തേസൂചിപ്പിച്ച സാമൂഹിക നീതി പാലിക്കപ്പെടാന്‍ പോകുന്നില്ല. ആ അര്‍ത്ഥത്തില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ നടപടിയേയും അതിന്‌ മുഖ്യമന്ത്രി അവലംബിച്ച രീതിയേയും ം അപലപിച്ചേ തിരൂ.
കേന്ദ്ര ബജറ്റിലെ എക്സൈസ്‌ നികുതി വര്‍ദ്ധനയും സേവന നികുതിയും മാണിയുടെ നിത്യോപയോഗ വസ്തുക്കളുടെ നികുതി വര്‍ദ്ധനയുമായി കൂട്ടിവായിക്കുമ്പോഴാണ്‌ ഈ ബജറ്റ്‌ പ്രഖ്യാപനങ്ങളില്‍ മാത്രം പുരോഗമനപരവും വികസനോന്മുഖവുമാകുന്നത്‌.
കഴിഞ്ഞ പത്തുവര്‍ഷത്തിലേറേയായി മാറിമാറിവന്ന സര്‍ക്കാരുകളെല്ലാം ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ അവകാശപ്പെട്ടിരുന്നത്‌ സംസ്ഥാനത്തെ വികസനത്തിന്റെ ഹൈവേയിലേയ്ക്ക്‌ നയിക്കാന്‍ തങ്ങള്‍ ബദ്ധപ്രജ്ഞരാണെന്നാണ്‌. എന്നാല്‍ രാഷ്ട്രീയ- ഉദ്യോഗതലത്തില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവണതകള്‍ ഉന്മൂലനം ചെയ്യാതെ ഈ സങ്കല്‍പ്പങ്ങളൊന്നും പ്രായോഗികമാക്കാനാവില്ല.
ആതിരേ,മാണിയുടെ സപ്ത തന്ത്രം ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ഉദ്യോഗതലത്തിലെ അഴിമതിയും കെടുകാര്യസ്തതയും സമൂലം ഉന്മൂലനം ചെയ്തെങ്കിലേ സാധിക്കൂ. മാണിക്ക്‌ ഇക്കാര്യം അറിയാഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ട്‌ ഉദ്യോഗതലത്തിലെ അഴിമതിയും ക്രമക്കേടും വികസനവിരുദ്ധ നിലപാടും ഇല്ലാതാക്കാന്‍ നടപടികളോ തന്ത്രങ്ങളോ സൂചിപ്പിക്കുകപോലും ചെയ്യാതിരുന്നത്‌? അതായത്‌ പത്താമത്തെ ബജറ്റ്‌ അവതരിപ്പിക്കുമ്പോഴും കണക്കിലെ കളികളും വാക്കുകളിലെ കൗശലങ്ങളും ഉപയോഗിച്ച്‌ നികുതി ദായകരും സമ്മദിദായകരുമായ സാധാരണക്കാരെ വഞ്ചിക്കുകയാണ്‌ മാണി. അവരില്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാന്‍ ഉത്സാഹം കാണിച്ച മാണി സമ്പന്നവര്‍ഗത്തെ സ്പര്‍ശിക്കാതെ വിട്ടതുതന്നെ എന്താണ്‌ യു ഡി എഫിന്റെ സാമ്പത്തികനയം എന്നും മാണിയുടെ ലക്ഷ്യമെന്നും വ്യക്തമാക്കുന്നുണ്ട്‌.
പ്രത്യക്ഷ ശ്രവണത്തില്‍ പോപ്പുലിസ്റ്റ്‌ എന്നും വികസനോന്മുഖം എന്നും തോന്നിപ്പിക്കുന്ന ഈ ബജറ്റ്‌ അതിന്റെ പ്രായോഗികതലത്തില്‍ പൊതുസമൂഹ വിരുദ്ധ സ്വഭാവമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അതുകൊണ്ടാണ്‌ മുന്‍ധനമന്ത്രി ഡോ.തോമസ്‌ ഐസക്ക്‌ വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടേയും ബജറ്റ്‌ എന്ന്‌ ഇതിനെ വിശേഷിപ്പിച്ചത്‌.
ഇവിടെ പ്രതിപക്ഷത്തിന്റെ കോര്‍ട്ടിലാണ്‌ പന്ത്‌. ഭരണമുന്നണിയുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ബജറ്റ്‌ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ്‌ ബജറ്റ്‌ ചര്‍ച്ചകളില്‍ അവതരിപ്പിച്ച്‌ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള ജനവിരുദ്ധ നിലപാടുകള്‍ തിരുത്തിക്കാന്‍ അവര്‍ക്ക്‌ ബാധ്യതയുണ്ട്‌. അതിന്‌ സാധിക്കുന്നില്ലെങ്കില്‍ സങ്കല്‍പ്പത്തിലെ കല്‍ക്കണ്ടമധുരം നുണഞ്ഞ്‌ നിത്യ ജീവിതാനുഭവത്തിലെ കഷായകയ്പ്പ്‌ കുടിച്ചിറക്കുകമാത്രമാണ്‌ പോംവഴി. ആവര്‍ത്തിക്കുന്നു ഒരുസമൂഹത്തിന്‌ അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്നുപറയുന്നത്‌ ഇങ്ങനെയൊക്കെയാണ്‌ സാര്‍ത്ഥകമാകുന്നത്‌.

No comments: