Sunday, March 4, 2012
ജയഗീത,ഹേമലത,ബെന്‍സി പ്രതികരണത്തിന്റെ പെണ്‍കരുത്ത്
പൊതുസമൂഹത്തിന്റേയും വിദ്യാസമ്പന്നരായ കേരളത്തിലെ പുരുഷവര്‍ഗ്ഗത്തിന്റേയും സമീപനം ഒരിക്കലും സ്ത്രീപക്ഷപരമോ സ്ത്രീ സൗഹാര്‍ദ്ദപരമോ അല്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നുണ്ട്, പൊതുസ്ഥലത്ത് അവഹേളിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ സഹായിക്കേണ്ടതിന് പകരം വികലമായ വിലയിരുത്തലുകളും വക്രീകരിച്ച മുന്‍വിധികളും കൊണ്ട് അവരെ തളര്‍ത്തുന്ന,തകര്‍ക്കുന്ന അനാശാസ്യ പ്രവണതയാണ് പൊതുവെയുള്ളത്. തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്ന പുരുഷനെതിരെ പ്രതികരിക്കുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ യുവതിയെ അതുമല്ലെങ്കില്‍ വീട്ടമ്മയെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനുള്ള അശ്ലീലത്വരയാണ് കേരളീയപുരുഷസമൂഹത്തിനുള്ളത്.
ആതിരേ,സമീപിക്കുന്ന എല്ലാ പൂവന്മാര്‍ക്കും വഴങ്ങിക്കൊടുക്കുന്ന പിടക്കോഴികളല്ല കേരളത്തിലെ സൃതീകളെന്ന് ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കാന്‍ തയ്യാറായ ജയഗീതയേയും ഹേമലതയേയും ബെന്‍സിയേയും ആത്മാര്‍ത്ഥമായി അഭിനന്ദിച്ചുകൊണ്ട് , അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്പറഞ്ഞു തുടങ്ങാം.
പുരുഷന്‍ എന്ത് ചെയ്താലും സഹിച്ച് ക്ഷമിച്ച് ഭൂമിയോളം താഴ്‌ന്ന് ജീവിക്കേണ്ടവളാണ് സ്ത്രീയെന്നുള്ള മലയാളിയുടെ അറുപഴഞ്ചന്‍ ചിന്താഗതിയ്ക്ക് നേരേയാണ് ഇവര്‍ മൂവരും പ്രതികരണത്തിന്റെ, പ്രതിരോധത്തിന്റെ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അഗ്നിശലാകകളായിട്ടുള്ളത്.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ തങ്ങളുടെ സ്വകാര്യതയിലേയ്ക്കും ശരീരത്തിലേയ്ക്കും കടന്നുകയറാന്‍ ശ്രമിച്ച വിടന്മാരായ ടിടിഇ മാരെ നിയമത്തിന്റേയും പൊതുസമൂഹത്തിന്റെയും മുമ്പാകെ കൊണ്ടുവരാന്‍ ചങ്കൂറ്റവും ഇച്ഛാശക്തിയും നട്ടെല്ലുറപ്പും പ്രദര്‍ശിപ്പിച്ചവരാണ് ജയഗീതയും ഹേമലതയുമെങ്കില്‍, ട്രെയിനില്‍ മാത്രമല്ല ഏത് പൊതുസ്ഥലത്തും മോശമായ പെരുമാറ്റമുണ്ടായാല്‍ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കും എന്നുള്ളതിന്റെ ധൈര്യമാണ് ബെന്‍സി. പാന്റ്സും ഷര്‍ട്ടും ധരിച്ച് യാത്ര ചെയ്തതിന്റെ പേരില്‍ സഹയാത്രികനും അപരിചിതനുമായ പുരുഷന്റെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നെങ്കിലും പരാതിയുമായി മുന്നോട്ട് വന്ന് ആ വിടന്റെ കൈയ്യില്‍ വിലങ്ങ് വീഴ്ത്തിയ സ്ത്രൈണ ധീരതയാണ്, ആതിരേ, ബെന്‍സി.
ആതിരേ,സാക്ഷരരെന്നും പ്രബുദ്ധരെന്നും മേനിനടിക്കുന്ന കേരളീയ സമൂഹത്തില്‍ പിറന്നു വീഴുന്ന ഓരോ പെണ്‍കുഞ്ഞിനും മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരും നല്‍കുന്ന പാഠം "നീയൊരു പെണ്ണാണ് പുരുഷന്റെ അതിക്രമങ്ങളെല്ലാം ചോദ്യം ചെയ്യാതെ സഹിക്കേണ്ടവളാണ് " എന്ന അശ്ലീലതയാണ്. അഭിമാനത്തിന് നേരേ വിരലുയര്‍ന്നാലും മാന്യതയ്ക്ക് കളങ്കമേല്‍പിക്കുന്ന കടന്നുകയറ്റങ്ങളുണ്ടായാലും സ്വന്തം ശരീരത്തില്‍ അനുവാദമില്ലാതെ അന്യപുരുഷന്‍ സ്പര്‍ശിക്കുമ്പോഴും സഹിച്ച് ക്ഷമിച്ച് പ്രതികരിക്കാതെ പ്രതിമയായി ഇരിക്കണമെന്ന ചിന്താഗതിയ്ക്ക് ഇനി തങ്ങള്‍ അടിമകളല്ലെന്നും സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും എതിരെ ഉയരുന്ന ഏതൊരു നീക്കത്തേയും ചെറുത്തു നില്‍ക്കുമെന്നും പ്രഖ്യാപിക്കുകയാണ് ജയഗീതയും ഹേമലതയും ബെന്‍സിയും. ഗോവിന്ദച്ചാമിമാരുടേയും രമേശ്കുമാര്‍മാരുടേയും പ്രവീണ്‍-ജാഫര്‍മാരുടേയും കാമം കലര്‍ന്ന നീക്കങ്ങള്‍ക്ക് ഗത്യന്തരമില്ലാതെ വശംവദരാകേണ്ടിവന്ന ട്രെയിനിലെ സ്ത്രീയാത്രക്കാര്‍ക്കും പൊതു സ്ഥലത്ത് വാക്കുകൊണ്ടും നോട്ടംകൊണ്ടും സ്പര്‍ശംകൊണ്ടും അപമാനിക്കപ്പെടുന്ന സ്ത്രീത്വങ്ങള്‍ക്കും വേണ്ടി ഉയര്‍ന്ന പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും ഉണര്‍ത്തുപാട്ടുകളാണ് ഇവര്‍ മൂന്ന് പേരും.
പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിന് നിയമവും ചട്ടങ്ങളും നിര്‍മിച്ച ഒരു രാജ്യമാണ് ഇന്ത്യ. പതിവുപോലെ പാലിക്കപ്പെടാനുള്ളതല്ല ലംഘിക്കപ്പെടാനുള്ളതാണ് നിയമം എന്ന ധാര്‍ഷ്ട്യത്തില്‍ സൃതീത്വത്തെ അപമാനിക്കുന്ന വിടന്മാരായ പുരുഷന്മാരോട് എതിരിട്ടുനിന്നാല്‍ തോല്‍ക്കുകയല്ല ജയിക്കുകയാണ് പരിണതിയെന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തെ, തങ്ങളുടെ ചങ്കൂറ്റത്തിലൂടെ പഠിപ്പിച്ചവരാണ് ജയഗീതയും ഹേമലതയും ബെന്‍സിയും. ആതിരേ,ഇനി തെരഞ്ഞെടുപ്പ് നടത്തേണ്ടത് കേരളത്തിലെ സ്ത്രീസമൂഹമാണ്. സൗമ്യമാരാകണോ അതോ ഇവര്‍ കാട്ടിത്തന്ന പാത പിന്‍തുടര്‍ന്ന് സ്ത്രീത്വത്തിന്റെ മഹത്വവും കരുത്തും പ്രദര്‍ശിപ്പിച്ച് സ്വാതന്ത്ര്യവും ചാരിത്ര്യവും സംരക്ഷിക്കേണമോ.? പരിശ്രമിക്കാത്ത ഒരു വ്യക്തിയേയും ഈശ്വരന്‍ പോലും സഹായിക്കുകയില്ല എന്ന ചൊല്ല് മറാക്കാതിരിക്കുക.
തന്റെ മാന്യതയ്ക്കും സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും എതിരായി ഉയരുന്ന കാമമോഹിതങ്ങളോട് പ്രതികരിക്കാതെ ഒഴിവാകുക എന്നത് ശരാരി മലയാളി സ്ത്രീയുടെ മനസാണ്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും പരാതിപ്പെടാന്‍പോലും തയ്യാറാകാത്ത നാണംകെട്ട കീഴടങ്ങല്‍." താണനിലത്തേ നീരോടൂ " എന്ന ചൊല്ല് എല്ലാ സ്ത്രീകളും ഓര്‍ത്തിരിക്കേണ്ടതാണ്. പ്രതികരിക്കാതിരിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ഭാവത്തിലെങ്കിലും ഇഷ്ടക്കേട് പ്രകടിപ്പിക്കാതിരിക്കുമ്പോള്‍ അത് തനിക്കുള്ള അനിയന്ത്രിതമായ അനുവാദമാണെന്ന് കണക്കുകൂട്ടുന്ന വൃത്തികെട്ട കാമസംഭരണികളാണ് കേരളത്തിലെ ഭൂരിപക്ഷം പുരുഷന്മാരും. അതുകൊണ്ട് അവനവന്റെ ശരീരത്തേയും ആത്മാഭിമാനത്തേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും പ്രാഥമികമായി സ്ത്രീകള്‍ക്ക് തന്നെയാണ്.
ഇത് പറയുമ്പോള്‍ പൊതുസമൂഹത്തിന്റേയും വിദ്യാസമ്പന്നരായ കേരളത്തിലെ പുരുഷവര്‍ഗ്ഗത്തിന്റേയും സമീപനം ഒരിക്കലും സ്ത്രീപക്ഷപരമോ സ്ത്രീ സൗഹാര്‍ദ്ദപരമോ അല്ലെന്ന യാഥാര്‍ത്ഥ്യം ,ആതിരേ, ഞാന്‍ തിരിച്ചറിയുന്നുണ്ട് . പൊതുസ്ഥലത്ത് അവഹേളിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ സഹായിക്കേണ്ടതിന് പകരം വികലമായ വിലയിരുത്തലുകളും വക്രീകരിച്ച മുന്‍വിധികളും കൊണ്ട് അവരെ തളര്‍ത്തുന്ന,തകര്‍ക്കുന്ന അനാശാസ്യ പ്രവണതയാണ് പൊതുവെയുള്ളത്. തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്ന പുരുഷനെതിരെ പ്രതികരിക്കുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ യുവതിയെ അതുമല്ലെങ്കില്‍ വീട്ടമ്മയെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനുള്ള അശ്ലീലത്വരയാണ് കേരളീയപുരുഷസമൂഹത്തിനുള്ളത്.
ആതിരേ,ഇവിടെ പി.ഇ. ഉഷയുടെ ദാരൂണാനുഭവം ഓര്‍ക്കുന്നത് നന്ന്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന ഉഷയെ ബസ് യാത്രയ്ക്കിടയില്‍ ഒരു ചെറുപ്പക്കാരന്‍ ശല്യപ്പെടുത്തുകയും അതിന്റെ പാരമ്യതയില്‍ തന്റെ ബീജം അവരുടെ വസ്ത്രത്തില്‍ തെറുപ്പിക്കുകയും ചെയ്ത അതിനീചമായ പ്രവൃത്തിയ്ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകേണ്ട ഗതികേട് ഉഷയ്ക്കുണ്ടായി. ഉഷ കൂടി അംഗമായ സര്‍വ്വീസ് സംഘടന യൂണിവേഴ്സിറ്റിയിലെതന്നെ ജീവനക്കാരനായ അതിക്രമിയെ സംരക്ഷിക്കാനാണ് തങ്ങളുടെ സംഘബലം ഉപയോഗപ്പെടുത്തിയത്. സഹപ്രവര്‍ത്തകരും തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ നിയമ നടപടികളുമായി മുന്നോട്ട്പോയ ഉഷയെ ഡിവോഴ്സ് ചെയ്തുകൊണ്ടാണ്, ആതിരേ ഭര്‍ത്താവ് പീഡിപ്പിച്ചത്. ഭര്‍ത്താവിന്റേയും കുടുംബത്തിന്റെയും മാന്യതയും നിലയും വിലയും ഉഷ നശിപ്പിച്ചു എന്നതായിരുന്നു അയാളുടേയും വീട്ടുകാരുടേയും ആരോപണം. പൊതുസ്ഥലത്ത് ഒരു കാമാന്ധന്റെ അതിക്രമത്തിന് വിധേയയായ ഉഷയെ സംരക്ഷിക്കാനല്ല ഒറ്റിക്കൊടുക്കാനും ഒറ്റപ്പെടുത്താനുമായിരുന്നു ഭര്‍ത്താവും ബന്ധുക്കളും സഹപ്രവര്‍ത്തകരും ശ്രമിച്ചത്.
ആ നീചനിലപാടുകളില്‍ നിന്ന് സമൂഹമിന്ന് ഏറെ മുന്നോട്ട്പോയിട്ടുണ്ട്. എങ്കില്‍പ്പോലും സ്വതന്ത്രയാകാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശവും അവസരവും സ്ത്രീകള്‍ക്ക് നല്‍കാനുള്ള വിശാലമനസ്ക്കത കേരളത്തിലെ പുരുഷസമൂഹം ഇനിയും കൈവരിച്ചിട്ടില്ല. അതുകൊണ്ടാണ് പലപ്പോഴും പിടക്കോഴികളെപ്പോലെ പതുങ്ങാന്‍ കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകള്‍പോലും നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ ആ നാളുകള്‍ അവസാനിക്കുകയാണെന്നും കേരളത്തിലെ സ്ത്രീസമൂഹം പ്രതികരണത്തിന്റേയും പ്രതിരോധത്തിന്റേയും പ്രതിഷേധത്തിന്റേയും കനലുകളാവുകയാണെന്നും തെളിയിക്കുകയാണ്, ആതിരേ, ജയഗീതയും ഹേമലതയും ബെന്‍സിയും.
Subscribe to:
Post Comments (Atom)
No comments:
Post a Comment