Friday, March 2, 2012
സ്ത്രീകള്‍ ട്രെയിന്‍ യാത്ര നിര്‍ത്തണമെന്നാണോ..?
ജയഗീതയെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട് ടിടിഇമാരെ, പൊതുസമൂഹത്തിന്റെ പ്രതിഷേധം ശക്തമായപ്പോള്‍ സസ്പെന്‍ഡ് ചെയ്ത റെയില്‍വേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരെ തിരിച്ചെടുത്തുകൊണ്ട് ജയഗീതയെപ്പോലെ വഴങ്ങാതെ അഭിമാനം കാക്കുന്ന സ്ത്രീകള്‍ വിഡ്ഢികളാണെന്നും റെയില്‍വേയുടെ പുരുഷ ടിടിഇമാര്‍ സ്ത്രീവേട്ട തുടരുമെന്നുമുള്ള സന്ദേശമാണ് നല്‍കിയിട്ടുള്ളത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് ഉത്തരവാദിത്തമില്ലെന്നും അത് നടപ്പിലാക്കേണ്ടത് അതാത് സംസ്ഥാന പോലീസാണെന്നും റെയില്‍വേ പറയുമ്പോള്‍ ഒരു ഒത്തുകളിയുടെ ദുര്‍ഗന്ധമാണ് ഉയരുന്നത്. ദൂഷിത വൃത്തമാണ് പൂര്‍ത്തിയാകുന്നത്.
സൗമ്യയുടെ ദുരന്തം റെയില്‍വേ അധികൃതരെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്നാണ്, ആതിരേ, നിരന്തരം ട്രെയിനില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പീഡനവും പീഡന ശ്രമങ്ങളും വ്യക്തമാക്കുന്നത്.
സൗമ്യ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുയര്‍ന്ന ജനകീയ പ്രതിഷേധത്തെ തണുപ്പിക്കാനാവണം ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം റെയില്‍വേ അധികൃതരില്‍ നിന്നുണ്ടായത്. അന്ന് ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന് മധ്യഭാഗത്തേക്ക് സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ് മാറ്റുമെന്നും ഉറപ്പു നല്‍കിയതാണ്. എന്നാല്‍, റെയില്‍വേയുടെ ഉറപ്പും പഴയ ചാക്കും ഒരുപോലെയാണെന്ന് സൗമ്യ ദുരന്തം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് മനസ്സിലായി.
മഹാരാഷ്ട്രക്കാരനായ അക്രമിയുടെ കൊലവെറിക്ക് അന്ന് ഇരയായത് കോട്ടയം ഷട്ടിലില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനികളായിരുന്നു. അന്നും പൊതുസമൂഹം പ്രതിഷേധിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ സമാന സ്വഭാവത്തിലുള്ള സംഭവം അരങ്ങേറി. ട്രെയിനില്‍ വില്‍പ്പന നടത്തി ഉപജീവനം കഴിച്ചിരുന്ന മലയാളികളെ നിരോധിച്ച് ഭിക്ഷക്കാര്‍ക്കും ഭിക്ഷക്കാരുടെ വേഷത്തിലെത്തുന്ന പിടിച്ചു പറിക്കാര്‍ക്കും കാമവെറിയന്മാര്‍ക്കും മാഫിയ ഏജന്റുമാര്‍ക്കും യഥേഷ്ടം വിലസാനുള്ള സൗകര്യമാണ് റെയില്‍വെ ഒരുക്കിയിട്ടുള്ളത്. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം ചവറ്റു കൊട്ടയില്‍ തള്ളി കേരളത്തിന്റെ ആശങ്കകള്‍ക്ക് നേരെയാണ് റെയില്‍വേ കാര്‍ക്കിച്ചു തുപ്പുന്നത്.
വകുപ്പ് അധികൃതരുടെ ഈ പ്രതിലോമ നിലപാടിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നതാണ്, ആതിരേ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളോടുള്ള ടിടിഇമാരുടെ സമീപനവും മാനഭംഗശ്രമങ്ങളും. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത യുവകവി ജയഗീതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് മലയാളികളായ രണ്ട് ടിടിഇമാരായിരുന്നു. സ്ഥിരം യാത്രക്കാരിയായ ജയഗീതയെ വളയ്ക്കാനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടപ്പോള്‍ അവരെ ചിത്രവധം ചെയ്ത് നശിപ്പിക്കാനാണ് ടിടിഇമാരും അവരുടെ അസോസിയേഷനും റെയില്‍വേ പോലീസും ശ്രമിച്ചത്. ട്രെയിനിലെ ഒന്നാം ക്ലാസ് കേന്ദ്രീകരിച്ച് മദ്യപാനവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് ജയഗീത വെളിപ്പെടുത്തിയത് എത്രപേര്‍ ഗൗരവത്തിലെടുത്തു എന്ന് ഞങ്ങള്‍ക്കറിയില്ല. ഒറ്റയ്ക്കിരിക്കുന്ന യാത്രക്കാരികളെ പ്രലോഭിപ്പിച്ച് പീഡനത്തിന് വിധേയമാക്കാന്‍ ടിടിഇമാര്‍ തയ്യാറാകുന്നുണ്ടെങ്കില്‍ അത്തരത്തില്‍ വഴങ്ങിക്കൊടുക്കുന്ന ഒരു വിഭാഗം സ്ത്രീയാത്രക്കാര്‍ കേരളത്തില്‍ ഓടുന്ന ട്രെയിനുകളിലുണ്ട് എന്നതാണ് മറുപുറം. സ്ത്രീ സമൂഹത്തിന് നാണക്കേടും അഭിമാനക്ഷതങ്ങളുമായ ഇത്തരം സ്ത്രീകളെ അടിസ്ഥാനപ്പെടുത്തി ടിടിഇമാര്‍ മറ്റുള്ളവരെയും വിലയിരുത്തുകയും സമീപിക്കുകയും ചെയ്യുമ്പോള്‍ എതിര്‍ക്കാതെ വഴങ്ങുന്നതായ സംഭവങ്ങളും എതിര്‍ത്തിട്ടും കീഴടക്കപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. മാന്യതയുടെയും നാണക്കേടിന്റെയും പേരില്‍ ഇത്തരം അധികൃമങ്ങളെ മൂടിവയ്ക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും താത്പര്യം. ഈ പിടക്കോഴി നയമാണ് വീണ്ടും വീണ്ടും സ്ത്രീകളെ മുതലെടുക്കാന്‍ ടിടിഇമാര്‍ക്ക് സാഹചര്യം ഒരുക്കുന്നത്.
അതുകൊണ്ടാണ് കഴിഞ്ഞ ശനിയാഴ്ച ഗോവയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത പാസ്പോര്‍ട്ട് ഓഫീസിലെ ജീവനക്കാരി ഹേമലതയെ വളയ്ക്കാന്‍ ടിടിഇ ഡല്‍ഹി സ്വദേശി രമേശ്കുമാര്‍ ശ്രമിച്ചത്.
വഴങ്ങാനും വളയാനുമുള്ളതല്ല സ്ത്രീ ശരീരവും നട്ടെല്ലും എന്ന് വ്യക്തമാക്കി ഹേമലത നിയമനടപടികള്‍ക്ക് തയ്യാറായപ്പോള്‍ ട്രെയിനില്‍ നിന്ന് തന്നെ രമേശ് കുമാറിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് അറസ്റ്റ് ചെയ്യേണ്ടി വന്നു. ഈ സംഭവത്തോടെ വീണ്ടും ട്രെയിനിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷ പ്രശ്നം ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കാലാകാലങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ഇത്തരം ആരോപണങ്ങളിലെ വില്ലന്മാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ വകുപ്പ് തയ്യാറാകാത്തത് കൊണ്ടാണ്, ആതിരേ ടിടിഇമാര്‍ ഇങ്ങനെ അഴിഞ്ഞാടുന്നത്.
ജയഗീതയെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട് ടിടിഇമാരെ, പൊതുസമൂഹത്തിന്റെ പ്രതിഷേധം ശക്തമായപ്പോള്‍ സസ്പെന്‍ഡ് ചെയ്ത റെയില്‍വേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരെ തിരിച്ചെടുത്തുകൊണ്ട് ജയഗീതയെപ്പോലെ വഴങ്ങാതെ അഭിമാനം കാക്കുന്ന സ്ത്രീകള്‍ വിഡ്ഢികളാണെന്നും റെയില്‍വേയുടെ പുരുഷ ടിടിഇമാര്‍ സ്ത്രീവേട്ട തുടരുമെന്നുമുള്ള സന്ദേശമാണ് നല്‍കിയിട്ടുള്ളത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് ഉത്തരവാദിത്തമില്ലെന്നും അത് നടപ്പിലാക്കേണ്ടത് അതാത് സംസ്ഥാന പോലീസാണെന്നും റെയില്‍വേ പറയുമ്പോള്‍ ഒരു ഒത്തുകളിയുടെ ദുര്‍ഗന്ധമാണ് ഉയരുന്നത്. ദൂഷിത വൃത്തമാണ് പൂര്‍ത്തിയാകുന്നത്.
ഹേമലത സംഭവം കഴിഞ്ഞതോടെ ഡിജിപി അടക്കമുള്ളവരാണ് ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വചോടാപങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടു മൂലമാണ് കേരള പോലീസിന് ട്രെയിന്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് എന്നാണ് ഡിജിപി ജേക്കബ് പുന്നൂസ് വിലപിക്കുന്നത്. കേരളത്തില്‍ ഓടുന്ന ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേരള പോലീസ് തയ്യാറാണെന്നും എന്നാല്‍, പോലീസുകാര്‍ക്ക് പൊതുയാത്ര പാസ് നല്‍കാന്‍ റെയില്‍വേ തയ്യാറല്ലെന്നുമാണ് ജേക്കബ് പുന്നൂസ് വെളിപ്പെടുത്തിയത്. റെയില്‍വേ സുരക്ഷാ സേനയിലെ 980 പേരും കേരള പോലീസില്‍ നിന്ന് ഡപ്യൂട്ടേഷന്‍ ജോലി ചെയ്യുന്ന 450 പേരുമാണ് ഇപ്പോള്‍ കേരളത്തില്‍ ഓടുന്ന ട്രെയിനിലെ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത്. കൂടുതല്‍ പോലീസിനെ നിയോഗിക്കാന്‍ പോലീസ് വകുപ്പും സംസ്ഥാന സര്‍ക്കാരും തയ്യാറാകുമ്പോഴും അവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരമൊരുക്കാതെ പീഡകരായ യാത്രക്കാര്‍ക്കും ടിടിഇമാര്‍ക്കും സൗകര്യം ഒരുക്കുകാനാണ് റെയില്‍വേ റെയില്‍വേയുടെ ശുഷ്ക്കാന്തി.ഇതിലൂടെ കേരളത്തില്‍ ട്രെയിന്‍ യാത്ര നടത്തുന്ന സ്ത്രീകളുടെ മാന്യതയാണ് ഡിപ്പാര്‍ട്ട്മന്റ് വലിച്ചു കീറുന്നത്.
. പൊള്ളിക്കുന്ന ഈ വാസ്തവം മനസ്സിലാക്കി സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നോ ഇതുവരെ ക്രിയാത്മകമായ നീക്കം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞേ തീരൂ. അതുകൊണ്ടാണ് ടിടിഇമാര്‍ ഇങ്ങനെ അഴിഞ്ഞാടുന്നത്. ഗോവിന്ദച്ചാമിമാര്‍ മാത്രമല്ല രമേശ് കുമാര്‍മാരും ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സ്വസ്ഥത കെടുത്തുന്നുണ്ടെന്നും അവരെ ചൂഷണം ചെയ്യുന്നുണ്ടെന്നും വ്യക്തമായിട്ടും കാഴ്ചക്കാരായി നില്‍ക്കുകയാണ്, ആതിരേ സംസ്ഥാന സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ റെയില്‍വേ പുലര്‍ത്തുന്ന അനാസ്ഥയ്ക്കെതിരെ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കി ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഉത്തരവ് സമ്പാദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് വൈകുന്നേരം ഒരു മിനിട്ടിലും ടിടിഇ പീഡനത്തിന്റെ പുതിയ കഥകളാണ് പുറത്തു വരാന്‍ പോകുന്നത്.
പരാക്രമങ്ങള്‍ സ്ത്രീകളോടല്ല വേണ്ടൂ എന്ന് പറയാനും പ്രതികളെ അറസ്റ്റ് ചെയ്യാനുമുള്ള തന്റേടവും ഇച്ഛാശക്തിയും റെയില്‍വേ പ്രദര്‍ശിപ്പിക്കാത്തകാലത്തോളം കേരളത്തിലെ സ്ത്രീകള്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുന്നതാണ് അവരുടെ സുരക്ഷയ്ക്ക് ഗുണകരം എന്നാണോ വായിച്ചെടുക്കേണ്ടത്,ആതിരേ?!
Subscribe to:
Post Comments (Atom)
No comments:
Post a Comment