Tuesday, February 28, 2012

പി. രാജീവും കൂട്ടരും അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക്‌ പാര്‍ലമെന്റിനെ അടിയറവയ്ക്കുമ്പോള്‍


സിപിഎമ്മിന്റെ വര്‍ത്തമാലകാല നേതൃത്വവും യുവാക്കളായ സാരഥികളും എത്തിപ്പെട്ടിരിക്കുന്ന ആശയ - പ്രത്യയ ശാസ്ത്ര ജീര്‍ണതകളുടെ നേര്‍ രൂപങ്ങള്‍ കൂടിയാണ്‌ ഈ രണ്ട്‌ എം.പിമാരും. പുതിയ നേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിരുദ്ധവും മുതലാളിത്തസന്നിഭവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച്‌ അണികളുടേയും പൊതുസമൂഹത്തിന്റേയും എതിര്‍പ്പ്‌ ക്ഷണിച്ച്‌ വരുത്തുന്ന നടപടികളുടെ തുടര്‍ച്ചയായിട്ട്‌ വേണം ഇതിനെ വിലയിരുത്താന്‍. ആഢംബരവും ആര്‍ത്തിയും അഴിഞ്ഞാട്ടവും മുഖമുദ്രയായിട്ടുള്ള വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ്‌ നേതൃത്വം രാഷ്ട്രത്തെ അമേരിക്കയ്ക്ക്‌ അടിയറ വെയ്ക്കാനുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. വി.എസിനെ വിട്ട്‌ പിണറായി പക്ഷത്തേയ്ക്ക്‌ പി.രാജീവ്‌ ചേക്കേറാനുള്ള കാരണവും ഇതൊക്കെത്തന്നെയാണെന്ന്‌ വിശ്വസിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ പി രാജീവനും മൊയ്നുല്‍ ഹസനുമെതിരെ നടപടിയെടുക്കാന്‍ നേതൃത്വത്തിന്‌ കഴിയുകയുമില്ല.

ആജന്മ ശത്രുവായി എപ്പോഴും വിശേഷിപ്പക്കപ്പെടുന്ന അമേരിക്കയില്‍ നിന്നുള്ള സഹായം സി.പി.എമ്മിന്റെ രണ്ട്‌ യുവ എം.പിമാര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നു എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്‌, ആതിരേ
പരമാധികാര സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സ്വയംശീര്‍ഷത്വവും സ്വതന്ത്രരായി ജീവിക്കാനുള്ള ഇന്ത്യന്‍ പൗരന്മാരുടെ അവകാശവും കവര്‍ന്നെടുത്ത്‌ രാജ്യത്തെ അമേരിക്കന്‍ കമ്പോളമാക്കി മാറ്റാനുള്ള അധിനിവേശ ശ്രമങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും നടക്കുമ്പോഴാണ്‌ ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തില്‍ യാങ്കി കഴുകന്‌ പി. രാജീവും ബംഗാളില്‍ നിന്നുള്ള മൊയ്നുള്‍ ഹസനും ചേക്കയിരിക്കാന്‍ ഇടം നല്‍കിയിരിക്കുന്നത്‌. പാശ്ചാത്യ മൂലധനചൂഷകരോടും കുത്തക കമ്പോളശക്തികളോടും ഒരുവിധത്തിലുമുള്ള അനുരജ്ഞനം സാധ്യമല്ല എന്ന്‌ പുറമെയ്ക്ക്‌ പറയുകയും അത്തരം ബഹുരാഷ്ട്ര കുത്തകഭീമന്മാര്‍ക്ക്‌ ചൂഷണത്തിന്‌ അവസരമൊരുക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നവ ലിബറല്‍ നിലപാടുകളുടെ സാധൂകരണവും സാന്നിദ്ധ്യങ്ങളുമാണ്‌ രാജീവും മൊയ്നുല്‍ ഹസനും.
ആതിരേ, അമേരിക്കന്‍ സംഘടനയായ ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ സഹായത്തോടെ 2005 ല്‍ സ്ഥാപിച്ച പി.ആര്‍.എസ്‌. ലജിസ്ലേറ്റീവ്‌ റിസര്‍ച്ച്‌ എന്ന സംഘടനയുടെ സഹായത്തോടെയാണ്‌, ആതിരേ കേരളത്തില്‍ നിന്നുള്ള വിപ്ലവ നക്ഷത്രം പി.രാജീവ്‌ പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയത്‌ എന്ന വെളിപ്പെടുത്തല്‍ സി.പി.എമ്മിനേയും വെട്ടിലാക്കിയിട്ടുണ്ട്‌. എം.പിമാരുടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ സഹായിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്ത്‌ പ്രത്യേക സംവിധാനം ഉണ്ടായിരിക്കെ അത്‌ മറികടന്ന്‌ ആഗോളകുത്തക ഭീമന്റെ സാമ്പത്തിക സഹായത്തോടെ പി.രാജീവും മൊയ്നുല്‍ ഹസനും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയത്‌ പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ള നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന ചോദ്യത്തിന്‌ പാര്‍ട്ടി ഉത്തരം പറഞ്ഞേ മതിയാകൂ.
അമേരിക്കന്‍ ഫണ്ടിംഗിന്‌ നിരന്തരം എതിര്‍ക്കുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്ന്‌ ഇങ്ങനെയൊരു വ്യതിയാനം ഉണ്ടായത്‌ യാദൃച്ഛികമല്ല എന്നതാണ്‌ ആശങ്കയുളവാക്കുന്ന വാസ്തവം. ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ സഹായത്തോടൊപ്പം ഗൂഗിള്‍ ഫൗണ്ടേഷന്റെ സഹായത്തോടെയും സ്ഥാപിതമായിട്ടുള്ള ഇത്തരത്തില്‍ ഒരു സംവിധാനത്തിന്റെ ലക്ഷ്യം പി രാജീവിനും മൊയ്നുള്‍ ഹസനും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നു വിശ്വസിക്കാന്‍ വിഢികളല്ല കേരളീയരെല്ലാം.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി.രാജീവ്‌ അടക്കമുള്ള നേതാക്കള്‍ എന്‍ജിഒകളേയും (നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സ്‌) അവയിലൂടെ ഇന്ത്യയിലേയ്ക്ക്‌ മൂലധന ചൂഷകരുടെ ഫണ്ട്‌ ഒഴുകുന്നതിനേയും പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും എതിര്‍ത്തുകൊണ്ടിരിക്കുകയാണ്‌. അത്തരം സംഘടനകള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ചിട്ടുള്ളവരാണ്‌ രാജീവും മൊയ്നുല്‍ ഹസനും. ഇവരാണിപ്പോള്‍ മുതലാളിത്ത ചൂഷണത്തിന്റെ അഞ്ചാം പത്തികളായി മാറിയിരിക്കുന്നത്‌.
രാജീവിനും മൊയ്നുല്‍ ഹസനും സഭാ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഗവേഷണ പിന്തുണയും വിവര ശേഖരണവും നടത്തുന്നത്‌ പി.ആര്‍.എസ്‌ ലജിസ്ലേറ്റീവ്‌ റസര്‍ച്ചാണ്‌. മണ്ഡലത്തിന്റെ സമഗ്രചിത്രം മുതല്‍ സഭയില്‍ ഉന്നയിക്കേണ്ട ചോദ്യം വരെ തയ്യാറാക്കുന്നത്‌ ഇവരാണ്‌. അതായത്‌ വിപ്ലവം പ്രസംഗിക്കുകയും ആഗോള കുത്തകള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന ഈ മാര്‍ക്സിസ്റ്റുകള്‍ പാര്‍ലമെന്റില്‍ എന്ത്‌ ചെയ്യണമെന്നതിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നത്‌ അമേരിക്കന്‍ സഹായമുള്ള ഈ സംഘടനയായിരുന്നു. മുതലാളിത്തത്തിനും കുത്തകകളുടെ അധിനിവേശത്തിനുമെതിരെ പി.രാജീവ്‌ രാജ്യസഭയില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും അവതരിപ്പിച്ചിട്ടുള്ള പ്രമേയങ്ങളും ഇത്തരത്തില്‍ തയ്യാറാക്കിയവയാണ്‌. ഉപരിതലത്തില്‍ അവ അമേരിക്കയേയും വിരുദ്ധവും കുത്തകകളേയും എതിര്‍ക്കുന്നതാണെന്ന്‌ ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും ഇവയ്ക്കുവേണ്ടി ശേഖരിച്ച വിവരങ്ങള്‍ അമേരിക്കയ്ക്ക്‌ കൈമാറാന്‍ അവസരമൊരുക്കി ക്യാപിറ്റല്‍പനിഷ്മെന്റിന്‌ അര്‍ഹതയുള്ള ക്രിമിനല്‍ രാജ്യദ്രോഹമാണ്‌, ആതിരേ, പി. രാജീവ്‌ നടത്തിയതിയിരിക്കുന്നത്‌.
പാര്‍ലമെന്റിലെ ഇരു സഭകളില്‍ നിന്നുമായി 42 ഓളം എം.പിമാര്‍ പി.ആര്‍.എസ്‌ ലജിസ്ലേറ്റീവ്‌ എന്ന സംഘടനയുടെ ഗുണഭോക്താക്കളാണ്‌. ഇതില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പി പി.സി. ചാക്കോയും സംസ്ഥാന ധനമന്ത്രി കെ.എം. മാണിയുടെ പുത്രനും ലോക്സഭാ അംഗവുമായ ജോസ്‌ കെ. മാണിയും ഉള്‍പ്പെടുന്നു. വന്‍തുക ഫെലോഷിപ്പ്‌ നല്‍കി നിയമിക്കുന്ന ജീവനക്കാരാണ്‌ എം.പിമാര്‍ക്കുവേണ്ടി ഗവേഷണവും ഗൃഹപാഠവും ചെയ്യുന്നത്‌. ഇങ്ങനെ ഫെലോഷിപ്പ്‌ ലഭിച്ചവരില്‍ മുന്‍ എം.പിയും എം.എല്‍.എയും ഇടുതപക്ഷ സഹയാത്രികനും മാധ്യമ വിചാരകനുമായ പ്രൊഫ. സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ ഷോണ്‍ സെബാസ്റ്റ്യനും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ജനതയുടെ താത്പര്യങ്ങളുടെ ശത്രുവാണെന്നും ഇന്ത്യയിലേയ്ക്ക്‌ കടന്നുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആഗോള കുത്തകയാണെന്നും വിശേഷിപ്പക്കെപ്പെടുന്ന അമേരിക്കയോടുള്ള സമീപനത്തില്‍ സ്വന്തം കാര്യം വരുമ്പോള്‍ രാജ്യദ്രോഹ നിലപാട്‌ സ്വീകരിക്കാന്‍ പി.രാജീവിനും മൊയ്നുല്‍ ഹസനും അടങ്ങുന്ന മാര്‍ക്സിസ്റ്റ്‌ സംഘത്തിന്‌ ഉളുപ്പൊട്ടുമില്ലെന്ന്‌ ഇപ്പോള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു. അണികളില്‍ നിന്നും പ്രത്യയശാസ്ത്ര സുതാര്യതയില്‍ നിന്നും വര്‍ഗശത്രുവിനെതിരായ സുദൃഢമായ നിലപാടുകളില്‍ നിന്നും സി.പി.എമ്മിന്‌ സംഭവിച്ച വ്യതിചലനങ്ങളും അതിലൂടെ കടന്നെത്തിയ വലതുപക്ഷ ആഭിമുഖ്യവുമാണ്‌ പി. രാജീവും മൊയ്നുല്‍ ഹസനും പ്രതിനിധീകരിക്കുന്നതെന്നര്‍ത്ഥം.
സിപിഎമ്മിന്റെ വര്‍ത്തമാലകാല നേതൃത്വവും യുവാക്കളായ സാരഥികളും എത്തിപ്പെട്ടിരിക്കുന്ന ആശയ - പ്രത്യയ ശാസ്ത്ര ജീര്‍ണതകളുടെ നേര്‍ രൂപങ്ങള്‍ കൂടിയാണ്‌, ആതിരേ, ഈ രണ്ട്‌ എം.പിമാരും. പുതിയ നേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിരുദ്ധവും മുതലാളിത്തസന്നിഭവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച്‌ അണികളുടേയും പൊതുസമൂഹത്തിന്റേയും എതിര്‍പ്പ്‌ ക്ഷണിച്ച്‌ വരുത്തുന്ന നടപടികളുടെ തുടര്‍ച്ചയായിട്ട്‌ വേണം ഇതിനെ വിലയിരുത്താന്‍. ആഢംബരവും ആര്‍ത്തിയും അഴിഞ്ഞാട്ടവും മുഖമുദ്രയായിട്ടുള്ള വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ്‌ നേതൃത്വം രാഷ്ട്രത്തെ അമേരിക്കയ്ക്ക്‌ അടിയറ വെയ്ക്കാനുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. വി.എസിനെ വിട്ട്‌ പിണറായി പക്ഷത്തേയ്ക്ക്‌ പി.രാജീവ്‌ ചേക്കേറാനുള്ള കാരണവും ഇതൊക്കെത്തന്നെയാണെന്ന്‌ വിശ്വസിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ പി രാജീവനും മൊയ്നുല്‍ ഹസനുമെതിരെ നടപടിയെടുക്കാന്‍ നേതൃത്വത്തിന്‌ കഴിയുകയുമില്ല.
കോണ്‍ഗ്രസ്‌ അടക്കമുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംവിധാനങ്ങളും ഇന്ത്യയെ വിറ്റ്‌ തുലയ്ക്കാന്‍ മത്സരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും വര്‍ഗബഹുജന ഐക്യത്തിലൂടേയും പ്രക്ഷോഭങ്ങളുലൂടേയും ആഗോള കുത്തകകളെ എതിര്‍ത്ത്‌ തോല്‍പിക്കാനും ബാധ്യസ്ഥരായവര്‍ അമേരിക്കയുടെ പിണിയാളുകളായി പരിണമിച്ചതോടെ സ്വതന്ത്രരായി സ്വയം ശീര്‍ഷത്വത്തോടെ ജീവിക്കാമെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത്‌ നടക്കില്ലെന്നുറപ്പായി. വിപ്ലവ വായാടികളടക്കമുള്ള വഞ്ചകപരിഷകള്‍ ഇന്ത്യയെ അനുദിനം ആഗോള കുത്തകകള്‍ക്ക്‌ വിറ്റുകൊണ്ടിരിക്കുകയാണ്‌. ഇതിനെതിരെയാണ്‌ രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായിരിക്കുന്നത്‌. അതിന്‌ ആരെല്ലാം തയ്യാറാണ്‌ എന്നതാണ്‌ ,ആതിരേ,കാലം മുന്നോട്ടുവയ്ക്കുന്ന ചോദ്യം

No comments: