Thursday, February 16, 2012

ബാങ്കുകളുടെ 'കൊലവെറി' തുടരുമ്പോള്‍


കാര്‍ഷിക വായ്പകള്‍ തിരിച്ചു പിടിക്കുന്ന അതേ ആവേശത്തോടെ വിദ്യാഭ്യാസ വായ്പകളും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്‌ ബാങ്കുകള്‍. വിദ്യാഭ്യാസ വായ്പ എടുത്ത്‌ പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷാകര്‍ത്താക്കളും പുതിയ പ്രതിസന്ധിയിലായിരിക്കുകയാണ്‌. നഴ്സിംഗ്‌ പഠനത്തിനാണ്‌ ഈ വായ്പയിലധികവും എടുത്തിട്ടുള്ളത്‌. നഴ്സുമാരുടെ അവസ്ഥ എന്താണെന്ന്‌ എല്ലാവര്‍ക്കും അറിയാം. വായ്പ തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്ത അവരില്‍ എത്ര പേര്‍ ജപ്തി നടപടികളെ നേരിടാന്‍ ശക്തിയില്ലാതെ ആത്മഹത്യ ചെയ്യുമെന്നതാണ്‌ കേരളത്തിന്റെ പുതിയ ആശങ്ക. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ആത്മഹത്യകളായിരിക്കും ഇനി വാര്‍ത്തകളില്‍ നിറയുക. സംശയമില്ല. അപ്പോഴും ഷണ്ഡത്വം നിറഞ്ഞതും ജനവിരുദ്ധമായതുമായ നിലപാട്‌ തന്നെയായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുക.



ആതിരേ,സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഷെഡ്യൂള്‍ഡ്‌ ബാങ്കുകളുടെ ഇരട്ടത്താപ്പിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെ കര്‍ഷകവിരുദ്ധ നയങ്ങളുടേയും കൊമ്പുകളില്‍ ജീവിതം അവസാനിപ്പിക്കുന്ന കര്‍ഷകരുടെ പരമ്പര തുടരുകയാണ്‌. കാക്കവയല്‍ കല്ലൂപ്പാടിക്കടുത്ത്‌ കുപ്പാടി ഇലവങ്കച്ചാലില്‍ സജീവന്‍ (38) ചൊവ്വാഴ്ച രാത്രി ആത്മഹത്യ ചെയ്തതോടെ കടക്കെണിയിലായി ആത്മഹത്യ ചെയ്തവരുടെ എണ്ണം 18 ആയി. നാലുമാസത്തിനിടയിലാണ്‌ കേരളത്തിന്റെ വിവിധ ജില്ലകളിലെ ഈ 18 കര്‍ഷകര്‍ ജീവിതം വലിച്ചെറിഞ്ഞത്‌..
ഈ ദാരുണാന്ത്യങ്ങള്‍ സര്‍ക്കാരിന്‌ മരണക്കണക്കും ബാങ്കുകള്‍ക്ക്‌ കിട്ടാക്കടവും മാത്രമാകുമ്പോള്‍ 18 കുടുംബങ്ങളാണ്‌ അനാഥത്വത്തിന്റെ , കടക്കെണിയുടെ ശ്വാസം മുട്ടല്‍ തുടര്‍ന്നും അനുഭവിക്കുന്നത്‌.
കൃഷിനാശവും വളം ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റവും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവുമൊക്കെ ചേര്‍ന്ന്‌ സൃഷ്ടിച്ച പ്രതിസന്ധി രൂക്ഷമാക്കുന്നതാണ്‌ ബാങ്കുകളുടെ ജപ്തി നടപടികള്‍. ഓരോ ആത്മഹത്യക്ക്‌ ശേഷവും ജപ്തി നടപടികളില്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസകരമായ നടപടികള്‍ ഉണ്ടാകുമെന്നും കടക്കെണിയില്‍ നിന്ന്‌ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഉപദേശവും സഹായവും ഉണ്ടാകുമെന്നും പ്രസ്താവനകളിറക്കി വഞ്ചിക്കുകയല്ലാതെ ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഭരണകൂടമോ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളോ ശ്രമിക്കാറില്ല. വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ തുടരുന്ന ഇരട്ടത്താപ്പ്‌ നയം ഇന്നോ ഇന്നലെയോ അല്ല വിമര്‍ശന വിധേയമായത്‌. വന്‍കിട ഭൂഉടമകള്‍ക്കും വ്യവസായികള്‍ക്കും കോടികള്‍ ,ഈടുപോലുമില്ലാതെ വായ്പയായി നല്‍കുന്നിടത്താണ്‌ അഞ്ചോ ആറോ ലക്ഷം രൂപ വായ്പയായി നല്‍കിയത്‌ തിരിച്ചു പിടിക്കാന്‍ മനുഷ്യത്വത്തിന്റെ ലാഞ്ജന ലേശവുമില്ലാത്ത ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട്‌ വരുന്നത്‌.ആതിരേ, സംഘടിതമായ ഈ പ്രതിലോമനിലപാടുകളാണ്‌ കര്‍ഷക ആത്മഹത്യകള്‍ക്ക്‌ കാരണമെന്നത്‌ പുതിയ അറിവുമല്ല.
യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ്‌ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വീണ്ടും ആരംഭിച്ചത്‌. കുത്തകകളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത കര്‍ഷക വിരുദ്ധ നയങ്ങളുടെ പ്രയോക്താക്കളായി ഉമ്മന്‍ചാണ്ടിയും കൂട്ടരും അധികാരം ഏറ്റതോടെ കര്‍ഷകരുടെ ഗതികേട്‌ ആരംഭിക്കുകയായി. സര്‍ക്കാര്‍ കര്‍ഷകരെ കൈയ്യൊഴിഞ്ഞു എന്നു ബോധ്യമായപ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ജപ്തി നടപടികള്‍ പൂര്‍വ്വാധികം ശക്തിയോടെ ബാങ്കുകള്‍ ആരംഭിക്കുകയും കര്‍ഷക ആത്മഹത്യാവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൃഷികേന്ദ്രീകൃത സമ്പദ്ക്രമം പിന്‍പറ്റുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണതലത്തിലും നിര്‍വ്വഹകരണ രീതിയിലും വന്നു ചേര്‍ന്നിട്ടുള്ള കര്‍ഷക വിരുദ്ധ മനസ്ഥിതിയും അതു മുതലെടുക്കുന്ന ബാങ്കിംഗ്‌ സ്ഥാപനങ്ങളുടെ ബീഭത്സതയുമാണ്‌ ഈ വാര്‍ത്തകളില്‍ നിറയുന്നത്‌.
കര്‍ഷക ആത്മഹത്യകള്‍ വീണ്ടും പരമ്പരയായപ്പോള്‍ കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിന്‌ പ്രധാനപ്പെട്ട നാല്‌ പ്രഖ്യാപനങ്ങളാണ്‌, ആതിരേ, ഉണ്ടായത്‌. അതില്‍ പ്രധാനം കര്‍ഷക വായ്പകള്‍ക്ക്‌ മോറോട്ടോറിയം പ്രഖ്യാപിക്കുക എന്നതായിരുന്നു. പക്ഷേ, ആ തീരുമാനത്തിന്റെ മഷി ഉണങ്ങും മുന്‍പ്‌ ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിച്ചതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ബാങ്കുകള്‍ക്ക്‌ മുന്നോട്ട്‌ വയ്ക്കാന്‍ ഒരു ന്യായമുണ്ട്‌. മോറോട്ടോറിയം സംബന്ധിച്ച്‌ സര്‍ക്കാരില്‍ നിന്ന്‌ ഇതുവരെ രേഖാമൂലമായ അറിയിപ്പ്‌ തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല എന്നതാണത്‌. ഈ ആരോപണത്തില്‍ തെറ്റുണ്ടാകാന്‍ സാധ്യതയില്ല. കാരണം, ജനപക്ഷതീരുമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന ജാഗ്രതാപൂര്‍ണ്ണമായ നിര്‍ബന്ധം യുഡിഎഫ്‌ സര്‍ക്കാരിനില്ല. അത്‌ ഈ സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ സ്റ്റാമ്പായി എല്ലാ മേഖലകളിലും പതിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌.
കര്‍ഷകര്‍ കാര്‍ഷിക വായ്പയെടുത്തിട്ടുള്ളത്‌ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളില്‍ നിന്നാണ്‌. സര്‍ക്കാരിന്റെ മോറോട്ടോറിയത്തിന്റെ പരിധിയില്‍ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. എത്ര കൗശലപൂര്‍വ്വം, ബുദ്ധിപൂര്‍വ്വകമായിട്ടാണ്‌ ആതിരേ, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുന്നതെന്ന്‌ ശ്രദ്ധിക്കുക. സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ ബാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക്‌ അതിനനുസൃതമായി രേഖാമൂലമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്നു പറയുമ്പോള്‍ കടക്കെണിയില്‍പ്പെട്ട്‌ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെയും അവരുടെ ആശ്രിതരുടെയും കാര്യത്തില്‍ ഈ സര്‍ക്കാരിനുള്ള കരുതല്‍ എത്ര ശുഷ്കമാണെന്നറിയുക.
ജപ്തി നടപടികള്‍ സാവധാനത്തിലാക്കണമെന്നും കര്‍ഷകര്‍ക്ക്‌ വായ്പ തിരിച്ചടയ്ക്കാന്‍ സഹായകമായ ഇളവുകള്‍ ഉണ്ടാകണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത്‌ ചെവിക്കൊള്ളാനോ പ്രവര്‍ത്തിയില്‍ കൊണ്ടുവരാനോ ഒരു ബാങ്കും തയ്യാറായിട്ടില്ല. ഈ 18 ആത്മഹത്യകള്‍ക്കും പ്രത്യക്ഷ കാരണമായി പറഞ്ഞിട്ടുള്ളത്‌ ബാങ്കുകളുടെ ജപ്തി നടപടികളാണ്‌. ഓരോ ആത്മഹത്യ കഴിയുമ്പോഴെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു വന്ന വീഴ്ച പരിഹരിക്കാനും ബാങ്കുകള്‍ക്ക്‌ കൃത്യമായ നിര്‍ദ്ദേശം നല്‍കാനും അതിലൂടെ തുടര്‍ന്ന്‌ ഉണ്ടാകാവുന്ന കര്‍ഷക ആത്മഹത്യകള്‍ തടയാനും ബാധ്യസ്ഥമായ ഭരണകൂടം കാഴ്ചക്കാരായി നോക്കി നില്‍ക്കുമ്പോള്‍ ജീവന്‍ കൊണ്ട്‌ പിഴയടച്ചും മരണം കൊണ്ട്‌ പ്രായശ്ചിത്തം ചെയ്തും കടക്കെണിയോട്‌ കലഹിക്കാനേ സാധാരണ കര്‍ഷകര്‍ക്ക്‌ കഴിയുന്നുള്ളൂ.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കാര്‍ഷിക വായ്പകള്‍ തിരിച്ചു പിടിക്കുന്ന അതേ ആവേശത്തോടെ വിദ്യാഭ്യാസ വായ്പകളും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്‌ ബാങ്കുകള്‍. വിദ്യാഭ്യാസ വായ്പ എടുത്ത്‌ പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷാകര്‍ത്താക്കളും പുതിയ പ്രതിസന്ധിയിലായിരിക്കുകയാണ്‌. നഴ്സിംഗ്‌ പഠനത്തിനാണ്‌ ഈ വായ്പയിലധികവും എടുത്തിട്ടുള്ളത്‌. നഴ്സുമാരുടെ അവസ്ഥ എന്താണെന്ന്‌ എല്ലാവര്‍ക്കും അറിയാം. വായ്പ തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്ത അവരില്‍ എത്ര പേര്‍ ജപ്തി നടപടികളെ നേരിടാന്‍ ശക്തിയില്ലാതെ ആത്മഹത്യ ചെയ്യുമെന്നതാണ്‌ ആതിരേ കേരളത്തിന്റെ പുതിയ ആശങ്ക. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ആത്മഹത്യകളായിരിക്കും ഇനി വാര്‍ത്തകളില്‍ നിറയുക. സംശയമില്ല. അപ്പോഴും ഷണ്ഡത്വം നിറഞ്ഞതും ജനവിരുദ്ധമായതുമായ നിലപാട്‌ തന്നെയായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുക.

No comments: