Sunday, February 19, 2012

ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസ്‌:അനന്യമായ വിശുദ്ധ ധിക്കാരം


വര്‍ഗ്ഗരഹിത സമൂഹവും പങ്കിടലിന്റെ പ്രത്യേയ ശാസ്ത്രവുമായിരുന്നു ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസിന്റെ ക്രൈസ്തവ ദര്‍ശനം. സഭയില്‍ സാമൂഹിക നീതിയുടെ തീക്കാറ്റു വിതച്ച ഒരു പ്രവാചക ജന്മംകൂടിയായിരുന്നു തിരുമേനി. എന്നും മുതലാളിത്തത്തിനെതിരെ പ്രതിഷേധത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിയ ഏക പുരോഹിതനും ഇദ്ദേഹമായിരിക്കണം. ഒരു തത്വശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത മുതലാളിത്തത്തിന്‌ തകരാതെ നിവര്‍ത്തിയില്ല എന്ന്‌ പ്രഖ്യാപിക്കുക വഴി കമ്യൂണിസ്റ്റ്‌ ബിഷപ്പ്‌ എന്ന വിളിപ്പേര്‌ ലഭിച്ച മതനേതാവായിരുന്നു ഡോ. ഒസ്താത്തിയോസ്‌.
പൂക്കളെ ഏറെ സ്നേഹിച്ച ഡോ. ഒസ്താത്തിയോസ്‌ പക്ഷേ, തന്റെ അന്ത്യ യാത്രയില്‍ പൂ വിതറരുത്‌ എന്ന്‌ നിര്‍ബന്ധബുദ്ധിയോടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രകൃതിയുടെ വര്‍ണ്ണസമ്പന്നമായ സാന്ത്വനങ്ങളെപോലും കമ്പോളവല്‍ക്കരിച്ച ലാഭക്കൊതിയോടുള്ള അദ്ദേഹത്തിന്റെ കലഹമായിരുന്നു ഈ തീരുമാനത്തിന്‌ പിന്നില്‍






ചുങ്കക്കാരുടെയും പാപികളുടെയും വേശ്യകളുടെയും പക്ഷത്തു നിന്നുകൊണ്ട്‌ പാപത്തിനും പാപമോചനത്തിനും സ്വര്‍ഗ്ഗരാജ്യത്തിനും നവീന പരിപ്രേക്ഷ്യം ചമച്ച മനുഷ്യപുത്രനായ യേശുക്രിസ്തുവിന്റെ പ്രതിഫലനമായിരുന്നു, ആതിരേ, ജീവിച്ചിരുന്ന ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസ്‌. പങ്കിടലിന്റെയും സാമൂഹിക നീതിയുടെയും സമത്വത്തിന്റെയുമാണ്‌ ദൈവരാജ്യം എന്ന അടിസ്ഥാന വീക്ഷണത്തിലൂന്നി വിശ്വാസപരമായ അനീതികള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ എന്നും കലഹിച്ച വിശുദ്ധ ധിക്കാരം!
വ്യവസ്ഥാപിത ക്രൈസ്തവ ചിന്തകള്‍ക്കും മൂല്യബോധങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തി, ക്രിസ്തു പലവട്ടം ഉപമകളില്‍ ചൂണ്ടിക്കാണിച്ച സമൂഹത്തിലെ ഏറ്റവും ചെറിയവരായ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സാമൂഹികവും ആത്മീകവുമായ മോചനത്തിനും ഉന്നമനത്തിനും വേണ്ടി വാക്കും പ്രവര്‍ത്തിയും വിശുദ്ധ ബൈബിള്‍ അനുശാസിക്കുന്ന വിശുദ്ധിയോടെ കാത്തുസൂക്ഷിച്ച്‌ അവ പ്രവര്‍ത്തിയിലാക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മതപുരോഹിതാണ്‌ കാലയവനികയ്ക്കപ്പുറം മറഞ്ഞ ഒസ്താത്തിയോസ്‌ തിരുമേനി.
വേദവിജ്ഞാനത്തെ അധികാരം കൈയ്യാളാനുള്ള അശ്ലീല തന്ത്രങ്ങളാക്കി മാറ്റിയ മതപൗരോഹിത്യ സമൂഹത്തില്‍ വേദാബോധങ്ങളെ മാനവ സേവയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയ കര്‍മ്മയോഗി, തത്വചിന്തകന്‍, എഴുത്തുകാരന്‍, സുവിശേഷപ്രഘോഷണം നടത്തുന്ന ശ്രേഷ്ഠ ഗുരു- ഡോ. ഒസ്താത്തിയോസിന്‌ ഒരു വിശേഷണവും അന്യമാകുന്നില്ല, ആതിരേ...
ഈ ഭൂമിയും അതിന്റെ വിഭവങ്ങളും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ജീവിതങ്ങള്‍ക്കും കൂടിയുള്ളതാണെന്ന്‌ വിശ്വസിച്ചിരുന്ന; ആ അര്‍ത്ഥത്തില്‍ ആത്മീയവും ഭൗതികവുമായ പ്രവര്‍ത്തനങ്ങള്‍ ഗതി തിരിച്ചുവിട്ട കാരുണ്യത്തിന്റെ നനുത്ത സ്പര്‍ശവും സാന്നിദ്ധ്യവുമായിരുന്നു ജീവിതകാലം മുഴുവന്‍ ഈ പുരോഹിതന്‍. പുരോഹിതവര്‍ഗ്ഗം, വിശ്വാസികളെയും ക്രിസ്തുവിലുള്ള വിശ്വാസത്തെയും വിറ്റു കാശാക്കി ആഡംബരത്തിന്റെയും അധികാരത്തിന്റെയും കൊത്തളങ്ങളില്‍ സുഖിമാന്മാരായി കഴിഞ്ഞപ്പോള്‍, ആതിരേ, താന്‍ തിരിച്ചറിഞ്ഞ സ്നേഹത്തിന്റെ സുവിശേഷം സാധാരണക്കാരിലെത്തിക്കാനും അതിലൂടെ സമത്വ സുന്ദരമായ ഒരു ഭാവി സൃഷ്ടിച്ചെടുക്കാനും അനവരതം പൊരുതിയ മനുഷ്യാവകാശ പോരാളികൂടിയായിരുന്നു അദ്ദേഹം.
പൂക്കളെ ഏറെ സ്നേഹിച്ച ഡോ. ഒസ്താത്തിയോസ്‌ പക്ഷേ, തന്റെ അന്ത്യ യാത്രയില്‍ പൂ വിതറരുത്‌ എന്ന്‌ നിര്‍ബന്ധബുദ്ധിയോടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രകൃതിയുടെ വര്‍ണ്ണസമ്പന്നമായ സാന്ത്വനങ്ങളെപോലും കമ്പോളവല്‍ക്കരിച്ച ലാഭക്കൊതിയോടുള്ള അദ്ദേഹത്തിന്റെ കലഹമായിരുന്നു ഈ തീരുമാനത്തിന്‌ പിന്നില്‍. മരിച്ചു കഴിഞ്ഞാലും ചമഞ്ഞ്‌ കിടക്കണം എന്ന്‌ ശഠിക്കുകയും മരണാനന്തര കര്‍മ്മങ്ങള്‍ പോലും ആഢംബരം നിറഞ്ഞ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന പുരോഹിത ചിന്തകള്‍ക്കെതിരെ ഉയര്‍ന്ന വാളുകളായിരുന്നു അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകള്‍. ഒരിക്കല്‍ പോലും വെള്ളപൂശിയ ശവക്കല്ലറയെന്ന അപമാനത്തിനിടയാക്കുന്ന ഒരു ചിന്തപോലും ആ വലിയ മനുഷ്യനില്‍ നിന്ന്‌ ഉണ്ടായിരുന്നില്ല എന്നത്‌ വര്‍ത്തമാകാല പുരോഹിത വര്‍ഗ്ഗത്തിന്‌, ആതിരേ, മാതൃകയും വെല്ലുവിളിയുമാണ്‌.
വര്‍ഗ്ഗരഹിത സമൂഹവും പങ്കിടലിന്റെ പ്രത്യേയ ശാസ്ത്രവുമായിരുന്നു ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസിന്റെ ക്രൈസ്തവ ദര്‍ശനം. സഭയില്‍ സാമൂഹിക നീതിയുടെ തീക്കാറ്റു വിതച്ച ഒരു പ്രവാചക ജന്മംകൂടിയായിരുന്നു തിരുമേനി. എന്നും മുതലാളിത്തത്തിനെതിരെ പ്രതിഷേധത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിയ ഏക പുരോഹിതനും ഇദ്ദേഹമായിരിക്കണം. ഒരു തത്വശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത മുതലാളിത്തത്തിന്‌ തകരാതെ നിവര്‍ത്തിയില്ല എന്ന്‌ പ്രഖ്യാപിക്കുക വഴി കമ്യൂണിസ്റ്റ്‌ ബിഷപ്പ്‌ എന്ന വിളിപ്പേര്‌ ലഭിച്ച മതനേതാവായിരുന്നു ഡോ. ഒസ്താത്തിയോസ്‌.എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കുന്ന വര്‍ഗ്ഗരഹിത സമൂഹവും അതിന്റെ രാഷ്ട്രീയം ആവശ്യപ്പെടുന്ന പങ്കുവയ്ക്കല്‍ പ്രത്യേയ ശാസ്ത്രവുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ ഡോ. ഒസ്താത്തിയോസിന്റേത്‌. മനുഷ്യപുത്രനായി ലോകത്ത്‌ അവതരിക്കുകയും തന്റെ പരസ്യ ശുശ്രൂഷ കാലത്ത്‌ സമൂഹത്തിലെ അധഃസ്ഥിത വര്‍ഗ്ഗത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അവര്‍ക്കിടയില്‍ ജീവിക്കുകയും അവരുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും ചെയ്ത യേശുക്രിസ്തുവിന്റെ കരുതലും സ്നേഹവും സംജ്ഞസമായി സമ്മേളിക്കുന്ന സുവിശേഷത്തില്‍ അടിസ്ഥാനപ്പെടുത്തിയതായിരുന്നു ഡോ. ഒസ്താത്തിയോസിന്റെ പങ്കുവയ്ക്കല്‍ പ്രത്യയ ശാസ്ത്രം.
വിപണി സമ്പദ്‌ വ്യവസ്ഥയ്ക്കെതിരെ ഇത്ര ശക്തമായി കലഹിച്ച ഒരു പുരോഹിതന്‍ മലയാളികളുടെ ഓര്‍മ്മയില്‍ ഉണ്ടാവുകയില്ല, ആതിരേ. ലോകം കീഴടക്കാനുള്ള അമേരിക്കയുടെ അധിനിവേശ താല്‍പര്യങ്ങളെ അതിന്റെ ദര്‍ശന വേളയിലെല്ലാം തന്നെ നഖശിഖാന്തം എതിര്‍ക്കുകയും ആ പ്രതിരോധനിലപാടിലേക്ക്‌ വിശ്വാസി സമൂഹം ഉയരണമെന്ന്‌ നിരന്തരം ഉദ്ബോധിപ്പിക്കുകയും ചെയ്ത്‌ വ്യവസ്ഥാപിത ക്രൈസ്തവ വിശ്വാസ ധാരയ്ക്ക്‌ മാര്‍ഗ്ഗഭ്രംശം സൃഷ്ടിച്ച കലഹത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായിരുന്നു അദ്ദേഹം. അമേരിക്കയുടെ തകര്‍ച്ച മുന്‍കൂട്ടി കണ്ടിട്ടുള്ള ഒരു മതപുരോഹിതന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്‌ പുച്ഛം നിറഞ്ഞ മറുപടിയാകും ലഭിക്കുക. അമേരിക്ക മുന്നോട്ടു വയ്ക്കുന്ന അധികാരത്തിന്റെയും അധിനിവേശത്തിന്റെയും മുതലെടുപ്പിന്റെയും യുദ്ധത്തിന്റെയും അഞ്ചാം പത്തികളായിട്ടാണ്‌ ലോകമെമ്പാടുമുള്ള ക്രൈസ്തവ പുരോഹിതന്മാര്‍ നിലപാടെടുത്തിട്ടുള്ളത്‌. ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിന്‌ ഒരുകൈയില്‍ ബൈബിളും മറു കൈയില്‍ തോക്കുമേന്തി പോരാടി ധീരരക്തസാക്ഷികളായ പുരോഹിത ശ്രേഷ്ഠന്മാരുടെ മലയാള പതിപ്പായിരുന്നു ഡോ. ഒസ്താത്തിയോസ്‌. ദുരാഗ്രഹം പിടിച്ച വിപണി വ്യവസ്ഥയായിരിക്കും അമേരിക്കയുടെ അന്തകനാകുക എന്ന്‌ തുറന്ന്‌ പറയാന്‍ നാവിനും നട്ടെല്ലിനും ധൈര്യം ഉണ്ടായിരുന്ന ഈ പുരോഹിതന്റെ നഷ്ടം, ആതിരേ, വളരെ വളരെ വലുതാണ്‌.
വിശ്വാസികളെ മുതലെടുപ്പിന്റെ തന്ത്രങ്ങള്‍ക്ക്‌ വശംവദരാക്കി പ്രസംഗിക്കുന്ന സുവിശേഷത്തിനും ബൈബിളിലെ അനുശാനങ്ങള്‍ക്കും നേര്‍ വിപരീതമായ ജീവിതം നയിക്കുകയും ചെയ്ത്‌ ക്രിസ്തുവിനെയും ക്രിസ്തു വിശ്വാസത്തെയും പരിഹസിക്കുന്ന പൗരോഹിത്യ തിന്മകള്‍ക്കിടയില്‍ സുതാര്യവും കാരുണ്യ ഭരിതവുമായ സത്യസന്ധതയായിരുന്നു ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസ്‌.
ദാരിദ്ര്യത്തിന്റെ ബാല്യം നല്‍കിയ മാനവവീക്ഷണം പൗരോഹിത്യത്തിന്റെ ഔന്നത്യങ്ങളിലെത്തിയപ്പോഴും വിടാതെ സൂക്ഷിച്ച്‌ ദാരിദ്ര്യം അനുഭവിക്കുന്ന, നിന്തര ചൂഷണത്തിന്‌ വിധേയമാകുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സാമൂഹികവും ആത്മീയവുമായ വിമോചനത്തിന്‌ കൈത്തിരി തെളിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സുവിശേഷ സാന്നിദ്ധ്യമായിരുന്നു ഡോ. ഗീവര്‍ഗീസ്‌ ഒസ്താത്തിയോസ്‌.
മതനിരപേക്ഷവും സാമൂഹിക സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു ജീവിതക്രമം സ്വപ്നം കണ്ടവര്‍ക്കെല്ലാം ആചന്ദ്രകാലം അപരിഹാരമായ നഷ്ടമാണ്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസിന്റെ നിര്യാണം. വിശുദ്ധമായ ആ ദൗത്യബോധത്തിനുമുന്നില്‍, ആതിരേ, ഞാനും നമ്രശിരസ്കനാകുന്നു.

No comments: