Wednesday, February 8, 2012

വരൂ,നഴ്സുമാരുടെ അവകാശപ്പോരാട്ടത്തില്‍ അണിചേരാം


സമൂഹത്തിലെ മറ്റ്‌ സേവനമേഖലകളിലും പ്രവര്‍ത്തി മണ്ഡലങ്ങളിലും വ്യാപരിക്കുന്നവര്‍ക്ക്‌ സംഘടനാ സ്വാതന്ത്ര്യമുണ്ട്‌. അതിലൂടെ മികച്ച സേവനവേതന വ്യവസ്ഥകള്‍ നേടിയെടുക്കാന്‍ അവസരങ്ങളുമുണ്ട്‌. നിശ്ചിത സമയങ്ങളില്‍, നിലവിലുള്ള മൊത്ത വിലസൂചികയുടെയും അനുബന്ധ ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച്‌ മാന്യമായ വരുമാനം അവരെല്ലാം നേടിയെടുക്കുമ്പോഴും അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും ലോകത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ നഴ്സുമാര്‍. ഗതികേടിന്റെ ഭൂതകാലം കുടഞ്ഞെറിഞ്ഞ്‌ മറ്റ്‌ തൊഴിലാളികള്‍ക്ക്‌ സമശീര്‍ഷരായി അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണ്‌. എന്നുമാത്രമല്ല, ഇക്കാലമത്രയും ചൂഷണത്തിന്റെ ദൂഷിത വലയത്തില്‍ ഉഴറിയ ഇവരെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം, നാമോരൊരുത്തരും ഏറ്റെടുക്കേണ്ടതുമുണ്ട്‌.




സമാധാനകാലത്തും സമരകാലത്തും സമൂഹത്തിന്‌ ഒരുപോലെ അനുപേക്ഷണീയമായ സേവനമാണ്‌, ആതിരേ നഴ്സുമാരുടേത്‌. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ ഹൈടെക്‌ വിജയങ്ങള്‍ രോഗമോചനത്തിനിടയാകുന്നത്‌ നഴ്സുമാരുടെ സ്നേഹനിര്‍ഭരമായ, സ്വാര്‍ത്ഥ രഹിതമായ സേവനത്തിലൂടെ കരുതലിലൂടെ, പരിചരണത്തിലൂടെയാണ്‌ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായി ,.ഉപമയിലൂടെ ക്രിസ്തു ചുണ്ടിക്കാട്ടിയ നല്ല ശമരിയക്കാരന്റെ ദൗത്യം അക്ഷരാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുന്ന ഇവര്‍ പക്ഷേ, അസംഘടിതരും നിരന്തരം നിരവധി ചൂഷണങ്ങള്‍ക്ക്‌ വിധേയരാകുന്നവരുമാണ്‌. രാപകലന്യേ സേവനത്തിന്റെ സൗമ്യസാന്നിദ്ധ്യങ്ങളായി രോഗികളെ പ്രത്യാശയുടെ ശാദ്വലതീരങ്ങളിലേയ്ക്ക്‌ കൈപിടിച്ചെത്തിക്കുന്ന ഇവരില്‍ 99 ശതമാനവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ ദുരിതം പേറിയുഴറുന്നവരാണ്‌..
സമൂഹത്തിലെ മറ്റ്‌ സേവനമേഖലകളിലും പ്രവര്‍ത്തി മണ്ഡലങ്ങളിലും വ്യാപരിക്കുന്നവര്‍ക്ക്‌ സംഘടനാ സ്വാതന്ത്ര്യമുണ്ട്‌. അതിലൂടെ മികച്ച സേവനവേതന വ്യവസ്ഥകള്‍ നേടിയെടുക്കാന്‍ അവസരങ്ങളുമുണ്ട്‌. നിശ്ചിത സമയങ്ങളില്‍, നിലവിലുള്ള മൊത്ത വിലസൂചികയുടെയും അനുബന്ധ ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച്‌ മാന്യമായ വരുമാനം അവരെല്ലാം നേടിയെടുക്കുമ്പോഴും അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും ലോകത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ നഴ്സുമാര്‍.
അവരിലും സംഘടനാ ബോധവും അവകാശ ബോധവും ആനുകൂല്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാനുള്ള സന്നദ്ധതയും ഇപ്പോള്‍ ഉന്നിദ്രമാകുകയാണ്‌. ദശാബ്ദങ്ങളായി നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ക്കുവേണ്ടിയാണ്‌, ആതിരേ, കേരളത്തില്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ ഇന്ന്‌ സമരം ചെയ്യുന്നത്‌ . അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമുള്ള വേതന വ്യവസ്ഥയില്ലാതെയാണ്‌ നഴ്സുമാര്‍ സേവനമനുഷ്ഠിക്കുന്നത്‌. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്നതാണ്‌ ലോകത്തൊഴിലാളി വര്‍ഗ്ഗ മുദ്രാവാക്യം. മറ്റു മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും പൂര്‍ണമായി ഈ അവകാശത്തിന്റെ ഗുണഭോക്താക്കളായി സ്വാസ്ഥ്യം അനുഭവിക്കുമ്പോഴാണ്‌ ദിവസം 20 മണിക്കൂറോളം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരാകുന്നത്‌. ഇന്ന്‌ ഏറ്റവും കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികളും ഇവര്‍ തന്നെയാണ്‌. എന്നാല്‍, ഇവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ സഹായിക്കാനും ഇതുവരെ വിപ്ലവപാര്‍ട്ടികള്‍ പോലും തയ്യാറായിട്ടില്ല സാക്ഷര കേരളത്തിന്‌, പ്രബുദ്ധ കേരളത്തിണ്‌ ഇതില്‍ പരം അപമാനം വേറെന്തുണ്ട്‌?!
ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അസംഘടിത മേഖലകളില്‍പോലും ഒരു തൊഴിലാളിക്ക്‌ ഏറ്റവും അധികം വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണ്‌. സംഘടന കൊണ്ട്‌ ശക്തരായി, വിദ്യകൊണ്ട്‌ പ്രബുദ്ധരായി, അവകാശ പോരാട്ടമുഖങ്ങളില്‍ അഗ്നിശലാകകളായി ജ്വലിച്ച്‌ തൊഴില്‍ മേഖലയില്‍ അനുവദനീയമായിട്ടുള്ള ആനുകൂല്യങ്ങളെല്ലാം മറ്റ്‌ തൊഴില്‍ മേഖലയിലുള്ളവര്‍ നേടിയെടുക്കുമ്പോള്‍, അതിനായി അവരെ സഹായിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അഹമഹമിഹയ മത്സരിക്കുമ്പോഴാണ്‌, ആതിരേ അസംഘടിത വിഭാഗമായി സാമ്പത്തികവും ശാരീരികവുമായ ചൂഷണങ്ങള്‍ക്ക്‌ വിധേയരാകാന്‍ കേരളത്തിലെ നഴ്സുമാര്‍ വിധിക്കപ്പെട്ടിരിക്കുന്നത്‌.
ഗതികേടിന്റെ ഭൂതകാലം കുടഞ്ഞെറിഞ്ഞ്‌ മറ്റ്‌ തൊഴിലാളികള്‍ക്ക്‌ സമശീര്‍ഷരായി അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണ്‌. എന്നുമാത്രമല്ല, ഇക്കാലമത്രയും ചൂഷണത്തിന്റെ ദൂഷിത വലയത്തില്‍ ഉഴറിയ ഇവരെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം,ആതിരേ നാമോരൊരുത്തരും ഏറ്റെടുക്കേണ്ടതുമുണ്ട്‌.
വിവിധ സമുദായങ്ങളും സംഘടനകളുമായി ബന്ധപ്പെട്ടാണ്‌ കേരളത്തിലെ ഭൂരിപക്ഷം ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്‌. സ്നേഹം, സൗമനസ്യം, സേവനം, സഹകരണം,നിസ്വാര്‍ത്ഥത,പ്രയ്ത്നശീലം തുടങ്ങിയ സദ്സ്വഭാവ വ്യാപനത്തിലൂടെ ആരോഗ്യവും വിവേകവുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ദൗത്യത്തില്‍ മറ്റാരേക്കാളും നിഷ്ഠാബദ്ധരായി സേവനമനുഷ്ഠിക്കുന്നവരാണ്‌ നഴ്സുമാര്‍. പക്ഷേ, അത്‌ കാണാന്‍ നമുക്ക്‌ കണ്ണില്ലാതെ പോയി. ശുഭ്രവസ്ത്രത്തിനുള്ളിലെ നഴ്സുമാരുടെ പിടയ്ക്കുന്ന ഹൃദയവും തോരാ കണ്ണീരും നാം ശ്രദ്ധിച്ചില്ല. എന്നാല്‍, ഇനി ഞങ്ങള്‍ നിങ്ങളുടെ അടിമകളവില്ല എന്ന ദൃഢപ്രതിജ്ഞയോടെ സമരസജ്ജരായി അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭശലാകകളാകുകയാണ്‌ നഴ്സുമാര്‍.
ജീവിക്കാന്‍ വേണ്ടിയുള്ള ഇവരുടെ ഈ പോരാട്ടത്തെ ഗുണ്ടാബലം കൊണ്ടും നിയമത്തിന്റെ ആനുകൂല്യങ്ങള്‍ മുതലാക്കിയും അടിച്ചമര്‍ത്താനും ശിഥിലമാക്കാനുമാണ്‌ മാനേജുമെന്റുകളുടെ ശ്രമം. ലോകത്തിന്‌ സ്നേഹത്തിന്റെ പുതിയ മാര്‍ഗ്ഗം ഉപദേശിക്കുന്ന മാതാ അമൃതാനന്ദമയി നേതൃത്വം നല്‍കുന്ന അമൃതാനന്ദമയി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള അമൃത ഹോസ്പിറ്റലില്‍ മാന്യമായ സേവന-വേതന വ്യവസ്ഥകള്‍ക്കുവേണ്ടി പോരാടിയ നഴ്സുമാരെ ഗുണ്ടകളെ ഉപയോഗിച്ച്‌ ശാരീരികമായി നേരിട്ടാണ്‌ മാനേജുമന്റ്‌ തങ്ങളുടെ ക്രിമിനല്‍ മെന്റാലിറ്റി വ്യക്തമാക്കിയത്‌. കൊല്ലം ശങ്കേഴ്സ്‌ ആശുപത്രിയിലും സമാന സ്വഭാവത്തിലുള്ള ആക്രമണമാണ്‌ സമരം ചെയ്ത നഴ്സുമാര്‍ക്കു നേരെ ഉണ്ടായത്‌. അവിടെ ഗര്‍ഭിണിയായ നഴ്സിനെ പോലും ഉപദ്രവിക്കാന്‍ മാനേജുമെന്റിന്‌ മനഃസാക്ഷിക്കുത്തുണ്ടായില്ല. ഇപ്പോള്‍ ലേക്ഷോര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും നടക്കുന്ന സമരം പൊളിക്കാന്‍ ഇരു മാനേജുമെന്റും കൊണ്ടു പിടിച്ച്‌ ശ്രമിക്കുകയാണ്‌. സമരം നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ലേക്ഷോര്‍ മാനേജ്മെന്റിന്‌ കനത്ത ശാസനയാണ്‌ കോടതിയില്‍ നിന്ന്‌ ലഭിച്ചത്‌. കഴിഞ്ഞവര്‍ഷം 900 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാനേജുമെന്റാണ്‌ ഈ ചെറ്റത്തരം കാണിക്കുന്നത്‌. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും കോഴിക്കോട്‌ നാഷണല്‍ ആശുപത്രിയിലും നഴ്സുമാരുടെ സംഘടനാ ബോധം പുതിയ സമര തലത്തിലേക്ക്‌ വളര്‍ന്നിരിക്കുകയാണ്‌. വടക്കേ ഇന്ത്യയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാരുടെ ദാരുണാവസ്ഥ തിരിച്ചറിഞ്ഞ്‌ അവരെ സംഘടിപ്പിക്കാന്‍ സന്നദ്ധയായ ഉഷ കൃഷ്ണകുമാറിന്റെ (മുന്‍ കേന്ദ്രമന്ത്രി കെ.കൃഷ്ണകുമാറിന്റെ ഭാര്യ)സേവനവും സന്നദ്ധതയും സമര്‍പ്പണവും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. അവരെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ..ഇതെഴുതുമ്പോള്‍ കോലഞ്ചേരിയിലെ സമരമുഖത്ത്‌ ഉഷാ കൃഷ്ണകുമാറുണ്ട്‌; സര്‍ക്കാരുമായും തൊഴില്‍ വകുപ്പുമായുള്‍ല അനുരഞ്ജ്ന ചര്‍ച്ചകളില്‍ നഴ്സുമാരുടെ ഭാഗം വീറോടെ വാദിക്കുന്നുമുണ്ട്‌
കേരളത്തിലെ നഴ്സുമാര്‍ ആരംഭിച്ചിട്ടുള്ള ഈ സമരം ഹോസ്പിറ്റല്‍ മാനേജുമെന്റുകള്‍ ഇതുവരെ തുടര്‍ന്നുപോന്ന ചൂഷണത്തിന്റെ കിരാത തലങ്ങളെ തകര്‍ത്ത്‌ സേവനത്തിന്‌ മാന്യമായ പ്രതിഫലം നല്‍കുന്ന അവസ്ഥയിലേക്ക്‌ അവരെ കൊണ്ടെത്തിക്കും, സംശയമില്ല. പഠിക്കാന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ പ്രതിമാസം 8000 രൂപയോളം ആവശ്യമുള്ള നഴ്സുമാരെയാണ്‌ മാനേജുമെന്റുകള്‍ ഇത്രയ്ക്ക്‌ ക്രൂരമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്‌. ഈ ചൂഷിതരെ കാണാനും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഇടപെടാനും അവരെ പുതിയ സമരശക്തിയായി വളര്‍ത്തിയെടുക്കാനും ബാധ്യതയുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂഷകരായ മാനേജുമെന്റുകളുടെ അഞ്ചാം പത്തിയായി അധഃപതിച്ചതാണ്‌ നഴ്സുമാരുടെ അവസ്ഥ ഇത്രത്തോളം ദയനീയമാകാന്‍ കാരണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വമില്ലാതെ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന നഴ്സുമാരോട്‌ ആതിരേ, നമുക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം,സര്‍വ്വ വിജയവും ആശംസിക്കാം.

No comments: