Friday, February 10, 2012

ഗോവിന്ദച്ചാമിമാരില്‍ നിന്ന്‌ രക്ഷയില്ലെന്നോ...?


കേരളത്തിന്‌ കോച്ചു ഫാക്ടറിയും രണ്ടുവരിപ്പാതയും അടക്കമുള്ള റെയില്‍വേ വികസനത്തിനുള്ള ഫണ്ട്‌ നിഷേധിക്കുന്ന റെയില്‍വേ വകുപ്പ്‌ പക്ഷെ, യാത്രക്കാരെ കൊള്ളയടിക്കുന്ന ഗോവിന്ദച്ചാമിമാര്‍ക്ക്‌ യഥേഷ്ടം വിലസാനുള്ള സ്വാതന്ത്ര്യമാണ്‌ നല്‍കിയിട്ടുള്ളത്‌. ഓരു ദുരന്തം നടന്നു കഴിയുമ്പോള്‍ ഉത്കണ്ഠ കൊള്ളുകയും പ്രസ്താവനയിറക്കി ജനങ്ങളെ വഞ്ചിക്കുകയുമാണ്‌ റെയില്‍വേ വകുപ്പിന്റെയും സംസ്ഥാന സംസ്ഥാന സര്‍ക്കാരിന്റെയുംരീതി. ട്രെയിനിലെ സുരക്ഷ ശക്തമാക്കാന്‍ കേരള പോലീസിനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട്‌ മാസങ്ങളായി. ഇവയൊന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നു പയുമ്പോള്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക്‌ ഇവര്‍ പ്രാധാന്യമൊട്ടും നല്‍കുന്നില്ല എന്നാണ്‌ വ്യക്തമാകുന്നത്‌.സൗമ്യമാര്‍ സൃഷ്ടിക്കപ്പെട്ട്‌ കഴിയുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രമാണ്‌ ഇവരുടെ ഔത്സുക്യം. ഈ വഞ്ചനയാണ്‌ ഗോവിന്ദച്ചാമിമാരേയും സര്‍ദാനന്ത്‌ ദേശ്മുഖ്മരേയും സൃഷടിക്കുന്നത്‌.





ആതിരേ,കേരളത്തിന്റെ ഓര്‍മ്മകളില്‍ എന്നും നീറ്റലുണര്‍ത്തുന്ന നിണസാന്നിദ്ധ്യമായി സൗമ്യ നില്‍ക്കുന്നു. സൗമ്യയെ ട്രെയിന്‍ യാത്രക്കിടയില്‍ ഒരു മനുഷ്യമൃഗം കിരാതമായി ബലാത്സംഗം ചെയ്തു കൊന്നതിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ്‌ ഒരാഴ്ച തികയും മുന്‍പ്‌ സമാന സ്വഭാവത്തിലുള്ള ഒരാക്രമണത്തിന്‌ ട്രെയിന്‍ യാത്രക്കാരായ സ്ത്രീകള്‍ ഇരയായി എന്നത്‌,കേരളത്തില്‍ ട്രെയിന്‍ യാത്ര നടത്തുന്ന സ്ത്രീകളുടെ സുരക്ഷ എത്രമാത്രം ദുര്‍ബലമാണെന്ന്‌ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച രാവിലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ 9.05-ന്‌ കുറുപ്പംതറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ പുറപ്പെട്ട ഉടനെ വനിതാ കമ്പാര്‍ട്ടുമെന്റിലേക്ക്‌ ചാടിക്കയറിയ സാമൂഹിക വിരുദ്ധന്‍ വിദ്യാര്‍ത്ഥിനികളെ ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളും ജോലിക്കാരും അടക്കം 150-ഓളം സ്ത്രീകള്‍ യാത്രക്കാര്‍ കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്നു. ചാടിക്കയറിയ അക്രമി വിദ്യാര്‍ത്ഥിനികളെ ട്രെയിനില്‍ നിന്ന്‌ തള്ളി താഴെയിടാനാണ്‌ ശ്രമിച്ചത്‌. എന്നാല്‍, അവര്‍ കൈകോര്‍ത്തുപിടിച്ചു നിന്നതുകൊണ്ട്‌ രക്ഷപ്പെട്ടു. വാതിലിനടുത്ത പാസേജില്‍ നിന്നവരെയാണ്‌ തള്ളിത്താഴെയിടാന്‍ സര്‍ദാനന്ദ്‌ ദേശ്മുഖ്‌ എന്ന അക്രമി ശ്രമിച്ചത്‌.
എറണാകുളം മുതല്‍ ഇയാള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ഓരോ സ്റ്റേഷനിലും ട്രെയിന്‍ നില്‍ക്കുമ്പോള്‍ കമ്പാര്‍ട്ടുമെന്റുകള്‍ മാറി കയറുന്നത്‌ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. ട്രെയിന്‍ ചലിച്ചു തുടങ്ങുമ്പോഴേ ഇയാള്‍ ഉള്ളില്‍ കയറുമായിരുന്നുള്ളു.
ആക്രമണത്തെത്തുടര്‍ന്ന്‌ ഒരു പെണ്‍കുട്ടി ട്രെയിനിനുള്ളില്‍ വീഴുകയും മറ്റൊരു പെണ്‍കുട്ടി കുഴഞ്ഞു വീഴുകയും ചെയ്തു. ബോധരഹിതയായി വീണ ആപ്പാഞ്ചിറ പൂഴിക്കോല്‍ മൂന്നുപടിക്കല്‍ ജിഷ എം.ജോസ്‌ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനായിരുന്നു പാലക്കാട്‌ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ വേലുച്ചാമി ആക്രമിച്ചതും ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട്‌ ബലാത്സംഗം ചെയതും. ഇതിനിടയില്‍, തലയ്ക്കേറ്റ പരിക്കു മൂലം ആറുദിവസത്തിനുശേഷം സൗമ്യ ലോകത്തോട്‌ വിട പറഞ്ഞു. ഈ സംഭവം കേരളത്തെ പിടിച്ചുലച്ചു എന്നു മാത്രമല്ല, കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ പ്രശ്നം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.
ട്രെയിനില്‍ ഭിക്ഷക്കാരായും കമ്പാര്‍ട്ടുമെന്റ്‌ തുടയ്ക്കുന്നവരായും എത്തുന്ന അന്യസംസ്ഥാനത്തുനിന്നുള്ള ഈ ഭിക്ഷാടക സംഘം, ആതിരേ കറ തീര്‍ന്ന ക്രൂരന്മാരും മോഷ്ടാക്കളുമാണ്‌. പോക്കറ്റടിയും മാല പൊട്ടിക്കലും മാനഭംഗപ്പെടുത്തലും ഇവരുടെ മോഡസ്‌ ഓപ്പറാന്റിയില്‍പ്പെടുന്നു. യാത്രയില്‍ ഒറ്റപ്പെടുന്ന സ്ത്രീകളെയാണ്‌ ഇവര്‍ ലക്ഷ്യമിടാറുള്ളത്‌. പലര്‍ക്കും പലതും നഷ്ടപ്പെട്ടെങ്കിലും ആരും അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ തയ്യാറാകാതിരുന്നതാണ്‌ സൗമ്യ സംഭവത്തിന്‌ കാരണം.
സൗമ്യയുടെ ഘാതകനെ കോടതി വിചാരണയ്ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ ഞെട്ടിക്കുന്ന വാസ്തവങ്ങള്‍ പുറത്തു വന്നത്‌. ഭിക്ഷാടകരായി പാസഞ്ചര്‍ ട്രെയിനുകളില്‍ സഞ്ചരിക്കുന്ന ഇവര്‍ വലിയൊരു അധോലോക മാഫിയയുടെ കണ്ണികളാണ്‌. ഹവാലപ്പണമിടപാടു മുതല്‍ മയക്കു മരുന്ന്‌ കച്ചവടം വരെയുള്ള സമൂഹവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്ന വന്‍കിട റാക്കറ്റുകളുടെ ചെറുകിട ഏജന്റുമാരാണ്‌ ഇവര്‍. ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ മുംബൈയില്‍ നിന്ന്‌ ലക്ഷങ്ങള്‍ സിറ്റിങ്ങ്‌ ഫീ വാങ്ങുന്ന അഭിഭാഷകനെത്തിയപ്പോഴാണ്‌ അയാളുടെ പിറകിലുള്ള സാമ്പത്തിക ശക്തിയെക്കുറിച്ച്‌ ബോധ്യമായത്‌.
സൗമ്യ സംഭവം ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയില്‍ റെയില്‍വേ പോലീസ്‌ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ ആയുധധാരിയായ പോലീസിനെ പോസ്റ്റു ചെയ്യാന്‍ തീരുമാനം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, ആതിരേ ഒരുമാസം കഴിയും മുന്‍പ്‌ ഈ പോലീസിനെ പിന്‍വലിച്ചു കൊണ്ട്‌ ദക്ഷിണ ഭാരത റെയില്‍വേ കേരളത്തിലെ സ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു; അപായങ്ങളിലേയ്ക്ക്‌ തള്ളിവിടുകയായിരുന്നു.
എല്ലായ്പ്പോഴും ട്രെയിനിന്റെ പിന്നറ്റത്താണ്‌ ലേഡീസ്‌ കമ്പാര്‍ട്ടുമെന്റ്‌. ചെറിയ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോമിന്‌ പുറത്തായിട്ടാകും ലോഡീസ്‌ കമ്പാര്‍ട്ട്‌ വരിക. അതുകൊണ്ട്‌ കയറാനും ഇറങ്ങാനും സ്ത്രീയാത്രക്കാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ട്‌. ഈ നിസ്സഹായവസ്ഥ മുതലെടുത്താണ്‌ പലപ്പോഴും മോഷണ സംഘം പണം കവരുന്നതും മാല പൊട്ടിച്ചെടുക്കുന്നതും. സൗമ്യയുടെ മരണം കഴിഞ്ഞപ്പോള്‍ സ്ത്രീകളുടെ സുരക്ഷ ശക്തമാക്കാനെന്നോണം വനിതാ കമ്പാര്‍ട്ടുമെന്റിന്റെ സ്ഥാനം ട്രെയിനിന്റെ മധ്യഭാഗത്താക്കണം എന്ന ഒരു നിര്‍ദ്ദശം വന്നിരുന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അത്‌ തത്വത്തില്‍ അംഗീകരിച്ചെങ്കിലും നടപ്പിലാക്കാന്‍ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, ട്രെയിനില്‍ പട്രോളിങ്ങ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ച പോലീസുകാരെ പിന്‍വലിക്കുകയും ചെയ്തു.
ട്രെയിന്‍ യാത്രക്കാരായ ഭിക്ഷാടക സംഘത്തെ മറയാക്കിയാണ്‌ റെയില്‍വേ അധോലോകം പ്രവര്‍ത്തിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ റെയില്‍വേ പോലീസിന്‌ വ്യക്തമായ ധാരണയുള്ളതാണ്‌. എന്നുമാത്രമല്ല റെയില്‍വേ പോലീസിന്റെ അറിവോടും അനുവാദത്തോടും കൂടിയാണ്‌ ഇത്തരം സംഘങ്ങള്‍ ട്രെയിനില്‍ വിലസുന്നത്‌. ഇവരില്‍ നിന്ന്‌ ലഭിക്കുന്ന സാമ്പത്തിക ലാഭം, നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഡിപ്പാര്‍ട്ടുമെന്റ്‌ തല നിര്‍ബന്ധത്തെ നിര്‍വീര്യമാക്കുന്നു. അതുകൊണ്ടാണ്‌ ആരോപണങ്ങള്‍ പല വട്ടം ഉയര്‍ന്നിട്ടും ട്രെയിനിലെ ഭിക്ഷാടക സംഘത്തെ നിയന്ത്രിക്കാനോ നിരോധിക്കാനോ റെയില്‍വേ പോലീസ്‌ തയ്യാറാകാതിരുന്നത്‌.
പാസഞ്ചര്‍ ട്രെയിനുകളിലെ കമ്പാര്‍ട്ടുമെന്റുകള്‍ നരക തുല്യമാണ്‌. പൊട്ടിപ്പൊളിഞ്ഞ സീറ്റും ജനലഴികളുമുള്ള ഈ കമ്പാര്‍ട്ടുമെന്റുകളില്‍ പലപ്പഓഴും വൈദ്യുതി ബന്ധം ഉണ്ടായിരിക്കുകയില്ല. ടോയ്‌ലെറ്റില്‍ വെള്ളമുണ്ടാകില്ല. കമ്പാര്‍ട്ടുമെന്റുകള്‍ ചവറു കൂനകളാണ്‌. പാറ്റയും എലിയും കൊതുകും ഇവിടെ പെറ്റും മുട്ടയിട്ടും പെരുകി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനു പുറമെയാണ്‌ ഗോവിന്ദച്ചാമിയെപ്പോലെയും സര്‍ദാനന്ത്‌ ദേശ്മുഖിനെപ്പോലെയുമുള്ള അക്രമികളുടെ അഴിഞ്ഞാട്ടം . നിന്ന്‌ ട്രെയിനില്‍ കയറി വിദ്യാര്‍ത്ഥിനികളെ അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അക്രമിയെ യാത്രക്കാരാണ്‌ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചത്‌. അപ്പോഴൊന്നും റെയില്‍വെ പോലീസിന്റെ കാക്കി സാന്നിദ്ധ്യം എങ്ങും കാണാനുണ്ടായിരുന്നില്ല. ലോക്കല്‍ പോലീസാണ്‌ അക്രമിയെ അറസ്റ്റ്‌ ചെയ്തത്‌.
കേരളത്തിന്‌ കോച്ചു ഫാക്ടറിയും രണ്ടുവരിപ്പാതയും അടക്കമുള്ള റെയില്‍വേ വികസനത്തിനുള്ള ഫണ്ട്‌ നിഷേധിക്കുന്ന റെയില്‍വേ വകുപ്പ്‌ പക്ഷെ, യാത്രക്കാരെ കൊള്ളയടിക്കുന്ന ഗോവിന്ദച്ചാമിമാര്‍ക്ക്‌ യഥേഷ്ടം വിലസാനുള്ള സ്വാതന്ത്ര്യമാണ്‌ നല്‍കിയിട്ടുള്ളത്‌. ഓരു ദുരന്തം നടന്നു കഴിയുമ്പോള്‍ ഉത്കണ്ഠ കൊള്ളുകയും പ്രസ്താവനയിറക്കി ജനങ്ങളെ വഞ്ചിക്കുകയുമാണ്‌ റെയില്‍വേ വകുപ്പിന്റെയും സംസ്ഥാന സംസ്ഥാന സര്‍ക്കാരിന്റെയുംരീതി. ട്രെയിനിലെ സുരക്ഷ ശക്തമാക്കാന്‍ കേരള പോലീസിനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട്‌ മാസങ്ങളായി. ഇവയൊന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നു പയുമ്പോള്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക്‌ ഇവര്‍ പ്രാധാന്യമൊട്ടും നല്‍കുന്നില്ല എന്നാണ്‌ വ്യക്തമാകുന്നത്‌.സൗമ്യമാര്‍ സൃഷ്ടിക്കപ്പെട്ട്‌ കഴിയുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രമാണ്‌ ഇവരുടെ ഔത്സുക്യം. ഈ വഞ്ചനയാണ്‌ ആതിരേ,ഗോവിന്ദച്ചാമിമാരേയും സര്‍ദാനന്ത്‌ ദേശ്മുഖ്മരേയും സൃഷടിക്കുന്നത്‌.

No comments: