Monday, February 6, 2012

'അന്ത്യ അത്താഴം': മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വഞ്ചനയും മനോരമയുടെ ചെറ്റത്തരവും


അന്ത്യ അത്താഴചിത്രത്തെ വിവിധ വിഷയങ്ങളില്‍ വിമര്‍ശനത്തിനുള്ള ചേരുവയാക്കി മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും മുന്‍പും ഉപയോഗിച്ചിട്ടുണ്ട്‌. അന്നൊന്നും ഉണ്ടാകാതിരുന്ന മതബോധവും ക്രിസ്തു- മതവിശ്വാസ -സംരക്ഷണ- ത്വരയുമൊക്കെ ഇപ്പോള്‍ ഉയരുമ്പോള്‍, അത്‌ ക്രിസ്തുവിനെ കൂട്ടുപിടിച്ച്‌ രണ്ട്‌ വോട്ട്‌ കൂടുതല്‍ നേടാനുള്ള സിപിഎം-ന്റെ നീചമായ നീക്കത്തെക്കാള്‍ അപായകരമാണെന്ന്‌ പറയേണ്ടി വരും. ക്രിസ്തുവിനെ നിന്ദിക്കുകയായിരുന്നില്ല സിപിഎം ചെയ്തത്‌. പക്ഷേ, ആണെന്ന്‌ വരുത്തി തീര്‍ത്ത്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്‌ മലയാളമനോരമയും കേരളത്തിലെ മതപുരോഹിതന്മാരും വിശ്വാസിസംഘടനാ നേതാക്കന്മാരുമാണ്‌. തീര്‍ച്ചയായും രണ്ടു കൂട്ടരും കേരളത്തിലെ സാക്ഷര സമൂഹത്തിന്റെ സഹവര്‍ത്തിത്വത്തെയും മതനിരപേക്ഷതയെയുമാണ്‌ വെല്ലുവിളിച്ചത്‌;മതസാക്ഷരരായ മലയാളികളെയാണ്‌ വിഡ്ഢികളാക്കുന്നത്‌.




ആതിരേ, സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി, ക്രിസ്തുമത വിശ്വാസികള്‍ ആദരപൂര്‍വ്വം കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം- അവസാനത്തെ അത്താഴം - മോര്‍ഫ്‌ ചെയ്ത്‌ തിരുവനന്തപുരം തൃക്കണാപുരം, കുന്നപ്പുഴ പാര്‍ക്ക്‌ ജംഗ്ഷന്‍, പേരൂര്‍ക്കോണം തുടങ്ങിയ സ്ഥലങ്ങളില്‍ ഫ്ലക്സ്‌ ബോര്‍ഡുകളായി പ്രദര്‍ശിപ്പിച്ചത്‌ വിശ്വാസികള്‍ക്കിടയിലും സഭാ നേതൃത്വത്തിലും പൊതുസമൂഹത്തിലും എതിര്‍പ്പിന്റെ അലകളുയര്‍ത്തിയിരിക്കുകയാണ്‌.
ഈ ഫ്ലക്സ്‌ ബോര്‍ഡുകളില്‍ യേശുക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യഗണങ്ങളെ കോണ്‍ഗ്രസ്‌-ബിജെപി നേതാക്കളാക്കിയും പരിഹസിച്ചതോടെ സിപിഎം ഇപ്പോള്‍ സ്വയം കുരിശില്‍ തറക്കപ്പെട്ട അവസ്ഥയിലാണ്‌. യേശുക്രിസ്തുവിനെ വിമോചന പോരാളിയായും ക്രിസ്തുമതത്തെ കമ്യൂണിസമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ മിശിഹായായും മാറ്റിപ്പുകഴ്ത്തി വിവാദത്തിലായതിനുപുറകെയാണ്‌ അന്ത്യ അത്താഴ ചിത്ര മോര്‍ഫിങ്ങിലൂടെ മതപുരോഹിതന്മാരുടെയും വിശ്വാസി സംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്‍ശനത്തിന്‌ സിപിഎം വിഷയമായിട്ടുള്ളത്‌.
'മാര്‍ക്സ്‌ ആണ്‌ ശരി' എന്ന ചിത്രപ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയതിന്‌ പിണറായി വിജയനും വി.എസ്‌.അച്യുതാനന്ദനും അടക്കമുള്ള നേതാക്കള്‍ നല്‍കിയ വിശദീകരണം അമര്‍ത്തിയ ചിരിയോടെയാണ്‌ കേരളം കേട്ടത്‌. യേശുക്രിസ്തുവിനെ വിപ്ലവകാരിയായി ഇപ്പോള്‍ പിണറായി അടക്കമുള്ളവര്‍ പാടിപ്പുകഴ്ത്തുമ്പോള്‍ അതിനു പിന്നിലെ ഗൂഢരാഷ്ട്രീയ നീക്കം തിരിച്ചറിയാനുള്ള പക്വത കേരളീയര്‍ക്കുണ്ട്‌. നേതാക്കന്മാര്‍ എന്തെല്ലാം വ്യാഖ്യാനങ്ങള്‍ നല്‍കിയാലും ക്രിസ്തുവിനെയും ക്രിസ്തുമത മൂല്യങ്ങളെയും ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളപ്പെടുത്തലുകളെയും കൂട്ടുപിടിച്ച്‌ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാനുള്ള തരംതാണ പ്രചാരണ പരിപാടിയാണ്‌ സിപിഎം ആരംഭിച്ചിട്ടുള്ളത്‌.
20-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസ്സിന്‌ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം തുടങ്ങും വരെ യേശുക്രിസ്തുവിനെ കമ്യൂണിസത്തിന്റെ വിരോധിയായും മുതലാളിത്തത്തിന്റെ മുതലെടുപ്പ്‌ ചിഹ്നമായും വിശേഷിപ്പിച്ചവരാണ്‌, ആതിരേ, ഒരു സുപ്രഭാതത്തില്‍ യേശുക്രിസ്തുവിലെ വിമോചന പോരാളിയെ തിരിച്ചറിഞ്ഞ്‌ വേദികളില്‍ പുതിയ വിപ്ലവ പ്രതീകമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ആസന്നമായ പിറവം ഉപതെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടാകാവുന്ന രാഷ്ട്രീയ മലക്കം മറിച്ചിലുകളും അധികാര മാറ്റവും മുന്‍കൂട്ടി കണ്ട്‌ നന്നായി ഗൃഹപാഠം ചെയ്ത്‌ തയ്യാറാക്കിയ മുതലെടുപ്പ്‌ പദ്ധതിയാണ്‌ ഇവയെന്ന്‌ വിവേക ശാലികളായി കേരളീയര്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ഈ പ്രശ്നങ്ങളെ മതപരമോ വിശ്വാസപരമോ ആയ വിവാദമായി കാണാതെ രാഷ്ട്രീയ കരുനീക്കവും പ്രചാരണവുമായി സ്വീകരിച്ച്‌ തള്ളിക്കളഞ്ഞ അവസ്ഥയിലാണ്‌ മലയാളത്തിലായിരുന്നു.അപ്പോഴാണ്‌ മലയാളമനോരമ അന്ത്യഅത്താഴ വിവാദം പൊക്കിക്കൊണ്ടു വന്നത്‌. കാള പെറ്റെന്ന്‌ കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മൂഢന്മാരാണ്‌ കേരളത്തിലെ മതപുരോഹിതന്മാരും വിശ്വാസി സംഘടനാനേതാക്കളും യുഡിഎഫിന്റെ അമരത്തിരിക്കുന്നവരും എന്ന്‌ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന അഭിപ്രായ പ്രകടനങ്ങളും വികാരവിക്ഷോഭങ്ങളും വ്യക്തമാക്കുന്നു. സാക്ഷര കേരളത്തിന്‌ തീര്‍ത്തും അപമാനകരമായ പ്രതികരണങ്ങളാണ്‌, ആതിരേ, ബഹുമാന്യരെന്ന്‌ കരുതിപ്പോന്നിരുന്ന മതപുരോഹിതന്മാരില്‍ നിന്നും രാഷ്ട്രീയ നേതാക്കന്മാരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്‌ ശമിപ്പതുണ്ടോ എന്ന ന്യായത്തില്‍ സിപിഎം-ന്റെ യേശുക്രിസ്തു സ്നേഹത്തെ തള്ളിക്കളഞ്ഞാല്‍ മതിയായിരുന്നു. പ്രത്യയ ാ‍സ്ത്ര ദൃഢതയും ആശയസ്ഥിരതയും നഷ്ടപ്പെട്ട വര്‍ത്തമാനകാല സിപിഎം നേതൃത്വം ഇതും ഇതിലപ്പുറവും കാട്ടിക്കൂട്ടുമെന്ന്‌ ഭൂതകാലാനുഭവങ്ങള്‍ തെളിയിച്ചതാണ്‌. അധികാരത്തിലേക്കുള്ള അന്ധമായ പാച്ചിലില്‍ വിവരക്കേടിന്റെ അടയാളപ്പെടുത്തലുകള്‍ ധാരാളം ഉണ്ടാക്കിയിട്ടുണ്ട്‌, അവര്‍. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുനട്ട്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയെ നാടൊട്ടുക്ക്‌ എഴുന്നള്ളിച്ച്‌ നടത്തിയ പ്രകടനംപോലെ തന്നെ മൗഢ്യവും അര്‍ത്ഥശൂന്യവും അധികാര കൊതിനിറഞ്ഞതുമായ നടപടി മാത്രമായിരുന്നു യേശുക്രിസ്തു സ്നേഹവും ആദരവും.. അവയെ ആ അര്‍ത്ഥത്തില്‍ വിലയിരുത്താനും തിരസ്ക്കരിക്കാനുമുള്ള പക്വത കേരളത്തിലെ മതനേതാക്കന്മാരില്‍ നിന്നുണ്ടാകേണ്ടിയിരുന്നു. പക്ഷേ,
ആതിരേ,വിവാദങ്ങള്‍ ഉണ്ടെങ്കില്‍ അത്‌ പെരുപ്പിക്കുക, ഇല്ലെങ്കില്‍ സൃഷ്ടിക്കുക എന്ന പത്രപ്രവര്‍ത്തനത്തിന്റെ സെന്‍സേഷണല്‍ മുഖമാണ്‌ അന്ത്യ അത്താഴ ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ട്‌ മലയാളത്തിലെ മുത്തശ്ശി പത്രം നടത്തിയത്‌. തീര്‍ച്ചയായും ഇപ്പോള്‍ കേരളത്തില്‍ ഉരുവായിട്ടുള്ള വികാരതീവ്രവും മതപരവുമായ അപകടാവസ്ഥയ്ക്ക്‌ അവരാണ്‌ കാരണക്കാര്‍ ശാന്തമായിരുന്ന മനസ്സുകളിലേക്ക്‌ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വെടിമരുന്ന്‌ നിറച്ച്‌ അതിന്‌ തീ കൊളുത്തിയിരിക്കുകയാണ്‌ മലയാളമനോരമ. ഇത്‌ മറഞ്ഞിരിക്കുന്ന അല്ലെങ്കില്‍ തിരസ്കരിച്ച വാര്‍ത്ത പുറത്തു കൊണ്ടു വരുന്ന പത്രപ്രവര്‍ത്തനമല്ല മറിച്ച്‌, മറവിലിരുന്നുകൊണ്ട്‌ സാമുദായിക വികാരം ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്തുന്ന വഞ്ചനാത്മകമായ മാധ്യമപ്രവര്‍ത്തനമാണ്‌.
മുത്തശ്ശി പത്രം പറഞ്ഞാല്‍ പിന്നെ മതനേതാക്കള്‍ക്കോ യുഡിഎഫിന്റെ അമരത്തിരിക്കുന്നവര്‍ക്കോ മൗനികളാകാന്‍ കഴിയുകയില്ലല്ലോ. അതുകൊണ്ടു തന്നെ പ്രസ്താവനകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും അവര്‍ അനാവശ്യമായ മതവികാരപ്രക്ഷുബ്ധത ഉണ്ടാക്കുകയാണ്‌. ഇത്‌ നിയമപരമായി വിലയിരുത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 295 എ വകുപ്പു പ്രകാരം മൂന്നുവര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ശിക്ഷയാണ്‌. മാധ്യമ പ്രവര്‍ത്തനവും മതപ്രബോധനങ്ങളും ഇങ്ങനെ സമൂഹവിരുദ്ധമായി തീരുമ്പോള്‍ അതിന്‌ കാരണക്കാര്‍ ആരാണെങ്കിലും അവരെ അറസ്റ്റ്‌ ചെയ്ത്‌ നിശബ്ദരാക്കാനുള്ള അധികാരം 295-ാ‍ം വകുപ്പനുസരിച്ച്‌ പോലീസിനുണ്ട്‌. പക്ഷേ, അത്തരത്തിലുള്ള നീതിബോധമോ നിയമപാലനമോ കേരള പോലീസില്‍ നിന്ന്‌ പ്രതീക്ഷിക്കാന്‍ കഴിയുകയില്ല. പ്രത്യേകിച്ച്‌ ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ്‌ കൈയ്യാളുമ്പോള്‍.
അന്ത്യ അത്താഴചിത്രത്തെ വിവിധ വിഷയങ്ങളില്‍ വിമര്‍ശനത്തിനുള്ള ചേരുവയാക്കി മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും മുന്‍പും ഉപയോഗിച്ചിട്ടുണ്ട്‌. അന്നൊന്നും ഉണ്ടാകാതിരുന്ന മതബോധവും ക്രിസ്തു- മതവിശ്വാസ -സംരക്ഷണ- ത്വരയുമൊക്കെ ഇപ്പോള്‍ ഉയരുമ്പോള്‍, അത്‌ ക്രിസ്തുവിനെ കൂട്ടുപിടിച്ച്‌ രണ്ട്‌ വോട്ട്‌ കൂടുതല്‍ നേടാനുള്ള സിപിഎം-ന്റെ നീചമായ നീക്കത്തെക്കാള്‍ അപായകരമാണെന്ന്‌ പറയേണ്ടി വരും. ക്രിസ്തുവിനെ നിന്ദിക്കുകയായിരുന്നില്ല സിപിഎം ചെയ്തത്‌. പക്ഷേ, ആണെന്ന്‌ വരുത്തി തീര്‍ത്ത്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്‌ മലയാളമനോരമയും കേരളത്തിലെ മതപുരോഹിതന്മാരും വിശ്വാസിസംഘടനാ നേതാക്കന്മാരുമാണ്‌. തീര്‍ച്ചയായും രണ്ടു കൂട്ടരും കേരളത്തിലെ സാക്ഷര സമൂഹത്തിന്റെ സഹവര്‍ത്തിത്വത്തെയും മതനിരപേക്ഷതയെയുമാണ്‌ വെല്ലുവിളിച്ചത്‌;ആതിരേ,മതസാക്ഷരരായ മലയാളികളെയാണ്‌ വിഡ്ഢികളാക്കുന്നത്‌.

No comments: