Wednesday, February 22, 2012

വിവാഹസദ്യയെന്ന സാമൂഹിക തിന്മ


വിവാഹ സദ്യ അലസമായി കഴിക്കുകയും ഭക്ഷണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു ഫാഷനായി തീര്‍ന്നിട്ടുണ്ട്‌. ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്തും ആവശ്യമില്ലാത്ത ഭക്ഷണം വിളമ്പി വാങ്ങിയും നശിപ്പിക്കുന്ന സാമൂഹിക തിന്മയ്ക്കെതിരെ ഇതുവരെ ഒരു മത പുരോഹിതനോ, വിവാഹവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ ജാഗ്രതയോടെ ഇടപെടുന്ന വനിതാ സംഘടനകളോ ശബ്ദിച്ചിട്ടില്ല. ലോകത്ത്‌ 8 കോടി കുഞ്ഞുങ്ങളാണ്‌ ഭക്ഷണമില്ലാതെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നത്‌. 80 ലക്ഷം കുഞ്ഞുങ്ങളാണ്‌ മൂന്ന്‌ നേരം സമ്പുഷ്ഠ ആഹാരം ലഭിക്കാതെ രോഗികളായി കൊണ്ടിരിക്കുന്നത്‌. ലോകത്ത്‌ പട്ടിണി അനുഭവിക്കുന്ന അഞ്ച്‌ കുഞ്ഞുങ്ങളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാണ്‌. ഭക്ഷണത്തിനുവേണ്ടി കോടിക്കണക്കിന്‌ കുഞ്ഞുങ്ങള്‍ കരഞ്ഞു തളര്‍ന്ന്‌ കിടക്കുമ്പോഴാണ്‌ മലയാളി അവന്റെ ഡംഭ്കാട്ടാന്‍ വിവാഹത്തിന്റെ പേരില്‍ ഭക്ഷണം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ആതിരേ,ദാമ്പത്യമെന്ന സാമൂഹിക സ്ഥാപനത്തിന്റെ സംസ്ഥാപന മാര്‍ഗമായ വിവാഹം ഇന്ന്‌ സമൂഹവിരുദ്ധ താത്പര്യങ്ങളാല്‍ സമ്പന്നവും സാമൂഹിക തിന്മകളാല്‍ കലുഷിതവുമാണ്‌.
ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍, രണ്ടു വ്യക്തികളും വ്യക്തിത്വങ്ങളും തമ്മിലുള്ള വിലയനമായി മാറേണ്ട വിവാഹം പക്ഷേ രണ്ടു കുടുംബങ്ങളുടേയും ബന്ധുക്കളുടേയും അഭിമാന പ്രശ്നമായിട്ടാണ്‌ അവതരിപ്പിക്കപ്പെടുന്നതും നടത്തിയെടുക്കുന്നതും. സാക്ഷരരാണെന്നും ഉല്‍പതിഷ്ണുക്കളാണെന്നും അവകാശപ്പെടുന്ന മധ്യവര്‍ഗ - ഉപരിവര്‍ഗ സമൂഹമാണ്‌ വിവാഹത്തെ സാമൂഹിക തിന്മകളാല്‍ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിന്റെ ദൂഷിത അനുരണനങ്ങള്‍ സമൂഹത്തിലെ കീഴാള വര്‍ഗങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുണ്ടെന്നു മാത്രം.
അതുകൊണ്ടാണ്‌ നാടടച്ച്‌ ക്ഷണിച്ച്‌, അത്യാഡംബര പൂര്‍വ്വം നടത്തിയ വിവാഹങ്ങള്‍ പോലും പരാജയപ്പെടുന്നതും വിവാഹ മോചന കേസുകളുടെ എണ്ണം അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും.
വിവാഹവുമായി ബന്ധപ്പെട്ട സാമൂഹക വിരുദ്ധതകളെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, ആതിരേ, ആദ്യവും അവസാനവും സാധാരണക്കാരന്റെ മനസിലെത്തുന്നത്‌ സ്ത്രീധനമാണ്‌. അത്‌ ഒരു ശരിയുമാണ്‌. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന എല്ലാ ചടങ്ങുകളും ഇന്ന്‌ ആഡംബര പൂര്‍ണ്ണമാകുകയും ധൂര്‍ത്തിന്‌ കാരണമാകുകയും അതിലൂടെ കുടുംബങ്ങളെ അപരിഹാര്യമായ സാമ്പത്തിക ബാധ്യതകളിലേയ്ക്ക്‌ തള്ളിവിടുകയും ചെയ്യുന്നു.
സദ്യ ഒഴിവാക്കിയുള്ള ഒരു വിവാഹ ചടങ്ങിനെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും കഴിയാത്തവിധം മുന്‍വിധി നിറഞ്ഞതാണ്‌ നമ്മുടെ വിവാഹസങ്കല്‍പങ്ങള്‍. മത്സ്യ മാംസ മദ്യ സത്കാരമായും ധൂര്‍ത്തിന്റെ ദുഷ്ടതയായും വിവാഹ സദ്യകള്‍ പരിണമിച്ചുകഴിഞ്ഞു. പഴയ ഒരു മലയാള പ്രയോഗം കടമെടുത്താല്‍ കുടില്‍തൊട്ട്‌ കൊട്ടാരം വരെ ഇതാണ്‌ അവസ്ഥ. ജീവിത ശൈലി രോഗങ്ങള്‍ മൂലം ഭക്ഷണത്തിന്‌ കഠിന ക്രമങ്ങള്‍ പാലിക്കുന്നവര്‍ പോലും വിവാഹ സദ്യയില്‍ നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ച്‌ ആഹാര കാര്യത്തില്‍ ധാരാളികളാകുന്നതാണ്‌ കണ്ടുവരുന്നത്‌. നാടന്‍ വിഭവങ്ങളെ നാല്‌ അയല്‍വക്കത്ത്‌ അടുപ്പിക്കാതെ കോണ്ടിനന്റല്‍ വിഭവങ്ങളും അതിന്റെ അനുസാരികളുമില്ലാതെ ഇന്ന്‌ ഒരു വിവാഹ സദ്യയും നടക്കുന്നില്ല.
സ്ത്രീധനം, വിവാഹ വേഷം, വിവാഹ വേദി, യാത്രാ സംവിധാനം തുടങ്ങി പണം അനാവശ്യമായി ചെലവിടുന്നതും ധൂര്‍ത്തടിക്കുന്നതുമായ ചടങ്ങുകളെ ഒരിക്കലും വിവാഹവുമായി ബന്ധപ്പെട്ട സാമൂഹിക തിന്മകളായി കരുതാന്‍ സാക്ഷര കേരളത്തിന്‌ പേലും കഴിയുന്നില്ല എന്നത്‌ ഏറെ സംഘര്‍ഷമുണ്ടാക്കുന്ന വാസ്തവമാണ്‌. അപ്പോള്‍ പിന്നെ വിവാഹ സദ്യയുമായി ബന്ധപ്പെട്ട ധൂര്‍ത്തിനെക്കുറിച്ച്‌ ആര്‌ ചിന്തിക്കാന്‍.
സ്ത്രീധനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക വിപത്തിനെക്കുറിച്ച്‌ അനുഭവത്തിലൂടെ ബോധ്യമുള്ളവര്‍പോലും ഈ തിന്മ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല എന്നത്‌ ഏറെ പഠനം അര്‍ഹിക്കുന്ന സാമൂഹികാവസ്ഥയാണ്‌, ആതിരേ..!. സമ്പന്ന വിഭാഗം ഈ മേഖലയില്‍ പുലര്‍ത്തുന്ന സ്വാധീനം മാത്രമാണോ അതിന്‌ കാരണമെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. കുണ്ടിലിരിക്കുന്ന തവളക്കുഞ്ഞിന്‌ പോലും കുന്നിന്‍മീതെ പറക്കാനാണ്‌ ഇക്കാര്യത്തില്‍ വ്യഗ്രതയും താത്പര്യവും. സ്ത്രീധനവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന പീഡനങ്ങളും മരണങ്ങളും ആത്മഹത്യകളും അനുദിനം വര്‍ദ്ധിച്ചിട്ടും ഈ തിന്മയോട്‌ വിട ചൊല്ലാന്‍ വിദ്യാ സമ്പന്നരായ യുവതി യുവാക്കള്‍ പോലും തയ്യാറാകുന്നില്ല. സ്വന്തമായി അധ്വാനിച്ച്‌ ഭാര്യയെ പുലര്‍ത്തും , അതുകൊണ്ട്‌ എനിക്ക്‌ സ്ത്രീധനം വേണ്ട എന്ന്‌ നട്ടെല്ല്‌ നിവര്‍ത്തിപ്പറയാന്‍ വര്‍ത്തമാന കേരളത്തിലെ യുവാക്കള്‍ക്ക്‌ ധൈര്യമില്ല. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്റെ ഭാര്യയാകാന്‍ ഞാന്‍ തയ്യാറല്ല എന്ന്‌ പ്രതിജ്ഞ എടുക്കാന്‍, ആതിരേ, അഞ്ചക്ക ശമ്പളം വാങ്ങുന്ന യുവതികള്‍ക്കും ധൈര്യമില്ല. എന്നാലും സ്ത്രീധന വിരുദ്ധ പ്രസ്താവനകളും സാമുദായിക ഉദ്ബോധങ്ങളും വേണ്ടതിലധികം ഉണ്ടാകുന്നുമുണ്ട്‌. 18 ലക്ഷം കുടുംബങ്ങളാണ്‌ സ്ത്രീധനം മൂലം കടക്കെണിയിലായതെന്നാണ്‌ വനിതാ കമ്മീഷന്റെ കണക്ക്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വനിതാ കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്‌. ഈ 18 ലക്ഷം കുടുംബങ്ങളും വധൂഗൃഹങ്ങളാണ്‌. ഫലത്തില്‍ 36 ലക്ഷം കുടുംബങ്ങളിലാണ്‌ സ്ത്രീധനം മൂലമുള്ള അസ്വാരസ്യങ്ങളും അസ്വസ്ഥതകളും കൊടുംപിരി കൊള്ളുന്നത്‌. നാട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തില്‍ അവരുടെ അനുഗ്രഹാശിസുകളോടെ ആരാധനാലയങ്ങളില്‍ വിവാഹിതരായവരുടെ അവസ്ഥയാണിത്‌. എന്നിട്ടും...
ഇതിന്‌ സമാനമായ ധൂര്‍ത്ത്‌ മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങളാണ്‌ വധൂ വരന്മാരുടെ രക്ഷകര്‍ത്താക്കള്‍ വിവാഹ വേഷം മുതല്‍ സദ്യ വരെയുള്ള കാര്യങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌.
ആതിരേ,വിവാഹ സദ്യ അലസമായി കഴിക്കുകയും ഭക്ഷണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു ഫാഷനായി തീര്‍ന്നിട്ടുണ്ട്‌. ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്തും ആവശ്യമില്ലാത്ത ഭക്ഷണം വിളമ്പി വാങ്ങിയും നശിപ്പിക്കുന്ന സാമൂഹിക തിന്മയ്ക്കെതിരെ ഇതുവരെ ഒരു മത പുരോഹിതനോ, വിവാഹവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ ജാഗ്രതയോടെ ഇടപെടുന്ന വനിതാ സംഘടനകളോ ശബ്ദിച്ചിട്ടില്ല. ലോകത്ത്‌ 8 കോടി കുഞ്ഞുങ്ങളാണ്‌ ഭക്ഷണമില്ലാതെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നത്‌. 80 ലക്ഷം കുഞ്ഞുങ്ങളാണ്‌ മൂന്ന്‌ നേരം സമ്പുഷ്ഠ ആഹാരം ലഭിക്കാതെ രോഗികളായി കൊണ്ടിരിക്കുന്നത്‌. ലോകത്ത്‌ പട്ടിണി അനുഭവിക്കുന്ന അഞ്ച്‌ കുഞ്ഞുങ്ങളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാണ്‌. ഭക്ഷണത്തിനുവേണ്ടി കോടിക്കണക്കിന്‌ കുഞ്ഞുങ്ങള്‍ കരഞ്ഞു തളര്‍ന്ന്‌ കിടക്കുമ്പോഴാണ്‌ മലയാളി അവന്റെ ഡംഭ്കാട്ടാന്‍ വിവാഹത്തിന്റെ പേരില്‍ ഭക്ഷണം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. തിരുക്കുറളില്‍ ഏറെ സവിശേഷമായ ഒരു ഉദ്ബോധനമുണ്ട്‌. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളവും ഒരു സൂചിയും അരികെ കരുതണം എന്നതാണത്‌. നിലത്തുവീഴുന്ന ഭക്ഷണം സൂചികൊണ്ടെടുത്ത്‌ ഗ്ലാസിലെ വെള്ളത്തില്‍ കഴുകി വീണ്ടും കഴിക്കണം എന്നാണ്‌ ഇതിലൂടെ ആവശ്യപ്പെടുന്നത്‌. അനാവശ്യമായി ഭക്ഷണം നശിപ്പിക്കുന്നത്‌ അക്ഷന്തവ്യമായ സാമൂഹിക തിന്മയാണെന്ന ചിന്ത സംഘകാലം മുതല്‍ സമൂഹത്തില്‍ സംജാതമായിട്ടും വര്‍ത്തമാന കാലത്തിലെ സാക്ഷരരെന്ന്‌ അവകാശപ്പെടുന്നവര്‍ വിവാഹ സദ്യയുടെ പേരില്‍ പ്രതിവര്‍ഷം ശതകോടിക്കണക്കിന്‌ രൂപയുടെ ഭക്ഷണമാണ്‌ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഇത്‌ പക്ഷെ പ്രത്യക്ഷത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്‌. ഉദ്ബോധനം കൊണ്ടോ ബോധവത്ക്കരണം കൊണ്ടോ ഈ തിന്മയില്‍ വ്യാപരിക്കുന്നതില്‍ നിന്ന്‌ പ്രബുദ്ധ മലയാളിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ്‌ വിവാഹ സദ്യയുമായി ബന്ധപ്പെട്ട ധൂര്‍ത്തും ഭക്ഷണം നശിപ്പിക്കലും ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാക്കി നിയമം പാസാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ ശക്തമായിട്ടുള്ളത്‌. സ്ത്രീധന നിരോധന നിയമത്തിനൊപ്പം വിവാഹ സദ്യ നിയന്ത്രണ നിയമവും വിവാഹ ചെലവ്‌ നിയന്ത്രണ നിയമവും പ്രാബല്യത്തിലാക്കി അവ കര്‍ശനമായി നടപ്പിലാക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സംഘര്‍ഷങ്ങളും വ്യക്തിവിരോധവും ഇല്ലാത്ത ഒരു സമൂഹ സൃഷ്ടിയ്ക്ക്‌ അത്‌ അനിവാര്യമാണ്‌.വ്യക്തികളുടേയും കുടുംബങ്ങളുടേയും ബന്ധം ഊട്ടിയുറപ്പിക്കേണ്ട വിവാഹം ഇപ്പോള്‍തന്നെ കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും ശത്രുതയ്ക്കും കാരണമായിട്ടുള്ളത്‌, ആതിരേ ഉദാസീനമായി കാണേണ്ട സാമൂഹികാപ്രതിഭാസമല്ലല്ലോ?

No comments: