Tuesday, February 14, 2012

വിളപ്പില്‍ശാല:പ്രതീകവും പ്രതിരോധവും


അനുരഞ്ജനമില്ലാത്ത വിധിയായി നഗരമാലിന്യവും അതില്‍ നിന്ന്‌ ഉരുവം കൊള്ളുന്ന മാരകരോഗങ്ങളും ഗ്രാമവാസികള്‍ സഹിക്കണമെന്ന വരേണ്യവര്‍ഗ്ഗ വിധിക്കെതിരെ ഉണ്ടായ ജനകീയ പ്രതിരോധവും പ്രക്ഷോഭവുമായിരുന്നു,ഫെബ്രുവരി 13 തിങ്കളാഴ്ച തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കണ്ടത്‌.എന്തു കൊണ്ടാണ്‌ ഗൃഹമാലിന്യങ്ങളും സ്ഥാപനമാലിന്യങ്ങളും പൊതു നിരത്തില്‍ വലിച്ചെറിയുന്ന നഗരവാസിക്കെതിരെ ഹൈക്കോടതി വിധിപറയാതിരുന്നത്‌?എന്തു കൊണ്ടാണ്‌ അത്തരം സമൂഹവിരുദ്ധര്‍ക്ക്‌,നിയമലംഘകര്‍ക്ക്‌ ഹൈക്കോടതി ശിക്ഷവിധിക്കാതിരുന്നത്‌?നീതിപീഠങ്ങളും ഭരണകൂടവും പൗരവിരുദ്ധമാകുന്നത്‌ ഇത്തരം സന്ദിഗ്ധഘട്ടത്തിലാകുമ്പോള്‍ പൗരന്‌ നിയമനിഷേധിയാകാനല്ലാതെ മറ്റു മാര്‍ഗമില്ല.ആ സന്ദേശം കൂടിയാണ്‌ വിളപ്പില്‍ശാലയില്‍ നിന്ന്‌ തിങ്കളാഴ്ച കേട്ടത്‌.


ആതിരേ,വിളപ്പില്‍ശാല ഒരു പ്രതീകവും മാതൃകയുമാകുന്നു.
നഗരവാസികളുടെ മാലിന്യങ്ങള്‍ പേറാനുള്ള ദുരിതനിയോഗമാണ്‌ കേരളത്തിലെ ഗ്രാമങ്ങള്‍ക്കുള്ളതെന്ന ദുഃശാഠ്യമാണ്‌ സംസ്ഥാന ഭരണകൂടത്തിനും ജില്ലാ ഭരണകൂടങ്ങള്‍ക്കുമുള്ളത്‌. സ്വന്തം ഭവനത്തിലെ മാലിന്യങ്ങള്‍ അന്യന്റെ വളപ്പിലെറിയുന്ന മലയാളിയുടെ സ്വതസിദ്ധമായ മാലിന്യനിര്‍മാര്‍ജന സ്വഭാവം ഇവിടെ ഭരണപരമായ ചെറ്റത്തരമാകുകയാണ്‌;അത്‌ ദുര്‍ഗന്ധപൂരിതമായി പ്രദര്‍ശിപ്പിക്കപ്പെടുകയാണ്‌.
അനുരഞ്ജനമില്ലാത്ത വിധിയായി ഈ വൃത്തികേടും അതില്‍ നിന്ന്‌ ഉരുവം കൊള്ളുന്ന മാരകരോഗങ്ങളും ഗ്രാമവാസികള്‍ സഹിക്കണമെന്ന വരേണ്യവര്‍ഗ്ഗ വിധിക്കെതിരെ ഉണ്ടായ ജനകീയ പ്രതിരോധവും പ്രക്ഷോഭവുമായിരുന്നു, ആതിരേ തിങ്കളാഴ്ച തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കണ്ടത്‌. തലസ്ഥാന നഗരിയുടെ കുപ്പത്തൊട്ടിയായി കരുതുന്ന വിളപ്പില്‍ശാലയില്‍ മനുഷ്യര്‍ ജീവിക്കേണ്ടതില്ല എന്ന അഹന്താഭരിതമായ ചിന്താഗതിയോടെയാണ്‌ ഇതുവരെ അവിടെ നഗരമാലിന്യങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരുന്നത്‌. മാറി മാറി വന്ന നഗരസഭകളും സംസ്ഥാന ഭരണകൂടവും വിളപ്പില്‍ശാലയുടെ വീര്‍പ്പു മുട്ടലും വിമ്മിട്ടവും കാണാന്‍ കൂട്ടാക്കിയില്ല. ത്വക്ക്‌ രോഗവും ശ്വാസകോശ രോഗവും മുതല്‍ നിരവധി കഠിന വ്യാധികള്‍ പിടിപെട്ട്‌ വിളപ്പില്‍ശാല നിവാസികള്‍ തങ്ങളുടെ അവസ്ഥകളെ വെറുത്തപ്പോഴും അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഗരമാലിന്യങ്ങള്‍ കൊണ്ട്‌ മൂടാമെന്ന മൂഢസ്വര്‍ഗ്ഗത്തിലായിരുന്നു അധികാരി വര്‍ഗ്ഗം.
അതിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും ഉണര്‍ന്നപ്പോള്‍ ഭരണകൂടത്തിനും അതിന്റെ പിണിയാളുകള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. വാഗ്ദാനങ്ങള്‍ കൊണ്ട്‌ ദശാബ്ദങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ നിയമപരമായി അധിക്ഷേപിക്കാനുള്ള നടപടികളാണ്‌ പിന്നീടുണ്ടായത്‌. ഈ ഭരണകൂടഭീകരതയ്ക്ക്‌ കേരള ഹൈക്കോടതിയും കൂട്ടു നിന്നു എന്നതാണ്‌ സാധാരണ പൗരന്റെ സ്വസ്ഥത തകര്‍ക്കുന്ന വാസ്തവം. പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണെങ്കിലും പറയട്ടെ ഇന്ത്യയിലെ സാധാരണക്കാരന്‌, ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവസാനത്തെ അത്താണിയാണ്‌ ന്യായാസനങ്ങള്‍. പലപ്പോഴും പൗരന്റെ അതിജീവനാവകാശം തകരാതെ കാത്തിട്ടുള്ളതും നീതിപീഠങ്ങളാണ്‌. ഒപ്പം തന്നെ സമൂഹവിരുദ്ധമായ വിധികളിലൂടെ ഭരണകൂട ഭീകരതയെ ഊട്ടിവളര്‍ത്തുന്ന നൃസംശത നീതിപീഠങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്‌.ഒരു ഉദാഹരണം : പ്ലാച്ചിമടയിലെ ഭൂഗര്‍ഭജലമൂറ്റിയ കൊക്കക്കോള കമ്പനിക്ക്‌ അനുകൂലമായ വിധി . ആ പരമ്പരയില്‍ അവസാനത്തെതായിരുന്നു തിരുവനന്തപുരം നഗരവാസികളുടെ മാലിന്യങ്ങള്‍ വീണ്ടും വിളപ്പില്‍ശാലയില്‍ നിക്ഷേപിക്കാനുള്ള ഹൈക്കോടതി ഉത്തരവ്‌.
തലസ്ഥാന നഗരം ചീഞ്ഞു നാറുന്നതുകൊണ്ടാണ്‌ ഇങ്ങനെയൊരു തീരുമാനം എടുത്തത്‌ എന്നാണ്‌ യുക്തിയെങ്കില്‍ ആ യുക്തി അംഗകരിക്കുകയില്ലെന്നും അതിന്‌ പിന്നിലെ ശക്തികളെ തകര്‍ക്കുമെന്നുമുള്ള പൗരന്റെ അസന്ദിഗ്ധമായ വിധി പറച്ചിലായിരുന്നു, ആതിരേ,തിങ്കളാഴ്ച വിളപ്പില്‍ ശാലയില്‍ ദൃശ്യമായത്‌.എന്തു കൊണ്ടാണ്‌ ഗൃഹമാലിന്യങ്ങളും സ്ഥാപനമാലിന്യങ്ങളും പൊതു നിരത്തില്‍ വലിച്ചെറിയുന്ന നഗരവാസിക്കെതിരെ ഹൈക്കോടതി വിധിപറയാതിരുന്നത്‌?എന്തു കൊണ്ടാണ്‌ ഹൈക്കോടതി അത്തരം സമൂഹവിരുദ്ധര്‍ക്ക്‌,നിയമലംഘകര്‍ക്ക്‌ ി‍ക്ഷവിധിക്കാതിരുന്നത്‌?നീതിപീഠങ്ങളും ഭരണകൂടവും പൗരവിരുദ്ധമാകുന്നത്‌ ഇത്തരം സന്ദിഗ്ധഘട്ടത്തിലാകുമ്പോള്‍ പൗരന്‌ നിയമനിഷേധിയാകാനല്ലാതെ മറ്റു മാര്‍ഗമില്ല.ആ സന്ദേശം കൂടിയാണ്‌ വിളപ്പില്‍ശാലയില്‍ നിന്ന്‌ തിങ്കളാഴ്ച കേട്ടത്‌.
ഇനി ഒരിക്കല്‍ പോലും ഒരു ബാസ്ക്കറ്റ്‌ നഗരമാലിന്യം വിളപ്പില്‍ശാലയില്‍ സംസ്കരിക്കാന്‍ അനുവദിക്കുകയില്ല എന്ന്‌ മുന്‍കൂട്ടി തന്നെ സമരങ്ങളിലൂടെ സത്യഗ്രഹങ്ങളിലൂടെ സൗമ്യമായി അവിടത്തുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചതാണ്‌. എന്നാല്‍, ആ മുന്നറിയിപ്പുകളെ മാലിന്യങ്ങളെക്കാള്‍ വില കുറഞ്ഞ നിലപാടെന്ന്‌ വിലയിരുത്തിയാണ്‌ സര്‍വ്വസന്നാഹങ്ങളോടെ തിങ്കളാഴ്ച വിളപ്പില്‍ശാലയിലേക്ക്‌ മാലിന്യവണ്ടികള്‍ കൊണ്ടുപോയത്‌.അതു പരാജയപ്പെട്ടപ്പോള്‍ ചൊവ്വാഴച നിരോധനാജ്ഞ പുറപ്പെടുവിച്ചു കൊണ്ടാണ്‌ ഭരണകൂടം വിളപ്പില്‍ശാലക്കരുടെ പൗരാവകാശത്തെ അഴുകിയമാലിന്യങ്ങള്‍ കൊണ്ട്‌ മൂടിയത്‌.നഗരഭരണാധികാരികളും സംസ്ഥാനഭരണകൂടവും നിര്‍ണായാകമായ ഒരു ജനകീയപ്രശ്നത്തോട്‌ എത്രയധികം ഗര്‍വോടെയാണ്‌ പ്രതികരിക്കുന്നതെന്ന്‌ മനസ്സിലാക്കുക.
സഹനത്തിന്റെ പരിധി വിട്ടു കഴിഞ്ഞാല്‍, ആതിരേ, പൗരന്റെ പ്രതികരണങ്ങള്‍ ഒരു ഭരണകൂടത്തിനും ഒരു മര്‍ദ്ദനസംവിധാനത്തിനും നിയന്ത്രിക്കാന്‍ കഴിയുകയില്ല എന്ന്‌ ചരിത്രം എത്രവട്ടം പഠിപ്പിച്ചിട്ടുള്ളതാണ്‌. പക്ഷേ ചരിത്രബോധമില്ലായ്മയെ മഹത്വമായി കരുതുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ്‌ കേരളത്തിലുള്ളത്‌. അതുകൊണ്ടാണ്‌ പോലീസ്‌ സംരക്ഷണത്തില്‍ വിളപ്പില്‍ശാലയിലേക്ക്‌ തലസ്ഥാനനഗരമാലിന്യം കൊണ്ടുപോകാന്‍ നഗരസഭ അദ്ധ്യക്ഷയുടെ നേതൃത്വത്തിലുള്ള ഒരുപറ്റം ജനവിരുദ്ധ ഭരണക്കാര്‍ തയ്യാറായത്‌. ആ അഹന്തയ്ക്ക്‌ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ്‌ വിളപ്പില്‍ശാല നഗരമാലിന്യ നിക്ഷേപത്തിനെതിരായി ഗ്രാമങ്ങളില്‍ ഉയരുന്ന പൗരപ്രതിഷേധങ്ങള്‍ക്ക്‌ മാതൃകയായിരിക്കുന്നത്‌.
ഇവിടെ തിരുവനന്തപുരം നഗരസഭയുടേ മുന്‍ അദ്ധ്യക്ഷനും ,മാര്‍ക്സിസ്റ്റ്‌ നേതാവുമായ ശിവന്‍കുട്ടി ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ച അഭിപ്രായം,അമര്‍ഷം ശ്രദ്ധിക്കേണ്ടതുണ്ട്‌.വിളപ്പില്‍ശാല നിവാസികളെ അറസ്റ്റ്‌ ചെയ്തു നീക്കി, കൊണ്ടു പോയ നഗരമാലിന്യം അവിടെ നിക്ഷേപിക്കാതിരുന്നത്‌ ഒത്തുകളിയായിരുന്നു എന്നാണയാള്‍ അഭിപ്രായപ്പെട്ടത്‌.വര്‍ഗ-ബഹുജന സഖ്യത്തിലൂടെ ഭരണകൂടഭീകരതയെ ചെറുക്കാന്‍ പഠിപ്പിച്ച രു പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല അപചയമാണിത്‌ വ്യക്തമാക്കുന്നത്‌.നഗരീകൃത മധ്യ-ഉപരിവര്‍ഗത്തിന്റെ വിസര്‍ജ്യങ്ങള്‍, അക്കൂട്ടര്‍ക്ക്‌ അലോസരമുണ്ടാക്കാതെ നീക്കം ചെയ്യുന്നതാണ്‌ ഒരു സമൂഹത്തിന്റെ മുഴുവന്‍ അതിജീവന-ആരോഗ്യപ്രശ്നത്തെക്കാള്‍ പ്രധാനമെന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌, ആതിരേ ഈ ദൂഷിതവൃന്ദം.
തിരുവനന്തപുരത്തെ വിളപ്പില്‍ശാല, തൃശൂരിലെ ലാലൂര്‍, കോട്ടയത്തെ വടവാതൂര്‍, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്‌, കണ്ണൂരിലെ പെട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഉയരുന്ന ദുര്‍ഗന്ധം ഭരണകൂടം അതിന്റെ പൗരന്മാരോട്‌ പുലര്‍ത്തുന്ന അഹങ്കാരപൂര്‍ണമായ അവഗണനയുടേയും ജനവിരുദ്ധ നിലപാടുകളുടെയും മാലിന്യം അഴുകി കെട്ടിക്കിടന്നുണ്ടായതാണ്‌. . മുകളില്‍ സൂചിപ്പിച്ച സ്ഥലങ്ങളിലെല്ലാം നഗരമാലിന്യങ്ങളാണ്‌ നിക്ഷേപിക്കുന്നത്‌. അവിടങ്ങളിലെല്ലാം സാധാരണക്കാര്‍ വിവിധ രോഗങ്ങളാല്‍ പീഡിതരാണ്‌. തങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ പ്രദേശനിവാസികള്‍ പലവട്ടം ബന്ധപ്പെട്ടവര്‍ക്ക്‌ നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളതാണ്‌. ഗതികെട്ടപ്പോള്‍ പ്രത്യക്ഷ സമരങ്ങള്‍ നടത്തിയിട്ടുള്ളതാണ്‌. അപ്പോഴെല്ലാം വാഗ്ദാനങ്ങളാല്‍ വഞ്ചിച്ച്‌ നഗരവാസിയുടെ മാലിന്യം കൊണ്ട്‌ ഇവരുടെ അതിജീവന മോഹങ്ങളെ ദുര്‍ഗന്ധഭരിതവും രോഗപൂരിതവുമാക്കുകയായിരുന്നു അതാത്‌ ഭരണകൂടങ്ങള്‍.
ആതിരേ,അധിനിവേശത്തിന്റെയും നഗരവല്‍കൃത സംസ്കാരത്തിന്റെയും കെട്ടുനാറുന്ന മാലിന്യബോധങ്ങളെ സംശുദ്ധമാക്കാനുള്ള ജനകീയ മുന്നേറ്റമായിട്ടാണ്‌ വിളപ്പില്‍ശാലയിലെ തിങ്കളാഴ്ചത്തെ മുന്നേറ്റത്തെ ഞാന്‍ വിലയിരുത്തുന്നത്‌. തൃശൂരില്‍ ലാലൂരിലെ മാലിന്യനിര്‍മാര്‍ജന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ മുന്‍ നക്സലൈറ്റ്‌ നേതാവ്‌ കെ.വേണു ഫെബ്രുവരി 14 മുതല്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്‌. കോട്ടയത്തെ വടവാതൂരില്‍ നിന്നും സമാനസ്വഭാവത്തിലുള്ള ജനകീയ പ്രതിരോധ പരിപാടികള്‍ ആരംഭിച്ചിച്ചുണ്ട്‌. കണ്ണൂരിലെ പെട്ടിപ്പാലത്തും ജനങ്ങള്‍ പ്രത്യക്ഷ സമരമുഖത്താണ്‌.
ഇത്രയൊക്കെയായിട്ടും ഭരണകൂടവും നീതിപീഠങ്ങളും നഗരവാസിയുടെ വൃത്തികെട്ട സ്വഭാവങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയും ഗ്രാമീണന്റെ ജീവിക്കാനുള്ള അവകാശത്തെ മാലിന്യം കൊണ്ട്‌ മൂടുകയും ചെയ്യുമ്പോള്‍ അതിനെതിരെ ജനകീയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബാധ്യസ്ഥതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസാംസ്കാരിക സംഘടനകളും പുലര്‍ത്തുന്ന ഉത്തരവാദിത്തമില്ലായ്മ ഈ മാലിന്യങ്ങളെക്കാള്‍ ഏറെ ദുര്‍ഗന്ധം നിറഞ്ഞതാണ്‌. മാലിന്യം സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യാന്‍ നഗരവാസിക്ക്‌ അവകാശമുള്ളത്‌ പോലെ തന്റെ പ്രദേശത്ത്‌ ആരോഗ്യത്തോടെ ജീവിക്കാന്‍ ഓരോ ഗ്രാമീണനും അവകാശമുണ്ടുണ്ട്‌. അത്‌ തടയുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്‌ അധികാരത്തിന്റെയും സൗകര്യങ്ങളുടെയും നാഗര സൗന്ദര്യത്തിന്റേയുമൊക്കെ പേരില്‍ കവര്‍ന്നെടുക്കപ്പെടുന്നത്‌. അതിനെതിരെ ഉയരുന്ന എല്ലാ ജനകീയ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴാണ്‌ ,ആ സമരമുഖങ്ങളില്‍ പോരാട്ടസാന്നിദ്ധ്യമാകുമ്പോഴാണ്‌ ഒരു ഉത്തമപൗരനാണ്‌ ഞാനും നിങ്ങളുമെന്ന മേനിപറച്ചില്‍ സാര്‍ത്ഥമാകുകയുള്ളൂ. അവനവന്റെ മാലിന്യം അതിന്റെ അറവിടത്തില്‍ തന്നെ നശിപ്പിക്കാനുള്ള കേവല ഉത്തരവാദിത്തം പോലും ഏറ്റെടുക്കാന്‍ കഴിയുകയില്ലെങ്കില്‍ ആതിരേ സാക്ഷരരാണ്‌ നാമൊക്കെ എന്നെങ്ങനെ പറയാന്‍ കഴിയും. ?

No comments: