Wednesday, February 27, 2008

ചോര ഞെരമ്പുകളില്‍ തിളയ്ക്കുന്ന ടീചേഴ്സ്‌ സ്പെഷല്‍-ഗുരുവായൂര്‍ സ്പെഷല്‍ ചുരിദാറുകള്‍


ആതിരേ
ഏതാണ്ട്‌ ആറു മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ കുട്ടി ഞാന്‍
അസ്തമന സൂര്യനെ കണ്ടത്‌.ഞാനും ഡെയ്നും ഒരു ഔദ്യോഗിക യാത്രയുടെ മടക്കത്തിലായിരുന്നു അപ്പോള്‍ .ഡെയ്ന്റെ ബൈക്കിനു പിറകിലിരുന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുന്നിലൂടെയുള്ള നാഷണല്‍ ഹൈവേയിലൂടെ എണ്‍പതില്‍ പാഞ്ഞു വരുമ്പോഴായിരുന്നു അതു കണ്ടത്‌.
കുട്ടിയുടെ നെറ്റിയില്‍ മാസത്തില്‍ ചില ദിവസങ്ങളൊഴിച്ചാല്‍ കാണുന്ന സിന്ദൂരക്കുറിപോലെ..
ആ സിന്ദൂരപ്പൊട്ടിന്റെ തരളസ്മരണക്കുളിരില്‍ യാത്രാക്ഷീണമെല്ലാം മറന്ന്‌, പാനിയചികില്‍സയിലൂടെ
കുടലില്‍ അള്ളിപ്പിടിച്ചു കിടന്ന്‌
20-ട്വന്റി കളിച്ചുകൊണ്ടിരുന്ന
അള്‍സറിന്റെ ഞണ്ടുകളെ മയക്കി
ഓഫീസിലേക്ക്‌ മടങ്ങുമ്പോഴയിരുന്നു
വടക്കന്‍പാട്ടുമട്ടില്‍ "മാനത്തൂന്നെങ്ങാനും പൊട്ടി വിണോ, ഭൂമീന്ന്‌ തനിയെ മുളച്ചു വന്നോ" എന്ന്‌ അപ്പോള്‍ എന്നില്‍ സംശയം മുളപ്പിച്ച്‌
രണ്ട്‌ ചുരിദാറികള്‍ മുന്നിലെത്തിയത്‌.
ഒന്നൊരു അസിന്‍ മോഡല്‍ സ്ലിം.
മറ്റേതൊരു ' പയ്ന്റ്‌ 'ഷക്കീല.
രണ്ടും ടീച്ചറികള്‍..!
ആ സന്ധ്യക്ക്‌ അഭിമാനപൂരിതം അന്തരംഗത്തോടെ
അവര്‍ മൊഴിഞ്ഞ ചുരിദാര്‍പുരാണം
കുട്ടിയും കേള്‍ക്കുക, വെറുതെ ഒരു നേരമ്പോക്കിന്‌, ഓക്കേ.
(മൊഴിമാറ്റം ന്റെ വഹ )
" വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമായതിന്റെ ആഘോഷത്തിലാണ്‌ ചുരിദാറുകളും ചുരിദാറികളും.
സുപ്രീം കോടതി വരെ പോയെങ്കിലെന്താ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ പറ്റീലേ ? പഠിക്കാനല്ലാതെ പഠിപ്പിക്കാനായി സ്കൂളുകളില്‍ ഒന്നു കയറണമെന്നുണ്ടായിരുന്നു. ഇപ്പോ, ദാ അതും സാധിച്ചു. സാരീടെ അഹങ്കാരം കുറച്ചതിന്റെ ഗ്ലാമര്‍ വേറെയും.
മുമ്പൊക്കെ ടീച്ചര്‍മാര്‍ തുണിക്കടേന്ന്‌ സാരി വാങ്ങിപ്പോകുമ്പോ കണ്ണാടി അലമാരയിലിരുന്ന്‌ ചുരിദാറുകള്‍ ഒരുപാട്‌ കരഞ്ഞിട്ടൊണ്ട്‌.
ഇപ്പം കാലം മാറി. നിയമോം മാറി.
ഏതാണ്ട്‌ 50% ടീച്ചര്‍മാരും സാരീന്ന്‌ കൂറുമാറി ചുരിദാറിലെത്തി!
അന്തരംഗം അഭിമാനപൂരിതമാകാന്‍,
ചോര ഞെരമ്പുകളില്‍ തിളയ്ക്കാന്‍ ഇതൊക്കെ പോരെ മാഷേ ?.
ടീച്ചര്‍മാരോട്‌ മാതൃത്വം കലര്‍ന്ന സ്നേഹവും ബഹുമാനവും തോന്നണോങ്കീ
സാരിതന്നെ വേണോമ്ന്ന്‌ വാദിക്കുന്ന പഴഞ്ചന്മാരിന്നുമുണ്ട്‌! നശ്ശൂലങ്ങള്‍ !!
അവര്‍ക്ക്‌ വേറെ പണീല്ലെല്ലോ-അതോണ്ട്‌ വാദിക്വോ തര്‍ക്കിക്വോ എന്തുവേണേലും ചെയ്തോട്ടേ-നമ്മളിനി ആ വഴിക്കേയില്ല മാഷേ.. .
തന്നേമല്ല ആ പിന്തിരിപ്പന്മാരും( മാരികളും) പതുക്കെ പതുക്കെ മാറിക്കോളുംന്നേ . ഇന്ന്‌ ഞങ്ങളോടൊപ്പം വരാന്‍ മടിക്കുന്ന ടീച്ചര്‍മാര്‍ക്ക്‌ നാളെ ഞങ്ങള്‍ക്കൊപ്പം വന്നല്ലേതീരൂ മാഷേ ?
ഒന്നൂല്ലേലും വസ്ത്രത്തിന്റേം ആഭരണത്തിന്റേം വിഷയം വരുമ്പോ
സ്ത്രീശാക്തീകരണം ഉത്തരോത്തരം വര്‍ദ്ധിക്കൂലേ മാഷേ ?
സമ്മതിച്ചല്ലോ ?
അതാ പറഞ്ഞത്‌ പെണ്ണൊരുമ്പെട്ടാ സാരിക്കും തടയാമ്പറ്റൂലാന്ന്‌ !
കൈയ്യീ നുള്ളിക്കോ മാഷേ ,
സാരിയെ തോപ്പിക്കാനൊള്ള വാട്ടര്‍ലൂ യുദ്ധത്തിനൊരുങ്ങ്വാ ചുരിദാറുകള്‍ ( ചുരിദാറികള്‍!.)
അറിഞ്ഞില്ലേല്‍ അറിഞ്ഞോളൂ ,
'ടീച്ചേഴ്സ്‌ സ്പെഷല്‍' എന്ന പേരില്‍ ചുരിദാറുകള്‍ വരാമ്പോക്വാ.
സാരീടെ ബഹുമാനമൊക്കെ വിദ്യാര്‍ഥികള്‍ക്ക്‌ തോന്നിപ്പിക്കുന്ന ചുരിദാറുകളുടെ ഡിസൈനുകള്‍ തയാറായിക്കഴിഞ്ഞു ...
ങാഹാ..കാണിച്ചു തരാം, കളിയെവിടംവരെയെത്തൂംന്ന്‌..
ഒള്ളത്‌ പറയണോല്ലോ മാഷേ, ടീച്ചര്‍മാര്‍ക്കായി രംഗത്തിറക്കിയ വിലകുറഞ്ഞ കോട്ടണ്‍ സാരികളുടെ കാര്യം വല്ല്യ കഷ്ടത്തിലായീട്ടോ...
ടീച്ചര്‍മാരെ വളയ്ക്കാന്‍ തയാറായി മോടിയുള്ളതും വിലകുറഞ്ഞതുമായ ചുരിദാറുകള്‍ രംഗത്തുവരുന്നതോടെ ഈ പാവം സാരികള്‍ക്ക്‌ വല്ല കുണ്ടിലും പോയി ഒളിക്കുകയേ ഇനി തരമുള്ളു ; നോ ഡൗട്ട്‌
ങാഹാ,പറഞ്ഞില്ലെന്നു വേണ്ട,
' ഗുരുവായൂര്‍ സ്പെഷലും' ഉടനെ കടകളിലെത്തും.
ഗുരുവായൂര്‍ സ്പെഷലും ടീച്ചേഴ്സ്‌ സ്പെഷലുമൊക്കെ എത്തുമ്പോ മാവേലിനാട്‌വാണിടും കാലമല്ലേ മാഷേ വരാമ്പോകുന്നേ.!.ടീച്ചറും കുട്ട്യോളും ഒന്നുപോലെ.!!.കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല ഡിസൈന്‍ വിത്യാസം.!!!
( പറയുമ്പോ എല്ലാം പറയണമല്ലോ, സ്ലിറ്റിന്റെ കാര്യത്തിലിത്തിരി തര്‍ക്കം ബാക്കിയൊണ്ട്‌.അത്‌...അത്‌... സാരമില്ലന്നേ....ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാമ്പറ്റാത്ത സ്ലിറ്റ്‌ ഏതാ ഉള്ളത്‌.?.ഉം ം ം ! മാഷെന്തിനാ ചിരിക്കുന്നേ ? വേണ്ടാട്ടോ , ഇനിയത്തരം നാട്യമൊന്നും ഞങ്ങടടുത്ത്‌ ചെലവാകില്ലാട്ടോ ...)
' നിയമോം കോടതി വിധീമൊക്കെ വന്നതല്ലേ. ആയിക്കോ.. ആയിക്കോ ... പക്ഷേ ഇപ്പോഴത്തെ കോളജ്‌ കുട്ട്യോളിടുന്നതുപോലെ 'ഞെട്ടിക്കുന്ന' ഡിസൈനുകള്‍ ഇട്ട്‌ ടീച്ചര്‍മാര്‍ സ്കൂളുകളിലേക്കു പോകരുതെന്നു ശഠിക്കുന്ന ശപ്പന്മാരും ശപ്പത്തികളും നമ്മുടെ കൂട്ടത്തിലൊണ്ട്‌..
വിവരം കെട്ടവര്‍ഗ്ഗം ! അല്ലാതെന്തു പറയാനാ.?.മാഷ്‌ പറ..
പിന്നെ മറ്റൊരു രഹസ്യം പറയട്ടെ, മാഷാരോടും പറയാമ്പോകേണ്ട
'ടീച്ചറെ കണ്ടാല്‍ പ്രായം തോന്നുകയേയില്ല' എന്ന്‌ ക്ലാസിലെ ചില വിരുതന്‍മാരുടെ കമന്റൊക്കെ കേള്‍ക്കുമ്പോള്‍ ഒരൊരു ഉള്‍ക്കുളീര്‌ തോന്നറുണ്ടെന്നത്‌ സത്യം - സാരിചുറ്റുമ്പോള്ളുള്ളതിലും പാതി പ്രായമേ ഇപ്പോള്‍ തോന്നിക്കൂ!
അതത്ര ചില്ലാറക്കാര്യമല്ലെല്ലോ..നേട്ടം തന്നെയല്ലേ.മാഷേ..?
സാരിയുടുക്കുമ്പോ ചെറുപ്പം തോന്നിപ്പിക്കാന്‍
എന്തെല്ലാം എവിടെയെല്ലാം കുത്തിത്തിരുകി വയ്ക്കണോന്നറിയ്‌വോ , പുരുഷന്മാര്‍ക്ക്‌ ?
'ദര്‍ശന സുഖം സര്‍വ സുഖാല്‍ പ്രധാനം 'എന്നുരുവിട്ട്‌ വായീനോക്കി നടന്നാപ്പോരെ നിങ്ങള്‍ക്ക്‌..?
എന്നാല്‍ ചുരിദാര്‍ ചില വീടുകളില്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ക്ക്‌ കളമൊരുക്കിയിട്ടില്ലെന്നും പറയാനുമ്പറ്റൂലാട്ടോ. .
സാരിയായിരുന്നേല്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ക്കെല്ലാം മാറിമാറി ഉടുക്കാമായിരുന്നു.
ചുരിദാറിന്റെ കാര്യത്തില്‍ അത്തരം അഡ്ജസ്റ്റുമെന്റൊന്നും പറ്റില്ല .
അമ്മേടെ ചുരിദാര്‍ മോളും മോള്‍ടെ ചുരിദാര്‍ അമ്മേം ഇടുന്ന സമ്പ്രദായം തല്‍ക്കാലം നടപ്പില്ല.
ആ ഒരു പ്രശ്നം , പ്രശ്നം തന്നെയാണെങ്കിലും ചുരിദാറിനെ വിട്ടൊരുകളിക്കും ഞങ്ങളില്ല-
പറഞ്ഞില്ലെന്നു വേണ്ട..
എന്തൊക്കെ ആരോപണം ഉന്നയിച്ചാലും
ആകെ- മൊത്തം-ടോട്ടല്‍ നോക്കുമ്പോള്‍ ചുരിദാര്‍ ലാഭം തന്നെയാ മാഷെ.. ഉത്തരേന്ത്യയില്‍നിന്നെത്തി ദക്ഷിണേന്ത്യയെയാകെ കീഴടക്കിയ
ഒരു വസ്ത്രമല്ലേ നമുക്കുള്ളൂ.
അതു ചുരിദാറാല്ലേ?.
ചുരിദാര്‍ തന്റെ പഴുതടച്ച തന്ത്രങ്ങളിലൂടെ
കേരളത്തെ പിടിച്ചടക്കാന്‍ ഒരുങ്ങുമ്പോള്‍
നമ്മളെന്തിന്‌ മുഖം തിരിച്ചു നില്‍ക്കണം?
അങ്ങനെ ചെയ്യുമ്പോ ,
അതല്ലേ വിഭാഗിയത ?
അതല്ലേ ഫെഡറല്‍ സെറ്റപ്പിനെതിരായ രാഷ്ട്രവിരുദ്ധ നീക്കം ?
ഇന്ത്യ എന്റെ രാജ്യമല്ലേ, എല്ലാ ചുരിദാറികളും സഹോദരിമാരല്ലേ..?
അപ്പോ 'ചുരിദാര്‍ തുഛേ സലാം '
എന്നുപറയുന്നതല്ലെ
കാലഘട്ടത്തിന്റെ ആവശ്യം...?
ല്ലേ....മാഷേ..?

Wednesday, February 13, 2008

ഒരു പുഷ്പ്പഞ്ജലിയുടെ ഓര്‍മ്മക്ക്‌


ചാറ്റുമഴയുടെ ഇളംകുളിരിലാണീ നഗര സന്ധ്യ-
വേനല്‍ മഴയാണിത്‌..
ആതിരെ , കുട്ടിക്കെഴുതാനിരിക്കുമ്പോള്‍
മഴപെയ്യുന്നതൊരു നിമിത്തമാണോ..?
'ഉദകപ്പോള'യിലെ ജയകൃഷണനുനും ക്ലാരയും കണ്ടുമുട്ടിയപ്പോഴെല്ലാം പെയ്തതുപോലൊരുതണുവണിത്തളിരനുഭവം..
പോ മാഷേ , പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞു ,
നമ്മളിങ്ങനെ എഴുതിയും പറഞ്ഞും പിണങ്ങിയും ഇണങ്ങിയും
അകലങ്ങളില്‍ കഴിയുന്നു.
നാമിങ്ങനെ
മഴയങ്ങനെ
എന്നുകരുതിയാപ്പോരേ
എന്നല്ലേ ഭാവം...
ഓാ‍ാ‍ാ‍ാ‍ാ‍ാ‍ക്കേ
നാളെവാലന്റൈന്‍ ദിനം...
പ്രണയാര്‍ദ്രമാനസങ്ങള്‍ക്കു വേണ്ടി
പനിനീര്‍പ്പൂക്കളുടെ കഴുത്തറുക്കപ്പെടുന്ന
കൃപാരഹിതമായവധശിക്ഷ നടപ്പാക്കല്‍ ദിനം..
എന്നെയിപ്പോള്‍ ചൂഴുന്നത്‌
സമൃദ്ധമായ ഒരു സാന്നിദ്ധ്യം -
പുഷ്പ്പഞ്ജലീപ്രസാദ ധന്യത-
കളഭത്തണുപ്പ്‌-
കരിക്കുറിയുംകളഭക്കുറിയും
വിയര്‍പ്പുമുത്തുകളുംഭംഗിയേറ്റിയ മുഖപ്രസാദം...
ആതിരെ
ആരോടൊക്കെയോവിളിച്ച്കൂകിപ്പറയണം
എന്ന്‌ അദമ്യമായ ആഗ്രഹമുണ്ടയിരുന്നപ്പോഴും
ആരേയുമറിയിക്കാതെ
ആരേയുംകാണിക്കാതെ
മയില്‍പ്പീലിപോലെ
ആത്മാവിന്റെ
അടരുകള്‍ക്കുള്ളിലൊളിപ്പിച്ചുവച്ച
ഒരു ഒരു ഇത്‌..
നഷ്ടപ്പെടുത്താതെ
നശിപ്പിക്കാതെ
അതിവിടംവരെസൂക്ഷിച്ച്‌...
പിന്നിട്ട ആ നാളുകളുടെ
അനുപമവും അനര്‍ഘവും
വിശുദ്ധവുമായവിങ്ങലുകള്‍ തൊങ്ങല്‍ ചാര്‍ത്തിയ
ഇണക്കവും പിണക്കവും
ദേഷ്യവും ശപിക്കലുംക്ഷമിക്കലും ഒക്കെയായി
നോവിന്റേയും നീറ്റലിന്റേയും
ഓരംചേര്‍ന്ന്‌ ഒന്നിച്ചുള്ള നടത്തവും..
അതൊന്നുമില്ലതെ
എസ്‌എംഎസ്‌ഉം മൊബൈല്‍ ഫോണും
ഇന്റര്‍നെറ്റും ചാറ്റ്‌ റൂമും
കോണ്ടവും
കൊണ്ട്‌പ്രണയത്തെ
ശരീരത്തിന്റെ മാത്രംആഘോഷമാക്കുന്ന
ന്യൂ ജനറേഷന്‍ പ്രണയിനികള്‍ക്കുള്ളതാണ്‌
ആതിരെ
നാളത്തെ വാലന്റൈന്‍ ദിനം..
പേടിച്ചുപേടിച്ചുള്ള കുട്ടിയുടെ ആ നോട്ടം..
പുഷ്പ്പാഞ്ജലിപ്രസാദം കൈമാറുമ്പോഴത്തെ
വിയര്‍പ്പുപൊടിപ്പിക്കുന്ന ആ വിവശത..
ഓര്‍മ്മകളില്‍ കളഭത്തണുപ്പ്‌നിറയുകയാണാതിരേ..
പന്ത്രണ്ട്‌ വര്‍ഷമായിട്ടും
ഇതുവരെ കൈമാറിയിട്ടില്ലാത്ത
വലന്റൈന്‍ ദിനാശംസ
ഇത്തവണയുമില്ല..
അപ്പോഴും ലഭിച്ചിരുന്ന പുഷ്പ്പഞ്ജലിപ്രസാദം....
ചാറ്റുമഴക്കൊപ്പം
കളഭത്തണുപ്പും
ഇപ്പോള്‍ ചുറ്റും പടര്‍ന്ന്‌ നിറയുകയാണാതിരെ

Friday, February 8, 2008

വൈലത്തൂര്‍ പെണ്‍വാണിഭം

പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു ഞാന്‍...
പ്രിയപ്പെട്ട പെണ്‍കുട്ടി, അറിയില്ലാ നിന്റെ പേരെനിക്ക്‌. കവി പാടിയതുപോലെ ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ അതുമല്ലെങ്കില്‍ മൈമൂനയോ സുഹ്‌റയോ ആരായാലും നീ ഇന്ന്‌ എന്റെ മനസില്‍ ഭയാശങ്കകളുടെ നീര്‍പെയ്തുപോകുന്ന കാര്‍മേഘമാണ്‌.
അസ്ഥിവാരമില്ലാത്ത ഒരു ജീവിതസാഹചര്യത്തില്‍ പിറക്കുന്ന ഏതൊരു കൗമാരക്കാരിക്കും സംഭവിക്കാവുന്ന തെറ്റേ നിനക്ക്‌ സംഭവിച്ചിട്ടുള്ളു. ഇല്ലായ്മകളുടെ നടുവില്‍നിന്നുള്ള മോചനവും ഭാസുരമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമൊക്കെയായിരിക്കാം സുധീറിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ നിന്നെ പ്രേരിപ്പിച്ചത്‌. അതുകൊണ്ടാണ്‌ അയാള്‍ വാഗ്ദാനം ചെയ്ത ജോലി പ്രതീക്ഷിച്ച്‌ 2006 ഓഗസ്റ്റില്‍ കോഴിക്കോട്‌ എത്തിയത്‌. എന്നാല്‍ വൈലത്തൂരുകാരനായ, ഫൈനാന്‍സ്‌ ഇടപാടുകാരനും ഗുണ്ടയുമായ അയാളുടെ മനസില്‍ നിന്റെ കിളുന്തുദേഹം കടിച്ചുകീറിത്തിന്നാനുള്ള കാമപിശാചായിരുന്നു ചുരമാന്തിയിരുന്നതെന്ന്‌ നിനക്കറിയാമായിരുന്നില്ലല്ലോ.

അയാളുടെ ചാടുവാക്കുകളില്‍ നീ അതുവരെ കരുതിവച്ചിരുന്ന, ഏതൊരു പെണ്‍കുട്ടിയും സ്വന്തം ഭര്‍ത്താവിനുമാത്രം സമര്‍പ്പിക്കാന്‍ സൂക്ഷിക്കുന്ന നിന്റെ വ്രതശുദ്ധി ഹോട്ടല്‍ മുറികളില്‍ പിച്ചിചീന്തപ്പെട്ടപ്പോള്‍ രതിനിര്‍വേദത്തിലല്ല നിന്റെ മിഴികള്‍ ഈറനായത്‌ മറിച്ച്‌ ശപിക്കപ്പെട്ട ഒരു ജന്മം നല്‍കിയ ഈശ്വരനോടുള്ള പ്രതിഷേധമായിരുന്നു ആ കണ്ണുനീര്‍ മുത്തുകള്‍ എന്നു ഞാന്‍ അറിയുന്നു.

ആ ദിവസങ്ങളില്‍, എനിക്കറിയാം നീ ഹൃദയം നുറുങ്ങി ഈശ്വരനോട്‌ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം. എങ്ങനെയെങ്കിലും സുധീറിന്റെ സ്വാധീനത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തണമേ എന്ന്‌. പക്ഷെ ഒരീശ്വരനും നിന്റെ പ്രാര്‍ത്ഥന കേട്ടില്ല. എന്നാല്‍ ഹോട്ടല്‍ മുറികളില്‍ മാറിമാറി നിന്നെ പീഡിപ്പിച്ച്‌ രസിക്കാന്‍ സുധീറും അവന്റെ സുഹൃത്തുക്കളായ ശ്രീലക്ഷ്മി ഫൈനാന്‍സിയേഴ്സ്‌ ഉടമ പത്തുകണ്ടംനിലം സാജന്‍, മുക്കം പ്ലാസ ടെക്സ്റ്റെയില്‍സ്‌ ഉടമ കാരശേരി സുബൈര്‍, കക്കാട്‌ ആരിഫ്‌, മുക്കം തെക്കേരിച്ചാലില്‍ അബ്ദുള്‍ റഷീദ്‌, കോട്ടയ്ക്കല്‍ പുന്നകോടന്‍ ഷെറിന്‍, തിരൂര്‍ ഫൈസല്‍ ജുവല്ലറി ഉടമ ഫൈസല്‍ എന്നീ കാമപിശാചുക്കളെ ഉണ്ടായിരുന്നുള്ളു. അവര്‍ക്ക്‌ മടുത്തപ്പോള്‍ അവര്‍ നിന്നെ മലപ്പുറത്തിറക്കിവിട്ടു.

അവിടെവച്ചാണല്ലോ നാട്ടുകാര്‍ അസ്വഭാവിക സാഹചര്യത്തില്‍ നിന്നെ കണ്ടെത്തിയതും പോലീസിലേല്‍പ്പിച്ചതും വൈലത്തൂര്‍ പെണ്‍വാണിഭകേസെന്ന വിവാദ സംഭവം പുറംലോകമറിഞ്ഞത്‌.

ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പിറന്ന നീ ഒരിക്കലും ഇത്തരമൊരു സാഹചര്യത്തില്‍ എത്തിപ്പെടണമെന്നാഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല, അറിയാം. ജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍നിന്നും രക്ഷപെടാനൊരു ജോലി, അതിലൂടെ പിതാവിന്റെ അത്യധ്വാനത്തിന്‌ ഇത്തിരി ആശ്വാസം താഴെയുള്ള ഇളയ കിടാങ്ങള്‍ക്കും അമ്മയ്ക്കും അല്‍പ്പം കൂടി മെച്ചപ്പെട്ട സാഹചര്യം. ആ പ്രതീക്ഷയില്‍ വീടുവിട്ടിറങ്ങിയ നീ പിന്നെ ചെന്നുപറ്റിയത്‌ പെണ്‍വാണിഭകേസിലുള്‍പ്പെട്ട്‌ പോലീസ്‌ സ്റ്റേഷനിലും ജയിലിലുമായിരുന്നു.

നീ അന്ന്‌ അനുഭവിച്ചിരുന്ന മാനസികപീഡ ഇന്നുമെനിക്ക്‌ ബോധ്യമാവുന്നുണ്ട്‌. നിന്റെ കുടുംബത്തിന്റെ അഭിമാനക്ഷതം ഇപ്പോഴും തിരിച്ചറിയാനാവുന്നുണ്ട്‌. കേസും ചോദ്യം ചെയ്യലുമൊക്കെയായി പോലീസും വക്കീലന്മാരും നിന്നെ കടിച്ചുകുടഞ്ഞപ്പോള്‍ നീ തിന്ന തീക്കനല്‍ പൊള്ളലുകള്‍ ഇപ്പോഴും ബോധ്യമാകുന്നുണ്ട്‌. നിന്നെ സംരക്ഷിക്കാന്‍ കഴിയാതിരുന്നതുകൊണ്ടും സുധീര്‍ നേതൃത്വം നല്‍കുന്ന ഗുണ്ടാപ്പടയെ ഭയന്നുമാണല്ലോ നിന്റെ പിതാവ്‌ നിന്നെ വീട്ടിലേക്ക്‌ കൊണ്ടുപോകാതെ തന്റെ സുഹൃത്തായ കാരിയുടെ മകന്‍ വിജയന്റെ വീട്ടില്‍ താല്‍ക്കാലികമായി താമസിപ്പിച്ചത്‌.

പക്ഷെ വിധി അവിടെയും നിന്നെ വെറുതെവിട്ടില്ല. നിന്നെ മാത്രമല്ല, നിനക്ക്‌ അഭയംതന്ന വിജയനെയും സഹോദരന്‍ ദാമോദരനെയും വിധി (അതോ ഈശ്വരനോ-അങ്ങനെ ഒരു ശക്തിയുണ്ടെന്ന്‌ നീ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടോ?) ക്രൂരമായാണല്ലോ ചവിട്ടിക്കുഴച്ചത്‌. 2006 സെപ്റ്റംബര്‍ 21ന്‌ പുലര്‍ച്ചെ രണ്ടുമണിയോടെ സുധീറിന്റെ ഗുണ്ടകള്‍ വിജയനെയും ദാമോദരനെയും വടിവാളിന്‌ വെട്ടിവീഴ്ത്തിയത്‌ ദുഃസ്വപ്നങ്ങളായി ഇന്നും നിന്റെ നിദ്രയ്ക്ക്‌ ഭംഗംവരുത്തുന്നുണ്ടെന്നെനിക്കറിയാം. ഈ ദുരന്താനുഭവങ്ങളെല്ലാമാണ്‌ നിന്റെ മാനസികവ്യാപാരങ്ങളില്‍ ഇടയ്ക്കിടെ അനിയന്ത്രിതമായ ചില ചലനങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയുന്നുണ്ട്‌.

കൊടും പീഡനത്തിന്റെ ആ നാളുകളില്‍ നിന്ന്‌ എങ്ങനെയാണ്‌ കുട്ടി നീ രക്ഷപ്പെട്ടത്‌? ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ജീവിക്കാനുള്ള നിന്റെ വ്യഗ്രതയും നിശ്ചയദാര്‍ഢ്യവും ആരിലും മതിപ്പുളവാക്കുകയും ചെയ്യും.

ശരീരത്തിലും ആത്മാവിലും മനസിലും ഏറ്റ വടുക്കളുമായി എറണാകുളത്ത്‌ ഒരു ടെക്സ്റ്റെയില്‍ സ്ഥാപനത്തില്‍ ജോലിയെടുത്ത്‌ ജീവിതത്തെ മെല്ലെമെല്ലെ മെരുക്കിയെടുക്കുന്നതിനിടയിലാണല്ലോ തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.ആര്‍. റസ്റ്റം എന്ന തെമ്മാടിയുടെ രൂപത്തില്‍ വീണ്ടും വിധിയുടെ വിളയാട്ടം നിന്റെ ജീവിതത്തിന്റെ താളംതെറ്റിച്ചത്‌. സിനിമ കണ്ടുകൊണ്ടിരുന്ന നിന്നെ അനാശാസ്യപ്രവര്‍ത്തനത്തിന്‌ അറസ്റ്റ്ചെയ്തു എന്നു രേഖയുണ്ടാക്കി. അക്കാര്യം പത്രസമ്മേളനം വിളിച്ച്‌ പ്രസ്താവിച്ച്‌ റസ്റ്റം, സുധീര്‍ എന്ന ഗുണ്ടാത്തലവനോടുള്ള തന്റെ വിധേയത്വം വ്യക്തമാക്കിയപ്പോള്‍ നീ തകര്‍ന്നുതരിപ്പണമായി എന്നും മനസിലാക്കുന്നു. അതുകൊണ്ടാണ്‌ ജയിലില്‍വച്ച്‌ ആത്മഹത്യക്കൊരുങ്ങിയതെന്നും ഞാന്‍ അറിയുന്നു. പക്ഷെ നിന്റെ മനസുകാണാന്‍ ഈ ലോകം ഇനിയും തയ്യാറായിട്ടില്ല.

അനാശാസ്യ പ്രവര്‍ത്തനത്തിന്‌ അറസ്റ്റ്‌ ചെയ്യുകവഴി പീഡനക്കേസ്‌ ദുര്‍ബലമാക്കാനായിരുന്നു സുധീറും റെസ്റ്റവും അടങ്ങുന്ന ഗൂഢസംഘം ശ്രമിച്ചത്‌. അതില്‍ അവര്‍ വിജയിച്ചു എന്നു ബോധ്യമായതുകൊണ്ടാണ്‌ നിന്നെ അറസ്റ്റ്‌ ചെയ്ത വാര്‍ത്ത പുറത്തുവന്നയുടനെ സുധീറും കൂട്ടരും ആദ്യ കേസിലെ സാക്ഷികളുടെ വീട്ടുമുറ്റത്ത്‌ പടക്കം പൊട്ടിച്ച്‌ ആഹ്ലാദം പ്രകടിപ്പിച്ചത്‌.

ഏത്‌ മാനസികാവസ്ഥയിലാണ്‌ നീ ഇപ്പോള്‍ എന്നെനിക്കറിയില്ല. കേരളത്തിലെ വിവാദമുണ്ടാക്കിയ പെണ്‍വാണിഭകേസിലെ ഇരകളുടെ ദാരുണാന്ത്യമാണ്‌ എന്റെ മനസിലിപ്പോള്‍. കിളിരൂരിലെ ശാരി, കവിയൂരിലെ അനഘ, കൊട്ടിയത്തെ ഷൈനി...... അങ്ങനെ എത്രയെത്ര നിസ്സഹായരായ ഇരകള്‍. അവരെയെല്ലാം ഉന്മൂലനം ചെയ്തുകൊണ്ടാണ്‌ പീഡകരും അവരുടെ സംരക്ഷകരായ പോലീസുകാരും കേസ്‌ ദുര്‍ബലമാക്കിയത്‌. എന്റെ കുട്ടി സുധീറും റെസ്റ്റവും അടങ്ങുന്ന പീഡകസംഘം ഇനി അതിനും മടിക്കുകയില്ലയെന്നാണ്‌ ഇപ്പോള്‍ നിനക്കുണ്ടായിട്ടുള്ള അനുഭവം വ്യക്തമാക്കുന്നത്‌. അതല്ലെങ്കില്‍ ഈ അനുഭവങ്ങളുടെയെല്ലാം ദുഃഖഭാരം താങ്ങാനാവാതെ നീ ജീവിതം അവസാനിപ്പിക്കാനും മതി. ഇനി ഒരാളുടെയും ആശ്വാസവാക്ക്‌ നിന്റെ മനസിനെ തണുപ്പിക്കുകയില്ല എന്നെനിക്കറിയാം. എങ്കിലും പറയട്ടെ ജീവിക്കാന്‍ ശ്രമിക്കുക, പോരാടുക, വേട്ടക്കാരെ നിയമത്തിന്റെ കൈയിലെത്തിക്കാന്‍ പരിശ്രമിക്കുക. ഒരു മാതൃക ഞാന്‍ പറയട്ടെ: സൂര്യനെല്ലി കേസിലെ രഞ്ജിതയും ആ കുട്ടിയുടെ അമ്മയും സ്വീകരിച്ച ധൈര്യമായിരുന്നല്ലോ അഡ്വ. ധര്‍മരാജന്‍ അടക്കമുള്ള പ്രതികളെ കോടതിക്കുമുന്‍പില്‍ കൊണ്ടുവരാനും ശിക്ഷ വാങ്ങികൊടുക്കാന്‍ ഇടയാക്കിയത്‌. കഴിയുമോ ആ മാനസികഭാവം ആര്‍ജിക്കാന്‍. അല്ല പുറത്തിറങ്ങിയാല്‍ മരിക്കാനാണ്‌ തീരുമാനമെങ്കില്‍ 'ഇനിയും മരിക്കാത്ത പെണ്‍കുട്ടി നിന്നാസന്നമൃത്യുവില്‍ നിനക്കാത്മശാന്തി' നേര്‍ന്നുകൊണ്ട്‌ ഞാന്‍ പിന്‍വാങ്ങട്ടെ!വൈലത്തൂര്‍ പെണ്‍വാണിഭക്കേസിലെ ഒന്നാംപ്രതി സുധീര്‍
സുധീറിനെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കിയതിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.ആര്‍.റെസ്റ്റം