Thursday, November 29, 2012

ആരാധനാലയങ്ങള്‍ക്കും ബാര്‍ ഹോട്ടലുകള്‍ക്കുമിടയില്‍ അലൈന്‍മെന്റ്‌ തെറ്റി സര്‍ക്കാര്‍

നിലവിലുള്ള ഭൂനിയമങ്ങള്‍ ലംഘിച്ചും പൊതുസ്ഥലങ്ങള്‍ കൈയ്യേറിയുമാണ്‌ കേരളത്തില്‍ ഭൂരിപക്ഷം ആരാധനാലയങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്‌. ദേശീയപാതയുടെ അലൈന്‍മെന്റ്‌ തിരിച്ചുവിടാന്‍ മനഃപൂര്‍വ്വം ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയും അവയ്ക്ക്‌ രാഷ്ട്രാന്തര തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്നതും കേരളത്തില്‍ പതിവ്‌ സംഭവങ്ങളാണ്‌. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നടക്കുന്ന സംഘടിതമായ നിയമലംഘനവും വെല്ലുവിളികളുമാണ്‌ ഇത്തരം നിര്‍മ്മാണങ്ങള്‍. ഏതെങ്കിലും ഒരു പട്ടിണിപ്പാവം ഒരു കൂരകെട്ടാന്‍ ഒരു സെന്റ്‌ എവിടെയെങ്കിലും വളച്ചുകെട്ടിയാല്‍ അവനെ കുടിയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി എത്തുന്ന റവന്യൂ വകുപ്പും പോലീസ്‌ വകുപ്പും സര്‍ക്കാരുമാണ്‌ സംഘടിത മതങ്ങളുടെ ധാര്‍ഷ്ട്യത നിറഞ്ഞ ഈ നിയമലംഘനത്തെ അംഗീകരിക്കുന്നത്‌.
ആതിരേ,ആരുടെയൊക്കെ കണ്ണില്‍ പൊടിയിട്ടാലാണ്‌ ഒരു സര്‍ക്കാരിന്‌ പിടിച്ചു നില്‍ക്കാന്‍ കഴിയുകയെന്ന്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ മാത്രമേ അറിയൂ. ഓരോ വിഭാഗത്തെയും സമുദായത്തെയും ഘടകകക്ഷികളെയും ഒപ്പം നിര്‍ത്താനും സര്‍ക്കാരിനെതിരെ തിരിയാതിരിക്കാനും ചില്ലറ തന്ത്രങ്ങളൊന്നുമല്ല ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നത്‌. അതിജീവന രാഷ്ട്രീയത്തിന്റെ ഏറ്റവും മ്ലേച്ഛമായ പ്രായോഗികതകളിലാണ്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ്‌ മന്ത്രിമാരും നേതാക്കന്മാരും അഭിരമിക്കുന്നത്‌ എന്നതാണ്‌ വര്‍ത്തമാനകാല ജനാധിപത്യ ഭരണത്തിന്റെ അസംബന്ധം. ഈ കപട ലോകത്തില്‍ എന്റെ കാപട്യം എല്ലാവരും അറിയുന്നതാണ്‌ എന്റെ ദുഃഖമെന്ന്‌ ചങ്ങമ്പുഴയെ തിരുത്തി കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞത്‌ ഉമ്മന്‍ചാണ്ടിയെ ദീര്‍ഘദര്‍ശനം ചെയ്തല്ലേ എന്ന്‌ സംശയിക്കാവുന്ന രീതിയിലാണ്‌ മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത ഒരു തീരുമാനം കേള്‍ക്കുന്ന വിവേകമുള്ളവരെല്ലാം മൂക്കത്ത്‌ വിരല്‍വെച്ച്‌ നിന്നുപോകും. ദേശീയ പാതയുടെ വികസനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ചെകുത്താനെയും കടലിനെയും ഒരുപോലെ സംരക്ഷിക്കുന്നതാണെന്ന്‌ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ദേശീയ പാതയുടെ വീതി 45 മീറ്ററാക്കണമന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ഒച്ചവെച്ച്‌ തോല്‍പ്പിക്കാന്‍ ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിച്ച നശീകരണ ദിനങ്ങള്‍, ആതിരേ, ആരും മറന്നിട്ടുണ്ടാവില്ല. ദേശീയ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാന്‍ കൊടിയുടെ നിറഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നതും ഓര്‍മ്മയുണ്ടാകണം. 30 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള ദേശീയപാത കേരളത്തിന്‌ വേണ്ട എന്നായിരുന്നു വികസനത്തെക്കുറിച്ച്‌ പുതിയ പരിപ്രേക്ഷ്യങ്ങള്‍ രചിക്കുകയും വോട്ടര്‍മാര്‍ക്ക്‌ പുത്തന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഈ വഞ്ചക പരിഷകള്‍ എടുത്ത തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കേട്ട്‌ അന്തംവിട്ടു നിന്നുപോയിട്ടുണ്ടാകണം. മറ്റു സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക്‌ വീതിയേറിയ റോഡുകള്‍ വേണം അതിന്‌ സാമ്പത്തിക സഹായം നല്‍കണമെന്ന്‌ നിരന്തരം അഭ്യര്‍ത്ഥിക്കുമ്പോള്‍, പ്രായോഗിക മതികളെന്നും സാക്ഷരരെന്നും വികസനത്തിന്റെ കേരള മോഡല്‍ കണ്ടെത്തിയവര്‍ എന്നുമൊക്കെ അഹങ്കരിക്കുന്നവരായ തങ്ങള്‍ക്ക്‌ ഇടുങ്ങിയ റോഡുകള്‍ മതി എന്ന്‌ ശഠിച്ചത്‌. കമ്മീഷനുകളും പാര്‍ട്ടിഫണ്ടുമാണ്‌ വികസനത്തിന്റെ ക്രൈറ്റീരിയന്‍ എന്ന്‌ നിശ്ചയിച്ച വേതാളങ്ങള്‍ക്കുണ്ടോ വേഗതയേറിയതും വീതികൂടിയതുമായ റോഡുകളെക്കുറിച്ചുള്ള താല്‍പര്യം. അന്ന്‌ കേരളത്തിന്റെ പിടിവാശിയെ, അതേ നാണയത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ അഭിമുഖീകരിച്ചത്‌. 45 മീറ്റര്‍ വീതിയുള്ള ദേശീയ പാത വേണ്ടായെങ്കില്‍ ദേശീയ പാത വികസനത്തിനുള്ള ഫണ്ടും കേരളത്തിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ദേശീയ പാതയുടെ വീതി വര്‍ദ്ധിപ്പിക്കുന്നതില്‍ സ്വീകരിച്ച പ്രതിലോമ നിലപാടിനെ ലജ്ജിപ്പിക്കുന്ന തീരുമാനമാണ്‌ കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്‌,ആതിരെ.. ദേശീയപാതയുടെ വീതി ഇപ്പോള്‍ ഉള്ളതില്‍ അല്‍പ്പംകൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഈ വര്‍ദ്ധന നടപ്പിലാക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഹാസ്യാത്മകവും ഈ സര്‍ക്കാരിന്റെ സമുദായ-അബ്കാരി പ്രീണന സ്വഭാവം വ്യക്തമാക്കുന്നത്‌. 30 മീറ്റര്‍ വീതിയുള്ള റോഡിന്റെ മധ്യഭാഗത്തുനിന്ന്‌ ഇരുഭാഗത്തേക്കും ഏഴര മീറ്റര്‍ വീതി കൂടി വര്‍ദ്ധിപ്പിക്കാനാണ്‌ അനുമതി നല്‍കിയിട്ടുള്ളത്‌. ദേശീയപാത 47-ലും 17-ലുമാണ്‌ ഈ രീതിയില്‍ വീതി കൂട്ടുന്നത്‌. പക്ഷേ, ഇങ്ങനെ വീതി കൂട്ടുന്നത്‌ ആരാധനാലയങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണമെന്നാണ്‌ ആദ്യത്തെ നിര്‍ദ്ദേശം. വീതി വര്‍ദ്ധിപ്പിക്കുന്ന സ്ഥലങ്ങളില്‍ എവിടെയെങ്കിലും ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം ഉണ്ടെങ്കില്‍ അവിടെ റോഡിന്റെ അലൈന്‍മെന്റ്‌ മാറ്റാനാണ്‌ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്ഥലം കൈയ്യേറി റോഡിന്റെ തൊട്ടരുകിലായി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ അറിഞ്ഞു കൊണ്ടു തന്നെയാണ്‌ സാമുദായിക വികാരങ്ങളുടെ പേരില്‍ ഈ നിയമ ലംഘനത്തിന്‌ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്‌. നിലവിലുള്ള ഭൂനിയമങ്ങള്‍ ലംഘിച്ചും പൊതുസ്ഥലങ്ങള്‍ കൈയ്യേറിയുമാണ്‌ കേരളത്തില്‍ ഭൂരിപക്ഷം ആരാധനാലയങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്‌. ദേശീയപാതയുടെ അലൈന്‍മെന്റ്‌ തിരിച്ചുവിടാന്‍ മനഃപൂര്‍വ്വം ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയും അവയ്ക്ക്‌ രാഷ്ട്രാന്തര തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്നതും കേരളത്തില്‍ പതിവ്‌ സംഭവങ്ങളാണ്‌. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നടക്കുന്ന സംഘടിതമായ നിയമലംഘനവും വെല്ലുവിളികളുമാണ്‌ ഇത്തരം നിര്‍മ്മാണങ്ങള്‍. ഏതെങ്കിലും ഒരു പട്ടിണിപ്പാവം ഒരു കൂരകെട്ടാന്‍ ഒരു സെന്റ്‌ എവിടെയെങ്കിലും വളച്ചുകെട്ടിയാല്‍ അവനെ കുടിയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി എത്തുന്ന റവന്യൂ വകുപ്പും പോലീസ്‌ വകുപ്പും സര്‍ക്കാരുമാണ്‌ സംഘടിത മതങ്ങളുടെ ധാര്‍ഷ്ട്യത നിറഞ്ഞ ഈ നിയമലംഘനത്തെ അംഗീകരിക്കുന്നത്‌. ആതിരേ,മത കാര്യങ്ങളില്‍ ഏറ്റവും അധികം തീഷ്ണത പുലര്‍ത്തുന്നവരാണ്‌ മുസ്ലീങ്ങള്‍. എന്നാല്‍, ഗള്‍ഫ്‌ രാജ്യങ്ങളില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോഴും അവയ്ക്ക്‌ വീതി കൂട്ടുമ്പോഴും തടസമായി നില്‍ക്കുന്ന മോസ്ക്കുകള്‍ അവിടെ നിന്ന്‌ മാറ്റാന്‍ ഭരണാധികാരികള്‍ക്ക്‌ മടിയില്ല, അങ്ങനെ സംഭവിച്ചാല്‍ അത്‌ അംഗീകരിക്കാന്‍ അവിടുത്തെ വിശ്വാസികള്‍ തയ്യാറുമാണ്‌. വിശാല വീക്ഷണവും വിദ്യാഭ്യാസവും പ്രായോഗിക ബുദ്ധിയും ഏത്‌ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ കഴിവുണ്ടെന്നും മേനി നടിക്കുന്ന മലയാളികളാണ്‌ വികസനത്തിന്റെ വീഥിയില്‍ ഇത്തരം അശ്രീകരങ്ങള്‍ സൃഷ്ടിച്ച്‌ നാടിന്റെ പുരോഗതിയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കുന്നത്‌. നിയമവിരുദ്ധമായി നടക്കുന്ന ഏതു പ്രവര്‍ത്തനവും തടയാനും പൗരന്മാര്‍ക്ക്‌ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം അടക്കമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും ബാധ്യസ്ഥമായ ഒരു ജനായത്ത ഭരണകൂടമാണ്‌ ഇത്തരം വിഭാഗീയ വികാരങ്ങള്‍ക്ക്‌ വഴങ്ങി ഭരണഘടനയെയും പൗരന്മാരെയും വിഡ്ഢികളാക്കുന്നത്‌. ആരാധനാലയങ്ങളുടെ മറവില്‍ ബാര്‍ ഹോട്ടലുകളെ സംരക്ഷിക്കാനുള്ള കുത്സിത ലക്ഷ്യവും ബുധനാഴ്ചത്തെ തീരുമാനത്തിലുണ്ട്‌, ആതിരേ... നേരത്തെ തന്നെ ദേശീയ പാതയോരത്തെ വ്യാപാരികളുടെ ശുഷ്കമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ 45 മീറ്റര്‍ വീതിയുള്ള റോഡുവേണ്ട എന്ന്‌ കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്‌. അന്നെടുത്ത തീരുമാനത്തിന്റെ മറ്റൊരു വികൃത മുഖമാണ്‌ ഇവിടെ തെളിയുന്നത്‌. ആരാധനാലയങ്ങള്‍ക്കുവേണ്ടി അലൈന്‍മെന്റ്‌ മാറ്റാന്‍ പറഞ്ഞാല്‍ ആരും ക്ഷോഭിക്കുകയില്ല എന്ന കൗശലബുദ്ധിയില്‍ നിന്നാണ്‌ ബാര്‍ ഹോട്ടലുകള്‍ക്ക്‌ കൂടി സഹായകമാകുന്ന തീരുമാനം കഴിഞ്ഞ ദിവസം കൈക്കൊണ്ടിട്ടുള്ളത്‌. അനധികൃത ഭൂമി കൈയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയാന്‍ മുഖ്യമന്ത്രിയുടെ കീഴില്‍ തന്നെ പ്രത്യേക വകുപ്പും ഉദ്യോഗസ്ഥരും ഉണ്ട്‌. അവരുടെ കൂടി സഹായത്തോടും ഉപദേശത്തോടുമാണ്‌ പാതയോരങ്ങളും ജലാശയ തീരങ്ങളും ആറ്റു തീരങ്ങളും തോട്ടുവക്കുകളും കൈയ്യേറി അനധികൃത റിസോര്‍ട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്‌. ഇത്തരം നിര്‍മ്മാണങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്‌ ദേശീയപാതയുടെ അലൈന്‍മെന്റ്‌ മാറ്റുന്നത്‌, ആരാധനാലയങ്ങള്‍ക്കുവേണ്ടിയാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കേരളീയരെല്ലാം കൊഞ്ഞാണന്മാരാണല്ലോ. അതുകൊണ്ട്‌ കണ്ണില്‍പ്പൊടിയിടുന്നവര്‍ക്ക്‌ എന്തുമാകാമല്ലോ. അതാണല്ലോ ആതിരേ,സുതാര്യവും അഴിമതിവിരുദ്ധവുമായ ഭരണം!

Wednesday, November 28, 2012

പേറിന്റെ പേരിലെ പോര്‌! നാണമില്ലേ...?

എന്താണ്‌ ഒരാളെ വിമര്‍ശിക്കാനുള്ള യോഗ്യത എന്ന്‌ കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉളുപ്പില്ലാത്ത നിലപാടുകളും എല്ലില്ലാത്ത നാവുമുണ്ടെങ്കില്‍ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം എന്നതിന്റെ വികടമായ, വികലമായ ദൃഷ്ടാന്തങ്ങളാണ്‌ ശ്വേതമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വ്യക്തിക്കുപോലും ശ്വേത മേനോനെ വിമര്‍ശിക്കാനോ ബ്ലസിയെ അധിക്ഷേപിക്കാനോ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതാണ്‌ യഥാര്‍ത്ഥ വസ്തുത. പ്രസവം എന്നത്‌ ശ്വേതയുടെ സ്വകാര്യതയാണ്‌. അത്‌ എവിടെവച്ച്‌ എങ്ങനെ ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും ശ്വേതയ്ക്കും ഭര്‍ത്താവിനും മാത്രമാണ്‌. അത്‌ ചിത്രീകരിക്കാന്‍ അനുവദിക്കണമോ എന്ന്‌ നിശ്ചയിക്കാനുള്ള അധികാരവും അവര്‍ക്കു മാത്രമാണുള്ളത്‌. അതുകൊണ്ട്‌ തന്റെ പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചതിലൂടെ ശ്വേത ഭാരത സ്ത്രീയുടെ ഭാവശുദ്ധിയെ കളങ്കപ്പെടുത്തി എന്ന്‌ പറയുന്ന കാപട്യങ്ങളെയാണ്‌ സൂക്ഷിക്കേണ്ടത്‌, ഭയക്കേണ്ടത്‌...
ആതിരേ,മാസങ്ങള്‍ക്കു മുന്‍പ്‌ മുംബൈയിലെ ആശുപത്രിയില്‍ നടന്ന സിനിമാ നടി ശ്വേതാ മേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചകളും മാധ്യമങ്ങളിലും സിനിമാ വൃത്തങ്ങളിലും നാട്ടുകൂട്ടങ്ങളിലും ഇന്ന്‌ ചൂടേറിയ ചര്‍ച്ചാവിഷയമാണ്‌. കൃതഹസ്തനായ ചലച്ചിത്രകാരന്‍ ബ്ലസി തന്റെ കളിമണ്ണ്‌ എന്ന ചിത്രത്തില്‍ നടി ശ്വേതാ മേനോന്റെ പ്രസവരംഗം ഉള്‍പ്പെടുത്തുവാന്‍ വേണ്ടി ആശുപത്രിയിലെ പ്രസവ മുറിയില്‍ നിന്ന്‌ രംഗങ്ങള്‍ ഷൂട്ടു ചെയ്യുമെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ്‌ ഈ സദാചാര ധാര്‍മ്മിക ചൊറിച്ചിലും ചര്‍ച്ചയും. മഹാപാതകമാണ്‌ ശ്വേത മേനോനും ബ്ലസിയും നടത്തിയത്‌ എന്ന മട്ടിലായിരുന്നു ആതിരേ,പ്രസവം കഴിഞ്ഞ ഉടന്‍ വന്ന ചില വാര്‍ത്തകളിലെ വികാരം. ശ്വേത പെറ്റെണീറ്റ്‌ മറ്റുജീവിത വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയപ്പോള്‍ വീണ്ടും ആ പ്രസവം പൊതുചര്‍ച്ചയിലേക്ക്‌ വലിച്ചിഴക്കപ്പെട്ടത്‌ ഒട്ടും മാന്യമല്ല എന്നാണ്‌ ആതിരേ, എന്റെ നിലപാട്‌ കേരള നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയനാണ്‌ കോട്ടയത്ത്‌ ഒരു യോഗത്തില്‍വച്ച്‌ ക്യാമറയ്ക്കു മുന്നിലെ ശ്വേതയുടെ പ്രസവത്തെയും കൈക്കുഞ്ഞുമായി അവര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ വാങ്ങാന്‍ എത്തിയതിനെയും നിശിതമായി വിമര്‍ശിച്ചത്‌. ആ യോഗത്തില്‍ പങ്കെടുത്ത മാധ്യമവിചാരകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോളും പ്രസവ ചിത്രീകരണത്തിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടുകയുണ്ടായി. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സമാന്തരമായി പോകുന്ന മൗലികാവകാശമാണ്‌. അതില്‍ കൈകടത്താനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ , ആതിരേ,ആര്‍ക്കും അവകാശമില്ല. ഈ രണ്ട്‌ സ്വാതന്ത്ര്യങ്ങളും ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന്‌ ഭീഷണിയാകുന്നില്ലെങ്കില്‍ സമൂഹത്തിന്റെ സമാധാന ജീവിതത്തിന്‌ ഭംഗംവരുത്തുന്നില്ലെങ്കില്‍ അതില്‍ ഇടപെടാന്‍ ഭരണഘടനയോ കോടതിയോ പോലും തയ്യാറാവുകയില്ല. ശ്വേതയുടെ പ്രസവവും ബ്ലസിയുടെ ചിത്രീകരണവും മേല്‍പ്പറഞ്ഞ വകുപ്പുകളില്‍ ഒന്നും പെടുന്നതല്ലല്ലല്ലോ.പിന്നെന്തിനാണ്‌ ഈ പുകിലൊക്കെ?. സമ്മതിക്കുന്നു, ഏത്‌ വിഷയത്തെക്കുറിച്ച്‌ എന്തു പറയണം എന്നുള്ളത്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വ്യക്തിപരമായ അവകാശവും അധികാരവുമാണ്‌. അതിലും എനിക്ക്‌ തര്‍ക്കമില്ല. ശ്വേതയുടെ പ്രസവത്തെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും കൈക്കുഞ്ഞുമായി അവാര്‍ഡ്‌ വാങ്ങാന്‍ എത്തിയതിനെക്കുറിച്ചുമൊക്കെ ജി.കാര്‍ത്തികേയന്‌ അഭിപ്രായം പറയാം. എന്നാല്‍, കേരള നിയമസഭ സ്പീക്കര്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്റെ സത്വര ശ്രദ്ധയും വിശകലനവും അഭിപ്രായ പ്രകടനവും ആവശ്യപ്പെടുന്ന ഒട്ടനവധി സാമൂഹിക സാമ്പത്തിക സമസ്യകള്‍ വര്‍ത്തമാനകാല കേരളം അഭിമുഖീകരിക്കുമ്പോള്‍ പ്രായേണ നിസ്സാരമായി തള്ളേണ്ട ഒരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തി അദ്ദേഹമാണ്‌ ഇപ്പോള്‍ മാധ്യമ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടത്‌.. നാട്ടുകൂട്ടങ്ങളിലെ ചര്‍ച്ചകളിലെ പ്രധാന അജണ്ടയാക്കി ഈ വിഷയത്തെ വഷളാക്കിയത്‌.അതില്‍ എനിക്ക്‌ കടുത്ത പ്രതിഷേധവും അമര്‍ഷവുമുണ്ട്‌ ആതിരേ... ശ്വേതയുടെയും ബ്ലസിയുടെയും നടപടി ധാര്‍മ്മികമായും സദാചാരപരമായും തെറ്റാണെന്നും ഇതിനെതിരെ വനിത സംഘടനകള്‍ പ്രതികരിക്കാത്തത്‌ അത്യധികം കുണ്ഠിതം ഉണ്ടാകുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ്‌ അദ്ദേഹത്തിന്റെ മനസിന്റെ വഷളത്തം പൊതുസമൂഹമറിഞ്ഞത്‌ എന്നാണെന്റെ വിലയിരുത്തല്‍.ഒരു പെണ്ണിന്റെ ഈറ്റുപുരയില്‍ ഒളിഞ്ഞു നോക്കാന്‍ ഇവര്‍ക്കൊക്കെ നാണമില്ലതെ പോയല്ലോ,ആതിരേ! ഇതുകേട്ടതോടെ വനിത കോണ്‍ഗ്രസും വനിത മോര്‍ച്ചയും അടക്കമുള്ള രാഷ്ട്രീയ വനിത സംഘടനകളും മറ്റു വനിത സംഘടനാ പ്രവര്‍ത്തകരും അമാന്യമായ ആക്രമണ സ്വഭാവത്തോടെ വാര്‍ത്തകളില്‍ ഇടം നേടി . ശ്വേതയുടെ നടപടി മാതൃത്വത്തിന്റെ സ്വകാര്യതയും മാന്യതയും നശിപ്പിക്കുന്നതും ബ്ലസിയുടെ നടപടി ഭാരതീയ പാരമ്പര്യത്തിനും സംസ്കൃതിക്കും വിരുദ്ധമാണെന്നും ഒക്കെയുള്ള അഭിപ്രായങ്ങളാണ്‌ മാന്യ മഹിളാ നേതാക്കന്മാരില്‍ നിന്ന്‌ ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. , അമ്മ നടിമാര്‍ ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും ഈ വിഷയം ഏറ്റുപിടിച്ച്‌ അവരുടെ മനസിന്റെ അശ്ലീലത തുറന്നു വച്ചു. തന്റേടത്തിന്റെ പെണ്‍രൂപമായ രഞ്ജിനി ഹരിദാസ്‌ പോലും തനിക്ക്‌ ഈ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്യില്ലെന്ന്‌ പറഞ്ഞ്‌വച്ചതിലൂടെ പുതുതലമുറ പെണ്ണുങ്ങള്‍പോലും ശ്വേതയുടെ പേറിനെ ഇച്ചീച്ചിയായാണ്‌ കാണുന്നതെന്ന്‌ വ്യക്തമാണ്‌. നടി ഉര്‍വ്വശി ഒരുപടികൂടി മുന്നോട്ടു പോയാണ്‌ അഭിപ്രായപ്രകടനം നടത്തിയത്‌. ഈ ആവശ്യം ഉന്നയിച്ച്‌ ഏതെങ്കിലും ഒരു സംവിധായകന്‍ തന്നെ സമീപിച്ചിരുന്നുവെങ്കില്‍ ചെരുപ്പൂരി അടിക്കുമായിരുന്നു ഉര്‍വ്വശി തുറന്നടിച്ചത്‌. ഉര്‍വ്വശിക്കും രഞ്ജിനി ഹരിദാസിനുമൊക്കെ ശ്വേതയുടെ മാതൃത്വത്തെക്കുറിച്ച്‌ പറയാന്‍ അവകാശമാണുള്ളത്‌? മദ്യാസക്തിമൂലം ദാമ്പത്യം തകരുകയും മദ്യപയായ അമ്മയോടൊപ്പം പോകാന്‍ മനസ്സില്ലെന്ന്‌ കുഞ്ഞാറ്റ പറഞ്ഞതും നാലുകാലില്‍ കോടതിയിലെത്തിയതും ഒക്കെ ഉര്‍വ്വശി മറന്നിട്ടുണ്ടെങ്കിലും കേരളം മറന്നിട്ടില്ല,ആതിരേ.. എന്താണ്‌ ഒരാളെ വിമര്‍ശിക്കാനുള്ള യോഗ്യത എന്ന്‌ കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉളുപ്പില്ലാത്ത നിലപാടുകളും എല്ലില്ലാത്ത നാവുമുണ്ടെങ്കില്‍ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം എന്നതിന്റെ വികടമായ, വികലമായ ദൃഷ്ടാന്തങ്ങളാണ്‌ ശ്വേതമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വ്യക്തിക്കുപോലും ശ്വേത മേനോനെ വിമര്‍ശിക്കാനോ ബ്ലസിയെ അധിക്ഷേപിക്കാനോ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതാണ്‌ യഥാര്‍ത്ഥ വസ്തുത. പ്രസവം എന്നത്‌ ശ്വേതയുടെ സ്വകാര്യതയാണ്‌. അത്‌ എവിടെവച്ച്‌ എങ്ങനെ ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും ശ്വേതയ്ക്കും ഭര്‍ത്താവിനും മാത്രമാണ്‌. അത്‌ ചിത്രീകരിക്കാന്‍ അനുവദിക്കണമോ എന്ന്‌ നിശ്ചയിക്കാനുള്ള അധികാരവും അവര്‍ക്കു മാത്രമാണുള്ളത്‌. അതുകൊണ്ട്‌ തന്റെ പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചതിലൂടെ ശ്വേത ഭാരത സ്ത്രീയുടെ ഭാവശുദ്ധിയെ കളങ്കപ്പെടുത്തി എന്ന്‌ പറയുന്ന കാപട്യങ്ങളെയാണ്‌ സൂക്ഷിക്കേണ്ടത്‌, ഭയക്കേണ്ടത്‌... പ്രസവരംഗം ചിത്രീകരിച്ചെങ്കിലും അതില്‍ ഏതെല്ലാം ഭാഗങ്ങള്‍ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തുമെന്ന്‌ ബ്ലസി ഇപ്പോഴും മനസ്സ്‌ തുറന്നിട്ടില്ല. ചിത്രം പൂര്‍ത്തിയായിട്ടുമില്ല. അതിനു മുന്‍പ്‌ കാളപെറ്റു എന്ന്‌ കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ആഭാസത്തരമാണ്‌ കേരളത്തിലെ സാംസ്കാരിക വനിത പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.ദുഗന്ധപൂരിതമായ സ്കവാര്യതകാളാണ്‌ ഇവരെല്ലാം തെരുവില്‍ മലര്‍ക്കെ തുറക്കുന്നത്‌.. ഇതിനിടെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌ ലിബര്‍ട്ടി ബഷീര്‍, കേരളത്തിലെ തിയറ്ററുകളെ ലേബര്‍ റൂം ആക്കാന്‍ അനുവദിക്കുകയില്ല എന്ന വഷളന്‍ ന്യായവുമായി ശ്വേതയെയും ബ്ലസിയെയും അധിക്ഷേപിക്കുന്നത്‌ കേട്ടു. സ്ത്രീയുടെ നഗ്നത ചിത്രീകരിക്കുന്ന സിനിമ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും അതിലൂടെ പോക്കറ്റ്‌ വീര്‍പ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ സിനിമ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും അതില്‍ അഭിനയിക്കുന്നവര്‍ക്കും ശ്വേതയുടെയും ബ്ലസിയുടെയും നടപടികളെ വിമര്‍ശിക്കാന്‍ എന്ത്‌ അര്‍ഹതയാണുള്ളതെന്ന്‌ എത്ര ചിന്തിച്ചിട്ടും എനിക്ക്‌ മനസ്സിലാകുന്നില്ല,ആതിരേ.. സദാചാരത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചുമൊക്കെ എന്നും മലയാളി പുറത്തു പറയുന്നത്‌ കാപട്യങ്ങള്‍ മാത്രമാണെന്ന്‌ ചുറ്റുപാടും കണ്ണോടിച്ചാല്‍ ബോധ്യമാകുന്നതാണ്‌. ചെയ്യരുതെന്ന്‌ പറയുകയും കണ്ണടച്ച്‌ ഇരുട്ടാക്കി അത്‌ ചെയ്യുകയും ആണ്‌ മലയാളിയുടെ സ്വഭാവം. ആ വികടത്തരത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ്‌ ശ്വേതയുടെ പ്രസവത്തെയും ബ്ലസിയുടെ ചിത്രീകരണത്തെയും ആഭാസമെന്ന്‌ അവഹേളിക്കുന്നത്‌. ഒരു പേറിന്റെ പേരില്‍ ഇത്തരം ഒച്ചപ്പാടുണ്ടാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്‌ ലജ്ജയില്ലേ ?. നാണക്കേടിന്റെ, വികലമായ സദാചാര ബോധത്തിന്റെ വിഷലിപ്തമായ ധാര്‍മ്മിക ചിന്തയുടെ പ്രതിഫലനം മാത്രമാണ്‌ ഈ ചര്‍ച്ച എന്ന കാര്യത്തില്‍ എനിക്ക്‌ സന്ദേഹമൊട്ടുമില്ല ആതിരേ.എന്നു മാത്രമല്ല കളിമണ്ണ്‌ റിലീസ്‌ ചെയ്താല്‍ ആദ്യം അതുകാണാന്‍,ശേതയുടെ നഗ്നത ആസ്വദിക്കാനുള്ള അശ്ലീല മനസുമായി ഇടിച്ചു കയറുന്നത്‌ ഇവരൊക്കെ തന്നെയായിരിക്കും ,സംശയമുണ്ടോ..?

Tuesday, November 27, 2012

ഹരിചന്ദനക്കുളിരായി ഗോവിന്ദപിള്ള സാര്‍ എന്ന ഗുരുപ്രസാദം

എന്റെ അക്ഷരങ്ങള്‍ക്ക്‌ മൂര്‍ച്ചയും , ചിന്തകള്‍ക്ക്‌ കാര്‍ക്കശ്യവും നിലപാടുകളില്‍ അനുരഞ്ജനമില്ലായ്മയും നല്‍കി അനുഗ്രഹിച്ച മറ്റൊരു ഗുരുപ്രസാദത്തെയാണ്‌ കൃപയറ്റ കാലം കവര്‍ന്നെടുത്തിരിക്കുന്നത്‌. എന്റെ വലിയ നഷ്ടമാണ്‌ സാറിന്റെ വിയോഗം. പക്ഷേ, കരയാനോ തളരാനോ ഞാനില്ല. ഇനി ഇങ്ങനെയൊരു സന്മനസ്സിനെ, കന്മഷമില്ലത്ത കരുതലിനെ കണ്ടുകിട്ടില്ലല്ലോ എന്ന നൊമ്പരത്തോടെ , അമരത്വമാര്‍ന്ന ആ മഹിതസ്മരണയ്ക്ക്‌ മുന്നില്‍ നീരാജനമായി ഈ ഏകലവ്യന്‍... ...
ആതിരേ കാല്‍നൂറ്റാണ്ടിനും മൂന്നു വര്‍ഷത്തിനുമപ്പുറത്ത്‌ പ്രസാദപൂര്‍ണമായ ഒരു പ്രഭാതം. സ്ഥലം തിരുവനന്തപുരം. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ഓഫീസ്‌. സമയം രാവിലെ 10.30. 11 മണിക്കാണ്‌ പി.ഗോവിന്ദപിള്ള സാര്‍ അഭിമുഖം അനുവദിച്ചിരിക്കുന്നത്‌. 10.30-ന്‌ തന്നെ സാറിന്റെ ഓഫീസില്‍ ഞാനും ഫോട്ടോഗ്രാഫര്‍ നസീര്‍ റാവുത്തറും എത്തി. ചെയര്‍മാന്റെ മുറിയില്‍ പി.ഗോവിന്ദപിള്ള സാര്‍ ഫയലുകള്‍ നോക്കുന്ന തിരക്കില്‍. പുറത്ത്‌ ആകാംക്ഷയും കടുത്ത സമ്മര്‍ദ്ദവുമായി ഞാന്‍. വിജ്ഞാനത്തിന്റെ മഹാമേരു... പത്രപ്രവര്‍ത്തന രംഗത്തെ ധീക്ഷണയുടെ സൂര്യതേജസ്‌. ചലച്ചിത്രം അടക്കമുള്ള സുകുമാര കലകളെ മാര്‍ക്സിയന്‍ പ്രത്യയ ശാസ്ത്രത്തിന്‌ മുഖാമുഖം നിര്‍ത്തി പുതിയൊരു ലാവണ്യശാസ്ത്രം രചിച്ച പ്രതിഭാ കുബേരന്‍. അദ്ദേഹത്തെയാണ്‌ പ്രസിദ്ധീകരണം തുടങ്ങിയിട്ടുപോലുമില്ലാത്ത ഒരു സിനിമ വാരികയ്ക്കുവേണ്ടി അഭിമുഖം നടത്താന്‍ എത്തിയിരിക്കുന്നത്‌. ആതിരേ,പി.ഗോവിന്ദപിള്ള സാറിന്റെ അഭിമുഖം ആവശ്യപ്പെട്ട്‌ കത്തെഴുതിയപ്പോള്‍, പച്ചമഷിയില്‍ മറുപടി ലഭിച്ചത്‌ "എന്നെ ഒഴിവാക്കുക. സൂപ്പര്‍ താരം അടക്കമുള്ള സിനിമാ താരങ്ങളായിരിക്കും നിങ്ങള്‍ക്ക്‌ യോജിക്കുക" എന്നായിരുന്നു. സാറിന്റെ അഭിമുഖത്തോടെയാണ്‌ പ്രസിദ്ധീകരണം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌ എന്ന്‌ മറുകുറിയെഴുതിയപ്പോള്‍ സസന്തോഷം അതംഗീകരിക്കുകയായിരുന്നു പി.ഗോവിന്ദപിള്ള സാര്‍. (ആനുഷംഗീകമായി പറയട്ടെ,പി.ഗോവിന്ദപിള്ള സാര്‍ പറയുന്നതിന്‌ മുന്‍പു തന്നെ അന്നത്തെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളോട്‌ ഞങ്ങള്‍ അഭിമുഖം ആവശ്യപ്പെട്ടിരുന്നു. "പ്രസിദ്ധീകരണം ആരംഭിച്ച ശേഷം വാരികയുമായി വരിക. കണ്ടു കഴിഞ്ഞ്‌ അഭിമുഖത്തെക്കുറിച്ച്‌ സംസാരിക്കാം " എന്നായിരുന്നു ധിക്കാരപൂര്‍വ്വമുള്ള മറുപടി. പിന്നിട്ട മുപ്പത്‌ വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനിടയില്‍ അദ്ദേഹത്തെ ഞാനും ബോധപൂര്‍വം അവഗണിച്ചിരിക്കുകയാണ്‌ ) അന്തരിച്ച തോമസ്‌ ടി.അമ്പാട്ടിന്റെ മുഖ്യ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ജനനി വാരികയുടെ സഹോദര പ്രസിദ്ധീകരണമായിട്ടായിരുന്നു സിനിമ വാരിക തുടങ്ങാന്‍ ആഗ്രഹിച്ചത്‌. 'ആലിപ്പഴം' എന്നായിരുന്നു വാരികയുടെ പേര്‌. അന്ന്‌ കുട്ടികളുടെ ചിത്രകഥയ്ക്ക്‌ നല്ല മാര്‍ക്കറ്റുള്ള കാലമായിരുന്നു. മലയാളത്തിലെ ക്ലാസിക്കുകള്‍ക്ക്‌ ചിത്രകഥാരൂപം നല്‍കി അവതരിപ്പിക്കാം എന്ന ഉദ്ദേശ്യത്തോടെയാണ്‌ ആലിപ്പഴം എന്ന ടൈറ്റില്‍ സ്വന്തമാക്കിയത്‌. ആദ്യ ദൗത്യമായി വയലാര്‍ രാമവര്‍മ്മയുടെ ആയിഷ ചിത്രകഥയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികള്‍ക്കുള്ള ചിത്രകഥാപ്രസിദ്ധീകരണങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുകയും രംഗം പൂരിതമാകുകയും ചെയ്തപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചാണ്‌ 'ആലിപ്പഴം' സിനിമ വാരികയാക്കാന്‍ തീരുമാനിച്ചത്‌. ചോദ്യങ്ങള്‍ മനസ്സില്‍ അടുക്കിയടുക്കി ഞാനിരുന്നു. 11 മണിയാകുന്തോറും എന്റെ ആകാംക്ഷയും സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു. കൈകാലുകളില്‍ ഒരുതരം വിറയല്‍ കുടിയേറി. തുടകള്‍ക്കിടയില്‍പ്പോലും വിയര്‍പ്പുണര്‍ന്നു.പത്രപ്രവര്‍ത്തന രംഗത്ത്‌ ശിശുവാണ്‍ഞ്ഞാന്‍.ഇത്രയും ഔന്നത്യമുള്ള ഒരു പ്രതിഭയെ നേരിടുന്നത്‌ ആദ്യവും. എങ്ങനെ എന്റെ ചോദ്യങ്ങള്‍ക്ക്‌ ഗോവിന്ദപിള്ള സാറില്‍ നിന്ന്‌ മറുപടി നേടിയെടുക്കാനാകും എന്ന ആകാംക്ഷ വിറയലായി കോശങ്ങള്‍ തോറും പടരാന്‍ തുടങ്ങിയിരുന്നു,അപ്പോള്‍. പ്രകോപനപരമായ ചോദ്യം ചോദിച്ചുകൊണ്ട്‌ അഭിമുഖം തുടങ്ങുന്നതായിരുന്നു, ആതിരേ, എന്റെ രീതി. ജര്‍ണലിസം ക്ലാസില്‍ എഡിറ്റിംഗ്‌ പഠിപ്പിച്ച ജയകുമാര്‍ സാറാണ്‌ ഈ തന്ത്രം പറഞ്ഞു തന്നത്‌. പ്രകോപിപ്പിച്ചാല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക്‌ അഭിമുഖം കൊണ്ടുപോകാനാകൂ എന്നായിരുന്നു ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു തന്നത്‌. പത്രപ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷം പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഈ തന്ത്രം ഞാന്‍ ഫലപ്രദമായി പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പി.ഗോവിന്ദപിള്ള സാറിനെപ്പോലെ മഹത്വമേറിയ ഒരു വ്യക്തിത്വത്തെ പ്രകോപിപ്പിച്ചാല്‍ എന്തായിരിക്കും പരിണതി എന്ന ആശങ്ക ധമനികളില്‍ തിളയ്ക്കാനാരംഭിച്ചിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം പി.ഗോവിന്ദപിള്ള സാറിനുള്ള അംഗീകാരമോ സാറിന്‌ ഭൂഷണമോ ആയിരുന്നില്ല. എല്ലാ തിന്മകളുടെയും കുതികാല്‍ വെട്ടുകളുടെയും പാരകളുടെയും ലോകത്ത്‌ പി.ഗോവിന്ദപിള്ളസാറിനെപ്പോലെയുള്ള മഹത്വസാന്നിദ്ധ്യങ്ങള്‍ക്ക്‌ എന്ത്‌ പ്രസക്തി എന്നതായിരുന്നു എന്റെ ചിന്ത. ആ ചിന്തയില്‍ നിന്നുരുവം കൊണ്ട ചോദ്യങ്ങളുമായാണ്‌ ഞാനെത്തിയിരിക്കുന്നത്‌. . കൃത്യം 11 മണിക്കു തന്നെ പ്യൂണിനെ വിട്ട്‌ പി.ഗോവിന്ദപിള്ള സാര്‍ ഞങ്ങളെ വിളിപ്പിച്ചു. ഉപചാരങ്ങള്‍ക്ക്‌ ശേഷം പ്രസിദ്ധീകരണത്തിന്റെ പേരിലെ കൗതുകം ആയിരുന്നു സാര്‍ ആദ്യം പങ്കുവച്ചത്‌. നേരത്തെ സൂചിപ്പിച്ച പശ്ചാത്തലം ഞാന്‍ അദ്ദേഹത്തോട്‌ വിവരിച്ചു. അത്‌ ശ്രദ്ധാപൂര്‍വ്വം കേട്ട ശേഷം അദ്ദേഹം ആവര്‍ത്തിച്ചു: " എന്നെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. എന്റെ നിലപാടുകള്‍ നിങ്ങളുടെ വായനക്കാര്‍ക്ക്‌ ദഹിച്ചെന്ന്‌ വരില്ല. അതുകൊണ്ട്‌ ആദ്യലക്കം തന്നെ വായനക്കാരെ മുഷിപ്പിക്കണ്ട എന്നുണ്ടെങ്കില്‍ എന്നെ ഒഴിവാക്കുന്നതാണ്‌ ഉചിതം " ഇല്ല,ഞാന്‍ വഴങ്ങിയില്ല . "സാറിന്റെ അഭിമുഖം അനിവാര്യവും അനുപേക്ഷണീീ‍യവുമാണ്‌ "ഞാന്‍ എന്റെ നിലപാടിലുറച്ചു നിന്നു എന്നാല്‍ ചോദ്യം ചെയ്യലാകാം എന്ന്‌ ചെറുചിരിയോടെ സാര്‍ അനുവാദം നല്‍കി. മുഖവുരയില്ലതെ,ശബ്ദം പതറാതെ,ആ കണ്ണുകളിലേയ്ക്കുറ്റു നോക്കി ഞാന്‍ ആദ്യചോദ്യമെയ്തു. Sir your appointment as the chairman of film development corporation is a political appointment.To me you are a square peg in the round hole.. ഒരു നിമിഷം അദ്ദേഹം നിശബ്ദനായി എന്റെ ചലനങ്ങളും ഭാവങ്ങളും വിലയിരുത്തി. പിന്നെ എന്റെ നേരെ കൈനീട്ടി. അദ്ദേഹം പറഞ്ഞു: "ആരും എന്നോട്‌ ഈ സത്യം പറഞ്ഞില്ല. നിയമനം ലഭിച്ചപ്പോള്‍ മുതല്‍ എന്റെയും ആശങ്ക ഇതു തന്നെയാണ്‌ . ശരിയാണ്‌ ഇന്നത്തെ സിനിമാ ലോകത്തിന്‌ അനുഗുണമല്ല ഞാനും എന്റെ ചിന്തയും." എനിക്ക്‌ തുള്ളിച്ചാടണമെന്ന്‌ തോന്നി, ആതിരേ... എന്റെ ആകാംക്ഷകളും സമ്മര്‍ദ്ദങ്ങളും അപ്പൂപ്പന്‍ താടിപോലെ പറന്നകന്നു. ഇനി മനസ്സില്‍ കരുതിയ ചോദ്യങ്ങളെല്ലാം ഒന്നൊന്നായി വെടിയുണ്ടപോലെ തന്നെ സാറിന്‌ നേരെ പായിക്കാമെന്ന ആത്മവിശ്വാസം എന്നില്‍ വര്‍ദ്ധിച്ചു. അങ്ങനെ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാനായ പി.ഗോവിന്ദപിള്ള സാറിനെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ ഒന്നൊന്നായി ഞാന്‍ ഉന്നയിച്ചു.മറ്റാരാണെങ്കിലും കോപിഷ്ടനായി എന്നെ തല്ലിയിറക്കി വിടാവുന്ന സ്വഭാവത്തിലുള്ള ചോദ്യങ്ങള്‍ക്കും ശാന്തനായി,വസ്തുതകളുടെ അകമ്പടിയോടെ അദ്ദേഹം മറുപടി തന്നപ്പോള്‍ ചൂളിപ്പോയത്‌ ഞാനായിരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും അവ അര്‍ഹിക്കുന്ന ഗൗരവത്തോടെ സാറിന്റേതായ വിശകലനവും ചേര്‍ത്ത്‌ മറുപടി തന്നുകൊണ്ടിരുന്നു. അരമണിക്കൂറാണ്‌ ഞങ്ങള്‍ക്ക്‌ അനുവദിച്ചിരുന്നത്‌. പക്ഷെ അഭിമുഖം അവസാനിച്ചപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. അത്യപൂര്‍വമായ സുകൃതമായി ഇന്നും ഞാനാ നിമിഷങ്ങളെ തലോലിക്കുന്നു ചോദ്യങ്ങളുടെ മൂര്‍ച്ച കൂടിയ ഒരു ഘട്ടത്തില്‍ ഓഫ്‌ ദ റക്കോര്‍ഡായി മാത്രമേ ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കഴിയൂ എന്ന്‌.അദ്ദേഹം പറഞ്ഞു അന്ന്‌ ഒരു മോണോ ടേപ്പ്‌ റിക്കാര്‍ഡില്‍ ഞാന്‍ അഭിമുഖം റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടായിരുന്നു. സാര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ ടേപ്പ്‌ റെക്കോര്‍ഡര്‍ ഓഫ്‌ ചെയ്തു. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ കീഴിലുള്ള തീയറ്ററുകളായ വെള്ളാനകളെക്കുറിച്ചായിരുന്നു എന്റെ ചോദ്യം. അതിന്‌ ഉത്തരം നല്‍കാന്‍ ഒരു ഫയല്‍ തിരഞ്ഞ്‌ സാര്‍ സീറ്റില്‍ നിന്ന്‌ എഴുന്നേറ്റപ്പോള്‍ ഞാന്‍ ടേപ്പ്‌ റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു. തിരിച്ച്‌ സീറ്റില്‍ വന്നിരുന്ന്‌ സര്‍ക്കാര്‍ തീയറ്ററുകളുടെ നടത്തിപ്പിലെ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും അവ ഖജനാവിനുണ്ടാക്കുന്ന നഷ്ടവുമൊക്കെ സാര്‍ വിശദമായി ,കണക്കുകള്‍ സഹിതം വിശദീകരിച്ച്‌ തന്നു. എനിക്ക്‌ ലഭിക്കേണ്ടത്‌ അവ തന്നെയായിരുന്നു. എന്റെ ഹൃദയം അഭിമാനം കൊണ്ട്‌ വിജൃംഭിതമായി. ആദ്യ ലക്കം ഒരു സ്കൂപ്പ്‌ സ്റ്റോറിയോട്‌ കൂടി പുറത്തിറക്കാന്‍ കഴിയുമെന്നതിന്റെ ത്രില്ലിലായിരുന്നു പിന്നീട്‌ ചോദ്യങ്ങളുന്നയിച്ചത്‌. സാറിന്റെ മുറിവിട്ടിറങ്ങുമ്പോള്‍ തന്നെ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം മനത്തുമ്പില്‍,വിരല്‍ത്തുമ്പില്‍ ഇലവീശിത്തളിര്‍ത്തു. -"വെള്ളാനകളെ പോറ്റാന്‍ മനസ്സില്ല;വില്‍ക്കാനുണ്ട്‌ സര്‍ക്കാര്‍ തിയറ്ററുകള്‍-പി.ഗോവിന്ദപിള്ള" എന്ന ശീര്‍ഷകം ഞാന്‍ ഫോട്ടോ ഗ്രാഫര്‍ നസീറിനോട്‌ പറഞ്ഞപ്പോള്‍.ബോംബിടുമെന്ന്‌ (കലക്കുമെന്ന്‌ )നസീറിന്റെ പ്രോത്സാഹനം സാറ്‌ പങ്കുവച്ച കണക്കുകള്‍ സഹിതം ഞാന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി. അത്‌ കവര്‍ സ്റ്റോറിയായി ആലിപ്പഴത്തിന്റെ ആദ്യലക്കം പുറത്തിറങ്ങി. എന്റെ കൗതുകം അവിടെ അവസാനിച്ചില്ല. ഞാനും നസീറും വീണ്ടും തിരുവനന്തപുരത്തേക്ക്‌ തിരിച്ചു. കുതിച്ചു എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി. മുന്നറിയിപ്പൊന്നും കൂടാതെ സാറിന്റെ ഓഫീസില്‍ ചെന്നു. ആദ്യ പതിപ്പ്‌ സാറിന്‌ നല്‍കി അഭിപ്രായമറിയാന്‍ മനസ്സ്‌ കൂര്‍പ്പിച്ചു നിന്നു. അദ്ദേഹം റിപ്പോര്‍ട്ട്‌ സശ്രദ്ധം വായിച്ചു. ആകാംക്ഷയും സമ്മര്‍ദ്ദവും ഒരിക്കല്‍ കൂടി എന്നെ പിടിച്ചുലച്ചു. വിയര്‍പ്പിന്റെ നീര്‍ഝരികള്‍ രോമകൂപങ്ങളില്‍ നിന്നുണരാന്‍ തുടങ്ങി. ആറുപേജുണ്ടായിരുന്ന റിപ്പോര്‍ട്ട്‌ ഒരക്ഷരം വിടാതെ അദ്ദേഹം വായിച്ച്‌ തീര്‍ത്തശേഷം എന്റെ മുഖത്തേക്ക്‌ സകൂതം നോക്കി. ആതിരേ,ആദ്യ ചോദ്യം ഉന്നയിച്ചപ്പോള്‍ എന്നെ അളന്ന അതേ നോട്ടം. ഉള്ളില്‍ ഞാന്‍ ഭയം കൊണ്ടു. സര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി: "ടൈറ്റസ്‌ എന്നോട്‌ നീതികേട്‌ കാണിച്ചു. ഞാന്‍ ഓഫ്‌ ദ റെക്കോര്‍ഡ്‌ എന്ന്‌ പറഞ്ഞ കാര്യങ്ങളാണ്‌ നിങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അത്‌ ധാര്‍മ്മികമായി ശരില്ല. പക്ഷേ, നിങ്ങളിലെ പത്രപ്രവര്‍ത്തകന്റെ കൗശലത്തെ ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പറഞ്ഞത്‌ പരമാര്‍ത്ഥമാണ്‌. ആരെങ്കിലും വാങ്ങാന്‍ വന്നാല്‍ വന്നാല്‍ ഈ തിയേറ്ററുകള്‍ ഞാന്‍ അവര്‍ക്ക്‌ കൊടുക്കും. നല്ല സിനിമകള്‍ സര്‍ക്കാര്‍ തിയറ്ററുകളിലൂടെ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ചാര്‍ജെടുത്ത്‌ കഴിഞ്ഞ്‌ ഈ നിലയ്ക്കുള്ള ഒരു ആലോചന ഞാന്‍ മുന്നോട്ട്‌ വച്ചപ്പോള്‍ എന്റെ സ്റ്റാഫിലുള്ളവരടക്കം അത്‌ പുച്ഛിച്ച്‌ തള്ളുകയായിരുന്നു. ഇവിടെ ആര്‍ക്കും ക്ലാസിക്കൊന്നും കാണണ്ട സാറേ. വല്ല എ പടം കണ്ട്‌ തൃപ്തിയടയാനാണ്‌ അവര്‍ക്കിഷ്ടം എന്നാണ്‌ എനിക്ക്‌ ലഭിച്ച മറുപടി. അതേ, ടൈറ്റസ്‌ പറഞ്ഞതാണ്‌ ശരി. ഐ ആം എ സ്ക്വയര്‍ പെഗ്‌ ഇന്‍ ദ റൗണ്ട്‌ ഹോള്‍ വിസാവിസ്‌ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്‍. അഭിനന്ദനങ്ങള്‍..." അദ്ദേഹം സീറ്റില്‍ നിന്ന്‌ എഴുന്നേറ്റു. ഹസ്തദാനം ചെയ്തു. പിന്നെ തലയില്‍ കൈവച്ചനുഗ്രഹിച്ചു. "നന്നായി വരും. ഈ ധൈര്യവും എഴുത്തിലെ മൂര്‍ച്ചയും ഒരിക്കലും കൈമോശം വരരുത്‌."മൂലമന്ത്രമോതും പോലെ ഗോവിന്ദപ്പിള്ള സാറിന്റെ മനസ്സ്‌ നിറഞ്ഞ അനുഗ്രഹം ആതിരേ,എന്റെ കണ്ണ്‌ നിറയുന്നുണ്ടായിരുന്നു. മറുപടി തൊണ്ടയില്‍ കെട്ടി. നിറഞ്ഞ കണ്ണുകളോടെ നമ്രശിരസ്കനായി ഞാന്‍സാറിന്റെ മുറിവിട്ടിറങ്ങി. ******* 1994. എന്റെ മറ്റൊരു സുഹൃത്ത്‌ ഏറ്റെടുത്ത ദേശനാദം എന്ന ദ്വൈവാരികയുടെ പത്രാധിപരായി ചാര്‍ജേറ്റ ശേഷം കേരളത്തിലെ എല്ലാ സാഹിത്യകാരന്മാര്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ ലേഖനകര്‍ത്താക്കള്‍ക്കും ഇങ്ങനെയൊരു പ്രസിദ്ധീകരണം തുടങ്ങുന്നതിനെക്കുറിച്ചും സഹകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും ഞാന്‍ കത്തെഴുതിയിരുന്നു. അന്ന്‌ ഉപയോഗിച്ചത്‌ നേരത്തെ അച്ചടിച്ചു വച്ചിരുന്ന ലെറ്റര്‍ ഹെഡായിരുന്നു. അതില്‍ ദേശനാദം എന്ന്‌ ആംഗലേയത്തില്‍ അച്ചടിച്ചിരുന്നത്‌ DESANATHAM എന്നായിരുന്നു. കത്തുകിട്ടിയ ഒരാളും എനിക്ക്‌ മറുപടി തന്നില്ല. എന്നാല്‍, പി.ഗോവിന്ദപിള്ള സാറിന്റെ മഹാമനസ്കതയും ഗുരു കൃപയും ഒരിക്കല്‍ കൂടി എന്നെത്തേടിയെത്തി. ഒരു പോസ്റ്റു കാര്‍ഡില്‍ പച്ച മഷികൊണ്ട്‌ കുനുകുനയുള്ള ചെറിയ അക്ഷരങ്ങളില്‍ സാറിന്റെ മറുപടി : "പ്രസിദ്ധീകരണം തുടങ്ങുക. വിജയിപ്പിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്കായി എഴുതാന്‍ ഒട്ടും സമയമില്ല. സാന്ദര്‍ഭികമായി നേരില്‍ കണ്ടാല്‍ ചിലതെല്ലാം പറഞ്ഞു തരാം. ദേശനാദം എന്നതിന്‌ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ്‌ സ്പെല്ലിങ്ങ്‌ തെറ്റാണ്‌. DESANADAM എന്ന്‌ തിരുത്തണം ". ഒട്ടും പ്രശസ്തനല്ലാത്ത ഒരു പത്രപ്രവര്‍ത്തകന്റെ ആദ്യ സംരംഭങ്ങളോട്‌ പി.ഗോവിന്ദപിള്ള എന്ന മഹാമനിഷയുടെ കരുതലിന്റെയും സഹകരണത്തിന്റെയും രണ്ടുദാഹരണങ്ങളാണ്‌ ഞാന്‍ പങ്കുവച്ചത്‌.എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഗുരുകൃപയുടെ നേര്‍ചിത്രങ്ങള്‍ വിജ്ഞാനം മനുഷ്യനെ എത്രമാത്രം വിനയാന്വിതനാക്കുമെന്നതിന്റെ,വിദ്യ എത്രമാത്രം മനുഷ്യപ്പറ്റ്‌ വളര്‍ത്തുമെന്നതിന്റെ സനാതനമായ ദൃഷ്ടാന്തമായിരുന്നു പി.ഗോവിന്ദപിള്ള സാര്‍. ആതിരേ,എന്റെ അക്ഷരങ്ങള്‍ക്ക്‌ മൂര്‍ച്ചയും , ചിന്തകള്‍ക്ക്‌ കാര്‍ക്കശ്യവും നിലപാടുകളില്‍ അനുരഞ്ജനമില്ലായ്മയും നല്‍കി അനുഗ്രഹിച്ച മറ്റൊരു ഗുരുപ്രസാദത്തെയാണ്‌ കൃപയറ്റ കാലം കവര്‍ന്നെടുത്തിരിക്കുന്നത്‌. എന്റെ വലിയ നഷ്ടമാണ്‌ സാറിന്റെ വിയോഗം. പക്ഷേ, കരയാനോ തളരാനോ ഞാനില്ല. ഇനി ഇങ്ങനെയൊരു സന്മനസ്സിനെ, കന്മഷമില്ലത്ത കരുതലിനെ കണ്ടുകിട്ടില്ലല്ലോ എന്ന നൊമ്പരത്തോടെ , അമരത്വമാര്‍ന്ന ആ മഹിതസ്മരണയ്ക്ക്‌ മുന്നില്‍ നീരാജനമായി ഈ ഏകലവ്യന്‍... ...

Monday, November 26, 2012

ഈ അമ്പലം വിഴുങ്ങികള്‍ ശാസ്താവിനെ ആരൂഢത്തോടെ വിഴുങ്ങാത്തതാണ്‌ അതിശയം

കറുപ്പുടുത്ത്‌ വ്രതം നോറ്റ്‌ കല്ലുംമുള്ളും ചവുട്ടി കലിയുഗവരദനെ ദര്‍ശിക്കാനെത്തുന്ന അയ്യപ്പ ഭക്തന്മാരെയും ഈശ്വരനെ തന്നെയും വിഡ്ഢികളാക്കുന്ന മിടുക്കിന്റെ ക്രിമിനല്‍ സ്വഭാവമാണ്‌ ഓരോ വര്‍ഷവും ശബരിമലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌. ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്ന മറ്റു ആരാധനാ കേന്ദ്രങ്ങള്‍ം, വിവിധ മതസ്ഥരുടേതായി ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ഉണ്ട്‌. അവിടെയെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത അഴിമതിയും ക്രമക്കേടുകളും അവഗണനയും പുച്ഛവും അഹങ്കാരവുമൊക്കെയാണ്‌ ശബരിമലയില്‍ നിന്ന്‌ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. വ്രതമെടുത്ത്‌ മല ചവിട്ടുന്നതുകൊണ്ടാണ്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതരുടെയും ശബരിമലയിലെ കരാര്‍ ജീവനക്കാരുടെയും അഹങ്കാരത്തോടും പ്രകോപനപരമായ നിലപാടുകളോടും പ്രതികരിക്കാന്‍ അയ്യപ്പന്മാര്‍ക്ക്‌ കഴിയാത്തത്‌. ഈ നിസ്സഹായവസ്ഥ മുതലെടുത്തുകൊണ്ടാണ്‌ ഈ വര്‍ഷവും അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായുള്ള ദേവസ്വം ബോര്‍ഡ്‌ ദൈവത്തേയും ഭക്തരേയും കൊഞ്ഞാണന്മാരാക്കുന്നത്‌.
ആതിരേ,കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ്‌, അഴിമതിയുടെ കാര്യത്തില്‍, ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ലക്ഷക്കണക്കിന്‌ അയ്യപ്പന്മാരെ വഞ്ചിക്കുന്ന വിഷയത്തില്‍, മാറി മാറി വരുന്ന ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം. ശബരിമല എന്ന ചക്കരകുടത്തില്‍ കൈയ്യിട്ടു വാരാന്‍ വേണ്ടിയാണ്‌ ഓരോ ന്യായങ്ങള്‍ പറഞ്ഞ്‌ നായരും ഈഴവനും നമ്പൂതിരിയുമൊക്കെ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളാകുന്നതും ശബരിമലയുമായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളില്‍ കയറിപ്പറ്റുന്നതും. ആതിരേ,ഭക്തലക്ഷങ്ങള്‍ ഹരിഹരസുതന്‌ വഴിപാടായി അര്‍പ്പിക്കുന്ന തുക അടിച്ചു മാറ്റാനും അവര്‍ക്ക്‌ പ്രസാദമായി നല്‍കുന്ന അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരയും അരിയും മറ്റും വാങ്ങിക്കുന്നതു മുതല്‍ വെട്ടിപ്പു നടത്താനുമാണ്‌ ഇവരെല്ലാം ഈശ്വരവിശ്വാസത്തിന്റെ പേരുപറഞ്ഞ്‌ ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റുന്നത്‌. കോടിക്കണക്കിന്‌ രൂപയാണ്‌ ഓരോ മണ്ഡല മകരവിളക്ക്‌ കാലത്തും സന്നിധാനത്തില്‍ വഴിപാടായും പ്രസാദത്തിനായും ഭക്തന്മാര്‍ നല്‍കുന്നത്‌. ഈ തുക ഉപയോഗിച്ച്‌ ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തന്മാര്‍ക്ക്‌ മാന്യമായി മലമൂത്ര വിസര്‍ജനം ചെയ്യാനുള്ള സംവിധാനം പോലും ഒരുക്കാതെ അയ്യപ്പനെയും അയ്യപ്പ ഭക്തന്മാരെയും ഉളുപ്പില്ലാതെ വഞ്ചിക്കാന്‍ ദേവപ്രശ്നം നടത്തുന്ന തസ്കരവീരന്മാരാണ്‌ ഓരോ വര്‍ഷവും ദേവസ്വം ബോര്‍ഡ്‌ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്‌. ആതിരേ,കാനനവാസനെ കുളിപ്പിച്ച്‌ കിടത്താന്‍ മിടുക്കുള്ള അമ്പലം വിഴുങ്ങികള്‍ ദേവസ്വം ബോര്‍ഡ്‌ ഭരിക്കുമ്പോള്‍ ഭക്തര്‍ക്ക്‌ പ്രസാദമായി നല്‍കുന്ന അപ്പവും അരവണയും വിഷലിപ്തമായില്ലെങ്കില്‍ അതിശയിച്ചാല്‍ മതി. എല്ലാവര്‍ഷവും അപ്പം, അരവണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട്‌ വിവാദവും സാമ്പത്തിക ക്രമക്കേടുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും അവ പരിഹരിക്കാനോ ഭക്തന്മാരെ വഞ്ചിക്കുന്ന ഇടപാട്‌ നിര്‍ത്തലാക്കാനോ ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും കേരള സര്‍ക്കാരിനും ഒട്ടും താല്‍പര്യമില്ല. വെട്ടിപ്പാണ്‌ ഇവര്‍ക്ക്‌ ഇഷ്ടവിഷയം. അതിന്‌ പറ്റിയ ഇടമാണ്‌ ശബരിമലയും സന്നിധാനവും മാളികപ്പുറവും. ഐഹിക ജീവിതപാപങ്ങള്‍ പരിഹരിച്ച്‌ മോക്ഷം ലഭിക്കുന്നതിന്‌ കറുപ്പുടുത്ത്‌ വ്രതം നോറ്റ്‌ കല്ലുംമുള്ളും ചവുട്ടി കലിയുഗവരദനെ ദര്‍ശിക്കാനെത്തുന്ന അയ്യപ്പ ഭക്തന്മാരെയും ഈശ്വരനെ തന്നെയും വിഡ്ഢികളാക്കുന്ന മിടുക്കിന്റെ ക്രിമിനല്‍ സ്വഭാവമാണ്‌ ഓരോ വര്‍ഷവും ശബരിമലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌. ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്ന മറ്റു ആരാധനാ കേന്ദ്രങ്ങള്‍ം, വിവിധ മതസ്ഥരുടേതായി ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ഉണ്ട്‌. അവിടെയെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത അഴിമതിയും ക്രമക്കേടുകളും അവഗണനയും പുച്ഛവും അഹങ്കാരവുമൊക്കെയാണ്‌ ശബരിമലയില്‍ നിന്ന്‌ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. വ്രതമെടുത്ത്‌ മല ചവിട്ടുന്നതുകൊണ്ടാണ്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതരുടെയും ശബരിമലയിലെ കരാര്‍ ജീവനക്കാരുടെയും അഹങ്കാരത്തോടും പ്രകോപനപരമായ നിലപാടുകളോടും പ്രതികരിക്കാന്‍ അയ്യപ്പന്മാര്‍ക്ക്‌ കഴിയാത്തത്‌. ഈ നിസ്സഹായവസ്ഥ മുതലെടുത്തുകൊണ്ടാണ്‌ ഈ വര്‍ഷവും അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായുള്ള ദേവസ്വം ബോര്‍ഡ്‌ ദൈവത്തേയും ഭക്തരേയും കൊഞ്ഞാണന്മാരാക്കുന്നത്‌. പല്ലിയും പാറ്റയും പാറ്റക്കുഞ്ഞും ചത്തു വീണ അരവണയും വിഷപൂപ്പല്‍ ബാധിച്ച അപ്പവും ഇത്തവണയും ശബരിമലയില്‍ നിന്ന്‌ ഭക്തര്‍ക്ക്‌ പ്രസാദമായി ലഭിച്ചു എന്നു പറയുമ്പോള്‍, ആതിരേ, ഇവരുടെയൊക്കെ ജാഗ്രതയും ഉത്തരവാദിത്തവും ഈശ്വര ഭക്തിയുമൊക്കെ എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന്‌ തിരിച്ചറിയണം. സന്നിധാനത്തുനിന്ന്‌ വിതരണം ചെയ്യുന്ന അപ്പവും അരവണയും അടങ്ങുന്ന പ്രസാദം വിശുദ്ധമാണെന്ന്‌ കരുതിയാണ്‌ മണിക്കൂറുകളോളം ക്യൂ നിന്ന്‌ ഉന്തും തള്ളും സഹിച്ച്‌ അയ്യപ്പ ഭക്തന്മാര്‍ ഇവ വിലകൊടുത്ത്‌ വാങ്ങുന്നത്‌. അതില്‍ ഇഴ ജന്തുക്കളും ഷഡ്പദങ്ങളും ചത്തുകിടക്കുകയും വിഷപൂപ്പല്‍ ബാധിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും ചുരുങ്ങിയത്‌ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിനെയും മെമ്പര്‍മാരെയും അപ്പം, അരവണ നിര്‍മ്മാണത്തിന്‌ കരാര്‍ എടുത്തിട്ടുള്ളവരെയും അവ നിര്‍മ്മിക്കുന്ന കരാര്‍ തൊഴിലാളികളെയും തല്‍സ്ഥാനങ്ങളില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ ക്രിമിനല്‍ കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്ത്‌ മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ്‌. അങ്ങനെയൊന്ന്‌ സംഭവിക്കുകയില്ല എന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ പൂര്‍വ്വാധികം ഭംഗിയായാണ്‌ മാറി മാറി വരുന്ന ദേവസ്വം ബോര്‍ഡും അനുബന്ധ ഉദ്യോഗസ്ഥരും കരാറുകാരും ഭക്തസഹസ്രങ്ങളേയും ശാസ്താവിനേയും വഞ്ചിച്ച്‌ മുടിച്ചുകൊണ്ടിരിക്കുന്നത്‌. എറണാകുളം ജില്ലയില്‍ പറവൂരിന്‌ സമീപം കൊട്ടുവള്ളിക്കാട്‌ നീലിമത്തറ വീട്ടില്‍ എന്‍.കെ.വിനോബയും സംഘവും ശബരിമലയില്‍ നിന്ന്‌ വാങ്ങിയ അരവണയിലാണ്‌ ഇത്തവണ ചത്ത പല്ലിയും പാറ്റയും പാറ്റക്കുഞ്ഞും ഉണ്ടായിരുന്നത്‌. ഡിസിസി മെമ്പര്‍ കൂടിയാണ്‌ വിനോബ. തന്റെ പാര്‍ട്ടിക്കാര്‍ കേരളവും ദേവസ്വം വകുപ്പും ഭരിച്ചിട്ടും ഇത്തരം തോന്ന്യാസങ്ങളാണ്‌ ശബരിമലയില്‍ നടക്കുന്നത്‌ എന്ന തിരിച്ചറിവ്‌ ഒരു കോണ്‍ഗ്രസുകാരനായും ഈശ്വരവിശ്വാസിയുമായി ജീവികുന്നതില്‍ വിനോബയെ നാണം കെടുത്തുന്നുണ്ടാകണം. ഇതുപോലെ വ്രതം നോറ്റ്‌ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച്‌ ദര്‍ശനം നടത്തിയശേഷം പണം നല്‍കി വാങ്ങുന്ന അപ്പവും അരവണയും അടങ്ങുന്ന പ്രസാദം വിഷലിപ്തമാണെന്ന്‌ അറിയുമ്പോള്‍ ഓരോ അയ്യപ്പ ഭക്തന്റെ മനസ്സിലും പ്രതിഷേധം തിളയ്ക്കുന്നുണ്ട്‌. മറവപ്പടയെ ഒറ്റയ്ക്ക്‌ ഉന്മൂലനം ചെയ്ത അയ്യപ്പന്‌ എന്തുകൊണ്ട്‌ വര്‍ഷങ്ങളായി ഭക്തജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ദേവസ്വം വേതാളങ്ങളെ ഉന്മൂലനം കഴിയുന്നില്ല അല്ലെങ്കില്‍ അതിന്‌ മനസ്സു വയ്ക്കുന്നില്ല എന്ന സന്ദേഹമാണ്‌, ആതിരേ, ഭക്തമനസ്സുകളില്‍ രോഷമായി പുകയുന്നത്‌. ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ കീഴ്പ്പള്ളിപ്പറമ്പ്‌ ജയനും സംഘവും വാങ്ങിയ ഉണ്ണിയപ്പത്തിലാണ്‌ പൂപ്പല്‍ കണ്ടെത്തിയത്‌. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ രണ്ടുലക്ഷത്തോളം അപ്പത്തിലാണ്‌ പൂപ്പല്‍ കാണപ്പെട്ടത്‌. കുട്ടികളില്‍ മരണകാരണവും മുതിര്‍ന്നവരില്‍ കരള്‍ രോഗം വയറിളക്കം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നതാണ്‌ അപ്പത്തില്‍ കണ്ടെത്തിയ പൂപ്പലെന്ന്‌ കോന്നി സിഎഫ്‌ആര്‍ഡി ലാബിലെ പരിശോധനയില്‍ വ്യക്തമായി. എന്നിട്ടും മുട്ടാപ്പോക്ക്‌ ന്യായങ്ങള്‍ പറഞ്ഞ്‌ പൂപ്പലിനെ ന്യായീകരിക്കാനും വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമങ്ങളെ ഭര്‍ത്സിക്കാനുമാണ്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ അടക്കമുള്ള മറവപ്പട ശ്രമിക്കുന്നത്‌. ഇത്രയൊക്കെ തെളിവുകള്‍ ലഭിച്ചിട്ടും ഈ അമ്പലം വിഴുങ്ങികള്‍ക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം മന്ത്രിക്കോ കേരള സര്‍ക്കാരിനോ നട്ടെല്ലില്ല എന്ന്‌ പറയുമ്പോള്‍ അവരെ അധികാരത്തിലേറ്റാന്‍ വോട്ടു ചെയ്ത ഹൈന്ദവ വിശ്വാസികളെ മുഴുവന്‍ അധിക്ഷേപിക്കുകയാണ്‌ വി.എസ്‌.ശിവകുമാറും ഉമ്മന്‍ചാണ്ടിയും. ദേവസ്വം ബോര്‍ഡില്‍ അംഗമാകണമെങ്കില്‍ ഈശ്വരവിശ്വാസമുള്ള ഹിന്ദുവാകണമെന്ന്‌ ഓര്‍ഡിനന്‍സ്‌ ഇറക്കിയവരാണ്‌ ഈശ്വരവിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന ഈ കൊള്ളരുതായ്മകള്‍ കാണാന്‍ കൂട്ടാക്കാത്തതും കള്ളത്തിരുമാലികള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നതും. പുലിപ്പുറത്തേറി ഒരിക്കല്‍ കൂടി അയ്യപ്പന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആസ്ഥാനത്തേയ്ക്കും ദേവസ്വം മന്ത്രിയുടെ ഓഫീസിലേയ്ക്കും ശബരിമലയിലേയ്ക്കും എത്തി ഈ മാടന്മാരെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ അടുത്ത മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിലെ അയ്യപ്പവിഗ്രഹം അതിന്റെ അരൂഢത്തോടെ ഇവര്‍ വിഴുങ്ങുമെന്ന കാര്യത്തില്‍, ആതിരേ, എനിക്ക്‌ സംശയമില്ല.

Sunday, November 18, 2012

ഡി. ശശികുമാര്‍ താണ്ടിയ അഗ്നിപഥങ്ങള്‍

ഏപ്രില്‍ 29, 1998. സുപ്രീം കോടതി ജസ്റ്റിസുമാരായ എം.കെ.മുഖര്‍ജിയും സയ്യദ്‌ ഷാ മുഹമ്മദ്‌ ഖുറേഷിയും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച്‌ ചാരക്കേസ്‌ അടിസ്ഥാന രഹിതവും ക്രമക്കേടുകള്‍ നിറഞ്ഞതും ദുഷ്ടലാക്കോടെ രൂപം കൊടുത്ത നീതി നിഷേധവുമായിരുന്നെന്ന്‌ വിധിച്ചു. കേരള സര്‍ക്കാരിനോ മറ്റ്‌ ഏതെങ്കിലും ഏജന്‍സിക്കോ ചാരക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും അസന്ദിഗ്ധമായി വിധിച്ചു. നാലുവര്‍ഷം നീണ്ടു നിന്ന ചാരക്കേസിന്റെ നിയമനടപടികള്‍ക്ക്‌ അങ്ങനെ അവസാനമായി. നാലുവര്‍ഷം നിരപരാധികളായ ആറുപേര്‍ അനുഭവിച്ചു തീര്‍ത്ത പീഡനങ്ങളും യാതനകളും അവഹേളനങ്ങളും പക്ഷെ അപ്പോഴേയ്ക്കും പൊതു മനസ്സില്‍ നിന്ന്‌ മായ്ക്കപ്പെട്ടിരുന്നു.മാധ്യമങ്ങളുടെ രതികഥനം തീര്‍ത്ത അശ്ലീലതയും ജനം മറന്നു. ശശികുമാരന്‍ ഇന്നില്ല. ഫൗസിയയും മറിയം റഷീദയും മാലിയിലേക്ക്‌ മടങ്ങിപ്പോയി. പിന്നീട്‌ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി മറിയം റഷീദ കേരളത്തില്‍ എത്തിയിരുന്നു. അന്നും ചാരക്കേസിനെക്കുറിച്ച്‌ ചോദിച്ച പത്രപ്രവര്‍ത്തകരോട്‌ മറിയം റഷീദയ്ക്ക്‌ പറയാനുണ്ടായിരുന്നത്‌ സ്മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ രതിവാഞ്ചയെക്കുറിച്ചായിരുന്നു. അന്ന്‌ അയാളുടെ മുഖത്തടിച്ച്‌ മുറിയില്‍ നിന്ന്‌ ഇറക്കി വിട്ടിരുന്നില്ലായെങ്കില്‍ ഇങ്ങനെയൊരു കേസ്‌ ഉണ്ടാകുമായിരുന്നില്ല എന്ന്‌ അന്നും മറിയം റഷീദ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി...
സാന്ധ്യശോഭയ്ക്ക്‌ കളങ്കമായി പ്രേതഭവനം പോലെ ആ കെട്ടിടം നിന്നു. ചുറ്റും ഘനീഭൂതമായ മൗനത്തിന്റെ തണുപ്പു ഭേദിച്ച്‌ അവശമായൊരു ഞെരക്കം കെട്ടിടത്തിന്‌ പുറത്തേയ്ക്ക്‌ ഇഴഞ്ഞിറങ്ങുന്നുണ്ടായിരുന്നു വിലങ്ങു വയ്ക്കപ്പെട്ട കൈകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ശശികുമാരനെ ആ കെട്ടിടത്തിലേക്ക്‌ കൊണ്ടുവന്നു. ശശികുമാരന്റെ കൈ വിലങ്ങില്‍ നിന്നുള്ള ചങ്ങല അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പിടിച്ചിരുന്നു. അറുക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ നിശബ്ദനായി,നിസ്സഹായനായി ശശികുമാര്‍... പുറത്തേയ്ക്ക്‌ കുമിഞ്ഞ വായുവില്‍ നിണത്തിന്റെ ലവണ ഗന്ധം. ശശികുമാര്‍ മുഖം തിരിച്ചു. വാതില്‍ പാതിതുറന്ന ഒരു മുറി. മുറിയില്‍ ഒരു ബഞ്ച്‌. ബഞ്ചില്‍ ഒരു മനുഷ്യന്‍ കമിഴ്‌ന്നു കിടക്കുന്നു. അര്‍ദ്ധനഗ്നനാണ്‌. കാലുകള്‍ അടി കൊണ്ട്‌ വീര്‍ത്ത്‌ പൊട്ടിയിട്ടുണ്ട്‌.അവയില്‍ നിന്ന്‌ രക്തമിറ്റുന്നു. വെളുത്ത ദേഹമാസകലം മര്‍ദ്ദനത്തിന്റെ തിണര്‍പ്പുകള്‍. അവയില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു. വേദനയില്‍ പുളഞ്ഞ്‌ ആ മനുഷ്യന്‍ ഞരങ്ങുന്നത്‌ ശശികുമാര്‍ കേട്ടു. അയാളുടെ മുഖം ശശികുമാര്‍ കണ്ടില്ല. പക്ഷേ, ആ രൂപത്തില്‍ നിന്ന്‌ ആളാരാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി- ഇന്ത്യന്‍ ബഹിരാകാശ കുതിപ്പിന്റെ ഉത്തോലകമായി വിക്രം സാരാഭായി വിശേഷിപ്പിച്ച നമ്പി നാരായണന്‍! കാഴ്ചപ്പുറങ്ങളില്‍ കണ്ണീരിന്റെ നനവു പടര്‍ന്നു. ഈറന്‍ മിഴികളില്‍ വിളറിയ ചിരിയുമായി നമ്പി നാരായണന്‍ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ ശശികുമാറിന്റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചു. നിഷ്കളങ്കനായ ഈ മനുഷ്യന്‍ ചാരശൃംഖലയിലെ കണ്ണിയാണെന്ന്‌ സമ്മതിച്ച നിമിഷത്തെ അയാള്‍ മനസ്സറഞ്ഞ്‌ പ്‌രാകി. ഒന്നും ആഗ്രഹിച്ചതായിരുന്നില്ല. പക്ഷേ, നിരന്തര ഭേദ്യങ്ങളുടെ കൊടും വേദന അസഹ്യമായപ്പോള്‍ പറഞ്ഞു പോയതാണ്‌. കുറ്റബോധം ഒരു ചുണ്ടെലിയായി ശശികുമാരന്റെ പ്രജ്ഞയെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ശശികുമാരനെ ആ മുറിയിലേയ്ക്ക്‌ തള്ളിയശേഷം വാതിലടച്ച്‌ അന്വേഷണോദ്ദ്യോഗസ്ഥര്‍ തിരിച്ചു പോയി. മുറിയില്‍ പുതിയൊരാളെത്തിയതും വാതിലടയ്ക്കപ്പെട്ടതും നമ്പി നാരായണനറിഞ്ഞില്ല ഭിത്തിയില്‍ ചാരി പൊടിനിറഞ്ഞ തറയില്‍ ശശികുമാരന്‍ കാലുനീട്ടിയിരുന്നു.പേശികള്‍ തോറും അരിച്ചു കയറുന്ന മര്‍ദ്ദനത്തിന്റെ നീറ്റലിനേക്കാള്‍ നമ്പിനാരായണന്റെ ആ കിടപ്പാണ്‌ ശശികുമാരനെ തളര്‍ത്തിക്കൊണ്ടിരുന്നത്‌ എന്നാണ്‌ നമ്പി നാരായണനെ ആദ്യമായി കണ്ടത്‌..? ഓര്‍മ്മ താഴ്‌വാരങ്ങളില്‍ വളര്‍ന്നു മുറ്റിയ ഞെരിഞ്ഞില്‍ മുള്ളുകളിലേക്ക്‌ ശശികുമാരന്റെ മനസ്സ്‌ മുഖമടച്ച്‌ വീണു. മുള്‍ക്കുത്തേറ്റ്‌ കിനിഞ്ഞ ചോരച്ചാലുകള്‍ക്കപ്പുറം കൊച്ചുവേളി-തുമ്പ റോഡ്‌ തെളിഞ്ഞു. കുപ്പിക്കഴുത്തുപോലുള്ള റോഡിലൂടെ വാഹനം ഓടിക്കുക ശ്രമകരമായ ജോലിയാണ്‌. എതിരെ ഒരു വാഹനം വന്നാലോ പുറകില്‍ നിന്ന്‌ ഒരു വാഹനം വന്നാലോ സൈഡ്‌ കൊടുക്കാന്‍ കഴിയാത്തത്ര ഇടുങ്ങിയ വീഥി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്കുള്ള വഴി സ്വര്‍ഗ്ഗത്തിലേക്കുള്ളതുപോലെ-ഇടുങ്ങിയതും ഞെരുങ്ങിയതും. അമ്പാസിഡര്‍ കാറില്‍ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ശശികുമാരന്‍. പുറകില്‍ നിന്ന്‌ ഒരു സ്കൂട്ടറിന്റെ ഹോണ്‍ ശബ്ദം നിരന്തരം മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ, സൈഡ്‌ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രമിച്ചതാണ്‌, സ്ഥലം ഇല്ലാതിരുന്നതുകൊണ്ട്‌ സാധിച്ചില്ല. ഏറെ ദൂരം ഇങ്ങനെ പോയി. അപ്പോഴെല്ലാം സ്കൂട്ടറിന്റെ, ഞരക്കം പോലെയുള്ള ഹോണടി മുഴങ്ങുന്നുണ്ടായിരുന്നു. അല്‍പം ഇടം കിട്ടിയപ്പോള്‍ കാര്‍ ഇടത്തോട്ട്‌ തിരിച്ച്‌ സ്കൂട്ടറിന്‌ കടന്നുപോകാന്‍ വഴിയൊരുക്കി. മുന്നിലെത്തിയ സ്കൂട്ടറുകാരന്‍ വണ്ടി കുറുകെ ഇട്ട്‌ ഇറങ്ങി വന്നു. പിന്നെ പുളിച്ച തെറിയുടെ അഭിഷേകമായിരുന്നു. മടിച്ചില്ല. ഉരുളയ്ക്ക്‌ ഉപ്പേരി പോലെ താനും മറുപടി കൊടുത്തു. മടുത്തതുകൊണ്ടാകണം. അല്ലെങ്കില്‍ തന്റെ പ്രയോഗങ്ങളിലെ രൂക്ഷതകൊണ്ടാവാം അയാള്‍ തല താഴ്ത്തി സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ മുന്നോട്ടു പോയി. ദിവസങ്ങള്‍ കഴിഞ്ഞു. റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിലെ ഒരു നിര്‍ണ്ണായക യോഗം. യോഗം നടക്കുന്ന മുറിയിലെത്തിയപ്പോള്‍ ശശികുമാരന്‍ ഒന്നു പകച്ചു. അധ്യക്ഷ സ്ഥാനത്ത്‌ ദിവസങ്ങള്‍ക്കു മുന്‍പ്‌ വഴിയില്‍ വച്ച്‌ അസഭ്യശരങ്ങളെയ്ത്‌ താന്‍ തോല്‍പിച്ച വ്യക്തി. ആത്മ നിന്ദയോടെയാണ്‌ അയാള്‍ക്ക്‌ എതിര്‍വശം, കേള്‍വിക്കാരനായി ശശികുമാരന്‍ ഇരുന്നത്‌. ഐഎസ്‌ആര്‍ഒ ഡയറക്ടറുടെ പ്രത്യേക താല്‍പര്യപ്രകാരം രൂപീകരിച്ച ഏകാംഗ കമ്മിറ്റിയുടെ തലവനായ അയാള്‍ ക്രയോജനിക്‌ റോക്കറ്റ്‌ വിക്ഷേപണ സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത്‌ സംബന്ധിച്ച്‌ റഷ്യയിലെ ഗ്ലാവ്‌ കോസ്മോസുമായി ഉണ്ടാക്കിയ ഉടമ്പടിയെക്കുറിച്ചും അതിനു മുന്‍പ്‌ ഇന്ത്യാ ഗവണ്‍മെന്റും റഷ്യന്‍ ഗവണ്‍മെന്റും തമ്മിലുണ്ടാക്കിയ കരാര്‍ അമേരിക്കയുടെ ഭീഷണി മൂലം റദ്ദാക്കേണ്ടി വന്നതുമെല്ലാം പതിഞ്ഞ സ്വരത്തില്‍ മുറിഞ്ഞു മുറിഞ്ഞു വീഴുന്ന ഇംഗ്ലീഷ്‌ വാക്കുകളിലൂടെ അയാള്‍ വിവരിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ താല്‍പര്യത്തിന്‌ ഇന്ത്യ ഒരിക്കലും വഴങ്ങുകയില്ലെന്നും പ്രതിഭാധനരും കര്‍മ്മകുശലരും സമര്‍പ്പണചേതസ്സുകളുമായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ മനസ്ഥൈര്യവും ഇച്ഛാശക്തിയും ഈടുവയ്പ്പാക്കി, ഗ്ലാവ്കോസ്മോസിന്റെ സാങ്കേതിക സഹായത്തോടെ അധികം വൈകാതെ ഇന്ത്യ ക്രയോജനിക്‌ ടെക്നോളജി തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്നും അതിനായി ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ നിര്‍ലോഭമായ പിന്തുണ തനിക്ക്‌ വേണമെന്നുമൊക്കെയായിരുന്നു അന്ന്‌ അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്‌. വലിയമലയിലെ ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സെന്ററില്‍ ഫാബ്രിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ശശികുമാരന്‍ നിയമിതനായിട്ട്‌ അധിക നാളുകളായിരുന്നില്ല. അന്ന്‌ വഴിയില്‍ തന്നോട്‌ കൊമ്പുകോര്‍ത്ത വ്യക്തി തന്റെ ഉന്നതോദ്യോഗസ്ഥനാണ്‌ എന്നറിഞ്ഞപ്പോള്‍ ശശികുമാരന്‌ വല്ലാത്ത സങ്കോചം തോന്നി. പക്ഷേ, അത്‌ മറച്ചുവച്ചാണ്‌ പിന്നീട്‌ യോഗത്തില്‍ ശശികുമാരന്‍ സംസാരിച്ചത്‌. ആ യോഗത്തിന്‌ ശേഷം വിരിഞ്ഞത്‌ സൗമ്യസൗഹൃദത്തിന്റെ സുരഭില വിശുദ്ധികളായിരുന്നു. രണ്ടുപതിറ്റാണ്ടിന്റെ സാന്ദ്രമായ സൗഹൃദം. ഔദ്യോഗിക ബന്ധം. ക്രയോജനിക്‌ റോക്കറ്റ്‌ ടെക്നോളജി വികസിപ്പിച്ചെടുക്കുന്നതില്‍ ഒരേ മനസ്സോടെയുള്ള അദ്ധ്വാനം. പ്രതീക്ഷ. പിരിയാനാവാത്ത ചങ്ങാത്തത്തിന്റെ ഇഴയടുപ്പങ്ങള്‍. ആ നമ്പി നാരായണനാണിപ്പോള്‍ .... താന്‍ കൂടി എതിരായി മൊഴി നല്‍കിയതുകൊണ്ടാവണം ഇത്രയും തല്ലിച്ചതയ്ക്കപ്പെട്ടതെന്ന്‌ ഓര്‍ത്തപ്പോള്‍ കുറ്റബോധത്തിന്റെ ചിതലുകള്‍ ശശികുമാരന്റെ പ്രജ്ഞയില്‍ കലമ്പല്‍ കൂട്ടി. ആയാസപ്പെട്ട്‌ ശശികുമാരന്‍ എഴുന്നേറ്റു.ലാത്തിയടിയേറ്റ്‌ വിങ്ങിയ കാല്‍പാദങ്ങള്‍ നിലത്തു കുത്തിയപ്പോള്‍ പ്രാണനെടുക്കുന്ന വേദന.അത്‌ കടിച്ചമര്‍ത്തി നമ്പി നാരായണന്റെ സമീപത്തേക്ക്‌ ചെന്നു. പിന്നെ നമ്പി നാരായണന്‍ കിടന്നിരുന്ന ബഞ്ചിനരികില്‍ ശശികുമാരന്‍ മുട്ടുകുത്തിനിന്നു. വേദനയുടെ കാഠിന്യത്തില്‍ നമ്പി നാരായണന്‍ ഞരങ്ങിക്കൊണ്ടേയിരുന്നു. ആ ഞരക്കം ആത്മാവിലേയ്ക്കേറ്റുവാങ്ങി വിലങ്ങുവച്ച കൈകൊണ്ട്‌ ശശികുമാരന്‍ നമ്പി നാരായണനെ തന്റെ മാറോട്‌ ചേര്‍ത്താഞ്ഞുപുല്‍കി. ശശികുമാരന്റെ ഹൃദയമിടിപ്പ്‌ നമ്പി നാരായണനും തിരിച്ചറിഞ്ഞു. നോവുന്ന ഹൃദയങ്ങളുടെ ഇഴുകിച്ചേരല്‍. നമ്പി നാരായണന്‍ മെല്ലെ കണ്ണുയര്‍ത്തി ശശികുമാരനെ നോക്കി. ദൃഢനിശ്ചയമുള്ള, സംസാരത്തിലും പെരുമാറ്റത്തിലും കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഫാബ്രിക്കേഷന്‍ എഞ്ചിനീയര്‍ വാവിട്ട്‌ കരയുന്നത്‌ കണ്ടപ്പോള്‍ മര്‍ദ്ദനമേറ്റ്‌ തിണിര്‍ത്ത കൈകള്‍ കൊണ്ട്‌ നമ്പി നാരായണന്‍ ശശികുമാരന്റെ കണ്ണുനീര്‍ തുടച്ചു. * * * * നായനാര്‍ സര്‍ക്കാരിന്‌ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്സ്‌ ആക്ട്‌ അനുസരിച്ച്‌ കേസെടുക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലാതിരുന്നിട്ടും അതേ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചാരക്കേസ്‌ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും മജിസ്ട്രേറ്റ്‌ കോടതിയില്‍ ഇതു സംബന്ധിച്ച്‌ ഒരു ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. നീതിയുടെ തുലാസ്‌ നിരപരാധികള്‍ക്ക്‌ അനുകൂലമായി ... കേസിന്റെ ഗതി തിരിയുകയാണ്‌. സര്‍ക്കാര്‍ ഉത്തരവിനെതിരെ ചാരക്കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവര്‍ ഓരോരുത്തരായി റിട്ട്‌ പെറ്റീഷനുകള്‍ സമര്‍പ്പിച്ചു. ബിജെപിയും സിപിഎമ്മും വ്യത്യസ്ത റിവിഷന്‍ പെറ്റീഷനുകളൊടെ കക്ഷിചേര്‍ന്നു. ഒപ്പം സ്മാര്‍ട്ട്‌ വിജയന്റെ റിവിഷന്‍ പെറ്റീഷനും പരിഗണനയ്ക്ക്‌ എത്തി കോടതിയില്‍ മാസങ്ങള്‍ നീണ്ട വാഗ്‌വാദങ്ങള്‍... തെളിവുകള്‍... രേഖകള്‍... ഒടുവില്‍ നാലുമാസത്തിന്‌ ശേഷം നിരണായകമായ ആ വിധി വന്നു.. സ്മാര്‍ട്ട്‌ വിജയനും കേരളസര്‍ക്കാരും അടക്കമുള്ള വാദികള്‍ക്ക്‌ ആര്‍ക്കും ഈ കേസില്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കാന്‍ അര്‍ഹതയില്ല എന്ന്‌ അസന്ദിഗ്ധമായി ഹൈക്കോടതി വിധിച്ചു. കേരള സര്‍ക്കാരിന്‌ ചാരക്കേസ്‌ വീണ്ടും അന്വേഷിക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലായെന്ന്‌ ഹൈക്കോടതി അടിവരയിട്ട ഉത്തരവിട്ടു. ശശികുമാരനും നമ്പി നാരായണനും കെ.ചന്ദ്രശേഖറും എസ്‌.കെ.ശര്‍മ്മയും മറിയം റഷീദയും ഫൗസിയ ഹസനും ഒരിക്കല്‍ കൂടി കുറ്റവിമുക്തരാക്കപ്പെട്ടു. ആശ്വാസത്തിന്റെ തീരത്ത്‌ അണഞ്ഞതിന്റെ സന്തോഷം പക്ഷേ, ശശികുമാരന്‌ മാത്രം വിധി നല്‍കിയില്ല. കേരള പോലീസിന്റെ അപേക്ഷ പ്രകാരം വീണ്ടും ഒരു അന്വേഷണത്തിന്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയുടെ അനുമതി . വീണ്ടും പ്രതിയായി ശശികുമാരന്‍ വാര്‍ത്തകളില്‍ .. ഇതിനെതിരെ സുഹൃത്തുക്കളുടെ സഹായത്തോടെ സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ്‌ പെറ്റീഷന്‍ ശശികുമാരന്‍ സമര്‍പ്പിച്ചു. മൂന്ന്‌ വര്‍ഷത്തെ ജയില്‍ വാസവും കോടതി നടപടികളും ഒരു സത്യം ശശികുമാരനെ ബോധിപ്പിച്ചു. അണിയുന്ന ഗൗണിനെക്കാള്‍ കറുപ്പു നിറഞ്ഞതാണ്‌ അഭിഭാഷകരുടെ മനസ്സ്‌. കേസ്‌ വിജയിപ്പിക്കുകയല്ല മറിച്ച്‌, നീട്ടിക്കൊണ്ടുപോവുകയാണ്‌ അവരുടെ ആവശ്യം. നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും വ്യാഖ്യാനിച്ച്‌ തങ്ങളുടെ കക്ഷികള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ നിന്ന്‌ അവരെ മുക്തരാക്കേണ്ടതിന്‌ പകരം പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി കോടതി നടപടികള്‍ ദീര്‍ഘിപ്പിച്ച്‌ സ്വന്തം പോക്കറ്റ്‌ വീര്‍പ്പിക്കുക മാത്രമാണ്‌ അഭിഭാഷകരുടെ ലക്ഷ്യം. ആ തിരിച്ചറിവിലാണ്‌ ഇന്ത്യയുടെ പരമോന്നത കോടതിയില്‍ തന്റെ ഭാഗം താന്‍ തന്നെ വാദിക്കുമെന്ന്‌ ശശികുമാരന്‍ നിശ്ചയിച്ചത്‌. ******** ഏപ്രില്‍ ഒന്ന്‌, 1998. ലോകവിഡ്ഢിദിനം. അന്ന്‌ സുപ്രീംകോടതിയിലെ കൊലകൊമ്പന്മാരായ അഭിഭാഷകരെ സാക്ഷി നിര്‍ത്തി ശാസ്ത്രജ്ഞനായ ശശികുമാരന്‍ നിയമങ്ങള്‍ ഇഴകീറിക്കാട്ടി തന്റെ ഭാഗം ന്യായീകരിച്ചപ്പോള്‍ അഭിഭാഷകര്‍ അമ്പരന്നെങ്കിലും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. വാദം കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ സിബിഐയുടെ ജോയിന്റ്‌ ഡയറക്ടര്‍ എം.എല്‍.ശര്‍മ്മ ശശികുമാരന്റെ ചാരത്തേക്ക്‌ വന്നു. " നിങ്ങള്‍ വാദിച്ചു കുളമാക്കി " എന്നായിരുന്നു പുച്ഛം കലര്‍ന്ന അദ്ദേഹത്തിന്റെ കമന്റ്‌. ശശികുമാരന്‍ അത്‌ കേട്ടതായി നടിച്ചില്ല. പുറത്ത്‌ കോടതി വരാന്തയില്‍, ഡിഐജി ടി.പി.സെന്‍കുമാര്‍ നീട്ടിയ ചായയും ബിസ്ക്കറ്റും പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഐജി സിബി മാത്യു രോഷത്തോടെ തട്ടിത്തെറിപ്പിക്കുന്നത്‌ ആശ്വാസത്തോടെ ശശികുമാരന്‍ കണ്ടു. കേസിന്റെ ഗതി എങ്ങോട്ടെന്ന്‌ വ്യകതമാക്കുന്നതായിരുന്നു സിബി മാത്യുവിന്റെ രോഷപ്രകടനം വര്‍ഷങ്ങള്‍ക്ക്‌ അന്നാദ്യമായി ശശികുമാരന്‍ പ്രശാന്തിയെന്തെന്നറിഞ്ഞു * * * * ഏപ്രില്‍ 29, 1998. സുപ്രീം കോടതി ജസ്റ്റിസുമാരായ എം.കെ.മുഖര്‍ജിയും സയ്യദ്‌ ഷാ മുഹമ്മദ്‌ ഖുറേഷിയും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച്‌ ചാരക്കേസ്‌ അടിസ്ഥാന രഹിതവും ക്രമക്കേടുകള്‍ നിറഞ്ഞതും ദുഷ്ടലാക്കോടെ രൂപം കൊടുത്ത നീതി നിഷേധവുമായിരുന്നെന്ന്‌ വിധിച്ചു. കേരള സര്‍ക്കാരിനോ മറ്റ്‌ ഏതെങ്കിലും ഏജന്‍സിക്കോ ചാരക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും അസന്ദിഗ്ധമായി വിധിച്ചു. നാലുവര്‍ഷം നീണ്ടു നിന്ന ചാരക്കേസിന്റെ നിയമനടപടികള്‍ക്ക്‌ അങ്ങനെ അവസാനമായി. നാലുവര്‍ഷം നിരപരാധികളായ ആറുപേര്‍ അനുഭവിച്ചു തീര്‍ത്ത പീഡനങ്ങളും യാതനകളും അവഹേളനങ്ങളും പക്ഷെ അപ്പോഴേയ്ക്കും പൊതു മനസ്സില്‍ നിന്ന്‌ മായ്ക്കപ്പെട്ടിരുന്നു.മാധ്യമങ്ങളുടെ രതികഥനം തീര്‍ത്ത അശ്ലീലതയും ജനം മറന്നു. ശശികുമാരന്‍ ഇന്നില്ല. ഫൗസിയയും മറിയം റഷീദയും മാലിയിലേക്ക്‌ മടങ്ങിപ്പോയി. പിന്നീട്‌ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി മറിയം റഷീദ കേരളത്തില്‍ എത്തിയിരുന്നു. അന്നും ചാരക്കേസിനെക്കുറിച്ച്‌ ചോദിച്ച പത്രപ്രവര്‍ത്തകരോട്‌ മറിയം റഷീദയ്ക്ക്‌ പറയാനുണ്ടായിരുന്നത്‌ സ്മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ രതിവാഞ്ചയെക്കുറിച്ചായിരുന്നു. അന്ന്‌ അയാളുടെ മുഖത്തടിച്ച്‌ മുറിയില്‍ നിന്ന്‌ ഇറക്കി വിട്ടിരുന്നില്ലായെങ്കില്‍ ഇങ്ങനെയൊരു കേസ്‌ ഉണ്ടാകുമായിരുന്നില്ല എന്ന്‌ അന്നും മറിയം റഷീദ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി... 18 വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. ചാരക്കേസില്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നമ്പി നാരായണന്‌ കേരള സര്‍ക്കാര്‍ നല്‍കണമെന്ന്‌ വിധിയായി. 18 വര്‍ഷം മുന്‍പ്‌ കേരളത്തെ പിടിച്ചുലച്ച, ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിനെ ചിതറിച്ച ചാരക്കേസിന്‌ പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ കളിയും തന്റെ പിതാവ്‌ കെ.കരുണാകരനെ ഒതുക്കാനുള്ള നീചശ്രമവും ഉണ്ടായിരുന്നു എന്ന പ്രസ്താവനയുമായി കെ.മുരളീധരന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ ഇന്നും ഈ വിഷയം സജീവ ചര്‍ച്ചയാണ്‌. ദേശാഭിമാനി കുത്തിപ്പൊക്കിക്കൊണ്ടു വന്ന അന്താരാഷ്ട്ര ഗൂഢാലോചന അങ്ങനെ ഉള്ളി പൊളിച്ചതുപോലെയായി. അന്ന്‌ നമ്പി നാരായണനെയും ശശികുമാരനെയും ചന്ദ്രശേഖരനെയും ശര്‍മ്മയെയും മറിയം റഷീദയെയും ഫൗസിയ ഹസനെയും അനധികൃതമായി തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിച്ച്‌ അവശരാക്കുകയും ചെയ്ത സംഭവത്തില്‍ അന്നത്തെ ഡിഐജി സിബി മാത്യുവും സിറ്റി പോലീസ്‌ കമ്മീഷണര്‍ വി.ആര്‍.രാജീവനും സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസിലെ വിദേശ പൗരവിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ വിജയനും കുറ്റക്കാരാണെന്ന്‌ സിബിഐ കണ്ടെത്തി. പക്ഷേ, അവരാരും ശിക്ഷിക്കപ്പെട്ടില്ല. മറിച്ച്‌, സിബി മാത്യുവിനെയും വി.ആര്‍.രാജീവനെയും പോലീസിന്റെ വിശിഷ്ട മെഡല്‍ നല്‍കി രാഷ്ട്രം ആദരിക്കുകയായിരുന്നു. ആഭാസങ്ങളും അസംബന്ധങ്ങളുമാണ്‌ എന്നും അധികാര രാഷ്ട്രീയത്തെ സജീവമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍. എന്നും എവിടെയും ജനാധിപത്യ രാഷ്ട്രങ്ങളുടെ സ്വയം ീ‍ര്‍ഷത്വം നശിപ്പിച്ചൊടുക്കുക എന്നതാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റപ്പോയിന്റ്‌ അജണ്ട.ആ നൃശംസതയുടെ മുടയഴിച്ചാട്ടമായിരുന്നു മലയാള മാധ്യമങ്ങള്‍ കൊണ്ടാടിയ ഐഎസ്‌ആര്‍ഒ ചാരക്ക്ഥ "വായുവിലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായികാണ്‍മൂ സാമ്രാജ്യപ്പണക്കൊതി..." (പാബ്ലോ നെരൂദ) പരമ്പര അവസാനിച്ചു.

Friday, November 16, 2012

മറിയം റഷീദ രമണ്‍ ശ്രീവാസ്തവയെ തിരിച്ചറിഞ്ഞപ്പോള്‍

അപ്പോഴാണ്‌ ചാരക്കഥയ്ക്ക്‌ കൊഴുപ്പും മാദകത്വവുമേകിയ മറിയ റഷീദയെ ആ മുറിയിലേക്ക്‌ കൊണ്ടു വന്നത്‌. ഇയാളെ അറിയുമോ എന്ന്‌ ചോദിക്കുന്നതിന്‌ മുന്‍പു തന്നെ "ഇത്‌ രമണ്‍ ശ്രീവാസ്തവയല്ലേ" എന്ന്‌ മറിയം റഷീദയുടെ അത്ഭുതം കലര്‍ന്ന ചോദ്യം ഉയര്‍ന്നു. രമണ്‍ ശ്രീവാസ്തവയുടെ ഹൃദയമിടിപ്പ്‌ ഒരു നിമിഷത്തേക്ക്‌ നിന്നുപോയത്‌ പോലെ. തൊണ്ട വരണ്ടു. ഭാര്യ അഞ്ജലിയുടെയും മക്കളായ ജിത്തുവിന്റെയും ഋതുവിന്റെയും മുഖം ഓര്‍മ്മകളില്‍ മിന്നി മറഞ്ഞു. താന്‍ കുടുങ്ങി എന്ന്‌ തന്നെ രമണ്‍ ശ്രീവാസ്തവ വിശ്വസിച്ചു. എന്നാല്‍, വീണ്ടും മറിയം റഷീദ എല്ലാവരേയും ഞെട്ടിച്ചു "ഇന്‍സ്പെക്ടര്‍ വിജയന്‍ (സ്മാര്‍ട്ട്‌ വിജയന്‍) ഫോട്ടോകള്‍ കാണിച്ച്‌ എന്നെ പരിചയപ്പെടുത്തിയതാണ്‌. യൂണിഫോമിലുള്ളതും അല്ലാത്തതുമായ ഫോട്ടോകള്‍ കാണിച്ച്‌ രമണ്‍ ശ്രീവാസ്തവയെ പരിചയപ്പെടുത്തുകയും ആവശ്യപ്പെടുമ്പോള്‍ പരിചയമുണ്ടെന്ന്‌ പറയണമെന്ന്‌ നിര്‍ബന്ധിക്കുകയും ചെയ്തു. പറ്റില്ലെന്ന്‌ പറഞ്ഞപ്പോള്‍ എന്റെ വലതു മുട്ട്‌ അവര്‍ അടിച്ചു തകര്‍ത്തു." മറിയം റഷീദയുടെ വാക്കുകളില്‍ മിഴിനീരുപ്പ്‌ പടര്‍ന്നു.
ആതിരേ, അമേരിക്കന്‍ താല്‍പര്യത്തിന്‌ മെനഞ്ഞെടുത്ത ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ അന്വേഷണത്തില്‍ ലോക്കല്‍ പോലീസും സ്പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സ്‌ ബ്യൂറോയും റോയും നിയമലംഘനത്തിന്റെ വഴികളിലൂടെയാണ്‌ ചോദ്യം ചെയ്യല്‍ നടത്തിയതെങ്കില്‍ മാന്യവും ഉന്നതവുമായ രീതിയിലായിരുന്നു സിബിഐയുടെ ചോദ്യം ചെയ്യലുകള്‍. ചാരക്കഥയില്‍ ഐബി വിളക്കിച്ചേര്‍ത്ത കഥാപാത്രങ്ങളെക്കുറിച്ചുള്ള കള്ളക്കഥകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തും അവരെ മൂന്നാംമുറയ്ക്ക്‌ വിധേയരാക്കിയും ഐബിയും കേരള പോലീസും സ്പെഷല്‍ ബ്രാഞ്ചും നീതി നിഷേധത്തിന്റെ അര്‍മ്മാദങ്ങളായപ്പോള്‍ ഒരു പോലീസ്‌ ഓഫീസര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെയും മാന്യതയോടെയുമാണ്‌ സിബിഐ രമണ്‍ ശ്രീവാസ്തവയോട്‌ പെരുമാറിയത്‌. കൂടുതല്‍ ചോദ്യം ചെയ്യാനായി രമണ്‍ ശ്രീവാസ്തവയെ സിബിഐ മദ്രാസിലെ മല്ലികൈയിലേയ്ക്ക്‌ വിളിപ്പിച്ച വിവരം ഐബി മലയാളത്തിലെ പത്രങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കി. ഐബി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനപരമായി വികലമായിരുന്നുവെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ കഥകള്‍ മെനയാനാണ്‌ അന്നത്തെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ ഉത്സാഹം കാണിച്ചത്‌. രാജീവ്‌ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള ഭീകരവാദികളെ പാര്‍പ്പിച്ചിട്ടുള്ള ജയിലില്‍ വച്ച്‌ രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും കാണും എന്ന നിഗമനത്തിലായിരുന്നു വാര്‍ത്തകള്‍ പടച്ചുവിട്ടത്‌. അതുകൊണ്ട്‌ തന്നെ ആ വാര്‍ത്തയില്‍ വസ്തുതാപരമായ തെറ്റുകള്‍ സംഭവിക്കുകയും ചെയ്തു. ചാരക്കേസുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ച്‌ അന്ന്‌ മലയാള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച എല്ലാ ഇക്കിളികഥകള്‍ക്കും ഈ വൈകല്യം സംഭവിച്ചിരുന്നു. എന്നാല്‍, ലേഖകരോ വായനക്കാരോ അത്തരം സാങ്കേതിക തെറ്റുകള്‍ ശ്രദ്ധിക്കാതെ ചാരക്കഥ സൃഷ്ടിച്ച ഉന്മാദത്തില്‍ അഭിരമിക്കുകയായിരുന്നു. (കൂടുതല്‍ ചോദ്യം ചെയ്യാന്‍ രമണ്‍ ശ്രീവാസ്തവയോട്‌ ബാംഗ്ലൂരിലേക്ക്‌ ചെല്ലാന്‍ സിബിഐ ആവശ്യപ്പെട്ടു എന്ന്‌ ഇന്നലെ സൂചിപ്പിച്ചത്‌ തെറ്റാണ്‌.) രമണ്‍ ശ്രീവാസ്തവയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട്ടിലേക്ക്‌ വിളിപ്പിച്ചത്‌ ചാരകേസില്‍ അദ്ദേഹത്തിനുള്ള നിര്‍ണ്ണായകമായ പങ്ക്‌ സിബിഐക്ക്‌ ബോധ്യമായതുകൊണ്ടാണെന്നും കേരളത്തിന്‌ പുറത്ത്‌ വച്ച്‌ ചോദ്യം ചെയ്താലെ വസ്തുതകള്‍ രമണ്‍ ശ്രീവാസ്തവ വെളിപ്പെടുത്തുകയുള്ളൂ എന്നുമൊക്കെയായിരുന്നു പത്രവാര്‍ത്തകള്‍. ഇത്‌ സിബിഐയുടെ ശ്രദ്ധയിലും പെട്ടിരുന്നു. അതുകൊണ്ടു തന്നെ എയര്‍പോര്‍ട്ട്‌ മുതല്‍ പ്രത്യേക ജാഗ്രത സിബിഐ പുലര്‍ത്തിയിരുന്നു. രമണ്‍ശ്രീവാസ്തവയെ സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്ന്‌ കൂട്ടിക്കൊണ്ടു പോകുന്നത്‌ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരുടെ നീണ്ട നിര തന്നെ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. നിരവധി പത്രപ്രവര്‍ത്തകരും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. ഇത്‌ തിരിച്ചറിഞ്ഞ്‌ രമണ്‍ ശ്രീവാസ്തവയെ മാധ്യമ കണ്ണുകളില്‍ നിന്ന്‌ തമസ്കരിച്ചാണ്‌ സിബിഐ ചോദ്യം ചെയ്യാനായി തങ്ങളുടെ സങ്കേതത്തിലേക്ക്‌ കൊണ്ടുപോയത്‌. വിമാനം റണ്‍വേയില്‍ സ്പര്‍ശിച്ച ഉടന്‍ സിബിഐ ജോയിന്റ്‌ ഡയറക്ടര്‍ എം.എല്‍.ശര്‍മ്മ തന്റെ കീഴ്‌ ഉദ്യോഗസ്ഥനും ഡിഐജിയുമായ പി.എം.നായര്‍ക്ക്‌ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. അദ്ദേഹം ഈ നിര്‍ദ്ദേശങ്ങള്‍ വിമാനത്താവളത്തിലേക്ക്‌ കൈമാറി. റണ്‍വേയില്‍ നിന്ന്‌ ടെര്‍മിനലിലേക്ക്‌ പതിയെ നീങ്ങിക്കൊണ്ടിരുന്ന വിമാനം പെട്ടെന്ന്‌ നിന്നു. എന്തു സംഭവിച്ചു എന്നറിയാതെ യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍, മാധ്യമങ്ങള്‍ക്കു മുന്നില്‍ നിന്ന്‌ രമണ്‍ ശ്രീവാസ്തവയെ രക്ഷിക്കാന്‍ വേണ്ടിയുള്ള സിബിഐയുടെ ജാഗ്രതാപൂര്‍വ്വമുള്ള നടപടിയായിരുന്നു അത്‌. വിമാനത്തില്‍ നിന്ന്‌ രമണ്‍ ശ്രീവാസ്തവയുടെ ബാഗേജ്‌ തെരഞ്ഞെടുത്ത്‌ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന്‌ ഇറക്കി ടാര്‍മാക്കില്‍ വച്ചു തന്നെ സിബിഐയുടെ കാറില്‍ കയറ്റി വിമാനത്താവളത്തിന്റെ പിന്‍വശത്തുകൂടെയാണ്‌ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിച്ചത്‌. രമണ്‍ ശ്രീവാസ്തവയെ സിബിഐ ചോദ്യം ചെയ്യാന്‍ കൂട്ടിക്കൊണ്ടുപോകുന്നത്‌ ക്യാമറയില്‍ പകര്‍ത്താന്‍ കാത്തിരുന്ന ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക്‌ കടുത്ത നിരാശത നല്‍കി സിബിഐ രമണ്‍ ശ്രീവാസ്തവയെ അക്ഷരാര്‍ത്ഥത്തില്‍ 'ഒളിപ്പിച്ചു' കടത്തുകയായിരുന്നു. അപ്പോള്‍ സമയം രാത്രി 8.30 കഴിഞ്ഞിരുന്നു. കനത്ത മതില്‍ക്കെട്ടും തോക്കേന്തിയ പാറാവുകാരും ഉള്ള ഒരു വലിയ കെട്ടിട സമുച്ചയത്തിലേക്കാണ്‌ സിബിഐ രമണ്‍ ശ്രീവാസ്തവയെ കൊണ്ടുപോയത്‌. എന്നാല്‍, ഒന്നാം നിലയിലെ ഒരു കുടുസുമുറിയില്‍ വച്ചാണ്‌ അവര്‍ രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്തത്‌. ദക്ഷിണ മേഖലാ ഐജിയായിരുന്നിട്ടു കൂടി സിബിഐയുടെ ഈ നടപടികള്‍ രമണ്‍ ശ്രീവാസ്തവയില്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന്‌ ഒളിപ്പിച്ച്‌ കടത്തിയതു മുതല്‍ ഈ കുടുസുമുറിയില്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചതു വരെയുള്ള നടപടികള്‍ അദ്ദേഹത്തില്‍ സന്ദേഹങ്ങള്‍ പെരുക്കി. എന്തിനാണ്‌ ഇത്രയധികം ജാഗ്രതയെന്ന്‌ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ മനസ്സിലായിരുന്നില്ല. അതുകൊണ്ട്‌ കുടുസുമുറിക്കുള്ളില്‍ കയറിയ ഉടന്‍ ആദ്യം ചോദ്യം ചോദിച്ചത്‌ ശ്രീവാസ്തവയായിരുന്നു. "എന്തിനാണ്‌ സാര്‍ ഈ സന്നാഹങ്ങളെല്ലാം?" "നമ്മള്‍ കഥയുടെ പരിണാമഗുപ്തിയിലേക്ക്‌ എത്തുകയാണ്‌. ഇനി ചില വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മതി" അമര്‍ത്തിയാ ചിരിയോടെ എം.എല്‍.ശര്‍മ്മ മറുപടി കൊടുത്തു. വീണ്ടും ചോദ്യങ്ങളുടെ ആവര്‍ത്തനം. നേരത്തെ ഉത്തരം കൊടുത്ത ചോദ്യങ്ങള്‍ തന്നെ എം.എല്‍.ശര്‍മ്മ ആവര്‍ത്തിച്ചു. ആരെയും തനിക്ക്‌ അറിയില്ല എന്ന ഉത്തരത്തില്‍ രമണ്‍ ശ്രീവാസ്തവ ഉറച്ചു നിന്നു. അല്‍പ്പനേരം കൂടി ചോദ്യം ചെയ്യല്‍ തുടര്‍ന്നശേഷം ശര്‍മ്മ പി.എം.നായരെ നോക്കി. അദ്ദേഹം മുറിവിട്ടുപോയി. തിരിച്ചു വന്നപ്പോള്‍ കൂടെ മറ്റൊരാള്‍ ഉണ്ടായിരുന്നു. "ഇയാളെ അറിയുമോ?" ശര്‍മ്മ ചോദിച്ചു. പി.എം.നായര്‍ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടു വന്ന വ്യക്തിയെ രമണ്‍ ശ്രീവാസ്തവ സൂക്ഷിച്ചു നോക്കി. നരച്ച താടിവളര്‍ന്ന ഒരു സാത്വികന്‍. ഇയാളാണോ ഇന്ത്യയുടെ മിസെയില്‍ ടെക്നോളജി പാകിസ്ഥാന്‌ ചോര്‍ത്തിക്കൊടുത്ത ചാരനെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ രമണ്‍ ശ്രീവാസ്തവ തന്നോട്‌ തന്നെ ചോദിച്ചു കൊണ്ടേയിരുന്നു. "ചോദിച്ചത്‌ കേട്ടില്ലേ? ഇയാളെ അറിയുമോ?" "അറിയും. നമ്പി നാരായണന്‍. നേരത്തെ ഫോട്ടോ കണ്ടിട്ടുണ്ട്‌." രമണ്‍ ശ്രീവാസ്തവ ഉത്തരം നല്‍കി. "അത്രയേയുള്ളോ?" "ഉം..." ശര്‍മ്മ വീണ്ടും പി.എം.നായര്‍ക്ക്‌ സംജ്ഞ നല്‍കി. ഇത്തവണ കൂട്ടിക്കൊണ്ടു വന്നത്‌ താടിയും മുടിയും നീണ്ട അരോഗദൃഢഗാത്രനായ ഒരാളെയായിരുന്നു. ഇരുണ്ട നിറത്തില്‍ മധ്യവയസ്കന്‍. ശ്രീവാസ്തവയ്ക്ക്‌ അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‌ ശ്രീവാസ്തവയെയും മനസ്സിലായില്ല. തുടര്‍ന്ന്‌ മെല്ലിച്ച ഒരു മധ്യവയസ്കയെയാണ്‌ പി.എം.നായര്‍ ആ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടു വന്നത്‌. "ഇവരെ അറിയുമായിരിക്കും?" "ഇല്ല." ഉറച്ച ശബ്ദത്തില്‍ രമണ്‍ ശ്രീവാസ്തവ മറുപടി പറഞ്ഞു. ചോദ്യം പിന്നീട്‌ ആ സ്ത്രീയോടായിരുന്നു. അവര്‍ക്കും രമണ്‍ ശ്രീവാസ്തവയെ പരിചയമില്ലായിരുന്നു. "പിന്നെന്തിനാണ്‌ രമണ്‍ ശ്രീവാസ്തവയെ അറിയുമെന്ന്‌ നിങ്ങള്‍ ഐബിക്ക്‌ മൊഴി കൊടുത്തത്‌?" ആ ചോദ്യം കേട്ട്‌ ശ്രീവാസ്തവ ഒന്നു ഞെട്ടി. തന്നെ അറിയുമെന്ന്‌ ഇവര്‍ ഐബിക്ക്‌ മൊഴി കൊടുത്തിട്ടുണ്ടെന്നോ! അദ്ദേഹം ഒന്ന്‌ പകച്ചു. "അങ്ങനെ ചെയ്തിട്ടില്ല." പറഞ്ഞു തുടങ്ങിയത്‌ നമ്പി നാരായണനായിരുന്നു. "ഐബി ആവശ്യപ്പെട്ട പേരുകള്‍ പറയാന്‍ തയ്യാറാകാതിരുന്നതുകൊണ്ട്‌ ക്രൂരമായ മര്‍ദ്ദനമാണ്‌ ഏറ്റു വാങ്ങേണ്ടി വന്നത്‌. യു.ആര്‍.റാവു, ഡോ. എ.ഇ.മുത്തുനായകം, രമണ്‍ ശ്രീവാസ്തവ ഇവരെയെല്ലാം അറിയുമെന്ന്‌ പറയാനായിരുന്നു ഹൈബിയുടെ നിര്‍ദ്ദേശം. അതിന്‌ വഴങ്ങാതിരുന്നപ്പോള്‍ സഹിക്കാനാവാത്ത മര്‍ദ്ദനമാണ്‌ ഐബി ഏല്‍പ്പിച്ചത്‌. അപ്പോള്‍ സമ്മതിച്ചു പോയതാണ്‌." നമ്പി നാരായണന്റെ സ്വരം ഇടറി. സാത്വികനായ ആ മനുഷ്യന്നോട്ടത്താല്‍ മിഴികളോടെ രമണ്‍ ശ്രീവാസ്തവ തഴുകി. പി.എം.നായര്‍ കൂട്ടിക്കൊണ്ടു വന്ന മറ്റു മൂന്നുപേരും ഇതേ സംഭവം തന്നെ ആവര്‍ത്തിച്ചപ്പോള്‍ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ അത്ഭുതം അടക്കാനായില്ല. സത്യം പറയിപ്പിക്കാന്‍ ലോക്കല്‍ പോലീസ്‌ മൂന്നാം മുറ പ്രയോഗിക്കുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. എന്നാല്‍, ഒരു സിവിലിയന്‍ സംവിധാനമായ ഇന്റലിജന്‍സ്‌ ബ്യൂറോ, പ്രതികളെന്ന്‌ പറയുന്നവരെ ക്രൂരമായി മര്‍ദ്ദിച്ചാണ്‌ വിവരങ്ങള്‍ ശേഖരിച്ചതെന്ന്‌ കേട്ടപ്പോള്‍ അദ്ദേഹത്തിലെ പോലീസുകാരനുപോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ്‌ ചാരക്കഥയ്ക്ക്‌ കൊഴുപ്പും മാദകത്വവുമേകിയ മറിയ റഷീദയെ ആ മുറിയിലേക്ക്‌ കൊണ്ടു വന്നത്‌. ഇയാളെ അറിയുമോ എന്ന്‌ ചോദിക്കുന്നതിന്‌ മുന്‍പു തന്നെ "ഇത്‌ രമണ്‍ ശ്രീവാസ്തവയല്ലേ" എന്ന്‌ മറിയം റഷീദയുടെ അത്ഭുതം കലര്‍ന്ന ചോദ്യം ഉയര്‍ന്നു. മറിയം റഷീദ എല്ലാവരെയും പിടിച്ചുലച്ചു. രമണ്‍ ശ്രീവാസ്തവയുടെ ഹൃദയമിടിപ്പ്‌ ഒരു നിമിഷത്തേക്ക്‌ നിന്നുപോയത്‌ പോലെ. തൊണ്ട വരണ്ടു. ഭാര്യ അഞ്ജലിയുടെയും മക്കളായ ജിത്തുവിന്റെയും ഋതുവിന്റെയും മുഖം ഓര്‍മ്മകളില്‍ മിന്നി മറഞ്ഞു. താന്‍ കുടുങ്ങി എന്ന്‌ തന്നെ രമണ്‍ ശ്രീവാസ്തവ വിശ്വസിച്ചു. എന്നാല്‍, വീണ്ടും മറിയം റഷീദ എല്ലാവരേയും ഞെട്ടിച്ചു "ഇന്‍സ്പെക്ടര്‍ വിജയന്‍ (സ്മാര്‍ട്ട്‌ വിജയന്‍) ഫോട്ടോകള്‍ കാണിച്ച്‌ എന്നെ പരിചയപ്പെടുത്തിയതാണ്‌. യൂണിഫോമിലുള്ളതും അല്ലാത്തതുമായ ഫോട്ടോകള്‍ കാണിച്ച്‌ രമണ്‍ ശ്രീവാസ്തവയെ പരിചയപ്പെടുത്തുകയും ആവശ്യപ്പെടുമ്പോള്‍ പരിചയമുണ്ടെന്ന്‌ പറയണമെന്ന്‌ നിര്‍ബന്ധിക്കുകയും ചെയ്തു. പറ്റില്ലെന്ന്‌ പറഞ്ഞപ്പോള്‍ എന്റെ വലതു മുട്ട്‌ അവര്‍ അടിച്ചു തകര്‍ത്തു." മറിയം റഷീദയുടെ വാക്കുകളില്‍ മിഴിനീരുപ്പ്‌ പടര്‍ന്നു. ശ്രീവാസ്തവയ്ക്കത്‌ പുനര്‍ജന്മമായാണ്‌ തോന്നിയത്‌. അടുത്ത ക്ഷണം മറ്റൊരു അത്ഭുതത്തിലേക്ക്‌ അദ്ദേഹം എടുത്തെറിയപ്പെട്ടു. -ഇപ്പോള്‍ കണ്‍മുന്നില്‍ സ്മാര്‍ട്ട്‌ വിജയന്‍. ഒരു വാര്‍ത്ത ചോര്‍ത്തിയെടുത്തിട്ടാണ്‌ വരവ്‌. ചാരക്കേസില്‍ തനിക്ക്‌ പങ്കുണ്ടെന്ന്‌ മറിയം റഷീദ ഐബിയോട്‌ വെളിപ്പെടുത്തി എന്ന രഹസ്യ വാര്‍ത്ത അറിയിക്കാനാണ്‌ വിജയന്‍ എത്തിയത്‌. ആ വിജയനാണ്‌ തന്നെ തിരിച്ചറിയാന്‍ മറിയം റഷീദയുടെ കാല്‍ അടിച്ചു തകര്‍ത്തതെന്ന്‌ കേട്ടപ്പോള്‍ രമണ്‍ ശ്രീവാസ്തവയിലെ പോലീസുകാരന്‍ ഒരിക്കല്‍ കൂടി അമ്പരപ്പിലമര്‍ന്നു. തിരിച്ചറിയല്‍ പരേഡ്‌ കഴിഞ്ഞു. ******** തിരുവനന്തപുരത്ത്‌ എത്തിക്കഴിഞ്ഞാല്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ വി.ആര്‍.രാജീവന്‍ ഡിജിപി ടി.വി.മധുസുദനന്‌ അയച്ച രഹസ്യ കത്ത്‌ തനിക്ക്ഫാക്സ്‌ ചെയ്ത്‌ തരണമെന്ന്‌ ശര്‍മ്മ രമണ്‍ ശ്രീവാസ്തവയോട്‌ ആവശ്യപ്പെട്ടു. പരീക്ഷണങ്ങളുടെ അഗ്നിനിമിഷങ്ങളൊഴിഞ്ഞതില്‍ രമണ്‍ശ്രിവാസ്തവയുടെ മനസ്സ്‌ ഈശ്വര ചിന്തയില്‍ നമ്രശീര്‍ഷമായി. ആശ്വാസതീരത്തണഞ്ഞ നാവികന്റെ സ്വാസ്ഥ്യം രമണ്‍ ശ്രീവാസ്തവയറിഞ്ഞു. അന്ന്‌ വൈകീട്ട്‌ ശര്‍മ്മയോടൊപ്പമായിരുന്നു രമണ്‍ ശ്രീവാസ്തവയുടെ അത്താഴം. അത്താഴശേഷം രമണ്‍ ശ്രിവാസ്തവയുടെ സിഗററ്റിലേയ്ക്ക്‌ തീപകരുന്നതിനിടയില്‍ ശര്‍മ്മ ചോദിച്ചു: "പറയൂ ആരാണ്‌ നിങ്ങളെ ഈ കേസില്‍ കുടുക്കിയത്‌,രമണ്‍ ." "കേരള കൗമുദിയാണ്‌ എനിക്കെതിരെ ആദ്യത്തെ വെടിപൊട്ടിച്ചത്‌. എഡിറ്റര്‍ മണിക്ക്‌ എന്നോടുള്ള ദേഷ്യത്തിന്റെ, പ്രതികാരം." പുകയൂതിപ്പരത്തി ശര്‍മ്മ തലയാട്ടി. "ഡിജിപിയെ വിളിച്ച്‌ അസംബന്ധമായ ഈ ചാരക്കഥ തകര്‍ത്തവിവരം അങ്ങേയ്ക്ക്‌ പറഞ്ഞു കൂടെ?" രമണ്‍ ശ്രീവാസ്തവ ചോദിച്ചു. ഒരു കവിള്‍ പുക അകത്തേയ്ക്കെടുത്ത്‌ ഊറി വന്ന ചിരി മറച്ച്‌ ശര്‍മ്മ പറഞ്ഞു. "എന്റെയും ഡിജിപിയുടെയും വരെ ഫോണുകള്‍ ഐബി ചോര്‍ത്തുന്നുണ്ട്‌." രമണ്‍ ശ്രീവാസ്തവ സ്തംഭിച്ചു പോയി. * * * * 1995 ജനുവരി 13. കേരള ഹൈക്കോടതി. ചാരക്കേസില്‍ പ്രതിയായ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊച്ചിയിലെ ഒരു സംഘടന സമര്‍പ്പിച്ച റിട്ട്‌ ഓഫ്‌ മണ്ടാമസിന്റെ വിധി ദിവസം. സിങ്കിള്‍ ബഞ്ച്‌ ഈ ആവശ്യം തള്ളിയിരുന്നു. അതേത്തുടര്‍ന്ന്‌ സംഘടന ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. ്‌ ചാരക്കേസ്‌ സംബന്ധിച്ച്‌ രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്തതിന്റെ ഫയല്‍ ഹാജരാക്കാന്‍ 1994 ഡിസംബര്‍ 28-നഡിവിഷന്‍ ബഞ്ച്‌ ഉത്തരവിട്ടു. ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ എന്തെങ്കിലും പങ്കുണ്ടെന്ന്‌ സംശയിക്കുന്നുണ്ടെങ്കില്‍ അത്‌ വിശദീകരിക്കുന്ന സത്യവാങ്ങ്‌ മൂലം പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കാനാണ്‌ കോടതി അന്വേഷണ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടിരുന്നത്‌. അവര്‍ നല്‍കിയ സത്യവാങ്ങ്‌ മൂലത്തില്‍ അതൃപ്തി തോന്നി ഡിവിഷന്‍ ബഞ്ച്‌ അന്നത്തെ സിബിഐയുടെ ഡയറക്ടര്‍ കെ.വിജയരാമറാവുവിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിലും ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയെ സംശയിക്കത്തക്ക യാതൊന്നും ചോദ്യം ചെയ്യലിലോ അന്വേഷണത്തിലോ ലഭിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്‍പതിനായിരുന്നു സിബിഐ ഡയറക്ടര്‍ ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്‌. കോടതി കൂടി. 212 കിലോമീറ്റര്‍ അകലെ തിരുവനന്തപുരത്ത്‌ വിധി കേള്‍ക്കാനുള്ള ആകാംക്ഷയോടെ, ദൈവങ്ങളോടെല്ലാം പ്രാര്‍ത്ഥിച്ച്‌ രമണ്‍ ശ്രീവാസ്തവയും ഭാര്യ അഞ്ജലിയും വീട്ടില്‍ ഉണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ അസുഖബാധിതയായി കഴിയുന്ന അമ്മയെ കാണാന്‍ പോകാന്‍ കഴിയാത്തതിന്റെ വ്യസനം അഞ്ജലിയുടെ മുഖത്ത്‌ നിന്ന്‌ വായിച്ചെടുക്കാം.. വിധി വന്നശേഷം പോകാനായിരുന്നു അഞ്ജലിയുടെ തീരുമാനം. ജഡ്ജി വിധി വാചകം വായിച്ചു തുടങ്ങി. "രമണ്‍ ശ്രീവാസ്തവയെ ചാരക്കേസില്‍ അറസ്റ്റ്‌ ചെയ്യാന്‍ സിബിഐക്ക്‌ നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട്‌ നല്‍കിയ റിട്ട്‌ ഓഫ്‌ മണ്ടാമസ്‌ കോടതി തള്ളുന്നു... പോലീസ്‌ പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും മുന്‍പ്‌ ഒരാളെ പ്രതിയാക്കണമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെടാന്‍ ഒരു കോടതിക്കും അവകാശമില്ല..." റേഡിയോയിലൂടെ വന്ന വാര്‍ത്ത സ്വര്‍ഗത്തില്‍ നിന്നുള്ള സ്വരമായി അഞ്ജലിക്ക്‌ തോന്നി. അവര്‍ അഞ്ജലി ബദ്ധയായി പ്രാര്‍ത്ഥനയില്‍ മുഴുകി. തൊട്ടടുത്ത നിമിഷം നരകത്തില്‍ നിന്നുള്ള ശബ്ദം അവരെ ചൂഴ്‌ന്നു: "അതേസമയം ഇന്റലിജന്‍സ്‌ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ ചാരക്കേസില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌..." രമണ്‍ ശ്രീവാസ്തവയുടെ പ്രാര്‍ത്ഥനയും മുറിഞ്ഞു അഞ്ജലി കണ്ണീരായൊഴുകി. പതിവുപോലെ രാത്രി എത്തി. പക്ഷേ, അന്നത്തെ രാത്രിക്ക്‌ ദുരൂഹതകളേറെയുള്ളതുപോലെ രമണ്‍ ശ്രീവാസ്തവയ്ക്കും അഞ്ജലിക്കും തോന്നി. രാപ്പാതി കഴിഞ്ഞു. സമയം 12.30. വാതില്‍ക്കല്‍ ഒരു മുട്ട്‌ ആഭ്യന്തരവകുപ്പില്‍ നിന്നുള്ള പ്രത്യേക ദൂതന്‍. "രമണ്‍ ശ്രീവാസ്തവയെ സസ്പെന്‍ഡ്‌ ചെയ്തു" എന്ന വാര്‍ത്ത അറിച്ചു തീരും മുന്‍പ്‌ നിമിഷം ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചു. വികാരവിക്ഷുബ്ധമായ മനസ്സോടെയാണ്‌ അഞ്ജലി ഫോണ്‍ എടുത്തത്‌. "എല്ലാം തീര്‍ന്നു." ന്യൂഡല്‍ഹിയില്‍ നിന്ന്‌ എത്തിയ സ്വരത്തില്‍ മൃത്യുവിന്റെ തണുപ്പ്‌ ഘനീഭൂതമാകുന്നത്‌ അഞ്ജലിയറിഞ്ഞു. നാളെ: ഡി .ശശികുമാരന്‍ താണ്ടിയ അഗ്നിപഥങ്ങള്‍

Thursday, November 15, 2012

ഓപ്പറേഷന്‍ ശ്രീവാസ്തവ

വ്യക്തിവിദ്വേഷവും അധികാര കൊതിയും ലൈംഗിക ആസക്തിയും ഒക്കെ ഇതില്‍ ഊടും പാവുമായിട്ടുണ്ട്‌. ഇത്തരം നികൃഷ്ട താല്‍പര്യങ്ങളുള്ള ചെന്നായ്ക്കളാണ്‌ ഒരു തെറ്റും ചെയ്യാത്ത ശാസ്ത്രജ്ഞന്മാരെയും മാലിക്കാരായ രണ്ട്‌ യുവതികളെയും രമണ്‍ ശ്രീവാസ്തവ അടക്കമുള്ള മറ്റുള്ളവരെയും ചാരക്കേസില്‍ പ്രതികളാക്കി കടിച്ച്‌ കുടഞ്ഞ്‌ രസിച്ചത്‌. ഇതില്‍ മാധ്യമങ്ങളുടെ പങ്ക്‌ നിഷേധിക്കാനാവില്ല. സത്യം തെളിയിക്കാനും നീതിക്കുവേണ്ടി നിലകൊള്ളാനും നിര്‍ബന്ധിതമായിട്ടുള്ള മാധ്യമങ്ങള്‍ ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ കാര്യത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന അഞ്ചാംപത്തികളായി അധപതിക്കുകയായിരുന്നു.
ആതിരേ, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കുതിപ്പിനെയും ക്രയോജനിക്ക്‌ റോക്കറ്റ്‌ നിര്‍മ്മാമ മേഖലയിലെ മികവിനെയും ചിതറിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ത്വര കണ്ടെത്തിയ കുറുക്കു വഴിയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്‌. അമേരിക്കന്‍ താല്‍പര്യങ്ങള്‍ അതീവ കൗശലത്തോടെ ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയെയും റോയെയും കേരള പോലീസിനെയും ഉപയോഗിച്ച്‌ സര്‍ജിക്കല്‍ പ്രിസഷനോടെയാണ്‌ നടപ്പിലാക്കിയത്‌. അതിന്റെ പ്രകടനപരതയായിരുന്നു മലയാള മാധ്യമങ്ങളില്‍ നിറഞ്ഞ രതിക്കഥകള്‍. ഇല്ലാക്കഥകളിലൂടെ ഒരു രാഷ്ട്രത്തിന്റെ ശാസ്ത്രസാങ്കേതിക മേഖലയിലെ കുതിപ്പിനെ ഛിന്നഭിന്നമാക്കാന്‍, ഇന്ത്യയിലെ മികച്ച അന്വേഷണ സംവിധാനങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഐബിയിലെയും റോയിലെയും ചാരന്മാരാണ്‌ അമേരിക്കക്കയ്ക്ക്‌ കൂട്ടു നിന്നത്‌. ഒരു തിരക്കഥയുണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ അഭിനേതാക്കളെ കണ്ടെത്തുന്ന രീതിയില്‍ തന്നെയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണവും തെളിവെടുപ്പും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുക്കലും. വ്യക്തിവിദ്വേഷവും അധികാര കൊതിയും ലൈംഗിക ആസക്തിയും ഒക്കെ ഇതില്‍ ഊടും പാവുമായിട്ടുണ്ട്‌. ഇത്തരം നികൃഷ്ട താല്‍പര്യങ്ങളുള്ള ചെന്നായ്ക്കളാണ്‌ ഒരു തെറ്റും ചെയ്യാത്ത ശാസ്ത്രജ്ഞന്മാരെയും മാലിക്കാരായ രണ്ട്‌ യുവതികളെയും രമണ്‍ ശ്രീവാസ്തവ അടക്കമുള്ള മറ്റുള്ളവരെയും ചാരക്കേസില്‍ പ്രതികളാക്കി കടിച്ച്‌ കുടഞ്ഞ്‌ രസിച്ചത്‌. ഇതില്‍ മാധ്യമങ്ങളുടെ പങ്ക്‌ നിഷേധിക്കാനാവില്ല. സത്യം തെളിയിക്കാനും നീതിക്കുവേണ്ടി നിലകൊള്ളാനും നിര്‍ബന്ധിതമായിട്ടുള്ള മാധ്യമങ്ങള്‍ ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ കാര്യത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന അഞ്ചാംപത്തികളായി അധപതിക്കുകയായിരുന്നു. ആതിരേ,ചാരക്കേസില്‍ അന്ന്‌ ദക്ഷിണമേഖല ഐജിയായിരുന്ന രമണ്‍ശ്രീവാസ്തവയെ കേന്ദ്രകഥാപാത്രമാക്കിയത്‌ കേരളകൗമുദിയുടെ അന്നത്തെ എഡിറ്റര്‍ എം.എസ്‌.മണിക്ക്‌ രമണ്‍ശ്രീവാസ്തവയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമായിരുന്നു. കേരള കൗമുദിയുടെ സ്വത്ത്‌ സംബന്ധിച്ച്‌ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ നിന്ന്‌ ഉയര്‍ന്ന നിയമനടപടികളില്‍ മുഖം നോക്കാതെ, നിഷ്പക്ഷനായി നീതി നിര്‍വ്വഹണം നടത്തിയതാണ്‌ രമണ്‍ ശ്രീവാസ്തവ ചെയ്ത തെറ്റ്‌. കോടതി വിധി അനുസരിച്ച്‌ എം.എസ്‌.മണിയെ കേരള കൗമുദി ഓഫീസില്‍ നിന്ന്‌ ഇറക്കിവിട്ട്‌ സഹോദരന്‍ എം.എസ്‌.മധുസൂദനന്‌ അവസരം ഒരുക്കിയതാണ്‌ മണിയുടെ ക്രോധത്തിനും പ്രതികാരത്തിനും കാരണം. അവിടെ നിന്ന്‌ ആരംഭിക്കുന്നു ഓപ്പറേഷന്‍ ശ്രീവാസ്തവ. 1994 ഒക്ടോബര്‍ 22-ാ‍ം തീയതി കേരള കൗമുദിയാണ്‌ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ ചാരക്കഥയില്‍ പങ്കുണ്ടെന്ന ഞെട്ടിക്കുന്ന ആദ്യം പുറത്തു വിട്ടത്‌. തുടര്‍ന്ന്‌ മറ്റു മാധ്യമങ്ങളും, ഐബിയില്‍ നിന്ന്‌ ചോര്‍ന്നു കിട്ടിയ വാര്‍ത്തകളുടെ ചുവടുപിടിച്ച്‌ അടിസ്ഥാന രഹിതവും അശ്ലീലവുമായ കഥകളാണ്‌ രമണ്‍ ശ്രീവാസ്തവയുടെ പേരില്‍ വായനക്കാരില്‍ എത്തിച്ചത്‌. ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്‍പേജിലെ സ്കൂപ്പ്‌ സ്റ്റോറി- "ചാരക്കേസ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനെതിരായ വല മുറുകുന്നു"- പ്രസിദ്ധീകരിച്ചതോടെ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥ ഐബി സൃഷ്ടിച്ചെടുത്തു. ഇന്ത്യന്‍ എക്സ്പ്രസിലെ വാര്‍ത്ത വായിച്ച രമണ്‍ ശ്രീവാസ്തവയുടെ പിതാവും റിട്ടയേര്‍ഡ്‌ ഐജിയുമായ .......... അയുക്തിപരവും നീതിരഹിതവുമായ ഒരു നടപടിയും ശ്രീവാസ്തവയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുതെന്ന്‌ ഉപദേശിച്ചിരുന്നു. അതേസമയം, നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാളയെ അതിന്റെ കൊമ്പില്‍ പിടിച്ച്‌ കീഴടക്കാന്‍ തന്നെ ശ്രീവാസ്തവ തീരുമാനിച്ചു. തനിക്ക്‌ പറയാനുള്ള കാര്യങ്ങള്‍ ടൈപ്പ്‌ ചെയ്ത്‌ മാധ്യമങ്ങള്‍ക്ക്‌ കൊടുക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. അതിനായി ഡിജിപി മധുസൂദനന്റെ അനുവാദം വാങ്ങി. പിന്നീട്‌ തന്റെ വിശദീകരണം ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ചു കൊടുക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, അന്ന്‌ ഔദ്യോഗിക ടൂറിലായിരുന്ന മുഖ്യമന്ത്രി കെ.കരുണാകരന്‍ തിരിച്ചു വരുന്നതുവരെ കാത്തിരിക്കാനായിരുന്നു ഡിജിപിയുടെ ഉപദേശം. എന്നാല്‍, മുഖ്യമന്ത്രി കരുണാകരന്‍ തിരിച്ചെത്തുന്നതിന്‌ മുന്‍പ്‌ സിബിഐ ഓഫീസര്‍മാര്‍ തിരുവനന്തപുരത്ത്‌ വിമാനം ഇറങ്ങി. അന്വേഷണം സിബിഐ ഏറ്റെടുത്തു. അതുകൊണ്ട്‌ രമണ്‍ ശ്രീവാസ്തവയുടെ വിശദീകരണം മാധ്യമങ്ങള്‍ക്ക്‌ ലഭിക്കാതെ പോയി. ഇന്റലിജന്‍സ്‌ ബ്യൂറോയിലെ ജോയിന്റ്‌ ഡയറക്ടര്‍ മാത്യു ജോണും സംഘവും ശ്രീവാസ്തവയെ കുടുക്കാനും ചോദ്യം ചെയ്ത്‌ മര്‍ദ്ദിച്ച്‌ കുറ്റം സമ്മതിപ്പിക്കാനും പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും സാധിക്കാതെ പോയി. എന്നാല്‍, സിബിഐ രണ്ടുവട്ടം രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്തു. ആദ്യവട്ടം എം.എല്‍.ശര്‍മ്മയും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ പി.എം.നായരും ചേര്‍ന്നാണ്‌ രമണ്‍ ശ്രീവാസ്തവയെ പള്ളിപ്പുറം സിആര്‍പിഎഫ്‌ ക്യാംമ്പില്‍ വച്ച്‌ ചോദ്യം ചെയ്തത്‌. സിബിഐയില്‍ ഭീകരവാദികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സെല്ലിന്റെ തലവനായ ശര്‍മ്മ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനാണെന്ന്‌ രമണ്‍ ശ്രീവാസ്തവ നേരത്തെ കേട്ടിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ സംഭവങ്ങളുടെ വിശദാംശങ്ങളിലേക്ക്‌ കടക്കാതെ പൊതുവായ കാര്യങ്ങളാണ്‌ എം.എല്‍.ശര്‍മ്മ രമണ്‍ ശ്രീവാസ്തവയോട്‌ തിരക്കിയത്‌. ഭയന്നതുപോലെ ഒന്നും സംഭവിക്കാതിരുന്നതുകൊണ്ട്‌ സംഘര്‍ഷം ഒഴിഞ്ഞ മനസ്സുമായിട്ടാണ്‌, ആതിരേ, സിആര്‍പിഎഫ്‌ ക്യാമ്പില്‍ നിന്ന്‌ രമണ്‍ ശ്രീവാസ്തവ തിരിച്ച്‌ വീട്ടിലേക്ക്‌ പോയത്‌. എന്നാല്‍, ഈ ശാന്തത, ലാഘവത്വം ആറുദിവസം പോലും നിലനിന്നില്ല. അപ്പോഴേക്കും രണ്ടാമത്തെ സംഘം രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്യാന്‍ തിരുവനന്തപുരത്ത്‌ എത്തി. ഇത്തവണ ആര്‍.സി.ശര്‍മ്മയും സിബിഐയിലെ സൂപ്രണ്ട്‌ അശോക്‌ കുമാറുമാണ്‌ രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്തത്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ ഗസ്റ്റ്‌ ഹൗസില്‍ വച്ചായിരുന്നു രണ്ടാംവട്ട ചോദ്യം ചെയ്യല്‍. ഈ ചോദ്യം ചെയ്യല്‍ ക്രൂരവും രമണ്‍ ശ്രീവാസ്തവ എന്ന പോലീസ്‌ ഓഫീസറുടെ എല്ലാ ഡിഗ്നിറ്റിയും ചീന്തിയെറിയുന്നതും അദ്ദേഹത്തെ ചാരക്കഥയിലെ അവിഭാജ്യ ഘടകമാണെന്ന്‌ വരുത്തി തീര്‍ക്കാനും ഉള്ളതായിരുന്നു. * * * * മുഖത്തടിക്കുന്നതുപോലെയായിരുന്നു ആര്‍.സി.ശര്‍മ്മയുടെ ചോദ്യങ്ങള്‍. സിബിഐയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള മൂര്‍ച്ഛയും രൂക്ഷതയും ഈ ചോദ്യങ്ങള്‍ക്ക്‌ ഉണ്ടായിരുന്നു. നിലപാട്‌ വിശദീകരിക്കാന്‍ അവസരം നല്‍കാതെ ഒറ്റവാക്കില്‍ ഉത്തരങ്ങള്‍ തേടിക്കൊണ്ടുള്ള ഒരു ഗിമ്മിക്കായിരുന്നു ആര്‍.സി.ശര്‍മ്മ അവലംബിച്ചത്‌. "ഫൗസിയ ഹസനും മറിയം റഷീദയും ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരുമെല്ലാം സമ്മതിച്ചിട്ടുണ്ട്‌. നിങ്ങള്‍ ചാരസംഘത്തിലെ മുതിര്‍ന്ന ഓഫീസറായിരുന്നു എന്ന്‌." രമണ്‍ശ്രീവാസ്തവയുടെ ഓര്‍മ്മകള്‍ പിന്നിലേക്ക്‌ മറിഞ്ഞു. അപ്പോള്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ വി.ആര്‍.രാജീവനായിരുന്നു ഫോണിന്റെ അങ്ങേ തലയ്ക്കല്‍. മറിയം റഷീദ എന്ന മാലിക്കാരിയെ അനുവാദമില്ലാതെ കേരളത്തില്‍ തങ്ങിയതിന്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഐബിയുടെയും റോയുടെയും സ്പെഷല്‍ ബ്രാഞ്ചിന്റെയും ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക്‌ എന്തോ ചാരപ്രവര്‍ത്തനം ഉണ്ടെന്നാണ്‌ മനസ്സിലായത്‌. അതുകൊണ്ട്‌ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്‌" എന്നായിരുന്നു രാജീവന്റെ ഫോണ്‍കോള്‍. ഇത്തരം കേസുകളില്‍ സ്വാഭാവികമായും ഉന്നത പോലീസ്‌ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ ചോദ്യം ചെയ്യലുമായി മുന്നോട്ടുപോകാനായിരുന്നു രമണ്‍ ശ്രീവാസ്തവ രാജീവനോട്‌ പറഞ്ഞത്‌. അന്നാണ്‌ ആദ്യമായി മറിയം റഷീദ എന്ന പേരുപോലും കേള്‍ക്കുന്നത്‌. പിറ്റേന്ന്‌ കേരള കൗമുദി രമണ്‍ശ്രീവാസ്തവയെ ചാരക്കേസിലെ കേന്ദ്ര കഥാപാത്രമാക്കിയപ്പോഴും വളരെ ലാഘവത്വത്തോടെയാണ്‌ അദ്ദേഹം ആ വാര്‍ത്തയെ കണ്ടത്‌. സഹപ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കെതിരെ നിയമനടപടി എടുക്കണമെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ നിര്‍ബന്ധിച്ചപ്പോഴും അടിസ്ഥാന രഹിതമായ, സത്യവിരുദ്ധമായ കാര്യങ്ങള്‍ക്ക്‌ വേണ്ടി സമയം ചെലവഴിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു രമണ്‍ ശ്രീവാസ്തവയ്ക്ക്‌ എന്നു മാത്രമല്ല, തന്റെ പേര്‌ ചാരക്കഥയുമായി ബന്ധപ്പെട്ട്‌ ഒരു പത്രം കൂട്ടിയിണക്കിയതുകൊണ്ട്‌ ഈ കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന്‌ തന്നെ ഒഴിവാക്കണമെന്ന്‌ ഡിജിപിയെ നേരിട്ട്‌ കണ്ട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ അത്രമാത്രം അബദ്ധജഡിലവും അസത്യവും ആണെന്ന്‌ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സത്യം ഉടന്‍ തെളിയുമെന്നും രമണ്‍ ശ്രീവാസ്തവ വിശ്വസിച്ചു. പക്ഷേ... * * * * വീണ്ടും ആര്‍.സി.ശര്‍മ്മയുടെ ചോദ്യം ഉയര്‍ന്നു. "ഇല്ല എനിക്ക്‌ ഇവരെ ആരെയും അറിയില്ല." "മദ്രാസിലെ ലൂസിയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ചല്ലേ ഇവരെ കണ്ടത്‌?" "ലൂസിയ ഹോട്ടലിന്റെ ഉടമ എന്റെ സുഹൃത്താണ്‌. പക്ഷേ, മദ്രാസിലെ ലൂസിയ ഹോട്ടലില്‍ പോയിട്ടില്ല. ഇവരെ ആരെയും ലൂസിയ ഹോട്ടലില്‍ വച്ച്‌ കണ്ടിട്ടുമില്ല." "ബാംഗ്ലൂരിലെ ആര്‍മി ക്ലബില്‍ വച്ച്‌ ഇവരെ കണ്ടിട്ടില്ലേ?" "ഞാന്‍ ഒരിക്കലും അവിടെ പോയിട്ടില്ല." "നിങ്ങള്‍ ഇടയ്ക്കെല്ലാം കോട്ട്‌ ധരിക്കാറുണ്ട്‌. അല്ലേ?" "എനിക്ക്‌ കോട്ട്‌ ഇല്ല. ഞാന്‍ സാധാരണ സഫാരി ഷര്‍ട്ടും പാന്റ്സും ആണ്‌ ഉപയോഗിക്കുക. ഷില്ലോങ്ങില്‍ പരിശീലന കാലത്താണ്‌ ഞാന്‍ കോട്ട്‌ ഉപയോഗിച്ചിട്ടുള്ളത്‌." "നമ്പി നാരായണനെ നല്ല പരിചയമുണ്ടല്ലേ? പലവട്ടം അയാളുടെ വീട്ടില്‍ പോയിട്ടില്ലേ?" "ഇല്ല. പരിചയമില്ല. എന്നാല്‍, അയാളെക്കുറിച്ച്‌ വാര്‍ത്തകളില്‍ നിന്ന്‌ ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. എന്റെയും അദ്ദേഹത്തിന്റെയും ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നിട്ടുള്ളതുകൊണ്ട്‌ അദ്ദേഹത്തിനും ചിലപ്പോള്‍ എന്നെ അറിയാമായിരിക്കും." "അവരെല്ലാം നിങ്ങളെ അറിയുമെന്ന്‌ പറയുന്നതോ?" "അതൊരു ഗൂഢാലോചനയായിരിക്കണം." "ആരുടെ?" "അത്‌ എനിക്കറിയില്ല. പക്ഷേ, എനിക്ക്‌ കുറേ ശത്രുക്കളുണ്ട്‌." "ആരെല്ലാം?" ഒരു നിമിഷം രമണ്‍ ശ്രീവാസ്തവ ആലോചനയില്‍ മുഴുകി. ലോക്കല്‍ പോലീസിലും ഐബിയിലും സ്പെഷല്‍ ബ്രാഞ്ചിലുമുള്ള തന്റെ ശത്രുക്കളുടെ എണ്ണം എടുത്തു. ലിസ്റ്റ്‌ നീണ്ട്‌ നീണ്ടുപോയപ്പോള്‍ രമണ്‍ ശ്രീവാസ്തവയ്ക്കു തന്നെ ചിരി വന്നു. "ചോദിച്ചത്‌ കേട്ടില്ല.?" "ഐബിയിലെ മാത്യു ജോണിന്‌ എന്നോട്‌ തീര്‍ത്താല്‍ തീരാത്ത പകയുണ്ട്‌. അതുകൊണ്ടാണല്ലോ എന്നെ അറസ്റ്റ്‌ ചെയ്യാന്‍ അനുവദിക്കാതിരുന്ന ഡിജിപിയോട്‌ ക്ഷോഭിച്ചതും ദേശീയ സുരക്ഷാ നിയമം അനുസരിച്ച്‌ എന്നെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തിയതും." "ഐബി നിങ്ങളുടെ ഡിജിപിയെ ഭീഷണിപ്പെടുത്തിയെന്നോ?" ശര്‍മ്മയുടെ ചുണ്ടില്‍ ഒരു പുച്ഛച്ചിരി വിരിഞ്ഞു. അയാള്‍ കസേര കുറച്ചുകൂടി ശ്രീവാസ്തവയ്ക്ക്‌ അടുത്തേയ്ക്ക്‌ നീക്കി. പിന്നെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. "ഫൗസിയ നിങ്ങള്‍ക്ക്‌ എത്ര ലക്ഷം ഡോളറാണ്‌ തന്നിട്ടുള്ളത്‌?" "ഒന്നും തന്നിട്ടില്ല." "ശശികുമാരനും ചന്ദ്രശേഖര്‍ക്കുമൊപ്പം ബുള്ളറ്റ്‌ പ്രൂഫ്‌ വസ്ത്രം നിര്‍മ്മിക്കാനുള്ള പരിപാടി എവിടംവരെയായി?" "എനിക്കറിയില്ല. ഈ പേരു പറഞ്ഞവരെ എനിക്ക്‌ പരിചയവുമില്ല." "14 കോടി രൂപയുടെ മുതല്‍മുടക്കുള്ള ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ ഉണ്ടാക്കാനുള്ള പ്രോജക്ടിന്‌ നിങ്ങള്‍ മൂന്നുപേരും നാലുകോടി രൂപ വീതം മുടക്കിയിട്ടില്ലേ?" "14 കോടിയോ ഈശ്വരാ..." "നിങ്ങളുടെ കൈയ്യില്‍ ഏതെല്ലാം ആയുധങ്ങളാണ്‌ ഉള്ളത്‌?" "1981-ല്‍ ഞാന്‍ .22 റൈഫിള്‍ സിംഗപ്പൂരില്‍ നിന്ന്‌ വാങ്ങിയിരുന്നു. അത്‌ തൃശൂരിലെ ഒരു ആയുധ വില്‍പ്പന ശാലയ്ക്ക്‌ 8000 രൂപയ്ക്ക്‌ വിറ്റു. പിന്നീട്‌ ഒരു പിസ്റ്റള്‍ വാങ്ങി. അത്‌ 3000 രൂപയ്ക്കും വിറ്റു." ".30 അമേരിക്കന്‍ റൈഫിള്‍ എവിടെ?" "അത്‌ എന്റെ പിതാവിന്റെ സ്വന്തമാണ്‌. അരുണാചല്‍ പ്രദേശില്‍ ഐജിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‌ ലഭിച്ചതാണ്‌. അത്‌ എനിക്ക്‌ സമ്മാനമായി കിട്ടിയിട്ടുണ്ട്‌. ഞാന്‍ അത്‌ സൂക്ഷിക്കുന്നുമുണ്ട്‌. കൂടാതെ, എനിക്കും ഭാര്യക്കും ഓരോ ഗണ്‍ ഉണ്ട്‌. അവയ്ക്ക്‌ ലൈസന്‍സുമുണ്ട്‌." രൂക്ഷമായ നോട്ടത്തോടെ ആര്‍.സി.ശര്‍മ്മ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ബാംഗ്ലൂരില്‍ എത്തണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ അദ്ദേഹം മുറി വിട്ടിറങ്ങി. നാളെ: മറിയം റഷീദ രമണ്‍ ശ്രിവാസ്തവയെ തിരിച്ചറിഞ്ഞപ്പോള്‍.

Wednesday, November 14, 2012

രമണ്‍ ശ്രിവാസ്തവയുടെ അഗ്നിപരീക്ഷണങ്ങള്‍

രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്തേ അടങ്ങൂ എന്ന വാശിയിലായിരുന്നു ഐബിയുടെ ജോയിന്റ്‌ ഡയറക്ടര്‍ മാത്യു ജോണ്‍. എന്നാല്‍, ഉന്നതനായ ഒരു പോലീസ്‌ ഓഫീസറെ കേവലം ചില മൊഴികളുടെ അടിസ്ഥാനത്തില്‍, അറസ്റ്റ്‌ ചെയ്യുന്നത്‌ നിയമപരമായി ശരിയല്ല എന്ന വാദമായിരുന്നു സിബി മാത്യു മുന്നോട്ട്‌ വച്ചത്‌. വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഡിജിപി ഇടപെടുകയും താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം വ്യക്തമായ തെളിവുകളില്ലാതെ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്യുന്ന പ്രശ്നമേയില്ലെന്ന ഡിജിപി അറുത്തു മുറിച്ചു പറഞ്ഞു.ഈ നിലപാട്‌ മാത്യു ജോണിന്‌ ദഹിക്കുന്നതായിരുന്നില്ല. അദ്ദേഹം വീണ്ടും രോഷാകുലനായി. "തെളിവില്ലാത്തതുകൊണ്ട്‌ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്യില്ല എന്നല്ലേ നിങ്ങള്‍ പറയുന്നത്‌. എന്നാല്‍ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ കൈവിലങ്ങ്‌ വയ്ക്കുന്നത്‌ ഞാന്‍ കാണിച്ചു തരാം " ഭീഷണിപ്പെടുത്തിയാണ്‌ അന്ന്‌ മാത്യു ജോണ്‍ ആ മുറി വിട്ടുപോയത്‌.
ആതിരേ, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കുതിപ്പ്‌ ചിതറിക്കാനും ക്രയോജനിക്ക്‌ ടെക്നോളജി മേഖലയിലെ ഉയര്‍ച്ച തകര്‍ക്കാനും വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വ ത്വര രചിച്ച തിരക്കഥയ്ക്കനുസരിച്ചായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ ചാര്‍ജ്‌ ചെയ്തതും ലോക്കല്‍ പോലീസും ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയും റോയും അന്വേഷണം നടത്തിയതെന്ന്‌ നേരത്തെ സൂചിപ്പിച്ചു. ആ തിരക്കഥയ്ക്ക്‌ അനുസരിച്ച്‌ ചില കഥാപാത്രങ്ങളെ കണ്ടെത്തി കഥകള്‍ മെനഞ്ഞ്‌ കൊടിയ മര്‍ദ്ദനങ്ങളിലൂടെ അവരെക്കൊണ്ട്‌ അതെല്ലാം സമ്മതിപ്പിച്ച്‌ വീഡിയോഗ്രാഫ്‌ ചെയ്ത്‌ കാട്‌ ഇളക്കുക മാത്രമായിരുന്നു ഐബി ചെയ്തത്‌. ഇതിനിടയില്‍ അവര്‍ നേരിട്ടും കേരള പോലീസിലെ ചില അഞ്ചാം പത്തികളെ ഉപയോഗിച്ചും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്ത്‌ ചാരക്കഥയുടെ ടെമ്പോ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ചോര്‍ന്നു കിട്ടിയ വാര്‍ത്തകളുടെ തുമ്പു പിടിച്ച്‌ രതിക്കഥകള്‍ എഴുതിക്കൂട്ടി മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വായനക്കാരന്റെ ഉദ്വേഗം ഹിമാലയത്തോളം ഉയര്‍ത്തുകയും ചെയ്തു. ഇത്തരം ഒരു വൈകാരിക പശ്ചാത്തലം സൃഷ്ടിക്കുക മാത്രമായിരുന്നു ഐബിയുടെ ഉദ്ദേശ്യം. ഇതിലൂടെ അവര്‍ ആഗ്രഹിച്ച രീതിയില്‍ അട്ടിമറി സാധ്യമാകുമെന്ന്‌ അമേരിക്കയുടെ ചാരന്മാര്‍ ഐബിയിലെ ഏജന്റുമാര്‍ക്ക്‌ ഉപദേശം നല്‍കിയിരുന്നു. ആ ഉപദേശത്തിന്റെ ചുവടുപിടിച്ച്‌ കോപ്പി ബുക്ക്‌ സ്റ്റെയിലില്‍ തന്നെയായിരുന്നു അന്വേഷണവും അറസ്റ്റും പീഡനവും. മാധ്യമങ്ങളിലൂടെ പുറത്തു വന്ന ചാരക്കഥ തെളിയിക്കാന്‍ ഒരിക്കല്‍ പോലും ഐബി ശ്രമിച്ചില്ല എന്നതാണ്‌ അതിന്റെ ആദ്യത്തെ തെളിവ്‌. അത്‌ അവര്‍ ആഗ്രഹിച്ചിരുന്നതുമില്ല. മറിയം റഷീദയുടെ ഫോണ്‍ കോള്‍ ലിസ്റ്റുകളില്‍ നിന്ന്‌ സ്മാര്‍ട്ട്‌ വിജയന്‍ ആദ്യം കണ്ടെടുത്ത 'ചാരന്‍' ക്രയോജനിക്‌ റോക്കറ്റ്‌ വിഭാഗത്തിലെ ശാസ്ത്രജ്ഞന്‍ ഡി.ശശികുമാരനായിരുന്നു. എന്നാല്‍, ശശികുമാരനെ അറസ്റ്റ്‌ ചെയ്യുന്നത്‌ 1994 നവംബര്‍ 21ന്‌ അഹമ്മദാബാദില്‍ വച്ചായിരുന്നു. ശശികുമാരനും ഐഎസ്‌ആര്‍ഒയുടെ ബാംഗ്ലൂര്‍ യൂണിറ്റിലെ അഡ്മിനിസ്ട്രേറ്റീവ്‌ വിഭാഗത്തിലെ ഒരു ഐഎഎസ്‌ ഓഫീസറും തമ്മിലുണ്ടായിരുന്ന തര്‍ക്കം നേരത്തെ സൂചിപ്പിച്ചിരുന്നു. ചാരക്കേസ്‌ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ച ഉടന്‍ തന്നെ ഈ ഉദ്യോഗസ്ഥന്‍ ശശികുമാരനെ തിരുവനന്തപുരത്തു നിന്ന്‌ അഹമ്മദാബാദിലേക്ക്‌, പണിഷ്മെന്റ്‌ എന്ന നിലയ്ക്ക്‌ സ്ഥലം മാറ്റിയിരുന്നു. അതുകൊണ്ടാണ്‌ ശശികുമാറിനെ അഹമ്മദാബാദില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. ചാരക്കേസിലെ ഏറ്റവും നിര്‍ണ്ണായക കണ്ണിയായ ശാസ്ത്രജ്ഞന്‍ എന്ന്‌ ഐബിയും മാധ്യമങ്ങളും പ്രചരിപ്പിച്ചിട്ടും ശശികുമാരനെ അറസ്റ്റ്‌ ചെയ്ത്‌ 10 ദിവസം കഴിഞ്ഞിട്ടാണ്‌ അദ്ദേഹത്തിന്റെ വീട്‌ റെയ്ഡ്‌ ചെയ്തത്‌. മറ്റൊരു ശാസ്ത്രജ്ഞനും ചാരകണ്ണിയിലെ പ്രമുഖനുമായ നമ്പി നാരായണനെ അറസ്റ്റ്‌ ചെയ്യുന്നത്‌ നവംബര്‍ 30-ന്‌. എന്നാല്‍, അദ്ദേഹത്തിന്റെ വീട്‌ സര്‍ച്ചു ചെയ്യാന്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല! അമേരിക്കന്‍ താല്‍പര്യമനുസരിച്ച്‌ ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കി അത്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കി വൈകാരിക വിക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച്‌ അതിലൂടെ അരാജകത്വം നടപ്പിലാക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐബി ചെയ്തത്‌. ഇവരുടെ പ്രധാന ഇര രമണ്‍ ശ്രീവാസ്തവയായിരുന്നു. കേരള കൗമുദി എഡിറ്റര്‍ എം.എസ്‌.മണിയുടെ പ്രതികാര ചിന്തയില്‍ നിന്നാണ്‌ രമണ്‍ശ്രീവാസ്തവ ചാരക്കഥയിലെ പ്രധാന കഥാപാത്രമാകുന്നത്‌. അക്കാര്യം നേരത്തെ വിവരിച്ചതാണ്‌. കേരള കൗമുദിയുടെ റിപ്പോര്‍ട്ട്‌ അടിസ്ഥാനമാക്കിയാണ്‌ ഐബി , രമണ്‍ ശ്രീവാസ്തവ വേട്ടയ്ക്ക്‌ തുടക്കമിട്ടത്‌. ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്നാണ്‌ ചാരക്കഥയില്‍ അദ്ദേഹത്തിന്‌ നല്‍കിയിരിക്കുന്ന സ്ഥാനവും പേരും. ഇന്ത്യന്‍ മിസെയില്‍ നിര്‍മ്മാണ രഹസ്യം പാക്കിസ്ഥാന്‌ മറിയം റഷീദയിലൂടെയും ഫൗസിയയിലൂടെയും കൈമാറിയതിന്‌ ചുക്കാന്‍ പിടിച്ചത്‌ രമണ്‍ ശ്രീവാസ്തവയാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ ഐബി കിണഞ്ഞ്‌ പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ ഭേദ്യം ചെയ്യാനോ അവസരം ലഭിച്ചില്ല. അന്നത്തെ ഡിജിപി ടി.വി.മധു സൂദനനും പ്രത്യേക അന്വേഷണ സംഘം തലവന്‍ ഡിഐജി സിബിമാത്യുവും എടുത്ത കര്‍ക്കശ നിലപാടാണ്‌ ഐബിയുടെ നീക്കം ചിതറിച്ചത്‌. യഥാര്‍ത്ഥത്തില്‍ മറിയം റഷീദയെയും ഫൗസിയയെയും ബാംഗ്ലൂരിലെ ആര്‍മി ക്ലബില്‍ കൊണ്ടുപോയത്‌ സ്ക്വാഡ്രന്‍ ലീഡര്‍ കെ.എല്‍.ഭാസിനായിരുന്നു. ഫൗസിയയുടെ മകള്‍ക്ക്‌ ബോള്‍ഡ്വിന്‍ സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തിയ ശേഷം അവരെ താമസസ്ഥലത്തേക്ക്‌ കൊണ്ടുപോകുന്നതിനിടയില്‍ ഫൗസിയയ്ക്ക്‌ ടോയ്‌ലറ്റില്‍ പോകേണ്ടി വന്നതുകൊണ്ടാണ്‌ ആര്‍മി ക്ലബില്‍ കയറിയത്‌. ഇതും നേരത്തെ സൂചിപ്പിച്ചതാണ്‌. എന്നാല്‍, രമണ്‍ ശ്രീവാസ്തവ ഈ ചാരവനിതകളുമായി സ്ഥിരം ആര്‍മി ക്ലബ്‌ സന്ദര്‍ശിച്ചിരുന്നു എന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ ഐബി ശ്രമിച്ചുകൊണ്ടിരുന്നത്‌. ഇതിനിടയില്‍ ഡിവൈഎസ്പി ബാബുരാജ്‌ ബാംഗ്ലൂരില്‍ നേരിട്ട്‌ ചെന്ന്‌ രമണ്‍ ശ്രീവാസ്തവയുടെ ആര്‍മി ക്ലബിലെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തില്‍ നിന്നാണ്‌ സ്ക്വാഡ്രന്‍ ലീഡര്‍ കെ.എല്‍.ഭാസിനെ കണ്ടെത്തുന്നത്‌. എന്നാല്‍ ഇക്കാര്യം കേസ്‌ ഡയറിയില്‍ രേഖപ്പെടുത്തരുത്‌ എന്നായിരുന്നു ഐബിയുടെ ജോയിന്റ്‌ ഡയറക്ടര്‍ മാത്യു ജോണിന്റെ നിര്‍ദ്ദേശം.അങ്ങനെ ചെയ്താല്‍ രമണ്‍ ശ്രിവാസ്തവയെ കുറ്റവാളിപ്പട്ടികയില്‍ പെടുത്താന്‍ കഴിയുമായിരുന്നില്ല അതേസമയം, രമണ്‍ ശ്രീവാസ്തവയാണ്‌ ചാരക്കേസിലെ പ്രധാന വില്ലന്‍ എന്ന്‌ വിശദീകരിക്കുന്ന ഒരു കത്ത്‌ മാത്യു ജോണ്‍ ഐബിയുടെ ദേശീയ തലവന്‍ എം.കെ.ധര്‍ന്‌ അയച്ചിരുന്നു. (ഈ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേരള ഹൈക്കോടതി ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയ്ക്കും പങ്കുണ്ട്‌ എന്ന അടിസ്ഥാന രഹിതവും അനീതിപരവുമായ കണ്ടെത്തല്‍ നടത്തിയത്‌.) രമണ്‍ ശ്രീവാസ്തവയുടെ കാര്യത്തില്‍ എന്ന പോലെ നമ്പി നാരായണന്റെയും മറ്റും അറസ്റ്റിലും ഡിവൈഎസ്പി ജി.ബാബുരാജ്‌ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇനി സംശയങ്ങള്‍ ഉന്നയിച്ചാല്‍ തന്നെയായിരിക്കും ആദ്യം അറസ്റ്റ്‌ ചെയ്യുക എന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ മാത്യു ജോണ്‍ ആ ഡിവൈഎസ്പിയുടെ നീതി ബോധത്തെ കശക്കിയെറിഞ്ഞത്‌. മാത്യു ജോണിന്റെ താല്‍പര്യപ്രകാരം രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്യാന്‍ സിബി മാത്യു തയ്യാറല്ല എന്നു ബോധ്യപ്പെട്ടപ്പോള്‍ ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയ്ക്കുള്ള പങ്ക്‌ വിവരിച്ചുകൊണ്ട്‌ ഒരു വാര്‍ത്ത മാത്യു ജോണ്‍ തന്നെ ഇന്ത്യന്‍ എക്സ്പ്രസിന്‌ ചോര്‍ത്തിക്കൊടുത്തു. അതുകിട്ടേണ്ട താമസം പിറ്റേദിവസത്തെ, (1994 ഡിസംബര്‍ 2 ) പത്രത്തിന്റെ മുന്‍പേജില്‍ ഇന്ത്യന്‍ എക്സ്പ്രസ്‌ ഒരു എക്സ്ക്ലൊാസെവ്‌ സ്റ്റോറി പബ്ലിഷ്‌ ചെയ്തു. "ചാരക്കേസ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനെതിരെ വല മുറുകുന്നു" എന്നായിരുന്നു അതിന്റെ ശീര്‍ഷകം. ഈ വാര്‍ത്ത വരുന്നതിന്റെ തലേദിവസം. അതായത്‌ ഡിസംബര്‍ ഒന്നാം തീയതി ജോയിന്റ്‌ ഡയറക്ടര്‍ മാത്യു ജോണും ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാറും അന്നത്തെ ഡിജിപി ടി.വി.മധുസൂദനനെ നേരിട്ട്‌ കണ്ട്‌ രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റിന്‌ അനുവാദം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. അപ്പോള്‍ സിബി മാത്യുവും ഡിവൈഎസ്പി ബാബുരാജും അവിടെ സന്നിഹിതരായിരുന്നു. തലേദിവസം സിബി മാത്യു ഡിജിപിക്ക്‌ ഒരു കത്തയച്ചിരുന്നു. ചാരക്കേസിന്റെ അന്വേഷണം സിബിഐക്ക്‌ കൈമാറണം എന്നായിരുന്നു ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ്‌ മധുസൂദനന്‍ അവരെ വിളിപ്പിച്ചത്‌. ഡിജിപിയുടെ സാന്നിദ്ധ്യത്തില്‍, രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റിന്റെ കാര്യത്തില്‍ മാത്യു ജോണും സിബി മാത്യുവും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്തേ അടങ്ങൂ എന്ന വാശിയിലായിരുന്നു മാത്യു ജോണ്‍. എന്നാല്‍, ഉന്നതനായ ഒരു പോലീസ്‌ ഓഫീസറെ കേവലം ചില മൊഴികളുടെ അടിസ്ഥാനത്തില്‍, അറസ്റ്റ്‌ ചെയ്യുന്നത്‌ നിയമപരമായി ശരിയല്ല എന്ന വാദമായിരുന്നു സിബി മാത്യു മുന്നോട്ട്‌ വച്ചത്‌. വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഡിജിപി ഇടപെടുകയും താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം വ്യക്തമായ തെളിവുകളില്ലാതെ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്യുന്ന പ്രശ്നമേയില്ലെന്ന ഡിജിപി അറുത്തു മുറിച്ചു പറഞ്ഞു. ഈ നിലപാട്‌ മാത്യു ജോണിന്‌ ദഹിക്കുന്നതായിരുന്നില്ല. അദ്ദേഹം വീണ്ടും രോഷാകുലനായി. "തെളിവില്ലാത്തതുകൊണ്ട്‌ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്യില്ല എന്നല്ലേ നിങ്ങള്‍ പറയുന്നത്‌. എന്നാല്‍ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ കൈവിലങ്ങ്‌ വയ്ക്കുന്നത്‌ ഞാന്‍ കാണിച്ചു തരാം " ഭീഷണിപ്പെടുത്തിയാണ്‌ അന്ന്‌ മാത്യു ജോണ്‍ ആ മുറി വിട്ടുപോയത്‌. ഇത്രയൊക്കെ കരുക്കള്‍ നീക്കിയിട്ടും, വല മുറുക്കിയിട്ടും ഐബിക്ക്‌ രമണ്‍ ശ്രീവാസ്തവയെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞില്ല. എനാല്‍, സിബിഐ രമണ്‍ ശ്രീവാസ്തവയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്ത്‌ തകര്‍ക്കുകയും ചെയ്തു. നാളെ : ഓപ്പറേഷന്‍ രമണ്‍ ശ്രീവാസ്തവ

Monday, November 12, 2012

ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ ഗസ്റ്റ്‌ ഹൗസിലെ കരാളതകള്‍

ചീന്തി വീണ ഒരു തേങ്ങല്‍ ശബ്ദം ഫൗസിയയെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.സെല്ലിലാകെ ഇരുട്ടു വ്യാപിച്ചു തുടങ്ങി.മറിയം റഷീദ അതേ സ്ഥാനത്ത്‌ തന്നെ ഇരിപ്പുണ്ടായിരുന്നു;തേങ്ങലടക്കാന്‍ കഴിയാതെ....ഫൗസിയയുടെ പ്രാണനില്‍ മാതൃസ്നേഹം കിനിഞ്ഞു.അവര്‍ മറിയത്തിന്റെ ചാരേയ്ക്ക്‌ നിരങ്ങിയിരുന്നു.ഭിത്തിയില്‍ ചാരിയിരുന്ന്‌ ഉറങ്ങുന്ന മറിയത്തെ കരുണാര്‍ദ്രയായി ഫൗസിയ നോക്കി.ഉറക്കത്തിലും മറിയം വിതുമ്പുകയായിരുന്നു.അവര്‍ അവളെ മാറത്തേയ്ക്കണച്ചു പിടിച്ചു;കവിളത്തെ കണ്ണീരൊപ്പി .നെറുകില്‍ മാതൃസ്നേഹത്തോടെ മുഖം ചേര്‍ത്തു..." കരയൂ..മറിയം കരയൂ..അതൊരനുഗ്രഹമാണ്‌.പ്രാണ നൊമ്പരങ്ങളില്‍ നിന്നുള്ള മോചനമാണ്‌.."
ആതിരേ,പ്രാണന്‍ പിളര്‍ത്തിയെടുത്ത കൊടിയ മര്‍ദ്ദനങ്ങളുടെ പകലസ്തമിക്കുകയാണ്‌. ശരീരവും മനസ്സും വിങ്ങിവീര്‍ത്തു പൊട്ടാറായി നില്‍ക്കുന്നു. അപ്പോഴും ഫൗസിയ ഹസ്സന്‌ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. വിശപ്പ്‌ കുടലുകളെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ട്‌ മണിക്കൂറുകളായി.പ്രാതലെന്ന പേരില്‍ ഏന്തോ കഴിച്ചു എന്നു മാത്രം.വിശപ്പടങ്ങിയിരുന്നില്ല.പിന്നെ പോയ മണിക്കൂറുകള്‍ക്കിടയില്‍ തുള്ളി വെള്ളം പോലും കിട്ടിയിട്ടില്ല.അടിയേറ്റ്‌ തിണര്‍ത്ത കവിളുകളില്‍ മെല്ലിച്ച വിരലോടിച്ചപ്പോല്‍ വായില്‍ പിന്നേയും നിണത്തിന്റെ ലവണ രുചി.. എന്തിനാണീ മര്‍ദ്ദനമെല്ലാം എന്താണിവര്‍ സമ്മതിക്കാന്‍ ആവശ്യപ്പെടുന്നത്‌..? നമ്പിനാരായണനെ അറിയില്ല.രമണ്‍ ശ്രിവാസ്തവയെ കണ്ടിട്ടില്ല.ശശികുമാരനെ അറിയാം-മറിയം റഷീദയുടെ ചങ്ങാതിയായി.എസ്‌.കെ.ശര്‍മ്മയേയും പരിചയമുണ്ട്‌- മകള്‍ സില്ലയ്ക്ക്‌ ബോള്‍ഡ്വിന്‍ സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തിയത്‌ ആ നല്ല മനുഷ്യനായിരുന്നല്ലോ. ഇവരെല്ലാം ചാരന്മാരായിരുന്നെന്നോ..! ഇവരെയെല്ലാം തനിക്ക്‌ മുന്‍പേ പരിചയമുണ്ടെന്നോ..!! എന്താണ്‌ ഈ പോലീസുകാര്‍ പറഞ്ഞൊപ്പിക്കാന്‍ ശ്രമിക്കുന്നത്‌? തന്നെ കൊണ്ട്‌ എന്തു സമ്മതിപ്പിക്കാനാണ്‌ ഇങ്ങനെയിട്ട്‌ തല്ലിച്ചതയ്ക്കുന്നത്‌?.! ഇല്ല..ഫൗസിയയ്ക്ക്‌ ഒന്നുമറിയില്ല..ഒന്നും... പോലീസ്‌ ആവശ്യപ്പെടുന്നത്‌ പോലെ വീഡിയോ കാമറയ്ക്ക്‌ മുന്നില്‍ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം എന്നാണ്‌ വാഗ്ദാനം.എന്താണ്‌ ഈ മാപ്പുസാക്ഷിയെന്നാല്‍..? ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളെക്കുറിച്ച്‌ അവര്‍ ചാരന്മാരാണെന്നും തനിക്ക്‌ അവരുമായി നേരത്തെ ബന്ധമുണ്ടെന്നും അവരില്‍ നിന്ന്‌ മിസെയില്‍ രഹസ്യങ്ങള്‍ സ്വീകരിച്ച്‌ ലക്ഷക്കണക്കിന്‌ ഡോളറുകള്‍ പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്നും എങ്ങനെയാണ്‌ സമ്മതിക്കുക? മനസാക്ഷിക്കുത്തില്ലാതെ പറയാന്‍ കഴിയുക? സംത്രാസങ്ങളില്‍ മുങ്ങിയും പൊങ്ങിയും വിവശയായപ്പോള്‍ ഫൗസിയ മുറിയുടെ മറുവശത്തേയ്ക്ക്‌ കണ്ണോടിച്ചു. കണ്ണ്‌ പൊള്ളിയിട്ടെന്നവണ്ണം അടുത്ത ക്ഷണം നോട്ടം പിന്‍വലിച്ചു. പതിവു പോലെ നഗ്നയായി മറിയം റഷീദ! ചോദ്യം ചെയ്യലെന്ന പേരില്‍ അവളുടെ നഗ്നതയിലെ കൈയേറ്റങ്ങള്‍. -" പാവം..ന്റെ മറിയം..." കോശങ്ങളിലേയ്ക്ക്‌ തറച്ചിറങ്ങുന്ന നോവുകള്‍ക്കിടയിലും ഫൗസിയയുടെ മനസ്സില്‍ അനുകമ്പയുടെ ഉറവയുണര്‍ന്നു.തന്റെ മകളാകാന്‍ മാത്രം പ്രായമുള്ള മറിയം.അവളുടെ ശാപമായ മാദക സൗന്ദര്യം..തന്നെ സഹായിക്കാനെത്തിയതിന്‌ എന്തു വേദനയാണവള്‍ പച്ച മാംസത്തിലേറ്റു വാങ്ങുന്നത്‌..! എന്തിനാണിങ്ങണെ,തങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്‌?തങ്ങളുടെ സ്ത്രീത്വത്തെ അവമതിക്കുന്നത്‌? ഇവര്‍ക്കാര്‍ക്കും അമ്മയും പെങ്ങന്മാരും ഭാര്യയും പെണ്മക്കളുമില്ലന്നാണോ? വഷളത്തം നിറഞ്ഞ എന്തെന്തു കൈയേറ്റങ്ങളാണ്‌ മെല്ലിച്ചുണങ്ങിയ തന്റെ ശരീരത്തില്‍ പോലും ഈ പിശാചുക്കളേല്‍പ്പിച്ചത്‌... രോഷവും സങ്കടവും ഫൗസിയയുടെ തലച്ചോറില്‍ ചിലമ്പി.. " പറഞ്ഞത്‌ കേട്ടില്ലേടി കൂത്തിച്ചി..നിനക്ക്‌ നമ്പിയെ അറിയാം മറ്റേ -മോന്‍ ശ്രിവാസ്തവയെ അറിയാം.നിങ്ങളെല്ലാം പാകിസ്ഥാന്‌ വേണ്ടി ചാരപ്പണി നടത്തുകയായിരുന്നു.അവന്മാര്‍ തന്ന രഹസ്യ രേഖകള്‍ക്ക്‌ ലക്ഷക്കണക്കിന്‌ ഡോളര്‍ നീ കൈമാറി..നിന്റെ കൂട്ടുകാരി മറ്റേ -മോളുണ്ടല്ലോ,സുഹേറിയ അവളും ഈ സംഘത്തിലെ കൂത്തിച്ചിയാണ്‌..നിങ്ങളെല്ലാം കൂടി ചാരപ്പണി ചെയ്യുകയായിരുന്നു..നീയതങ്ങ്‌ സമ്മതിച്ച്‌ ഞങ്ങള്‍ പറഞ്ഞു തരുന്നത്‌ പോലെ പറഞ്ഞാല്‍ നിനക്ക്‌ ജീവനും കൊണ്ട്‌ ഇവിടുന്ന്‌ പോകാം.അല്ലെങ്കില്‍ നിന്റെ ശവമാകും കടലില്‍ പൊങ്ങുക..കേട്ടല്ലോ.."പരുക്കന്‍ സ്വരത്തില്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു നിര്‍ത്തി. ഒരു നിമിഷത്തെ മൗനത്തിന്‌ ശേഷം ഫൗസിയ പറഞ്ഞു: "ക്ഷമിക്കണം.എനിക്കറിയാത്ത കാര്യങ്ങള്‍ ഞാനെങ്ങനെ സമ്മതിക്കാനാണ്‌..?" ക്രൗര്യം കത്തുന്ന കണ്ണുകളോടെ ആ രാക്ഷസന്‍ തന്റെ നേരെ വരുന്നത്‌ ഫൗസിയ കണ്ടു.പ്ലയറു കൊണ്ട്‌ ഗുഹ്യാരോമം പിഴുതെടുത്ത്‌ രസിക്കുന്ന കൊടും ക്രൂരന്‍. അടുത്ത ക്ഷണം ഫൗസിയയുടെ ഇടത്തെക്കവിളില്‍ വെള്ളിടി പോലെ അയാളുടെ പരുക്കന്‍ കൈത്തലം വീണു. കണ്ണില്‍ ഇരുട്ടു കയറി . ഫൗസിയ നിലതെറ്റിപ്പിടഞ്ഞു. വായില്‍ വീണ്ടും ചോരച്ചവര്‍പ്പ്‌ നിറഞ്ഞു.. " ഇനിയൊന്നും ആലോചിക്കാനില്ല.അവളെ കൊണ്ടുവാ.ഈ - മോളുടെ മുന്നിലിട്ട്‌ അവളെ റേപ്പ്‌ ചെയ്താലെ ഇവള്‍ അടങ്ങുകയുള്ളെന്നു തോന്നുന്നു.." " ആരേ.."ഇടത്‌ കടവായിലൂടൂറിയ ചോരച്ചാല്‍ പുറം കൈകൊണ്ട്‌ തുടച്ച്‌ ഫൗസിയ ചോദിച്ചു " നിന്റെ പുന്നാര മോള്‍ സില്ല.."അറുവഷളന്‍ ചിരിയോടെ അയാള്‍ മുരണ്ടു. ഒരുമാത്ര, തന്റെ പൊന്നു മോള്‍ നഗ്നയായി നില്‍ക്കുന്നതും അവളെ പോലീസുകാര്‍ കടിച്ചു കീറുന്നതും പിന്നെ രഹസ്യഭാഗത്ത്‌ നിന്ന്‌ ചോരയൊലിപ്പിച്ച്‌ ഏങ്ങലടികളൊടെ തളര്‍ന്ന്‌ കിടക്കുന്നതും കണ്മുന്നില്‍ കണ്ട്‌ ഫൗസിയ ഞെട്ടിപ്പിടഞ്ഞു " വേണ്ടാ..ഞാനെല്ലാം സമ്മതിക്കാം..പറയാം..." ഭ്രാന്തമായ അലര്‍ച്ചയായിരുന്നു അത്‌. "അങ്ങനെ വഴിക്കു വാടി - മോളേ.." വീണ്ടും വഷളത്തം നിറഞ്ഞ മുരളല്‍. ആത്മാവ്‌ നഷ്ടപ്പെട്ട വാക്കുകളിലൂടെ ഐബിയിലെ ഭീകരന്മാര്‍ പ്രോമ്പ്റ്റ്‌ ചെയ്തതെല്ലാം ഫൗസിയ ഏറ്റു പറഞ്ഞു. കുറ്റസമ്മതത്തിന്റെ പാതി വഴിയില്‍ , തന്റെ വാക്കുകള്‍ നിര്‍മ്മിച്ചെടുത്ത മുള്‍ക്കിരീടം ചൂടി രക്തമൊലിപ്പിച്ച്‌ നമ്പിനാരായണനും ശ്രിവാസ്തവയും ശശികുമാരനും എസ്‌.കെ.ശര്‍മ്മയും ചന്ദ്രശേഖറും നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ ഫൗസിയ ഞെട്ടിപ്പോയി " ഇല്ല ഇനിയൊന്നും പറയാന്‍ വയ്യ..എനിക്കൊന്നുമറിയില്ല..അറിയില്ലാ..:കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു ഫൗസിയ അപ്പോള്‍"...ഞാന്‍ പറഞ്ഞതെല്ലാം കള്ളമാണ്‌..പെരുംകള്ളം..നിങ്ങള്‍ക്കെങ്ങനെയാണിത്‌ തെളിയിക്കാന്‍ കഴിയുക..എന്തിനാണെന്റെ മകളെ ബലാത്സംഘം ചെയ്യുമെന്നു പറഞ്ഞെന്നെ പേടിപ്പിക്കുന്നത്‌..പ്ലീസ്‌ എനിക്കൊന്നുമറിയില്ല്‌..പ്ലീസ്‌.." മുരള്‍ച്ചയോടെ ആ വഷളന്‍ വീണ്ടും ഫൗസിയയ്ക്ക്‌ നേരെ നടന്നെത്തി. വീണ്ടും ഇടത്‌ കവിളത്ത്‌ ഇടിവെട്ടി. നോവിന്റെ തീക്ഷ്ണതയില്‍,അപമാനത്തിന്റെ രൂക്ഷതയില്‍ ഫൗസിയ നിലതെറ്റി തറയിലേയ്ക്കെറിയപ്പെട്ടു.. " തെളിവോ..നീയെന്തിനാടി അതോര്‍ത്ത്‌ തല പുണ്ണാക്കുന്നത്‌..അത്‌ ഞങ്ങളുണ്ടാക്കി കൊള്ളാം..അതിനുള്ള ആള്‍ക്കാരേം ഞങ്ങളുണ്ടാക്കും.നീ ബാക്കി കൂടി പറഞ്ഞ്‌ തൊലയ്ക്കടി...ഇല്ലെങ്കീ നിന്റെ മോളെ ഞങ്ങള്‍..." ഫൗസിയയിലെ നീതിബോധം നിമിഷനേരം കൊണ്ട്‌ ബാഷ്പമായി. കുഞ്ഞുമോളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ ആ അമ്മ പെരുംകള്ളങ്ങളുടെ ചിറപൊട്ടലായി. അമേരിക്കന്‍ തിരക്കഥയക്ക്‌ അനുസൃതമായ മൊഴി വീഡിയോയില്‍ പകര്‍ത്തി കഴിഞ്ഞപ്പോള്‍ ഫൗസിയ ചോദിച്ചു:" ഇനിയെനിക്ക്‌ പോകാമോ..?" " പോകാലോ..അതിനു മുന്‍പ്‌ ഒരു ചെറിയ കാര്യം കൂടി ചെയ്യാനുണ്ട്‌..വാ" അവര്‍ ഫൗസിയയെ അടുത്ത മുറിയിലേയ്ക്ക്‌ കൊണ്ടു പോയി. അവിടുത്തെ കാഴ്ച, കാല്‍വിരല്‍ തുമ്പത്തുനിന്നൊരു തരിപ്പായി തലച്ചോറിലെത്തിച്ചിതറി. മുഷിഞ്ഞ്‌ കീറിപ്പറിഞ്ഞ വേഷത്തില്‍,താടിരോമങ്ങള്‍ ക്രമംകെട്ട്‌ വളര്‍ന്നിറങ്ങി ഭിക്ഷക്കാരനെപ്പോലെ ചന്ദ്രശേഖര്‍.. അടിയേറ്റ്‌ വീര്‍ത്ത മുഖവുമായി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ചന്ദ്രശേഖര്‍ വിതുമ്പുന്നുണ്ടായിരുന്നു..ആ കാഴ്ച, അല്‍പം മുന്‍പ്‌ വരെയേറ്റ ഭേദ്യങ്ങളെക്കാള്‍ ആസുരമായി ഫൗസിയയ്ക്ക്‌ തോന്നി. " ഞങ്ങള്‍ പറഞ്ഞു തന്നത്‌ പോലെ ചോദിക്കടി ഈ പട്ടിയോട്‌" വീണ്ടു മുരള്‍ച്ച അടുത്തെത്തുന്നതറിഞ്ഞ്‌ ഫൗസിയ നടുങ്ങി വിറച്ചു.ഈ മനുഷ്യനോട്‌ ,തന്റെ മകളെ സഹായിച്ച സ്നേഹവാത്സല്യത്തോട്‌ താനെങ്ങനെ.. അടുത്ത നിമിഷം മകളുടെ ചാരിത്യവും തന്റെ മോചനവും ഓര്‍മ്മയിലെത്തിയപ്പോള്‍ ഐബിയിലെ ഭീകരന്മാര്‍ പറഞ്ഞ്‌ കൊടുത്തതു പോലെ ഫൗസിയ ചന്ദ്രശേഖറോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഐബിയുടെ കാമറമാന്‍ അത്‌ വിഡിയോയില്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു..... ******* ചീന്തി വീണ ഒരു തേങ്ങല്‍ ശബ്ദം ഫൗസിയയെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.സെല്ലിലാകെ ഇരുട്ടു വ്യാപിച്ചു തുടങ്ങി.മറിയം റഷീദ അതേ സ്ഥാനത്ത്‌ തന്നെ ഇരിപ്പുണ്ടായിരുന്നു;തേങ്ങലടക്കാന്‍ കഴിയാതെ.. ഫൗസിയയുടെ പ്രാണനില്‍ മാതൃസ്നേഹം കിനിഞ്ഞു.അവര്‍ മറിയത്തിന്റെ ചാരേയ്ക്ക്‌ നിരങ്ങിയിരുന്നു. ഭിത്തിയില്‍ ചാരിയിരുന്ന്‌ ഉറങ്ങുന്ന മറിയത്തെ കരുണാര്‍ദ്രയായി ഫൗസിയ നോക്കി ഉറക്കത്തിലും മറിയം വിതുമ്പുകയായിരുന്നു. അവര്‍ അവളെ മാറത്തേയ്ക്കണച്ചു പിടിച്ചു;കവിളത്തെ കണ്ണീരൊപ്പി . നെറുകില്‍ മാതൃസ്നേഹത്തോടെ മുഖം ചേര്‍ത്തു " കരയൂ..മറിയം കരയൂ..അതൊരനുഗ്രഹമാണ്‌.പ്രാണ നൊമ്പരങ്ങളില്‍ നിന്നുള്ള മോചനമാണ്‌.." സില്ലയെ എന്നോണം മറിയം റഷീദയെ അല്‍പ്പം കൂടി ഫൗസിയ ചേര്‍ത്തു പിടിച്ചു ( തുടരും) നാളെ: രമണ്‍ ശ്രിവാസ്തവയുടെ അഗ്നി പരീക്ഷകള്‍

Sunday, November 11, 2012

ഫൗസിയ ഹസ്സന്‍: കൃപയറ്റ വിധിയുടെ കളിപ്പാട്ടം

മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ തടവറയിലെത്തിയ്ട്ട്‌!ഫൗസിയയും മറിയം റഷീദയൊഴിച്ചുള്ള ചാരക്കേസിലെ മറ്റു പ്രതികള്‍ കുറ്റവിമിക്തരായി,ജയില്‍ മോചിതരായി.പണമില്ലാത്തതു കൊണ്ട്‌ സാധുക്കളായ ആ മാലി വനിതകള്‍ക്ക്‌ മാത്രം ജാമ്യം ലഭിച്ചില്ല.വിദേശികളായിരുന്നത്‌ കൊണ്ട്‌ ആരും ജാമ്യത്തിലിറക്കാനുമെത്തിയില്ല.ആരും അവരുടെ അന്യായമായ തടവിനെതിരെ ശബ്ദിച്ചില്ല.രക്ഷപെടുത്താന്‍ സ്വന്തം രാഷ്ട്രം പോലും ഒന്നും ചെയ്തില്ല...ചാരപ്പണി നടത്തി കോടികള്‍ സമ്പാദിക്കുകയും കോടികള്‍ കൈമാറുകയും ചെയ്തവരെന്ന്‌ ഇന്ത്യന്‍ ഐബി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയവരാണ്‌ കെട്ടി വയ്ക്കാനുള്ള ജാമ്യത്തുക പോലുമില്ലാതെ ജയിലിനുള്ളില്‍ നരകിച്ച്‌ കഴിയുന്നത്‌...!!ഓര്‍മ്മകള്‍ അവിടെത്തിയപ്പോള്‍ ഫൗസിയ ഒന്നു പിടഞ്ഞു
ആതിരേ,രണ്ട്‌ വിവാഹം.രണ്ടും പരാജയം.ശിഥിലദാമ്പത്യദുരന്തം എന്നെന്നുമോര്‍മിപ്പിക്കാനായി മൂന്നു കുഞ്ഞുങ്ങള്‍;ഒരാണും രണ്ട്‌ പെണ്ണും.അന്‍പത്തിനാല്‌ വയസ്സ്‌.നല്ലൊരു തുന്നല്‍ക്കാരി.നാല്‌ വര്‍ഷം മാലദ്വീപ്‌ കസ്റ്റംസില്‍ ജീവനക്കാരി...ഇതൊക്കെയായിരുന്നു മാലിയില്‍ ഫൗസിയ ഹസ്സന്‍. എന്നാല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലെ മിടുക്കന്മാരായ അന്വേഷണോദ്ദ്യോഗസ്ഥര്‍ക്ക്‌ ഫൗസിയ ഹസ്സന്‍ ഭീകരയായ രാഷ്ട്രാന്തര ചാര വനിതയാണ്‌.പാകിസ്ഥാന്‌ വേണ്ടി ഇന്ത്യയില്‍ നിന്ന്‌ മിസെയില്‍ രഹസ്യങ്ങള്‍ ഒളിപ്പിച്ചു കടത്തിയ ഗൂഢസംഘത്തിന്റെ ബുദ്ധി കേന്ദ്രമാണ്‌.രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത കാശിന്റേയും കാമത്തിന്റേയും പ്രലോഭനമാണ്‌! അതുകൊണ്ടാണ്‌ വഞ്ചിയൂര്‍ പോലീസ്‌ ചാര്‍ജ്‌ ചെയ്ത ചാരക്കേസിലെ ഒന്നാം പ്രതിയായത്‌. എന്താണ്‌ മിസെയില്‍,എന്താണതിന്റെ പ്രാധാന്യം,എന്താണ്‌ ചാരപ്രവര്‍ത്തനം എന്നൊന്നും ഇന്നും ഫൗസിയയ്ക്ക്‌ പൂര്‍ണമായി ബോദ്ധ്യമായിട്ടില്ല.എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും-ഏതെങ്കിലും കേസില്‍ പ്രതിയായി ഇന്ത്യന്‍ പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടാല്‍ ജീവിതം നായനക്കിയതാകും.പെണ്ണാണെങ്കില്‍ പോലീസിലെ കാമവെറിയന്മാരുടെ ഓക്കാനമുണ്ടാക്കുന്ന വൈകൃതങ്ങള്‍ക്ക്‌ ഇരയാകേണ്ടി വരും.മനസ്സാവാചാകര്‍മ്മണ അറിവില്ലാത്ത അപരാധങ്ങളിലെ നായികയാകും...പിന്‍തലമുറയ്ക്ക്‌ പോലും തലയുയര്‍ത്തി നടക്കാനാവാത്ത നാണക്കേടുകളുടെ പ്രഭവകേന്ദ്രമായി മാധ്യമങ്ങള്‍ കൊണ്ടാടും....ഏഴ്‌ ജന്മം കഴിഞ്ഞാലും മുക്തികിട്ടാത്ത കളങ്കങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടും...നീതിയറ്റ നിയതി...കരുണയില്ലാത്ത കാലം...കൃപവറ്റിപ്പോയ ജീവിതം കടന്നല്‍ക്കുത്തേല്‍പ്പിക്കുന്ന ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ട്‌ വിയ്യൂര്‍ സെന്റ്രല്‍ ജയിലില്‍,199-ാ‍ം നമ്പര്‍ തടവുകാരിയായി ഫൗസിയാ ഹസ്സന്‍ ****** നവംബര്‍ 30,1997 പകലവസാനിക്കുകയാണ്‌.സായാഹ്നസൂര്യന്റെ തീക്ഷ്ണത കുറഞ്ഞ പാടലവര്‍ണ്ണക്കിരണങ്ങള്‍ ജയിലഴികളിലൂടെ സൗമ്യമായ്‌ ജയില്‍മുറിയിലേയ്ക്ക്‌ പാളി നോക്കി.ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രത്തിലെ വാരഫലം ഫൗസിയ ഹസ്സന്‍ തന്റെ നോട്ടുബുക്കിലേയ്ക്ക്‌ പകര്‍ത്തി:"അപ്രതീക്ഷിത സംഭവങ്ങളാല്‍ വരാനിരിക്കുന്ന ആഴ്ച സജീവമാകും.സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പെരുമാറിയാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകും;അവസരങ്ങള്‍ അനുകൂലവുമാകും.." ഫൗസിയ ഹസ്സന്‍ നോട്ട്‌ ബുക്കടച്ചുവച്ചു.വ്യവച്ഛേദിക്കാനാവാത്ത ഒരു ലാഘവത്വം അവരെ പൊതിഞ്ഞു.എതിര്‍വശത്ത്‌, അഴിയകളിലൂടെ അരിച്ചിറങ്ങുന്ന സായഹ്നവെളിച്ചത്തില്‍ മറിയം റഷീദ ഒരു ആംഗലേയ പ്രസിധീകരണം ആര്‍ത്തിയോടെ വായിക്കുന്നത്‌ ഫൗസിയ കരുണാര്‍ദ്രമായി നോക്കി.മുന്‍പ്‌ അവര്‍ക്കൊപ്പം തടവിലുണ്ടായിരുന്ന കൊക്കക്കോളയുടെ ബ്രിട്ടീഷ്‌ മോഡല്‍ സാമന്ത സ്ലേറ്റര്‍ അയച്ചു കൊടുത്ത 'കംപാനിയന്‍' എന്ന ഗ്ലോസി മാഗസിനില്‍ പരിസരം മറന്ന്‌ ലയിച്ചിരിക്കുകയാണ്‌ മറിയം." ചുള്ളന്മാരെ ആസ്വാദ്യകരമായ രതിക്ക്‌ ചീത്തപ്പെണ്ണിന്റെ പൊടിക്കൈകള്‍"(ഒലഹഹീ യീ്യ‍െ‍:ഠവല യമറ ഴശൃഹെ‍ ഴൗശറല ്‌ ഴീീ‍റ ലെഃ) എന്ന്‌ വെണ്ടയ്ക്ക അക്ഷരത്തില്‍ അച്ചടിച്ചത്‌ കൗതകത്തോടെ ഫൗസിയ വായിച്ചെടുത്തു.മറിയത്തിന്റെ ഭാവവും മാഗസിന്റെ കവര്‍ സ്റ്റോറിയും ഫൗസിയയുടെ ഉള്ളില്‍ നര്‍മ്മത്തിന്റെ ചാലുകീറി : "പൊട്ടിപ്പെണ്ണ്‌..അവളുടെ കഥതന്നെയല്ലെ അവള്‍ വായിക്കുന്നത്‌?" അത്രയും ഓര്‍ത്തപ്പോള്‍ കലര്‍പ്പില്ലാത്ത ഒരു മന്ദഹാസം ഫൗസിയയുടെ വിളറിയ മുഖത്തുദിച്ചു. അഭൗമമായൊരു പ്രശാന്തി തന്നില്‍ നിറയുന്നത്‌ ഫൗസിയ അറിഞ്ഞു.അവര്‍ മെല്ലെമെല്ലെ മിഴികളടച്ചു.അകക്കണ്ണാല്‍ മലിദ്വീപിലെ കടലോരങ്ങള്‍ കണ്ടു..ഏക മകന്‍ ആശാരിപ്പണി ചെയ്യുന്നത്‌ കണ്ടു..താനിത്‌ വരെ കാണാത്ത പേരക്കുഞ്ഞിന്റെ ചൊരിവായ്ച്ചിരി കണ്ടു..മകള്‍ സില്ലയെ കണ്ടു..തനിക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം ക്ഷീണിതമായ സ്വന്തം മുഖം കണ്ടു...കാഴ്ചകള്‍ക്ക്‌ എന്തു ഭംഗി..ഓര്‍മ്മകള്‍ക്ക്‌ എന്ത്‌ ഓമനത്വം.. 1990ലാണ്‌ ജീവിതത്തിന്‌ പുതിയ അര്‍ത്ഥം തിരഞ്ഞ്‌,മകള്‍ സില്ലയുമായി ശ്രീലങ്കയിലേയ്ക്ക്‌ കുടിയേറിയത്‌.പിന്നേയും നാലു വര്‍ഷം കഴിഞ്ഞാണ്‌ ആദ്യമായി ഇന്ത്യയിലെത്തിയത്‌.ബാംഗ്ലൂരില്‍ ഹൃദയ ചികിത്സയ്ക്കെത്തിയവര്‍ക്ക്‌ സഹായിയായിട്ടാണ്‌ ഒപ്പം പോന്നത്‌.ബാംഗ്ലൂരിലെ താമസത്തിനിടയില്‍ ഫൗസിയ ഒരു കാര്യം ഉറപ്പിച്ചു.ശിഷ്ടകാലം ബാംഗ്ലൂരില്‍ എന്തെങ്കിലും തൊഴില്‍ സംഘടിപ്പിച്ച്‌ മകളുടെ പഠനം ഇവിടെയാക്കുക.ആ നിശ്ചയത്തില്‍ നാലുമാസത്തിന്‌ ശേഷം മകളുമായി വീണ്ടും ബാംഗ്ലൂരിലെത്തി.ആദ്യം ഒരു ഹോട്ടലില്‍ മുറിയെടുത്തു.പിന്നീട്‌ മാലിയുടെ മുന്‍ പ്രസിഡന്റ്‌ ഇബ്രാഹിം നസീറിന്റെ മകന്‍ അലി നസീറിന്റെ വീട്ടിലേയ്ക്ക്‌ മാറി.അവിടെ നിന്ന്‌ കൂക്സ്‌ ടൗണില്‍ സാറാ പളനിയുടെ ഓക്ക്ലാന്‍ഡ്‌ റസിഡന്‍സിയില്‍ പേയിം ഗസ്റ്റായി.മകള്‍ സില്ലയക്ക്‌ ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളില്‍ അഡ്മിഷന്‍ തരമായി.ഇനി ആശ്വസിക്കാമെന്നു കരുതിയിരിക്കുമ്പോഴാണ്‌ കേരള പോലീസ്‌ ചാരക്കഥയിലെ നായികയാക്കി അറസ്റ്റ്‌ ചെയ്തത്‌..അന്യായമായി തടവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചത്‌.. മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ തടവറയിലെത്തിയ്ട്ട്‌!ഫൗസിയയും മറിയം റഷീദയൊഴിച്ചുള്ള ചാരക്കേസിലെ മറ്റു പ്രതികള്‍ കുറ്റവിമിക്തരായി,ജയില്‍ മോചിതരായി.പണമില്ലാത്തതു കൊണ്ട്‌ സാധുക്കളായ ആ മാലി വനിതകള്‍ക്ക്‌ മാത്രം ജാമ്യം ലഭിച്ചില്ല.വിദേശികളായിരുന്നത്‌ കൊണ്ട്‌ ആരും ജാമ്യത്തിലിറക്കാനുമെത്തിയില്ല.ആരും അവരുടെ അന്യായമായ തടവിനെതിരെ ശബ്ദിച്ചില്ല.രക്ഷപെടുത്താന്‍ സ്വന്തം രാഷ്ട്രം പോലും ഒന്നും ചെയ്തില്ല...ചാരപ്പണി നടത്തി കോടികള്‍ സമ്പാദിക്കുകയും കോടികള്‍ കൈമാറുകയും ചെയ്തവരെന്ന്‌ ഇന്ത്യന്‍ ഐബി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയവരാണ്‌ കെട്ടി വയ്ക്കാനുള്ള ജാമ്യത്തുക പോലുമില്ലാതെ ജയിലിനുള്ളില്‍ നരകിച്ച്‌ കഴിയുന്നത്‌ ഓര്‍മ്മകള്‍ അവിടെത്തിയപ്പോള്‍ ഫൗസിയ ഒന്നു പിടഞ്ഞു തലച്ചോറിലേയ്ക്ക്‌ രക്തമിരമ്പിക്കയറി വാരഫലം നല്‍കിയ താത്ക്കാലിക ശാന്തിയൊടുങ്ങി ചോദ്യം ചെയ്യലിന്റെ പേരില്‍ അനുഭവിച്ചു തീര്‍ത്ത നെറികേടുകളുടെ കയ്പ്പ്‌ കോശങ്ങളോരോന്നിലും നിറഞ്ഞു വല്ലത്തൊരു വീര്‍പ്പുമുട്ടലില്‍ ഫൗസിയ കിതച്ചു നാളെ:ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ ഗസ്റ്റ്‌ ഹൗസിലെ കരാളതകള്‍

Friday, November 9, 2012

മറിയം റഷീദയും ഫൗസിയയും: നിയതിയുടെ നൊമ്പരപ്പൂവ്‌-2

ദുരമൂത്ത അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ ഹിംസാത്മകതയുടെ ഇരയാണ്‌ താനെന്ന്‌ മറിയം റഷീദയ്ക്ക്‌ അറിയുമായിരുന്നില്ല.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കുന്നതിന്‌ മുന്‍പ്‌ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ഛിദ്രമാക്കാന്‍ അമേരിക്ക നടത്തിയ മറ്റൊരു ഗൂഢാലോചനയാണ്‌ യഥാര്‍ത്ഥത്തില്‍ മറിയം റഷീദയുടെ വിധി തിരുത്തിക്കുറിച്ചത്‌. 1994 സെപ്റ്റംബറില്‍ മദ്ധ്യപ്രദേശിലെ സൂററ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ്‌ ബാധ 52 ജീവിതങ്ങള്‍ തട്ടിയെടുത്തു.രോഗഭീതി പരന്നതോടെ 40000ത്തിലധികം ജനങ്ങള്‍ സൂററ്റ്‌ വിട്ടുപോയി.മുബൈയിലും ഡല്‍ഹിയിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ പോലും പ്ലേഗ്‌ ചികിത്സയ്ക്കുള്ള ടെട്രാസൈക്ലിന്‍ കിട്ടതായതോടെ ദേശീയതലത്തില്‍ തന്നെ ഭീതിരൂക്ഷമായി. .ഇന്ത്യയിലെ പ്ലേഗ്‌ ബാധയുടെ വാര്‍ത്ത ബിബിസിയും ന്യൂസ്‌ വീക്കുമൊക്കെ റിപ്പോര്‍ട്ട്‌ ചെയ്തതോടെ കയറ്റുമതിക്ക്‌ നിയന്ത്രണം വീണു.വിനോദ സഞ്ചാരികളുടെ വരവ്‌ കുറഞ്ഞു.സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ വന്‍ വിലയിടിവുണ്ടാക്കി.ഇന്ത്യയില്‍ നിന്നുള്ള വിദേശ ഫ്ലൈറ്റുകള്‍ പലതും റദ്ദാക്കി.ഒക്ടോബര്‍ 17ന്‌ മുന്‍പ്‌ നാട്ടിലേയ്ക്ക്‌ മടങ്ങാണമെന്ന്‌ തീരുമാനിച്ചാണ്‌ മറിയം റഷീദ ഇന്ത്യയിലെത്തിയത്‌.വിദേശഫ്ലൈറ്റുകള്‍ റദ്ദാക്കിയതോടെ അതിന്‌ കഴിയാതെ വന്നപ്പോഴാണ്‌ ഒക്റ്റോബര്‍ 8-ാ‍ം തിയതി ഫൗസിയയ്ക്കൊപ്പം തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ ഫോറിനേഴ്സ്‌ സെക്ഷനില്‍ ചെന്നതും സ്മാര്‍ട്ട്‌ വിജയനെ കണ്ടതും.
ആതിരേ,രാപ്പാതി കഴിഞ്ഞു.ഫൗസിയയും ഗാഢനിദ്രയിലായി. നിദ്രാവിഹീനയായി,ഓര്‍മ്മകളുടെ സുനാമിത്തിരകളിലുലഞ്ഞ്‌,തടവറ ഭിത്തിയില്‍ ചാരി മറിയം റഷീദയിരുന്നു. ഐബിയും പോലീസും നീതിപീഠങ്ങളും നിരപരാധികളോട്‌ പുലര്‍ത്തുന്ന നീതിനിഷേധത്തിനാണോ സത്യമേവ ജയതേ എന്ന വിശേഷണം?ജന്മത്തെ ശപിച്ച്‌,ഇന്ത്യയിലെത്താന്‍ തീരുമാനിച്ച നിമിഷത്തെ പ്രാകി മറിയം റഷീദ ഇരുട്ടിലൊരു ദൈവത്തിന്റെ അപരനെ തിരഞ്ഞു. താന്‍ പ്രാര്‍ത്ഥനയര്‍പ്പിക്കുന്ന ദൈവം വേട്ടക്കാര്‍ക്കൊപ്പമാണ്‌!ദുഷ്ടന്മാരുടെ സംരക്ഷകനാണ്‌!!അധര്‍മ്മികളുടെ... ഫൗസിയയുടെ മകള്‍ക്ക്‌ വേണ്ട പണവുമായെത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്‌ ആരറിഞ്ഞു!എന്താണ്‌ ഐഎസ്‌ആര്‍ഓ എന്നോ എന്താണ്‌ മിസെയില്‍ ടെക്നോളജിയെന്നോ തനിക്കറിയില്ലെന്ന്‌ മനസ്സിലായിട്ടും എന്തിനായിരുന്നു ഈ പീഡനങ്ങളെല്ലാം..ഓര്‍ക്കുമ്പോള്‍ ഓക്കാനമുണ്ടാക്കുന്ന വൈകൃതങ്ങള്‍ക്ക്‌ എന്തിനായിരുന്നി ഇരയാക്കിയത്‌..നിന്ദിതയും നിസ്സഹായയുമായ ഒരു സ്ത്രീയുടെ വിലാപാം കേള്‍ക്കാന്‍ കാതില്ലാത്ത ദൈവം ആരുടെ ദൈവമാണ്‌..! തെരുതെരുത്തെത്തുകയാണ്‌ അശുഭ ചിന്തകള്‍..മറിയം റഷീദ തലകുടഞ്ഞു.വായിലാകെ കയ്പ്പുനീര്‍ നിറയുന്നത്‌ പോലെ.. ********** ദുരമൂത്ത അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ ഹിംസാത്മകതയുടെ ഇരയാണ്‌ താനെന്ന്‌ മറിയം റഷീദയ്ക്ക്‌ അറിയുമായിരുന്നില്ല.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കുന്നതിന്‌ മുന്‍പ്‌ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ഛിദ്രമാക്കാന്‍ അമേരിക്ക നടത്തിയ മറ്റൊരു ഗൂഢാലോചനയാണ്‌ യഥാര്‍ത്ഥത്തില്‍ മറിയം റഷീദയുടെ വിധി തിരുത്തിക്കുറിച്ചത്‌. 1994 സെപ്റ്റംബറില്‍ മദ്ധ്യപ്രദേശിലെ സൂററ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ്‌ ബാധ 52 ജീവിതങ്ങള്‍ തട്ടിയെടുത്തു.രോഗഭീതി പരന്നതോടെ 40000ത്തിലധികം ജനങ്ങള്‍ സൂററ്റ്‌ വിട്ടുപോയി.മുബൈയിലും ഡല്‍ഹിയിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ പോലും പ്ലേഗ്‌ ചികിത്സയ്ക്കുള്ള ടെട്രാസൈക്ലിന്‍ കിട്ടതായതോടെ ദേശീയതലത്തില്‍ തന്നെ ഭീതിരൂക്ഷമായി. .ഇന്ത്യയിലെ പ്ലേഗ്‌ ബാധയുടെ വാര്‍ത്ത ബിബിസിയും ന്യൂസ്‌ വീക്കുമൊക്കെ റിപ്പോര്‍ട്ട്‌ ചെയ്തതോടെ കയറ്റുമതിക്ക്‌ നിയന്ത്രണം വീണു.വിനോദ സഞ്ചാരികളുടെ വരവ്‌ കുറഞ്ഞു.സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ വന്‍ വിലയിടിവുണ്ടാക്കി.ഇന്ത്യയില്‍ നിന്നുള്ള വിദേശ ഫ്ലൈറ്റുകള്‍ പലതും റദ്ദാക്കി.ഒക്ടോബര്‍ 17ന്‌ മുന്‍പ്‌ നാട്ടിലേയ്ക്ക്‌ മടങ്ങാണമെന്ന്‌ തീരുമാനിച്ചാണ്‌ മറിയം റഷീദ ഇന്ത്യയിലെത്തിയത്‌.വിദേശഫ്ലൈറ്റുകള്‍ റദ്ദാക്കിയതോടെ അതിന്‌ കഴിയാതെ വന്നപ്പോഴാണ്‌ ഒക്റ്റോബര്‍ 8-ാ‍ം തിയതി ഫൗസിയയ്ക്കൊപ്പം തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ ഫോറിനേഴ്സ്‌ സെക്ഷനില്‍ ചെന്നതും സ്മാര്‍ട്ട്‌ വിജയനെ കണ്ടതും. ഇന്ത്യയുടെ സാമ്പത്തികരംഗം താറുമാറാക്കാനുള്ള അമേരിക്കയുടെ ഗൂഢപദ്ധതി പ്രകാരമുള്ള ജൈവയുദ്ധമായിരുന്നു സൂററ്റില്‍ നടന്നത്‌.കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു പ്ലേഗ്‌ ബാധ.ഗല്‍ഫിലേയ്ക്കുള്ള കയറ്റുമതിയിലുണ്ടായ ഇടിവും വിനോദസഞ്ചാരികളുടേ വരവിലുണ്ടായ കുറവും മൂലം മാത്രം 3000കോടി രൂപയുടെ പ്രത്യക്ഷ നഷ്ടമാണ്‌ ഇന്ത്യക്കുണ്ടായത്‌.പരോക്ഷ നഷ്ടം അതിന്റെ മൂന്നിരട്ടിയിലേറെ വരും ഒരു ടെസ്റ്റ്‌ ഡോസ്‌.വന്‍ വിജയം.ഭാവിയില്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ വാര്‍ത്തകള്‍ക്ക്‌ കാതോര്‍ക്കാം. അമേരിക്ക്‌ അങ്ങനെ മാലിക്കാരിയായ ഒരു സാധാരണ യുവതിയുടേയും വിധി തിരുത്തിക്കുറിക്കുകയായിരുന്നു ********* ഓര്‍മ്മപ്പുറങ്ങളില്‍ നഷ്ടദാമ്പത്യത്തിന്റെ തരിശു നിലങ്ങള്‍ മാത്രം. മകളാണ്‌ ഇപ്പോള്‍ ഏക പ്രതീക്ഷ.അവളോട്‌ ഇനിയും സത്യം പറഞ്ഞിട്ടില്ല.ചികിത്സക്കായി ഇന്ത്യയിലേയ്ക്ക്‌ പോകുന്നു എന്നായിരുന്നു മാലി വിട്ടപ്പോള്‍ മറിയം റഷീദ മകളെ ധരിപ്പിച്ചത്‌.അവളറിയുന്നോ അവളുടെ അമ്മ,ചെയ്യാത്ത തെറ്റിന്‌ ശാരീരികമായും മാനസ്സികമായും ചിതറിക്കപ്പെട്ടത്‌..! രണ്ട്‌ വിവാഹങ്ങള്‍ തകര്‍ന്നെങ്കിലും യൗവ്വനാസക്തികള്‍,തൃഷ്ണകള്‍ മറിയം റഷീദയുടെ മാദക സൗന്ദര്യത്തില്‍ അന്തര്‍ധാരയായുണ്ടായിരുന്നു.ഒരാണ്‍ തുണയ്ക്ക്‌ വേണ്ടി കൊതിച്ചിരുന്നു.ആസക്തികളുടെ പ്രലോഭനങ്ങളെ പലപ്പോഴും ചെറുക്കാനവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.അതു കൊണ്ട്‌ ചെന്നു പെട്ട സൗഹൃദങ്ങളില്‍ നിന്ന്‌ മുതലെടുപ്പിന്റെ കയ്പ്പുനീരുകള്‍ മാത്രമാണവര്‍ക്ക്‌ ലഭിച്ചിരുന്നത്‌.അപ്പോഴും തന്നെ മനസ്സിലാക്കുന്ന,തന്നെ മാത്രം സ്നേഹിക്കുന്ന ഒരു പുരുഷസാന്നീദ്ധ്യത്തിനായി അവര്‍ ആശയ്ക്ക്‌ വുരുദ്ധമായി ആശിച്ചിരുന്നു. ********* ഇരുട്ടില്‍ ഉറങ്ങാതെ ഒറ്റയ്ക്കിരുന്ന്‌ മറിയം റഷീദ തന്റെ വിധിയുടെ നൊമ്പരത്താളുകള്‍ ഓരോന്നായി മറിച്ചുവായിച്ചു കൊണ്ടേയിരുന്നു.തിരിച്ചടികളുടെ,പ്രതീക്ഷാഭംഗങ്ങളുടെ ഘോഷയാത്രകള്‍..ശാന്തി തളിര്‍ത്തയുടനെ കരിഞ്ഞുപോയ അനുഭവങ്ങള്‍..അപ്പോഴും പ്രതീക്ഷകളുടെ പച്ചപ്പ്‌ ഇടയ്ക്കെവിടെയല്ലാമോ നാമ്പിടുന്നത്‌ പോലെ.. അങ്ങനെയാണല്ലോ മാംഗളൂര്‍ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ്‌ പ്രഫസര്‍ ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയെ കണ്ടു മുട്ടിയതും പ്രഥമദര്‍ശനത്തില്‍ അനുരാഗമുദിച്ചതും.മാലിയില്‍ തന്നെ ഉപേക്ഷിച്ചു പോയ പഴയ ബോയ്ഫ്രണ്ടിനെ ഓര്‍മ്മിപ്പിക്കുന്ന മുഖവും ശാരീരിക പ്രത്യേകതകളും. ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയുമൊത്തൊരു ദാമ്പത്യം മറിയം റഷീദ സ്വപ്നം കണ്ടിരുന്നു. മറിയം റഷീദയുടെ ക്ഷണപ്രകാരം അവര്‍ പേയിം ഗസ്റ്റായി താമസിച്ചിരുന്ന ബാംഗ്ലൂരിലെ വീട്ടില്‍ അവരുടെ സമാഗമം നടന്നിരുന്നു.നാല്‍ ദിവസത്തിന്‌ ശേഷം ഡോ.ആനന്ദിന്‌ മറിയയുടെ അറിയിപ്പ്‌ ലബിച്ചു-താന്‍ ഇന്നു തന്നെ തിരുവനന്തപുരത്തിന്‌ മടങ്ങുന്നു.മറിയയെ കാണാന്‍ ഡോ.ആനന്ദ്‌ ബാംഗ്ലൂരിലെത്തിയപ്പോഴേയ്ക്കും തിരുവനന്തപുരത്തിനുള്ള ട്രെയില്‍ സ്റ്റേഷന്‍ വിട്ടിരുന്നു.തിരുവനന്തപുരത്തേയ്ക്ക്‌ പോകുന്നു എന്നറിയിച്ചതിനൊപ്പം തിരുവനന്തപുരത്ത്‌ താമസിക്കുന്ന ഹോട്ടലിന്റെ നമ്പറും നല്‍കിയിരുന്നു.പക്ഷെ .. ഹോട്ടല്‍ സമ്രാട്ടില്‍ നിന്ന്‌ മറിയം റഷീദ പലവട്ടം ഡോ.ആനന്ദിനെ വിളിച്ചിരുന്നു.പക്ഷെ പ്രതികരണമുണ്ടായില്ല.അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചു. തിരസ്ക്കാരങ്ങളുടേയും തിരിച്ചടികളുടേയും ചാട്ടവാറടിയില്‍ പുളഞ്ഞ്‌ രക്തമിറ്റിക്കുന്ന ഓര്‍മ്മകളെ താലോലിച്ച്‌ ഇരുട്ടിലേയ്ക്കുറ്റു നോക്കി മറിയം റഷീദയിരുന്നു. ജയിലിലെ നിദ്രാവിഹീനമായ മറ്റൊരു രാത്രി .... സ്മാര്‍ട്ട്‌ വിജയന്റെ അന്വേഷണത്തില്‍ ഹോട്ടലില്‍ നിന്ന്‌ ഈ ബാംഗ്ലൂര്‍ നമ്പറും ലഭിച്ചിരുന്നെങ്കിലും ആ നമ്പര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണമുണ്ടായില്ല.അല്ലായിരുന്നെങ്കില്‍ ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയും കേസില്‍ പ്രതിയാകുമായിരുന്നു;ദേശാഭിമാനിയടക്കമുള്ള പത്രങ്ങള്‍ അദ്ദേഹത്തെ മറ്റൊരു ശാസ്ത്രജ്ഞനാക്കുമായിരുന്നു.. (തുടരും)