Friday, November 2, 2012

പിഎസ്‌എല്‍വിയുടെ പരാജയം അട്ടിമറിയാക്കിയ അമേരിക്കന്‍ തിരക്കഥ

കണ്ണു തുറന്നപ്പോള്‍ മുന്നില്‍ സിബി മാത്യൂ,ജോഷ്വ, അപരിചിതനായ മറ്റൊരു ഓഫീസര്‍-ഐബിയിലെ മൂന്ന്‌ വിദ്വാന്മാര്‍ അവരുടെ കൈയില്‍ ദേശാഭിമാനി പത്രം. അതിലിങ്ങനെയൊരു ന്യൂസ്‌: -പിഎസ്‌എല്‍വിയുടെ പ്രഥമ വിക്ഷേപണം പരാജയപ്പെട്ടത്‌ അട്ടിമറി മൂലം തിരുവനന്തപുരം:1993 സെപ്റ്റംബര്‍ 20ന്‌ നടന്ന പിഎസ്‌എല്‍വിയുടെ ആദ്യവിക്ഷേപണം പരാജയപ്പെട്ടത്‌ അട്ടിമറിമൂലമാണെന്ന്‌ തെളിയിക്കുന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചു.ഇന്ത്യക്ക്‌ 60 കോടിയും ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞന്മാരുടെ അനേകവര്‍ഷത്തെ പ്രയത്നവും നഷ്ടമാക്കിയ ഈ അട്ടിമറിക്ക്‌ പിന്നില്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ ശശികുമാരനും ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ ഏജന്റ്‌ കെ.ചന്ദ്രശേഖരനുമാണുള്ളതെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ കണ്ടെത്തി.. "
ആതിരേ:പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍-പിഎസ്‌എല്‍വി-യുടെ 1993 ലെ വിക്ഷേപണം പരാജയപ്പെട്ടത്‌ , റോക്കറ്റ്‌ വിക്ഷേപണത്തിലെ സഹജമായ പരാജയമായിരുന്നു.പരാജയങ്ങളിലൂടെ മാത്രമാണ്‌ റോക്ക്റ്റ്‌ വിക്ഷേപണം വിജയത്തിലെത്തുക. ഘടനാപരവും സാങ്കേതികവുമായ അതിസങ്കീര്‍ണമായ നിരവധി ഘടകങ്ങളുടെ ഏകോപനത്തിലൂടെയാണ്‌ വിജയകരമായി ഒരു ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കാന്‍ കഴിയൂ.പരാജയപരമ്പരകളാണ്‌ അതിന്റെ ലോഞ്ചിംഗ്‌ പാഡ്‌.പിഎസ്‌എല്‍വിയുടെ പരാജയവും മറ്റൊന്നായിരുന്നില്ല. എന്നാല്‍ റോക്കറ്റ്‌ വിക്ഷേപണത്തിന്റെ ശാസ്ത്രീയാടിസ്ഥാനത്തെ കുറിച്ച്‌ അജ്ഞരാണ്‌ ഐബിയിലേയും റോയിലേയും സ്പെഷല്‍ ബ്രാഞ്ചിലേയും ഐപിഎസ്‌ ഉദ്യോഗസ്ഥരെന്ന്‌ അറിയാവുന്നവരായിരുന്നു ഐബിയിലും ഐഎസ്‌ആര്‍ഒയിലുമുണ്ടായിരുന്ന അമേരിക്കന്‍ ചാരന്മാര്‍.അതു കൊണ്ട്‌ അമേരിക്കയുടെ വിധ്വംസക താത്പര്യങ്ങള്‍ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.അതിന്റെ മകുടോദാഹരണമായിരുന്നു പിഎസ്‌എല്‍വി വിക്ഷേപണ പരാജയത്തെ ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതും അതിന്റെ പേരില്‍ നിരപരാധികളെ ഇരകളാക്കി പീഡിപ്പിക്കാന്‍ സാധിച്ചതും. യാങ്കി അധിനിവേശ ത്വരയുടെ തിരക്കഥ ഇപ്രകാരമായിരുന്നു: സീന്‍ ഒന്ന്‌ 1994 നവംബര്‍ 19 സമയം വൈകീട്ട്‌ നാല്‌ മണി സ്ഥലം ബാംഗ്ലൂര്‍ കെ.ചന്ദ്രശേഖറിന്റെ ഭവനം ചാരക്കേസിനെക്കുറിച്ചും മറിയം റഷീദയ്ക്കുള്ള പങ്കിനെക്കുറിച്ചും മറിയവുമായി തനിക്കുള്ള പരിചയത്തെക്കുറിച്ചുമെല്ലാം ഐബിയിലെ ആര്‍.ആര്‍. നായര്‍ എന്ന ഉദ്യോഗസ്ഥന്‍ തലേദിവസം അന്വേഷിച്ചതിനെക്കുറിച്ച്‌ ആലോചിച്ചിരിക്കുകയായിരുന്നു,ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി കെ.ചന്ദ്രശേഖര്‍. അപ്പോഴാണ്‌ വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടു കേട്ടത്‌. വാതില്‍ തുറന്ന ചന്ദ്രശേഖര്‍ കണ്ടത്‌ ഹെബ്ബാ പോലീസ്‌ സ്റ്റേഷനിലെ എസ്‌ഐക്കൊപ്പം നാല്‌ അപരിചിതരെ. അപരിചിതരുടെ മേധാവി തന്നെ എല്ലാവരേയും പരിചയപ്പെടുത്തി: " ഞാന്‍ സിബി മാത്യു,ചാരക്കേസ്‌ അന്വേഷിക്കുന്ന സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഡിഐജി.കൂടെയുള്ളത്‌ ഡിവൈഎസ്പിമാരായ ബാബു രാജ്‌,കെ.കെ.ജോഷ്വ,എസ്‌ഐ വിമല്‍ കുമാര്‍.നിങ്ങളുടെ വീട്‌ സെര്‍ച്ച്‌ ചെയ്യാനെത്തിയതാണ്‌" " വാറന്റ്‌ എവിടെ " ചന്ദ്രശേഖര്‍ തിരക്കി " ഉടനെത്തും" സിബി മാത്യു മറുപടി നല്‍കി.ഇതിനിടയില്‍ റൂമിലാകെ പരതി നടന്ന സിബി മാത്യൂവിന്റെ കണ്ണ്‌ ആശ്ചര്യം കൊണ്ട്‌ വിടര്‍ന്നു.പിഎസ്‌എല്‍വി റോക്കറ്റിന്റെ മോഡല്‍ മേശപ്പുറത്ത്‌ " ഇതെവിടുന്ന്‌ കിട്ടി ?" " പ്രഫസര്‍ മര്‍ചൂക്‌ നല്‍കിയതാണ്‌ " "ആരാണയാള്‍ ?" " ഐഎസ്‌ആര്‍ഒ യുടെ വിദേശ കണ്‍സള്‍റ്റന്റുമാരില്‍ ഒരാള്‍.നേരത്തെ റഷ്യയുടെ വൈസ്‌ പ്രസിഡന്റ്‌ ആയിരുന്നു.." " അങ്ങനെ വരട്ടേ..റഷ്യന്‍ ബന്ധം അവിടെ തുടങ്ങുന്നല്ലേ..?" വലിയൊരു രഹസ്യത്തിന്റെ ചുരുളഴിച്ച ഭാവമായിരുന്നു അപ്പോള്‍ സിബി മാത്യൂവിന്റെ മുഖത്ത്‌ " ഇതെന്തിനിവിടെ സൂക്ഷിക്കുന്നു..?"സിബിയുടെ സ്വരത്തില്‍ പോലീസ്‌ ചോദ്യത്തിന്റെ ചൂര്‌ " ഇതിലെന്താ കുഴപ്പം.ഇത്‌ പ്രഫസര്‍ മര്‍ചൂകിന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ യു.ആര്‍.റാവു സമ്മാനിച്ചതാണ്‌.ഗ്ലാവ്കോസ്മോസുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞപ്പോള്‍ പ്രഫസര്‍ മര്‍ചൂക്‌ അതെനിക്കു നല്‍കി.അതിലെന്താ..." പറഞ്ഞു മുഴുവനാക്കാന്‍ സിബി മാത്യൂ സമ്മതിച്ചില്ല." മതി.എല്ലാം മനസ്സിലായി" കത്തുന്ന നോട്ടമെറിഞ്ഞാണ്‌ അദ്ദേഹമങ്ങനെ പറഞ്ഞത്‌. അപ്പോഴാണ്‌ കിടപ്പുമുറിയില്‍ നിന്ന്‌ മറ്റൊരു റോക്കറ്റ്‌ മാതൃകയുമായി ബാബു രാജ്‌ എത്തിയത്‌." സാറേ കിടപ്പുമുറിയിലും പിഎസ്‌എല്‍വി"ത്രാസില്‍ തൂക്കാതെ സ്വര്‍ണക്കിരീടത്തിന്റെ ഭാരം കണക്കാക്കാന്‍ വഴി കണ്ടെത്തിയ ആര്‍ക്കിമെഡീസിനെ വെല്ലുന്ന ഒരു ' ബാബു രാജ്‌-യുറേക്ക '! മറ്റൊരു നിര്‍ണായക തെളിവ്‌ കിട്ടിയതിന്റെ അഹങ്കാരം,സിബി മാത്യൂവിന്റെ കണ്ണുകളിലും. ചന്ദ്രശേഖറിന്റെ മുഖത്തൊരു പുച്ഛച്ചിരി വിരിഞ്ഞു.ബാബു രാജിന്റെ കൈയിലിരിക്കുന്നത്‌ റഷ്യയുടെ 'വോസ്റ്റോക്‌' റോക്കറ്റിന്റെ മാതൃകയായിരുന്നു.റോക്കറ്റുകളെക്കുറിച്ച്‌ ഒരു ചുക്കുമറിയാത്ത വിഡ്ഢികള്‍... അപ്പോഴാണ്‌ ചന്ദ്രശേഖറിന്റെ ഓഫീസ്‌ മുറിയിലെ ഫാക്സ്‌ മെഷീന്‍ ഓണ്‍ ആയത്‌.സിബി മാത്യൂ അങ്ങോട്ടു കുതിച്ചു.ഐഎസ്‌ആര്‍ഒയില്‍ നിന്ന്‌ ഗ്ലാവ്കോസ്മോസിന്റെ മേധാവി അലെക്സി വി.വാസിന്‌ അയച്ച കത്ത്‌.സിബി മാത്യൂവിന്റെ മുഖം പുതിയ തെളിവില്‍ അരുണാഭമായി.നമ്പിനാരായണനുമായി ചേര്‍ന്ന്‌ പാകിസ്ഥാന്‌ വൈക്കിംഗ്‌ ടെക്നോളൊജി ചോര്‍ത്തി നല്‍കിയ ചാരനായിരുന്നല്ലോ ഐബിക്ക്‌ അലെക്സി. മറ്റൊരു യുറേക്ക..! " ഐഎസ്‌ആര്‍ഒ അയയ്ക്കുന്ന രഹസ്യസന്ദേശങ്ങള്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടുന്നു?" സിബിയുടെ ചോദ്യത്തില്‍ പോലീസ്‌ ചൂര്‌ രൂക്ഷമായി. " രഹസ്യ സന്ദേശമൊന്നുമല്ല.ഐഎസ്‌ആര്‍ഒ അയച്ച സാധാരണ കത്താണ്‌.ഈ കത്തിന്റെ സത്യാവസ്ഥ ഉറപ്പാക്കാന്‍ റീഡയറക്ട്‌ ചെയ്ത്‌ തന്നതാണ്‌.ഇത്‌ സാധാരണ നടപടിയാണ്‌"ചന്ദ്രശേഖര്‍ ശാന്തമായി വിവരിച്ചു " അതെന്തിന്‌?" "ഞാന്‍ അവരുടെ ഏജന്റായത്‌ കൊണ്ട്‌ " സിബി മാത്യൂവിനും സംഘത്തിനും സന്തോഷമടക്കാനായില്ല.ഇന്ത്യന്‍ മിസെയില്‍ ടെക്നോളൊജി പാകിസ്ഥാണ്‌ ചോര്‍ത്തിക്കൊടുക്കുന്ന ചാര ശൃംഖലയാണ്‌ തങ്ങള്‍ തകര്‍ക്കാന്‍ പോകുന്നത്‌.അത്‌ സംബന്ധിച്ച്‌ അതിസങ്കീര്‍ണവും നിര്‍ണായകവുമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞു റെയ്ഡ്‌ അവസാനിച്ചു " അപ്പോള്‍ ഞങ്ങളിറങ്ങുന്നു.ങാ..ഹെബ്ബാ പോലീസ്‌ സ്റ്റേഷനിലെത്തി ഒന്നു രണ്ട്‌ പേപ്പറില്‍ ഒപ്പിടണം കൂടെ വരൂ" ചന്ദ്രശേഖരനുമായി സംഘം തിരിച്ചു. ചന്ദ്രശേഖരന്‍,റഷ്യന്‍ ഏജന്റ്‌ അറസ്റ്റിലായി! അപ്പോള്‍ പൂജാമുറിയില്‍ വിളക്ക്‌ വച്ച ശേഷം പുറത്തെയ്ക്കിറങ്ങുകയായിരുന്നു,ചന്ദ്രശേഖറിന്റെ ഭാര്യയും ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിലെ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ,വിജയമ്മ. " ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത്‌ വിഷമിക്കണ്ടാട്ടോ " ന്യൂനോക്തിയില്‍ ബാബു രാജ്‌ പറഞ്ഞു. **************** സീന്‍ രണ്ട്‌ നവംബര്‍ 20.പ്രഭാതം ബാംഗ്ലൂര്‍ വിമാനത്താവളം തിരുവനന്തപുരത്തെത്തി ചില പേപ്പറുകളില്‍കൂടി ഒപ്പിടണം എന്നായിരുന്നു സിബി മാത്യൂ പറഞ്ഞത്‌.അതിനുള്ള യാത്രയാണ്‌. താന്‍ അറസ്റ്റിലായി എന്ന്‌ ചന്ദ്രശേഖറിന്‌ ബോദ്ധ്യമായി.അക്കാര്യം സിബിയും മനസ്സിലാക്കി.അതു കൊണ്ട്‌ " അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന്‌ ഭാര്യയോട്‌ പറയാന്‍ മെനക്കെടേണ്ട.അങ്ങനെ ചെയ്താല്‍ അവരേയും അറസ്റ്റ്‌ ചെയ്യേണ്ടി വരും" പോലീസ്‌ മുറയില്‍ തന്നെ സിബി ഭീഷണിപ്പെടുത്തി.അതു കൊണ്ട്‌ ചന്ദ്രശേഖര്‍ സംയമനം പാലിച്ചു. വിമാനത്താവളത്തില്‍ വിജയമ്മയും എത്തിയിരുന്നു,ഭര്‍ത്താവിനുള്ള വസ്ത്രങ്ങളുമായി.അത്‌ നല്‍കി തിരിച്ചു നടന്ന അവരുടെ സമീപത്തെത്തി ബാബു രാജ്‌ ആ വികടച്ചോദ്യം ഉന്നയിച്ചു " മറിയം റഷീദയുമായി കിടക്ക പങ്കിട്ട്‌ വര്‍ഷങ്ങളായി നിങ്ങളുടെ ഭര്‍ത്താവ്‌ നിങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നറിയമായിരുന്നോ..?" ഏത്‌ ഭാര്യയുടേയും ചങ്കിടിപ്പേറ്റുന്ന വിളംബരം മൂര്‍ച്ചയേറിയ ഒരു നോട്ടത്തോടെ വിജയമ്മ തിരിച്ചടിച്ചു " നിങ്ങളുടെ ഭാര്യ നിങ്ങളെ എങ്ങനെ മനസ്സിലാക്കുന്നോ അതു പോലെ എനിക്കെന്റെ ഭര്‍ത്താവിനെ അറിയാം.ഈ ചോദ്യം നിങ്ങളുടെ ഭാര്യയോടാണ്‌ ചോദിക്കുന്നതെങ്കില്‍..." വിജയമ്മയുടെ സാരി മുതല്‍ ക്ലബ്‌ സന്ദര്‍ശനം വരെയുള്ള വിഷയങ്ങളില്‍ , പിന്നേയും പോലീസിന്റെ സ്വതസിദ്ധമായ വഷളത്തരത്തോടെ , ബാബുരാജ്‌ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. ഉരുളയ്ക്കുപ്പേരി പോലെ അതിനെല്ലാം വിജയമ്മ മറുപടി കൊടുത്തു കൊണ്ടേയിരുന്നു. ********* സീന്‍ മൂന്ന്‌ തിരുവനന്തപുരം ഐബിയുടെ രഹസ്യത്താവളം നഗ്നനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്‍പാകെ ചന്ദ്രശേഖര്‍ അമേരിക്കയ്ക്ക്‌ വേണ്ടി ഉത്തരം നിര്‍ണയിച്ച ചോദ്യങ്ങള്‍; കിരാതമായ ഭേദ്യങ്ങള്‍. പ്ലയറുകൊണ്ട്‌ മറിയം റഷീദയുടെ ഗുഹ്യരോമങ്ങള്‍ പിഴുതെടുത്ത വഷളന്‍, അതേ രീതിയില്‍ ചന്ദ്രശേഖറിന്റെ താടി രോമങ്ങള്‍ പിഴുതെടുത്ത്‌ അട്ടഹസിച്ചു.ഐബി ഉദ്യോഗസ്ഥര്‍ക്ക്‌ വേണ്ടത്‌ അവര്‍ ആഗ്രഹിക്കുന്ന മറുപടിയും തെളിവുകളുമായിരുന്നല്ലോ.അത്‌ ഊറ്റിയെടുക്കാന്‍ ക്രൂരമായ മൂന്നാം മുറ. 1994 ജനുവരി 24 ന്‌ മദ്രാസ്‌ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ താമസിച്ചിരുന്നെന്നും അവിടെ വച്ച്‌ ശ്രിവാസ്തവയെ കണ്ടെന്നും മിസെയില്‍ രഹസ്യങ്ങള്‍ സ്വീകരിച്ച്‌ പ്രതിഫലമായി ഒരു ലക്ഷം ഡോളര്‍ നല്‍കിയെന്നുമായിരുന്നു ചന്ദ്രശേഖര്‍ സമ്മതിക്കേണ്ടിയിരുന്നത്‌.ഇക്കാര്യം രമണ്‍ ശ്രിവാസ്തവയും ശശികുമാരനും ഫൗസിയയു മറിയം റഷീദയും സമ്മതിച്ചിട്ടുണ്ട്‌,നീ മത്രം സമ്മതിക്കാത്തതെന്താണെന്ന്‌ ചോദിച്ചായിരുന്നു താടി രോമം പറിക്കലും മുഖമടച്ചുള്ള അടിയും മറ്റു ദേഹോപദ്രവങ്ങളും അടുത്ത നിമിഷം ,കരള്‍ നെടുകെ പിളര്‍ക്കുന്ന ഒരു കരച്ചില്‍ ശബ്ദം, അടുത്ത മുറിയില്‍ നിന്ന്‌. " നിന്റെ ഭാര്യയും അമ്മയുമാണ്‌.പറഞ്ഞതെല്ലാം സമ്മതിച്ചാല്‍ നിനക്ക്‌ കൊള്ളാം.ഇല്ലെങ്കില്‍ നിന്റേയും നിന്റമ്മയുടേയും ശവമായിരിക്കും ഇവിടുന്ന്‌ പുറത്തേയ്ക്ക്‌ കൊണ്ടു പോകുക.അതിന്‌ മുന്‍പ്‌ നിന്റേയും അമ്മയുടേയും മുന്നിലിട്ട്‌ നിന്റെ ഭാര്യയെ ഞങ്ങള്‍ കൂട്ട ബലാത്സംഗവും ചെയ്യും. അതു കൊണ്ട്‌ വേഷം കെട്ടൊന്നും വേണ്ട.ഉള്ളതങ്ങ്‌ സമ്മതിച്ചേരെ" പറഞ്ഞ്‌ തീര്‍ന്നീല്ല ചന്ദ്രശേഖറിന്റെ കവിളത്ത്‌ അടിപൊട്ടി.അശ്ലീലപദങ്ങള്‍ക്കൊപ്പം മറ്റൊരു ചോദ്യവുമെത്തി " ആരാണീ എസ്‌.കെ.ശര്‍മ്മ ?" "സുഹൃത്ത്‌" " അയാളെന്തിനാണ്‌ ഫൗസിയയേയും മറിയം റഷീദയേയും ആര്‍മി ക്ലബ്ബില്‍ കൊണ്ടു പോയത്‌ ? " " അറിയില്ല " " ആരണീ ബ്രിഗേഡിയര്‍..?" "അറിയില്ല " " ആരാണീ വിംഗ്‌ കമാന്‍ഡര്‍ ശര്‍മ്മ ?" " അറിയില്ല " " അത്‌ നിന്റെ കൂട്ടുകാരന്‍ ശര്‍മ്മയുടെ അമ്മായിയപ്പനല്ലേ ? " " അതറിയാം.പക്ഷെ പരിചയമില്ല " " അതറിയാമെങ്കില്‍ നിനക്ക്‌ ബ്രിഗേഡിയര്‍ ശ്രിവാസ്തവയേയും അറിയാം പന്നപ്പൊലയാ...." തെറിവിളിയവസാനിക്കും മുന്‍പ്‌ കൂടം കൊണ്ടെന്ന പോലൊരു പ്രഹരം , തലയ്ക്ക്‌ പിന്നില്‍. ബോധരഹിതനായി ചന്ദ്രശേഖര്‍ നിലത്തേയ്ക്കൂര്‍ന്നു. ****** സീന്‍ നാല്‌ പിറ്റേന്ന്‌ പ്രഭാതം കണ്ണു തുറന്നപ്പോള്‍ മുന്നില്‍ സിബി മാത്യൂ,ജോഷ്വ, അപരിചിതനായ മറ്റൊരു ഓഫീസര്‍-ഐബിയിലെ മൂന്ന്‌ വിദ്വാന്മാര്‍ അവരുടെ കൈയില്‍ ദേശാഭിമാനി പത്രം. അതിലിങ്ങനെയൊരു ന്യൂസ്‌: -പിഎസ്‌എല്‍വിയുടെ പ്രഥമ വിക്ഷേപണം പരാജയപ്പെട്ടത്‌ അട്ടിമറി മൂലം തിരുവനന്തപുരം:1993 സെപ്റ്റംബര്‍ 20ന്‌ നടന്ന പിഎസ്‌എല്‍വിയുടെ ആദ്യവിക്ഷേപണം പരാജയപ്പെട്ടത്‌ അട്ടിമറിമൂലമാണെന്ന്‌ തെളിയിക്കുന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചു.ഇന്ത്യക്ക്‌ 60 കോടിയും ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞന്മാരുടെ അനേകവര്‍ഷത്തെ പ്രയത്നവും നഷ്ടമാക്കിയ ഈ അട്ടിമറിക്ക്‌ പിന്നില്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ ശശികുമാരനും ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ ഏജന്റ്‌ കെ.ചന്ദ്രശേഖരനുമാണുള്ളതെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ കണ്ടെത്തി.." തുടരും ( അവലംബം:ജെ.രാജശേഖരന്‍ നായരുടെ " സ്പൈസ്‌ ഫ്രം സ്പേസ്‌: ദ്‌ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ്‌ " )

No comments: