Monday, November 26, 2012

ഈ അമ്പലം വിഴുങ്ങികള്‍ ശാസ്താവിനെ ആരൂഢത്തോടെ വിഴുങ്ങാത്തതാണ്‌ അതിശയം

കറുപ്പുടുത്ത്‌ വ്രതം നോറ്റ്‌ കല്ലുംമുള്ളും ചവുട്ടി കലിയുഗവരദനെ ദര്‍ശിക്കാനെത്തുന്ന അയ്യപ്പ ഭക്തന്മാരെയും ഈശ്വരനെ തന്നെയും വിഡ്ഢികളാക്കുന്ന മിടുക്കിന്റെ ക്രിമിനല്‍ സ്വഭാവമാണ്‌ ഓരോ വര്‍ഷവും ശബരിമലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌. ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്ന മറ്റു ആരാധനാ കേന്ദ്രങ്ങള്‍ം, വിവിധ മതസ്ഥരുടേതായി ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ഉണ്ട്‌. അവിടെയെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത അഴിമതിയും ക്രമക്കേടുകളും അവഗണനയും പുച്ഛവും അഹങ്കാരവുമൊക്കെയാണ്‌ ശബരിമലയില്‍ നിന്ന്‌ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. വ്രതമെടുത്ത്‌ മല ചവിട്ടുന്നതുകൊണ്ടാണ്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതരുടെയും ശബരിമലയിലെ കരാര്‍ ജീവനക്കാരുടെയും അഹങ്കാരത്തോടും പ്രകോപനപരമായ നിലപാടുകളോടും പ്രതികരിക്കാന്‍ അയ്യപ്പന്മാര്‍ക്ക്‌ കഴിയാത്തത്‌. ഈ നിസ്സഹായവസ്ഥ മുതലെടുത്തുകൊണ്ടാണ്‌ ഈ വര്‍ഷവും അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായുള്ള ദേവസ്വം ബോര്‍ഡ്‌ ദൈവത്തേയും ഭക്തരേയും കൊഞ്ഞാണന്മാരാക്കുന്നത്‌.
ആതിരേ,കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ്‌, അഴിമതിയുടെ കാര്യത്തില്‍, ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ലക്ഷക്കണക്കിന്‌ അയ്യപ്പന്മാരെ വഞ്ചിക്കുന്ന വിഷയത്തില്‍, മാറി മാറി വരുന്ന ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം. ശബരിമല എന്ന ചക്കരകുടത്തില്‍ കൈയ്യിട്ടു വാരാന്‍ വേണ്ടിയാണ്‌ ഓരോ ന്യായങ്ങള്‍ പറഞ്ഞ്‌ നായരും ഈഴവനും നമ്പൂതിരിയുമൊക്കെ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളാകുന്നതും ശബരിമലയുമായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളില്‍ കയറിപ്പറ്റുന്നതും. ആതിരേ,ഭക്തലക്ഷങ്ങള്‍ ഹരിഹരസുതന്‌ വഴിപാടായി അര്‍പ്പിക്കുന്ന തുക അടിച്ചു മാറ്റാനും അവര്‍ക്ക്‌ പ്രസാദമായി നല്‍കുന്ന അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരയും അരിയും മറ്റും വാങ്ങിക്കുന്നതു മുതല്‍ വെട്ടിപ്പു നടത്താനുമാണ്‌ ഇവരെല്ലാം ഈശ്വരവിശ്വാസത്തിന്റെ പേരുപറഞ്ഞ്‌ ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റുന്നത്‌. കോടിക്കണക്കിന്‌ രൂപയാണ്‌ ഓരോ മണ്ഡല മകരവിളക്ക്‌ കാലത്തും സന്നിധാനത്തില്‍ വഴിപാടായും പ്രസാദത്തിനായും ഭക്തന്മാര്‍ നല്‍കുന്നത്‌. ഈ തുക ഉപയോഗിച്ച്‌ ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തന്മാര്‍ക്ക്‌ മാന്യമായി മലമൂത്ര വിസര്‍ജനം ചെയ്യാനുള്ള സംവിധാനം പോലും ഒരുക്കാതെ അയ്യപ്പനെയും അയ്യപ്പ ഭക്തന്മാരെയും ഉളുപ്പില്ലാതെ വഞ്ചിക്കാന്‍ ദേവപ്രശ്നം നടത്തുന്ന തസ്കരവീരന്മാരാണ്‌ ഓരോ വര്‍ഷവും ദേവസ്വം ബോര്‍ഡ്‌ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്‌. ആതിരേ,കാനനവാസനെ കുളിപ്പിച്ച്‌ കിടത്താന്‍ മിടുക്കുള്ള അമ്പലം വിഴുങ്ങികള്‍ ദേവസ്വം ബോര്‍ഡ്‌ ഭരിക്കുമ്പോള്‍ ഭക്തര്‍ക്ക്‌ പ്രസാദമായി നല്‍കുന്ന അപ്പവും അരവണയും വിഷലിപ്തമായില്ലെങ്കില്‍ അതിശയിച്ചാല്‍ മതി. എല്ലാവര്‍ഷവും അപ്പം, അരവണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട്‌ വിവാദവും സാമ്പത്തിക ക്രമക്കേടുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും അവ പരിഹരിക്കാനോ ഭക്തന്മാരെ വഞ്ചിക്കുന്ന ഇടപാട്‌ നിര്‍ത്തലാക്കാനോ ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും കേരള സര്‍ക്കാരിനും ഒട്ടും താല്‍പര്യമില്ല. വെട്ടിപ്പാണ്‌ ഇവര്‍ക്ക്‌ ഇഷ്ടവിഷയം. അതിന്‌ പറ്റിയ ഇടമാണ്‌ ശബരിമലയും സന്നിധാനവും മാളികപ്പുറവും. ഐഹിക ജീവിതപാപങ്ങള്‍ പരിഹരിച്ച്‌ മോക്ഷം ലഭിക്കുന്നതിന്‌ കറുപ്പുടുത്ത്‌ വ്രതം നോറ്റ്‌ കല്ലുംമുള്ളും ചവുട്ടി കലിയുഗവരദനെ ദര്‍ശിക്കാനെത്തുന്ന അയ്യപ്പ ഭക്തന്മാരെയും ഈശ്വരനെ തന്നെയും വിഡ്ഢികളാക്കുന്ന മിടുക്കിന്റെ ക്രിമിനല്‍ സ്വഭാവമാണ്‌ ഓരോ വര്‍ഷവും ശബരിമലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌. ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്ന മറ്റു ആരാധനാ കേന്ദ്രങ്ങള്‍ം, വിവിധ മതസ്ഥരുടേതായി ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ഉണ്ട്‌. അവിടെയെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത അഴിമതിയും ക്രമക്കേടുകളും അവഗണനയും പുച്ഛവും അഹങ്കാരവുമൊക്കെയാണ്‌ ശബരിമലയില്‍ നിന്ന്‌ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. വ്രതമെടുത്ത്‌ മല ചവിട്ടുന്നതുകൊണ്ടാണ്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതരുടെയും ശബരിമലയിലെ കരാര്‍ ജീവനക്കാരുടെയും അഹങ്കാരത്തോടും പ്രകോപനപരമായ നിലപാടുകളോടും പ്രതികരിക്കാന്‍ അയ്യപ്പന്മാര്‍ക്ക്‌ കഴിയാത്തത്‌. ഈ നിസ്സഹായവസ്ഥ മുതലെടുത്തുകൊണ്ടാണ്‌ ഈ വര്‍ഷവും അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായുള്ള ദേവസ്വം ബോര്‍ഡ്‌ ദൈവത്തേയും ഭക്തരേയും കൊഞ്ഞാണന്മാരാക്കുന്നത്‌. പല്ലിയും പാറ്റയും പാറ്റക്കുഞ്ഞും ചത്തു വീണ അരവണയും വിഷപൂപ്പല്‍ ബാധിച്ച അപ്പവും ഇത്തവണയും ശബരിമലയില്‍ നിന്ന്‌ ഭക്തര്‍ക്ക്‌ പ്രസാദമായി ലഭിച്ചു എന്നു പറയുമ്പോള്‍, ആതിരേ, ഇവരുടെയൊക്കെ ജാഗ്രതയും ഉത്തരവാദിത്തവും ഈശ്വര ഭക്തിയുമൊക്കെ എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന്‌ തിരിച്ചറിയണം. സന്നിധാനത്തുനിന്ന്‌ വിതരണം ചെയ്യുന്ന അപ്പവും അരവണയും അടങ്ങുന്ന പ്രസാദം വിശുദ്ധമാണെന്ന്‌ കരുതിയാണ്‌ മണിക്കൂറുകളോളം ക്യൂ നിന്ന്‌ ഉന്തും തള്ളും സഹിച്ച്‌ അയ്യപ്പ ഭക്തന്മാര്‍ ഇവ വിലകൊടുത്ത്‌ വാങ്ങുന്നത്‌. അതില്‍ ഇഴ ജന്തുക്കളും ഷഡ്പദങ്ങളും ചത്തുകിടക്കുകയും വിഷപൂപ്പല്‍ ബാധിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും ചുരുങ്ങിയത്‌ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിനെയും മെമ്പര്‍മാരെയും അപ്പം, അരവണ നിര്‍മ്മാണത്തിന്‌ കരാര്‍ എടുത്തിട്ടുള്ളവരെയും അവ നിര്‍മ്മിക്കുന്ന കരാര്‍ തൊഴിലാളികളെയും തല്‍സ്ഥാനങ്ങളില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ ക്രിമിനല്‍ കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്ത്‌ മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ്‌. അങ്ങനെയൊന്ന്‌ സംഭവിക്കുകയില്ല എന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ പൂര്‍വ്വാധികം ഭംഗിയായാണ്‌ മാറി മാറി വരുന്ന ദേവസ്വം ബോര്‍ഡും അനുബന്ധ ഉദ്യോഗസ്ഥരും കരാറുകാരും ഭക്തസഹസ്രങ്ങളേയും ശാസ്താവിനേയും വഞ്ചിച്ച്‌ മുടിച്ചുകൊണ്ടിരിക്കുന്നത്‌. എറണാകുളം ജില്ലയില്‍ പറവൂരിന്‌ സമീപം കൊട്ടുവള്ളിക്കാട്‌ നീലിമത്തറ വീട്ടില്‍ എന്‍.കെ.വിനോബയും സംഘവും ശബരിമലയില്‍ നിന്ന്‌ വാങ്ങിയ അരവണയിലാണ്‌ ഇത്തവണ ചത്ത പല്ലിയും പാറ്റയും പാറ്റക്കുഞ്ഞും ഉണ്ടായിരുന്നത്‌. ഡിസിസി മെമ്പര്‍ കൂടിയാണ്‌ വിനോബ. തന്റെ പാര്‍ട്ടിക്കാര്‍ കേരളവും ദേവസ്വം വകുപ്പും ഭരിച്ചിട്ടും ഇത്തരം തോന്ന്യാസങ്ങളാണ്‌ ശബരിമലയില്‍ നടക്കുന്നത്‌ എന്ന തിരിച്ചറിവ്‌ ഒരു കോണ്‍ഗ്രസുകാരനായും ഈശ്വരവിശ്വാസിയുമായി ജീവികുന്നതില്‍ വിനോബയെ നാണം കെടുത്തുന്നുണ്ടാകണം. ഇതുപോലെ വ്രതം നോറ്റ്‌ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച്‌ ദര്‍ശനം നടത്തിയശേഷം പണം നല്‍കി വാങ്ങുന്ന അപ്പവും അരവണയും അടങ്ങുന്ന പ്രസാദം വിഷലിപ്തമാണെന്ന്‌ അറിയുമ്പോള്‍ ഓരോ അയ്യപ്പ ഭക്തന്റെ മനസ്സിലും പ്രതിഷേധം തിളയ്ക്കുന്നുണ്ട്‌. മറവപ്പടയെ ഒറ്റയ്ക്ക്‌ ഉന്മൂലനം ചെയ്ത അയ്യപ്പന്‌ എന്തുകൊണ്ട്‌ വര്‍ഷങ്ങളായി ഭക്തജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ദേവസ്വം വേതാളങ്ങളെ ഉന്മൂലനം കഴിയുന്നില്ല അല്ലെങ്കില്‍ അതിന്‌ മനസ്സു വയ്ക്കുന്നില്ല എന്ന സന്ദേഹമാണ്‌, ആതിരേ, ഭക്തമനസ്സുകളില്‍ രോഷമായി പുകയുന്നത്‌. ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ കീഴ്പ്പള്ളിപ്പറമ്പ്‌ ജയനും സംഘവും വാങ്ങിയ ഉണ്ണിയപ്പത്തിലാണ്‌ പൂപ്പല്‍ കണ്ടെത്തിയത്‌. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ രണ്ടുലക്ഷത്തോളം അപ്പത്തിലാണ്‌ പൂപ്പല്‍ കാണപ്പെട്ടത്‌. കുട്ടികളില്‍ മരണകാരണവും മുതിര്‍ന്നവരില്‍ കരള്‍ രോഗം വയറിളക്കം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നതാണ്‌ അപ്പത്തില്‍ കണ്ടെത്തിയ പൂപ്പലെന്ന്‌ കോന്നി സിഎഫ്‌ആര്‍ഡി ലാബിലെ പരിശോധനയില്‍ വ്യക്തമായി. എന്നിട്ടും മുട്ടാപ്പോക്ക്‌ ന്യായങ്ങള്‍ പറഞ്ഞ്‌ പൂപ്പലിനെ ന്യായീകരിക്കാനും വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമങ്ങളെ ഭര്‍ത്സിക്കാനുമാണ്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ അടക്കമുള്ള മറവപ്പട ശ്രമിക്കുന്നത്‌. ഇത്രയൊക്കെ തെളിവുകള്‍ ലഭിച്ചിട്ടും ഈ അമ്പലം വിഴുങ്ങികള്‍ക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം മന്ത്രിക്കോ കേരള സര്‍ക്കാരിനോ നട്ടെല്ലില്ല എന്ന്‌ പറയുമ്പോള്‍ അവരെ അധികാരത്തിലേറ്റാന്‍ വോട്ടു ചെയ്ത ഹൈന്ദവ വിശ്വാസികളെ മുഴുവന്‍ അധിക്ഷേപിക്കുകയാണ്‌ വി.എസ്‌.ശിവകുമാറും ഉമ്മന്‍ചാണ്ടിയും. ദേവസ്വം ബോര്‍ഡില്‍ അംഗമാകണമെങ്കില്‍ ഈശ്വരവിശ്വാസമുള്ള ഹിന്ദുവാകണമെന്ന്‌ ഓര്‍ഡിനന്‍സ്‌ ഇറക്കിയവരാണ്‌ ഈശ്വരവിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന ഈ കൊള്ളരുതായ്മകള്‍ കാണാന്‍ കൂട്ടാക്കാത്തതും കള്ളത്തിരുമാലികള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നതും. പുലിപ്പുറത്തേറി ഒരിക്കല്‍ കൂടി അയ്യപ്പന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആസ്ഥാനത്തേയ്ക്കും ദേവസ്വം മന്ത്രിയുടെ ഓഫീസിലേയ്ക്കും ശബരിമലയിലേയ്ക്കും എത്തി ഈ മാടന്മാരെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ അടുത്ത മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിലെ അയ്യപ്പവിഗ്രഹം അതിന്റെ അരൂഢത്തോടെ ഇവര്‍ വിഴുങ്ങുമെന്ന കാര്യത്തില്‍, ആതിരേ, എനിക്ക്‌ സംശയമില്ല.

No comments: