Monday, November 5, 2012

ചാരക്കഥ കൊഴുപ്പിക്കാന്‍ ശാസ്ത്രജ്ഞന്മാരേയും 'സൃഷ്ടിച്ചു '

തിരുവനന്തപുരത്ത്‌ നിന്ന്‌ ബാംഗ്ലൂരിലേയ്ക്കുള്ള ഫ്ലൈറ്റില്‍ വച്ചാണ്‌ ചന്ദ്രശേഖര്‍ മറിയം റഷീദയെ പരിചയപ്പെട്ടത്‌.തന്റെ സുഹൃത്ത്‌ ഫൗസിയയുടെ പുത്രിക്ക്‌ ബാംഗ്ലൂരില്‍ ഒരു അഡ്മിഷന്‌ ശ്രമിച്ചെന്നും സ്കൂള്‍ അധികൃതര്‍ ഫൗസിയയെ കബളിപ്പിച്ചെന്നും അഡ്മിഷന്‌ ക്രമത്തിലധികം പണം ഈടാക്കിയെന്നും അവര്‍ക്കുള്ള പണവുമായി പോകുകയാണെന്നും ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ ഉപകാരമായെന്നുമൊക്കെ മറിയം റഷീദ പറഞ്ഞു.ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളുമായി ബന്ധമില്ലെങ്കിലും പ്രിന്‍സിപ്പാളിന്റെ ഭര്‍ത്താവ്‌ തോമസ്‌ ശര്‍മ്മയുടെ ചങ്ങാതിയാണെന്ന്‌ ചന്ദ്രശേഖര്‍ ഓര്‍ത്തു.നാട്‌ പരിചയമില്ലാത്ത അന്യദേശക്കാരിയെ സഹായിക്കാന്‍ മനസ്സ്‌ കാട്ടിയതാണ്‌ ചന്ദ്രശേഖറിനും വിനയായത്‌.
ആതിരേ,കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പഴയ 'ഹേഡ്‌-നാറാപിള്ള' ലൈനില്‍ തന്നെയായിരുന്നു സിബി മാത്യൂ നേതൃത്വം കൊടുത്ത ഐബിയിലെ വിദ്വാന്മാര്‍ ചാരക്കഥ രചിച്ചതും കഥാപാത്രങ്ങളെ കണ്ടെത്തിയതും.ഐഎസ്‌ആര്‍ഒ ചാരക്കഥ മലയാളമാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുന്നത്‌ കണ്ടപ്പോള്‍ ഐബിയിലേയും ഐഎസ്‌ആര്‍ഒയിലേയും അമേരിക്കന്‍ ചാരന്മാര്‍ പുതിയ കഥാപാത്രങ്ങളെ കണ്ടെത്തി,പുതിയ കഥാസന്ദര്‍ഭങ്ങള്‍ മെനെഞ്ഞെടുത്തു. വിവരക്കേടിന്റെ ഉസ്താദുമാരായ കേരളത്തിലെ ഐബി-വിദ്വാന്മാര്‍ അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങി,കാടിളക്കി നാടാകെ അന്വേഷണം കൊണ്ടാടി. ഊണും ഉറക്കവും ഉപേക്ഷിച്ചാണവര്‍ അമേരിക്കന്‍ അട്ടിമറിക്ക്‌ ദാസ്യവൃത്തി ചെയ്തത്‌.അങ്ങനെയാണവര്‍ ഐഎസ്‌ആര്‍ഒ എന്നതിന്റെ പൂര്‍ണരൂപം അറിയാത്തവരെ പോലും ശാസ്ത്രജ്ഞന്മാരാക്കിയത്‌ .മര്‍ദ്ദിച്ചവശരാക്കിയത്‌,വാര്‍ത്തകളില്‍ നിറച്ച്‌ ചിത്രവധം ചെയ്തത്‌. ആ നെറികേടിന്റെ ഇരയായിരുന്നു എസ്‌.കെ.ശര്‍മ്മ.ചന്ദ്രശേഖറിന്റെ സുഹൃത്തായിരുന്നു എന്നതാണ്‌ ചാരക്കേസില്‍ കഥാപാത്രമാകാനുള്ള യോഗ്യതയായി സിബി മാത്യൂവും സംഘവും നിര്‍ണയിച്ചത്‌ എസ്‌.കെ.ശര്‍മ്മ.41 വയസ്‌.തൊഴില്‍ ട്രാന്‍സ്പോര്‍ട്ട്‌ കമ്പനി മാനേജര്‍.രണ്ട്‌ പതിറ്റാണ്ടിലേറെയായി ചന്ദ്രശേഖറിന്റെ ഉറ്റ സുഹൃത്ത്‌.ചന്ദ്രശേഖറിന്റെ ആവശ്യപ്രകാരമാണ്‌ ഫൗസിയയെ സഹായിക്കാന്‍ ശര്‍മ്മ തയ്യാറായത്‌,ഫൗസിയയുടെ മകള്‍ സില ഹംദിക്ക്‌ ബാംഗ്ലൂരിലെ ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളില്‍ അഡ്മിഷന്‍ തരപ്പെറ്റുത്തി കൊടുത്തതാണ്‌ ചാരസംഘത്തില്‍ ശര്‍മ്മയേയും പ്രതിയാക്കിയത്‌.ഐബിയുടെ നിര്‍ദേശപ്രകാരം കേരള പോലീസ്‌ ചാര്‍ജ്‌ ചെയ്ത നിയമവിരുദ്ധമായ കേസില്‍ ആറാം പ്രതിയായിരുന്നു ശര്‍മ്മ ****** ആതിരേ,തിരുവനന്തപുരത്ത്‌ നിന്ന്‌ ബാംഗ്ലൂരിലേയ്ക്കുള്ള ഫ്ലൈറ്റില്‍ വച്ചാണ്‌ ചന്ദ്രശേഖര്‍ മറിയം റഷീദയെ പരിചയപ്പെട്ടത്‌.തന്റെ സുഹൃത്ത്‌ ഫൗസിയയുടെ പുത്രിക്ക്‌ ബാംഗ്ലൂരില്‍ ഒരു അഡ്മിഷന്‌ ശ്രമിച്ചെന്നും സ്കൂള്‍ അധികൃതര്‍ ഫൗസിയയെ കബളിപ്പിച്ചെന്നും അഡ്മിഷന്‌ ക്രമത്തിലധികം പണം ഈടാക്കിയെന്നും അവര്‍ക്കുള്ള പണവുമായി പോകുകയാണെന്നും ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ ഉപകാരമായെന്നുമൊക്കെ മറിയം റഷീദ പറഞ്ഞു.ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളുമായി ബന്ധമില്ലെങ്കിലും പ്രിന്‍സിപ്പാളിന്റെ ഭര്‍ത്താവ്‌ തോമസ്‌ ശര്‍മ്മയുടെ ചങ്ങാതിയാണെന്ന്‌ ചന്ദ്രശേഖര്‍ ഓര്‍ത്തു.നാട്‌ പരിചയമില്ലാത്ത അന്യദേശക്കാരിയെ സഹായിക്കാന്‍ മനസ്സ്‌ കാട്ടിയതാണ്‌ ചന്ദ്രശേഖറിനും വിനയായത്‌. 1994 ജൂണ്‍ 21നാണ്‌ ശര്‍മ്മ ഫൗസിയയെയും മറിയം റഷീദയേയും കൂട്ടി ബള്‍ഡ്വിന്‍ സ്കൂളിലെത്തിയത്‌.ചന്ദ്രശേഖറിന്റെ വീട്ടില്‍ നിന്ന്‌ അവരെ സ്കൂളിലേയ്ക്ക്‌ കൊണ്ടുപോകാനിറങ്ങിയപ്പോഴാണ്‌ ശര്‍മ്മയുടെ ഭാര്യാപിതാവിന്റെ സുഹൃത്ത്‌ സ്ക്വാഡ്രണ്‍ ലീഡര്‍ കെ.എല്‍.ബാസിനും ഭാര്യയും ശര്‍മ്മയുടെ വീട്ടിലെത്തിയത്‌.ശര്‍മ്മയ്ക്കൊപ്പം ബാസിനും കാറില്‍ കയറി.ഫൗസിയയേയും മറിയം റഷീദയേയും കൂട്ടി സ്കൂളിലെത്തി അഡ്മിഷന്‍ കര്യങ്ങള്‍ ശരിയക്കി മടങ്ങും വഴി ആര്‍മി ക്ലബ്ബില്‍ കയറേണ്ട ഒരു സാഹചര്യമുണ്ടായി. ഫൗസിയയ്ക്ക്‌ ടോയ്‌ലറ്റില്‍ പോകാനായിരുന്നു അത്‌.ആര്‍മി ക്ലബില്‍ നിന്ന്‌ ബാസിന്‍ ഫൗസിയയ്ക്കും മറിയം റഷീദയ്ക്കും സോഫ്റ്റ്‌ ഡ്രിങ്കും ശര്‍മ്മയ്ക്ക്‌ ഹോട്ട്‌ ഡ്രിങ്കും വാങ്ങി നല്‍കി.അതു കഴിച്ചവര്‍ മടങ്ങി. ********* ഈ സംഭവത്തില്‍ നിന്നാണ്‌, ആതിരേ, ആര്‍മി ക്ലബില്‍ വച്ച്‌ റമണ്‍ ശ്രീവാസ്തവയെ ഫൗസിയയും മറിയം റഷീദയും കണ്ടെന്നും മിസെയില്‍ രഹസ്യം സ്വീകരിച്ച്‌ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയെന്നുമുള്ള കള്ളക്കഥ ഐബിയിലെ വിദ്വാന്മാര്‍ വാറ്റിയെടുത്തത്‌.ബാംഗ്ലൂരില്‍ വച്ച്‌ ശര്‍മ്മയെ ,സിബി മാത്യൂവും സംഘവും ചോദ്യം ചെയ്തതാണ്‌.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ മേലധികാരികളുടെ സാന്നിദ്ധ്യത്തില്‍ ശേഖരിക്കാനുള്ളത്‌ കൊണ്ട്‌ ശര്‍മ്മ സ്വന്തം ചെലവില്‍ തിരുവനന്തപുരത്ത്‌ എത്തണമെന്ന്‌ അറിയിച്ചിട്ടാണ്‌ ഐബി അന്വേഷണ സംഘം കേരളത്തിലേയ്ക്ക്‌ മടങ്ങിയത്‌. അതനുസരിച്ച്‌ ശര്‍മ്മ അഭിഭാഷകനൊപ്പം നവംബര്‍ 26 ന്‌ തിരുവനന്തപുരത്തെത്തി.പെട്ടെന്ന്‌ മടങ്ങാം എന്നാണ്‌ ശര്‍മ്മ കരുതിയത്‌.സെക്രട്ടേറിയറ്റിന്‌ മുന്നിലുള്ള പങ്കജ്‌ ഹോട്ടലിലാണ്‌ മുറിയെടുത്തത്‌.എന്നാല്‍ അഞ്ചു ദിവസം അവര്‍ക്കവിടെ തങ്ങേണ്ടി വന്നു.ഡല്‍ഹിയില്‍ നിന്ന്‌ മേലധികാരികള്‍ വരാതെ തെളിവെടുക്കാനാകില്ല എന്നായിരുന്നു ഐബിയിലെ വിദ്വാന്മാര്‍ അവരെ അറിയിച്ചത്‌ .ഇതിനിടെ രണ്ടു വട്ടം മുറികള്‍ മാറേണ്ടി വന്നു.ഹോട്ടല്‍ റജിസ്റ്ററില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും അത്‌ ശ്രദ്ധിക്കാന്‍ മെനക്കെടാതെ ശര്‍മ്മ ഒളിവില്‍ പോയി എന്നൊരു കള്ളക്കഥ ഐബിയിലെ ഉന്നതര്‍ ചമച്ചു.എന്നുമാത്രമല്ല ഈ വിവരം ശര്‍മ്മയുടെ ബാംഗ്ലൂരിലുള്ള ഭാര്യ പ്രിയയെ അറിയിക്കുകയും ചെയ്തു.കേരളത്തില്‍ പ്രചരിച്ചിരുന്ന വൃത്തികെട്ട ചാരക്കഥയെക്കുറിച്ച്‌ പ്രിയയ്ക്ക്‌ അറിയില്ലായിരുന്നെങ്കിലും ഭര്‍ത്താവ്‌ ഒളിവില്‍ പോയി എന്ന അറിവ്‌ അവരെ ആകെത്തകര്‍ത്തു.ഏറെ ശ്രമിച്ച ശേഷം ശര്‍മ്മയെ ഫോണ്‍ ലൈനില്‍ കിട്ടിക്കഴിഞ്ഞപ്പോഴാണ്‌ അവര്‍ക്കാശ്വാസമായത്‌. ഒരു നുണക്കഥയ്ക്ക്‌ ചമയങ്ങളുണ്ടാക്കാന്‍ ഇത്തരത്തില്‍ അധാര്‍മികമായ നീക്കങ്ങളാണ്‌ സിബി മാത്യൂവിന്റെ കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്‌. ********** 1994 ഡിസംബര്‍ ഒന്ന്‌; സമയം ഉച്ച കഴിഞ്ഞ്‌ ഒന്നര. ശര്‍മ്മയും അഭിഭാഷകന്‍ ടോമി സെബാസ്റ്റ്യനും താമസിച്ചിരുന്ന മുറിയിലേയ്ക്ക്‌ രണ്ട്‌ പോലീസുകര്‍ക്കൊപ്പം ഡിവൈഎസ്പി ബാബുരാജ്‌ ധൃതിയില്‍ കടന്നു വന്ന്‌ ശര്‍മ്മയേയും കൂട്ടി വന്ന വേഗത്തില്‍ കണ്ടോണ്‍മന്റ്‌ പോലീസ്‌ സ്റ്റേഷനിലേയ്ക്ക്‌ തിരിച്ചു.ശര്‍മ്മയെ അവിടെ ഇരുത്തിയ ശേഷം ബാബുരാജ്‌ സ്റ്റേഷന്‍ വിട്ടു പോയി.ശര്‍മ്മയുടെ അഭിഭാഷകന്‌ പോലീസ്‌ സ്റ്റേഷനില്‍ പ്രവേശനവും നിഷേധിച്ചു.ശര്‍മ്മ അറസ്റ്റില്‍! പിറ്റേന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണിക്ക്‌ ഡിവിഎസ്പി ജോഗേഷ്‌ സ്റ്റേഷനിലെത്തി ശര്‍മ്മയേയും കൂട്ടി അഡിഷണല്‍ ചീഫ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയിലെത്തി.24 മണിക്കൂര്‍ ആഹാരമില്ലാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു ശര്‍മ്മയപ്പോള്‍.പ്രതിക്കൂട്ടില്‍ നിന്ന്‌ ശര്‍മ്മയെ മജിസ്റ്റ്രേറ്റ്‌ സൂക്ഷിച്ചു നോക്കി.പിന്നെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ കണ്ണോടിച്ചു.നര്‍ക്കോട്ടിക്‌ സെല്‍ ഡിവൈഎസ്പി കെ.കെ.ജോഷ്വ തയ്യാറാക്കിയ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്‌ ഇങ്ങനെയായിരുന്നു:...അന്വേഷണത്തിനിടയില്‍ ശര്‍മ്മ ബാംഗ്ലൂരില്‍ നിന്ന്‌ മുങ്ങിയതായി അറിഞ്ഞു.അഭിഭാഷകനുമൊത്ത്‌ പങ്കജ്‌ ഹോട്ടലില്‍ താമസിക്കുന്നതറിഞ്ഞ്‌ അങ്ങോട്ടു പോകുന്നതിനിടയില്‍ ഹോട്ടലിന്‌ സമീപത്ത്‌ വച്ച്‌ ഞാന്‍ കാണ്ടു.അറസ്റ്റ്‌ ചെയ്ത്‌ കണ്ടോണ്‍മന്റ്‌ സ്റ്റേഷനില്‍ എത്തിച്ചു.ഒപ്പം വന്ന അഭിഭാഷകനെ അറസ്റ്റ്‌ വിവരം ധരിപ്പിച്ചു.പ്രതി കുറ്റം നിഷേധിച്ചു" ചോദ്യവും പറച്ചിലും ഉണ്ടായില്ല മജിസ്ട്രേറ്റിന്റെ വിധി വന്നു: " ഡിസംബര്‍ 12 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്‌.." പോലീസിന്റേയും നീതിപീഠത്തിന്റേയും നീതി നിഷേധവും അസംബന്ധങ്ങളും ശര്‍മ്മയെ ഞെട്ടിച്ചു" ഞാന്‍ നിരപരാധിയാണ്‌.എനിക്കൊന്നും അറിയില്ല.ഡിഐജി സിബി മാത്യു ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഞാന്‍ തിരുവനന്തപുരത്തെത്തിയത്‌.ഐഎസ്‌ആര്‍ഒ എന്താണെന്ന്‌ എനിക്കറിയില്ല.അവിടെയുള്ളവര്‍ക്കും എന്നെ അറിയില്ല.ഇത്‌ ചതിയാണ്‌ .ഞാന്‍ ചാരനല്ല" നീതിപീഠത്തിനപ്പോള്‍ ബധിരകര്‍ണങ്ങളാണുണ്ടായിരുന്നത്‌.മജിസ്ട്രേറ്റ്‌ റിമാന്‍ഡ്‌ ഉത്തരവ്‌ ബഞ്ച്‌ ക്ലാര്‍ക്കിനെ ഏല്‍പ്പിച്ചു.ബഞ്ച്‌ ക്ലാര്‍ക്ക്‌ അടുത്ത്‌ കേസിന്റെ നമ്പര്‍ വിളിച്ചു.പോലീസുകാര്‍ ശര്‍മ്മയെ പ്രതിക്കൂട്ടില്‍ നിന്ന്‌ ബലമായി പിടിച്ചിറക്കി. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി ഒരു നിരപരാധി കൂടി ചാരനാക്കപ്പെട്ടു പിറ്റേന്ന്‌ ദേശഭിമാനി ആ സ്കൂപ്പ്‌ വാര്‍ത്ത വായനക്കാരിലെത്തിച്ചു: " ചാരവൃത്തി:പ്രതിരോധ ശാസ്ത്രജ്ഞനും അറസ്റ്റില്‍" സ്വന്തം ലേഖകന്‍ തിരുവനന്തപുരം:ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പ്രമുഖനായ ഒരു ശാസ്ത്രജ്ഞനെ കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റ്‌ ചെയ്തു.നേരത്തെ ഐഎസ്‌ആര്‍ഒയില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡെവലപ്മന്റ്‌ ലാബോറട്ടറിയില്‍ ഉദ്യോഗസ്ഥനുമായ ബാംഗ്ലൂര്‍ സ്വദേശി എസ്‌.കെ.ശര്‍മ്മയാണ്‌ അറസ്റ്റിലായത്‌.മിസെയില്‍ സാങ്കേതിക വിദ്യ ശത്രു രാജ്യത്തിന്‌ ചോര്‍ത്തി നല്‍കുന്നതില്‍ ശര്‍മ്മ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌..." കേരളകൗമുദി ഒരു പടികൂടി കടന്നാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ "ശര്‍മ്മയുടെ ബാംഗ്ലൂരിലെ വീട്ടിലും ഓഫീസിലും പോലീസ്‌ നടത്തിയ റെയ്ഡില്‍ ചരപ്രവര്‍ത്തനം നടത്തിയതിന്റെ നിരവധി നിര്‍ണായക രേഖകള്‍ പിടികൂടി.ശര്‍മ്മയും ചന്ദ്രശേഖറും പങ്കാളികളായാണ്‌ ബഹിരാകാശ-പ്രതിരോധ ഗവേഷണത്തിനുള്ള സാമഗ്രികള്‍ ഇറക്കുമതി നടത്തിയിരുന്നത്‌.ഇറക്കുമതിയുടെ മറവിലാണ്‌ ഇരുവരും രഹസ്യ രേഖകള്‍ രാജ്യത്തിന്‌ പുറത്തെത്തിച്ചത്‌.ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്‌ പിടിച്ചെടുത്ത രേഖകള്‍.." ഐബിയിലെ വിദ്വാന്മാര്‍ ആടിനെ പട്ടിയാക്കി.പത്രങ്ങള്‍ പട്ടിയെ പേപ്പട്ടിയാക്കി ശര്‍മ്മയെ 'രക്ഷിക്കാന്‍ ' ഐഎസ്‌ഐ എത്തുന്നു ( അവലംബം:ജെ.രാജശേഖരന്‍ നായരുടെ "സ്പൈസ്‌ ഫ്രം സ്പേസ്‌: ദ്‌ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ്‌")

No comments: