Sunday, November 29, 2009

26/11 : ഈ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണം


ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌. കഴിഞ്ഞവര്‍ഷം നവംബറില്‍ മുംബൈയില്‍ ഭീകരവാദികള്‍ക്ക്‌ നുഴഞ്ഞുകയറാനും ആക്രമണം അഴിച്ചുവിടാനും തദ്ദേശീയമായ സഹായം ലഭിച്ചിരുന്നു. ഈ സഹായം നല്‍കിയവരില്‍ മുംബൈ പോലീസിലെ ഉന്നതന്‍മാരും ഉള്‍പ്പെടുന്നില്ലേ എന്ന്‌ സംശയമാണ്‌ വിനീതയുടെ പുസ്തകം ശക്തമാക്കുന്നത്‌. അധികാര രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്‌. ഭരണകൂടത്തിന്റെ ഭീകരതകളാണ്‌ ഈ ഉള്ളറകളില്‍ സജീവമായി നില്‍ക്കുന്നത്‌. പൗരനും അവന്റെ ജീവനും മൗലീകമായ അവകാശങ്ങളും; രാജ്യരക്ഷയ്ക്കായി, ജീവനു മീതെ കര്‍തവ്യബോധം പ്രതിഷ്ഠിച്ച്‌ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമൊക്കെ ഇവിടെ ചതിക്കുഴികളിലും ചോരക്കെണികളിലും വീഴ്ത്തപ്പെടുകയാണ്‌ആതിരേ,26/11 സ്മരണയുടെ ഹാങ്ങോവറിലാണ്‌ ഇന്ത്യ ഇപ്പോഴും. അന്ന്‌ ഭീകരവാദികളുടെ തോക്കിനിരയായ നിരപരാധികളെയും അവരെ ചെറുത്ത്‌ നില്‍ക്കാനും തുരത്താനുമുള്ള ശ്രമത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച പോലീസ്‌ - കമാന്റോ ഫോഴ്സ്‌ അംഗങ്ങളെയും അഭിമാനപൂര്‍വം, ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സ്മരിച്ചപ്പോഴും, ഇനിയുമൊരു 26/11 ന്റെ സാധ്യതയിലും ഭയപ്പാടിലുമായിരുന്നു മുംബൈയിലേതടക്കമുള്ള ഇന്ത്യയിലെ സാധാരണക്കാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വാക്കാലുള്ള ഉറപ്പുകൊണ്ട്‌ മാറുന്നതല്ല ഈ ഭയസംക്രമങ്ങള്‍.
ഇതിന്റെ ആഘാതം ഇരട്ടിപ്പിക്കുന്നതാണ്‌ വിനീതാ കാംതെയുടെ 'ടു ദ ലാസ്റ്റ്‌ ബുള്ളറ്റ്‌' എന്ന ഗ്രന്ഥം. മുംബൈ ഭീകരാക്രമണത്തോട്‌ പ്രതികരിച്ചതില്‍ പോലീസിന്‌ സംഭവിച്ച വീഴ്ചകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ ഈ ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍. വിവരാവകാശ നിയമപ്രകാരം മുംബൈ പോലീസ്‌ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എന്നുവരുമ്പോഴാണ്‌ 26/11ന്റെ അറിയാത്ത കഥകള്‍ വായിച്ച്‌ നാം ഞെട്ടിപ്പോകുന്നത്‌. അന്ന്‌ ഭീകരതയ്ക്കെതിരായി ജീവന്‍ നല്‍കിയ ധീരതയെ 'തന്ത്രപരമായ പിഴവും' 'മണ്ടത്തരവുമായി' ചിത്രീകരിക്കുന്നിടത്തുതന്നെ പോലീസിന്റെയും സര്‍ക്കാരിന്റെയും കള്ളക്കളി അടയാളപ്പെടുത്തുന്നുണ്ട്‌.
അന്ന്‌ ചതിക്കെണിയില്‍ പെട്ട്‌ ഭീകരവാദികളുടെ ബുള്ളറ്റിനിരയായ മുംബൈ അഡീഷണല്‍ കമ്മീഷണര്‍ ഓഫ്‌ പോലീസ്‌ അശോക്‌ കാംതെയുടെ വിധവയാണ്‌ വിനീത കാംതെ. വിധവകള്‍ നിശ്ശബ്ദം വിലപിക്കാനെ പാടുള്ളു എന്നും എല്ലാ അനുശോചനങ്ങളും മൂകമായി സ്വീകരിക്കുകയേ മാര്‍ഗ്ഗമുള്ളു എന്നും ഒരിക്കലും ചോദ്യങ്ങള്‍ ചോദിക്കുകയോ ഉത്തരങ്ങള്‍ തിരയുകയോ ചെയ്യരുതെന്നുമുള്ള പരമ്പരാഗത ചിന്താഗതിയെ വെല്ലുവിളിച്ചുകൊണ്ടാണ്‌ മുംബൈ പോലീസിനെയും കേന്ദ്രസര്‍ക്കാരിനെയും വിയര്‍പ്പിക്കുന്ന ചോദ്യങ്ങള്‍ 'ടു ദ ലാസ്റ്റ്‌ ബുള്ളറ്റ്‌' എന്ന ഗ്രന്ഥത്തില്‍ വിനീത കാംതെ ഒന്നൊന്നായി നിരത്തുന്നത്‌.
അന്ന്‌ കൊല്ലപ്പെട്ട അശോക്‌ കാംതെ, ഹേമന്ദ്‌ കാര്‍ക്കറെ, വിജയ്‌ സലാസ്കര്‍ തുടങ്ങിയ സമര്‍ത്ഥരായ പോലീസ്‌ ഉദ്യോഗസ്ഥര്‍ ഒരു ചതിക്കെണിയിലാണ്‌ പെട്ടതെന്ന്‌ സാഹചര്യതെളിവുകള്‍ നിരത്തി വിനീത കാംതെ ആരോപിക്കുമ്പോള്‍ , ആതിരേ, അതിന്‌ മറുപടി നല്‍കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുകയാണ്‌ മുംബൈ പോലീസ്‌ അധികൃതരും കേന്ദ്രസര്‍ക്കാരും. ഈ നിസ്സഹായവസ്ഥ, ചില സത്യങ്ങള്‍ തമസ്കരിക്കുന്ന ഗൂഢ വിദ്യയാണെന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ കഴിഞ്ഞദിവസം നമ്മുടെ ഭരണാധികാരികള്‍ നടത്തിയ അനുശോചന പ്രകടനം എത്രമാത്രം അന്തസാരശൂന്യവും ചതി നിറഞ്ഞതുമാണെന്ന്‌ തിരിച്ചറിയുക.
ഈ മൂന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥരും സാധാരണക്കാരായിരുന്നില്ല. അവരവരുടെ മേഖലകളില്‍ യഥാര്‍ത്ഥ 'പുലികള്‍' തന്നെയായിരുന്നു. നക്സലുകള്‍ക്കെതിരായ പോരാട്ടത്തിന്‌ നേതൃത്വം കൊടുത്തിട്ടുള്ള, ബോസ്നിയയില്‍ യുഎന്‍ രക്ഷാസമിതിയില്‍ മികവ്‌ കാട്ടിയ, ഒട്ടേറെ കലാപങ്ങളെ നേരിട്ടിട്ടുള്ള പോലീസ്‌ ഓഫീസറായിരുന്നു അശോക്‌ കാംതെ. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്നു ഹേമന്ദ്‌ കാര്‍ക്കറെ. മുംബൈ പോലീസിലെ ഏറ്റവും സമര്‍ത്ഥനായ പോരാട്ട വിദഗ്ധനായിരുന്നു വിജയ്‌ സലാസ്കര്‍. ഇവര്‍ ഉള്‍പ്പെടുന്ന സംഘം 'കാമാ' ആശുപത്രിക്ക്‌ സമീപം ഭീകരരുടെ ചതിക്കുഴയില്‍ വീണു എന്നാണ്‌ വിനീത കാംതെ ഉറച്ച്‌ വിശ്വസിക്കുന്നത്‌. അതെങ്ങനെ സംഭവിച്ചു എന്നതിന്റെ ഉത്തരം തേടുകയാണ്‌ 'ടു ദ ലാസ്റ്റ്‌ ബുള്ളറ്റ്‌' എന്ന ഗ്രന്ഥത്തിലൂടെ.
മുംബൈ പോലീസിലെ ഉന്നതര്‍ തന്നെയായിരുന്നു ഈ മൂന്ന്‌ സമര്‍ത്ഥരായ പോലീസ്‌ ഉദ്യോഗസ്ഥരെയും ചോരക്കുഴിയില്‍ ചതിച്ചുവീഴ്ത്തിയതെന്നാണ്‌ പിന്നീടുണ്ടായ സംഭവങ്ങളില്‍ നിന്ന്‌ വിനീത കാംതെ വായിച്ചെടുക്കുന്നത്‌. ഭര്‍ത്താവിന്റെ മരണശേഷം ഇന്‍ഷൂറന്‍സും മറ്റും ലഭിക്കുന്നതിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി ചോദിച്ചപ്പോള്‍ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടില്‍ നിന്നാണ്‌ നിയമ ബിരുദാനന്ദര ബിരുദ ദാരിണിയായ വിനീത ആരൊക്കെയോ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നത്‌ സംശയിച്ചു തുടങ്ങിയത്‌. അതിന്റെ മറ്റൊരു തെളിവാണ്‌ പാക്‌ ഭീകരരില്‍ പോലീസിന്‌ ജീവനോടെ പിടികൂടാനായ അജ്മല്‍ കസബിനെ വെടിവെച്ച്‌ നിരായുധനാക്കിയത്‌ കാംതെയാണെന്ന്‌ സമ്മതിക്കാന്‍ മുംബൈ പോലീസിന്‌ ഒരു മാസം വേണ്ടിവന്നത്‌.
മുംബൈ പോലീസ്‌ അവരുടെ പരിമിതികള്‍ മറയ്ക്കാന്‍ കാംതെയുടെയും കാര്‍ക്കറെയുടെയും സലാസ്കറുടെയും മരണം മറയാക്കുകയാണെന്ന്‌ വിനീത കാംതെ വിശ്വസിക്കുന്നു. ഇതിന്‌ ഉപോത്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌ കസബിനെതിരെ പോലീസ്‌ നല്‍കിയ കുറ്റപത്രവും വിവിധ പോലീസ്‌ ഓഫീസര്‍മാര്‍ അന്ന്‌ നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളുമാണ്‌.
മുംബൈ പൂര്‍വ്വമേഖലയുടെ ചുമതലയുണ്ടായിരുന്ന കാംതെയെ പോലീസ്‌ കമ്മീഷണര്‍ ഹസന്‍ ഗഫൂര്‍ നേരിട്ട്‌ വിളിച്ച്‌ ട്രൈഡന്റ്‌ ഹോട്ടലിലേക്ക്‌ പോകാനാണ്‌ ആവശ്യപ്പെട്ടത്‌. ഈ വിവരം ഫോണിലൂടെ കാംതെ വിനീതയെ അറിയിച്ചിരുന്നു. ട്രെയിന്റിലേക്ക്‌ പോകുന്നതായി പറഞ്ഞ കാംതെ എങ്ങനെ കാമാ ആശുപത്രിക്ക്‌ സമീപം കൊല്ലപ്പെട്ടു എന്നതാണ്‌ വിനീത ഉന്നയിക്കുന്ന മുഖ്യമായ ചോദ്യം. പോലീസ്‌ കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ്‌ കമ്മീഷണര്‍ രാഗേഷ്‌ മരിയ ആവശ്യപ്പെട്ടിട്ടാണ്‌ കാമാ ആശുപത്രിയിലേക്ക്‌ പോയതെന്ന്‌ കാംതെ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം രാഗേഷ്‌ മരിയ നിഷേധിക്കുകയാണ്‌.
കാമാ ആശുപത്രിയുടെ സമീപം ഭീകരവാദികളെ നേരിടുന്ന നടപടിക്ക്‌ കൂടുതല്‍ സേന ആവശ്യമാണെന്ന്‌ കാര്‍ക്കറെ 11.30ന്‌ കണ്‍ട്രോണ്‍ റൂമില്‍ ആവശ്യപ്പെട്ടിരുന്നു. പതിനഞ്ച്‌ മിനിട്ടിന്‌ ശേഷം ഭീകരര്‍ ഒരു പോലീസുകാരനെ വധിച്ചതറിഞ്ഞ കാര്‍ക്കറെ കൂടുതല്‍ സേന എത്തിയെന്ന വിശ്വാസത്തിലാണ്‌ ഭീകരരെ നേരിട്ടതെന്നും സമയത്ത്‌ കൂടുതല്‍ സേന എത്തിയിരുന്നെങ്കില്‍ മുംബൈ പോലീസിനെ ഏറ്റവും മികച്ച മൂന്ന്‌ ഓഫീസര്‍മാരുടെ ജീവന്‍ രക്ഷിമായിരുന്നു എന്നും വിനീത ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്നു.
വേണ്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും മുംബൈ പോലീസിന്റെ ഭാഗത്ത്‌ വന്‍ വീഴ്ചയാണ്‌ ഉണ്ടായതെന്ന്‌ വിനീത കാംതെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്ന സലാസ്കര്‍ക്ക്‌ കൃത്യസമയത്ത്‌ നല്ല വൈദ്യസഹായം ലഭിച്ചിരുന്നെങ്കില രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നും വിനീത വിശ്വസിക്കുന്നു.
ഈ മൂന്ന്‌ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ട ശേഷം അതുവഴി കടന്നുപോയ പോലീസ്‌ വാഹനം നിര്‍ത്താതിരുന്നതിലും ദുരൂഹതയുണ്ടെന്ന്‌ വിനീത ആരോപിക്കുന്നു. എന്നുമാത്രമല്ല മുംബൈയെയും ഇന്ത്യയെയും 60 മണിക്കൂര്‍ ഭീകരവാദികള്‍ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ ചുമതലപ്പെട്ട ഉന്നതരില്‍ ചിലര്‍, ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ച്‌ സുരക്ഷിതത്വത്തിലേക്ക്‌ തലവലിക്കുകയായിരുന്നു എന്നും വിനീതയുടെ പുസ്തകം ആരോപിക്കുന്നു.
വിനീതയുടെ ഈ പരാമര്‍ശങ്ങളുടെ പേരില്‍ ക്രൈംബ്രാഞ്ച്‌ മേധാവിയായ രാഗേഷ്‌ മരിയ രാജിക്കൊരുങ്ങി എന്നൊരു വാര്‍ത്തയും പ്രചരിക്കുന്നു. പ്രധാന കണ്‍ട്രോള്‍ റൂം നിയന്ത്രിച്ചിരുന്ന മരിയ കാമാ ആശുപത്രിയിലേക്ക്‌ പോകാന്‍ കാംതെയ്ക്ക്‌ നിര്‍ദേശം നല്‍കിയ സംഭവം എന്തുകൊണ്ടാണ്‌ നിഷേധിച്ചതെന്ന ചോദ്യമാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്‌. വിനീതയുടെ ആരോപണങ്ങളില്‍ ആഭ്യന്തരമന്ത്രാലയം നിലപാട്‌ വ്യക്തമാക്കുന്നില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നാണ്‌ മരിയ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‌ നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്‌.
ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌ അതിരേ. കഴിഞ്ഞവര്‍ഷം നവംബറില്‍ മുംബൈയില്‍ ഭീകരവാദികള്‍ക്ക്‌ നുഴഞ്ഞുകയറാനും ആക്രമണം അഴിച്ചുവിടാനും തദ്ദേശീയമായ സഹായം ലഭിച്ചിരുന്നു. ഈ സഹായം നല്‍കിയവരില്‍ മുംബൈ പോലീസിലെ ഉന്നതന്‍മാരും ഉള്‍പ്പെടുന്നില്ലേ എന്ന്‌ സംശയമാണ്‌ വിനീതയുടെ പുസ്തകം ശക്തമാക്കുന്നത്‌. അധികാര രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്‌. ഭരണകൂടത്തിന്റെ ഭീകരതകളാണ്‌ ഈ ഉള്ളറകളില്‍ സജീവമായി നില്‍ക്കുന്നത്‌. പൗരനും അവന്റെ ജീവനും മൗലീകമായ അവകാശങ്ങളും; രാജ്യരക്ഷയ്ക്കായി, ജീവനു മീതെ കര്‍തവ്യബോധം പ്രതിഷ്ഠിച്ച്‌ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമൊക്കെ ഇവിടെ ചതിക്കുഴികളിലും ചോരക്കെണികളിലും വീഴ്ത്തപ്പെടുകയാണ്‌ . നിലനില്‍പ്പിനുവേണ്ടി, അധികാരത്തിനുവേണ്ടി ഏത്‌ ക്രൂരതയും നടത്താന്‍ ഭരണകൂടത്തിലെ വിവിധ സ്ഥാപനങ്ങളും അതിന്റെ മേധാവികളും തയ്യാറാകുമെന്ന തിരിച്ചറിവിനെ നിണം പുരട്ടി പൊതു സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കുകയാണ്‌ വിനീത കാംതെ വെളിപ്പെടുത്തുന്ന വാസ്തവങ്ങള്‍.
ഭീകരവാദത്തിനെതിരെയും ശക്തമാക്കിയ സുരക്ഷയെ കുറിച്ചും വാനോളം സംസാരിക്കുന്ന ഭരണാധികാരികള്‍ വിനീത കാംതെയുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്‌. അല്ലെങ്കില്‍ ഭീകരവാദികള്‍ നടത്തിയതിലും ക്രൂരമായ ചതിക്കളി മുംബൈ പോലീസിന്റെ ഭാഗത്തു നിന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു എന്ന്‌ ചരിത്രം പില്‍ക്കാലത്ത്‌ രേഖപ്പെടുത്തും; സംശയമില്ല,ആതിരേ.

Friday, November 27, 2009

പുതിയ കൊഞ്ഞാണത്തവുമായി ദിവാകരന്‍ മന്ത്രി


രണ്ടുവര്‍ഷം മുമ്പ്‌ അരിവില വര്‍ദ്ധിച്ചപ്പോള്‍ മുട്ടയും പാലും കോഴിയിറച്ചിയും എന്ന (അന്റി ) തിയറി മുന്നോട്ട്‌ വച്ച്‌ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ട അതേ തന്ത്രം വീണ്ടും എടുത്ത്‌ പയറ്റുകയാണ്‌ ദിവാകരന്‍ മന്ത്രി. വിലവര്‍ദ്ധനയ്ക്ക്‌ കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാഖ്യാനം ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു മനസ്സിലാക്കിയിട്ടാണ്‌ തങ്ങളുടെ കഴിവുകേടും അതുമൂലം സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രമക്കേടും മൂടിവെയ്ക്കാന്‍ ഇത്തരം കൊഞ്ഞാണത്തങ്ങളുമായി ദിവാകരന്‍ മന്ത്രി വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.എന്തെല്ലാം കുറവുകളുണ്ടെങ്കിലും ആതിരേ, വി.എസ്‌. അച്യുതാന്ദന്റെ മന്ത്രിസഭയിലെ പുംഗവന്മാരെല്ലാം കേരളീയരെ വിഡ്ഢിവേഷം കെട്ടിക്കാന്‍ വിരുതുള്ള കൊഞ്ഞാണന്മാരാണ്‌. നാക്കിന്‌ എല്ലില്ലാത്തകുകൊണ്ട്‌ വായില്‍ തോന്നുന്നതെല്ലാം വിളിച്ചുകൂവാന്‍ ലജ്ജയില്ലാത്ത ദിവാകരന്മാരും സുധാകരന്മാരും ബേബിമാരും ശ്രീമതിമാരുമാണ്‌..! കുറെനാളെയായി 'വാമൊഴിവഴക്കത്തിന്റെ ആശാന്‍' മന്ത്രി ജി. സുധാകരന്‍ മൗനവ്രതത്തിലാണ്‌. അതുകൊണ്ട്‌ കൊഞ്ഞാണത്തങ്ങളൊന്നും കേള്‍ക്കാനില്ലായിരുന്നു. ബേബിയും ശ്രീമതിയും നടത്തിയ ബുദ്ധിശൂന്യ പ്രഖ്യാപനങ്ങള്‍ക്കൊന്നും ആ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞതുമില്ല.
എന്നാല്‍ ദിവാകരന്‍ മന്ത്രി വീണ്ടും വാ തുറന്നതോടെ കൊഞ്ഞാണത്തരത്തിന്‌ അന്ത്യമായിട്ടില്ലെന്ന്‌ വ്യക്തമായി.കൊഞ്ഞാണത്തം നിറഞ്ഞ അഞ്ചു കണ്ടുപിടുത്തങ്ങളാണ്‌ ദിവാകരന്‍ മന്ത്രി 'വഹ'യായി പുറത്തു വന്നത്‌
കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക്‌ വിലക്കയറ്റമുണ്ടെന്ന്‌ പത്രങ്ങള്‍ വെറുതെ എഴുതുന്നതാണെന്നാണ്‌ ആതിരേ, ദിവാകരന്‍ മന്ത്രിയുടെ ആദ്യത്തെ കണ്ടുപിടുത്തം. അരവില ഒന്നോ രണ്ടോ രൂപ കൂടിയാലും ആളുകള്‍ക്ക്‌ പ്രയാസമില്ല. അതാണ്‌ രണ്ടാമത്തെ കണ്ടുപിടുത്തം. ആളുകളുടെ കൈയ്യില്‍ പണമുണ്ട്‌. അവര്‍ക്ക്‌ വിലകൂടിയാലും നല്ല ഭക്ഷണം കിട്ടിയാല്‍ മതി. അതാണ്‌ ഹോട്ടലുകളില്‍ ഇത്ര തിരക്ക്‌ കൂടാന്‍ കാരണം. ഇത്‌ മൂന്നാമത്തെ കണ്ടുപിടുത്തം. ഭക്ഷണം കഴിക്കാന്‍ വരുന്നവരും ഹോട്ടലുകാരും തമ്മില്‍ ബില്ലിന്റെ പേരില്‍ എവിടെയെങ്കിലും തര്‍ക്കമുണ്ടായിട്ടുണ്ടോ? ഇത്‌ നാലാമത്തെ കണ്ടുപിടുത്തം. എന്നിട്ടും പത്രക്കാര്‍ വെറുതെ തീവില... തീവില എന്ന്‌ എഴുതുകയാണ്‌. ഇത്‌ അഞ്ചാമത്തെ കണ്ടുപിടുത്തം. തൃശ്ശൂരില്‍ മണ്ണെണ്ണ മൊത്തവ്യാപാരികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ്‌ ഈ കൊഞ്ഞാണത്തങ്ങള്‍ ദിവാകരന്‍ മന്ത്രി വിളമ്പിയത്‌. മേമ്പൊടിയായി ഇത്രയും കൂടി പറഞ്ഞുവച്ചു: ഞാന്‍ ഒന്നുമറിയാത്ത മന്ത്രിയാണെന്ന്‌ ആരും കരുതണ്ട.'
കേരളീയര്‍ക്ക്‌ നന്നായി അറിയാവുന്ന 'മാന്യ മഹാരാജരാജശ്രീ'യാണ്‌ ദിവാകരന്‍ മന്ത്രി. മന്ത്രി മന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചിലവിട്ടതും പിന്നെ ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെ അതുപേക്ഷിച്ചതും വീട്ടിലെ പട്ടിക്ക്‌ പനി പിടിച്ചപ്പോള്‍ മൃഗസംരക്ഷണ ഡയറക്ടറെക്കൊണ്ടു തന്നെ ചികിത്സിപ്പിച്ചതും അരി ഇല്ലെങ്കില്‍ എന്താ രണ്ടുമുട്ടയും പാലും കോഴിയിറച്ചിയും കഴിച്ചാല്‍ പോരേ എന്ന്‌ ചോദിച്ചതുമെല്ലാം കോള്‍മയിരോടുകൂടിയാണ്‌ ആതിരേ, കേരളീയര്‍ എന്നും ഓര്‍ക്കുന്നത്‌.
നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനയില്‍ കേരളം പിടയുമ്പോഴാണ്‌ ദിവാകരന്‍ മന്ത്രിയുടെ ഈ വിളയാട്ടം. വിവരക്കേടിന്‌ ഇങ്ങനെയും ഒരു ആള്‍രൂപം ഉണ്ടെന്ന്‌ ഇപ്പോള്‍ കേരളീയര്‍ക്ക്‌ ബോദ്ധ്യമായി.വിപ്ലവവായാടിത്തം പുലമ്പുകയും എല്ലാ അധോലോക മഫിയകളുമായി കൈകോര്‍ക്കുകയും ചെയ്ത്‌ സുഖലോലുപ ജീവിതം നയിക്കുന്ന ദിവാകരന്‍ മന്ത്രിക്ക്‌ ഇത്തരം കൊഞ്ഞാണത്തങ്ങള്‍ തോന്നിയില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതി.
ആതിരേ, സാധാരണക്കാരന്റെ കുടുംബജബജറ്റ്‌ താറുമാറാക്കി ,നിത്യജീവിതം വഴിമുട്ടിക്കുന്ന തലത്തിലോളം വിലക്കയറ്റം എത്തിയിട്ടും അതൊന്നും കേരളീയര്‍ക്ക്‌ പ്രശ്നമല്ല എന്നു പറയുന്ന ഈ പുംഗവനെ പൂവിട്ടു പൂജിക്കുക തന്നെ വേണം. അരിക്കും പഞ്ചസാരയ്ക്കും പച്ചക്കറിക്കും തുടങ്ങി മുട്ടയ്ക്കും മരുന്നിനും വരെ വിലകുതിച്ചുകയറുമ്പോഴാണ്‌ ദിവാകരന്‍ മന്ത്രി കേരളീയരെ വിഡ്ഢികളാക്കാന്‍ ഒരിക്കല്‍ കൂടി വാ തുറന്നിരിക്കുന്നത്‌.
കേന്ദ്രസര്‍ക്കാരിന്റെ കണക്ക്‌ അനുസരിച്ച്‌ ഭക്ഷ്യവസ്തുക്കള്‍ക്ക്‌ 15ശതമാനം വില വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌. എന്നാല്‍ വിപണിവൃത്തങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്‌ ഈ വര്‍ഷം അവശ്യസാധനങ്ങളുടെ വില വര്‍ദ്ധന 30ശതമാനത്തിലേറെ എന്നാണ്‌.
ഓണത്തിനുശേഷം നേരിയ ആശ്വാസം ഉണ്ടായെങ്കിലും പിന്നീട്‌ അങ്ങോട്ട്‌ വില കുതിച്ചുകയറുകയാണ്‌. പഞ്ചസാര കിലോഗ്രാമിന്‌ 36 വരെ എത്തി. അരിക്ക്‌ വീണ്ടും വില കൂടുകയാണ്‌. അടുത്തമാസം ആന്ധ്രയില്‍ ലെവി എടുപ്പാണ്‌. അതോടെ വില വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയില്ല. ഇതിനിടക്ക്‌ കനത്ത മഴമൂലം വന്‍തോതില്‍ കൃഷി നാശമുണ്ടായതും അരിവിലവര്‍ദ്ധിക്കാന്‍ കാരണമാകും. 20 രൂപയാണ്‌ ഒരു കിലോ അരിയുടെ മൊത്തവ്യാപാരവില. പായ്ക്കറ്റിലാക്കി ബ്രാന്‍ഡു ചെയ്തു വില്‍ക്കുന്നവയ്ക്ക്‌ 25 രൂപയായി. പയര്‍വര്‍ഗ്ഗങ്ങള്‍ക്ക്‌ വില ഇരട്ടിച്ചു. കേട്ടാല്‍ പൊട്ടുന്ന വിലയാണ്‌ മുട്ടയ്ക്ക്‌.
ശബരിമല സീസണായതോടെ പച്ചക്കറികള്‍ക്കും തീവിലയായി. സാധാരണ ഈ തീര്‍ത്ഥാടന കാലത്ത്‌ പച്ചക്കറികളുടെ വില വര്‍ദ്ധിക്കുകയും മത്സ്യത്തിന്റെയും മാംസത്തിന്റെയും വില കുറയുകയുമാണ്‌ രീതി. ഇക്കുറി ഒന്നിനും വില കുറയുന്നില്ല. മറിച്ച്‌ വച്ചടികയറ്റമാണ്‌.
കേരളത്തില്‍ അവശ്യ സാധനങ്ങള്‍ എത്തുന്ന ഉല്‍പാദനമേഖലകളെല്ലാം ആതിരേ, വിലക്കയറ്റത്തിന്റെ പിടിയിലാണ്‌. ഇങ്ങനെ സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത വിധം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോള്‍ വിപണിയില്‍ ഇടപെട്ട്‌ വില വര്‍ദ്ധന തടയേണ്ട മന്ത്രിയാണ്‌ മേല്‍പ്പറഞ്ഞ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച്‌ വായ്നാറ്റം പരത്തിയതെന്നോര്‍ക്കണം.. ബക്രീദ്‌ - ക്രിസ്മസ്‌ സീസണായതോടെ വില വീണ്ടും കുതിച്ചുകയറുമെന്നാണ്‌ വിപണി വൃത്തങ്ങള്‍ പ്രവചിക്കുന്നത്‌.
എന്നാല്‍ ഈ പ്രതിഭാസം ദിവാകരന്‍ മന്ത്രിയും മന്ത്രിസഭയും മാത്രം അറിയുന്നില്ല. അതേ സമയം വില വര്‍ദ്ധനയ്ക്ക്‌ കേന്ദ്രസര്‍ക്കാരിനെ പഴിചാരി മുഖം രക്ഷിക്കാന്‍ മന്ത്രിമാര്‍ക്കെല്ലാം വല്ലാത്ത ഉത്സാഹവുമാണ്‌.
ആതിരേ,സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്‌ വില്‍പനശാലകള്‍ വഴിയാണ്‌ കേരളത്തില്‍, സര്‍ക്കാര്‍ , പ്രധാനമായും അവശ്യസാധനങ്ങള്‍ വിറ്റഴിക്കുന്നത്‌. പൊതുവിപണിയിലെ വില വര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ ബാദ്ധ്യതയുള്ള ഈ രണ്ടു സംവിധാനങ്ങളും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്‌. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും അതിനനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കാനും ഉള്ള വിവേകം മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു തലവന്മര്‍ക്കും ഉണ്ടെങ്കില്‍ മാത്രമേ ക്രിയാത്മകമായി വിപണിയില്‍ ഇടപെട്ട്‌ വില വര്‍ദ്ധന തടയാന്‍ കഴിയൂ. അതിനു ശ്രമിക്കാതെ ഇടനിലക്കാര്‍ക്ക്‌ അവസരം നല്‍കി അതിന്റെ കമ്മീഷന്‍ അടിച്ചുമാറ്റാനാണ്‌ കേരളത്തില്‍ ഇപ്പോള്‍ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ ബാദ്ധ്യതയുള്ളത്‌ ഹോര്‍ട്ടി കോര്‍പ്പിനാണ്‌. ആ സംവിധാനവും കേരളീയര്‍ക്ക്‌ നേരെ കൊഞ്ഞനം കുത്തി നില്‍ക്കുകയാണ്‌. ഈ മുന്നു വില്‍പന കേന്ദ്രങ്ങളുടെ ഔട്ട്ലെറ്റുകളില്‍ പോലും സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതേയുള്ളു കുറയുന്നില്ല. വിലക്കുറവുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്‌ നിലവാരം കാണുകയുമില്ല. ഇത്‌ ഉപഭോക്താക്കളുടെ മേലുള്ള രണ്ടാം കുതിരകയറ്റമാണ്‌. ഹോര്‍ട്ടി കോര്‍പ്പിന്റെ പലവില്‍പനശാലകളിലും അവശ്യം വേണ്ട പച്ചക്കറികള്‍ ഇല്ല എന്നതാണ്ൂ‍ട്ടും പച്ചപ്പില്ലാത്ത വാസ്തവം.
ആതിരേ,കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ പച്ചക്കറി സംഭരിക്കാനാണ്‌ ഹോര്‍ട്ടി കോര്‍പ്‌ രൂപീകരിച്ചതെങ്കിലും തിരുവനന്തപുരത്തെ ചാലക്കമ്പോളം പോലെയുള്ള പൊതുകമ്പോളങ്ങളില്‍ നിന്ന്‌ പച്ചക്കറി വാങ്ങിയാണ്‌ ഹോര്‍ട്ടി കോര്‍പ്‌ അതിന്റെ വില്‍പനശാലകള്‍ വഴി വിപണം ചെയ്യുന്നത്‌. ഇതിനു പിന്നിലെ കമ്മീഷന്‍ കളി ആര്‍ക്കും മനസ്സിലാകുന്നില്ല എന്നാണ്‌ ആതിരേ, ദിവാകരന്‍ മന്ത്രിയുടെ ദിവാസ്വപ്നം. ഈ ദിവാസ്വപ്നം കണ്ടുകൊണ്ടാണ്‌ അരിവില വര്‍ദ്ധിക്കുന്നതുകൊണ്ട്‌ കേരളീയര്‍ക്ക്‌ ആര്‍ക്കും പ്രശ്നമില്ലെന്ന്‌ പ്രഖ്യാപിക്കുന്നത്‌. മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയും അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്ക്‌ വരുമാനം കൂടാനും കൂട്ടാനും നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. ആ മാര്‍ഗ്ഗങ്ങളെല്ലാം കൗശലപൂര്‍വ്വം ഇവരെല്ലാം ഉപയോഗിക്കുന്നുമുണ്ട്‌. ഇനി അത്‌ നടന്നില്ലെങ്കിലും പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായും ആനുകൂല്യങ്ങളായും മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന അവരെ ബാധിക്കാറില്ല. ഈ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന വിഡ്ഢിസ്വര്‍ഗ്ഗത്തിലിരുന്ന്‌ ദിവാകരന്‍ മന്ത്രി ഇത്തരം ഉളുപ്പില്ലായ്മകള്‍ എഴുന്നള്ളിക്കുമ്പോള്‍ കേരളത്തില്‍ പിറന്നു പോയതോര്‍ത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക്‌ വോട്ട്‌ ചെയ്തതോര്‍ത്തും സ്വയം ശപിക്കുകയാണ്‌ കേരളീയര്‍. ആതിരേ, സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുകയറിയിട്ടും ജനം സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ട്‌ സ്വര്‍ണ്ണ വില വര്‍ദ്ധന അവര്‍ക്ക്‌ പ്രശ്നമല്ല എന്ന്‌ ഏതൊങ്കിലും ഒരു വിഡ്ഢി പറഞ്ഞാല്‍ തീര്‍ച്ചയായും അയാളെ കുതിരവട്ടത്തോ ഊളമ്പാറയിലോ ചികിത്സയ്ക്ക്‌ അയയ്ക്കേണ്ടതാണ്‌. ഇത്തരത്തില്‍ ചികിത്സ ലഭിക്കേണ്ടവരില്‍ ചിലരൊക്കെയാണ്‌ വി.എസ്‌. മന്ത്രിസഭയില്‍ ജനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടുന്ന പല വകുപ്പുകളും ഭരിക്കുന്നത്‌. ഇവരുടെ ഈ മുടിഞ്ഞ ഭരണമാണ്‌ വിലവര്‍ദ്ധനയേക്കാള്‍, വിദ്യാഭ്യാസത്തിന്‌ സൗകര്യമില്ലാത്തിതിനേക്കാള്‍ ചികിത്സിക്കാന്‍ നല്ല സംവിധാനമില്ലാത്തതിനേക്കാള്‍ അസഹനീയം.
കേള്‍ക്കാതിരേ, രണ്ടുവര്‍ഷം മുമ്പ്‌ അരിവില വര്‍ദ്ധിച്ചപ്പോള്‍ മുട്ടയും പാലും കോഴിയിറച്ചിയും എന്ന ( ആന്റി ) തിയറി മുന്നോട്ട്‌ വച്ച്‌ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ട അതേ തന്ത്രം വീണ്ടും എടുത്ത്‌ പയറ്റുകയാണ്‌ ദിവാകരന്‍ മന്ത്രി. വിലവര്‍ദ്ധനയ്ക്ക്‌ കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാഖ്യാനം ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു മനസ്സിലാക്കിയിട്ടാണ്‌ തങ്ങളുടെ കഴിവുകേടും അതുമൂലം സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രമക്കേടും മൂടിവെയ്ക്കാന്‍ ഇത്തരം കൊഞ്ഞാണത്തരങ്ങളുമായി ദിവാകരന്‍ മന്ത്രി വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.
ജനഹിതം സംരക്ഷിക്കാനല്ല,മറിച്ച്‌ അധോലോകഭീകരന്മാരുടെയും മൂലധനചൂഷകരുടെയും ഭൂമിമാഫിയയുടെയും ഒക്കെ താല്‍പര്യം സംരക്ഷിക്കാനാണ്‌ ഇപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ ഭരണം കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നത്‌. അവരില്‍ നിന്ന്‌ ഇതുപോലെയുള്ള സമീപനം ഉണ്ടായില്ലെങ്കില്‍ ദീര്‍ഘനിശ്വാസം വിട്ടാല്‍ മതിയല്ലോ . ജനാധിപത്യത്തിന്റെ നിലനില്‍പിന്‌ സമ്മതിദാനവും സംസ്ഥാനത്തിന്റെ നിലനില്‍പിന്‌ നികുതിയും നല്‍കുന്ന സാധാരണക്കാരന്റെ പിടലിക്കാണ്‌ ആതിരേ,ദിവാകരന്‍ മന്ത്രിയെ പോലുള്ളവരുടെ പ്രസ്താവനാമലവിസര്‍ജനം.
ദിവാകരന്‍ മന്ത്രി ഒരു കാര്യം ഓര്‍ക്കുന്നത്‌ നന്ന്‌., തെരുവുവേശ്യ സുരക്ഷിതത്വത്തിനായി വാങ്ങുന്ന കോണ്ടത്തിനും കുഷ്ഠരോഗി വേദന മറക്കാന്‍ കുടിക്കുന്ന മദ്യത്തിനും തെരുവിലുറങ്ങുന്നവന്‍ വിശപ്പ്‌ മറക്കാന്‍ വലിക്കുന്ന ബീഡിക്കും നല്‍കുന്ന പണത്തില്‍ നിന്ന്‌ ഊറ്റിയെടുക്കുന്ന നികുതി കൂടി ചേരുന്നതാണ്‌ ശമ്പളമായും ആനുകൂല്യമായും താങ്കള്‍ കൈപ്പറ്റുന്നത്‌. എന്നിട്ടിത്തരം പിതൃരാഹിത്യങ്ങള്‍ വിളമ്പിമ്പോള്‍ അതിനുള്ള മറുപടി നികുതിദായകരുടെയും സമ്മതിദായകരുടെയും പക്കലുണ്ട്‌. കാത്തിരിക്കുക...!

Friday, November 20, 2009

കേരളത്തിന്റെ ശാപമായകോടിയേരിയും ജേക്കബ്‌ പുന്നൂസും(അഥവ ഉണ്ടാകണം ഇവിടേയും ചാവേറുകള്‍)


സാമ്പത്തികമായി ഉന്നത സ്ഥാനത്തായിരുന്ന പോള്‍ എം. ജോര്‍ജിന്റെ വിധി ഇതാണെങ്കില്‍ കേരളത്തിലെ സാധാരണക്കാരന്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസില്‍ നിന്ന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാന്‍ കഴിയുക. പണത്തിന്‌ മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല്‌ എത്ര തന്മയത്വത്തോടെയാണ്‌ ഇവര്‍ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്തത്‌..!. നീതി നിഷേധിക്കാന്‍, നിയമപാലനം അട്ടിമറിക്കാന്‍ കോടിയേരി എന്നൊരു ആഭ്യന്തമന്ത്രിയും ജേക്കബ്‌ പുന്നൂസ്‌ എന്നൊരു ഡിജിപിയും കേരളത്തിന്‌ ആവശ്യമുണ്ടോ എന്നതാണ്‌ പോള്‍ എം വധം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ഗുരുതരമായ ചോദ്യം."പുള്ളിപ്പുലിയുടെ പുള്ളിയും എത്യോപ്യന്റെ കറുപ്പും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും" ഒരിക്കലും ഒരു മാറ്റത്തിനും വിധേയമല്ല എന്നാണ്‌ നിലവിലുള്ള ഒരു ചൊല്ല്‌. അതുകൊണ്ട്‌ ഈ മൂന്ന്‌ പേരും അവരവരുടെ മേഖലകളില്‍ കീഴടക്കാനാവാത്തവരായി കഴിയുന്നു എന്നാണ്‌ ധാരണ. എന്നാല്‍,ആതിരേ കാണ്ടാമൃഗത്തിന്‌ ഇതുവരെയുണ്ടായിരുന്ന മേല്‍ക്കോയ്മ വ്യാഴാഴ്ചയോടെ അവസാനിച്ചിരിക്കുന്നു.
വ്യാഴാഴ്ചയാണ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെയും ഡിജിപി ജേക്കബ്‌ പുന്നൂസിന്റെയും ഐജി വിന്‍സന്‍ എം. പോളിന്റെയും പ്രത്യേക നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിനൊടുവില്‍, കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്‌ വധക്കേസില്‍ പോലീസ്‌ രാമങ്കരി ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യര്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേരളം ആകാംക്ഷാപൂര്‍വം കാത്തിരുന്ന ആ കുറ്റപത്രം ,വിവേകശാലികള്‍ പ്രതീക്ഷിച്ചതുപോലെ ,ഒരു മെലോ ഡ്രാമയിലാണ്‌ അവസാനിച്ചിരിക്കുന്നത്‌. ഗുണ്ടാ നേതാക്കന്മാരായ ഓംപ്രകാശും, പുത്തന്‍ പാലം രാജേഷും മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ പ്രതികളല്ല എന്ന്‌ സ്ഥാപിക്കാന്‍ വേണ്ടി തയ്യാറാക്കിയ മറ്റൊരു തിരക്കഥയാണ്‌ ആതിരേ ആ കുറ്റപത്രം.
ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ്‌ ജയചന്ദ്രന്‍ ഒന്നാം പ്രതിയും പോളിനെ കുത്തിയെന്ന്‌ പറയുന്ന കാരി സതീശന്‍ രണ്ടാം പ്രതിയും ആയിട്ടുള്ള ഈ കേസില്‍ ആകെ 25 പ്രതികളാണുള്ളത്‌. അതില്‍ 24-ാ‍ം പ്രതി ഓം പ്രകാശും 25-ാ‍ം പ്രതി പുത്തന്‍പാലം രാജേഷുമാണ്‌. 120 പേജുള്ള കുറ്റപത്രത്തില്‍ 188 സാക്ഷികളെയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും കൊലയ്ക്ക്‌ ഉപയോഗിച്ചതെന്ന്‌ കരുതുന്ന എസ്‌ കത്തിയുമുള്‍പ്പെടെ 126 തൊണ്ടി സാധനങ്ങളുമാണ്‌ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. കുറ്റപത്രം കൂടാതെ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരുടെ നുണ പരിശോധനാ ഫലം, ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെ മുന്നൂറോളം പേജുകളിലായിട്ടാണ്‌ അന്വേഷണ സംഘം കോടതിക്ക്‌ വിവരങ്ങള്‍ കൈമാറിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആദ്യസംഘം അറസ്റ്റിലായിട്ട്‌ ഈ മാസം 24ന്‌ 90 ദിവസം തികയാന്‍ ഇരിക്കവേയാണ്‌ അന്വേഷണസംഘത്തിന്‌ വേണ്ടി ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി പി.എന്‍ വേണുഗോപാല്‍ വ്യാഴാഴ്ച വൈകുന്നേരം 4.20ന്‌ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌.
കേരളം കണ്ട ഏറ്റവും വലിയ അട്ടിമറിയാണ്‌ ആതിരേ, മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്‌ വധക്കേസിന്റെ അന്വേഷണം. സംഭവം പുറത്തറിഞ്ഞ നിമിഷം മുതല്‍ പോലീസിലെ ഉന്നതന്മാരും പുറത്തുള്ള പ്രമാണികളും ചേര്‍ന്ന്‌ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളുടെ അറസ്റ്റും കുറ്റസമ്മതവും തെളിവ്‌ ശേഖരണവുമെല്ലാം. സാക്ഷരരെന്നും പ്രബുദ്ധരെന്നും അഭിമാനിക്കുന്ന മലയാളികളെ മുച്ചൂടും വിഡ്ഢികളാക്കിക്കൊണ്ടാണ്‌ ഈ കേസില്‍ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌ പ്രതികള്‍ക്ക്‌ വേണ്ടി കളിച്ചത്‌, കരുക്കള്‍ ഇപ്പോഴും നീക്കുന്നത്‌. ഐജി വിന്‍സന്‍ എം. പോളിനെ കൊണ്ട്‌ പത്രസമ്മേളനം നടത്തിച്ച്‌ കേസിന്റെ സ്വഭാവവും അന്വേഷണ രീതിയും മുന്‍കൂറായി വെളിപ്പെടുത്തി പ്രതികള്‍ക്ക്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ കേസന്വേഷണം എന്ന നിലയില്‍ മുത്തൂറ്റ്‌ പോള്‍ വധക്കേസ്‌ കുറ്റാന്വേഷണ ചരിത്രത്തില്‍ സ്ഥാനം നേടുമെന്ന കാര്യത്തില്‍ ഒട്ടും സന്ദേഹിക്കേണ്ടാ ആതിരേ..
എന്തിനാണ്‌ പോള്‍ വധിക്കപ്പെട്ടത്‌ എന്ന ചോദ്യത്തിന്‌ യുക്തിഭദ്രമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും സംഭവസമയത്ത്‌ എങ്ങനെ എന്തിന്‌ പോളിനൊപ്പം ഉണ്ടായിരുന്നു എന്ന പ്രഥമ ചോദ്യത്തിന്‌ പോലും സംശയാതീതമായ ഉത്തരം കണ്ടെത്താന്‍ ജേക്കബ്‌ പുന്നൂസിന്റെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ആ പോലീസ്‌ തയ്യാറാക്കിയ എഫ്‌ഐആറില്‍ യഥാക്രമം 15,16-ാ‍ം പ്രതികളായിരുന്നു ഓംപ്രകാശും പുത്തന്‍പാലം രാജേഷും. എന്നാല്‍ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഏറ്റവും ഒടുവിലാണ്‌ ഇവരുടെ സ്ഥാനം. തെളിവ്‌ നശിപ്പിച്ചു എന്ന വളരെ ലഘുവായ കുറ്റമാണ്‌ ഇരുവരുടെയും പേരില്‍ ഇപ്പോള്‍ പോലീസ്‌ ആരോപിക്കുന്നത്‌.
ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും പോലീസ്‌ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള പങ്കല്ല ഈ വധക്കേസിലുള്ളതെന്ന്‌ കേരളത്തിലെ ഏതൊരു കൊച്ചുകുട്ടിപോലും പറയും. സംഭവദിവസങ്ങളില്‍ ദൃശ്യ-പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അത്തരത്തിലായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ കേരളീയരെ ഒന്നാകെ കുപ്പിയിലിറക്കുന്ന രീതിയിലുള്ളതാണ്‌ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം.
ആതിരേ, ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും ഉപരിതലത്തില്‍ കാണുന്ന പങ്കല്ല ഉള്ളതെന്ന്‌ ബോധ്യമായതുകൊണ്ടാണ്‌ ഇരുവരെയും നുണപരിശോധനയ്ക്കും നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിനും വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടത്‌. ഈ ഉത്തരവിനെ പോലും ധിക്കരിച്ച്‌, പിച്ചിച്ചീന്തി കൊണ്ടാണ്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസ്‌ ഈ കേസന്വേഷണം അട്ടിമറിച്ചിരിക്കുന്നത്‌. നുണ പരിശോധന നടത്തിയെന്ന്‌ പോലീസ്‌ അവകാശപ്പെടുന്നത്‌ വിശ്വസിക്കാന്‍ മാത്രമേ ഇപ്പോള്‍ കഴിയുകയുള്ളു. അതിന്റെ സത്യസന്ധതയും ആര്‍ജ്ജവവും അവര്‍ക്ക്‌ മാത്രമേ അറിയുകയുള്ളു. വിചാരണ വേളയില്‍ തീര്‍ച്ചയായും ആ കള്ളക്കളി പുറത്താകുമെന്ന്‌ പ്രതീക്ഷിക്കാം, അത്ര മാത്രം
ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും നാര്‍ക്കോ അനാലിസിസിന്‌ വിധേയമാക്കിയിരുന്നെങ്കില്‍ ആതിരേ, തീര്‍ച്ചയായും ഈ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ പുറത്ത്‌ വരുമായിരുന്നു. എന്നാല്‍, ആ സത്യങ്ങള്‍ പുറത്ത്‌ വരരുത്‌ എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു തുടക്കം മുതല്‍, ജാഗ്രതയോടെ പോലീസ്‌ കള്ളത്തെളിവുകളുണ്ടാക്കി മുന്നോട്ട്‌ പോയത്‌. അതിന്റെ ആദ്യ പടിയായിരുന്നു ഐജി വിന്‍സന്‍ എം. പോളിന്റെ പത്രസമ്മേളനം. ഇതിന്റെ പേരില്‍ രണ്ടുതവണയാണ്‌ ഐജി കേരളാ ഹൈക്കോടതിയുടെ നിശിതമായ വിമര്‍ശനത്തിന്‌ വിധേയനായത്‌. വിന്‍സന്‍ എം. പോളിനെ പോലെ അഭിമാനിക്കാവുന്ന ട്രാക്‌ റിക്കാര്‍ഡുള്ള ഒരു പോലീസ്‌ ഓഫീസര്‍ കോടതിയിലും പൊതുസമൂഹത്തിന്റെ മുമ്പിലും ഇങ്ങനെ നാണംകെട്ട്‌ നില്‍ക്കേണ്ടിവന്നത്‌ ആദ്യം സൂചിപ്പിച്ച തിരക്കഥയിലെ രംഗങ്ങള്‍ മാത്രം. ലജ്ജയില്ലാതെ, എന്നിട്ടും ,ഐജിയായി തുടരുന്ന അദ്ദേഹത്തിന്റെ തൊലിക്കട്ടിയും 'അഭിനന്ദനമര്‍ഹി'ക്കുന്നത്‌ തന്നെ.
പുത്തന്‍പാലം രാജേഷിനെ നാര്‍ക്കോ അനാലിസിസിന്‌ വിധേയനാക്കാതിരിക്കാന്‍ ചൂണ്ടിക്കാട്ടിയ ഘടകം ആതിരേ, മലയാളികളെ മുഴുവന്‍ പുച്ഛിക്കുന്നതായിരുന്നു. രാജേഷിന്‌ ഇംഗ്ലീഷ്‌ അറിയാത്തതുകൊണ്ട്‌ മരുന്ന്‌ കുത്തിവെച്ചുള്ള ചോദ്യം ചെയ്യല്‍ പ്രായോഗികമല്ല എന്നാണ്‌ ജേക്കബ്‌ പുന്നൂസിന്റെ പോലിസ്‌ വ്യക്തമാക്കിയത്‌. അഭയ വധക്കേസിലെ നാര്‍ക്കോ അനാലിസിസിന്റെ വീഡിയോ കേരളത്തിലും കേരളത്തിന്‌ പുറത്തുള്ളവരും ടിവിയിലൂടെ കണ്ടതാണ്‌. സിസ്റ്റര്‍ സെഫിയെ ചോദ്യം ചെയ്തത്‌ മലയാളത്തിലായിരുന്നു. ഫാ. പൂതൃക്കയോടും ഫാ. കോട്ടൂരിനോടും ഇടയ്ക്ക്‌ മലയാളത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും കേട്ടതാണ്‌. ഇവരില്‍ നിന്ന്‌ മലയാളത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാമായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ രാജേഷില്‍ നിന്നും അത്തരത്തില്‍ വിവരം ശേഖരിക്കാന്‍ കഴിയുമായിരുന്നില്ല? ഈ ചോദ്യം ചൂണ്ടുവിരലായി നീളുന്നത്‌ ആഭ്യന്തരമന്ത്രാലയത്തിലേക്കും മന്ത്രിയിലേക്കും പിന്നെ വാര്‍ത്തകളില്‍ ആരോപിക്കപ്പെട്ടതുപോലെ മന്ത്രിപുത്രനിലേക്കും അദ്ദേഹത്തിന്റെ വാണിജ്യ ബന്ധങ്ങളിലേക്കുമാണ്‌.
ഓംപ്രകാശിനെ നാര്‍ക്കോ അനാലിസിസില്‍ നിന്ന്‌ മുക്താനാക്കാന്‍ കണ്ടെത്തിയതാണ്‌ കരള്‍ രോഗം. അതും ഹൈദ്രാബാദില്‍ ചെന്ന ശേഷം കണ്ടുപിടിക്കപ്പെട്ടതും. ഇവിടെ ദിവസസേന ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക്‌ വിധേയരാക്കിയപ്പോഴൊന്നും കണ്ടെത്താന്‍ കഴിയാത്ത രോഗമാണ്‌ ഹൈദ്രാബാദില്‍ കണ്ടെത്തിയത്‌. അതായത്‌ ഒന്നുകില്‍ ഇവിടത്തെ ഡോക്ടര്‍മാരെല്ലാം കൊഞ്ഞാണന്മാരാണ്‌. അല്ലെങ്കില്‍ രാജേഷിന്‌ ഉണ്ടെന്ന്‌ പറയുന്ന രോഗം കള്ളത്തരമാണ്‌. ഇതില്‍ രണ്ടാമത്‌ പറഞ്ഞതാണ്‌ ശരിയെന്ന്‌ പൊതുസമൂഹത്തെ കൊണ്ട്‌ വിശ്വസിപ്പിക്കുന്ന തരത്തിലാണ്‌ തുടക്കം മുതല്‍ കേസന്വേഷണം നീങ്ങിയത്‌.
നോക്കൂ ആതിരേ, സാമ്പത്തികമായി ഉന്നത സ്ഥാനത്ത്‌ നില്‍ക്കുന്ന പോള്‍ എം. ജോര്‍ജിന്റെ വിധി ഇതാണെങ്കില്‍ കേരളത്തിലെ സാധാരണക്കാരന്‌ കോടിയേരിയുടെയും ജേക്കബ്‌ പുന്നൂസിന്റെയും പോലീസില്‍ നിന്ന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാന്‍ കഴിയുക. പണത്തിന്‌ മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല്‌ എത്ര തന്മയത്വത്തോടെയാണ്‌ ഇവര്‍ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്തത്‌..!. നീതി നിഷേധിക്കാന്‍, നിയമപാലനം അട്ടിമറിക്കാന്‍ കോടിയേരി എന്നൊരു ആഭ്യന്തമന്ത്രിയും ജേക്കബ്‌ പുന്നൂസ്‌ എന്നൊരു ഡിജിപിയും കേരളത്തിന്‌ ആവശ്യമുണ്ടോ എന്നതാണ്‌ പോള്‍ എം വധം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ഗുരുതരമായ ചോദ്യം.തെരുവു വേശ്യ സുരക്ഷയ്ക്കായി വാങ്ങുന്ന കോണ്ടത്തിനും കുഷ്ഠരോഗി വേദന മറക്കാന്‍ കുടിക്കുന്ന റമ്മിനും തെരുവിലുറങ്ങുന്ന ഭിക്ഷക്കാര്‍ വലിക്കുന്ന ബീഡിക്കുമെല്ലാം അവര്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടുകൂടിയാണ്‌ കോടിയേരിക്കും ജേക്കബ്‌ പുന്നൂസിനും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത്‌.അതു വാങ്ങി ആസ്വദിച്ചിട്ട്‌ കൊലയാളികളായ ക്രിമിനലുകളുടെ വിഹിതം പറ്റി അവരെ സംരക്ഷിക്കുന്ന ഇവര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലത്തവരാണ്‌..ഉണ്ടാകണം ആതിരേ, ഇവിടേയും ചാവേറുകള്‍..

Thursday, November 19, 2009

ഏകജാലക' പ്രിയരുടെ കൊടും പാരകള്‍

ജിസിഡിഎയെ ഇത്തരത്തില്‍ ആലസ്യത്തിലാഴ്ത്തിയതില്‍ ജോസഫൈനും അവരുടെ പാര്‍ട്ടിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്‌. ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ മൂലധന നിക്ഷേപകരുടെയും സമാഹര്‍ത്താക്കളുടെയും പ്രശ്നങ്ങള്‍ക്കാണ്‌ പാര്‍ട്ടി നേതൃത്വം പ്രാമുഖ്യം നല്‍കുന്നതെന്ന ആരോപണം ശക്തമാക്കുന്നതാണ്‌
കൊച്ചിയോടും ജിസിഡിഎയോടും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ അവഗണന.

തെങ്ങിന്റെ മണ്ടയിലല്ല, പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിലാണ്‌ വ്യവസായം ആരംഭിക്കേണ്ടതെന്ന്‌ എളമരം കരീമിന്‌ അറിയാം. ശീതികരിച്ച പാര്‍ട്ടി ഓഫീസുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും തീംപാര്‍ക്കുകളുമാണ്‌ വിപ്ലവപാര്‍ട്ടികളുടെ പുതിയ ഈടു വെയ്പുകളെന്ന്‌ പിണറായി വിജയനും ബോധ്യമുണ്ട്‌. ഈ ബോധ്യങ്ങളില്‍ നിന്നുകൊണ്ടാണ്‌ ആതിരേ, ഇവര്‍ വിപ്ലവത്തിന്റെ പുതിയ മാനിഫെസ്റ്റോകള്‍ രചിക്കുന്നതും വിപ്ലവ വിരുദ്ധരെ കണ്ടെത്തുന്നതും. സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ വികസനം വരൂ എന്ന ഇവരുടെ പിടിവാശിക്കെതിരെ നിന്നാല്‍ അച്യുതാനന്ദന്‍ അടക്കമുള്ളവരെല്ലാം വികസന വിരുദ്ധരും വിപ്ലവ വായാടികളുമാണ്‌. പശ്ചിമബംഗാളില്‍ ജ്യോതിബസുവും ബുദ്ധദേവും നടത്തിയ വികസനമുന്നേറ്റമാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കളുടെ റോള്‍ മോഡല്‍. ആ റോള്‍ മോഡലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അണികള്‍ പോലും വലിച്ചു കഴിഞ്ഞ ബീഡിക്കുറ്റിപോലെ വലിച്ചെറിഞ്ഞത്‌ കണ്ടിട്ടും സ്വകാര്യ പങ്കാളിത്തത്തോടെ, നാടിന്റെ ഈടു വെയ്പുകള്‍ മൂലധന ചൂഷകര്‍ക്ക്‌ അടിയറ വെക്കാനാണ്‌ എളമരം കരീമും അദ്ദേഹം ഉള്‍പ്പെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവും ജാഗ്രതാ പൂര്‍വം ശ്രമിക്കുന്നത്‌.
കൊച്ചിക്ക്‌ ജീവശ്വാസമേകുന്ന കണ്ടല്‍ കാടുകള്‍ നിറഞ്ഞ വളന്തക്കാട്‌ ദ്വീപ്‌ ശോഭ ഡവലപ്പേഴ്സിന്‌ അടിയറ വെച്ചിലെങ്കില്‍ എളമരം കരീമിനും പാര്‍ട്ടിയിലെ ലാന്‍ഡ്‌ മാഫിയയ്ക്കും അവരെ പിന്തുണയ്ക്കുന്ന ഉന്നത നേതൃത്വത്തിനും ഉറക്കം വരികയില്ല എന്നതാണ്‌ ഇന്നത്തെ അവസ്ഥ.
അതേസമയം, കൊച്ചി നഗരം, ചെയ്യാമായിരുന്ന പല വികസന പദ്ധതികളും നടപ്പിലാക്കാത്തതുകൊണ്ട്‌ ശ്വാസം മുട്ടുന്നതൊന്നും ഇവര്‍ക്ക്‌ പ്രശ്നമേയല്ല. ജിസിഡിഎ എന്ന വിശാല കൊച്ചി വികസന അതോറിട്ടിയോട്‌ ഇവരെല്ലാം പുലര്‍ത്തുന്ന അവഗണനയും ജിസിഡിഎ മുന്നോട്ടുവെച്ച ക്രിയാത്മക പദ്ധതികള്‍ക്ക്‌ അനുമതി നല്‍കാത്തതും മറ്റൊന്നുമല്ല വ്യക്തമാക്കുന്നത്‌.
കൊച്ചി നഗരസഭയുടെയും ആറ്‌ മുന്‍സിപ്പാലിറ്റികളുടെയും 25 പഞ്ചായത്തുകളുടെയും ആസൂത്രിത വികസനം ലക്ഷ്യമിട്ട്‌ 33 വര്‍ഷം മുമ്പ്‌ രൂപികരിച്ച വിശാല കൊച്ചി അതോറിട്ടി ഇന്ന്‌ ഈ നാടിന്‌ ഒരു ശാപമായി പരിണമിച്ചിരിക്കുകയാണ്‌ ആതിരേ. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പങ്കിട്ടെടുക്കാവുന്ന ഒരു പദവി മാത്രമായി ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം മാറിക്കഴിഞ്ഞു. മെയ്യനങ്ങാതെ സുഖമായി ശമ്പളം പറ്റി കഴിയാനുള്ള ലാവണമാണ്‌ അവര്‍ക്കിപ്പോഴിത്‌. ആയ കാലത്ത്‌ പണിത ഷോപ്പിംഗ്‌ കോംപ്ലക്സുകളില്‍ നിന്നുള്ള വാടക പിരിച്ച്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കി ചെയര്‍മാനാവശ്യമുള്ളത്‌ എഴുതിയെടുത്ത്‌ ഇങ്ങനെ കാലയാപനം ചെയ്യുമ്പോള്‍ കൊച്ചിയും പരിസരവും വികസനമില്ലാതെ വീര്‍പ്പു മുട്ടുകയാണ്‌.
ആതിരേ, നാടിന്‌ ശാപമായി മാറിയ ജിസിഡിഎയ്ക്ക്‌ പക്ഷെ, അഭിമാനിക്കാവുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. അത്‌ കൊച്ചിയുടെ ലാന്‍ഡ്‌ മാര്‍ക്കുകള്‍ പണിതുയര്‍ത്തിയ കാലമാണ്‌. കേരളത്തിലെ ഏക മറൈന്‍ഡ്രൈവ്‌ ജിസിഡിഎ നിര്‍മ്മിച്ചതാണ്‌. കായല്‍ ചെളികുത്തി ഉയര്‍ത്തിയെടുത്ത സ്ഥലത്താണ്‌ ഇന്ന്‌ കാണുന്ന ആഡംബര വാണിജ്യ കേന്ദ്രങ്ങള്‍ പണിതത്‌. കേരളത്തിലെ ഏറ്റവും വിലയേറിയ സ്ഥലവും ഇതുതന്നെ. എസ്‌. കൃഷ്ണകുമാറായിരുന്നു അന്നത്തെ ചെയര്‍മാന്‍.
കെ. ബാലചന്ദ്രന്‍ ചെയര്‍മാനായിരിക്കുമ്പോഴാണ്‌ കേരളത്തില്‍ ആദ്യമായി ഒരു ബിഒടി പദ്ധതി പൂര്‍ത്തിയാക്കിയത്‌. മട്ടാഞ്ചേരി പുതിയപാലം.
ആതിരേ, ജിസിഡിഎ തന്നെയാണ്‌ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയം പണിതത്‌. ജോസഫ്‌ തോമസായിരുന്നു അന്ന്‌ ചെയര്‍മാന്‍. പനമ്പിളി നഗര്‍, ഗാന്ധി നഗര്‍, എടത്തല ഹൗസിംഗ്‌ പ്രോജക്ട്‌, കത്രിക്കടവ്‌ പാലം, കലൂര്‍-കടവന്ത്ര റോഡ്‌, ബണ്ട്‌ റോഡ്‌ പാലം എന്നിങ്ങനെ പോകുന്നു ആ ലാന്‍ഡ്‌ മാര്‍ക്കുകള്‍. എന്നാല്‍, ജിസിഡിഎയുടെ ഏറ്റവും ഒടുവിലത്തെ മൂന്ന്‌ വര്‍ഷത്തെ പദ്ധതികള്‍ നോക്കിയാല്‍ എന്തിനാണ്‌ കൊച്ചിക്ക്‌ ഇങ്ങനെ ഒരു അതോറിറ്റി എന്ന്‌ ചോദിച്ചുപോകും. വികസന പദ്ധതികളില്ലാതെ, ആസൂത്രണമില്ലാതെ ആലസ്യത്തിലാണ്ട്‌ കിടക്കുകയാണ്‌ ജിസിഡിഎ. ഇത്‌ പൊറുക്കാവുന്നതല്ല. കോഴിക്കോട്‌, തിരുവനന്തപുരം വികസന അതോറിറ്റികള്‍ക്ക്‌ സര്‍ക്കാര്‍ തിരശീലയിട്ടപ്പോഴും ജിസിഡിഎയ്ക്ക്‌ ആയുസ്‌ നീട്ടിക്കിട്ടിയത്‌ ആദ്യകാലത്ത്‌ കുറെ ക്രിയാത്മക പദ്ധതികള്‍ കൊച്ചിയില്‍ പൂര്‍ത്തിയാക്കിയതുകൊണ്ടാണ്‌. എന്നാല്‍, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി സംസ്ഥാന സര്‍ക്കാരും ജിസിഡിഎയെ കയ്യൊഴിഞ്ഞ മട്ടാണ്‌. കഴിഞ്ഞ മൂന്ന്‌ ബജറ്റിലും ജിസിഡിഎയ്ക്ക്‌ തുക വക കൊള്ളിച്ചിരുന്നില്ല. മൂന്ന്‌ വര്‍ഷം മുമ്പ്‌ വരെ ഒരു കോടി രൂപ വീതമായിരുന്നു ബജറ്റ്‌ വിഹിതം. നേരത്തെ സൂചിപ്പിച്ചതുപോലെ പണ്ടുപണിത ഷോപ്പിംഗ്‌ കോംപ്ലക്സുകളില്‍ നിന്ന്‌ വാടക ലഭിക്കുന്നതുകൊണ്ട്‌ ജിസിഡിഎ നടന്നുപോകുന്നു എന്നുമാത്രം.
സര്‍ക്കാരിന്റെ ഈ അവഗണന മൂലം, ജിസിഡിഎ സമര്‍പ്പിച്ച പല പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടില്ല. രാജ്യത്തെ മറ്റു വികസന ഏജന്‍സിയേക്കാള്‍ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികള്‍ക്കാണ്‌ അതോറിറ്റിയിലെ മിടുക്കരായ ആസൂത്രകര്‍ രൂപം നല്‍കിയത്‌. അതിനൊന്നും അനുമതി നല്‍കാന്‍ സര്‍ക്കാരോ അനുമതി നേടിയെടുക്കാന്‍ ജിസിഡിഎ അധിപരോ മനസ്സു കാണിച്ചില്ല എന്നാണ്‌ കൊച്ചി ഇന്ന്‌ അനുഭവിക്കുന്ന വികസന വീര്‍പ്പുമുട്ടല്‍ വ്യക്തമാക്കുന്നത്‌.
ആതിരേ, നോക്കുക, അങ്കമാലിയില്‍ പാര്‍പ്പിട വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള അങ്കമാലി നൈബര്‍ഹുഡ്‌ പ്രോജക്ട്‌, മറൈന്‍ ഡ്രൈവില്‍ നിലവിലുള്ള മൈതാനം നിലനിര്‍ത്തി അതിനടിയില്‍ രണ്ടുനിലകളിലായി ആയിരത്തോളം വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാനും വിശാലമായ അണ്ടര്‍ ഗ്രൗണ്ട്‌ ഷോപ്പിംഗ്‌ കോംപ്ലക്സിനുമുള്ള അണ്ടര്‍ഗ്രൗണ്ട്‌ പാര്‍ക്കിംഗ്‌ പ്രോജക്ട്‌, ജിഡ ഭൂമിയില്‍ നിന്ന്‌ തുടങ്ങി മൂന്ന്‌ ദേശീയ പാതകള്‍ കുറുകെ കടന്ന്‌ വരാപ്പുഴ, ആലുവ, പെരുമ്പാവൂര്‍, കോലഞ്ചേരി പട്ടണങ്ങളുടെ സമീപപ്രദേശങ്ങളിലൂടെ കടന്ന്‌ കുണ്ടന്നൂരില്‍ അവസാനിക്കുന്ന നാലുവരിപാതയായ റിംഗ്‌ റോഡ്‌ പ്രോജക്ട്‌ ചിലവന്നൂര്‍ ബണ്ട്‌ റോഡ്‌, മണപ്പാട്ടിപ്പറമ്പ്‌ ഷോപ്പിംഗ്‌ മാള്‍, ആലങ്ങാട്‌, കുരീക്കാട്‌, നെടുമ്പാശേരി, പട്ടിമറ്റം എന്നിവിടങ്ങളില്‍ സാറ്റലൈറ്റ്‌ ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാനുള്ള പ്രോജക്ട്‌ വെണ്ണലയില്‍ അവികസിതമായ നൂറേക്കര്‍ സ്ഥലം ഏറ്റെടുത്ത്‌ വാണിജ്യ പാര്‍പ്പിട ആവശ്യങ്ങള്‍ക്ക്‌ വികസിപ്പിക്കാനുള്ള വെണ്ണല സ്കീം ഉടമകളില്‍ നിന്ന്‌ ഒരു നിശ്ചിത കാലത്തേക്ക്‌ ഭൂരി പാട്ടത്തിനെടുത്ത്‌ ഒറ്റ പ്ലോട്ടാക്കി വികസിപ്പിച്ച്‌ മൂല്യവര്‍ധിത ഭൂമിയായി വില്‍ക്കാനുള്ള ലാന്‍ഡ്‌ ബാങ്ക്‌ പ്രോജക്ട്‌ എന്നിങ്ങനെ എട്ടോളം പദ്ധതികളാണ്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ ജിസിഡിഎ സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. ഇതില്‍ പലതും സര്‍ക്കാരിന്റെ മുതല്‍ മുടക്ക്‌ കൂടാതെ തന്നെ നടപ്പാക്കാവുന്നതുമായിരുന്നു. എന്നാല്‍, എളമരം കരീമിനോ ഡോ. തോമസ്‌ ഐസക്കിനോ ഈ പദ്ധതികളുടെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതല്ലെങ്കില്‍ ഈ പദ്ധതികള്‍ക്ക്‌ തുരങ്കം വെച്ച്‌ മറ്റു ചില സ്വകാര്യ താല്‍പര്യങ്ങള്‍ക്ക്‌ അവര്‍ വളം വെയ്ക്കുകയായിരുന്നു. വളന്തക്കാട്‌ ശോഭാ ഡവലപ്പേഴ്സിന്‌ അടിയറ വെയ്ക്കാനുള്ള തത്രപ്പാട്‌ വ്യക്തമാക്കുന്നത്‌ ഈ വന്‍ ചതിയാണ്‌ ആതിരേ.
സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതികള്‍ക്ക്‌ അനുമതി വാങ്ങേണ്ടിയിരുന്നത്‌ ചെയര്‍പേഴ്സണായ എം.സി ജോസഫൈനായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ നേതാവുമായ ജോസഫൈന്‌ പാര്‍ട്ടിയില്‍ തന്നെ പിടിപ്പത്‌ പണിയുണ്ടായിരുന്നു. അവര്‍ക്ക്‌ അപ്പോള്‍ എങ്ങനെ, എപ്പോഴാണ്‌ കൊച്ചിയുടെ വികസനത്തെ കുറിച്ചും അതിനായി ജിസിഡിഎ ആസൂത്രണം ചെയ്ത പദ്ധതികളെ കുറിച്ചും അത്‌ നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചിന്തിക്കാന്‍ സമയം കിട്ടുക. കൃഷ്ണകുമാറും ജി. ബാലചന്ദ്രനും ജോസഫ്‌ തോമസും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച്‌ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ജിസിഡിഎയെ ഇത്തരത്തില്‍ ആലസ്യത്തിലാഴ്ത്തിയതില്‍ ജോസഫൈനും അവരുടെ പാര്‍ട്ടിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്‌. ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ മൂലധന നിക്ഷേപകരുടെയും സമാഹര്‍ത്താക്കളുടെയും പ്രശ്നങ്ങള്‍ക്കാണ്‌ പാര്‍ട്ടി നേതൃത്വം പ്രാമുഖ്യം നല്‍കുന്നതെന്ന ആരോപണം ശക്തമാക്കുന്നതാണ്‌ കൊച്ചിയോടും ജിസിഡിഎയോടും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ അവഗണന. ഇതില്‍ നിന്നൊരു മോചനം പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാവുകയേയുള്ളു. കാരണം വ്യവസായ വകുപ്പ്‌ ഭരിക്കുന്നത്‌ എളമരം കരീമും ധനവകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ തോമസ്‌ ഐസക്കുമാണ്‌. നേതൃത്വത്തിന്റെ നവ ലിബറല്‍ നയങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ പൊതുസമൂഹത്തിന്‌ ഗുണമുണ്ടാകുന്ന ഒരു നടപടി പോലും ഇവരില്‍ നിന്ന്‌ ഉണ്ടാകാന്‍ പോകുന്നില്ല. വീര്‍പ്പുമുട്ടി വീര്‍പ്പുമുട്ടി മുടിയാനാണ്‌ ആതിരേ ഇവരുടെ ഭരണകാലത്ത്‌ കൊച്ചി നിവാസികളുടെ വിധി.

Wednesday, November 18, 2009

സ്മാര്‍ട്ട്‌ സിറ്റി:ഇവരുടെ ത്യാഗത്തെ എന്തിനാണിങ്ങനെ വഞ്ചിച്ചത്‌

ഏകജാലകത്തിലൂടെ സ്വകാര്യ മൂലധന ശക്തികള്‍ക്ക്‌ വ്യവസായത്തിനായി ഭൂമി വിട്ടുകൊടുക്കാന്‍ എളമരം കരീം അടക്കമുള്ളവര്‍ നടത്തുന്ന ജാഗ്രതയും താല്‍പര്യവും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ ഇഷ്ടം പോലെ വിനിയോഗിക്കാന്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള ഏക്കറു കണക്കിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരാണ്‌ കേവലം 12 ഏക്കര്‍ ഭൂമിയുടെ പേരില്‍ തര്‍ക്കിച്ച്‌ നില്‍ക്കുന്നത്‌. ഇതിന്റെ ഉദ്ദേശം മറ്റു ചിലതെല്ലാമാണെന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായിട്ടുണ്ട്‌.
ലോകത്തെ തന്നെ കൊതിപ്പിച്ച സ്വപ്നപദ്ധതിയായിരുന്നു ആതിരേ, സ്മാര്‍ട്ട്‌ സിറ്റി. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ചര്‍ച്ചകള്‍ ആരംഭിക്കുകയും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷം തറക്കല്ലിടുകയും ചെയ്ത ആ പദ്ധതി ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്‌. ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയുമായുള്ള കരാറിലെ ചില സാങ്കേതിക കാരണങ്ങള്‍ മൂലമാണ്‌ കല്ലിട്ടിടത്തുനിന്ന്‌ ഒരടിപോലും മുന്നോട്ട്‌ പോകാനാവാതെ പദ്ധതി മന്ദീഭവിച്ച്‌ നില്‍ക്കുന്നത്‌ എന്നാണിപ്പോള്‍ സര്‍ക്കാര്‍ ഭാഷ്യം.. 2007 നവംബര്‍ 16ന്‌ കൊട്ടും കുരവയുമായിട്ടായിരുന്നുരുന്നു കല്ലിടീല്‍ ചടങ്ങ്‌ നടന്നത്‌.
പിന്നീട്‌ പദ്ധതിക്ക്‌ എന്ത്‌ സംഭവിച്ചു എന്നുചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കേരളസര്‍ക്കാരിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. 90 ദിവസത്തിനകം തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പദ്ധതി തന്നെ ഉപേക്ഷിക്കുമെന്ന ഭീഷണിയാണ്‌ ഇപ്പോള്‍ ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി മുഴക്കുന്നത്‌. പ്രശ്നം കേരളാ ഗവണ്‍മെന്റിന്റേതല്ലെന്നും ദുബായ്‌ സ്മാര്‍ട്ട്‌ സിറ്റി കമ്പനിയുടെ കൈവശം ആവശ്യത്തിന്‌ പണമില്ലാത്തതാണ്‌ പദ്ധതി വൈകാന്‍ കാരണമെന്നുമാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിശദീകരിക്കുന്നത്‌.
ആതിരേ, ഒരു ലക്ഷം പേര്‍ക്ക്‌ നേരിട്ടും അഞ്ചുലക്ഷം പേര്‍ക്ക്‌ പരോക്ഷമായും ജോലി നല്‍കുമെന്ന വാഗ്ദാനത്തില്‍ കാക്കനാട്ട്‌ 236 ഏക്കറിലാണ്‌ സ്മാര്‍ട്ട്‌ സിറ്റി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്‌. ഇതിനുവേണ്ടി എടച്ചിറയില്‍ നിന്ന്‌ കുടിയൊഴിപ്പിച്ചത്‌ 44 കുടുംബങ്ങളെയാണ്‌. ഈ കുടുംബങ്ങളുടെ ത്യാഗമാണ്‌ ഇപ്പോള്‍ വഞ്ചനയ്ക്ക്‌ വിധേയമായിരിക്കുന്നത്‌. എടച്ചിറയിലെ കുന്നിന്‍മുകളില്‍ നാളത്തന്നെ പണിതുടങ്ങുമെന്ന മട്ടിലാണ്‌ കുടിയിറക്ക്‌ നടത്തിയത്‌. നാടിന്‌ വേണ്ടിയുള്ള ത്യാഗമായിട്ടാണ്‌ തങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും ഈ 44 കുടുംബങ്ങള്‍ കൈയ്യൊഴിഞ്ഞത്‌. എല്ലാവര്‍ക്കും ജോലി, നാടിന്‌ വികസനം എന്ന്‌ വിശ്വസിച്ചാണ്‌ എങ്ങോട്ടിറങ്ങണമെന്ന്‌ ഒരു രൂപവുമില്ലാതിരിന്നിട്ടും ഇവര്‍ വീടും ഭൂമിയും വിട്ടിറങ്ങിയത്‌. പുനരധിവാസഭൂമിയിലെ അപര്യാപ്തതകളും ആശങ്കകളും പാടെ വിസ്മരിച്ചാണ്‌ ഇത്തരമൊരു ത്യാഗത്തിന്‌ ഈ കുടുംബങ്ങള്‍ തയ്യാറായത്‌. പദ്ധതിക്കായി പാടം ഉള്‍പ്പെടെ 146 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച തിടുക്കവും ജാഗ്രതയും കണ്ടപ്പോള്‍ വികസനത്തിന്‌ എതിര്‌ നില്‍ക്കാന്‍ പാടില്ല എന്ന വിശുദ്ധ ചിന്തയോടെയാണ്‌ ഇവര്‍ സ്വന്തം വീടും മണ്ണും വിട്ട്‌ ഇറങ്ങിയത്‌. പലരും വാടക വീടുകളിലേക്കാണ്‌ താമസം മാറ്റിയത്‌. മൂന്ന്‌ മാസത്തെ വാടക മാത്രം നല്‍കി യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഇവരെ കൈയ്യൊഴിയുകയായിരുന്നു. പുനരധിവസിപ്പിച്ചവര്‍ക്ക്‌ നല്ല റോഡോ വാട്ടര്‍ കണക്ഷനോ നല്‍കാന്‍ താല്‍പര്യമെടുക്കാതിരുന്ന സര്‍ക്കാര്‍ അക്വയര്‍ ചെയ്ത സ്ഥലത്തു നിന്ന്‌ വൈകാതെ എല്ലാ വീടുകളും പൊളിച്ചു മാറ്റി.... വര്‍ഷം രണ്ട്‌ കഴിയുന്നു ആതിരേ, അതേ അവസ്ഥയില്‍ എടച്ചിറ പ്രദേശം കാട്‌ കയറി കിടക്കാന്‍ തുടങ്ങിയിട്ട്‌.
"എന്തൊരാവേശമായിരുന്നു ഞങ്ങളെ ഇറക്കിവിടാന്‍ ഞങ്ങളുടെ വീടുകള്‍ ഇടിച്ചു നിരത്താന്‍. രണ്ടുവര്‍ഷമായി ഈ മണ്ണിലെന്തു നടന്നു? എന്തു വിളഞ്ഞു?" ചോദിക്കുന്നത്‌ കാക്കനാട്‌ കൃഷിഭവന്‍ മികച്ച കൊണ്ടല്‍ കര്‍ഷകനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ച അബൂബക്കറാണ്‌. കടമ്പ്രയാറിലെ വെള്ളം കുടത്തില്‍ തേകി എഴുന്നൂറോളം നേന്ത്രവാഴകള്‍ നട്ടുനനച്ച്‌ വളര്‍ത്തിയ കാലം അബൂബക്കറിന്റെ ഓര്‍മ്മയില്‍ പച്ചപിടിച്ച്‌ നില്‍ക്കുന്നുണ്ട്‌. ഒരുതവണ ആയിരം തേങ്ങ കിട്ടിയിരുന്ന തെങ്ങിന്‍ തോപ്പില്‍ ഇന്ന്‌ ഒരു കാക്ക കാലിന്റെ തണല്‌ പോലുമില്ല.
കാക്കനാട്‌ എടച്ചിറയില്‍ കുടുംബപരമായി വീതം കിട്ടിയ ഒരേക്കറില്‍ പരം സ്ഥലത്ത്‌ കൃഷി ചെയ്ത്‌ ജീവിച്ച അബൂബക്കറിന്റെ കുടുംബമാണ്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്കായി ആദ്യം കുടിയിറക്കപ്പെട്ടത്‌. പദ്ധതിക്കായി സ്ഥലം അക്വയര്‍ ചെയ്തപ്പോള്‍ കുടിയിറക്കാന്‍ കാണിച്ച ആവേശം എന്തുകൊണ്ടിപ്പോഴില്ല എന്നാണ്‌ അബൂബക്കറിന്റെ ചോദ്യം. എടച്ചിറയിലെ 44 കുടുംബങ്ങള്‍ക്കും ഇതേ ചോദ്യമാണ്‌ സര്‍ക്കാരിനോട്‌ ചോദിക്കാനുള്ളത്‌.
"ഞങ്ങള്‍ ഇത്രയും ത്യാഗം സഹിച്ച്‌ സ്മാര്‍ട്ട്‌ സിറ്റിക്കായി ഭൂമി വിട്ടുകൊടുത്ത്‌ വീടുവിട്ടിറങ്ങിയത്‌ വലിയ സ്വപ്നങ്ങള്‍ കണ്ടായിരുന്നു. ഇത്രയധികം തൊഴില്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയില്‍ എന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും എന്തെങ്കിലുമൊരു തൊഴില്‍ കിട്ടുമെന്ന്‌ മോഹിച്ചുപോയി. രണ്ടുവര്‍ഷം..... അതൊരു വലിയ കാലയളവാണ്‌". അബൂബക്കറിന്റെ വാക്കുകളില്‍ നിരാശതയും പ്രതിഷേധവും ഒരുപോലെ മുഴങ്ങുന്നു.
ഇത്രയൊക്കെ ത്യാഗം ഇവര്‍ അനുഭവിച്ചിട്ടും എന്തുകൊണ്ടാണ്‌ സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിക്കാതിരുന്നതെന്ന ചോദ്യത്തിനാണ്‌ ആതിരേ, ഉത്തരം ലഭിക്കേണ്ടത്‌. കരാര്‍ ഒപ്പുവെച്ച്‌ രണ്ടാം വര്‍ഷം പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌. എന്നാല്‍, സമയത്തിനും കാലത്തിനും വിലയുണ്ടെന്ന്‌ മനസ്സിലാക്കാതെ അലംഭാവപൂര്‍ണമായ നിലപാടാണ്‌ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. ഈ 44 കുടുംബങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നോ സര്‍ക്കാര്‍ ഇത്രയ്ക്കും താല്‍പര്യവും ജാഗ്രതയും കാണിച്ചതെന്ന ചോദ്യത്തിന്‌ മുഖ്യമന്ത്രിതന്നെ ഉത്തരം പറയേണ്ടതുണ്ട്‌. ഇവര്‍ മുങ്ങിക്കുളിച്ചിരുന്ന കടമ്പ്രയാര്‍ പോലും വേലികെട്ടിത്തിരിച്ച്‌ ഇവരില്‍ നിന്ന്‌ അന്യമാക്കിയിട്ടാണ്‌ സര്‍ക്കാരിന്റെ ജനദ്രോഹ നടപടി ഇങ്ങനെ നീളുന്നത്‌. ഇതിന്റെ പുറകില്‍ വലിയ കളികളാണ്‌ നടക്കുന്നതെന്ന്‌ ഇപ്പോള്‍ കുടിയിറക്കപ്പെട്ടവര്‍ തിരിച്ചറിയുന്നുണ്ട്‌. സെന്റിന്‌ 2,400 രൂപയ്ക്ക്‌ ഇവരില്‍ നിന്ന്‌ വയല്‍ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ തൊട്ടപ്പുറത്ത്‌ സ്മാര്‍ട്ട്‌ സിറ്റിയുടെ പേര്‌ പറഞ്ഞ്‌ പാടം ഒരു ലക്ഷം രൂപയ്ക്കാണ്‌ ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്‌.
സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിക്കാത്തതിന്‌ നിരവധി സാങ്കേതിക ന്യായങ്ങള്‍ സര്‍ക്കാരിനും ദുബായ്‌ സ്മാര്‍ട്ട്‌ സിറ്റിക്കും നിരത്താനുണ്ട്‌. എന്നാല്‍, ആതിരേ, പാര്‍ട്ടിക്കുള്ളിലെയും സര്‍ക്കാരിലെയും ചില പ്രതിലോമ ശക്തികളാണ്‌ പദ്ധതിക്ക്‌ പാരവെച്ചതെന്ന്‌ വിശ്വസിക്കാനാണ്‌ ഇവര്‍ക്കിപ്പോള്‍ താല്‍പ്പര്യം. പദ്ധതിയുമായി ബന്ധപ്പെട്ട പന്ത്രണ്ട്‌ ഏക്കര്‍ സ്ഥലത്തിന്റെ സ്വതന്ത്രവിനിമയം സംബന്ധിച്ച തര്‍ക്കം മൂലമാണ്‌ പദ്ധതിയുടെ പണി ആരംഭിക്കാത്തതെന്ന്‌ പറയുമ്പോള്‍ അത്‌ പൂര്‍ണമായി വിശ്വസിക്കാന്‍ നാട്ടുകാര്‍ തയ്യാറല്ല. രജിസ്ട്രേഷന്‍ വകുപ്പും ധനവകുപ്പും തമ്മിലുള്ള തര്‍ക്കവും പദ്ധതി സാക്ഷാത്കരിച്ചാല്‍ അച്യുതാനന്ദന്‌ ഉണ്ടാകാവുന്ന ജനപ്രീതിയോടുള്ള ഭയവും ഒക്കെ ചേര്‍ന്ന തല്‍പര കക്ഷികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്‌ പദ്ധതിയുടെ നടത്തിപ്പ്‌ ഇങ്ങനെ ദീര്‍ഘിപ്പിക്കുന്നതെന്നാണ്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌. അച്യുതാനന്ദനുമായും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരുമായും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം പുലര്‍ത്തുന്ന അവജ്ഞ കലര്‍ന്ന വിഭാഗീയതയാണ്‌ യഥാര്‍ത്ഥത്തില്‍ പ്രശ്നമെന്ന്‌ ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്‌. സ്മാര്‍ട്ട്‌ സിറ്റിയുടെ മറവില്‍ ഭൂമാഫിയയ്ക്ക്‌ വളരാനുള്ള അവസരമൊരുക്കാനും ചിലരൊക്കെ ശ്രമിച്ചിരുന്നു. അതില്‍ ഒരുവേള അവര്‍ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ്‌ ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ സെന്റിന്‌ ലക്ഷത്തിനടുത്ത്‌ വില വന്നിട്ടുള്ളത്‌. ഇതുമൂലം ലാഭമുണ്ടാക്കിയവര്‍ നിരവധിയാണ്‌.
ഏകജാലകത്തിലൂടെ സ്വകാര്യ മൂലധന ശക്തികള്‍ക്ക്‌ വ്യവസായത്തിനായി ഭൂമി വിട്ടുകൊടുക്കാന്‍ എളമരം കരീം അടക്കമുള്ളവര്‍ നടത്തുന്ന ജാഗ്രതയും താല്‍പര്യവും ആതിരേ, ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ ഇഷ്ടം പോലെ വിനിയോഗിക്കാന്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള ഏക്കറു കണക്കിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരാണ്‌ കേവലം 12 ഏക്കര്‍ ഭൂമിയുടെ പേരില്‍ തര്‍ക്കിച്ച്‌ നില്‍ക്കുന്നത്‌. ഇതിന്റെ ഉദ്ദേശ്യം മറ്റു ചിലതെല്ലാമാണെന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായിട്ടുണ്ട്‌. പാര്‍ട്ടിക്കും ബന്ധപ്പെട്ടവര്‍ക്കും കോടികളും ലക്ഷങ്ങളും കിട്ടുമെങ്കില്‍ ഏത്‌ ഭൂമിയും ഏത്‌ ചൂഷകനും വിട്ടുകൊടുക്കാന്‍ ഇവരെല്ലാം തയ്യാറാണ്‌. എന്നിട്ടാണ്‌ സര്‍ക്കാരിനും മുഖ്യ പങ്കാളിത്തമുള്ള ഒരു സ്വപ്നപദ്ധതി ഇങ്ങനെ തട്ടിക്കളിക്കുന്നത്‌. ജനങ്ങളുടെ പേരില്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരാണ്‌ ജനദ്രോഹത്തിന്റെ പുതിയ പുതിയ മാനിഫെസ്റ്റോകള്‍ രചിച്ചുകൊണ്ടിരിക്കുന്നത്‌. ഈ പശ്ചാത്തലത്തില്‍ എടച്ചിറയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ടവര്‍ ഉന്നയിക്കുന്ന ആവശ്യം പ്രസക്തമാവുകയാണ്‌. പദ്ധതി നടപ്പിലാക്കുന്നില്ലെങ്കില്‍ ഏറ്റെടുത്ത ഭൂമി തിരിച്ചു കിട്ടണമെന്നാണ്‌ അവരുടെ ആവശ്യം. ഈ ആവശ്യം അടിസ്ഥാനമുള്ളതു തന്നെയാണ്‌. നല്‍കുന്ന വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാന്‍ തയ്യാറല്ല എന്ന മനസ്സാണ്‌ ഇതില്‍ നിന്ന്‌ വ്യക്തമാവുന്നത്‌. സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിച്ചില്ലെങ്കില്‍ അച്യുതാനന്ദനോ പിണറായിവിജയനോ ഡോ. തോമസ്‌ ഐസക്കിനോ എളമരം കരീമിനോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷെ, എടച്ചിറയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും പലതും നഷ്ടമാകും. ഈ നഷ്ടം വെറുതെ സഹിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ അവരെ കുറ്റപ്പെടുത്താനും കഴിയുകയില്ല ആതിരേ.

Monday, November 16, 2009

അശോകനെ പോലെ എത്രയെത്ര പേര്‍.....!

അശോകന്റെ വിവരം പുറത്തറിഞ്ഞിട്ടും ഒരു പ്രസ്താവനയെങ്കിലും ഇറക്കി പ്രതിഷേധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും സമയവും സന്നദ്ധതയും ഇല്ലാതെ പോയി. സംഘടിതമായ ഇത്തരം വഞ്ചനകളാണ്‌ സാധാരണക്കാരനെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അത്തരൊരു സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുയകാണ്‌ ഭരണ പ്രതിപക്ഷ കക്ഷികള്‍. കാരണം ആയുധമെടുക്കുന്നവനെ മാവോയിസ്റ്റ്‌ എന്നും ഭീകരവാദിയെന്നും മുദ്ര കുത്തി വെടിവെച്ച്‌ കൊന്ന്‌ ശല്യമൊഴിവാക്കാന്‍ എളുപ്പമാണല്ലോ. ആ ദുഷ്ടതയുടെ സാക്ഷാത്‌ കാരത്തിനാണ്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മറ്റും പി.കെ. ശ്രീമതിയോട്‌
കൈകോര്‍ക്കുന്നത്‌.

ആതിരേ, മെഡിക്കല്‍ കോളജുകളെ റഫറല്‍ ആശുപത്രികളാക്കിയ ശ്രീമതിയുടെ 'മരണപരിഷ്കാര'ത്തെ കുറിച്ച്‌ കഴിഞ്ഞദിവസം ഈ പംക്തിയില്‍ ചര്‍ച്ച ചെയ്തിരുന്നു. സാധാരണക്കാരായ രോഗികള്‍ ചികിത്സയ്ക്കെത്തുന്ന കമ്യൂണിറ്റി സെന്റര്‍, താലൂക്ക്‌ ആശുപത്രി, ജില്ലാ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള ഈ നീക്കം രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുമെന്ന്‌ തിരിച്ചറിഞ്ഞായിരുന്നു ആ ചര്‍ച്ച.
എന്നാല്‍, മെഡിക്കല്‍ കോളജുകളില്‍ പോലും സാധുക്കളായ രോഗികള്‍ക്ക്‌, അവരുടെ രോഗം എത്ര അപകടം പിടിച്ചതാണെങ്കിലും വേണ്ടത്ര ശ്രദ്ധയോ ചികിത്സയോ ലഭിക്കുന്നില്ല എന്ന സത്യം കഴിഞ്ഞദിവസം കേരള ഹൈക്കോടതിക്കു തന്നെ ബോധ്യമായി.അതിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ്‌ ആശുപത്രികളിലെ അവസ്ഥ പരിതാപകരമാണെന്നും പാവങ്ങള്‍ക്ക്‌ ചികിത്സ ലഭിക്കുന്നില്ലെന്നും ഹൈക്കോടി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.ആര്‍. ബെന്നൂര്‍ മഠും ജസ്റ്റിസ്‌ എ.കെ. ബഷീറും അടങ്ങിയ ബഞ്ച്‌ വിലയിരുത്തുകയും ചെയ്തു.
ഹൃദയവാല്വ്‌ ശസ്ത്രക്രിയയ്ക്കായി രണ്ടുമാസം മുമ്പ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഴിഞ്ഞം മള്ളൂര്‍ സ്വദേശി അശോകിന്‌ ഇതുവരെ ശസ്ത്രക്രിയ നടത്തിയില്ലെന്നും ഇതിനകം രോഗിയുടെ ഒരുവശം തളര്‍ന്നുപോയെന്നും ചൂണ്ടിക്കാട്ടി അശോകന്റെ ഭാര്യ ടി. ഗിരിജ അയച്ച കത്ത്‌ സ്വമേധയാ ഹര്‍ജിയായി പരിഗണിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനിടയിലാണ്‌ ആതിരേ, ഹൈക്കോടതിയില്‍ നിന്ന്‌ ഇത്തരമൊരു നിരീക്ഷണമുണ്ടായത്‌.
അടിയന്തിരമായി മെഡിക്കല്‍ പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ വരുത്തി പരിശോധിച്ചപ്പോഴാണ്‌ ആരോഗ്യമേഖലയില്‍ കേരളത്തിലെ സാധാരണക്കാരോടുള്ള സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഈ ക്രിമിനല്‍ സ്വഭാവം ഹൈക്കോടതിക്ക്‌ ബോധ്യമായത്‌. ആരോഗ്യനിലയുടെയും സാങ്കേതികമായ കാരണങ്ങളാലുമാണ്‌ ശസ്ത്രക്രിയ വൈകിയതെന്ന മെഡിക്കല്‍ ടീമിന്റെ നിഗമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ്‌ തുടര്‍ നടപടി വൈകരുതെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌.
ഇത്തരമൊരു നിഗമനത്തില്‍ ഹൈക്കോടതിയെ എത്തിച്ചത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ അശോകനില്‍ നിന്ന്‌ പറഞ്ഞുതുടങ്ങേണ്ടതുണ്ട്‌.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ്‌ അശോകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 16ന്‌ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി വകുപ്പിലേക്ക്‌ മാറ്റി. ചിറി കോടിയത്‌ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ചില മരുന്നുകള്‍ ആരംഭിച്ചു. ഒക്ടോബര്‍ 6ന്‌ മരുന്ന്‌ നിര്‍ത്തി. വീണ്ടും ശസ്ത്രക്രിയയ്ക്ക്‌ തയ്യാറാകാന്‍ അശോകനോട്‌ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഹാര്‍ട്ട്ലങ്ങ്‌ മെഷീന്‍ പ്രവര്‍ത്തനരഹിതമായതുകൊണ്ട്‌ ശസ്ത്രക്രിയ നടന്നില്ല. തന്മൂലം പിറ്റേന്ന്‌ രോഗിക്ക്‌ പക്ഷാഘാതമുണ്ടായി.
തുടര്‍ന്ന്‌ നടന്ന ന്യൂറോളജി പരിശോധനയില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന്‌ ഈ ശാരീരിക വൈകല്യം തടസ്സമാകുകയില്ല എന്നാണ്‌ തെളിഞ്ഞത്‌.
ഡോ. രാജശേഖരന്‍ നായരുടെ ഉപദേശപ്രകാരമാണ്‌ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ്‌ ചികിത്സയ്ക്ക്‌ പണം സ്വരൂപിച്ചത്‌. സെപ്റ്റംബര്‍ 23ന്‌ 12,000 രൂപ നിക്ഷേപിച്ചു. രക്തം ദാനം ചെയ്യാന്‍ എട്ടുപേരെ ഏര്‍പ്പാടാക്കി. ഇതിനിടയിലാണ്‌ പുതിയ യൂണിറ്റ്‌ ചീഫായി ഡോ. അബ്ദുള്‍ റഷീദ്‌ ചുമതലയേറ്റത്‌. അതോടെ ശസ്ത്രക്രിയ തീയതി പിന്നീട്‌ നിശ്ചയിക്കാമെന്നാണ്‌ അറിയിപ്പുണ്ടായത്‌. ഇതിനിടെ അശോകനെ പരിശോധിച്ച വിവിധ വിഭാഗങ്ങളിലെ 'വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായവ്യത്യാസവും ശസ്ത്രക്രിയ നീളുന്നതിന്‌ കാരണമായിട്ടുണ്ട്‌'. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലെ അറ്റകുറ്റപ്പണികള്‍ക്കായി തീയറ്റര്‍ അടച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ സെപ്റ്റംബര്‍ 25ന്‌ ശേഷം ശസ്ത്രക്രിയകള്‍ ഒന്നും നടന്നിട്ടില്ല. അന്ന്‌ ഇരുപതിലേറെ രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ മടക്കി അയയ്ക്കുകയായിരുന്നു. ഒന്നരമാസത്തിന്‌ ശേഷം നവംബര്‍ 13നാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനഃരാരംഭിച്ചത്‌.
മരുന്നുകളുടെയും യന്ത്രങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സാഹചര്യം വളരെ മോശമാണെന്ന്‌ മനസ്സിലാക്കിയാണ്‌ അശോകന്റെ ഭാര്യ ഗിരിജ അയച്ച കത്ത്‌ പൊതു താല്‍പര്യ ഹര്‍ജിയായി പരിഗണിച്ചത്‌. ഇതേ തുടര്‍ന്ന്‌ ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ്‌ ആശുപത്രി സൂപ്രണ്ട്‌ എന്നിവരെ എതിര്‍കക്ഷികളാക്കി കേസ്‌ എടുത്തിട്ടുമുണ്ട്‌.
ഹൈക്കോടതിയുടെ തെളിവെടുപ്പില്‍ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. രാംദാസ്‌ പിഷാരടിയും സീനിയര്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ കെ. മീരയും നല്‍കിയ വിശദീകരണങ്ങള്‍ കോടതിക്ക്‌ തൃപ്തികരമായിരുന്നില്ല. അതുകൊണ്ടാണ്‌ ഗിരിജയുടെ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന്‌ ഹൈക്കോടതി അംഗീകരിച്ചതും പൊതു താല്‍പര്യ ഹര്‍ജിയായി കത്ത്‌ സ്വീകരിച്ച്‌ നിയമനടപടികള്‍ക്ക്‌ തുടക്കമിട്ടത്‌.
അശോകന്റെ അവസ്ഥ ഒറ്റപ്പെട്ട ഒന്നല്ല ആതിരേ,. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പതിനായിരക്കണക്കിന്‌ സാധുക്കള്‍ അശോകന്‌ സമാനമായ അനുഭവമുള്ളവരാണ്‌. തങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ മൂലവും സ്വാധീനം ചെലുത്താന്‍ വകയില്ലാത്തതുകൊണ്ടും ഡോക്ടര്‍മാരുടെ അവഗണനയ്ക്കും അഹന്തക്കും കീഴടങ്ങാന്‍ വിധിക്കപ്പെട്ടവരാണ്‌ ഈ സാധാരണക്കാര്‍. ജീവന്‍ രക്ഷിക്കാനെത്തിയിട്ട്‌ ജഡമായി തിരികെ പോകാനാണ്‌ ഇവരില്‍ പലര്‍ക്കും വിധി. എന്നാല്‍ അവരിലാരും തന്നെ പ്രതിഷേധിക്കാനോ കോടതിയെ സമീപിക്കാനോ തയ്യാറാകാറില്ല. രോഗം മുതല്‍ മരണം വരെയുള്ള അവസ്ഥകള്‍ ഈശ്വരകല്‍പിതമെന്ന്‌ കരുതി സഹിക്കുകയാണ്‌. ഗിരിജയെ പോലെ കോടതിയുടെ സഹായം തേടാന്‍ കഴിയാത്തത്‌ കൊണ്ട്‌ മരണത്തിലും ദുരിതത്തിലും തങ്ങളുടെ ആശകളുടെ അന്ത്യം കാണാനാണ്‌ ഇത്തരക്കാര്‍ക്ക്‌ വിധി.
ആതിരേ, പൗരന്റെ ആരോഗ്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം സ്റ്റേറ്റിനാണ്‌. എന്നാല്‍, ഇക്കാര്യത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള അലംഭാവമാണ്‌ മാറിമാറിവരുന്ന ഭരണകൂടങ്ങളില്‍ നിന്ന്‌ സാധാരണക്കാര്‍ക്ക്‌ ലഭിക്കുന്നത്‌. പി.കെ ശ്രീമതി ആരോഗ്യമന്ത്രിയായതോടെ ഈ അവഗണനയും അപമാനവും അലംഭാവവും വര്‍ധിച്ചിട്ടുണ്ട്‌ എന്നത്‌ പകല്‍പോലെ സത്യമാണ്‌. ഇതിനിടയിലാണ്‌ സ്വകാര്യപ്രാക്ടീസ്‌ വിഷയത്തില്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രിയും സര്‍ക്കാരും കൊമ്പ്‌ കോര്‍ത്തത്‌. അതോടെ ഡോക്ടര്‍മാരുടെ പക രോഗികള്‍ക്ക്‌ നേരെ തിരിയുകയും ചെയ്തു. ഹൃദയശസ്ത്രക്രിയ പോലെ പെട്ടെന്ന്‌ നടത്തേണ്ട ശസ്ത്രക്രിയ പോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ മുടക്കുന്നത്‌ ഈ മാനസിക ഭാവം കൊണ്ടാണ്‌. അത്യാസന്ന നിലയിലെത്തിയ രോഗിക്ക്‌ ഒരുവര്‍ഷത്തിന്‌ ശേഷം സ്കാനിംഗ്‌ നിര്‍ദേശിച്ച സംഭവവും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.
ആതിരേ, ഇതെല്ലാം വ്യക്തമാക്കുന്നത്‌ കേരളത്തിലെ സാധാരണക്കാരുടെ അതിജീവന വിഷയങ്ങളില്‍ ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥ തന്നെയാണ്‌. സര്‍ക്കാരിന്റെ നടപടികളിലും നയങ്ങളിലും വീഴ്ചയോ പാളിച്ചയോ ഉണ്ടായാല്‍ അത്‌ തിരുത്താനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണുള്ളത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ഈ രംഗത്തെ ഷൈലോക്കുകള്‍ക്ക്‌ അടിയറ വെച്ച്‌ ശ്രീമതിയും ബേബിയും മന്ത്രിമാരായി വിലസുമ്പോഴും അതിനെതിരെ ജനകീയ പ്രക്ഷോഭം നയിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കോ രമേശ്‌ ചെന്നിത്തലക്കോ കഴിയുന്നില്ല. അതായത്‌ ഇവരും ഈ കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ്‌ എന്നുതന്നെയാണ്‌ അര്‍ത്ഥം. ഇടതുപക്ഷ സര്‍ക്കാരിന്റെ നയവൈകല്യം മൂലം അടുത്ത തെരഞ്ഞെടുപ്പില്‍ ഒട്ടും അധ്വാനിക്കാതെ അധികാരത്തിലേറാമെന്ന സ്വപ്നം കണ്ടിരിക്കുകയാണ്‌ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റു നേതാക്കന്മാരും. ഭരണ പ്രതിപക്ഷ വ്യത്യാസം കൂടാതെയാണ്‌ നേതാക്കള്‍ കേരളത്തിലെ സാധാരണക്കാരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്‌. അശോകന്റെ വിവരം പുറത്തറിഞ്ഞിട്ടും ഒരു പ്രസ്താവനയെങ്കിലും ഇറക്കി പ്രതിഷേധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും സമയവും സന്നദ്ധതയും ഇല്ലാതെ പോയി. സംഘടിതമായ ഇത്തരം വഞ്ചനകളാണ്‌ സാധാരണക്കാരനെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അത്തരൊരു സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുയകാണ്‌ ഭരണ പ്രതിപക്ഷ കക്ഷികള്‍. കാരണം ആയുധമെടുക്കുന്നവനെ മാവോയിസ്റ്റ്‌ എന്നും ഭീകരവാദിയെന്നും മുദ്ര കുത്തി വെടിവെച്ച്‌ കൊന്ന്‌ ശല്യമൊഴിവാക്കാന്‍ എളുപ്പമാണല്ലോ.ആതിരേ, ആ ദുഷ്ടതയുടെ സാക്ഷാത്‌ കാരത്തിനാണ്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മറ്റും പി.കെ. ശ്രീമതിയോട്‌ കൈകോര്‍ക്കുന്നത്‌.

Friday, November 13, 2009

ശ്രീമതിയെന്ന 'ലേഡി തുഗ്ലക്കി'ന്റെ മരണ പരിഷ്കാരം

ലക്ഷ്യബോധമോ യുക്തിഭദ്രതയോ ഇല്ലാത്ത തീരുമാനങ്ങള്‍കൊണ്ട്‌ കേരളത്തിലെ രോഗികളെ നിരന്തരം ബുദ്ധിമുട്ടിച്ചും വിഡ്ഢികളാക്കിയും കൊണ്ടിരിക്കുകയാണ്‌ പി.കെ ശ്രീമതിയും എല്‍ഡിഎഫ്‌ സര്‍ക്കാരും. മെഡിക്കല്‍ കോളുജകളെ റഫറല്‍ ആശുപത്രികളാക്കാന്‍ തീരുമാനിക്കും മുമ്പ്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്‌. ഡോക്ടര്‍മാരോടുള്ള വാശിയും വൈരാഗ്യവും സാധു രോഗികളുടെ നെഞ്ചത്തല്ല തീര്‍ക്കേണ്ടത്‌.ആതിരേ, നാളെ ( നവംബര്‍ 15) മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ 'റഫറല്‍ കേന്ദ്രങ്ങ'ളാവുകയാണ്‌. അതായത്‌ മെഡിക്കല്‍കോളജിന്റെ അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കാത്തവര്‍ക്ക്‌ നേരിട്ട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താന്‍ അനുവാദമില്ല. അങ്ങനെ ആരെങ്കിലും എത്തിയാല്‍ അവരെ ആരും തിരിഞ്ഞുനോക്കുകയുമില്ല. അതായത്‌ നാളെ മുതല്‍ മെഡിക്കല്‍ കോളജിന്റെ പടി ചവിട്ടണമെങ്കില്‍ റഫറല്‍ ടിക്കറ്റ്‌ കൈവശം വേണമെന്ന്‌ സാരം.
പി.കെ. ശ്രീമതിയുടെ പുതിയ ഭരണ( മരണ)പരിഷ്കാരമാണിത്‌. ഒരര്‍ത്ഥത്തില്‍ ഇത്‌ നല്ലതു തന്നെ. ഏറ്റവും കുറഞ്ഞത്‌ മെഡിക്കല്‍ കോളജിന്റെ വരാന്തയിലെ തിരക്ക്‌ എങ്കിലും ഒഴിവാക്കാന്‍ കഴിയുമല്ലോ.
അതുകൊണ്ട്‌ സാധാരണക്കാരന്റെ ചികിത്സാ പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടോ എന്നതാണ്‌ ആതിരേ ചോദ്യം.
ഓരോ സര്‍ക്കാരും അധികാരത്തിലേറുന്നത്‌ സമ്മതിദായകര്‍ക്കും നികുതിദായകര്‍ക്കും ഒട്ടേറെ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയാണ്‌. നാട്‌ സ്വര്‍ഗമാക്കുമെന്നും തെരുവുകളിലൂടെ തേനും പാലും ഒഴുക്കുമെന്നുമൊക്കെ നീളും ഇത്തരം വാഗ്ദാനങ്ങള്‍. എന്നാല്‍, ഇതൊന്നും വേണ്ട സ്വസ്ഥമായി ഈ നാട്ടില്‍ അധ്വാനിച്ച്‌ , മാന്യമായി ജീവിക്കാനുള്ള അവസരമൊരുക്കിയാല്‍ മതിയെന്നാണ്‌ പൊതുസമൂഹത്തിന്റെ ആവശ്യം.
ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ എന്നിങ്ങനെയുള്ള അഞ്ച്‌ അടിസ്ഥാന ആവശ്യങ്ങള്‍ വലിയ ബുദ്ധിമുട്ടുകൂടാതെ നേടിയെടുക്കാന്‍ അവസരം ഒരുക്കുമെങ്കില്‍ അതുമതി ജീവിക്കാന്‍ എന്നാണ്‌ സാധാരണക്കാരുടെ നിലപാട്‌. ഈ അഞ്ച്‌ ആവശ്യങ്ങള്‍ പൊതുസമൂഹത്തിന്‌ ഉറപ്പ്‌ വരുത്താനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണ്‌. അതുകൊണ്ടുതന്നെ ഇവ സംബന്ധിച്ച്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളും നടപ്പിലാക്കുന്ന നടപടികളും പൊതുസമൂഹത്തെ ആഴത്തില്‍ തന്നെ ബാധിക്കുന്നതാണ്‌. അധ്വാനിച്ച്‌ ആഹാരത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനുമുള്ള സംവിധാനം തനിയെ ഉണ്ടാക്കാന്‍ പൗരന്‌ കഴിയുമെങ്കിലും വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സഹായം കൂടാതെ ജീവിക്കാന്‍ സാധാരണക്കാര്‍ക്ക്‌ കഴിയുകയില്ല.
ഈ യാഥാര്‍ത്ഥ്യത്തിന്‌ മുന്നില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളും നടപടികളും പ്രതിഷ്ഠിക്കുമ്പോഴാണ്‌ ആതിരേ, കഴിഞ്ഞ മൂന്നരവര്‍ഷമായി നടക്കുന്ന നയവഞ്ചനയും വര്‍ഗ - ജനവഞ്ചനയും ബോധ്യമാവുന്നത്‌. വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറ രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളവും സമൂഹത്തിന്റെ ഈടുവെയ്പും ആണെന്നിരിക്കെ എം.എ ബേബി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ്‌ ഈ നാട്ടിലെ നികുതിദായകരോടും സമ്മതിദായകരോടും കാണിച്ചുകൊണ്ടിരിക്കുന്ന അനീതി എത്ര പറഞ്ഞാലും തീരുകയില്ല. പൊതുസമൂഹത്തെ ശുദ്ധ വിഡ്ഢികളാക്കി മന്ത്രിയായി വിലസുകയാണ്‌ രണ്ടാം മുണ്ടശേരി.
വിദ്യാഭ്യാസം പോലെ പൊതുസമൂഹവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്‌ ചികിത്സാ സംവിധാനം. പി.കെ ശ്രീമതിയെന്ന ഒരു രാഷ്ട്രീയ ശാപം ആ വകുപ്പ്‌ ഏറ്റെടുത്തതുമുതല്‍ അണുബാധയേറ്റ്‌ നവജാത ശിശുക്കള്‍ക്കും പകര്‍ച്ചപ്പനി ബാധിച്ച്‌ മുതിര്‍ന്നവര്‍ക്കും കാലപുരി പൂകാനാണ്‌ യോഗം. ( മുന്‍പ്‌ പലവട്ടം ഈ പംക്തിയില്‍ ആ അനീതികളെ കുറിച്ച്‌ ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ട്‌ അതിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കുന്നില്ല ). ശ്രീമതിയുടെ അഹംഭാവവും അഹന്തയും നിറഞ്ഞ നിലപാടുകളുമായി കൊമ്പ്‌ കോര്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത്‌ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളിലാണ്‌. സര്‍ക്കാരിന്റെ വികലമായ ആരോഗ്യനയം മൂലം മെഡിക്കല്‍കോളജ്‌ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങള്‍ ബഹിഷ്കരിച്ച്‌ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്‌ ഇന്ന്‌ പുതിയ വാര്‍ത്തയല്ല.
ഈ പശ്ചാത്തലത്തില്‍ വേണം ആതിരേ, നാളെ മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പുതിയ പരിഷ്കാരത്തെ ജനപക്ഷത്തുനിന്നുകൊണ്ട്‌ വിലയിരുത്തേണ്ടത്‌. ഇനിമുതല്‍ ഒരു രോഗിക്ക്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ 'വിദഗ്ധ ചികിത്സ' ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പല കടമ്പകള്‍ കടക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍, താലൂക്ക്‌ - ജില്ലാ ആശുപത്രികള്‍ എന്നിവ കടന്നുവരുന്നവര്‍ക്ക്‌ മാത്രമേ നാളെമുതല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കുകയുള്ളു. അതായത്‌ മേല്‍പറഞ്ഞ ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക്‌ കണ്ടുപിടിക്കാന്‍ കഴിയാത്ത രോഗമാണെങ്കില്‍ മാത്രം മെഡിക്കല്‍ കോളജില്‍ എത്തിയാല്‍ മതിയെന്ന്‌ സാരം.
മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്‌ സാധാരണക്കാരായ രോഗികള്‍ക്ക്‌ ആവശ്യത്തിനുള്ള ചികിത്സ ലഭിക്കുന്നില്ല എന്ന പരാതിക്ക്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. എന്നു മാത്രമല്ല പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുകയാണ്‌. രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുടെ നൂറിലൊന്ന്‌ പോലും ജില്ലാ ആശുപത്രികളിലും ഇല്ല എന്നതാണ്‌ വാസ്തവം. ഈ സാഹചര്യത്തിലാണ്‌ നാളെ മുതല്‍ രോഗികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രി വരെ നിരങ്ങിയശേഷം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക്‌ എത്തിയാല്‍ മതിയെന്ന ഉത്തരവ്‌ നടപ്പിലാക്കാന്‍ പോകുന്നത്‌. നല്ല മൂത്രപ്പുരകള്‍ പോലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്ല. രോഗികള്‍ക്കൊപ്പം വരുന്നവര്‍ക്ക്‌ താമസിക്കാനുള്ള സൗകര്യമോ രോഗികള്‍ക്ക്‌ കിടക്കാനുള്ള കട്ടിലും മറ്റ്‌ സംവിധാനങ്ങളും ജില്ലാ ആശുപത്രികളില്‍ പോലും ഇല്ല എന്നോര്‍ക്കണം. നിലത്താണെങ്കിലും വിരിച്ചു കിടക്കാന്‍ ഒരു വിരിപ്പ്‌ പോലും നല്‍കാനില്ലാത്ത സാഹചര്യമാണ്‌ ഇന്ന്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെയുള്ളത്‌. ഏത്‌ രോഗവുമായി വന്നാലും പാരസെറ്റമോള്‍ അല്ലാതെ മറ്റൊരു മരുന്നും ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന്‌ കിട്ടില്ല. വൃത്തിയുള്ള ആഹാരമോ മാലിന്യമുക്തമായ കുടിവെള്ളമോ ഇവിടങ്ങളില്‍ ലഭ്യമല്ല. ഇതെല്ലാം മാറ്റിനിര്‍ത്തിയാല്‍ തന്നെ നഴ്സുമാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മിതമായ മര്യാദപൂര്‍വമുള്ള പെരുമാറ്റം പോലും രോഗികള്‍ക്ക്‌ ലഭിക്കാറില്ല. സ്വകാര്യ പ്രാക്ടീസ്‌ നിര്‍ത്തലാക്കിയതിന്റെ പേരില്‍ രോഷാകുലരായിരിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന്‌ ഇതുവരെ ലഭിച്ചിരുന്ന മനുഷ്യത്വം പോലും ഇനി പ്രതീക്ഷിക്കാനാവില്ല എന്നതാണ്‌ മറ്റൊരു വാസ്തവം. അതായത്‌ ജില്ലാ ആശുപത്രകളില്‍ പോലും രോഗികള്‍ക്ക്‌ മികച്ച ചികിത്സാ സൗകര്യം ലഭിക്കുകയില്ല എന്ന്‌ അര്‍ത്ഥം. ഈ ദുരിതാവസ്ഥകളെല്ലാം തരണം ചെയ്ത്‌ മെഡിക്കല്‍ കോളജിലേക്കുള്ള റഫര്‍ ചീട്ടും കിട്ടി വിദഗ്ധ ചികിത്സ തേടിയെത്തുന്ന രോഗിയുടെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ആതിരേ ഊഹിക്കാവുന്നതേയുള്ളു.
സങ്കീര്‍ണമായ രോഗങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ഇതുവരെ നേരിട്ട്‌ മെഡിക്കല്‍ കോളജുകളെ സമീപിക്കാന്‍ കഴിയുമായിരുന്നു അതിനി നടക്കില്ല. കൈക്കൂലി തുകയുടെ വലിപ്പമനുസരിച്ചായിരിക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക്‌ റഫര്‍ ചെയ്യുക. അതിന്‌ കഴിവില്ലാത്തവര്‍ മതിയായ സൗകര്യവും സംവിധാനങ്ങളുമില്ലാത്ത താലൂക്കാശുപത്രികളിലെ ശസ്ത്രക്രിയക്ക്‌ വിധേയരാകേണ്ടിവരും. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും മരണസാധ്യതയും പി.കെ. ശ്രീമതിക്കും സര്‍ക്കാരിനും ഊഹിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷെ, ഇന്നാട്ടിലെ ദരിദ്രരായ സാധാരണക്കാര്‍ക്ക്‌ അത്‌ തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട്‌ ജീവന്‍ രക്ഷിക്കാന്‍ കെട്ടുതാലിമുതല്‍ പുരയിടം വരെ പണയപ്പെടുത്തി സ്വകാര്യ ആശുപത്രികളില്‍ നിന്ന്‌ ചികിത്സ തേടാന്‍ ഇവര്‍ നിര്‍ബന്ധിതരായിത്തീരും.
നോക്ക്‌ ആതിരേ, എത്ര കൗശലപൂര്‍ണ്ണമായാണ്‌ ബേബിയും ശ്രീമതിയും, കേരളത്തിലെ സാധാരണക്കാരുടെ ആശാകേന്ദ്രങ്ങളായ വിദ്യാഭ്യാസ മേഖലയും ചികിത്സാ മേഖലയും ഈ രംഗത്തെ വാണിക്കുകള്‍ക്ക്‌ അടിയറ വച്ചിരിക്കുന്നത്‌...!
ആതിരേ, ലക്ഷ്യബോധമോ യുക്തിഭദ്രതയോ ഇല്ലാത്ത തീരുമാനങ്ങള്‍കൊണ്ട്‌ കേരളത്തിലെ രോഗികളെ നിരന്തരം ബുദ്ധിമുട്ടിച്ചും വിഡ്ഢികളാക്കിയും കൊണ്ടിരിക്കുകയാണ്‌ പി.കെ ശ്രീമതിയും എല്‍ഡിഎഫ്‌ സര്‍ക്കാരും. മെഡിക്കല്‍ കോളുജകളെ റഫറല്‍ ആശുപത്രികളാക്കാന്‍ തീരുമാനിക്കും മുമ്പ്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്‌. ഡോക്ടര്‍മാരോടുള്ള വാശിയും വൈരാഗ്യവും സാധു രോഗികളുടെ നെഞ്ചത്തല്ല തീര്‍ക്കേണ്ടത്‌. പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്ക്‌ ഗുണകരാമാണോ എന്ന്‌ ചിന്തിക്കാന്‍ പോലുമുള്ള സാമാന്യ ബുദ്ധി പി.കെ. ശ്രീമതിക്കില്ല. എന്നാണ്‌ ഈ തീരുമാനങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഇതുകൊണ്ട്‌ ശ്രീമതിക്ക്‌ ഒരു ചുക്കും നഷ്ടപ്പെടാനില്ല. പക്ഷെ, ഈ തുഗ്ലക്ക്‌ നടപടികള്‍ക്ക്‌ ജീവിതം കൊണ്ട്‌ പിഴയൊടുക്കേണ്ടിവരുന്നത്‌ ഇന്നാട്ടിലെ ദരിദ്രരായ സാധാരണക്കാരാണ്‌. ശ്രീമതിയും എല്‍ഡിഎഫ്‌ അധികൃതരും ഒന്നറിയണം - നിങ്ങളുടെ അഹന്തക്കും തോന്ന്യാസത്തിനും ബലി നല്‍കാനുള്ളതല്ല ഇന്നാട്ടിലെ സാധാരണക്കാരന്റെ ജീവിതം. അതിന്‌ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന തിരിച്ചടി ഊഹാതീതമായിരിക്കും; ഒട്ടും സംശയിക്കണ്ട.

മധുകോഡ പുതിയ പ്രതിഭാസമല്ല

ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും സമ്മതിദാനവകാശം വിനിയോഗിച്ച്‌ ജനാധിപത്യ ഭരണക്രമം നിലനിര്‍ത്തുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ എത്ര വിഡ്ഢികളാണെന്നും അവരെ എങ്ങനെയെല്ലാമാണ്‌ അധികാരം കയ്യാളുന്നവര്‍ കബളിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്ന പുതിയ എപ്പിസോഡാണ്‌ മധുകോഡ. ജനാധിപത്യം അരങ്ങിലും പണാധിപത്യം അണിയറയിലും നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും..ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി മധുകോഡ അനധികൃതമായി സമ്പാദിച്ച 4,000 കോടി രൂപയുടെ വാര്‍ത്തകളാണ്‌ ആത്രേ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്‌. ഒരുപക്ഷെ, ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മധുകോഡയുടെ രാഷ്ട്രീയ ജീവിതത്തിന്‌ തല്‍ക്കാലം തിരശീല വീണേക്കാം. പക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയം ആഴത്തില്‍ പരിശോധിച്ചാല്‍ മധുകോഡ ഒരു പുതിയ പ്രതിഭാസമല്ലെന്ന്‌ ബോധ്യമാകും. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം എന്നേക്കുമായി അവസാനിക്കാനും പോകുന്നില്ലെന്നും മനസ്സിലാക്കാം. ഇപ്പോള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ അദ്ദേഹം ശിക്ഷാര്‍ഹനായ സാമ്പത്തിക കുറ്റവാളിയും അധികാരം ദുര്‍വിനിയോഗം ചെയ്ത രാഷ്ട്രീയക്കാരനുമാണ്‌. എന്നാല്‍, മധുകോഡയ്ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ സംശയാധീതമായി കോടതിയില്‍ തെളിയിക്കും വരെ അദ്ദേഹം നിരപരാധിയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ വൈക്ലബ്യത്തിനിടയിലും അനുയായികളെ ഉത്തേജിപ്പിക്കാന്‍ നവംബര്‍ 25ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‌ ജഗനാഥ്പൂര്‍ മണ്ഡലത്തില്‍ നിന്ന്‌ ഭാര്യ ഗീതാബിജലി കോഡയെ മത്സരിപ്പിക്കുമെന്ന്‌ പറയാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌.
നോക്ക്‌ ആതിരേ ,ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നാണ്‌ ജാര്‍ഖണ്ഡ്‌. എന്നിട്ടും അവിടത്തെ മുഖ്യമന്ത്രിക്ക്‌ ഇത്ര പെട്ടെന്ന്‌ 4,000 കോടി രൂപയുടെ അനധികൃത സമ്പത്തുണ്ടാക്കാന്‍ കഴിഞ്ഞതെങ്ങനെയാണെന്ന ചോദ്യം വളരെ പ്രസക്തമാണ്‌. ആ ചോദ്യത്തിന്‌ ഉത്തരം തേടുമ്പോഴാണ്‌ ഇന്ത്യന്‍ രാഷ്ട്രീയത്തെ മുച്ചൂടും മൂടി നില്‍ക്കുന്ന അഴിമതിയുടെ വേരുകള്‍ എത്ര ആഴത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ ബോധ്യമാവുക.
സ്ഥലം മാറ്റത്തിന്‌ വന്‍തുക നല്‍കിയ ഓഫീസര്‍മാര്‍ക്കു നേരെയാണ്‌ ഇപ്പോള്‍ ആരോപണങ്ങളുടെ ചൂണ്ടുവിരലുകള്‍ നീളുന്നത്‌. എന്നാല്‍, വ്യാവസായികവും വാണിജ്യവുമായ ആവശ്യങ്ങള്‍ കുറുക്കുവഴിയില്‍ നേടിയെടുക്കാന്‍ പണപ്പെട്ടിയുമായി രാഷ്ട്രീയക്കാരെ സമീപിക്കുന്ന വ്യവസായ പ്രഭുക്കളുടെ കാര്യം പലരും ബോധപൂര്‍വം തമസ്കരിക്കുകയാണ്‌. കാരണം ഈ കുബേരന്മാരുമായി മധുകോഡ മാത്രമല്ല ബന്ധപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടുതന്നെ കോഡയ്ക്ക്‌ കോടികള്‍ നല്‍കിയ വ്യവസായികളെ കുറിച്ച്‌ സംസാരിക്കാതിരിക്കാനാണ്‌ പലര്‍ക്കും താല്‍പര്യം.
4,000 കോടി രൂപ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ മധുകോഡ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ആതിരേ, ഏറ്റവും ചുരുങ്ങിയത്‌ അതിന്റെ പത്തിരട്ടി തുക ലാഭമുണ്ടാക്കിയ വ്യവസായ ഭീമന്മാര്‍ അണിയറയിലുണ്ടെന്ന കാര്യം തര്‍ക്കമില്ലാത്ത വാസ്തവമാണ്‌. പക്ഷെ, മധുകോഡയ്ക്ക്‌ പണം നല്‍കിയ ഈ സാമ്പത്തിക ഭീമന്മാരെ കുറിച്ച്‌ വിജിലന്‍സ്‌ വിഭാഗം പോലും മൗനം പുലര്‍ത്തുമ്പോള്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ ഗതിയെന്താകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. ബോഫോഴ്സ്‌, കാലിത്തീറ്റ, ശവക്കച്ച തുടങ്ങി നമ്മെ ഞെട്ടിച്ച നിരവധി അഴിമതികേസുകളുടെ അന്വേഷണം എങ്ങനെ അവസാനിച്ചു എന്ന്‌ ബോധ്യമുള്ളവര്‍ക്ക്‌ മധുകോഡ എപ്പിസോഡ്‌ ഏത്‌ വിധത്തില്‍ പര്യവസാനിക്കുമെന്ന്‌ പ്രത്യേകിച്ച്‌ ഊഹിക്കാവുന്നതേയുള്ളു.
രാഷ്ട്രീയത്തില്‍ താരതമ്യേന പുതുമുഖമായതുകൊണ്ടാകണം മധുകോഡയ്ക്ക്‌ ഇപ്പോള്‍ ഇത്തരമൊരു വൈക്ലബ്യാവസ്ഥ വന്നതെന്ന്‌ തോന്നുന്നു. ലാലുപ്രസാദ്‌ യാദവും മുലായം സിംഗ്‌ യാദവും മായാവതിയും ജയലളിതയും കര്‍ണാടകയിലെ റെഡ്ഡി സഹോദരന്മാരും കലൈഞ്ജര്‍ കരുണാനിധിയും എന്തിനധികം രാജീവ്‌ ഗാന്ധിയുമൊക്കെ മധുകോഡയേക്കാള്‍ മിടുക്കരായ തന്ത്രശാലികളായതുകൊണ്ട്‌ ഇത്തരത്തില്‍ പിടിക്കപ്പെട്ടില്ല എന്നു മാത്രം (രാജീവ്‌ ഗാന്ധിയുടെ അക്കൗണ്ടില്‍ സ്വിസ്‌ ബാങ്കില്‍ 11,500 കോടി രൂപയ്ണ്ടെന്നാണ്‌ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.ബോഫോഴ്സ്‌ തോക്കിടപാട്‌ അഴിമതിക്കേസ്‌ ഒരിക്കല്‍ കൂടി നമ്മുടെ ഓര്‍മ്മയിലെത്തിക്കുന്നു ഇതെങ്കിലും ആതിരേ, ക്വത്തൊറോച്ചിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിക്കഴിഞ്ഞല്ലോ സോണിയയും മന്മോഹനും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും)
സ്വതന്ത്ര എംഎല്‍എ ആയ മധുകോഡയ്ക്ക്‌ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞിടത്തുനിന്നാരംഭിക്കുന്നു അഴിമതിയുടെയും അനധികൃത സ്വത്ത്‌ സമ്പാദനത്തിന്റെയും കുമാര്‍ഗ്ഗങ്ങളും കരുത്തും. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയവര്‍ക്ക്‌ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആ ലക്ഷ്യങ്ങള്‍ നേടാന്‍ മധുകോഡയുടെ ഒരു ഒപ്പ്‌ ധാരാളം മതിയായിരുന്നു. ഇങ്ങനെ നല്‍കിയ ഓരോ ഒപ്പിനും ലഭിച്ച ലക്ഷങ്ങളും കോടികളുമാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുള്ള അനധികൃത സ്വത്ത്‌ സമ്പാദനത്തിന്റെ തുടക്കം.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലൈസന്‍സ്‌ പെര്‍മിറ്റ്‌ ക്വാട്ടയാണ്‌ ആതിരേ, എല്ലാ രാഷ്ട്രീയക്കാരുടെയും കാമധേനു. ഈ സംവിധാനം ഉപയോഗിച്ച്‌ സ്വന്തമായും പാര്‍ട്ടിക്കും വരുമാനമുണ്ടാക്കാത്ത ഒരു മന്ത്രിയും മുഖ്യമന്ത്രിയും ഇന്ത്യയിലില്ല .മാര്‍ക്സിസ്റ്റ്‌ ഭരണകൂടത്തിനും ഈ ആരോപണത്തില്‍ നിന്നു മോചനമില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവരെല്ലാം രാഷ്ട്രീയത്തില്‍ കോഡയേക്കാള്‍ മുന്‍പേ വന്നവരും തന്ത്രങ്ങള്‍ മെനയാനും, കൃത്യമായയും വേഗത്തിലും പണം സുരക്ഷിത കേന്ദ്രങ്ങളിലും ഡെപ്പോസിറ്റുകളിലും എത്തിക്കാനും കഴിവുള്ളവരായതുകൊണ്ട്‌ പിടിക്കപ്പെടുന്നില്ല എന്നേയുള്ളു.
ലൈബീരിയയില്‍ കല്‍ക്കരി ഖാനി ഏറ്റെടുക്കാന്‍ 20 ലക്ഷത്തോളം ഡോളറാണത്രെ മധുകോഡ മുടക്കിയത്‌. ഈ ലൈബീരിയയെ കുറിച്ച്‌ ഇന്ത്യയില്‍ എത്രപേര്‍ക്ക്‌ അറിവുണ്ട്‌ ആതിരേ..?. അപ്പോള്‍ തീര്‍ച്ചയായും അവിടെ പണം മുടക്കാന്‍ കോഡ തയ്യാറായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ചില ഉപദേശക ബുദ്ധികളുണ്ടാകും. കോഡ ഇപ്പോള്‍ പിടിക്കപ്പെട്ടെങ്കിലും ഈ ഉപദേശകര്‍ രക്ഷപ്പെട്ടു നില്‍ക്കുകയാണ്‌. കോഡയല്ലെങ്കില്‍ മറ്റൊരാള്‍ മുഖ്യമന്ത്രിയാകും. അയാളെ വീഴ്ത്താനുള്ള പുതിയ തന്ത്രങ്ങളൊരുക്കി ഇവര്‍ അണിയറയില്‍ സജീവമാവുകയും ചെയ്യും. മറ്റ്‌ രാഷ്ട്രങ്ങളിലും കോഡയ്ക്ക്‌ നിക്ഷേപമുണ്ടെന്നും സ്വത്ത്‌ വകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നുമാണ്‌ ആക്ഷേപം. ഇവിടെയും ഉപദേശക ബുദ്ധികള്‍ തന്നെയാണ്‌ കോഡയ്ക്ക്‌ മാര്‍ഗദര്‍ശിയായിട്ടുണ്ടാവുക. ലൈസന്‍സ്‌ ലഭിക്കാന്‍ ലക്ഷങ്ങളും കോടികളും നല്‍കാന്‍ വ്യവസായികള്‍ ക്യൂ നില്‍ക്കുമ്പോള്‍ അത്‌ എവിടെയൊക്കെ എങ്ങനെയൊക്കെ ചെലവഴിക്കണമെന്ന്‌ കോഡയ്ക്ക്‌ ഉപദേശം നല്‍കാനും ബുദ്ധികേന്ദ്രങ്ങളുണ്ടാകും. അവര്‍ ആരൊക്കെ എന്ന്‌ ആരും ചോദിക്കുന്നില്ല. വിജിലന്‍സും അക്കാര്യം തങ്ങളുടെ അന്വേഷണ പരിധിയില്‍ പെടുത്തിയിട്ടുമില്ല.
നാണം കെട്ടുണ്ടാക്കുന്ന പണം ആ നേണക്കേട്‌ തീര്‍ക്കുമെന്നുള്ളത്‌ മലയാളത്തിലെ മാത്രം പഴമൊഴിയല്ല. പണമുണ്ടെങ്കില്‍, കൂടുതല്‍ പണം സമ്പാദിക്കാനും അതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കുറ്റവാളി അല്ല എന്ന വിധി കോടതിയില്‍ നിന്ന്‌ നേടാനും കഴിയുന്ന സംവിധാനമാണ്‌ ഇന്ന്‌ ഇന്ത്യയിലുള്ളത്‌. അതുകൊണ്ട്‌ മധുകോഡയുടെ ഇപ്പോഴത്തെ വീഴ്ച അദ്ദേഹത്തെ തെല്ലും ഉലച്ചിട്ടില്ല. അതുകൊണ്ടാണല്ലോ നവംബര്‍ 25ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിക്കുമെന്ന്‌ അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറഞ്ഞത്‌.
ആതിരേ, മധുകോഡ ഒറ്റയ്ക്കല്ല ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നോര്‍ക്കണം. അതിനും അദ്ദേഹത്തിന്‌ കൂട്ടുണ്ടായിരുന്നു. കേരളത്തില്‍ പുനലൂര്‍ സ്വദേശി വരെ മധുകോഡയുടെയും കൂട്ടരുടെയും വഞ്ചനയ്ക്ക്‌ വിധേയമായിട്ടുണ്ട്‌. നിരവധി സാധുക്കളെ ഇത്തരത്തില്‍ ഇവര്‍ വഞ്ചിച്ചിട്ടുണ്ട്‌. ഇനി പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെട്ടാലും വഞ്ചിതരായവര്‍ക്ക്‌ നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്‌. അതിന്‌ യോജിക്കുന്ന വിധം എഫ്‌ഐആര്‍ തയ്യാറാക്കാന്‍ മിടുക്കന്മാരാണ്‌ ഇന്ത്യയില്‍ ഏത്‌ സംസ്ഥാനത്തെയും പോലീസുകാര്‍. നമ്മുടെ നാട്ടില്‍ നടക്കുന്ന ചിട്ടി തട്ടിപ്പ്‌ - നിക്ഷേപ തട്ടിപ്പുകളുടെ അനുഭവം ഓര്‍ക്കുക. ഹിമാലയക്കാരും ടോട്ടല്‍ ഫോര്‍ യു ശബരീനാഥുമൊക്കെ പട്ടിണിപ്പാവങ്ങളുടെ കൈയില്‍ നിന്ന്‌ നിക്ഷേപം തട്ടിയെടുത്തിട്ട്‌ അതിലെത്ര തുക അവര്‍ക്ക്‌ തിരിച്ചുകിട്ടി എന്ന്‌ ചിന്തിക്കുക. ഒരു സാധാരണക്കാരന്‍ നടത്തുന്ന തട്ടിപ്പില്‍ പോലും ഇരയാകുന്നവര്‍ക്ക്‌ പിന്നീട്‌ നിയമപരമായ സംരക്ഷണം ലഭിക്കുകയില്ലെങ്കില്‍ കോഡയെ പോലെയുള്ളവര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്ക്‌ ഇരയായവര്‍ക്ക്‌ എന്തു സംരക്ഷണം ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കാനുള്ളത്‌.
ആതിരേ, അഴിമതി നിര്‍മാര്‍ജ്ജനത്തെ കുറിച്ച്‌ പറയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാവും ഇന്ത്യയിലില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമില്ല. എന്നാല്‍, സര്‍ക്കാര്‍ തലത്തിലും മന്ത്രിതലത്തിലും അഴിമതി മാത്രമാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ തലത്തിലെ സുതാര്യത വര്‍ധിപ്പിക്കുകയും പദ്ധതികളുടെയും ലൈസന്‍സിന്റെയുമൊക്കെ അനുമതിക്കാര്യത്തില്‍ മന്ത്രിമാരുടെ ഇടപെടല്‍ കുറയ്ക്കുകയും ചെയ്താല്‍ ഗണ്യമായ രീതിയീല്‍ അഴിമതി ഇല്ലാതാക്കാമെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത്‌ പറയാന്‍ മാത്രം കൊള്ളാവുന്ന സംഗതിയാണ്‌ ഇന്ത്യയില്‍. ഇത്തരം ഇടപെടലില്ലാതെ ഒരു മന്ത്രിക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റെ അതിജീവനം സുഗമമാക്കാന്‍ കഴിയുകയില്ല. വസ്തുത ഇതായിരിക്കെ കോഡയെ കുറ്റപ്പെടുത്തി ആരും മാന്യന്മാരാകാന്‍ ശ്രമിക്കേണ്ട എന്നുതന്നെയാണ്‌ പറഞ്ഞു വന്നത്‌.
ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും സമ്മതിദാനവകാശം വിനിയോഗിച്ച്‌ ജനാധിപത്യ ഭരണക്രമം നിലനിര്‍ത്തുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ എത്ര വിഡ്ഢികളാണെന്നും അവരെ എങ്ങനെയെല്ലാമാണ്‌ അധികാരം കൈയാളുന്നവര്‍ കബളിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്ന പുതിയ എപ്പിസോഡാണ്‌ മധുകോഡ. ജനാധിപത്യം അരങ്ങിലും പണാധിപത്യം അണിയറയിലും നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
ഭാരം ചുമക്കാനും തീ തിന്നാനും തയ്യാറാകുന്നവര്‍ ഭാരതീയരും അഴിമതി നടത്താനും അനധികൃതമായി സ്വത്ത്‌ സമ്പാദിക്കാനും കഴിയുന്നവര്‍ ഭരണാധികാരികളും ആകുന്ന കെട്ട കാലത്തിലാണ്‌ നാമൊക്കെ ജീവിക്കുന്നത്‌. അതുകൊണ്ടുതന്നെ പുതിയ മധുകോഡകളെ പ്രതീക്ഷിക്കാനല്ലാതെ ആതിരേ, മറ്റൊന്നിനും കഴിയുകയുമില്ല. എന്തൊരു നശിച്ച ജന്മങ്ങളാണ്‌ നമ്മള്‍ ഇന്ത്യന്‍ പൗരന്മാര്‍

Thursday, November 12, 2009

സോണിയയും മമതയും മായാവതിയും ചിരിക്കുമ്പോള്‍

രാജ്യത്താകെ 31 നിയമസഭാ സീറ്റിലേക്കും ഒരു ലോകസഭാ സീറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പ്‌ ഫലം പുറത്ത്‌ വന്നപ്പോള്‍ ആതിരേ, ഇന്ത്യ കേട്ടത്‌ മൂന്ന്‌ വനിതകളുടെ ചിരിയാണ്‌ - കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മായാവതിയുമാണ്‌ ഇന്ത്യയിലെ രാഷ്ട്രീയ പുരുഷ ശിങ്കങ്ങളെ നാണം കെടുത്തുന്ന ചിരി ചിരിച്ചത്‌.
ഈ മൂന്ന്‌ വനിതാ നേതാക്കളും നേതൃത്വം നല്‍കുന്ന പാര്‍ട്ടികളെ വോട്ടര്‍മാര്‍ തോളിലേറ്റിയപ്പോള്‍ ഇവരുടെ നയങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും തങ്ങളില്ലെങ്കില്‍ ഇന്ത്യയില്‍ രാഷ്ട്രീയമില്ലെന്ന്‌ സ്വയം വിശ്വസിക്കുകയും ചെയ്യുന്ന പുരുഷ നേതാക്കന്മാരെയും അവരുടെ നയങ്ങളെയും ജനം പുച്ഛിച്ചു തള്ളി എന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌.
ഉപ തെരഞ്ഞെടുപ്പ്‌ നടന്ന 31 നിയമസഭാ മണ്ഡലങ്ങളില്‍ 10ഉം ഏക ലോകസഭാ സീറ്റിലും വിജയിക്കുക വഴി കരുത്തില്‍ നിന്ന്‌ കരുത്തിലേക്ക്‌ കുതിക്കുകയാണ്‌ കോണ്‍ഗ്രസ്‌. സഖ്യകക്ഷിയായ തൃണമൂലിന്‌ പശ്ചിമ ബംഗാളില്‍ ലഭിച്ച അഭൂതപൂര്‍വമായ വിജയം കോണ്‍ഗ്രസിന്‌ പുതിയ ലക്ഷ്യങ്ങളും വച്ചുനീട്ടുന്നുണ്ട്‌. ഏഴ്‌ സീറ്റാണ്‌ മമതാ ബാനര്‍ജിയുടെ പാര്‍ട്ടി ബുദ്ധദേവിന്റെ മാര്‍ക്സിസ്റ്റ്‌ കോട്ടയില്‍ നിന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കവര്‍ന്നെടുത്തത്‌.
കേരളത്തില്‍ മൂന്നില്‍ മൂന്നും അസമിലെ രണ്ടില്‍ രണ്ടും ചത്തീസ്ഖഡിലെ ഏകസീറ്റും തൂത്ത്‌ വാരാനായത്‌ കോണ്‍ഗ്രസിന്റെ അപൂര്‍വനേട്ടം തന്നെയാണ്‌. ഉത്തര്‍പ്രദേശില്‍ മുലായം സിംഗിന്റെ കുടുംബ സ്വത്ത്‌ പോലെ കരുതിയിരുന്ന ഉറച്ച സിറ്റിംഗ്‌ സീറ്റ്‌, ഫിറോസാബാദ്‌ പിടിച്ചടക്കിയതിന്‌ പുറമെ ബിജെപി ശക്തി കേന്ദ്രമായിരുന്ന ലക്നൗ വെസ്റ്റ്‌ നിയസമഭ മണ്ഡലത്തില്‍ കൂടി വിജയിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ അതിന്റെ കരുത്തുകാട്ടി. യുപിയില്‍ ശേഷിച്ച എട്ട്‌ സീറ്റില്‍ കൊടിപാറിച്ചുകൊണ്ട്‌ മായാവതിയും തന്റെ സ്ഥാനം സുരക്ഷിതമാക്കി. ഇവിടെ തോറ്റ്‌ തുന്നം പാടിയത്‌ മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ്‌. സ്വതന്ത്രന്മാര്‍ക്ക്‌ പോലും രണ്ടുസീറ്റ്‌ നേടാനായിടത്താണ്‌ ഫിറോസാബാദില്‍ പോലും വിജയിക്കാനാകാതെ മുലായം സിംഗ്‌ വിയര്‍ത്തത്‌. മുലായം സിംഗിന്റെ മരുമകള്‍ ഡിംബിളിനെ 85343 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ കോണ്‍ഗ്രസിലെ രാജ്ബാബ്ബര്‍ തറ പറ്റിച്ചത്‌.
മുലയാം സിംഗിനേക്കാള്‍, ആതിരേ പ്രഹരമേറ്റത്‌ കാരാട്ടിനും ബുദ്ധദേവിനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുമാണ്‌. രാജ്യമാകെ ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പാണ്‌ ബംഗാളിലെ പത്ത്‌ സീറ്റില്‍ നടന്നത്‌. ഇതില്‍ എട്ടെണ്ണവും കരസ്ഥമാക്കി കോണ്‍ഗ്രസ്‌ - തൃണമൂല്‍ കോണ്‍ഗ്രസ്‌ സഖ്യം പശ്ചിമബംഗാളില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ വന്‍ വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ആറിടത്തും സിപിഎം തോറ്റ്‌ തുന്നംപാടി എന്നതാണ്‌ ഏറ്റവും ദയനീയമായ വാസ്തവം. മാത്രമല്ല 1977 മുതല്‍ സിപിഎം നേതാവ്‌ സുഭാഷ്‌ ചക്രവര്‍ത്തി ജയിച്ച കൊല്‍ക്കത്തയിലെ ബല്‍ഗാച്ചിയ ഈസ്റ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ റോമല 13,000 വോട്ടുകളുടെ വ്യത്യാസത്തിലാണ്‌ തോറ്റമ്പിയത്‌.
കേരളത്തിലെന്നപോലെ പശ്ചിമബംഗാളിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അടിത്തറ ഇളകി എന്നാണ്‌ ഈ റിസല്‍റ്റുകള്‍ വ്യക്തമാക്കുന്നത്‌. ഈ രണ്ട്‌ സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ്സ്‌ റിഹേഴ്സലായി ഈ ഉപതെരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കാന്‍ കഴിയും. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക്‌ പിന്നാലെയാണ്‌ മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഭരണത്തിലിരിക്കുന്ന കേരളത്തിലും പശ്ചിമബംഗാളിലും പാര്‍ട്ടിക്ക്‌ ഈ പ്രഹരമേറ്റത്‌.. ഇത്‌ രണ്ട്‌ സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ആതിരേ, ഗ്രൂപ്പിസവും നയവ്യതിയാനവും മൂലം ജനങ്ങളില്‍ നിന്നും പാര്‍ട്ടി അണികളില്‍ നിന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം അകന്നുകൊണ്ടിരിക്കുകയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ മുതലുള്ള വോട്ടെടുപ്പുകള്‍. വരട്ടുതത്വവാദവുമായി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പാര്‍ട്ടിയില്‍ പിടി മുറുക്കിയതിന്റെ അനിവാര്യമായ തിരിച്ചടിയാണ്‌ ഈ രണ്ട്‌ സംസ്ഥാനങ്ങളിലും പാര്‍ട്ടി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രകാശ്‌ കാരാട്ട്‌ എന്ന ദേശീയ നേതാവിന്റെ ഇമേജ്‌ ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുംതോറും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയിലെ സമ്പന്ന വിഭാഗത്തെയും ആഢംബര പ്രിയരേയും അനുകൂലിച്ച്‌ പാര്‍ട്ടിക്കുവേണ്ടി എല്ലാം ത്യജിച്ച സഖാക്കളെയും അണികളെയും തള്ളിപ്പറഞ്ഞ്‌ വര്‍ഗ വഞ്ചനയുടെയും ജനവഞ്ചനയുടെയും മാനിഫെസ്റ്റോ രചിക്കുന്ന കാരാട്ടടക്കമുള്ള ദേശീയ നേതൃത്വത്തിനും കേരളത്തിലേയും ബംഗാളിലേയും സംസ്ഥാന നേതൃത്വങ്ങള്‍ക്കുമുള്ള ചുട്ട മറുപടിയാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍. പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകള്‍ പോലും ലഭിക്കാത്ത ദയനീയ അവസ്ഥയിലേക്കാണ്‌ ഇപ്പോഴത്തെ നേതൃത്വങ്ങള്‍ പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നത്‌. വ്യവസായവത്കരണമെന്ന ഒരു സംഞ്ജയുടെ മറവില്‍ മൂലധന ചൂഷകര്‍ക്കും മൂലധന സമാഹര്‍ത്താക്കള്‍ക്കും ചുവന്ന പരവതാനി വിരിച്ച്‌ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും അടിസ്ഥാന വര്‍ഗങ്ങളെയും അവരുടെ പണിയിടങ്ങളില്‍ നിന്നും കുടികിടപ്പ്‌ ഭൂമിയില്‍ന നിന്നും നിര്‍ദാക്ഷണ്യം ആട്ടിയിറക്കുന്ന വഞ്ചനക്കുള്ള ജനപക്ഷ മറുപടികളാണ്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്‌. നയവഞ്ചകരെ വെച്ചുപൊറുപ്പിക്കുകയില്ല എന്ന സമ്മതിദായകരുടെ ദൃഢപ്രതിജ്ഞകളാണ്‌ വോട്ടുകളായി മറുവിഭാഗത്തിന്‌ പിന്തുണയേകുന്നത്‌. ഇതാകട്ടെ കോണ്‍ഗ്രസിന്റെയോ തൃണമൂല്‍ കോണ്‍ഗ്രസിന്റേയോ ബിഎസ്പിയുടേയോ നയങ്ങള്‍ ജനഹിതമനുസരിച്ചുള്ളതായതുകൊണ്ടല്ല, മറിച്ച്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നവലിബറല്‍ നേതൃത്വം പുലര്‍ത്തുന്ന വര്‍ഗ വിരുദ്ധ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമുള്ള മൂര്‍ച്ചയേറിയ മറുപടികളാണ്‌.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ആതിരേ, ആണവ കരാര്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ ഇടതുപക്ഷവും പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനും അതിന്റെ ഉദാരവത്കരണ വികസന നയങ്ങള്‍ക്കുമെതിരെ ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍, തൊഴിലുറപ്പ്‌ പദ്ധതികള്‍ പോലുള്ള ജനകീയ പരിപാടികളിലൂടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികളുടെയും ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍ പ്രചാരണത്തിന്‌ തടയിടാന്‍ മന്‍മോഹനും സോണിയക്കും കഴിഞ്ഞു. വരാനിരിക്കുന്ന വന്‍ വിപത്തിന്റെ ആശങ്കയേക്കാള്‍ വിശപ്പുയര്‍ത്തുന്ന സമസ്യകള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നുതിലായിരുന്നു ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ താല്‍പ്പര്യം. ഈ ഹിതം മനസ്സിലാക്കി രാഷ്ട്രീയ നേട്ടത്തിനായാണെങ്കിലും ചില നടപടികള്‍ കോണ്‍ഗ്രസ്‌ നേതൃത്വം കൈക്കൊണ്ടപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ആ കൈപ്പത്തിയില്‍ തങ്ങളുടെ താങ്ങ്‌ കണ്ടെത്തിയെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുകയില്ല. അധര വ്യായാമം കൊണ്ടും വിപ്ലവ പ്രസംഗങ്ങള്‍ കൊണ്ടും ഇനി തങ്ങളെ വഞ്ചിക്കാന്‍ കാരാട്ടിനോ യെച്ചൂരിക്കോ ബുദ്ധദേവിനോ പിണറായിക്കോ കഴിയുകയില്ല എന്ന്‌ അസന്ദിഗ്ധമായി ജനങ്ങള്‍ അവരുടെ മനസ്സ്‌ വെളിപ്പെടുത്തിയതായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്‌.
ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ ആസിയാന്‍ കരാറാണ്‌ ഇടതുപ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിക്കാട്ടിയത്‌. കര്‍ഷക താല്‍പര്യങ്ങള്‍ ബലികഴിച്ച്‌ വിദേശ രാഷ്ട്രങ്ങളുടെ വ്യാപാര താല്‍പര്യങ്ങള്‍ക്കാണ്‌ മന്‍മോഹനും സോണിയയും ചൂട്ടുപിടിക്കുന്നതെന്ന പ്രചാരണം എങ്ങും ഏശിയില്ല എന്നതിന്റെ തെളിവാണ്‌ കേരളത്തിലെയും ബംഗാളിലെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അതി ദയനീയമായ പാരാജയം.
യുപിയില്‍ എട്ട്‌ സീറ്റുകള്‍ നേടിയ മായാവതിയുടെ ഭരണം അഴിമതി നിറഞ്ഞതും ജനഹിതം മാനിക്കാത്തതുമാണെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും തെളിവ്‌ നിരത്തി ചൂണ്ടിക്കാട്ടിയിട്ടും ജനങ്ങള്‍ അവര്‍ക്ക്‌ വോട്ട്‌ ചെയ്തെങ്കില്‍ ആതിരേ, അതിനര്‍ത്ഥം അവരേക്കാള്‍ ഭീകരന്മാരും ചതിയന്മാരും വഞ്ചകനുമാണ്‌ പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവര്‍ എന്നാണര്‍ത്ഥം.
കോണ്‍ഗ്രസിനെതിരെ ഫലപ്രദമായ ഒരു പ്രതിപക്ഷമാകാന്‍ ഇടതുപക്ഷത്തിനോ ബിജെപിക്കോ സമീപ ഭാവിലൊന്നും കഴിയുകയില്ല എന്നും ഈ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ ഉപതെരഞ്ഞെടുപ്പുകളിലും ജയിക്കുക വഴി കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്‌. ഇത്‌ യുപിഎ സര്‍ക്കാരിന്റെ ഉദാര വത്കരണ വികസന നയങ്ങളുടെ ഗതിവേഗം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ സ്വപ്നങ്ങളും ഭാവി പ്രതീക്ഷകളുമായിരിക്കും വിദേശ മൂലധന ശക്തികള്‍ക്ക്‌ അടിയറവെയ്ക്കപ്പെടുക. ഇതിനെതിരെ ജാഗ്രത പുലര്‍ത്താനും ജനങ്ങളെ അണിനിരത്താനും ബാധ്യതയുള്ള ഇടതുപക്ഷ - പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ അവരുടെ അണികളില്‍ നിന്നുപോലും പൂര്‍ണമായ പിന്തുണ ലഭിക്കാതിരിക്കുമ്പോള്‍ സോണിയയ്ക്കും മമതയ്ക്കും മായാവതിക്കും പൊട്ടിപ്പെട്ടി ചിരിക്കാന്‍ കഴിയും. പക്ഷെ, അതിന്റെ തിരിച്ചടികള്‍ വളരെ ക്രൂരവും വളരെ സാവധാനം ഇന്ത്യയിലെ സാധാരണാക്കാരെ വിഴുങ്ങുന്നുമായിരിക്കും അങ്ങനെ സംഭവിച്ചാല്‍ ആതിരേ, അതിന്റെ പൂര്‍ണ ഉത്തവാദതിത്തം ഇടതുപക്ഷ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ മാത്രമായിരിക്കും.

Tuesday, November 10, 2009

എല്‍ഡിഎഫിന്റെ നെഞ്ച്‌ കലക്കി യുഡിഎഫിന്റെ പടയോട്ടം


ജനവിരുദ്ധമായ നിലപാടുകളും നടപടികളുമാണ്‌ കഴിഞ്ഞ മൂന്നരവര്‍ഷം ഇടതുപക്ഷ ഭരണം എന്ന നിലയില്‍ എല്‍ഡിഎഫ്‌ കാഴ്ചവെച്ചത്‌. അതിനോടുള്ള ജനങ്ങളുടെ തീക്ഷ്ണമായ പ്രതികരണമാണ്‌ ലോകസഭാ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലും വ്യക്തമായത്‌. വല്ലാത്തൊരു സങ്കീര്‍ണാവസ്ഥയിലാണ്‌ അതുകൊണ്ടുതന്നെ എല്‍ഡിഎഫ്‌ചെങ്കൊടി മാത്രം പാറിച്ച പാരമ്പര്യമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ആതിരേ അബ്ദുള്ളക്കുട്ടിയും ഡൊമിനിക്ക്‌ പ്രസന്റേഷനും ഷുക്കൂറും മൂവര്‍ണ കൊടി പാറിച്ച്‌ എഴുതി ചേര്‍ത്തത്‌ പുതിയ ചരിത്രം.
പിണറായി വിജയനും വി.എസ്‌ അച്യുതാനന്ദനും ജയരാജന്മാരും വെളിയം ഭാര്‍ഗവനും കണ്ട സ്വപ്നങ്ങളെല്ലാം തട്ടിത്തെറിപ്പിച്ച്‌ കേരളം ലോകസഭാ തെരഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും യുഡിഎഫിനൊപ്പം നിന്നു എന്നാണ്‌ കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌.
1996 മുതല്‍ സംസ്ഥാനത്ത്‌ നടന്ന പത്ത്‌ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമേ യുഡിഎഫിന്‌ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു ആതിരേ.. 2003ല്‍ തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസി(എം) ന്റെ എലിസബത്ത്‌ മാമ്മന്‍ മാത്യുവാണ്‌ യുഡിഎഫിന്‌ ആശ്വാസം പകര്‍ന്ന്‌ അന്ന്‌ വിജയിച്ചത്‌. ഏറ്റവും ഒടുവിലത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായിരുന്നു വിജയം. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന്‌ 2006 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ നിന്ന്‌ ജോര്‍ജ്ജ്‌ തോമസ്‌ ആണ്‌ വിജയിച്ചത്‌.
എന്നാല്‍, സകല പ്രവചനങ്ങളെയും കാറ്റില്‍ പറത്തി അബ്ദുള്ളക്കുട്ടി അടക്കമുള്ളവര്‍ വിജയിച്ച്‌ കയറിയപ്പോള്‍ കേരളത്തില്‍ ഇടത്‌ കോട്ടയില്‍ വന്‍ വിള്ളല്‍ വീണിരിക്കുന്നു എന്നാണ്‌ വ്യക്തമാകുന്നത്‌. ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഇടത്‌ മുന്നണിയും ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന അവരുടെ അവകാശ വാദം പൊള്ളയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലം.
ആതിരേ,കേരളം വലതു പക്ഷത്തേക്ക്‌ തിരിയുന്നു എന്ന ശക്തമായ സൂചനയാണിത്‌. ആസിയാന്‍ അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറുപ്പുചീട്ടാക്കി ഇടതുപക്ഷം നടത്തിയ പ്രചാരണം ഈ മൂന്ന്‌ മണ്ഡലങ്ങളിലെ വോട്ടര്‍മാരും പുറം കാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചു എന്നാണ്‌ മൂന്നിടത്തേയും എല്‍ഡിഎഫ്‌ പരാജയം വ്യക്തമാക്കുന്നത്‌.
ഇതില്‍ ഏറ്റവും ദയനീയമായ പരാജയം കണ്ണൂരിലാണ്‌. പിണറായി വിജയന്റെ പ്രസ്റ്റീജ്‌ മണ്ഡലമായ അവിടം കേന്ദ്രീകരിച്ചായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇത്തവണ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. സിപിഎമ്മില്‍ നിന്ന്‌ പുറത്തായ ശേഷം കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ ഏത്‌ വിധേനയും പരാജയപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണ്‌ കരുത്തനായ എം.വി ജയരാജനെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രംഗത്തിറക്കിയത്‌. എന്നാല്‍, വര്‍ഗ വഞ്ചകന്‍ എന്ന്‌ അബ്ദുള്ളക്കുട്ടിക്ക്‌ സിപിഎം കല്‍പ്പിച്ചു നല്‍കിയ വിശേഷണം അദ്ദേഹത്തിന്റെ ജനപിന്തുണയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതുകൊണ്ടാണ്‌ ജയരാജന്‍ പരാജയപ്പെട്ടത്‌. ഇതില്‍പരം ഒരു നാണക്കേട്‌ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും ഉണ്ടാകാനില്ല ആതിരേ.
ഗുരുവും ശിഷ്യനും തമ്മിലായിരുന്നു അവിടെ മത്സരം. കണ്ണൂരിന്റെ ചരിത്രം എല്ലാക്കാലത്തും കോണ്‍ഗ്രസിനൊപ്പമാണെന്നറിഞ്ഞിട്ടും ഇത്ര കടുത്ത പോരാട്ടത്തിന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രണ്ടും കല്‍പ്പിച്ചിറങ്ങിയത്‌ എതിരാളി അബ്ദുള്ളക്കുട്ടി ആയതുകൊണ്ടാണ്‌. അതുകൊണ്ടുതന്നെ പല ഘടകങ്ങളാല്‍ വിവാദങ്ങളിലൂടെ ഈ ഉപതെരഞ്ഞെടുപ്പ്‌ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.വോട്ടര്‍മാരെ ഇറക്കുമതി ചെയ്തും വ്യാജ റെസിഡന്റ്‌ അഡ്രസ്സില്‍ വോട്റ്റര്‍മാരെ തിരുകിയും ജയിക്കാനായി ഒട്ടേറെ അട്ടിമറികളാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇവിടെ പയറ്റിയത്‌.അതു കൊണ്ട്‌ തന്നെ കണ്ണൂരില്‍ വിലയിരുത്തപ്പെട്ടത്‌ രാഷ്ട്രീയത്തിന്റെ നേരും നെറികേടുമായിരുന്നു. കഴിഞ്ഞതവണത്തെ പട്ടികയില്‍ നിന്ന്‌ 6386 പേരെ നീക്കം ചെയ്തും 7987 പേരെ പുതുതായി ചേര്‍ത്തും നടത്തിയ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കരുത്തരെ മലര്‍ത്തിയടിച്ച്‌ അബ്ദുള്ളക്കുട്ടി വിജയക്കൊടി പാറിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇനി എന്ത്‌ ന്യായം നിരത്തും എന്ന ചിന്തയിലാണ്‌ പിണറായി വിജയനും കൂട്ടരും.
റെക്കോര്‍ഡ്‌ പോളിംഗ്‌ രേഖപ്പെടുത്തിയ കണ്ണൂരില്‍ നിഷ്പക്ഷ വോട്ടുകള്‍ ജയരാജന്‌ അനുകൂലമാകും എന്നായിരുന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും കണക്കുകൂട്ടല്‍. വര്‍ഗവഞ്ചകനായ അബ്ദുള്ളക്കുട്ടിയെ നിഷ്പക്ഷ വോട്ടര്‍മാര്‍ പിന്തുണക്കില്ല എന്നും അവര്‍ വിശ്വസിച്ചു. മാത്രമല്ല ബിജെപിയും എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഘടകമായ എസ്ബിപിഐയും യുഡിഎഫിന്റെ വോട്ടുകള്‍ ചോര്‍ത്തുമെന്നും പ്രതീക്ഷിച്ചു. വോട്ടര്‍പട്ടികയില്‍ നിന്ന്‌ തള്ളിയ വോട്ടുകള്‍ കൂടുതലും യുഡിഎഫിന്റേതും ചേര്‍ത്തത്‌ ഇടതുപക്ഷത്തിന്റേതുമായിരുന്നിട്ടും കണ്ണൂരിലുണ്ടായ പരാജയം പരിശോധിക്കപ്പെടേണ്ട ഘടകമാണ്‌. ഇവര്‍ അവകാശപ്പെടുന്നതുപോലെ നിഷ്പക്ഷ വോട്ടുകള്‍ ജയരാജന്‌ ലഭിച്ചുവെങ്കില്‍, ആതിരേ അബ്ദുള്ളക്കുട്ടിക്ക്‌ കിട്ടിയ ഭൂരിപക്ഷം എവിടെ നിന്ന്‌ എന്ന ചോദ്യത്തിനാണ്‌ ഉത്തരം കണ്ടെത്തേണ്ടത്‌.
കണ്ണൂരിലെ തരംഗം തന്നെയാണ്‌ എറണാകുളത്തും ആലപ്പുഴയിലും കണ്ടത്‌. ഇവിടെയും വോട്ടര്‍മാരെ ഭരിച്ചത്‌ ഇടതു വിരുദ്ധ തരംഗമാണ്‌. കണ്ണൂരില്‍ 12043 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ അബ്ദുള്ളക്കുട്ടിക്ക്‌ കിട്ടിയതെങ്കില്‍ എറണാകുളത്ത്‌ ഡൊമിനിക്ക്‌ പ്രസന്റേഷന്‌ 8620 വോട്ടിനും ആലപ്പുഴയില്‍ എ.എ. ഷൂക്കൂര്‍ 4845 വോട്ടിനുമാണ്‌ വിജയിച്ചത്‌. ഭരണവിരുദ്ധ വികാരം എത്ര ശക്തമാണെന്ന്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
എറണാകുളത്ത്‌ ഡൊമിനിക്ക്‌ പ്രസന്റേഷനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ പോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിഞ്ഞില്ല. ഒരര്‍ത്ഥത്തില്‍ ലത്തീന്‍ കത്തോലിക്ക സമുദായംഗമായ ഡൊമിനിക്കിനെതിരെ സിപിഎമ്മിലെ സീനുലാല്‍ ഒരു സ്ഥാനാര്‍ത്ഥിയെ ആയിരുന്നില്ല മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസം തിരിച്ചടയിയാവുകയും ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പില്‍ കെ.വി തോമസിന്‌ ലഭിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട്‌ യുഡിഎഫിന്റെ പെട്ടിയില്‍ വീണു. അതായത്‌ ഇടതുപക്ഷത്തിന്റെ വോട്ടല്ലാതെ ഒരൊറ്റ നിഷ്പക്ഷ വോട്ടുപോലും എറണാകുളത്ത്‌ ഇടതുമുന്നണിക്ക്‌ നേടാനായില്ല എന്ന്‌ സാരം.
ആലപ്പുഴയില്‍ ഇടതുമുന്നണിയിലെ അസ്വാരസങ്ങള്‍ മാറ്റിവെച്ചുള്ള കൂട്ടായ പ്രവര്‍ത്തനമാണ്‌ ഇത്തവണ കണ്ടത്‌. ആറുതവണയായി യുഡിഎഫ്‌ ജയിക്കുന്ന മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇവിടെ മാത്രമാണ്‌ എല്‍ഡിഎഫിന്‌ ആശ്വസിക്കാവുന്ന ഘടകങ്ങള്‍ കാണുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്‌ ലഭിച്ച ഭൂരിപക്ഷവും മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചതില്‍ ഇടതുപക്ഷത്തിന്‌ തീര്‍ച്ചയായും ആശ്വസിക്കാം. പിഡിപിയെ ഒഴിവാക്കാന്‍ സിപിഐ എടുത്ത തീരുമാനവും ശ്ലാഘനീയം തന്നെ.
ഈ മണ്ഡലത്തില്‍ ശ്രദ്ധേയമായ ഒരു അടിയൊഴുക്കുണ്ടായിട്ടുണ്ട്‌, ആതിരേ. 4,500 കേഡല്‍ വോട്ടുകള്‍ പിഡിപിക്ക്‌ ആലപ്പുഴയിലുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ 1804 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. 2500 ഓളം പിഡിപി വോട്ടുകള്‍ എങ്ങോട്ടുപോയി എന്നതാണ്‌ ചോദ്യം. പൊന്നാനി അനുഭവത്തിന്റെ വെളിച്ചത്തില്‍ സിപിഐയെ തോല്‍പ്പിക്കാന്‍ ആലപ്പുഴയില്‍ പിഡിപി വോട്ടുകള്‍ യുഡിഎഫിന്‌ മറിച്ചു ചെയ്തിട്ടുണ്ടാകും.ആ വോട്ടുകളും ചേര്‍ന്നിട്ടും 5000ത്തില്‍ താഴെയാണ്‌ കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷം.അപ്പോള്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു .
ഈ തെരഞ്ഞെടുപ്പ്‌ ഫലം മുഖ്യമന്ത്രി അച്യുതാനന്ദനില്‍ മുമ്പൊരിക്കലുമുണ്ടാക്കാത്ത സമ്മര്‍ദ്ദമാണ്‌ ചെലുത്തുക. ഭരണത്തിന്റെ വിലയിരുത്തലാകും ഉപെതെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ പ്രചാരണം തുടക്കത്തില്‍ തന്നെ അച്യുതാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന്‌ മണ്ഡലങ്ങളില്‍ നടത്തിയ പ്രചാരണ പ്രസംഗങ്ങളില്‍ അദ്ദേഹം ഇക്കാര്യം ഊന്നി പറയുകയും ചെയ്തു. പ്രചാരണത്തിനിറങ്ങിയ മന്ത്രിമാരും അതുതന്നെയാണ്‌ ആവര്‍ത്തിച്ചത്‌.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ്‌ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയായിരിക്കുമെന്നാണ്‌ അന്ന്‌ പിണറായി വിജയന്‍ അവകാശപ്പെട്ടത്‌. എന്നാല്‍, ആ സിദ്ധാന്തത്തോട്‌ യോജിക്കാന്‍ വി.എസ്‌ അച്യുതാനന്ദന്‍ തയ്യാറായില്ലായിരുന്നു. കാരണം ലാവലിന്‍ അഴിമതി അടക്കമുള്ള പ്രശ്നങ്ങള്‍ മൂലം തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിടുമെന്ന്‌ അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച്‌ തന്റേതായ നിലപാട്‌ സ്വീകരിക്കാന്‍ അതുകൊണ്ടുതന്നെ അദ്ദേഹം ധൈര്യപ്പെടുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തിയ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഭരണപരാജയമാണ്‌ തോല്‍വിയുടെ മുഖ്യഘടകമായി എടുത്തുകാട്ടിയത്‌. ഇത്തവണ സംസ്ഥാന ഭരണത്തെ വിലയിരുത്തുന്നതാവും ഫലമെന്ന്‌ പിണറായി വിജയന്‍ പറയാതിരുന്നതും ശ്രദ്ധേയമായി. എന്നാല്‍, മൂന്ന്‌ ഫലവും തിരിച്ചടിയായപ്പോള്‍ വെട്ടിലാകുന്നത്‌ അച്യുതാനന്ദനാണ്‌.
ജനവിരുദ്ധമായ നിലപാടുകളും നടപടികളുമാണ്‌ ആതിരേ കഴിഞ്ഞ മൂന്നരവര്‍ഷം ഇടതുപക്ഷ ഭരണം എന്ന നിലയില്‍ എല്‍ഡിഎഫ്‌ കാഴ്ചവെച്ചത്‌. അതിനോടുള്ള ജനങ്ങളുടെ തീക്ഷ്ണമായ പ്രതികരണമാണ്‌ ലോകസഭാ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലും വ്യക്തമായത്‌. വല്ലാത്തൊരു സങ്കീര്‍ണാവസ്ഥയിലാണ്‌ അതുകൊണ്ടുതന്നെ എല്‍ഡിഎഫ്‌. 2010 ല്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും സൂചികയായിരിക്കും ലോകസഭാ - ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ എന്നത്‌ ഇടതുപക്ഷത്തെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്‌.
ജനവഞ്ചകര്‍ക്കും വര്‍ഗ വഞ്ചകര്‍ക്കും ഇത്തരം അനുഭവവുമേ ഉണ്ടാവുകയുള്ളു എന്ന്‌ മനസ്സിലാക്കാനുള്ള വിനയം ഇനിയെങ്കിലും പിണറായി വിജയനും കൂട്ടര്‍ക്കും ഉണ്ടാകുമോ. ആതിരേ.

മൂലത്തറയില്‍ നിന്നും മുല്ലപ്പെരിയാറിലേക്കുള്ള ദൂരം

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ളത്‌ സര്‍ക്കാരിനാണ്‌. എന്നാല്‍, സമ്മതിദായകരും നികുതി ദായകരുമായ പൊതുസമൂഹത്തിന്‌ സുരക്ഷയോടെ കഴിയാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. അതുകൊണ്ട്‌ സുഖലോലുപരായി കഴിയാന്‍ ഭരണാധികാരികള്‍ക്ക്‌ അവകാശമില്ല. അതിനവരെ അനുവദിച്ചുകൂടാ.
മുല്ലപ്പെരിയാറിലേക്കുള്ള ഏറ്റവും അപായകരമായ സൂചനയാണ്‌ ആതിരേ, മൂലത്തറ റെഗുലേറ്ററിന്റെ തകര്‍ച്ച. പറമ്പിക്കുളം-ആളിയാര്‍ വെള്ളം സംഭരിക്കുന്ന മൂലത്തറ റെഗുലേറ്ററിന്റെ തകര്‍ച്ചയ്ക്ക്‌ കാരണം, ആളിയാര്‍ അണക്കെട്ടില്‍ നിന്ന്‌ തമിഴ്‌നാട്‌ വന്‍തോതില്‍ വെള്ളം തുറന്നു വിട്ടതാണ്‌. ഇതേ തുടര്‍ന്ന്‌ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളം തള്ളിച്ചയാണ്‌ റെഗുലേറ്ററിന്റെ ഭാഗിക തകര്‍ച്ചയ്ക്ക്‌ കാരണമായത്‌. മുല്ലപ്പെരിയാറിന്റെ അത്രയും ദുര്‍ബലമല്ലാതിരുന്നിട്ടും വെള്ളം ഇരച്ചെത്തിയപ്പോള്‍ മൂലത്തറ റെഗുലേറ്ററിന്റെ ഒരു ഭാഗം തകര്‍ന്നത്‌ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള കേരളത്തിന്റെ ഭീഷണിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്‌.
ഡാമുകളുടെ നാട്ടുരാജ്യം എന്നറിയപ്പെടുന്ന പാലക്കാട്‌ ജില്ലയില്‍ പത്തിലധികം വലുതും ചെറുതുമായ ഡാമുകളുണ്ട്‌. ഇതില്‍ പലതിനും കാലപ്പഴക്കത്തിന്റെ 'പെരുമ'യുമുണ്ട്‌. എന്നിട്ടും ഇതില്‍ പലതിനും ഇനിയും ഏറെക്കാലം ആയുസ്സുണ്ടെന്നാണ്‌ വിദഗദ്ധരുടെ വിലയിരുത്തല്‍. എങ്കിലും തമിഴ്‌നാടിനോട്‌ ചേര്‍ന്ന്‌ കടക്കുന്ന ആളിയാര്‍ വെള്ളം തുറന്നുവിടാറുള്ള മൂലത്തറ ഡാമിന്റെ സുരക്ഷയെ കുറിച്ച്‌ അധികൃതര്‍ വേണ്ടത്ര ശ്രദ്ധാലുക്കളായിരുന്നില്ല എന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അനാസ്ഥയും ഈ സംഭവത്തിന്‌ പിന്നില്‍ ഉണ്ടെന്നുള്ളതും ഭയം ജനിപ്പിക്കുന്ന വാസ്തവമാണ്‌.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജലദുരന്തം നേരിടാന്‍ കേരളസര്‍ക്കാര്‍ ഒട്ടും സന്നദ്ധമല്ല എന്നതിന്റെ ഭീഷണമായ സൂചനകൂടിയാകുന്നു ആതിരേ മൂലത്തറ ദുരന്തം. ഇത്‌ മൂന്നാം തവണയാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എന്നിട്ടും കേരളം പാഠം പഠിച്ചില്ല എന്നുപറയുമ്പോള്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളോടുള്ള ഉത്തരവാദിത്തം ഊഹിക്കാവുന്നതേയുള്ളൂ. 1969ലും 1992 ലും ആളിയാര്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നിട്ടുണ്ട്‌. അന്നെല്ലാം 'ഫ്ലെഡ്‌ വാട്ടര്‍' എന്ന പതിവ്‌ വിശദീകരണത്തില്‍ തങ്ങളുടെ ഉത്തരവാദിത്തം ഒഴുക്കി കളയാനാണ്‌ ഭരണകൂടവും ഉദ്യോഗസ്ഥരും ശ്രമിച്ചത്‌. അതുതന്നെയാണ്‌ ഇത്തവണയും സംഭവിച്ചിട്ടുള്ളത്‌. സ്ഥലം സന്ദര്‍ശിച്ച മന്ത്രി എം.കെ. പ്രേമചന്ദ്രന്‍ ഇനിയൊരു ദുരന്തം തടയാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗദ്ധ സമിതിക്ക്‌ രൂപം നല്‍കുമെന്നാണ്‌ 'പ്രഖ്യാപിച്ചിട്ടുള്ളത്‌'. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും ഒരു അന്വേഷണ കമ്മീഷനെ നിയമിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പതിവു വഞ്ചനയ്ക്ക്‌ തന്നെയാണ്‌ എം.കെ. പ്രേമചന്ദ്രന്‍ ശ്രമിക്കുന്നത്‌ . കാരണം 1992ല്‍ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ജി. ഗോപാലകൃഷ്ണ പിള്ളയെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ പഠനവും ശിപാര്‍ശകളും എന്തൊക്കെയാണെന്ന്‌ കേരളത്തിലെ ഒരാള്‍ക്കും ഇന്നറിയില്ല. മന്ത്രി പ്രേമചന്ദ്രന്‍ ആ പഴയ ഫയലൊന്ന്‌ പൊടിതട്ടിയെടുത്തതിന്‌ ശേഷം മതി പുതിയ സമിതിയെ നിയോഗിക്കാനും അവരുടെ ശിപാര്‍ശകള്‍ റിപ്പോര്‍ട്ടായി സ്വീകരിക്കാനും. ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്യാതെ പ്രസ്താവനകള്‍ കൊണ്ടും പ്രഖ്യാപനങ്ങള്‍ കൊണ്ടും ജനശ്രദ്ധ തിരിച്ചുവിടാം എന്നാണ്‌ വിപ്ലവപാര്‍ട്ടികളില്‍ പെട്ട മന്ത്രിമാര്‍ പോലും കരുതുന്നത്‌.എതൃ ക്രൂരന്മാരായ ജന വഞ്ചകരാണിവര്‍..!
അതിന്റെ തെളിവാണ്‌ സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ എ.കെ. ബാലനില്‍ നിന്നും പ്രേമചന്ദ്രനില്‍ നിന്നുമുണ്ടായ പ്രതികരണങ്ങള്‍. ആളിയാറിലെ വെള്ളം തുറന്നുവിടുന്നത്‌ സംബന്ധിച്ച്‌ തമിഴ്‌നാട്‌ കേരളത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയില്ല എന്നാണ്‌ എ.കെ. ബാലന്‍ (ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ) മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ രാത്രി തന്നെ തമിഴ്‌നാട്ടില്‍ നിന്ന്‌ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു എന്നാണ്‌ പ്രേമചന്ദ്രന്‍ വെളിപ്പെടുത്തിയത്‌. മന്ത്രിമാര്‍ക്കിടയില്‍ തന്നെ ഇത്തരത്തില്‍ ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ വര്‍ധിക്കുന്നത്‌ ജനങ്ങളുടെ ആശങ്കയാണ്‌.
ആതിരേ, വിവരക്കേടുകൊണ്ടാണ്‌ എ.കെ. ബാലന്‍ തമിഴ്‌നാട്‌ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതെന്ന്‌ സമ്മതിക്കുമ്പോഴും എന്‍.കെ. പ്രേമചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. തമിഴ്‌നാട്‌ സര്‍ക്കാരില്‍ നിന്ന്‌ ആളിയാര്‍ ഡാം തുറക്കുന്നത്‌ സംബന്ധിച്ച്‌ മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും എന്തുകൊണ്ട്‌ ഇക്കാര്യം മൂലത്തറ റെഗുറേറ്ററുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നതാണ്‌ അതില്‍ പ്രധാനം. ആളിയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ രണ്ടുതവണ തകര്‍ന്ന ചരിത്രമുള്ള മൂലത്തറ റെഗുലേറ്റര്‍ വീണ്ടും തകരാനുള്ള സാധ്യത മനസ്സിലാക്കാനുള്ള കേവല ബുദ്ധിയും യുക്തിയും എന്‍.കെ. പ്രേമചന്ദ്രന്‌ ഇല്ലാതെ പോയോ? മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയില്ല...? ഈ ചോദ്യങ്ങള്‍ക്കൊന്നും എന്‍.കെ. പ്രേമചന്ദ്രനില്‍ നിന്നോ കേരള സര്‍ക്കാരില്‍ നിന്നോ ഉത്തരം ലഭിക്കില്ല .അത്രയ്ക്ക്‌ നിരുത്തരവാദപരമായാണ്‌ ഈ പ്രശ്നം കൈകാര്യം ചെയ്യപ്പെട്ടത്‌
ഇക്കാര്യത്തില്‍ ആതിരേ, തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ഭാഗത്തും പ്രകടമായ വീഴ്ചയുണ്ട്‌. ആളിയാര്‍ ഡാമിലെ ജലനിരപ്പ്‌ പൂര്‍ണ തോതില്‍ എത്തുമ്പോള്‍ മാത്രമാണ്‌ തമിഴ്‌നാട്‌ ഇപ്രകാരം ഡാം തുറക്കാറുള്ളു എന്നാണ്‌ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്‌. സാധാരണ ഗതിയില്‍ ഡാമുകളില്‍ സംഭരണശേഷി പരമാവധി ജലനിരപ്പിനോട്‌ അടുക്കുമ്പോള്‍, ഡാം സുരക്ഷയെ കരുതി വെള്ളം തുറന്നുവിടാറുണ്ട്‌. എന്നാല്‍ ഈ പൊതു തത്വം തമിഴ്‌നാട്‌, (പറമ്പിക്കുളം - ആളിയാര്‍ പദ്ധതിയില്‍ ) പാലിക്കുന്നില്ല. ഡാം നിറഞ്ഞ്‌ തുളുമ്പുമെന്ന ഘട്ടത്തില്‍ മാത്രമാണ്‌ തമിഴ്‌നാട്‌ ജലം തുറന്നുവിടുക. 3.85 ടിഎംസി സംഭരണശേഷിയുള്ള ആളിയാര്‍ ഡാമില്‍ 1050 അടിയാണ്‌ പരമാവധി ജലനിരപ്പ്‌. ജലനിരപ്പ്‌ 1048 അടിയിലെത്തുമ്പോള്‍ സാധാരണഗതിയില്‍ ഡാം തുറക്കേണ്ടതാണെങ്കിലും 1050 അടി എത്തുന്നതുവരെയും തമിഴ്‌നാട്‌ ഡാമില്‍ വെള്ളം നിറയ്ക്കും. ഇതോടൊപ്പം മഴവെള്ളം കൂടി എത്തുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പൊടുന്നനെ കേരളത്തിന്‌ അറിയിപ്പ്‌ നല്‍കി ഡാം ക്രമാതീതമായി തുറക്കുന്ന രീതിയാണ്‌ തമിഴ്‌നാട്‌ ഇതുവരെ തുടര്‍ന്നുപോന്നിരുന്നത്‌. വേനല്‍ക്കാലത്താണ്‌ ഇങ്ങനെ ചെയ്യുന്നതെങ്കില്‍ മൂലത്തറയ്ക്ക്‌ ഭീഷണിയുണ്ടാവുകയില്ല. അതേസമയം മഴക്കാലത്ത്‌ പുഴയില്‍ വെള്ളം ഉള്ളതിനാല്‍ ഡാം തുറന്നാല്‍ ഇരട്ടിവേഗത്തില്‍ അത്‌ മൂലത്തറയിലെത്തും.
മൂന്നാഴ്ച മുമ്പ്‌ കാടമ്പാറ ജലവൈദ്യുത നിലയത്തില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായി വന്‍തോതില്‍ വെള്ളം തുറന്നുവിട്ടത്‌ മൂലത്തറ റെഗുലേറ്ററിന്‌ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന്‌ അരകിലോമീറ്റര്‍ നീളത്തിലാണ്‌ മാലിന്യങ്ങള്‍ വന്നടിഞ്ഞത്‌. ഈ വിവരങ്ങളെല്ലാം അറിഞ്ഞിരുന്നിട്ടും തമിഴ്‌നാട്ടില്‍ നിന്ന്‌ മുന്നറിയിപ്പ്‌ ലഭിച്ചശേഷവും തിരുവനന്തപുരത്തെ മന്ത്രാലയവും ഉദ്യോഗസ്ഥരും ഉറക്കം തൂങ്ങുകയായിരുന്നു എന്നാണ്‌ ഇപ്പോഴത്തെ ദുരന്തം വ്യക്തമാക്കുന്നത്‌.
ആതിരേ, തമിഴ്‌നാടിന്റെ സ്വാര്‍ത്ഥതാപരമായ ഇതേ നിലപാടാണ്‌ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലും അവര്‍ തുടരുന്നത്‌. പരമാവധി ജലം സംഭരിച്ച്‌ തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ഈ പരമാവധി സംഭരണത്തിന്റെ തിരിച്ചടിയാണ്‌ മൂലത്തറയില്‍ ഉണ്ടായതെങ്കില്‍ സമാനമായ ദുരന്തം മുല്ലപ്പെരിയാറിലും സംഭവിക്കാം. മുല്ലപ്പെരിയാറില്‍ അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ കൂടുതല്‍ ജീവനഷ്ടവും നാശനഷ്ടവുമാണ്‌ കേരളത്തില്‍ ഉണ്ടാവുക.
നദീജല തര്‍ക്കത്തില്‍ എന്നും തമിഴ്‌നാട്‌ രാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തിന്റെ താല്‍പര്യത്തിനുവേണ്ടിയാണ്‌ നിലകൊള്ളാറുള്ളത്‌. കര്‍ണാടകയുമായി കാവേരി നദിയിലെ ജലം പങ്കിടുന്ന പ്രശ്നം രൂക്ഷമായപ്പോള്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിത നിരാഹാരം അനുഷ്ഠിച്ചുകൊണ്ടാണ്‌ സംസ്ഥാനത്തിന്റെ പിടിവാശി നേടിയെടുത്തത്‌. പിന്നാലെ തമിഴ്‌നാട്ടിലെ സിനിമാതാരങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങി സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന കാഴ്ചയും നാം കണ്ടതാണ്‌.
ഈ പശ്ചാത്തലത്തില്‍ വേണം മുല്ലപ്പെരിയാറിന്റെ സുരക്ഷക്ക്‌ വേണ്ടിയുള്ള കേരളസര്‍ക്കാരിന്റെയും മന്ത്രിമാരുടെയും നടപടികളെ ഒരു പാരസ്പര്യത്തിന്‌ വിധേയമാക്കേണ്ടത്‌. നിയമസഭയില്‍ നടക്കുന്ന പ്രസ്താവനകളും പൊതുവേദിയില്‍ നടത്തുന്ന പ്രഖ്യാപനങ്ങളും ചില നിയമനടപടികളും കൊണ്ട്‌ ആശ്വസിക്കുകയാണ്‌ കേരളത്തിലെ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. ആശാസ്യമല്ലാത്ത ഈ ആശ്വാസത്തിന്റെ ദുരന്തമായിരുന്നു മൂലത്തറയില്‍ സംഭവിച്ചതെങ്കില്‍ അതിനും ഭയാനകമായത്‌ മുല്ലപ്പെരിയാറിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ളത്‌ സര്‍ക്കാരിനാണ്‌. എന്നാല്‍, സമ്മതിദായകരും നികുതി ദായകരുമായ പൊതുസമൂഹത്തിന്‌ സുരക്ഷയോടെ കഴിയാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. അതുകൊണ്ട്‌ സുഖലോലുപരായി കഴിയാന്‍ ഭരണാധികാരികള്‍ക്ക്‌ അവകാശമില്ല, ആതിരേ. അതിനവരെ അനുവദിച്ചുകൂടാ. അതിനനുഗുണമാകുന്ന രീതിയില്‍ സംഘം ചേരേണ്ടിയിരിക്കുന്നു. എല്ലാ വിപ്ലവങ്ങളും സ്വാതന്ത്ര്യ പോരാട്ടങ്ങളും നല്‍കുന്ന ചരിത്ര പാഠം വിസ്മരിച്ചുകൂടാ. ജനവിരുദ്ധമായി ഭരണം നടത്തുന്നവരെ ആ സ്ഥാനത്ത്‌ നിന്ന്‌ തൂത്തെറിഞ്ഞേ തീരു. അല്ലെങ്കില്‍ അത്‌ ജനങ്ങള്‍ക്ക്‌ ഒരിക്കലും പരിഹരിക്കാനാവാത്ത ദുരന്തമായിരിക്കും. അതുകൊണ്ട്‌ കേരളത്തിലെ മന്ത്രിമാരുടെ നിഷ്ക്രിയതയ്ക്കെതിരെ പ്രതിരോധം ചമയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാന്യത നില്‍നിര്‍ത്താന്‍ മൗനം ഭജിച്ച്‌ അപമൃത്യു വരിക്കുന്നതിലും ഭേദം അമാന്യമായി അധികാരകേന്ദ്രങ്ങളോട്‌ സംസാരിച്ച്‌ പൊരുതി കുരുതിയാകുന്നതാണ്‌. അതിന്‌ തയ്യാറായില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുരന്തത്തില്‍ ഇരകളോ അതിന്‌ കാഴ്ച്ചക്കാരോ ആകേണ്ട ഗതികേടായിരിക്കും നമ്മില്‍ പലര്‍ക്കുമുണ്ടാവുക.
അതെ ആതിരേ, മൂലത്തറ മുല്ലപ്പെരിയാറിലേക്കുള്ള അപായ സൂചന തന്നെയാണ്‌.

Sunday, November 8, 2009

പ്രസംഗിച്ച്‌ വികസനം മുടക്കുന്ന നശ്ശൂലങ്ങള്‍

മൂക്കു മുറിച്ച്‌ ശകുനം മുടക്കുന്നവരെ കുറിച്ച്‌ പഴമൊഴിയിലാണ്‌ ഇതുവരെ നാം കേട്ടിരുന്നതെങ്കില്‍ അതേ രീതിയിലാണ്‌ ആതിരേ, കേരളത്തിലെ മന്ത്രിപുംഗവന്മാരുടെ ഭരണമെന്ന്‌ പദ്ധതി വിഹിതത്തിന്റെ ചെലവ്‌ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ വികസന നിരോധനത്തിന്‌ ഉയര്‍ത്തിക്കാട്ടാന്‍ എന്നും ഒരു ഉമ്മാക്കിയുണ്ടാകും - കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ വികലമായ നയങ്ങള്‍ മൂലവും ഫെഡറല്‍ സംവിധാനത്തില്‍ പാലിക്കേണ്ട മാന്യതകള്‍ പുലര്‍ത്താത്തുകൊണ്ടുമാണ്‌ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ചുപോകുന്നതെന്നാണ്‌ എന്നും ഇടതുപക്ഷ മന്ത്രിമാരുടെ ആരോപണം.
പ്രസംഗിക്കാന്‍ യുഡിഎഫ്‌ മന്ത്രിമാരേക്കാള്‍ മിടുക്കന്മാരായതുകൊണ്ട്‌ ആതിരേ, ഇവര്‍ക്ക്‌ ഈ ആരോപണം പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടൊന്നും ഉണ്ടാകാറില്ല. കണക്കുകള്‍ നിരത്തിയാണ്‌ ഇവര്‍ കേന്ദ്രത്തിന്റെ പ്രതിലോമനിലപാടുകളെ അപ്പോഴെല്ലാം വിവരിക്കുക. പ്രത്യക്ഷ ശ്രവണത്തില്‍ ആ പറയുന്നതെല്ലാം ശരിയാണെന്ന്‌ തോന്നിപ്പിക്കുകയും ചെയ്യും. മാത്രമല്ല, മുരടിച്ച്‌ നില്‍ക്കുന്ന വികസന രംഗത്തിന്റെ കാഴ്ച തൊട്ടടുത്തുള്ളതുകൊണ്ട്‌ ഈ പുംഗവന്മാരുടെ വാക്കുകള്‍ അണികളടക്കമുള്ളവര്‍ വെള്ളം തൊടാതെ വിഴുങ്ങാറുമുണ്ട്‌. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പ്രതികാരചിന്തയോടെയാണ്‌ കേന്ദ്രം പെരുമാറുന്നതെന്ന്‌ അങ്ങനെ വരുത്തി തീര്‍ത്ത്‌ തങ്ങളുടെ കഴിവുകേടിനും ഉദാസീനതയ്ക്കും മറയിടുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്‌.
എന്നാല്‍, സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഈ പുംഗവന്മാരുടെ പ്രസംഗങ്ങള്‍ മാത്രമാണ്‌ നടക്കുന്നതെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കൊട്ടും താത്പര്യവും ശ്രദ്ധയുമില്ലെന്നാണ്‌. വകുപ്പ്‌ മന്ത്രിമാരുടെ രാഷ്ട്രീയ പ്രസംഗങ്ങള്‍ കൂടുന്തോറും പ്രവര്‍ത്തി കുറയുന്നതായാണ്‌ കണക്കുകള്‍ പറയുന്നത്‌.വാമൊഴി വഴക്കത്തിന്റെ ആശാന്‍ ജി.സുധാകരന്‍ ഭരിച്ച സഹകരണവകുപ്പില്‍ പദ്ധതി ചെലവ്‌ ഇതുവരെ 22 ശതമാനമാണ്‌.രണ്ടാം മുണ്ടശ്ശേരി എം.എ. ബേബിയുടെ സാംസ്കാരിക വകുപ്പില്‍ അത്‌ 18 ശതമാനം,സൗമ്യന്‍, സ്വപ്ന ജീവി മുല്ലക്കര രത്നാകരന്റെ കൃഷിവകുപ്പില്‍ 24 ശതമാനം,ബേബിയുടെ തന്നെ വിദ്യാഭ്യാസ വകുപ്പില്‍ 25 ശതമാനം,പാവം പാലൊളിയുടെ സാമൂഹികക്ഷേമ വകുപ്പില്‍ 9 ശതമാനം.
ആതിരേ, രാഷ്ട്രീയ വിവാദങ്ങളിലും മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ - തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിലും മുഴുകി സമയം കളയാനാണ്‌ ഈ മന്ത്രിമാര്‍ക്കെല്ലാം താല്‍പ്പര്യമെന്നാണ്‌ ഇതില്‍ നിന്ന്‌ വ്യക്തമാക്കുന്നത്‌. ആറ്‌ മാസം കൂടുമ്പോള്‍ വകുപ്പുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കണമെന്നാണ്‌ ചട്ടം. അത്‌ നടക്കുന്നില്ല. ആസൂത്രണബോര്‍ഡിന്റെ യോഗം കൂടിയിട്ട്‌ പോലും ആറ്‌ മാസം കഴിഞ്ഞു എന്ന്‌ പറയുമ്പോള്‍ തന്നെ ഈ വിപ്ലവ വായാടികളുടെ ജനപക്ഷ സമീപനത്തിന്റെയും ജനഹിത നിലപാടുകളുടെയും പൊള്ളത്തരം വ്യക്തമാകും.
പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്നാണ്‌ ആതിരേ തൃത്താല പഞ്ചായത്തുകളില്‍ ലഭിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം വരെ 11 ശതമാനം മാത്രമാണ്‌ ചെലവ്‌ നടന്നിട്ടുള്ളത്‌. അമ്പത്‌ ശതമാനം പദ്ധതി ചെലവ്‌ നടക്കേണ്ടിടത്താണ്‌ കാല്‍ഭാഗം പോലും ഇനിയും ആയിട്ടില്ലാത്തതെന്നോര്‍ക്കണം. സാമ്പത്തിക വര്‍ഷം പാതി പിന്നിട്ടപ്പോഴുള്ള ചിത്രമാണിത്‌. ഇവിടെ ശ്രദ്ധിക്കേണ്ടത്‌ വിദേശ സഹായമുള്ള പദ്ധതികളിലും നബാര്‍ഡ്‌ പദ്ധതികളിലുമാണ്‌ ചെലവ്‌ ഏറ്റവും കുറവ്‌ എന്നതാണ്‌..
മുന്‍കാലങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ തിരക്കിട്ട്‌ പദ്ധതി ചെലവിന്റെ 70 - 80 ശതമാനം വരെ ചെലവിടുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്‌. ഇത്‌ തിരുത്തിക്കുറിക്കാനാണ്‍ധനമത്രി തോമസ്‌ ഐസക്കിന്റെ നിര്‍ദ്ദേശപ്രകാരം അച്യുതാനന്ദന്‍ മന്ത്രിസഭ തീരുമാനിച്ചത്‌. അതിന്റെ അടിസ്ഥാനത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ചെയ്യേണ്ട ചെലവുകള്‍ക്ക്‌ ലക്ഷ്യം കൊടുത്തിരുന്നു. അതനുസരിച്ച്‌ ആദ്യ പാദത്തില്‍ 10 ശതമാനവും രണ്ടാം പാദത്തില്‍ 40 ശതമാനവും ചെലവിടണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സെപ്റ്റംബര്‍ അവസാനം രണ്ടാം പാദം അവസാനിച്ചപ്പോള്‍ 26 ശതമാനം മാത്രമാണ്‌ ചെലവിട്ടതെന്നാണ്‌ ആസൂത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍.
നഗര വികസന പദ്ധതിക്ക്‌ (കെഎസ്‌യുഡിപി) 250 കോടിയും എംസി റോഡ്‌ ഉള്‍പ്പെടെ റോഡ്‌ വികസനം നടത്തുന്ന കെഎസ്ടിപിക്ക്‌ 350 കോടിയുമാണ്‌ വാര്‍ഷിക വിഹിതം. ചേരി നിര്‍മ്മാര്‍ജ്ജനവും കുടിവെള്ള വിതരണവും ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക്‌ നേരിട്ട്‌ പ്രയോജനപ്പെടുന്ന നഗരവികസനപദ്ധതികളാണ്‌ കെഎസ്‌യുഡിപിയില്‍ നടപ്പിലാക്കുന്നത്‌. എന്നാല്‍, ഈ മേഖലയില്‍ കേവലം 15 ശതമാനം മാത്രമാണ്‌ ചെലവിട്ടിട്ടുള്ളത്‌. കെഎസ്ടിപിയിലും ഇത്ര തന്നെ ചെലവാണ്‌ ഉണ്ടായിട്ടുള്ളത്‌. കുടിവെള്ളം കിട്ടാതെയും സഞ്ചരിക്കാന്‍ യോഗ്യമായ റോഡുകളില്ലാതെയും കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാതെയും കേരളത്തിലെ സാധാരണക്കാര്‍ വീര്‍പ്പുമുട്ടുമ്പോഴാണ്‌ ആതിരേ, അനുവദിക്കപ്പെട്ട പണം പോലും ചെലവഴിക്കാതെ മന്ത്രിമാര്‍ കേന്ദ്ര വിരുദ്ധ പ്രസംഗങ്ങളുമായി വാര്‍ത്തകളില്‍ നിറയുന്നത്‌ ; ഊര്‌ ചുറ്റുന്നത്‌.
കഴിഞ്ഞവര്‍ഷവും വാര്‍ഷിക പദ്ധതി ലക്ഷ്യം 20 ശതമാനത്തോളം കുറഞ്ഞത്‌ പദ്ധതി നടത്തിപ്പിലെ ഉദാസീനത മൂലമായിരുന്നു. നബാര്‍ഡ്‌ പദ്ധതികള്‍ക്ക്‌ 452 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. എന്നാല്‍, അവിടെയും നാമമാത്രമായ തുകയാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇതിന്‌ മറ്റൊരു വശം കൂടിയുണ്ട്‌. നബാര്‍ഡിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ മികച്ച പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആസൂത്രണം ചെയ്ത്‌ സമര്‍പ്പിക്കേണ്ടതുണ്ട്‌. എന്നാല്‍ സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടിട്ടും ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാനോ അവ സമര്‍പ്പിക്കാനോ ഒരു വകുപ്പും താല്‍പ്പര്യം കാണിച്ചിട്ടില്ല എന്നാണ്‌ ആസൂത്രണ ബോര്‍ഡിന്റെ തന്നെ പരാതി. ഇതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ കേരളത്തിന്റെ വികസനങ്ങള്‍ക്ക്‌ പണം അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്‌ മനസ്സുണ്ടായിട്ടും ആ പണം വിനിയോഗിക്കാനോ അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ ഗുണകരമാകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനോ കേരളത്തിലെ വിപ്ലവ വായാടികളായ മന്ത്രിമാര്‍ക്കാര്‍ക്കും താല്‍പ്പര്യമില്ല എന്നാണ്‌. ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക്‌ കൂടിയായപ്പോള്‍ നിത്യേന നോക്കുന്ന ഫയലുകള്‍ പോലും മന്ത്രിമാര്‍ നോക്കിയിട്ട്‌ ആഴ്ചകളായി എന്നാണ്‌ പരാതി. മാര്‍ച്ച്‌ മാസം ആകുമ്പോള്‍ പദ്ധതി അടങ്കലിന്റെ പത്ത്‌ ശതമാനത്തില്‍ കൂടുതല്‍ ബാക്കി വെക്കരുത്‌ എന്നാണ്‌ നിര്‍ദേശം. പക്ഷെ, 10 ശതമാനം മാത്രമാണ്‌ ചെലവിട്ടിട്ടുള്ളു എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വാസ്തവം.
7,700 കോടി രൂപയാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ അടങ്കല്‍. ഇതുവരെയുള്ള രീതി വെച്ച്‌ നോക്കിയാല്‍ പതിവ്‌ പോലെ ഫെബ്രുവരി - മാര്‍ച്ച്‌ മാസങ്ങളില്‍ ചടങ്ങു തീര്‍ക്കുന്ന മട്ടില്‍ പണം ചെലവിടാനാണ്‌ ഇവരുടെയൊക്കെ ഉദ്ദേശ്യം. എങ്ങനെയെങ്കിലും കുറേ പണം ചെലവാക്കി പദ്ധതി പൂര്‍ത്തീകരിച്ചു എന്നുവരുത്തി തീര്‍ത്താല്‍ മതിയെന്നാണ്‌ ഭാവം.നോക്കൂ ആതിരേ, സുതാര്യമായ ഭരണവും സുസ്ഥിരമായ വികസനവും വാഗ്ദാനം ചെയ്ത്‌ അധികാരത്തിലേറിയവരാണ്‌ ഇത്രയും ക്രൂരമായ ജനവഞ്ചന തുടര്‍ന്നുപോരുന്നത്‌.
ഈ സാഹചര്യത്തിലാണ്‌ ഇനിയുള്ള മാസങ്ങളില്‍ ഊര്‍ജ്ജിതമായി പദ്ധതി പണം ചെലവഴിക്കണമെന്ന്‌ നിര്‍ദേശിച്ച്‌ എല്ലാ വകുപ്പ്‌ സെക്രട്ടറിമാര്‍ക്കും കത്തയക്കാന്‍ ചീഫ്‌ സെക്രട്ടറി നീല ഗംഗാധരന്‍ നിര്‍ബന്ധിതയായത്‌. പദ്ധതി ചെലവിന്റെ പുരോഗതി വിലയിരുത്താന്‍ സെപ്റ്റംബര്‍ 22ന്‌ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ പല വകുപ്പുകളിലെയും ചെലവിന്റെ ശതമാന കണക്ക്‌ ഒറ്റ അക്കത്തില്‍ ഒതുങ്ങുന്നതായി കണ്ടുവെന്നും ഇതു തന്നെ ഞെട്ടിച്ചുവെന്നും കഴിഞ്ഞദിവസം അയച്ച കത്തില്‍ ചീഫ്‌ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ധനകാര്യ വര്‍ഷത്തിന്റെ അവസാന മൂന്ന്‌ മാസം ചെലവുകള്‍ കേന്ദ്രീകരിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന്‌ തന്നെ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതനുസരിച്ചാണ്‌ ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ 10 ശതമാനം, സെപ്റ്റംബര്‍ 30 വരെ 40 ശതമാനം, ഡിസംബര്‍ 31 വരെ 70 ശതമാനം പദ്ധതി തുക ചെലവഴിക്കണമെന്ന്‌ നിര്‍ദേശിച്ചിരുന്നത്‌. ശേഷിക്കുന്ന 30 ശതമാനം മാത്രമേ അവസാന മൂന്ന്‌ മാസം ചെലവഴിക്കാന്‍ അനുവാദമുള്ളു. ഇതില്‍ തന്നെ മാര്‍ച്ച്‌ മാസത്തില്‍ ചെലവ്‌ 10 ശതമാനമായി പരിമിത പെടുത്തിയിട്ടുണ്ട്‌ എന്നാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷം തുടങ്ങി 6 മാസം കഴിഞ്ഞ്‌ നടത്തിയ വിലയിരുത്തലിലാണ്‌ പല വകുപ്പുകളുടെയും ചെലവുകള്‍ ഒറ്റയക്കത്തില്‍ നില്‍ക്കുന്നതായി ചീഫ്‌ സെക്രട്ടറി കണ്ടെത്തിയത്‌.
കഴിവുകേടിന്റെയും ഉദാസീനതയുടെയും പര്യായങ്ങളായ ഈ മന്ത്രിമാരെ നയിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‌ ലജ്ജ തോന്നുന്നില്ലേ? പ്രതിപക്ഷത്തിരുന്നപ്പോള്‍ ആരോപണങ്ങളായി ഉന്നയിച്ചതെല്ലാം ഇത്രവേഗം വിസ്മരിക്കാന്‍ കഴിഞ്ഞുവെന്നോ? പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഉണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ക്ക്‌ നികുതിദായകര്‍ ഇങ്ങനെ പിഴ മൂളേണ്ടതുണ്ടോ? ഇതുപോലൊരു നാറിയ ഭരണം കണ്ടിട്ടില്ലെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അവരെ മാധ്യമ സിന്‍ഡിക്കേറ്റെന്നും യുഡിഎഫിന്റെ കുഴലൂത്തുകാരെന്നും ആക്ഷേപിക്കുന്നതുകൊണ്ട്‌ മുഖം രക്ഷിക്കാമെന്നാണോ കരുതുന്നത്‌? ഒരു കാര്യം ഉറപ്പാണ്‌. ഈ വഞ്ചനയ്ക്കും ഉദാസീനതയ്ക്കും കഴിവുകേടിനുമുള്ള മറുപടി കൂടിയായിരിക്കും ഉപതെരഞ്ഞെടുപ്പെന്ന കാര്യത്തില്‍, ആര്‍ക്ക്‌ സന്ദേഹമുണ്ടെങ്കിലും, ആതിരേ എനിക്കൊട്ടും സംശയമില്ല.

Friday, November 6, 2009

ആദിവാസികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢശ്രമം ബാലന്‍ മന്ത്രി അറിയുന്നുണ്ടോ ?

ഇന്നും കൊടിയ ചൂഷണത്തിന്‌ വിധേയരാകാനും സ്വത്വം കവര്‍ന്നെടുക്കപ്പെട്ട്‌ ചിതറിക്കപ്പെടാനുമായിരുന്നു, ആതിരേ ആദിവാസികളുടെ വിധി. ഈ ഭൂമിയുടെ ഉടമകളായ അവരെ പ്രലോഭിപ്പിച്ചും ലഹരിക്ക്‌ അടിമകളാക്കിയും അവരുടെ കിടപ്പാടവും സ്ത്രീകളുടെ മാനവും കവര്‍ന്നെടുത്ത ദുഷ്ടതയാണ്‌ ആധുനീകരെന്ന്‌ അഭിമാനിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം. കിടക്കപ്പായയില്‍ നിന്നുപോലും കുടിയിറക്കപ്പെട്ട ആ അടിസ്ഥാന വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യാനുള്ള പുതിയ ഗൂഢശ്രമം നടക്കുന്നു എന്നാണ്‌ വയനാട്ടില്‍ നിന്നും ഇടുക്കി ജില്ലയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന അപായസൂചന.
ആതിരേ, പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ആദിവാസി യുവാക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയരാക്കുന്ന വന്‍ ചതിയാണ്‌ ഈ രണ്ട്‌ ജില്ലകളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ആദിവാസി ക്ഷേമത്തിനായി മറ്റൊരു സര്‍ക്കാരും ചെയ്യാത്ത നടപടികളാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന്‌ കിട്ടുന്ന വേദികളിലെല്ലാം അഹങ്കാരത്തോടെ വീമ്പിളക്കുന്ന പട്ടികജാതി- പട്ടിക വര്‍ഗ്ഗവികസനമന്ത്രി എ.കെ. ബാലനോ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയോ ഈ ചതിയെ കുറിച്ച്‌ അറിഞ്ഞിട്ടുണ്ടോ? അതോ ഇരുവരുടെയും മൗനാനുവാദത്തോടെയാണോ ആദിവാസി ഉന്മൂലനശ്രമം നടന്നുകൊണ്ടിരിക്കുന്നത്‌? ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.
വയനാട്ടിലെ സംരക്ഷിത ഗോത്രവര്‍ഗ്ഗമായ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട യുവാക്കളെയാണ്‌ ആതിരേ , ആരോഗ്യവകുപ്പ്‌ പ്രവര്‍ത്തകര്‍ ഇത്തരം ചതിക്കുഴിയില്‍ വീഴ്ത്തുന്നത്‌. മേപ്പാടി ഏലവയല്‍ പണിയ കോളനിയിലെ 28 കാരായ രണ്ടുപേരാണ്‌ ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയരായത്‌. ഈ കോളനിയിലെ രാജന്‍ മൂന്ന്‌ വര്‍ഷം മുമ്പാണ്‌ വിവാഹിതനായത്‌. രാജന്‌ അഞ്ച്‌ മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്‌. കഴിഞ്ഞ ആഴ്ചയാണ്‌ രാജന്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായത്‌. ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലെത്തി ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്‌. മൂന്ന്‌ കുട്ടികളില്‍ കൂടുതലുള്ള ആദിവാസികളില്‍ മാത്രമേ വന്ധ്യംകരണം ചെയ്യാവൂ എന്ന ഉത്തരവ്‌ നിലനില്‍ക്കുമ്പോഴാണ്‌ വഞ്ചനയുടെയും ക്രമക്കേടിന്റെയും ഇത്തരം കഥകള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌. ഇതേ കോളനിയിലെ തന്നെ പക്രുവും അടുത്ത കാലത്താണ്‌ ഇത്തരത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായത്‌. ജനസംഖ്യയില്‍ കുറവായ കാട്ടുനായ്ക്കന്മാരെ വന്ധ്യംകരണത്തിന്‌ പ്രേരിപ്പിക്കരുതെന്ന മറ്റൊരു ഉത്തരവ്‌ കൂടി നിലവിലുണ്ട്‌. പക്ഷെ, ഈ തീരുമാനങ്ങളും ഉത്തരവുകളും നിര്‍ദേശങ്ങളും ആരോഗ്യവകുപ്പിന്റെ ചില കണക്കുകള്‍ ഒപ്പിക്കാനും സാമ്പത്തിക ലാഭം നേടാനും വേണ്ടി ആരോഗ്യ വകുപ്പ്‌ പ്രവര്‍ത്തകര്‍ അട്ടിമറിക്കുന്നു എന്നാണ്‌ ഈ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌. തുച്ഛമായ തുക പ്രതിഫലമായി കിട്ടുമെന്നുള്ളതുകൊണ്ടാണ്‌ യാഥാര്‍ത്ഥ്യമറിയാതെ ആദിവാസി യുവാക്കള്‍ ശസ്ത്രക്രിയക്ക്‌ വിധേയരാകുന്നത്‌. എല്ലായിപ്പോഴും ആദിവാസികളെ തുച്ഛമായ പ്രതിഫലം നല്‍കി പ്രലോഭിപ്പിച്ച്‌ മുതലെടുക്കുന്ന നാട്ടുവാസിയുടെ മറ്റൊരു ചെറ്റത്തരമാണ്‌ ജനസംഖ്യാനിയന്ത്രണപ്രവര്‍ത്തനമെന്ന പേരില്‍ ആദിവാസി കോളനികളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌, ആതിരേ..!.
ആദിവാസികള്‍ക്കിടയില്‍ ശിശുമരണനിരക്ക്‌ ഭയാനകമായ രീതിയില്‍ ഉയര്‍ന്നതാണ്‌. അതുകൊണ്ട്‌ ഒന്നും രണ്ടും കുട്ടികളുള്ള ആദിവാസി പുരുഷന്മാരെ വന്ധ്യംകരിക്കുന്നത്‌ തന്നെ ഇവരുടെ നിലനില്‍പ്പിന്‌ ഭീഷണിയാകുമെന്നിരിക്കെയാണ്‌ പ്രലോഭനങ്ങളില്‍ വീഴ്ത്തി വിദ്യാവിഹീനരായ ആദിവാസികളെ സമൂഹമായി ചതിച്ചുകൊണ്ടിരിക്കുന്നത്‌.
ശസ്ത്രക്രിയയ്ക്ക്‌ മുമ്പ്‌ അവശ്യം വേണ്ട ബോധവത്കരണം പോലും നടത്താതെയാണ്‌ ഈ യുവാക്കളെ ചതിക്കുഴിയില്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത്‌. 22 വയസ്സില്‍ കൂടുതലുള്ള പുരുഷന്മാരെയും 18 വയസ്സില്‍ കൂടുതലുള്ള സ്ത്രീകളെയും മാത്രമേ വന്ധ്യം കരണത്തിന്‌ വിധേയരാക്കാവൂ എന്നാണ്‌ മറ്റൊരു ചട്ടം. എന്നാല്‍, പ്രായത്തെ കുറിച്ച്‌ ആദിവാസികള്‍ക്ക്‌ നിശ്ചയമില്ലാത്തതുകൊണ്ട്‌ ഈ മാനദണ്ഡവും വയനാട്‌, ഇടുക്കി ജില്ലകളില്‍ ലംഘിക്കപ്പെടുകയാണ്‌ ആതിരേ..!!
അശാസ്ത്രീയമായ രീതിയിലാണ്‌ ആദിവാസി യുവാക്കളെ ശസ്ത്രക്രിയയ്ക്ക്‌ വിധേയരാക്കുന്നത്‌ എന്നതാണ്‌ ഇതിലും ഭീതിജനകമായ വാസ്തവം. ഇത്തരത്തിലുള്ള ശസ്ത്രക്രിയക്ക്‌ വിധേയരാകേണ്ടി വന്നതുകൊണ്ട്‌ നിത്യരോഗികളായി കഴിയുന്ന യുവാക്കളെ വയനാട്ടിലെ ആദിവാസികോളനികളില്‍ കണ്ടെത്താം. മുട്ടില്‍ പഞ്ചായത്തിലെ കല്ലൂപാടി പണിയ കോളനിയിലെ നാരായണന്‍ വന്ധ്യംകരണത്തിന്റെ ദുരിതമേറ്റുവാങ്ങാന്‍ തുടങ്ങിയിട്ട്‌ ഏറെ നാളുകളായി. രണ്ടുകുട്ടികള്‍ മാത്രമുള്ള നാരായണനെ ആരോഗ്യവകുപ്പ്‌ ജീവനക്കാരാണ്‌ വന്ധ്യംകരണ ശസ്ത്രക്രിയക്ക്‌ പ്രേരിപ്പിച്ചത്‌. നാരായണന്റെ ഭാര്യയോടാണ്‌ ആദ്യം ഇക്കാര്യം ആവശ്യപ്പെട്ടതെങ്കിലും ഭാര്യയ്ക്ക്‌ ഭയമായതുകൊണ്ട്‌ ശസ്ത്രക്രിയയ്ക്ക്‌ വിധേയനാകാന്‍ നാരായണന്‍ സന്നദ്ധനാവുകയായിരുന്നു. നാരാണയണന്‍ ഉള്‍പ്പെടെ പത്തിലേറെ പേരെ മീനങ്ങാടി താലൂക്ക്‌ ആശുപത്രികളിലാണ്‌ ശസ്ത്രക്രിയക്ക്‌ വിധേയരാക്കിയത്‌. ശസ്ത്രക്രിയ കഴിഞ്ഞയുടന്‍ രക്തസ്രാവം തുടങ്ങി. തുടര്‍ന്ന്‌ ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. രക്തസ്രാവം നിന്നെങ്കിലും ശാരീരിക അവശത മൂലം കാര്യമായ ജോലിയൊന്നും ചെയ്യാന്‍ കഴിയാതെ ജീവച്ഛവം പോലെ കഴിയുകയാണ്‌ നാരായണന്‍. നാരായണനൊപ്പം ശസ്ത്രക്രിയയ്ക്ക്‌ വിധേയനായ ചീയമ്പം പണിയ കോളനിയിലെ രാഘവനും ഇതേ അനുഭവമുണ്ടായി. എന്നാല്‍, ഇതുവരെ ഇവര്‍ക്കാര്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
ഇത്തരമൊരു അവസ്ഥ നാട്ടുവാസിക്കാണ്‌ ഉണ്ടാകുന്നതെങ്കില്‍, ആതിരേ സംഭവിക്കാവുന്ന കോലാഹലം ഊഹിക്കാവുന്നതേയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളും ആക്ഷന്‍ കൗണ്‍സിലുകളും പ്രക്ഷോഭവുമായി രംഗത്തെത്തുകയും ശസ്ത്രക്രിയ നടത്തിയ ആശുപത്രി അടിച്ചു തകര്‍ക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യും, തീര്‍ച്ചയായും.. എന്നാല്‍ ബോധപൂര്‍വം വഞ്ചിക്കപ്പെട്ട ഈ സാധു മനുഷ്യരുടെ പൗരാവകാശം സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല ആക്ഷന്‍ കൗണ്‍സിലുമില്ല. ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തുന്ന സമുദായ സംഘടനകളും ഈ അനീതിക്കെതിരെ കണ്ണടച്ചിരിക്കുകയാണ്‌ ആതിരേ...!!!.
ഓരോ വര്‍ഷവും എത്ര പേരെ വന്ധ്യം കരിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ ജില്ലാ തലങ്ങളില്‍ കണക്ക്‌ തയ്യാറാക്കാറുണ്ട്‌. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരും ഫീല്‍ഡ്‌ വര്‍ക്കര്‍മാരും എത്തുന്നത്‌ ആദിവാസി കോളനികളിലാണ്‌. ഒരാളെ ശശ്ത്രക്രിയയ്ക്ക്‌ എത്തിച്ചാല്‍ ജീവനക്കാരന്‌ 250 രൂപ ലഭിക്കും. തുച്ഛമായ വേതനം പറ്റുന്ന താല്‍ക്കാലിക ജീവനക്കാര്‍ കൂടുതല്‍ ആളെ കണ്ടെത്താനാണ്‌ ആദിവാസി കോളനികള്‍ ലക്ഷ്യമിടുന്നത്‌. എണ്ണം തികയ്ക്കാന്‍ ആരോഗ്യവകുപ്പ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന നീതിരഹിതമായ ഈ ശ്രമമാണ്‌ ആദിവാസി യുവാക്കളെ അവരുടെ അറിവുപോലുമില്ലാതെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയരാക്കുന്നത്‌.
ജനസംഖ്യാ നിയന്ത്രണം അവശ്യം നടപ്പിലാക്കേണ്ട ആരോഗ്യ പ്രവര്‍ത്തനം തന്നെയാണ്‌ ആതിരേ. എന്നാല്‍, ഇതിനായി സാധുക്കളായ ആദിവാസി യുവാക്കളെയും യുവതികളെയും ചാക്കിട്ട്‌ പിടിക്കുന്നത്‌ ഒരിക്കലും നീതിമത്ക്കരിക്കാവുന്ന നടപടിയല്ല. എന്തുകൊണ്ട്‌ സാക്ഷരരായ മറ്റുള്ളവരെ ഇതിന്‌ പ്രേരിപ്പിച്ച്‌ എണ്ണം തികയ്ക്കാനും ജനസംഖ്യാനിയന്ത്രണം എന്ന ലക്ഷ്യം നേടാനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നില്ല എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കേണ്ടത്‌ ശ്രീമതിയാണ്‌. ഒരു വകുപ്പിന്റെ നേട്ടത്തിനായി ഒരു വിഭാഗം നിസ്സഹായര്‍ ഉന്മൂലം ചെയ്യപ്പെടുന്ന ക്രൂരതയാണ്‌ ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ഇപ്പോളൗദ്യോദിക അംഗീകാരത്തോടെ നടന്നു കൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ 2006-ലെ വനാവകാശ നിയമത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥനാ വനം വകുപ്പ്‌ മന്ത്രിമാരുടെയും പരിസ്ഥിതി മന്ത്രിമാരുടെയും യോഗത്തില്‍ ആദിവാസികളുടെ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വിതരണം പൂര്‍ത്തിയാക്കണമെന്നുമാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ആവശ്യപ്പെട്ടത്‌. കേവല മനുഷ്യരായി ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കപ്പെട്ട്‌ പൊതുസമൂഹത്തിന്റെ വെളിം പറമ്പുകളില്‍ വലിച്ചെറിയപ്പെട്ട ജനസമൂഹമാണ്‌ ആദിവാസികള്‍. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സ്വത്വം സംരക്ഷിക്കാനും ഇന്ത്യയിലെ ആദിവാസികള്‍ ആയുധമെടുക്കേണ്ട സങ്കീര്‍ണമായ അവസ്ഥയാണ്‌ ആതിരേ ഇന്ന്‌ ഇന്ത്യയില്‍ പൊതുവേയും ചില സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചുമുള്ളത്‌.ഇതൊരു കാരണമാക്കിയെടുത്ത്‌ മാവോയിസ്റ്റ്‌ നക്സലൈറ്റ്‌ ഇടപെടലുകളുടെ പേരില്‍ അധികാരത്തിന്റെ മര്‍ദനമുറകള്‍ ഉപയോഗിച്ച്‌ ഈ ജനവിഭാഗത്തെ അടിച്ചൊതുക്കാന്‍ ശ്രമം നടക്കുമ്പോഴാണ്‌ ഇവരെ പാടെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢതന്ത്രമായ വന്ധ്യംകരണ ശസ്ത്രക്രിയ അതീവ രഹസ്യമായും കണിശതയോടെയും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടപ്പിലാക്കുന്നത്‌ ആതിരേ. ഇക്കാര്യം ബാലന്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആദിവാസികളുടെ സംരക്ഷണത്തിനും അവരുടെ നിലനില്‍പ്പ്‌ സുഗമമാക്കാനും എന്ത്‌ നടപടിയാണ്‌ സ്വീകരിച്ചിട്ടുള്ളതെന്ന്‌ വ്യക്തമാക്കാന്‍ മന്ത്രിക്ക്‌ ഉത്തരവാദിത്തമുണ്ട്‌. ഇതറിയാന്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ അവകാശവുമുണ്ട്‌.