അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക ചീഫ് ജസ്റ്റിസായ പി.ഡി. ദിനകരന്‍ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത് തടഞ്ഞതോടെ സുപ്രീം കോടതിയില്‍ ഒരു ജഡ്ജിയുടെ നിയമനത്തില്‍ ആതിരേ, പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്.
പല കോണുകളില്‍ നിന്ന് ഉയര്‍ന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ജസ്റ്റിസ് പി.ഡി ദിനകരന്റെ സ്ഥാനക്കയറ്റത്തിന് തടയിട്ടത്. സര്‍ക്കാര്‍ ഭൂമി അദ്ദേഹം കയ്യേറി എന്നാരോപിക്കപ്പെടുന്ന സ്ഥലത്തെ ജനങ്ങള്‍ നല്‍കിയ പരാതിക്കു പുറമെ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരായ എഫ്.എസ് നരിമാനും ശാന്തിഭൂഷനും മുന്‍കൈയ്യെടുത്ത് രൂപീകരിച്ച ഫോറം ഫോര്‍ ജുഡീഷ്യല്‍ അക്കോമഡബിലിറ്റി എന്ന സംഘടനയുടെ പേരില്‍ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നല്‍കിയ നിവേദനങ്ങളും ദിനകരന്റെ സ്ഥാനക്കയറ്റത്തിന് വിനയായി. തിരുവള്ളൂര്‍, വെല്ലൂര്‍ ജില്ലകളിലായി ജസ്റ്റിസ് ദിനകരന്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭൂമിയും ഉള്‍പ്പെടുന്നു എന്നാണ് കണ്ടത്.
തിരുവള്ളൂര്‍ ജില്ലയിലെ തിരുത്തളി താലൂക്കില്‍ പെട്ട കാവേരി രാജപുരം, വെല്ലൂര്‍ ജില്ലയിലെ ആര്‍ക്കോണം എന്നിവിടങ്ങളില്‍ അഞ്ഞൂറേക്കറോളം ഭൂമി ദിനകരന്റെയും കുടുംബത്തിന്റെയും പേരിലുണ്ടെന്നാണ് ആരോപണം. കാവേരി രാജപുരത്ത് 197 ഏക്കര്‍ പൊതുസ്ഥലം കയ്യേറിയെന്ന് സ്ഥലവാസികളായ 68 പേരാണ് പരാതിപ്പെട്ടത്. ഈ ആരോപണം കാവേരി രാജപുരം വില്ലേജ് ഓഫീസര്‍ ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ മാത്രം ദിനകരന്റെ ഉടമസ്ഥതയില്‍ 440 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് അഭിഭാഷക സംഘം കണ്ടെത്തിയത്. ദിനകരന്‍, ഭാര്യ ഡോ. വിനോദിനി, മക്കളായ അമൃത, അമുദ എന്നിവരുടെയും രണ്ട് ബന്ധുക്കളുടെയും പേരിലാണ് ഭൂമി പ്രമാണം ചെയ്തിട്ടുള്ളത്. ഈ സ്ഥലത്തിന് ചുറ്റും വേലികെട്ടി തിരിച്ച് സ്ഥലത്തേക്കുള്ള റോഡിന് 'നീതി ചക്രവര്‍ത്തി ജസ്റ്റിസ് പി.ഡി ദിനകരന്‍ റോഡ്' എന്ന് നാമകരണവും ചെയ്തു. സമീപത്തെ ഭൂരഹിതര്‍ക്ക് അര്‍ഹമായ ഭൂമിയാണ് ദിനകരന്‍ ഇങ്ങനെ അനധികൃതമായി സ്വന്തം പേരിലാക്കിയത്.
1996 ഡിസംബര്‍ 19 മുതല്‍ 2008 ജൂണ്‍ 8 വരെ ദിനകരന്‍ മദ്രാസ് ഹൈക്കോടതിയിലുണ്ടായിരുന്ന കാലത്താണ് ഈ ഭൂമി വാങ്ങിക്കൂട്ടലും കയ്യേറ്റവും നടന്നതെന്നാണ് ആരോപണം. ചെന്നൈയിലും ദിനകരന് പലസ്ഥലങ്ങളിലായി അവിഹിത സ്വത്തുള്ളതായും അഭിഭാഷകസംഘം കണ്ടെത്തിയിട്ടുണ്ട്. ഷേണായി നഗറിലെ പുല്ല അവന്യൂവില്‍ ഈയിടെ നിര്‍മ്മിച്ച അഞ്ചുനിലക്കെട്ടിടം, അണ്ണാനഗര്‍ ഈസ്റ്റ് മെയില്‍ കോഡിലെ ജെ-81 കെട്ടിടം എന്നിവയിലും ദിനകരന് പങ്കുണ്ടായിരുന്നു. ചെമ്പൂരിലെ 70 ഏക്കറോളം ഭൂമി ബിന്നി കമ്പനിക്ക് ലേലം ചെയ്തതിലും 2009 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതിയില്‍ 300 കേസുകളിലെ പ്രതികള്‍ക്ക് കേവലം മൂക്കാല്‍ മണിക്കൂറുകൊണ്ട് ജാമ്യം നല്‍കിയതിലും അഴിമതി നടന്നതായി അഭിഭാഷകര്‍ കണ്ടെത്തിയിരുന്നു. അനധികൃത ഘനനം സംബന്ധിച്ച കേസുകള്‍ സ്വന്തം ബഞ്ചിലേക്ക് മാറ്റി എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കിയതും ദിനകരനെ പ്രതിക്കൂട്ടിലാക്കി.
ആരോപണങ്ങള്‍ ഇങ്ങനെ ശക്തമായപ്പോഴാണ് ദിനകരനെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ഉന്നതതല സമിതി (കൊളീജിയം) നിര്‍ബന്ധിതമായത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം ഇപ്പോള്‍ തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളത്.
ആതിരേ, ദിനകരനെതിരെ ഉയര്‍ത്തപ്പെട്ട ആരോപണങ്ങള്‍ക്കെല്ലാം ന്യായീകരണം കണ്ടെത്താന്‍ അഴിമതി ജീവിതക്രമമായ ഒരു രാഷ്ട്രത്തിനും അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കുമൊക്കെ കഴിഞ്ഞെന്നുവരും. കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം എന്ന ചിന്തയാണ് ഇന്ന് ഭൂരിപക്ഷം പേര്‍ക്കുമുള്ളത്. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്ന പ്രമാണം ദിനകരന്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കി എന്നാണ് ഈ ആരോപണങ്ങളെല്ലാം തെളിയിക്കുന്നത്.
ദിനകരനെതിരെ ഇത്തരത്തില്‍ ഗൗരവമേറിയ അഴിമതി ആരോപണങ്ങളുയര്‍ന്നപ്പോള്‍ അത് ഇന്ത്യന്‍ ജുഡീഷ്യറുടെ വിശ്വാസ്യതയ്ക്ക് എതിരായ കുറ്റപത്രം കൂടിയായിരുന്നു. എന്നാല്‍, അത് പൂര്‍ണമായി അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ഷന്‍ തയ്യാറായിട്ടില്ല.അവിടെയാണ് പ്രശ്നം "ചില ജഡ്ജിമാര്‍ അഴിമതി കാണിക്കുന്നുണ്ട് എന്ന് കരുതി ഇന്ത്യന്‍ ജുഡിഷ്യല്‍ സിസ്റ്റം അപ്പാടെ അഴിമതിഭരിതമാണെന്ന് സമ്മതിക്കാന്‍" അദ്ദേഹം തയ്യാറല്ല. എന്നുമാത്രമല്ല, ജഡ്ജിമാരടക്കമുള്ളവരുടെ അഴിമതി തടയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന ഏത് നടപടിയും സ്വാഗതം ചെയ്യാന്‍ താന്‍ തയ്യാറാണ് എന്നും ഇത്തരം പരിശോധനയ്ക്ക് വിധേയനാകാന്‍ മടിയില്ലെന്നും പറഞ്ഞുവെച്ച് വിഷയത്തില്‍ നിന്ന് തലയൂരുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ഇവിടെയാണ് ആതിരേ, 2002 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന എസ്.പി. ബെറൂച്ചയുടെ ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ 20 ശതമാനം ന്യായാധിപന്മാരും അഴിമതിക്കാരാണെന്നും ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റം അഴിമതി ഭരിതമാണെന്ന് 63 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നുണ്ട് എന്നുമാണ് ബെറൂച്ച അഭിപ്രായപ്പെട്ടത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റിസ് ബെറൂച്ചയുടെ ഈ അഭിപ്രായ പ്രകടനം.
എന്നാല്‍, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ കടത്തിവെട്ടുന്ന നിരത്തില്‍ സുപ്രീം കോടതി മുതല്‍ മജിസ്ട്രേറ്റ് കോടതിവരെയുള്ള ന്യായാസനങ്ങളെ അഴിമതി അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ അനുഭവം. പലപ്പോഴും സമ്പന്നവിഭാഗത്തിനും അധികാരിവര്‍ഗത്തിനും മൂലധന ചൂഷകര്‍ക്കും അനുകൂലമായി വിധി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക് നിയമപരമായി ഉറപ്പാക്കിയിട്ടുള്ള മൗലികാവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ ചൂഷകര്‍ക്ക് കൂട്ട് നില്‍ക്കുന്ന എത്രയോ വിധികള്‍ സുപ്രീം കോടതി മുതല്‍ മജിസ്ട്രേറ്റ് കോടതി വരെ ഉണ്ടായിട്ടുണ്ട്. കൊക്കോ കോള കേസിലും സ്വാശ്രയ വിദ്യാഭ്യാസ നിയമ കേസിലുമൊക്കെ പുറത്തുവന്ന കോടതി വിധികള്‍ ഒരിക്കല്‍ പോലും പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയായിരുന്നില്ല. പണം മുടക്കാനുള്ള കഴിവും മിടുക്കന്മാരായ അഭിഭാഷകരെ വാദത്തിനായി നിയമിക്കാനുള്ള മികവുമുണ്ടെങ്കില്‍ ഏത് കേസില്‍നിന്നും ഏത് കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുന്ന അവസ്ഥയാണ് ഇന്നുള്ളത്. നിയമത്തിന്റെ പഴുതുകളിലൂടെ വഴുതി പോരാന്‍ ഈ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നതില്‍ ന്യായാധിപന്മാര്‍ക്കും ഉളുപ്പില്ല എന്നതാണ് വാസ്തവം. വെറുതെ ഒരാളും ഇത്തരം ഒരു സഹായം ചെയ്തുകൊടുക്കില്ലെന്ന് ഏത് ബുദ്ധിശൂന്യനും ഊഹിക്കാവുന്നതേയുള്ളു. അതായത് വന്‍തുക കോഴയായി സ്വീകരിച്ച് നിയമസംവിധാനത്തേയും നിയമവാഴ്ചയെയും അട്ടിമറിക്കുന്ന നിയമവിരുദ്ധതയുടെ സെലിബ്രിറ്റികളായി ന്യായാധിപന്മാര്‍ അധഃപതിച്ചു എന്നാണ് ഈ സംഭവങ്ങളെല്ലാം അപായകരമായ വിധത്തില്‍ സൂചന നല്‍കുന്നത്. ജസ്റ്റിസ് ദിനകരന്റെ രണ്ട് കേസുകള്‍ മാത്രം ശ്രദ്ധിക്കുക. 300 കേസിലെ പ്രതികള്‍ക്ക് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ജാമ്യം അനുവധിച്ചതും അനധികൃത ഖാനനം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതി മാത്രം മതി എങ്ങനെയൊക്കെയാണ് ഒരു മുതിര്‍ന്ന ന്യായാധിപന്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റത്തെ അട്ടിമറിക്കുന്നതെന്ന് തിരിച്ചറിയാന്‍.
നീതി നിഷേധിക്കപ്പെടുന്ന ഇന്ത്യയിലെ സാധാരണക്കാരായ പൗരന്മാരുടെ അവസാനത്തെ അത്താണിയാണ് ആതിരേ ന്യായാസനങ്ങള്‍. രാഷ്ട്രീയക്കാരും അവരുടെ പിന്തുണയോടെ സമ്പന്നരും മറിച്ചും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും അധികാരങ്ങളും കവര്‍ന്നെടുത്ത് അവരെ മാന്യമായി ജീവിക്കാനുള്ള പരിസരങ്ങളില്‍ നിന്നുപോലും ആട്ടിയിറക്കപ്പെടുന്ന ദുഷ്ടതയിത്തിലാണ് വര്‍ത്തമാന കാല ഇന്ത്യ ജീവിക്കുന്നത്. ഇവിടെ പൗരന് അവന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അവസാനത്തെ ആശ്രയം ന്യായാസനങ്ങളാണ്. പക്ഷെ, ന്യായാധിപന്മാര്‍ ം ഷൈലോക്കുമാരായും പോലെയും ഇറച്ചിവെട്ടുകാരായുംപരിണമിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജുഡീഷ്യറി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ്. കൊല്‍ക്കത്ത ഹൈക്കോടതിയിലെ സൗമിത്രാ സെന്‍, പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ വനിതാ ജഡ്ജി നിര്‍മ്മല്‍ യാദവ് തുടങ്ങിയവര്‍ ദിനകരന്റെ മുന്‍ഗാമികളാണ്. 1993ല്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന വി. രാമസ്വാമി ഇവരെയെല്ലാം കടത്തിവെട്ടിയ കില്ലാടിയായിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കുമെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാരോ പാരലമെന്റോ തയ്യാറായിട്ടില്ല. നാഷണല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ രൂപീകരിക്കാനുള്ള ബില്ലുപോലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ കുത്തഴിഞ്ഞ നീതിബോധത്തിന്റെയും നിയമപാലനത്തിന്റെയും നാട്ടില്‍ കഴിയേണ്ടി വരുമ്പോഴാണ് എതിര്‍പ്പിന്റെ ആയുധങ്ങളുമായി മാവോയിസ്റ്റുകളെ പോലെയുള്ള സംഘടനകള്‍ മുന്നോട്ടുവരുന്നത്. അവരെ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ പത്തിലൊന്ന് ദിനകരനെ പോലെയുള്ള അഴിമതി വീരന്മാരെ നിയന്ത്രിക്കാന്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ ആതിരേ, ഈ നാട് ഇങ്ങനെ ആകുമായിരുന്നില്ല. പറഞ്ഞിട്ടെന്ത് ദിനകരനെ പോലെയുള്ളവര്‍ക്കാണ് ഇന്നും സമൂഹത്തില്‍ സ്ഥാനവും അംഗീകാരവും.
Subscribe to:
Post Comments (Atom)
No comments:
Post a Comment