Tuesday, November 10, 2009

എല്‍ഡിഎഫിന്റെ നെഞ്ച്‌ കലക്കി യുഡിഎഫിന്റെ പടയോട്ടം


ജനവിരുദ്ധമായ നിലപാടുകളും നടപടികളുമാണ്‌ കഴിഞ്ഞ മൂന്നരവര്‍ഷം ഇടതുപക്ഷ ഭരണം എന്ന നിലയില്‍ എല്‍ഡിഎഫ്‌ കാഴ്ചവെച്ചത്‌. അതിനോടുള്ള ജനങ്ങളുടെ തീക്ഷ്ണമായ പ്രതികരണമാണ്‌ ലോകസഭാ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലും വ്യക്തമായത്‌. വല്ലാത്തൊരു സങ്കീര്‍ണാവസ്ഥയിലാണ്‌ അതുകൊണ്ടുതന്നെ എല്‍ഡിഎഫ്‌



ചെങ്കൊടി മാത്രം പാറിച്ച പാരമ്പര്യമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ആതിരേ അബ്ദുള്ളക്കുട്ടിയും ഡൊമിനിക്ക്‌ പ്രസന്റേഷനും ഷുക്കൂറും മൂവര്‍ണ കൊടി പാറിച്ച്‌ എഴുതി ചേര്‍ത്തത്‌ പുതിയ ചരിത്രം.
പിണറായി വിജയനും വി.എസ്‌ അച്യുതാനന്ദനും ജയരാജന്മാരും വെളിയം ഭാര്‍ഗവനും കണ്ട സ്വപ്നങ്ങളെല്ലാം തട്ടിത്തെറിപ്പിച്ച്‌ കേരളം ലോകസഭാ തെരഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും യുഡിഎഫിനൊപ്പം നിന്നു എന്നാണ്‌ കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌.
1996 മുതല്‍ സംസ്ഥാനത്ത്‌ നടന്ന പത്ത്‌ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമേ യുഡിഎഫിന്‌ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു ആതിരേ.. 2003ല്‍ തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസി(എം) ന്റെ എലിസബത്ത്‌ മാമ്മന്‍ മാത്യുവാണ്‌ യുഡിഎഫിന്‌ ആശ്വാസം പകര്‍ന്ന്‌ അന്ന്‌ വിജയിച്ചത്‌. ഏറ്റവും ഒടുവിലത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായിരുന്നു വിജയം. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന്‌ 2006 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ നിന്ന്‌ ജോര്‍ജ്ജ്‌ തോമസ്‌ ആണ്‌ വിജയിച്ചത്‌.
എന്നാല്‍, സകല പ്രവചനങ്ങളെയും കാറ്റില്‍ പറത്തി അബ്ദുള്ളക്കുട്ടി അടക്കമുള്ളവര്‍ വിജയിച്ച്‌ കയറിയപ്പോള്‍ കേരളത്തില്‍ ഇടത്‌ കോട്ടയില്‍ വന്‍ വിള്ളല്‍ വീണിരിക്കുന്നു എന്നാണ്‌ വ്യക്തമാകുന്നത്‌. ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഇടത്‌ മുന്നണിയും ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന അവരുടെ അവകാശ വാദം പൊള്ളയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലം.
ആതിരേ,കേരളം വലതു പക്ഷത്തേക്ക്‌ തിരിയുന്നു എന്ന ശക്തമായ സൂചനയാണിത്‌. ആസിയാന്‍ അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറുപ്പുചീട്ടാക്കി ഇടതുപക്ഷം നടത്തിയ പ്രചാരണം ഈ മൂന്ന്‌ മണ്ഡലങ്ങളിലെ വോട്ടര്‍മാരും പുറം കാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചു എന്നാണ്‌ മൂന്നിടത്തേയും എല്‍ഡിഎഫ്‌ പരാജയം വ്യക്തമാക്കുന്നത്‌.
ഇതില്‍ ഏറ്റവും ദയനീയമായ പരാജയം കണ്ണൂരിലാണ്‌. പിണറായി വിജയന്റെ പ്രസ്റ്റീജ്‌ മണ്ഡലമായ അവിടം കേന്ദ്രീകരിച്ചായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇത്തവണ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. സിപിഎമ്മില്‍ നിന്ന്‌ പുറത്തായ ശേഷം കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ ഏത്‌ വിധേനയും പരാജയപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണ്‌ കരുത്തനായ എം.വി ജയരാജനെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രംഗത്തിറക്കിയത്‌. എന്നാല്‍, വര്‍ഗ വഞ്ചകന്‍ എന്ന്‌ അബ്ദുള്ളക്കുട്ടിക്ക്‌ സിപിഎം കല്‍പ്പിച്ചു നല്‍കിയ വിശേഷണം അദ്ദേഹത്തിന്റെ ജനപിന്തുണയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതുകൊണ്ടാണ്‌ ജയരാജന്‍ പരാജയപ്പെട്ടത്‌. ഇതില്‍പരം ഒരു നാണക്കേട്‌ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും ഉണ്ടാകാനില്ല ആതിരേ.
ഗുരുവും ശിഷ്യനും തമ്മിലായിരുന്നു അവിടെ മത്സരം. കണ്ണൂരിന്റെ ചരിത്രം എല്ലാക്കാലത്തും കോണ്‍ഗ്രസിനൊപ്പമാണെന്നറിഞ്ഞിട്ടും ഇത്ര കടുത്ത പോരാട്ടത്തിന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രണ്ടും കല്‍പ്പിച്ചിറങ്ങിയത്‌ എതിരാളി അബ്ദുള്ളക്കുട്ടി ആയതുകൊണ്ടാണ്‌. അതുകൊണ്ടുതന്നെ പല ഘടകങ്ങളാല്‍ വിവാദങ്ങളിലൂടെ ഈ ഉപതെരഞ്ഞെടുപ്പ്‌ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.വോട്ടര്‍മാരെ ഇറക്കുമതി ചെയ്തും വ്യാജ റെസിഡന്റ്‌ അഡ്രസ്സില്‍ വോട്റ്റര്‍മാരെ തിരുകിയും ജയിക്കാനായി ഒട്ടേറെ അട്ടിമറികളാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇവിടെ പയറ്റിയത്‌.അതു കൊണ്ട്‌ തന്നെ കണ്ണൂരില്‍ വിലയിരുത്തപ്പെട്ടത്‌ രാഷ്ട്രീയത്തിന്റെ നേരും നെറികേടുമായിരുന്നു. കഴിഞ്ഞതവണത്തെ പട്ടികയില്‍ നിന്ന്‌ 6386 പേരെ നീക്കം ചെയ്തും 7987 പേരെ പുതുതായി ചേര്‍ത്തും നടത്തിയ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കരുത്തരെ മലര്‍ത്തിയടിച്ച്‌ അബ്ദുള്ളക്കുട്ടി വിജയക്കൊടി പാറിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇനി എന്ത്‌ ന്യായം നിരത്തും എന്ന ചിന്തയിലാണ്‌ പിണറായി വിജയനും കൂട്ടരും.
റെക്കോര്‍ഡ്‌ പോളിംഗ്‌ രേഖപ്പെടുത്തിയ കണ്ണൂരില്‍ നിഷ്പക്ഷ വോട്ടുകള്‍ ജയരാജന്‌ അനുകൂലമാകും എന്നായിരുന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും കണക്കുകൂട്ടല്‍. വര്‍ഗവഞ്ചകനായ അബ്ദുള്ളക്കുട്ടിയെ നിഷ്പക്ഷ വോട്ടര്‍മാര്‍ പിന്തുണക്കില്ല എന്നും അവര്‍ വിശ്വസിച്ചു. മാത്രമല്ല ബിജെപിയും എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഘടകമായ എസ്ബിപിഐയും യുഡിഎഫിന്റെ വോട്ടുകള്‍ ചോര്‍ത്തുമെന്നും പ്രതീക്ഷിച്ചു. വോട്ടര്‍പട്ടികയില്‍ നിന്ന്‌ തള്ളിയ വോട്ടുകള്‍ കൂടുതലും യുഡിഎഫിന്റേതും ചേര്‍ത്തത്‌ ഇടതുപക്ഷത്തിന്റേതുമായിരുന്നിട്ടും കണ്ണൂരിലുണ്ടായ പരാജയം പരിശോധിക്കപ്പെടേണ്ട ഘടകമാണ്‌. ഇവര്‍ അവകാശപ്പെടുന്നതുപോലെ നിഷ്പക്ഷ വോട്ടുകള്‍ ജയരാജന്‌ ലഭിച്ചുവെങ്കില്‍, ആതിരേ അബ്ദുള്ളക്കുട്ടിക്ക്‌ കിട്ടിയ ഭൂരിപക്ഷം എവിടെ നിന്ന്‌ എന്ന ചോദ്യത്തിനാണ്‌ ഉത്തരം കണ്ടെത്തേണ്ടത്‌.
കണ്ണൂരിലെ തരംഗം തന്നെയാണ്‌ എറണാകുളത്തും ആലപ്പുഴയിലും കണ്ടത്‌. ഇവിടെയും വോട്ടര്‍മാരെ ഭരിച്ചത്‌ ഇടതു വിരുദ്ധ തരംഗമാണ്‌. കണ്ണൂരില്‍ 12043 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ അബ്ദുള്ളക്കുട്ടിക്ക്‌ കിട്ടിയതെങ്കില്‍ എറണാകുളത്ത്‌ ഡൊമിനിക്ക്‌ പ്രസന്റേഷന്‌ 8620 വോട്ടിനും ആലപ്പുഴയില്‍ എ.എ. ഷൂക്കൂര്‍ 4845 വോട്ടിനുമാണ്‌ വിജയിച്ചത്‌. ഭരണവിരുദ്ധ വികാരം എത്ര ശക്തമാണെന്ന്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
എറണാകുളത്ത്‌ ഡൊമിനിക്ക്‌ പ്രസന്റേഷനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ പോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിഞ്ഞില്ല. ഒരര്‍ത്ഥത്തില്‍ ലത്തീന്‍ കത്തോലിക്ക സമുദായംഗമായ ഡൊമിനിക്കിനെതിരെ സിപിഎമ്മിലെ സീനുലാല്‍ ഒരു സ്ഥാനാര്‍ത്ഥിയെ ആയിരുന്നില്ല മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസം തിരിച്ചടയിയാവുകയും ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പില്‍ കെ.വി തോമസിന്‌ ലഭിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട്‌ യുഡിഎഫിന്റെ പെട്ടിയില്‍ വീണു. അതായത്‌ ഇടതുപക്ഷത്തിന്റെ വോട്ടല്ലാതെ ഒരൊറ്റ നിഷ്പക്ഷ വോട്ടുപോലും എറണാകുളത്ത്‌ ഇടതുമുന്നണിക്ക്‌ നേടാനായില്ല എന്ന്‌ സാരം.
ആലപ്പുഴയില്‍ ഇടതുമുന്നണിയിലെ അസ്വാരസങ്ങള്‍ മാറ്റിവെച്ചുള്ള കൂട്ടായ പ്രവര്‍ത്തനമാണ്‌ ഇത്തവണ കണ്ടത്‌. ആറുതവണയായി യുഡിഎഫ്‌ ജയിക്കുന്ന മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇവിടെ മാത്രമാണ്‌ എല്‍ഡിഎഫിന്‌ ആശ്വസിക്കാവുന്ന ഘടകങ്ങള്‍ കാണുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്‌ ലഭിച്ച ഭൂരിപക്ഷവും മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചതില്‍ ഇടതുപക്ഷത്തിന്‌ തീര്‍ച്ചയായും ആശ്വസിക്കാം. പിഡിപിയെ ഒഴിവാക്കാന്‍ സിപിഐ എടുത്ത തീരുമാനവും ശ്ലാഘനീയം തന്നെ.
ഈ മണ്ഡലത്തില്‍ ശ്രദ്ധേയമായ ഒരു അടിയൊഴുക്കുണ്ടായിട്ടുണ്ട്‌, ആതിരേ. 4,500 കേഡല്‍ വോട്ടുകള്‍ പിഡിപിക്ക്‌ ആലപ്പുഴയിലുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ 1804 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. 2500 ഓളം പിഡിപി വോട്ടുകള്‍ എങ്ങോട്ടുപോയി എന്നതാണ്‌ ചോദ്യം. പൊന്നാനി അനുഭവത്തിന്റെ വെളിച്ചത്തില്‍ സിപിഐയെ തോല്‍പ്പിക്കാന്‍ ആലപ്പുഴയില്‍ പിഡിപി വോട്ടുകള്‍ യുഡിഎഫിന്‌ മറിച്ചു ചെയ്തിട്ടുണ്ടാകും.ആ വോട്ടുകളും ചേര്‍ന്നിട്ടും 5000ത്തില്‍ താഴെയാണ്‌ കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷം.അപ്പോള്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു .
ഈ തെരഞ്ഞെടുപ്പ്‌ ഫലം മുഖ്യമന്ത്രി അച്യുതാനന്ദനില്‍ മുമ്പൊരിക്കലുമുണ്ടാക്കാത്ത സമ്മര്‍ദ്ദമാണ്‌ ചെലുത്തുക. ഭരണത്തിന്റെ വിലയിരുത്തലാകും ഉപെതെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ പ്രചാരണം തുടക്കത്തില്‍ തന്നെ അച്യുതാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന്‌ മണ്ഡലങ്ങളില്‍ നടത്തിയ പ്രചാരണ പ്രസംഗങ്ങളില്‍ അദ്ദേഹം ഇക്കാര്യം ഊന്നി പറയുകയും ചെയ്തു. പ്രചാരണത്തിനിറങ്ങിയ മന്ത്രിമാരും അതുതന്നെയാണ്‌ ആവര്‍ത്തിച്ചത്‌.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ്‌ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയായിരിക്കുമെന്നാണ്‌ അന്ന്‌ പിണറായി വിജയന്‍ അവകാശപ്പെട്ടത്‌. എന്നാല്‍, ആ സിദ്ധാന്തത്തോട്‌ യോജിക്കാന്‍ വി.എസ്‌ അച്യുതാനന്ദന്‍ തയ്യാറായില്ലായിരുന്നു. കാരണം ലാവലിന്‍ അഴിമതി അടക്കമുള്ള പ്രശ്നങ്ങള്‍ മൂലം തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിടുമെന്ന്‌ അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച്‌ തന്റേതായ നിലപാട്‌ സ്വീകരിക്കാന്‍ അതുകൊണ്ടുതന്നെ അദ്ദേഹം ധൈര്യപ്പെടുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തിയ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഭരണപരാജയമാണ്‌ തോല്‍വിയുടെ മുഖ്യഘടകമായി എടുത്തുകാട്ടിയത്‌. ഇത്തവണ സംസ്ഥാന ഭരണത്തെ വിലയിരുത്തുന്നതാവും ഫലമെന്ന്‌ പിണറായി വിജയന്‍ പറയാതിരുന്നതും ശ്രദ്ധേയമായി. എന്നാല്‍, മൂന്ന്‌ ഫലവും തിരിച്ചടിയായപ്പോള്‍ വെട്ടിലാകുന്നത്‌ അച്യുതാനന്ദനാണ്‌.
ജനവിരുദ്ധമായ നിലപാടുകളും നടപടികളുമാണ്‌ ആതിരേ കഴിഞ്ഞ മൂന്നരവര്‍ഷം ഇടതുപക്ഷ ഭരണം എന്ന നിലയില്‍ എല്‍ഡിഎഫ്‌ കാഴ്ചവെച്ചത്‌. അതിനോടുള്ള ജനങ്ങളുടെ തീക്ഷ്ണമായ പ്രതികരണമാണ്‌ ലോകസഭാ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലും വ്യക്തമായത്‌. വല്ലാത്തൊരു സങ്കീര്‍ണാവസ്ഥയിലാണ്‌ അതുകൊണ്ടുതന്നെ എല്‍ഡിഎഫ്‌. 2010 ല്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും സൂചികയായിരിക്കും ലോകസഭാ - ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ എന്നത്‌ ഇടതുപക്ഷത്തെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്‌.
ജനവഞ്ചകര്‍ക്കും വര്‍ഗ വഞ്ചകര്‍ക്കും ഇത്തരം അനുഭവവുമേ ഉണ്ടാവുകയുള്ളു എന്ന്‌ മനസ്സിലാക്കാനുള്ള വിനയം ഇനിയെങ്കിലും പിണറായി വിജയനും കൂട്ടര്‍ക്കും ഉണ്ടാകുമോ. ആതിരേ.

No comments: