Sunday, November 29, 2009
26/11 : ഈ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണം
ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ മുംബൈയില്‍ ഭീകരവാദികള്‍ക്ക് നുഴഞ്ഞുകയറാനും ആക്രമണം അഴിച്ചുവിടാനും തദ്ദേശീയമായ സഹായം ലഭിച്ചിരുന്നു. ഈ സഹായം നല്‍കിയവരില്‍ മുംബൈ പോലീസിലെ ഉന്നതന്‍മാരും ഉള്‍പ്പെടുന്നില്ലേ എന്ന് സംശയമാണ് വിനീതയുടെ പുസ്തകം ശക്തമാക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. ഭരണകൂടത്തിന്റെ ഭീകരതകളാണ് ഈ ഉള്ളറകളില്‍ സജീവമായി നില്‍ക്കുന്നത്. പൗരനും അവന്റെ ജീവനും മൗലീകമായ അവകാശങ്ങളും; രാജ്യരക്ഷയ്ക്കായി, ജീവനു മീതെ കര്‍തവ്യബോധം പ്രതിഷ്ഠിച്ച് സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമൊക്കെ ഇവിടെ ചതിക്കുഴികളിലും ചോരക്കെണികളിലും വീഴ്ത്തപ്പെടുകയാണ്
ആതിരേ,26/11 സ്മരണയുടെ ഹാങ്ങോവറിലാണ് ഇന്ത്യ ഇപ്പോഴും. അന്ന് ഭീകരവാദികളുടെ തോക്കിനിരയായ നിരപരാധികളെയും അവരെ ചെറുത്ത് നില്‍ക്കാനും തുരത്താനുമുള്ള ശ്രമത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച പോലീസ് - കമാന്റോ ഫോഴ്സ് അംഗങ്ങളെയും അഭിമാനപൂര്‍വം, ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്മരിച്ചപ്പോഴും, ഇനിയുമൊരു 26/11 ന്റെ സാധ്യതയിലും ഭയപ്പാടിലുമായിരുന്നു മുംബൈയിലേതടക്കമുള്ള ഇന്ത്യയിലെ സാധാരണക്കാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വാക്കാലുള്ള ഉറപ്പുകൊണ്ട് മാറുന്നതല്ല ഈ ഭയസംക്രമങ്ങള്‍.
ഇതിന്റെ ആഘാതം ഇരട്ടിപ്പിക്കുന്നതാണ് വിനീതാ കാംതെയുടെ 'ടു ദ ലാസ്റ്റ് ബുള്ളറ്റ്' എന്ന ഗ്രന്ഥം. മുംബൈ ഭീകരാക്രമണത്തോട് പ്രതികരിച്ചതില്‍ പോലീസിന് സംഭവിച്ച വീഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍. വിവരാവകാശ നിയമപ്രകാരം മുംബൈ പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എന്നുവരുമ്പോഴാണ് 26/11ന്റെ അറിയാത്ത കഥകള്‍ വായിച്ച് നാം ഞെട്ടിപ്പോകുന്നത്. അന്ന് ഭീകരതയ്ക്കെതിരായി ജീവന്‍ നല്‍കിയ ധീരതയെ 'തന്ത്രപരമായ പിഴവും' 'മണ്ടത്തരവുമായി' ചിത്രീകരിക്കുന്നിടത്തുതന്നെ പോലീസിന്റെയും സര്‍ക്കാരിന്റെയും കള്ളക്കളി അടയാളപ്പെടുത്തുന്നുണ്ട്.
അന്ന് ചതിക്കെണിയില്‍ പെട്ട് ഭീകരവാദികളുടെ ബുള്ളറ്റിനിരയായ മുംബൈ അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് അശോക് കാംതെയുടെ വിധവയാണ് വിനീത കാംതെ. വിധവകള്‍ നിശ്ശബ്ദം വിലപിക്കാനെ പാടുള്ളു എന്നും എല്ലാ അനുശോചനങ്ങളും മൂകമായി സ്വീകരിക്കുകയേ മാര്‍ഗ്ഗമുള്ളു എന്നും ഒരിക്കലും ചോദ്യങ്ങള്‍ ചോദിക്കുകയോ ഉത്തരങ്ങള്‍ തിരയുകയോ ചെയ്യരുതെന്നുമുള്ള പരമ്പരാഗത ചിന്താഗതിയെ വെല്ലുവിളിച്ചുകൊണ്ടാണ് മുംബൈ പോലീസിനെയും കേന്ദ്രസര്‍ക്കാരിനെയും വിയര്‍പ്പിക്കുന്ന ചോദ്യങ്ങള്‍ 'ടു ദ ലാസ്റ്റ് ബുള്ളറ്റ്' എന്ന ഗ്രന്ഥത്തില്‍ വിനീത കാംതെ ഒന്നൊന്നായി നിരത്തുന്നത്.
അന്ന് കൊല്ലപ്പെട്ട അശോക് കാംതെ, ഹേമന്ദ് കാര്‍ക്കറെ, വിജയ് സലാസ്കര്‍ തുടങ്ങിയ സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ചതിക്കെണിയിലാണ് പെട്ടതെന്ന് സാഹചര്യതെളിവുകള്‍ നിരത്തി വിനീത കാംതെ ആരോപിക്കുമ്പോള്‍ , ആതിരേ, അതിന് മറുപടി നല്‍കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുകയാണ് മുംബൈ പോലീസ് അധികൃതരും കേന്ദ്രസര്‍ക്കാരും. ഈ നിസ്സഹായവസ്ഥ, ചില സത്യങ്ങള്‍ തമസ്കരിക്കുന്ന ഗൂഢ വിദ്യയാണെന്ന് മനസ്സിലാക്കുമ്പോഴാണ് കഴിഞ്ഞദിവസം നമ്മുടെ ഭരണാധികാരികള്‍ നടത്തിയ അനുശോചന പ്രകടനം എത്രമാത്രം അന്തസാരശൂന്യവും ചതി നിറഞ്ഞതുമാണെന്ന് തിരിച്ചറിയുക.
ഈ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും സാധാരണക്കാരായിരുന്നില്ല. അവരവരുടെ മേഖലകളില്‍ യഥാര്‍ത്ഥ 'പുലികള്‍' തന്നെയായിരുന്നു. നക്സലുകള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുത്തിട്ടുള്ള, ബോസ്നിയയില്‍ യുഎന്‍ രക്ഷാസമിതിയില്‍ മികവ് കാട്ടിയ, ഒട്ടേറെ കലാപങ്ങളെ നേരിട്ടിട്ടുള്ള പോലീസ് ഓഫീസറായിരുന്നു അശോക് കാംതെ. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്നു ഹേമന്ദ് കാര്‍ക്കറെ. മുംബൈ പോലീസിലെ ഏറ്റവും സമര്‍ത്ഥനായ പോരാട്ട വിദഗ്ധനായിരുന്നു വിജയ് സലാസ്കര്‍. ഇവര്‍ ഉള്‍പ്പെടുന്ന സംഘം 'കാമാ' ആശുപത്രിക്ക് സമീപം ഭീകരരുടെ ചതിക്കുഴയില്‍ വീണു എന്നാണ് വിനീത കാംതെ ഉറച്ച് വിശ്വസിക്കുന്നത്. അതെങ്ങനെ സംഭവിച്ചു എന്നതിന്റെ ഉത്തരം തേടുകയാണ് 'ടു ദ ലാസ്റ്റ് ബുള്ളറ്റ്' എന്ന ഗ്രന്ഥത്തിലൂടെ.
മുംബൈ പോലീസിലെ ഉന്നതര്‍ തന്നെയായിരുന്നു ഈ മൂന്ന് സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെയും ചോരക്കുഴിയില്‍ ചതിച്ചുവീഴ്ത്തിയതെന്നാണ് പിന്നീടുണ്ടായ സംഭവങ്ങളില്‍ നിന്ന് വിനീത കാംതെ വായിച്ചെടുക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഇന്‍ഷൂറന്‍സും മറ്റും ലഭിക്കുന്നതിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി ചോദിച്ചപ്പോള്‍ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടില്‍ നിന്നാണ് നിയമ ബിരുദാനന്ദര ബിരുദ ദാരിണിയായ വിനീത ആരൊക്കെയോ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നത് സംശയിച്ചു തുടങ്ങിയത്. അതിന്റെ മറ്റൊരു തെളിവാണ് പാക് ഭീകരരില്‍ പോലീസിന് ജീവനോടെ പിടികൂടാനായ അജ്മല്‍ കസബിനെ വെടിവെച്ച് നിരായുധനാക്കിയത് കാംതെയാണെന്ന് സമ്മതിക്കാന്‍ മുംബൈ പോലീസിന് ഒരു മാസം വേണ്ടിവന്നത്.
മുംബൈ പോലീസ് അവരുടെ പരിമിതികള്‍ മറയ്ക്കാന്‍ കാംതെയുടെയും കാര്‍ക്കറെയുടെയും സലാസ്കറുടെയും മരണം മറയാക്കുകയാണെന്ന് വിനീത കാംതെ വിശ്വസിക്കുന്നു. ഇതിന് ഉപോത്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കസബിനെതിരെ പോലീസ് നല്‍കിയ കുറ്റപത്രവും വിവിധ പോലീസ് ഓഫീസര്‍മാര്‍ അന്ന് നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളുമാണ്.
മുംബൈ പൂര്‍വ്വമേഖലയുടെ ചുമതലയുണ്ടായിരുന്ന കാംതെയെ പോലീസ് കമ്മീഷണര്‍ ഹസന്‍ ഗഫൂര്‍ നേരിട്ട് വിളിച്ച് ട്രൈഡന്റ് ഹോട്ടലിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. ഈ വിവരം ഫോണിലൂടെ കാംതെ വിനീതയെ അറിയിച്ചിരുന്നു. ട്രെയിന്റിലേക്ക് പോകുന്നതായി പറഞ്ഞ കാംതെ എങ്ങനെ കാമാ ആശുപത്രിക്ക് സമീപം കൊല്ലപ്പെട്ടു എന്നതാണ് വിനീത ഉന്നയിക്കുന്ന മുഖ്യമായ ചോദ്യം. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് കമ്മീഷണര്‍ രാഗേഷ് മരിയ ആവശ്യപ്പെട്ടിട്ടാണ് കാമാ ആശുപത്രിയിലേക്ക് പോയതെന്ന് കാംതെ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം രാഗേഷ് മരിയ നിഷേധിക്കുകയാണ്.
കാമാ ആശുപത്രിയുടെ സമീപം ഭീകരവാദികളെ നേരിടുന്ന നടപടിക്ക് കൂടുതല്‍ സേന ആവശ്യമാണെന്ന് കാര്‍ക്കറെ 11.30ന് കണ്‍ട്രോണ്‍ റൂമില്‍ ആവശ്യപ്പെട്ടിരുന്നു. പതിനഞ്ച് മിനിട്ടിന് ശേഷം ഭീകരര്‍ ഒരു പോലീസുകാരനെ വധിച്ചതറിഞ്ഞ കാര്‍ക്കറെ കൂടുതല്‍ സേന എത്തിയെന്ന വിശ്വാസത്തിലാണ് ഭീകരരെ നേരിട്ടതെന്നും സമയത്ത് കൂടുതല്‍ സേന എത്തിയിരുന്നെങ്കില്‍ മുംബൈ പോലീസിനെ ഏറ്റവും മികച്ച മൂന്ന് ഓഫീസര്‍മാരുടെ ജീവന്‍ രക്ഷിമായിരുന്നു എന്നും വിനീത ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്നു.
വേണ്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും മുംബൈ പോലീസിന്റെ ഭാഗത്ത് വന്‍ വീഴ്ചയാണ് ഉണ്ടായതെന്ന് വിനീത കാംതെ ചൂണ്ടിക്കാട്ടുന്നുണ്ട്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്ന സലാസ്കര്‍ക്ക് കൃത്യസമയത്ത് നല്ല വൈദ്യസഹായം ലഭിച്ചിരുന്നെങ്കില രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നും വിനീത വിശ്വസിക്കുന്നു.
ഈ മൂന്ന് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ട ശേഷം അതുവഴി കടന്നുപോയ പോലീസ് വാഹനം നിര്‍ത്താതിരുന്നതിലും ദുരൂഹതയുണ്ടെന്ന് വിനീത ആരോപിക്കുന്നു. എന്നുമാത്രമല്ല മുംബൈയെയും ഇന്ത്യയെയും 60 മണിക്കൂര്‍ ഭീകരവാദികള്‍ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ ചുമതലപ്പെട്ട ഉന്നതരില്‍ ചിലര്‍, ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ച് സുരക്ഷിതത്വത്തിലേക്ക് തലവലിക്കുകയായിരുന്നു എന്നും വിനീതയുടെ പുസ്തകം ആരോപിക്കുന്നു.
വിനീതയുടെ ഈ പരാമര്‍ശങ്ങളുടെ പേരില്‍ ക്രൈംബ്രാഞ്ച് മേധാവിയായ രാഗേഷ് മരിയ രാജിക്കൊരുങ്ങി എന്നൊരു വാര്‍ത്തയും പ്രചരിക്കുന്നു. പ്രധാന കണ്‍ട്രോള്‍ റൂം നിയന്ത്രിച്ചിരുന്ന മരിയ കാമാ ആശുപത്രിയിലേക്ക് പോകാന്‍ കാംതെയ്ക്ക് നിര്‍ദേശം നല്‍കിയ സംഭവം എന്തുകൊണ്ടാണ് നിഷേധിച്ചതെന്ന ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വിനീതയുടെ ആരോപണങ്ങളില്‍ ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കുന്നില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നാണ് മരിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ് അതിരേ. കഴിഞ്ഞവര്‍ഷം നവംബറില്‍ മുംബൈയില്‍ ഭീകരവാദികള്‍ക്ക് നുഴഞ്ഞുകയറാനും ആക്രമണം അഴിച്ചുവിടാനും തദ്ദേശീയമായ സഹായം ലഭിച്ചിരുന്നു. ഈ സഹായം നല്‍കിയവരില്‍ മുംബൈ പോലീസിലെ ഉന്നതന്‍മാരും ഉള്‍പ്പെടുന്നില്ലേ എന്ന് സംശയമാണ് വിനീതയുടെ പുസ്തകം ശക്തമാക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. ഭരണകൂടത്തിന്റെ ഭീകരതകളാണ് ഈ ഉള്ളറകളില്‍ സജീവമായി നില്‍ക്കുന്നത്. പൗരനും അവന്റെ ജീവനും മൗലീകമായ അവകാശങ്ങളും; രാജ്യരക്ഷയ്ക്കായി, ജീവനു മീതെ കര്‍തവ്യബോധം പ്രതിഷ്ഠിച്ച് സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമൊക്കെ ഇവിടെ ചതിക്കുഴികളിലും ചോരക്കെണികളിലും വീഴ്ത്തപ്പെടുകയാണ് . നിലനില്‍പ്പിനുവേണ്ടി, അധികാരത്തിനുവേണ്ടി ഏത് ക്രൂരതയും നടത്താന്‍ ഭരണകൂടത്തിലെ വിവിധ സ്ഥാപനങ്ങളും അതിന്റെ മേധാവികളും തയ്യാറാകുമെന്ന തിരിച്ചറിവിനെ നിണം പുരട്ടി പൊതു സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കുകയാണ് വിനീത കാംതെ വെളിപ്പെടുത്തുന്ന വാസ്തവങ്ങള്‍.
ഭീകരവാദത്തിനെതിരെയും ശക്തമാക്കിയ സുരക്ഷയെ കുറിച്ചും വാനോളം സംസാരിക്കുന്ന ഭരണാധികാരികള്‍ വിനീത കാംതെയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ ഭീകരവാദികള്‍ നടത്തിയതിലും ക്രൂരമായ ചതിക്കളി മുംബൈ പോലീസിന്റെ ഭാഗത്തു നിന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു എന്ന് ചരിത്രം പില്‍ക്കാലത്ത് രേഖപ്പെടുത്തും; സംശയമില്ല,ആതിരേ.
Subscribe to:
Post Comments (Atom)
No comments:
Post a Comment