Wednesday, November 18, 2009

സ്മാര്‍ട്ട്‌ സിറ്റി:ഇവരുടെ ത്യാഗത്തെ എന്തിനാണിങ്ങനെ വഞ്ചിച്ചത്‌

ഏകജാലകത്തിലൂടെ സ്വകാര്യ മൂലധന ശക്തികള്‍ക്ക്‌ വ്യവസായത്തിനായി ഭൂമി വിട്ടുകൊടുക്കാന്‍ എളമരം കരീം അടക്കമുള്ളവര്‍ നടത്തുന്ന ജാഗ്രതയും താല്‍പര്യവും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ ഇഷ്ടം പോലെ വിനിയോഗിക്കാന്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള ഏക്കറു കണക്കിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരാണ്‌ കേവലം 12 ഏക്കര്‍ ഭൂമിയുടെ പേരില്‍ തര്‍ക്കിച്ച്‌ നില്‍ക്കുന്നത്‌. ഇതിന്റെ ഉദ്ദേശം മറ്റു ചിലതെല്ലാമാണെന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായിട്ടുണ്ട്‌.




ലോകത്തെ തന്നെ കൊതിപ്പിച്ച സ്വപ്നപദ്ധതിയായിരുന്നു ആതിരേ, സ്മാര്‍ട്ട്‌ സിറ്റി. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ചര്‍ച്ചകള്‍ ആരംഭിക്കുകയും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷം തറക്കല്ലിടുകയും ചെയ്ത ആ പദ്ധതി ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്‌. ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയുമായുള്ള കരാറിലെ ചില സാങ്കേതിക കാരണങ്ങള്‍ മൂലമാണ്‌ കല്ലിട്ടിടത്തുനിന്ന്‌ ഒരടിപോലും മുന്നോട്ട്‌ പോകാനാവാതെ പദ്ധതി മന്ദീഭവിച്ച്‌ നില്‍ക്കുന്നത്‌ എന്നാണിപ്പോള്‍ സര്‍ക്കാര്‍ ഭാഷ്യം.. 2007 നവംബര്‍ 16ന്‌ കൊട്ടും കുരവയുമായിട്ടായിരുന്നുരുന്നു കല്ലിടീല്‍ ചടങ്ങ്‌ നടന്നത്‌.
പിന്നീട്‌ പദ്ധതിക്ക്‌ എന്ത്‌ സംഭവിച്ചു എന്നുചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കേരളസര്‍ക്കാരിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. 90 ദിവസത്തിനകം തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പദ്ധതി തന്നെ ഉപേക്ഷിക്കുമെന്ന ഭീഷണിയാണ്‌ ഇപ്പോള്‍ ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി മുഴക്കുന്നത്‌. പ്രശ്നം കേരളാ ഗവണ്‍മെന്റിന്റേതല്ലെന്നും ദുബായ്‌ സ്മാര്‍ട്ട്‌ സിറ്റി കമ്പനിയുടെ കൈവശം ആവശ്യത്തിന്‌ പണമില്ലാത്തതാണ്‌ പദ്ധതി വൈകാന്‍ കാരണമെന്നുമാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിശദീകരിക്കുന്നത്‌.
ആതിരേ, ഒരു ലക്ഷം പേര്‍ക്ക്‌ നേരിട്ടും അഞ്ചുലക്ഷം പേര്‍ക്ക്‌ പരോക്ഷമായും ജോലി നല്‍കുമെന്ന വാഗ്ദാനത്തില്‍ കാക്കനാട്ട്‌ 236 ഏക്കറിലാണ്‌ സ്മാര്‍ട്ട്‌ സിറ്റി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്‌. ഇതിനുവേണ്ടി എടച്ചിറയില്‍ നിന്ന്‌ കുടിയൊഴിപ്പിച്ചത്‌ 44 കുടുംബങ്ങളെയാണ്‌. ഈ കുടുംബങ്ങളുടെ ത്യാഗമാണ്‌ ഇപ്പോള്‍ വഞ്ചനയ്ക്ക്‌ വിധേയമായിരിക്കുന്നത്‌. എടച്ചിറയിലെ കുന്നിന്‍മുകളില്‍ നാളത്തന്നെ പണിതുടങ്ങുമെന്ന മട്ടിലാണ്‌ കുടിയിറക്ക്‌ നടത്തിയത്‌. നാടിന്‌ വേണ്ടിയുള്ള ത്യാഗമായിട്ടാണ്‌ തങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും ഈ 44 കുടുംബങ്ങള്‍ കൈയ്യൊഴിഞ്ഞത്‌. എല്ലാവര്‍ക്കും ജോലി, നാടിന്‌ വികസനം എന്ന്‌ വിശ്വസിച്ചാണ്‌ എങ്ങോട്ടിറങ്ങണമെന്ന്‌ ഒരു രൂപവുമില്ലാതിരിന്നിട്ടും ഇവര്‍ വീടും ഭൂമിയും വിട്ടിറങ്ങിയത്‌. പുനരധിവാസഭൂമിയിലെ അപര്യാപ്തതകളും ആശങ്കകളും പാടെ വിസ്മരിച്ചാണ്‌ ഇത്തരമൊരു ത്യാഗത്തിന്‌ ഈ കുടുംബങ്ങള്‍ തയ്യാറായത്‌. പദ്ധതിക്കായി പാടം ഉള്‍പ്പെടെ 146 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച തിടുക്കവും ജാഗ്രതയും കണ്ടപ്പോള്‍ വികസനത്തിന്‌ എതിര്‌ നില്‍ക്കാന്‍ പാടില്ല എന്ന വിശുദ്ധ ചിന്തയോടെയാണ്‌ ഇവര്‍ സ്വന്തം വീടും മണ്ണും വിട്ട്‌ ഇറങ്ങിയത്‌. പലരും വാടക വീടുകളിലേക്കാണ്‌ താമസം മാറ്റിയത്‌. മൂന്ന്‌ മാസത്തെ വാടക മാത്രം നല്‍കി യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഇവരെ കൈയ്യൊഴിയുകയായിരുന്നു. പുനരധിവസിപ്പിച്ചവര്‍ക്ക്‌ നല്ല റോഡോ വാട്ടര്‍ കണക്ഷനോ നല്‍കാന്‍ താല്‍പര്യമെടുക്കാതിരുന്ന സര്‍ക്കാര്‍ അക്വയര്‍ ചെയ്ത സ്ഥലത്തു നിന്ന്‌ വൈകാതെ എല്ലാ വീടുകളും പൊളിച്ചു മാറ്റി.... വര്‍ഷം രണ്ട്‌ കഴിയുന്നു ആതിരേ, അതേ അവസ്ഥയില്‍ എടച്ചിറ പ്രദേശം കാട്‌ കയറി കിടക്കാന്‍ തുടങ്ങിയിട്ട്‌.
"എന്തൊരാവേശമായിരുന്നു ഞങ്ങളെ ഇറക്കിവിടാന്‍ ഞങ്ങളുടെ വീടുകള്‍ ഇടിച്ചു നിരത്താന്‍. രണ്ടുവര്‍ഷമായി ഈ മണ്ണിലെന്തു നടന്നു? എന്തു വിളഞ്ഞു?" ചോദിക്കുന്നത്‌ കാക്കനാട്‌ കൃഷിഭവന്‍ മികച്ച കൊണ്ടല്‍ കര്‍ഷകനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ച അബൂബക്കറാണ്‌. കടമ്പ്രയാറിലെ വെള്ളം കുടത്തില്‍ തേകി എഴുന്നൂറോളം നേന്ത്രവാഴകള്‍ നട്ടുനനച്ച്‌ വളര്‍ത്തിയ കാലം അബൂബക്കറിന്റെ ഓര്‍മ്മയില്‍ പച്ചപിടിച്ച്‌ നില്‍ക്കുന്നുണ്ട്‌. ഒരുതവണ ആയിരം തേങ്ങ കിട്ടിയിരുന്ന തെങ്ങിന്‍ തോപ്പില്‍ ഇന്ന്‌ ഒരു കാക്ക കാലിന്റെ തണല്‌ പോലുമില്ല.
കാക്കനാട്‌ എടച്ചിറയില്‍ കുടുംബപരമായി വീതം കിട്ടിയ ഒരേക്കറില്‍ പരം സ്ഥലത്ത്‌ കൃഷി ചെയ്ത്‌ ജീവിച്ച അബൂബക്കറിന്റെ കുടുംബമാണ്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്കായി ആദ്യം കുടിയിറക്കപ്പെട്ടത്‌. പദ്ധതിക്കായി സ്ഥലം അക്വയര്‍ ചെയ്തപ്പോള്‍ കുടിയിറക്കാന്‍ കാണിച്ച ആവേശം എന്തുകൊണ്ടിപ്പോഴില്ല എന്നാണ്‌ അബൂബക്കറിന്റെ ചോദ്യം. എടച്ചിറയിലെ 44 കുടുംബങ്ങള്‍ക്കും ഇതേ ചോദ്യമാണ്‌ സര്‍ക്കാരിനോട്‌ ചോദിക്കാനുള്ളത്‌.
"ഞങ്ങള്‍ ഇത്രയും ത്യാഗം സഹിച്ച്‌ സ്മാര്‍ട്ട്‌ സിറ്റിക്കായി ഭൂമി വിട്ടുകൊടുത്ത്‌ വീടുവിട്ടിറങ്ങിയത്‌ വലിയ സ്വപ്നങ്ങള്‍ കണ്ടായിരുന്നു. ഇത്രയധികം തൊഴില്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയില്‍ എന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും എന്തെങ്കിലുമൊരു തൊഴില്‍ കിട്ടുമെന്ന്‌ മോഹിച്ചുപോയി. രണ്ടുവര്‍ഷം..... അതൊരു വലിയ കാലയളവാണ്‌". അബൂബക്കറിന്റെ വാക്കുകളില്‍ നിരാശതയും പ്രതിഷേധവും ഒരുപോലെ മുഴങ്ങുന്നു.
ഇത്രയൊക്കെ ത്യാഗം ഇവര്‍ അനുഭവിച്ചിട്ടും എന്തുകൊണ്ടാണ്‌ സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിക്കാതിരുന്നതെന്ന ചോദ്യത്തിനാണ്‌ ആതിരേ, ഉത്തരം ലഭിക്കേണ്ടത്‌. കരാര്‍ ഒപ്പുവെച്ച്‌ രണ്ടാം വര്‍ഷം പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌. എന്നാല്‍, സമയത്തിനും കാലത്തിനും വിലയുണ്ടെന്ന്‌ മനസ്സിലാക്കാതെ അലംഭാവപൂര്‍ണമായ നിലപാടാണ്‌ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. ഈ 44 കുടുംബങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നോ സര്‍ക്കാര്‍ ഇത്രയ്ക്കും താല്‍പര്യവും ജാഗ്രതയും കാണിച്ചതെന്ന ചോദ്യത്തിന്‌ മുഖ്യമന്ത്രിതന്നെ ഉത്തരം പറയേണ്ടതുണ്ട്‌. ഇവര്‍ മുങ്ങിക്കുളിച്ചിരുന്ന കടമ്പ്രയാര്‍ പോലും വേലികെട്ടിത്തിരിച്ച്‌ ഇവരില്‍ നിന്ന്‌ അന്യമാക്കിയിട്ടാണ്‌ സര്‍ക്കാരിന്റെ ജനദ്രോഹ നടപടി ഇങ്ങനെ നീളുന്നത്‌. ഇതിന്റെ പുറകില്‍ വലിയ കളികളാണ്‌ നടക്കുന്നതെന്ന്‌ ഇപ്പോള്‍ കുടിയിറക്കപ്പെട്ടവര്‍ തിരിച്ചറിയുന്നുണ്ട്‌. സെന്റിന്‌ 2,400 രൂപയ്ക്ക്‌ ഇവരില്‍ നിന്ന്‌ വയല്‍ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ തൊട്ടപ്പുറത്ത്‌ സ്മാര്‍ട്ട്‌ സിറ്റിയുടെ പേര്‌ പറഞ്ഞ്‌ പാടം ഒരു ലക്ഷം രൂപയ്ക്കാണ്‌ ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്‌.
സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിക്കാത്തതിന്‌ നിരവധി സാങ്കേതിക ന്യായങ്ങള്‍ സര്‍ക്കാരിനും ദുബായ്‌ സ്മാര്‍ട്ട്‌ സിറ്റിക്കും നിരത്താനുണ്ട്‌. എന്നാല്‍, ആതിരേ, പാര്‍ട്ടിക്കുള്ളിലെയും സര്‍ക്കാരിലെയും ചില പ്രതിലോമ ശക്തികളാണ്‌ പദ്ധതിക്ക്‌ പാരവെച്ചതെന്ന്‌ വിശ്വസിക്കാനാണ്‌ ഇവര്‍ക്കിപ്പോള്‍ താല്‍പ്പര്യം. പദ്ധതിയുമായി ബന്ധപ്പെട്ട പന്ത്രണ്ട്‌ ഏക്കര്‍ സ്ഥലത്തിന്റെ സ്വതന്ത്രവിനിമയം സംബന്ധിച്ച തര്‍ക്കം മൂലമാണ്‌ പദ്ധതിയുടെ പണി ആരംഭിക്കാത്തതെന്ന്‌ പറയുമ്പോള്‍ അത്‌ പൂര്‍ണമായി വിശ്വസിക്കാന്‍ നാട്ടുകാര്‍ തയ്യാറല്ല. രജിസ്ട്രേഷന്‍ വകുപ്പും ധനവകുപ്പും തമ്മിലുള്ള തര്‍ക്കവും പദ്ധതി സാക്ഷാത്കരിച്ചാല്‍ അച്യുതാനന്ദന്‌ ഉണ്ടാകാവുന്ന ജനപ്രീതിയോടുള്ള ഭയവും ഒക്കെ ചേര്‍ന്ന തല്‍പര കക്ഷികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്‌ പദ്ധതിയുടെ നടത്തിപ്പ്‌ ഇങ്ങനെ ദീര്‍ഘിപ്പിക്കുന്നതെന്നാണ്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌. അച്യുതാനന്ദനുമായും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരുമായും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം പുലര്‍ത്തുന്ന അവജ്ഞ കലര്‍ന്ന വിഭാഗീയതയാണ്‌ യഥാര്‍ത്ഥത്തില്‍ പ്രശ്നമെന്ന്‌ ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്‌. സ്മാര്‍ട്ട്‌ സിറ്റിയുടെ മറവില്‍ ഭൂമാഫിയയ്ക്ക്‌ വളരാനുള്ള അവസരമൊരുക്കാനും ചിലരൊക്കെ ശ്രമിച്ചിരുന്നു. അതില്‍ ഒരുവേള അവര്‍ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ്‌ ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ സെന്റിന്‌ ലക്ഷത്തിനടുത്ത്‌ വില വന്നിട്ടുള്ളത്‌. ഇതുമൂലം ലാഭമുണ്ടാക്കിയവര്‍ നിരവധിയാണ്‌.
ഏകജാലകത്തിലൂടെ സ്വകാര്യ മൂലധന ശക്തികള്‍ക്ക്‌ വ്യവസായത്തിനായി ഭൂമി വിട്ടുകൊടുക്കാന്‍ എളമരം കരീം അടക്കമുള്ളവര്‍ നടത്തുന്ന ജാഗ്രതയും താല്‍പര്യവും ആതിരേ, ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ ഇഷ്ടം പോലെ വിനിയോഗിക്കാന്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള ഏക്കറു കണക്കിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരാണ്‌ കേവലം 12 ഏക്കര്‍ ഭൂമിയുടെ പേരില്‍ തര്‍ക്കിച്ച്‌ നില്‍ക്കുന്നത്‌. ഇതിന്റെ ഉദ്ദേശ്യം മറ്റു ചിലതെല്ലാമാണെന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായിട്ടുണ്ട്‌. പാര്‍ട്ടിക്കും ബന്ധപ്പെട്ടവര്‍ക്കും കോടികളും ലക്ഷങ്ങളും കിട്ടുമെങ്കില്‍ ഏത്‌ ഭൂമിയും ഏത്‌ ചൂഷകനും വിട്ടുകൊടുക്കാന്‍ ഇവരെല്ലാം തയ്യാറാണ്‌. എന്നിട്ടാണ്‌ സര്‍ക്കാരിനും മുഖ്യ പങ്കാളിത്തമുള്ള ഒരു സ്വപ്നപദ്ധതി ഇങ്ങനെ തട്ടിക്കളിക്കുന്നത്‌. ജനങ്ങളുടെ പേരില്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരാണ്‌ ജനദ്രോഹത്തിന്റെ പുതിയ പുതിയ മാനിഫെസ്റ്റോകള്‍ രചിച്ചുകൊണ്ടിരിക്കുന്നത്‌. ഈ പശ്ചാത്തലത്തില്‍ എടച്ചിറയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ടവര്‍ ഉന്നയിക്കുന്ന ആവശ്യം പ്രസക്തമാവുകയാണ്‌. പദ്ധതി നടപ്പിലാക്കുന്നില്ലെങ്കില്‍ ഏറ്റെടുത്ത ഭൂമി തിരിച്ചു കിട്ടണമെന്നാണ്‌ അവരുടെ ആവശ്യം. ഈ ആവശ്യം അടിസ്ഥാനമുള്ളതു തന്നെയാണ്‌. നല്‍കുന്ന വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാന്‍ തയ്യാറല്ല എന്ന മനസ്സാണ്‌ ഇതില്‍ നിന്ന്‌ വ്യക്തമാവുന്നത്‌. സ്മാര്‍ട്ട്‌ സിറ്റി സാക്ഷാത്കരിച്ചില്ലെങ്കില്‍ അച്യുതാനന്ദനോ പിണറായിവിജയനോ ഡോ. തോമസ്‌ ഐസക്കിനോ എളമരം കരീമിനോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷെ, എടച്ചിറയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ടവര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും പലതും നഷ്ടമാകും. ഈ നഷ്ടം വെറുതെ സഹിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ അവരെ കുറ്റപ്പെടുത്താനും കഴിയുകയില്ല ആതിരേ.

1 comment:

Rejeesh Sanathanan said...

പവനായി ശവമാകുന്ന ലക്ഷണമാണെന്ന് തോന്നുന്നു. ......ജനങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ ഭരണകൂടങ്ങള്‍...അപ്പോള്‍ ഇതിലൊന്നും അതിശയപ്പെടാനില്ല