ലക്ഷ്യബോധമോ യുക്തിഭദ്രതയോ ഇല്ലാത്ത തീരുമാനങ്ങള്‍കൊണ്ട് കേരളത്തിലെ രോഗികളെ നിരന്തരം ബുദ്ധിമുട്ടിച്ചും വിഡ്ഢികളാക്കിയും കൊണ്ടിരിക്കുകയാണ് പി.കെ ശ്രീമതിയും എല്‍ഡിഎഫ് സര്‍ക്കാരും. മെഡിക്കല്‍ കോളുജകളെ റഫറല്‍ ആശുപത്രികളാക്കാന്‍ തീരുമാനിക്കും മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്. ഡോക്ടര്‍മാരോടുള്ള വാശിയും വൈരാഗ്യവും സാധു രോഗികളുടെ നെഞ്ചത്തല്ല തീര്‍ക്കേണ്ടത്.
ആതിരേ, നാളെ ( നവംബര്‍ 15) മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ 'റഫറല്‍ കേന്ദ്രങ്ങ'ളാവുകയാണ്. അതായത് മെഡിക്കല്‍കോളജിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കാത്തവര്‍ക്ക് നേരിട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താന്‍ അനുവാദമില്ല. അങ്ങനെ ആരെങ്കിലും എത്തിയാല്‍ അവരെ ആരും തിരിഞ്ഞുനോക്കുകയുമില്ല. അതായത് നാളെ മുതല്‍ മെഡിക്കല്‍ കോളജിന്റെ പടി ചവിട്ടണമെങ്കില്‍ റഫറല്‍ ടിക്കറ്റ് കൈവശം വേണമെന്ന് സാരം.
പി.കെ. ശ്രീമതിയുടെ പുതിയ ഭരണ( മരണ)പരിഷ്കാരമാണിത്. ഒരര്‍ത്ഥത്തില്‍ ഇത് നല്ലതു തന്നെ. ഏറ്റവും കുറഞ്ഞത് മെഡിക്കല്‍ കോളജിന്റെ വരാന്തയിലെ തിരക്ക് എങ്കിലും ഒഴിവാക്കാന്‍ കഴിയുമല്ലോ.
അതുകൊണ്ട് സാധാരണക്കാരന്റെ ചികിത്സാ പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടോ എന്നതാണ് ആതിരേ ചോദ്യം.
ഓരോ സര്‍ക്കാരും അധികാരത്തിലേറുന്നത് സമ്മതിദായകര്‍ക്കും നികുതിദായകര്‍ക്കും ഒട്ടേറെ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയാണ്. നാട് സ്വര്‍ഗമാക്കുമെന്നും തെരുവുകളിലൂടെ തേനും പാലും ഒഴുക്കുമെന്നുമൊക്കെ നീളും ഇത്തരം വാഗ്ദാനങ്ങള്‍. എന്നാല്‍, ഇതൊന്നും വേണ്ട സ്വസ്ഥമായി ഈ നാട്ടില്‍ അധ്വാനിച്ച് , മാന്യമായി ജീവിക്കാനുള്ള അവസരമൊരുക്കിയാല്‍ മതിയെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.
ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ എന്നിങ്ങനെയുള്ള അഞ്ച് അടിസ്ഥാന ആവശ്യങ്ങള്‍ വലിയ ബുദ്ധിമുട്ടുകൂടാതെ നേടിയെടുക്കാന്‍ അവസരം ഒരുക്കുമെങ്കില്‍ അതുമതി ജീവിക്കാന്‍ എന്നാണ് സാധാരണക്കാരുടെ നിലപാട്. ഈ അഞ്ച് ആവശ്യങ്ങള്‍ പൊതുസമൂഹത്തിന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. അതുകൊണ്ടുതന്നെ ഇവ സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളും നടപ്പിലാക്കുന്ന നടപടികളും പൊതുസമൂഹത്തെ ആഴത്തില്‍ തന്നെ ബാധിക്കുന്നതാണ്. അധ്വാനിച്ച് ആഹാരത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനുമുള്ള സംവിധാനം തനിയെ ഉണ്ടാക്കാന്‍ പൗരന് കഴിയുമെങ്കിലും വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സഹായം കൂടാതെ ജീവിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയുകയില്ല.
ഈ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളും നടപടികളും പ്രതിഷ്ഠിക്കുമ്പോഴാണ് ആതിരേ, കഴിഞ്ഞ മൂന്നരവര്‍ഷമായി നടക്കുന്ന നയവഞ്ചനയും വര്‍ഗ - ജനവഞ്ചനയും ബോധ്യമാവുന്നത്. വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറ രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളവും സമൂഹത്തിന്റെ ഈടുവെയ്പും ആണെന്നിരിക്കെ എം.എ ബേബി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഈ നാട്ടിലെ നികുതിദായകരോടും സമ്മതിദായകരോടും കാണിച്ചുകൊണ്ടിരിക്കുന്ന അനീതി എത്ര പറഞ്ഞാലും തീരുകയില്ല. പൊതുസമൂഹത്തെ ശുദ്ധ വിഡ്ഢികളാക്കി മന്ത്രിയായി വിലസുകയാണ് രണ്ടാം മുണ്ടശേരി.
വിദ്യാഭ്യാസം പോലെ പൊതുസമൂഹവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് ചികിത്സാ സംവിധാനം. പി.കെ ശ്രീമതിയെന്ന ഒരു രാഷ്ട്രീയ ശാപം ആ വകുപ്പ് ഏറ്റെടുത്തതുമുതല്‍ അണുബാധയേറ്റ് നവജാത ശിശുക്കള്‍ക്കും പകര്‍ച്ചപ്പനി ബാധിച്ച് മുതിര്‍ന്നവര്‍ക്കും കാലപുരി പൂകാനാണ് യോഗം. ( മുന്‍പ് പലവട്ടം ഈ പംക്തിയില്‍ ആ അനീതികളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല ). ശ്രീമതിയുടെ അഹംഭാവവും അഹന്തയും നിറഞ്ഞ നിലപാടുകളുമായി കൊമ്പ് കോര്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത് ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളിലാണ്. സര്‍ക്കാരിന്റെ വികലമായ ആരോഗ്യനയം മൂലം മെഡിക്കല്‍കോളജ് അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങള്‍ ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ഇന്ന് പുതിയ വാര്‍ത്തയല്ല.
ഈ പശ്ചാത്തലത്തില്‍ വേണം ആതിരേ, നാളെ മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പുതിയ പരിഷ്കാരത്തെ ജനപക്ഷത്തുനിന്നുകൊണ്ട് വിലയിരുത്തേണ്ടത്. ഇനിമുതല്‍ ഒരു രോഗിക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് 'വിദഗ്ധ ചികിത്സ' ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പല കടമ്പകള്‍ കടക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍, താലൂക്ക് - ജില്ലാ ആശുപത്രികള്‍ എന്നിവ കടന്നുവരുന്നവര്‍ക്ക് മാത്രമേ നാളെമുതല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കുകയുള്ളു. അതായത് മേല്‍പറഞ്ഞ ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത രോഗമാണെങ്കില്‍ മാത്രം മെഡിക്കല്‍ കോളജില്‍ എത്തിയാല്‍ മതിയെന്ന് സാരം.
മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സാധാരണക്കാരായ രോഗികള്‍ക്ക് ആവശ്യത്തിനുള്ള ചികിത്സ ലഭിക്കുന്നില്ല എന്ന പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നു മാത്രമല്ല പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുകയാണ്. രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുടെ നൂറിലൊന്ന് പോലും ജില്ലാ ആശുപത്രികളിലും ഇല്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ രോഗികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രി വരെ നിരങ്ങിയശേഷം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിയാല്‍ മതിയെന്ന ഉത്തരവ് നടപ്പിലാക്കാന്‍ പോകുന്നത്. നല്ല മൂത്രപ്പുരകള്‍ പോലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്ല. രോഗികള്‍ക്കൊപ്പം വരുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യമോ രോഗികള്‍ക്ക് കിടക്കാനുള്ള കട്ടിലും മറ്റ് സംവിധാനങ്ങളും ജില്ലാ ആശുപത്രികളില്‍ പോലും ഇല്ല എന്നോര്‍ക്കണം. നിലത്താണെങ്കിലും വിരിച്ചു കിടക്കാന്‍ ഒരു വിരിപ്പ് പോലും നല്‍കാനില്ലാത്ത സാഹചര്യമാണ് ഇന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെയുള്ളത്. ഏത് രോഗവുമായി വന്നാലും പാരസെറ്റമോള്‍ അല്ലാതെ മറ്റൊരു മരുന്നും ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടില്ല. വൃത്തിയുള്ള ആഹാരമോ മാലിന്യമുക്തമായ കുടിവെള്ളമോ ഇവിടങ്ങളില്‍ ലഭ്യമല്ല. ഇതെല്ലാം മാറ്റിനിര്‍ത്തിയാല്‍ തന്നെ നഴ്സുമാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മിതമായ മര്യാദപൂര്‍വമുള്ള പെരുമാറ്റം പോലും രോഗികള്‍ക്ക് ലഭിക്കാറില്ല. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയതിന്റെ പേരില്‍ രോഷാകുലരായിരിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് ഇതുവരെ ലഭിച്ചിരുന്ന മനുഷ്യത്വം പോലും ഇനി പ്രതീക്ഷിക്കാനാവില്ല എന്നതാണ് മറ്റൊരു വാസ്തവം. അതായത് ജില്ലാ ആശുപത്രകളില്‍ പോലും രോഗികള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ലഭിക്കുകയില്ല എന്ന് അര്‍ത്ഥം. ഈ ദുരിതാവസ്ഥകളെല്ലാം തരണം ചെയ്ത് മെഡിക്കല്‍ കോളജിലേക്കുള്ള റഫര്‍ ചീട്ടും കിട്ടി വിദഗ്ധ ചികിത്സ തേടിയെത്തുന്ന രോഗിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആതിരേ ഊഹിക്കാവുന്നതേയുള്ളു.
സങ്കീര്‍ണമായ രോഗങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ഇതുവരെ നേരിട്ട് മെഡിക്കല്‍ കോളജുകളെ സമീപിക്കാന്‍ കഴിയുമായിരുന്നു അതിനി നടക്കില്ല. കൈക്കൂലി തുകയുടെ വലിപ്പമനുസരിച്ചായിരിക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുക. അതിന് കഴിവില്ലാത്തവര്‍ മതിയായ സൗകര്യവും സംവിധാനങ്ങളുമില്ലാത്ത താലൂക്കാശുപത്രികളിലെ ശസ്ത്രക്രിയക്ക് വിധേയരാകേണ്ടിവരും. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും മരണസാധ്യതയും പി.കെ. ശ്രീമതിക്കും സര്‍ക്കാരിനും ഊഹിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷെ, ഇന്നാട്ടിലെ ദരിദ്രരായ സാധാരണക്കാര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കെട്ടുതാലിമുതല്‍ പുരയിടം വരെ പണയപ്പെടുത്തി സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടാന്‍ ഇവര്‍ നിര്‍ബന്ധിതരായിത്തീരും.
നോക്ക് ആതിരേ, എത്ര കൗശലപൂര്‍ണ്ണമായാണ് ബേബിയും ശ്രീമതിയും, കേരളത്തിലെ സാധാരണക്കാരുടെ ആശാകേന്ദ്രങ്ങളായ വിദ്യാഭ്യാസ മേഖലയും ചികിത്സാ മേഖലയും ഈ രംഗത്തെ വാണിക്കുകള്‍ക്ക് അടിയറ വച്ചിരിക്കുന്നത്...!
ആതിരേ, ലക്ഷ്യബോധമോ യുക്തിഭദ്രതയോ ഇല്ലാത്ത തീരുമാനങ്ങള്‍കൊണ്ട് കേരളത്തിലെ രോഗികളെ നിരന്തരം ബുദ്ധിമുട്ടിച്ചും വിഡ്ഢികളാക്കിയും കൊണ്ടിരിക്കുകയാണ് പി.കെ ശ്രീമതിയും എല്‍ഡിഎഫ് സര്‍ക്കാരും. മെഡിക്കല്‍ കോളുജകളെ റഫറല്‍ ആശുപത്രികളാക്കാന്‍ തീരുമാനിക്കും മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്. ഡോക്ടര്‍മാരോടുള്ള വാശിയും വൈരാഗ്യവും സാധു രോഗികളുടെ നെഞ്ചത്തല്ല തീര്‍ക്കേണ്ടത്. പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്ക് ഗുണകരാമാണോ എന്ന് ചിന്തിക്കാന്‍ പോലുമുള്ള സാമാന്യ ബുദ്ധി പി.കെ. ശ്രീമതിക്കില്ല. എന്നാണ് ഈ തീരുമാനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതുകൊണ്ട് ശ്രീമതിക്ക് ഒരു ചുക്കും നഷ്ടപ്പെടാനില്ല. പക്ഷെ, ഈ തുഗ്ലക്ക് നടപടികള്‍ക്ക് ജീവിതം കൊണ്ട് പിഴയൊടുക്കേണ്ടിവരുന്നത് ഇന്നാട്ടിലെ ദരിദ്രരായ സാധാരണക്കാരാണ്. ശ്രീമതിയും എല്‍ഡിഎഫ് അധികൃതരും ഒന്നറിയണം - നിങ്ങളുടെ അഹന്തക്കും തോന്ന്യാസത്തിനും ബലി നല്‍കാനുള്ളതല്ല ഇന്നാട്ടിലെ സാധാരണക്കാരന്റെ ജീവിതം. അതിന് നിര്‍ബന്ധിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന തിരിച്ചടി ഊഹാതീതമായിരിക്കും; ഒട്ടും സംശയിക്കണ്ട.
Subscribe to:
Post Comments (Atom)
No comments:
Post a Comment