Sunday, November 8, 2009

പ്രസംഗിച്ച്‌ വികസനം മുടക്കുന്ന നശ്ശൂലങ്ങള്‍

മൂക്കു മുറിച്ച്‌ ശകുനം മുടക്കുന്നവരെ കുറിച്ച്‌ പഴമൊഴിയിലാണ്‌ ഇതുവരെ നാം കേട്ടിരുന്നതെങ്കില്‍ അതേ രീതിയിലാണ്‌ ആതിരേ, കേരളത്തിലെ മന്ത്രിപുംഗവന്മാരുടെ ഭരണമെന്ന്‌ പദ്ധതി വിഹിതത്തിന്റെ ചെലവ്‌ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ വികസന നിരോധനത്തിന്‌ ഉയര്‍ത്തിക്കാട്ടാന്‍ എന്നും ഒരു ഉമ്മാക്കിയുണ്ടാകും - കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ വികലമായ നയങ്ങള്‍ മൂലവും ഫെഡറല്‍ സംവിധാനത്തില്‍ പാലിക്കേണ്ട മാന്യതകള്‍ പുലര്‍ത്താത്തുകൊണ്ടുമാണ്‌ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ചുപോകുന്നതെന്നാണ്‌ എന്നും ഇടതുപക്ഷ മന്ത്രിമാരുടെ ആരോപണം.
പ്രസംഗിക്കാന്‍ യുഡിഎഫ്‌ മന്ത്രിമാരേക്കാള്‍ മിടുക്കന്മാരായതുകൊണ്ട്‌ ആതിരേ, ഇവര്‍ക്ക്‌ ഈ ആരോപണം പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടൊന്നും ഉണ്ടാകാറില്ല. കണക്കുകള്‍ നിരത്തിയാണ്‌ ഇവര്‍ കേന്ദ്രത്തിന്റെ പ്രതിലോമനിലപാടുകളെ അപ്പോഴെല്ലാം വിവരിക്കുക. പ്രത്യക്ഷ ശ്രവണത്തില്‍ ആ പറയുന്നതെല്ലാം ശരിയാണെന്ന്‌ തോന്നിപ്പിക്കുകയും ചെയ്യും. മാത്രമല്ല, മുരടിച്ച്‌ നില്‍ക്കുന്ന വികസന രംഗത്തിന്റെ കാഴ്ച തൊട്ടടുത്തുള്ളതുകൊണ്ട്‌ ഈ പുംഗവന്മാരുടെ വാക്കുകള്‍ അണികളടക്കമുള്ളവര്‍ വെള്ളം തൊടാതെ വിഴുങ്ങാറുമുണ്ട്‌. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പ്രതികാരചിന്തയോടെയാണ്‌ കേന്ദ്രം പെരുമാറുന്നതെന്ന്‌ അങ്ങനെ വരുത്തി തീര്‍ത്ത്‌ തങ്ങളുടെ കഴിവുകേടിനും ഉദാസീനതയ്ക്കും മറയിടുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്‌.
എന്നാല്‍, സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഈ പുംഗവന്മാരുടെ പ്രസംഗങ്ങള്‍ മാത്രമാണ്‌ നടക്കുന്നതെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കൊട്ടും താത്പര്യവും ശ്രദ്ധയുമില്ലെന്നാണ്‌. വകുപ്പ്‌ മന്ത്രിമാരുടെ രാഷ്ട്രീയ പ്രസംഗങ്ങള്‍ കൂടുന്തോറും പ്രവര്‍ത്തി കുറയുന്നതായാണ്‌ കണക്കുകള്‍ പറയുന്നത്‌.വാമൊഴി വഴക്കത്തിന്റെ ആശാന്‍ ജി.സുധാകരന്‍ ഭരിച്ച സഹകരണവകുപ്പില്‍ പദ്ധതി ചെലവ്‌ ഇതുവരെ 22 ശതമാനമാണ്‌.രണ്ടാം മുണ്ടശ്ശേരി എം.എ. ബേബിയുടെ സാംസ്കാരിക വകുപ്പില്‍ അത്‌ 18 ശതമാനം,സൗമ്യന്‍, സ്വപ്ന ജീവി മുല്ലക്കര രത്നാകരന്റെ കൃഷിവകുപ്പില്‍ 24 ശതമാനം,ബേബിയുടെ തന്നെ വിദ്യാഭ്യാസ വകുപ്പില്‍ 25 ശതമാനം,പാവം പാലൊളിയുടെ സാമൂഹികക്ഷേമ വകുപ്പില്‍ 9 ശതമാനം.
ആതിരേ, രാഷ്ട്രീയ വിവാദങ്ങളിലും മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ - തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിലും മുഴുകി സമയം കളയാനാണ്‌ ഈ മന്ത്രിമാര്‍ക്കെല്ലാം താല്‍പ്പര്യമെന്നാണ്‌ ഇതില്‍ നിന്ന്‌ വ്യക്തമാക്കുന്നത്‌. ആറ്‌ മാസം കൂടുമ്പോള്‍ വകുപ്പുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കണമെന്നാണ്‌ ചട്ടം. അത്‌ നടക്കുന്നില്ല. ആസൂത്രണബോര്‍ഡിന്റെ യോഗം കൂടിയിട്ട്‌ പോലും ആറ്‌ മാസം കഴിഞ്ഞു എന്ന്‌ പറയുമ്പോള്‍ തന്നെ ഈ വിപ്ലവ വായാടികളുടെ ജനപക്ഷ സമീപനത്തിന്റെയും ജനഹിത നിലപാടുകളുടെയും പൊള്ളത്തരം വ്യക്തമാകും.
പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്നാണ്‌ ആതിരേ തൃത്താല പഞ്ചായത്തുകളില്‍ ലഭിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം വരെ 11 ശതമാനം മാത്രമാണ്‌ ചെലവ്‌ നടന്നിട്ടുള്ളത്‌. അമ്പത്‌ ശതമാനം പദ്ധതി ചെലവ്‌ നടക്കേണ്ടിടത്താണ്‌ കാല്‍ഭാഗം പോലും ഇനിയും ആയിട്ടില്ലാത്തതെന്നോര്‍ക്കണം. സാമ്പത്തിക വര്‍ഷം പാതി പിന്നിട്ടപ്പോഴുള്ള ചിത്രമാണിത്‌. ഇവിടെ ശ്രദ്ധിക്കേണ്ടത്‌ വിദേശ സഹായമുള്ള പദ്ധതികളിലും നബാര്‍ഡ്‌ പദ്ധതികളിലുമാണ്‌ ചെലവ്‌ ഏറ്റവും കുറവ്‌ എന്നതാണ്‌..
മുന്‍കാലങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ തിരക്കിട്ട്‌ പദ്ധതി ചെലവിന്റെ 70 - 80 ശതമാനം വരെ ചെലവിടുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്‌. ഇത്‌ തിരുത്തിക്കുറിക്കാനാണ്‍ധനമത്രി തോമസ്‌ ഐസക്കിന്റെ നിര്‍ദ്ദേശപ്രകാരം അച്യുതാനന്ദന്‍ മന്ത്രിസഭ തീരുമാനിച്ചത്‌. അതിന്റെ അടിസ്ഥാനത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ചെയ്യേണ്ട ചെലവുകള്‍ക്ക്‌ ലക്ഷ്യം കൊടുത്തിരുന്നു. അതനുസരിച്ച്‌ ആദ്യ പാദത്തില്‍ 10 ശതമാനവും രണ്ടാം പാദത്തില്‍ 40 ശതമാനവും ചെലവിടണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സെപ്റ്റംബര്‍ അവസാനം രണ്ടാം പാദം അവസാനിച്ചപ്പോള്‍ 26 ശതമാനം മാത്രമാണ്‌ ചെലവിട്ടതെന്നാണ്‌ ആസൂത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍.
നഗര വികസന പദ്ധതിക്ക്‌ (കെഎസ്‌യുഡിപി) 250 കോടിയും എംസി റോഡ്‌ ഉള്‍പ്പെടെ റോഡ്‌ വികസനം നടത്തുന്ന കെഎസ്ടിപിക്ക്‌ 350 കോടിയുമാണ്‌ വാര്‍ഷിക വിഹിതം. ചേരി നിര്‍മ്മാര്‍ജ്ജനവും കുടിവെള്ള വിതരണവും ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക്‌ നേരിട്ട്‌ പ്രയോജനപ്പെടുന്ന നഗരവികസനപദ്ധതികളാണ്‌ കെഎസ്‌യുഡിപിയില്‍ നടപ്പിലാക്കുന്നത്‌. എന്നാല്‍, ഈ മേഖലയില്‍ കേവലം 15 ശതമാനം മാത്രമാണ്‌ ചെലവിട്ടിട്ടുള്ളത്‌. കെഎസ്ടിപിയിലും ഇത്ര തന്നെ ചെലവാണ്‌ ഉണ്ടായിട്ടുള്ളത്‌. കുടിവെള്ളം കിട്ടാതെയും സഞ്ചരിക്കാന്‍ യോഗ്യമായ റോഡുകളില്ലാതെയും കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാതെയും കേരളത്തിലെ സാധാരണക്കാര്‍ വീര്‍പ്പുമുട്ടുമ്പോഴാണ്‌ ആതിരേ, അനുവദിക്കപ്പെട്ട പണം പോലും ചെലവഴിക്കാതെ മന്ത്രിമാര്‍ കേന്ദ്ര വിരുദ്ധ പ്രസംഗങ്ങളുമായി വാര്‍ത്തകളില്‍ നിറയുന്നത്‌ ; ഊര്‌ ചുറ്റുന്നത്‌.
കഴിഞ്ഞവര്‍ഷവും വാര്‍ഷിക പദ്ധതി ലക്ഷ്യം 20 ശതമാനത്തോളം കുറഞ്ഞത്‌ പദ്ധതി നടത്തിപ്പിലെ ഉദാസീനത മൂലമായിരുന്നു. നബാര്‍ഡ്‌ പദ്ധതികള്‍ക്ക്‌ 452 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. എന്നാല്‍, അവിടെയും നാമമാത്രമായ തുകയാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇതിന്‌ മറ്റൊരു വശം കൂടിയുണ്ട്‌. നബാര്‍ഡിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ മികച്ച പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആസൂത്രണം ചെയ്ത്‌ സമര്‍പ്പിക്കേണ്ടതുണ്ട്‌. എന്നാല്‍ സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടിട്ടും ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാനോ അവ സമര്‍പ്പിക്കാനോ ഒരു വകുപ്പും താല്‍പ്പര്യം കാണിച്ചിട്ടില്ല എന്നാണ്‌ ആസൂത്രണ ബോര്‍ഡിന്റെ തന്നെ പരാതി. ഇതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ കേരളത്തിന്റെ വികസനങ്ങള്‍ക്ക്‌ പണം അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്‌ മനസ്സുണ്ടായിട്ടും ആ പണം വിനിയോഗിക്കാനോ അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ ഗുണകരമാകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനോ കേരളത്തിലെ വിപ്ലവ വായാടികളായ മന്ത്രിമാര്‍ക്കാര്‍ക്കും താല്‍പ്പര്യമില്ല എന്നാണ്‌. ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക്‌ കൂടിയായപ്പോള്‍ നിത്യേന നോക്കുന്ന ഫയലുകള്‍ പോലും മന്ത്രിമാര്‍ നോക്കിയിട്ട്‌ ആഴ്ചകളായി എന്നാണ്‌ പരാതി. മാര്‍ച്ച്‌ മാസം ആകുമ്പോള്‍ പദ്ധതി അടങ്കലിന്റെ പത്ത്‌ ശതമാനത്തില്‍ കൂടുതല്‍ ബാക്കി വെക്കരുത്‌ എന്നാണ്‌ നിര്‍ദേശം. പക്ഷെ, 10 ശതമാനം മാത്രമാണ്‌ ചെലവിട്ടിട്ടുള്ളു എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വാസ്തവം.
7,700 കോടി രൂപയാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ അടങ്കല്‍. ഇതുവരെയുള്ള രീതി വെച്ച്‌ നോക്കിയാല്‍ പതിവ്‌ പോലെ ഫെബ്രുവരി - മാര്‍ച്ച്‌ മാസങ്ങളില്‍ ചടങ്ങു തീര്‍ക്കുന്ന മട്ടില്‍ പണം ചെലവിടാനാണ്‌ ഇവരുടെയൊക്കെ ഉദ്ദേശ്യം. എങ്ങനെയെങ്കിലും കുറേ പണം ചെലവാക്കി പദ്ധതി പൂര്‍ത്തീകരിച്ചു എന്നുവരുത്തി തീര്‍ത്താല്‍ മതിയെന്നാണ്‌ ഭാവം.നോക്കൂ ആതിരേ, സുതാര്യമായ ഭരണവും സുസ്ഥിരമായ വികസനവും വാഗ്ദാനം ചെയ്ത്‌ അധികാരത്തിലേറിയവരാണ്‌ ഇത്രയും ക്രൂരമായ ജനവഞ്ചന തുടര്‍ന്നുപോരുന്നത്‌.
ഈ സാഹചര്യത്തിലാണ്‌ ഇനിയുള്ള മാസങ്ങളില്‍ ഊര്‍ജ്ജിതമായി പദ്ധതി പണം ചെലവഴിക്കണമെന്ന്‌ നിര്‍ദേശിച്ച്‌ എല്ലാ വകുപ്പ്‌ സെക്രട്ടറിമാര്‍ക്കും കത്തയക്കാന്‍ ചീഫ്‌ സെക്രട്ടറി നീല ഗംഗാധരന്‍ നിര്‍ബന്ധിതയായത്‌. പദ്ധതി ചെലവിന്റെ പുരോഗതി വിലയിരുത്താന്‍ സെപ്റ്റംബര്‍ 22ന്‌ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ പല വകുപ്പുകളിലെയും ചെലവിന്റെ ശതമാന കണക്ക്‌ ഒറ്റ അക്കത്തില്‍ ഒതുങ്ങുന്നതായി കണ്ടുവെന്നും ഇതു തന്നെ ഞെട്ടിച്ചുവെന്നും കഴിഞ്ഞദിവസം അയച്ച കത്തില്‍ ചീഫ്‌ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ധനകാര്യ വര്‍ഷത്തിന്റെ അവസാന മൂന്ന്‌ മാസം ചെലവുകള്‍ കേന്ദ്രീകരിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന്‌ തന്നെ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതനുസരിച്ചാണ്‌ ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ 10 ശതമാനം, സെപ്റ്റംബര്‍ 30 വരെ 40 ശതമാനം, ഡിസംബര്‍ 31 വരെ 70 ശതമാനം പദ്ധതി തുക ചെലവഴിക്കണമെന്ന്‌ നിര്‍ദേശിച്ചിരുന്നത്‌. ശേഷിക്കുന്ന 30 ശതമാനം മാത്രമേ അവസാന മൂന്ന്‌ മാസം ചെലവഴിക്കാന്‍ അനുവാദമുള്ളു. ഇതില്‍ തന്നെ മാര്‍ച്ച്‌ മാസത്തില്‍ ചെലവ്‌ 10 ശതമാനമായി പരിമിത പെടുത്തിയിട്ടുണ്ട്‌ എന്നാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷം തുടങ്ങി 6 മാസം കഴിഞ്ഞ്‌ നടത്തിയ വിലയിരുത്തലിലാണ്‌ പല വകുപ്പുകളുടെയും ചെലവുകള്‍ ഒറ്റയക്കത്തില്‍ നില്‍ക്കുന്നതായി ചീഫ്‌ സെക്രട്ടറി കണ്ടെത്തിയത്‌.
കഴിവുകേടിന്റെയും ഉദാസീനതയുടെയും പര്യായങ്ങളായ ഈ മന്ത്രിമാരെ നയിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‌ ലജ്ജ തോന്നുന്നില്ലേ? പ്രതിപക്ഷത്തിരുന്നപ്പോള്‍ ആരോപണങ്ങളായി ഉന്നയിച്ചതെല്ലാം ഇത്രവേഗം വിസ്മരിക്കാന്‍ കഴിഞ്ഞുവെന്നോ? പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഉണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ക്ക്‌ നികുതിദായകര്‍ ഇങ്ങനെ പിഴ മൂളേണ്ടതുണ്ടോ? ഇതുപോലൊരു നാറിയ ഭരണം കണ്ടിട്ടില്ലെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അവരെ മാധ്യമ സിന്‍ഡിക്കേറ്റെന്നും യുഡിഎഫിന്റെ കുഴലൂത്തുകാരെന്നും ആക്ഷേപിക്കുന്നതുകൊണ്ട്‌ മുഖം രക്ഷിക്കാമെന്നാണോ കരുതുന്നത്‌? ഒരു കാര്യം ഉറപ്പാണ്‌. ഈ വഞ്ചനയ്ക്കും ഉദാസീനതയ്ക്കും കഴിവുകേടിനുമുള്ള മറുപടി കൂടിയായിരിക്കും ഉപതെരഞ്ഞെടുപ്പെന്ന കാര്യത്തില്‍, ആര്‍ക്ക്‌ സന്ദേഹമുണ്ടെങ്കിലും, ആതിരേ എനിക്കൊട്ടും സംശയമില്ല.

1 comment:

Unnikrishnan Thaliyil said...

Dear friens, good thoughts. Congratulations!

let's share our knowledge ,skill and experience to healp each other gain success in life & career.

Pl contact me for FREE help and guidence in Computerised Accounting, Taxation, HRM Devp and training, Employability skill training, Counciling and sharing and solving real life problems.
Thanks and best regards
(Unni krishnan M.Com., MBA. Mgmt. Consultant, Mumbai cell 09821210440/ 08108201403 unni.mgmt@gmail.com)