Friday, November 27, 2009

പുതിയ കൊഞ്ഞാണത്തവുമായി ദിവാകരന്‍ മന്ത്രി


രണ്ടുവര്‍ഷം മുമ്പ്‌ അരിവില വര്‍ദ്ധിച്ചപ്പോള്‍ മുട്ടയും പാലും കോഴിയിറച്ചിയും എന്ന (അന്റി ) തിയറി മുന്നോട്ട്‌ വച്ച്‌ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ട അതേ തന്ത്രം വീണ്ടും എടുത്ത്‌ പയറ്റുകയാണ്‌ ദിവാകരന്‍ മന്ത്രി. വിലവര്‍ദ്ധനയ്ക്ക്‌ കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാഖ്യാനം ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു മനസ്സിലാക്കിയിട്ടാണ്‌ തങ്ങളുടെ കഴിവുകേടും അതുമൂലം സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രമക്കേടും മൂടിവെയ്ക്കാന്‍ ഇത്തരം കൊഞ്ഞാണത്തങ്ങളുമായി ദിവാകരന്‍ മന്ത്രി വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.



എന്തെല്ലാം കുറവുകളുണ്ടെങ്കിലും ആതിരേ, വി.എസ്‌. അച്യുതാന്ദന്റെ മന്ത്രിസഭയിലെ പുംഗവന്മാരെല്ലാം കേരളീയരെ വിഡ്ഢിവേഷം കെട്ടിക്കാന്‍ വിരുതുള്ള കൊഞ്ഞാണന്മാരാണ്‌. നാക്കിന്‌ എല്ലില്ലാത്തകുകൊണ്ട്‌ വായില്‍ തോന്നുന്നതെല്ലാം വിളിച്ചുകൂവാന്‍ ലജ്ജയില്ലാത്ത ദിവാകരന്മാരും സുധാകരന്മാരും ബേബിമാരും ശ്രീമതിമാരുമാണ്‌..! കുറെനാളെയായി 'വാമൊഴിവഴക്കത്തിന്റെ ആശാന്‍' മന്ത്രി ജി. സുധാകരന്‍ മൗനവ്രതത്തിലാണ്‌. അതുകൊണ്ട്‌ കൊഞ്ഞാണത്തങ്ങളൊന്നും കേള്‍ക്കാനില്ലായിരുന്നു. ബേബിയും ശ്രീമതിയും നടത്തിയ ബുദ്ധിശൂന്യ പ്രഖ്യാപനങ്ങള്‍ക്കൊന്നും ആ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞതുമില്ല.
എന്നാല്‍ ദിവാകരന്‍ മന്ത്രി വീണ്ടും വാ തുറന്നതോടെ കൊഞ്ഞാണത്തരത്തിന്‌ അന്ത്യമായിട്ടില്ലെന്ന്‌ വ്യക്തമായി.കൊഞ്ഞാണത്തം നിറഞ്ഞ അഞ്ചു കണ്ടുപിടുത്തങ്ങളാണ്‌ ദിവാകരന്‍ മന്ത്രി 'വഹ'യായി പുറത്തു വന്നത്‌
കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക്‌ വിലക്കയറ്റമുണ്ടെന്ന്‌ പത്രങ്ങള്‍ വെറുതെ എഴുതുന്നതാണെന്നാണ്‌ ആതിരേ, ദിവാകരന്‍ മന്ത്രിയുടെ ആദ്യത്തെ കണ്ടുപിടുത്തം. അരവില ഒന്നോ രണ്ടോ രൂപ കൂടിയാലും ആളുകള്‍ക്ക്‌ പ്രയാസമില്ല. അതാണ്‌ രണ്ടാമത്തെ കണ്ടുപിടുത്തം. ആളുകളുടെ കൈയ്യില്‍ പണമുണ്ട്‌. അവര്‍ക്ക്‌ വിലകൂടിയാലും നല്ല ഭക്ഷണം കിട്ടിയാല്‍ മതി. അതാണ്‌ ഹോട്ടലുകളില്‍ ഇത്ര തിരക്ക്‌ കൂടാന്‍ കാരണം. ഇത്‌ മൂന്നാമത്തെ കണ്ടുപിടുത്തം. ഭക്ഷണം കഴിക്കാന്‍ വരുന്നവരും ഹോട്ടലുകാരും തമ്മില്‍ ബില്ലിന്റെ പേരില്‍ എവിടെയെങ്കിലും തര്‍ക്കമുണ്ടായിട്ടുണ്ടോ? ഇത്‌ നാലാമത്തെ കണ്ടുപിടുത്തം. എന്നിട്ടും പത്രക്കാര്‍ വെറുതെ തീവില... തീവില എന്ന്‌ എഴുതുകയാണ്‌. ഇത്‌ അഞ്ചാമത്തെ കണ്ടുപിടുത്തം. തൃശ്ശൂരില്‍ മണ്ണെണ്ണ മൊത്തവ്യാപാരികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ്‌ ഈ കൊഞ്ഞാണത്തങ്ങള്‍ ദിവാകരന്‍ മന്ത്രി വിളമ്പിയത്‌. മേമ്പൊടിയായി ഇത്രയും കൂടി പറഞ്ഞുവച്ചു: ഞാന്‍ ഒന്നുമറിയാത്ത മന്ത്രിയാണെന്ന്‌ ആരും കരുതണ്ട.'
കേരളീയര്‍ക്ക്‌ നന്നായി അറിയാവുന്ന 'മാന്യ മഹാരാജരാജശ്രീ'യാണ്‌ ദിവാകരന്‍ മന്ത്രി. മന്ത്രി മന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചിലവിട്ടതും പിന്നെ ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെ അതുപേക്ഷിച്ചതും വീട്ടിലെ പട്ടിക്ക്‌ പനി പിടിച്ചപ്പോള്‍ മൃഗസംരക്ഷണ ഡയറക്ടറെക്കൊണ്ടു തന്നെ ചികിത്സിപ്പിച്ചതും അരി ഇല്ലെങ്കില്‍ എന്താ രണ്ടുമുട്ടയും പാലും കോഴിയിറച്ചിയും കഴിച്ചാല്‍ പോരേ എന്ന്‌ ചോദിച്ചതുമെല്ലാം കോള്‍മയിരോടുകൂടിയാണ്‌ ആതിരേ, കേരളീയര്‍ എന്നും ഓര്‍ക്കുന്നത്‌.
നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനയില്‍ കേരളം പിടയുമ്പോഴാണ്‌ ദിവാകരന്‍ മന്ത്രിയുടെ ഈ വിളയാട്ടം. വിവരക്കേടിന്‌ ഇങ്ങനെയും ഒരു ആള്‍രൂപം ഉണ്ടെന്ന്‌ ഇപ്പോള്‍ കേരളീയര്‍ക്ക്‌ ബോദ്ധ്യമായി.വിപ്ലവവായാടിത്തം പുലമ്പുകയും എല്ലാ അധോലോക മഫിയകളുമായി കൈകോര്‍ക്കുകയും ചെയ്ത്‌ സുഖലോലുപ ജീവിതം നയിക്കുന്ന ദിവാകരന്‍ മന്ത്രിക്ക്‌ ഇത്തരം കൊഞ്ഞാണത്തങ്ങള്‍ തോന്നിയില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതി.
ആതിരേ, സാധാരണക്കാരന്റെ കുടുംബജബജറ്റ്‌ താറുമാറാക്കി ,നിത്യജീവിതം വഴിമുട്ടിക്കുന്ന തലത്തിലോളം വിലക്കയറ്റം എത്തിയിട്ടും അതൊന്നും കേരളീയര്‍ക്ക്‌ പ്രശ്നമല്ല എന്നു പറയുന്ന ഈ പുംഗവനെ പൂവിട്ടു പൂജിക്കുക തന്നെ വേണം. അരിക്കും പഞ്ചസാരയ്ക്കും പച്ചക്കറിക്കും തുടങ്ങി മുട്ടയ്ക്കും മരുന്നിനും വരെ വിലകുതിച്ചുകയറുമ്പോഴാണ്‌ ദിവാകരന്‍ മന്ത്രി കേരളീയരെ വിഡ്ഢികളാക്കാന്‍ ഒരിക്കല്‍ കൂടി വാ തുറന്നിരിക്കുന്നത്‌.
കേന്ദ്രസര്‍ക്കാരിന്റെ കണക്ക്‌ അനുസരിച്ച്‌ ഭക്ഷ്യവസ്തുക്കള്‍ക്ക്‌ 15ശതമാനം വില വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌. എന്നാല്‍ വിപണിവൃത്തങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്‌ ഈ വര്‍ഷം അവശ്യസാധനങ്ങളുടെ വില വര്‍ദ്ധന 30ശതമാനത്തിലേറെ എന്നാണ്‌.
ഓണത്തിനുശേഷം നേരിയ ആശ്വാസം ഉണ്ടായെങ്കിലും പിന്നീട്‌ അങ്ങോട്ട്‌ വില കുതിച്ചുകയറുകയാണ്‌. പഞ്ചസാര കിലോഗ്രാമിന്‌ 36 വരെ എത്തി. അരിക്ക്‌ വീണ്ടും വില കൂടുകയാണ്‌. അടുത്തമാസം ആന്ധ്രയില്‍ ലെവി എടുപ്പാണ്‌. അതോടെ വില വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയില്ല. ഇതിനിടക്ക്‌ കനത്ത മഴമൂലം വന്‍തോതില്‍ കൃഷി നാശമുണ്ടായതും അരിവിലവര്‍ദ്ധിക്കാന്‍ കാരണമാകും. 20 രൂപയാണ്‌ ഒരു കിലോ അരിയുടെ മൊത്തവ്യാപാരവില. പായ്ക്കറ്റിലാക്കി ബ്രാന്‍ഡു ചെയ്തു വില്‍ക്കുന്നവയ്ക്ക്‌ 25 രൂപയായി. പയര്‍വര്‍ഗ്ഗങ്ങള്‍ക്ക്‌ വില ഇരട്ടിച്ചു. കേട്ടാല്‍ പൊട്ടുന്ന വിലയാണ്‌ മുട്ടയ്ക്ക്‌.
ശബരിമല സീസണായതോടെ പച്ചക്കറികള്‍ക്കും തീവിലയായി. സാധാരണ ഈ തീര്‍ത്ഥാടന കാലത്ത്‌ പച്ചക്കറികളുടെ വില വര്‍ദ്ധിക്കുകയും മത്സ്യത്തിന്റെയും മാംസത്തിന്റെയും വില കുറയുകയുമാണ്‌ രീതി. ഇക്കുറി ഒന്നിനും വില കുറയുന്നില്ല. മറിച്ച്‌ വച്ചടികയറ്റമാണ്‌.
കേരളത്തില്‍ അവശ്യ സാധനങ്ങള്‍ എത്തുന്ന ഉല്‍പാദനമേഖലകളെല്ലാം ആതിരേ, വിലക്കയറ്റത്തിന്റെ പിടിയിലാണ്‌. ഇങ്ങനെ സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത വിധം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോള്‍ വിപണിയില്‍ ഇടപെട്ട്‌ വില വര്‍ദ്ധന തടയേണ്ട മന്ത്രിയാണ്‌ മേല്‍പ്പറഞ്ഞ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച്‌ വായ്നാറ്റം പരത്തിയതെന്നോര്‍ക്കണം.. ബക്രീദ്‌ - ക്രിസ്മസ്‌ സീസണായതോടെ വില വീണ്ടും കുതിച്ചുകയറുമെന്നാണ്‌ വിപണി വൃത്തങ്ങള്‍ പ്രവചിക്കുന്നത്‌.
എന്നാല്‍ ഈ പ്രതിഭാസം ദിവാകരന്‍ മന്ത്രിയും മന്ത്രിസഭയും മാത്രം അറിയുന്നില്ല. അതേ സമയം വില വര്‍ദ്ധനയ്ക്ക്‌ കേന്ദ്രസര്‍ക്കാരിനെ പഴിചാരി മുഖം രക്ഷിക്കാന്‍ മന്ത്രിമാര്‍ക്കെല്ലാം വല്ലാത്ത ഉത്സാഹവുമാണ്‌.
ആതിരേ,സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്‌ വില്‍പനശാലകള്‍ വഴിയാണ്‌ കേരളത്തില്‍, സര്‍ക്കാര്‍ , പ്രധാനമായും അവശ്യസാധനങ്ങള്‍ വിറ്റഴിക്കുന്നത്‌. പൊതുവിപണിയിലെ വില വര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ ബാദ്ധ്യതയുള്ള ഈ രണ്ടു സംവിധാനങ്ങളും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്‌. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും അതിനനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കാനും ഉള്ള വിവേകം മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു തലവന്മര്‍ക്കും ഉണ്ടെങ്കില്‍ മാത്രമേ ക്രിയാത്മകമായി വിപണിയില്‍ ഇടപെട്ട്‌ വില വര്‍ദ്ധന തടയാന്‍ കഴിയൂ. അതിനു ശ്രമിക്കാതെ ഇടനിലക്കാര്‍ക്ക്‌ അവസരം നല്‍കി അതിന്റെ കമ്മീഷന്‍ അടിച്ചുമാറ്റാനാണ്‌ കേരളത്തില്‍ ഇപ്പോള്‍ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ ബാദ്ധ്യതയുള്ളത്‌ ഹോര്‍ട്ടി കോര്‍പ്പിനാണ്‌. ആ സംവിധാനവും കേരളീയര്‍ക്ക്‌ നേരെ കൊഞ്ഞനം കുത്തി നില്‍ക്കുകയാണ്‌. ഈ മുന്നു വില്‍പന കേന്ദ്രങ്ങളുടെ ഔട്ട്ലെറ്റുകളില്‍ പോലും സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതേയുള്ളു കുറയുന്നില്ല. വിലക്കുറവുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്‌ നിലവാരം കാണുകയുമില്ല. ഇത്‌ ഉപഭോക്താക്കളുടെ മേലുള്ള രണ്ടാം കുതിരകയറ്റമാണ്‌. ഹോര്‍ട്ടി കോര്‍പ്പിന്റെ പലവില്‍പനശാലകളിലും അവശ്യം വേണ്ട പച്ചക്കറികള്‍ ഇല്ല എന്നതാണ്ൂ‍ട്ടും പച്ചപ്പില്ലാത്ത വാസ്തവം.
ആതിരേ,കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ പച്ചക്കറി സംഭരിക്കാനാണ്‌ ഹോര്‍ട്ടി കോര്‍പ്‌ രൂപീകരിച്ചതെങ്കിലും തിരുവനന്തപുരത്തെ ചാലക്കമ്പോളം പോലെയുള്ള പൊതുകമ്പോളങ്ങളില്‍ നിന്ന്‌ പച്ചക്കറി വാങ്ങിയാണ്‌ ഹോര്‍ട്ടി കോര്‍പ്‌ അതിന്റെ വില്‍പനശാലകള്‍ വഴി വിപണം ചെയ്യുന്നത്‌. ഇതിനു പിന്നിലെ കമ്മീഷന്‍ കളി ആര്‍ക്കും മനസ്സിലാകുന്നില്ല എന്നാണ്‌ ആതിരേ, ദിവാകരന്‍ മന്ത്രിയുടെ ദിവാസ്വപ്നം. ഈ ദിവാസ്വപ്നം കണ്ടുകൊണ്ടാണ്‌ അരിവില വര്‍ദ്ധിക്കുന്നതുകൊണ്ട്‌ കേരളീയര്‍ക്ക്‌ ആര്‍ക്കും പ്രശ്നമില്ലെന്ന്‌ പ്രഖ്യാപിക്കുന്നത്‌. മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയും അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്ക്‌ വരുമാനം കൂടാനും കൂട്ടാനും നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. ആ മാര്‍ഗ്ഗങ്ങളെല്ലാം കൗശലപൂര്‍വ്വം ഇവരെല്ലാം ഉപയോഗിക്കുന്നുമുണ്ട്‌. ഇനി അത്‌ നടന്നില്ലെങ്കിലും പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായും ആനുകൂല്യങ്ങളായും മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന അവരെ ബാധിക്കാറില്ല. ഈ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന വിഡ്ഢിസ്വര്‍ഗ്ഗത്തിലിരുന്ന്‌ ദിവാകരന്‍ മന്ത്രി ഇത്തരം ഉളുപ്പില്ലായ്മകള്‍ എഴുന്നള്ളിക്കുമ്പോള്‍ കേരളത്തില്‍ പിറന്നു പോയതോര്‍ത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക്‌ വോട്ട്‌ ചെയ്തതോര്‍ത്തും സ്വയം ശപിക്കുകയാണ്‌ കേരളീയര്‍. ആതിരേ, സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുകയറിയിട്ടും ജനം സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ട്‌ സ്വര്‍ണ്ണ വില വര്‍ദ്ധന അവര്‍ക്ക്‌ പ്രശ്നമല്ല എന്ന്‌ ഏതൊങ്കിലും ഒരു വിഡ്ഢി പറഞ്ഞാല്‍ തീര്‍ച്ചയായും അയാളെ കുതിരവട്ടത്തോ ഊളമ്പാറയിലോ ചികിത്സയ്ക്ക്‌ അയയ്ക്കേണ്ടതാണ്‌. ഇത്തരത്തില്‍ ചികിത്സ ലഭിക്കേണ്ടവരില്‍ ചിലരൊക്കെയാണ്‌ വി.എസ്‌. മന്ത്രിസഭയില്‍ ജനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടുന്ന പല വകുപ്പുകളും ഭരിക്കുന്നത്‌. ഇവരുടെ ഈ മുടിഞ്ഞ ഭരണമാണ്‌ വിലവര്‍ദ്ധനയേക്കാള്‍, വിദ്യാഭ്യാസത്തിന്‌ സൗകര്യമില്ലാത്തിതിനേക്കാള്‍ ചികിത്സിക്കാന്‍ നല്ല സംവിധാനമില്ലാത്തതിനേക്കാള്‍ അസഹനീയം.
കേള്‍ക്കാതിരേ, രണ്ടുവര്‍ഷം മുമ്പ്‌ അരിവില വര്‍ദ്ധിച്ചപ്പോള്‍ മുട്ടയും പാലും കോഴിയിറച്ചിയും എന്ന ( ആന്റി ) തിയറി മുന്നോട്ട്‌ വച്ച്‌ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ട അതേ തന്ത്രം വീണ്ടും എടുത്ത്‌ പയറ്റുകയാണ്‌ ദിവാകരന്‍ മന്ത്രി. വിലവര്‍ദ്ധനയ്ക്ക്‌ കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാഖ്യാനം ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു മനസ്സിലാക്കിയിട്ടാണ്‌ തങ്ങളുടെ കഴിവുകേടും അതുമൂലം സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രമക്കേടും മൂടിവെയ്ക്കാന്‍ ഇത്തരം കൊഞ്ഞാണത്തരങ്ങളുമായി ദിവാകരന്‍ മന്ത്രി വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.
ജനഹിതം സംരക്ഷിക്കാനല്ല,മറിച്ച്‌ അധോലോകഭീകരന്മാരുടെയും മൂലധനചൂഷകരുടെയും ഭൂമിമാഫിയയുടെയും ഒക്കെ താല്‍പര്യം സംരക്ഷിക്കാനാണ്‌ ഇപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ ഭരണം കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നത്‌. അവരില്‍ നിന്ന്‌ ഇതുപോലെയുള്ള സമീപനം ഉണ്ടായില്ലെങ്കില്‍ ദീര്‍ഘനിശ്വാസം വിട്ടാല്‍ മതിയല്ലോ . ജനാധിപത്യത്തിന്റെ നിലനില്‍പിന്‌ സമ്മതിദാനവും സംസ്ഥാനത്തിന്റെ നിലനില്‍പിന്‌ നികുതിയും നല്‍കുന്ന സാധാരണക്കാരന്റെ പിടലിക്കാണ്‌ ആതിരേ,ദിവാകരന്‍ മന്ത്രിയെ പോലുള്ളവരുടെ പ്രസ്താവനാമലവിസര്‍ജനം.
ദിവാകരന്‍ മന്ത്രി ഒരു കാര്യം ഓര്‍ക്കുന്നത്‌ നന്ന്‌., തെരുവുവേശ്യ സുരക്ഷിതത്വത്തിനായി വാങ്ങുന്ന കോണ്ടത്തിനും കുഷ്ഠരോഗി വേദന മറക്കാന്‍ കുടിക്കുന്ന മദ്യത്തിനും തെരുവിലുറങ്ങുന്നവന്‍ വിശപ്പ്‌ മറക്കാന്‍ വലിക്കുന്ന ബീഡിക്കും നല്‍കുന്ന പണത്തില്‍ നിന്ന്‌ ഊറ്റിയെടുക്കുന്ന നികുതി കൂടി ചേരുന്നതാണ്‌ ശമ്പളമായും ആനുകൂല്യമായും താങ്കള്‍ കൈപ്പറ്റുന്നത്‌. എന്നിട്ടിത്തരം പിതൃരാഹിത്യങ്ങള്‍ വിളമ്പിമ്പോള്‍ അതിനുള്ള മറുപടി നികുതിദായകരുടെയും സമ്മതിദായകരുടെയും പക്കലുണ്ട്‌. കാത്തിരിക്കുക...!

No comments: