Saturday, August 29, 2009

വിതുര പെണ്‍കുട്ടിയുടെ വിലാപം ന്യായാസനങ്ങള്‍ കേള്‍ക്കുമോ


"ഇനിയെനിക്കു വയ്യ..... കേസുകൊടുത്തത്‌ ഞാനല്ലല്ലോ.... എനിക്കൊരു നഷ്ടവും ആരും തരേണ്ട... ആരെയും ശിക്ഷിക്കാന്‍ എനിക്ക്‌ മോഹമില്ല.... അവരൊക്കെ സുഖമായിരിക്കട്ടെ.... എന്നെ ഇനിയും വിളിക്കല്ലെ.... കൂട്ടില്‍ കയറ്റി നിര്‍ത്തി തൊലിപൊള്ളിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കല്ലെ.... ഒരു തെളിവും നല്‍കാനില്ല.... മതിയായി.... ഇനി ഞാന്‍ കോടതിയിലേയ്ക്ക്‌ വരില്ല.... ഇനി കേസിന്‌ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ചത്തുകളയും.... മതി മാനം കെട്ടത്‌...."
പതിമൂന്ന്‌ വര്‍ഷമായി നീളുന്ന ഒരു സ്ത്രീപീഡന കോടതി കേസിലെ സാക്ഷിയാകാന്‍ വിധിക്കപ്പെട്ട ഇരയുടെ രോദനമാണിത്‌.ആതിരേ. സംഭവം നടക്കുമ്പോള്‍ പതിനാറ്‌വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍ ഇന്ന്‌ മുതിര്‍ന്ന യുവതിയാണ്‌. നിരക്ഷരയും ദരിദ്രയുമായ ഈ യുവതി ഇന്ന്‌ സമൂഹത്തെയും കോടതിയെയും അഭിഭാഷകരെയും ഭയക്കുന്നു, വെറുക്കുന്നു, ഒളിവില്‍ താമസിക്കുന്നു.രക്ഷയ്ക്കും മോചനത്തിനും സ്വന്തം മാര്‍ഗം തേടാന്‍ നിര്‍ബന്ധിതയായിരിക്കുന്നു
ആ പെണ്‍കുട്ടിയേയും യുവതിയേയും മലയാളികള്‍ക്കറിയാം ആതിരേ-വിതുര പെണ്വാണിഭക്കേസിലെ ഇരയായ നിസ്സഹായ..!
ദാരിദ്ര്യം സഹിക്കാനാവാതെയാണ്‌ 13 വര്‍ഷം മുമ്പ്‌ ആ പതിനാറുകാരി ബന്ധുവായ ഒരു സ്ത്രീയുടെ തൊഴില്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച്‌ വീടു വിട്ടിറങ്ങിയത്‌. പക്ഷെ, എത്തിയത്‌ പെണ്‍വാണിഭക്കാരുടെ കോട്ടയിലും. അവിടെ ആ കൗമാരക്കാരി അടച്ചിടപ്പെടുകയായിരുന്നു. ആരോഗ്യവും അഴകുമുള്ള ആ പെണ്‍കുട്ടി വിലപ്പെട്ട വരുമാനമാര്‍ഗമാണെന്ന്‌ തിരിച്ചറിഞ്ഞവര്‍ നഗരത്തിലെ വമ്പന്മാരെ വിവരമറിയിച്ചു. അതോടെ എത്ര കരഞ്ഞാലും അപേക്ഷിച്ചാലും നിലവിളിച്ചാലും ഫലമില്ലാത്ത നരകത്തില്‍ അകപ്പെടുകയായിരുന്നു.
അവള്‍ പറയുന്നു: "ഞാന്‍ ചീത്തയല്ല.... ചീത്തയാവാന്‍ പോയതല്ല.... വീട്ടിലെ പട്ടിണികൊണ്ട്‌ ജോലി കിട്ടുമെന്ന്‌ വിചാരിച്ച്‌ പോയതാണ്‌..... ഞാന്‍ ഒന്നുമറിഞ്ഞതല്ല.... ഞാന്‍ ചീത്തയല്ല...."
സെന്‍കുമാര്‍ എന്ന ഹൃദയാലുവും സമര്‍ത്ഥനും സൂക്ഷമദൃക്കുമായ പോലീസ്‌ ഓഫീസറുടെ ഇടപെടല്‍ മൂലം ഒരു റെയ്ഡിലൂടെയാണ്‌ ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭകേസിലെ ഇരയായ പെണ്‍കുട്ടിയെ സമൂഹത്തിലെ ഉന്നതന്മാരടങ്ങുന്ന കാമപിശാചുക്കളുടെ കയ്യില്‍ നിന്ന്‌ രക്ഷപ്പെടുത്തിയത്‌. എന്നാല്‍, അന്നുമുതല്‍ കോടതിയില്‍ ,വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിന്‌ ഇരയായിക്കൊണ്ടിരിക്കുകയാണ്‌ ഈ ദാരുണജീവിതം.
കേസ്‌ കോടതിയില്‍ എത്തിയപ്പോള്‍ ന്യായാസനങ്ങളില്‍ ഒന്നിലെ വിധികര്‍ത്താവ്‌ ചോദിച്ചത്‌ "നിനക്ക്‌ രക്ഷപ്പെട്ടുകൂടായിരുന്നോ എന്നായിരുന്നു," ആതിരേ! എന്നാല്‍, അടച്ചിട്ട മുറിയുടെ വാതില്‍ക്കല്‍ ആ ദുഷ്ടന്മാര്‍ എന്നും കാവലുണ്ടായിരുന്നു. അപ്പോഴും ആ പെണ്‍കുട്ടി കരഞ്ഞു ബഹളമുണ്ടാക്കുമായിരുന്നു. മുഖമടച്ചാണ്‌ അപ്പോള്‍ അടി കിട്ടിയിരുന്നത്‌. വയറ്റത്താണ്‌ ക്രൂരന്മാര്‍ തൊഴിച്ചിരുന്നത്‌. കഴുത്തില്‍ പിടിച്ചുമുറുക്കി കണ്ണുതള്ളിക്കുമായിരുന്നു. "മിണ്ടാതവിടെ കിടന്നില്ലെങ്കില്‍" വെട്ടിനുറുക്കുമെന്ന്‌ പേടിപ്പിക്കുമായിരുന്നു. ഒരുപാട്‌ നോവിക്കുമായിരുന്നു; ഒരുപാടൊരുപാട്‌. ആ ദിനങ്ങളെ കുറിച്ച്‌ അവള്‍ പറയുന്നതിങ്ങനെ : "എങ്കിലും ഞാന്‍ നിലവിളിക്കും. വരുന്നവരോടെല്ലാം അപേക്ഷിക്കും. എന്നെ ഒന്നും ചെയ്യരുതേയെന്ന്‌.... അപ്പോള്‍ അവര്‍ ഗുളിക തരാന്‍ തുടങ്ങി.... മൂന്ന്നാല്‌ ഗുളിക പൊടിച്ച്‌ വായിലിട്ട്‌ കുത്തിപ്പിടിച്ച്‌ വിഴുങ്ങിപ്പിക്കും. കുറച്ച്‌ കഴിയുമ്പോള്‍ ചത്തപോലെ ഞാനങ്ങുകിടക്കും.... എന്തുവേണേല്‍ ചെയ്യട്ടെ.... നാവ്‌ പൊക്കാന്‍ പോലുമാവാതെ ഞാന്‍ എല്ലാം സഹിക്കുമായിരുന്നു." പിന്നെ പിന്നെ അവള്‍ മിണ്ടാതായി. നിര്‍വികാരയായി; ശിലപോലെ മരവിച്ച മനസ്സുള്ളവളായി...
നിര്‍ബന്ധിത ലൈംഗിക പീഡനത്തിനിരയാകുന്ന പലരും ഇങ്ങനെ മൂകരും നിശബ്ദരുമായി തീരുമെന്ന്‌ മനഃശാസ്ത്രം പറയുന്നു. അതായിരുന്നു ആ പെണ്‍കുട്ടിയുടെ അവസ്ഥ. പക്ഷെ, അത്‌ തിരിച്ചറിയാനുള്ള വിവേകവും മനുഷ്യത്വം കോടതിക്കില്ലാതെ പോയി, ആതിരേ.
ഒരിക്കല്‍ പരിചിതമായ ഒരു മുഖം കണ്ട്‌ അവള്‍ അലറിവിളിച്ച്‌ കാല്‍ക്കല്‍ വീണു. "എന്നെ രക്ഷിക്കണെ സാറെ.... എന്റെ വാപ്പയുടെ അടുക്കല്‍ വിടണെ.... ഞാന്‍ ചീത്തയല്ല സാറെ..... എന്നെ രക്ഷിക്കണേ..." ആ കാമാന്ധനും അവളുടെ നിലവിളി കേട്ടില്ല. ആരും രക്ഷിച്ചില്ല. അടച്ചിട്ട മുറിക്കുള്ളില്‍ മേശയ്ക്കുചുറ്റും അവള്‍ ഓടിപ്പാഞ്ഞതും കുപ്പികളും ഗ്ലാസുകളുമെല്ലാം വീണുപൊട്ടിയതും അവയില്‍ കാല്‍ തെന്നിവീണ്‌ ഇഴഞ്ഞ്‌ കട്ടിലിനടിയിലേയ്ക്ക്‌ കയറിയ അവളെ കാലില്‍ പിടിച്ച്‌ വലിച്ച്‌ വെളിയിലേയ്ക്കിട്ടതും. പിന്നെ നിഷ്കരുണം മാറിമാറി ഉപയോഗിച്ചതും വിവരിക്കുന്നത്‌ കേട്ടാല്‍ മനസ്സ്‌ പൊള്ളിപ്പോകും.
ഈ മൊഴിയെല്ലാം കേട്ടിട്ടും ന്യായാധിപന്‍ വിധിച്ചു : "അവളുടെ സ്വഭാവം ചീത്തയാണ്‌!" ഈ പരാമര്‍ശത്തിനെതിരെ സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതി വരെ പോരാടിയതും വിക്ടിമിന്റെ സ്വഭാവത്തെ പറ്റി വിമര്‍ശിക്കരുതെന്ന പരമോന്നത ന്യായാസനത്തിന്റെ ശാസന ഏറ്റുവാങ്ങിയതും ആ യുവതി ഇന്ന്‌ നന്ദിയോടെ ഓര്‍ക്കുന്നു.
കോടതികള്‍ക്ക്‌ ഒരു സാധു പെണ്‍കുട്ടിയെ പിഴച്ചവളെന്ന്‌ വിളിക്കാന്‍ എത്ര എളുപ്പം കഴിയുന്നു. ആതിരേ.!!.
ആറുമാസത്തോളം പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍നിന്ന്‌ ശാരീരികവും മാനസീകവുമായ എല്ലാ ക്രൂരതകളും വൈകൃതങ്ങളും അനുഭവിച്ച ശേഷമാണ്‌ ആ പെണ്‍കുട്ടി മോചിപ്പിക്കപ്പെട്ടത്‌. ജഗതി ശ്രീകുമാറടക്കം സമൂഹത്തിലെ ഉന്നതന്മാരായിരുന്നു ദയയില്ലാതെ പല നാളുകളില്‍ പകലുകളില്‍ രാവുകളില്‍ ഈ പാവം ശരീരം കടിച്ചുകുടഞ്ഞത്‌.
സെന്‍കുമാറിന്റെ സാമൂഹിക ബോധവും തൊഴിലിനോടുള്ള ഉത്തരവാദിത്തവും അര്‍പ്പണവും മൂലം ഉന്നതന്മാരായ വ്യക്തികളെയെല്ലാം പ്രതിചേര്‍ത്ത്‌ കേസ്‌ ചാര്‍ജ്ജുചെയ്യാനും വിചാരണ ആരംഭിക്കാനും കഴിഞ്ഞു. 40ല്‍ അധികം പേരാണ്‌ പ്രതിസ്ഥാനത്തുള്ളത്‌. നൂറില്‍ അധികം പേരുടെ പീഡനത്തിനിരയായെങ്കിലും അവര്‍ക്കെതിരെ തെളിവു നല്‍കാന്‍ കഴിയാതിരുന്നതുകൊണ്ട്‌ പ്രതികള്‍ 40 പേരായി ചുരുങ്ങിയെന്നുമാത്രം.
കേസിന്റെ വിചാരണവേളകളില്‍ കൂട്ടില്‍ കയറ്റി നിര്‍ത്തി പ്രതിഭാഗം വക്കീല്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ എല്ലാം ലംഘിക്കുന്ന ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി ഈ യുവതിയെ വീണ്ടും വീണ്ടും പീഡിപ്പിച്ചുകൊണ്ടിരിക്കുകയായാണ്‌. പ്രതികളെന്ന്‌ പറയുന്നവര്‍ അവളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതിന്റെ തെളിവുകളാണ്‌ ഒരു ഉളുപ്പുമില്ലാതെ പ്രതിഭാഗം ആവശ്യപ്പെടുന്നത്‌. മര്‍ദിച്ച്‌ തളര്‍ത്തിയും മയക്കുമരുന്ന്‌ നല്‍കി ഉറക്കിയും കാഴ്ചവെയ്ക്കപ്പെടുന്ന ഒരു പെണ്‍കുട്ടി എങ്ങനെ തെളിവുകള്‍ ഹാജരാക്കണമെന്നാണ്‌ ബഹുമാനപ്പെട്ട(?) കോടതി ആവശ്യപ്പെടുന്നത്‌.
താത്രിക്കുട്ടിയെ പോലെ മറുകും നിറവും തിരിച്ചറിയാന്‍ മറ്റ്‌ തെളിവുകളും നല്‍കാന്‍ സുബോധത്തോടെ കാമകിങ്കരന്മാരെ കിടപ്പറയില്‍ സ്വീകരിക്കുകയായിരുന്നില്ലല്ലോ ഈ പെണ്‍കുട്ടി. അപ്പോള്‍ ബോധമില്ലാത്ത അവസ്ഥയില്‍ പോലും തന്റെ ശരീരം കടിച്ചു കുടഞ്ഞ സമൂഹത്തിലെ ഉന്നതന്മാര്‍ക്കെതിരെ എന്ത്‌ തെളിവാണ്‌ ഈ നിസ്സഹായയ്ക്ക്‌ ഹാജരാക്കാന്‍ കഴിയുക, ആതിരേ..?.
ഒന്നിനും സാധിക്കില്ലെന്ന്‌ കോടതികള്‍ക്കറിയാം. എന്നിട്ടും പ്രതിഭാഗത്തിന്റെ തൊലിയുരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ കണ്ണീരൊഴുക്കി നില്‍ക്കാനും വിതുമ്പലടക്കാനാവാതെ പൊട്ടിക്കരയാനും ആ യുവതിയെ നിര്‍ബന്ധിക്കുന്ന ന്യായാസനത്തിന്റെ മനസ്സിലുള്ളത്‌ നീതിബോധമോ കാമാതുരതയോ?രണ്ടാമത്‌ പരഞ്ഞതാണൂള്ളതെങ്കില്‍ അത്‌ എത്രമാത്രം ഗര്‍ഹനീയത നിറഞ്ഞതാണ്‌. തെളിവുകളാണ്‌ പ്രധാനം എന്ന ക്രിമിനല്‍ ജൂറിസ്പ്രൂഡന്‍സിന്റെ തത്വങ്ങള്‍ കൊണ്ട്‌ നിരന്തരം പരിഹസിക്കപ്പെടുകയായിരുന്നു ഈ യുവതി.സമ്പന്നരും മാന്യന്മാരെന്ന്‌ അഭിമാനിക്കുകയും ചെയ്യുന്ന പ്രതികള്‍ക്ക്‌ അനുകൂലമാക്കുന്ന തെളിവ്‌ ഹാജരക്കലുകള്‍..!നശിച്ച നീതിബോധം....!!ഈ ന്യായാസന മര്യദ കൊണ്ട്പരിഹരിക്കാവുന്നതോ അളക്കാവുന്നതോ ആണോ ഈ പെണ്‍കുട്ടി ആറുമാസക്കാലം വാണിഭക്കാരുടെ കയ്യില്‍ നിന്ന്‌ ഏറ്റപീഡനവും കഴിഞ്ഞ 13 വര്‍ഷമായി കോടതികളില്‍ നിന്ന്‌ ഏല്‍ക്കുന്ന അപമാനവും.
ഇപ്പോഴും ഭയചകിതയായാണ്‌ ആ യുവതി ജീവിക്കുന്നത്‌ ആതിരേ. ഏത്‌ നിമിഷം വേണമെങ്കിലും താന്‍ കൊല്ലപ്പെടാമെന്ന ഭയാശങ്കയാണ്‌ അവളെ ഭരിക്കുന്നത.്‌ തന്നെ പീഡകരുടെ കയ്യിലെത്തിച്ച സ്ത്രീയുടെ ദുരൂഹമരണം ഈ ഭയാശങ്കകളുടെ ആഘാതം ഇരട്ടിപ്പിക്കുന്നുണ്ട്‌. എന്നിട്ടും ഇതൊന്നും തിരിച്ചറിയാന്‍ ന്യായാസനങ്ങള്‍ക്കൊ അഭിഭാഷകര്‍ക്കോ മനസ്സില്ല.
"മടുത്തു ഇനി ഞാന്‍ കോടതിയിലേയ്ക്കില്ല.... സാക്ഷിയായി വിളിച്ചാല്‍ പോലും പോകില്ല.... അറസ്റ്റ്‌ ചെയ്യുന്നെങ്കില്‍ അറസ്റ്റ്‌ ചെയ്യട്ടെ.... എനിക്ക്‌ പേടിയില്ല... ഇനി കോടതിയില്‍ ആര്‍ക്കെതിരെയും ഒന്നും പറയാന്‍ തയ്യാറുമല്ല...." തകര്‍ന്നതെങ്കിലും ആത്മവിശ്വസം തുടിക്കുന്ന വാക്കുകളോടെ ആ യുവതി ഇങ്ങനെ പറയുമ്പോള്‍ ദരിദ്രയും നിരക്ഷരയും നിസ്സഹായയുമായ ഒരു പെണ്ണിന്റെ മൗലീകാവകാശമാണ്‌ അവള്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. നീതി ലഭിക്കില്ലെന്ന്‌ ഉറപ്പായ സ്ഥിതിക്ക്‌ മൗനം പാലിക്കാനും മിണ്ടാതിരിക്കുവാനുമുള്ള മൗലീകാവകാശം.
ആതിരേ,ഇതെങ്കിലും അംഗീകരിക്കാനുള്ള മനുഷ്യത്വം ന്യായാസനങ്ങള്‍ക്കുണ്ടാവുമോ...?

Friday, August 28, 2009

പോള്‍ വധം :പിണറായിയുടെയും കോടിയേരിയുടെയും അട്ടിമറികള്‍


ആതിരേ,മുത്തൂറ്റ്‌ പോള്‍ ജോര്‍ജിന്റെ വധം സംബന്ധിച്ച്‌ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതുസംബന്ധിച്ച്‌ കൂടുതല്‍ മാധ്യമചര്‍ച്ചകള്‍ക്ക്‌ നടക്കരുതെന്നും കരുതി സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും നടത്തിയ പത്രസമ്മേളനങ്ങള്‍ വ്യക്തമാക്കുന്നത്‌ സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും പിന്നെ ചില പ്രത്യേക കേന്ദ്രങ്ങള്‍ക്കും ഈ സംഭവത്തിലെ വാസ്തവങ്ങള്‍ മൂടിവെയ്ക്കണം എന്നുതന്നെയാണ്‌.
പോള്‍ വധം സംബന്ധിച്ച്‌, ആദ്യം അന്വേഷണം നടത്തിയ ഐജി വിന്‍സന്‍ എം. പോള്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി അറിയിച്ച കാര്യങ്ങള്‍ പോലീസ്‌ മെനഞ്ഞെടുത്ത കഥകളാണെന്നും അവയ്ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നപ്പോഴാണ്‌ എല്ലാ സംശയങ്ങളുടെയും വായ്‌ മൂടിക്കെട്ടാനെന്നോണം വ്യാഴാഴ്ച പിണറായി വിജയനും വെള്ളിയാഴ്ച കോടിയേരിയും പത്രസമ്മേളനം നടത്തിയത്‌.
ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിന്‌ കീഴിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച്‌ (പ്രത്യേകിച്ച്‌ വിവാദങ്ങളും ഊഹാപോഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍) എന്തിനായിരുന്നു പാര്‍ട്ടി സെക്രട്ടറി ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയത്‌ എന്ന ചോദ്യത്തില്‍ നിന്നാരംഭിക്കുന്നു ആതിരേ, മറ്റു ചില കള്ളക്കളികളിലേയ്ക്കുള്ള ചൂണ്ടവിരലുകള്‍. ആഭ്യന്തരമന്ത്രിപോലും ഇതുസംബന്ധിച്ച്‌ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ്‌ പാര്‍ട്ടി സെക്രട്ടറി പുതിയ ചില ആരോപണങ്ങളുമായി പത്രസമ്മേളനം നടത്തിയതെന്നോര്‍ക്കണം.എന്നുമാത്രമല്ല പോലീസ്‌ കണ്ടെത്തിയ അടിസ്ഥാന രഹിതമായ തെളിവുകളെ നാണിപ്പിക്കുന്നവയായിരുന്നു പാര്‍ട്ടിസെക്രട്ടറി ഉളുപ്പില്ലതെ വിളമ്പിയ ആരോപണങ്ങള്‍
അതില്‍ പ്രധാനം ആതിരേ, പോളിനെ വധിച്ചു എന്ന്‌ പോലീസ്‌ ആരോപിക്കുന്ന സതീഷ്‌ ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്‌എസുകാരാണ്‌ എന്ന്‌ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എസ്‌ ആകൃതിയിലുള്ള ആയുധം ഉപയോഗിച്ചാണ്‌ ആക്രമിച്ചതെന്നും ഇത്തരം ആയുധങ്ങള്‍ ആര്‍എസ്‌എസുകാരാണ്‌ ഉപയോഗിക്കുന്നതെന്നും വിശദീകരിച്ചാണ്‌ സംഭവത്തിന്‌രാഷ്ട്രീയ നിറം കലര്‍ത്താന്‍ പിണറായി ശ്രമിച്ചത്‌.
എന്നാല്‍, അറസ്റ്റിലായ സതീഷ്‌ ഉള്‍പ്പെടെയുള്ള പ്രതികളില്‍ ഭൂരിപക്ഷം പേരും ഡിവൈഎഫ്‌ഐ സിഐടിയു അംഗങ്ങളാണ്‌ എന്നതാണ്‌ പിണറായി തമസ്ക്കരിക്കാന്‍ സ്രമിച്ച വാസ്തവം. കാരി സതീശനെ കുറിച്ചുള്ള പിണറായിയുടെ 'പ്രഖ്യാപന'ത്തിനെതിരെ സതീശന്റെ അമ്മ രംഗത്തുവന്നത്‌ പിണറായിക്കും പാര്‍ട്ടിക്കും കനത്ത പ്രഹരമായിട്ടുണ്ട്‌ . തങ്ങള്‍ കുടുംബപരമായി സിപിഎം പക്ഷക്കാരാണെന്നും താന്‍ 20 വര്‍ഷത്തിലധികമായി സിഐടിയു കര്‍ഷക തൊഴിലാളി സംഘടനയില്‍ അംഗമാണെന്നും സതീഷ്‌ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്‌ അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.വി. ഷാജിക്കൊപ്പം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും അവര്‍ ആണയിടുന്നു. എന്നുമാത്രമല്ല, സതീശനൊപ്പം കോട്ടയം ഡിവൈഎസ്പി പി.കെ. മധുവിനു മുന്നില്‍ കീഴടങ്ങിയ സുജിത്‌, വിനു, നേരത്തെ പോലീസ്‌ വീടുകളിലെത്തി കസ്റ്റഡിയിലെടുത്ത സത്താര്‍, രാജീവ്‌ കുമാര്‍, ഷിനോപോള്‍, ആകാശ്‌, സതീഷ്‌ കുമാര്‍, നിഥിന്‍, അനീഷ്‌ കുമാര്‍, ബിനോയ്‌ മര്‍ക്കോസ്‌, ജെയ്ന്‍ ജോസ്‌ എന്നിവര്‍ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ സിഐടിയു പ്രവര്‍ത്തകരാണ്‌. ഇതില്‍ രാജീവ്‌ കുമാറും നിഥിനും പായിപ്പാട്‌ അയ്യര്‌ കുളങ്ങര ഡിവൈഎഫ്‌ യൂണിറ്റ്‌ ഭാരവാഹികളാണ്‌. 2006ല്‍ ശിവരാത്രി ഘോഷയാത്രയ്ക്കിടെ അക്രമമുണ്ടാക്കി ഒരാളെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്‌ ബിനു. ഇയാള്‍ നാലുകോടി സിഐടിയു അംഗമാണ്‌. അതേസമയം ഇപ്പോള്‍ 11-ാ‍ം പ്രതിയായി പോലീസ്‌ കസ്റ്റഡിയിലെടുത്ത ജയചന്ദ്രനെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തനത്തില്‍ നിന്ന്‌ സംഘടന പത്തുവര്‍ഷം മുമ്പ്‌ നീക്കം ചെയ്തിരുന്നതാണ്‌.
വസ്തുത ഇതായിരിക്കെ ആര്‍എസ്‌എസിന്റെ മേല്‍ പഴി ചാരാനും പോള്‍ ജോര്‍ജ്ജിന്റെ അധോലോക ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും പിണറായി വിജയന്‍ ശ്രമിച്ചത്‌ വെറുതെയല്ലെന്ന്‌ അര്‍ത്ഥം.
കേരളത്തില്‍ ക്രമസമാധാന നില തൃപ്തികരമാണെന്നും പോള്‍ വധം അന്വേഷിക്കുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രിയും ആഭ്യന്തരവകുപ്പും കൃത്യമായാണ്‌ ഇടപെടുന്നതെന്നും മറിച്ചുള്ള വാര്‍ത്തകളെല്ലാം സത്യവിരുദ്ധമാണെന്നും പിണറായി പറഞ്ഞുവെച്ചു. എന്നാല്‍, പിണറായി പത്രസമ്മേളനം നടത്തിയ പകല്‍ ഉദിച്ചത്‌ കൊച്ചിയില്‍ കട വരാന്തയില്‍ കിടന്നുറങ്ങിയ വൃദ്ധനെ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ കൊല ചെയ്തതിന്റെയും കണ്ണൂരിലെ കള്ളിക്കുന്ന്‌ മൂകാംബിക ക്ഷേത്രം റോഡിലെ കൃഷ്ണകൃപയില്‍ വീട്ടുകാരെ ബന്ധികളാക്കി ആറംഗസംഘം 78 പവന്‍ സ്വര്‍ണം, കാര്‍, ഇലക്ട്രോണിക്സ്‌ ഉപകരണങ്ങള്‍, മൊബെയില്‍ ഫോണുകള്‍ എന്നിവ കവര്‍ച്ച ചെയ്തതിന്റെയും കാഞ്ഞങ്ങാട്‌ ഓട്ടച്ചേരി കുന്നുമലിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ 2 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ തൂക്കം വരുന്ന ലക്ഷ്മീ നാരായണ വിഗ്രഹവും ഒരു ബലി ബിംബവും കവര്‍ച്ച ചെയ്തതിന്റെ വാര്‍ത്തകളുമായാണ്‌. അതുകൊണ്ട്‌ കേരളത്തിലെ ക്രമസമാധാന നിലയെ കുറിച്ചും പോലീസിന്റെ നടപടികളെ കുറിച്ചും പോള്‍ വധക്കേസില്‍ പാര്‍ട്ടിക്കും ആഭ്യന്തരവകുപ്പിനും ഉള്ള താല്‍പര്യങ്ങളെ കുറിച്ചും പിണറായി അധികം പറയാതിരിക്കുന്നതാണ്‌ നല്ലത്‌.
ഇതിലും ഗൗരവമേറിയ നിരവധി പ്രശ്നങ്ങള്‍ കേരളത്തേയും കേരളീയരേയും പിടിച്ചുകുലുക്കിയപ്പോഴും നാണകെട്ട മൗനം പുലര്‍ത്തിയ പിണറായിയാണിപ്പോള്‍ കോടിയേരിയേയും പുത്രനേയും ഗുണ്ടകളേയും ന്യായികരിക്കാന്‍ രംഗത്തെത്തിയത്‌.ആസിയാന്‍ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചപ്പോഴോ പകര്‍ച്ചപ്പനി വ്യാപിച്ച്‌ ജനങ്ങള്‍ ദുരിതമനുഭവിക്കുകയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തപ്പോഴോ, പന്നിപ്പനി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോഴോ ഓണവിപണിയില്‍പോലും വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയപ്പോഴോ പത്രസമ്മേളനം നടത്താന്‍ മുതിരാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പോള്‍ വധക്കേസില്‍ വിശദീകരണവുമായി രംഗത്തെത്തിയത്‌ എന്തിനാണെന്ന്‌ കേരളത്തിലെല്ലാവര്‍ക്കും അറിയാം.
പിണറായി എന്താണോ ഉദ്ദേശിച്ചത്‌ അതിന്റെ പൂര്‍ത്തീകരണമായിരുന്നു ആതിരെ ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനം. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ ആവശ്യത്തിലധികം ഗൃഹപാഠം ചെയ്താണ്‌ പോള്‍ വധക്കേസിനെ കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചത്‌.
കേസുമായി ബന്ധപ്പെട്ട്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരു കേന്ദ്രത്തില്‍ നിന്ന്‌ ചമയ്ക്കുന്നതാണെന്നും ഗുണ്ടകളുടെ സാമ്പത്തിക സ്രോതസ്‌ അന്വേഷിക്കുമെന്നറിഞ്ഞതോടെ വിരണ്ടുപോയ കേന്ദ്രങ്ങളാണ്‌ പിന്നിലുള്ളതെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു. തന്റെ മകന്‍ ഗിരീഷ്‌ കോടിയേരിക്ക്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ ഇല്ലെന്നും അവന്‌ ഈ സംഭവങ്ങളില്‍ ബന്ധമില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
എന്നാല്‍, പോള്‍ വധക്കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച പിണറായി നടത്തിയ പ്രസ്താവനയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ വളരെ വിദഗ്ധമായാണ്‌ കോടിയേരി മറുപടി പറഞ്ഞത്‌. പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നില്ലെന്നും സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ്‌ പോലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുമ്പോള്‍ പരവതാനിക്കുള്ളിലേയ്ക്ക്‌ തിരുകി വെയ്ക്കുന്നത്‌ ആഭ്യന്തരമന്ത്രിക്കും പുത്രനും പാര്‍ട്ടിക്കുമുള്ള ഗുണ്ടാബന്ധങ്ങളാണെന്ന്‌ തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുരവരേയോ, പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ അടുത്തേയ്ക്കോ പോകേണ്ടതില്ല.
അപ്പോള്‍ അറിയേണ്ടത്‌, പോലീസിനും ആഭ്യന്തരവകുപ്പിനും മാനഹാനിയുണ്ടാക്കുന്ന വാര്‍ത്തകള്‍ പടച്ചുവിടുന്ന കേന്ദ്രത്തെ എന്തുകൊണ്ട്‌ നേരിടുന്നില്ല എന്നതാണ്‌ . ആ കേന്ദ്രങ്ങളെ നിശബ്ദരാക്കിയാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുകയില്ലല്ലോ. അതിന്‌ തയ്യാറാകാതെ ഇതുപോലെയുള്ള വിലകെട്ട ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്‍്‌ പിന്നിലെ കോടിയേരിയുടെ യുക്തിയും ലക്ഷ്യവും ആര്‍ക്കാണ്‌ ബോധ്യമാകാത്തത്‌.
എന്തുകൊണ്ടാണ്‌ ഗുണ്ടകളുടെ രാഷ്ട്രീയ ബന്ധം പുറത്തുകൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ്‌ മന്ത്രി മടിക്കുന്നത്‌. ഏതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളുമാണ്‌ ഗുണ്ടകളെ ഉപയോഗിച്ച്‌ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്നതെന്നറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. അത്‌ നിഷേധിച്ച്‌ അത്തരം അന്വേഷണം നടത്തില്ല എന്ന്‌ പറയുമ്പോള്‍ അതിന്റെ ലക്ഷ്യവും വ്യക്തമാണ്‌.
പോള്‍ ജോര്‍ജിന്റെ അധോലോക ബന്ധത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നാണ്‌ ആഭ്യന്തരമന്ത്രിയും പറയുന്നത്‌. ആയ്ക്കോട്ടെ ആര്‍ക്കാണ്‌ എതിര്‍പ്പ്‌. എന്നാല്‍, ഇത്രയ്ക്ക്‌ ദുരൂഹമായ രീതിയില്‍ അല്ല, ആസൂത്രിതമായ രീതിയില്‍ നടത്തിയ കൊലപാതകത്തിലെ പ്രതികള്‍ രക്ഷപ്പെടാന്‍ പോളിന്റെ ഭൂതകാലം എങ്ങനെയാണ്‌ ഒരു കാരണമാകുന്നത്‌. അതുകൊണ്ട്‌ പിണറായിവിജയനും കോടിയേരി ബാലകൃഷ്ണും ആസൂത്രിതമായി ശ്രമിച്ചത്‌ ഈ സംഭവത്തിലെ സത്യങ്ങള്‍ തമസ്കരിക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ്‌. ഒരു കാര്യം വ്യക്തമായി ആതിരേ, ഈ കേസ്‌ സംബന്ധിച്ച്‌ ഇനി ഒരു തുരുമ്പുപോലും വെളിപ്പെടാന്‍ പോകുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളെയും കുത്തി മലര്‍ത്തിക്കഴിഞ്ഞു, ഈ രണ്ട്‌ പത്രസമ്മളനങ്ങളിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും.

ഇനി പാറ്റൂര്‍ ലളിതയുടെയും ആറ്റിങ്ങല്‍ റംലയുടെയും കാലമോ


ഇന്ന്‌ കേരളത്തില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ ഏതെന്ന്‌ ചോദിച്ചാല്‍ ആതിരേ, കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ഒരേ സ്വരത്തില്‍ പറയും അത്‌ 'ഗുണ്ടയും' ക്വട്ടേഷനുമാണെന്ന്‌. അത്രയ്ക്ക്‌ ചിരപരിചിതമായി കഴിഞ്ഞു കേരളീയര്‍ക്ക്‌ ഈ ഭീകരതകള്‍. തമ്മനം ഷാജിയും ഗുണ്ടുകാട്‌ സാബുവും മൃഗം സാജുവും ഓം പ്രകാശും പുത്തന്‍പാലം രാജേഷും തുടങ്ങി ഈ രംഗത്തുള്ള സൂപ്പര്‍ താരങ്ങളെ വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന്‌ പരിചിതമാണ്‌. ഇവര്‍ കേരളത്തില്‍ സ്വൈരവിഹാരം നടത്തുമ്പോഴും കൂലിക്ക്‌ വെട്ടിയും കൊന്നും ചോരപ്പുഴ ഒഴുക്കുമ്പോഴും ഒന്നുമറിയാത്തവരായി പക്ഷെ, രണ്ടുപേരുണ്ട്‌-ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണും ഡിജിപി ജേക്കബ്‌ പുന്നൂസും.
ഈ ഗുണ്ടാനേതാക്കളെപ്പോലെ തന്നെ മലയാളികള്‍ക്ക്‌ സുപരിചിതനാണിപ്പോള്‍ 'ആ മന്ത്രിപുത്രന്‍'. കേരളത്തില്‍ എന്ത്‌ അക്രമം നടന്നാലും അതുമായി ബന്ധപ്പെട്ട്‌ ഈ 'ഇതിഹാസ യുവാവിന്റെ'യും പേരും പൊങ്ങിവരും. കിളിരൂര്‍ കവിയൂര്‍ പെണ്‍വാണിഭകേസില്‍ തുടങ്ങിയ ഈ കുപ്രസിദ്ധി സന്തോഷ്‌ മാധവന്‍ കേസ്‌, ടോട്ടല്‍ തട്ടിപ്പ്‌, മഠത്തില്‍ രഘുവിന്റെ വിമാനത്താവളത്തിലെ പരാക്രമം എന്നിവ കടന്ന്‌ ഇപ്പോള്‍ മുത്തൂറ്റ്‌ പോള്‍ ജോര്‍ജ്‌ വധം വരെ എത്തിനില്‍ക്കുന്നു.
ആതിരേ, പോള്‍ ജോര്‍ജ്‌ വധം സംബന്ധിച്ച്‌ പോലീസ്‌ തയ്യാറാക്കിയ തിരക്കഥയിലെ ലൂപ്‌ ഹോളുകളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളിലെ ചൂടുള്ള വാര്‍ത്തകളും ചര്‍ച്ചാവിഷയങ്ങളും. ചങ്ങനാശേരി ക്വട്ടേഷന്‍ ഗ്രൂപ്പിലെ കാരി സതീഷ്‌ എന്ന ഒരംഗമാണ്‌ പോളിനെ കൊന്നതെന്ന്‌, കൊല്ലാന്‍ ഉപയോഗിച്ച 'എസ്‌' ആകൃതിയിലുള്ള കത്തി വരെ കണ്ടെത്തി പോലീസ്‌ വെളിപ്പെടുത്തുമ്പോള്‍ 15 ലക്ഷം രൂപ നല്‍കിയാണ്‌ സതീഷിനെ കൊണ്ട്‌ ഈ കുറ്റം സമ്മതിപ്പിച്ചത്‌ എന്നാണ്‌ അമ്മയടക്കമുള്ള ബന്ധുക്കള്‍ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. കീഴടങ്ങിയ സതീശനെ അറസ്റ്റ്‌ ചെയ്ത്‌ എന്ന്‌ മേനി നടിക്കുന്ന പോലീസിന്റെ കള്ളക്കളിയാണ്‌ സതീശന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌. രണ്ട്‌ ദിവസം സതീശന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വാടക വീട്‌ അരിച്ചുപെറുക്കിയിട്ടും കിട്ടാതിരുന്ന കത്തി വ്യാഴാഴ്ച കണ്ടെത്തിയതിലെ യുക്തിയില്ലായ്മയാണ്‌ ബന്ധുക്കള്‍ ചോദ്യം ചെയ്യുന്നത്‌.
ഓംപ്രകാശും പുത്തന്‍പ്പാലം രാജേഷും പോളിനോടൊപ്പം ഉണ്ടായിരുന്നുവെന്നും സീരിയല്‍ - സിനിമ - ഉത്തരേന്ത്യന്‍ സുന്ദരിമാരും കൂടെ യാത്രചെയ്തിരുന്നുവെന്നും 40 ലക്ഷം രൂപയും സ്വര്‍ണവും ഒക്കെയായിട്ടായിരുന്നു ഇവരുടെ യാത്രയെന്നും ഇപ്പോള്‍ വാര്‍ത്തകള്‍ ചോര്‍ന്ന്‌ വരുന്നുണ്ട്‌. ഇതൊന്നും പോലീസ്‌ സമ്മതിക്കുകയില്ലെങ്കിലും പോള്‍ വധം സംബന്ധിച്ച്‌ പോലീസ്‌ പറയുന്ന കഥകള്‍ ഇത്രയും പോലും വിശ്വസനീയമല്ല എന്നതാണ്‌ ആതിരേ, ജേക്കബ്‌ പുന്നൂസിന്റെയും വിന്‍സന്‍ എം. പോളിന്റെയും തൊപ്പിയില്‍ തൂവല്‍ ചാര്‍ത്തുന്നത്‌.
ഈ ഗുണ്ടകള്‍ക്ക്‌ എസ്‌എഫ്‌ഐ നേതാക്കള്‍ മുതല്‍ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ വരെയും മന്ത്രിപുത്രന്‍ മുതല്‍ പോലീസിലെ ഉന്നതന്മാര്‍ വരെയും ഉള്ള ബന്ധം മൂലമാണ്‌ സത്യം പറയാന്‍ ജേക്കബ്‌ പുന്നൂസിന്റെ പോലീസിന്‌ കഴിയാതെ പോകുന്നത്‌. വിദേശത്തായിരുന്ന ഓംപ്രകാശ്‌ നാട്ടിലെത്തിയത്‌ മന്ത്രിപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന്‌ വ്യകതമായിട്ടുണ്ട്‌. . എന്നിട്ടും കോടിയേരിക്കും ജേക്കബ്‌ പുന്നൂസിനും കേരളാ പോലീസിനും ഉളുപ്പില്ല. കാരണം ഈ ആരോപണങ്ങളുടെയും ഗുണ്ടകളുടെയും പിറകേ പോയാല്‍ സര്‍ക്കാരിലെയും പോലീസിലെയും പാര്‍ട്ടിയിലെയും പല പകല്‍മാന്യന്മാരുടെയും തനിനിറം പുറത്തുവരുമെന്ന്‌ അവര്‍ക്കറിയാം.
അതുകൊണ്ടുതന്നെ മുത്തൂറ്റ്‌ പോളിന്റെ കൊലപാതകം നരഹത്യയാക്കിമാറ്റി കേസും വിവാദങ്ങളും എത്രയും പെട്ടെന്ന്‌ ഇല്ലാതാക്കാനാണ്‌ പോലിസിന്റെ ശ്രമം. അതിന്റെ ഭാഗമായിട്ടാണ്‌ മാധ്യമങ്ങള്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തണ്ട എന്ന ഉദ്ബോധനം കോടിയേരി ബാലകൃഷ്ണില്‍ നിന്നുണ്ടായത്‌.
ഈ കേസില്‍ ഉള്‍പ്പെട്ട ഗുണ്ടകള്‍ക്ക്‌ ആതിരേ, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി മാത്രമല്ല ബന്ധമുള്ളത്‌. ബിജെപിയും കോണ്‍ഗ്രസും ഗുണ്ടാബന്ധങ്ങളില്‍ ഒട്ടും പിന്നിലല്ലെന്നോര്‍ക്കണം. പോള്‍ വധവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ തിരയുന്ന നാലുകോടി കുന്നേല്‍ ജയന്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനാണ്‌. പുത്തന്‍പാലം രാജേഷിന്റെ ഗുണ്ടകളില്‍ ചിലര്‍ സിഐടിയു ചുമട്ടുതൊഴിലാളികളാണ്‌. പ്രായം ചെല്ലുമ്പോള്‍ ജോലി ചെയ്യാന്‍ കഴിവില്ലാത്ത ചുമട്ടുതൊഴിലാളികളില്‍ നിന്ന്‌ 50,000 മുതല്‍ ഒരുലക്ഷം രൂപ വരെ നല്‍കി അവരുടെ ബാഡ്ജ്‌ വാങ്ങി നല്‍കിയാണ്‌ സംഘാംഗങ്ങളെ ചുമട്ടുതൊഴിലാളികളാക്കി രാജേഷ്‌ തന്റെ കൗശലം നടപ്പാക്കിയത്‌.
ആതിരേ, കേരളത്തില്‍ ഇന്ന്‌ ക്വട്ടേഷന്‍ സംഘങ്ങളാണ്‌ നിയമപാലനം നടത്തുന്നത്‌. ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തണലും ആശ്രയവുമാകുന്നത്‌ രാഷ്ട്രീയക്കാരും. പ്രതിയേഗികളെ ഒതുക്കാനും ആത്മരക്ഷയ്ക്കും തോക്കും ഉണ്ടയും കൊണ്ടുനടക്കുന്നത്‌ കൂടാതെ ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റുന്നവരാണ്‌ ഇവരില്‍ പല നേതാക്കന്മാരും. കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടാനേതാക്കന്മാരുടെ തലതൊട്ടപ്പന്മാര്‍ ഇവരാണ്‌. ഇവര്‍ക്ക്‌ പുറമേയാണ്‌ പെണ്‍വാണിഭം, കള്ളക്കടത്ത്‌, മണല്‍ ഖാനനം, ഹവാല, വാഹനവായ്പ സംഘങ്ങള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍ തുടങ്ങിയവ സ്വന്തം ഗുണ്ടാസംഘത്തെ പുലര്‍ത്തുന്നത്‌. ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്‌ പോലീസിലെ പല ഉന്നതന്മാരും ഇവരാണ്‌ ഗുണ്ടകള്‍ക്ക്‌ രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കുന്നത്‌. പോള്‍ വധകേസില്‍ സംശയിക്കപ്പെടുന്ന ഓംപ്രകാശിന്‌ രക്ഷപ്പെടാന്‍ വഴികളൊരുക്കിയത്‌ കൊല്ലത്തെ ഒരു ഡിവൈഎസ്പിയാണെന്ന്‌ വിന്‍സന്‍ എം പോള്‍ അടക്കമുള്ളവര്‍ക്ക്‌ അറിയാം. ഓം പ്രകാശും രാജേഷും സഞ്ചരിച്ച വാഹനം വിട്ടുകൊടുക്കാന്‍ ഒത്താശ ചെയ്തത്‌ ചവറ സിഐ ആണെന്നും ഡിജിപിയടക്കമുള്ളവര്‍ക്കറിയാം.എന്നിട്ടെന്ത്‌
അതാണ്‌ ആതിരേ മന്ത്രിപുത്രന്റെ മിടുക്ക്‌.ആനുഷംഗീകമായി പറയട്ടെ, യുഡിഎഫ്‌ ഭരണകാലത്ത്‌ തോന്ന്യാസം കാണിക്കുന്ന മന്ത്രിപുത്രന്മാരുണ്ടായിരുന്നു.എന്നാല്‍ അവരാരും കോടിയേരിയുടേയും ശ്രീമതിയുടേയും പുത്രന്മാരെപൊലെ തലതെറിച്ചവരായിരുന്നില്ല
കേരളത്തില്‍ ഇതുവരെ 548 പേര്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. എന്നാല്‍, ഇവരില്‍ 200ല്‍ താഴെ പേരെ മാത്രമാണ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്‌. മറ്റുള്ളവര്‍ എവിടെ പോയി എന്നുചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ കഴിയുന്നത്‌ മന്ത്രിപുത്രനും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുമാണ്‌. ഒരു ഓണത്തലേന്ന്‌, ജോലി കഴിഞ്ഞ്‌ പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന യുവാവിനെ കൂട്ടിക്കൊണ്ടുപോയി ഉരുട്ടിക്കൊന്ന വീര്യമൊന്നും ഗുണ്ടകളുടെ നേരെ എടുക്കാന്‍ കേരളപോലീസിന്‌ ധൈര്യം പോര. കാരണം, ഇവരില്‍ നിന്ന്‌ നല്‍കുന്ന മാസപ്പടി സര്‍ക്കാര്‍ ശമ്പളത്തേക്കാള്‍ എത്രയോ ഇരട്ടിയാണ്‌. ഇനി ആരെങ്കിലും ആളുമാറി ഗുണ്ടകളിലൊരാളെ കസ്റ്റഡിയിലെടുത്താല്‍ വിട്ടയക്കാന്‍ അടുത്ത നിമിഷം തന്നെ മുകളില്‍ നിന്ന്‌ വിളിവരും. അതുകൊണ്ട്‌ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നിലപാടാണ്‌ പോലീസിലെ ഭൂരിപക്ഷം പേരും, ഗുണ്ടകളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്‌.
പുരുഷ ഗുണ്ടകള്‍ അരങ്ങുവാഴുന്ന രംഗത്തേയ്ക്ക്‌ ആതിരേ, സ്ര്തീകളും എത്തിക്കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടായായി പ്രഖ്യാപിക്കപ്പെട്ടത്‌ ശോഭ ജോണാണ്‌. കുപ്രസിദ്ധമായ തന്ത്രികേസിലെ പ്രധാന സൂത്രധാരയായിരുന്നു ശോഭ ജോണ്‍. ഇവരുടെ പേരില്‍ വ്യാജ രേഖ ചമയ്ക്കല്‍ മുതല്‍ കൊലപാതക കേസുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ഐപിഎസ്‌ ഉദ്യോഗസ്ഥരുമായുള്ള ചങ്ങാത്തമാണ്‌ ശോഭ ജോണിന്റെ ബിസിനസ്‌ വികസിപ്പിച്ചത്‌. ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല എന്നോര്‍ക്കണം.
ശോഭ ജോണിന്‌ പിന്നാലെയാണ്‌ 50 ഓളം അബ്കാരി കേസുകളില്‍ പ്രതിയായ പാറ്റൂര്‍ ലളിതയും ആറ്റിങ്ങള്‍ റംലയും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളത്‌. പുരുഷ ഗുണ്ടകള്‍ കൈവെച്ച മേഖലകളിലെല്ലാം തന്നെ ഇവരും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു.
മാവേലി നാട്‌ വാണിരുന്ന കേരളത്തിലിനി ആണ്‍ഗുണ്ടകുളടെയും പെണ്‍ഗുണ്ടകളുടെയും കാലം. ജനജീവിതം ഇനി ഇവരായിരിക്കും നിയന്ത്രിക്കുക. പോലീസും നിയമവും നോക്കുകുത്തികളാവും. ഭരിക്കുന്നത്‌ ഈ ഗുണ്ടകളുടെ പിണിയാളുകളായിരിക്കും. എതിര്‍ക്കുന്നവര്‍ അവശേഷിക്കാത്ത ഒരു സമ്പൂര്‍ണ ആധിപത്യം അതിന്റെ തുടക്കമാണ്‌ ചങ്ങനാശേരിയുടെ തെരുവില്‍ ഒരു ക്വട്ടേഷന്‍ സംഘം മൊബെയില്‍ നമ്പര്‍ അടക്കമുള്ള പരസ്യം നല്‍കിയത്‌.
ഗുണ്ടകളുടെ സ്വന്തം നാട്ടിലേയ്ക്ക്‌ വെച്ചടി വെച്ചടി കയറുകയാണ്‌ ആതിരേ മാവേലിയുടെയും ദൈവത്തിന്റെയും സ്വന്തം നാട്‌.
ഒന്നാം മുറിവ്‌:പോള്‍ വധാന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കുകയാണേന്നും പോളിനെ കുത്തിയ ഗൂണ്ടയ്ക്ക്‌ ആര്‍എസ്‌എസ്‌ ബന്ധമുണ്ടെന്നും മാധ്യമങ്ങള്‍ കേസന്വേഷണം വഴിതെറ്റിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പുത്രന്‍ എന്നു പറയാതെ ഏതു മന്ത്രിയുടെ പുത്രന്‍ എന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട്‌ പിണറായി വിജയന്‍ പത്രസമ്മേളനം നടത്തിക്കഴിഞ്ഞു.
ഇനി ഓംപ്രകാശിനും രാജേഷിനും കോടിയേരിക്കും ലേക്കബ്‌ പുന്നൂസിനും ബിനീഷ്‌ കോടിയേരിക്കും വിന്‍സന്‍ എം. പോളിനും ധൈര്യമായി ശ്വാസം വിടാം

Wednesday, August 26, 2009

വിവരക്കേടിനും പിഴ മൂളേണ്ടത്‌ പന്നികളോ


പകര്‍ച്ചപ്പനിയുടെ തിരിച്ചടികള്‍ നോവുകളായി തുടരുമ്പോഴാണ്‌ ആതിരേ കനത്ത ഭീതിയായി പന്നിപ്പനിയും മരണവും കേരളീയരെ ഗ്രസിച്ചത്‌. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ കേരളത്തില്‍ 116 പന്നിപ്പനിക്കാരുണ്ട്‌ ആ സംഖ്യ പച്ചക്കള്ളമാണെന്ന കാര്യത്തില്‍ സംശയമില്ല.
പന്നികളില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട്‌ മനുഷ്യരില്‍ വ്യാപിക്കുകയും ചെയ്തതുകൊണ്ടാണ്‌ എച്ച്‌1എന്‍1 ഫ്ലൂവിന്‌ പന്നിപ്പനി എന്ന പേര്‌ ലഭിച്ചത്‌. മനുഷ്യരില്‍ രോഗം പകരുന്നത്‌, രോഗമുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌. കേരളത്തില്‍ ഈ രോഗം എത്തിയത്‌ വിദേശത്ത്‌ നിന്ന്‌ വന്ന വ്യക്തികളിലൂടെയാണ്‌.
ശാസ്ത്രവും അടിസ്ഥാനവും തത്വവും ഇതായിരിക്കെ കേരളത്തില്‍ വിവരംകെട്ട ചില പഞ്ചായത്ത്‌ ഓഫിസര്‍മാര്‍ കുറ്റമെല്ലാം പന്നികളുടെ തലയില്‍ വെച്ച്‌ കെട്ടി പന്നിഫാമുകള്‍ അടച്ചു പൂട്ടാനുള്ള ശ്രമത്തിലാണ്‌ ആതിരേ.
രോഗവ്യാപനത്തിന്‌ പന്നികള്‍ക്ക്‌ ബന്ധമില്ലെന്ന്‌ രോഗാരോഗ്യ സംഘടനയും ഐഎംഎ പോലുള്ള സംഘടനകളും വിശദീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ പന്നിപ്പനി തടയാനെന്ന പേരില്‍ സംസ്ഥാനത്ത്‌ സ്വകാര്യ പന്നിഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉടമകള്‍ക്ക്‌ ഈ വിവരദോഷികള്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.
സര്‍ക്കാരിന്‌ കീഴിലുള്ള ഏഴെണ്ണം ഉള്‍പ്പെടെ സംസ്ഥാനത്തെ 200ല്‍ പരം ഫാമുകളിലായി 70,000 ഓളം പന്നികളുണ്ടെന്നാണ്‌ കണക്ക്‌. ഈ മേഖലയിലെ സ്വകാര്യ ഫാമുകള്‍ ഏറെയും എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവയിലെല്ലാം നിരീക്ഷണ-പരിശോധന സംവിധാനം കാര്യക്ഷമമാണെന്ന്‌ മൃഗസംരക്ഷണവകുപ്പ്‌ അധികൃതര്‍ പറയുന്നു. എന്നുമാത്രമല്ല പന്നികള്‍ക്ക്‌ പിടിപെടുന്ന പന്നിപ്പനിയെ(സ്വൈന്‍ ഫീവര്‍) പ്രതിരോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ്‌ നിലവില്‍ വാക്സിന്‍ ലഭ്യമാക്കുന്നുണ്ടെന്നും യുപിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ്‌ വാക്സിന്‍ എത്തിക്കുന്നതെന്നും ഫാമുകളില്‍ മാലിന്യമുക്ത നടപടികള്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ടെന്നും വിശദീകരിക്കുമ്പോഴാണ്‌ പഞ്ചായത്തിലെ ഏമാന്മാര്‍ പന്നിഫാമുകള്‍ അടച്ചുപൂട്ടാനുള്ള കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്‌.
മൃഗസംരക്ഷണം, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീവകുപ്പുകളും മാലിന്യ നിര്‍മാര്‍ജന ബോര്‍ഡും ചേര്‍ന്നാണ്‌ സ്ഥലവിസ്തീര്‍ണം, മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പന്നി ഫാമുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നത്‌. എന്നിട്ടും ഫാമുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്‌ നല്‍കിയ വിവരം മൃഗസംരക്ഷണ വകുപ്പ്‌ അറിഞ്ഞിട്ടില്ല എന്നാണ്‌ ഡയറക്ടര്‍ ഇന്‍ചാര്‍ജ്‌ ഡോ. ആര്‍. വിജയകുമാര്‍ പറയുന്നത്‌
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പാലക്കാട്ടെ ഏതാനും ഫാമുകള്‍ പൂട്ടിക്കഴിഞ്ഞു. പന്നിപ്പനി ഭീതി പരന്നതോടെ പന്നിമാംസത്തിന്റെ വ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഫാം പൂട്ടാനുള്ള പഞ്ചായത്ത്‌ അധികൃതരുടെ നോട്ടീസ്‌ ഉടമകളെ കടുത്ത സാമ്പത്തിക വെട്ടിലാക്കിയിട്ടുമുണ്ട്‌.
മനുഷ്യരില്‍ കാണുന്ന എച്ച്‌1എന്‍1 ഫ്ലൂവിനെ പന്നിപ്പനി (സ്വൈന്‍ ഫ്ലൂ) എന്ന്‌ തുടക്കത്തില്‍ വിശേഷിപ്പിച്ചതാണ്‌ ആതിരേ, വിവരക്കേടിന്റെ ഈ നടപടികള്‍ക്ക്‌ കാരണമായിട്ടുള്ളത്‌. പന്നികളില്‍ കാണപ്പെടുന്ന രോഗത്തിന്‌ സ്വൈന്‍ ഫീവര്‍ എന്നാണ്‌ പറയുന്നതെന്ന വാസ്തവം പോലും അറിയാത്ത രാഷ്ട്രീയ നേതാക്കന്മാരാണ്‌ തങ്ങളുടെ ഉത്തരവാദിത്തം പന്നിയുടെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്‌. മാലിന്യം തിന്നുജീവിക്കുന്ന മൃഗമായ പന്നിയെ ഉന്മൂലനം ചെയ്യുംമുമ്പ്‌ പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനത്തിനല്ലേ പഞ്ചായത്തുകള്‍ ശ്രദ്ധവെയയ്ക്കേണ്ടതെന്ന ചോദ്യവും ഇവരുടെ പശ്വാലംഭനത്തിന്‌ ഇരയാകുന്നു
യഥാര്‍ത്ഥത്തില്‍ പകര്‍ച്ചപ്പനിയും പന്നിപ്പനയും കേരളത്തില്‍ വ്യാപകമാകുന്നതിന്‌ പിന്നില്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ വകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും പുലര്‍ത്തുന്ന അതീവ കുറ്റകരമായ അനാസ്ഥയാണ്‌ പ്രഥമസ്ഥാനം വഹിക്കുന്നതെന്ന്‌ ആതിരേപ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ്‌. മഴക്കാലത്തിന്‌ മുമ്പ്‌ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നതിന്റെ തിരിച്ചടിയാണ്‌ പകര്‍ച്ചപ്പനിയായി കേരളീയരെ വേട്ടയാടിത്‌. എന്തസുഖം വ്യാപിച്ചാലും അതുമൂലം എത്രപേര്‍ കൊല്ലപ്പെട്ടാലും നരകിച്ചാലും തന്റെ അഹന്ത നിറഞ്ഞ നിലപാടുകളില്‍ നിന്ന്‌ താഴോട്ടിറങ്ങില്ലെന്ന്‌ കേരളത്തിന്റെ ശാപമായാ ആരോഗ്യമന്ത്രി ശ്രീമതിയും പൊതുജനാരോഗ്യസംരക്ഷണം തങ്ങളുടെ വിഷയമേ അല്ല എന്ന്‌ ആരോഗ്യവകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ശാഠ്യം പിടിക്കുന്നിടത്താണ്‌ ആതിരേ,രോഗാണുക്കള്‍ പെരുകുന്നത്‌.
പന്നിപ്പനി വ്യാപനത്തെ കുറിച്ച്‌ വാര്‍ത്തകള്‍ വന്നപ്പോള്‍ മൗനം പാലിച്ചിരുന്ന വകുപ്പും മേധാവികളും ഒടുവില്‍ മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള ആശുപത്രികളില്‍ പന്നിപ്പനി സ്ഥിരീകരണത്തിനുള്ള പരിശോധനക്കായി ഉത്തരവിട്ടു. ഇത്‌ നല്ല കാര്യമാണല്ലോ എന്ന്‌ ചിന്തിച്ച്‌ ജനങ്ങള്‍ ആശുപത്രികളിലെത്തിയപ്പോഴാണ്‌ വകുപ്പിന്റെയും മന്ത്രിയുടെയും കാപട്യം വ്യക്തമായത്‌. ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പോലും ആവശ്യത്തിന്‌ മാസ്കുകളോ സ്രവം പരിശോധനയ്ക്കുള കിറ്റുകളോ ഏര്‍പ്പെടുത്താതെയാണ്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇങ്ങനെയൊരു ഉത്തരവിറക്കിയത്‌.
അറിയുക, ഇതിന്‌ സമാനമായ മറ്റൊരു വൃത്തികേടും ആരുമറിയാതെ നടക്കുന്നുണ്ട്‌. ഇഎംഎസ്‌ ഭവനപദ്ധതിയുടെ സര്‍വെ ആണത്‌.ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേയ്ക്കായി നിയോഗിച്ചിട്ടുള്ളത്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരെയും ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരയുമാണ്‌. ആരോഗ്യവകുപ്പില്‍ പോലും വന്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുള്ള ഈ നടപടിയില്‍ നിന്ന്‌ പിന്‍മാറാന്‍, പന്നിപ്പനിമൂലമുള്ള മരണം വ്യാപകമായിട്ടും ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഭവനസര്‍വേ നടത്താന്‍ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരുടെ സേവനം വിനിയോഗിക്കാം എന്ന ചീഫ്‌ സെക്രട്ടറിയുടെ നേരത്തെയുള്ള ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ അവരെ ഈ ജോലിയ്ക്ക്‌ നിയോഗിച്ചിരിക്കുന്നത്‌. എന്നാല്‍, പകര്‍ച്ചപ്പനി അടക്കമുള്ള രോഗങ്ങള്‍ വ്യാപിച്ചതോടെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരെ ഈ ജോലിയില്‍ നിന്ന്‌ ഒഴിവാക്കിക്കൊണ്ട്‌ 2009 ജൂലൈ 30ന്‌ ചീഫ്‌ സെക്രട്ടറി പുതിയ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം തമസ്കരിച്ചാണ്‌ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരെ കൊണ്ട്‌ ഭവന സര്‍വേ നടത്തുന്നത്‌. പകര്‍ച്ച പനി രൂക്ഷമായിട്ടുള്ള വടക്കന്‍ ജില്ലകളിലെ എല്ലാ പഞ്ചായത്തുകളിലും ഇവരെ നിര്‍ബന്ധമായ ഭവനസര്‍വേയ്ക്ക്‌ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌.
ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യവകുപ്പിന്‌ കീഴിലാണെങ്കിലും ഇവരുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്‌ നടക്കുന്നത്‌. അതുകൊണ്ട്‌ പഞ്ചായത്തുകള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്‌ ആതിരേ.
ഇതേസമയം പന്നിപ്പനിവ്യാപനം ഗൗരവമായെടുത്ത്‌, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണത്തിനും ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറാകണമെന്ന്‌ ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പന്നിപ്പനി വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തനങ്ങളും ബോധവത്കരണപ്രവര്‍ത്തനങ്ങളും മാത്രമേ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ ചെയ്യാവൂ എന്നും ഉത്തരവിട്ടിട്ടുണ്ട്‌. കാരണം വായുവഴി പകരുന്ന രോഗമായതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകാനാണ്‌ സാധ്യതയെന്നും രോഗബാധിതരെ തിരിച്ചറിയാനാകുമെങ്കിലും രോഗവാഹകരെ കണ്ടെത്തുക എളുപ്പമല്ലെന്നുമാണ്‌ ഡിഎംഒ മാരുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ ആശുപത്രികളെല്ലാം പനിബാധിതരെ കൊണ്ട്‌ നിറയാനുള്ള സാധ്യതയാണുള്ളത്‌ ആതിരേ
ആരോഗ്യവകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും ഭരിക്കുന്ന ചില വിവരദോഷികളുടെ അശാസ്ത്രിയമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്‌ കേരളത്തില്‍ പന്നിപ്പനി വ്യാപകമാകുന്ന്‌. ഈ സത്യം മറച്ചുവെച്ച്‌ തങ്ങള്‍ ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പാര്‍ട്ടിക്കാരാണ്‌ എന്ന അഹന്തയിലാണ്‌ ചില പഞ്ചായത്ത്‌ ഉദ്യോഗസ്ഥര്‍ പന്നിഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്‌. രണ്ടുണ്ട്‌ ഇതുകൊണ്ട്‌ നേട്ടം. ഒന്ന്‌ ഫാമുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ ഉടമകളില്‍ നിന്ന്‌ ലഭിക്കുന്ന വന്‍ കൈക്കൂലി. രണ്ട്‌, രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തം പന്നികളുടെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടുകയും ചെയ്യാം.
ഇത്തരം ഔദ്യോഗിക മൃഗങ്ങളെ കയ്യോടെ കശാപ്പ്‌ ചെയ്യാത്ത പക്ഷം പന്നിപ്പനി രോഗബാധിതരാകാനും അത്‌ മൂലം കൊല്ലപ്പെടാനുമാണ്‌ കേരളീയരുടെ ഓണക്കാല വിധി, ആതിരേ

Tuesday, August 25, 2009

ജിന്നയും അധ്വാനിയും പിന്നെ ജസ്വന്തും


പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ്‌ മുഹമ്മദാലി ജിന്നയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങളും ഇന്ത്യവിഭജനത്തെ കുറിച്ചുള്ള സ്വകാര്യമായ വീക്ഷണങ്ങളും അടങ്ങുന്ന ജസ്വന്ത്‌ സിംഗിന്റെ 'ജിന്ന-ഇന്ത്യ പാര്‍ട്ടീഷ്യന്‍, ഇന്‍ഡിപെന്റന്‍സ്‌' പുസ്തകം അദ്ദേഹത്തിനു തന്നെ വിനയായിരിക്കുകയാണ്‌ ആതിരേ. ഈ പുസ്തകത്തിന്റെ പേരില്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ ജസ്വന്ത്‌ സിംഗിനെ പുറത്താക്കുകയും ചെയ്തു.
ഒരു പുസ്തകത്തില്‍, അസുഖകരമായ ചില പരാമര്‍ശങ്ങള്‍ നടത്തി എന്നതല്ല ജസ്വന്ത്‌ സിംഗിനെതിരായ കടുത്ത നടപടിക്ക്കാരണം എന്നറിയുക.. രണ്ട്‌ പൊതു തെരഞ്ഞെടുപ്പുകളില്‍ തോറ്റ്‌ ജനങ്ങളില്‍ നിന്ന്‌ അകന്നുകൊണ്ടിരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വ നിരയിലുള്ള കിടമത്സരത്തിന്റെയും പടലപിണക്കത്തിന്റെയും ബലിയാടാവുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ജസ്വന്ത്‌ സിംഗ്‌. (അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ജസ്വന്ത്‌ സിംഗിന്റെ നിലപാടിനെ സമര്‍ത്ഥിച്ച്‌ ആര്‍എസ്‌എസിന്റെ മുന്‍ സര്‍സംഘചാലക്‌ കെ.എസ്‌. സുദര്‍ശന്‍ ഇപ്പോള്‍ മുന്നോട്ടുവന്നിട്ടുള്ളത്‌)
ആഭ്യന്തരപ്രശ്നങ്ങളുടെ ചുഴിയില്‍ പെട്ടുഴലുകയാണ്‌ ബിജെപി. ദിവസം കഴിയുംതോറും പ്രശ്നങ്ങള്‍ കൂടുതലായി പൊന്തിവരികയും അവ രൂക്ഷമാവുകയും ചെയ്യുകയാണ്‌. തലമുതിര്‍ന്ന നേതാവ്‌ മദന്‍ലാല്‍ ഖുറാനയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയിട്ട്‌ ഒരു വര്‍ഷമായിട്ടില്ല. അതിനു പിന്നാലെയാണ്‌ ജസ്വന്ത്‌ സിംഗിനെതിരെ നടപടിയുണ്ടായിട്ടുള്ളത്‌. (വിജയരാജെ സിന്ധ്യയ്ക്കെതിരെ നടപടിക്ക്‌ മുതിര്‍ന്ന്‌ പിന്നെ നേതൃത്വം തല്‍ക്കാലത്തേക്ക്‌ അടങ്ങിയതും ഓര്‍ക്കുക)
ബിജെപിയുടെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ്‌ ജസ്വന്ത്‌ സിംഗ്‌. പ്രതിരോധമന്ത്രി, ധനമന്ത്രി, വിദേശകാര്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്‌. 2001ല്‍ മികച്ച പാര്‍ലമെന്റ്‌അംഗം എന്ന അംഗീകാരവും ജസ്വന്ത്‌ സിംഗിനെ തേടിയെത്തിയിരുന്നു.
എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു, ആതിരേ ജസ്വന്ത്‌ സിംഗ്‌. വാജ്പേയി മന്ത്രിസഭയില്‍ വിദേശകാര്യം കൈകാര്യം ചെയ്ത നാളുകളിലാണ്‌ അദ്ദേഹം ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ ഇരയായതും ഒരു വേള കുപ്രസിദ്ധനായി തീര്‍ന്നതും. കാണ്ഡഹാറിലേക്ക്‌ തട്ടിക്കൊണ്ടുപോയ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാന്‍ മൂന്ന്‌ പാക്കിസ്ഥാന്‍ ഭീകരവാദികളെ വിട്ടുകൊടുത്തതാണ്‌ ആ സംഭവം. 1999 ഡിസംബര്‍ 24 നാണ്‌ വിമാന റാഞ്ചല്‍ നടന്നത്‌. ബന്ദികളായ യാത്രക്കാരെ വിട്ടയക്കാന്‍ ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന പാക്‌ തീവ്രവാദികളായ മൗലാന മസൂദ്‌ അസര്‍, അഹമ്മദ്‌ ഒമാര്‍ സായീദ്‌, മുഷ്ഠാഖ്‌ അഹമ്മദ്‌ സര്‍ദാര്‍ എന്നീ ഭീകരന്മാരുമായി ജസ്വന്ത്‌ സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലെത്തുകയും ഡിസംബര്‍ 31ന്‌ വിവാദങ്ങളുടെ ആകാശത്തിലൂടെ യാത്രക്കാരുമായി അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു.
ജസ്വന്ത്‌ സിംഗിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധികളുടെ പിടിപ്പുകേടാണ്‌ ഈ കീഴടങ്ങലിന്‌ കാരണമെന്ന്‌ അന്ന്‌ മാധ്യമങ്ങളും പ്രതിപക്ഷവും കഠിനപദങ്ങളില്‍ ആരോപിച്ചിരുന്നു. എന്നാല്‍, നൂറിലധികം യാത്രക്കാരെ തീവ്രവാദികളുടെ തോക്കിന്‍മുനയില്‍ നിന്ന്‌ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സംതൃപ്തിയുണ്ട്‌ എന്നായിരുന്നു അന്ന്‌ ജസ്വന്ത്‌ സിംഗിന്റെ പ്രതികരണം.
2009ലെ പൊതു തെരഞ്ഞെടുപ്പ്‌ വേളയിലും ജസ്വന്തുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമുയര്‍ന്നിരുന്നു ആതിരേ. ഡാര്‍ജിലിങ്ങില്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ച ഡാവാ ഷെര്‍പ്പയെ മറികടന്ന്‌ അദ്ദേഹം സ്ഥാനാര്‍ത്ഥിയായതായിരുന്നു കാരണം. ബിജെപിയുടെ പോഷകസംഘടനയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ അനിഷേധ്യ നേതാവായ ഷെര്‍പ്പയ്ക്കെതിരെ ജസ്വന്ത്‌ സിംഗ്‌ രംഗത്തെത്തിയത്‌ ഏറെ കോളിളക്കം പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ജസ്വന്ത്‌ സിംഗ്‌ തന്നെ അവിടെ മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇങ്ങനെ രാഷ്ട്രീയ ജീവിതത്തിലാകെ വിവാദങ്ങള്‍ മാത്രം സൃഷ്ടിച്ചിട്ടുള്ള ജസ്വന്ത്‌ സിംഗിന്റെ പുതിയ നിലപാടുകളായിരുന്നു ജിന്നയെ കുറിച്ചും ഇന്ത്യ വിഭജനത്തെ കുറിച്ചും തന്റെ പുസ്തകത്തില്‍ അദ്ദേഹം കുറിച്ചത്‌. ഇന്ത്യ വിഭജനം, ഹിന്ദുമുസ്ലീം ഐക്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍ നിന്ന്‌ പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ്‌ എന്ന പദവിയിലേയ്ക്കുള്ള ജിന്നയുടെ പരിണാമം എന്നിവയാണ്‌ ഏറെ കോളിളക്കം ഉണ്ടാക്കിയിട്ടുള്ള പരാമര്‍ശങ്ങള്‍. വിഭജനത്തെ പറ്റി ഒട്ടേറെ ചോദ്യങ്ങളാണ്‌ ആതിരേ, ജസ്വന്ത്‌ സിംഗ്‌ തന്റെ പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്‌. നെഹ്‌റുവും പട്ടേലും ഇന്ത്യാവിഭജനം 'സമ്മതിച്ചുകൊടുത്തില്ലാ' യിരുന്നെങ്കില്‍ മുഹമ്മദാലി ജിന്നയ്ക്ക്‌ പാക്കിസ്ഥാന്‍ രൂപീകരിക്കാന്‍ കഴിയുകയില്ലായിരുന്നു എന്നാണ്‌ അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ബ്രിട്ടീഷുകാര്‍ വിഭജനത്തിന്റെ 'വയറ്റാട്ടികളായി' എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.
വിഭജനം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിന്‌ വിപരീത ഫലമാണ്‌ ഉണ്ടാക്കിയതെന്ന്‌ ജസ്വന്ത്‌ സിംഗ്‌ നിരീക്ഷിക്കുന്നു. മത-സമുദായ വൈരം പരിഹരിക്കുന്നതിന്‌ പകരം മതവിഭജനത്തിലേയ്ക്ക്‌ ജനങ്ങളെ തള്ളിയിടാന്‍ മാത്രമാണ്‌ അതുകൊണ്ട്‌ സാധിച്ചുള്ളു എന്നാണ്‌ ജസ്വന്തിന്റെ പക്ഷം. ജിന്നയും നെഹ്‌റുവും മുസ്ലീങ്ങള്‍ക്ക്‌ പ്രത്യേക പദവി ആവശ്യപ്പെട്ടതായും ജിന്ന നേരിട്ടും നെഹ്‌റു പരോക്ഷമായും ഇതിനെ പിന്താങ്ങയെന്നും ജസ്വന്ത്‌ വിവരിക്കുന്നു.
എന്നു മാത്രമല്ല ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക്‌ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനുള്ള വിലപേശല്‍ തന്ത്രമായിരുന്നു ജിന്നയുടെ പാക്കിസ്ഥാന്‍ വാദമെന്നും നെഹ്‌റു ഈ നിലപാടുമായും മുന്നോട്ടുപോയി എന്നും പുസ്തകത്തിലാരോപിക്കുന്നു. മഹാത്മജിയോ രാജാജിയോ ആസാദോ ആയിരുന്നു ഈ തീരുമാനമെടുത്തതെങ്കില്‍ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല. ജിന്ന ഹിന്ദുക്കളെ എതിര്‍ത്തിരുന്നു എന്നത്‌ തെറ്റായ വാദമാണ്‌. മുസ്ലീങ്ങള്‍ക്ക്‌ ഇന്നത്തെ അവസ്ഥ ഉണ്ടായത്‌ ഇന്ത്യ വിഭജനം മൂലമാണ്‌. - ഇങ്ങനെ പോകുന്നു ജസ്വന്തിന്റെ നിരീക്ഷണങ്ങള്‍.
പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയതിന്‌ പിന്നാലെ ഗുജറാത്തില്‍ ജസ്വന്ത്‌ സിംഗിന്റെ പുസ്തകം മുഖ്യമന്ത്രി നരേന്ദ്രമോഡി നിരോധിച്ചതോടെ പുതിയ വിവാദവും മുളപൊട്ടിയിട്ടുണ്ട്‌. ഒരു പുസ്തകം നിരോധിക്കുക എന്നാല്‍ ഒരു ആശയത്തെ നിഷേധിക്കുകയാണ്‌ എന്ന്‌ ജസ്വന്ത്‌ തന്നെ തിരിച്ചടിച്ചിട്ടുണ്ട്‌.
മേല്‍ സൂചിപ്പിച്ച നിരീക്ഷണങ്ങള്‍ അത്രമാത്രം ബിജെപി വിരുദ്ധവും ജിന്നയെ വെള്ളപൂശുന്നതുമാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല ആതിരേ. എന്നുമാത്രമല്ല, ജിന്നയെ കുറിച്ച്‌ മുമ്പ്‌ എല്‍കെ അദ്വാനി നടത്തിയ പരാമര്‍ശങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ജസ്വന്തിന്റെ നിരീക്ഷണങ്ങള്‍ അത്രയേറെ പാര്‍ട്ടിവിരുദ്ധവും ഇന്ത്യാവിരുദ്ധവുമാണെന്ന്‌ പറയാനും കഴിയുകയില്ല. പാക്കിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ ജിന്നയുടെ ജന്മനാട്ടില്‍ വെച്ചാണ്‌ ജിന്ന മതേതര വാദിയാണെന്ന്‌ അദ്വാനി പ്രഖ്യാപിച്ചതെന്നോര്‍ക്കുക. അത്‌ പാര്‍ട്ടിയില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പാര്‍ട്ടി പ്രസിഡണ്ട്‌ സ്ഥാനം രാജിവെയ്ക്കാന്‍ അദ്വാനി തയ്യാറായതാണ്‌. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട്‌ വിവാദം അവസാനിപ്പിച്ച്‌ അദ്വാനിയെ രക്ഷിക്കുകയായിരുന്നു.
അങ്ങനെ നോക്കുമ്പോള്‍, ആതിരേ, ഏറെ നിരുപദ്രവകാരിയും ഒരു എഴുത്തുകാരന്റെ സ്വകാര്യ വീക്ഷണവുമായ ജിന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അത്രയ്ക്കൊന്നും കോളിളക്കം സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍, ജസ്വന്തിനെ പുറത്താക്കിക്കൊണ്ടാണ്‌ പാര്‍ട്ടി ഈ വിഷയത്തോട്‌ പ്രതികരിച്ചിട്ടുള്ളത്‌. നെഹ്‌റുവിനെയും ആസാദിനെയും രാജാജിയെയും വിമര്‍ശിച്ചതില്‍ ബിജെപി നേതൃത്വത്തിനോ ആര്‍എസ്‌എസിനൊ അത്രയൊന്നും അസ്കിത ഉണ്ടെന്ന്‌ തോന്നുന്നില്ല. എന്നാല്‍, ഗുജറാത്തുകാരുടെ പൂജാ വിഗ്രഹമായ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ വിമര്‍ശിച്ചത്‌ മോഡിയടക്കമുള്ള നേതാക്കള്‍ക്ക്‌ രസിച്ചിട്ടില്ല.അതാണ്‌ ഒരു കാരണം.
യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിലെ പരാമര്‍ശങ്ങളൊന്നുമല്ല ജസ്വന്തിന്റെ പുറത്താക്കലിന്‌ കാരണം ആതിരേ. നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ട്‌ തെരഞ്ഞെ ടുപ്പുകളില്‍ തോറ്റ്‌ നേതൃത്വത്തിനെതിരെയുള്ള കലാപം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയില്‍ അതിന്റെ സ്വാഭാവികമോ അല്ലെങ്കില്‍ കരുതിക്കൂട്ടിയുണ്ടാക്കിയ പരിണാമമോ ആണ്‌ ഈ പുറത്താക്കല്‍. നേതൃത്വത്തിനെതിരെ തുടരുന്ന കലാപങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ ആര്‍എസ്‌എസ്‌ അധ്യക്ഷന്‍ മോഹന്‍ ഭാഗവത്‌ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ്‌ ഈ സംഭവം എന്നും കൂട്ടി വായിക്കണം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ ജസ്വന്ത്‌ കഠിനപദങ്ങളാലാണ്‌ വിമര്‍ശിച്ചിരുന്നത്‌. സുഷമാ സ്വരാജിനെ ലോകസഭാ കക്ഷി നേതാവായും അരുണ്‍ ജെയ്റ്റിലിയെ ഉപനേതാവായും തെരഞ്ഞെടുത്തതിനെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്കൊണ്ടാണ്‌ ജസ്വന്ത്‌ ആക്രമിച്ചത്‌.ഈ കത്ത്‌ ഷിമ്ലയില്‍ നടക്കുന്ന ചിന്തന്‍ ബൈഠക്കില്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു രാജ്നാഥ്‌ സിംഗും ലാല്‍ കൃഷണ അദ്വാനിയും സമ്മതിച്ചിരുന്നത്‌.എന്നാല്‍ ഷിമ്ലയിലേയ്ക്കു യാത്രയ്ക്ക്‌ ജസ്വന്ത്‌ സിംഗ്‌ തയ്യാറായപ്പോഴെയ്ക്കും പുറത്താക്കല്‍ നറ്റപടിയുണ്ടാക്കി നേതൃത്വം മുഖം രക്ഷിക്കുകയായിരുന്നു. സുഷമയും ജെയ്റ്റിലിയും ജസ്വന്തും പാര്‍ട്ടിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമത്തിലായിരുന്നു ഈ ദിവസങ്ങളത്രയും. അതിന്റേയും ദാരുണ പരിണാമമായിട്ടു മാത്രമേ ഈ പുറത്താക്കലിനെ കാണാന്‍ കഴിയു.
മൂല്യങ്ങള്‍ നഷ്ടപ്പെടുകയും ജനങ്ങളില്‍ നിന്ന്‌ അകലുകയും ചെയ്യുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും നേതൃത്വത്തിനും സംഭവിക്കുന്ന ഇടര്‍ച്ച തന്നെയാണ്‌ ഇപ്പോള്‍ ബിജെപിയിലും നടന്നുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ജസ്വന്ത്‌ ബലിയാടാണെങ്കിലും അദ്ദേഹത്തിന്‌ വേണ്ടി കണ്ണീരൊഴുക്കാന്‍ പാര്‍ട്ടി അണികള്‍ പോലും തയ്യാറല്ല. പിന്നെ പറഞ്ഞിട്ടെന്ത്‌ ആതിരേ.

Monday, August 24, 2009

ഭീകരവാദികളെ സംരക്ഷിക്കുന്ന ആഭ്യന്തരവകുപ്പ്‌



കേരളത്തില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുന്നത്‌ ആരാണെന്ന ചോദ്യത്തിന്‌ ആതിരേ ഇപ്പോള്‍ ഒരു ഒറ്റ ഉത്തരമേ ഉള്ളു- ആഭ്യന്തരവകുപ്പ്‌. അതല്ലെങ്കില്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട തീവ്രവാദ കേസുകളുടെ അന്വേഷണം ഇങ്ങനെ അട്ടിമറിക്കപ്പെടുകയില്ലായിരുന്നല്ലോ.
കേരളത്തില്‍ പലയിടത്തും നടന്ന ബോംബ്‌ സ്ഫോടനം, ബസ്‌ കത്തിക്കല്‍ തുടങ്ങി പല കേസുകള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന്‌ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‌ കൈമാറിയത്‌ മറ്റ്‌ മൂന്ന്‌ കേസുകള്‍ മാത്രം -കശ്മീരില്‍ പോയി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്‌ എടക്കാട്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത 356/08 എന്ന കേസും പാനായികുളം,വാഗമണ്‍ കേസുകളും-
കോഴിക്കോട്‌ ബസ്‌ സ്റ്റാന്‍ഡിലെ ഇരട്ട സ്ഫോടനം, കളമശേരിയിലെ ബസ്‌ കത്തിക്കല്‍, എറണാകുളം കളക്ട്രേറ്റിലെ ബോംബ്‌ സ്ഫോടനം എന്നീ കേസുകളില്‍ തീവ്രവാദ ബന്ധമുണ്ടെന്ന്‌ വ്യക്തമായ സൂചനകളാണ്‌ പോലീസിന്‌ ലഭിച്ചിരുന്നത്‌. മാധ്യമങ്ങള്‍ക്കും ഇതു സംബന്ധിച്ച സൂചനകളും നിഷേധിക്കാനാവാത്ത തെളിവുകളും ലഭിച്ചിരുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനെന്ന നിലയില്‍ പോലീസ്‌ തേടുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ്‌ ഈ കേസുകളിലെ പല പ്രതികളും. എന്നിട്ടും ആതിരേ ഈ കേസുകള്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‌ കൈമാറിയിട്ടില്ല എന്നു വരുമ്പോള്‍ നാം എന്തണ്‌ ഊഹിക്കേണ്ടത്‌..?
എറണാകുളം സ്ഫോടനത്തോടനുബന്ധിച്ചുള്ള അന്വേഷണത്തില്‍ അറസ്റ്റിലായ അബ്ദുള്‍ ഹാലിം പോലീസിന്‌ നല്‍കിയ മൊഴിയില്‍ കോയമ്പത്തൂര്‍ സ്ഫോടനവുമായി അബ്ദുള്‍ നാസര്‍ മദനിക്ക്‌ പങ്കുണ്ട്‌ എന്ന്‌ സൂചിപ്പിച്ചിരുന്നു. മദനിയുടെ ജയില്‍ മോചനം ലക്ഷ്യമിട്ട്‌ നടത്തിയ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ഇവരുമായി മദനിയുടെ ഭാര്യ സൂഫി മദനി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും പോലീസിനും മാധ്യമങ്ങള്‍ക്കും തെളിവുകള്‍ ലഭിച്ചതാണ്‌. ഇവ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. എന്നിട്ടും മദനിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിഡിപിയെയും സംരക്ഷിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം കാണിച്ച ശുഷ്കാന്തി ഒരിക്കല്‍ കൂടി ഓര്‍ക്കുക. ആരോപണവിധേയരായ മദനിയെയും ഭാര്യയെയും പേരിനെങ്കിലും ചോദ്യം ചെയ്യാന്‍ തയ്യാറായത്‌ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ നാണം കെട്ട പരാജയം കൊണ്ടു മാത്രമായിരുന്നു.
അബ്ദുള്‍ ഹാലിമിനെ കുറിച്ച്‌ പോലീസിന്‌ നേരത്തെ വിവരം ലഭിച്ചിരുന്നു എന്നാണ്‌ ആതിരേ, പുറത്ത്‌ വന്നിട്ടുള്ള സൂചനകള്‍. എന്നാല്‍, ഇലക്ഷന്‍ കഴിയുന്നതുവരെ അദ്ദേഹത്തിന്റെ അറസ്റ്റ്‌ നീട്ടിക്കൊണ്ട്‌ പോവുകയായിരുന്നു . ഇതിന്‌ നിര്‍ബന്ധിച്ചത്‌ സിപിഎമ്മിലെ ചില ഉന്നതരും ആഭ്യന്തരമന്ത്രിയുടെ ഓഫീസുമായിരുന്നു . ഇങ്ങനെ കേരളത്തെ നടുക്കിയ ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവരെ സംരക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ്‌ അനാശാസ്യമായ താല്‍പര്യം കാണിച്ചു എന്നാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്ന വാസ്തവങ്ങള്‍
ഡിഐജി ടി.കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ്‌ തീവ്രവാദ വിരുദ്ധ സ്ക്വാഡ്‌ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍, ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തിന്‌ അത്യാവശ്യമായ സൗകര്യങ്ങള്‍ പോലും ആഭ്യന്തരവകുപ്പ്‌ ഒരുക്കിയിട്ടില്ല എന്ന്‌ പറയുമ്പോള്‍ എന്താണ്‌ മനസ്സിലാക്കേണ്ടത്‌ ആതിരേ..? എന്നുമാത്രമല്ല തീവ്രവാദ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ പോലും ഏകോപനമില്ല എന്ന ഞെട്ടിക്കുന്ന വാസ്തവവും നിലനില്‍ക്കുന്നു. ഉദാഹരണത്തിന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ എറണാകുളം കളക്ട്രേറ്റ്‌ സ്ഫോടന കേസ്‌ അന്വേഷിക്കുന്നത്‌ . ഇതില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഡിവൈഎസ്പി എ.പി. ഷൗക്കത്താലിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ മാത്രം. അതുപോലെ തന്നെ കോഴിക്കോട്‌ ഇരട്ട സ്ഫോടനകേസ്‌ അന്വേഷിക്കുന്നത്‌ ക്രൈംബ്രാഞ്ച്‌ (എസ്‌ഐജി-3) ആണ്‌. കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അന്വേഷിക്കുന്നത്‌ ലോക്കല്‍ പോലീസും.
അറിയുക, ഈ കേസ്‌ അന്വേഷണങ്ങള്‍ ഏകോപിപ്പിക്കാതിരിക്കുന്നത്‌ മൂലം തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അവരിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ആരെയും കൂസാതെ കേരളത്തില്‍ വിലസാന്‍ കഴിയുന്നു. തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച്‌ പല ഉദ്യോഗസ്ഥന്മാരുടെ കയ്യിലുള്ള വിവരങ്ങളടെ ക്രോഡീകരണവും നടക്കുന്നില്ല. ഈ ക്രോഡീകരണമില്ലായ്മ മൂലമാണ്‌ കോഴിക്കോട്‌ ഇരട്ട സ്ഫോടനകേസിലെ പ്രതി അബ്ദുള്‍ ഹാലിമിനെ അറസ്റ്റ്‌ ചെയ്യാന്‍ വൈകിയത്‌. മറ്റൊരു കള്ളക്കളി കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌ ഹാലിമിനെ ഈ കേസിലെ പ്രധാന പ്രതിയായി അവതരിപ്പിച്ചെങ്കിലും തുടരന്വേഷണത്തിന്‌ ക്രൈം ബ്രാഞ്ച്‌ ഹാലിമിനെ കസ്റ്റഡിയില്‍ വാങ്ങിയത്‌ 4 ദിവസത്തിന്‌ ശേഷമാണ്‌.
തീവ്രവാദ പ്രവര്‍ത്തനം സംസ്ഥാനത്ത്‌ കൂടുതല്‍ വ്യാപകമാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കാനും തീവ്രവാദ വിരുദ്ധ സ്ക്വാഡിനോട്‌ ആവശ്യപ്പെട്ടിട്ടില്ല. ഓര്‍ക്കണം സംസ്ഥാന-ജില്ലാ സ്പെഷല്‍ ബ്രാഞ്ച്‌ പോലീസുകളുടെ രഹസ്യാന്വേഷണം ഇക്കാര്യത്തില്‍ മതിയാകില്ല എന്നറിഞ്ഞിട്ടാണ്‌ തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യ വിവരം ശേഖരിക്കാന്‍ സംവിധാനമേര്‍പ്പെടുത്താതിരിക്കുന്നത്‌.
മറ്റൊന്ന്‌, സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ കള്ളനോട്ട്‌, ഹവാല മാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്നത്‌ വസ്തുതയാണ്‌. എന്നാല്‍, ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെട്ട്‌ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം പോലും ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കസ്റ്റംസ്‌, റവന്യൂ ഇന്റലിജന്‍സ്‌, എന്‍ഫോഴ്സ്മെന്റ്‌ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഉള്‍പ്പെട്ടവരുമായി സംസ്ഥാനത്തെ തീവ്രാദകേസുകളിലെ പ്രതികള്‍ക്ക്‌ ബന്ധമുണ്ടെന്ന സൂചനകളും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. എന്നിട്ടാണ്‌ ഈ മൗനം.
തീവ്രവാദ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട്‌ അയല്‍ സംസ്ഥാനങ്ങളിലും നഗരങ്ങളിലും കഴിയേണ്ടിവരുന്ന സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ഉണ്ടാവുന്ന സാങ്കേതികവും സാമ്പത്തികവുമായ ബുദ്ധുമുട്ടുകള്‍ പോലും പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. ഈ സ്ക്വാഡിന്റെ പ്രവര്‍ത്തനത്തെ ഹനിക്കുന്ന അസൗകര്യങ്ങള്‍ നിരവധിയാണ്‌. ഇവര്‍ ആവശ്യപ്പെട്ടാല്‍ പോലീസ്‌ ജീപ്പ്പ്പോ മറ്റു വാഹനങ്ങളൊ വിട്ടുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ പലപ്പോഴും തയ്യാറല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഹാലിമിന്റെ അറസ്റ്റ്‌. കണ്ണൂര്‍ സിറ്റിയില്‍ വെച്ച്‌ പിടികൂടിയ ഹാലിമിനെ സ്റ്റേഷനിലെത്തിക്കാന്‍ പോലീസ്‌ വാഹനം ആവശ്യപ്പെട്ടിട്ട്‌ അത്‌ നല്‍കാന്‍ ജില്ലാ പോലീസ്‌ ഭരണകൂടം തയ്യാറായില്ല. തന്മൂലം ഓട്ടോറിക്ഷയിലാണ്‌ ഹാലിമിനെ സ്റ്റേഷനിലെത്തിച്ചത്‌. ഇതിനുപുറമെയാണ്‌ സ്ക്വാഡിന്‌ പ്രത്യേക ഓഫീസും സ്റ്റാഫിനെയും നല്‍കാതെ ആഭ്യന്തരവകുപ്പ്‌ ഉരുണ്ട്‌ കളിക്കുന്നത്‌.
ഇത്തരത്തിലാണ്‌ ആതിരേ,കോടിയേരി ബാലകൃഷ്ണനും ഡിജിപി ജേക്കബ്‌ പുന്നൂസും തീവ്രവാദ പ്രവര്‍ത്തനത്തെ നേരിടുന്നത്‌. ഇത്‌ തീവ്രവാദികളെ പിടികൂടാനല്ല മറിച്ച്‌ അവരെയും അവരുമായി ബന്ധമുള്ള ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമാണിമാരെയും രക്ഷിക്കാനുള്ള തന്ത്രം മാത്രമാണ്‌. എവിടെയെങ്കിലും ഒരു ഭീഷണിയുണ്ടാകുമ്പോള്‍ ലാത്തിയും തെറിയുമായി എത്തി കാടിളക്കാനും പോലീസുകാര്‍ തയ്യാറായപ്പോഴെല്ലാം അതിനെ വിമര്‍ശിച്ചവരാണ്‌ മാധ്യമങ്ങള്‍. എന്നാല്‍, ഇപ്പോഴാണ്‌ സത്യം വെളിവായത്‌. പോലീസുകാരുടെയും കൈക്കും കാലിനും വിലങ്ങണിയിച്ചാണ്‌ ആഭ്യന്തരവകുപ്പ്‌ തീവ്രവാദികളെ സംരക്ഷിക്കുന്നത്‌. നാളെ ഏത്‌ സമയത്ത്‌ വേണമെങ്കിലും തീവ്രവാദികളുടെ ബോംബ്‌ ആക്രമണത്തില്‍ നമ്മില്‍ പലരും കൊല്ലപ്പെടാം. അല്ലെങ്കില അവരുടെ ബന്ദികളാകാം. ഈ ഭീതിയാണ്‌ ഇന്ന്‌ കേരളീയരെ ഭരിക്കുന്നത്‌. അപ്പോഴും കേരളത്തില്‍ ഭീകരവാദ പ്രവര്‍ത്തനം ഭയാനകമായ രീതിയില്‍ ഇല്ലെന്നും ക്രമസമാധാന നില ഭദ്രമാണെന്നും പ്രഖ്യാപിച്ച്‌ ആഭ്യന്തരമന്ത്രയും ഡിജിപിയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.
ആതിരേ,ഭയപ്പെടേണ്ടത്‌ ഈ ഭീകരവാദികളെയാണ്‌.

Sunday, August 23, 2009

ഓണമുണ്ണാനുള്ള ഭാഗ്യം നിഷേധിക്കപ്പെട്ട അധ്യാപകരും റവന്യൂ ജീവനക്കാരും


ആതിരേ,സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മ മൂലം ശമ്പളം ലഭിക്കാതെ ഈ വര്‍ഷത്തെ ഓണദിവസങ്ങളില്‍ ബുദ്ധിമുട്ടാന്‍ വിധിക്കപ്പെട്ടവര്‍ 3500 അധ്യാപകരും 322 റവന്യൂ ജീവനക്കാരും.
പിടിപ്പുകേടും പ്രതിബദ്ധതയില്ലായ്മയും മൂലം പൊതുവിപണിയിലെ വില അനുനിമിഷം കുതിച്ചുയരുന്നതുകൊണ്ട്‌ കേരളത്തിന്‌ പൊതുവെ ഈ വര്‍ഷത്തെ ഓണം രുചികരമായിരിക്കുകയില്ല. വിലനിയന്ത്രണത്തിന്‌ സര്‍ക്കാര്‍ ഇടപെടുമെന്ന്‌ കരുതിയിരുന്ന സാധാരണക്കാര്‍ അങ്ങനെ നിശേഷം വഞ്ചിക്കപ്പെട്ടിരിക്കുകയാണ്‌. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ്‌ ഇതിന്‌ ഒരുപരിധിവരെ കാരണമായിട്ടുള്ളത്‌. ധനമന്ത്രാലയം ഭരിക്കുന്ന ഡോ. തോമസ്‌ ഐസക്കും അദ്ദേഹം ഉള്‍പ്പെടുന്ന ഔദ്യോഗിക പക്ഷവും സ്വീകരിച്ചിട്ടുള്ള ധാര്‍ഷ്ട്യവും തന്നിഷ്ടം നിറഞ്ഞതുമായ നിലപാടുകളാണ്‌ ഇത്തവണത്തെ ഓണവിപണിയിലെ വിലക്കയറ്റത്തിന്‌ പ്രധാന കാരണം. സഹകരണമന്ത്രി ജി. സുധാകരനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തില്‍ നിന്ന്‌ ദേവസ്വം വകുപ്പ്‌ അടര്‍ത്തിയെടുത്ത്‌ കടന്നപ്പള്ളി രാമചന്ദ്രന്‌ നല്‍കിയതിന്റെ തുടര്‍ച്ചയായി സഹകരണവകുപ്പിന്‌, ഓണച്ചന്തകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ട പണം നല്‍കാതെ അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളിലും പൊതുജനമധ്യത്തിലും താറടിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇതുമൂലം തോമസ്‌ ഐസക്കിനോ പിണറായി വിജയനോ ജയരാജന്മാര്‍ക്കോ അല്ല നഷ്ടമുണ്ടാകുന്നത്‌ മറിച്ച്‌ അവര്‍ക്ക്‌ വോട്ട്‌ ചെയ്തവരും അവരെ നേതാക്കന്മാരായി കൊണ്ടുനടക്കുന്നവരും അടങ്ങുന്ന സാധാരണ ജനങ്ങള്‍ക്കാണ്‌. ഓണം അങ്ങനെ ഇത്തവണ കൈപ്പേറിയതായി മാറിയതിനിടയിലാണ്‌,ആതിരെ രണ്ട്‌ വകുപ്പുകളുടെ കൊള്ളരുതായ്മ മൂലം 3750 ഓളം ജീവനക്കാര്‍ ശമ്പളമില്ലാതെ വലയുന്നത്‌.
അറിയുക,നാല്‌ വര്‍ഷമായി നിയമനഅംഗീകാരമില്ലാതെ ബുദ്ധിമുട്ടുന്നവരാണ്‌ സംസ്ഥാനത്തെ 3500 ല്‍ അധികം അധ്യാപകര്‍. ഇവരില്‍ ഭൂരിപക്ഷവും എയ്ഡഡ്‌ സ്കൂളുകളിലാണ്‌ ജോലി നോക്കുന്നത്‌. പഠിപ്പിക്കലാണ്‌ ജോലിയെങ്കിലും ശമ്പളം കിട്ടാത്തതുമൂലം ഇവരില്‍ പലരും നിത്യവൃത്തിയ്ക്ക്‌ ആശ്രയിക്കുന്നത്‌ കൂലിപ്പണിയാണെന്ന്‌ പറയുമ്പോള്‍ രണ്ടാം മുണ്ടശേരി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തെമ്മാടിത്തം ഊഹിക്കാനാകുന്നില്ലെ?
എയ്ഡഡ്‌ ഹൈസ്കൂളുകളിലും യുപി സ്കൂളുകളിലും വിദ്യാര്‍ത്ഥികളുടെ വര്‍ധന മൂലം അധികം വന്ന തസ്തികകളിലേയ്ക്ക്‌ 2006 ജൂണ്‍ മുതല്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമന അംഗീകാരമാണ്‌ ഇനിയും തീര്‍ച്ചയില്ലാതെ നീളുന്നത്‌. 10 ലക്ഷം രൂപവരെ കോഴ നല്‍കി ജോലി നേടിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌. കടം വാങ്ങിയും പണയപ്പെടുത്തിയുമാണ്‌ ഭീമമായ ഈ തുക പലരും സ്വരൂപിച്ചത്‌. അതുമൂലമുള്ള കടക്കെണിയും ശമ്പളം ലഭിക്കാത്തതുമൂലമുള്ള ഗതികേടും കൊണ്ട്‌ കൂലിപ്പണിയെടുത്തില്ലെങ്കില്‍ വീട്ടില്‍ അടുപ്പെരിയുകയില്ല എന്നതാണ്‌ ഇവരില്‍ പലരുടെയും ദയനീയത. പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ്‌ ഇവര്‍ ഇങ്ങനെ നരകിക്കുന്നത്‌.
തങ്ങളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താന്‍ നിവേദനങ്ങളുമായി ഇവര്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരെ പലവട്ടം കണ്ടതാണ്‌, ആതിരെ. എന്നിട്ടും നടപടിയുണ്ടാകാത്തിനെ തുടര്‍ന്ന്‌ കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവവേദിയിലേയ്ക്ക്‌ പ്രതിഷേധ മാര്‍ച്ചും നടത്തി. കേളന്‍ കുലുങ്ങിയാലും ബേബി കുലുങ്ങുകയില്ലല്ലൊ. . ഇതുമൂലം കഴിഞ്ഞ ഓണത്തിന്‌ സെക്രട്ടേറിയറ്റ്‌ നടയില്‍ പട്ടിണി സദ്യ നടത്തിയും ഇവര്‍ പ്രതിഷേധം അറിയിച്ചതാണ്‌. അതുകഴിഞ്ഞ്‌ വര്‍ഷമൊന്നുകഴിഞ്ഞു; ഓണവുമെത്തി. അപ്പോഴും വഞ്ചി തിരുനക്കര തന്നെ എന്ന അവസ്ഥയാണ്‌.
വിദ്യാഭ്യാസ മാനേജ്മെന്റും രണ്ടാം മുണ്ടശേരിയും തമ്മിലുള്ള അവിഹിതവും അനാശാസ്യവുമായ ബന്ധത്തിന്‌ ഇതില്‍ പരം മറ്റൊരു തെളിവ്‌ ഇനി നിരത്താനില്ല.
നിയമനത്തിന്‌ കോഴപ്പണം വാങ്ങാന്‍ അനുവാദം നല്‍കി വിദ്യാഭ്യാസ വാണിക്കുകളെ പോഷിപ്പിച്ചും അവരില്‍ നിന്ന്‌ പാര്‍ട്ടിക്കും മറ്റും കമ്മീഷന്‍ പറ്റിയും ബേബി മന്ത്രിയായി ഓണാഘോഷങ്ങളില്‍ പങ്കെടുത്ത്‌ മൂക്കുമുട്ടെ സദ്യ ഉണ്ണുമ്പോഴാണ്‌ ആതിരെ, 3500ഓളം വരുന്ന അധ്യാപകരും അവരുടെ ആശ്രിതരും ഇത്തവണത്തെ ഓണത്തിന്‌ പട്ടിണി കിടക്കേണ്ട അവസ്ഥയുള്ളത്‌. ഈ വകുപ്പും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പൊളിച്ചടക്കിയശേഷം മാത്രമേ മന്ത്രിസ്ഥാനം ഒഴിയുകയുള്ളു എന്ന രണ്ടാം മുണ്ടശേരിയുടെ അശ്ലീലതയുടെ ബലിയാടുകളാണ്‌ ഇവരെല്ലാം.
സമാനസ്വഭാവമുള്ള ദുരിതമാണ്‌ നാഷണല്‍ ഹൈവേ വികസനത്തിന്‌ രൂപം കൊടുത്ത അക്വിസിഷന്‍ ഓഫീസുകളിലെ 322 ജീവനക്കാര്‍ നേരിടുന്നത്‌. നാഷണല്‍ ഹൈവേ ഡെവലപ്മെന്റ്‌ അതോറിട്ടി ഇവര്‍ക്കായി അനുവദിച്ച കോടിക്കണക്കിന്‌ രൂപ സര്‍ക്കാര്‍ ഖജനവില്‍ കിടക്കുമ്പോഴാണ്‌ ഈ ഓണത്തിന്‌ ഇവരും പട്ടിണി അനുഭവിക്കേണ്ടി വരുന്നത്‌.
കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വികസനത്തിനായി പൊന്നുംവിലയ്ക്ക്‌ സ്ഥലമെടുക്കാന്‍ ബിഒടി പദ്ധതി പ്രകാരം 16 ലാന്‍ഡ്‌ അക്വിസിഷന്‍ ഓഫീസുകളാണ്‌ സംസ്ഥാന സര്‍ക്കാ ര്‍ ആരംഭിച്ചത്‌. പ്യൂണ്‍ മുതല്‍ സ്പെഷല്‍ തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള 322 ജീവനക്കാരെ ഇതിനായി നിയമിക്കുകയും ചെയ്തു. 8 ജില്ലകളിലായിരുന്നു നിയമനം. റവന്യൂ വകുപ്പിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത ഇവരില്‍ ഭൂരിപക്ഷം പേരെയും, ഏറെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി രണ്ടുമാസം മുമ്പാണ്‌ നിയമിച്ചത്‌. ഇവരുടെ ശമ്പളം കേന്ദ്രഫണ്ടില്‍ നിന്നാണ്‌ നല്‍കേണ്ടത്‌. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകള്‍ക്കായി ഓരോ ജില്ലയിലെയും ഡെപ്യൂട്ടി കളക്ടര്‍ക്ക്‌ അമ്പത്‌ ലക്ഷം രൂപവീതം അനുവദിച്ചതുമാണ്‌.
എന്നാല്‍, ശമ്പളം അടക്കമുള്ള ചെലവുകള്‍ക്കായി പണം ഖജനാവില്‍ നിന്ന്‌ മാറണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെഡ്‌ ഓഫ്‌ അക്കൗണ്ട്‌ അനുവദിച്ച്‌ നല്‍കണം. എങ്കില്‍ മാത്രമേ ഖജനാവില്‍ നിന്ന്‌ പണം പിന്‍വലിക്കാന്‍ അക്കൗണ്ടന്റ്‌ ജനറല്‍ അനുമതി നല്‍കുകയുള്ളു. ഹെഡ്‌ ഓഫ്‌ അക്കൗണ്ട്‌ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മടി കാണിച്ചതോടെയാണ്‌ ശമ്പള ബില്ലുകള്‍ അടക്കമുള്ള അടിയന്തിര ആവശ്യങ്ങള്‍ക്ക്‌ പണം ലഭിക്കാത്തത്‌. ഇതുമൂലം ഈ ഓഫീസുകളുടെ പ്രവര്‍ത്തനവും മരവിച്ചിരിക്കുകയാണ്‌. ഈ വര്‍ഷം ഡിസംബര്‍ 31നകം ദേശീയ പാത വികസനത്തിനുള്ള സ്ഥലമെടുപ്പ്‌ പൂര്‍ത്തിയാക്കണം. 2012 വരെയാണ്‌ പദ്ധതിയുടെ സമയം. എന്നാല്‍, സ്ഥലമെടുപ്പ്‌ തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നതുകൊണ്ട്‌ ഇപ്പോഴത്തെ നിലയില്‍ ഡിസംബര്‍ 31ന്‌ മുമ്പ്‌ അത്‌ പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ല. വികസനത്തിന്‌ സ്ഥലമെടുത്ത്‌ നല്‍കുന്നതില്‍ സംസ്ഥാന റവന്യൂ വകുപ്പ്‌ ഗുരുതരമായ വീഴ്ചയാണ്‌ വരുത്തുന്നതെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പലവട്ടം ആരോപിച്ചിട്ടുള്ളതാണ്‌. ആ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ്‌ ഇക്കാര്യത്തിലുള്ള മെല്ലെ പോക്ക്‌.
ഇത്‌ പൊതുവായ പ്രശ്നം എന്നാല്‍, കയ്യില്‍ പണമുണ്ടായിട്ടും സാങ്കേതികമായ ഒരു നടപടി പൂര്‍ത്തിയാക്കാത്തതു മൂലം 322 ജീവനക്കാര്‍ക്ക്‌ ഓണത്തിന്‌ ശമ്പളമോ ബോണസോ അഡ്വാന്‍സോ ലഭിക്കുകയില്ല.
നോക്കൂ,ഏറെ പ്രതീക്ഷകളോടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ എങ്ങനെയെല്ലാമാണ്‌ സാധാരണക്കാരായ വോട്ടര്‍മാരെയും നികുതിദായകരെയും വഞ്ചിക്കുന്നത്‌ എന്നതിന്റെ രണ്ട്‌ ഉദാഹരണങ്ങളാണ്‌ ഇവ. പാര്‍ട്ടിക്കുള്ളിലെയും മുന്നണിയ്ക്കുള്ളിലെയും പടലപിണക്കങ്ങള്‍ മൂലം ഭരണം കാര്യക്ഷമമായി കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ തിരിച്ചടി കൂടിയാണിത്‌. ഇതുമായ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കോ വകുപ്പ്‌ തലവന്‍മാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ തിരിച്ചടികളോ നഷ്ടങ്ങളൊ ഉണ്ടാകുന്നില്ല. മറിച്ച്‌ ലാഭം നിരവധിയുണ്ടുതാനും. അപ്പോഴാണ്‌ ശമ്പളം പോലും ലഭിക്കാതെ ഇത്രയും ജീവനക്കാര്‍ ഓണനാളുകളില്‍ പോലും പട്ടിണിയുണ്ണാന്‍ വിധിക്കപ്പെടുന്നത്‌.
ഇവിടെയാണ്‌ ആതിരെ ഉമ്മന്‍ ചാണ്ടിയും രമേഷ്‌ ചെന്നിത്തലയും കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷം എവിടെ ചൊറി കുത്തിയിരിക്കുകയാണെന്ന ചോദ്യം ഉയരുന്നത്‌. ഒരു സര്‍ക്കാര്‍ ഇത്രയ്ക്ക്‌ നഗ്നമായി കേരളത്തിലെ ജനങ്ങളെയും ജീവനക്കാരെയും ഓണനാളുകളില്‍ പോലും വഞ്ചിച്ചിട്ടും ഒരു പ്രതിഷേധ സമരം നടത്താന്‍ പോലും കെല്‍പ്പില്ലാത്ത ഈ രാഷ്ട്രീയ ഷണ്ഡന്മാരാണ്‌ ഭരണകക്ഷിയുടെ അഹന്തയ്ക്കും തോന്ന്യാസത്തിനും തെമ്മാടിത്തരത്തിനും വളം വെച്ച്‌ കൊടുക്കുന്നത്‌. അതുകൊണ്ട്‌ പ്രതീക്ഷയ്ക്ക്‌ എന്തെങ്കിലും വകയുണ്ടാകണമെങ്കില്‍ ഈ രണ്ട്‌ വഞ്ചക പരിഷക്കൂട്ടങ്ങള്‍ക്കെതിരായുള്ള ജനകീയ മുന്നേറ്റമാണ്‌ ഉണ്ടാകേണ്ടത്‌. പക്ഷെ, അതിന്‌ കേരളീയര്‍ക്ക്‌ മനസ്സുമില്ല. അപ്പോള്‍ പിന്നെ കിട്ടുന്ന അടിയെല്ലാം വാങ്ങിച്ചു കെട്ടുക എന്നല്ലാതെ മറ്റെന്താണ്‌ പോംവഴിയുള്ളത്‌ ആതിരെ.