Wednesday, August 26, 2009
വിവരക്കേടിനും പിഴ മൂളേണ്ടത് പന്നികളോ
പകര്‍ച്ചപ്പനിയുടെ തിരിച്ചടികള്‍ നോവുകളായി തുടരുമ്പോഴാണ് ആതിരേ കനത്ത ഭീതിയായി പന്നിപ്പനിയും മരണവും കേരളീയരെ ഗ്രസിച്ചത്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് കേരളത്തില്‍ 116 പന്നിപ്പനിക്കാരുണ്ട് ആ സംഖ്യ പച്ചക്കള്ളമാണെന്ന കാര്യത്തില്‍ സംശയമില്ല.
പന്നികളില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് മനുഷ്യരില്‍ വ്യാപിക്കുകയും ചെയ്തതുകൊണ്ടാണ് എച്ച്1എന്‍1 ഫ്ലൂവിന് പന്നിപ്പനി എന്ന പേര് ലഭിച്ചത്. മനുഷ്യരില്‍ രോഗം പകരുന്നത്, രോഗമുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്. കേരളത്തില്‍ ഈ രോഗം എത്തിയത് വിദേശത്ത് നിന്ന് വന്ന വ്യക്തികളിലൂടെയാണ്.
ശാസ്ത്രവും അടിസ്ഥാനവും തത്വവും ഇതായിരിക്കെ കേരളത്തില്‍ വിവരംകെട്ട ചില പഞ്ചായത്ത് ഓഫിസര്‍മാര്‍ കുറ്റമെല്ലാം പന്നികളുടെ തലയില്‍ വെച്ച് കെട്ടി പന്നിഫാമുകള്‍ അടച്ചു പൂട്ടാനുള്ള ശ്രമത്തിലാണ് ആതിരേ.
രോഗവ്യാപനത്തിന് പന്നികള്‍ക്ക് ബന്ധമില്ലെന്ന് രോഗാരോഗ്യ സംഘടനയും ഐഎംഎ പോലുള്ള സംഘടനകളും വിശദീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്നിപ്പനി തടയാനെന്ന പേരില്‍ സംസ്ഥാനത്ത് സ്വകാര്യ പന്നിഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉടമകള്‍ക്ക് ഈ വിവരദോഷികള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന് കീഴിലുള്ള ഏഴെണ്ണം ഉള്‍പ്പെടെ സംസ്ഥാനത്തെ 200ല്‍ പരം ഫാമുകളിലായി 70,000 ഓളം പന്നികളുണ്ടെന്നാണ് കണക്ക്. ഈ മേഖലയിലെ സ്വകാര്യ ഫാമുകള്‍ ഏറെയും എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയിലെല്ലാം നിരീക്ഷണ-പരിശോധന സംവിധാനം കാര്യക്ഷമമാണെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നു. എന്നുമാത്രമല്ല പന്നികള്‍ക്ക് പിടിപെടുന്ന പന്നിപ്പനിയെ(സ്വൈന്‍ ഫീവര്‍) പ്രതിരോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നിലവില്‍ വാക്സിന്‍ ലഭ്യമാക്കുന്നുണ്ടെന്നും യുപിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് വാക്സിന്‍ എത്തിക്കുന്നതെന്നും ഫാമുകളില്‍ മാലിന്യമുക്ത നടപടികള്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ടെന്നും വിശദീകരിക്കുമ്പോഴാണ് പഞ്ചായത്തിലെ ഏമാന്മാര്‍ പന്നിഫാമുകള്‍ അടച്ചുപൂട്ടാനുള്ള കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്.
മൃഗസംരക്ഷണം, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീവകുപ്പുകളും മാലിന്യ നിര്‍മാര്‍ജന ബോര്‍ഡും ചേര്‍ന്നാണ് സ്ഥലവിസ്തീര്‍ണം, മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പന്നി ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. എന്നിട്ടും ഫാമുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ വിവരം മൃഗസംരക്ഷണ വകുപ്പ് അറിഞ്ഞിട്ടില്ല എന്നാണ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ആര്‍. വിജയകുമാര്‍ പറയുന്നത്
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പാലക്കാട്ടെ ഏതാനും ഫാമുകള്‍ പൂട്ടിക്കഴിഞ്ഞു. പന്നിപ്പനി ഭീതി പരന്നതോടെ പന്നിമാംസത്തിന്റെ വ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഫാം പൂട്ടാനുള്ള പഞ്ചായത്ത് അധികൃതരുടെ നോട്ടീസ് ഉടമകളെ കടുത്ത സാമ്പത്തിക വെട്ടിലാക്കിയിട്ടുമുണ്ട്.
മനുഷ്യരില്‍ കാണുന്ന എച്ച്1എന്‍1 ഫ്ലൂവിനെ പന്നിപ്പനി (സ്വൈന്‍ ഫ്ലൂ) എന്ന് തുടക്കത്തില്‍ വിശേഷിപ്പിച്ചതാണ് ആതിരേ, വിവരക്കേടിന്റെ ഈ നടപടികള്‍ക്ക് കാരണമായിട്ടുള്ളത്. പന്നികളില്‍ കാണപ്പെടുന്ന രോഗത്തിന് സ്വൈന്‍ ഫീവര്‍ എന്നാണ് പറയുന്നതെന്ന വാസ്തവം പോലും അറിയാത്ത രാഷ്ട്രീയ നേതാക്കന്മാരാണ് തങ്ങളുടെ ഉത്തരവാദിത്തം പന്നിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. മാലിന്യം തിന്നുജീവിക്കുന്ന മൃഗമായ പന്നിയെ ഉന്മൂലനം ചെയ്യുംമുമ്പ് പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനത്തിനല്ലേ പഞ്ചായത്തുകള്‍ ശ്രദ്ധവെയയ്ക്കേണ്ടതെന്ന ചോദ്യവും ഇവരുടെ പശ്വാലംഭനത്തിന് ഇരയാകുന്നു
യഥാര്‍ത്ഥത്തില്‍ പകര്‍ച്ചപ്പനിയും പന്നിപ്പനയും കേരളത്തില്‍ വ്യാപകമാകുന്നതിന് പിന്നില്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ വകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും പുലര്‍ത്തുന്ന അതീവ കുറ്റകരമായ അനാസ്ഥയാണ് പ്രഥമസ്ഥാനം വഹിക്കുന്നതെന്ന് ആതിരേപ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ്. മഴക്കാലത്തിന് മുമ്പ് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നതിന്റെ തിരിച്ചടിയാണ് പകര്‍ച്ചപ്പനിയായി കേരളീയരെ വേട്ടയാടിത്. എന്തസുഖം വ്യാപിച്ചാലും അതുമൂലം എത്രപേര്‍ കൊല്ലപ്പെട്ടാലും നരകിച്ചാലും തന്റെ അഹന്ത നിറഞ്ഞ നിലപാടുകളില്‍ നിന്ന് താഴോട്ടിറങ്ങില്ലെന്ന് കേരളത്തിന്റെ ശാപമായാ ആരോഗ്യമന്ത്രി ശ്രീമതിയും പൊതുജനാരോഗ്യസംരക്ഷണം തങ്ങളുടെ വിഷയമേ അല്ല എന്ന് ആരോഗ്യവകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ശാഠ്യം പിടിക്കുന്നിടത്താണ് ആതിരേ,രോഗാണുക്കള്‍ പെരുകുന്നത്.
പന്നിപ്പനി വ്യാപനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ മൗനം പാലിച്ചിരുന്ന വകുപ്പും മേധാവികളും ഒടുവില്‍ മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള ആശുപത്രികളില്‍ പന്നിപ്പനി സ്ഥിരീകരണത്തിനുള്ള പരിശോധനക്കായി ഉത്തരവിട്ടു. ഇത് നല്ല കാര്യമാണല്ലോ എന്ന് ചിന്തിച്ച് ജനങ്ങള്‍ ആശുപത്രികളിലെത്തിയപ്പോഴാണ് വകുപ്പിന്റെയും മന്ത്രിയുടെയും കാപട്യം വ്യക്തമായത്. ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പോലും ആവശ്യത്തിന് മാസ്കുകളോ സ്രവം പരിശോധനയ്ക്കുള കിറ്റുകളോ ഏര്‍പ്പെടുത്താതെയാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇങ്ങനെയൊരു ഉത്തരവിറക്കിയത്.
അറിയുക, ഇതിന് സമാനമായ മറ്റൊരു വൃത്തികേടും ആരുമറിയാതെ നടക്കുന്നുണ്ട്. ഇഎംഎസ് ഭവനപദ്ധതിയുടെ സര്‍വെ ആണത്.ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേയ്ക്കായി നിയോഗിച്ചിട്ടുള്ളത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരയുമാണ്. ആരോഗ്യവകുപ്പില്‍ പോലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ള ഈ നടപടിയില്‍ നിന്ന് പിന്‍മാറാന്‍, പന്നിപ്പനിമൂലമുള്ള മരണം വ്യാപകമായിട്ടും ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഭവനസര്‍വേ നടത്താന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം വിനിയോഗിക്കാം എന്ന ചീഫ് സെക്രട്ടറിയുടെ നേരത്തെയുള്ള ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവരെ ഈ ജോലിയ്ക്ക് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, പകര്‍ച്ചപ്പനി അടക്കമുള്ള രോഗങ്ങള്‍ വ്യാപിച്ചതോടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഈ ജോലിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് 2009 ജൂലൈ 30ന് ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം തമസ്കരിച്ചാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കൊണ്ട് ഭവന സര്‍വേ നടത്തുന്നത്. പകര്‍ച്ച പനി രൂക്ഷമായിട്ടുള്ള വടക്കന്‍ ജില്ലകളിലെ എല്ലാ പഞ്ചായത്തുകളിലും ഇവരെ നിര്‍ബന്ധമായ ഭവനസര്‍വേയ്ക്ക് ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യവകുപ്പിന് കീഴിലാണെങ്കിലും ഇവരുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. അതുകൊണ്ട് പഞ്ചായത്തുകള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ് ആതിരേ.
ഇതേസമയം പന്നിപ്പനിവ്യാപനം ഗൗരവമായെടുത്ത്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണത്തിനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറാകണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്നിപ്പനി വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തനങ്ങളും ബോധവത്കരണപ്രവര്‍ത്തനങ്ങളും മാത്രമേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ചെയ്യാവൂ എന്നും ഉത്തരവിട്ടിട്ടുണ്ട്. കാരണം വായുവഴി പകരുന്ന രോഗമായതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യതയെന്നും രോഗബാധിതരെ തിരിച്ചറിയാനാകുമെങ്കിലും രോഗവാഹകരെ കണ്ടെത്തുക എളുപ്പമല്ലെന്നുമാണ് ഡിഎംഒ മാരുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ ആശുപത്രികളെല്ലാം പനിബാധിതരെ കൊണ്ട് നിറയാനുള്ള സാധ്യതയാണുള്ളത് ആതിരേ
ആരോഗ്യവകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും ഭരിക്കുന്ന ചില വിവരദോഷികളുടെ അശാസ്ത്രിയമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് കേരളത്തില്‍ പന്നിപ്പനി വ്യാപകമാകുന്ന്. ഈ സത്യം മറച്ചുവെച്ച് തങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാരാണ് എന്ന അഹന്തയിലാണ് ചില പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പന്നിഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. രണ്ടുണ്ട് ഇതുകൊണ്ട് നേട്ടം. ഒന്ന് ഫാമുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ ഉടമകളില്‍ നിന്ന് ലഭിക്കുന്ന വന്‍ കൈക്കൂലി. രണ്ട്, രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തം പന്നികളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുകയും ചെയ്യാം.
ഇത്തരം ഔദ്യോഗിക മൃഗങ്ങളെ കയ്യോടെ കശാപ്പ് ചെയ്യാത്ത പക്ഷം പന്നിപ്പനി രോഗബാധിതരാകാനും അത് മൂലം കൊല്ലപ്പെടാനുമാണ് കേരളീയരുടെ ഓണക്കാല വിധി, ആതിരേ
Subscribe to:
Post Comments (Atom)
No comments:
Post a Comment